Wednesday, September 22, 2010

ബുദ്ധിപരമായ വിഡ്ഢിത്തങ്ങള്‍ - ക്ളോദ് ഷാബ്രോള്‍ - ഒരോര്‍മ്മക്കുറിപ്പ്

ജനുവരി 11ന് എറിക് റോമര്‍ നിര്യാതനായതിനു പിന്നാലെ, സപ്തംബര്‍ 12ന് ഞായറാഴ്ച ക്ളോദ് ഷാബ്രോളും കൂടി വിടപറഞ്ഞതോടെ 2009ല്‍ അമ്പതാം വാര്‍ഷികം ആഘോഷിച്ച ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തിന് ഇരട്ട നഷ്ടവര്‍ഷമായി തീര്‍ന്നു 2010. ഫ്രാങ്കോ ത്രൂഫോയെയും ഗൊദാര്‍ദിനെയും പോലുള്ള 'വിപ്ളവകാരികളു'ടെ കൂടെ കഹേ ദു സിനിമയില്‍
നിരൂപണമെഴുതിത്തുടങ്ങിയ ഷാബ്രോള്‍ പക്ഷെ, ന്യൂവേവിന്റെ പരിധികളെ വ്യാപിപ്പിച്ചുകൊണ്ട് (അഥവാ പരിധിരാഹിത്യത്തെ പരിധിവത്ക്കരിച്ചുകൊണ്ട്) മുഖ്യധാരാ ത്രില്ലറുകള്‍ എങ്ങിനെ രൂപപ്പെടുത്താമെന്ന് പരീക്ഷിക്കുകയായിരുന്നു പ്രധാനമായും ചെയ്തത്. അതുകൊണ്ടദ്ദേഹത്തെ 'മുഖ്യധാരാ' നവതരംഗക്കാരന്‍("mainstream" New Wave director) എന്ന് വിചിത്രമായി വിശേഷിപ്പിക്കാനും വിമര്‍ശകര്‍ മുതിരുകയുണ്ടായി. മുഖ്യധാരാ സിനിമകളിലെ പരമ്പരാഗതത്വവും വിട്ടുവിഴ്ചകളും അദ്ദേഹത്തിന്റെ സിനിമകളില്‍ പലപ്പോഴും സ്വീകരിക്കപ്പെട്ടു.


കേവലം വിനോദസിനിമ മാത്രമായി കണക്കു കൂട്ടി മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ഹോളിവുഡിലെ ഹൊറര്‍-സസ്പെന്‍സ്-ത്രില്ലര്‍ മാസ്റ്റര്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ സിനിമകളെ സംബന്ധിച്ച് റോമറോടൊപ്പം ചേര്‍ന്ന് ഷാബ്രോളെഴുതിയ പഠനം ഹിച്ച്കോക്ക് സിനിമയെക്കുറിച്ചു മാത്രമല്ല, സിനിമ എന്ന കലാരൂപത്തെ സംബന്ധിച്ചും ചലച്ചിത്രവിമര്‍ശനം എന്ന പഠന ശാഖയെ സംബന്ധിച്ചും മുമ്പുണ്ടായിരുന്ന ധാരണകളെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു. 1955ല്‍ ടു കാച്ച് എ തീഫിന്റെ ചിത്രീകരണസ്ഥലത്ത് വെച്ച് റോമറും ഷാബ്രോളും ചേര്‍ന്ന് ഹിച്ച്കോക്കിനെ ഇന്റര്‍വ്യൂ ചെയ്തു. ഹിച്ച് കോക്കിനാല്‍ 'പിടികൂടപ്പെട്ട' ആ ചെറുപ്പക്കാരെ തന്റെ മദ്യഗ്ളാസില്‍ വീണ രണ്ട് ഐസ് ക്യൂബുകളെന്നാണ് ഹിച്ച്കോക്ക് വിശേഷിപ്പിച്ചത്.


ഫ്രഞ്ച് ന്യൂവേവിലെ ആദ്യ സിനിമ ഏതാണെന്നതിനെ സംബന്ധിച്ച് പല തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 1956ലും 1957ലും പുറത്തു വന്ന ഴാക് റിവെയുടെ ലെ കൂപ്പ് ഡു ബെര്‍ജര്‍(Fool's Mate), ഫ്രാങ്കോ ത്രൂഫോയുടെ ലെസ് മിസ്തണ്‍സ്(The Mischief Makers) എന്നീ ഹ്രസ്വ ചിത്രങ്ങളാണ് ന്യൂവേവിന്റെ സ്വഭാവപ്രകടനങ്ങളാദ്യം പുറത്തുകൊണ്ടുവന്നതെങ്കില്‍ ക്ളോദ് ഷാബ്രോളിന്റെ ലെ ബ്യൂ സെര്‍ജെ (Bitter Reunion or Handsome Serge/1958) ആണ് ഫീച്ചര്‍ സിനിമയായി പുറത്തുവന്ന ആദ്യ ന്യൂവേവ് ചിത്രം. അതുകൊണ്ട് ന്യൂവേവിന്റെ സ്ഥാപകചലച്ചിത്രകാരനായും ഷാബ്രോള്‍ വാഴ്ത്തപ്പെട്ടു.

ചലച്ചിത്രസംവിധാനത്തെ സംബന്ധിച്ച യാതൊരു മുന്‍ പരിചയവുമില്ലാതെ ഒരു ഗ്രാമത്തില്‍ വെച്ച് നാച്വറല്‍ ലൈറ്റില്‍ ചിത്രീകരിച്ച ലെ ബ്യൂ സെര്‍ജെക്ക് മികച്ച സിനിമയെക്കുറിച്ചുള്ള വ്യവസ്ഥാപിത ധാരണകള്‍ പിന്തുടരാത്തതിനാല്‍ കാന്‍ മേളയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. ഷാബ്രോള്‍ സ്വന്തം നിലക്ക് ചിത്രം മേളസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും നല്ല രീതിയില്‍ സ്വീകരിക്കപ്പെടുകയും ചെയ്തു. ഈ ചിത്രത്തിന്റെ പ്രദര്‍ശന വരുമാനം കൊണ്ട് അദ്ദേഹം അടുത്ത സിനിമയായ Les Cousins (The Cousins/1959) നിര്‍മിച്ചു. ഈ സിനിമക്ക് ബെര്‍ലിന്‍ മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബിയര്‍ പുരസ്കാരം ലഭിച്ചു. ഫ്രാങ്കോയ്സ് എന്ന പാരീസ് സ്വദേശിയായ(പരീസ്യന്‍) ഒരു ബൂര്‍ഷ്വ തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു ചെല്ലുന്നതിനെക്കുറിച്ചുള്ള കൃത്യതയാര്‍ന്ന വിവരണമാണ് ലെബ്യൂ സെര്‍ജെ. തന്റെ ബാല്യകാലസുഹൃത്ത് സെര്‍ജെയെ അയാള്‍ വ്യാപരിക്കുന്ന തൊഴിലാളി വര്‍ഗ്ഗ പശ്ചാത്തലത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വേണ്ടിയാണ് ആ ബൂര്‍ഷ്വാസി ഗ്രാമത്തിലെത്തുന്നത്. ഷാബ്രോളിന്റെ തുടര്‍ന്നുള്ള സിനിമകളില്‍ പിന്നീട് കൂടുതല്‍ വ്യക്തമായി വന്ന ബൂര്‍ഷ്വാ വിരുദ്ധ നിലപാടിന്റെ തുടക്കമായിരുന്നു ലെബ്യൂ സെര്‍ജെ എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. വ്യവസായപരമായി അടഞ്ഞതും ലാവണ്യപരമായി യാഥാസ്ഥിതികവുമായ ഫ്രഞ്ച് സിനിമാവ്യവസായത്തെ ഒരന്യന്‍ പുറത്ത് നിന്ന് വെല്ലുവിളിക്കുകയും കച്ചവടവിജയം നേടിയ സ്വന്തം സിനിമ നിര്‍മ്മിക്കുകയും ചെയ്യുകയായിരുന്നു എന്നും ചരിത്രം രേഖപ്പെടുത്തി.


ത്രൂഫോയുടെ 400 ബ്ളോസും(1959) ഗൊദാര്‍ദിന്റെ ബ്രെത്ത്ലസ്സും(1960) പുറത്തു വന്നതോടെ ന്യൂവേവ് വിസ്മയകരമായ പ്രസ്ഥാനമായി കാലത്തെയും ലോകത്തെയും കീഴടക്കുമെന്ന് കണ്ണും കാതും തുറന്നു വെച്ചവര്‍ക്ക് ബോധ്യമായി. ത്രൂഫോയോടും ഗൊദാര്‍ദിനോടും അലന്‍ റെനെയോടും ഴാക് റിവെയോടുമൊന്നും ഷാബ്രോളിനെ താരതമ്യം ചെയ്യുന്നതിലര്‍ത്ഥമില്ല. ഗൊദാര്‍ദിന് രാഷ്ട്രീയത്തിലും ചലച്ചിത്രസിദ്ധാന്തത്തിലുമാണ് കൂടുതല്‍ താല്‍പര്യമെങ്കില്‍ ത്രൂഫോക്ക് മാനുഷികതയിലും വൈകാരികതയിലുമാണ് ആഭിമുഖ്യം. എന്നാല്‍ ഷാബ്രോളാകട്ടെ ഒരേ സമയം ചലച്ചിത്ര വിമര്‍ശകനും ചലച്ചിത്രകാരനും ദാര്‍ശനികനുമായിരുന്ന് ആ റോളുകള്‍ തമ്മിലുള്ള ബലതന്ത്രത്തെ കൃത്യമായി സന്തുലനപ്പെടുത്തുകയായിരുന്നു ചെയ്തു പോന്നത്. തരംഗത്തിനകത്ത് തന്റേതായ ഇടം നിര്‍മ്മിച്ചെടുക്കുകയായിരുന്നു അദ്ദേഹം എന്നും പറയാം. മരിക്കുന്നതിനു തൊട്ടുമുമ്പു വരെ, ആദ്യകാലത്ത് വര്‍ഷത്തില്‍ രണ്ടും മൂന്നും പിന്നീട് അവസാനകാലത്ത് വര്‍ഷത്തിലൊന്നു വീതവുമായി ഷാബ്രോള്‍ നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. വര്‍ഗം, ലൈംഗികത എന്നീ അടിസ്ഥാന വിഷയങ്ങളെ മുഖ്യധാരാ സിനിമയുടെ വ്യവഹാരരീതി ഉപയോഗിച്ചുകൊണ്ട് അദ്ദേഹം നിരന്തരം അന്വേഷിക്കുകയും പരീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. അറുപതോളം ഫീച്ചറുകളാണ് അദ്ദേഹത്തിന്റെ ഫിലിമോഗ്രഫിയെ സമ്പന്നമാക്കുന്നത്.

