Wednesday, November 18, 2015

ഫാസിസവും സിനിമയും 19


ഏര്‍ണസ്റ്റ്‌ ലൂബിഷ്‌ സംവിധാനം ചെയ്‌ത ടു ബീ ഓര്‍ നോട്ട്‌ ടു ബി (1942) രണ്ടാം ലോക യുദ്ധകാലത്തിറങ്ങിയ മഹത്തായ ഫാസിസ്റ്റ്‌ വിരുദ്ധ കോമഡിയാണ്‌. 
#fightfascism

Tuesday, November 17, 2015

ഫാസിസവും സിനിമയും 18


ഗ്രേറ്റ്‌ ഡിക്‌റ്റേറ്ററിന്റെ അവസാനരംഗത്ത്‌ നടത്തിയ  ഈ പ്രസംഗത്തിലെ അമിതമായ രാഷ്‌ട്രീയ ധ്വനികളാണ്‌ പില്‍ക്കാലത്ത്‌ മക്കാര്‍ത്തിയന്‍ കമ്യൂണിസ്റ്റ്‌ വേട്ടയുടെ കാലത്ത്‌ ചാപ്ലിനെ തിരിച്ചു വരാനാകാത്ത വിധത്തില്‍ അമേരിക്കയില്‍ നിന്ന്‌ നാടുകടത്തുന്നതിന്‌ പ്രേരകമായത്‌. ഹിറ്റ്‌ലര്‍ രണ്ടു തവണ ഈ സിനിമ കണ്ടെന്നും ഗീബല്‍സ്‌ ഒരിക്കല്‍ പോലും കാണാന്‍ കൂട്ടാക്കിയില്ലെന്നും പറയപ്പെടുന്നു. ചിത്രം കണ്ട്‌ പ്രകോപിതനായ ഹിറ്റ്‌ലര്‍ ചാപ്ലിന്‌ ജന്മം കൊടുത്ത ലണ്ടന്‍ നഗരം ചുട്ടുകരിക്കാന്‍ ആജ്ഞാപിച്ചതായി സ്ഥിരീകരിക്കപ്പെടാത്ത ഒരു കേട്ടുകേള്‍വിയുമുണ്ട്‌. അതിക്രൂരനായ ഹിറ്റ്‌ലറെ കേവലം ഒരു മന്ദനും ഭോഷനുമായി അവതരിപ്പിച്ചത്‌ തെറ്റായി എന്ന്‌ പിന്നീട്‌ ചാപ്ലിന്‍ പശ്ചാത്തപിച്ചിരുന്നു. അതെന്തായാലും, സിനിമയുടെ ചരിത്രത്തില്‍ മാത്രമല്ല ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത സ്ഥാനം എക്കാലത്തേക്കുമായി പിടിച്ചു വാങ്ങിയ മഹത്തായ സിനിമയായി ദ ഗ്രേറ്റ്‌ ഡിക്‌റ്റേറ്റര്‍ ജനാധിപത്യവിശ്വാസികള്‍ കണ്ടുകൊണ്ടേയിരിക്കും എന്നതാണ്‌ വസ്‌തുത.
#fightfascism

Monday, November 16, 2015

ഫാസിസവും സിനിമയും 17


(ദ ഗ്രേറ്റ്‌ ഡിക്‌റ്റേറ്റര്‍)
 ജൂതത്തടവുകാരനായ ഷുള്‍ട്‌സും ക്ഷുരകനും തടവു ചാടി രക്ഷപ്പെടുന്നതിനിടെ സൈനികരുടെ പിടിയിലാവുന്നു. ക്ഷുരകനായ ചാപ്ലിനെ പ്രസിഡണ്ടായി തെറ്റിദ്ധരിച്ച്‌ അയാളെ പ്രസംഗവേദിയിലേക്ക്‌ അവര്‍ ആനയിക്കുന്നു. അപ്പുറത്താകട്ടെ, പ്രസിഡണ്ടിനെ ക്ഷുരകനായി തെറ്റിദ്ധരിച്ച്‌ അറസ്റ്റു ചെയ്യുകയും ചെയ്യുന്നു. ഹിങ്കലിന്റെ വിജയാഹ്ലാദപ്രസംഗം നിര്‍വഹിക്കാനായി ക്ഷുരകന്‍ വേദിയിലേക്ക്‌ ഹര്‍ഷാരവങ്ങളോടെ ക്ഷണിക്കപ്പെടുന്നു. പ്രചാരണ മന്ത്രി ഗാര്‍ബിഷ്‌ സ്വതന്ത്രസംസാരം പോലുള്ള `ഭോഷ്‌ക്കു'കളെ പരിഹസിച്ചുകൊണ്ടാണ്‌ ഹിങ്കല്‍/ക്ഷുരകനെ പ്രസംഗിക്കാനായി ക്ഷണിക്കുന്നത്‌. ഹിങ്കല്‍ ആയി നടിക്കുന്ന ക്ഷുരകനായ ചാപ്ലിനാകട്ടെ വിസ്‌മയകരമായ ഒരു പ്രസംഗമാണ്‌ നിര്‍വഹിക്കുന്നത്‌. അതില്‍ ഹിങ്കലിന്റെയും ഗാര്‍ബിഷിന്റെയും അമിതാധികാര പ്രവണതകള്‍ക്കു പകരം ജനാധിപത്യത്തിന്റെ നവീനമായ ഒരു കാലമാണിനി എന്ന പ്രവചനപരമായ ആഹ്വാനമാണുണ്ടായിരുന്നത്‌. എനിക്ക്‌ മാപ്പു തരിക, ഞാനൊരു ചക്രവര്‍ത്തിയാവാന്‍ ആഗ്രഹിക്കുന്ന ആളല്ല. എനിക്കെല്ലാവരെയും സഹായിക്കണമെന്നുണ്ട്‌. ജൂതനോ, കറുത്ത വംശക്കാരനോ, വെളുത്ത നിറമുള്ളവനോ ആരുമാകട്ടെ എല്ലാവരും പരസ്‌പരം സഹായിക്കുകയാണ്‌ വേണ്ടത്‌. മറ്റുള്ളവരുടെ സന്തോഷമാണ്‌ എല്ലാവരുടെയും ജീവിതത്തിന്‌ പ്രചോദനമാകേണ്ടത്‌, അല്ലാതെ അവരുടെ ദുരിതങ്ങളല്ല. നാം പരസ്‌പരം വെറുക്കാനോ ദ്രോഹിക്കാനോ പാടില്ല. ഈ ലോകത്തില്‍ എല്ലാവര്‍ക്കും അവരവരുടെ ഇടമുണ്ട്‌. ജീവിതത്തിന്റെ വഴികള്‍ മനോഹരവും സ്വതന്ത്രവുമാണ്‌. പക്ഷെ നമുക്ക്‌ വഴി നഷ്‌ടമായിരിക്കുന്നു. ഇപ്രകാരം തുടരുന്ന കാവ്യാത്മകവും അതേ സമയം ലളിതമായ പദാവലികളാല്‍ സാമാന്യ ജനങ്ങളെ ആകര്‍ഷിക്കുകയും ചെയ്യുന്ന പ്രഭാഷണം സമാപിക്കുന്നതിങ്ങനെയാണ്‌. ജനാധിപത്യത്തിന്റെ പേരില്‍ നമുക്കൊന്നിക്കാം. പ്രസംഗം കേള്‍ക്കാന്‍ തടിച്ചു കൂടിയ സൈനികരും അതേറ്റു പറയുന്നു. 
#fightfascism

