Saturday, April 13, 2013

ഗാന്ധിയുടെ സമൂഹം പുതിയ സ്വാതന്ത്യ്ര വാഞ്ഛകള്‍


നവാഗത സംവിധായകനായ കമലക്കണ്ണന്‍ സംവിധാനം ചെയ്ത മധുപാനക്കടൈ(മദ്യശാല/തമിഴ്/2012) ഡോക്കുമെന്ററിയോ ഡോക്കു-ഫിക്ഷനോ ആയി ആലോചിക്കപ്പെടുകയോ നിര്‍വഹിക്കപ്പെടുകയോ ചെയ്ത സിനിമയല്ല. എന്നാല്‍, സമകാലിക തമിഴക/ദക്ഷിണേന്ത്യന്‍ അവസ്ഥയെ യഥാതഥമായും സത്യസന്ധമായും അവതരിപ്പിക്കുന്നതിന് ഈ സിനിമക്ക് സാധ്യമാവുന്നുണ്ട് എന്ന കാര്യം എടുത്തു പറയേണ്ടതാണ്. ആദിമധ്യാന്തപ്പൊരുത്തമുള്ളതോ ഗുണപാഠപ്രോക്തമോ നായകകേന്ദ്രീകൃതമോ ആയ പ്രത്യേക കഥയോ കഥകളോ ഇതിലില്ല. ഗാന്ധിജയന്തി ദിവസത്തെ മദ്യശാലാ അവധിയുടെ തൊട്ടു തലേന്നത്തെ അവസ്ഥയാണ് വിശദമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെ ഏതു വിധേനയാണ് മദ്യപാനിയുടെ നിത്യശീലവുമായും നിത്യജീവിതവുമായും ബന്ധപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധിക്കുക. മുമ്പ്, അഞ്ഞൂറു രൂപയുടെ കറന്‍സി നോട്ടില്‍ മാത്രമാണ് ഗാന്ധിയുടെ ചിത്രമുണ്ടായിരുന്നത്. ഇപ്പോള്‍ എല്ലാ നോട്ടിലും ഗാന്ധിയുണ്ട്. മുമ്പ് അഞ്ഞൂറു രൂപക്ക് ഇന്നത്തേക്കാളും മൂല്യവുമുണ്ടായിരുന്നു. അന്ന് ഏറ്റവും കുറഞ്ഞ ശരാശരി കൈക്കൂലി നിരക്ക് അഞ്ഞൂറു രൂപയായിരുന്നു. കൈക്കൂലി കൊടുക്കുന്നതിന് ഒരു ഗാന്ധി കൊടുക്കുക എന്നായിരുന്നു കോഡ് വാക്ക്. കമല്‍ ഹാസന്‍ ഇരട്ടവേഷമണിഞ്ഞ്, ഷങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യനിലെ ആര്‍ ടി ഒ ഏജന്റും കൈക്കൂലിയുടെ ഇടനിലക്കാരനുമായ കഥാപാത്രം പറയുന്നത് ഈ വാക്കാണ്. ഈ കോഡ് വാക്കിലൂടെ ഗാന്ധിക്ക് ഉണ്ടായ മാനഹാനിക്ക് പരിഹാരമായിട്ടാവണം, എല്ലാ നോട്ടുകളിലും ഗാന്ധിയുടെ ചിത്രമടിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടുണ്ടാവുക. ഇപ്പോള്‍, ഗാന്ധി ജയന്തി എന്നത് മദ്യശാലയുടെ ഒഴിവ് എന്നു മാത്രം മനസ്സിലാക്കുന്ന മദ്യാസക്തരുടെ വിജ്ഞാന വെളിച്ചത്തെ എപ്രകാരമാണ് എക്സൈസ് വകുപ്പ് തിരുത്താന്‍ പോകുന്നത് എന്നറിയില്ല. ഗാന്ധി ജയന്തി പോലുള്ള അവധികളുടെ തൊട്ടു തലേന്നത്തെ വര്‍ധിച്ച വില്പന സമയത്ത്, വ്യാജമദ്യം ഇടകലര്‍ത്തിയും രാത്രി കട അടച്ചിട്ടതിനു ശേഷവും വില്‍ക്കുന്ന ദൃശ്യങ്ങളും ചിത്രത്തിലുണ്ട്. രാഷ്ട്ര പിതാവിനെ സ്മരിക്കുന്നതിനായി മദ്യപാനശീലത്തെ ഒരു ദിവസത്തേക്കെങ്കിലും പിടിച്ചു കെട്ടാനുള്ള രാഷ്ട്രത്തിന്റെ ശ്രമങ്ങളെ വ്യാജമദ്യം കൊണ്ട് പരാജയപ്പെടുത്തുന്ന അധോലോക നിയമലംഘനത്തെയാണ് മധുപാനക്കടൈ തുറന്നു കാണിച്ചിരിക്കുന്നത്. http://moviegalleri.net/2012/05/madhubaanakadai-movie-shooting-spot-stills.html?pid=232700
