Monday, March 29, 2010

കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍

സി പി ഐ എമ്മിന്റെ കേന്ദ്ര നേതൃത്വം തക്കസമയത്ത് ഇടപെട്ട് തടഞ്ഞില്ലായിരുന്നുവെങ്കില്‍ ഗുരുതരമായ ഒരപമാനഭാരം കൊണ്ട് കേരളത്തിന്റെയും കേരളീയരുടെയും അവസ്ഥ അങ്ങേയറ്റം പരിതാപകരമാകുമായിരുന്നു. ഗുജറാത്തിന്റെ ബ്രാന്റ് അംബാസഡറായി ഞെളിയുന്നതിലൂടെ നരേന്ദ്ര മോഡിയുടെ വംശഹത്യാവിനോദത്തിന് അംഗീകാരം നേടിക്കൊടുക്കാന്‍ തീരുമാനമെടുത്തതിനു തൊട്ടു പുറകെയാണ്, ബോളിവുഡിലെ ഒന്നാമനായി കണക്കാക്കപ്പെടുന്ന അമിതാബ് ബച്ചനെ കേരളത്തിന്റെയും ബ്രാന്റ് അംബാസഡറാക്കാന്‍ ചില ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് ക്ഷണിച്ചത്. ജനാധിപത്യ സംവിധാനത്തിനകത്തെ സംസ്ഥാന ഭരണം എന്നത് കേവലം സാങ്കേതികമായ ഗവര്‍ണന്‍സ് മാത്രമല്ലെന്നും അതെപ്പോഴും രാഷ്ട്രീയമായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും വിധേയമാണെന്നും നാം മറന്നു പോകാറുണ്ട്. അത്തരം മറവികള്‍ക്കെതിരായ ശക്തമായ പ്രഹരമായിരുന്നു കഴിഞ്ഞ ദിവസം പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ച നടപടിയിലൂടെ സാക്ഷാത്കൃതമായത്.

ഹിന്ദിയിലെ പ്രസിദ്ധ കവിയായിരുന്ന ഡോക്ടര്‍ ഹരിവംശറായ് ബച്ചനായിരുന്നു അമിതാബ് ബച്ചന്റെ പിതാവ്. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന പ്രസിദ്ധമായ മുദ്രാവാക്യത്തിന്റെ കാവ്യാത്മകതയിലും ധ്വന്യാത്മകതയിലും ആകൃഷ്ടനായി ഇങ്ക്വിലാബ് എന്നായിരുന്നു ഹരിവംശറായ് ബച്ചന്‍ തന്റെ സീമന്തപുത്രന് പേരിട്ടത്. പിന്നീടതാണ് അണയാത്ത വെളിച്ചം എന്നര്‍ത്ഥം വരുന്ന അമിതാബ് എന്നാക്കി മാറ്റിയത്. നടന്‍, സൂപ്പര്‍ സ്റ്റാര്‍, റോള്‍ മോഡല്‍, പരസ്യ മോഡല്‍, ലൈംഗികാകര്‍ഷണം നഷ്ടപ്പെടാത്ത പിതൃരൂപം, സ്നേഹമയിയായ മുത്തഛന്‍ എന്നീ രൂപങ്ങളില്‍ സിനിമക്കകത്തും പുറത്തുമായി പ്രത്യക്ഷപ്പെടുകയും നിലനില്‍ക്കുകയും ചെയ്ത അമിതാബ് ബച്ചന്‍ തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുകയും വിരുദ്ധ സംസ്ക്കാരങ്ങളെ സംയോജിപ്പിക്കുകയും ചെയ്ത ബോളിവുഡിലെ ഏക വ്യക്തിത്വമായി വിലയിരുത്തപ്പെട്ടു. നൂറ്റിയമ്പതിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മാര്‍ക്സിസ്റ്റ് എഴുത്തുകാരനും സംവിധായകനുമായിരുന്ന കെ എ അബ്ബാസിന്റെ സാത് ഹിന്ദുസ്ഥാനിയിലെ ഏഴിലൊരാളായും ഇന്ത്യന്‍ സിനിമയുടെ ശക്തി ചൈതന്യങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന മൃണാള്‍ സെന്നിന്റെ വിഖ്യാത ചിത്രം ഭുവന്‍ഷോമില്‍ ശബ്ദാവതാരകനായും ആണ് അമിതാബ് സിനിമാരംഗത്തേക്ക് കാലെടുത്തു വെക്കുന്നത്. പിന്നീട് സത്യജിത് റായിയുടെ ഹിന്ദി സിനിമ ഛത്രംഗ് കി ഖിലാഡിയിലും ശബ്ദാവതാരകന്റെ ജോലി ബച്ചന്‍ ചെയ്തിരുന്നു. എന്നാല്‍ ചരിത്രം തുടങ്ങുന്നത് അവിടെ നിന്നൊന്നുമല്ല. കവിയും ഗാനരചയിതാവും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പുരോഗമനചിന്തയുടെയും വക്താവായി അറിയപ്പെടുന്നയാളുമായ ജാവേദ് അഖ്തര്‍ (ശബാനാ ആസ്മിയുടെ ഭര്‍ത്താവു കൂടിയാണദ്ദേഹം) സലിം ഖാനോ(പ്രമുഖ നടന്‍ സല്‍മാന്‍ ഖാന്റെ പിതാവ്)ടൊത്തു ചേര്‍ന്നെഴുതിയ ത്രസിപ്പിക്കുന്ന തിരക്കഥകളുടെ (സലിം ജാവേദ്) ബലത്തില്‍ എഴുപതുകളില്‍ പുറത്തു വന്ന ഹിറ്റുകള്‍ - സഞ്ജീര്‍, ദീവാര്‍, ഷോലെ, ത്രിശൂല്‍ - അമിതാബ് ബച്ചന്‍ എന്ന സൂപ്പര്‍ സ്റ്റാറിനെ നിര്‍മിച്ചെടുത്തു. ചോക്കളേറ്റ് നായകന്മാര്‍ പാടി നടന്നിരുന്ന വഴുവഴുക്കന്‍ പ്രതലത്തില്‍ നിന്ന് ഹിന്ദി സിനിമയെ മാറ്റിയെടുത്ത രോഷാകുലനായ യുവ നായകനായി (ആംഗ്രി യങ് ഹീറോ) അമിതാബ് ബച്ചന്‍ സ്ഥിരബിംബമാകുന്നത് ഈ സിനിമകളിലൂടെയാണ്.

