
ചലച്ചിത്രാഖ്യാനത്തെ സംബന്ധിച്ച് നിലനിന്നു പോന്ന സൈദ്ധാന്തികവും പ്രായോഗികവുമായ ധാരണകളെയും നിര്‍ബന്ധങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ് ഫ്രഞ്ച് നവതരംഗ പ്രസ്ഥാനം 1950കളിലാരംഭിച്ചത്. അവര്‍ നടത്തിയ നിയമലംഘനങ്ങള്‍ പിന്നീട് നിയമങ്ങളായി തീര്‍ന്നു എന്നതാണേറ്റവും ശ്രദ്ധേയമായ വിപരിണാമം. ഒരെഴുത്തുകാരന് തന്റെ പേന ഉപയോഗിച്ച് എഴുതുന്നതുപോലെ, തന്റെ ക്യാമറ ഉപയോഗിച്ച് സിനിമ 'എഴുതുന്ന'തായിരുന്നു (ക്യാമറ സ്റ്റൈലോ) നവതരംഗ സിനിമ എന്നും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്കു മേല്‍ രചയിതാവിന്റെ അധികാരം പ്രയോഗിക്കപ്പെടാത്ത ജനാധിപത്യ സിനിമയുമായിരുന്നു അത്. സിനിമാഖ്യാനത്തിലും ആസ്വാദനത്തിലും നിലനിന്നു പോരുന്ന ജഡാവസ്ഥ, രണ്ടാം ലോകമഹായുദ്ധാനന്തര യൂറോപ്പിന്റെ പരിവര്‍ത്തനപരവും അതിജീവനാത്മകവുമായ സാമൂഹ്യാവസ്ഥയിലൂടെ കടന്നു പോകുന്ന ജനതയുടെ ഭാവുകത്വത്തിനു യോജിച്ചതല്ല എന്ന് തിരിച്ചറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാര്‍ ആരംഭിച്ച കഹേ ദു സിനിമ(cahiers du cinema) എന്ന ചലച്ചിത്രവിമര്‍ശനമാസികയിലൂടെയാണ് ഫ്രഞ്ച് നവതരംഗ സിനിമയുടെ ദൃശ്യ-ശബ്ദ-ആഖ്യാന സങ്കല്പനങ്ങള് വിഭാവനം ചെയ്യപ്പെട്ടത്. സൈദ്ധാന്തികനും നിരൂപകനുമായിരുന്ന ആന്ദ്രേ ബാസിന്റെ നേതൃത്വത്തില്‍, ആഖ്യാനത്തിന്റെ നിഷ്ഠൂരതക്കെതിരായ ഒരു കലാപം തന്നെ കഹേ ദു സിനിമ അഴിച്ചു വിട്ടു. ഴാക് ഡാനിയല്‍ വാല്‍ക്രോസായിരുന്നു ബാസിനു പുറമെ കഹേ ദു സിനിമയില്‍ സജീവമായുണ്ടായിരുന്ന വിമര്ശകന്. മൊണ്ടാഷ് സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ ക്ളാസിക്ക് ആഖ്യാനരീതിക്കു പകരം മിസ് എന്‍ സീനിനെ കഹേ ദു സിനിമ പിന്തുണച്ചു. എഡിറ്റിങ്ങിലൂടെ രൂപീകരിക്കപ്പെടുന്ന കൃത്രിമമായ യാഥാര്‍ത്ഥ്യത്തിനു പകരം സീനിനകത്തുള്ള ദൃശ്യങ്ങളും ചലനങ്ങളും ശബ്ദങ്ങളുമാണ് യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നത് എന്ന ഇറ്റാലിയന്‍ നിയോ റിയലിസത്തിന്റെ വ്യാഖ്യാനത്തെ കഹേ ദു സിനിമ മുന്നോട്ടുവെച്ചു. മികച്ച സിനിമകളില്‍ സംവിധായകന്റെ വ്യക്തിമുദ്രകള്‍ പതിഞ്ഞുകിടക്കുന്നുണ്ടാവും എന്നാണ് കഹേ ദു സിനിമയുടെ നിലപാട്. അമേരിക്കന്‍ ചലച്ചിത്ര നിരൂപകനായ ആന്ദ്രൂ സാരിസ് ഇതിനെയാണ് ഓഥിയര്‍ തിയറി (auteur theory) എന്ന് പേരിട്ടത്.
