Sunday, May 30, 2010

വികസന ഭീകരതയും മാധ്യമ ഭീകരതയും

വീഡിയോ പങ്കിടല്‍ വെബ്സൈറ്റായ യു ട്യൂബില്‍ 'കിനാലൂര്‍' എന്നടിച്ച് പരതിയപ്പോള്‍ കിനാലൂരില്‍ സംഘട്ടനം, വാസ്തവം, കവര്‍ സ്റ്റോറി, സര്‍വ കക്ഷി യോഗം, യു ഡി എഫിന്റെയും സോളിഡാരിറ്റിയുടെയും നിലപാടുകള്‍, മന്ത്രിയുടെ വിശദീകരണം എന്നിങ്ങനെ അനവധി വീഡിയോ ഖണ്ഡങ്ങള്‍ തെളിഞ്ഞു വന്നു. ടെലിവിഷനില്‍ അന്നന്ന് കണ്ട് പിറ്റേന്നത്തെ മറവിയുടെ ചവറ്റുകുട്ടയിലേക്ക് യാത്രയാകുന്ന പല വെല്ലുവിളികളും വാഗ്വാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും സമരാഹ്വാനങ്ങളും; ദിവസങ്ങളും മാസങ്ങളും മായ്ക്കാന്‍ കഴിയാതെ ശേഖരിക്കപ്പെട്ട് കിടക്കുന്നതിനാല്‍, മാധ്യമ വിമര്‍ശകരെ സംബന്ധിച്ചിടത്തോളം യു ട്യൂബ് അത്യന്താപേക്ഷിതമായ ഒരു അന്വേഷണ മേഖലയായി മാറിയതിന്റെ തെളിവാണീ സംഭവം. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ കിനാലൂര്‍ സംബന്ധമായ പ്രസ്താവന/പത്രപ്രവര്‍ത്തകരോടുള്ള വിശദീകരണം (ചാനലുകളില്‍ കണ്ടത് ആരോ യുട്യൂബില്‍ നിക്ഷേപിച്ചിരിക്കുന്നു) ഇപ്രകാരമാണ്: കേരളത്തിലൊരിടത്തും ഇല്ലാത്തതുപോലെ നൂറു മീറ്റര്‍ വീതിയിലുള്ള പാത കിനാലൂരിലെ ജനങ്ങളുടെ നെഞ്ചത്തോട്ട് വേണോ? 275 ഏക്കര്‍ വ്യവസായ പാര്‍ക്കിലേക്കുള്ള വഴിക്കു വേണ്ടി 625 ഏക്കര്‍ അക്വയര്‍ ചെയ്യണോ? എന്നൊക്കെയാണ് അദ്ദേഹം ചോദിക്കുന്നത്. വസ്തുതാവിരുദ്ധമായും പ്രകോപനപരമായും ചില സംഘടനകള്‍ വ്യാപകമായി നടത്തിയ ദുഷ്പ്രചാരണങ്ങളില്‍ അദ്ദേഹവും വീണു പോയിയെന്ന് വ്യക്തം. കാബിനറ്റ് പദവിയുള്ള പ്രതിപക്ഷനേതാവിനെ വരെ ഇപ്രകാരം തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെങ്കില്‍, സാധാരണക്കാരായ ജനങ്ങള്‍ എത്രമാത്രം പ്രചാരണവഞ്ചനകളില്‍ കുടുങ്ങിപ്പോയിട്ടുണ്ടാവും എന്നൂഹിക്കാവുന്നതേ ഉള്ളൂ. കുറ്റിച്ചൂലും ചാണകവെള്ളവും ഉപയോഗിച്ച് റോഡുപണിയാന്‍ വരുന്നവരെ നേരിടാനുള്ള 'ആര്‍ജ്ജവം' ഉമ്മമാര്‍ കാണിക്കണമെന്ന ആഹ്വാനവും മറ്റൊരു വീഡിയോ(വട്ടോളി ബസാറിലോ മോരിക്കരയിലോ നന്മണ്ടയിലോ മാത്രം സംപ്രേക്ഷണം ചെയ്യുന്ന ഒരു പ്രാദേശിക ചാനലിലേതായിരുന്നു ഈ വാര്‍ത്താദൃശ്യം)യില്‍ കണ്ടു. ടെലിവിഷനാനന്തര മാധ്യമലോകത്തെ അഭിമുഖീകരിക്കാന്‍ നമ്മുടെ നേതാക്കളും സംഘടനകളും പഠിച്ചു തുടങ്ങിയിട്ടില്ല എന്നതിന്റെ തെളിവായി ഈ കൂട്ടിപ്പറയല്‍/ശേഖരണം/പരതല്‍ എന്ന പ്രക്രിയയെ വ്യാഖ്യാനിക്കാവുന്നതാണ്.

