Monday, September 28, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 16ജിയോണ്‍ സൂ ഇല്‍ എന്ന തെക്കന്‍ കൊറിയന്‍ സംവിധായകന്റെ റെട്രോവില്‍, കറുത്ത മണ്ണിലെ പെണ്‍കുട്ടിയോടൊപ്പം(വിത്ത്‌ ദ ഗേള്‍ ഓഫ്‌ ദ ബ്ലാക്ക്‌ സോയില്‍) എന്ന ചിത്രത്തില്‍ മുന്‍ ഖനിത്തൊഴിലാളിയായ നായകനെ സ്വന്തം മകള്‍ തന്നെ എലിവിഷം കൊടുത്ത്‌ കൊല്ലുന്ന ദാരുണമായ കഥയാണുള്ളത്‌. മന്ദബുദ്ധിയായ സഹോദരനെയും തന്നെയും സംരക്ഷിക്കാതെ മദ്യത്തിനടിമയായിത്തീരുകയാണ്‌, ന്യൂമോണിയോസിസ്‌ ബാധിച്ചതിനെ തുടര്‍ന്ന്‌ ഖനിയില്‍ ജോലി ചെയ്യാനാകാതെ പിരിയേണ്ടി വരുന്ന അഛന്‍ എന്നു തിരിച്ചറിയുമ്പോഴാണ്‌ അവള്‍ക്ക്‌ ആ കടുംകൈ ചെയ്യേണ്ടിവരുന്നത്‌.

Friday, September 25, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 15


നിഷധിക്കപ്പെടുന്ന പ്രണയം എന്തൊക്കെ മാരകമായ വിനാശങ്ങളിലേക്കാണ്‌ ചെന്നെത്തുക എന്നതിന്റെ ആഖ്യാനമാണ്‌ കൊച്ചു ഇംഗ്ലണ്ട്‌(ലിറ്റില്‍ ഇംഗ്ലണ്ട്‌/ഗ്രീസ്‌). പന്തേലിസ്‌ വോള്‍ഗാരിസ്‌ ആണ്‌ സംവിധായകന്‍. മായികമായ ഒരു കൊച്ചു രാജ്യമായി തോന്നിപ്പിക്കുന്ന ദ്വീപിലെ ജനസംഖ്യ തീരെ കുറവാണ്‌. കപ്പലുകളും അവയുടെ കപ്പിത്താന്മാരും മറ്റു ജീവനക്കാരും അവരുടെ വീരകഥകളും ത്യാഗങ്ങളും വിരഹങ്ങളും വേദനകളും സമാഗമങ്ങളുമാണ്‌ ദ്വീപിന്റെ ജീവിതത്തെ ചടുലമാക്കുന്നതും വിരസമാക്കുന്നതും. ഇരുപതുകാരിയായ ഓര്‍സ, നേവി ലെഫ്‌റ്റനന്റായ സ്‌പീറോസുമായുള്ള പ്രണയം രഹസ്യമാക്കി വെക്കുന്നു. എന്നാല്‍, സ്‌പീറോസിന്റെ പിതാവ്‌ നടത്തുന്ന വിവാഹാഭ്യര്‍ത്ഥന അവര്‍ ദരിദ്രരാണെന്നതിനാല്‍, ഓര്‍സയുടെ അമ്മ മീന നിരസിക്കുന്നു. പ്രണയം എന്നാല്‍ കുഴപ്പങ്ങളും വേദനയുമാണെന്നതാണ്‌ മീനയുടെ സിദ്ധാന്തം. മറ്റൊരു കപ്പിത്താനെ വിവാഹം കഴിക്കുന്ന ഓര്‍സ രണ്ടോ മൂന്നോ കുട്ടികളെ പ്രസവിക്കുന്നുണ്ട്‌. സ്വപ്‌ന ജീവി പോലെ പെരുമാറുന്ന മോഷ എന്ന ഓര്‍സയുടെ അനിയത്തിയെ പക്ഷെ, ഇതിനകം പണക്കാരനായി മാറിക്കഴിഞ്ഞിരുന്ന സ്‌പീറോസ്‌ വിവാഹം കഴിക്കുന്നു. തന്റെ വീട്ടില്‍ തന്നെ അതും തന്റെ മുറിയുടെ തൊട്ടുമുകളിലത്തെ മുറിയില്‍ സ്‌പീറോസുമൊത്തുള്ള മോഷയുടെ ജീവിതം ഓര്‍സയില്‍ അസ്വസ്ഥത നിറക്കുന്നു. ഒറ്റപ്പലക കൊണ്ടുള്ള തട്ടായതിനാല്‍, അവരുടെ രതികേളികളും സംസാരങ്ങളും മുഴുവന്‍ താഴെക്ക്‌ തടസ്സമില്ലാതെ മുഴക്കത്തോടെ എത്തുന്നു. ചിലരുടെ ആസക്തികളും ആനന്ദങ്ങളും മറ്റൊരാള്‍ക്ക്‌ പ്രാണവേദനയായി സംക്രമിക്കുന്നു. പിന്നീട്‌ സ്‌പീറോസ്‌ മരണപ്പെട്ട വാര്‍ത്ത എത്തുമ്പോഴാണ്‌ എല്ലാം തകിടം മറിയുന്നത്‌. വിധവയെപ്പോലെ കറുത്ത വസ്‌ത്രം അണിഞ്ഞ്‌ കടുത്ത ദു;ഖത്തിലാവുന്ന ഓര്‍സയുടെ പെരുമാറ്റത്തില്‍ നിന്ന്‌ മോഷക്ക്‌ കഥ മുഴുവന്‍ പിടി കിട്ടുന്നു. അവര്‍ തമ്മില്‍ അകലുന്നു എന്നു മാത്രമല്ല, പരസ്‌പരം സംസാരിക്കുന്നതു പോലുമില്ല. കാറും കോളും നിറഞ്ഞ കടലിന്റെ അവസ്ഥാന്തരങ്ങളും കൂറ്റന്‍ തിരമാലകളും ദ്വീപുനിവാസികളുടെ പ്രത്യേകിച്ച്‌ ഓര്‍സയുടെയും മോഷയുടെയും ജീവിതത്തിന്റെ പ്രതീകങ്ങളായി പരിണമിക്കുന്നു.