ഗാന്ധി ജയന്തിയുടെ തൊട്ടു തലേന്ന്, ഈറോഡിനടുത്ത് പെരുന്തൂരിലുള്ള ടാസ്മാക്ക് (തമിഴ്നാട് സ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍) ചില്ലറ വില്‍പനക്കടയിലാണ് സിനിമ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സമ്പൂര്‍ണ മദ്യ നിരോധനവും നാടന്‍ ചാരായ നിരോധനവും നടപ്പിലാക്കി പരാജയപ്പെട്ട സംസ്ഥാനമാണ് തമിഴ്നാട്. ഇപ്പോള്‍, ദരിദ്രരും താഴ്ന്ന വരുമാനക്കാരുമായ കുടിയ•ാര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഇത്തരത്തിലുള്ള ടാസ്മാക്ക് കടകളെയാണ്. വൈയിന്‍ ഷോപ്പ് എന്നും ടാസ്മാക്ക് എന്നും പ്രധാന ബോര്‍ഡുകളിലെഴുതിയിട്ടുള്ള ഇത്തരം കടകളുടെ മുന്‍ഭാഗത്ത് 'നവീന ബാര്‍ വസതി ഉണ്ട്' എന്നും വികൃതമായ അക്ഷരങ്ങളില്‍ എഴുതി വെച്ചിട്ടുണ്ടാവും. ടാസ്മാക്ക് ചില്ലറക്കടയില്‍ നിന്നു വാങ്ങുന്ന മദ്യം കുപ്പി പൊട്ടിച്ച് കഴിക്കുന്നതിനുള്ള 'പുതിയ തരത്തിലുള്ള' സൌകര്യം ഉണ്ട് എന്നാണീ അറിയിപ്പിന്റെ അര്‍ത്ഥം. ഇത്തരം സൌകര്യം കേരളത്തിലെ ബീവറേജസ് ഷോപ്പുകളില്‍ ഇല്ലാത്തതിനാല്‍, ഷോപ്പുകളുടെ സമീപപ്രദേശങ്ങളാകെ ഓപ്പണ്‍ ബാറായി ഉപയോഗിക്കുകയാണ് കുടിയ•ാര്‍ ചെയ്യുന്നത്. അപ്രകാരം കേരളമാകെ ഒരു തുറന്ന ബാറായി മാറിയിരിക്കുന്നു എന്നും നിരീക്ഷിക്കാം. സത്യത്തില്‍ തുറന്ന ജയിലായ നമ്മുടേതു പോലുള്ള ഒരു കപട സദാചാര സമൂഹത്തെ കുറച്ചു നേരങ്ങളിലേക്കെങ്കിലും സ്വതന്ത്രമാക്കാന്‍ കുടിയ•ാര്‍ നടത്തുന്ന സാഹസികമായ സമരമായി ഈ മുഴുവന്‍ സമൂഹത്തെയും ബാറാക്കുന്ന പ്രവണതയെ സാധൂകരിക്കുകയും ചെയ്യാം. എന്നാല്‍, മദ്യവില്‍പനയിലൂടെ വന്‍ തുക നികുതിയായി ഈടാക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ മദ്യം കഴിക്കുന്നതിന് മിതമായ നിരക്കില്‍ മാന്യമായ സൌകര്യം ഏര്‍പ്പെടുത്തിക്കൊടുക്കാത്തതു കാരണമാണ് ഇത്തരം ദുര്‍ഗതി സമൂഹമാകെ വ്യാപിച്ചതെന്നതും രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനെ തുടര്‍ന്ന് കുടിയ•ാര്‍ റോഡരുകിലും വെളിമ്പറമ്പുകളിലും കൊയ്ത്തൊഴിഞ്ഞ പാടത്തും വണ്ടികളിലും മറ്റും മറ്റും കൂട്ടമായും ഒറ്റക്കും കുടിച്ച് നിര്‍വൃതിയടയുകയും വഴിയില്‍ പോകുന്നവരെ സ്ത്രീ പുരുഷ ഭേദമെന്യേ കടന്നാക്രമിക്കുകയും ചെയ്യുന്നത് നിത്യയാഥാര്‍ത്ഥ്യമായിരിക്കുന്നു. ടാസ്മാക്ക് കടകളുടെ കേരള പതിപ്പായ ബീവറേജസ് ഷോപ്പുകളുടെ സമീപത്തെങ്ങാനും ബസ് കാത്തോ മറ്റോ കുറച്ചു നേരം നിലയുറപ്പിച്ചാല്‍, കുടിയ•ാര്‍ അടുത്ത് വന്ന് സ്വകാര്യമായി 'മൂന്നാളായി' എന്നുച്ചരിക്കുന്നത് പതിവാണെന്ന് അശോകന്‍ ചരുവില്‍ ഒരിക്കലെഴുതുകയുണ്ടായി. നാലാമനായി നിങ്ങള്‍ വന്നാല്‍ ഒരു ഹാഫ് വാങ്ങാന്‍ പങ്കാളിയാവാം എന്നാണ് ഈ കോഡ് വാക്കിന്റെ വ്യാഖ്യാനം. മദ്യപാനികളെ ബാധിക്കുന്നതു മാത്രമെന്നു തോന്നുന്ന ഇത്തരം കാര്യങ്ങള്‍ സമൂഹത്തെയാകെ ബാധിക്കുന്നതാണെന്നു ബോധ്യപ്പെടുന്ന ചില നിരീക്ഷണങ്ങളും വ്യാഖ്യാനങ്ങളുമാണിത്. ഈ പശ്ചാത്തലത്തിലാണ് മധുപാനക്കടൈ എന്ന സിനിമയെ സംബന്ധിച്ച വിശദീകരണങ്ങളും പ്രസക്തമാകുന്നത്.
താരാധിപത്യവും അതിഭാവുകത്വവും നിറഞ്ഞു നിന്നിരുന്ന, അഥവാ അതു മാത്രമായിരുന്ന തമിഴ് സിനിമയുടെ ഭാവുകത്വത്തെ കീഴ് മേല്‍ മറിച്ചു കൊണ്ട് നവ സിനിമകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തു വരുകയുണ്ടായി. പരുത്തിവീരനും സുബ്രഹ്മണ്യപുരവും നാടോടികളും പശങ്കൈയും മുതല്‍ ആരണ്യകാണ്ഡം വരെയുള്ള സിനിമകള്‍ രൂപീകരിച്ചെടുത്ത പരിസരത്തിലാണ് യുവാവായ കമലക്കണ്ണന്‍ തന്റെ പരീക്ഷണാത്മക സിനിമയുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. കോയമ്പത്തൂരിലെ ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ കൂടിയായ കമലക്കണ്ണന്‍, തന്റെ ചിത്രം പലര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന കൂട്ടത്തില്‍ ജോണ്‍ ഏബ്രഹാമിനെയും പ്രത്യേകം സ്മരിക്കുന്നുണ്ട്. ജോണിന്റെ ഫ്രെയിം ചെയ്ത ഛായാപടത്തിന്റെ ഒരു മൂല പൊട്ടി തല കുത്തനെയാണിരിക്കുന്നത്. ഉരുണ്ടു വരുന്ന ഒരു മദ്യക്കുപ്പി, ആ മൂലയില്‍ സ്ഥാനം പിടിച്ച് ആ ഫോട്ടോയുടെ തല നിവര്‍ത്തുന്നു. സ്ഥിരമായി തല കുത്തനെയായ ജോണിനെ മദ്യമാണ് നിവര്‍ത്തി നിര്‍ത്തുന്നതെന്നാണോ സംവിധായകന്‍ വിവക്ഷിക്കുന്നതെന്നറിയില്ല. അത് ജോണ്‍ സംരക്ഷണപ്രസ്ഥാനക്കാര്‍ അന്വേഷിക്കട്ടെ.