ഫ്രഞ്ച് വാണിജ്യ സിനിമയിലെ പ്രമുഖ സംവിധായകരായിരുന്ന ക്ളെയര്‍, ക്ളമന്റ്, ഹെന്റി ജോര്‍ജസ് ക്ളോസൌട്ട്, മാര്‍ക്ക് അലെഗ്രെറ്റ്, തുടങ്ങിയവരെ തള്ളിപ്പറഞ്ഞ കഹേ ദു സിനിമ ഴാങ് വീഗോ, റെനൊയര്‍, റോബര്‍ട് ബ്രെസ്സണ്, മാര്‍സല്‍ ഒഫല്‍സ്, എന്നിവരെയാണ് ഭേദപ്പെട്ട ചലച്ചിത്രകാരന്മാരായി വിശേഷിപ്പിച്ചത്. ഹോളിവുഡിലെ മാസ്റ്റര്‍മാരായ ജോണ്‍ ഫോര്‍ഡ്, ഹൊവാര്‍ഡ് ഹാക്ക്സ്, ആല്‍ഫ്രഡ് ഹിച്ച്കോക്ക്, ഫ്രിറ്റ്സ് ലാങ്, നിക്കൊളാസ് റേ, ഓര്‍സണ്‍ വെല്‍സ് എന്നിവരെയും കഹേ ദു സിനിമ അംഗീകരിച്ചിരുന്നു.

ജംപ് കട്ട്, കൈയില്‍ കൊണ്ടുനടക്കുന്ന ക്യാമറ കൊണ്ടുള്ള ചിത്രീകരണം, സ്വാഭാവികമെന്നു തോന്നിപ്പിക്കാത്ത എഡിറ്റിംഗ്, തുടര്‍ച്ച നഷ്ടപ്പെടുത്തുന്ന തരത്തിലും അയുക്തികമെന്നു തോന്നിപ്പിക്കുന്ന തരത്തിലും സീനുകളെ മാറ്റിമറിക്കല്‍, ലൊക്കേഷനില്‍ തന്നെയുള്ള ചിത്രീകരണം, അകൃത്രിമ ലൈറ്റിംഗ്, തത്ക്ഷണം സൃഷ്ടിക്കുന്നതെന്നു കരുതാവുന്ന വിധത്തിലുള്ള സംഭാഷണങ്ങളും ഇതിവൃത്തങ്ങളും, നീണ്ട ടേക്കുകള്‍, പ്രത്യക്ഷത്തില്‍ ദൃശ്യാഖ്യാനവുമായി വേറിട്ടു നില്‍ക്കുന്നത് എന്നു തോന്നിപ്പിക്കുന്ന ശബ്ദപഥവും പശ്ചാത്തലസംഗീതവും എന്നിങ്ങനെ അതിനു മുമ്പ് സിനിമാക്കാര് സ്വീകരിക്കാന്‍ ഭയപ്പെട്ടിരുന്ന പല രീതികളും പ്രയോഗത്തില്‍ വരുത്തിക്കൊണ്ടുള്ള സാഹസികമായ സിനിമകള്‍ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിലൂടെയാണ് ഫ്രഞ്ച് നവതരംഗ പ്രസ്ഥാനം ചരിത്രത്തില്‍ ചലനാത്മകമായ ഇടം നേടിയെടുത്തത്. സിനിമയുടെ ആഖ്യാന ഭാഷയും പരിചരണരീതിയും ഇതിനെ തുടര്‍ന്ന് മാറി മറിഞ്ഞു. പില്ക്കാലത്ത് ലോകമെമ്പാടുമുള്ള മുഖ്യധാരാ സിനിമകളിലും പരസ്യ സിനിമകളിലും സംഗീത വീഡിയോകളിലും ഈ രീതികള്‍ ആയിരം തവണ ആവര്‍ത്തിക്കപ്പെട്ടതോടെ അവയുടെ നൂതനത്വം നഷ്ടമായെങ്കിലും അക്കാലത്ത് അവയുണ്ടാക്കിയ ഞെട്ടല്‍ അവിസ്മരണീയമായിരുന്നു.