Thursday, September 24, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 14


ഭാര്യയോടും കുടുംബത്തോടും വിശ്വാസ്യത പുലര്‍ത്താത്ത മറ്റൊരു നായകനെ താഴെ നദിയില്‍ (ഡൗണ്‍ ദ റിവര്‍/അസര്‍ബൈജാന്‍) എന്ന ആസിഫ്‌ റുസ്‌തമോവ്‌ സംവിധാനം ചെയ്‌ത ആദ്യ ഫീച്ചറിലും കാണാം. വഞ്ചി തുഴച്ചില്‍ (റോവിംഗ്‌) പരിശീലകനായ അലിയാണിയാള്‍. തന്റെ ഏക മകന്‍ റുസ്ലാനും അയാള്‍ പരിശീലിപ്പിക്കുന്ന ടീമിലുണ്ട്‌. റുസ്ലാന്റെ പ്രകടനം ഒരു കണക്കിനും മികച്ച രീതിയിലല്ലാത്തതിനാല്‍ അവനെ കടുത്ത തോതിലാണ്‌ ബാപ്പ ശകാരിക്കുന്നത്‌. സംഘാംഗങ്ങളുടെ ഇടയില്‍ വെച്ച്‌ തന്നെ ബാപ്പ(ഡാഡ്‌) എന്നു വിളിക്കരുതെന്നു വരെ അലി അവനെ ചീത്ത പറയുന്നുണ്ട്‌. അവന്റെ ഉമ്മ ലൈലക്കാണെങ്കില്‍ അവനെ ജീവനാണു താനും. അലിയാകട്ടെ ആശ്വാസം തേടി പോകുന്നത്‌ നീന്തല്‍ പരിശീലക കൂടിയായ കാമുകി സാഷയുടെ പക്കലാണ്‌. രാജ്യാന്തര മത്സരവേദിയില്‍ വെച്ച്‌ അവസാന നിമിഷത്തില്‍ റുസ്ലാനെ മാറ്റി അലി ഇബ്രാനോവിനെ ഉള്‍പ്പെടുത്തുന്നു. അവന്റെ കൂടി പ്രകടനത്തിന്റെ വെളിച്ചത്തില്‍ അസര്‍ബൈജാന്‍ ടീം വിജയിക്കുന്നു. എന്നാലതിനിടെ റുസ്ലാന്‍ അപ്രത്യക്ഷനാകുന്നു. അവനെ തേടിയുള്ള അലച്ചിലുകളാണ്‌ പിന്നെ സിനിമ മുഴുവനും. മകന്‍ നഷ്‌ടപ്പെട്ട സ്ഥിതിക്ക്‌ സ്‌നേഹമില്ലാത്ത ഭാര്യയെ ഉപേക്ഷിച്ച്‌ തന്റെ കൂടെ അമേരിക്കക്ക്‌ പോകുവാന്‍ സാഷ അലിയെ പ്രലോഭിപ്പിക്കുന്നുണ്ടെങ്കിലും ഒന്നും ശരിയാവുന്നില്ല. അടുത്തുള്ളവരുടെയും വിവാഹബന്ധത്തില്‍ യോജിപ്പിക്കപ്പെട്ടവരുടെയും രക്തബന്ധത്തില്‍ പിറന്നവരുടെയും സ്‌നേഹവും പ്രണയവും പ്രാധാന്യവും ബോധ്യപ്പെടാതെ അക്കരപ്പച്ചകള്‍ തേടുന്നവരുടെ വിനാശത്തെയാണ്‌ ചിത്രം ഉയര്‍ത്തിപ്പിടിക്കുന്നത്‌.

