Tuesday, November 16, 2010

യുദ്ധത്തില്‍ നിര്‍മ്മിക്കപ്പെട്ട പെണ്‍കുട്ടികള്‍






യുദ്ധമാകട്ടെ, ഭീകരാക്രമണങ്ങളാകട്ടെ, ഭീകരവിരുദ്ധ യുദ്ധങ്ങളായ ഭരണകൂട/സാമ്രാജ്യത്വ ഭീകരതകളാകട്ടെ, വര്‍ഗീയ വംശഹത്യകളാകട്ടെ എപ്പോഴും സ്‌ത്രീകളെ കടന്നാക്രമിക്കുക എന്നത് അക്രമാധീശത്വത്തിന്റെ പ്രയോഗാനന്ദങ്ങളില്‍ മുഖ്യമാണ്. പൈശാചികതയുമായി വിലപേശല്‍ നടത്താന്‍ സ്‌ത്രീകള്‍ നിയോഗിക്കപ്പെടുന്നതെന്തുകൊണ്ട് ? ഇരകള്‍ എവിടെയൊക്കെയോ എങ്ങിനെയൊക്കെയോ വിസ്‌മൃതികളില്‍ ഒടുങ്ങിപ്പോകുകയും വേട്ടക്കാര്‍ അവരുടെ ഗൂഢമായ ആഹ്ളാദങ്ങളും പേറി മുകള്‍ത്തട്ടുകളിലേക്ക് പൊന്തിപ്പറക്കുകയും ചെയ്യുന്നതോടെ സമൂഹം പൂര്‍വ്വസ്ഥിതിയിലായി എന്ന് നാം സമാശ്വസിക്കുന്നു. ശിക്ഷയുടെ പശ്ചാത്തലപ്രദേശമായി സ്‌ത്രീ ശരീരങ്ങളെ പ്രയോജനപ്പെടുത്തുന്നത് കേവലം പുരുഷന്റെ ലൈംഗികാനന്ദം എന്ന ഘടകത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനാവില്ല. അധികാരപ്രയോഗത്തിന്റെയും അക്രമമാര്‍ഗ്ഗത്തിന്റെയും സ്ഥിരീകരിക്കപ്പെട്ട മാര്‍ഗ്ഗമായി ലൈംഗികാക്രമണങ്ങള്‍ ചരിത്രത്തില്‍ വിലയിക്കപ്പെട്ടുകഴിഞ്ഞു. ലൈംഗികാനന്ദമല്ല, ഇരയുടെ വേദനയിലൂടെയും തോല്‍വിയിലൂടെയും സാക്ഷാത്കൃതമാകുന്ന വേട്ടക്കാരന്റെ ആഹ്ളാദനിറവാണ് ഇത്തരം അക്രമത്തിന്റെ മനശ്ശാസ്‌ത്രം. ലൈംഗികാക്രമണങ്ങള്‍ പുറത്തു വരാത്തതിന്റെ പുറകിലുള്ള പ്രധാന കാരണങ്ങളിലൊന്ന്, ഇരകളാക്കപ്പെട്ടവര്‍ പുലര്‍ത്തുന്ന മൌനവും ഉള്‍വലിയലും തന്നെയാണ്. രേഖപ്പെടുത്തല്‍, റിപ്പോര്‍ടിംഗ്, അന്വേഷണം, കുറ്റപത്രം രൂപപ്പെടുത്തല്‍, ശിക്ഷ എന്നീ ഘട്ടങ്ങളെയൊക്കെയും ഈ മൌനം സ്വാധീനിക്കുന്നുണ്ട്. ഇനി ഇരകള്‍ തുറന്നു പറഞ്ഞാല്‍ തന്നെ ഇത്തരം കേസുകളില്‍ തുടര്‍ച്ചയായി സ്‌ഥൈര്യം നിലനിര്‍ത്തി പൊരുതാന്‍ കെല്‍പ്പില്ലാത്തതിനാല്‍ അവര്‍ നിശ്ശബ്‌ദരാക്കപ്പെടുകയും തോല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവണതയും സാധാരണമാണ്. പൊതു സമൂഹം സാധാരണ ഗതിയില്‍ തന്നെ (സമാധാന കാലത്തും) സ്‌ത്രീ വിരുദ്ധമായതിനാല്‍, സ്‌ത്രീകളുടെ ആവലാതികള്‍ പരിഹരിക്കപ്പെടാതിരിക്കുകയോ വേണ്ട രീതിയില്‍ ഉന്നയിക്കപ്പെടുന്നതില്‍ നിന്നു തന്നെ തടയപ്പെടുകയോ ചെയ്യുന്നു. ഇതും