Saturday, November 14, 2015

ഫാസിസവും സിനിമയും 16ടൊമാനിയ എന്ന സാങ്കല്‍പിക രാജ്യത്തെ സ്വേഛാധിപതിയായ അഡെനോയ്‌ഡ്‌ ഹിങ്കലിന്റെയും ജൂതര്‍ മാത്രം താമസിക്കുന്ന ഒരു പ്രവിശ്യയില്‍ കട നടത്തുന്ന ക്ഷുരകന്റെയും ഇരട്ട വേഷങ്ങളിലാണ്‌ ചാപ്ലിന്‍ അഭിനയിച്ചത്‌. തമാശകള്‍ നിറയെ ഉണ്ടെങ്കിലും ചിത്രത്തെ മൂടി നില്‍ക്കുന്നത്‌ തീക്ഷ്‌ണമായ വേദനയാണ്‌. ചാപ്ലിന്റെ ഏറ്റവും ഗൗരവമേറിയതും മനുഷ്യത്വം എന്ന പ്രമാണത്തെ അങ്ങേയറ്റം ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഈ ചിത്രം ദു:ഖ പര്യവസായിയാണ്‌. പ്രസിദ്ധനായ തന്റെ തെണ്ടി വേഷത്തിന്റെ മാനറിസങ്ങളിലേക്ക്‌ ഹിറ്റ്‌ലറെ ആവാഹിച്ചെടുക്കുന്ന ചാപ്ലിന്‍ ഒരിക്കലും അയാളോടൊത്ത്‌ ചിരിക്കാന്‍ കാണിയെ പ്രേരിപ്പിക്കുന്നില്ല, മറിച്ച്‌ അയാളെയും അയാളുടെ ചെയ്‌തികളെയും നോക്കി കരച്ചിലുള്ളിലടക്കി ചിരിക്കാന്‍ പറയുകയാണ്‌ ചെയ്യുന്നത്‌. മനുഷ്യാവസ്ഥയോട്‌ തന്നെയുള്ള കൊഞ്ഞനം കുത്തലായി ആ ചിരി പരിണമിക്കുകയും ചെയ്യുന്നു. ചാപ്ലിന്‍ അവതരിപ്പിച്ചവയില്‍ സഹതാപാര്‍ഹനല്ലാത്ത ഏക കഥാപാത്രവുമാണ്‌ ഹിങ്കലിന്റേത്‌. അയല്‍ രാജ്യമായ ബാക്‌റ്റീരിയയിലെ സ്വേഛാധിപതി ബെന്‍നോണി നപ്പൊളോണി ഹിങ്കലിന്റെ കൊട്ടാരത്തില്‍ അതിഥിയായെത്തുന്ന സന്ദര്‍ഭം ഏറെ കൗതുകകരമാണ്‌. കസേര കളി പോലുള്ള അവരുടെ ഊണ്‍ മേശ ചര്‍ച്ചകളും ഐസ്‌ക്രീം കൊണ്ടുള്ള മുഖത്തെറിയലും സിനിമയില്‍ പതിനായിരക്കണക്കിന്‌ തവണ ആവര്‍ത്തിച്ചെങ്കിലും ചാപ്ലിന്‍ ഉയര്‍ത്തിയ രാഷ്‌ട്രീയ മാനത്തെ ആര്‍ക്കും അനുകരിക്കാനായില്ല. 
#fightfascism