ശൈലീവത്കൃതമായ രീതിയില്‍, ഇതിവൃത്തത്തില്‍ നിന്നും ആഖ്യാനത്തില്‍ നിന്നും കൃത്യമായ അകലം സ്ഥാപിച്ചുകൊണ്ടുള്ള പരിചരണമായിരുന്നു ഷാബ്രോളിന്റേത്. വെന്തു മുറുകുന്നതും രക്ഷകളില്ലാത്തതുമായ സാമൂഹ്യക്രമത്തിനകത്ത് കുടുങ്ങിപ്പോയ മനുഷ്യവ്യക്തിത്വങ്ങളെ അനുതാപത്തോടെ അതേ സമയം താദാത്മ്യവത്ക്കരണത്തിന് വിധേയമാകാതെയും അദ്ദേഹം അവതരിപ്പിച്ചു. മധ്യവര്‍ഗത്തിന്റെ അങ്ങേയറ്റം ആത്മവഞ്ചനാപരമായ സദാചാരത്തെ കണക്കിന് പരിഹസിക്കുന്ന ഷാബ്രോള്‍, ക്ളോസപ്പുകള്‍ വളരെ കുറവേ ചിത്രീകരിക്കാറുള്ളൂ. കഥാപാത്രങ്ങളുടെ സ്വകാര്യതയെ അത്രയധികം മാനിക്കുന്ന ഒരു ക്ളാസിക്കല്‍ ബൂര്‍ഷ്വാസിയായി അദ്ദേഹം സ്വയം വരേണ്യവത്ക്കരിക്കുകയായിരുന്നു എന്നും, അദ്ദേഹത്തിന്റെ ബൂര്‍ഷ്വാ വിമര്‍ശനത്തെ പരിഹസിച്ചു കൊണ്ട് പറയാം. വിരുതുള്ളതും തീക്ഷ്ണവുമായ ഒരു പരിഹാസാത്മകത എന്നാല്‍ എപ്പോഴും ദൃശ്യമായിരുന്നു താനും. ബുദ്ധിപരതയെക്കാള്‍ വിഡ്ഢിത്തമാണ് തന്നെ കൂടുതല്‍ മോഹിപ്പിക്കുന്നതെന്ന് അര്‍ത്ഥഗര്‍ഭമായി അദ്ദേഹത്തിന് പറയാനാകുന്നത് അതുകൊണ്ടാണ്. ബൌദ്ധികതക്ക് പരിധികളുണ്ട്; വിഡ്ഢിത്തത്തിന് അതില്ല. അത്യധികം വിഡ്ഢിയായ ഒരാളെ നിരീക്ഷിച്ചുകൊണ്ടിരിക്കുക എന്നത് എത്ര കൌതുകകരമാണ്, നമുക്ക് അയാളോട് നീരസമേ തോന്നുകയില്ല എന്നാണ് ഈ അനുഭവത്തെക്കുറിച്ച് ഷാബ്രോള്‍ നിരീക്ഷിക്കുന്നത്.

രണ്ടാമത്തെ ചിത്രമായ ലെസ് കസിന്‍സില്‍ ലളിതമായ ഒരു ഇതിവൃത്തമാണുള്ളതെന്നു തോന്നാം. ബൂര്‍ഷ്വാ മൂല്യങ്ങള്‍ നിലനിര്‍ത്തുന്ന ചാള്‍സ്, നഗരവാസിയും എതിര്‍ സ്വഭാവക്കാരനുമായ പോള്‍ എന്നീ കസിന്‍സാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. ചാള്‍സും പോളും പിന്നീട് ഷാബ്രോള്‍ സിനിമകളിലെ കഥാപാത്രങ്ങളുടെ സ്ഥിരം പേരുകളായിത്തീര്‍ന്നു. ലെ ബ്യൂ സെര്‍ജെയില്‍ നഗരവാസി ഗ്രാമത്തിലുള്ളയാളെ സന്ദര്‍ശിക്കുകയാണെങ്കില്‍ ലെസ് കസിന്‍സില്‍ ഗ്രാമവാസി നഗരത്തിലുള്ളയാളെ കാണാന്‍ പോകുകയാണ് ചെയ്യുന്നത്. ചിത്രത്തിലുള്ള രണ്ടാമത്തെ ഒത്തുകൂടല്‍ പോലൊരു മുഹൂര്‍ത്തം പിന്നീട് ഇരുപതു വര്‍ഷത്തോളം ഫ്രഞ്ച് സിനിമയില്‍ കാണാന്‍ കിട്ടിയില്ലെന്നാണ് ഷാബ്രോള്‍ ഓര്‍ത്തെടുക്കുന്നത്. ഭ്രാന്ത് എല്ലാ സീമകളും ലംഘിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഫ്രാന്‍സില്‍ ഫാഷിസ്റുകളുണ്ടെന്ന് ആരും വിശ്വസിച്ചിരുന്നിട്ടില്ലാത്തതുകൊണ്ടാണ് ചിത്രത്തിലെ പ്രകോപനാത്മക ദൃശ്യങ്ങള്‍ തണുത്തുറഞ്ഞ പ്രതികരണങ്ങള്‍ മാത്രം സൃഷ്ടിച്ചതെന്നാണ് അദ്ദേഹം മാര്‍ക്ക് ഷിവാസിന് 1963ലനുവദിച്ച ഒരഭിമുഖത്തില്‍ തുറന്നടിച്ചത്.

1960ലെടുത്ത നല്ലസമയത്തെ പെണ്‍കുട്ടികള്‍(ലെ ബോണ്‍സ് ഫെമ്മെസ്)നാലു യുവതികളുടെ കഥ പറയുന്നു. ജിനെറ്റും റീത്തയും ജാക്വിലിനും ജെയ്നും. റീത്തയുടെ പ്രതിശ്രുതവരന്റെ കുടുംബക്കാര്‍ സാമൂഹ്യൌന്നത്യം എന്ന ഒറ്റ പ്രതീക്ഷ ലാക്കാക്കുന്നവരാണ്. ജെയിനിന്റെ കാമുകന്‍ ആര്‍മിയിലാണെന്നതിനാല്‍ അവള്‍ ചില മതില്‍ ചാട്ടങ്ങള്‍ നടത്തി ആനന്ദത്തെ നീട്ടിവെക്കാനനുവദിക്കുന്നില്ല. ജിനെറ്റിന് നിഗൂഢമായ ഏതോ ആസക്തിയുള്ളതിനാല്‍, രാത്രികളില്‍ അവളപ്രത്യക്ഷയാകുന്നു. ജാക്വിലിന്‍ ഒറ്റക്കാണ്; എന്നാല്‍ നിഗൂഢത പേറുന്ന ഒരു ബൈക്കോട്ടക്കാരന്‍ അവളെ പിന്തുടരുന്നുണ്ട്. വിഡ്ഢികളായ മനുഷ്യരുടെ ആഭാസത്വത്തെ അനാവരണം ചെയ്യുന്ന ഒരു സിമട്രിക്കല്‍ സിനിമയാണ് ലെ ബോണ്‍സ് ഫെമ്മെസ് എന്നാണ് ഷാബ്രോള്‍ വ്യാഖ്യാനിക്കുന്നത്. നാലു പെണ്‍കുട്ടികളാണ് ചിത്രത്തിലുള്ളതെന്നു തോന്നുമെങ്കിലും ആത്യന്തികമായി അതൊരാള്‍ മാത്രമാണ്. താനൊരിക്കലും ഒരു നിരാശാവാദിയല്ല; എന്നാല്‍, ആളുകളുടെ ജീവിതത്തെക്കുറിച്ചാലോചിക്കുമ്പോള്‍ എനിക്ക് നിരാശ വരും. ഹിച്ച്കോക്കിന്റെ പ്രസിദ്ധ ത്രില്ലറായ വെര്‍ട്ടിഗോയുടെ സ്വാധീനത്തിലെടുത്ത ഒഫീലിയ(1963)യിലെ മുഖ്യ കഥാപാത്രം യാഥാര്‍ത്ഥ്യത്തെ നശിപ്പിക്കുന്നവനും സ്വപ്നത്തെ പിന്തുടരുന്നവനുമാണ്. ഫ്രാങ്കോയിസ് സഗാന്റെ തിരക്കഥയെ അടിസ്ഥാനമാക്കി 1963ല്‍ തന്നെ എടുത്ത ലണ്ട്രുവില്‍ ഒന്നാം ലോക മഹായുദ്ധകാലത്തെ കൂട്ടക്കൊലകളാണ് മുഖ്യ പ്രമേയമായത്. മറ്റു ന്യൂവേവുകാരുടെ (പ്രത്യക്ഷ) രാഷ്ട്രീയ പരിഗണനകളുടെയൊന്നും ലാഞ്ഛന പോലുമില്ലാത്ത ഈ യുദ്ധചിത്രത്തില്‍, ഷാബ്രോളിയന്‍ പരിചരണത്തിന്റെ വ്യത്യസ്തതകള്‍ പ്രകടമായിരുന്നു. കൊലപാതകം എന്ന പ്രവൃത്തിയോടുള്ള ആസക്തിയാണോ ഷാബ്രോളിനെ ഹരം കൊള്ളിക്കുന്നത് എന്നു പോലും സംശയിക്കുന്ന തരത്തിലാണ് ലണ്ട്രുവിന്റെ അവതരണം.

