Thursday, December 10, 2009

വിമര്‍ശനത്തില്‍ നിന്ന് നവതരംഗത്തിലേക്ക് - ഫ്രഞ്ച് ന്യൂവേവിന്റെ അമ്പതു വര്‍ഷങ്ങള്‍




ചലച്ചിത്രാഖ്യാനത്തെ സംബന്ധിച്ച് നിലനിന്നു പോന്ന സൈദ്ധാന്തികവും പ്രായോഗികവുമായ ധാരണകളെയും നിര്‍ബന്ധങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ് ഫ്രഞ്ച് നവതരംഗ പ്രസ്ഥാനം 1950കളിലാരംഭിച്ചത്. അവര്‍ നടത്തിയ നിയമലംഘനങ്ങള്‍ പിന്നീട് നിയമങ്ങളായി തീര്‍ന്നു എന്നതാണേറ്റവും ശ്രദ്ധേയമായ വിപരിണാമം. ഒരെഴുത്തുകാരന്‍ തന്റെ പേന ഉപയോഗിച്ച് എഴുതുന്നതുപോലെ, തന്റെ ക്യാമറ ഉപയോഗിച്ച് സിനിമ 'എഴുതുന്ന'തായിരുന്നു (ക്യാമറ സ്റ്റൈലോ) നവതരംഗ സിനിമ എന്നും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്കു മേല്‍ രചയിതാവിന്റെ അധികാരം പ്രയോഗിക്കപ്പെടാത്ത ജനാധിപത്യ സിനിമയുമായിരുന്നു അത്. സിനിമാഖ്യാനത്തിലും ആസ്വാദനത്തിലും നിലനിന്നു പോരുന്ന ജഡാവസ്ഥ, രണ്ടാം ലോകമഹായുദ്ധാനന്തര യൂറോപ്പിന്റെ പരിവര്‍ത്തനപരവും അതിജീവനാത്മകവുമായ സാമൂഹ്യാവസ്ഥയിലൂടെ കടന്നു പോകുന്ന ജനതയുടെ ഭാവുകത്വത്തിനു യോജിച്ചതല്ല എന്ന് തിരിച്ചറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാര്‍ ആരംഭിച്ച കഹേ ദു സിനിമ(cahiers du cinema) എന്ന ചലച്ചിത്രവിമര്‍ശനമാസികയിലൂടെയാണ് ഫ്രഞ്ച് നവതരംഗ സിനിമയുടെ ദൃശ്യ-ശബ്ദ-ആഖ്യാന സങ്കല്‍പനങ്ങള്‍ വിഭാവനം ചെയ്യപ്പെട്ടത്. സൈദ്ധാന്തികനും നിരൂപകനുമായിരുന്ന ആന്ദ്രേ ബാസിന്റെ നേതൃത്വത്തില്‍, ആഖ്യാനത്തിന്റെ നിഷ്ഠൂരതക്കെതിരായ ഒരു കലാപം തന്നെ കഹേ ദു സിനിമ അഴിച്ചു വിട്ടു. ഴാക് ഡാനിയല്‍ വാല്‍ക്രോസായിരുന്നു ബാസിനു പുറമെ കഹേ ദു സിനിമയില്‍ സജീവമായുണ്ടായിരുന്ന വിമര്‍ശകന്‍. മൊണ്ടാഷ് സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ ക്ളാസിക്ക് ആഖ്യാനരീതിക്കു പകരം മിസ് എന്‍ സീനിനെ കഹേ ദു സിനിമ പിന്തുണച്ചു. എഡിറ്റിങ്ങിലൂടെ രൂപീകരിക്കപ്പെടുന്ന കൃത്രിമമായ യാഥാര്‍ത്ഥ്യത്തിനു പകരം സീനിനകത്തുള്ള ദൃശ്യങ്ങളും ചലനങ്ങളും ശബ്ദങ്ങളുമാണ് യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നത് എന്ന ഇറ്റാലിയന്‍ നിയോ റിയലിസത്തിന്റെ വ്യാഖ്യാനത്തെ കഹേ ദു സിനിമ മുന്നോട്ടുവെച്ചു. മികച്ച സിനിമകളില്‍ സംവിധായകന്റെ വ്യക്തിമുദ്രകള്‍ പതിഞ്ഞുകിടക്കുന്നുണ്ടാവും എന്നാണ് കഹേ ദു സിനിമയുടെ നിലപാട്. അമേരിക്കന്‍ ചലച്ചിത്ര നിരൂപകനായ ആന്ദ്രൂ സാരിസ് ഇതിനെയാണ് ഓഥിയര്‍ തിയറി (auteur theory) എന്ന് പേരിട്ടത്.

ഫ്രഞ്ച് വാണിജ്യ സിനിമയിലെ പ്രമുഖ സംവിധായകരായിരുന്ന ക്ളെയര്‍, ക്ളമന്റ്, ഹെന്റി ജോര്‍ജസ് ക്ളോസൌട്ട്, മാര്‍ക്ക് അലെഗ്രെറ്റ്, തുടങ്ങിയവരെ തള്ളിപ്പറഞ്ഞ കഹേ ദു സിനിമ ഴാങ് വീഗോ, റെനൊയര്‍, റോബര്‍ട് ബ്രെസ്സണ്‍, മാര്‍സല്‍ ഒഫല്‍സ്, എന്നിവരെയാണ് ഭേദപ്പെട്ട ചലച്ചിത്രകാരന്മാരായി വിശേഷിപ്പിച്ചത്. ഹോളിവുഡിലെ മാസ്റ്റര്‍മാരായ ജോണ്‍ ഫോര്‍ഡ്, ഹൊവാര്‍ഡ് ഹാക്ക്സ്, ആല്‍ഫ്രഡ് ഹിച്ച്കോക്ക്, ഫ്രിറ്റ്സ് ലാങ്, നിക്കൊളാസ് റേ, ഓര്‍സണ്‍ വെല്‍സ് എന്നിവരെയും കഹേ ദു സിനിമ അംഗീകരിച്ചിരുന്നു.

സ്നേഹം ഒട്ടുമില്ലാത്ത വീടകത്തു നിന്നു രക്ഷപ്പെടുന്നതിനു വേണ്ടി ഏഴാം വയസ്സില്‍ തന്നെ പാരീസിലെ സിനിമാശാലകളില്‍ അഭയം തേടിയ ഫ്രാങ്കോ ത്രൂഫോ (Francois Truffaut) കഹേ ദു സിനിമയുടെയും ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തിന്റെയും വക്താവും പ്രയോക്താവുമായി പില്‍ക്കാലത്ത് മാറിത്തീര്‍ന്നത് വിസ്മയകരമായ ചരിത്രയാഥാര്‍ത്ഥ്യമാണ്. ബാല്യകാലത്തു തന്നെ സിനിമ പലായനമായും അസ്തിത്വമായും യാഥാര്‍ത്ഥ്യത്തിന്റെ (നേര്‍/വിപരീത) പ്രതിഫലനമായും ത്രൂഫോയെ ചൂഴ്ന്നു നിന്നിരുന്നു. പതിനഞ്ചാം വയസ്സില്‍ ഫിലിം ക്ളബ്ബ് ആരംഭിച്ച അദ്ദേഹവും വിഖ്യാത ചലച്ചിത്ര സൈദ്ധാന്തികന്‍ ആന്ദ്രേ ബാസിനുമായുള്ള സൌഹൃദം അക്കാലത്താരംഭിച്ചു. കഹേദു സിനിമയില്‍ നിരൂപണങ്ങളെഴുതി ത്രൂഫോ സിനിമയില്‍ കൂടുതല്‍ സജീവമായി ഇടപെട്ടു. ത്രൂഫോയുടെ ഫ്രഞ്ച് സിനിമയിലെ ചില പ്രത്യേക പ്രവണതകള്‍ (A Certain Tendency of the French Cinema) എന്ന ലേഖനം നിലനില്‍ക്കുന്ന ചലച്ചിത്രാഖ്യാനരീതിയെ രൂക്ഷമായി വിമര്‍ശിച്ചു. ഈ ലേഖനം ചലച്ചിത്ര വിമര്‍ശനത്തിന്റെയും ഭാവുകത്വപരിണാമത്തിന്റെയും ചരിത്രത്തിലെ നാഴികക്കല്ലായി പരിഗണിക്കപ്പെടുന്നു. സ്വന്തം വ്യക്തിത്വം തങ്ങളുടെ സിനിമകളിലൂടെ പ്രകടിപ്പിക്കാന്‍ സാധിക്കാത്ത സംവിധായകരെ ത്രൂഫോ ഈ ലേഖനത്തിലൂടെ കടന്നാക്രമിച്ചു. 'സുരക്ഷിതമായ' സാഹിത്യകൃതികളെ സ്റ്റുഡിയോക്കുള്ളില്‍ സെറ്റിട്ട് പഴഞ്ചന്‍ സമ്പ്രദായത്തില്‍ തികച്ചും ഭാവനാശൂന്യമായി ചലച്ചിത്രവത്ക്കരിക്കുന്ന നടപ്പുരീതികളെ ത്രൂഫോ അതിനിശിതമായ ഭാഷയില്‍ തള്ളിപ്പറഞ്ഞു. ഈ ലേഖനം ഉണ്ടാക്കിയേക്കാവുന്ന എതിര്‍പ്പിനെ ഭയന്ന്, ആന്ദ്രേ ബാസിന്‍ അതിന്റെ പ്രസിദ്ധീകരണം ഒരു വര്‍ഷത്തോളം താമസിപ്പിച്ചു. എറിക് റോമര്‍, ഴാങ് ലുക് ഗൊദാര്‍ദ്, ക്ളോദ് ഷാബ്രോള്‍, ഴാക് റിവെ എന്നീ 'ചെറുപ്പ'ക്കാരും നിരൂപകരായി കഹേദു സിനിമയില്‍ അണിനിരന്നു. ഗൊദാര്‍ദ് എഴുതിയ ബെര്‍ഗ്മനോരമ(ബെര്‍ഗ്മാന്റെ സിനിമയെ ഓഥിയര്‍ സിദ്ധാന്തമനുസരിച്ച് വ്യാഖ്യാനിക്കുന്നത്), A Time to Love and A Time to Die എന്ന സിനിമയെ സംബന്ധിച്ച ലേഖനം എന്നിവ ബാസിന്റെ രീതികളില്‍ നിന്നുള്ള പ്രകടമായ മാറ്റങ്ങളായിരുന്നു.

ജംപ് കട്ട്, കൈയില്‍ കൊണ്ടുനടക്കുന്ന ക്യാമറ കൊണ്ടുള്ള ചിത്രീകരണം, സ്വാഭാവികമെന്നു തോന്നിപ്പിക്കാത്ത എഡിറ്റിംഗ്, തുടര്‍ച്ച നഷ്ടപ്പെടുത്തുന്ന തരത്തിലും അയുക്തികമെന്നു തോന്നിപ്പിക്കുന്ന തരത്തിലും സീനുകളെ മാറ്റിമറിക്കല്‍, ലൊക്കേഷനില്‍ തന്നെയുള്ള ചിത്രീകരണം, അകൃത്രിമ ലൈറ്റിംഗ്, തത്ക്ഷണം സൃഷ്ടിക്കുന്നതെന്നു കരുതാവുന്ന വിധത്തിലുള്ള സംഭാഷണങ്ങളും ഇതിവൃത്തങ്ങളും, നീണ്ട ടേക്കുകള്‍, പ്രത്യക്ഷത്തില്‍ ദൃശ്യാഖ്യാനവുമായി വേറിട്ടു നില്‍ക്കുന്നത് എന്നു തോന്നിപ്പിക്കുന്ന ശബ്ദപഥവും പശ്ചാത്തലസംഗീതവും എന്നിങ്ങനെ അതിനു മുമ്പ് സിനിമാക്കാര്‍ സ്വീകരിക്കാന്‍ ഭയപ്പെട്ടിരുന്ന പല രീതികളും പ്രയോഗത്തില്‍ വരുത്തിക്കൊണ്ടുള്ള സാഹസികമായ സിനിമകള്‍ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിലൂടെയാണ് ഫ്രഞ്ച് നവതരംഗ പ്രസ്ഥാനം ചരിത്രത്തില്‍ ചലനാത്മകമായ ഇടം നേടിയെടുത്തത്. സിനിമയുടെ ആഖ്യാന ഭാഷയും പരിചരണരീതിയും ഇതിനെ തുടര്‍ന്ന് മാറി മറിഞ്ഞു. പില്‍ക്കാലത്ത് ലോകമെമ്പാടുമുള്ള മുഖ്യധാരാ സിനിമകളിലും പരസ്യ സിനിമകളിലും സംഗീത വീഡിയോകളിലും ഈ രീതികള്‍ ആയിരം തവണ ആവര്‍ത്തിക്കപ്പെട്ടതോടെ അവയുടെ നൂതനത്വം നഷ്ടമായെങ്കിലും അക്കാലത്ത് അവയുണ്ടാക്കിയ ഞെട്ടല്‍ അവിസ്മരണീയമായിരുന്നു.