Monday, September 21, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 13


തുര്‍ക്കിയിലെ മഞ്ഞുമൂടിക്കിടക്കുന്നതും മലനിരകളാലും ഗര്‍ത്തങ്ങളാലും ചുറ്റപ്പെട്ടതുമായ എര്‍സിങ്കാന്‍ എന്ന ചെറുപട്ടണത്തിലുള്ള കൂറ്റന്‍ അറവുശാലയിലെ തൊഴിലാളിയും പട്ടണത്തിന്റെ തൊട്ടടുത്തുള്ള ഗ്രാമത്തിലെ താമസക്കാരനുമായ ഇസ്‌മയില്‍ ആണ്‌ ആട്‌(ദ ലാംബ്‌/തുര്‍ക്കി, ജര്‍മനി) എന്ന കുത്‌ലുഗ്‌ അത്തമാന്‍ സംവിധാനം ചെയ്‌ത സിനിമയിലെ നായകന്‍. ഭാര്യയും മകളും മകനുമാണ്‌ അയാളുടെ കുടുംബത്തിലുള്ളത്‌. കുടുംബം മര്യാദക്ക്‌ നോക്കി നടത്താനോ കുടുംബാംഗങ്ങള്‍ക്ക്‌ സന്തോഷം പകരാനോ സാധിക്കാത്ത പരാജിതനും നൈരാശ്യം ബാധിച്ചവനുമാണിയാള്‍. മെര്‍ത്ത്‌ എന്നാണ്‌ അയാളുടെ മകന്റെ പേര്‌. അവന്റെ സുന്നത്ത്‌ യഥാവിധി കഴിക്കുന്നുണ്ടെങ്കിലും അതിനോടനുബന്ധിച്ച്‌ ഗ്രാമവാസികള്‍ക്ക്‌ നല്‍കേണ്ട വിരുന്ന്‌ കൊടുക്കാതെ ഒഴിഞ്ഞു മാറി നടക്കുകയാണ്‌ ഇസ്‌മയില്‍. പടുവൃദ്ധനായ ആട്ടിടയന്റെ സമീപത്തു ചെന്ന്‌ അയാളും ഭാര്യ മെദീനും മകന്‍ മെര്‍ത്ത്‌ തന്നെയും അറുക്കാനായി ആടിനെ ചോദിക്കുന്നുണ്ടെങ്കിലും വിലയായി പണം നല്‍കാതെ ആടിനെ കൊടുക്കാന്‍ ആട്ടിടയന്‍ തയ്യാറാവുന്നില്ല. മെര്‍ത്തിന്റെ കുസൃതിക്കാരിയായ ചേച്ചി, ഇതിനിടയില്‍ പ്രകോപനപരമായ കാര്യങ്ങള്‍ പറഞ്ഞ്‌ അവനെ പേടിപ്പിക്കുന്നുമുണ്ട്‌. ഓമനത്തം നിറഞ്ഞ അവനെ അമ്മയടക്കം എല്ലാവരും ആട്ടിന്‍ കുട്ടി എന്നാണ്‌ വിളിക്കാറ്‌. ഇതു കാണിച്ച്‌, ആടിനെ കിട്ടിയില്ലെങ്കില്‍ നിന്നെയായിരിക്കും അറുത്ത്‌ ബിരിയാണി വെക്കുക എന്ന്‌ അവള്‍ അവനെ പേടിപ്പിക്കുന്നു. അവനാണെങ്കില്‍ അത്‌ വിശ്വസിക്കുകയും ചെയ്യുന്നു. തന്റെ ബലി ഒഴിവാക്കാന്‍ പഠിച്ച പണി പലതും അവന്‍ നോക്കുന്നുണ്ടെങ്കിലും അതൊന്നും എശുന്നില്ല. ഇസ്‌മയിലിന്റെ അമ്മായിയമ്മയുടെ സഹായം അവരുടെ മകള്‍ തന്നെ നിഷേധിക്കുന്നു. ശമ്പളം കിട്ടിയ ദിവസം കുട്ടികള്‍ക്ക്‌ പുത്തനുടുപ്പുകള്‍ വാങ്ങാനായി വഴിയില്‍ കാത്തുനിന്ന മെദീനെ കണക്കാക്കാതെ, നഗരത്തില്‍ പുതുതായി എത്തിയ ഗായികയായ വേശ്യയെ പ്രാപിക്കാനാണ്‌ ഇസ്‌മയില്‍ തുനിയുന്നത്‌. അവന്റെ സമ്പാദ്യമെല്ലാം അവളുടെ പക്കലെത്തുന്നു. അവസാനം, മെദീനും മക്കളും നടത്തുന്ന ദയനീയമായ അഭ്യര്‍ത്ഥനയെതുടര്‍ന്ന്‌ വേശ്യയുടെ സഹായത്തോടെ മികച്ച തോതില്‍ വിരുന്നൊരുക്കി മെദീന്‍ കുടുംബത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കുന്നു. വേശ്യയുടെ ജീവകാരുണ്യപ്രവര്‍ത്തനം ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ സദാചാരം ഉടയുമോ എന്നറിയില്ല. ക്രിസ്റ്റോഫ്‌ കീസ്‌ലോവ്‌സ്‌കിയുടെ ത്രീ കളേഴ്‌സ്‌ ബ്ലൂവില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും ജീവനെടുത്ത കാറപകടത്തെ തുടര്‍ന്ന്‌ ജീവിതം നരകതുല്യമായ നായികക്ക്‌ ജീവശ്വാസം പകര്‍ന്നു നല്‍കുന്നതും ഒരു വ്യഭിചാരിണിയാണ്‌.

Saturday, September 19, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 12


പാബ്ലോ സീസര്‍ സംവിധാനം ചെയ്‌ത ജലദൈവങ്ങള്‍(ദ ഗോഡ്‌സ്‌ ഓഫ്‌ വാട്ടര്‍/അര്‍ജന്റീന, അംഗോള, എത്യോപ്യ), ഇന്ത്യയെ സംബന്ധിച്ചെന്നതു പോലെ ആഫ്രിക്കയെ സംബന്ധിച്ചും പാശ്ചാത്യ ആഖ്യാനത്തിലൂടെ വീണ്ടും വീണ്ടും സ്ഥിരീകരിക്കപ്പെടുന്ന, നിഗൂഢവും വന്യവും പ്രാകൃതവുമായ വിശ്വാസ-ജീവിത പ്രയോഗ പാരമ്പര്യത്തെ പുനര്‍ നിര്‍മിക്കുന്ന ഒരു പാഴ്‌ സൃഷ്‌ടിയാണ്‌. ഹെര്‍മെസ്‌ എന്ന അര്‍ജന്റീനക്കാരനായ നരവംശശാസ്‌ത്രജ്ഞന്‍ ഡോഗോണ്‍, ചോക്‌വെ എന്നീ പ്രാകൃത അന്ധവിശ്വാസങ്ങളെ പിന്‍പറ്റി ഗവേഷണം നടത്തിവരുന്ന പ്രൊഫസറാണ്‌. ഈ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു നാടകം രൂപപ്പെടുത്തിവരുകയാണദ്ദേഹം. മിത്തുകളും ഇതിഹാസപുരാണങ്ങളും പഴംകാലത്തെ ശാസ്‌ത്ര പഠനങ്ങളും ലോകോത്‌പത്തിയെ സംബന്ധിച്ചും മനുഷ്യപരിണാമത്തെ സംബന്ധിച്ചുമുള്ള കണ്ടെത്തലുകളുടെ നിറം പിടിപ്പിച്ച ആഖ്യാനങ്ങളായി വിവരിക്കാനും വിശദീകരിക്കാനുമാണ്‌ ഹെര്‍മെസിന്റെ ഉദ്യമം. ഇന്ത്യയില്‍ അടുത്ത കാലത്തായി ഔദ്യോഗികവത്‌ക്കരിക്കപ്പെടുന്ന, പ്രാചീനമായ ഭാവനകള്‍ മാത്രമാണ്‌ പുതിയ കണ്ടുപിടുത്തങ്ങളുടെ പശ്ചാത്തലം എന്ന മാരകമായ കല്‍പനകളെ സമാന്തരമായി പിന്തുടരുന്ന ഇതിവൃത്തമെന്ന നിലക്കുകൂടിയാണ്‌ ഈ ചിത്രം പാരായണം ചെയ്യപ്പെട്ടത്‌ ഗോവയില്‍ എത്തിയ പാബ്ലോ സീസര്‍, ഇന്ത്യയിലെ പൗരാണികതയെ സംബന്ധിച്ച പൊതുബോധ വ്യാഖ്യാനങ്ങളില്‍ താന്‍ ആകൃഷ്‌ടനാണെന്ന്‌ പറയുകയുമുണ്ടായി. ബ്യൂണസ്‌ അയേഴ്‌സില്‍ ഗവേഷണത്തിനായി എത്തുന്ന മുന്‍ അടിമ കൂടിയായ ഓക്കോയുടെയും തന്റെ നാടകത്തിലെ നടിയായ ഏയ്‌ലന്റെയും എസ്‌തബാന്‍ എന്ന വൃദ്ധനും രോഗിയുമായ ഗവേഷകന്റെയും കൂടി സഹായത്തോടെ അംഗോളയിലേക്ക്‌ യാത്രയാകുന്ന ഹെര്‍മെസിനുണ്ടാകുന്ന വിചിത്രാനുഭവങ്ങളാണ്‌ സിനിമയെ മുന്നോട്ടു നയിക്കുന്നത്‌.