Friday, November 13, 2015

ഫാസിസവും സിനിമയും 15


ഫാസിസത്തെ നിശിതമായി വിമര്‍ശിക്കുന്നതിനു വേണ്ടി ചാര്‍ളി ചാപ്ലിന്‍ വിദഗ്‌ദ്ധമായി തയ്യാറാക്കിയ മഹത്തായ സിനിമയാണ്‌ ദ ഗ്രേറ്റ്‌ ഡിക്‌റ്റേറ്റര്‍(1940/കറുപ്പും വെളുപ്പും/യു എസ്‌ എ/124 മിനുറ്റ്‌). ജര്‍മനിയില്‍ ലക്ഷക്കണക്കിന്‌ ജൂതന്മാരെയും കറുത്ത വര്‍ഗക്കാരെയും കമ്യൂണിസ്റ്റുകാരെയും മറ്റ്‌ നിരപരാധികളെയും കൊന്നൊടുക്കിയ നാസി ഭരണത്തെയും അതിന്റെ അധിപനായിരുന്ന അഡോള്‍ഫ്‌ ഹിറ്റ്‌ലറെയും പരിഹാസത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും കുന്തമുനയില്‍ നിര്‍ത്തുന്ന സിനിമയാണ്‌ മഹാനായ സ്വേഛാധിപതി. രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കന്‍ ഐക്യനാടുകള്‍ കക്ഷി ചേരുന്നതിനു മുമ്പ്‌ പൂര്‍ത്തിയാക്കി റിലീസ്‌ ചെയ്‌ത ഈ ചിത്രം നാസികളെ യന്ത്രമനസ്സുകൊണ്ടും യന്ത്ര ഹൃദയം കൊണ്ടും പണിതെടുത്ത യന്ത്രമനുഷ്യര്‍ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. എന്താണ്‌ ജര്‍മനിയില്‍ നടന്നുകൊണ്ടിരിക്കുന്നത്‌ എന്ന കാര്യം ശക്തമായി അവതരിപ്പിക്കുന്ന ഈ സിനിമ കൂടിയാണ്‌ അമേരിക്കയെ പിന്നീട്‌ യുദ്ധത്തില്‍ ഫാസിസ്റ്റു വിരുദ്ധ സഖ്യത്തില്‍ അണി ചേരാന്‍ പ്രേരിപ്പിച്ചത്‌. പിന്നീടുണ്ടായത്‌ ചരിത്രം. നിശ്ശബ്‌ദ സിനിമ മാത്രമേ എടുക്കുകയുള്ളൂ എന്നു ശഠിച്ചിരുന്ന ചാപ്ലിന്റെ ആദ്യത്തെ ശബ്‌ദ സിനിമയായ (ടോക്കി) ദ ഗ്രേറ്റ്‌ ഡിക്‌റ്റേറ്റര്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ വെച്ച്‌ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രം കൂടിയാണ്‌.
#fightfascism

Thursday, November 12, 2015

ഫാസിസവും സിനിമയും 14


ഫാസിസത്തിന്റെ നീതിശാസ്‌ത്രം പരപീഡന സന്തോഷത്തിന്റേതു തന്നെയാണെന്ന്‌ വെളിപ്പെടുത്തുന്ന നരകത്തില്‍ രണ്ട്‌ ഹാഫ്‌ ടൈമുകള്‍ എന്ന മഹത്തായ ചിത്രം കളി കണ്ടാനന്ദിക്കുന്ന എല്ലാവരുടെയും (നമ്മുടെയും) മാനസികാവസ്ഥയുടെ യുക്തിയെത്തന്നെയാണ്‌ വിചാരണ ചെയ്യുന്നത്‌.
#fightfascism

Wednesday, November 11, 2015

ഫാസിസവും സിനിമയും 13


നരകത്തില്‍ രണ്ട്‌ ഹാഫ്‌ ടൈമുകള്‍ - കളി ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ജീവന്മരണപ്പോരാട്ടമായി മാറുന്നു. മത്സരത്തിന്റെ ഉദ്വേഗജനകമായ ചിത്രീകരണം ശ്വാസമടക്കിക്കൊണ്ടു മാത്രമേ കണ്ടിരിക്കാനാവൂ. പ്രൊഫഷണല്‍ മത്സരങ്ങളിലേതെന്നതു പോലെ ജഴ്‌സിയും ഷൂസുമണിഞ്ഞ ജര്‍മന്‍ ടീമും കീറിപ്പറിഞ്ഞ വേഷങ്ങളും തുള വീണ ബൂട്ടുമിട്ട്‌ തടവുകാരുടെ ടീമും തമ്മിലുള്ള മത്സരം ആദ്യഘട്ടത്തില്‍ ഇഴഞ്ഞാണ്‌ നീങ്ങുന്നത്‌. ജര്‍മന്‍ കേണല്‍ തന്റെ കാമുകിയോടൊത്ത്‌ ഗാലറിയില്‍ പ്രത്യേകം തയ്യാറാക്കിയ ബോക്‌സിലിരുന്നാണ്‌ കളി കാണുന്നത്‌. അയാള്‍ക്കിത്‌ വെറുമൊരു നേരമ്പോക്ക്‌; എന്നാല്‍ തടവുകാരുടെ ടീമിലോരോരുത്തരും അവരുടെ ജീവന്‍ കൊണ്ടു തന്നെയാണ്‌ കളിക്കുന്നത്‌. കളിയില്‍ ആദ്യം മികവു പുലര്‍ത്തുന്നത്‌ ജര്‍മന്‍ ടീമാണ്‌. തങ്ങളുടെ കളി എപ്രകാരമാക്കിയാലാണ്‌ തങ്ങള്‍ക്ക്‌ രക്ഷ കിട്ടുക എന്ന്‌ നിര്‍ണയിക്കാനാവാതെ ഡിയോ കുഴങ്ങുകയാണ്‌. പൊരിഞ്ഞുകളിച്ച്‌ ജര്‍മന്‍കാരെ തോല്‍പിച്ചാല്‍ ആ കുറ്റത്തിനു തന്നെ തങ്ങള്‍ ശിക്ഷിക്കപ്പെടാം. അതല്ല ജര്‍മന്‍കാര്‍ ജയിച്ചോട്ടെ എന്നു കരുതി ഒത്തുകളിച്ചാലോ, തിന്ന ഭക്ഷണത്തിനും ലഭിച്ച പരിമിതമായ സ്വാതന്ത്ര്യത്തിനും പ്രത്യുപകാരമുണ്ടായില്ല എന്ന കുറ്റത്തിനു ശിക്ഷിക്കപ്പെടാം. ഒത്തുകളിയിലെ സ്‌പോര്‍ട്‌സ്‌ വിരുദ്ധത ബോധ്യപ്പെട്ട്‌ കളിക്കാതിരുന്നാലോ അതും ശിക്ഷിക്കാവുന്ന കുറ്റകൃത്യം തന്നെ. ഇപ്രകാരം ഊരാക്കുടുക്കിലാവുന്ന അവര്‍ ആദ്യഘട്ടത്തിലെ ആലസ്യം കളഞ്ഞ്‌ പിന്നീട്‌ ഉഷാറായി കളിക്കുകയും ജര്‍മന്‍കാര്‍ക്ക്‌ മേല്‍ മേല്‍ക്കൈ നേടുകയുമാണ്‌. ഈ മേല്‍ക്കൈ ജര്‍മന്‍ കേണലിന്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഫാസിസ്റ്റായ അയാള്‍ റിവോള്‍വറെടുത്ത്‌ തടവുകാരുടെ ടീമിലെ പതിനൊന്ന്‌ കളിക്കാരെയും തുരുതുരാ വെടിവെച്ച്‌ കൊല്ലുന്നു. 
#fightfascism