1970കളിലെ ഇന്ത്യന്‍ രാഷ്ട്രീയം ഓര്‍മ്മിച്ചെടുക്കുക. ഇന്ദിരാഗാന്ധി സോഷ്യലിസവും ഇടതുപക്ഷച്ചായ്‌വും പ്രസംഗിച്ചുകൊണ്ട് കടുത്ത ജനാധിപത്യ ധ്വംസനത്തിനും പീഡനവാഴ്ചക്കും വഴിതുറന്നിട്ട അടിയന്തിരാവസ്ഥയിലെത്തിയ കാലം. ഇന്ദിരയുടെ മകന്‍ സഞ്ജയ് അമിതാധികാരത്തിന്റെയും നിഷ്ഠൂരമായ ബലപ്രയോഗത്തിന്റെയും ആള്‍രൂപമായിരുന്നു. ഈ ആള്‍രൂപത്തിന്, അമിതാബ് ബച്ചന്‍ എന്ന രോഷാകുലനായ യുവനായകന്‍ തന്റെ സിനിമകളിലൂടെ സാംസ്ക്കാരികന്യായീകരണം നിര്‍മ്മിച്ചെടുക്കുകയായിരുന്നു എന്ന് സാമൂഹ്യ-മനശ്ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. മുഖന്തര്‍ കാ സിക്കന്തര്‍, ഡോണ്‍, കസ്മേ വാദേ, കാലാ പത്തര്‍, മിസ്റ്റര്‍ നറ്റ്‌വര്‍ലാല്‍, രാം ബല്‍റാം, ഷാന്‍, ലാവാറിസ്, ശക്തി തുടങ്ങി 1980കളുടെ തുടക്കം വരെ അദ്ദേഹത്തിന്റെ നിരവധി ഹിറ്റുകള്‍ പുറത്തു വന്നു. ഈ വിജയങ്ങള്‍ കണ്ടു കണ്ണു മഞ്ഞളിച്ചിട്ടാകണം വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരനായ ഫ്രാങ്കോ ത്രൂഫോ അമിതാബ് ബച്ചനെ വണ്‍ മാന്‍ വ്യവസായം എന്നു വിശേഷിപ്പിച്ചത്. പിന്നീട് കൂലിയിലെ അഭിനയത്തിനിടെ അദ്ദേഹത്തിന് ഗുരുതരമായ പരിക്കു പറ്റുകയും നീണ്ടു നിന്ന ചികിത്സയുടെ ഭാഗമായി ആരോഗ്യം തിരിച്ചു കിട്ടുകയും ചെയ്തു. ഇതിനിടയില്‍ രാജീവ് ഗാന്ധിയുടെ സൌഹൃദത്തിന് വഴങ്ങി അലഹാബാദ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ലോകസഭയിലേക്ക് മത്സരിക്കുകയും രാഷ്ട്രീയ പ്രമുഖനായ എച്ച് ആര്‍ ബഹുഗുണയെ റെക്കോഡ് ഭൂരിപക്ഷത്തിന് തോല്‍പ്പിക്കുകയും ചെയ്തു. രോഷാകുലനായ യുവനായകന് പക്ഷെ ലോകസഭയുടെ ചതുരവടിവുകള്‍ക്കകത്ത് തിളങ്ങാനായില്ല. ബോഫോഴ്സ് കുംഭകോണത്തില്‍ അദ്ദേഹവും കുറ്റക്കാരനാണെന്ന് ഏതോ പത്രത്തില്‍ വാര്‍ത്ത വന്നുവെന്ന പേരില്‍ അദ്ദേഹം ലോകസഭാംഗത്വം രാജിവെക്കുകയും കോണ്‍ഗ്രസിനോട് അകലുകയും ചെയ്തു.

