Friday, November 28, 2008

ശരീരവും ആത്മാവും - ബന്ധങ്ങളുടെ ഭൂമധ്യരേഖകള്‍

സി വി ശ്രീരാമന്റെ കഥകളില്‍, എളുപ്പത്തില്‍ ചലച്ചിത്രരൂപാന്തരത്തിന് വിധേയമാക്കാവുന്ന ദൃശ്യപരത വ്യാപിച്ചുകിടക്കുന്നുണ്ടെന്ന് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. കഥകളെ ഇപ്രകാരം ദൃശ്യപരത ഉള്ളവയെന്നും ഇല്ലാത്തവയെന്നും രണ്ടായി വിഭജിക്കാനാവുമെന്നും, ദൃശ്യപരത എന്നതാണ് സിനിമയുടെ ഒരു അടിസ്ഥാന ഗുണം എന്നുമൊക്കെയുള്ള മുന്നറിവുകളും മുന്‍ നിശ്ചയങ്ങളുമാണ് ഇത്തരം ഒറ്റവാചക നിരീക്ഷണങ്ങളെ പ്രബലപ്പെടുത്തുന്നത്. മാത്രമല്ല, സ്ഥലപശ്ചാത്തലവിവരണം പോലുള്ള ചില അത്യാവശ്യങ്ങളെയാണ് ദൃശ്യപരതയായി ഇക്കൂട്ടര്‍ ഗണിച്ചെടുത്ത് ഭ്രമിക്കുന്നതും! അഭയാര്‍ത്ഥിത്വം, പ്രവാസം, നാടുവാഴിത്തത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള നടന്നതും നടക്കാത്തതുമായ സംക്രമണം, യാത്രകള്‍, ഓര്‍മ്മകള്‍, മറവികള്‍, വിസ്‌മയകരവും യാദൃച്‌ഛികവുമായ കണ്ടുമുട്ടലുകളും കണ്ടെത്തലുകളും, അരക്ഷിതത്വങ്ങള്‍, സ്വത്തുടമസ്ഥതയിലുള്ള മാറ്റങ്ങള്‍, കേസുകള്‍, നിയമനിര്‍മാണങ്ങള്‍, ഉപേക്ഷകള്‍, വിശ്വാസത്തിന്റെ പ്രതിസന്ധി, സമരങ്ങള്‍, കോളനീകരണം, ഭാഷയും പ്രാദേശികത്വവും, ഭക്ഷണരീതികള്‍, ദാരിദ്ര്യം എന്നിങ്ങനെ അനവധി സമസ്യകളും പ്രതിസന്ധികളും ചേര്‍ന്ന് കുഴഞ്ഞുമറിയുന്ന മനുഷ്യാവസ്ഥകളുടെ വിചിത്രമായ ചേരുവകളാണ് ശ്രീരാമന്‍ കഥകളില്‍ വായനക്കാര്‍ വീണ്ടും വീണ്ടും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇതൊക്കെ സിനിമക്കും ബാധകമാണ്. എന്നാല്‍ സൌന്ദര്യാത്മക മലയാള സിനിമ പോലെ അസാധ്യമായ നിര്‍വഹണോന്മുഖത നിലനില്‍ക്കുന്ന ഒരു പരിസരത്തിനകത്ത് അദ്ദേഹത്തിന്റെ കഥകള്‍ നടത്തിയ ധീരമായ ഇടപെടലുകളെന്തൊക്കെ എന്നത് വിശദമായി ആലോചിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.

ഇരിക്കപ്പിണ്ഡം എന്ന കഥ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് കെ ആര്‍ മോഹനന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത പുരുഷാര്‍ത്ഥം; പൊന്തന്‍മാട, ശീമത്തമ്പുരാന്‍ എന്നീ കഥകളില്‍ നിന്ന് ടി വി ചന്ദ്രന്‍ രൂപപ്പെടുത്തിയെടുത്ത പൊന്തന്‍മാട എന്ന തിരക്കഥയും സിനിമയും; ചിദംബരം, വാസ്തുഹാരാ എന്നീ കഥകളെ ആസ്‌പദമാക്കി അതേ പേരില്‍ തന്നെ ജി അരവിന്ദന്‍ സംവിധാനം ചെയ്‌ത രണ്ടു ചലച്ചിത്രങ്ങള്‍ എന്നിങ്ങനെ അഞ്ചു കഥകളും നാലു സിനിമകളുമാണ് മലയാള സിനിമാചരിത്രത്തില്‍ സി വി ശ്രീരാമന്റെ സ്ഥാനം. വേണമെങ്കില്‍ വി കെ ശ്രീരാമന്‍ സംവിധാനം ചെയ്‌ത ഇഷ്‌ടദാനം എന്ന ടെലിഫിലിം കൂടി ഈ ഗണത്തിലുള്‍പ്പെടുത്താം. ഓളവും തീരവും(എംടി, പിഎന്‍ മേനോന്‍) എന്ന ചിത്രത്തിനു ശേഷം മാറിത്തീരുകയും യൂറോപ്യനറിവുകളുടെ ഛായയിലും പ്രതിഛായയിലും പുനര്‍രചിക്കപ്പെടുകയും ചെയ്‌ത മലയാള സിനിമാ ചരിത്രത്തിന്റെ പ്രത്യേക ഘട്ടത്തിലാണ്, നിരൂപകരുടെ കണ്ടെത്തല്‍ പ്രകാരം ഒരു 'തലമുറ'യിലും കണിശമായി ഉള്‍പ്പെടാത്ത സി വി ശ്രീരാമന്റെ കഥകള്‍ സിനിമയാക്കപ്പെടുന്നത്. ആ സിനിമകള്‍ ഒന്നു കൂടി കണ്ടു നോക്കൂ. അവക്കാധാരമായ കഥകള്‍ ഒന്നു കൂടി വായിച്ചു നോക്കൂ. മലയാള സിനിമ മാത്രമല്ല, മലയാളവും കേരളവും കേരള സംസ്‌ക്കാരവും ചരിത്രവും പുതിയ രീതിയില്‍ അഴിച്ചു പണിയാനും പുനക്രമീകരിക്കപ്പെടാനുമുള്ള ആന്തരികവും ബാഹ്യവുമായ വാഞ്ഛകള്‍ കൊണ്ട് ഉത്സുകമായ ഒരു ഭാവുകത്വം അവയെ ചൂഴ്ന്നു നില്‍ക്കുന്നതു കാണാം. അത് മലയാള സിനിമയെ മാത്രമല്ല, കേരളീയതയെയും പുനരാവിഷ്‌ക്കരിക്കുന്നതിനുള്ള പരിശ്രമങ്ങളായിരുന്നുവെന്ന് സൂക്‌ഷ്‌മമായി നോക്കിയാല്‍ ബോധ്യപ്പെടും.

സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള പരസ്‌പരാകര്‍ഷണം, പ്രണയം, വിവാഹം, വിവാഹേതരബന്ധങ്ങള്‍, അഗമ്യഗമനങ്ങള്‍, രതി, കുടുംബരൂപീകരണവും ശിഥിലീകരണവും, സ്‌നേഹം എന്നിങ്ങനെ മലയാളി സ്വതേ സാമൂഹ്യസ്ഥല ചര്‍ച്ചകളില്‍ നിന്ന് മാറ്റിനിര്‍ത്തിയതും സ്വകാര്യവും അടക്കിപ്പിടിച്ചതുമായ ഇരുട്ടറകളിലേക്ക് തള്ളിവിട്ടതുമായ പ്രഹേളികകളാണ് സിനിമയാക്കപ്പെട്ട ശ്രീരാമന്‍ കഥകളെ പ്രാഥമികമായി സംഘര്‍ഷഭരിതമാക്കുന്നത്. സ്‌നേഹവും ലൈംഗികതയും കുടുംബവും അധികാരബലതന്ത്രത്തിന്റെ പ്രവര്‍ത്തനമേഖലകളാണെന്ന മൌലികമായ തിരിച്ചറിവാണ് ഈ കഥകളുടെ സത്യസന്ധത. ഇരിക്കപ്പിണ്ഡത്തില്‍, പരേതനായ അഛന്റെ ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാനായി ഗംഗാതീരത്തെത്തുന്ന കുട്ടിയോടൊപ്പമുള്ളത് അമ്മയും അമ്മയുടെ കാമുകനുമാണ്. അഛന്റെ മരണം വരെയും അയാളുടെ സാമൂഹ്യനാമകരണം ജാരന്‍ എന്നായിരുന്നു. ആ വിശേഷണത്തിലാന്തരീകരിച്ചിട്ടുള്ള പുഛം, വെറുപ്പ്, അവമതി എന്നിവയെല്ലാം ചേര്‍ന്ന വികാരമാണ് കുട്ടിക്ക് അയാളോടുള്ളത്. ക്യാമറയുമായി കുമ്പിട്ട് നിന്ന് കുട്ടിയെ ഓമനിക്കാന്‍ തുനിഞ്ഞ നൈനാന്‍ അങ്കിളിനോട് യൂ ഗോ എവെ! എന്ന് കുട്ടി ജ്വലിക്കുകയാണ് ചെയ്‌തത്.