Friday, September 18, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 11റേസ മിര്‍ക്കാരിമി സംവിധാനം ചെയ്‌ത ഇന്ന്‌ (എമ്‌റോസ്‌/ഇറാന്‍), മനുഷ്യബന്ധങ്ങളെ സംബന്ധിച്ചെന്നതു പോലെ, മനുഷ്യത്വത്തെക്കുറിച്ചുമുള്ള ഒരു പരിശോധനയാണ്‌. മധ്യവയസ്സു പിന്നിട്ട ടാക്‌സി ഡ്രൈവറായ യൂനെസിന്റെ കാറില്‍ യാദൃഛികമായി കയറുന്ന നിറഗര്‍ഭിണിയും പരുക്കുകളേറ്റവളും ഏറെ നിഗൂഢതകള്‍ നിലനിര്‍ത്തുന്നവളുമായ സെദിയയുടെ പരിചരണം അയാള്‍ ഏറ്റെടുക്കുന്നത്‌ അപൂര്‍വമായ മനുഷ്യത്വപ്രകടനമായി പരിണമിക്കുന്നു. അവളെ അഡ്‌മിറ്റ്‌ ചെയ്യുന്ന ആശുപത്രിയിലെ സീനിയര്‍ നഴ്‌സ്‌ ഇത്തരം സഹതാപപ്രകടനങ്ങളിലൊന്നും യാതൊരു അര്‍ത്ഥവുമില്ലെന്ന ഗൗരവമുള്ള ജീവിത പാഠം അയാളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ വിട്ടുകൊടുക്കുന്നില്ല. അമ്മയെ രക്ഷിക്കാനാവുന്നില്ലെങ്കിലും കുട്ടിയെയും മോഷ്‌ടിച്ച്‌ തന്റെ അനപത്യതാ ദു:ഖത്തെ നിയമലംഘനത്തിലൂടെ പരിഹരിക്കുന്ന അയാളുടെ നിര്‍വികാരത മുറ്റിനില്‍ക്കുന്ന മുഖപടം ഓര്‍മ്മയില്‍ നിന്ന്‌ മായുക തന്നെയില്ല.

Thursday, September 17, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 10


മത്തിയാസ്‌ ലുക്കേസി സംവിധാനം ചെയ്‌ത പ്രകൃതിശാസ്‌ത്രങ്ങള്‍(സിയെന്‍സിയാസ്‌ നാച്ചുറാലെസ്‌/അര്‍ജന്റീന, ഫ്രാന്‍സ്‌), അജ്ഞാതനായി തുടരുന്ന പിതാവിനെ അന്വേഷിച്ച്‌ ലീല എന്ന പന്ത്രണ്ടു വയസ്സുകാരി, വിദ്യാലയ/കുടുംബ നിയമങ്ങളെ ലംഘിച്ചുകൊണ്ട്‌ നടത്തുന്ന ഒളിച്ചോട്ടവും അതിന്‌ ജിറേന എന്ന അധ്യാപിക നല്‍കുന്ന സാന്ത്വനവും പിന്തുണയുമാണ്‌ പ്രതിപാദിക്കുന്നത്‌. പിതൃത്വത്തെക്കുറിച്ചുള്ള പ്രാകൃതവും വ്യവസ്ഥാപിതവുമായ കുടുംബ/സദാചാര ചക്രത്തില്‍ നിന്ന്‌ അവള്‍ (അവളോടൊപ്പം കാണികളായ നമ്മളും) വിമോചിതയാകുകയും അധ്യാപനം/സ്‌നേഹം/പരസ്‌പരം മനസ്സിലാക്കല്‍ എന്ന ആധുനികകാലത്ത്‌ സമാധാനം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായ മനോഭാവത്തിലേക്ക്‌ സംക്രമിക്കുകയും ചെയ്യുന്ന അപൂര്‍വമായ പരിണാമമാണ്‌ ഈ സിനിമയെ ശ്രദ്ധേയമാക്കിയത്‌. ബെര്‍ലിന്‍ മേളയില്‍ ജെനറേഷന്‍ കെ പ്ലസ്‌ വിഭാഗത്തില്‍ ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം നാച്ചുറല്‍ സയന്‍സസിനാണ്‌ ലഭിച്ചത്‌.

Wednesday, September 16, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 9ദൈവങ്ങളുമായുള്ള സംഭാഷണങ്ങള്‍(വേര്‍ഡ്‌സ്‌ വിത്ത്‌ ഗോഡ്‌സ്‌/മെക്‌സിക്കോ) ഒമ്പതു സംവിധായകര്‍, വിവിധ ലോകമതങ്ങളെയും സംസ്‌ക്കാരവുമായുള്ള അവയുടെ ബന്ധങ്ങളെയും സംബന്ധിച്ചെടുത്ത ചിത്രങ്ങളുടെ ഒരു സംഘാതമാണ്‌. ഗില്ലെര്‍മോ അറിയാഗ(മെക്‌സിക്കോ), ഹെക്‌ടര്‍ ബാബെങ്കോ(അര്‍ജന്റീന), അലെക്‌സ്‌ ദെ ലാ ഇഗ്ലേസ്യ(സ്‌പെയിന്‍), ബഹ്‌മാന്‍ ഗോബാദി(കുര്‍ദിസ്ഥാന്‍/ഇറാന്‍), അമോസ്‌ ഗിത്തായ്‌(ഇസ്രയേല്‍), എമിര്‍ കുസ്‌തറിക്ക(സെര്‍ബിയ), മീരാ നയ്യാര്‍(ഇന്ത്യ), ഹിദേക്കോ നക്കാത്ത (ജപ്പാന്‍), വാര്‍വിക്ക്‌ തോര്‍ണ്‌ടന്‍(ആസ്‌ത്രേലിയ)എന്നിവരാണ്‌ സംവിധായകര്‍. നാസ്‌തിക മതത്തെക്കുറിച്ചുള്ള അറിയാഗയുടെയും ഇസ്ലാമിനെക്കുറിച്ചുള്ള ഗോബാദിയുടെയും യഹൂദമതത്തെക്കുറിച്ചുള്ള അമോസ്‌ ഗിത്തായിയുടെയും ഖണ്‌ഡങ്ങള്‍ മികവു പുലര്‍ത്തിയപ്പോള്‍ ഹിന്ദു/ഇന്ത്യന്‍ മതത്തെക്കുറിച്ചുള്ള മീരാ നയ്യാറുടെതടക്കം മറ്റു പലതും ശരാശരിയായിരുന്നു.