Monday, November 9, 2015

ഫാസിസവും സിനിമയും 12പ്രശസ്‌ത ഹങ്കേറിയന്‍ സംവിധായകന്‍ സൊല്‍ത്താന്‍ ഫാബ്രിയുടെ 'നരകത്തില്‍ രണ്ടു ഹാഫ്‌ടൈമുകള്‍' (Two Half-times in Hell) എന്ന ചിത്രത്തിലേതു പോലെ ഫുട്‌ബാളും സ്വാതന്ത്ര്യ വാഞ്‌ഛയും ഫാസിസവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ത്രസിപ്പിക്കുന്ന ഒരാഖ്യാനത്തിലൂടെ ഇത്തരം അപരയാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നത്‌ പക്ഷെ അപൂര്‍വമാണ്‌. 1944 ലെ വസന്തകാലം. ജര്‍മന്‍ പട്ടാളത്തിന്റെ കീഴില്‍ നിര്‍ബന്ധിത ജോലിക്കായി ഹങ്കറിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ബാരക്കുകളില്‍ കുത്തിനിറക്കപ്പെട്ടിരിക്കുന്ന തടവുകാര്‍ വേണ്ടത്ര ഭക്ഷണം ലഭ്യമാവാതെ നരകിക്കുകയാണ്‌. അവര്‍ക്ക്‌ ബാക്കിയായത്‌ അതിജീവനത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ആത്മാഭിമാനത്തെക്കുറിച്ചും സ്വസ്ഥമായ കൂടുംബജീവിത്തെക്കുറിച്ചും ഒക്കെയുള്ള നിറം മങ്ങിയ സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു. 
@#fightfascism

ഫാസിസവും സിനിമയും 11


ഫാസിസത്തെ പ്രതിരോധിക്കുമ്പോള്‍
ജീവിതത്തിലെന്നതു പോലെ കളിയിലായാലും സിനിമയിലായാലും അച്ചടക്കത്തിന്റെ ചതുരവടിവുകളെ സംശയത്തോടെ മാത്രമേ സമീപിക്കാനാവൂ എന്നാണ്‌ ഈ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നത്‌ എന്ന്‌ നിസ്സംശയം പറയാം. അച്ചടക്കം ഫാസിസത്തിന്റെ ഒളിപ്പുരകളാണെന്ന്‌ ബോധ്യപ്പെടാന്‍ പക്ഷെ പതിനായിരങ്ങളുടെ ജീവനും പതിറ്റാണ്ടുകളുടെ സ്വാതന്ത്ര്യവും നാം ബലി കൊടുക്കാറുണ്ടെന്നതാണ്‌ ഏറ്റവും വലിയ വിരോധാഭാസം.

@#fightfascism

Sunday, November 8, 2015

ഫാസിസവും സിനിമയും 10


1930കളില്‍ ഫാസിസ്റ്റ്‌ നേതാവായ ബെനിറ്റോ മുസോളിനി ഇറ്റാലിയന്‍ സിനിമാവ്യവസായവുമായി പ്രവര്‍ത്തനക്ഷമമായ ബന്ധം വികസിപ്പിച്ചെടുത്തിരുന്നു. എല്ലാ സിനിമകളുടെയും നിര്‍മാണവേളയില്‍ തന്നെ ഫാസിസ്റ്റുകളുടെ നിരീക്ഷണം ഫലപ്രദമാക്കാനായിരുന്നു ഇത്‌. ലോകത്തിലെ ഏറ്റവും വലിയ മൂന്നു ചലച്ചിത്രമേളകളിലൊന്നായി പില്‍ക്കാലത്ത്‌ വളര്‍ന്ന വെനീസ്‌ മേളയാണ്‌ ലോകത്തെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള. കാനും ബര്‍ലിനുമാണ്‌ മറ്റു രണ്ടെണ്ണം. 1932ലാണ്‌ വെനിസ്‌ ബിനാലെയുടെ ഭാഗമായി വെനീസ്‌ അന്താരാഷ്ട്ര ചലച്ചിത്ര മേള ആരംഭിക്കുന്നത്‌. മുസോളിനിയുടെ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കി. 1934ല്‍ നടന്ന രണ്ടാം വെനീസ്‌ മേളയില്‍ മുസോളിനി കപ്പ്‌ എന്ന പേരില്‍ ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തുകയും ചെയ്‌തു.
#fightfascism
 