വരേണ്യ സാഹിത്യരചനകളില്‍ പതിവുള്ള തരം ഔപചാരികവും അച്ചടി ഭാഷയിലുള്ളതുമായ സംഭാഷണങ്ങളും അമിത പ്രൌഢിയോടെ കെട്ടിയുണ്ടാക്കപ്പെട്ട സെറ്റുകളും ചേതോഹാരിത ജനിപ്പിക്കുന്ന ഛായാഗ്രഹണവും താരങ്ങളും ചേര്‍ന്ന് മോടിയോടെ പുറത്തിറക്കപ്പെടുന്ന വാണിജ്യ ചലച്ചിത്രങ്ങളുടെ ആര്‍ഭാടങ്ങളെയും അധീശത്വങ്ങളെയും, പാവപ്പെട്ടവരും ഇടത്തരക്കാരും താമസിക്കുന്ന അപ്പാര്‍ട്ടുമെന്റുകളിലും തെരുവുകളിലും വെച്ച് ചിത്രീകരിച്ച ഇന്നിന്റെയും അതുകൊണ്ടുതന്നെ നാളെയുടെയും സിനിമയുടെ പ്രതിരോധാത്മകത കൊണ്ട് ന്യൂവേവുകാര്‍ വെല്ലുവിളിച്ചു.

ഫ്രഞ്ച് ന്യൂവേവിലെ ആദ്യ സിനിമ ഏതാണെന്നതിനെ സംബന്ധിച്ച് പല തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 1956ലും 1957ലും പുറത്തു വന്ന ഴാക് റിവെയുടെ ലെ കൂപ്പ് ഡു ബെര്‍ജര്‍(Fool's Mate), ഫ്രാങ്കോ ത്രൂഫോയുടെ ലെസ് മിസ്തണ്‍സ്(The Mischief Makers) എന്നീ ഹ്രസ്വ ചിത്രങ്ങളാണ് ന്യൂവേവിന്റെ സ്വഭാവപ്രകടനങ്ങളാദ്യം പുറത്തുകൊണ്ടുവന്നതെങ്കില്‍ ക്ളോദ് ഷാബ്രോളിന്റെ ലെ ബ്യൂ സെര്‍ജെ (Bitter Reunion or Handsome Serge/1958) ആണ് ഫീച്ചര്‍ സിനിമയായി പുറത്തുവന്ന ആദ്യ ന്യൂവേവ് ചിത്രം. ചലച്ചിത്രസംവിധാനത്തെ സംബന്ധിച്ച യാതൊരു മുന്‍ പരിചയവുമില്ലാതെ ഒരു ഗ്രാമത്തില്‍ വെച്ച് നാച്വറല്‍ ലൈറ്റില്‍ ചിത്രീകരിച്ച ലെ ബ്യൂ സെര്‍ജെക്ക് മികച്ച സിനിമയെക്കുറിച്ചുള്ള വ്യവസ്ഥാപിത ധാരണകള്‍ പിന്തുടരാത്തതിനാല്‍ കാന്‍ മേളയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. ഷാബ്രോള്‍ സ്വന്തം നിലക്ക് ചിത്രം മേളസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും നല്ല രീതിയില്‍ സ്വീകരിക്കപ്പെടുകയും ചെയ്തു. ഈ ചിത്രത്തിന്റെ പ്രദര്‍ശന വരുമാനം കൊണ്ട് അദ്ദേഹം അടുത്ത സിനിമയായ Les Cousins (The Cousins/1959) നിര്‍മിച്ചു.

എന്നാല്‍ യഥാര്‍ത്ഥ 'തരംഗം' പൊട്ടിപ്പുറപ്പെട്ടത് 1959ലായിരുന്നു. ലോകത്തെ ഞെട്ടിച്ച ത്രൂഫോയുടെ ദ 400 ബ്ളോസ് (the 400 blows) എന്ന ഗതിനിര്‍ണായക ചിത്രം പുറത്തുവന്നതോടെ ലോകം മുഴുവനും ഈ മാറ്റങ്ങളെ അത്ഭുതത്തോടെ നോക്കിക്കണ്ടു. റോസല്ലിനിയുടെ ഇന്ത്യ, അലന്‍ റെനെയുടെ ഹിരോഷിമ മോണ്‍ അമര്‍ എന്നീ ചിത്രങ്ങളോടൊപ്പമാണ് 1959 മെയ് 4ന് കാന്‍ മേളയില്‍ ദ 400 ബ്ളോസ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ആന്ദ്രേ ബാസിന്റെ സ്മരണക്കു മുമ്പിലാണ് ദ 400 ബ്ളോസ് സമര്‍പ്പിച്ചത്. ആദ്യ പ്രദര്‍ശനത്തിനു മുമ്പു തന്നെ പക്ഷേ ആന്ദ്രേ ബാസിന്‍ മരണമടഞ്ഞു. ബാസിനും ത്രൂഫോയും തമ്മിലുള്ള അഗാധമായ വ്യക്തിബന്ധം ദ 400 ബ്ളോസിലെ മുഖ്യ കഥാപാത്രമായ അന്റോയിനും റെനെയും തമ്മിലുള്ള സൌഹൃദത്തിലൂടെ ശാശ്വതവത്ക്കരിക്കപ്പെട്ടു. ദുര്‍ഗുണപരിഹാര പാഠശാലയിലടക്കപ്പെട്ട അന്റോയിനെ കാണാനുള്ള റെനെയുടെ പരിശ്രമങ്ങള്‍ വിഫലമാകുന്നത് തടവിനകത്തുള്ള അന്റോയിന്റെ വീക്ഷണകോണിലൂടെയാണ് ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത്. ദ 400 ബ്ളോസ് സമാപിക്കുന്നത് ഫ്രീസ് ചെയ്യപ്പെട്ട ഒരു ഇമേജോടു കൂടിയാണ്. ദുര്‍ഗുണപരിഹാര പാഠശാലയിലെ മതില്‍ക്കകത്ത് ഫുട്ബാള്‍ കളിക്കുന്നതിനിടെ പന്ത് ഒരു വശത്തേക്ക് ഉപേക്ഷിച്ച് അന്റോയിന്‍ തടവു ചാടുന്നു. പുറകെ ഓടി വരുന്ന പോലീസുകാരെ അതിവേഗത്തിലോടി തോല്‍പിച്ച് കടപ്പുറത്തെത്തുകയാണവന്‍. അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹമായിരുന്നു കടല്‍ കാണുക എന്നത്. അവനെ അത്തരമൊരു തടവറയിലടക്കും എന്നുറപ്പായപ്പോള്‍ അവന്റെ അമ്മ ഒരേയൊരാവശ്യമേ ഉന്നയിച്ചിട്ടുണ്ടായിരുന്നുള്ളൂ. കടലോരത്തുള്ള ഒരു തടവറയിലാണ് ആ ജയില്‍ വാസം എങ്കില്‍ ആശ്വാസകരമാവും എന്നാണവര്‍ അധികാരികളോട് അഭ്യര്‍ത്ഥന രൂപത്തില്‍ അഭിപ്രായപ്പെടുന്നത്. കരയില്‍ നിന്ന് കടലിലേക്ക് ഓടി പോകുന്ന അന്റോയിന്‍ ഒരു നിമിഷം തിരിഞ്ഞ് പ്രേക്ഷകര്‍ക്കഭിമുഖമായി നില്‍ക്കുന്ന ദൃശ്യത്തെ മരവിപ്പിച്ചുകൊണ്ടാണ് ദ 400 ബ്ളോസ് അവസാനിക്കുന്നത്. ഈ മരവിപ്പിച്ച (ഫ്രീസ്ഡ്) ദൃശ്യം, സിനിമയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ ഒരു സമാപനദൃശ്യമായി വിലയിരുത്തപ്പെട്ടു.

ലോകസിനിമയിലെക്കാലത്തെയും മികച്ച സൃഷ്ടികളിലൊന്നായി വിലയിരുത്തപ്പെടുന്ന ജൂള്‍സ് ആന്റ് ജിം(1961) ന്യൂസ് റീല്‍ ഫൂട്ടേജുകള്‍, നിശ്ചല ഫോട്ടോകള്‍, മരവിപ്പിച്ച ഫ്രെയിമുകള്‍, പാനിംഗ് ഷോട്ടുകള്‍, വൈപ്പ്സ്, മാസ്ക്കിംഗ്, ഡോളി ഷോട്ട്സ്, പശ്ചാത്തലത്തില്‍ നിന്നുള്ള വിവരണം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ധാരാളമായി ഉപയോഗിച്ചുകൊണ്ട് സിനിമയുടെ ഭാഷയെ മാറ്റിമറിച്ചു. സുഹൃത്തുക്കളായ ജൂള്‍സിനെയും ജിമ്മിനെയും ഒരേ സമയം പ്രണയിക്കുന്ന കാതറിനെ അവതരിപ്പിച്ചത് പ്രസിദ്ധ ഫ്രഞ്ച് നടിയായിരുന്ന ഴാങ് മോറെയായിരുന്നു. സ്വാഭാവികത പ്രകടിപ്പിക്കുന്നവളായിരിക്കെതന്നെ അതീവമനോഹരിയായും; ലൈംഗികവശീകരണത്വരയോടെയായിരിക്കെ തന്നെ ബുദ്ധിമതിയായും; ന്യൂവേവിന്റെ സ്ത്രീസങ്കല്‍പത്തെ മോറെ ശാശ്വതവത്ക്കരിച്ചു എന്നു നിരൂപകര്‍ വാഴ്ത്തുകയുണ്ടായി. ഫാരന്‍ഹീറ്റ് 451, സ്റ്റോളന്‍ കിസ്സസ്, ബെഡ് ആന്റ് ബോര്‍ഡ്, ടു ഇംഗ്ളീഷ് ഗേള്‍സ്, ഡേ ഫോര്‍ നൈറ്റ്, ലാസ്റ്റ് മെട്രോ എന്നിവയാണ് ത്രൂഫോയുടെ മറ്റു പ്രസിദ്ധ സിനിമകള്‍. ഗൊദാര്‍ദിന്റെ പ്രസിദ്ധമായ ബ്രെത്ത്ലെസ്സിന്റെ തിരക്കഥ രചിച്ചത് ത്രൂഫോയാണ്.