വെറുപ്പിന്റെ ഈ ജ്വലനം പക്ഷെ വായനക്കാരന്റെ സദാചാരപരികല്‍പനയിലേക്ക് കേവലമായി കടത്തിവിടാന്‍ കഥാകൃത്ത് പരിശ്രമിക്കുന്നില്ല എന്നതാണ് കഥയുടെ സത്യസന്ധത. യാഥാര്‍ത്ഥ്യം എന്ന വിചിത്രവും സങ്കീര്‍ണവുമായ പ്രതിസന്ധിയെ കഥാകാരന്‍ ആവിഷ്‌ക്കരിക്കുന്നത് നോക്കുക. മകന്‍ ഭര്‍ത്താവിന്റെ ബലിക്രിയകള്‍ പൂര്‍ത്തീകരിക്കുന്നത് കാത്തിരിക്കുമ്പോള്‍ അവര്‍ സംസാരിക്കുന്നതെന്തായിരുന്നു? ഭര്‍ത്താവിന്റെ മരണത്തിനു മുമ്പ് കാമുകനുമായി അവള്‍ ഒരു തവണയാണോ അതോ രണ്ടു തവണയാണോ ലൈംഗികമായി ബന്ധപ്പെട്ടിരുന്നത് എന്ന് തര്‍ക്കിക്കുകയായിരുന്നു അവര്‍. തര്‍ക്കത്തില്‍ തീര്‍പ്പു കല്‍പ്പിച്ചു കൊണ്ട് അവള്‍ അവരുടെ ആദ്യ സംഗമം കൃത്യമായി ഓര്‍മ്മിച്ചെടുക്കുന്നു. 'നിങ്ങളുടെ മിസ്സിസ്സിനെ ആദ്യത്തെ പ്രാവശ്യം മെന്റല്‍ ഹോസ്പിറ്റലില്‍ അഡ്‌മിറ്റ് ചെയ്‌തത് പുലര്‍ച്ചക്കല്ലേ? നിങ്ങള്‍ പറഞ്ഞു ശരീരം വിറക്കുന്നുവെന്ന്.... നമ്മള്‍ പോയി ജിംഖാന ക്ലബ്ബിന്റെ സ്‌റ്റുവാര്‍ഡിനെ വിളിച്ചുണര്‍ത്തി. പല്ലു പോലും തേയ്‌ക്കാതെ നിങ്ങള്‍ കുറെ കണ്‍ട്രിലിക്കര്‍ കഴിച്ചു...' 'നൌ ഐ റികലക്‍ട്... ജിംഖാന ക്ലബ്ബിന്റെ സ്‌റ്റേജില്‍ കെട്ടി നിറുത്തിയ രണ്ടു കര്‍ട്ടണുകളുടെ ഇടയില്‍..' 'വെറും നിലത്ത് പൊടി പുരണ്ട.... എന്റെ ഭഗല്‍പുരി സാരി വിരിച്ച്....' അവളുടെ മുഖം ചുവന്നു. അവള്‍ക്ക് വാക്കുകള്‍ കിട്ടാതെയായി. അവള്‍ നിറുത്തി. അവളുടെ കയ്യില്‍ നിന്ന് ദര്‍ഭനാര് വാങ്ങി അവളുടെ കൈത്തണ്ടയില്‍ വരച്ചു കൊണ്ട് അയാള്‍ പറഞ്ഞു: ഓ... ഗേള്‍! എല്ലാം ഓര്‍മ്മയില്‍ പച്ചയായി....' സ്വന്തം ഓര്‍മ്മയെ കുറ്റവും ശിക്ഷയും ശരിതെറ്റുകളുമായി ഒരാള്‍ക്ക് വ്യവഛേദിച്ചെടുക്കാനാവുമോ? ധര്‍മാധര്‍മത്തെക്കുറിച്ചും സദാചാരത്തെക്കുറിച്ചും വ്യക്തിയും സമുദായവും പുലര്‍ത്തുന്ന ഈ പരസ്യ /രഹസ്യ സംവാദമാണ് ശ്രീരാമന്‍ കഥകളുടെ ഏറ്റവും വലിയ പ്രസക്തി. കുട്ടിയോടൊപ്പം നിന്ന് കാമുകനെയും അമ്മയെയും ഭര്‍ത്സിക്കുകയും വിധവയുടെയും ജാരന്റെയും ഒപ്പം നിന്ന് ഭര്‍ത്താവിന്റെ ബലിദാനവേളയില്‍ തങ്ങളുടെ ആദ്യത്തെ സംഗമം ഓര്‍മ്മിച്ചെടുത്ത് പുളകം കൊള്ളുകയും ചെയ്യുന്നതിലൂടെ സംക്രമിക്കപ്പെടുന്ന ഈ സന്ദിഗ്ദ്ധതയാണ് ശ്രീരാമന്റെ കഥയെ ചലച്ചിത്രരൂപാന്തരത്തിന് യോഗ്യമാക്കുന്നത്. മലയാള സിനിമയില്‍ പലപ്പോഴും ഈ സന്ദിഗ്ദ്ധത പരിചരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അവയെ സ്ഥലകാലബന്ധിതമായ സ്ഥിത സദാചാരം കൊണ്ട് പരിഹരിച്ചതായി ഭാവിക്കുകയായിരുന്നു പതിവ്. ആ പതിവിന്റെ ചരിത്ര വിരുദ്ധതയെയാണ് സി വി ശ്രീരാമന്റെ കഥകളില്‍ നിന്ന് പ്രസരിക്കുന്ന സത്യസന്ധതയുടെ ഊര്‍ജ്ജം കൊണ്ട് ചലച്ചിത്രകാരന്മാര്‍ പൊളിച്ചടുക്കിയത്.

കെ ആര്‍ മോഹനന്റെ സിനിമയില്‍ ഭദ്ര, കാമുകന്‍(ജാരന്‍), ഭദ്രയുടെ മകന്‍ വിനീത് എന്നീ കഥാപാത്രങ്ങളാണ് പിതൃതര്‍പ്പണത്തിനു വേണ്ടി പോകുന്നത്. ഭദ്രയുടെ മരിച്ചു പോയ ഭര്‍ത്താവ് വാസുദേവന്റെ നാട്ടിലേക്കും വീട്ടിലേക്കും അവളും മകനും ചേര്‍ന്ന് നടത്തിയ യാത്രയുടെ മുന്നനുഭവം കൂടി ചേര്‍ന്നാണ് സിനിമ രൂപപ്പെടുന്നത്. അവള്‍ ഓര്‍മ്മയില്‍ നിന്നും ധാരണയില്‍ നിന്നും കുടഞ്ഞുകളയാനാഗ്രഹിക്കുന്ന ഒരു പ്രേത സാന്നിദ്ധ്യമായും മകന്‍ അവന്റെ കാഴ്ച്ചപ്പാടിലേക്ക് ആവാഹിച്ചെടുക്കാനിച്‌ഛിക്കുന്ന ഒരു പിതൃരൂപമായും വാസുദേവന്‍ എന്ന അസന്നിഹിതമായ കഥാപാത്രം നിറഞ്ഞുനില്‍ക്കുന്നു. ഇതുകൊണ്ടാണ്, മകനായ വിനീത് ദേഷ്യം മൂത്ത് ബലികര്‍മ്മത്തിനിടയില്‍ പിണ്ഡം അമ്മയുടെ കാമുകന്റെ മുഖത്തേക്ക് വലിച്ചെറിയുന്നത്. അമ്മയും കാമുകനും തമ്മില്‍ പരസ്പരചൂഷണത്തിലധിഷ്‌ഠിതമായ ബന്ധമാണ് നിലനിന്നിരുന്നത് എന്ന സൂചനയും ലഭ്യമാണ്. സ്‌നേഹം, ദാമ്പത്യം, വിവാഹേതരപ്രണയം എല്ലാം അധികാരരൂപങ്ങളായി പ്രവര്‍ത്തിക്കുന്നത് ഭയചകിതമായി നാം അനുഭവിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ സിനിമ പരിചരിക്കാന്‍ ശ്രമിച്ച ഏറ്റവും നിര്‍ണായകമായ മാനുഷിക വികാരങ്ങളിലൊന്ന് ലൈംഗികതയായിരുന്നു. അന്യരുടെ ലൈംഗികബന്ധം നേരിട്ടു കാണാനുള്ള അവസരമില്ലാത്ത മുഴുവന്‍ മനുഷ്യരുമാണ് സിനിമയുടെ കാണികള്‍. അതുകൊണ്ട് സിനിമയുടെ ജനപ്രിയതാരൂപീകരണത്തെ മിക്കപ്പോഴും നിര്‍ണയിച്ചത് രതിയുടെയും സ്‌ത്രൈണനഗ്നതയുടെയും ആവിഷ്‌ക്കാര സാധ്യതകളായിരുന്നു. സി വി ശ്രീരാമന്റെ കഥകളില്‍ തെളിഞ്ഞുകിടന്ന ചരിത്രകാലവും സ്ഥലരാശിയും പക്ഷെ ഈ വ്യാവസായിക-ജനപ്രിയതയുടെ തലത്തിലല്ല പ്രവര്‍ത്തനക്ഷമമായത്. അത്, സാമൂഹികസദാചാരം എന്ന അധികാരപ്രക്രിയയോട് കലഹിച്ചുകൊണ്ട് ശരീരങ്ങളുടെയും ആത്മാവുകളുടെയും ബന്ധങ്ങളും ബന്ധനങ്ങളുമായി പടരുകയും വിട്ടകലുകയും ചെയ്യുന്ന മനുഷ്യാസ്‌തിത്വം എന്ന സമസ്യയെ പ്രശ്‌നോപരിതലത്തിലേക്ക് ഉയര്‍ത്തുകയാണ് ചെയ്‌തത്. വ്യക്തമായ സ്വത്തധികാരമില്ലാത്ത പൊന്തന്‍മാട, അധസ്ഥിതത്വത്തില്‍ തളച്ചിടപ്പെട്ട ജാതിത്വത്തിന്റെ അവഹേളനം നിരന്തരം പേറുന്ന ഒരു ജൈവാസ്‌തിത്വമാണ്. ഉയര്‍ന്ന ജാതിക്കാരുടേതു പോലെ 'മാന്യമായ' കുടുംബ / ലൈംഗിക വ്യവസ്ഥകള്‍ അയാള്‍ക്കനുവദിക്കാന്‍ സമുദായം തയ്യാറല്ല. നിഷേധിക്കപ്പെട്ടതിനാല്‍ ലൈംഗികതയെ അയാള്‍ സ്വയം ഉള്ളിലേക്ക് അടിച്ചമര്‍ത്തിയിരിക്കുകയാണ്.