പിന്നീട് എബിസിഎല്ലി ന്റെ പേരില്‍ അദ്ദേഹത്തിനുണ്ടായ കോടികളുടെ ധനനഷ്ടം തീര്‍ത്തു കൊടുത്ത വിവാദ രാഷ്ട്രീയ നേതാവ് അമര്‍സിംഗിനോടൊപ്പം സമാജ് വാദി പാര്‍ടിയിലാണ് അദ്ദേഹം ചേക്കേറിയത്. ബച്ചന്റെ പത്നി ജയാബച്ചന്‍ ഇപ്പോഴും സമാജ് വാദി ടിക്കറ്റില്‍ രാജ്യസഭാംഗമാണ്. അമര്‍സിംഗ് സമാജ് വാദി പാര്‍ടി വിട്ടതിനെ തുടര്‍ന്ന് നാഥനില്ലാതെ അലയുന്ന ബച്ചനെയാണ് നരേന്ദ്രമോഡി കൈപിടിച്ച് ഗുജറാത്തിലേക്ക് കര കയറ്റിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യ ദര്‍ശിച്ച അതിഭീകരമായ ജനാധിപത്യവിരുദ്ധതയുടെയും ഉന്മൂലനസിദ്ധാന്തത്തിന്റെയും പ്രയോക്താവായ സഞ്ജയ് ഗാന്ധിയില്‍ നിന്ന് അതേ സിദ്ധാന്തത്തിന്റെ അടുത്ത അവതാരം നരേന്ദ്ര മോഡിയിലേക്കുള്ള ഒരു പാലമായി അമിതാബ് ബച്ചനെ ചരിത്രം വിലയിരുത്തുമോ? (മറ്റൊരു പാലം വരുണ്‍ഗാന്ധിയാണ്)

സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം, 2002 ഫെബ്രുവരി 27നു തുടങ്ങി മാര്‍ച്ച് മധ്യം വരെ നീണ്ട വംശഹത്യയില്‍ നരേന്ദ്രമോഡിയുടെ പങ്കെന്തെന്ന് അന്വേഷിക്കാന്‍ മോഡിക്കു തന്നെ സമന്‍സ് അയച്ചിരിക്കുന്ന നിര്‍ണായക ഘട്ടത്തിലാണ് ഈ നാടകം അരങ്ങേറിയതെന്നതാണ് ശ്രദ്ധേയമായ സംഗതി. കോണ്‍ഗ്രസുകാരനായ മുന്‍ എം പി ഇഹ്സാന്‍ ജാഫ്രിയുടെ പത്നി സക്കിയ ജാഫ്രി നല്‍കിയ പെറ്റീഷനിലാണ് എസ് ഐ ടി മോഡിക്ക് സമന്‍സ് അയച്ചിരിക്കുന്നത്. ഗുല്‍ബര്‍ഗ് ഹൌസിംഗ് സൊസൈറ്റിയിലെ ജാഫ്രിയുടെ അപ്പാര്‍ട്മെന്റില്‍ അഭയം തേടിയ അറുപത്തിയെട്ട് നിരപരാധികളെയാണ് വി എച്ച് പിയുടെ കൊലയാളി സംഘം അരിഞ്ഞു തള്ളിയത്. അക്കൂട്ടത്തില്‍ ഇഹ്സാന്‍ ജാഫ്രിയും കൊല്ലപ്പെട്ടു. അദ്ദേഹം ഇന്ത്യന്‍ പ്രസിഡണ്ടു മുതല്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി വരെ അനേകരെ സഹായത്തിനായി വിളിച്ചിരുന്നു. അക്കൂട്ടത്തില്‍ മോഡി പറഞ്ഞ മറുപടിയെന്തായിരിക്കും എന്നൂഹിക്കുന്നതു പോലും ഞടുക്കമുണ്ടാക്കും. കാരണം, ഫെബ്രുവരി 27നു വൈകീട്ട് മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരുടെ യോഗം മോഡി വിളിച്ചു കൂട്ടിയിരുന്നു. ഹിന്ദുക്കള്‍ അവരുടെ ദേഷ്യം പ്രകടിപ്പിക്കട്ടെ; അതിലിടപെടണ്ട എന്നാണ് മോഡി പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തതെന്ന് അന്നവിടെ ഡിജിപിയായിരുന്ന ആര്‍ ബി ശ്രീകുമാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അസ്ഹര്‍ എന്ന പത്തു വയസ്സുകാരനായ പാഴ്സി കുട്ടിയും അന്ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നിന്ന് 'കാണാതായ'വരില്‍ ഉള്‍പ്പെടും. ആ കുട്ടിയുടെ കഥയാണ് പിന്നീട് ദേശീയ പുരസ്കാരമടക്കം ലഭിച്ച പര്‍സാനിയ എന്ന പ്രസിദ്ധ സിനിമയായി മാറിയത്.

