Tuesday, February 22, 2011

അസുരന്മാരായ അറബികള്‍ മലപ്പുറം എന്ന ഭീകരജില്ല

മലയാള സിനിമ എത്ര മാറിയാലും അതിന്റെ കമ്യൂണിസ്റ് വിരുദ്ധവും മുസ്ളിം വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ മുന്‍വിധികള്‍ മാറില്ല എന്നതിന്റെ ഉദാഹരണമാണ് ട്രാഫിക്ക് എന്ന പുതിയ സിനിമ. ബോബി സഞ്ജയ് തിരക്കഥയെഴുതി രാജേഷ് പിള്ള സംവിധാനം ചെയ്ത ഈ സിനിമ, മലയാള സിനിമയുടെ മാറ്റത്തിന്റെ സൂചകം എന്ന വിധത്തില്‍ അച്ചടി/ദൃശ്യ മാധ്യമങ്ങളിലും ബ്ളോഗുകളിലും ഗൂഗിള്‍ ബസ്സ്/ഫേസ് ബുക്ക് ചര്‍ച്ചകളിലും കൊണ്ടാടപ്പെടുകയും തിയറ്റര്‍ സര്‍ക്യൂട്ടില്‍ സാമാന്യം തിരക്കോടെ ഓടുകയും ചെയ്യുന്നുണ്ട്. സിനിമയുടെ തുടക്കത്തില്‍ തന്നെ കാണിക്കുന്നത്, കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനിലായ സുദേവന്‍ (ശ്രീനിവാസന്‍) എന്ന പോലീസുകാരന്‍ കമ്യൂണിസ്റ് പാര്‍ടി ആപ്പീസില്‍ പോയി പതിനായിരങ്ങള്‍ കവറിലിട്ട് പാര്‍ടി സെക്രട്ടറിക്ക് കൈക്കൂലി കൊടുത്ത് അയാളെക്കൊണ്ട് മന്ത്രിക്ക് ശുപാര്‍ശ നടത്തി ജോലിയില്‍ തിരികെ കയറുന്ന സീനാണ്. പാര്‍ടി സെക്രട്ടറി ആഭ്യന്തര മന്ത്രിക്ക് വിളിക്കുമ്പോഴാകട്ടെ സസ്പെന്‍ഷനിലായ പോലീസുകാരന്‍ നായരാണെന്ന കാര്യം മറക്കേണ്ട എന്നും പറയുന്നുണ്ട്. പാര്‍ടി സവര്‍ണഹിന്ദുത്വത്തിനും ജാതിക്കോയ്മക്കും കീഴ്പ്പെട്ടിരിക്കുന്നുവെന്ന മാധ്യമ പ്രചാരണമാണ് തിരക്കഥാകാരന്മാര്‍ക്കും സംവിധായകനും പ്രേരകമായതെന്നും കരുതാം. സുപ്രീം കോടതി ജഡ്ജിക്കു വരെ കൈക്കൂലി കൊടുത്ത് മദ്യ ശാലാ ലൈസന്‍സ് പിന്‍വാതിലിലൂടെ നേടിയെടുക്കുന്നവരും, മുപ്പതു കൊല്ലത്തിനു ശേഷം അണക്കെട്ടഴിമതിയുടെ പേരില്‍ അഴിയെണ്ണുന്നവരും, വ്യഭിചാരക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അഞ്ചു കോടിയും ആയിരം ഏക്കറും ഇല്ലാത്തതിന്റെ പേരില്‍ ബ്ളാക്ക് മെയില്‍ ചെയ്യപ്പെടുന്നവരും വിരാജിക്കുന്ന കേരളത്തില്‍ കമ്യൂണിസ്റ് പാര്‍ടിയാണ് ഏറ്റവും വലിയ അഴിമതിക്കാര്‍ എന്ന് സ്ഥാപിക്കുന്ന ട്രാഫിക്കിന്റെ വിജയം എന്തിന്റെ സൂചകമാണെന്ന് കാലം തെളിയിക്കട്ടെ.