അവര്‍ക്കെതിരായ ആക്രമണങ്ങളുടെ ഊക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലക്കാണ് കേട് തുടങ്ങിയ പഴഞ്ചൊല്ലുകളില്‍ അധിഷ്‌ഠിതമായ പരമ്പരാഗത പുരുഷാധിപത്യ ബോധമാണ് അതി നിഷ്‌ഠൂരമായ വര്‍ഗീയ-വംശഹത്യകളിലെ കേസുകളില്‍ പോലും അഭിപ്രായം രൂപപ്പെടുത്തുന്നതിനെ സ്വാധീനിക്കുന്നത്. ബലാത്സംഗത്തിനിരയായ സ്‌ത്രീകളുടെ മുന്‍കാല സ്വഭാവം വേണ്ടത്ര സദാചാരനിഷ്‌ഠമായിരുന്നില്ല എന്നതിനാല്‍ പ്രതിയെ കുറ്റക്കാരനായി കരുതാനാകില്ല എന്ന് നിരീക്ഷിക്കുന്ന ജഡ്‌ജിമാര്‍ ആരിലും അത്ഭുതവും ഞടുക്കവും സൃഷ്‌ടിക്കാത്ത നാടും കാലവുമാണല്ലോ നമ്മുടേത്! സ്‌ത്രീകള്‍ ആക്രമിക്കപ്പെടാം എന്ന അവസ്ഥ നിലനില്‍ക്കുന്നതു കൊണ്ട് വംശഹത്യക്കിരയായ സമുദായത്തില്‍ പ്പെട്ടവര്‍ തങ്ങളുടെ വീട്ടിലേക്ക് തിരിച്ചുവരാതിരിക്കുകയും ചെയ്യുന്നു. നിശ്ശബ്‌ദമായ ദൈനം ദിന അക്രമത്തിലൂടെ ന്യൂനപക്ഷം വേട്ടയാടപ്പെടുന്ന അവസ്ഥയാണിതു മൂലമുണ്ടാകുന്നത്. തുല്യത, വിവേചനരാഹിത്യം, അഭിമാനത്തോടെയുള്ള ജീവിതം എന്നീ അന്താരാഷ്‌ട്ര മൂല്യങ്ങളാണ് ഇത്തരം അവസരങ്ങളില്‍ വ്യാപകമായി ഉൻ‌മൂലനം ചെയ്യപ്പെടുന്നത് എന്നതാണ് വാസ്‌തവം.


ലോകവ്യാപകമായി, കലാപഭൂമികളിലും തുടര്‍ന്നുള്ള 'സമാധാന'കാലങ്ങളിലും സ്‌ത്രീത്വം നേരിടുന്ന ഈ ദുരന്തത്തെ അസാമാന്യമായ വിധത്തില്‍ തീക്ഷ്‌ണതയോടെ ചലച്ചിത്രവത്ക്കരിച്ചിരിക്കുകയാണ് പെറുവില്‍ നിന്നുള്ള ചലച്ചിത്രകാരി ക്ളോദിയ ലോസ തന്റെ പുതിയ ചിത്രമായ മില്‍ക്ക് ഓഫ് സോറോ(സ്‌പാനിഷ്-2009-പെറു, സ്‌പെയിന്‍)വിലൂടെ. വിശ്വപ്രസിദ്ധ പെറുവിയന്‍ എഴുത്തുകാരനായ മറിയോ വര്‍ഗോസ് ലോസയുടെ മരുമകള്‍ കൂടിയായ ക്ളോദിയയുടെ രണ്ടാമത്തെ കഥാ ചിത്രമാണ് മില്‍ക്ക് ഓഫ് സോറോ(നൈരാശ്യത്തിന്റെ മുലപ്പാല്‍). ആദ്യ ചിത്രമായ മദ്യെനൂസക്കു തന്നെ ക്ളോദിയ പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടി. 2003ലെ ഹവാന ഫിലിം ഫെസ്‌റ്റിവലില്‍ പ്രസിദ്ധീകരിക്കപ്പെടാത്ത തിരക്കഥക്കുള്ള പുരസ്‌കാരത്തോടെയായിരുന്നു തുടക്കം. സണ്‍ഡന്‍സ്, റോട്ടെര്‍ദാം, മാര്‍ദെല്‍ പ്ളാറ്റ, മലാഗ, സിയാറ, ലിമ, കാറ്റഗെന എന്നീ മേളകളിലൊക്കെയും ഈ ചിത്രത്തിന് വിവിധ അവാര്‍ഡുകള്‍ ലഭിച്ചു. എന്നാല്‍ കാര്യങ്ങള്‍ പ്രവചനാതീതമാം വണ്ണം ഇളക്കിമറിച്ചത് ല തേത്ത അസൂസ്‌താദ(മില്‍ക്ക് ഓഫ് സോറോവിന്റെ സ്‌പാനിഷ് ടൈറ്റില്‍) പുറത്തു വന്നതോടെയാണ്. 