ഭൂതം, വര്‍ത്തമാനം, ഭാവി, - മുഴുവന്‍ കാലത്തിന്റെയും പീഡാവസ്ഥകളെയാണ് അലന്‍ റെനെയുടെ ഹിരോഷിമ മോണ്‍ അമര്‍ അഭിമുഖീകരിക്കുന്നത്. 1959ലെ കാന്‍ മേളയില്‍ ഈ സിനിമ പ്രത്യേക പരാമര്‍ശം കരസ്ഥമാക്കിയെങ്കിലും അമേരിക്കന്‍ താല്‍പര്യങ്ങളെ അലോസരപ്പെടുത്തേണ്ടെന്നു കരുതി, മേളയുടെ ഔദ്യോഗിക സെലക്ഷനില്‍ നിന്ന് ഒഴിച്ചു നിര്‍ത്തുകയാണുണ്ടായത്. ദുരന്തം വിനോദസഞ്ചാരമായിത്തീരുന്ന പില്‍ക്കാല പരിണതിയുടെ പശ്ചാത്തലത്തിലാണ് സിനിമയിലെ പ്രണയവും ഓര്‍മകളും മറവികളും പുന:സമാഗമങ്ങളും വിടപറയലുകളും നടക്കുന്നത്. സിനിമയിലെ ആദ്യ ഇരുപത് മിനുറ്റുകള്‍ ന്യൂസ്റീലുകളും കല്‍പിതഭാവനയും ഇടകലര്‍ന്ന രീതിയിലാണുള്ളത്. ശബ്ദപഥവും ദൃശ്യതലവും തമ്മിലുള്ള അത്യപൂര്‍വമായ പാരസ്പര്യം സങ്കീര്‍ണവും ദുരൂഹവുമായി അനുഭവപ്പെടാനുമിടയുണ്ട്. അലന്‍ റെനെയുടെ പില്‍ക്കാല ക്ളാസിക്കായ ലാസ്റ്റ് ഇയര്‍ അറ്റ് മരിയന്‍ബാദി(1961)ലും സംഭാഷണം, ഫ്ളാഷ്ബാക്കുകള്‍ എന്നിവ സവിശേഷമായി ഇടകലര്‍ത്തിയിരിക്കുന്നതു കാണാം. ശബ്ദസിനിമയിലെ ആദ്യത്തെ ആധുനികസൃഷ്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിരോഷിമാ മോണ്‍ അമര്‍ സങ്കല്‍പനത്തിലും നിര്‍വഹണത്തിലും ഒരേ പോലെ നൂതനത്വം പുലര്‍ത്തി. ചിത്രീകരണ ഘടന, എഡിറ്റിംഗിന്റെ താളം, സംഭാഷണങ്ങളിലെ കാവ്യാത്മകതയും രാഷ്ട്രീയവും ദാര്‍ശനികവുമായ അന്തരാര്‍ത്ഥങ്ങളും, അഭിനയത്തിന്റെയും അവതരണത്തിന്റെയും ശൈലി, നിര്‍മാണകാലഘട്ടത്തോട് നൈതികമായ സത്യസന്ധത കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ കാലാതീതമായി വികസിക്കാനുള്ള സര്‍ഗാത്മകപ്രേരണ, സംഗീതത്തിന്റെ സാന്ദ്രമായ പശ്ചാത്തലം എന്നിങ്ങനെ ഈ സിനിമ വിസ്മയകരമായ സൃഷ്ടിപ്രക്രിയയുടെയും ആസ്വാദനത്തിന്റെയും ഏകോപനമായി തിരിച്ചറിയപ്പെട്ടു. നിര്‍മാതാവായ അനത്തോള്‍ ദോമാന്‍ (ആര്‍ഗോസ് ഫിലിംസ്) കാലഗണന തെറ്റിക്കലും സമയക്രമത്തെ തലതിരിച്ചിടലും താന്‍ മുമ്പു തന്നെ സിറ്റിസണ്‍ കാനില്‍ കണ്ടിരിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ റെനെ പറഞ്ഞ മറുപടി, 'ശരിയാണ്, പക്ഷെ എന്റെ സിനിമയില്‍ സമയത്തെ വെട്ടിമുറിച്ച് കഷണങ്ങളാക്കി വലിച്ചെറിഞ്ഞിരിക്കുകയാണെ'ന്നാണ്.

ന്യൂവേവിന്റെ കാലികവും സങ്കീര്‍ണവും തീക്ഷ്ണവുമായ രാഷ്ട്രീയം വെളിപ്പെടുത്തിയത് പക്ഷെ ഗൊദാര്‍ദായിരുന്നു. അതുകൊണ്ടാണ് പരസ്പരവിരുദ്ധമെന്നു തോന്നിപ്പിക്കുന്ന പല നിലപാടുകളെടുത്ത ആളായിട്ടും പില്‍ക്കാലത്ത് ഏറ്റവുമധികം ഓര്‍മ്മിക്കപ്പെടുകയും അന്വേഷിക്കപ്പെടുകയും ചെയ്ത ചലച്ചിത്രകാരനായി ഗൊദാര്‍ദ് മാറിത്തീര്‍ന്നത്. വിഗ്രഹങ്ങളെ തട്ടിയുടച്ച അദ്ദേഹം തന്നെ ഒരു വിഗ്രഹമായിത്തീര്‍ന്നു എന്നും പറയാം. തന്റെ ആദ്യ ചിത്രം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഒരു ദശകത്തോളം കാലം താന്‍ തന്റെ തലക്കകത്ത് സിനിമ നിര്‍മ്മിച്ചു കൊണ്ടേയിരിക്കുകയായിരുന്നു എന്നാണദ്ദേഹം പറഞ്ഞത്. ഗൊദാര്‍ദിന്റെ സിനിമകളും സിനിമാസങ്കല്‍പങ്ങളും സിനിമ എന്ന കലാരൂപത്തെ രണ്ടാമത് കണ്ടെടുത്തു (reinvented) എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചറായ ബ്രെത്ത് ലസ്സ്(1960) ഹോളിവുഡ് സിനിമ രൂപീകരിച്ചുവെച്ച ആഖ്യാനത്തിന്റെ എല്ലാ അടിസ്ഥാന നിയമങ്ങളെയും തകിടം മറിച്ചു. ജംപ് കട്ടുകളും കൈയില്‍ വെച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറയിലൂടെയുള്ള ചിത്രീകരണവും ആധുനിക നഗരജീവിതത്തിന്റെ വ്യത്യസ്തമായ അവതരണവും അക്കാലത്ത് നൂതനമായ അനുഭവമായി തീര്‍ന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, നാല്‍പതു കൊല്ലം കൊണ്ടു കെട്ടിപ്പടുത്ത നിയമസംഹിതകളെ ഒറ്റയടിക്ക് ഗൊദാര്‍ദ് തകര്‍ത്തു തരിപ്പണമാക്കി. നിരവധി സിനിമകളുടെ സൂചനകള്‍ പോസ്റ്ററുകളായും പ്രദര്‍ശനങ്ങളായും സിനിമയില്‍ മിന്നിമറയുന്നുണ്ട്. മിഷേലിനെ അവതരിപ്പിച്ച ഴാങ് പോള്‍ ബെല്‍മോണ്ടോ പിന്നീട് ലോകസിനിമയിലെ തന്നെ അതുല്യ നടനായി വളര്‍ന്നു. അതായത്, ഭൂതത്തിലും ഭാവിയിലും അപരത്തിലും പ്രതിരോധത്തിലും സിനിമയും സിനിമാരാഹിത്യവുമായി പരിണമിക്കുന്ന വിസ്മയകരമായ ഒരു ചരിത്രസാന്നിദ്ധ്യമാണ് ബ്രെത്ത്ലസ്സ്. അക്കാലത്ത് പാരീസിലെ സ്റ്റുഡിയോകളില്‍ നിന്നിറങ്ങിയിരുന്ന വരേണ്യവും ഘടനാപരമായി തികവുറ്റതുമായ പോലീസ് കഥകളുടെ യുക്തിഭദ്രതക്കു പകരം അമേരിക്കന്‍ ഗാങ്ങ്സറ്റര്‍ സിനിമയുടെ കുട്ടിത്തത്തോടാണ് ഈ ചിത്രത്തിന് ചായ്‌വ്. എന്നാലത്, നേരിട്ടുള്ള ബന്ധമല്ല, മറിച്ച് ഒരു പാരഡിയെന്ന നിലക്കുള്ളതാണു താനും.

'അഛന്മാരുടെ സിനിമകളുടെ' (ഡാഡ്സ് സിനിമ) ഒരു നിഷേധമായിരുന്നു ബ്രെത്ത്ലസ്സ് എന്ന് ഗൊദാര്‍ദ് പറയുന്നുണ്ട്. ഏതു സീക്വന്‍സും അതിന്റെ യുക്തിഭദ്രമായ പൂര്‍ണതയിലെത്തുന്നതിനു മുമ്പ് ഗൊദാര്‍ദ് വെട്ടിമുറിച്ചു. സംഭാഷണങ്ങള്‍ പോലും പലപ്പോഴും പകുതിക്കുവെച്ച് മുറിഞ്ഞുപോകുന്നു. ക്യാമറയെക്കാളുപരി കത്രികയാണ് അദ്ദേഹം പ്രയോഗിച്ചത് എന്ന് പകുതി പരിഹാസമായും പകുതി പ്രശംസയായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കൌതുകകരമായ കാര്യമെന്താണെന്നു വെച്ചാല്‍, ഇപ്രകാരം വെട്ടിമുറിക്കുന്നത്, ചലച്ചിത്രാഖ്യാനത്തിന്റെ ദൃശ്യലാവണ്യത്തെ കൂടുതല്‍ സന്ദിഗ്ദ്ധവും ചേതോഹരവുമാക്കിത്തീര്‍ത്തു എന്നതാണ്. അതുകൊണ്ടു തന്നെ പിന്നീട് എക്കാലത്തുമുള്ള എല്ലാ തരം സിനിമകളിലും അപ്രകാരം സീക്വന്‍സുകള്‍ തോന്നുമ്പോള്‍ തോന്നുമ്പോലെ അവസാനിക്കുന്ന രീതികള്‍ വ്യാപകമായി. ഒരു നിയമം ലംഘിക്കപ്പെടുമ്പോള്‍ മറ്റൊന്ന് പിറക്കുന്നു എന്നതാണ് കലയുടെ തുടര്‍ച്ച എന്ന സാമാന്യതയാണ് ഇതിലൂടെ സാര്‍ത്ഥകമായത്.

ഉത്തരാധുനികതയുടെ കാലത്ത് ചര്‍ച്ചാവിഷയമായിത്തീര്‍ന്ന പല കാര്യങ്ങളും ബ്രെത്ത്ലസ്സിന്റെ സവിശേഷതകളായിരുന്നു എന്ന കാര്യം പിന്നീട് തിരിച്ചറിയപ്പെട്ടു. ആഗോളഗ്രാമം എന്ന മാര്‍ഷന്‍ മക്ലൂഹന്റെ പരികല്‍പനയും സാംസ്ക്കാരികമായി നിര്‍മിക്കപ്പെട്ട സൂചനകള്‍ക്ക് സമൂഹത്തിനു മേല്‍ ലഭിക്കുന്ന മേധാവിത്തത്തെക്കുറിച്ചുള്ള റൊളാങ് ബാര്‍ത്തിന്റെ കണ്ടെത്തലുകളും ഈ ചിത്രത്തില്‍ തെളിഞ്ഞുകിടക്കുന്നുണ്ട്. അസ്തിത്വവാദവും മാര്‍ക്സിയന്‍ തത്വശാസ്ത്രവും അദ്ദേഹത്തിന്റെ ദിശാബോധത്തെ മികവുറ്റതാക്കിയത് പില്‍ക്കാല ചിത്രങ്ങളില്‍ പ്രകടമാണ്. ബ്രെഹ്റ്റ്, ഫ്രോയിഡ്, വിയറ്റ്നാം, വിപ്ളവം എന്നിങ്ങനെ ലോകത്തെ മാറ്റിമറിച്ച എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ സിനിമകളില്‍ തലങ്ങും വിലങ്ങും കടന്നു വന്നു.