കൊച്ചി നഗരത്തിലെ തിരക്കുള്ള ഒരു നാല്‍ക്കവലയിലുണ്ടാകുന്ന അപകടത്തില്‍ പെട്ട് റെയ്ഹാന്‍ (വിനീത് ശ്രീനിവാസന്‍) എന്ന യുവാവ് മരണാസന്നനാകുന്നു. ഇനിയും മിടിപ്പ് നിലച്ചിട്ടില്ലാത്ത അയാളുടെ ഹൃദയം രണ്ടര മണിക്കൂര്‍ കൊണ്ട് പാലക്കാട്ടുള്ള അഹല്യ ഹോസ്പിറ്റലിലെത്തിച്ചാല്‍ അവിടെ മരിക്കാന്‍ കിടക്കുന്ന കൌമാരക്കാരിയുടെ ജീവന്‍ രക്ഷിക്കാനാവും എന്ന കണ്ടെത്തലിനെ തുടര്‍ന്ന് വഴിയിലുള്ള ട്രാഫിക്ക് മുഴുവനും മരവിപ്പിച്ചു നിര്‍ത്തി പൊലീസ് വാഹനത്തില്‍ ഹൃദയവുമായി കുതിക്കുന്നതാണ് കഥാതന്തു. ചെന്നൈ നഗരത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ്; അല്ലാതെ, കോപ്പിയടിച്ച ഏതോ വിദേശ സിനിമയല്ല ട്രാഫിക്കിന്റെ ഹേതു എന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വളരെ നല്ലത്.

ബോധത്തിലും അബോധത്തിലുമുള്ള മുസ്ളിം വിരുദ്ധതയാണ് ട്രാഫിക്കില്‍ പ്രകടമായി നില്‍ക്കുന്ന ഏറ്റവും ആശങ്കാകുലമായ ഘടകം. റെയ്ഹാന്റെ ഹൃദയം പറിച്ചെടുത്ത് അവനെ മരണത്തിലേക്ക് കുറേക്കൂടി നേരത്തെ തള്ളിവിടാന്‍ അനുവാദം കൊടുത്ത അവന്റെ മാതാപിതാക്കള്‍ ത്യാഗത്തിലൂടെ ഇസ്ളാമിന്റെ മഹാമനസ്കത ഉയര്‍ത്തിപ്പിടിച്ചു എന്ന് വരുത്തി തീര്‍ക്കുന്ന തിരക്കഥാകൃത്തുക്കളും സംവിധായകനും, ഹൃദയം പോകുന്ന പോക്കില്‍ ഒരു ബിലാല്‍ കോളനിയെ ഘടിപ്പിച്ചാണ് പ്രശ്നം രൂക്ഷമാക്കുന്നത്.