വരേണ്യ സാഹിത്യരചനകളില്‍ പതിവുള്ള തരം ഔപചാരികവും അച്ചടി ഭാഷയിലുള്ളതുമായ സംഭാഷണങ്ങളും അമിത പ്രൌഢിയോടെ കെട്ടിയുണ്ടാക്കപ്പെട്ട സെറ്റുകളും ചേതോഹാരിത ജനിപ്പിക്കുന്ന ഛായാഗ്രഹണവും താരങ്ങളും ചേര്‍ന്ന് മോടിയോടെ പുറത്തിറക്കപ്പെടുന്ന വാണിജ്യ ചലച്ചിത്രങ്ങളുടെ ആര്ഭാടങ്ങളെയും അധീശത്വങ്ങളെയും, പാവപ്പെട്ടവരും ഇടത്തരക്കാരും താമസിക്കുന്ന അപ്പാര്‍ട്ടുമെന്റുകളിലും തെരുവുകളിലും വെച്ച് ചിത്രീകരിച്ച ഇന്നിന്റെയും അതുകൊണ്ടുതന്നെ നാളെയുടെയും സിനിമയുടെ പ്രതിരോധാത്മകത കൊണ്ട് ന്യൂവേവുകാര്‍ വെല്ലുവിളിച്ചു.
ഫ്രഞ്ച് ന്യൂവേവിലെ ആദ്യ സിനിമ ഏതാണെന്നതിനെ സംബന്ധിച്ച് പല തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 1956ലും


ലോകസിനിമയിലെക്കാലത്തെയും മികച്ച സൃഷ്ടികളിലൊന്നായി വിലയിരുത്തപ്പെടുന്ന ജൂള്‍സ് ആന്റ് ജിം(1961)


ന്യൂവേവിന്റെ കാലികവും സങ്കീര്‍ണവും തീക്ഷ്ണവുമായ രാഷ്ട്രീയം വെളിപ്പെടുത്തിയത് പക്ഷെ ഗൊദാര്‍ദായിരുന്നു.

'അഛന്മാരുടെ സിനിമകളുടെ' (ഡാഡ്സ് സിനിമ) ഒരു നിഷേധമായിരുന്നു ബ്രെത്ത്ലസ്സ് എന്ന് ഗൊദാര്‍ദ് പറയുന്നുണ്ട്. ഏതു സീക്വന്‍സും അതിന്റെ യുക്തിഭദ്രമായ പൂര്‍ണതയിലെത്തുന്നതിനു മുമ്പ് ഗൊദാര്‍ദ് വെട്ടിമുറിച്ചു. സംഭാഷണങ്ങള്‍ പോലും പലപ്പോഴും പകുതിക്കുവെച്ച് മുറിഞ്ഞുപോകുന്നു. ക്യാമറയെക്കാളുപരി കത്രികയാണ് അദ്ദേഹം പ്രയോഗിച്ചത് എന്ന് പകുതി പരിഹാസമായും പകുതി പ്രശംസയായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കൌതുകകരമായ കാര്യമെന്താണെന്നു വെച്ചാല്‍, ഇപ്രകാരം വെട്ടിമുറിക്കുന്നത്, ചലച്ചിത്രാഖ്യാനത്തിന്റെ ദൃശ്യലാവണ്യത്തെ കൂടുതല്‍ സന്ദിഗ്ദ്ധവും ചേതോഹരവുമാക്കിത്തീര്‍ത്തു എന്നതാണ്. അതുകൊണ്ടു തന്നെ പിന്നീട് എക്കാലത്തുമുള്ള എല്ലാ തരം സിനിമകളിലും അപ്രകാരം സീക്വന്‍സുകള്‍ തോന്നുമ്പോള്‍ തോന്നുമ്പോലെ അവസാനിക്കുന്ന രീതികള്‍ വ്യാപകമായി. ഒരു നിയമം ലംഘിക്കപ്പെടുമ്പോള്‍ മറ്റൊന്ന് പിറക്കുന്നു എന്നതാണ് കലയുടെ തുടര്‍ച്ച എന്ന സാമാന്യതയാണ് ഇതിലൂടെ സാര്‍ത്ഥകമായത്.