മൂര്‍ത്തി എന്ന കര്‍ക്കശക്കാരനാണ് ബാര്‍ നടത്തിപ്പുകാരന്‍. ടാസ്മാക്ക് ഷോപ്പിലിരിക്കുന്നത് കോര്‍പ്പറേഷന്റെ ഉദ്യോഗസ്ഥനാണ്. ഇയാള്‍ കാലത്ത് പത്തു മണിക്ക് കട തുറക്കുകയും രാത്രി പത്തു മണിക്ക് അടച്ച് സ്ഥലം വിടുകയും ചെയ്യും. ഇതിന് തൊട്ടടുത്തായുള്ള ബാറില്‍, സിമന്റ് കൊണ്ട് നിര്‍മിച്ചതും അല്ലാത്തതുമായി മേശകളും കസാരകളും സ്റൂളുകളും ആണുള്ളത്. വെള്ളം കുപ്പിയിലും ഉറയിലും ലഭിക്കും. കുടിക്കാന്‍ കുപ്പി ഗ്ളാസുകളൊന്നുമുണ്ടാവില്ല. പകരം, വില കുറഞ്ഞ പ്ളാസ്റിക് ഗ്ളാസുകളാണ് ലഭിക്കുക. പിന്നെ തൊട്ടു കൂട്ടാനും കൂടെ കഴിക്കാനും ഊരുകായും (അച്ചാര്‍), എണ്ണപ്പലഹാരങ്ങളും കടല വറുത്തതും നനച്ച് വേവിച്ചതും ഓംലറ്റും കുടലടക്കമുള്ള മുട്ട/മാംസവിഭവങ്ങളും യഥേഷ്ടം ലഭ്യമാണ്. ചിക്കന്‍ ബോട്ടി എന്നൊക്കെ എഴുതി, കേരളത്തിലെ കവലകളില്‍ കുടിയ•ാരെ കാത്ത് ഉന്തുവണ്ടികള്‍ വൈകുന്നേരങ്ങളില്‍ സ്ഥാനം പിടിക്കുന്നതിന് തുല്യമായ അവസ്ഥയാണിത്. മൂര്‍ത്തിയുടെ കൌമാരക്കാരിയായ മകളുമായി ബാറിലെ സപ്ളയറായ റഫീക്കിന് പ്രണയമാണ്. അവന് എപ്പോഴും അവളുടെ ഫോണ്‍ വിളികള്‍ വന്നു കൊണ്ടേയിരിക്കും. അവര്‍ തമ്മില്‍ ദിവസത്തില്‍ ഒരിക്കലോ രണ്ടു പ്രാവശ്യമോ കണ്ടു മുട്ടാറുമുണ്ട്. ബാറിനു തൊട്ടരികിലായുള്ള കെട്ടിടത്തിന്റെ ചുമരിന് അടുത്ത് ഇടുങ്ങിയ സ്ഥലത്താണ് അവരുടെ റൊമാന്‍സ് അരങ്ങേറുന്നത്. ഇതു കണ്ടു പിടിക്കുന്ന മുരുകേശന്‍ എന്ന മറ്റൊരു സപ്ളയര്‍ അവന് മുന്നറിയിപ്പ് കൊടുക്കുന്നുണ്ടെങ്കിലും റഫീഖ് അത് വക വെക്കുന്നില്ല. ഇതു സംബന്ധമായി അവര്‍ തമ്മില്‍ ചില്ലറ കശപിശകളുമുണ്ടാവുന്നുണ്ട്. എന്നാല്‍, റഫീഖിന് ഒന്നും പറ്റരുതെന്നുള്ള സഹജീവി സ്നേഹം മൂലമാണ് മുരുകേശന്‍ ഈ രക്ഷാകര്‍തൃത്വ മനോഭാവമെടുക്കുന്നതെന്ന് പിന്നീട് ബോധ്യമാവും. ഏതായാലും, ചിത്രത്തിന്റെ തുടക്കത്തില്‍ കാണിക്കുന്നതും പിന്നീട് അവസാനത്തില്‍ വീണ്ടും വിശദമാക്കുന്നതും പ്രകാരം റഫീക്കും പ്രണയിനിയും പൊതുനിരത്തിലെത്തി രാത്രിയില്‍ ഒളിച്ചോടുകയാണ് ചെയ്യുന്നത്. രാത്രികളില്‍ ഇടതടവില്ലാതെ ഓടുന്ന തമിഴ്നാട്ടിലെ ബസ് സര്‍വീസ് എന്ന യാഥാര്‍ത്ഥ്യത്തെയും ഇതിലൂടെ രേഖപ്പെടുത്തിയിരിക്കുന്നു. 