കഴിഞ്ഞ ദിവസം ബാലുശ്ശേരിയില്‍ നടന്ന ഒരു യോഗത്തില്‍ സംസാരിക്കാന്‍ പോകുന്നതിനു മുമ്പായിട്ടാണ് ഈ പരതല്‍ നടത്തിയത്. അവിടെ സംസാരിക്കാനുള്ള നിര്‍ണായക വിവരങ്ങള്‍ തന്നെ ആ പരതല്‍ കാഴ്ചയില്‍ നിന്ന് ലഭ്യമാവുകയും ചെയ്തു. അത്യന്താധുനികം എന്നു വിളിക്കാവുന്ന ഈ അറിവ് മാത്രമായിരുന്നില്ല അന്നേ ദിവസം എനിക്ക് ലഭിച്ചത്. യാദൃഛികമായി അന്ന് കണ്ടുമുട്ടിയ ഒരു സുഹൃത്ത്, ഞാനും അദ്ദേഹവും താമസിക്കുന്ന നാട്ടിന്റെ പത്തു നാല്‍പതു വര്‍ഷം മുമ്പത്തെ സ്ഥിതി ഓര്‍മ്മിച്ചെടുത്തു. മണ്ണാര്‍ക്കാട് അങ്ങാടിയില്‍ നിന്ന് പൊമ്പ്ര എന്ന സ്ഥലത്തേക്ക് ഏകദേശം എട്ടു കിലോമീറ്റര്‍ ദൂരം വരും. അന്നവിടേക്ക് റോഡോ പാലങ്ങളോ ബസ് സര്‍വീസോ കാളവണ്ടി പോലുമോ ഇല്ല. ചുമട്ടു തൊഴിലാളി യൂണിയനുമില്ല. പൊമ്പ്രയിലെ പലചരക്കു കടയിലേക്ക് സാധനങ്ങള്‍ തലച്ചുമടായിട്ടാണ് കൊണ്ടു പോകുക. അമ്പതറുപതു കിലോ തൂക്കമുള്ള ഉപ്പിന്‍ ചാക്ക് തലയില്‍ വെച്ച് കാരാടന്‍ ഹംസാക്ക നടന്നു വരുന്നത് സുഹൃത്ത് ഓര്‍മ്മിച്ചെടുത്തു. വഴിമധ്യേ ഏകദേശം നാലു കിലോമീറ്റര്‍ തികയുന്നിടത്താണ് സുഹൃത്തിന്റെ വീട്. വീടിനു ചുറ്റും നെല്‍പാടങ്ങളാണ്. ആ പാടത്തെ ഉയരം കൂടിയ ഒരു വരമ്പ് നോക്കി ഹംസാക്ക ഉപ്പിന്‍ ചാക്കൊന്നിറക്കി വെക്കും. തലയില്‍ നിന്ന് തറയിലേക്കിറക്കാനും തിരിച്ച് കയറ്റാനും കൈസഹായം കിട്ടിയില്ലെങ്കിലോ എന്നു കരുതിയാണ് കണ്ടത്തിലിറങ്ങിയ ശേഷം ഉയരം കൂടിയ വരമ്പത്തേക്ക് ചാക്കിറക്കുന്നത്. ഇറക്കി കഴിഞ്ഞ് നോക്കിയാല്‍, അദ്ദേഹത്തിന്റെ അര്‍ദ്ധനഗ്നമായ ശരീരത്തിലാകെ വിയര്‍പ്പും ഉപ്പിന്‍ കല്ലുകളും കൂടി പരന്നൊലിക്കുന്ന കാഴ്ച കാണാം. സുഹൃത്തിന്റെ വീട്ടിലെത്തി ഒരു പിഞ്ഞാണം കഞ്ഞിവെള്ളം ചോദിച്ചു വാങ്ങി കുടിച്ച് കുറച്ചിരുന്ന് വിശ്രമിച്ച് വീണ്ടും ചാക്ക് തലയിലേറ്റി ലക്ഷ്യസ്ഥാനത്തേക്ക് നടപ്പു തുടരുന്ന കഥാ നായകനെപ്പോലൊരാളെ പുതിയ കാലത്ത് അഞ്ഞൂറു രൂപ കൂലി കൊടുത്താലും കിട്ടാന്‍ പോകുന്നില്ല എന്ന അഭിപ്രായത്തോടെയാണ് സുഹൃത്ത് സ്ഥലകാലത്തിന്റെ മാറ്റങ്ങളെക്കുറിച്ചുള്ള ആശ്ചര്യങ്ങള്‍ പങ്കുവെച്ചത്.