2010ലെ ഓസ്‌ക്കാര്‍ അവാര്‍ഡ്(മികച്ച വിദേശ ചിത്രം), ഗോയ അവാര്‍ഡ്, ഏരിയല്‍ അവാര്‍ഡ് എന്നിവക്ക് നോമിനേഷന്‍ ലഭിച്ച (അവാര്‍ഡ് ലഭിച്ചില്ലെങ്കിലും ഇവയുടെ നോമിനേഷനുകള്‍ സുപ്രധാനമാണ്) മില്‍ക്ക് ഓഫ് സോറോ പ്രസിദ്ധമായ നിരവധി പുരസ്‌കാരങ്ങള്‍ നേടിയെടുത്തു. 2009ലെ ബെര്‍ലിന്‍ അന്താരാഷ്‌ട്ര മേളയിലെ ഗോള്‍ഡന്‍ ബിയര്‍, ഫിപ്രസി പുരസ്‌കാരങ്ങള്‍; ഗൌതലജാറയില്‍ മികച്ച ചിത്രം; മോണ്‍ട്രിയലില്‍ ബെസ്‌റ്റ് ക്രിട്ടിക്ക് അവാര്‍ഡ്; ലിമ മേളയില്‍ മികച്ച പെറുവിയന്‍ സിനിമ, കോണാസിനി അവാര്‍ഡ്; ബൊഗോട്ട മേളയില്‍ മികച്ച ചിത്രം; ഹവാന മേളയില്‍ മികച്ച സിനിമ(ഗ്രാന്റ് കോറല്‍) എന്നിങ്ങനെ അവാര്‍ഡുകളുടെ പെരുമയിലൂടെയും മില്‍ക്ക് ഓഫ് സോറോ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു.

അവിശ്വസനീയമായ ഒരു ഇതിവൃത്തവും അസാമാന്യമായ ഒരു ആഖ്യാനവുമാണ്, കണ്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞാലും നീറ്റല്‍ വിട്ടു പോകാത്ത തരത്തിലുള്ള ഒരു വേദനയായി മില്‍ക്ക് ഓഫ് സോറോ കാണിയിലേക്ക് സംക്രമിക്കുന്നതിനു കാരണമാകുന്നത്. 1980നും 1992നും ഇടയിലുള്ള കാലഘട്ടത്തില്‍ പെറു കടന്നു പോന്ന ഭീഷണമായ അവസ്ഥയാണ് ചിത്രപശ്ചാത്തലം. രാജ്യത്ത് മുഴുവനായും ആന്ദിയന്‍ മേഖലയില്‍ വിശേഷിച്ചും ആ കാലത്ത് ആളിപ്പടര്‍ന്ന ഷൈനിംഗ് പാത്ത് എന്ന മാവോയിസ്‌റ്റ് സംഘടനയുടെ അക്രമവാഴ്‌ചയും അതിനെ തുരത്താനെന്ന പേരില്‍ സൈന്യത്തിന്റെയും പോലീസിന്റെയും അര്‍ദ്ധസൈനികവിഭാഗങ്ങളുടെയും പ്രത്യാക്രമണങ്ങളും ചേര്‍ന്ന് ജനജീവിതം താറുമാറാക്കി. 1990 ഓടെ പെറുവിന്റെ തലസ്ഥാനമായ ലിമയിലേക്കും അക്രമം വ്യാപിച്ചു. ഈ കാലഘട്ടത്തെ ഉപജീവിച്ചു കൊണ്ട് നാട്ടിന്‍ പ്രദേശങ്ങളില്‍ രൂപപ്പെട്ട ഒരു നാടോടിക്കഥയാണ് ക്ളോദിയ അവലംബിക്കുന്നത്. മാവോയിസ്‌റ്റ് ഭീകരര്‍ ഒരു ഭാഗത്തു നിന്നും, ഭീകരരെയും അക്രമികളെയും തുരത്താനെന്ന പേരില്‍ പ്രത്യേക സൈനികാധികാരത്തോടെ നാടു പിടിച്ചടക്കുന്ന പട്ടാളക്കാരും മറ്റ് കാക്കി വസ്‌ത്രധാരികളും മറു ഭാഗത്തു നിന്നും വ്യാപകമായി സ്‌ത്രീകളെ കടന്നാക്രമിക്കുന്നു. കൂട്ട