ഉത്തരാധുനികതയുടെ കാലത്ത് ചര്‍ച്ചാവിഷയമായിത്തീര്‍ന്ന പല കാര്യങ്ങളും ബ്രെത്ത്ലസ്സിന്റെ സവിശേഷതകളായിരുന്നു എന്ന കാര്യം പിന്നീട് തിരിച്ചറിയപ്പെട്ടു. ആഗോളഗ്രാമം എന്ന മാര്‍ഷന്‍ മക്ലൂഹന്റെ പരികല്പനയും സാംസ്ക്കാരികമായി നിര്‍മിക്കപ്പെട്ട സൂചനകള്‍ക്ക് സമൂഹത്തിനു മേല്‍ ലഭിക്കുന്ന മേധാവിത്തത്തെക്കുറിച്ചുള്ള റൊളാങ് ബാര്‍ത്തിന്റെ കണ്ടെത്തലുകളും ഈ ചിത്രത്തില്‍ തെളിഞ്ഞുകിടക്കുന്നുണ്ട്. അസ്തിത്വവാദവും മാര്‍ക്സിയന്‍ തത്വശാസ്ത്രവും അദ്ദേഹത്തിന്റെ ദിശാബോധത്തെ മികവുറ്റതാക്കിയത് പില്ക്കാല ചിത്രങ്ങളില്‍ പ്രകടമാണ്. ബ്രെഹ്റ്റ്, ഫ്രോയിഡ്, വിയറ്റ്നാം, വിപ്ളവം എന്നിങ്ങനെ ലോകത്തെ മാറ്റിമറിച്ച എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ സിനിമകളില്‍ തലങ്ങും വിലങ്ങും കടന്നു വന്നു.
ചലച്ചിത്രകലയുടെ സാമ്പ്രദായിക രീതിയില്‍ നിന്ന് എത്ര കണ്ട് അകലാമോ അത്ര കണ്ട് അകന്നു കൊണ്ടുള്ള ഒരു അവതരണമാണ് ഗൊദാര്‍ദ് ആല്‍ഫാവില്ലെ(1965)


അധീശത്വരൂപമായ ജനപ്രിയ സാംസ്ക്കാരിക രൂപങ്ങളില്‍ നിന്ന് പല സ്വഭാവവിശേഷങ്ങളും ഗൊദാര്‍ദ് ഈ സിനിമയില്‍ പാരഡി ചെയ്യുന്നുണ്ട്. കല്പിത കഥകളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെയും പരദൂഷണങ്ങളില്‍ നിന്ന് സുപ്രധാന വിഷയങ്ങളെയും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കാത്ത ഉത്തരാധുനിക വ്യക്തിയെ ആഖ്യാതാവ്, കഥാപാത്രം, കാണി എന്നീ കര്‍തൃത്വങ്ങളിലേക്ക് വിതരണം ചെയ്യുന്ന പ്രക്രിയയാണ് ഗൊദാര്‍ദ് പിയറോ ലെ ഫോവില്‍ പരീക്ഷിക്കുന്നത്.