ചലച്ചിത്രകലയുടെ സാമ്പ്രദായിക രീതിയില്‍ നിന്ന് എത്ര കണ്ട് അകലാമോ അത്ര കണ്ട് അകന്നു കൊണ്ടുള്ള ഒരു അവതരണമാണ് ഗൊദാര്‍ദ് ആല്‍ഫാവില്ലെ(1965)യില്‍ സ്വീകരിക്കുന്നത്. സയന്‍സ് ഫിക്ഷനും പൈങ്കിളി നോവലുകളിലെ കഥാപാത്രങ്ങളും സര്‍റിയലിസ്റ്റ് കവിതയും കൂട്ടിക്കലര്‍ത്തിയ ആല്‍ഫാവില്ലെയില്‍, സമഗ്രാധിപത്യത്തിനായി നിര്‍മ്മിക്കപ്പെട്ട ആല്‍ഫ 60 എന്ന കമ്പ്യൂട്ടറിനെ തകര്‍ക്കുക എന്നതാണ് മുഖ്യ കഥാപാത്രത്തിന്റെ ലക്ഷ്യം. കമ്പ്യൂട്ടര്‍ ജനാധിപത്യവിരുദ്ധമായ ഒരു സങ്കേതമായതിനാല്‍ താന്‍ അത് ഉപയോഗിക്കുന്ന പ്രശ്നമേ ഇല്ല എന്ന് എണ്‍പതുകളിലും ഗൊദാര്‍ദ് ആവര്‍ത്തിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. സിനിമക്കകത്തെ നാലാമത്തെ മതില്‍ പൊളിച്ചുകൊണ്ട് ക്യാമറക്കു നേരെ നോക്കി സംസാരിക്കുന്ന കഥാപാത്രങ്ങളാണ് മറ്റു പല ഗൊദാര്‍ദ് സിനിമകളിലുമെന്നതു പോലെ പിയറോ ലെ ഫോ(1965)വിലുമുള്ളത്.

അധീശത്വരൂപമായ ജനപ്രിയ സാംസ്ക്കാരിക രൂപങ്ങളില്‍ നിന്ന് പല സ്വഭാവവിശേഷങ്ങളും ഗൊദാര്‍ദ് ഈ സിനിമയില്‍ പാരഡി ചെയ്യുന്നുണ്ട്. കല്‍പിത കഥകളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെയും പരദൂഷണങ്ങളില്‍ നിന്ന് സുപ്രധാന വിഷയങ്ങളെയും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കാത്ത ഉത്തരാധുനിക വ്യക്തിയെ ആഖ്യാതാവ്, കഥാപാത്രം, കാണി എന്നീ കര്‍തൃത്വങ്ങളിലേക്ക് വിതരണം ചെയ്യുന്ന പ്രക്രിയയാണ് ഗൊദാര്‍ദ് പിയറോ ലെ ഫോവില്‍ പരീക്ഷിക്കുന്നത്.

ലോകചരിത്രം, സിനിമയുടെ പാരമ്പര്യം, സൌന്ദര്യാരാധനകള്‍, സ്നേഹം അസാധ്യമാക്കുന്ന കുടുംബഘടനയും ബന്ധനിര്‍മിതികളും, കൊലയെ മഹത്വവല്‍ക്കരിച്ചെടുക്കാന്‍ വേണ്ടി കെട്ടിയുണ്ടാക്കുന്ന നീതിസാരങ്ങള്‍, ബൂര്‍ഷ്വാ ജീവിതദര്‍ശനത്തിന്റെ യാന്ത്രികവും ഉപരിപ്ളവവുമായ ആദര്‍ശപരത, നരഭോജനത്തിന്റെയും വംശീയവൈരത്തിന്റെയും മതിലുകള്‍ മാഞ്ഞില്ലാതാകുന്നത്, അന്ധമായ കമ്യൂണിസ്റ് വിരോധത്തില്‍ കെട്ടിയുറപ്പിക്കപ്പെട്ട സാമ്രാജ്യവാദങ്ങള്‍, യുദ്ധങ്ങളും അധിനിവേശങ്ങളും, അപകടങ്ങള്‍, എന്നിവയുടെ ഓര്‍മകളും ചരിത്രങ്ങളും അഭിമുഖീകരണങ്ങളും ആത്മസാല്‍ക്കരിച്ച സമൂഹത്തിന്റെ മനസ്സാക്ഷിക്ക് ഗൊദാര്‍ദിന്റെ വീക്കെന്‍ഡ്(1967) പല ആവര്‍ത്തി സുതാര്യമായി വായിച്ചെടുക്കാനാവും. അതായത് വീക്കെന്‍ഡ് കാണുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതു തന്നെ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സാമൂഹികനാവാനുള്ള മാര്‍ഗമാണെന്നര്‍ത്ഥം. എന്നാണ് നാഗരികത ആരംഭിച്ചത് എന്നും ഇപ്പോഴുള്ളത് ഏതുതരം നാഗരികതയാണ് എന്നുമുള്ള ആത്യന്തികമായ ദാര്‍ശനികപ്രശ്നം തന്നെയാണ് ഗൊദാര്‍ദ് ഉന്നയിക്കുന്നത്. ഗൊദാര്‍ദിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍: എ വുമണ്‍ ഈസ് എ വുമണ്‍ (1961), വിവറാസീവി (1962), ആല്‍ഫാവില്ലെ (1965), മസ്കുലിന്‍ ഫെമിനിന്‍ (1966).

എറിക് റോമര്‍, ഴാക് ദെമി, ലൂയി മാള്‍, അധികാര രൂപങ്ങളെ വെല്ലുവിളിച്ച ന്യൂവേവ് പുരുഷാധികാരത്തിന്റെ മറ്റൊരു രൂപമായി മാറിയപ്പോള്‍ അതിനെ വെല്ലുവിളിച്ച ഏക വനിത ആഗ്നേ വാര്‍ദ എന്നിവരാണ് നവതരംഗ പ്രസ്ഥാനത്തിലെ മറ്റു പ്രസിദ്ധ സംവിധായകര്‍. 1968ലെ വിദ്യാര്‍ത്ഥി കലാപത്തെ തുടര്‍ന്ന് ന്യൂവേവിന്റെ അഭയകേന്ദ്രങ്ങളിലൊന്നായിരുന്ന സിനിമാത്തെക്ക് ഫ്രാങ്കെയ്സ് എന്ന കൊച്ചു സിനിമാശാലയുടെ തലപ്പത്തു നിന്ന് ഹെന്റി ലാംഗ്ളോയിസിനെ സര്‍ക്കാര്‍ നീക്കം ചെയ്തു.
ഈ പ്രവൃത്തിക്കെതിരെ കനത്ത എതിര്‍പ്പാണ് രൂപപ്പെട്ടത്. രാഷ്ട്രീയസമീപനം, ആഖ്യാനസമ്പ്രദായം എന്നീ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടായിരിക്കെ തന്നെ ന്യൂവേവിലെ സംവിധായകര്‍ ഈ പ്രതിഷേധത്തിനു വേണ്ടി ഐക്യപ്പെട്ടു. ലൂയി മാളും റൊമാന്‍ പൊളാന്‍സ്കിയും കാന്‍ മേളയുടെ ജൂറിയില്‍ നിന്ന് രാജി വെച്ചു. ത്രൂഫോയും ഗൊദാര്‍ദും പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെ തിരശ്ശീലക്കു മുമ്പില്‍ പ്രതിഷേധവുമായി പ്രത്യക്ഷപ്പെടുകയും പ്രദര്‍ശനം തടസ്സപ്പെടുത്തുകയും ചെയ്തു. ഹിച്ച്കോക്കും ഫെല്ലിനിയും കുറോസാവയും വിദേശത്തു നിന്ന് പിന്തുണ അറിയിച്ചു. സര്‍ക്കാരിന് തീരുമാനം തിരുത്തി ലാംഗ്ളോയിസിനെ തിരിച്ചെടുക്കേണ്ടിവന്നു. രണ്ടാമതായി രൂപപ്പെട്ട ഈ പ്രത്യക്ഷ ഐക്യത്തിനു ശേഷം; നേരത്തെ ന്യൂവേവ് എന്ന ഒന്ന് നിലനില്‍ക്കുന്നില്ലെന്നും അത് ഒന്നും അര്‍ത്ഥമാക്കുന്നില്ലെന്നും പറഞ്ഞിരുന്ന ത്രൂഫോ, ഞങ്ങള്‍ ന്യൂവേവിന്റെ ഭാഗമാണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നു എന്നു പ്രസ്താവിക്കുകയുണ്ടായി. നാസി അധിനിവേശത്തിന്റെ കാലത്ത് ജൂതനാണ് എന്നു പറയുന്നതു പോലെ അഭിമാനകരമായിരുന്നു അത് എന്നദ്ദേഹം തന്റെ നിരീക്ഷണത്തെ കൂടുതല്‍ രാഷ്ട്രീയവത്ക്കരിക്കുകയുമുണ്ടായി.

ഫ്രഞ്ച് ന്യൂവേവ് അറുപതുകളിലും അതിനു ശേഷവും നിലക്കാത്ത സ്വാധീനമായി ലോകത്തെ പ്രചോദിപ്പിച്ചു പോന്നു. അമേരിക്കയില്‍ അറുപതുകളിലും എഴുപതുകളിലും സജീവമായ ചലച്ചിത്രകാരന്മാരുടെ മൂവി ബ്രാറ്റ് തലമുറ; പോളണ്ട്, ചെക്കോസ്ളോവാക്യ, ഹങ്കറി, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ പുതിയ തലമുറ സംവിധായകര്‍; ബ്രസീല്‍, കാനഡ, ജപ്പാന്‍ തുടങ്ങിയ വിദൂര രാജ്യങ്ങളിലെ സമാന പ്രവണതക്കാര്‍ എന്നിങ്ങനെ നോവെല്ലെ വോഗി(ന്യൂവേവ്)ന്റെ സ്വാധീനത്തിന് ലോകം മുഴുവനും അക്കാലത്ത് വിധേയമായി. 1984ല്‍ ത്രൂഫോ അകാലത്തില്‍ നിര്യാതനായെങ്കിലും ന്യൂവേവിലെ മറ്റു പ്രമുഖ സംവിധായകരായ ഗൊദാര്‍ദ്, ഷാബ്രോള്‍, റോമര്‍, റിവെ, വാര്‍ദ, റെനെ, മാര്‍ക്കര്‍ എന്നിവര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ചലച്ചിത്രരംഗത്തു നിന്നു വിരമിച്ചിട്ടില്ല. പലപ്പോഴും അവരുടെ പുതിയ സൃഷ്ടികള്‍, പ്രേക്ഷകരെ അമ്പരപ്പിക്കുകയും ചലച്ചിത്രാഖ്യാനത്തിന്റെ അതിരുകളെ മാറ്റിപ്പണിയുകയും ചെയ്തുപോരുന്നു. ന്യൂവേവിന്റെ റിട്രോസ്പക്ടീവുകളും പുതിയതും തെളിമയാര്‍ന്നതുമായ പ്രിന്റുകളും കാണുന്ന പുതിയ തലമുറയിലെ സിനിമാസ്വാദകര്‍ പോലും ഒരു സാംസ്ക്കാരിക പരിവര്‍ത്തനത്തിലൂടെ സ്വയം കടന്നുപോകുന്ന അനുഭവം തങ്ങള്‍ക്കുണ്ടായി എന്ന് സാക്ഷ്യപ്പെടുത്താറുണ്ട്.