Saturday, November 7, 2015

ഫാസിസവും സിനിമയും 9കമന്ററിയില്ല എന്നൂറ്റം കൊള്ളുന്ന മറ്റേതൊരു അരാഷ്‌ട്രീയ ഡോക്കുമെന്ററിയിലേതിലുമെന്നതു പോലെ, പ്രത്യേക ചുവയുള്ള തരം എഴുത്തോടെയാണ്‌ 'ട്രയംഫ്‌ ഓഫ്‌ വില്‍? തുടങ്ങുന്നതെന്ന്‌ സൂസന്‍ സൊന്റാഗ്‌ ചൂണ്ടിക്കാണിക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റെ വിജയം കണ്ടതും വിസ്‌ഫോടനാത്മകവുമായ ഒരു പരിവര്‍ത്തനത്തെ ഈ ചിത്രം സൂചിപ്പിക്കുന്നു - ചരിത്രം നാടകമായി മാറുന്നു. പിന്നീട്‌ ഇക്കാര്യം ലെനി റീഫന്താള്‍ തന്നെ ഭംഗ്യന്തരേണ സമ്മതിക്കുന്നുമുണ്ട്‌. നാസി സര്‍ക്കാര്‍ കമ്മീഷന്‍ ചെയ്‌ത ലെനിയുടെ എല്ലാ ഡോക്കുമെന്ററികളും ശരീരത്തിന്റെയും സമുദായത്തിന്റെയും പുനര്‍ജന്മത്തെ ആഘോഷിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിന്‌ നിമിത്തമാകുന്നതാകട്ടെ, അപ്രതിരോധ്യനായ ഒരു നേതൃരൂപത്തിന്റെ ശക്തിസ്വരൂപവും. ഈ സിനിമകളിലെ സൗന്ദര്യത്തിന്റെയും രൂപഭംഗിയുടെയും പേരില്‍ പില്‍ക്കാലത്ത്‌ അവര്‍ വന്‍തോതില്‍ പ്രകീര്‍ത്തിക്കപ്പെട്ടു. ഇത്‌ നമ്മുടെ സൗന്ദര്യ സങ്കല്‍പങ്ങളുടെയും ലാവണ്യനിയമങ്ങളുടെയും നൈതികതയെ പരിശോധിക്കുന്നതിന്‌ പ്രേരിപ്പിക്കേണ്ടതുണ്ടെന്ന്‌ സൂസന്‍ സൊന്റാഗ്‌ നിരീക്ഷിക്കുന്നു. 
#fightfascism

Friday, November 6, 2015

ഫാസിസവും സിനിമയും 8


1936ല്‍ നടന്ന ബര്‍ലിന്‍ ഒളിമ്പിക്‌സിനെ ക്കുറിച്ച്‌ നാസി സര്‍ക്കാരിനു വേണ്ടി ലെനി റീഫന്താള്‍ തയ്യാറാക്കിയ ചിത്രങ്ങളാണ്‌ ഒളിമ്പിയ ഒന്ന്‌, ഒളിമ്പിയ രണ്ട്‌ എന്നിവ. 1938ലാണീ ചിത്രങ്ങളുടെ ലോക പ്രീമിയര്‍ നടന്നത്‌. ആ വര്‍ഷത്തെ വെനീസ്‌ മേളയില്‍ ഈ ചിത്രങ്ങള്‍ക്ക്‌ സ്വര്‍ണ മെഡല്‍ കിട്ടുകയും ചെയ്‌തു. ഗീബല്‍സുമായി ലെനിക്ക്‌ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നുള്ള പ്രചാരണം മറ്റു നാസി പ്രചാരണങ്ങള്‍ പോലെ തന്നെ മുട്ടന്‍ കളവായിരുന്നുവെന്ന്‌ സൂസന്‍ സൊന്റാഗ്‌ തെളിവുകള്‍ നിരത്തി വിശദീകരിക്കുന്നു. പക്ഷെ, തന്റെ ചിത്രങ്ങള്‍ പ്രചാരണത്തിനു വേണ്ടി കല്‍പിച്ചുകൂട്ടി കെട്ടിയുണ്ടാക്കിയതാണെന്ന വിമര്‍ശനത്തെ ലെനി അംഗീകരിക്കുന്നില്ല. 1965ല്‍ കഹേ ദു സിനിമ ക്ക്‌ നല്‍കിയ അഭിമുഖത്തില്‍, അവര്‍ പറയുന്നതിപ്രകാരമാണ്‌. ?ഒറ്റ സീന്‍ പോലും കൃത്രിമമായി നിര്‍മിച്ച്‌ ചിത്രീകരിച്ചതല്ല. എല്ലാം യാഥാര്‍ത്ഥ്യമാണ്‌. പ്രത്യേക ഉദ്ദേശ്യം ഒളിപ്പിച്ചു വെച്ച പശ്ചാത്തലവിവരണങ്ങളേ ഇല്ല, കാരണം ഈ ചിത്രത്തില്‍ കമന്ററിയേ ഇല്ല. എല്ലാം ചരിത്രം മാത്രം, ശുദ്ധമായ ചരിത്രം!? 
#fightfascism

Wednesday, November 4, 2015

ഫാസിസവും സിനിമയും 71902ല്‍ ജനിച്ച ലെനി റീഫന്താള്‍ നര്‍ത്തകിയായാണ്‌ ആദ്യം അറിയപ്പെട്ടതെങ്കിലും പിന്നീട്‌ നടിയും സിനിമാസംവിധായികയുമായി പ്രശസ്‌തി നേടി. അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ക്കും ലെനിയുടെ 'കലാത്മകത' ബോധ്യമായി. 1933ല്‍ ന്യൂറംബെര്‍ഗ്‌ റാലി ഫിലിമിലാക്കാന്‍ അവര്‍ നിയോഗിക്കപ്പെട്ടു. ഇതിനു മുമ്പ്‌ കുറെ ഫീച്ചറുകളും ഡോക്കുമെന്ററികളും അവര്‍ എടുത്തിരുന്നു. നാസി പാര്‍ടിയുടെ പ്രചാരണത്തിന്‌ ഉപയുക്തമായവയായിരുന്നു അവയില്‍ മിക്കതും. 'ട്രയംഫ്‌ ഓഫ്‌ വില്‍? എന്ന ഈ ഡോക്കുമെന്ററി ചിത്രീകരിക്കാന്‍ ഹിറ്റ്‌ലറും പ്രചാരണമന്ത്രി ഗീബര്‍സും നല്‍കിയ സഹായങ്ങള്‍ ഏതെങ്കിലും സര്‍ക്കാര്‍ ഒരു ഡോക്കുമെന്ററി സംവിധായികക്ക്‌ നല്‍കിയ എക്കാലത്തേയും വലിയ സഹായമാണ്‌. അനന്തമായ ബഡ്‌ജറ്റും 120 പേരടങ്ങിയ സാങ്കേതിക ടീമും മുപ്പതിനും അമ്പതിനുമിടക്ക്‌ ക്യാമറകളും അവര്‍ക്ക്‌ ലഭിച്ചിരുന്നത്രേ. 
#fightfascism