മധുപാനക്കടൈയില്‍ അറിയപ്പെടുന്നവരായ താരങ്ങളോ നടീനട•ാരോ അഭിനയിക്കുന്നില്ല. നേരത്തെ സൂചിപ്പിച്ച നവതരംഗ സിനിമകളില്‍ മിക്കതിലും തമിഴിലും ഹിന്ദിയിലും ഉള്ള താരങ്ങളുടെ സാന്നിദ്ധ്യം മുഴുവനായി ഒഴിവാക്കപ്പെട്ടിരുന്നില്ല. അപ്രകാരം ഒഴിവാക്കുന്നത് എന്തോ മഹാ സംഭവമാണെന്ന അഭിപ്രായമുള്ളതുകൊണ്ടല്ല ഇത് രേഖപ്പെടുത്തുന്നത്. എന്നാല്‍, അങ്ങിനെ പേരെടുത്തവരെയും പരിചയമുള്ളവരെയും ഒഴിവാക്കി; മിക്കവാറും വേഷങ്ങളില്‍ സ്ഥിരം മദ്യപാനികളെ അവതരിപ്പിക്കാനുള്ള ആര്‍ജ്ജവം കമലക്കണ്ണന്‍ പ്രകടിപ്പിക്കുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതു തന്നെയാണ്. ഏതു വിധേനയും ഡോക്കുമെന്ററി എന്ന് സ്ഥാനപ്പെടുത്താന്‍ നിര്‍വാഹമില്ലാത്ത ഒരു സിനിമയിലാണ് ഈ കഥാപാത്രവത്ക്കരണം എന്നതാണ് ശ്രദ്ധേയമായ വഴിത്തിരിവ്. മദ്യപാനം മഹത്തരമാണെന്ന സന്ദേശമൊന്നും സിനിമ നല്‍കുന്നില്ല. അതേ പോലെ, മദ്യപാനം ആരോഗ്യത്തെയും കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കും എന്ന തരത്തിലുള്ള ഗുണപാഠങ്ങളെയും പ്രത്യക്ഷത്തില്‍ ഈ സിനിമ പിന്തുണക്കുന്നില്ല. അതായത്, ഗുണപാഠങ്ങളിലേക്കുള്ള എളുപ്പ വഴികളെന്നതിനു പകരം, വര്‍ത്തമാനകാല സമൂഹത്തിന്റെ ഒരു നേരവസ്ഥ വെളിപ്പെടുത്തി കാണിക്കുക മാത്രമാണീ സിനിമ ചെയ്യുന്നത്. അതിന് കൂടുതല്‍ വെളിച്ചങ്ങളോ ശബ്ദങ്ങളോ താരപ്രാഭവങ്ങളോ അവകാശവാദങ്ങളോ പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് പ്രസ്താവ്യമായ സംഗതി. തമിഴ് സിനിമ കഴിഞ്ഞ ദശകങ്ങളില്‍ മുഴുവനായി പ്രകടിപ്പിച്ചു പോന്ന അതിഭാവുകത്വത്തിന്റെയും അതിനടനത്തിന്റെയും മറ്റും മറ്റുമായ ബഹുരൂപങ്ങളെ മുഴുവനായി ഉപേക്ഷിക്കാനുള്ള ധൈര്യം ഈ ചിത്രത്തോടെ പൂര്‍ണമായി എന്നും നിരീക്ഷിക്കാവുന്നതാണ്. സിനിമയെന്ന സാങ്കേതിക-വ്യാവസായിക-വാണിജ്യ-കലാ-ബഹുജന മാധ്യമത്തെ തെരുവുനാടകമെന്നോണം വീണ്ടെടുക്കുകയോ പുന:ക്രമീകരിക്കുകയോ ചെയ്യുകയാണ് കമലക്കണ്ണന്‍.