Tuesday, September 15, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 8മൈക്കിള്‍ ജാക്‌സന്റെ സ്‌മാരകം(മോണുമെന്റ്‌ ടു മൈക്കിള്‍ ജാക്‌സണ്‍/സെര്‍ബിയ, ജര്‍മനി, മസെഡോണിയ, ക്രൊയേഷ്യ), കാര്യമായ ജീവിതചലനങ്ങളില്ലാതെ മുരടിച്ചു നില്‍ക്കുന്ന സെര്‍ബിയയിലെ ഒരു കൊച്ചു പട്ടണത്തിന്റെ കഥയാണ്‌. ദാര്‍ക്കോ ലുംഗുലോവ്‌ ആണ്‌ സംവിധായകന്‍. യുഗോസ്ലാവിയയിലെ കമ്യൂണിസ്റ്റ്‌ ഭരണം അവസാനിച്ചതിനെ തുടര്‍ന്ന്‌, ഈ പട്ടണത്തിലെ മുഖ്യ സ്‌ക്വയറിലുണ്ടായിരുന്ന, അധ്വാനത്തെ പ്രതീകവത്‌ക്കരിക്കുന്ന ഒരു സ്‌മാരകശില്‍പം എടുത്തു മാറ്റുന്നു. പുതിയ ശില്‍പങ്ങളൊന്നുമില്ലാതെ ഒഴിഞ്ഞു നില്‍ക്കുന്ന തട്ടിന്മേല്‍, അപ്പോള്‍ ലോക പര്യടനം ആരംഭിക്കാനിരിക്കുന്ന മൈക്കിള്‍ ജാക്‌സന്റെ ഒരു പ്രതിമ സ്ഥാപിക്കുന്നത്‌ നന്നായിരിക്കും എന്ന്‌ അവിടെ ക്ഷുരകാലയം നടത്തുന്ന മാര്‍ക്കോ, നഗരജനസഭയില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നു. വിഡ്‌ഢിത്തം എന്നു പറഞ്ഞ്‌ നഗരാധ്യക്ഷന്‍ അത്‌ അപ്പോള്‍ തന്നെ തള്ളിക്കളയുന്നു. പുന:സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്ന ജനാധിപത്യത്തിന്റെ പുതിയ കാലത്ത്‌, വിനോദ സഞ്ചാരവും അതു വഴി വാണിജ്യ-സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ടാണ്‌ താന്‍ ഈ അഭിപ്രായം മുന്നോട്ടു വെക്കുന്നതെന്ന്‌ മാര്‍ക്കോ തുടരുന്നുണ്ടെങ്കിലും അയാളെ തുടര്‍ന്ന്‌ സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ല. സത്യത്തില്‍, പിരിഞ്ഞു താമസിക്കുന്ന പബ്‌ നടത്തിപ്പുകാരിയായ തന്റെ ഭാര്യ ലുബിങ്കയുമായുള്ള ദാമ്പത്യജീവിതം വീണ്ടും ആരംഭിക്കാന്‍ വേണ്ടി മാര്‍ക്കോ ആവിഷ്‌ക്കരിച്ച ഒരു പകല്‍സ്വപ്‌നം മാത്രമായിരുന്നു അത്‌. മറ്റു ചിലരുടെ പിന്തുണ ലഭിക്കുന്നതോടെ ഈ ആശയം പ്രാവര്‍ത്തികമാകുന്നുണ്ടെങ്കിലും, പരിശുദ്ധ സെര്‍ബിയ എന്ന അമിത ദേശീയവാദികളായ ഭ്രാന്തന്മാരുടെ ആക്രമണത്തെ തുടര്‍ന്ന്‌ എല്ലാം തകിടം മറിയുന്നു.

Monday, September 14, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 7


ഹിഷാം സമാന്‍ സംവിധാനം ചെയ്‌ത രാജാവിനുള്ള കത്തും(ലെറ്റര്‍ ടു ദ കിംഗ്‌/നോര്‍വെ, യു എ ഇ) അഭയാര്‍ത്ഥികളുടെ വേദനയാണ്‌ ആവിഷ്‌ക്കരിക്കുന്നത്‌. സമൂഹത്തിന്റെ അരികുകളില്‍ ജീവിക്കുന്ന അഞ്ചു അഭയാര്‍ത്ഥികള്‍ ഓസ്‌ലോ നഗരത്തിലേക്ക്‌ ഒരു പകല്‍ നടത്തുന്ന യാത്രയാണ്‌ പ്രതിപാദ്യം. ഭൂതകാലത്തിലെ ചില പിഴവുകളെ തിരുത്താനും ഭാവിയെ കൂടുതല്‍ നീതിമത്‌ക്കരിക്കാനുമുള്ള ഒരു പരിശ്രമമായിട്ടാണ്‌ വ്യത്യസ്‌ത ചരിത്രങ്ങള്‍ പേറുന്ന അവരഞ്ചുപേരും ആ പകലിനെ വിനിയോഗിക്കുന്നത്‌. എണ്‍പത്തിമൂന്നുകാരനായ മിര്‍സ, രാജാവിനുള്ള ഒരു കത്തുമായിട്ടാണ്‌ എത്തുന്നത്‌. മറ്റൊരുവളാകട്ടെ, തന്റെ ജീവിതസഖാവിനെ ചതിയിലൂടെ കൊലപ്പെടുത്തിയ സഹപ്രവര്‍ത്തകനെ വധിക്കുന്നു. കരാട്ടേപ്രിയനായ മൂന്നാമന്‍, കരാട്ടെ പരിശീലനക്ലാസില്‍ നിന്ന്‌ പുറത്താക്കപ്പെടുന്നു. അങ്ങിനെ വിവിധ കഥകള്‍ ബന്ധമില്ലാതെയും ബന്ധമുണ്ടാക്കിയും നിറയുന്ന സിനിമയാണിത്‌.