ഫാസിസവും സിനിമയും 6


ഫാസിസത്തെ വിലോഭനീയവല്‍ക്കരിക്കുന്ന സിനിമകളാണ്‌ ഒളിമ്പിയ ഒന്ന്‌, ഒളിമ്പിയ രണ്ട്‌ എന്നീ പ്രസിദ്ധ ഡോക്കുമെന്ററികളിലൂടെ ലെനി റീഫന്താള്‍ നിര്‍വഹിച്ചതെന്ന്‌ സൂസന്‍ സൊന്റാഗ്‌ സിദ്ധാന്തിക്കുന്നു. ഇത്‌ അരാഷ്‌ട്രീയ സൗന്ദര്യശാസ്‌ത്രത്തിന്‌ ഏതു ഘട്ടത്തിലും സംഭവിക്കാവുന്ന വിപരിണാമവുമാണ്‌. 
#fightfascism

Tuesday, November 3, 2015

ഫാസിസവും സിനിമയും 5


സിനിമയില്‍ ശബ്‌ദം സാങ്കേതികമായി ഉള്‍പെടുത്തിയ കാലത്ത്‌ 1930കളില്‍, അക്കാലത്തെ ജര്‍മനിയില്‍, പ്രസിദ്ധനായ സംവിധായകനായ ഫ്രിറ്റ്‌സ്‌ ലാങ്‌ എം എന്ന ചിത്രം പുറത്തിറക്കി. കുട്ടികളെ കൊല്ലുന്ന ഒരു കുറ്റവാളിയെ രക്തദാഹികളായ ഒരു ആള്‍ക്കൂട്ടം വേട്ടയാടുന്നതാണീ ചിത്രത്തിലെ പ്രതിപാദ്യം. വൈകാരികവും സംഘര്‍ഷഭരിതവുമായ ഈ സിനിമ, വൈയക്തികവും സംഘപരവുമായ ഭ്രാന്തിനെ സമാന്തരവല്‍ക്കരിക്കുന്ന എം നാസിസത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ജര്‍മന്‍ സമൂഹത്തെ കാല്‍പനികമായി പ്രതീകവല്‍ക്കരിക്കുന്നു. ലാങിന്റെ അടുത്ത ചിത്രം, ഡോ മബൂസെയുടെ നിയമം (The testament of Dr. Mabuse) ഒരു മനോരോഗാശുപത്രിയിലിരുന്ന്‌ അധോലോകത്തെ നയിക്കുന്ന ഒരു കൊടും കുറ്റവാളിയുടെ കഥയാണ്‌. 1933ല്‍ അധികാരത്തിലെത്തിയ നാസികള്‍ ഈ ചിത്രം നിരോധിച്ചു. ഹിറ്റ്‌ലറെ കളിയാക്കുകയാണെന്നായിരുന്നു ആരോപണം. ലാങ്‌ നാടുവിട്ടു. അദ്ദേഹത്തിന്റെ ഭാര്യയും സഹപ്രവര്‍ത്തകയും ആയ തിയ വോണ്‍ ഹാര്‍ബോ ജര്‍മനിയില്‍ തന്നെ തങ്ങി. പിന്നീട്‌ നാസി പ്രവര്‍ത്തക ആയി തീരുകയും ചെയ്‌തു. 1933 മുതല്‍ മറ്റേതൊരു കലാരൂപവുമെന്നതുപോലെ ജര്‍മന്‍ സിനിമയും ഗീബല്‍സിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലായിരുന്നു. ജര്‍മന്‍ സിനിമയില്‍ ആഴത്തിലൂള്ള ജൂത പാരമ്പര്യത്തെ ഇല്ലാതാക്കുന്നതില്‍ ഈ നിയന്ത്രണം വിജയിച്ചു. ലെനി റീഫന്താള്‍ എന്ന യുവതിയായ ചലച്ചിത്രകാരിയെ 1934ല്‍ ന്യൂറം ബര്‍ഗില്‍ നടന്ന നാസി പാര്‍ടി റാലി ചിത്രീകരിക്കാന്‍ ഹിറ്റ്‌ലര്‍ ഏല്‍പിച്ചു. ഇതിന്റെ ഫലമായി പുറത്തുവന്ന ട്രയംഫ്‌ ഓഫ്‌ വില്‍ (1935) എന്ന ഡോക്കുമെന്ററി കൃത്യമായി സൃഷ്‌ടിക്കപ്പെട്ട ഒരു പ്രചാരണ ചിത്രമാണ്‌. ഇതില്‍ ഹിറ്റ്‌ലറിനുള്ളത്‌ ഒരു മിത്തിക്കല്‍, ദൈവിക പരിവേഷമാണ്‌. അയാളുടെ അനുയായികളാകട്ടെ കേവലം ജ്യാമിതീയരൂപങ്ങളും. 
#fightfascism
 