ലോകചരിത്രം, സിനിമയുടെ പാരമ്പര്യം, സൌന്ദര്യാരാധനകള്‍, സ്നേഹം അസാധ്യമാക്കുന്ന കുടുംബഘടനയും ബന്ധനിര്‍മിതികളും, കൊലയെ മഹത്വവല്‍ക്കരിച്ചെടുക്കാന്‍ വേണ്ടി കെട്ടിയുണ്ടാക്കുന്ന നീതിസാരങ്ങള്, ബൂര്‍ഷ്വാ ജീവിതദര്‍ശനത്തിന്റെ യാന്ത്രികവും ഉപരിപ്ളവവുമായ ആദര്‍ശപരത, നരഭോജനത്തിന്റെയും വംശീയവൈരത്തിന്റെയും മതിലുകള്‍ മാഞ്ഞില്ലാതാകുന്നത്, അന്ധമായ കമ്യൂണിസ്റ് വിരോധത്തില്‍ കെട്ടിയുറപ്പിക്കപ്പെട്ട സാമ്രാജ്യവാദങ്ങള്‍, യുദ്ധങ്ങളും അധിനിവേശങ്ങളും, അപകടങ്ങള്‍, എന്നിവയുടെ ഓര്‍മകളും ചരിത്രങ്ങളും അഭിമുഖീകരണങ്ങളും ആത്മസാല്‍ക്കരിച്ച സമൂഹത്തിന്റെ മനസ്സാക്ഷിക്ക് ഗൊദാര്‍ദിന്റെ വീക്കെന്‍ഡ്(1967) പല ആവര്‍ത്തി സുതാര്യമായി വായിച്ചെടുക്കാനാവും. അതായത് വീക്കെന്‍ഡ് കാണുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതു തന്നെ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സാമൂഹികനാവാനുള്ള മാര്‍ഗമാണെന്നര്‍ത്ഥം. എന്നാണ് നാഗരികത ആരംഭിച്ചത് എന്നും ഇപ്പോഴുള്ളത് ഏതുതരം നാഗരികതയാണ് എന്നുമുള്ള ആത്യന്തികമായ ദാര്‍ശനികപ്രശ്നം തന്നെയാണ് ഗൊദാര്‍ദ് ഉന്നയിക്കുന്നത്. ഗൊദാര്‍ദിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍: എ വുമണ്‍ ഈസ് എ വുമണ്‍ (1961), വിവറാസീവി (1962), ആല്‍ഫാവില്ലെ (1965), മസ്കുലിന്‍ ഫെമിനിന്‍ (1966).
എറിക് റോമര്‍, ഴാക് ദെമി, ലൂയി മാള്‍, അധികാര രൂപങ്ങളെ വെല്ലുവിളിച്ച ന്യൂവേവ് പുരുഷാധികാരത്തിന്റെ മറ്റൊരു രൂപമായി മാറിയപ്പോള്‍ അതിനെ വെല്ലുവിളിച്ച ഏക വനിത ആഗ്നേ വാര്‍ദ എന്നിവരാണ് നവതരംഗ പ്രസ്ഥാനത്തിലെ മറ്റു പ്രസിദ്ധ സംവിധായകര്‍.