Sunday, September 13, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 6


അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ തന്നെ ജോലിയില്‍ നിന്ന്‌ വിരമിച്ചതിനു ശേഷമോ ജോലി നഷ്‌ടപ്പെട്ടതിനു ശേഷമോ അതേ അതിര്‍ത്തിയിലൂടെ "മനുഷ്യക്കടത്ത്‌" നടത്തുന്ന വിചിത്രമായ നിയമലംഘനവും പരിഹാസ്യമായ രാഷ്‌ട്രനിര്‍മാണ/ശാക്തീകരണ പ്രക്രിയയുമാണ്‌ വിധി(ജഡ്‌ജ്‌മെന്റ്‌/ബള്‍ഗേറിയ) എന്ന ചിത്രത്തിലുള്ളത്‌. സ്റ്റെഫാന്‍ കൊര്‍മാന്തറേവ്‌ ആണ്‌ സംവിധായകന്‍. വിമുക്തഭടനായ ദിമിത്രോവിന്‌ സ്വന്തമായി പാല്‍ ലോറിയുണ്ട്‌. ഭാര്യയുടെ ചികിത്സക്കായെടുത്ത വായ്‌പ വീട്ടാനാകാതെ വീടു നഷ്‌ടപ്പെടുന്ന അവസ്ഥയിലാണ്‌, ജോലി കൂടി ഇല്ലാതായ ദിമിത്രോവ്‌. തുര്‍ക്കിയില്‍ നിന്ന്‌ യൂറോപ്യന്‍ യൂണിയനിലേക്ക്‌ നിയമവിരുദ്ധമായി കടന്നു വരുന്ന അഭയാര്‍ത്ഥികളെ കടത്തുന്നതിന്‌ ഈ ലോറി ഉപയോഗിക്കാന്‍ തന്റെ മുന്‍ ക്യാപ്‌റ്റന്റെ പ്രേരണ ആദ്യം നിരസിക്കുന്നുണ്ടെങ്കിലും പിന്നീട്‌ അയാള്‍ക്ക്‌ സ്വീകരിക്കേണ്ടിവരുന്നു. 1988ല്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടെ ക്യാപ്‌റ്റന്റെ ആജ്ഞക്കു വഴങ്ങി രണ്ടു ജര്‍മന്‍ കുട്ടികളെ വെടിവെച്ച്‌ കൊലപ്പെടുത്തിയതിന്റെ കുറ്റബോധം അയാളെ വേട്ടയാടുന്നുണ്ട്‌. നിയമത്തിന്റെ ആധിക്യവും ബലപ്രയോഗവും മാത്രമല്ല നിയമനിഷേധവും ആരുടെയും രക്ഷക്കെത്തുന്നില്ല എന്ന കാര്യമാണ്‌ തെളിഞ്ഞു വരുന്നത്‌.

Friday, September 11, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 5


ആഫ്രിക്കയില്‍ നിന്ന്‌ യൂറോപ്പിലേക്ക്‌ നിയമവിരുദ്ധമായി അഭയാര്‍ത്ഥിത്വം തേടിയെത്തുന്ന ലക്ഷക്കണക്കിന്‌ ദരിദ്രര്‍ അനുഭവിക്കുന്ന മരണസമാനമായ കൊടും യാതനകളുടെ നേര്‍ ചിത്രമാണ്‌ ബോറിസ്‌ ലോയ്‌കിനെ സംവിധാനം ചെയ്‌ത ഹോപ്പ്‌(ഫ്രാന്‍സ്‌) എന്ന സിനിമ. ലിയോനാര്‍ഡ്‌ എന്ന കാമറൂണ്‍കാരനും ഹോപ്പ്‌ എന്ന നൈജീരിയക്കാരിയും തമ്മില്‍ അഭയാര്‍ത്ഥിക്യാമ്പുകളില്‍ വെച്ചും യാത്രയില്‍ വെച്ചും ഉടലെടുക്കുന്ന സൗഹൃദബന്ധമാണ്‌ ഇതിവൃത്തത്തിന്‌ ചാരുത പകരുന്നത്‌. കാന്‍ മേളയിലെ ക്രിട്ടിക്ക്‌ വാരത്തില്‍ എസ്‌ എ സി ഡി പുരസ്‌കാരം ഹോപ്പിനാണ്‌ ലഭിച്ചത്‌.

Thursday, September 10, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 4


ലാറ്റിനമേരിക്കന്‍ രാഷ്‌ട്രങ്ങളായ അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, ചിലി, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളില്‍ സൈനിക ജൂണ്ടകളെ ഉപയോഗപ്പെടുത്തി തദ്ദേശീയ ജനതയെ അടക്കിഭരിച്ചിരുന്ന അമേരിക്കന്‍ അധിനിവേശത്തിന്റെ ഭാഗമായി ആയിരക്കണക്കിന്‌ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമാണ്‌ കൊല്ലപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും തടവിലാക്കപ്പെട്ടതും. എഴുപതുകളിലെ ഈ രക്തരൂഷിത തേര്‍വാഴ്‌ചയുടെ സത്യസന്ധവും ഞെട്ടിപ്പിക്കുന്നതുമായ കഥനമാണ്‌ വിസ്‌മരിക്കപ്പെട്ടവര്‍(ലെ ഒല്‍വിഡാഡോസ്‌/ബൊളീവിയ) എന്ന കാര്‍ലോസ്‌ ബൊളാഡോ സംവിധാനം ചെയ്‌ത സിനിമ. ബൊളീവിയന്‍ പട്ടാളത്തില്‍ ജനറലായിരുന്ന ജോസഫിന്റെ ഓര്‍മകളായാണ്‌ സിനിമ ആഖ്യാനം ചെയ്യപ്പെടുന്നത്‌. താന്‍ ചെയ്‌തു കൂട്ടിയ കടുംകൈകള്‍ക്ക്‌ പരിഹാരമൊന്നുമില്ല എന്നയാള്‍ തിരിച്ചറിയുന്നു. അമേരിക്കയില്‍ ജീവിക്കുന്ന അയാളുടെ മകന്‍ പോലും അയാളുടേതല്ല എന്ന വിവരം അയാളുടെ ആത്മാവിനെ കുത്തി നോവിക്കുന്നു. ഈ വിവരം മകനോട്‌ തുറന്നു പറയാനായി തയ്യാറാക്കിയ കത്ത്‌ ഹോം നഴ്‌സിന്റെ പക്കല്‍ ഏല്‍പ്പിച്ചതിനു ശേഷമാണ്‌ അയാള്‍ അന്ത്യശ്വാസം വലിക്കുന്നത്‌. എണ്ണയും മയക്കുമരുന്നും മറ്റും കച്ചവടം ചെയ്യുന്നതിനും കൈയടക്കുന്നതിനും അതിന്മേല്‍ കുത്തകകളാകുന്നതിനും വേണ്ടി അമേരിക്ക സൃഷ്‌ടിക്കുന്ന നവ ഉദാരവത്‌ക്കരണത്തിന്റെ ലോകനിയമങ്ങളും യുദ്ധോത്സുകമായ സാമ്രാജ്യത്വവത്‌ക്കരണവും ഇത്ര സുതാര്യമായി വെളിപ്പെടുത്തുന്ന സിനിമകള്‍ അധികം വന്നിട്ടില്ലാത്ത സ്ഥിതിക്ക്‌ ഫൊര്‍ഗോട്ടണിന്റെ പ്രസക്തി വളരെ വലുതാണ്‌.