വിവരവിനിമയത്തിന്റെ പഴയതും ഏറ്റവും പുതിയതുമായ രണ്ടവസ്ഥകളില്‍ നിന്നുമായി ഒരു കാര്യം തെളിഞ്ഞു വരുന്നുണ്ട്. അതിതാണ്. റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ജനങ്ങള്‍ ആഗ്രഹിച്ച് ഒത്തൊരുമിച്ച് പ്രയത്നിച്ച് സര്‍ക്കാരിനെക്കൊണ്ട് നടത്തിയെടുത്തതാണ്. ചിലപ്പോഴൊക്കെ ശ്രമദാനത്തിലൂടെ, ചിലപ്പോള്‍ വിട്ടുകൊടുക്കലിലൂടെ, മറ്റു ചിലപ്പോള്‍ പൊന്നും വിലക്ക്, അപൂര്‍വ്വം ചിലപ്പോള്‍ സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും ശേഷം എന്നിങ്ങനെയാണ് റോഡുകള്‍ നീണ്ടും വളഞ്ഞു പുളഞ്ഞും പെരുകിപ്പെരുകി നാടിനെ നീട്ടിയതും ചെറുതാക്കിയതും. വഴികള്‍ തനിയെ വന്നതോ ഭരണകൂടം നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിച്ചതോ അല്ല. വാഹനങ്ങളുടെ പെരുപ്പം, യാത്രകളുടെ അത്യാവശ്യങ്ങള്‍, തൊഴിലില്ലായ്മ, വിദ്യാഭ്യാസ വളര്‍ച്ച, വ്യവസായങ്ങളുടെ വിപുലീകരണം എന്നിങ്ങനെ കുറെയധികം ഘടകങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന വികസനപ്രക്രിയയെ 'വികസനഭീകരത' എന്ന് വലിയ വായില്‍ വിശേഷിപ്പിച്ച് പാവപ്പെട്ട ജനങ്ങളെ ഇളക്കിവിടുന്നത് ഏതുതരത്തിലുള്ള ന്യായത്തിന്റെയും ചരിത്രബോധത്തിന്റെയും പിന്‍ബലത്തിലാണ് എന്ന് അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ സത്യത്തില്‍ ആലോചിക്കേണ്ടതാണ്. ഇത്തരക്കാരുടെ ദുഷ്പ്രചാരണങ്ങളെ ജനങ്ങള്‍ക്കിടയില്‍ നിമിഷനേരം കൊണ്ട് പ്രചരിപ്പിച്ച് സ്ഫോടനാത്മകമായ സ്ഥിതിവിശേഷങ്ങള്‍ സൃഷ്ടിക്കുന്ന മാധ്യമനീതിയെ 'മാധ്യമ ഭീകരത' എന്ന് വിളിക്കുന്നതായിരിക്കും യുക്തം എങ്കിലും അത്തരം ജനാധിപത്യ വിരുദ്ധ പദപ്രയോഗങ്ങളും പദസംയുക്തങ്ങളും സാമൂഹികബോധത്തിന് യോജിക്കുന്നതല്ല എന്നതുകൊണ്ട് അതിനു മുതിരുന്നില്ല. റുപ്പെര്‍ട് മര്‍ഡോക്കിനെപ്പോലുള്ള ആഗോള മാധ്യമ ഭീമന്മാരാണ്, കേരളത്തില്‍ ഇടതു തീവ്രവാദത്തിന്റെയും ഇസ്ളാം മതമൌലികവാദത്തിന്റെയും ഹൈന്ദവഭീകരതയുടെയും രാഷ്ട്രീയ വലതുപക്ഷത്തിന്റെയും സംയുക്തമുന്നണിക്ക് പ്രചാരമുണ്ടാക്കിക്കൊടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും തൊഴിലാളി യൂണിയനുകളായി അണിനിരന്ന് വ്യവസായം മുടക്കികളായി കാലം കഴിക്കണമെന്ന സൈദ്ധാന്തിക ഉപദേശവുമായി കറങ്ങിനടക്കുന്നവരുടെ ബോറടികള്‍ അസഹനീയമായിക്കഴിഞ്ഞിരിക്കുന്നു. യഥാര്‍ത്ഥത്തില്‍, കേരളത്തില്‍ ഏറ്റവും സജീവമായ വ്യവസായത്തിന്റെ തന്നെ വ്യാപനത്തെ തുടര്‍ന്നാണ് ഈ ദുസ്ഥിതി സംജാതമായതെന്നാണ് സത്യം. കമ്യൂണിസ്റ്റ് വിരുദ്ധ-ഇടതുപക്ഷ വിരുദ്ധ പ്രചാരണം എന്ന വ്യവസായമാണ് കേരളത്തില്‍ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും ഹിറ്റായി വികസിച്ചുകൊണ്ടിരിക്കുന്നത്. ന്യൂസ് ചാനലുകളുടെയും പ്രധാന കുത്തക പത്രങ്ങളുടെയും മുഖ്യ സമയവും സ്ഥലവും ഈ വ്യവസായത്തിന്റെ പ്രവര്‍ത്തനത്തിനായി നീക്കിവെക്കപ്പെട്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ വരുമാനം പരസ്യങ്ങളിലൂടെയും സര്‍ക്കുലേഷനിലൂടെയും ഈ പ്രചാരണമികവനുസരിച്ചാണ് ലഭിക്കുന്നത് എന്നു പോലും സമര്‍ത്ഥിക്കാവുന്നതാണ്. പണ്ട് അവസാനത്തെ ബസ്സില്‍ മുഷിഞ്ഞ ഷര്‍ട്ടുമിട്ട് മാധ്യമപ്രവര്‍ത്തകരോടൊപ്പം കടലകൊറിച്ച് സൊറ പറഞ്ഞ് നാടുപിടിച്ചിരുന്ന കരീമിന്റെ ശരീര ഭാഷയും സംസാര ഭാഷയും മാറി മറിഞ്ഞിരിക്കുന്നു എന്നൊക്കെയാണ് പരിസ്ഥിതിക്കനുകൂലവും ജനങ്ങള്‍ക്കനുകൂലവും എന്ന മട്ടില്‍ പടച്ചു വിടുന്ന റിപ്പോര്‍ടുകളില്‍ ചിലര്‍ എഴുതി നിറക്കുന്നത്.

സ്ഫോടനാത്മകമായ വിധത്തില്‍ സമരം സംഘടിപ്പിച്ചു കൊടുക്കുന്ന പ്രൊഫഷനലുകളും വിദേശ ഫണ്ട് മേടിക്കുന്ന എന്‍ ജി ഒ കളും ചേര്‍ന്ന് പടച്ചു വിടുന്ന നുണകളും വിവാദങ്ങളും മാധ്യമങ്ങള്‍ ഏറ്റു പിടിക്കുകയാണെന്നു കാണാം. എച്ച് എം ടി ഭൂമി വിവാദത്തില്‍ ഇതു നാം കണ്ടതാണ്. അറുപതിനായിരം പേര്‍ക്ക് ജോലി ലഭ്യമാവുമെന്ന പ്രതീക്ഷയോടെയാണ് കേരള സര്‍ക്കാര്‍ ഹൈടെക് വ്യവസായത്തിന് അനുമതി നല്‍കിയത്. കുടിയൊഴിപ്പിക്കലോ സ്വകാര്യ സ്വത്തേറ്റെടുക്കലോ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളേറ്റെടുക്കലോ നെല്‍വയല്‍ നികത്തലോ ഇല്ലാത്തതും, കോടിക്കണക്കിന് രൂപ നിക്ഷേപവും ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലും പ്രതീക്ഷിച്ചിരുന്നതുമായ വ്യവസായ വല്‍ക്കരണം ഇല്ലാതാക്കാന്‍ സമരക്കാരും മാധ്യമങ്ങളും ചേര്‍ന്നുള്ള ജനവിരുദ്ധ ശക്തികള്‍ക്ക് സാധ്യമായി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഉന്നത നിയമപീഠങ്ങളെല്ലാം കേരള സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നടപടികള്‍ നിയമാനുസൃതം തന്നെയായിരുന്നു എന്ന് വിധി പുറപ്പെടുവിക്കുകയുണ്ടായി എന്നത് മാധ്യമങ്ങള്‍ തമസ്കരിച്ചാലും ചരിത്രയാഥാര്‍ത്ഥ്യമമായി നിലനില്‍ക്കും.

ജനങ്ങള്‍ക്ക് ഭരണകൂടത്തിനെതിരെയും ഭരണകൂടത്തിന് ജനങ്ങള്‍ക്കെതിരെയും ഉപയോഗിക്കാവുന്ന ഒരു ഉപാധിയാണ് ജനാധിപത്യം എന്നാരോ പറഞ്ഞിട്ടുണ്ട്. അതു പോലെ; ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാനും, ജനങ്ങളുടേതെന്ന വ്യാജേന ചില തല്‍പരകക്ഷികളുടെ പിന്തിരിപ്പന്‍ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാനും, മാധ്യമ മുതലാളിമാര്‍ക്കും 'സര്‍വതന്ത്ര സ്വതന്ത്ര'രായ മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ തന്നിഷ്ടങ്ങള്‍ നടപ്പിലാക്കാനും എല്ലാം ഉതകുന്ന ഒന്നായി കേരളത്തിലെ മാധ്യമരംഗം വികസിച്ചിരിക്കുന്നു അഥവാ സങ്കോചിച്ചിരിക്കുന്നു എന്നു ചുരുക്കം.