ഈ പ്രവൃത്തിക്കെതിരെ കനത്ത എതിര്‍പ്പാണ് രൂപപ്പെട്ടത്. രാഷ്ട്രീയസമീപനം, ആഖ്യാനസമ്പ്രദായം എന്നീ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടായിരിക്കെ തന്നെ ന്യൂവേവിലെ സംവിധായകര്‍ ഈ പ്രതിഷേധത്തിനു വേണ്ടി ഐക്യപ്പെട്ടു. ലൂയി മാളും റൊമാന് പൊളാന്‍സ്കിയും കാന്‍ മേളയുടെ ജൂറിയില്‍ നിന്ന് രാജി വെച്ചു. ത്രൂഫോയും ഗൊദാര്‍ദും പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെ തിരശ്ശീലക്കു മുമ്പില്‍ പ്രതിഷേധവുമായി പ്രത്യക്ഷപ്പെടുകയും പ്രദര്‍ശനം തടസ്സപ്പെടുത്തുകയും ചെയ്തു. ഹിച്ച്കോക്കും ഫെല്ലിനിയും കുറോസാവയും വിദേശത്തു നിന്ന് പിന്തുണ അറിയിച്ചു. സര്‍ക്കാരിന് തീരുമാനം തിരുത്തി ലാംഗ്ളോയിസിനെ തിരിച്ചെടുക്കേണ്ടിവന്നു. രണ്ടാമതായി രൂപപ്പെട്ട ഈ പ്രത്യക്ഷ ഐക്യത്തിനു ശേഷം; നേരത്തെ ന്യൂവേവ് എന്ന ഒന്ന് നിലനില്‍ക്കുന്നില്ലെന്നും അത് ഒന്നും അര്‍ത്ഥമാക്കുന്നില്ലെന്നും പറഞ്ഞിരുന്ന ത്രൂഫോ, ഞങ്ങള്‍ ന്യൂവേവിന്റെ ഭാഗമാണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നു എന്നു പ്രസ്താവിക്കുകയുണ്ടായി. നാസി അധിനിവേശത്തിന്റെ കാലത്ത് ജൂതനാണ് എന്നു പറയുന്നതു പോലെ അഭിമാനകരമായിരുന്നു അത് എന്നദ്ദേഹം തന്റെ നിരീക്ഷണത്തെ കൂടുതല്‍ രാഷ്ട്രീയവത്ക്കരിക്കുകയുമുണ്ടായി.
ഫ്രഞ്ച് ന്യൂവേവ് അറുപതുകളിലും അതിനു ശേഷവും നിലക്കാത്ത സ്വാധീനമായി ലോകത്തെ പ്രചോദിപ്പിച്ചു പോന്നു. അമേരിക്കയില്‍ അറുപതുകളിലും എഴുപതുകളിലും സജീവമായ ചലച്ചിത്രകാരന്മാരുടെ മൂവി ബ്രാറ്റ് തലമുറ; പോളണ്ട്, ചെക്കോസ്ളോവാക്യ, ഹങ്കറി, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ പുതിയ തലമുറ സംവിധായകര്‍; ബ്രസീല്‍, കാനഡ, ജപ്പാന് തുടങ്ങിയ വിദൂര രാജ്യങ്ങളിലെ സമാന പ്രവണതക്കാര്‍ എന്നിങ്ങനെ നോവെല്ലെ വോഗി(ന്യൂവേവ്)ന്റെ സ്വാധീനത്തിന് ലോകം മുഴുവനും അക്കാലത്ത് വിധേയമായി. 1984ല്‍ ത്രൂഫോ അകാലത്തില്‍ നിര്യാതനായെങ്കിലും ന്യൂവേവിലെ മറ്റു പ്രമുഖ സംവിധായകരായ ഗൊദാര്‍ദ്, ഷാബ്രോള്‍, റോമര്‍, റിവെ, വാര്‍ദ, റെനെ, മാര്‍ക്കര്‍ എന്നിവര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ചലച്ചിത്രരംഗത്തു നിന്നു വിരമിച്ചിട്ടില്ല. പലപ്പോഴും അവരുടെ പുതിയ സൃഷ്ടികള്‍, പ്രേക്ഷകരെ അമ്പരപ്പിക്കുകയും ചലച്ചിത്രാഖ്യാനത്തിന്റെ അതിരുകളെ മാറ്റിപ്പണിയുകയും ചെയ്തുപോരുന്നു. ന്യൂവേവിന്റെ റിട്രോസ്പക്ടീവുകളും പുതിയതും തെളിമയാര്‍ന്നതുമായ പ്രിന്റുകളും കാണുന്ന പുതിയ തലമുറയിലെ സിനിമാസ്വാദകര്‍ പോലും ഒരു സാംസ്ക്കാരിക പരിവര്‍ത്തനത്തിലൂടെ സ്വയം കടന്നുപോകുന്ന അനുഭവം തങ്ങള്‍ക്കുണ്ടായി എന്ന് സാക്ഷ്യപ്പെടുത്താറുണ്ട്.