മഴയത്ത് തോടു പൊട്ടി വിതച്ച ചീര നശിക്കുമെന്നറിയിക്കാന്‍, മണ്ണിലും സസ്യപ്രകൃതിയിലും കൃഷിയിലും വിലയിച്ചൊന്നായിത്തീര്‍ന്ന മാട തമ്പുരാന്റെ അടുത്ത് ഓടിയെത്തുന്നു. തമ്പുരാന്റെ നിര്‍ദേശ പ്രകാരം പുറംപണിക്കാരെ വിളിച്ച് കൃഷി രക്ഷിക്കാന്‍ വേണ്ടി കോതമ്മയെയും കാര്‍ത്തുവിനെയും കൂട്ടുന്നു. ചെറ്യേണ്ടനും കോതമ്മയും കയറ്റുട്ട പിടിച്ച താഴത്തോറത്തു നിന്ന് ഒരേത്തവും കേള്‍ക്കാതായപ്പോള്‍ മാട പോയി നോക്കി. അവരവിടെ പണി നിര്‍ത്തി വെച്ച് ശാരീരീകമായി ബന്ധപ്പെടുകയായിരുന്നു. കണ്ട 'പുതുമ' കാര്‍ത്തുവിനോട് പറഞ്ഞപ്പോള്‍ അങ്ങനെത്തന്യ ആണുങ്ങളായാല്‍. അല്ലാതെ നിന്റെ മാതിരി പൊന്തന്‍ കെടേശ്ശ് പോലെ ശരീരം ഉണ്ടായാല്‍ പോരാ എന്നവള്‍ അവനെ കളിയാക്കുന്നു. അതൊരു ക്ഷണം മാത്രമായിരുന്നില്ല, ഒരാക്രമണം തന്നെയായിരുന്നു എന്നാണ് കഥാകൃത്ത് വിവരിക്കുന്നത്. പിന്നീട് അവരൊന്നിച്ച് ജീവിക്കുന്നുണ്ടെങ്കിലും അത് അധികകാലം നീണ്ടുനിന്നില്ല. അങ്ങാടിക്കാരന്‍ മുതലാളിയുടെ വീട്ടുപണിക്ക് പോയ കാര്‍ത്തു അവിടുന്ന് തിരിച്ചു വന്നില്ല. അവളെ കാണാന്‍ മാട ചെന്നപ്പോള്‍ പര്യേമ്പ്രത്ത് (പിന്നാമ്പുറം) ഇരുന്ന് കോഴിയെ നുറുക്കുകയായിരുന്നു അവള്‍. “ഈ ചാത്തന്‍ കോഴി മൂത്ത് മുതുമുത്തപ്പനായിരിക്കുന്നു. മാട ആ കര്‍മ്മസ് മരത്തില്‍ കയറി ഒരു കര്‍മസ്സും കായ പൊട്ടിച്ചേ..”എന്ന അവളുടെ ആവശ്യം നിറവേറ്റി അവന്‍ തിരിച്ചുപോരുന്നു. മൂത്ത ചാത്തന്‍ കോഴി അവനും അതിനെ മയപ്പെടുത്തുന്ന കര്‍മ്മസ്(പപ്പായ) അവളുമായിരിക്കാം: അല്ലെങ്കില്‍ മൂത്ത ചാത്തന്‍ കോഴി എന്നത് അവളിലുറങ്ങിക്കിടക്കുന്ന രതിചോദനകളും കര്‍മ്മസ് അതിനെ ഉണര്‍ത്തി ശമിപ്പിച്ച അവന്റെ മസൃണമായ പുരുഷത്വവുമാവാം. പിന്നീട് മാര്‍ക്കം കൂടിയ കാര്‍ത്തു നെല്ല്യാമ്പതിമലേലിക്ക് കൂടെ പോരാന്‍ അവനെ ക്ഷണിച്ചെങ്കിലും സ്വന്തം സ്ഥലമൊന്നുമില്ലാഞ്ഞിട്ടും താന്‍ ചേറിലുഴലുന്ന നിലം വിട്ടുപോകാന്‍ അവനാകുമായിരുന്നില്ല. ടി വി ചന്ദ്രന്റെ സിനിമയില്‍ ദേഷ്യവും നിരാശയും കലിയും എല്ലാം കൂടി ബാധിച്ച മാട(മമ്മൂട്ടി) കുളത്തിലേക്ക് കുത്തനെ ചാടുന്ന ദൃശ്യമാണുള്ളത്. ചോത്തിപ്പെണ്ണിനെ(ഈഴവസ്ത്രീ) കൊണ്ടോയ അഹമ്മതിക്കാരന്‍ മൊളേന്‍(ദളിത് വിഭാഗമായ മുളയജാതിക്കാരന്‍) എന്ന പേരു മാത്രമാണ് മാടക്ക് ബാക്കിയുണ്ടായിരുന്നത്. സമുദായനിയമങ്ങളെ കണക്കാക്കാതെ പ്രവര്‍ത്തിക്കുന്ന സ്‌ത്രീ പുരുഷ ബന്ധങ്ങളുടെ ശരി ആരു തീരുമാനിക്കും എന്നതാണ് സി വി ശ്രീരാമന്‍ എപ്പോഴും ഉയര്‍ത്തുന്ന ചോദ്യം. ഇരിക്കപ്പിണ്ഡത്തിലും പൊന്തന്‍മാടയിലും ആരാഞ്ഞ ഈ ചോദ്യം ചിദംബരത്തിലും വാസ്‌തുഹാരയിലും വീണ്ടും ഉന്നയിക്കപ്പെടുന്നുണ്ട്.

സി വി ശ്രീരാമന്റെ ചിദംബരം എന്ന കഥ ആന്തമാന്‍ ദ്വീപുകളിലും പിന്നെ തമിഴ്‌നാട്ടിലെ ചിദംബരം ക്ഷേത്രപരിസരത്തുമായാണ് സങ്കല്‍പിക്കപ്പെട്ടിരിക്കുന്നതെങ്കില്‍, അരവിന്ദന്റെ ചലച്ചിത്രാവിഷ്‌ക്കാരം കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മാട്ടുപ്പെട്ടിയിലാണ് ചിത്രീകരിച്ചത്. ദ്വീപു സമൂഹവും മലമ്പ്രദേശവുമായി വേര്‍പിരിഞ്ഞുകിടക്കുന്ന ഈ ആവിഷ്‌ക്കരണത്തില്‍ പക്ഷെ കഥയുടെ അന്തരാഖ്യാനങ്ങള്‍ക്ക് ഒട്ടും ശക്തി കുറയുന്നില്ല. അത് തെളിയിക്കുന്നത്, ചില ഉപരിപ്ലവ നിരീക്ഷണങ്ങളില്‍ കാണുന്നതുപോലെ കഥകളില്‍ വ്യത്യസ്‌ത സ്ഥലകാലങ്ങള്‍ നിരന്നുകിടക്കുന്നതാണ് സി വി ശ്രീരാമന്റെ ചലച്ചിത്രാത്മകത എന്നത് വാസ്‌തവമല്ലെന്നാണ്. ഫാം ഹൌസ് സൂപ്രണ്ടും അവിടത്തെ തൊഴിലാളിയുടെ ഭാര്യയും തമ്മിലുടലെടുക്കുന്ന വിവാഹേതരപ്രണയവും ശാരീരികബന്ധവുമാണ് കഥയിലെയും സിനിമയിലെയും അടിസ്ഥാനപ്രമേയം. സൂപ്രണ്ടായ ശങ്കരനായി ഗോപിയും തൊഴിലാളിയായ മുനിയാണ്ടിയായി ശ്രീനിവാസനും ഭാര്യ ശിവകാമിയായി സ്‌മിതാപാട്ടീലുമാണ് അഭിനയിക്കുന്നത്. ശങ്കരനും മുനിയാണ്ടിയും മേലധികാരി - കീഴ് ജീവനക്കാരന്‍ എന്ന ബന്ധത്തിനുപരിയായി സായാഹ്നങ്ങള്‍ ഒന്നിച്ച് ചിലവഴിക്കുന്നവരും മദ്യം പങ്കിടുന്നവരുമാണ്. അവന്റെ വിവാഹത്തില്‍ പങ്കെടുക്കുകയും വിവാഹ ഫോട്ടോകള്‍ എടുക്കുകയും ചെയ്‌ത ശങ്കരനുമായി ശിവകാമി സംസാരിക്കുന്നതൊന്നും അതുകൊണ്ടു തന്നെ മുനിയാണ്ടി സംശയത്തോടെ കാണുന്നതേയില്ല. ശങ്കരനാകട്ടെ താനൊരു മേലധികാരിയാണ്, അതിനാല്‍ തന്റെ കീഴ്‌ജീവനക്കാരികളും കീഴ്‌ജീവനക്കാരുടെ ഭാര്യമാരും തനിക്ക് ലൈംഗികമായി പ്രാപ്യമാണ് എന്ന ചൂഷണ ബോധത്തിന്റെ അടിസ്ഥാനത്തില്‍ അവളെ ഉപയോഗപ്പെടുത്താന്‍ തുനിയുന്ന ഒരു സ്ഥിരം പുരുഷകഥാപാത്രവുമല്ല. അത്തരം പുരുഷകഥാപാത്രത്തിന്റെ മാതൃകയായി ജേക്കബ്ബ് എന്ന ബൈക്കോടിക്കുന്ന സൂപ്പര്‍വൈസറെ അരവിന്ദന്‍ പ്രത്യക്ഷപ്പെടുത്തുന്നതുതന്നെ ശങ്കരന്റെ വ്യത്യസ്‌തത വ്യക്തമാക്കുന്നതിനു വേണ്ടിയായിരിക്കണം. തങ്ങളുടെ ബന്ധത്തിനോടുള്ള സമുദായത്തിന്റെ പ്രതികരണത്തില്‍ ഭയന്നാണ് ശങ്കരന്‍ എക്കാലവും കഴിഞ്ഞുകൂടിയത് എന്നു വേണം വിചാരിക്കാന്‍. അതുകൊണ്ടാണ്, മുനിയാണ്ടിയുടെ ആത്മഹത്യക്കു ശേഷം അയാള്‍ പാപപരിഹാരത്തിനായി ഒളിച്ചോട്ടങ്ങള്‍ നടത്തുന്നത്.