ഉദാരവത്ക്കരണത്തെയും നഗരവത്കൃത മധ്യവര്‍ഗത്തെയും പിന്തുണക്കുന്ന മണിരത്നം സിനിമകളുടെയും, അഖണ്ഡ ഇന്ത്യയുടെയും ആഗോളവത്ക്കരണത്തിന്റെയും കേന്ദ്രീകരണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത പ്രാദേശിക തമിഴ് സിനിമകളുടെയും ജനുസ്സുകളില്‍ നിന്നുള്ള വേറിട്ടു നടപ്പു കൂടിയാണ് മധുപാനക്കടൈ. അതില്‍ തമിഴ് തനിമയോ പ്രാദേശിക ആഭിമുഖ്യമോ ജാതി-വംശ അഭിമാനമോ ഒന്നും കാണാനില്ല. വേണമെങ്കില്‍, കേരളത്തിലും ഭാവന ചെയ്യാനാവുന്ന ഒരു സിനിമ. ഇവിടെ നവീന ബാര്‍ വസതി ഉണ്ട് എന്ന അറിയിപ്പോടെ, കുപ്പി പൊട്ടിച്ചു കഴിക്കാനുള്ള സര്‍ക്കാര്‍ അനുവാദമില്ലാത്ത ചില്ലറ മദ്യ ഷാപ്പുകളാണ് എന്ന വ്യത്യാസമുള്ളതു കൊണ്ട് ഈ സിനിമ അതേ പടി ചിത്രീകരിക്കാനാവില്ല എന്നേ ഉള്ളൂ. അതിനു പകരം, പാടവും പറമ്പും പെട്ടിക്കടകളും നിരത്തോരങ്ങളും ഓട്ടോറിക്ഷകളും എല്ലാമായി പരക്കുന്ന നവ-നവീന ബാര്‍ വസതികള്‍ ഏറ്റെടുക്കേണ്ടി വരുമെന്നു മാത്രം. ചുറ്റും കണ്ണു തുറന്നു വെക്കുന്നവരും, കാല്‍ നടയായും ഓട്ടോറിക്ഷയിലും ബസിലും സഞ്ചരിക്കുന്നവരുമായ ആരെങ്കിലുമൊക്കെ മലയാള സിനിമ എടുക്കുകയാണെങ്കില്‍ അവര്‍ക്ക് സമാനമായ സത്യസന്ധത ആവിഷ്ക്കരിക്കാവുന്നതാണ്.
ഈ സിനിമയിലെ മദ്യപാനികളില്‍ സ്ഥിരക്കാരും പുതിയ കുടിയ•ാരും അഡിക്റ്റുകളും എല്ലാമുണ്ട്. അവരെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കുന്നതും പിടിച്ചു നിര്‍ത്തുന്നതുമായ നിരവധി സാമൂഹിക-വ്യക്തിഗത-മാനസിക കാരണങ്ങളുണ്ടാവും. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും സിനിമ സഞ്ചരിക്കുന്നില്ല. എന്നാല്‍, ചില കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നുമില്ല. അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ചുറ്റുമുള്ള മറ്റ് കുടിയ•ാരെ ചൂണ്ടിക്കാട്ടിക്കൊണ്ട് പറയുന്നതിപ്രകാരം: ഇവര്‍ സുഖം തേടിയാണ് കുടിക്കാനെത്തിയിരിക്കുന്നത്. ഞങ്ങളങ്ങിനെയല്ല. അതികഠിനവും ദുസ്സഹവും മലീമസവും അനാരോഗ്യകരവുമായ തൊഴില്‍ സാഹചര്യങ്ങളെയും അതിന്റെ വൃത്തികേടുകളെയും അടിച്ചമര്‍ത്തലുകളെയും സഹനങ്ങളെയും ഊരുവിലക്കുകളെയും മറക്കാനും നാളെയും ജീവിക്കാനും അതേ വൃത്തികെട്ട തൊഴിലിലേക്ക് തിരിച്ചു പോകാനുമായി ഈ സന്ധ്യക്ക് ഞങ്ങള്‍ക്കിത് സേവിച്ചേ മതിയാകൂ. (ഇവിടെ വിശദീകരിച്ചതു പോലെ തത്വവത്കൃത ഭാഷയിലൊന്നുമല്ല, മറിച്ച് പച്ച ഭാഷയിലാണവര്‍ സംസാരിക്കുന്നത്). ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഈ സംഭാഷണശകലത്തിലൂടെ, ഇന്ത്യയുടെയും തമിഴകത്തിന്റെയും നേരവസ്ഥകള്‍ ഏറെ സാമൂഹിക പ്രതിബദ്ധതയോടെ സംവിധായകന്‍ തുറന്നു കാണിക്കുക കൂടി ചെയ്തു എന്നതാണ് വാസ്തവം. യുവ ഡോക്കുമെന്ററി സംവിധായകനായ അമുദന്‍ സംവിധാനം ചെയ്ത ഷിറ്റ്, വന്ദേമാതരം എ ഷിറ്റ് വെര്‍ഷന്‍ തുടങ്ങിയ ഡോക്കുമെന്ററിയിലും സംഗീത വീഡിയോവിലും, തമിഴ് നാട്ടില്‍ ഇപ്പോഴും മുഴുവനായി നിര്‍മാര്‍ജനം ചെയ്തിട്ടില്ലാത്ത മലം ചുമന്നു മാറ്റുന്ന തൊഴിലിനെ സംബന്ധിച്ച് രേഖപ്പെടുത്തിയ വിശദാംശങ്ങളെ ഒരു നിമിഷത്തേക്കെങ്കിലും ഓര്‍മ്മപ്പെടുത്താന്‍ ഈ സംഭാഷണത്തിന് സാധ്യമായി.
തമിഴ് സിനിമയെക്കാളും വിനോദ മൂല്യവും സാധ്യതയും പ്രദാനം ചെയ്യുന്നത് ടാസ്മാക്ക് ഷോപ്പുകളാണെന്നുള്ള തമാശ/യാഥാര്‍ത്ഥ്യത്തെയാണ് മധുപാനക്കടൈ എളിമയോടെ പറയാന്‍ ശ്രമിക്കുന്നത്. 2010-11ല്‍ ഇരുപത്തിരണ്ടായിരം കോടി രൂപയാണ് ടാസ്മാക്കിന്റെ മൊത്തം വിറ്റുവരവ്. ഒരു സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഇത് ചെലുത്തുന്ന സ്വാധീനം ആരും വിശദമായി പഠിക്കുന്നില്ലെന്നു മാത്രമല്ല; ആത്മാര്‍ത്ഥതയില്ലാത്ത മദ്യ വിരുദ്ധ ബോധവത്ക്കരണത്തിന്റെ ജാടകള്‍ അങ്ങിങ്ങായി ജനതയെയും വിദ്യാര്‍ത്ഥികളെയും ബോറടിപ്പിക്കുന്നുമുണ്ട്. കലുഷിതമായ ഈ സാമൂഹിക-സാംസ്ക്കാരിക-സാമ്പത്തിക അന്തരീക്ഷത്തിലേക്കാണ് മധുപാനക്കടൈ അതിന്റെ നേര്‍ നാട്ടു വെളിച്ചവുമായി പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തിന്റെ ആലോചനാ സമയത്ത്, മൂന്നു മാസത്തോളം കാലം ദിവസേന കാലത്ത് മൂന്നു മണി മുതല്‍ രാത്രി പതിനൊന്നു മണി വരെ ടാസ് മാക്ക് മദ്യ വില്‍പന ശാലകളില്‍ നിരീക്ഷണവുമായി കുത്തിയിരിക്കുകയായിരുന്നു സംവിധായകനും സഹപ്രവര്‍ത്തകരും ചെയ്തത്.
കഥക്കും കഥാപാത്രങ്ങള്‍ക്കും പകരം അന്തരീക്ഷത്തിന്റെയും, ചരിത്രത്തിനു പകരം സമകാലികതയുടെയും അതിലൂടെ ചരിത്രവത്ക്കരണത്തിന്റെയും, ആഖ്യാനത്തിനു പകരം പശ്ചാത്തലത്തിന്റെയും, ബോധവത്ക്കരണത്തിനു പകരം തുറന്നു കാട്ടലിന്റെയും രീതിയാണ് മധുപാനക്കടൈയില്‍ സ്വീകരിച്ചിരിക്കുന്നത് എന്നതാണ് കൂടുതല്‍ ശ്രദ്ധേയമായ വസ്തുത.