മൈനോറിറ്റിയുടെ കോളനിയാണത്, മുമ്പേ റെയ്ഡിനു പോയപ്പോള്‍ പൊലീസിനെ തടഞ്ഞവരാണ് എന്നെല്ലാമുള്ള മുന്‍വിധിയോടെ ഈ മുസ്ളിം കോളനിയായിരിക്കും വിശാലമായ മാനുഷിക കാരുണ്യ പ്രവര്‍ത്തനത്തിന് വിഘാതമാകുക എന്ന് പ്രഖ്യാപിക്കുന്ന ബോബി, സഞ്ജയ്, രാജേഷ് പിള്ള എന്നിവര്‍ കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് എന്നതിനു പകരം കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്കോ അല്ലെങ്കില്‍ പാലക്കാട്ടു നിന്നു കോഴിക്കോട്ടേക്കോ ഒന്നു യാത്ര ചെയ്യണം. ഇത്തിരി സ്പീഡില്‍ വിട്ടാലും തരക്കേടില്ല. കൊച്ചിയില്‍ നിന്നാണെങ്കില്‍, ചങ്ങരം കുളം വിട്ടാലും; പാലക്കാട്ടു നിന്നാണെങ്കില്‍ കരിങ്കല്ലത്താണി വിട്ടാലും നിങ്ങള്‍ പ്രവേശിക്കുന്നത് മലപ്പുറം ജില്ലയിലേക്കായിരിക്കും. പിന്നെ ഏതാണ്ട് രാമനാട്ടുകര എത്തുന്നതു വരെയും, സംഘപരിവാറിന്റെയും മലയാള സിനിമാക്കാരുടെയും ഭാഷയില്‍ പറഞ്ഞാല്‍ ഈ 'ഭീകര'ജില്ലയിലൂടെ (ബോംബിവിടെ മലപ്പുറത്ത് ഇഷ്ടം പോലെ ലഭിക്കുമല്ലോ(ആറാം തമ്പുരാന്‍), മലപ്പുറത്തുണ്ടായ വര്‍ഗീയ ലഹള(വിനോദയാത്ര)) നിങ്ങള്‍ക്ക് യാത്ര ചെയ്തേ മതിയാവൂ. പക്ഷെ ഒരു കാര്യമുണ്ട്. അപകടം പറ്റുകയാണെങ്കില്‍ മലപ്പുറത്തു വെച്ച് പറ്റണം എന്നാണ് തെക്കന്‍ മലബാറിലെ പ്രയോഗം. കേസു വരുമോ; പൊലീസ് സ്റേഷനിലും കോടതിയിലും കയറിയിറങ്ങി കാലു തേയുമോ; രക്തം കൊടുക്കേണ്ടി വരുമോ; ആശുപത്രിയില്‍ പണമടച്ച് കറങ്ങേണ്ടി വരുമോ എന്നൊന്നും പേടിക്കാതെ അപകടത്തില്‍ പെട്ടവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുകയും വേണ്ട വൈദ്യ ശുശ്രൂഷ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന കാര്യത്തില്‍ മലപ്പുറം ജില്ലയിലുള്ള മുസ്ളിങ്ങളും ഹിന്ദുക്കളും അല്ലാത്തവരുമടങ്ങുന്ന മുഴുവന്‍ ജനങ്ങളും കാണിക്കുന്ന ശുഷ്ക്കാന്തി ലോകോത്തരമാണ്. അതു മനസ്സിലാക്കാതിരിക്കുകയോ അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും മറച്ചു വെക്കുകയോ ചെയ്തിട്ട്, മുസ്ളിം കോളനിക്കാരെ നിയന്ത്രിക്കാന്‍ സൂപ്പര്‍ സ്റാറിന്റെ ഫാന്‍സ് അസോസിയേഷന്‍ എന്ന കൂവല്‍/അലവലാതി സംഘത്തെ ഇറക്കുന്നതായി കാണിക്കുന്ന ട്രാഫിക്ക് എന്ന സിനിമ ഒരു സാംസ്ക്കാരിക കുറ്റകൃത്യമാണെന്ന് സധൈര്യം അഭിപ്രായപ്പെട്ട ബി അബൂബക്കര്‍ (മലയാള്‍ ഡോട്ട് എഎം) അഭിനന്ദനമര്‍ഹിക്കുന്നു.

എന്‍ട്രന്‍സ് ജ്വരത്തെക്കാളും മികച്ചത് റിയാലിറ്റി ഷോയാണെന്ന അസംബന്ധം എഴുന്നള്ളിച്ച മകന്റെ അഛനെ വിജയിപ്പിച്ച മലയാളികള്‍ ട്രാഫിക്കിനെയും വിജയിപ്പിച്ചു എന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. (ഓരോ വര്‍ഷവും ആദ്യം റിലീസാകുന്ന സിനിമകള്‍ വിപണിയില്‍ ഫ്ളോപ്പാകാറുണ്ടെന്നാണ് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന വാണിജ്യ നിരീക്ഷകര്‍ രേഖപ്പെടുത്തുന്നത്. ആ അന്ധവിശ്വാസത്തെ മറികടന്നുകൊണ്ടാണ് ട്രാഫിക്ക് വാണിജ്യ വിജയം കൊയ്തതെന്നത് കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് രക്ഷയില്ലാതായി എന്ന പുരോഗമന വിജയയാത്രയുടെ ലക്ഷണമായും പരിഗണിക്കാം.)