എന്നാല്‍ ശിവകാമിക്ക് (സി വി ശ്രീരാമന്റെ കഥയില്‍ അഖിലാണ്ടാമ്മാള്‍) അത്തരമൊരു പാപചിന്തയുണ്ട് എന്നു കരുതാനാകാത്ത വിധത്തിലാണ് അവളുടെ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ തോന്നുക. അതിനാലായിരിക്കണം മുനിയാണ്ടി (മൂലകഥയില്‍ വാച്ചാപുരി) യുടെ ആത്മഹത്യക്കു ശേഷം അവള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നന്വേഷിക്കാതെ ഒളിച്ചോടിയ ശങ്കരനെ തികഞ്ഞ പുച്‌ഛത്തോടെ ചിദംബരത്തെ നടരാജക്ഷേത്രനടയില്‍ വെച്ച് അവള്‍ (അവളുടെ പ്രേതം?) അവഗണിച്ചത്. ശിവകാമി അഥവാ അഖിലാണ്ടാമ്മാള്‍ എന്ന കഥാപാത്രം, യഥാര്‍ത്ഥത്തില്‍ ശങ്കരന്‍ എന്ന പുരുഷ കഥാപാത്രത്തിന്റെ തന്നെ ഉള്ളില്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന ആഗ്രഹവും കാമനയുമാണ് എന്നും കരുതാവുന്നതാണ്. അല്ലെങ്കില്‍ അവളുടെ കഥാപാത്രത്തിന്റെ പ്രതികരണങ്ങളായി - അയാളോട് ബന്ധം സ്ഥാപിക്കുമ്പോഴും പിന്നീട് മുനിയാണ്ടിയുടെ മരണത്തിനു ശേഷം വിട്ടകലുമ്പോഴും - നാം കാണുന്ന കാര്യങ്ങള്‍ അയാളുടെ തോന്നലുകളും നിശ്ചയങ്ങളുമാവാനുമാണ് സാധ്യത.

വാസ്‌തുഹാരയിലുള്ളത് ഈ കഥകളിലേതുപോലെ ലൈംഗികത / പാപഭയം എന്ന പ്രഹേളികയല്ല. സമുദായനിയമങ്ങള്‍ തെറ്റിച്ചുകൊണ്ട് അന്യഭാഷ സംസാരിക്കുന്നവളും അന്യസമുദായക്കാരിയുമായ ആരതിയെ വിവാഹം കഴിച്ച് കൊല്‍ക്കത്തയില്‍ താമസമാക്കിയ കുഞ്ഞുണ്ണിപ്പണിക്കരോട് അയാളുടെ തറവാട്ടുകാര്‍ കാണിച്ച ഉപേക്ഷാമനോഭാവമാണ് കഥയിലെയും സിനിമയിലെയും പ്രമേയം. വംശീയശുദ്ധിയും സ്വത്തധികാരവും തമ്മിലുള്ള ഗാഢമായ ബന്ധത്തിലൂന്നിയാണ് ജാത്യധികാരം അതിന്റെ അംഗങ്ങളില്‍ തന്നെ പ്രവര്‍ത്തിച്ചു പോന്നത് എന്ന ചരിത്രസത്യത്തെ കഥാകാരന്‍ വെളിപ്പെടുത്തുന്നു. ഇതാകട്ടെ മനുഷ്യരുടെ പ്രാഥമികവും പ്രാകൃതികവുമായ ചോദനകളെ കണക്കിലെടുക്കാത്തതിനാല്‍ അങ്ങേയറ്റത്തെ സ്വാതന്ത്ര്യനിഷേധത്തെയാണ് ഉള്‍വഹിക്കുന്നതും ബഹിര്‍സ്‌ഫുരിപ്പിക്കുന്നതുമെന്ന് വ്യക്തമാക്കപ്പെടുകയാണിവിടെ.

മനുഷ്യബന്ധങ്ങളെ പ്രകൃതിവിരുദ്ധമാക്കി ജീര്‍ണ്ണിപ്പിക്കുന്ന അധികാരരൂപങ്ങളെയാണ് സി വി ശ്രീരാമന്‍ എക്കാലവും വിമര്‍ശിച്ചുപോന്നത്. സ്നേഹം, വിവാഹം, ജാതി, അഭിമാനം തുടങ്ങിയ അത്തരം അധികാരരൂപങ്ങളെ തുറന്നുകാട്ടുന്ന അദ്ദേഹത്തിന്റെ സവിശേഷമായ ആഖ്യാനങ്ങളാണ് സത്യത്തില്‍ ആ കഥകളിലെ 'ദൃശ്യപരത'. സമൂഹത്തിന്റെ പൊതുഭൂമികയില്‍ അദൃശ്യമായിരിക്കുന്ന ഈ 'ദൃശ്യപരത', പ്രതിബദ്ധ സിനിമ ലക്ഷ്യമിടുന്ന സ്വാതന്ത്ര്യബോധത്തിലേക്കുള്ള മാര്‍ഗത്തിന് ഊര്‍ജ്ജം പകര്‍ന്നു നല്‍കുന്നുമുണ്ട്.



അധിക വായനയ്‌ക്ക്:

സി വി ശ്രീരാമന്‍ ...മലയാള കഥയുടെ വര്‍ണരാജി

Wednesday, November 19, 2008

ജീവിതവും അതിജീവനവും

പ്രസിദ്ധ ഇറാനിയന്‍ ചലച്ചിത്രകാരനായ അബ്ബാസ് ഖൈരസ്‌തമിയുടെ ജീവിതം അതല്ലാതെ ഒന്നുമില്ല (ലൈഫ് ആന്റ് നതിംഗ് മോര്‍/ഫാര്‍സി/1991/വര്‍ണം/95 മിനുറ്റ്), കഥാചിത്രം, ഡോക്കുമെന്ററി എന്നീ വേര്‍തിരിവുകളെ അപ്രസക്തമാക്കുന്ന ഒരു കാവ്യാത്മകമായ സിനിമയാണ്. പ്രതിനിധാനത്തിനും വാര്‍ത്താവതരണത്തിനും അപ്പുറത്ത് ലക്ഷണങ്ങളെ ഒപ്പിയെടുക്കുന്ന സവിശേഷമായ ഒരു പ്രക്രിയയായി ആഖ്യാനം പരിണമിക്കുന്നത് വിസ്‌മയത്തോടെ മാത്രമേ കണ്ടിരിക്കാനാവൂ. 1990ല്‍ ഇറാനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തെത്തുടര്‍ന്ന് ജീവിതവും മരണവും തമ്മിലുള്ള ഒളിച്ചുകളികളെക്കുറിച്ച് അന്വേഷിക്കുന്ന മൂന്നു ചിത്രങ്ങളടങ്ങിയ കോക്കര്‍ ത്രയത്തില്‍ രണ്ടാമത്തെ ചിത്രമാണ് സിന്ദഗി വാ ദിഗാര്‍ ഹിച്ച് (ലൈഫ് ആന്റ് നതിംഗ് മോര്‍).

അമ്പതിനായിരത്തില്‍ പരം ആളുകളാണ് ആ ഭൂകമ്പത്തില്‍ മരിച്ചുപോയത്. 1987 ല്‍ താന്‍ ചിത്രീകരിച്ച എവിടെയാണ് സുഹൃത്തിന്റെ വീട് (വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോം) എന്ന സിനിമയുടെ ലൊക്കേഷനായിരുന്ന കോക്കര്‍ പട്ടണം ഭൂകമ്പത്തില്‍ തകര്‍ന്നതായി മനസ്സിലാക്കിയ സംവിധായകന്‍ ആ നഗരത്തിലേക്ക് യാത്രയാകുകയാണ്. ഈ ചിത്രത്തില്‍ സംവിധായകനായി അഭിനയിക്കുന്നത് ഫര്‍ഹാദ് ഖെര്‍ദാമെന്റ് ആണ്. വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോമിലഭിനയിച്ച കുട്ടികളായ അഭിനേതാക്കള്‍ക്ക് എന്തു സംഭവിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഉത്ക്കണ്ഠ. തെഹ്റാനില്‍ നിന്ന് തന്റെ മകന്‍ പൂയയോടൊപ്പം ഒരു കാറില്‍ അദ്ദേഹം യാത്രയാകുന്നു. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പ് രക്ഷാപ്രവര്‍ത്തകരുടെ വാഹനക്കുരുക്കില്‍ പെട്ട് അവരുടെ യാത്ര തടസ്സപ്പെടുന്നു. പ്രധാന റോഡ് വിട്ട് ഇടറോഡുകളിലൂടെ യാത്ര തുടരുന്ന സംവിധായകന്‍, താല്‍ക്കാലിക ടെന്റുകള്‍ കെട്ടി ജീവിതത്തില്‍ ഇനിയും നല്ല കാലം വരും എന്നു പ്രതീക്ഷിച്ചിരിക്കുന്നവരെ വഴിയിലെമ്പാടും കണ്ടു മുട്ടുന്നു. തന്റെ മുന്‍ സിനിമയിലഭിനയിച്ച പലരെയും അദ്ദേഹം കാണുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട വേഷത്തിലഭിനയിച്ച രണ്ടു കുട്ടികളുടെ അവസ്ഥ എന്താണ് എന്നറിയാനാണ് അദ്ദേഹത്തിന് തിടുക്കം. ലോകകപ്പ് ഫുട്ബാളിന്റെ സീസണിലാണ് ഭൂകമ്പം സംഭവിക്കുന്നത്. ബ്രസീലും സ്‌കോട്ട്‌ലന്‍‌റ്റും തമ്മിലുള്ള കളിയുടെ അന്നായിരുന്നു ഭൂകമ്പം. ടി വിയിലെ കളി കാണാന്‍ അമ്മാമന്റെ വീട്ടില്‍ പോയതുകൊണ്ടാണ് ഒരു കുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. കുഴിമാടങ്ങളില്‍ നിന്ന് നിവര്‍ന്നു വരുന്നവരും ടെന്റ് കെട്ടി താമസിക്കുന്നവരുമാണെങ്കിലും ഫുട്ബാളിന്റെ ആവേശം അവരിലൊട്ടും കുറവല്ല. സംവിധായകന്റെ മകന്‍ പൂയ, ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള കളി കാണാന്‍ കോക്കറിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ടെന്റുകളില്‍ താല്‍ക്കാലികമായി ഘടിപ്പിച്ച ആന്റിനയുടെ താഴെ ടി വി കാണാന്‍ പോകുന്നത് മനുഷ്യരുടെ പരിഗണനകളെ ഏതളവ് വെച്ചാണ് ഗൌരവം / തമാശ എന്ന് വേര്‍തിരിക്കുന്നത് എന്ന് തീരുമാനിക്കാന്‍ നമ്മെ അപ്രാപ്‌തരാക്കുന്ന കഥാഗതിയാണ്.