Monday, November 2, 2015

ഫാസിസവും സിനിമയും 4


വര്‍ണവെറിയും ഫാസിസവും
ഫീച്ചര്‍ സിനിമയുടെ തുടക്കം എന്നു തന്നെ വിശേഷിപ്പിക്കപ്പെടുന്ന ദ ബര്‍ത്ത്‌ ഓഫ്‌ എ നാഷന്‍ (യു എസ്‌ എ/1915/കറുപ്പും വെളുപ്പും/190 മിനുറ്റ്‌) കടുത്ത അധിനിവേശ മേധാവിത്ത സ്വഭാവത്തെ മഹത്വവത്‌ക്കരിക്കുന്ന ഒന്നായിരുന്നു. വെളുത്ത വര്‍ഗക്കാരന്റെ മേധാവിത്ത മനോഭാവത്തെ അതിരുകടന്ന്‌ ന്യായീകരിക്കുകയും വര്‍ണവെറിയെ അക്രമമാര്‍ഗങ്ങളിലൂടെ വ്യവസ്ഥാവല്‍ക്കരിച്ച കൂ ക്ലക്‌സ്‌ ക്ലാന്‍ പോലുള്ള ഭീകരസംഘടനക്ക്‌ ഊര്‍ജം പകരുകയും ചെയ്‌ത സിനിമയായിരുന്നു ദ ബര്‍ത്ത്‌ ഓഫ്‌ എ നാഷന്‍ (ഡി ഡബ്ലിയു ഗ്രിഫിത്ത്‌) എന്ന്‌ ചരിത്രം വിലയിരുത്തി. അത്‌ ഇടിമിന്നല്‍ കൊണ്ട്‌ ചരിത്രം എഴുതും പോലെയാണ്‌, പക്ഷെ, ഖേദകരമെന്ന്‌ പറയട്ടെ അത്‌ അത്യന്തം വാസ്‌തവികവുമാണ്‌ എന്ന്‌ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ വൂഡ്രോ വില്‍സണ്‍ അഭിപ്രായപ്പെട്ടു എന്നു പറയപ്പെടുന്നു. ജനാധിപത്യത്തിന്റെ ലോകമാതൃകയായി കൊണ്ടാടപ്പെടുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ~ഒബാമക്കു മുമ്പ്‌ ഒരു കറുത്ത വര്‍ഗക്കാരനോ സ്‌ത്രീയോ പരിഗണിക്കപ്പെട്ടില്ല എന്നതിന്‌ കാരണം അന്വേഷിച്ച്‌ മറ്റെങ്ങും പോവേണ്ടതില്ലെന്നര്‍ത്ഥം. ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ എത്രമാത്രം വര്‍ണവെറി പിടിച്ചവരായിരുന്നു എന്ന ചരിത്രസത്യം കണ്ണാടി പോലെ വെളിപ്പെടുത്തപ്പെടുന്ന സിനിമയാണ്‌ ദ ബര്‍ത്ത്‌ ഓഫ്‌ എ നാഷന്‍. തോമസ്‌ ഡിക്‌സന്റെ ദ ക്ലാന്‍സ്‌ മാന്‍, ദ ലെപ്പേര്‍ഡ്‌സ്‌ സ്‌പോട്ട്‌ എന്നീ കൃതികളെ ആസ്‌പദമാക്കിയെടുത്ത ദ ബര്‍ത്ത്‌ ഓഫ്‌ എ നാഷനില്‍ കറുത്ത വര്‍ഗക്കാര്‍ക്ക്‌ അവകാശങ്ങളോ മൂല്യങ്ങളോ ഇല്ലെന്നു കരുതുന്ന തെക്കനമേരിക്കക്കാരനായ ഒരു വെളുത്ത വര്‍ഗക്കാരന്റെ കാഴ്‌ചപ്പാടുകളാണ്‌ ഉയര്‍ത്തിപ്പിടിക്കുന്നത്‌. വെളുത്ത നടികളുടെ കൂടെ അഭിനയിക്കേണ്ടതുകൊണ്ട്‌ കറുത്ത വര്‍ഗക്കാരുടെ കഥാപാത്രങ്ങളായി വെളുത്തവരെ തന്നെ കറുപ്പു ചായം മുഖത്തു തേപ്പിച്ച്‌ അവതരിപ്പിക്കുകയായിരുന്നു (വംശീയമിശ്രണവും `മലിനീകരണ'വും ഒഴിവാക്കാന്‍) ഗ്രിഫിത്ത്‌ ചെയ്‌തത്‌ എന്നതില്‍ നിന്ന്‌ അദ്ദേഹത്തെ ഗ്രസിച്ചിരുന്ന വര്‍ണവെറിയും എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്നു മനസ്സിലാക്കാം. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രം ആരംഭിക്കുന്നത്‌ ഇത്തരത്തിലുള്ള ചിന്തകളില്‍ നിന്നാണ്‌. കറുത്ത വര്‍ഗക്കാരൊഴിച്ച്‌ എല്ലാ മനുഷ്യരും തുല്യരായി സൃഷ്‌ടിക്കപ്പെട്ടവരായിരുന്നു എന്നാണ്‌ ആ രാഷ്‌ട്രത്തിന്റെ പിതാക്കളും പ്രപിതാക്കളും വിശ്വസിച്ചതും പ്രചരിപ്പിച്ചതും. ഈ സിനിമയിലെ ഏറ്റവും വിവാദജനകമായ രംഗം കാമാര്‍ത്തി പിടിച്ച കറുത്തവരാല്‍ വളയപ്പെട്ട വെള്ളക്കാരുടെ ഒരു കുടുംബം ഒരു മുറിയില്‍ കുടുങ്ങിയതും അവരെ രക്ഷിച്ചെടുക്കാനായി കൂ ക്ലക്‌സ്‌ ക്ലാനുകാര്‍ നടത്തുന്ന ശ്രമത്തിന്റെയും ഉദ്വേഗജനകമായ സമാന്തരദൃശ്യങ്ങളാണ്‌. സിനിമയിറങ്ങിയ കാലത്ത്‌, മന്ദീഭവിച്ചു കിടന്നിരുന്ന കൂ ക്ലക്‌സ്‌ ക്ലാനിന്റെ പ്രവര്‍ത്തനത്തിന്‌ പ്രേരകോര്‍ജം പകര്‍ന്നത്‌ ഈ രംഗമായിരുന്നത്രെ.