യഥാര്‍ത്ഥ മനുഷ്യാനുഭവങ്ങള്‍ കഥാസിനിമകളായി വരുന്നത് അപൂര്‍വ്വമായ പ്രവണതയല്ല. അക്കൂട്ടത്തില്‍ പെട്ട മറ്റൊന്നാണ്, കെ യു ഇക്ബാലിന്റെ അനുഭവകഥയെ മുന്‍നിര്‍ത്തി സംവിധായകനോട് ചേര്‍ന്ന് കെ ഗിരീഷ്‌കുമാര്‍ എഴുതിയ തിരക്കഥയെ ആസ്പദമാക്കി പ്രശസ്ത സംവിധായകനായ കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ. കമലിന്റെ മാസ്റര്‍പീസ് സിനിമ, കാവ്യ യഥാര്‍ത്ഥ ജിവിതത്തില്‍ അനുഭവിച്ചത് സിനിമാഭിനയത്തില്‍ പകര്‍ത്തുന്നു എന്നൊക്കെയുള്ള കിടുകിടിലന്‍ പരസ്യ വാചകങ്ങളും ചുമരില്‍ നിറയുന്നുണ്ട്. ഗള്‍ഫില്‍ വീട്ടുവേലക്കാരിയായി ജോലിക്കു പോകുന്ന അശ്വതി(കാവ്യാ മാധവന്‍) എന്ന മലയാളി വിധവ അനുഭവിക്കുന്ന കടുത്ത പീഡനങ്ങളും മര്‍ദനങ്ങളും തടവും മറ്റുമാണ് ഇതിവൃത്തം. അതിഭാവുകത്വം നിറഞ്ഞതും അറബികളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ളതുമായ അവതരണം ചിത്രത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടെങ്കിലും വാണിജ്യ വിജയത്തെ അത് ബാധിക്കാനിടയില്ല. ഗള്‍ഫുകാരാണ് കേരളത്തില്‍ ഭൂമിക്കു മുതല്‍ മത്തിക്കു വരെ വില കയറ്റുന്നത്; ഗള്‍ഫുകാരാണ് പള്ളി മിനാരങ്ങളും അമ്പലങ്ങളും കെട്ടിയുയര്‍ത്തി വര്‍ഗീയത വളര്‍ത്തുന്നത്; ഗള്‍ഫുകാര്‍ പൊതുവെ വിഡ്ഢികളാണ്, അഥവാ നാട്ടില്‍ ജോലിക്കു കൊള്ളാത്തവരാണ് ഗള്‍ഫില്‍ അഭയം തേടുന്നത്; അതിനാല്‍ അവരെ പറ്റിക്കാനെളുപ്പമാണ്; അവര്‍ അറബികളുടെ അടിമപ്പണിയാണെടുക്കുന്നത് തുടങ്ങിയ ധാരാളം പൊതുധാരണകള്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. അത്തരം പൊതുബോധനിര്‍മിതിയുടെ പശ്ചാത്തലം തന്നെയാണ് ഗദ്ദാമയെയും ജനപ്രിയമാക്കുന്നത്.

സാരി വിപരീതം പര്‍ദ, പട്ടാമ്പി വിപരീതം കൊണ്ടോട്ടി, കേരളത്തിലെ മതേതര പരിസരം വിപരീതം സൌദി അറേബ്യയിലെ മതാത്മക പരിസരം, ഇവിടത്തെ ജനാധിപത്യ ഭരണം വിപരീതം അവിടത്തെ രാജഭരണം, എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെയാണ് ഗദ്ദാമ അവലംബമാക്കുന്നത്. 1992 അവസാനം മുസ്ളിം പശ്ചാത്തലമുള്ള ഗസല്‍ എന്ന സിനിമ കമല്‍ സംവിധാനം ചെയ്ത് റിലീസ് ചെയ്തിരുന്നു. ധ്രുവം(എസ് എന്‍ സ്വാമി/ജോഷി) പോലെ പ്രകടവും വ്യക്തവുമായ രീതിയില്‍ മുസ്ളിം വിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും സവര്‍ണവീരഗാഥയും പ്രത്യക്ഷപ്പെടുത്തിയ സിനിമകള്‍ ബാബരി മസ്ജിദ് തകര്‍ത്ത പശ്ചാത്തലത്തില്‍ വിജയം ആഘോഷിക്കുകയും ഗസല്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു. മുസ്ളിം വംശജന്‍ കൂടിയായ കമല്‍ ഇതിനെ തുടര്‍ന്ന് പരാജയഭാവമണിഞ്ഞ് പല നിരീക്ഷണങ്ങളിലും വിലയിരുത്തപ്പെട്ടു. ഏതായാലും വാണിജ്യ സിനിമയില്‍ വിജയം കൊയ്യണമെങ്കില്‍, ധ്രുവം മുന്നോട്ടു വെച്ച രാഷ്ട്രീയ ഫോര്‍മുലകള്‍ ഏതെങ്കിലും തരത്തില്‍ പിന്തുടരുന്നതാണ് ബുദ്ധി എന്ന് അദ്ദേഹത്തിനും തീരുമാനിക്കാന്‍ സാധിച്ചിട്ടുണ്ടാവും. പിന്നീടുള്ള സിനിമകളില്‍ അതിന്റെ ലക്ഷണങ്ങള്‍ വ്യക്തമായിരുന്നു. പെരുമഴക്കാലം എന്ന ചിത്രം ബ്രാഹ്മണജാതിയും ഇസ്ളാമും തമ്മിലുള്ള വൈരുദ്ധ്യത്തെ അടിസ്ഥാനപ്പെടുത്തിയ ഒന്നായിരുന്നു.


