Tuesday, July 22, 2008

ടി കെ രാമചന്ദ്രന് ആദരാഞ്ജലി




തൊണ്ണൂറുകളില്‍ ഇന്ത്യയെ കീഴടക്കാനിരുന്ന ഹിന്ദു-സവര്‍ണ-ബ്രാഹ്മണ ഫാസിസ്റ്റ് അധിനിവേശത്തെ സഖാവ് ടി കെ രാമചന്ദ്രന്‍ എണ്‍പതുകളില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. ആ അധിനിവേശം ന്യൂനപക്ഷങ്ങളെ, ദളിതരെ, സ്ത്രീകളെ, കമ്യൂണിസ്റ്റുകാരെ, തൊഴിലാളി പ്രവര്‍ത്തകരെ, ബുദ്ധിജീവികളെ, കലാകാരന്മാരെ, സര്‍ഗാത്മകതയെ, സ്വതന്ത്ര ചിന്തയെ എല്ലാം കൊന്നു തിന്നുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതിന്റെ പേടിയിലായിരുന്നു എന്നുമദ്ദേഹം. പാരനോയിയയായിരുന്നു അതുകൊണ്ടു തന്നെ എന്നുമദ്ദേഹത്തിന്റെ നിതാന്ത ഭാവം. ഒരിക്കലും ആഹ്ലാദിക്കാനാവാതെ, അദ്ദേഹം മദ്യത്തിലും പുകയിലും ഒറ്റപ്പെടലിലും ഉറക്കം നഷ്ടപ്പെട്ട് ദുരന്തജീവിതം ജീവിച്ചു തീര്‍ത്തു. മാര്‍ക്സിസത്തിലും മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രത്തിലും അഗാധവും സൂക്ഷ്മവുമായ വായനയും പഠനവും നടത്തിയ അദ്ദേഹത്തിന്റെ ചിന്തകളും വ്യാഖ്യാനങ്ങളും തീര്‍ത്തും ശാസ്ത്രീയവും കാലോചിതവും ഗണനീയവുമായിരുന്നു. എന്നെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാനും പ്രസംഗിക്കാനും എപ്പോഴും അദ്ദേഹത്തിന്റെ നോട്ടുകള്‍ കരുതണമായിരുന്നു. ഇടതു തീവ്രവാദനിലപാടുകളില്‍ തുടങ്ങിയ ടി കെ, ജനാധിപത്യ ഐക്യത്തിനു വേണ്ടി സി പി ഐ(എം) മ്മുമായി വളരെയധികം സഹകരിച്ചിരുന്നു. എന്നാല്‍, സങ്കുചിത ചിന്താഗതിക്കാരും പരിമിതവിഭവരും പൈശാചികാത്മാക്കളുമായവരുടെ കൂട്ടായ്മയായ അധിനിവേശ പ്രതിരോധ സമിതിയിലെത്തിപ്പെട്ടതോടെ അദ്ദേഹത്തിന്റെ മരണം എന്ന ദുരന്തം നേരത്തെ തന്നെ സംഭവിച്ചു.