ഹിച്ച്കോക്കിയന്‍ സസ്പെന്‍സ് രീതിയിലെടുത്ത അറവുകാരന്‍(ലെ ബുച്ചര്‍/1970) അമേരിക്കയിലും വന്‍ വാണിജ്യവിജയം നേടിയെടുത്ത സുപ്രധാന സിനിമയാണ്. കുട്ടികള്‍ക്ക് അത്യധികം ഇഷ്ടമുള്ള സുന്ദരിയായ ഒരധ്യാപികയാണ് ഹെലന്‍. അവള്‍ പോപ്പാള്‍ എന്ന അള്‍ജീരിയക്കാരനുമായി പ്രണയത്തിലാകുന്നു. അയാള്‍ സുന്ദരികളെ കൊലപ്പെടുത്തുന്ന ഒരു തുടരന്‍ കൊലപാതകി(സീരിയല്‍ കില്ലര്‍)യാണെന്ന് അവള്‍ക്ക് സംശയമുണ്ടെങ്കിലും പ്രണയത്തില്‍ നിന്ന് വിട്ടുമാറാന്‍ ഈ അറിവ് അവളെ പ്രേരിപ്പിക്കുന്നില്ല. താന്‍ സംവിധാനം ചെയ്യാന്‍ മോഹിക്കുന്ന രണ്ടു ചിത്രങ്ങളിലൊന്ന് എന്നാണ് ഹിച്ച്കോക്ക് ലെ ബുച്ചറിനെ വിശേഷിപ്പിച്ചത്. കഥാപാത്രപഠനങ്ങളാണ് സിനിമയില്‍ നടക്കുന്നതെന്ന് തോന്നുമെങ്കിലും രണ്ട് മുഖ്യ കഥാപാത്രങ്ങളെക്കുറിച്ചും അധികം അറിവുകള്‍ കാണിക്ക് ലഭ്യമാവുന്നില്ല. ഒരു കാര്യം പക്ഷെ ഉറപ്പാണ്, തങ്ങളുടെ പരിസരവുമായി യോജിച്ചു പോകുന്നതിന് സ്വന്തം സ്വഭാവ സവിശേഷതകള്‍ പരമാവധി അമര്‍ത്തി വെക്കുന്നവരാണിരുവരും. അതായത്, വളരെ സാധാരണമെന്ന തരത്തില്‍ പട്ടണത്തിലെ ജീവിതത്തെ ആവിഷ്ക്കരിക്കുകയും അതിനോടൊത്ത് പോകാന്‍ ശ്രമിക്കുകയും ഒരു പരിധി വരെ അതില്‍ വിജയിക്കുകയും ചെയ്യുന്ന ഈ രണ്ട് കഥാപാത്രങ്ങളുടെ ആന്തരികസംഘര്‍ഷങ്ങളാണ് കാണിയെ ഉദ്വേഗത്തിന്റെ മുള്‍മുനയിലേക്ക് ആനയിക്കുന്നത് എന്നര്‍ത്ഥം. നിഗൂഢത എന്ന പരികല്‍പനയെ ഷാബ്രോള്‍ മാറ്റിയെഴുതുകയായിരുന്നു എന്നും പറയാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സാമ്പ്രദായികതയോടാണ് അദ്ദേഹം ഏറ്റുമുട്ടിയിരുന്നതെന്നു ചുരുക്കം. ഇരയും വേട്ടക്കാരനും തമ്മിലുള്ള അന്തരം പലപ്പോഴും അലിഞ്ഞില്ലാതാകുന്നതു കാണാം. അതായത്, ആരും പുറമെ കാണുന്നതു പോലെയുള്ളവരല്ല എന്ന ആത്യന്തിക സത്യത്തെ തന്നെയാണ് ഷാബ്രോള്‍ പൊളിച്ചടുക്കാന്‍ ശ്രമിക്കുന്നത്. കൊലയും കൊലപാതകി പിടിക്കപ്പെടുമെന്ന പ്രതീക്ഷയും ആണ് ക്രൈം സിനിമകളുടെ കേന്ദ്രബിന്ദുക്കളെങ്കില്‍ ആ ധാരണയും ഷാബ്രോള്‍ മാറ്റിമറിക്കുന്നു.

ലെ ബുച്ചറില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച സ്റ്റെഫാന്‍ ഓദ്രാന്‍ 25 ഓളം സിനിമകളില്‍ ഷാബ്രോളിന്റെ നായികയായിരിക്കുകയും 1964 മുതല്‍ക്ക് 1980 വരെ ഭാര്യയായിരിക്കുകയും ചെയ്ത് വിവാഹമോചനം നേടി. ഈ ചിത്രങ്ങളെ ഹെലന്‍ സൈക്കിള്‍ എന്ന് പൊതുവായി വിളിക്കപ്പെട്ടു. 1962ലെ ലെ ഈല്‍ ഡു മാലിന്‍ എന്ന ചിത്രത്തില്‍ തന്നെ ഓദ്രാന്റെ ഹെലന്‍ കഥാപാത്രം ആരംഭിച്ചിരുന്നു. 1969ലെടുത്ത വിശ്വസനീയയല്ലാത്ത പത്നി(ല ഫെമ്മെ ഇന്‍ഫിഡെല്‍)യില്‍ ഭാര്യാഭര്‍തൃബന്ധത്തോടൊപ്പം തന്നെ ജാരബന്ധവും തുടര്‍ന്നു വന്നിരുന്ന ഹെലനാണ് മുഖ്യ കഥാപാത്രം. ഭര്‍ത്താവ് ഇത് കണ്ടു പിടിക്കാന്‍ ഒരു ഡിറ്റക്ടീവിനെ ഏര്‍പ്പെടുത്തുന്നു. വിക്ടര്‍ പെഗാല എന്ന എഴുത്തുകാരനാണ് ജാരന്‍ എന്ന് തെളിയുന്നതോടെ ചാള്‍സ് ഡെസ്വാലസ് എന്ന ഭര്‍ത്താവ് അയാളെ കൊല്ലുന്നു. ബൂര്‍ഷ്വാ വിവാഹത്രികോണം - ഭാര്യ, ഭര്‍ത്താവ്, ജാരന്‍ - ഷാബ്രോളിന്റെ നിരവധി സിനിമകളുടെ പ്രമേയമായി പിന്നീട് അവതീര്‍ണമാകുകയുണ്ടായി. 1977ലെടുത്ത വയലറ്റ് എന്ന സിനിമയില്‍ മുഖ്യ കഥാപാത്രത്തിന്റെ അമ്മ വേഷമായിരുന്നു ഓദ്രാന്റേത്. വിശ്വ പ്രസിദ്ധ നടിയായ ഇസബെല്ല ഹുപ്പെര്‍ട് ആണ് വയലറ്റ് നോസിയര്‍ എന്ന നായികയെ അവതരിപ്പിച്ചത്. സദാചാരത്തെ സംബന്ധിച്ച പരമ്പരാഗത ധാരണകളെ അംഗീകരിക്കാത്തവളായിരുന്നു അവള്‍. പിന്നീട് പലപ്പോഴായി ഇസബെല്ല ഹുപ്പര്‍ട് ഷാബ്രോളിന്റെ നായികയായി വരുകയുണ്ടായി. ഇതില്‍ പ്രധാനം 1990ലെ പ്രസിദ്ധ ചിത്രം മദാം ബോവറി തന്നെ.

ഷാബ്രോളിന്റെ ചലച്ചിത്ര ജീവിതത്തെ അഞ്ചായി തരം തിരിക്കാം എന്നാണ്, ദ സസ്പെന്‍സ് ത്രില്ലര്‍- ഫിലിംസ് ഇന്‍ ദ ഷാഡോ ഓഫ് ആല്‍ഫ്രഡ് ഹിച്ച്കോക്ക് എന്ന ഷാബ്രോള്‍ പഠന പുസ്തകം എഴുതിയ ചാള്‍സ് ഡെറി അഭിപ്രായപ്പെടുന്നത്. ആദ്യകാലത്തെടുത്ത വ്യക്തിഗത സിനിമകളുടെ (1958 - 1962 --ല ബ്യെ സെര്‍ജ്യൂ മുതല്‍ ലണ്ട്രു വരെ) ഘട്ടത്തിനു ശേഷം, കച്ചവടവിജയത്തിന്റെ കാലഘട്ടമായിരുന്നു (1964-1967 - ദ ടൈഗര്‍ ലൈക്ക് ഫ്രഷ് ബ്ളഡ് മുതല്‍ ദ റോഡ് ടു കോറിന്ത് വരെ). മാസ്റ്റര്‍ പീസുകളുടെ പക്വ കാലഘട്ടമായിരുന്നു മൂന്നാമത്തേത്(1968-1973 - ലെസ് ബിച്ചെസ് മുതല്‍ വെഡ്ഡിംഗ് ഇന്‍ ബ്ളഡ് വരെ- എല്ലാത്തിലും അന്നത്തെ ഭാര്യ സ്റെഫാന്‍ ഓദ്രാന്‍ നായികയും ആന്ദ്രേ ജെനോവസ് നിര്‍മാതാവുമായിരുന്നു). വൈവിധ്യങ്ങളുടെ നാലാം കാലഘട്ടത്തില്‍(1974-1980ന്റെ പകുതി വരെ) സംവിധാനം ചെയ്ത മിക്കവാറും സിനിമകള്‍ക്ക് അന്താരാഷ്ട്ര റിലീസ് ലഭിക്കാതെ പോയി. 1980കളിലും 1990കളിലും അടക്കം എടുത്ത പുതിയ കാല സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തുകയും വിമര്‍ശകശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ഴാങ് റെനോയര്‍ പറഞ്ഞതനുസരിച്ച് എല്ലാ ചലച്ചിത്രകാരന്മാരും അവരുടെ ഒരേ സിനിമ തന്നെ പുനര്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഷാബ്രോളിന്റെ കാര്യത്തിലാണ് ഇത് നൂറു ശതമാനവും ശരിയായിരിക്കുന്നതെന്ന് വേണമെങ്കില്‍ വാദിക്കാം. ചാള്‍സും ഹെലനും പോളുമായി നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളും സദാചാര ലംഘനങ്ങളും കൊലകളും ഷാബ്രോളിയന്‍ യാഥാര്‍ത്ഥ്യ/നിഗൂഢതകളിലേക്ക് ആസ്വാദകരെയും ആരാധകരെയും ആനയിച്ചു. മുഖ്യ കഥാപാത്രങ്ങളുടെ പ്രാകൃതിക ആസക്തികള്‍ നിറവേറാതെ വരുന്നതിന് കാരണമാകുന്ന ബൂര്‍ഷ്വാ പരിതസ്ഥിതികളാണ് എല്ലായ്പോഴും അതിരൂക്ഷമായി വിമര്‍ശിക്കപ്പെടുന്നത്.