#fightfascism

Sunday, November 1, 2015

ഫാസിസവും സിനിമയും 3ഹോളിവുഡ്‌ അധിനിവേശം എന്ന പരോക്ഷഫാസിസം
മുതലാളിത്തത്തിന്റെ വ്യവസ്ഥാപനത്തോടനുബന്ധിച്ചാണ്‌ സിനിമ എന്ന കലാരൂപം അഥവാ വ്യവസായരൂപം വികസിച്ചതും വ്യാപകമായതും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിന്റെയും മുതലാളിത്തത്തിന്റെ സവിശേഷതകള്‍ സിനിമാവ്യവസായത്തിന്റെ അടിസ്ഥാനശിലകള്‍ പാകി. സ്റ്റുഡിയോകള്‍,(കൊളമ്പിയ, ട്വന്റിയത്ത്‌ സെഞ്ച്വറി ഫോക്‌സ്‌, യുണൈറ്റഡ്‌ ആര്‍ടിസ്റ്റ്‌സ്‌, എംസിഎ/യുണിവേഴ്‌സല്‍, വാര്‍ണര്‍ ബ്രദേഴ്‌സ്‌, എംജിഎം, പാരമൗണ്ട്‌) വിതരണസംവിധാനം, പ്രദര്‍ശനസംവിധാനം, പരസ്യങ്ങള്‍, ലാഭം, മുതല്‍മുടക്ക്‌ എന്നിവ സിനിമയുടെ വ്യാപനവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ കൊളോണിയല്‍ ശക്തിയായ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‌ ഹോളിവുഡ്‌ സിനിമ നല്‍കിയ സാംസ്‌ക്കാരിക-രാഷ്‌ട്രീയ-സാമ്പത്തിക പിന്തുണ നിര്‍ണായകമാണ്‌. 1914ല്‍ ലോകചലച്ചിത്രപ്രേക്ഷകരില്‍ 85 ശതമാനവും അമേരിക്കന്‍ സിനിമകളാണ്‌ കണ്ടിരുന്നത്‌. 1925ല്‍ അമേരിക്കന്‍ ചിത്രങ്ങളാണ്‌ യുകെ, കാനഡ, അര്‍ജന്റീന, ആസ്‌ത്രേലിയ, ന്യൂസിലാന്റ്‌ എന്നീ രാജ്യങ്ങളിലെ 90 ശതമാനം ബോക്‌സാഫീസ്‌ വരുമാനവും ഫ്രാന്‍സ്‌, ബ്രസീല്‍, സ്‌കാന്‍ഡിനേവിയ എന്നീ രാജ്യങ്ങളിലെ 70 ശതമാനം ബോക്‌സാഫീസ്‌ വരുമാനവും നേടിക്കൊടുത്തിരുന്നത്‌. ശബ്‌ദചിത്രങ്ങള്‍-ടാക്കീസ്‌- വന്നപ്പോള്‍ ഇതില്‍ കുറെ കുറവുണ്ടായിട്ടുണ്ട്‌, എന്നാല്‍ ഹോളിവുഡിന്റെ ആധിപത്യം ഒരുകാലത്തും ചോദ്യം ചെയ്യപ്പെട്ടതേ ഇല്ല. 1960ലെ കണക്കനുസരിച്ച്‌, അന്നത്തെ സോഷ്യലിസ്റ്റേതര രാജ്യങ്ങളിലെ പകുതി തിയറ്ററുകളും ഹോളിവുഡ്‌ സിനിമകളാണ്‌ കാണിച്ചിരുന്നത്‌. പരിഷ്‌ക്കാരം, ജനാധിപത്യം, സദാചാരം, സ്‌നേഹം, ലൈംഗികത, പ്രതികാരം, സംരക്ഷണം എന്നീ പ്രതിഭാസങ്ങളൊക്കെ അമേരിക്കന്‍ നീതി ബോധത്തിന്റെ അടിസ്ഥാനത്തില്‍ ലോകവ്യാപകമായി സ്ഥാപനവല്‍ക്കരിച്ചെടുക്കാന്‍ ഹോളിവുഡ്‌ സിനിമ സഹായിച്ചു. ജെയിംസ്‌ ബോണ്ട്‌ സീരീസ്‌, റാംബോ-സില്‍വസ്റ്റര്‍ സ്റ്റാലന്‍, ഷ്വാര്‍സനെഗ്ഗര്‍-ട്രൂലൈസ്‌, ടെര്‍മിനേറ്റര്‍ എന്നീ ചിത്രങ്ങളൊക്കെ അമേരിക്കന്‍ അധീശത്വത്തെ ഉറപ്പിച്ചെടുക്കാന്‍ സഹായിച്ചു. ജൂറാസിക്‌ പാര്‍ക്‌, ജോസ്‌, ഏലിയന്‍, ക്ലോസ്‌ എന്‍കൗണ്ടേഴ്‌സ്‌ ഓഫ്‌ ദ തേര്‍ഡ്‌ കൈന്റ്‌, ഇന്‍ഡിപെന്റന്‍സ്‌ ഡേ, വാട്ടര്‍ വേള്‍ഡ്‌, ടൈറ്റാനിക്‌, സ്റ്റാര്‍ വാര്‍സ്‌ എന്നിങ്ങനെ വ്യാപാരവിജയം നേടിയ ഹോളിവുഡ്‌ ചിത്രങ്ങളൊക്കെ അമേരിക്കന്‍ അധീശത്വത്തിന്റെയും രക്ഷാകര്‍തൃത്വത്തിന്റെയും അപ്രമാദിത്വം തെളിയിക്കാനുള്ളതാണ്‌. 

#fightfascism