സന്ദര്‍ശിക്കാവുന്ന വെബ് സൈറ്റ് - newwavefilm
web site of 14th International Film Festival of Kerala ഇവിടെ
8 comments:
നല്ല ലേഖനം.
ന്യൂവേവിന്റെ പോരായ്മകളിലൊന്ന് അത് വ്യക്തികളെ സിനിമയ്ക്ക് മുകളിൽ പ്രതിഷ്ഠിച്ചു എന്നതാണെന്ന് പിൽക്കാലത്ത് പരാതി ഉയർന്നിട്ടുണ്ട്. (ഇപ്പോഴും ന്യൂ വേവ് എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ഗൊദാർദും ഫ്രാൻസ്വ ത്രൂഫോയുമൊക്കെ തന്നെ. അവരുടെ സിനിമകൾ അതിനു ശേഷമേ വരൂ).
നല്ല ലേഖനം.. ഒത്തിരികാര്യങ്ങൾ കിട്ടി. ഇനിയും കുറെ കാണാനുണ്ടെന്ന് ഓർമ്മിപ്പിച്ചു.
ഇപ്പോഴും മലയാളത്തിലെയും തമിഴിലെയും പല കൊമേഴ്സ്യൽ പടങ്ങളും കാണുമ്പോൾ ഗൊദാർദിനെ ഓർമ്മ വരും. ജമ്പ് കട്ട് ഒക്കെ കണ്ടമാനം ഉപയോഗിക്കുന്നവർ അറിയുന്നുണ്ടാവുമോ അതിന്റെ രാഷ്ട്രീയവും ചരിത്രവും.
ഈ ആഗ്നസ് വാർദ ന്യൂ വേവിന്റെ ആളായിരുന്നോ? അവരുടെ ചില പിൽക്കാല ചിത്രങ്ങൾ ക്ലാസിക് നറേഷനാണ് ഉപയോഗിച്ചു കണ്ടത്.
hi, i was wondering if you would like to be part of the padavalam awards initiative . http://padavalam.com/index2.htm
this is a great initiative, and is designed at of in the manner of razzies awards in hollywood. please contribute with your views and also its would be greatly helpfull with we could use some of your review blog on padavalam, we are looking for everyone who in truly interested in malayalam cinema
കുറേക്കൂടി വിശദമായും ആഴത്തിലും കാര്യങ്ങള്‍ പഠിക്കാന്‍ പ്രേരിപ്പിക്കുന്ന നല്ല ലേഖനം.
നല്ല ലേഖനം. ജി.പി. കഹിയേ ദു സിനിമ മാഗസിന്റെ കാര്യം തലക്കെട്ടിലുണ്ട്. പിന്നീട് അതിന്റെ കാര്യം ശ്രദ്ധയിൽ പെട്ടില്ല. അതിനെന്തു സംഭവിച്ചു?
നല്ല ലേഖനം. ജി.പി. കഹിയേ ദു സിനിമ മാഗസിന്റെ കാര്യം തലക്കെട്ടിലുണ്ട്. പിന്നീട് അതിന്റെ കാര്യം ശ്രദ്ധയിൽ പെട്ടില്ല. അതിനെന്തു സംഭവിച്ചു?
https://www.theguardian.com/film/2020/feb/28/giving-millionaires-the-boot-why-cahier-du-cinema-editors-quit-en-masse?fbclid=IwAR0W3CYhHcCjX0RoHeugmhBCp6XS5nRqnUHeaV_WEkqDLlPY6ZGJ0Ayi4HA
Post a Comment