ഷാബ്രോളിന്റെ അവസാന മാസ്റ്റര്‍ പീസായി ഗണിക്കപ്പെടുന്നത് 1995ലിറങ്ങിയ ലെ സെറിമോണി ആണ്. സോവിയറ്റ് യൂണിയന്റെയും ഈസ്റ്റേണ്‍ ബ്ളോക്കിന്റെയും പതനം കഴിഞ്ഞ് ഏഴു വര്‍ഷത്തിനു ശേഷമാണ് ഈ ചിത്രമിറങ്ങിയത്. അവസാനത്തെ മാര്‍ക്സിസ്റ്റ് സിനിമ എന്നാണ് ഷാബ്രോള്‍, പരിഹാസത്തോടെ ലെ സെറിമോണിയെ സ്വയം വിശേഷിപ്പിച്ചത്. റത്ത് രണ്ടലിന്റെ എ ജഡ്ജ്മെന്റ് ഇന്‍ സ്റ്റോണ്‍ എന്ന നോവലിനെയാണ് സിനിമക്കവലംബമാക്കുന്നത്. സോഫി എന്ന നിരക്ഷരയായ വീട്ടുവേലക്കാരിയാണ് മുഖ്യ കഥാപാത്രം. ധനികയായ കാതറിന്റെ വീട്ടിലാണ് അവള്‍ വേലക്ക് നില്‍ക്കുന്നത്. കൃത്യ നിഷ്ഠയില്ലാത്ത പോസ്റോഫീസ് ജീവനക്കാരനായ ഴാങുമായി സോഫി പ്രണയത്തിലാവുന്നു. ഈ പ്രണയജീവിതം പൊടുന്നനെ അക്രമത്തിലേക്ക് വഴി മാറുന്നു. സംസ്ക്കാരത്തിന്റെയും വര്‍ഗ വിഭജനത്തിന്റെയും സന്ദിഗ്ദ്ധാവസ്ഥയാണ് ഷാബ്രോള്‍ ഈ സിനിമയില്‍ പ്രശ്നവത്ക്കരിക്കുന്നത്.

ഹിച്ച്കോക്കെന്നതുപോലെ ഷാബ്രോളും ഇതിവൃത്തത്തെക്കാളുപരി, മനോഭാവത്തിനും പശ്ചാത്തലത്തിനും കഥാപാത്രങ്ങളുടെ മനോവിഭ്രാന്തികള്‍ക്കും കഥാഗതിയിലെ ആന്തരിക ചലനങ്ങള്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. വികാരരഹിതമായ സഹതാപബോധം പ്രകടിപ്പിച്ച ഒരു വ്യത്യസ്ത ദൈവത്തിന്റെ വീക്ഷണങ്ങളാണ് ഷാബ്രോളിന്റെ സിനിമകളെന്നാണ് സ്റാന്‍ലി കുബ്രിക്ക് പറയുന്നത്. അദ്ദേഹത്തിന്റെ സിനിമകളിലെ കൊലകളും പ്രതികാരങ്ങളും ക്യാമറക്കും വോയ്സ് റെക്കോഡറിനും വേണ്ടി ചിട്ടപ്പെടുത്തിയതാണെന്നാണ് നമുക്ക് തോന്നുക. വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതെന്തോ അതാണ് കവിത എന്നു പറയാറുളളതു പോലെ, ഡബ്ബിംഗിലും സബ് ടൈറ്റിലിംഗിലും നഷ്ടപ്പെടുന്നതെന്തോ അതാണ് ഷാബ്രോളിന്റെ സിനിമയുടെ സൂക്ഷ്മ വിസ്മയങ്ങള്‍. നവതരംഗത്തിലെ ആദ്യമായി വാഴ്ത്തപ്പെട്ടവനും ആദ്യമായി ഇകഴ്ത്തപ്പെട്ടവനുമായ ഷാബ്രോള്‍, കച്ചവടം വിരുദ്ധം കല എന്ന ഫോര്‍മുലയെ തന്റെ ചലച്ചിത്രജീവിതത്തിലുടനീളം പിച്ചിച്ചീന്തി. ഇതുമൂലം ചിലപ്പോഴൊക്കെ, കൃത്രിമത്വം നിറഞ്ഞു നില്‍ക്കുന്ന കലാ സിനിമകളെ വാനോളം പുകഴ്ത്തുന്ന വരേണ്യ നിരൂപകരും, എല്ലാം മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ട തരത്തിലുള്ള ജനപ്രിയ സിനിമകളുടെ സ്ഥിരം ആരാധകരും ഒരു പോലെ ഷാബ്രോളിനെ എഴുതിത്തള്ളി. പുതിയ ചലച്ചിത്ര ദര്‍ശനത്തിനു വേണ്ടിയുള്ള നിതാന്തമായ പരിശ്രമമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് ഈ ഇരട്ട നിരാസങ്ങള്‍ നിസ്സംശയം തെളിയിച്ചു. ചലച്ചിത്രം എന്ന കല/വ്യവസായത്തിന്റെ മൂല്യ ഘടനകളെയും ലാവണ്യ ബോധങ്ങളെയും അടിയില്‍ നിന്നു തന്നെ പിഴുതെടുത്ത ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തെ, നിശ്ചയദാര്‍ഢ്യത്തോടെ അഞ്ചു ദശകങ്ങള്‍ നയിച്ച നായകനും പ്രതിനായകനുമായി ഷാബ്രോള്‍ ഇനിയുള്ള കാലം ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും.



*

Sunday, September 19, 2010

വംശഹത്യകളും സ്‌ത്രീകളും

ജനാധിപത്യം, മതേതരത്വം തുടങ്ങിയ സുപ്രധാന അടിസ്ഥാന മൂല്യങ്ങള്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മാണ-നിര്‍വഹണത്തെ തന്നെ നിര്‍വചിക്കുന്നുണ്ട്. ലോകത്ത് മറ്റൊരു രാഷ്‌ട്രത്തിലും ദൃശ്യമല്ലാത്ത വിധത്തിലുള്ള അനന്തവും വിചിത്രവും പരസ്‌പരവിരുദ്ധമെന്നു പോലും തോന്നിപ്പിക്കുന്നതുമായ വൈവിധ്യങ്ങള്‍; സംസ്‌കാരം, മതം, വിശ്വാസം, വസ്‌ത്രം, മര്യാദ, ഭക്ഷണം, കുടുംബം, ഭാഷ, കല, സാഹിത്യം എന്നീ കാര്യങ്ങളിലൊക്കെ പുലര്‍ത്തുന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ പല / ഒരേ ഇന്ത്യയെ സാധ്യമാക്കുന്നതില്‍ ഈ ഭരണഘടനയുടെ സാന്നിദ്ധ്യം അത്യന്തം പ്രധാനമാണെന്ന് വിദഗ്ദ്ധരും അല്ലാത്തവരുമായ നിരീക്ഷകരൊക്കെയും സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍, അത്രയും ഗംഭീരമായ ഒരു ഭരണഘടന കൊണ്ടു മാത്രം രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ജനതയുടെ സുരക്ഷിതത്വവും എല്ലാക്കാലത്തും ഒരു പോലെ ഉറപ്പു വരുത്താനാവില്ല എന്നതിന്റെ തെളിവുകളായിട്ടാണ് സ്വതന്ത്ര ഇന്ത്യയിലുണ്ടായ മൂന്നു വംശഹത്യകളെ - ദില്ലി(1984), ഗുജറാത്ത്(2002), ഖണ്ഡമാല്‍(2007) - സമാധാന വിശ്വാസികള്‍ കണക്കാക്കുന്നത്. ഇന്ത്യാരാജ്യത്തെ മൂന്നു പ്രമുഖ ന്യൂനപക്ഷങ്ങള്‍ - സിക്ക്, മുസ്ളിം, ക്രിസ്‌ത്യന്‍ - ഈ മൂന്നു വംശഹത്യകളിലായി മാറി മാറി വേട്ടയാടപ്പെട്ടു. വര്‍ഷങ്ങള്‍ പൊഴിഞ്ഞു പോയിട്ടും പ്രധാനപ്പെട്ട പ്രതികള്‍ ശിക്ഷിക്കപ്പെടാതെ വിലസി നടക്കുകയും ചെയ്യുന്നു. ഇതു മാത്രമല്ല ഈ വംശഹത്യകളിലെ സമാനതകള്‍. രക്തരൂഷിതമായ കൊലയും കൊള്ളിവെപ്പും മോഷണവും ഒരു പോലെ അരങ്ങേറിയ ഈ മൂന്നവസരങ്ങളിലും സ്‌ത്രീജനങ്ങള്‍ക്കെതിരായ ലൈംഗികാക്രമണങ്ങള്‍ ഏതാണ്ടൊരേ വിധത്തില്‍ ആഹ്ളാദനിര്‍മ്മിതിയുടെ അവിഭാജ്യ ഘടകമായി സംഘടിപ്പിക്കപ്പെട്ടിരുന്നു എന്ന കാര്യം നമുക്ക് വിസ്‌മരിക്കാനാവില്ല. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥയിലെന്ന വണ്ണം എല്ലാ സംഭവങ്ങളും ദുരന്താത്മകമായ അന്ത്യത്തില്‍ കലാശിക്കുകയും ചെയ്‌തു. ഇരകള്‍ എവിടെയൊക്കെയോ എങ്ങിനെയൊക്കെയോ വിസ്‌മൃതികളില്‍ കുടുങ്ങിപ്പോകുകയും വേട്ടക്കാര്‍ അവരുടെ ഗൂഢമായ ആഹ്ളാദങ്ങളും പേറി മുകള്‍ത്തട്ടുകളിലേക്ക് പൊന്തിപ്പറക്കുകയും ചെയ്‌തു.