നായകകഥാപാത്രം റൂഹി എന്ന തന്റെ സിനിമയിലഭിനയിച്ച 'നടനെ' കണ്ടു മുട്ടുന്നതും അവരുടെ ഒന്നിച്ചുള്ള യാത്രയും രസാവഹമാണ്. ഒരു ക്ളോസറ്റ് തലയിലേറ്റിക്കൊണ്ട് റൂഹി നടന്നുപോകുമ്പോഴാണ് നായകന് ‍/ സംവിധായകന്‍ അയാളെ കാണുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്നാലും ജീവിച്ചിരിക്കുന്നവര്‍ക്ക് ആവശ്യങ്ങളില്ലേ എന്നാണ് റൂഹിയുടെ ന്യായം. തനിക്ക് വലിയ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല എന്നു നുണ പറയുന്ന റൂഹി പക്ഷെ താന്‍ ഇപ്പോള്‍ താമസിക്കുന്നതായി കാണിച്ചുകൊടുത്ത വീട്ടിലെത്തുമ്പോഴാണ് സത്യം വെളിപ്പെടുത്തുന്നത്. തന്റെ വീടും തകര്‍ന്നു, ടെന്റിലാണ് താമസം, പക്ഷെ ഈ വീട് തകരാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അവിടെ താമസിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നൊക്കെ വിചിത്രമായിട്ടാണ് അയാള്‍ സംസാരിക്കുന്നത്. താന്‍ പ്രായം കൂടിയ ഒരാളെയാണ് വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോമില്‍ അവതരിപ്പിച്ചത് എന്നും അത് തീര്‍ത്തും തെറ്റായിരുന്നു എന്നും അയാള്‍ പറയുന്നുണ്ട്. പ്രായം കൂടിയ ആളെ ചെറുപ്പക്കാരനായും വിരൂപനെ സുന്ദരനും ആക്കുന്നതായിരിക്കണം കല എന്നാണ് അയാളുടെ വേദാന്തം. തകര്‍ച്ചയുടെയും അനിശ്ചിതത്വത്തിന്റെയും യാഥാര്‍ത്ഥ്യങ്ങളെ കാണികള്‍ക്ക് രുചിക്കുന്ന തരത്തിലുള്ള മനോഹരചിത്രമായി പാകപ്പെടുത്തുന്ന തന്റെ തന്നെ രീതിയെ ഭംഗ്യന്തരേണ കുറ്റപ്പെടുത്തുകയാണ് ഖൈരസ്‌തമി ഈ ആഖ്യാനഖണ്ഡത്തിലൂടെ.

കാവ്യനീതിയുടെ പ്രതിഫലനത്തിനായി സിനിമയുടെ അന്ത്യഭാഗത്ത് അതിവിദൂര ചിത്രീകരണ രീതി ഉപയോഗിച്ചത് സംവിധായകന്റെ മാധ്യമത്തിലുള്ള കൈയടക്കത്തിന്റെ ഒന്നാന്തരം സൂചനയാണ്. കുത്തനെയുള്ള കയറ്റവും വളവുതിരിവുകളുമുള്ള ചുരങ്ങള്‍ കയറാന്‍ പ്രയാസപ്പെടുന്ന കാറിന്റെ ദൃശ്യം സൂക്‍ഷ്‌മബിന്ദു പോലെയാണ് തിരശ്ശീലയില്‍ കാണുന്നത്. വഴിയില്‍ ഭാരമേറ്റിക്കൊണ്ടു പോകുന്ന ഒരാള്‍ കൈ കാണിച്ചിട്ടും അയാളെ കാറില്‍ കയറ്റാതെ പോകുന്നു. തുടര്‍ന്ന് കാറിന് കയറ്റം കയറാനാകാതെ തിരിച്ചിറങ്ങുമ്പോള്‍ അതേ ആളു കൂടി പുറകില്‍ നിന്ന് തള്ളിയതുകൊണ്ടാണ് കാറിന് യാത്ര തുടരാനാകുന്നത്. പിന്നീട് അയാളെയും കാറില്‍ കയറ്റുന്നു. താന്‍ അന്വേഷിച്ചു പോകുന്ന കുട്ടിയെ സംവിധായകന് കണ്ടെത്താനാവുമോ ഇല്ലയോ എന്ന പ്രശ്‌നം കാണിക്ക് വിട്ടുകൊടുത്തുകൊണ്ട് സിനിമ സമാപിക്കുന്നു.

ദൈവം എന്തുകൊണ്ടാണ് ചിലരെ രക്ഷപ്പെടുത്തുന്നത്, ചിലരെ മരണത്തിന് വിട്ടുകൊടുക്കുന്നത് എന്ന ദാര്‍ശനികമായ അന്വേഷണമാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹം നടത്തുന്നത്. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും അതുപോലെ ചലച്ചിത്രരചനയുടെ ധാര്‍മികതയെക്കുറിച്ചും ആത്മവിചാരണനടത്തുന്ന ഒരു സന്ദര്‍ഭമായി ഈ സിനിമ പരിണമിക്കുന്നുണ്ട്. 1992ലെ കാന്‍ മേളയില്‍ റോസല്ലിനി പ്രൈസ് ഈ സിനിമക്കാണ് ലഭിച്ചത്.

*****

Thursday, November 13, 2008

സ്വപ്‌ന ജീവിതം

1968 ഫെബ്രുവരിയില്‍ പാരീസില്‍ നടന്ന ലാംഗ്ളോയിസ് സംഭവത്തെ ആധാരമാക്കി ബ്രിട്ടീഷ് എഴുത്തുകാരനായ ഗില്‍ബര്‍ട്ട് അഡെയര്‍ രചിച്ച വിശുദ്ധ നിരപരാധികള്‍(ഹോളി ഇന്നസന്റ്സ്-1988) എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ഇറ്റാലിയന്‍ ചലച്ചിത്രകാരനായ ബെര്‍ണാര്‍ഡോ ബെര്‍ത്തലൂച്ചി ഡ്രീമേഴ്‌സ് (2003/വര്‍ണം/115 മിനുറ്റ്) എന്ന സിനിമ പൂര്‍ത്തീകരിച്ചത്. സ്വപ്‌നജീവികള്‍ ഒരേ സമയം തീവ്രവും ശിഥിലവുമാണ്; പരുപരുത്തതും മൃദുലവുമാണ് ; ലൈംഗികപ്രധാനവും ബാലിശവുമാണ്; വൈകാരികവും കൃത്രിമ സ്‌പര്‍ശമുള്ളതുമാണ്; പ്രബോധനപരവും തീര്‍ച്ചയായ ഉത്തരത്തിലെത്താത്തതുമാണ്. ബെര്‍ത്തലൂച്ചി വിപ്ലവത്തെയും ചരിത്രത്തെയും സ്നേഹത്തെയും കാമത്തെയും സിനിമയെയും എല്ലാം കൂട്ടിക്കുഴക്കുന്ന വിസ്‌മയകരമായ ഒരു രൂപശില്‍പം മെനഞ്ഞെടുക്കുകയായിരുന്നെന്നും പറയാം.

അമേരിക്കക്കാരനായ മാത്യു എന്ന സിനിമാ ഭ്രാന്തന്‍ പാരീസിലെത്തി അവിടത്തെ സിനിമാത്തെക്കുകളില്‍ നേരവും താല്‍പര്യവും ചെലവഴിക്കാനായി മുന്‍നിരയിലെ ഇരിപ്പിടം എല്ലായ്‌പോഴും കരസ്ഥമാക്കുന്നു. ഇരിപ്പിടങ്ങള്‍ കടന്ന് പുറകോട്ടെത്തുമ്പോള്‍ സിനിമാനുഭവത്തിന് നിരവധി തടസ്സങ്ങള്‍ നേരിടും അല്ലെങ്കില്‍ പല തലകള്‍ കടന്നെത്തുമ്പോള്‍ അതിന്റെ മൌലികത നഷ്‌ടമാവും എന്ന തോന്നലുള്ളതുകൊണ്ടാണ് മുന്‍സീറ്റു തന്നെ എല്ലായ്‌പോഴും ഉറപ്പാക്കുന്നത്. ഹെന്റി ലാംഗ്ളോയിസിന്റെ ഫ്രാങ്കെയിസ് എന്ന സിനിമാത്തെക്ക് ഭരണകൂടം അടച്ചുപൂട്ടുകയും ലാംഗ്ളോയിസിനെ തടവിലിടുകയും ചെയ്യുമ്പോള്‍ ത്രൂഫോ, ഗൊദാര്‍ദ്, റിവെ, റോമര്‍, ഷാബ്രോള്‍ എന്നിവര്‍ മാത്രമല്ല, ചാപ്ളിനും റോസ്സല്ലിനിയും ഫ്രിറ്റ്സ് ലാംഗും കാള്‍ ഡ്രെയറും ഓര്‍സണ്‍ വെല്‍സും വരെ പ്രതിഷേധത്തോടൊപ്പം ചേര്‍ന്നു. പോലീസ് ലാത്തിച്ചാര്‍ജില്‍ ഗൊദാര്‍ദിനടക്കം പലര്‍ക്കും പരിക്കുകള്‍ പറ്റുകയും ചെയ്തു.