സന്ദര്‍ശിക്കാവുന്ന വെബ് സൈറ്റ് - newwavefilm

web site of 14th International Film Festival of Kerala ഇവിടെ

Sunday, December 6, 2009

മുസ്ളിം ഭീതിയും ലവ് ജിഹാദും - വള്ളത്തോള്‍ മുതല്‍ വെള്ളാപ്പള്ളി വരെ


ഹിന്ദു സമുദായത്തില്‍ പെട്ട സുന്ദരിമാരെ വല വീശുന്ന മുഹമ്മദീയരെക്കുറിച്ചുള്ള ഭീതി, ലവ് ജിഹാദിനെക്കുറിച്ചുള്ള കോടതിയുടെയും പോലീസിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും സമുദായ മേധാവിമാരുടെയും സംഘപരിവാര്‍ ഫാസിസ്റ്റുകളുടെയും വ്യാഖ്യാനങ്ങള്‍ പൊന്തി നില്‍ക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ല ആദ്യമായി ഉരുത്തിരിഞ്ഞു വന്നത്. ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍ എന്ന് പാടിയ മഹാനായ സ്വാതന്ത്ര്യസമര/ദേശീയ കവി വള്ളത്തോള്‍ നാരായണ മേനോന്റെ പ്രസിദ്ധ സമാഹാരമായ സാഹിത്യമഞ്ജരിയിലെ ഒരു കവിതയാണ് ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും. വില്വാദ്രിനാഥക്ഷേത്രത്തിന്റെ പേരില്‍ സുപ്രസിദ്ധമായ തിരുവില്വാമലയിലാണ് കഥ നടക്കുന്നത്. നേരം സന്ധ്യ. പ്രകൃതി വര്‍ണനയാണ് ആദ്യത്തെ കുറെയധികം ശ്ളോകങ്ങളില്‍. ഭാരതപ്പുഴയുടെ കരയിലാണ് വില്വാദ്രിനാഥന്‍ കുടികൊള്ളുന്നത്.

തിരുനിളയുടെ തീരമോടടുത്തുള്ളൊരു വിപുലോന്നതമാം പറമ്പിലൂടേ തരുണിയൊരുവള്‍ പോയിരുന്നു, താനേ പെരുകുമതിന്‍ വിജനത്വമൊട്ടകറ്റി.

തരുണിയുടെ രംഗപ്രവേശത്തെ തുടര്‍ന്ന് അവളുടെ ഉടല്‍ വിവരിക്കപ്പെടുന്നു.

തടിമരവുമിടക്കിടക്കു വള്ളിക്കുടിലുമിണങ്ങിടുമപ്പെരുമ്പറമ്പില്‍ വടിവോളവള്‍ വിളങ്ങി, വാനില്‍ നിന്നും ഝടിതി പതിച്ചൊരു കൊച്ചുതാര പോലെ. ധവളപടമുടുത്ത രീതി, കണ്ഠാദ്യവയവമണ്ഡനവൃന്ദ സമ്പ്രദായം, സുവദനശശിതന്‍ വിശേഷതേജസ്സിവയിവള്‍ നായര്‍ നതാംഗിയെന്നു ചൊല്ലി.

വസ്ത്രവും ആഭരണങ്ങളുമണിഞ്ഞതിന്റെ സവിശേഷവും ആഭിജാത്യമാര്‍ന്നതും കുലീനവുമായ രീതിസമ്പ്രദായത്തില്‍ നിന്നും മുഖതേജസ്സിന്റെ വിശേഷം കൊണ്ടും അവള്‍ ഒരു നായര്‍ സുന്ദരിയാണെന്നു തീര്‍ച്ച എന്നാണ് കവി ഉറപ്പിക്കുന്നത്. സൌന്ദര്യം, കുലീനത, ആഭിജാത്യം, ചാരിത്ര്യം, എന്നിവയുടെയെല്ലാം പര്യായമായി നായര്‍ ജാതി സ്ത്രീത്വം ഇതിലൂടെ ഉറപ്പിക്കപ്പെടുന്നു. ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍ എന്ന് നായര്‍ തന്നെയായ ഇടശ്ശേരി വിലപിക്കുന്നത് പിന്നീടുമെത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം.

നായര്‍ സുന്ദരിയാണെന്നുറച്ചതോടെ അവളുടെ അംഗപ്രത്യംഗ വര്‍ണനം തന്റെ പുരുഷാധികാരത്തിന്റെയും പുരുഷക്കാഴ്ചയുടെയും പുരുഷവ്യാഖ്യാനത്തിന്റെയും അവകാശവും ഉത്തരവാദിത്തവുമാണെന്ന നിലക്കുള്ള വിവരണങ്ങളാണ് തുടര്‍ന്നുള്ള വരികളില്‍. തലമുടിയുടെ വര്‍ണനയും അതിന്റെ തുമ്പ് നിതംഗത്തില്‍ തട്ടി വിലസുന്നതും വിവരിക്കുമ്പോള്‍ രൂപകവും ഉപമയും ഉത്പ്രേക്ഷയും കൂടി തിളങ്ങുന്നതുകൊണ്ട് മലയാള ഭാഷാ വ്യാകരണം വളര്‍ന്നു പന്തലിക്കുകയും അധ്യാപകര്‍ തൊഴിലുള്ളവരായി തുടരുകയും ചെയ്തു. മലരഴകില്‍ നിറച്ചൊരോട്ടുപാത്രം വിലസി, വിലാസിനി തന്നിടങ്കരത്തില്‍; അലസതനു പൊതിച്ച രണ്ടിളനീര്‍ വലതു കരത്തിലുമുദ്വഹിച്ചിരുന്നു എന്ന വരികളില്‍ നിന്നായിരിക്കണം വിപ്ളവകവി കൂടിയായിരുന്ന വയലാര്‍ രാമവര്‍മ്മക്ക് പില്‍ക്കാലത്ത് തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി......തിരുവില്വാമലയില്‍ നേദിച്ചുകൊണ്ടു വരും ഇളനീര്‍ക്കുടമിന്നുടക്കും ഞാന്‍ എന്ന സിനിമാപ്പാട്ടെഴുതാന്‍ പ്രചോദനം ലഭിച്ചത്.

ഭവനത്തില്‍ നിന്നു പുറപ്പെടാന്‍ അല്‍പം വൈകിയതിനാല്‍, സഖികളെല്ലാം മുമ്പേ പോയിരുന്നു; അവള്‍ വഴിയില്‍ തനിച്ചായിപ്പോയി. ഒറ്റക്ക് അവള്‍ വലിഞ്ഞു നടക്കുന്നതിനെക്കുറിച്ച് കവി ഇപ്രകാരം വിവരിക്കുന്നു.

ചുമലണിവസനത്തിനുള്ളില്‍ വിങ്ങും സുമഹിതവാര്‍മുലയും, നിതംബവായ്പും ശ്രമമൊടനുവദിച്ച വേഗമാര്‍ന്നക്കമനി നടന്നു കരള്‍ക്കൊരിണ്ടലോടെ.

വിവരണത്തിലെ ശൃംഗാരവും രത്യാലോചനയും അവസാനിക്കുന്നു. അതാ കഥയിലെ വില്ലന്‍ കടന്നു വരുന്നു. ഉടനടിയവള്‍ തന്റെ മുന്നിലെത്തീ, സ്ഫുടതരരാക്ഷസരൂക്ഷരൂപനേകന്‍. പെട്ടെന്നുള്ള ഈ കാഴ്ചയില്‍ അവള്‍ ചകിതയായി നാലഞ്ചടി പിന്നോട്ടു മാറി. ആ കരാളമുഖനെ കവി വിവരിക്കുന്നതിപ്രകാരം. പിരിമുറുകി വളഞ്ഞ മീശ, ചെന്തീപ്പൊരി ചിതറും മിഴി, വട്ടമൊത്ത താടി ഹരി, ഹരിയമനും നടുങ്ങുവൊന്നക്കരിമലയന്റെ കരാളമായ വക്ത്രം. ആരാണവന്‍? വെറിയനവനതാതിടത്തു തട്ടിപ്പറി തൊഴിലായ്പ്പുലരും മുഹമ്മദീയന്‍, കണ്ടിടത്തെല്ലാം തട്ടിപ്പറി തൊഴിലാക്കിയവന്‍, അവന്‍ മുഹമ്മദീയര്‍ക്കു ചേര്‍ന്ന തരത്തിലുള്ള കള്ളത്തരങ്ങളും ക്രൂരതകളും കൈമുതലായുള്ള ഒരു വെറിയന്‍, വെറുക്കപ്പെട്ടവന്‍, വെറുക്കപ്പെടേണ്ടവന്‍ തന്നെ. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പാപകര്‍മ്മങ്ങള്‍ ഇടതടവില്ലാതെ അനുഷ്ഠിച്ചുകൊണ്ടേയിരിക്കുന്ന ആ കശ്മലന്റെ പൈശാചികത അവന്റെ മുഖത്തു നിന്നു തന്നെ വായിച്ചെടുക്കാം. പോരാത്തതിനോ അരയിലൊരു കത്തിയും തിരുകിയിട്ടുണ്ടവന്‍. ഒരു വക വലുതായ കത്തി കൂറ്റന്‍ തിരുകിയിരുന്നു വലത്തു പാടരയ്ക്കല്‍: പരുഷമതു രസേന പാന്ഥരക്തക്കുരുതിയി'ലൂളിയിടാ'ത്ത നാള്‍ ചുരുങ്ങും. ക്രൂരകൃത്യങ്ങള്‍ നടത്താന്‍ ആ കത്തിക്കു തന്നെ ഒരുത്സാഹമുണ്ടെന്നാണ് കവി കല്‍പ്പിച്ചുണ്ടാക്കുന്നത്. സര്‍വാഭരണവിഭൂഷിതയായതിനു പുറമെ, പാതിവ്രത്യം എന്ന അനര്‍ഘരത്നത്തെക്കൂടിയണിഞ്ഞവളായ ആ നായര്‍ യുവതിയോട് അവളെ നശിപ്പിക്കുകയാണ് തന്റെ ഉദ്ദേശ്യമെങ്കിലും താനവളെ ഉപദ്രവിക്കുകയില്ല എന്നാണവന്‍ പറയുന്നത്. അതു പറഞ്ഞ് തന്റെ വീട്ടിലേക്കു ക്ഷണിക്കുകയാണവളെ. അവളുടെ കണ്ണിലിരുട്ടു കയറാനും ബോധം കെടാനും വേറൊന്നും വേണ്ടല്ലോ. കാലിടറി പടുകുഴിയിലേക്കു വീഴാന്‍ പോകുകയാണവള്‍. കല്ലിനു പോലും കനിവു തോന്നിക്കുന്നതരത്തില്‍ ദയനീയമായ അഭ്യര്‍ത്ഥന നടത്തിയിട്ടും ആ ഖലന്റെ(ദുര്‍ജ്ജനവിഭാഗത്തില്‍ പെടുന്ന ക്രൂരന്‍) കൂടെ പോകേണ്ടി വരുന്നു. വ്രതമനുഷ്ഠിച്ചു പരിശുദ്ധയായി വരുന്നവളെ കാമം തലക്കു കയറിയവന്‍ ആക്രമിക്കുമ്പോള്‍ കാമദേവനെ ചുട്ടെരിച്ച ഭഗവാന്‍ കാണുന്നില്ലേ എന്നണ് കവി ചോദിക്കുന്നത്. ഭഗവാന്റെ ലീലാവിലാസം തന്നെയായിരിക്കണം, അവള്‍ക്ക് ധൈര്യം കുറേശ്ശ കുറേശ്ശയായി ലഭിച്ചു തുടങ്ങുന്നു. കരിക്കു മുറിക്കുന്നതിനു കത്തി ചോദിച്ചു വാങ്ങിയ അവള്‍ ആ ജളക്രൂരന്റെ കഴുത്തില്‍ ആഞ്ഞു വെട്ടുകയാണ് പിന്നീട് ചെയ്യുന്നത്.