1984ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സിക്ക് വംശജരാണ് ദില്ലിയില്‍ കൊന്നു തള്ളപ്പെട്ടത്. ഒരു അസാധാരണ സാഹചര്യത്തില്‍ നടന്ന അത്യപൂര്‍വ്വമായ ഒരക്രമമായി അതിനെ എഴുതിത്തള്ളാന്‍ പലരും വെമ്പല്‍ കൂട്ടി. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ എന്ന രാജീവ് ഗാന്ധിയുടെ ന്യായീകരണം ഈ അസാധാരണത്വത്തെ മഹത്വവത്ക്കരിക്കുകയും ചെയ്‌തു. എന്നാല്‍, അന്ന് രാഷ്‌ട്രവും നീതിന്യായ വ്യവസ്ഥയും പൊതു സമൂഹവും വിമുഖതയോടെ ഈ പ്രശ്‌നത്തെ നേരിട്ടതുകൊണ്ടു കൂടിയാണ് പിന്നീടുള്ള രണ്ടു വംശഹത്യകള്‍ കൂടി അതേ തീവ്രതയോടെ കൊണ്ടാടാന്‍ സംഘപരിവാര്‍ ഫാസിസ്‌റ്റുകള്‍ക്ക് ധൈര്യം കിട്ടിയത് എന്നു വേണം കരുതാന്‍. ഭരണകൂടത്തിന്റെ ഉപകരണങ്ങള്‍ - സൈന്യം, പൊലീസ്, ഭരണകക്ഷിയിലെ മന്ത്രിമാരും എം എല്‍ എ മാരും എം പിമാരും മറ്റ് സ്വാധീനമുള്ള നേതാക്കളും - നഗ്നമായി അക്രമികളോടൊപ്പം കൂടുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന പ്രവണത ഈ മൂന്നവസരങ്ങളിലും ദൃശ്യമായിരുന്നു. വെറുതെ കൊന്നു തള്ളുന്നതിനു പകരം നൂതനമായ കൊലപാതകാഹ്ളാദരീതികള്‍ പരീക്ഷിക്കപ്പെട്ടു. പിഞ്ചു കുട്ടികളുടെ കഴുത്തില്‍ കത്തുന്ന ടയര്‍ കൊണ്ട് മാലയണിയിക്കുക, ഗര്‍ഭിണിയെ ബലാത്സംഗം ചെയ്‌തതിനു ശേഷം നിറവയര്‍ കുത്തിക്കീറി ഭ്രൂണത്തെ വലിച്ചെടുത്ത് വാളില്‍ കോര്‍ത്ത് അട്ടഹസിക്കുക, തുടങ്ങി ഭാഷകളിലും ചരിത്രത്തിലും വിവരണാതീതമായി എല്ലാക്കാലത്തും നിലനില്‍ക്കുന്ന ഭീകരതകള്‍ ഓരോ വംശഹത്യകളുടെയും മുഖമുദ്രകളായി പില്‍ക്കാലത്ത് നമ്മെ വേട്ടയാടിക്കൊണ്ടേയിരുന്നു. വേട്ടയാടപ്പെട്ട സമുദായം വംശഹത്യകളെ തുടര്‍ന്ന് കുറെക്കാലത്തേക്ക് സാമൂഹ്യ ബഹിഷ്‌ക്കരണത്തിനും വിധേയമായി. അവരുടെ കടകളിലാരും കയറരുത്, അവരുടെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കരുത്, അവരെ ജോലിക്കെടുക്കരുത്, അവരുടെ സ്ഥാപനങ്ങളില്‍ ജോലിക്ക് പോകരുത് എന്നിങ്ങനെ സാമൂഹ്യ ബഹിഷ്‌ക്കരണം നിശ്ശബ്‌ദമായ ഒരു വംശഹത്യാതുടര്‍ച്ച കൂടിയാണ്.

കണ്ണിന് കണ്ണ് എന്ന പ്രതികാര സിദ്ധാന്തം അഥവാ നരേന്ദ്രമോഡിയുടെ കുപ്രസിദ്ധമായ ന്യൂട്ടന്‍ സിദ്ധാന്തം(ഓരോ പ്രവര്‍ത്തനത്തിനും ഓരോ പ്രതിപ്രവര്‍ത്തനമുണ്ട്) മൂന്നു വംശഹത്യകളെയും സാധൂകരിക്കാന്‍ വേണ്ടി തയ്യാര്‍ ചെയ്‌തിട്ടുണ്ടായിരുന്നു. ദില്ലിയിലത് ഇന്ദിരാഗാന്ധിയുടെ വധമായിരുന്നുവെങ്കില്‍, ഗുജറാത്തില്‍ ഗോധ്ര തീവണ്ടി കത്തിക്കലും, ഖണ്ഡമാലില്‍ സ്വാമി ലക്ഷ്‌മണാനന്ദയുടെ വധവുമായിരുന്നു. എന്നാല്‍ ഈ സംഭവങ്ങളിലെ നിഷ്‌ഠൂരതയെ കവച്ചു വെക്കുന്ന തരത്തിലും അതിലെ ആസൂത്രണങ്ങളെ അപ്രസക്തമാക്കുന്ന വിധത്തിലും, വിപുലവും വ്യാപകവുമായ അക്രമങ്ങളാണ് ഓരോ വംശഹത്യകളിലും നടന്നത്. അതായത്, അവയും കാലേക്കൂട്ടി തയ്യാര്‍ ചെയ്യപ്പെട്ടിരുന്നു എന്ന് സംശയാതീതമായി നമുക്ക് ബോധ്യപ്പെടുന്ന തരത്തിലാണ് സ്വതന്ത്രാന്വേഷണങ്ങള്‍ വസ്‌തുതകള്‍ പുറത്ത് കൊണ്ടു വന്നിട്ടുള്ളത്. സ്വാമി ലക്ഷ്‌മണാനന്ദയുടെ വധവുമായി ക്രിസ്‌ത്യാനികള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന കാര്യം സംശയാതീതമായി ഉന്നയിക്കപ്പെടുക പോലും ചെയ്യുന്നതിനു മുമ്പാണ് ഖണ്ഡമാലിലെ അക്രമങ്ങളുമായി ഫാസിസ്‌റ്റുകള്‍ മുന്നേറിയത് എന്നതും മറന്നു കൂടാ.


മൂന്നു വംശഹത്യകളിലും ഏറ്റവും സര്‍വസാധാരണമായി നടന്ന പ്രധാനപ്പെട്ട കാര്യം സ്‌ത്രീകള്‍ക്കെതിരായ ലൈംഗികാക്രമണങ്ങളായിരുന്നു. സ്‌ത്രീകള്‍ പ്രായഭേദമെന്യേ അവരുടെ സ്വന്തം കുടുംബാംഗങ്ങള്‍ക്കു മുമ്പില്‍ വെച്ചു തന്നെ പിച്ചിച്ചീന്തപ്പെട്ടു. ചില അമ്മമാരെ ആക്രമിച്ചതിനു ശേഷം ഒരേ അക്രമി ആ അമ്മയുടെ ചെറു പ്രായത്തിലുള്ള പെണ്‍മക്കളെയും അതേ പോലെ മാനഭംഗപ്പെടുത്തിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ശിക്ഷയുടെ പശ്ചാത്തലപ്രദേശമായി സ്‌ത്രീ ശരീരങ്ങളെ ഒറീസ്സയിലെ അക്രമികള്‍ ഉപയോഗിച്ചു എന്നാണ് സ്വതന്ത്ര ജൂറി അംഗമായ വൃന്ദ ഗ്രോവര്‍ രേഖപ്പെടുത്തിയത്. ഒരു പോലീസ് പോസ്‌റ്റിനു മുന്നില്‍ വെച്ച് പന്ത്രണ്ട് പോലീസുകാര്‍ നോക്കി നില്‍ക്കെ, ഒരു കന്യാസ്‌ത്രീ വിവസ്‌ത്രയാക്കപ്പെടുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും ചെയ്‌ത സംഭവം ദേശീയ മാധ്യമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട് ചെയ്‌തിരുന്നു. ഗുജറാത്തില്‍ സ്‌ത്രീകള്‍ക്ക് നേരെ നടന്ന വ്യാപകമായ ലൈംഗികാക്രമണങ്ങള്‍ നിരവധി തവണ വിശദീകരിക്കപ്പെട്ടിട്ടുള്ളതു കൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഇരുപത്താറ് വര്‍ഷം മുമ്പ് ദില്ലിയില്‍ സിക്കുകാര്‍ക്കെതിരെ നടന്ന കൂട്ടക്കൊലയില്‍ താരതമ്യേന സ്‌ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ കുറവായിരുന്നുവെന്നാണ് അടുത്ത കാലം വരെയും കരുതപ്പെട്ടിരുന്നത്. മനോജ് മിത്തയും എച്ച് എസ് ഫൂല്‍ക്കെയും ചേര്‍ന്നെഴുതിയ ദില്ലിയെ ഒരു വന്‍ മരവീഴ്‌ച കുലുക്കിയപ്പോള്‍- നിശ്ശബ്‌ദതയുടെ മൂടുപടം നീക്കുന്നു(വെന്‍ എ ട്രീ ഷുക്ക് ദില്ലി -ലിഫ്‌റ്റിംഗ് ദ വീല്‍ ഓഫ് സൈലന്‍സ്) എന്ന പുസ്‌തകം അടുത്തയിടെ പുറത്തുവന്നപ്പോളാണ് ദില്ലി വംശഹത്യയിലും ബലാത്സംഗം ധാരാളമായി ഉപയോഗിക്കപ്പെട്ട ഒരായുധമായിരുന്നു എന്ന് വ്യക്തമായത്.