ബലാത്സംഗങ്ങളും വ്യാപകമായ മാനഹാനിയും കൊണ്ട് ലൈംഗികത, മാതൃത്വം എന്നീ നൈസര്‍ഗിക വികാരങ്ങളോട് സ്‌ത്രീകളാകെ പുറന്തിരിയുന്നു. സ്വന്തം ശരീരം എന്നത് ഏറ്റവും മലിനീകരിക്കപ്പെട്ട ഒരു ഭൂപ്രദേശവും ജീര്‍ണിക്കപ്പെട്ട ഒരു ആത്മാവുമായി അവര്‍ ആന്തരീകരിക്കുന്നു. ഈ ജീര്‍ണതയും മലിനീകരണവും ദൈന്യതയും നൈരാശ്യവും, ബലാത്സംഗത്തിലൂടെ പിറവി കൊള്ളുന്ന പെണ്‍മക്കളിലേക്ക് മുലപ്പാലിലൂടെ പകരുന്നു എന്ന് അമ്മമാര്‍ കരുതുന്നതായാണ് നാടോടിക്കഥയിലെ വിശ്വാസം. അതായത്, അക്രമത്തിന്റെയും കീഴ്പ്പെടുത്തലിന്റെയും സ്ഥലകാലം അത് നേരിട്ട് അനുഭവിച്ചവര്‍ മാത്രമല്ല, അവരുടെ അടുത്ത തലമുറകളിലേക്കും അവരുടെ ഹൃദയങ്ങളിലേക്കും മനസ്സുകളിലേക്കും ശരീരങ്ങളിലേക്കും ആത്മാവുകളിലേക്കും, മുലപ്പാലിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു എന്നര്‍ത്ഥം. ആ കൈമാറ്റങ്ങളിലൂടെ അടുത്ത തലമുറകള്‍ കൂടി ഭീതിയുടെയും സര്‍വ്വനാശത്തിന്റെയും മരവിപ്പിന്റെയും മൂടുപടങ്ങളുടെ തടവില്‍ പെടുന്നു.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ നരവംശശാസ്‌ത്ര വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറും ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ജസ്‌റ്റീസിന്റെ പ്രാക്‌സിസ് ഡയരക്‌റ്ററുമായ കിംബെര്‍ലി തിയോഡോണ്‍ രചിച്ച എന്‍ത്രെ പ്രൊജിമോസ് എന്ന പുസ്‌തകമാണ് ക്ളോദിയ തന്റെ സിനിമക്ക് ആധാരമാക്കുന്നത്. യുദ്ധ തന്ത്രമായി സൈന്യം പ്രയോഗിച്ച കൂട്ട ബലാത്സംഗങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന സംവിധായിക, ഈ ആഖ്യാനത്തെ ഏറ്റവും സ്‌ത്രൈണാത്മകമായ ഒരു തലത്തിലേക്ക് വളര്‍ത്തിയെടുക്കുന്നു. സാമൂഹികവും മനശ്ശാസ്‌ത്രപരവുമായ പരികല്‍പനകള്‍ ഒരേ സമയം അവര്‍ പുലര്‍ത്തുന്നുണ്ട്. തിയോഡോണിന്റെ പുസ്‌തകത്തില്‍ ഒരേ സമയം മുപ്പതാളുകളുടെ വരെ ലൈംഗികാക്രമണത്തിന് വിധേയയായ സ്‌ത്രീകളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ബലാത്സംഗത്തിലൂടെ പലരും ഗര്‍ഭിണിയായിത്തീരുകയും ചെയ്‌തു. ഇത്തരം കടുത്ത ലൈംഗികാക്രമണങ്ങള്‍ക്കു ശേഷവും ജീവിച്ചിരിക്കുന്നവര്‍ അവരുടെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍, കേള്‍വിക്കാരില്‍ നിന്ന് ഒരു