Wednesday, May 19, 2010

സുഗന്ധത്തിന്റെ പിശാച്




ജര്‍മന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടിയ ബഡ്ജറ്റുകളിലൊന്നോടെയാണ് പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍(2006) നിര്‍മ്മിക്കപ്പെട്ടത്. ഗന്ധത്തില്‍ നിന്ന് എങ്ങനെയാണ് സുഗന്ധം ഉണ്ടാകുന്നത് എന്ന അന്വേഷണമാണ് മുഖ്യ കഥാപാത്രമായ ഴാങ് ബാപ്റ്റിസ്റ് ഗ്രെനോയ്ലിനെ യുവതികളുടെ കൊലകളിലേക്ക് നയിക്കുന്നത്. അസാധ്യമായ സിനിമയായ പെര്‍ഫ്യൂമിന്റെ ആധാരമായ നോവലെഴുതിയ പാട്രിക്ക് സസ്ക്കിണ്ടിന്റെ രചനാവൃത്തി തന്നെ അസാധാരണമായിരുന്നുവെന്നാണ് റോജര്‍ എബര്‍ട് അഭിപ്രായപ്പെട്ടത്. ഗന്ധത്തിന്റെയും ഗന്ധങ്ങളുടെയും അനിര്‍വചനീയങ്ങളും അവ്യാഖ്യേയങ്ങളുമായ പ്രഹേളികകളെ വാക്കുകളിലേക്കും(നോവല്‍) ദൃശ്യ-ശബ്ദങ്ങളിലേക്കും(സിനിമ) എങ്ങനെയാണ് പരിഭാഷപ്പെടുത്താനാവുക എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം. റണ്‍ ലോല റണ്‍ പോലെ ജനപ്രിയമായിത്തീര്‍ന്ന സിനിമ എടുത്ത ടോം ടിക്ക്വര്‍ ആണ് പെര്‍ഫ്യൂമിന്റെ സംവിധായകന്‍.

മത്സ്യഗന്ധിയായ ഒരമ്മ പെറ്റ ഗ്രെനോയ്ല്‍ ശിശുവായിരിക്കെ തന്നെ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു. മുന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പാരീസാണ് കഥ നടക്കുന്ന നഗരം. അനാഥശാലാ അന്തേവാസിയും അടിമയുമായി അവന്‍ വളരുന്നത് പക്ഷെ അപൂര്‍വ്വമായ ഒരു മികവിലേക്കാണ്. ലോകത്തിലെ ഏത് സൂക്ഷ്മ ഗന്ധവും അവന്റെ നാസിക പിടിച്ചെടുക്കും. അവന് സ്വന്തമായിട്ടാവട്ടെ ഒരു ഗന്ധവുമൊട്ടില്ല താനും. ബെന്‍ വിഷോ ആണ് ഗ്രെനോയ്ല്‍ ആയി അഭിനയിക്കുന്നത്. വിദഗ്ദ്ധനും പ്രശസ്തനുമായ സുഗന്ധ നിര്‍മാതാവും വ്യാപാരിയുമായ ബാല്‍ദിനി(ഡസ്റ്റിന്‍ ഹോഫ്മാന്‍)യുടെ അപ്രന്റീസായി അവന്‍ പണി പഠിക്കാന്‍ തുടങ്ങുന്നു. ഗ്രെനോയ്ലിന്റെ ജീവിതം ഔപചാരിക ചരിത്രങ്ങളില്‍ അടയാളപ്പെടുത്താതെ പോയത് ഗന്ധം പോലുള്ള ഒരു സാമ്രാജ്യത്തിലെ നായകനും പ്രതിനായകനുമായിരുന്നു അയാളെന്നതിനാലായിരിക്കണം.

മാലാഖയുടെ സാന്നിദ്ധ്യങ്ങളായിട്ടാണ് സുഗന്ധങ്ങളെ ജനങ്ങള്‍ പരിഗണിക്കുന്നത്. മികച്ചതും ഗംഭീരവുമായ സുഗന്ധക്കൂട്ടുകളുണ്ടാക്കാന്‍ ഗ്രെനോയ്ലിന് നിഷ്പ്രയാസം സാധ്യമാവുന്നു. എന്നാലവന്റെ അന്വേഷണത്വര കൂടുതല്‍ സൂക്ഷ്മതലങ്ങളിലേക്ക് മുന്നേറുകയാണ്. ലോഹവും വൈരവും സൌന്ദര്യവും കൂടിച്ചേരുന്ന സുഗന്ധമിശ്രിതം എന്താണെന്നാണവന് കണ്ടെത്തേണ്ടത്. ഈ അന്വേഷണമാണ് നിഷ്ഠൂരമായ കൊലകളിലേക്ക് അവനെ നയിക്കുന്നത്. തെക്കെ ഫ്രാന്‍സിലെ ഗ്രാസ്സാണ് ലോകത്തിന്റെ സുഗന്ധകലാതലസ്ഥാനം എന്ന അറിവ് ബാല്‍ദിനി അവന് കൈമാറുന്നു. സാധാരണരീതിയിലുള്ള ഒരു മനുഷ്യജന്മമല്ല ഗ്രെനോയ്ലിന്റേത് എന്നതുറപ്പാണ്. അവനെ നമുക്ക് മനസ്സിലാക്കാനേ ആവുന്നില്ല; പക്ഷെ അവനില്‍ നിന്ന് കണ്ണെ(മൂക്കും)ടുക്കാനുമാവുന്നില്ല. പ്രതിഭകളുടെ ജന്മവും ജീവിതവും അപകടകരമാണെന്ന വിചാരമാണ് സിനിമ തത്വവത്ക്കരിക്കുന്നത്. ഒരു മനുഷ്യന്റെ ഗന്ധം കട്ടെടുക്കുക എന്ന സങ്കല്‍പം തന്നെ ക്രൂരമാണ്; സിനിമയിലത് ആഖ്യാനം ചെയ്തതാവട്ടെ അതിഭീകരമായ തരത്തിലും. ഗ്രെനോയ്ല്‍ ജനിച്ചു വളര്‍ന്നതും ജീവിച്ചതുമായ പരിതസ്ഥിതികളും സന്ദര്‍ഭങ്ങളും പിന്നെ അയാളുടെ ആത്മസത്തയുമായിരിക്കണം അയാളെ ഇത്തരം പ്രവൃത്തികളിലേക്ക് നയിച്ചത്. എന്തായാലും അയാളുണ്ടായത് ഒരു പിശാചിന്റെ മുട്ട വിരിഞ്ഞിട്ടു തന്നെയാകണം. അയാളെ നമുക്ക് വേണമെങ്കില്‍ സുഗന്ധത്തിന്റെ പിശാച് എന്നു വിളിക്കാം. മാലാഖകളില്‍ കുടിയിരുന്ന സുഗന്ധങ്ങള്‍ പിശാചിലേക്ക് സംക്രമണം ചെയ്യുന്ന പ്രവര്‍ത്തനമാണ് ഗ്രെനോയ്ലിലൂടെ സാക്ഷാത്കൃതമാകുന്നത്.