ലൈംഗികാക്രമണങ്ങള്‍ പുറത്തു വരാത്തതിന്റെ പുറകിലുള്ള പ്രധാന കാരണം, ഇരകളാക്കപ്പെട്ടവര്‍ പുലര്‍ത്തുന്ന മൌനവും ഉള്‍വലിയലും തന്നെയാണ്. രേഖപ്പെടുത്തല്‍, റിപ്പോര്‍ടിംഗ്, അന്വേഷണം, കുറ്റപത്രം രൂപപ്പെടുത്തല്‍, ശിക്ഷ എന്നീ ഘട്ടങ്ങളെയൊക്കെയും ഈ മൌനം സ്വാധീനിക്കുന്നുണ്ട്. ഇനി ഇരകള്‍ തുറന്നു പറഞ്ഞാല്‍ തന്നെ ഇത്തരം കേസുകളില്‍ തുടര്‍ച്ചയായി സ്‌ഥൈര്യം നിലനിര്‍ത്തി പൊരുതാന്‍ കെല്‍പ്പില്ലാത്തതിനാല്‍ അവര്‍ നിശ്ശബ്‌ദരാക്കപ്പെടുകയും തോല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവണതയും സാധാരണമാണ്. പൊതു സമൂഹം സാധാരണ ഗതിയില്‍ തന്നെ (സമാധാന കാലത്തും) സ്‌ത്രീ വിരുദ്ധമായതിനാല്‍, സ്‌ത്രീകളുടെ ആവലാതികള്‍ പരിഹരിക്കപ്പെടാതിരിക്കുകയോ വേണ്ട രീതിയില്‍ ഉന്നയിക്കപ്പെടുന്നതില്‍ നിന്നു തന്നെ തടയപ്പെടുകയോ ചെയ്യുന്നു. ഇതും അവര്‍ക്കെതിരായ ആക്രമണങ്ങളുടെ ഊക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലയ്‌ക്കാണ് കേട് തുടങ്ങിയ പഴഞ്ചൊല്ലുകളില്‍ അധിഷ്‌ഠിതമായ പരമ്പരാഗത പുരുഷാധിപത്യ ബോധമാണ് അതി നിഷ്‌ഠൂരമായ വര്‍ഗീയ - വംശഹത്യകളിലെ കേസുകളില്‍ പോലും അഭിപ്രായം രൂപപ്പെടുത്തുന്നതിനെ സ്വാധീനിക്കുന്നത്. സ്‌ത്രീകള്‍ ആക്രമിക്കപ്പെടാം എന്ന അവസ്ഥ നിലനില്‍ക്കുന്നതു കൊണ്ട് ആക്രമണത്തിനിരയായ സമുദായത്തില്‍പ്പെട്ടവര്‍ തങ്ങളുടെ വീട്ടിലേക്ക് തിരിച്ചുവരാതിരിക്കുകയും ചെയ്യുന്നു. നിശ്ശബ്‌ദമായ ദൈനം ദിന അക്രമത്തിലൂടെ ന്യൂനപക്ഷം വേട്ടയാടപ്പെടുന്ന അവസ്ഥയാണിതു മൂലമുണ്ടാകുന്നത്. തുല്യത, വിവേചനരാഹിത്യം, അഭിമാനത്തോടെയുള്ള ജീവിതം എന്നീ അന്താരാഷ്‌ട്ര മൂല്യങ്ങളാണ് ഇത്തരം അവസരങ്ങളില്‍ വ്യാപകമായി ഉന്മൂലനം ചെയ്യപ്പെടുന്നത് എന്നതാണ് വാസ്‌തവം. ആയിരത്തിതൊള്ളായിരത്തി എണ്‍പത്തി നാലിനു ശേഷമുള്ള ഇന്ത്യ, ജനാധിപത്യ നിര്‍മാണത്തോടൊപ്പം തന്നെ ജനാധിപത്യ ശിഥിലീകരണത്തിന്റെയും പ്രയോഗസ്ഥലമായി മാറിക്കൊണ്ടിരിക്കുന്നു എന്ന നിരീക്ഷണം പ്രബലമാവുന്നത് ഇത്തരം ദുരവസ്ഥകളുടെ കൂടി പശ്ചാത്തലത്തിലാണ്.



കൂടുതല്‍ വായനക്ക് :


1. Preliminary Findings & Recommendations - The National People’s Tribunal on Kandhamal

2. Three pogroms held together by a common thread - Vidya Subrahmaniam (The Hindu - Saturday, Sep 04, 2010)

Sunday, September 5, 2010

കൂലിക്ക് ശത്രുപ്പണി

ഉസാമ ബിന്‍ ലാദന്‍ അമേരിക്കയുടെ ശമ്പളം പറ്റുന്ന ഏജന്റാണെന്ന് ഫിദല്‍ കാസ്‌ട്രോ തുറന്നടിച്ചിരിക്കുന്നു. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാന്മാരിലൊരാളും വിപ്ളവ ഇതിഹാസവുമായ കാസ്‌ട്രോ ഒരു ലിത്വാനിയന്‍ എഴുത്തുകാരനുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ബുഷിന് ലാദന്റെ

പിന്തുണ എക്കാലത്തും ലഭിച്ചിരുന്നു എന്നും ലാദന്‍ ബുഷിന്റെ കീഴ് ജീവനക്കാരനായിരുന്നു എന്നും കാസ്‌ട്രോ വിശദീകരിക്കുന്നു. വിക്കിലീക്‌സ് പ്രസിദ്ധീകരിച്ച ആയിരക്കണക്കിന് അഫ്‌ഗാന്‍ യുദ്ധരഹസ്യങ്ങളില്‍ നിന്ന് ലാദന്‍ ഒരു സി ഐ എ ഏജന്റാണെന്ന് തെളിയുന്നുണ്ട്. അമേരിക്കയിലെ മുന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിന് ലോകത്തെ ഭയപ്പെടുത്തണം എന്ന് തോന്നുന്ന അവസരങ്ങളിലാണ് ലാദന്‍ ഭീഷണി ഉയര്‍ത്തിയിട്ടുള്ളതെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തലുകളില്‍ നിന്ന് വ്യക്തമാകുന്നതായി കാസ്‌ട്രോ പറയുന്നു.

നമ്മുടെ ചാനല്‍ ചര്‍ച്ചകളിലെ വിദേശ കാര്യ-നയതന്ത്ര വിദഗ്ദ്ധര്‍ ഈ പ്രസ്‌താവനയുടെ വാച്യാര്‍ത്ഥവും വ്യാകരണവും ചികഞ്ഞ് ഇതൊരു കള്ള പ്രസ്‌താവനയാണെന്നോ അഥവാ ഗൌരവമില്ലാത്ത വിടുവായത്തമാണെന്നോ ഇതിനകം വിധിച്ചു കഴിഞ്ഞു. അഫ്‌ഗാനിസ്‌ഥാനില്‍ സോവിയറ്റനുകൂല ഭരണകൂടം നിലനിന്നിരുന്ന കാലത്ത്, അവിടത്തെ ഗോത്രജനതയെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിച്ചത് അമേരിക്കയും സി ഐ എയും തന്നെയായിരുന്നു എന്നത് അന്ന് പലരും അംഗീകരിച്ചിരുന്നില്ലെങ്കിലും ഇന്ന് എല്ലാവരും അംഗീകരിക്കുന്ന സംഗതിയാണ്. അന്ന് താലിബാന്‍കാരെ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് റൊണാള്‍ഡ് റീഗന്‍ വിശേഷിപ്പിച്ചത് 'നമ്മുടെ സ്വാതന്ത്ര്യപ്പോരാളികള്‍' എന്നായിരുന്നു. കാസ്‌പിയന്‍ മേഖലയിലെ പെട്രോളിയം താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി, ഡോ. നജീബുള്ള സര്‍ക്കാരിനെതിരെ മതതീവ്രവാദികളുടെ കളിക്കളമാക്കി അഫ്‌ഗാനിസ്ഥാനെ മാറ്റി തീര്‍ക്കുന്നതിന് സി ഐ എ വഴിയും അല്ലാതെയും അറുപതിനായിരം കോടി ഡോളറാണ്(ഇന്ത്യന്‍ കണക്കില്‍ പന്ത്രണ്ട് ലക്ഷം കോടി രൂപ) ജനപ്രതിനിധി സഭയായ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരത്തോടെ യാങ്കി സര്‍ക്കാര്‍ ചെലവഴിച്ചത്.