ഉത്തരവാദിത്തം ഇരകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ കേട്ടതിനോടൊക്കെ പ്രതികരിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട് എന്നതാണ് ആ പ്രതീക്ഷ എന്നാണ് തിയോഡോണ്‍ സാക്ഷ്യപ്പെടുത്തുന്നത്. അത്തരത്തിലുള്ള ശക്തമായ ഒരു പ്രതികരണമാണ് ക്ളോദിയയുടെ സിനിമ. തിയോഡോണിന്റെ പുസ്‌തകത്തിന്റെ ഇംഗ്ളീഷ് പരിഭാഷ അടുത്തു തന്നെ സ്‌റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പുറത്തിറക്കുന്നുണ്ട്. സമീപസ്ഥ ശത്രുക്കള്‍- അക്രമവും അനുരഞ്ജനവും പെറുവില്‍ (Intimate Enemies: Violence and Reconciliation in Peru) എന്നാണ് പുസ്‌തകത്തിന്റെ ശീര്‍ഷകം.

തന്റെ അമ്മയായ പെര്‍പെച്ച്വയില്‍ നിന്ന് കൈമാറിക്കിട്ടിയ ദുരന്തത്തിന്റെ അനന്തമായ പീഡാവസ്ഥയും പേറിയാണ് ഫോസ്‌ത, അന്യഥാ പുഷ്‌ക്കലമായിരിക്കേണ്ട കൌമാരത്തെ ഭീതിയില്‍ ഒളിപ്പിച്ച് അതിജീവിക്കാന്‍ ശ്രമിക്കുന്നത്. നിരത്തിലൂടെ നടക്കുമ്പോള്‍ അവള്‍ മതിലുകളോട് ചേര്‍ന്നാണ് നടക്കുന്നത്. മതിലുകള്‍ തനിക്ക് സുരക്ഷാകവചം തീര്‍ക്കുമെന്ന് അവള്‍ വിശ്വസിക്കുന്നു. കുറച്ച് ദൂരം പോകേണ്ടതുണ്ടെങ്കില്‍ കൂടെ ഒരംഗ രക്ഷകന്‍ ഉണ്ടാകണമെന്ന് അവള്‍ ആഗ്രഹിക്കുന്നു. പെറുവിന്റെ തലസ്ഥാനനഗരമായ ലിമയിലെ ചേരിപ്രദേശത്തിലാണവള്‍ ജീവിക്കുന്നത്. ഇരുപത് വയസ്സാണവള്‍ക്ക് പ്രായം എന്നു പറയുന്നതിന്റെ പൊരുള്‍ അത്രയും വര്‍ഷം മുമ്പ് പെറുവിലെ ഗ്രാമങ്ങളെ പിടിച്ചു കുലുക്കിയ ആഭ്യന്തരയുദ്ധകാലത്തെ ബലാത്സംഗങ്ങളിലാണവള്‍ പിറവിയെടുത്തത് എന്നാണ്. യുദ്ധം നിര്‍മ്മാണാത്മകമായ ഒരു പ്രവൃത്തിയല്ലെന്നാരാണ് പറഞ്ഞത്?

ഫോസ്‌തയുടെ അമ്മ മരണപ്പെടുന്നു. പാടിക്കൊണ്ടാണ് ആ അമ്മ മരണമടയുന്നത്. ആ പാട്ട് ഇപ്രകാരമാണ് തുടങ്ങിയത്. ഒരു പക്ഷെ, ഏതെങ്കിലും ഒരു ദിവസം നിങ്ങള്‍ക്ക് ബോധ്യപ്പെടും, ഞാനെത്രമാത്രം കരഞ്ഞിരുന്നുവെന്ന്, മുട്ടു കുത്തി ഞാന്‍ കേണു, ആ നശിച്ച തന്തയില്ലാത്തവന്മാരോട്, ആ രാത്രി ഞാന്‍ തൊണ്ട പൊട്ടി നിലവിളിച്ചു, മലകളില്‍ പ്രതിധ്വനിച്ചു, ആളുകള്‍ കേട്ട് ചിരിച്ചു, ഞാനെന്റെ വേദനയോട് പോരാടിക്കൊണ്ട് പറഞ്ഞു. ഒരു ദുര്‍മന്ത്രവാദിനിയാണ് നിന്നെ പെറ്റത്. അതുകൊണ്ടാണ് നീ അവളുടെ അമ്മിഞ്ഞ തിന്നു തീര്‍ത്തത്.