ദൃശ്യ-ശബ്ദങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തും വിധം ഗന്ധം മുഖ്യതയിലേക്ക് കയറിയിരിക്കുന്ന ഈ സിനിമ അന്ധ-ബധിരമായ ഒരു കാഴ്ച/കേള്‍വിക്ക് പാകമായ ഒന്നാണ്. അനവധി കന്യകകളുടെ മുടികളില്‍ നിന്നും ദേഹത്തു നിന്നും അയാള്‍ ശേഖരിച്ചെടുത്ത ഗന്ധങ്ങള്‍ വാറ്റി കലര്‍ത്തി ഉണ്ടാക്കുന്ന ഒരു കുപ്പി സുഗന്ധദ്രവ്യത്തിന് ഈ ലോകത്തെ മുഴുവന്‍ പ്രണയത്തിലും രതിക്രീഡയിലും ആറാടിക്കാന്‍ കഴിയും. ഗ്രാസ്സ് നഗരചത്വരത്തില്‍ അയാളെ കുരിശിലേറ്റുന്നത് കാണാന്‍ കാത്തിരുന്നവരെ അയാള്‍ അപ്രകാരം കൂട്ടരതി(ഓര്‍ഗി)യിലേക്ക് നയിക്കുകയുണ്ടായല്ലോ. എന്നാല്‍ മറ്റുള്ളവരെ പോലെ സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും അയാളെ പ്രാപ്തനാക്കാന്‍ ഈ ദ്രവ്യത്തിനും സാധ്യമല്ല എന്ന തിരിച്ചറിവാണ് അയാളെ സ്വയം നിരാശനാക്കുന്നത്.

സ്നേഹവും അനുരാഗവും രതിയുമെന്നത് മനുഷ്യ ശരീരത്തിലും പ്രകൃതിയിലും അന്തര്‍ലീനമായിരിക്കുന്നുവെന്നും സദാചാരം കൊണ്ട് അവയെ നിയന്ത്രണവിധേയമാക്കാന്‍ മനുഷ്യകുലത്തിന് സാധ്യമാവില്ല എന്നുമുള്ള ചരിത്രവൈപരീത്യത്തെയാണോ ടോം ടിക്ക്വര്‍ ആഖ്യാനം ചെയ്യാന്‍ ശ്രമിക്കുന്നത്? ഗന്ധം എന്ന അപൂര്‍വ്വമായ ഇന്ദ്രിയജ്ഞാനത്തെ ദൃശ്യ-ശബ്ദ ഭാവനയിലൂടെ ആഖ്യാനം ചെയ്യാനുള്ള പരിശ്രമം എന്ന നിലക്കാണ് പെര്‍ഫ്യൂം - ദ സ്റോറി ഓഫ് എ മര്‍ഡറര്‍ ഭീതിജനകമായിരിക്കെ തന്നെ ശ്രദ്ധേയമായ ഒരു ചലച്ചിത്രമായി മാറുന്നത്. സൌന്ദര്യത്തിന്റെയും സൌഗന്ധികത്തിന്റെയും നിര്‍മിതിയും ചരിത്രവും, ഗൂഢവും വൃത്തിഹീനവുമായ നിരവധി കൂട്ടുകളുടെയും വിചാരങ്ങളുടെയും സ്ഥലകാലങ്ങളുടെയും പിന്നാമ്പുറങ്ങളെ ഒളിപ്പിച്ചു വെക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യവും പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍ വെളിപ്പെടുത്തുന്നു.

Sunday, May 9, 2010

വിശദാംശം എന്ന സ്‌ഫോടകവസ്‌തു

മാധ്യമ വാര്‍ത്തകളുടെയും വിശകലനങ്ങളുടെയും അകമ്പടിയായോ ഉള്‍പ്പിരിവുകളായോ നിരവധി വിശദാംശങ്ങള്‍ നാം വായിക്കാറും കാണാറുമുണ്ട്. ഭൂതകാലത്തെക്കുറിച്ചുള്ള ചരിത്രപരമായ തിരിച്ചറിവും ഭാവിയെക്കുറിച്ചുള്ള വൈജ്ഞാനികമായ നിരീക്ഷണങ്ങളും മിക്കപ്പോഴും വായനക്കാരന് ‍/ കാണിയെ സംബന്ധിച്ചിടത്തോളം ഗുണകരമാണു താനും. എന്നാല്‍, ചില ഘട്ടങ്ങളില്‍ എവിടെ നിന്നു ലഭിച്ചു എന്നു വ്യക്തമാക്കാതെ ചില വിവരങ്ങള്‍ ലേഖകരോ ഏജന്‍സികളോ ഉദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയോ അഥവാ അതിനു വേണ്ടി തന്നെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതോ ആണെന്നും കാണാം. ഈയാഴ്ചയില്‍ നിറഞ്ഞു നിന്ന രണ്ടു വാര്‍ത്തകൾ ‍/ വിശകലനങ്ങള്‍ പരിശോധിച്ചാല്‍ ഇത്തരം ദുരുപദിഷ്ട വിശദാംശങ്ങള്‍ കണ്ടെടുക്കാന്‍ കഴിയും.

പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥ മാധുരി ഗുപ്‌തയെ
ചാരപ്രവൃത്തി നടത്തിയതിന് അറസ്‌റ്റ് ചെയ്യുകയുണ്ടായി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും ബന്ധരാഹിത്യങ്ങളും എന്നത് കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരു വ്യവസ്ഥയോ പല വ്യവസ്ഥകളോ ആണ്. യുദ്ധങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാവില്ലെന്നും സമാധാനമാണ് ഏക പോംവഴി എന്നതും ചരിത്രം സ്ഥിരമായി തെളിയിച്ചുകൊണ്ടിരിക്കുന്നതുമാണ്. ഡിപ്ളോമസിയും ചാരപ്രവൃത്തിയുമൊക്കെ കാലങ്ങളായി തുടര്‍ന്നു വരുന്നുമുണ്ട്. അതില്‍ പലരും അറസ്റു ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ഒക്കെ ചെയ്യുന്നുമുണ്ട്. പക്ഷെ, പിടിച്ചതിലും വലുതാണ് മടയില്‍ എന്നു പറയാറുള്ളതു പോലെ കണ്ടെത്തിയ സത്യമൊന്നുമല്ല ആത്യന്തികം എന്നെല്ലാവര്‍ക്കുമറിയാം. അതെന്തുമാവട്ടെ, മാധുരി ഗുപ്‌ത ചാരപ്പണി ചെയ്തു എന്നാണ് ഔദ്യോഗികഭാഷ്യമെങ്കില്‍ അത് വിശ്വസിക്കുന്നതിന് നാം മടി കാണിക്കേണ്ടതില്ല. അവരെ രാജ്യത്തിനകത്തും പുറത്തും നിലനില്‍ക്കുന്ന നിയമങ്ങളനുസരിച്ച് ശിക്ഷിക്കാവുന്നതുമാണ് / ശിക്ഷിക്കേണ്ടതുമാണ്.

ഇതു സംബന്ധമായി പ്രസ് ട്രസ്‌റ്റ് ഓഫ് ഇന്ത്യ (പി ടി ഐ) എന്ന ഇന്ത്യയിലെ സുപ്രധാന പൊതു മേഖലാ വാര്‍ത്താ ഏജന്‍സി വിതരണം ചെയ്‌ത ഒരു വാര്‍ത്ത അനുസരിച്ച് മാധുരി ഗുപ്‌ത ആറു വര്‍ഷം മുമ്പ് ഇസ്ളാം മതം സ്വീകരിച്ചതായി പറയുന്നുണ്ട്. ഒരു മാധ്യമ വാര്‍ത്തയില്‍ ഇപ്രകാരം കാണുന്നു എന്നാണ് പി ടി ഐ ന്യൂസില്‍ (ഏപ്രില്‍ 29, ഇസ്ളാമാബാദ്) കാണുന്നത്. അവര്‍ ഇസ്ളാമിലെ തന്നെ ഷിയാ സെക്റ്റില്‍ ചേര്‍ന്നതായാണ് വാര്‍ത്ത എന്നാണ് പി ടി ഐ തുടര്‍ന്നു വിവരിക്കുന്നത്. ഇസ്ളാമിന്റെ ദര്‍ശനങ്ങളില്‍ അവര്‍ ആകൃഷ്ടയായതായി കാണുന്നു; പക്ഷെ അവരുടെ വിശ്വാസമാറ്റം തുറന്നു പ്രസ്താവിക്കാന്‍ അവര്‍ ഭയക്കുന്നതായും കരുതപ്പെടുന്നു എന്നൊക്കെയാണ് നേരിട്ടുള്ള വിവരം എന്ന നിലക്ക് വാര്‍ത്തയില്‍ പ്രചരിക്കപ്പെട്ടിരിക്കുന്നത്. റമദാന്‍ മാസത്തില്‍, ഷിയാ സെക്റ്റിലുള്ളവര്‍ അണിയാറുള്ള തരം കമ്മലുകളും വളകളും അവര്‍ അണിഞ്ഞതായും ഒരു ജേര്‍ണലിസ്‌റ്റ് കണ്ടതായി റിപ്പോര്‍ട്ടു ചെയ്‌തിരിക്കുന്നു. ഞാന്‍ നോമ്പെടുക്കുന്നുണ്ടെന്നും ഇസ്ളാമിനോട് എനിക്ക് കടുത്ത ആരാധനയുണ്ടെന്നും അവര്‍ അയാളോട് പറഞ്ഞുവെന്നും കൂടി വാര്‍ത്തയിലുണ്ട്.

ഈ വാര്‍ത്ത സത്യമോ അര്‍ദ്ധ സത്യമോ അതോ അസത്യം തന്നെയോ എന്തുമാകട്ടെ. പക്ഷെ, പാക്കിസ്ഥാനു വേണ്ടി ചാരപ്രവൃത്തി നടത്തിയ ഇന്ത്യന്‍ ഉദ്യോഗസ്ഥ ഇസ്ളാം മതം സ്വീകരിച്ചിരുന്നു എന്ന വാര്‍ത്ത പുറത്തു വിടുന്നതിന്റെ പുറകിലുള്ള താല്‍പര്യം എന്താണ്? ഇന്ത്യയിലുള്ള ഇസ്ളാം മതവിശ്വാസികള്‍ - അവരില്‍ പരമ്പരാഗതമായി ഇസ്ളാമായി നിലനിന്നു പോന്നവരും അടുത്ത കാലത്ത് മതം മാറി വന്നവരും ഉണ്ടാവാം - പൊതുവെ പാക്കിസ്ഥാനെ അനുകൂലിക്കുന്നവരാണെന്ന ആവശ്യമില്ലാത്തതും ദുരുപദിഷ്ടവുമായ ഒരു ധ്വനി ഈ വാര്‍ത്തയിലുണ്ട്. കാരണം, മാധുരി ഗുപ്‌ത ഇസ്ളാം മതം സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ ചാരപ്രവൃത്തി നടത്തിയിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടേണ്ടതാണ്. ഇസ്ളാമായിട്ടുണ്ടെങ്കില്‍ കൂടുതല്‍ ശിക്ഷയൊന്നുമില്ലല്ലോ! അപ്പോള്‍, മതം മാറിയവരും അല്ലാത്തവരുമായ മുഴുവന്‍ ഇന്ത്യന്‍ മുസ്ളിമിങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക എന്ന ദുരുദ്ദേശ്യമാണ് ഈ വാര്‍ത്തക്കു പുറകിലെന്ന് ആരെങ്കിലും സംശയിച്ചാലും അവരെ കുറ്റപ്പെടുത്താനാവില്ല.