ഇതിനിടെ മാത്യു, തിയോ എന്നും ഇസബെല്ല എന്നും പേരുള്ള ഇരട്ടകളെ പരിചയപ്പെടുന്നു. അവരുടെ ക്ഷണമനുസരിച്ച് ഹോസ്‌റ്റലിലെ മുറി ഒഴിവാക്കി അവന്‍ അവരോടൊപ്പം താമസിക്കുകയാണ്. സഹോദരനും സഹോദരിയും കൂട്ടുകാരനും ചേര്‍ന്ന് വിട്ടുപിരിയാനാകാത്ത വിധത്തിലുള്ള മാനസിക-ശാരീരിക-ലൈംഗിക ത്രയമായി അപൂര്‍വവും യാഥാസ്ഥിതികതക്കു നിരക്കാത്തതുമായ അവസ്ഥയില്‍ ഇഴുകിച്ചേരുകയാണ്. തിയോയുടെയും ഇസബെല്ലയുടെയും മാതാപിതാക്കള്‍ ഈ അവസ്ഥ നേരില്‍ കാണുന്നുണ്ടെങ്കിലും നിസ്സഹായരായി അവിടം വിട്ടു പോകുകയാണ് ചെയ്യുന്നത്. മാത്യുവും ഇസബെല്ലയുമായുള്ള പ്രണയം തീവ്രമാണെങ്കിലും 1968ലെ മേയ് വിദ്യാര്‍ത്ഥി വിപ്ലവത്തില്‍ അണിചേരാന്‍ വേണ്ടി അവനെ വിട്ടുപിരിഞ്ഞ് ഇസബെല്ല സഹോദരനുമൊത്ത് കലാപകാരികള്‍ക്കൊപ്പം അണിചേരുന്ന അര്‍ത്ഥഭരിതമായ അന്ത്യരംഗമാണ് സിനിമക്കുള്ളത്. വിയറ്റ്നാം യുദ്ധത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളിലും അവര്‍ രണ്ടു ധ്രുവങ്ങളിലായിരുന്നു നിലയുറപ്പിച്ചിരുന്നത്. അമേരിക്കക്കാരന്‍ അവന്റെ സ്ഥിരം അരാഷ്‌ട്രീയ ബോധത്തില്‍ സുഖം കണ്ടെത്തുമ്പോള്‍ ഫ്രഞ്ചുകാര്‍ നിതാന്തമായ രാഷ്‌ട്രീയ ജാഗ്രതയിലേക്ക് ഉണരുകയാണ്.

സിനിമയോടും സാഹിത്യത്തോടും ബെര്‍ത്തലൂച്ചിക്കുള്ള ആത്മബന്ധം വിശദീകരിക്കുന്ന ഇതിവൃത്തത്തിന്റെയും ആഖ്യാനത്തിന്റെയും സൂക്ഷ്‌മഘടകങ്ങള്‍ ശ്രദ്ധേയമാണ്. കഥാപാത്രങ്ങളുടെ ചേഷ്‌ടകളും ഭാവനകളും സംഭാഷണങ്ങളും സ്വപ്‌നങ്ങളും മിക്കപ്പോഴും സിനിമാചരിത്രത്തിലെ സമാനസീക്വന്‍സുകളോട് ചേര്‍ത്തുവെക്കുന്ന രീതി വിസ്‌മയകരമാണ്. ഗൊദാര്‍ദിന്റെയും ബ്രൌണിംഗിന്റെയും ത്രൂഫോയുടെയും ചാപ്ളിന്റെയും സിനിമകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അപൂര്‍വമായ ആരാധനയോടെയും അടുപ്പത്തോടെയും ഡ്രീമേഴ്‌സില്‍ ഇടകലരുന്നത്. ബസ്‌റ്റര്‍ കീറ്റണിന്റെയും ചാര്‍ളി ചാപ്ളിന്റെയും കലാമികവുകളെപ്പറ്റി അവര്‍ തര്‍ക്കത്തിലേര്‍പ്പെടുന്നു. ഇരട്ടകളുടെ പിതാവാകട്ടെ പ്രസിദ്ധനായ ഒരു ഫ്രഞ്ച് കവിയുമാണ്. ഒരു ഒളിഞ്ഞുനോട്ടക്കാരനാണ് ഒരു ചലച്ചിത്രകാരനായി മാറുന്നതെന്ന് കഹേദു സിനിമ (പ്രസിദ്ധ ഫ്രഞ്ച് ചലച്ചിത്ര നിരൂപണ മാസിക) വായനക്കാരായ കഥാപാത്രങ്ങള്‍ പരസ്‌പരം പറയുന്നുണ്ട്. സ്വന്തം മാതാപിതാക്കളുടെ കിടപ്പറയുടെ താക്കോല്‍ ദ്വാരമാണ് അയാള്‍ ഉപയോഗിക്കുന്ന ക്യാമറ എന്നും ബെര്‍ത്തലൂച്ചി ആത്മവിമര്‍ശനപരമായി ആരോപിക്കുന്നു. സ്നേഹമെന്നൊന്നില്ലെന്നും സ്നേഹത്തിന്റെ തെളിവുകള്‍ മാത്രമേ ഉള്ളൂ എന്നുമുള്ള കണ്ടെത്തലും സവിശേഷമാണ്.

തിളച്ചുമറിയുന്ന വിപ്ലവത്തിന്റെ തെരുവുകളില്‍ തന്നെയുള്ള അപ്പാര്‍ടുമെന്റുകളില്‍ സ്നേഹം, കാമം, സ്വപ്‌നം, സിനിമ എന്നിവയെ ഭാവന ചെയ്‌തും പ്രയോഗിച്ചും കേളികളിലാറാടിയും 1968ലെ യുവാക്കള്‍ക്ക് പലായനം ചെയ്യാനാവുമോ എന്നായിരിക്കണം ബെര്‍ത്തലൂച്ചി അന്വേഷിക്കുന്നത്. തിയോയും ഇസബെല്ലയും സയാമീസ് ഇരട്ടകളായി വേര്‍പിരിക്കപ്പെട്ടവരാണെന്നാണ് വിശദീകരിക്കപ്പെടുന്നത്. ബര്‍ഗ്‌മാന്റെ പെര്‍സൊണയിലെ ഒരു സ്‌റ്റില്‍ മുറിയിലെ മേശപ്പുറത്ത് കിടപ്പുണ്ട്. അവര്‍ രണ്ടല്ല ഒരാള്‍ തന്നെയാണ് എന്നും വരാം. ഒരേ വ്യക്തിയിലെ വ്യത്യസ്‌ത ലൈംഗിക താല്‍പര്യങ്ങളും ഇഛകളും ആസക്തികളും വിദ്വേഷങ്ങളും വെളിപ്പെടുത്താനുള്ള കഥാപാത്രവല്‍ക്കരണവുമാകാം അത്. അതുകൊണ്ടാണ് മാത്യു ഇസബെല്ലയോട് നിന്റെ മാത്രം സ്‌നേഹമാണ് എനിക്കാവശ്യം എന്നു പറയുന്നത്. മുതിര്‍ന്നവര്‍ രൂപീകരിച്ചെടുക്കുന്ന രക്ഷാകര്‍തൃത്വപരമായ സദാചാര ബോധത്തെ ഖണ്ഡിക്കുന്ന ആദര്‍ശലോകത്തെക്കുറിച്ചുള്ള അറുപതുകളിലെ യൂറോപ്യന്‍ അന്വേഷണങ്ങളും അതിന്റെ സാഹസികമായ വിപ്ലവാത്മകതകളുമാണ് ഡ്രീമേഴ്‌സ് പോലെ ഞെട്ടലുളവാക്കുന്ന ഒരു ആഖ്യാനത്തിന്റെ പ്രേരണ. രാഷ്‌ട്രീയവും ചലച്ചിത്രപരവും ലൈംഗികവുമായ ഉട്ടോപ്യകളാണ് തന്നെ ഈ സിനിമയിലേക്ക് നയിച്ചത് എന്ന് ബെര്‍ത്തലൂച്ചി തന്നെ പറയുന്നുണ്ട്.

Tuesday, November 4, 2008

ബഷീറിന്റെ ചലച്ചിത്ര പരീക്ഷണം

വെളിച്ചവും ഇരുട്ടും

വിസ്‌മയകരവും അവിശ്വസനീയവുമായ ഒരു രചനാകാലമാണ് മലയാളസാഹിത്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സൃഷ്‌ടിച്ചെടുത്തത്. ശബ്‌ദങ്ങള്‍ പോലുള്ള നോവലുകളും പ്രേമലേഖനം പോലുള്ള കഥകളും ആദ്യകാലത്തു തന്നെ എഴുതിയ ഭാവിയുടെ പ്രവാചകനും ഭാഷയിലെ വിപ്ലവകാരിയുമായിരുന്നു ബഷീര്‍. അതുകൊണ്ടാണ് അദ്ദേഹം കഥാസാഹിത്യത്തിലൂടെ രൂപീകരിച്ചെടുത്ത വിഭ്രാമകമായ യാഥാര്‍ത്ഥ്യം ദശകങ്ങള്‍ പിന്നിട്ടിട്ടും മലയാളിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലേക്ക് മുഴുവന്‍ മലയാള സാഹിത്യ-കലാ പ്രവര്‍ത്തകരും കൂട്ടത്തോടെ കടന്നു ചെന്ന അമ്പതുകളിലും അറുപതുകളിലും ബഷീറിനെ വലിയ തോതില്‍ ആശ്രയിക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സാധിക്കാതെ പോയതും ഈ സ്‌ഫോടനാത്മകത കൊണ്ടായിരിക്കണം. പ്രവചനാതീതവും വിസ്‌ഫോടനാത്മകവുമായ വ്യക്തിത്വവും രചനാരീതിയും ഭാഷാസമീപനവുമുള്ള ബഷീറിനെ തൊടുമ്പോള്‍ തങ്ങളുടെ കൈ പൊള്ളും എന്ന് അന്നത്തെ സിനിമാക്കാര്‍ കരുതി എന്നു വേണം വിചാരിക്കാന്‍. എന്നിട്ടും ടി കെ പരീക്കുട്ടിസാഹിബിനെപ്പോലെ സര്‍ഗധനനായ ഒരു ചലച്ചിത്ര നിര്‍മാതാവിന് (അദ്ദേഹം ട്രാന്‍‌സ്‌പോര്‍ട്ട് കോണ്‍ട്രാക്റ്ററും വ്യവസായ പ്രമുഖനും തിയറ്റര്‍ ഉടമസ്ഥനും മറ്റുമായിരുന്നു) ബഷീറിനെ സമീപിക്കാനും അന്യഥാ ധന്യമായ തന്റെ ചലച്ചിത്ര നിര്‍മാണ സപര്യ - നീലക്കുയില്‍, രാരിച്ചന്‍ എന്ന പൌരന്‍, നാടോടികള്‍, മുടിയനായ പുത്രന്‍, മൂടുപടം, തച്ചോളി ഒതേനന്‍, കുഞ്ഞാലിമരക്കാര്‍, ആല്‍മരം - യെ കൂടുതല്‍ കരുത്തുറ്റതാക്കാനും തോന്നി എന്നത് ശ്രദ്ധേയമാണ്.