ക്ളൈമാക്സ് കവി വിവരിക്കുന്നതിപ്രകാരം.

'ഹള്ളാ' എന്നു മലച്ചു മാപ്പിള നിലത്തക്കാലപാശത്തെയും തള്ളാന്‍ പോന്ന കരാളനെങ്ങു? കമലത്തണ്ടൊത്ത കയ്യെങ്ങഹോ? ഉള്ളാ നായര്‍ വധൂമണിക്കെരികയാല്‍, പ്പേര്‍ കേട്ട തല്‍പൂര്‍വകര്‍ക്കുള്ളാ ക്ഷത്രിയരക്തമൊട്ടിടയുണര്‍ന്നുള്‍ പ്പാഞ്ഞിരിക്കാമതില്‍!

കേരള ദേശീയതയും സാംസ്ക്കാരിക പൌരത്വവും നിര്‍ണയിച്ചെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വള്ളത്തോളിന്റെ നിലപാടിതാണെങ്കില്‍ സാമൂഹ്യനീതിക്കു വേണ്ടിയും ജാതിനിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടിയും കവിതയെഴുതുക മാത്രമല്ല, സംഘടനാനേതൃത്വപദവിയേറ്റെടുക്കുക വരെ ചെയ്ത മഹാകവി കുമാരനാശാന്‍ തന്റെ പ്രഖ്യാതമായ ദുരവസ്ഥയില്‍ മുഹമ്മദീയരെ 'ക്രൂരമുഹമ്മദീയര്‍' എന്നാണല്ലോ പരിചയപ്പെടുത്തുകയും വിശേഷിപ്പിക്കുകയും ചെയ്യുന്നത്. ഈ വിശേഷണത്തെ സംബന്ധിച്ച ധാരാളം നിരീക്ഷണങ്ങള്‍ വന്നു കഴിഞ്ഞ സ്ഥിതിക്ക് വിശദാംശങ്ങളിലേക്കു പോകുന്നില്ല.

ദേശീയതയുടെയും സംസ്ക്കാരത്തിന്റെയും സാമൂഹ്യ നീതിയുടെയും കാര്യം കഴിഞ്ഞാല്‍ നവോത്ഥാനാനന്തര മലയാളിക്ക് പ്രിയപ്പെട്ട വികാരവും ആശയവുമാണ് മതേതരത്വം അഥവാ മതനിരപേക്ഷത. മലയാളിയുടെ മതേതരത്വം പണ്ടത്തെപ്പോലെ ശക്തമല്ല എന്നു വിലപിക്കുന്ന പൊതുബോധ പണ്ഡിതര്‍ നിരന്തരമായി ഉദാഹരിക്കുന്ന ഒരു കാര്യം, ഇന്നാണെങ്കില്‍ എനിക്ക് നിര്‍മ്മാല്യം എടുക്കാന്‍ കഴിയുമായിരുന്നില്ല എന്ന എം.ടി യുടെ പ്രസ്താവനയാണ്. ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാട് (ഈ കഥാപാത്രത്തെ ഹൃദയസ്പൃക്കായി അവതരിപ്പിച്ച പി ജെ ആന്റണിക്ക് ഭരത് അവാര്‍ഡ് ലഭിക്കുകയുണ്ടായി) ജീവിത പരാജയത്തെ തുടര്‍ന്ന് താനിത്രയും കാലം ഉപാസിച്ചിരുന്ന ദേവീ വിഗ്രഹത്തിനു മുകളിലേക്ക് തല വെട്ടിപ്പൊളിച്ചെത്തിയ ചോര കൂടി കലര്‍ത്തി ശക്തമായി തുപ്പുന്ന അന്ത്യരംഗമാണ് യുക്തിവാദപ്രത്യക്ഷമനസ്സുള്ളവരെ കോരിത്തരിപ്പിച്ചത്. അപ്രകാരമായിരുന്നു, വര്‍ഗീയതക്കും മതബോധത്തിനുമെതിരായ ശക്തമായ ആഖ്യാനമായി നിര്‍മാല്യം കൊണ്ടാടപ്പെട്ടതും.

വെളിച്ചപ്പാടിനെ ഇത്ര കടുപ്പത്തില്‍ വേദനിപ്പിച്ച സംഭവം എന്തായിരുന്നു? പലചരക്കു കടയിലെ കടം പല തവണ ആവശ്യപ്പെട്ടിട്ടും വീട്ടാത്തതിനെ തുടര്‍ന്ന് അതു മുതലാക്കാന്‍ ആണുങ്ങളില്ലാത്ത തക്കം നോക്കി വെളിച്ചപ്പാടിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ ലൈംഗികമായി പ്രാപിക്കുന്ന കടയുടമ വാതില്‍ തുറന്നിറങ്ങിവരുന്നതും അയാള്‍ക്കു പിന്നിലായി തന്റെ ഭാര്യ(കവിയൂര്‍ പൊന്നമ്മ) സംഭോഗത്തിനു ശേഷം തലമുടി കെട്ടി വെച്ച് പുറത്തേക്കു വരുന്നതും കണ്ടതിന്റെ ഷോക്കിലാണ് വെളിച്ചപ്പാട് മരണത്തിലേക്കു കുതിക്കുന്നത്. ഈ കടയുടമ ഒരു മുസ്ളിമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇത്തരം കടുത്തതും ഹൃദയശൂന്യവും മനുഷ്യത്വവിരുദ്ധവുമായ പ്രവൃത്തികള്‍ സാധാരണ ചെയ്യുന്നത് മുസ്ളിങ്ങളാണ് എന്ന പൊതുബോധമാണിവിടെ രചയിതാവിനെ നയിക്കുന്നത്. ഇതിനര്‍ത്ഥം, വള്ളത്തോളും ആശാനും എം ടിയും അടക്കമുള്ള മഹാന്മാരായ കലാകാരന്മാരും അവരുടെ മുഴുവന്‍ കലാസൃഷ്ടികളും ഹിന്ദുവര്‍ഗീയതയുടെ ആശയപ്രചാരണ മാധ്യമങ്ങളാണെന്നല്ല. മറിച്ച്, വളരെ വിശാലമായ അര്‍ത്ഥത്തില്‍ ജനാധിപത്യം, ദേശാഭിമാനം, സ്വാതന്ത്ര്യബോധം എന്നിവ കൊണ്ട് ഉജ്വലിച്ചുനില്‍ക്കുന്ന ഈ മഹാന്മാരുടേതടക്കം മുഴുവന്‍ കേരളീയരുടെയും സാമൂഹിക അബോധത്തില്‍ മുസ്ളിമിനെ സംശയത്തോടെയും അപരത്വത്തോടെയും കാണുന്ന മനോഭാവം പ്രബലമായിരുന്നു എന്നു മാത്രമാണ്.

ദേശീയത, സാംസ്ക്കാരിക പൌരത്വം, സാമൂഹ്യ നീതി, മതേതരത്വം, വര്‍ഗീയവിരുദ്ധത എന്നിങ്ങനെയുള്ള കേരളീയ നവോത്ഥാന മൂല്യങ്ങളൊക്കെത്തന്നെയും ഹിന്ദു(സവര്‍ണ) സ്ത്രീയെ വശഗയാക്കുന്ന കാമോത്തേജിതനായ മുസ്ളിം പുരുഷന്‍ എന്ന പ്രോട്ടോടൈപ്പിനെ നിര്‍മ്മിച്ചെടുക്കുകയും പുനര്‍നിര്‍മ്മിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നു സാരം. അപ്പോള്‍ പിന്നെ, ലൌ ജിഹാദ് എന്ന ഭീതി കലര്‍ന്ന ആരോപണം സംഘപരിവാര്‍ കരുപ്പിടിപ്പിച്ചെടുക്കുമ്പോള്‍, കേരളകൌമുദിയും മാതൃഭൂമിയും മനോരമയും ഡി ജി പിയും കൃസ്ത്യന്‍ പള്ളിയും കോടതിയും വെള്ളാപ്പള്ളിയും പി കെ നാരായണപ്പണിക്കരും എന്തിനേതേറ്റെടുക്കാതിരിക്കണം?

ലോകവ്യാപകമായി ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള ഹിന്ദു ജനജാഗൃതി സമിതി എന്ന വെബ്സൈറ്റില്‍ 2009 ഫെബ്രുവരി 27 തീയതി വെച്ച് പത്തനംതിട്ടയില്‍ നിന്നെഴുതിയതെന്ന വണ്ണമുള്ള വാര്‍ത്തയില്‍ പറയുന്നതിപ്രകാരമാണ്. മറ്റു മാധ്യമങ്ങള്‍ അവഗണിച്ച കേരളകൌമുദി എന്ന 'സെക്കുലര്‍' പത്രത്തില്‍ വന്ന വാര്‍ത്തയെയാണ് ഈ വെബ്സൈറ്റ് അവലംബമാക്കുന്നത്. ഇതിനകം നാലായിരം ഹിന്ദു പെണ്‍കുട്ടികളെ ജിഹാദി റോമിയോമാര്‍ പ്രണയം നടിച്ച് കുടുക്കി മതം മാറ്റിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പൊലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച് ഇതു സംബന്ധിച്ച അന്വേഷണം തുടങ്ങിക്കഴിഞ്ഞു എന്നറിയിക്കുന്ന റിപ്പോര്‍ട് തുടര്‍ന്ന് ലവ് ജിഹാദിന്റെ നടപടിക്രമം വിവരിക്കുന്നു. ഈ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന പയ്യന്മാര്‍ക്ക് ഹിന്ദു പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാന്‍ രണ്ടാഴ്ച സമയമാണനുവദിച്ചിട്ടുള്ളത്. കല്യാണവും മതം മാറ്റവും കഴിഞ്ഞ ഉടനെ ചുരുങ്ങിയത് നാലു കുട്ടികളെയെങ്കിലും അടിയന്തിരമായി ഉത്പാദിപ്പിക്കേണ്ടതുണ്ട്. രണ്ടാഴ്ച ഒരുവളുടെ പുറകെ നടന്നിട്ട് ഫലം കണ്ടില്ലെങ്കില്‍ അവളെ വേണ്ടെന്നു വെച്ച് പുതിയ ഇരയെ തേടി നടക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിജയിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികം. പ്രണയത്തിന്റെ വിജയത്തിനായി പുതിയ തരം മൊബൈല്‍ ഫോണുകള്‍, ബൈക്കുകള്‍, ഡിസൈനര്‍ ഷര്‍ട്ടുകള്‍ എന്നിവയും വിതരണം ചെയ്യുന്നുണ്ട്.

ഈ വാര്‍ത്ത വെബ്സൈറ്റുകളില്‍ നിന്ന് മുഖ്യധാരാ പത്രങ്ങളിലേക്കും കോടതിയിലേക്കും ടെലിവിഷന്‍ ചാനലുകളിലേക്കും പടര്‍ന്നതോടെ, ഹിന്ദുസംഘടനകളും കൃസ്ത്യന്‍ പള്ളിയും ലവ് ജിഹാദിനെതിരെ യോജിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നു. ടൈംസ് ഓഫ് ഇന്ത്യക്കു വേണ്ടി സ്വന്തം പ്രതിനിധി അനന്തകൃഷ്ണന്‍ ജി 13.10.2009ന് പോസ്റ്റു ചെയ്ത വാര്‍ത്തയില്‍ ഇതു സംബന്ധിച്ച വിശദവിവരങ്ങളുണ്ട്. തങ്ങളുടെ സമുദായങ്ങള്‍ക്ക് മാരകമായ പ്രഹരം സമ്മാനിക്കുന്ന ഈ സാമൂഹ്യവിപത്തിനെതിരായി തങ്ങള്‍ യോജിക്കുകയാണെന്നാണ് ഹിന്ദു/കൃസ്ത്യന്‍ 'മതമേധാവികള്‍' അറിയിച്ചിരിക്കുന്നത്.