ഇത്തരത്തിലുള്ള നരേന്ദ്രമോഡിയുടെ പ്രതിപുരുഷനായിരിക്കുന്നതില്‍ ആശങ്ക തോന്നാത്ത അമിതാബ് ബച്ചനെ കേരളത്തിന്റെയും പ്രതീകമാക്കിയിരുന്നുവെങ്കില്‍ ആ അപമാനം കൊണ്ട്, ഉന്നതമായ പ്രബുദ്ധത അവകാശപ്പെടുന്ന നമ്മുടെ സംസ്ഥാനം തല കുനിച്ച് അറബിക്കടലില്‍ മുങ്ങി മരിച്ചേനെ. കേരളം ഗുജറാത്തല്ലെന്നു മാത്രമല്ല, ഗുജറാത്തിനു പോലുമുള്ള മറുപടിയാണെന്നുമാണ് ഈ തിരസ്കാരത്തിലൂടെ പാര്‍ടി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

ബച്ചനെ ക്ഷണിച്ചു വരുത്തിയതിനു ശേഷം വേണ്ടെന്നു പറയുന്നതിലൂടെ കേരളം അദ്ദേഹത്തെ അപമാനിച്ചു എന്നാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുതല്‍ മുസ്ളിം ലീഗ് നേതാവ് മുനീര്‍ വരെ ആരോപിക്കുന്നത്. എം എഫ് ഹുസൈനെ കേരളം അപമാനിച്ചു എന്ന് എന്താണിവര്‍ ആരോപിക്കാത്തത്? പ്രഥമ രാജാരവിവര്‍മ്മ പുരസ്കാരത്തിന് കേരള സര്‍ക്കാര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തെങ്കിലും അത് ഇതു വരെ സമര്‍പ്പിക്കാനായിട്ടില്ല. കാരണം ഹുസൈനെ കേരളത്തിലെന്നല്ല, ഇന്ത്യയില്‍ എവിടെയും കാലു കുത്താന്‍ അനുവദിക്കില്ല എന്നാണ് സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ ആജ്ഞാപിക്കുന്നത്. ഈ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യന്‍ പൌരത്വം തന്നെ ഉപേക്ഷിച്ച് ഖത്തറില്‍ അഭയം തേടിയിരിക്കുകയാണ് അദ്ദേഹം.

സി പി ഐ എമ്മിനെതിരെ എന്തു കിട്ടിയാലും ആഞ്ഞടിക്കാമെന്നു കരുതിയിട്ടാവണം, കോണ്‍ഗ്രസും മുസ്ളിംലീഗും മനോരമ, ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍ ചാനലുകളും ബച്ചന്‍ വിവാദത്തില്‍ ഇത്തരം അഭിപ്രായം തട്ടിവിടുന്നതെന്ന് കരുതി സമാധാനിക്കുമ്പോഴും ഒരു കാര്യം തെളിഞ്ഞു വരുന്നുണ്ട്. അത് മറ്റൊന്നുമല്ല. കമ്യൂണിസ്റ്റ് വിരോധം എന്ന ഇക്കൂട്ടരുടെ മഹാഖ്യാനത്തിന്റെ ഉള്ളടക്കം ഹിന്ദുത്വ ഫാസിസത്തിന് പൊതുസമ്മതി ഉണ്ടാക്കി ക്കൊടുക്കുക എന്നതാണെന്നതാണത്.