Wednesday, September 9, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 3


ഇല്‍മാര്‍ രാഗ്‌ സംവിധാനം ചെയ്‌ത ഞാന്‍ തിരിച്ചു വരില്ല(ഐ വോണ്ട്‌ കം ബാക്ക്‌/കസാഖ്‌സ്ഥാന്‍, ഫിന്‍ലന്റ്‌, റഷ്യ, എസ്‌തോണിയ, ബെലാറസ്‌) അനാഥത്വത്തിന്റെയും പ്രതീക്ഷയുടെയും സ്‌നേഹരാഹിത്യത്തിന്റെയും നിയമത്തിന്റെയും അതിര്‍ത്തികളുടെയും രാഷ്‌ട്രത്തിന്റെയും സ്വത്വത്തിന്റെയും ഘടകങ്ങളെ മനോഹരമായി കോര്‍ത്തിണക്കിയ സിനിമയാണ്‌. റഷ്യയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറുടെ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്‌ അനാഥശാലയില്‍ വളര്‍ന്നു വലുതായ ആന്യ. ഭാര്യയും മകളുമുള്ള മധ്യവയസ്‌കനായ പ്രൊഫസര്‍, ഏതൊരു മേലുദ്യോഗസ്ഥനും കീഴ്‌ ജീവനക്കാരിയും തമ്മില്‍ രൂപപ്പെട്ടേക്കാവുന്ന വിധത്തില്‍ ആന്യയുമായി ശാരീരികമായും അടുക്കുന്നു. എന്നാലവളുടെ പ്രതീക്ഷകളൊന്നും നിറവേറ്റാന്‍ അയാള്‍ക്കാവില്ല എന്നു മാത്രമല്ല, അകാരണമായി മയക്കുമരുന്നു കേസില്‍ കുടുങ്ങുന്ന അവളെ രക്ഷിക്കാന്‍ പോലും അയാള്‍ മിനക്കെടുന്നില്ല. സ്വന്തം കൗശലങ്ങളാല്‍ രക്ഷപ്പെടുന്ന ആന്യയോടൊപ്പം, അവസാനം പാര്‍ത്ത ഷെല്‍ട്ടറില്‍ നിന്ന്‌ ക്രിസ്‌തീന എന്ന പത്തു വയസ്സുകാരിയും ചേരുന്നു. പല നിലക്ക്‌ അവളെ ഒഴിവാക്കാന്‍ ആന്യ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ രണ്ടു പേരും തമ്മില്‍ ഒരിക്കലും വിട്ടു പിരിയാന്‍ ആവാത്ത വിധത്തില്‍ സൗഹൃദം ദൃഢമാവുന്നു. ക്രിസ്‌തീനയുടെ മുത്തശ്ശി കസാഖ്‌സ്ഥാനില്‍ ഉണ്ടെന്ന അവളുടെ ഭാഷ്യം ആന്യ മുഖവിലക്കെടുക്കുന്നില്ല. വഴിയിലുണ്ടാകുന്ന ഒരപകടത്തില്‍ ക്രിസ്‌തീന കൊല്ലപ്പെടുന്നു. മുത്തശ്ശിയെ തേടി ആന്യ ഒറ്റക്ക്‌ കസാഖ്‌സ്ഥാനിലേക്ക്‌ യാത്രയാവുന്നു.