അമ്മയുടെ മൃതശരീരം വേണ്ട വിധത്തില്‍ നാട്ടില്‍ കൊണ്ടു പോയി സംസ്‌ക്കരിക്കാനാവശ്യമായ പണം അവളുടെ പക്കലില്ല. അത് സ്വരൂപിക്കുന്നതിനു വേണ്ടി അവള്‍ പണക്കാരിയായ സംഗീതജ്ഞ ദോണ ഐഡയുടെ വീട്ടു വേലക്കാരിയായി ജോലി ചെയ്യുകയാണ്. ദു:ഖവും ദുരന്തവും മുലപ്പാലിലൂടെ കൈമാറിക്കിട്ടിയ അവളുടെ വിചിത്രമായ പെരുമാറ്റങ്ങള്‍ വീട്ടുടമസ്ഥ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. അതിനിടയിലാണ് ഫോസ്‌ത നനുത്ത ശബ്‌ദത്തില്‍ ചില പാട്ടുകള്‍ പാടുന്നുണ്ടെന്ന കാര്യം അവര്‍ ശ്രദ്ധിക്കുന്നത്. ഏതാണാ പാട്ടുകള്‍? ധ്യാനനിമഗ്നയായ ഫോസ്‌ത തന്റെ പീഡനത്തെ നേരിടുന്നതിനു വേണ്ടി കെട്ടിയുണ്ടാക്കുന്നതാണോ അതോ അമ്മയില്‍ നിന്ന് ദുരന്താത്മകതയോടൊപ്പം പകര്‍ന്നു കിട്ടിയതാണോ ആ പാട്ടുകളെന്നറിയില്ല. അതേതായാലും വേണ്ടില്ല, ഈ പാട്ടുകള്‍ക്കും കച്ചവടമൂല്യമുണ്ടെന്ന് പ്രൊഫഷണലായ ദോണ മനസ്സിലാക്കുന്നു. ആ പാട്ടുകളോരോന്നായി അവര്‍ അവളില്‍ നിന്ന് വിലക്കെടുക്കുന്നു. ഒരു പാട്ടിന് ഒരു മുത്ത് വീതം എന്നതാണ് കരാര്‍. മുത്ത് മുഴുവനാകുമ്പോള്‍ തനിക്ക് ഒരു മാല കോര്‍ക്കാം എന്നതാണ് ഫോസ്‌തയുടെ പ്രതീക്ഷ. സ്വയം രക്ഷയുടെയും അതിജീവനത്തിന്റെയും ആ പാട്ടുകള്‍ തന്റെ കച്ചേരിക്കു വേണ്ടി ഉപയോഗപ്പെടുത്തിയതിനു ശേഷം ഫോസ്‌തയെ(അവളുടെ പേര് പോലും എപ്പോഴും തെറ്റി ഉച്ചരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവളാണ് ആ ഉടമസ്ഥ) തെരുവില്‍ ഉപേക്ഷിച്ച് മതിമറക്കുന്ന ആ ധനികസ്‌ത്രീയുടെ പെരുമാറ്റം കാണിയില്‍ അങ്ങേയറ്റത്തെ ജുഗുപ്‌സ സൃഷ്‌ടിക്കുന്നുണ്ട്. യുദ്ധത്തിന്റെ ആനന്ദത്തിനിടയില്‍ ആര്‍ക്കും ആവശ്യമില്ലാതെ പിറവിയെടുത്ത ഫോസ്‌തയുടെ(ഫോസ്‌തമാരുടെ) കൌമാരവും ധനികാനന്ദത്തിന്റെ ഇരയായി തീരാന്‍ ഇപ്രകാരം ഇടയാകുന്നു.