ഏറ്റവും അവസാനം സപ്‌തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററിനു നേര്‍ക്ക് നടന്ന അതിരൂക്ഷമായ ആക്രമണം അമേരിക്കന്‍ സര്‍ക്കാര്‍ കൂടി അറിഞ്ഞുകൊണ്ട് നടത്തിയ ഒന്നായിരുന്നു എന്ന് സമര്‍ത്ഥിക്കുന്ന നിരവധി വാദങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. മത-ദൈവശാസ്‌ത്രജ്ഞനായ പ്രൊഫസര്‍ ഡേവിഡ് റേ ഗ്രിഫിന്‍ ഈ വാദത്തിന്റെ മുഖ്യ വക്താക്കളിലൊരാളാണ്. സപ്‌തംബര്‍ 11ന് ശേഷം സൈനികവത്ക്കരണവും പൊലീസ് രാജും യുദ്ധോത്സുകതയും ലോകത്തെമ്പാടും വര്‍ദ്ധിച്ചു. ഇതിനെ തുടര്‍ന്ന് ആയുധവ്യാപാരത്തിലുണ്ടായ വര്‍ദ്ധന വിവരണാതീതമാണ്. സൌദി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ബിന്‍ ലാദന്‍ കുടുംബക്കാര്‍ വന്‍ ആസ്‌തി കൈമുതലായുള്ള ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്മാരാണ്. അഞ്ചു ബില്യന്‍ യു എസ് ഡോളറിന്റെ വാര്‍ഷിക വാണിജ്യമാണവര്‍ നടത്തുന്നത്. നിര്‍മാണ കോണ്‍ട്രാക്‌ടുകള്‍, ഇക്വിറ്റി മാനേജ്‌മെന്റ് പോലുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് കോര്‍പ്പറേറ്റ് ഭീമന്മാരായ മൈക്രോസോഫ്‌റ്റ്, ബോയിംഗ് അടക്കമുള്ള കമ്പനികളില്‍ വന്‍ ഷെയര്‍ നിക്ഷേപങ്ങളുണ്ട്. വിഖ്യാത ഡോക്കുമെന്ററി സംവിധായകനായ മൈക്കിള്‍ മൂറിന്റെ പ്രസിദ്ധ ചിത്രമായ ഫാരന്‍ഹീറ്റ് 9/11(2004), അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിന്റെ കുടുംബവുമായി ബിന്‍ ലാദന്‍ കുടുംബം നടത്തിക്കൊണ്ടിരുന്ന ആയുധവ്യാപാരത്തെ നേരിട്ട് വിചാരണ ചെയ്യുന്ന ഒന്നാണ്. സപ്‌തംബര്‍ 11 ആക്രമണത്തിനു ശേഷം, അമേരിക്കയിലെ വിമാനത്താവളങ്ങള്‍ അടച്ചിടുകയോ കടുത്ത നിയന്ത്രണത്തില്‍ മാത്രം പ്രവര്‍ത്തിക്കുകയോ ചെയ്‌തിരുന്ന സമയത്ത് ബിന്‍ലാദന്‍ കുടുംബാംഗങ്ങള്‍ മാത്രം സഞ്ചരിച്ചിരുന്ന ഒരു സ്വകാര്യ വിമാനത്തിന് രാജ്യം വിട്ടുപോകാന്‍ അനുമതി ബുഷ് നേരിട്ട് നല്‍കിയതു പോലുള്ള ഞെട്ടിപ്പിക്കുന്ന വസ്‌തുതകളാണ് ഈ സിനിമയിലുള്ളത്.


ചരിത്ര ബോധമുള്ള ആര്‍ക്കും താലിബാന്‍, അല്‍ ഖ്വയ്‌ദ പോലുള്ള ഭീകരപ്രസ്ഥാനങ്ങളെ അമേരിക്കയും സി ഐ എയും ഊട്ടി വളര്‍ത്തിയതാണെന്ന കാര്യം ബോധ്യപ്പെടാവുന്നതേ ഉള്ളൂ. ആഗോള ഭീകരതക്കെതിരായ അമേരിക്കയുടെ തുറന്ന യുദ്ധത്തിന്റെ കാലത്താണ് ലോകത്ത് ഭീകരാക്രമണങ്ങള്‍ ക്രമാതീതമായും നിയന്ത്രണാതീതമായും വര്‍ദ്ധിച്ചു വന്നിരിക്കുന്നത്. ആഭ്യന്തരവും ബാഹ്യവുമായ കാരണങ്ങളാല്‍, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിലനില്‍പിനെയും അഫ്‌ഗാന്‍-ഇറാഖ് ആക്രമണങ്ങളെയും സാധൂകരിക്കാന്‍ ലോകത്തിന്റെ പലയിടത്തുമായി നിരന്തരം ഭീകരാക്രമണങ്ങള്‍ നടന്നുകൊണ്ടേ ഇരിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ നടക്കുന്ന വ്യാജ ഏറ്റുമുട്ടലുകള്‍ പോലെ, തിരക്കഥയും സംഭാഷണവും രചിക്കപ്പെട്ട, മുന്‍ കൂട്ടി അമേരിക്കക്കറിയാവുന്ന ആക്രമണങ്ങളാണ് മിക്കപ്പോഴും നടക്കുന്നത്. അമേരിക്ക നടത്തുന്ന കടുത്ത ഭീകരവിരുദ്ധ യുദ്ധത്തെ തുടര്‍ന്ന് പ്രകോപിതരായ ജനത പല തരത്തിലുള്ള പ്രതിരോധാക്രമണങ്ങള്‍ സ്വാഭാവികമായി സംഘടിപ്പിക്കാനുള്ള സാധ്യതകളും തള്ളിക്കളയേണ്ടതില്ല. അത്തരം ആക്രമണങ്ങളുടെ വാര്‍ത്തകള്‍ അതിശയോക്തിപരമായി വിവരിക്കുന്നതോടെ വീണ്ടും സാമ്രാജ്യത്വാക്രമണങ്ങള്‍ക്കുള്ള ന്യായീകരണം ചമക്കപ്പെടുകയും ചെയ്യുന്നു. മൈക്കിള്‍ മൂറിന്റെ സിനിമയില്‍, സപ്‌തംബര്‍ 11ന് ആദ്യത്തെ വിമാനം വേള്‍ഡ് ട്രേഡ് സെന്ററിലിടിച്ചു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു എലിമെന്ററി വിദ്യാലയത്തില്‍ എന്തോ നിസ്സാര പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന പ്രസിഡണ്ട് ബുഷ് ഫ്ളോറിഡയിലെ ആ സ്‌കൂളില്‍ കൊച്ചുകുട്ടികളോടൊപ്പം കളിക്കുന്ന പരിഹാസ്യമായ ദൃശ്യം കാണിക്കുന്നുണ്ട്. രണ്ടാമത്തെ വിമാനവും ഇടിച്ചു എന്നു പറയുമ്പോള്‍, ദ പെറ്റ് ഗോട്ട് എന്ന കുട്ടിക്കഥ വായിച്ച് കുട്ടികളോടൊപ്പം ചിരിച്ചുല്ലസിക്കുന്ന ബുഷിനെയാണ് കാണുന്നത്. ഏഴു മിനുറ്റോളം ഈ ഉല്ലാസം തുടരുന്നു. ഒന്നുകില്‍ പ്രസിഡണ്ട് ബുഷ് ഒരു മന്ദബുദ്ധിയോ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'ട്യൂബ് ലൈറ്റോ' ആയിരിക്കണം. അല്ലെങ്കില്‍ താന്‍ ഉദ്ദേശിച്ചതും നിര്‍ദ്ദേശിച്ചതുമായ കാര്യങ്ങള്‍ നടന്നത് അറിയുമ്പോള്‍ സന്തോഷം മൂടിവെക്കാന്‍ എന്തു ചെയ്യണം എന്നറിയാന്‍ പാടില്ലാത്ത ഒരു പാവം ചെകുത്താനായിരിക്കണം ബുഷ്.

താലിബാന്റെയും അല്‍ ഖ്വയ്‌ദയുടെയും ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വികസിത-അവികസിത വ്യത്യാസമില്ലാതെ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഇസ്ളാം ഭീതിയും പരന്നു. കുരിശു യുദ്ധ കാലത്തെന്നതു പോലെ ഇസ്ളാം-കൃസ്‌ത്യന്‍ സംഘര്‍ഷം നിര്‍മിച്ചെടുക്കാനും മൂര്‍ഛിപ്പിക്കാനുമുള്ള നീക്കങ്ങളും സജീവമാണ്. ഹണ്ടിംഗ്‌ടണ്‍ സിദ്ധാന്തം പോലെ, സംസ്‌ക്കാരങ്ങളുടെ സംഘര്‍ഷം എന്ന പേരില്‍ ഈ അവസ്ഥയെ തത്വവത്ക്കരിക്കാനും അപ്രകാരം ചരിത്രത്തില്‍ സാധൂകരിക്കാനുമുള്ള പ്രവണതകളും സജീവമാണ്.

ഇത്തരത്തിലുള്ള ഗൂഢാലോചനാപദ്ധതിക്കാര്‍ക്കും ആക്രമണോത്സുകരായ 'ജനാധിപത്യ പുനസ്ഥാപകര്‍'ക്കും ഫിദലിന്റെ തുറന്നടിച്ചുള്ള വിമര്‍ശനം തിരിച്ചടിയായിരിക്കുമെന്നതുറപ്പാണ്. വലിക്കുന്ന ചുരുട്ടില്‍ വരെ ബോംബ് വെച്ച് നിരവധി തവണ അദ്ദേഹത്തെ നിഷ്‌ക്കാസനം ചെയ്യാന്‍ കോടിക്കണക്കിന് ഡോളറാണ് സി ഐ എ ഒഴുക്കിയത്. എന്നിട്ടും ജീവിച്ചിരുന്ന്, അമേരിക്കക്ക് പ്രായോഗികമായും സൈദ്ധാന്തികമായും കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നു എന്നത് ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരോധികള്‍ക്ക് അത്യധികം ആവേശം പകരുന്ന ഒരു കാര്യമാണ്.

Saturday, September 4, 2010

തൂലികയിലൊളിപ്പിച്ച ബുദ്ധിയും ആസക്തിയും

I never talk about Sartre, but he was still my starting point - Eric Rohmer

വിശ്വ സൌന്ദര്യം എന്ന അടിസ്ഥാന വിഷയത്തെ സിനിമയില്‍ പരിചരിക്കേണ്ടി വരുമ്പോള്‍ ചലച്ചിത്രകലയെക്കുറിച്ചുള്ള തന്റെ അഗാധമായ പരിജ്ഞാനം മറന്നുകളയുകയാണ് എറിക് റോമര്‍ ചെയ്തിരുന്നതെന്നാണ് 2010ലെ സീസര്‍ പുരസ്കാര വേളയില്‍ അദ്ദേഹത്തിനുള്ള ചരമോപചാരം അര്‍പ്പിച്ചുകൊണ്ട് തിരക്കഥാരചയിതാവായ ഴാക് ഫീഷി വ്യാഖ്യാനിച്ചത്. ഇത്തരത്തില്‍ പ്രകടവും അതേ സമയം അജ്ഞേയവുമായ ദ്വൈതഭാവങ്ങളാണ് ഫ്രഞ്ച് ന്യൂവേവിനെ അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും അചഞ്ചലമായ ഒരു പ്രയോഗ/വിശ്വാസ രീതിയായി നെഞ്ചില്‍ സ്വീകരിച്ചു കൊണ്ടു നടന്ന റോമറുടെ ശൈലിയെ സവിശേഷമാക്കുന്നത്. 2010 ജനുവരി 11നാണ് എണ്‍പത്തിയൊമ്പതാമത്തെ വയസ്സില്‍ അദ്ദേഹം മരണമടയുന്നത്. ഫെബ്രുവരി 8ന് പാരീസിലെ പ്രസിദ്ധ ചലച്ചിത്ര മ്യൂസിയമായ സിനിമാത്തെക്ക് ഫ്രാങ്കെയ്സില്‍ അദ്ദേഹത്തിനുള്ള ചരമോപചാരം നടന്നു. അദ്ദേഹത്തിന്റെ ക്ളെയര്‍സ് നീ എന്ന ഫീച്ചറിനൊപ്പം റോമറെക്കുറിച്ച് ഗൊദാര്‍ദ് നിര്‍മിച്ച ഓര്‍മ്മച്ചിത്രവും പ്രദര്‍ശിപ്പിച്ചു. ഗൊദാര്‍ദ് ഏറ്റവുമവസാനം പൂര്‍ത്തിയാക്കിയ സിനിമയുമാണിത്.