മതം മാറ്റം എന്നത്, ഓരോരുത്തരുടെയും സ്വാതന്ത്ര്യം എന്ന പരിഗണനയില്‍ സമീപിക്കേണ്ട പ്രശ്നമാണെന്ന ധാരണയാണ് സെക്കുലറിസ്റുകള്‍ക്കുള്ളത്. ഹിന്ദുമതത്തില്‍ ദളിതരായ ബഹുജനങ്ങള്‍ക്ക് രക്ഷയില്ല എന്നു കണ്ടെത്തി, ജീവിതാന്ത്യത്തില്‍ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം പൊതുവേദിയില്‍ വെച്ച് ബുദ്ധവിശ്വാസത്തിലേക്ക് മതം മാറിയ അംബേദ്ക്കറുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടന ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, മലയാളത്തിന്റെ പ്രിയ കഥാകാരി കമലാദാസ് അഥവാ മാധവിക്കുട്ടി, കമലാ സുരയ്യയായി പേരു മാറ്റി ഇസ്ളാം മതം സ്വീകരിച്ചപ്പോള്‍ അതിനെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും സ്നേഹത്തോടെയും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ സാമാന്യ ജനതക്ക് സാധിച്ചത്. ചില തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികള്‍ പ്രശ്നങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അതിനെ സാധാരണക്കാര്‍ പുഛിച്ചു തള്ളി. സ്വന്തം മനസ്സിന്റെയും കുടുംബത്തിന്റെയും സമാധാനത്തിനു വേണ്ടി ഇസ്ളാം മതം സ്വീകരിച്ച ഏ ആര്‍ റഹ്മാന്‍ എന്ന ദിലീപ് കുമാര്‍ ഈയടുത്ത കാലത്ത് ഇന്ത്യയുടെ യശസ്സ് ലോകത്തിന്റെ നെറുകയോളം ഉയര്‍ത്തിയപ്പോള്‍ ആഹ്ളാദിക്കാന്‍ ഇന്ത്യയിലെ സാമാന്യജനതക്ക് സാധിച്ചതും സമാനമായ അനുഭവമാണ്. മനുഷ്യാവകാശത്തെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ പ്രഖ്യാപനത്തില്‍ മതം മാറ്റത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു. ചിന്ത, മനസ്സാക്ഷിയോടുള്ള പ്രതിബദ്ധത, മതവിശ്വാസം എന്നീ കാര്യങ്ങളില്‍ എല്ലാ മനുഷ്യര്‍ക്കും അവരവരുടെ താല്‍പര്യം വെച്ചു പുലര്‍ത്താന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്. ഈ അവകാശത്തില്‍, അവരവരുടെ മതവും വിശ്വാസവും മാറാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു (ആര്‍ട്ടിക്കിള്‍ 18). ഒരാളെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് തുടര്‍ന്ന് വ്യക്തമാക്കപ്പെടുന്നുമുണ്ട്. മതം മാറ്റത്തെ സംസ്ക്കാരത്തിന്റെയും ദേശീയതയുടെയും പ്രശ്നമായി എടുത്തുയര്‍ത്തുകയും വംശഹത്യകള്‍ക്കുള്ള കാരണമായി ഫാസിസത്തിനാല്‍ മറുന്യായമായി പ്രതീകവല്‍ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ അപരവത്ക്കരണത്തിന്റെ പ്രശ്നമണ്ഡലത്തെയും മതം മാറ്റത്തെക്കുറിച്ചുള്ള സങ്കല്‍പനങ്ങളും ഭാവനകളും കലുഷിതമാക്കുന്നുണ്ട്.

കേരളത്തെ പിടിച്ചുകുലുക്കിയ കേരളാ കോണ്‍ഗ്രസ് ലയനത്തെ സംബന്ധിച്ച് നിരവധി വാര്‍ത്തകളും വിശകലനങ്ങളും പ്രസ്താവനകളും പോര്‍വിളികളും നാം മാധ്യമങ്ങളിലൂടെ കണ്ടും വായിച്ചും അനുഭവിക്കുകയുണ്ടായി. ഇക്കൂട്ടത്തില്‍, ഒരു പ്രധാന പത്രത്തില്‍ വന്ന ഒരു വാര്‍ത്ത/വിശകലനം ഒരേ സമയം കൌതുകകരവും അതേ സമയം അങ്ങേയറ്റം അപകടകരവുമാണ്. കോണ്‍ഗ്രസ് - മാണി വടം വലി ആരാദ്യം കീഴടങ്ങും എന്ന തലക്കെട്ടിലുള്ള വാര്‍ത്താവതരണത്തില്‍, ജോസഫിനെ വിഴുങ്ങിയ മാണിയെ യു ഡി എഫ് തടഞ്ഞു വെക്കുന്നു എന്ന വാര്‍ത്തയാണ് വിശകലനം ചെയ്യുന്നത്. യു ഡി എഫിനെക്കൊണ്ട് തന്റെ തന്ത്രം അനുസരിപ്പിക്കാന്‍ അവസാനം മാണിയുടെ മുമ്പിലുള്ള പോംവഴി എന്തായിരിക്കുമെന്ന കാര്യത്തിലാണ് ലേഖകന്റെ മനോവിലാസം വിടര്‍ന്നു പടരുന്നത്. വേണ്ടി വന്നാല്‍ സഭാ നേതൃത്വത്തെ ഉപയോഗിച്ച് വത്തിക്കാന്‍ വഴി സോണിയാ ഗാന്ധിയെ സ്വാധീനിക്കാമെന്ന നിലപാടാണ് മാണിയുടെ ശക്തമായ അഭിപ്രായങ്ങള്‍ക്ക് പിന്നിലെന്നും സൂചനയുണ്ട് എന്നാണ് ലേഖകന്‍ അടിച്ചു വിടുന്നത്. പതിറ്റാണ്ടുകളായി ഇന്ത്യന്‍ പൌരത്വം സ്വീകരിച്ച് ഇന്ത്യയില്‍ ജീവിക്കുകയും ഉന്നത രാഷ്ട്രീയ നേതൃത്വത്തിലെത്തുകയും ചെയ്‌ത സോണിയാഗാന്ധി ഇപ്പോഴും വത്തിക്കാന്റെയും പോപ്പിന്റെയും ലോക ക്രൈസ്തവ/കത്തോലിക്കാ സഭയുടെയും നിയന്ത്രണത്തിലും അനുസരണയിലുമാണെന്ന സംഘപരിവാര്‍ ഭാഷ്യമാണ് ഈ ലേഖകന്‍ പിന്തുടരുന്നത് എന്നതാണ് ഏറ്റവും അപകടകരമായ വസ്തുത.