ബഷീറിന്റെ നീലവെളിച്ചം(1952) എന്ന കഥയെ അവലംബിച്ചുള്ള സിനിമ സംവിധാനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് അതിനകം ഛായാഗ്രഹണമികവിലൂടെ ശ്രദ്ധേയനായിത്തീര്‍ന്നിരുന്ന എ വിന്‍സന്റായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭമായിരുന്നു താനും അത്. അസാധാരണമായ ആ കഥയുടെ പ്രാധാന്യത്തെപ്പറ്റിയും പ്രസക്തിയെപ്പറ്റിയും അദ്ദേഹം ബോധവാനായിരുന്നുവോ എന്നു സംശയമാണ് എന്നാണ് നിരൂപകനും ചരിത്രകാരനുമായ വിജയകൃഷ്‌ണന്‍ രേഖപ്പെടുത്തുന്നത്. ഇതിനുപോല്‍ബലകമായി അദ്ദേഹം പറയുന്നത്, പില്‍ക്കാലത്ത് അന്ധവിശ്വാസം ഊട്ടിയുറപ്പിക്കുന്ന ഒരു കഥ സംവിധാനം ചെയ്തതെന്തെന്ന വരട്ടുനിരൂപകരുടെ ചോദ്യങ്ങള്‍ക്ക്, ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരവസരം കിട്ടിയപ്പോള്‍ കഥയെന്തെന്ന് ശ്രദ്ധിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്ന കാര്യമാണ്. ആര്‍ക്കും കുറ്റബോധം തോന്നേണ്ടതില്ലാത്ത കലാത്മകമായൊരിതിവൃത്തമാണ് വിന്‍സന്റ് കൈയാളിയത് എന്ന വസ്‌തുത അദ്ദേഹം തന്നെ വിശ്വസിച്ചില്ല എന്നാണ് വിജയകൃഷ്ണന്‍ കുറ്റപ്പെടുത്തുന്നത്. (മലയാള സിനിമയുടെ കഥ- മാതൃഭൂമി ബുക്സ് / 2004)

ഇത് യഥാര്‍ത്ഥത്തില്‍ വിന്‍സന്റ് മാത്രം അഭിമുഖീകരിച്ചിരുന്ന ഒരു പ്രതിസന്ധിയല്ലെന്നതാണ് വാസ്തവം. പ്രേതം, മന്ത്രവാദം, ദൈവം, ഭൂതം, പിശാച്, എന്നിങ്ങനെയുള്ള സങ്കല്‍പങ്ങളോടൊക്കെയും ഒന്നുകില്‍ കേവലയുക്തിവാദപരമോ അല്ലെങ്കില്‍ അമിതവും അന്ധവിശ്വാസജടിലവുമായ ആരാധനയും വിധേയത്വവും കലര്‍ന്നതോ ആയ സമീപനമാണ് പൊതുവെ മലയാളികള്‍ പുലര്‍ത്തിവരുന്നത്. കേരള നവോത്ഥാനത്തിന്റെ കൂടി പരിമിതിയായി ഈ പ്രതിസന്ധിയെ നാം കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ട്. നീലവെളിച്ചം എന്ന കഥയിലും ഭാര്‍ഗവീ നിലയം എന്ന സിനിമയിലും പ്രേതമായി വരുന്ന ഭാര്‍ഗവി എന്ന സുന്ദരി ഏത് മാനസികാവസ്ഥയുടെ പ്രതിഫലനമാണ് എന്നതാണ് ആലോചിക്കേണ്ടത്. കല്‍പനാമധുരവും കാവ്യാത്മകവുമായ കൌമാരപ്രണയത്തെ അടിച്ചുടക്കുന്ന കുടുംബം, സമ്പത്ത്, നാട്ടു മര്യാദ, ജാതി, ജ്യോത്സ്യം തുടങ്ങിയ അധികാരവ്യവസ്ഥകളാണ് അവളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ആ ആത്മഹത്യയിലൂടെ അവള്‍ പകരം ചോദിക്കുന്നത് അത്തരത്തിലുള്ള മനുഷ്യവിരുദ്ധമായ ആധിപത്യ വാസനകളോടാണ്. അതുകൊണ്ടു തന്നെ പ്രേതത്തിന്റെ ആവിഷ്‌ക്കരണത്തിലല്ല മറിച്ച് നായികയെ ആത്മഹത്യയിലേക്ക് നയിച്ച പഴഞ്ചന്‍ സാമൂഹ്യബോധത്തിലാണ് ദൂഷ്യം ആരോപിക്കപ്പെടേണ്ടത് എന്നും ആഴത്തില്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും.

ബഷീറിന്റെ മുഴുവന്‍ കൃതികളും അവയിലെ പ്രതീകങ്ങളും ഭാഷയും സമീപനങ്ങളും അങ്ങേയറ്റം പുരോഗമനപരവും ജനാധിപത്യപരവുമാണെന്ന കാര്യം ചരിത്രം കൂടുതല്‍ കൂടുതല്‍ വ്യക്തതയോടെ തെളിയിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്തിരുന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഭാര്‍ഗവീനിലയം പോലെ ഒരു സിനിമ എത്രമാത്രം ആഹ്ലാദകരമായ അനുഭവമായിരുന്നു എന്നു തിരിച്ചറിയാനും സാധിക്കുന്നുണ്ട്.

എനിക്കുവേണ്ടി ദീര്‍ഘകാലം കാത്തിരുന്ന യുവതിയെപ്പോലെ എനിക്കുവേണ്ടി ഇത്രയും കാലം കാത്തിരുന്ന മനോഹരഭവനമേ വന്ദനം എന്ന് നായകനായ സാഹിത്യകാരന്‍(മധു) വാടകവീട്ടിന്റെ മുമ്പില്‍ ചെന്നിറങ്ങി സംസാരിക്കുന്നതാണ് ഭാര്‍ഗവീനിലയത്തിലെ ആദ്യ സംഭാഷണം. നാടകീയത നിറഞ്ഞു നില്‍ക്കുന്നതും 'ഘോര'സാഹിത്യത്തിന്റെ ഭാരമുള്ളതുമായ ഇത്തരമൊരു സംഭാഷണരീതി മലയാള സിനിമയില്‍ ബഷീര്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നതാണ് സത്യം. ഭാര്‍ഗവീനിലയം എന്നു പേരുള്ള ഒഴിഞ്ഞുകിടന്ന മാളികയിലാണ് സാഹിത്യകാരനായ നായകന്‍ താമസമാക്കുന്നത്. രക്തരക്ഷസ്സായ ഒരു പ്രേതസ്‌ത്രീ അവിടെ കുടിയിരിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ നാട്ടുകാരാരും അവിടേക്ക് കയറാതെ ഓടിപ്പോകുകയാണ് പതിവ്. ടൈറ്റിലില്‍ കാണിച്ചതു പോലെ വെള്ള വസ്‌ത്രവും ബ്ലൌസും അണിഞ്ഞ് മുടിയഴിച്ചിട്ട് പ്രേതം നാട്ടുകാരെ പേടിപ്പിച്ച് അവിടെ കഴിഞ്ഞുകൂടുകയാണ്.

നീലവെളിച്ചം എന്ന തന്റെ കഥ സിനിമക്കു വേണ്ടതായ രീതിയില്‍ എഴുതി മാറ്റിയപ്പോഴാണ് ബഷീര്‍ ഈ പേരു സ്വീകരിച്ചത്. പിന്നീടത് മലയാളഭാഷയിലെ തന്നെ ഒരു പദമായി മാറുകയും ഭാര്‍ഗവീനിലയം = പ്രേതഭവനം എന്ന അര്‍ത്ഥം സുസ്ഥാപിതമാകുകയും ചെയ്തു. മാത്രമോ, വെള്ള സാരിയും ബ്ലൌസും അണിഞ്ഞ് മുടിയഴിച്ചിട്ടാണ് സ്ത്രീ പ്രേതങ്ങള്‍ പ്രത്യക്ഷപ്പെടുക എന്ന ദൃശ്യസങ്കല്‍പവും ഇതോടെ വ്യവസ്ഥാപിതമായി. കാണികളും വായനക്കാരുമായവരും അല്ലാത്തവരുമായ മലയാളികള്‍ മുഴുവനും ആന്തരീകരിച്ചിട്ടുള്ള പ്രേതസങ്കല്‍പമായി ഈ വേഷം മാറി എന്നതാണ് ചരിത്രസത്യം. നൂറുകണക്കിന് സിനിമകളിലും സീരിയലുകളിലും ആവര്‍ത്തിച്ച് ഈ വേഷം ഇന്നൊരു ക്ലീഷേയും ബാധ്യതയും ആയിട്ടുണ്ടെങ്കിലും ഭാര്‍ഗവീനിലയം സൃഷ്‌ടിച്ച നൂതനത്വം പിന്നീടൊരു കാലത്തും നഷ്ടമായില്ല.