സ്വന്തം ആസക്തികളോട് നീതി പുലര്‍ത്താന്‍ സാധ്യമാവാതെ വരുന്നവരും അതേ സമയം തുറന്നതും വ്യക്തവുമായ നയസമീപനങ്ങളുള്ളവരുമായ ബുദ്ധിമാന്മാരായ നായകരാണ് അദ്ദേഹത്തിന്റെ സിനിമകളിലുള്ളത്. ഈ വൈരുദ്ധ്യം റോമറുടെ തന്നെ വ്യക്തിത്വത്തെ ചൂഴ്ന്നു നില്‍ക്കുന്ന ഒന്നാണെന്നതാണ് വാസ്തവം. ലോക പ്രശസ്തനായ ഒരു ചലച്ചിത്രകാരനും തിരക്കഥാ രചയിതാവും വിമര്‍ശകനും നോവലിസ്റും അധ്യാപകനുമായിരുന്ന എറിക് റോമര്‍ അത്തരത്തിലുള്ള ഒരു മഹദ് വ്യക്തിത്വമാണെന്ന വിവരം സ്വന്തം അമ്മയില്‍ നിന്നു പോലും (ഭാര്യയില്‍ നിന്നും?) അദ്ദേഹത്തിന് ഏറെക്കാലം മറച്ചു വെക്കാനായി. പല തൂലികാ നാമങ്ങള്‍ക്കുള്ളില്‍ ഒളിച്ചു താമസിക്കുകയായിരുന്നു അദ്ദേഹം. മോറിസ് ഹെന്റി ജോസഫ് ഷെറര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. പ്രസിദ്ധ അഭിനേതാവും സംവിധായകനുമായ എറിക് വോണ്‍ സ്ട്രോം, ഫു മാഞ്ഞു സീരീസിന്റെ രചയിതാവായ സാക്സ് റോമര്‍ എന്നിവരുടെ പേരുകളുടെ പകുതികള്‍ ചേര്‍ത്ത് തന്റെ തൂലികാനാമം രൂപീകരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് തൂലികാ നാമങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. 1950ല്‍ ഗൊദാര്‍ദിനും ഴാക് റിവെക്കുമൊപ്പം ല ഗസെറ്റെ ദു സിനിമ എന്ന പ്രസിദ്ധീകരണത്തിനു തുടക്കമിട്ട റോമര്‍ പിന്നീട് ഏറെക്കാലം കഹേ ദു സിനിമയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. കേവലം വിനോദസിനിമ മാത്രമായി കണക്കു കൂട്ടി മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ഹോളിവുഡിലെ ഹൊറര്‍-സസ്പെന്‍സ്-ത്രില്ലര്‍ മാസ്റ്റര്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ സിനിമകളെ സംബന്ധിച്ച് ക്ളോദ് ഷാബ്രോളിനൊപ്പം ചേര്‍ന്ന് റോമറെഴുതിയ പഠനം ഹിച്ച്കോക്ക് സിനിമയെക്കുറിച്ചു മാത്രമല്ല, സിനിമ എന്ന കലാരൂപത്തെ സംബന്ധിച്ചും ചലച്ചിത്രവിമര്‍ശനം എന്ന പഠന ശാഖയെ സംബന്ധിച്ചും മുമ്പുണ്ടായിരുന്ന ധാരണകളെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു.


നിരൂപകരുടെ ചലച്ചിത്രപരീക്ഷണങ്ങള്‍ കൂടിയായ ഫ്രഞ്ച് ന്യൂവേവിനെ ചിരസ്ഥായിയാക്കുന്നതില്‍ അദ്ദേഹം പിന്നീടുള്ള മുഴുവന്‍ ദശകങ്ങളിലും തളരാതെ നിലനിന്നു. ധൂര്‍ത്തില്ലാത്ത തരത്തില്‍ ക്യാമറ ഉപയോഗിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ റൊമാന്റിക് കോമഡികള്‍, അവയുടെ വിരോധാഭാസ യുക്തികള്‍ കൊണ്ടും യുവതയോടുള്ള ആഭിമുഖ്യം കൊണ്ടും സ്ഥലകാലങ്ങളോടുള്ള ഭ്രമം കൊണ്ടും നൂതനമായ ചാരുതകള്‍ സൃഷ്ടിച്ചു. ഫ്രഞ്ച് ന്യൂവേവിനെ പ്രസക്തമാക്കിയ ഗൊദാര്‍ദും ത്രൂഫോയും ഷാബ്രോളും അടക്കമുള്ള പ്രസിദ്ധരെ പ്പോലെ സാഹസിക-വിപ്ളവ ശൈലിയായിരുന്നില്ല റോമര്‍ അവലംബിച്ചത്. ആദ്യ ഘട്ടത്തിനു ശേഷം അദ്ദേഹം സംവിധാനം ചെയ്ത ആറു സദാചാര കഥകള്‍ (സിക്സ് മോറല്‍ ടേല്‍സ്-കോണ്ടസ് മൊറാസ്-1963-1972) അങ്ങേയറ്റം വൈയക്തികവും മനശ്ശാസ്ത്രപരവുമായ അപഗ്രഥനങ്ങളിലൂടെ സമകാലിക മനുഷ്യബന്ധങ്ങളിലെ വ്യാമോഹം എന്ന ഘടകത്തെ തുറന്നു കാട്ടി. ഈ സീരീസിലെ മൂന്നാമത്തെ ചിത്രവും ആദ്യ വര്‍ണ ചിത്രവുമായ ല കളെക്ഷന്യൂസ്(ശേഖരണക്കാരന്‍-1966) ബെര്‍ലിന്‍ മേളയില്‍ സില്‍വര്‍ ബിയര്‍ നേടി.

1981നും 1987നും ഇടയില്‍ പൂര്‍ത്തിയാക്കിയ പ്രഹസനങ്ങളും പഴമൊഴികളും(കോമഡീസ് ആന്റ് പ്രൊവെര്‍ബ്സ്) അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ മറ്റൊരു സീരീസാണ്. ഇതിലുള്‍പ്പെട്ട കടല്‍ത്തീരത്ത് പോളിന്‍ (പോളിന്‍ അ ല പ്ളേഗേ-1983) വീണ്ടും ബെര്‍ലിനില്‍ സില്‍വര്‍ ബിയര്‍ നേടിക്കൊടുത്തു. അതിനു തൊട്ടു പിന്നാലെയെടുത്ത പാരീസിലെ പൌര്‍ണമി(ലെ ന്യൂട്ട്സ് ദെ ല പ്ളെയിന്‍ ല്യൂണ-1984) വെനീസില്‍ ഗോള്‍ഡന്‍ ലയണ്‍ നേടിയിട്ടും തിയറ്റര്‍ സര്‍ക്യൂട്ടില്‍ വിതരണം ചെയ്യാതെ ഫ്രഞ്ച് പേ ടെലിവിഷനില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച് റോമര്‍ യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചു. മാറ്റങ്ങളെ ആകാശവേഗത്തില്‍ പിടിച്ചെടുക്കുന്നതാണ് നവതരംഗം എന്ന് അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിന്റെ മാധ്യമം ടെലിവിഷനും വീഡിയോയും ആണെന്ന് മനസ്സിലാക്കാന്‍ 1964ല്‍ ഫ്രഞ്ച് ടെലിവിഷനില്‍ അദ്ദേഹം സ്വീകരിച്ച ജോലി തന്നെ ധാരാളമായിരുന്നു. അക്കാലത്ത്, ലൂമിയറെയും ഡ്രെയറെയും സംബന്ധിച്ചുള്ളതടക്കം നിരവധി പ്രൊഫൈലുകളും ഡോക്കുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. മൂന്നാമതായി നാലു കാലങ്ങളുടെ കഥകള്‍(കോണ്‍ട്രേ ദെസ് ക്വാര്‍ട്ടെ സൈസണ്‍സ്-1990-1998) എന്ന ഒരു സീരീസ് കൂടി അദ്ദേഹം സംവിധാനം ചെയ്തു.

സീരീസ് സിനിമകള്‍ക്കു പുറമെ നിരവധി ഫീച്ചറുകളും ഡോക്കുമെന്ററികളും സംവിധാനം ചെയ്ത അദ്ദേഹം നോവലുകളും കഥകളും എഴുതിയിട്ടുണ്ട്. മറ്റ് ന്യൂവേവുകാരില്‍ നിന്ന് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നത് നോവലിസ്റ്റിന്റെ ശൈലിയാണെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സിനിമക്കുള്ളില്‍ കുടുങ്ങിപ്പോയ ഒരു നോവലിസ്റ്റാണ് എറിക് റോമര്‍ എന്നും പറയാവുന്നതാണ്. ഫ്രഞ്ച് മധ്യവര്‍ഗ ബൂര്‍ഷ്വാ ജീവിതത്തിന്റെ സദാചാര സന്ദിഗ്ദ്ധതകളും സ്ത്രീ പുരുഷ ബന്ധത്തിന്റെ ധാര്‍മിക യുക്തി/അയുക്തി എന്ന വൈരുദ്ധ്യവുമാണ് അദ്ദേഹത്തെ എല്ലായ്പോഴും പ്രചോദിപ്പിച്ചു പോന്നത്.