ലവ്ജിഹാദിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു മംഗളൂരുവിലെ പബ്ബില്‍ നടന്നിരുന്നതെന്നും അതു തടയാനാണ് തങ്ങള്‍ അവിടെയെത്തിയതെന്നുമാണ് രാമസേന പറയുന്നത്. (ഹിന്ദു പെണ്‍കുട്ടികളേ ലവ് ജിഹാദിനെ കരുതിയിരിക്കുക- ഇന്ത്യന്‍ റിയലിസ്റ്റ്.വേര്‍ഡ്പ്രസ്സ്.കോം) മോഡേണ്‍ ആയി വസ്ത്രം ധരിച്ച നിരവധി ഹിന്ദു പെണ്‍കുട്ടികള്‍ മംഗളൂരുവിലെ പബ്ബില്‍ മുസ്ളിം യുവാക്കള്‍ക്കൊപ്പം കാമോത്തേജനപരമായ തരത്തില്‍ നൃത്തം ചെയ്യുന്നതാണ് തങ്ങള്‍ കണ്ടതെന്ന് രാമസേന ഓര്‍മ്മിക്കുന്നു. അതുകൊണ്ടാണ് തങ്ങള്‍ അവരെ രക്ഷിച്ചെടുത്തത്. ഹിന്ദു കുട്ടികളെ പ്രസവിക്കുന്നതിനു പകരം മുസ്ളിം കുട്ടികളെ പ്രസവിച്ച് വളര്‍ത്തിയെടുത്ത് ഹിന്ദുക്കളെ കലാപത്തിലൂടെ കൊന്നൊടുക്കുക എന്നതാണ് ലവ് ജിഹാദിന്റെ ലക്ഷ്യം എന്ന് രാമസേന കണ്ടെത്തിയിരിക്കുന്നു. മതപരിവര്‍ത്തനത്തിനുള്ള തക്ക്വിയ തന്ത്രത്തിന്റെ ഒരു രീതി മാത്രമാണ് ലവ് ജിഹാദെന്നാണ് സംഘപരിവാര്‍ ആശയക്കാരനായ സന്ദീപ്‌വെബ് കണ്ടെത്തുന്നത്. ഇസ്ളാമിക് ബേബി ഫാക്ടറി തന്നെ ലവ് ജിഹാദുകാര്‍ കെട്ടിപ്പടുക്കുകയാണെന്നാണ് സന്ദീപിന്റെ അഭിപ്രായം.

സാധാരണയായി നാട്ടില്‍ നടക്കുന്ന അനവധി പ്രണയങ്ങളെയാണ് ഈ ലവ് ജിഹാദ് പ്രചാരകര്‍ സംശയത്തിന്റെ നിഴലിലേക്കും അതുവഴി വംശഹത്യയിലേക്കും നയിക്കുന്നത്. മുസ്ളിങ്ങള്‍, കൃസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നീ മൂന്നു പ്രഖ്യാപിത ശത്രുക്കള്‍ക്കു പുറമെ കമിതാക്കള്‍, മിശ്രവിവാഹിതര്‍, മതം മാറിയവര്‍ എന്നിവരെ കൂടി ഇരകളാക്കി വംശഹത്യക്കു വിധേയമാക്കാനുള്ള സംഘപരിവാര്‍ പദ്ധതിക്ക് ചൂട്ടു പിടിക്കാന്‍ ദേശീയ/മതേതര പത്രങ്ങളും പോലീസും കോടതിയും സമുദായസംഘടനകളും തയ്യാറായി എന്നതാണ് കാര്യങ്ങളെ കൂടുതല്‍ ഗൌരവാവഹവും നിയന്ത്രണാതീതവുമായ നിലയിലേക്ക് നയിക്കുന്നത്.

പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ/ഒരു സമുദായത്തെ/ഒരു സംസ്ക്കാരത്തെ/ഒരു ഭാഷയെ/ഒരു സ്ഥലത്തെ/ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മ അ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പ് അജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളം കാണുകയുണ്ടായി. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണരീതികളെയും വിസ്ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന-മതേതര-ജനാധിപത്യ-ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്(പി പി ഷാനവാസുമായുള്ള അഭിമുഖം).

ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്നേഹം തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള അപരവത്ക്കരണങ്ങള്‍ ദിനം പ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കായിക തൊഴില്‍ മേഖലയില്‍ തമിഴ് നാട്, ആന്ധ്ര, ബംഗാള്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അനവധി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് പുഛവും മനുഷ്യാവകാശ നിഷേധവും വെറുപ്പും അമിത ചൂഷണവും നിറഞ്ഞ സമീപനമാണ് പൊതു സമൂഹം പുലര്‍ത്തിവരുന്നത്. മുസ്ളിം ഭീകരര്‍ പിടിയില്‍, തമിഴ് മോഷ്ടാക്കള്‍ പിടിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതും അമിതോത്സാഹം കാട്ടുന്നതും അസഹനീയമായിട്ടുണ്ട്. പത്ര മാധ്യമങ്ങളുടെ ഈ അമിതോത്സാഹമാണ് കേരളത്തിന്റെ പലയിടങ്ങളിലും ജനകീയപ്പോലീസായി മാറുന്ന 'നാട്ടുകാര്‍' തമിഴരെയും മറ്റു സംസ്ഥാനത്തു നിന്നുള്ളവരെയും കുറ്റമാരോപിച്ച് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണം. എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ' പത്ര-ടി വി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ 'നാട്ടുകാരെ' നിര്‍മ്മിച്ചെടുത്തത് ഇതേ പത്ര-ടി വി മാധ്യമങ്ങളായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. ഇത്തരത്തിലുള്ള 'നാട്ടുകാരാ'ണ് മുത്തങ്ങ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൈകാര്യം ചെയ്തത്. വയനാട്ടിലെ ആദിവാസി ഭൂമി സൂത്രത്തില്‍ തട്ടിയെടുത്ത കുടിയേറ്റക്കാര്‍ 'നാട്ടുകാരാ'യി മാറുകുയം യഥാര്‍ത്ഥ നാട്ടുകാരായ ആദിവാസികള്‍ കുറ്റക്കാരായി മാറുകയും ചെയ്തു. മിക്കവാറും മലയാള സിനിമകളില്‍ കറുത്ത തൊലി നിറമുള്ള നടന്മാരെ (കലാഭവന്‍ മണി, മണിക്കുട്ടന്‍, സലിം കുമാര്‍) അവഹേളിക്കപ്പെടുന്നതിനായി അണിനിരത്തിയിട്ടുണ്ടാവും. സൌന്ദര്യം/വൈരൂപ്യം, നന്മ/തിന്മ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ എളുപ്പത്തില്‍ വര്‍ഗീകരിക്കുന്നതിന് വെളുത്ത തൊലി നിറം/കറുത്ത തൊലി നിറം എന്ന വൈജാത്യത്തെ ഉപയോഗപ്പെടുത്തുന്നത് സര്‍വരും അംഗീകരിക്കുന്ന വിധത്തില്‍ സ്ഥിരം പതിവായിത്തീര്‍ന്നിരിക്കുന്നു. ലവ് ജിഹാദ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതോടെ പ്രണയവിരോധികളുടെ കൂട്ടായ്മകള്‍ നാട്ടുകാര്‍ എന്ന ലേബലൊട്ടിച്ച് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്ട്രീയ-സാംസ്ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം) മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി/ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു. ലോകസഭാതെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിനെതിരെയും അവര്‍ക്ക് പിന്തുണ കൊടുത്തതിന്റെ പേരില്‍ പി ഡി പിയെയും മ അ്ദനിയെയും വേട്ടയാടിയതിലൂടെ വലതുപക്ഷത്തിന്റെയും മൃദു/തീവ്ര ഹിന്ദുത്വാശയത്തിന്റെയും അജണ്ട ഒരു പരിധി വരെ വിജയിച്ചതിന്റെ ലഹരിയിലാണ്, ലവ് ജിഹാദ് പോലെ തികച്ചും അസത്യമായ ഒരു അസംബന്ധത്തെ ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവരാനും പൊതുബോധത്തിലേക്ക് കയറ്റിവിട്ട് കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന സഹിഷ്ണുതയെ തകിടം മറിക്കാനും ഹിന്ദുത്വ വലതുപക്ഷം പരിശ്രമിക്കുന്നത് എന്നതാണ് വാസ്തവം.

മതം മാറ്റം എന്നത്, ഓരോരുത്തരുടെയും സ്വാതന്ത്ര്യം എന്ന പരിഗണനയില്‍ സമീപിക്കേണ്ട പ്രശ്നമാണെന്ന ധാരണയാണ് സെക്കുലറിസ്റ്റുകള്‍ക്കുള്ളത്. ഹിന്ദുമതത്തില്‍ ദളിതരായ ബഹുജനങ്ങള്‍ക്ക് രക്ഷയില്ല എന്നു കണ്ടെത്തി, ജീവിതാന്ത്യത്തില്‍ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം പൊതുവേദിയില്‍ വെച്ച് ബുദ്ധവിശ്വാസത്തിലേക്ക് മതം മാറിയ അംബേദ്ക്കറുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടന ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, മലയാളത്തിന്റെ പ്രിയ കഥാകാരി കമലാദാസ് അഥവാ മാധവിക്കുട്ടി, കമലാ സുരയ്യയായി പേരു മാറ്റി മുസ്ളിം മതം സ്വീകരിച്ചപ്പോള്‍ അതിനെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും സ്നേഹത്തോടെയും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ സാമാന്യ ജനതക്ക് സാധിച്ചത്. ചില തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികള്‍ പ്രശ്നങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അതിനെ സാധാരണക്കാര്‍ പുഛിച്ചു തള്ളി. സ്വന്തം മനസ്സിന്റെയും കുടുംബത്തിന്റെയും സമാധാനത്തിനു വേണ്ടി മുസ്ളിം മതം സ്വീകരിച്ച ഏ ആര്‍ റഹ്മാന്‍ എന്ന ദിലീപ് കുമാര്‍ ഈയടുത്ത കാലത്ത് ഇന്ത്യയുടെ യശസ്സ് ലോകത്തിന്റെ നെറുകയോളം ഉയര്‍ത്തിയപ്പോള്‍ ആഹ്ളാദിക്കാന്‍ ഇന്ത്യയിലെ സാമാന്യജനതക്ക് സാധിച്ചതും സമാനമായ അനുഭവമാണ്.

മനുഷ്യാവകാശത്തെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ പ്രഖ്യാപനത്തില്‍ മതം മാറ്റത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു.

ചിന്ത, മനസ്സാക്ഷിയോടുള്ള പ്രതിബദ്ധത, മതവിശ്വാസം എന്നീ കാര്യങ്ങളില്‍ എല്ലാ മനുഷ്യര്‍ക്കും അവരവരുടെ താല്‍പര്യം വെച്ചു പുലര്‍ത്താന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്. ഈ അവകാശത്തില്‍, അവരവരുടെ മതവും വിശ്വാസവും മാറാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു (ആര്‍ട്ടിക്കിള്‍ 18).

ഒരാളെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് തുടര്‍ന്ന് വ്യക്തമാക്കപ്പെടുന്നുമുണ്ട്. മതം മാറ്റത്തെ സംസ്ക്കാരത്തിന്റെയും ദേശീയതയുടെയും പ്രശ്നമായി എടുത്തുയര്‍ത്തുകയും വംശഹത്യകള്‍ക്കുള്ള കാരണമായി ഫാസിസത്തിനാല്‍ മറുന്യായമായി പ്രതീകവല്‍ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ അപരവത്ക്കരണത്തിന്റെ പ്രശ്നമണ്ഡലത്തെയും മതം മാറ്റത്തെക്കുറിച്ചുള്ള സങ്കല്‍പനങ്ങളും ഭാവനകളും കലുഷിതമാക്കുന്നുണ്ട്. സമൂഹത്തിന്റെ പൊതു നിയമത്തിന് പാകമല്ലാത്തവര്‍, അഥവാ പൊതു ശ്രേണിയില്‍ തരം താണിരിക്കേണ്ടവര്‍ എന്ന സ്ഥാനമാണ് അപരര്‍ക്ക് ഉന്മാദ ദേശീയത പതിച്ചു നല്‍കുന്നത്. മത/ഭാഷാ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, വിദേശീയര്‍ എന്നിവരൊക്കെയും ഇപ്പോള്‍ ഇന്ത്യയില്‍ ഈ അപരവത്ക്കരണ ഭീഷണി നേരിടുന്നുണ്ട്.

2004ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം പൌരത്വ പ്രശ്നം ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, രാഷ്ട്രീയവും നിയമപരവുമായ പിന്തുണയും സാധ്യതയും ഉണ്ടായിട്ടും സോണിയാഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നത്, പൊതു ബോധത്തിലേക്ക് ഈ വൈറസ് ബാധ വ്യാപിച്ചതുകൊണ്ടാണ്. അപലപിക്കേണ്ടതായ ഒരു പ്രവൃത്തിയും പ്രത്യക്ഷമായോ പരോക്ഷമായോ ചെയ്യാത്തവര്‍ പോലും, അവരുടെ മത/ഭാഷാ സ്വത്വത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തപ്പെടുകയും അപരരായിത്തീരുകയും ചെയ്യുന്ന പ്രവണത വ്യാപകമാകുന്നത്, സമൂഹം ഉന്മാദ ദേശീയതയുടെ ഫാസിസത്തിന് അതിവേഗം കീഴ്പ്പെടുന്നു എന്നതിന്റെ കൃത്യമായ തെളിവാണ്. മനുഷ്യര്‍ക്കിടയില്‍ അതിര്‍ത്തികളും വിഭാഗീയതകളും കല്‍പ്പിച്ചുണ്ടാക്കുന്ന ദേശീയതയുടെ ഭാവനാശാലികളായി മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടാക്കുന്നവരും വ്യാഖ്യാനിക്കുന്നവരും പൊതു പ്രസംഗകരും സമുദായസംഘടനകളും അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്നു. സുനിശ്ചിതവും അനിശ്ചിതവുമായ കാര്യങ്ങളെന്തൊക്കെ എന്ന് തരം തിരിക്കുന്നത് ഈ പ്രക്രിയയിലൂടെയാണ്. രാഷ്ട്രീയ/സാമൂഹ്യ/ലൈംഗിക സദാചാരവും ഇതിലൂടെ നിരന്തരം രൂപപ്പെട്ടുവരുകയും പുനക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. പ്രത്യേക മത/ഭാഷാ വിഭാഗങ്ങള്‍ തുടക്കത്തില്‍ കുറഞ്ഞ തരം മനുഷ്യരും പിന്നീട് പിശാചുക്കളുമായി ചിത്രീകരിക്കപ്പെടുന്നു. അവരെ തരം താഴ്ത്തി ഇല്ലാതാക്കുക, അല്ലെങ്കില്‍ വീണ്ടും പരിഷ്ക്കരിച്ചെടുത്ത് മാനവീകരിക്കുക എന്ന രണ്ടു അജണ്ടകളിലൊന്ന് സമൂഹം(മൃദു/തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ വലതുപക്ഷ/ഉന്മാദ ദേശീയത എന്നും സമൂഹത്തിന് നിര്‍വചനം കൊടുക്കാം) സ്വീകരിക്കുന്നു.

ഗുജറാത്ത് വംശഹത്യയുടെ മുന്നോടിയായി ആ സംസ്ഥാനത്തുടനീളം പലതരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യപ്പെടുകയുണ്ടായി. വിഷലിപ്തമായ വര്‍ഗീയ പ്രചാരണങ്ങളായിരുന്നു അവയിലുണ്ടായിരുന്നത്. അതിലൊരു ലഘുലേഖയില്‍ ഇപ്രകാരം പറയുന്നു:

നിങ്ങളുടെ ശരീരത്തിലോടുന്നത് ഹിന്ദു മാതാപിതാക്കളുടെ രക്തമാണെങ്കില്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ യാതൊരു വീഴ്ചയും കൂടാതെ നടപ്പില്‍ വരുത്തുക.....9. മുസ്ളിംകള്‍ക്ക് അവര്‍ തന്നെ നടത്തുന്ന പ്രത്യേകം ബാങ്കുകളുണ്ട്. ഇതിന് സാമ്പത്തിക സഹായം നല്‍കുന്നത് മുസ്ളിം ക്രിമിനല്‍ സംഘങ്ങളാണ്. സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന ഹിന്ദു പെണ്‍കുട്ടികളെ വഴി തെറ്റിക്കുകയും വഞ്ചിക്കുകയും ചെയ്യുക എന്ന ഗൂഢോദ്ദേശ്യത്തോടെ അവര്‍ സ്വയം രാജു, പിന്റു, രാജന്‍, മൊന്റു, ചിന്റു തുടങ്ങിയ പേരുകളിടുന്നു. ഇത് വളരെ സംഘടിതവും ഭീകരവുമായ ഒരു പദ്ധതിയാണ്. എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഗോധ്ര സംഭവത്തില്‍ മുസ്ളിം ഗുണ്ടകള്‍ മുപ്പതോളം ഹിന്ദു യുവതികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയും അതിന് ശേഷം അവരുടെ സ്തനങ്ങള്‍ ഛേദിച്ചുകളയുകയും ഗുഹ്യഭാഗങ്ങളില്‍ ചുട്ട് പഴുത്ത ഇരുമ്പ് കമ്പികള്‍ കുത്തിക്കയറ്റുകയും ചെയ്തു. ഗുജറാത്തിലും മറ്റ് സ്ഥലങ്ങളിലും നിത്യേന നടക്കുന്ന സംഭവങ്ങളുടെ മൊത്തം കണക്കെടുത്താല്‍ ഹിന്ദു പെണ്‍കുട്ടികള്‍ വഞ്ചിതരായതിന്റെയും ബലാത്സംഗം ചെയ്യപ്പെട്ടതിന്റെയും ഒരു പതിനായിരം കേസെങ്കിലും വര്‍ഷം തോറും നടക്കുന്നുണ്ട് എന്നു മനസ്സിലാകും. ഗോധ്രാ സംഭവത്തിന് ശേഷം അവര്‍ വര്‍ദ്ധിതാവേശത്തോടെ ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കുന്നു. കാശ്മീരില്‍ സ്വന്തം അമ്മ പെങ്ങന്മാരുടെ കണ്‍മുന്നില്‍ വെച്ച് നൂറു കണക്കിന് ഹിന്ദുക്കളെ അവര്‍ കൊന്നിട്ടുണ്ട്. ഹിന്ദുക്കളുടെ സഹോദരിമാരേയും പെണ്‍മക്കളെയും മുസ്ളിം ഭീകരര്‍ ബലാത്സംഗം ചെയ്തു കൊന്നുകളയുന്നു. ഇതു മൂലം ആയിരക്കണക്കിന് ഹിന്ദുക്കള്‍ കാശ്മീര്‍ വിട്ട് ഓടിപ്പോകുന്നു. നിങ്ങളുടെ സഹോദരിമാരെയും പെണ്‍മക്കളെയും രക്ഷിക്കണമെന്നുണ്ടെങ്കില്‍, ഗുജറാത്തിലും ഇന്ത്യയിലെ ഇതര ഭാഗങ്ങളിലും പുതിയ കാശ്മീരുകള്‍ ഉണ്ടാകരുത് എന്ന് നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍ ഹിന്ദുക്കളെ ഉണരുക...! ഇനി മുതലങ്ങോട്ട് നിങ്ങളുടെ പെണ്‍കുട്ടികളെ ശ്രദ്ധിക്കുക. അവര്‍ക്ക് മുസ്ളിംകളുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാതെ സൂക്ഷിക്കുക. കോളേജുകളില്‍ പഠിക്കുന്ന ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ ഹിന്ദു സംഘടനകളുടെ സഹായത്തോടെയോ ഹിന്ദു വിദ്യാര്‍ത്ഥികളെ മുസ്ളിം ഗുണ്ടകളുടെ കൈകളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയും. (മഹാത്മജിയുടെ നാട്ടിലെ വംശഹത്യ - വസ്തുതകള്‍, വിശകലനങ്ങള്‍, എഡിറ്റര്‍ ഡോ. ടി കെ രാമചന്ദ്രന്‍/സെക്കുലര്‍ കലക്ടീവ്, കേളുഏട്ടന്‍ പഠനകേന്ദ്രം, പുരോഗമന കലാ സാഹിത്യ സംഘം പേജ് 106-114).

ഒരു യഥാര്‍ത്ഥ ഹിന്ദു ദേശ സ്നേഹിക്കായുള്ള വിശ്വഹിന്ദു പരിഷത്തിന്റെ പത്തു കല്‍പനകളില്‍ ഒമ്പതാമത്തേത് ഇപ്രകാരമാണ്. കോളേജുകളിലും ജോലിസ്ഥലങ്ങളിലും മുസ്ളിം പയ്യന്മാരുടെ പ്രേമത്തട്ടിപ്പില്‍ നമ്മുടെ സഹോദരിമാരും പെണ്‍മക്കളും വീഴാതിരിക്കാന്‍ ഞാന്‍ ജാഗ്രത പുലര്‍ത്തും (അതേ പുസ്തകം പേജ് 134-135)

ഗുജറാത്തിനും ഒറീസ്സക്കും കര്‍ണാടകക്കും ശേഷം കേരളത്തെ അതി തീവ്രമായ തരത്തില്‍ ആക്രാമകമായ ഹിന്ദുത്വാശയങ്ങള്‍ക്ക് കീഴ്പ്പെടുത്താനുള്ള പ്രത്യക്ഷവും പരോക്ഷവുമായ പദ്ധതിയുടെ ഭാഗമായി കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു പ്രചാരണ കോലാഹലമാണ് ലവ് ജിഹാദ് എന്നതാണ് വസ്തുതാപരമായി തന്നെ ഇതില്‍ നിന്നു വ്യക്തമാകുന്നത്. എസ് എന്‍ ഡി പിയും എന്‍ എസ് എസ്സും മുതല്‍ കത്തോലിക്കാ ബിഷപ്പുമാരുടെ ഉന്നത സമിതി വരെയും, കേരളകൌമുദിയും കേരളശബ്ദവും മാതൃഭൂമിയും മനോരമയും മുതല്‍ മുഖ്യധാരാ ടെലിവിഷന്‍ ചാനലുകള്‍ വരെയും, കോടതികളും പോലീസും എല്ലാവരും ചേര്‍ന്ന് സംശയങ്ങളുടെ കാട്ടു തീ പടര്‍ത്തിക്കഴിഞ്ഞു. അത് എത്രയും വേഗം വെള്ളമൊഴിച്ചും മറ്റും തല്ലിക്കെടുത്തുക എന്നതാണ് സെക്കുലറിസത്തിലും സമാധാനത്തിലും പുരോഗതിയിലും വിശ്വസിക്കുന്നവരുടെ ചുമതല. അത് നിര്‍വഹിക്കാന്‍ മടിച്ചും മറന്നും നില്‍ക്കുന്നവര്‍ക്ക് മാപ്പു നല്‍കാന്‍ ചരിത്രം ബാക്കിയുണ്ടാവുമോ എന്നു കണ്ടു തന്നെ അറിയണം.


(കെ ഇ എന്‍ എഡിറ്റു ചെയ്ത്, ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച ലൌ സിന്ദാബാദ്, ലൌ ജിഹാദ് മൂര്‍ദാബാദ് എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ലേഖനം)