സോണിയാഗാന്ധിയെ ഗംഭീരമായി വിജയിപ്പിച്ച ഒരു ജനതക്ക് ഒരു സമൂഹത്തിന്റെയോ വ്യക്തിയുടെയോ ദേശക്കൂറ് തെളിയിക്കാന്‍ സംഘ്പരിവാറിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് നിവര്‍ന്ന് നിന്ന് പറയാന്‍ കഴിയാതെ പോയി. ഇന്ത്യന്‍ ജനത സംഘപരിവാറിനെ തോല്‍പ്പിച്ചപ്പോഴും ഇന്ത്യന്‍ ജനാധിപത്യത്തെ ഒരിക്കല്‍ കൂടി സംഘപരിവാര്‍ ശക്തികള്‍ക്ക് തോല്‍പിക്കാന്‍ കഴിഞ്ഞത് ദേശീയത സംബന്ധിച്ച അവരുടെ സങ്കുചിത സമീപനങ്ങള്‍ക്ക് ജനമനസ്സില്‍ അത്രമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. സോണിയാഗാന്ധി പ്രധാനമന്ത്രിയാവാനുള്ള സാധ്യത നിറഞ്ഞ് നിന്നപ്പോള്‍ 'ഓള് പ്രധാനമന്ത്രിയാവുമോ' എന്ന് ആശങ്ക പുലര്‍ത്തിയവര്‍, ദേശരക്ഷയെക്കുറിച്ച് വ്യാകുലരായ സ്വരാജ്യസ്നേഹികളായിരുന്നില്ല, മറിച്ച് സംഘപരിവാര്‍ പതിറ്റാണ്ടുകളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന അത്യന്തം ജനാധിപത്യ വിരുദ്ധമായ 'സാംസ്കാരിക ദേശീയത'യുടെ അഴുക്ക് ചാലില്‍ നീന്തിത്തുടിച്ചവരായിരുന്നു. ഇന്ത്യന്‍ ജനത ആവേശപൂര്‍വ്വം വിജയിപ്പിച്ച ഒരു ദേശീയപാര്‍ട്ടിയുടെ സമുന്നത നേതാവിനെതിരെ 'വിദേശി' എന്നാക്രോശിച്ചും, അവളെ ക്രൂശിക്കുക എന്നലറിയും, ബഹിഷ്ക്കരണ ഭീഷണി മുഴക്കിയും, നവോത്ഥാന പൂര്‍വ്വകാലത്തെ സതി സമ്പ്രദായത്തെ പ്രതീകാത്മകമായി പുനരുജ്ജീവിപ്പിക്കുമെന്ന് അപഹാസ്യമാം വിധം പ്രഖ്യാപിച്ചും സംഘപരിവാര്‍ നേതൃത്വത്തില്‍ അരങ്ങേറിയ രാഷ്ട്രീയ പ്രഹസനത്തില്‍ പതിയിരുന്നത് ദേശീയതയോടും, മതേതരത്വത്തോടും, ആധുനിക ജീവിത സമീപനങ്ങളോടുമുള്ള അവരുടെ പുഛവും പരിഹാസവുമാണ്. അധികാരത്തിലിരുന്നപ്പോള്‍ രാഷ്ട്രത്തിന്റെ അകത്തളങ്ങള്‍ വരെ ഇന്ത്യന്‍ ജനതയുടെ അസ്തിത്വത്തിനു തന്നെ മുറിവേല്‍പ്പിക്കും വിധം വിദേശമൂലധന ശക്തികള്‍ക്ക് നൃത്തം വെക്കാന്‍ അവസരമൊരുക്കിയവരാണ്, അധികാരം നഷ്ടപ്പെട്ടപ്പോള്‍ ഒരു ആധുനിക പൌരത്വ സങ്കല്‍പത്തിനെതിരെ പടപ്പുറപ്പാടിനൊരുങ്ങിയത് ( കെ ഇ എ ന്നിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ പേജ് 440,441)


മതം മാറ്റം, ദേശീയത, പൌരത്വം എന്നിവയെ സംബന്ധിച്ച് സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന അത്യന്തം അപകടകരമായ നിഗമനങ്ങളും തീര്‍പ്പുകളും പൊതുബോധത്തെയും ചുറ്റിവരിഞ്ഞിരിക്കുന്നുവെന്നും, വാര്‍ത്തകളും വിശകലനങ്ങളും വിശദാംശങ്ങളുമായി പത്രമാധ്യമങ്ങളില്‍ നിറയുന്നത് ഇത്തരത്തിലുള്ള അംഗീകൃത നിഗമനങ്ങളാണെന്നതും തിരിച്ചറിയാതിരിക്കുന്നത് ആത്മഹത്യാപരമായിരിക്കും.