കേരളത്തിലെ സാധാരണക്കാരുടെ ദൈന്യാവസ്ഥയുടെ സാമൂഹിക കാരണങ്ങള്‍ ഇത്തരം സിനിമകളില്‍ വിശകലനം ചെയ്യാതെ പോകുന്നു. വിധവയായ ഒരു യുവതി എന്തുകൊണ്ടാണ് കേരളത്തില്‍ അനാഥത്വം അനുഭവിക്കുന്നത് എന്നും അത്തരം അനാഥത്വം കേരളം പോലുള്ള ഒരു സമൂഹത്തിന്റെ ആധുനികവത്ക്കരണത്തിലെ സന്ദിഗ്ദ്ധതകളെയാണ് വെളിപ്പെടുത്തുന്നത് എന്നതും പെരുമഴക്കാലവും ഗദ്ദാമയും മറച്ചു വെക്കുന്നു. സൌദി അറേബ്യയിലെത്തി വിമാനത്താവളത്തില്‍ സ്പോണ്‍സറെ കാത്തിരിക്കുന്ന അശ്വതിയുടെ വേഷം ശ്രദ്ധിക്കുക. ചന്ദനക്കുറി അണിഞ്ഞ് സാരി ഉടുത്ത്, കവിവര്‍ണനകളില്‍ വിവരിക്കാറുള്ളതു പോലെ നാടന്‍ ശാലീനയുവതിയായി ഇരിക്കുന്ന അവള്‍ക്കടുത്തേക്ക് പര്‍ദയണിഞ്ഞ്, മുഖത്ത് കോറിവരകളും ദൈന്യതയുടെയും ദാരിദ്ര്യത്തിന്റെയും വടുക്കളുമായി ഒരു മലയാളി മുസ്ളിം യുവതി എത്തുന്നു. ഞാന്‍ മുമ്പും ഗദ്ദാമയായി പണിയെടുത്തിരുന്നു; പിന്നീട് നാട്ടില്‍ പോയിട്ടും രക്ഷയുണ്ടായില്ല, അതാണ് തിരിച്ചു വന്നത് എന്ന് സ്വയം പരിചയപ്പെടുത്തിയ അവര്‍, തന്റെ ബാഗില്‍ നിന്ന് അശ്വതിക്ക് തലമൂടാനുള്ള ആവരണം കൊടുക്കുന്നു. അശ്വതിയുടെ വീട് പട്ടാമ്പിയിലാണെന്നും മുസ്ളിം യുവതിയുടെത് കൊണ്ടോട്ടിയിലാണെന്നും വ്യക്തമാക്കുന്നുണ്ട്. ട്രാഫിക്കിലെ ബിലാല്‍ കോളനി പോലെ ഒരു ഭീകര കേന്ദ്രമായിട്ടാണ് കൊണ്ടോട്ടി ഇവിടെ വിവക്ഷിക്കപ്പെടുന്നത്. അഥവാ, പട്ടാമ്പിയിലുള്ള ഒരു അശ്വതി അനുഭവിക്കുന്ന പീഡനത്തോളം വരില്ല കൊണ്ടോട്ടിയിലുള്ള ഒരു ഫാത്തിമ അല്ലെങ്കില്‍ ജമീല അനുഭവിക്കുന്ന പീഡനം എന്നും നിര്‍ണയിച്ചെടുക്കാം. എന്റെ ഒരു സുഹൃത്തായ മഹമൂദ് മൂടാടി അയച്ച എസ് എം എസില്‍ പറയുന്നതു പോലെ, അറബികള്‍ അസുരന്മാരും മലയാളികള്‍ ദേവന്മാരും ആണെന്ന് ഡിക്ളയര്‍ ചെയ്യുന്ന ഗദ്ദാമ 9/11നു ശേഷം ഇറങ്ങിയ ഹോളിവുഡ് സിനിമകളിലെ അറബ് വിരുദ്ധതയെ കേരളത്തിലേക്ക് പറിച്ചു നടുകയാണെന്നും പറയാതിരിക്കാനാവില്ല.