വിശ്വാസവും സങ്കല്‍പവും ഭാവനയും അനുഭവവും എല്ലാം ചേര്‍ന്നുള്ള ഒരു കൂടിക്കുഴയലാണ് ബഷീറിന്റെ കഥകളിലെ യാഥാര്‍ത്ഥ്യത്തെ രൂപീകരിച്ചെടുക്കുന്നത്. മലയാള സിനിമ അതുവരെ പരിചരിച്ചിരുന്ന യാഥാര്‍ത്ഥ്യ പ്രതലത്തില്‍ നിന്നുള്ള പ്രകടമായ എടുത്തുചാട്ടമായിരുന്നു ഇത്തരമൊരു കഥയുടെ തികച്ചും വ്യത്യസ്‌തമായ ചലച്ചിത്രവത്ക്കരണം. വിജയകൃഷ്‌ണന്‍ രേഖപ്പെടുത്തുന്നതില്‍ നിന്ന് വ്യത്യസ്തമായി, എ വിന്‍സന്റിനെപ്പോലെ പ്രതിഭാധനനായ ഛായാഗ്രാഹകനെ സംവിധാനച്ചുമതല ഏല്‍പ്പിച്ചതോടെ ബഷീറിന്റെ സാഹിത്യവും വ്യത്യസ്‌തമായ കാഴ്‌ചയും പ്രാവര്‍ത്തികമാകുകയായിരുന്നു എന്നതാണ് വാസ്‌തവം. സെറ്റിട്ട നിരത്തും പ്രകൃതിയുമാണ് ഭാര്‍ഗവീനിലയത്തിനും ചുറ്റുമായി ആധാരമാക്കാന്‍ സംവിധായകനുണ്ടായിരുന്നതെങ്കിലും ഇരുട്ടും വെളിച്ചവും നിഴലും തമ്മിലുള്ള പാരസ്‌പര്യം കൊണ്ട് രൂപീകരിച്ചെടുത്ത ദൃശ്യവിതാനങ്ങള്‍ അത്ഭുതകരമാണ്.

നാട്ടുകാരും കൂട്ടുകാരും പറഞ്ഞ അപവാദങ്ങളൊന്നും വിശ്വസിക്കാതെ സാഹിത്യകാരനായ നായകന്‍ ഭാര്‍ഗവിക്കുട്ടി എന്ന പ്രേതത്തോട് വിഷാദമോഹനമായ ഒരു മധുരകാവ്യമാണ് നീ എന്ന് കൊച്ചു വര്‍ത്തമാനം പറയുന്നു. ഭാര്‍ഗവിക്കുട്ടിയുടെ അടച്ചിട്ട മുറി കത്തി കൊണ്ട് ദൈവനാമത്തില്‍ തുറന്ന് അകത്തു പ്രവേശിക്കുന്ന സാഹിത്യകാരന്‍ അവിടെ കണ്ട ബി എന്ന് ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയ പെട്ടി പിടിച്ച് ചോദിക്കുന്നു. നിന്റെ ജീവിതത്തിന്റെ താക്കോല്‍ എവിടെ ഭാര്‍ഗവിക്കുട്ടി? ഒരു പക്ഷെ നിന്റെ ജീവിതത്തിന്റെ താക്കോല്‍ ഈ പെട്ടിക്കകത്തായിരിക്കുമോ? അവളുടെ മുറിയില്‍ വീണ്ടുമെത്തുന്ന അയാള്‍ക്ക് ഭീതിദമായ അനുഭവങ്ങളുണ്ടാകുന്നു. അതിനുശേഷം അയാള്‍ ചുമരില്‍ എഴുതിവെച്ച വാചകങ്ങള്‍ വായിക്കുന്നു. കടന്നു പോകുന്ന ഹേ അജ്ഞാതസുഹൃത്തേ, പാടുവാന്‍ കഴിയുമെങ്കില്‍ ഒരു കുളിര്‍ഗാന നിശ്വാസത്താലെന്റെ ഹൃദയവ്യഥയെ അല്‍പമൊന്ന് ലഘൂകരിച്ചാലും. ശാന്തമോഹനമായ ജീവിതത്തിന്റെ ഒരു മധുരഗാനാലാപത്താല്‍ എന്നെയൊന്നുറക്കിയിട്ടു പോകൂ. എന്നെയൊന്നുറക്കിയിട്ടു പോകൂ.

ഭാര്‍ഗവിയുടെ കഥ പൂര്‍ത്തിയാക്കിയ കഥാകാരന്‍ അത് വായിച്ചു തുടങ്ങുന്നു. ഒരു ചന്ദ്രോദയം. പൂര്‍ണചന്ദ്രന്‍. സുരഭിലമായ കുളിര്‍ നിലാവൊളിയില്‍ ഭാര്‍ഗവീനിലയത്തിലെ പൂങ്കാവനം രൂപരഹിതമായ കിനാവില്‍ മുഴുകിക്കൊണ്ടിരുന്നപ്പോള്‍ അത്ഭുതാനന്ദത്തോടെ ഒരു ഗാനപ്രവാഹം ഭാര്‍ഗവിയുടെ ഹൃദയത്തിലേക്ക് ഇരമ്പിപ്പാഞ്ഞു വന്നു. തൊട്ടുമുമ്പിലെ വീട്ടില്‍ താമസിച്ചിരുന്ന കലാകാരനായ ശശികുമാറി(പ്രേംനസീര്‍)നോടുള്ള ഭാര്‍ഗവി(നിര്‍മല)യുടെ പ്രിയം അതോടെ ആരംഭിക്കുന്നു. അയാളെഴുതിയ പാട്ട് അയാള്‍ തന്നെ കമ്പോസ് ചെയ്‌തത് അവള്‍ കോളേജില്‍ അവതരിപ്പിക്കുന്നു. പിന്നീട് അയാളെ കാണാനായി മതിനിലിനരികില്‍ കോണി ചാരി വെച്ച് മാമ്പൂവ് കൊഴിക്കുന്നതും അമ്മയുടെ ശകാരത്തെതുടര്‍ന്ന് മേല്‍ക്കഴുകാന്‍ പോകുന്നതുമായ രംഗത്തിന്റെ മസൃണത കാണിയില്‍ പ്രണയാനുഭൂതികള്‍ നിറക്കാന്‍ പ്രാപ്‌തമാണ്. മതിലിനിപ്പുറത്തും അപ്പുറത്തുമായുള്ള പ്രണയം എന്ന ബഷീറിന്റെ ബിംബം പിന്നീട് കഥയിലും അടൂരിന്റെ സിനിമയിലും കൂടുതല്‍ വികസിക്കുന്നത് നാം കണ്ടതുമാണല്ലോ.

യാഥാര്‍ത്ഥ്യം എന്നത് ബഷീറിനെ സംബന്ധിച്ചിടത്തോളം എന്നും അപ്രാപ്യമായ ഒരു ഭാവനയായിരുന്നു. തനിക്ക് ലഭിക്കാത്തത്, എത്തിച്ചേരാനാകാത്തത് അതായിരുന്നു അദ്ദേഹത്തിന് സാധാരണമെന്നു നാം കരുതുന്ന തരത്തിലുള്ള ജീവിതസാഹചര്യം. പ്രണയം പോലും ഉയര്‍ന്ന മതിലിനിപ്പുറവും അപ്പുറവും. അതിന്റെ പ്രതീകങ്ങളാകട്ടെ, മരക്കോണി, ഉണങ്ങിയ കൊമ്പ്, ഉരുളന്‍ കല്ല് എന്നിങ്ങനെയുള്ള പരുക്കന്‍ സാധനങ്ങളും. ഭാഷയിലെ തന്റെ വാക്കുകളും വാചകങ്ങളും ഇതുപോലെ ആഢ്യത്വവും വ്യാകരണമികവുമില്ലാത്തവയാണെന്ന ബഷീര്‍ വിവരിക്കുന്നുണ്ട്. ഇക്കാക്കാ വ്യാകരണം പഠിക്കണം എന്ന ബഷീറിന്റെ അധ്യാപകനായ അനിയന്‍ പറയുന്ന രംഗം ഓര്‍ക്കുക (പാത്തുമ്മായുടെ ആട്). അതിനുള്ള ബഷീറിന്റെ മറുപടി ഇങ്ങനെയാണ്. പോടാ എണീറ്റ്. അവന്റെ ഒരു ലൊഡുക്കൂസ് ആഖ്യ! എടാ നീ അല്ലേ നെയ് കട്ടു തിന്ന് ദീനമാണെന്നു പറഞ്ഞു നടന്ന പെരുങ്കള്ളന്‍! എടാ ഇതെല്ലാം ഞാന്‍ വര്‍ത്തമാനം പറയുന്ന മാതിരി തന്നെയാണ് എഴുതിവെച്ചിരിക്കുന്നത്. ഇതില്‍ നിന്റെ ഒരു ചട്ടുകാലന്‍ ആഖ്യാദമില്ലെങ്കിലെന്ത്? അവന്റെ ഒരു പളുങ്കൂസന്‍ വ്യാകരണം!

പൂര്‍വമാതൃകകളോ ഗംഭീരമായ പാരമ്പര്യവും പൈതൃകവുമോ ബാധയാകാത്ത, ഏറ്റവും ആധുനികമായ ഒരു സാഹിത്യം സൃഷ്‌ടിച്ചുകൊണ്ട് താന്‍ ജീവിച്ചതും തനിക്കു ശേഷമുള്ളതുമായ കാലത്തെ മലയാള ഭാഷയെ അഭിമാനകരവും പക്വതയെത്തിയതുമായ ഒരു സൌന്ദര്യ-ലാവണ്യ വ്യവസ്ഥയായി പരിവര്‍ത്തിപ്പിച്ച ബഷീറിന്, സിനിമയുടെ നൂതനമായ ദൃശ്യ-ശബ്‌ദ വിന്യാസവും വഴങ്ങുമായിരുന്നു എന്നു പൂര്‍ണമായും വിശ്വസിക്കാവുന്ന വിധത്തിലുള്ള ഒരിടപെടലാണ് അദ്ദേഹം ഭാര്‍ഗവീനിലയത്തിലൂടെ നടത്തിയത്. എന്നാല്‍ അതേറ്റെടുക്കുന്നതിന് പാകത്തിലുള്ള നിര്‍മാതാക്കളുടെയും സംവിധായകരുടെയും നിര രൂപപ്പെട്ടുവന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ പരിമിതി. ആ പരിമിതി ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ലല്ലോ!



ചിത്രങ്ങള്‍ക്ക് കടപ്പാട്: www.perch.co.in

പാട്ടുകള്‍ കേള്‍ക്കാന്‍ ഇവിടെ ഞെക്കുക