Tuesday, September 8, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 2


സ്റ്റെഫാനി വലോവട്ടെ സംവിധാനം ചെയ്‌ത കാര്‍ട്ടൂണിസ്റ്റകള്‍-ജനാധിപത്യത്തിന്റെ കാലാള്‍ പടയാളികള്‍(കാര്‍ട്ടൂണിസ്റ്റ്‌സ്‌-ഫൂട്ട്‌ സോള്‍ജ്യേര്‍സ്‌ ഓഫ്‌ ഡെമോക്രസി/ഫ്രാന്‍സ്‌), എന്ന ഡോക്കുമെന്ററി 2014 ഗോവ മേളയിലെ ഏറ്റവും ഗംഭീരമായ സിനിമകളിലൊന്നായിരുന്നു. സംവിധായിക മേളക്കെത്തിയിരുന്നു. പ്രദര്‍ശനത്തിനു ശേഷം അവര്‍ ഏതാനും സമയം പ്രേക്ഷകരുമായി സംവാദത്തിലേര്‍പ്പെടുകയുണ്ടായി. വിവിധ ലോകരാഷ്‌ട്രങ്ങളില്‍ വ്യത്യസ്‌തമായ രാഷ്‌ട്രീയ-സാമൂഹ്യ-സാമ്പത്തിക അവസ്ഥകളെ പരിഹാസത്തോടെയും ജനാധിപത്യ ഊര്‍ജ്ജത്തോടെയും രൂക്ഷമായി വിമര്‍ശിക്കുന്ന കാര്‍ട്ടൂണിസ്റ്റുകളില്‍ ചിലരുടെ രചനകളിലൂടെയും അനുഭവങ്ങളിലൂടെയും നടത്തുന്ന ആവേശകരവും അനുതാപപൂര്‍ണവുമായ സഞ്ചാരമാണ്‌ ഈ സിനിമ. നര്‍മ ബോധമില്ലാത്ത ഒരു സര്‍ക്കാരിന്റേത്‌ ജനാധിപത്യേതരഭരണമാണ്‌ എന്ന, വെനസ്വേലയില്‍ നിന്നുള്ള ഒരു കാര്‍ട്ടൂണിലെ അടിക്കുറിപ്പ്‌; അധികാരവ്യവസ്ഥയെ പരീക്ഷിക്കുന്നതിനുള്ള പരിഹാസപ്രതിരോധത്തിന്റെ മാനിഫെസ്റ്റോ ആയി മാറുന്നു. മെക്‌സിക്കോ, വെനസ്വേല, ഫലസ്‌തീന്‍, ഇസ്രായേല്‍, ടുണീഷ്യ, ഫ്രാന്‍സ്‌, അമേരിക്ക, റഷ്യ, ചൈന, ബുര്‍ക്കിനോ ഫാസോ എന്നിങ്ങനെ വിവിധ ഭൂഖണ്‌ഡങ്ങളിലെ വ്യത്യസ്‌ത വികസിത/അവികസിത രാഷ്‌ട്രങ്ങളിലെ കാര്‍ട്ടൂണിസ്റ്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവര്‍ക്കുള്ള ജനസമ്മതിയും, രാഷ്‌ട്രീയത്തിന്റെ ഗതിവിഗതികളെ തന്നെ മാറ്റി മറിച്ച അവരുടെ കാര്‍ട്ടൂണ്‍ ഇടപെടലുകളും ചടുലമായ ശൈലിയില്‍ സത്യസന്ധമായി അവതരിപ്പിക്കുകയാണീ സിനിമയില്‍. വളരെ ബൃഹത്തായ അന്വേഷണവും ഗവേഷണവുമാണ്‌ സംവിധായിക നടത്തിയിരിക്കുന്നത്‌.

Monday, September 7, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 1


 

ലോകം ഒന്നാണ്‌, മനുഷ്യര്‍ ഒന്നാണ്‌, സ്‌നേഹമാണഖിലസാരമൂഴിയില്‍ എന്നിങ്ങനെ ഭൂമിയെയും സര്‍വചരാചരങ്ങളെയും സ്‌നേഹത്തോടെ പരിഗണിക്കാനും, ലോകാസമസ്‌താ സുഖിനോ ഭവന്തു എന്ന്‌ ആദര്‍ശപ്രാര്‍ത്ഥന നടത്താനും എളുപ്പമാണ്‌. കാര്യത്തോടടുക്കുമ്പോള്‍; അതിര്‍ത്തികള്‍, സൈന്യം, നിയമങ്ങള്‍, അഭയാര്‍ത്ഥികള്‍, പ്രവാസം, ദേശരാഷ്‌ട്രം, ദേശസ്‌നേഹം, രാജ്യദ്രോഹം, ശിക്ഷകള്‍, തടവുകള്‍ എന്നിങ്ങനെ മനുഷ്യരെ വിഭജിക്കാനും ഇല്ലാതാക്കാനുമായി അധികാരികള്‍ പരക്കം പായുന്നതും വലകള്‍ വിപുലപ്പെടുത്തുന്നതും കാണാം. സമകാലിക ലോകത്ത്‌ ആധുനിക മനുഷ്യ ജീവിതം നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രതിസന്ധി ഇതു തന്നെയാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. ഏതു പിഴവിനെയാണ്‌ നാം തിരുത്തേണ്ടത്‌; ഏത്‌ ആദര്‍ശത്തെയാണ്‌ നം സാധൂകരിക്കേണ്ടത്‌ എന്ന്‌ വ്യക്തമാകാതെ, സുരക്ഷക്കായെന്ന വിധത്തില്‍ കെട്ടിപ്പടുക്കുന്ന അതിര്‍ത്തികള്‍ തടവറകളാകുകയും അതില്‍ കുടുങ്ങിപ്പോവുകയും രക്ഷപ്പെടാനുള്ള പരിശ്രമങ്ങളെ കൊടും കുറ്റകൃത്യമായി വ്യാഖ്യാനിക്കപ്പെട്ട്‌ യഥാര്‍ത്ഥ തടവറകളിലോ മരണത്തിലോ അവസാനിക്കുകയും ചെയ്യേണ്ടതാണോ മനുഷ്യജന്മം? സാമ്രാജ്യത്വവും ദേശാന്തര കോര്‍പ്പറേറ്റുകളും ചേര്‍ന്ന്‌, ആഗോള സാമ്പത്തിക അധികാരവാഴ്‌ചയും യുദ്ധങ്ങളും തദ്ദേശീയ ഫാസിസങ്ങളും പ്രബലപ്പെടുത്തുകയും ചെയ്യുന്നതോടെ കോടിക്കണക്കിന്‌ മനുഷ്യര്‍ ജീവിതം മുന്നോട്ടു കൊണ്ടു പോകാനാകാതെ തളരുകയോ തകരുകയോ ചെയ്യുകയുമാണ്‌. ലോക സിനിമ അതിന്റെ മനുഷ്യപക്ഷപാതിത്വം വീണ്ടെടുത്തു കൊണ്ട്‌ സങ്കീര്‍ണമായ ഈ പ്രതിസന്ധിയെ പ്രശ്‌നവത്‌ക്കരിക്കുന്നു എന്നത്‌ ആശ്വാസകരമായ മാറ്റം തന്നെയാണ്‌. നാല്‍പത്തിയഞ്ചാമത്‌ ഇന്ത്യന്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേള അതിന്റെ സ്ഥിരം വേദിയായ ഗോവയിലെ പനാജിയില്‍ സമാപിച്ചപ്പോള്‍, ഈ പശ്ചാത്തലമുള്ള ഏതാനും സിനിമകളാണ്‌ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട്‌ ഓര്‍മ്മയില്‍ തങ്ങി നിന്നത്‌ എന്ന കാര്യം പ്രസ്‌താവ്യമാണ്‌.
#immigration