പുരുഷന്മാരില്‍ നിന്ന് രക്ഷ നേടാനായി തന്റെ ലൈംഗികാവയവത്തിനുള്ളില്‍ ഒരു ഉരുളക്കിഴങ്ങ് കടത്തിവെച്ചിരിക്കുകയാണവള്‍. യുദ്ധത്തോടുള്ള പ്രതിരോധതന്ത്രം എന്നും വിശേഷിപ്പിക്കാമിതിനെ. (പെറുവാണത്രെ ഉരുളക്കിഴങ്ങിന്റെ ജന്മദേശം). ഇതിനെ തുടര്‍ന്ന് അവളുടെ ശരീരത്തിനകത്ത് അണുബാധ ഉണ്ടാകുന്നു. ഡോക്ടര്‍ ഈ ഉരുളക്കിഴങ്ങ് എടുത്തുകളയണമെന്ന് പറയുന്നുണ്ടെങ്കിലും അവള്‍ കൂട്ടാക്കുന്നില്ല. ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ ഉരുളക്കിഴങ്ങിന് മുള പൊട്ടുന്നു. തന്റെ കാല്‍ അകത്തി വെച്ച് പാവാടക്കുള്ളിലൂടെ കത്രിക കൊണ്ട് അവള്‍ ആ മുള മുറിച്ച് നിലത്തിടുന്നത്, സിനിമാ ചരിത്രത്തിലെ അപൂര്‍വ്വവും അങ്ങേയറ്റം സ്‌ത്രൈണാത്മകവുമായ ഒരു ദൃശ്യവത്ക്കരണമായി അനുഭവപ്പെട്ടു. മാഗലി സോളിയര്‍ ആണ് ഫോസ്‌തയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വൈദ്യശാസ്‌ത്രത്തിന്റെ പാഠപുസ്‌തകങ്ങളില്‍ തിരഞ്ഞാലും കിട്ടാത്ത ഈ രോഗം, നാടോടിക്കഥകളിലൂടെയാണ് പരക്കുന്നത്. വെര്‍ണര്‍ ഹെര്‍സോഗിന്റെ ദ എനിഗ്‌മ ഓഫ് കാസ്‌പര്‍ ഹോസറില്‍ മനുഷ്യരെ കാണാതെ അനേക വര്‍ഷം ജീവിച്ച് മനുഷ്യരൂപവും സ്വഭാവവും ഇല്ലാതെ പോയ നായകനാണുള്ളത്. അതു പോലെ, മനുഷ്യരൂപികള്‍ക്കിടയില്‍ തന്നെയാണ് ജീവിക്കുന്നതെങ്കിലും അവരില്‍ മനുഷ്യരെ കണ്ടെത്താനാകാതെ പോകുന്നവളാണ് ഫോസ്‌ത. ദുരന്തം പകര്‍ന്നു തന്ന അമ്മയോടൊപ്പമിരിക്കുമ്പോള്‍ മാത്രമായിരുന്നു അവളല്‍പം സന്തോഷം അനുഭവിച്ചിരുന്നത്. അതിനാലാണ്, മരിച്ച അമ്മയെ പോലും വിട്ടു പിരിയാതെ തന്റെ കട്ടിലില്‍ തന്നെ അവള്‍ സൂക്ഷിച്ചുവെച്ചത്. നിശ്ശബ്‌ദതക്കും സംഗീതത്തിനും ഇടയിലുള്ള കൃത്യമായ നൂല്‍പ്പാലത്തിലൂടെയാണ് മില്‍ക്ക് ഓഫ് സോറോവിന്റെ ആഖ്യാനം സഞ്ചരിക്കുന്നത്. ആസക്തിയുടെയും വികാരരാഹിത്യത്തിന്റെയും ഇടവേളകളിലാണിത്തരം രാഷ്‌ട്രീയ അപരത്വങ്ങള്‍ പിറവിയെടുക്കുന്നതും ദുരന്തം പേറി നീറി നീറി എരിയുന്നതും.

Friday, November 12, 2010

കാശ്മീര്‍ - രാഷ്ട്രീയ പരിഹാരം മാത്രം



വെടിയുണ്ട കൊണ്ടും കാക്കിയുടെ അപ്രമാദിത്വം കൊണ്ടും ഒരു നാടിനെയും ജനതയെയും വരിഞ്ഞു മുറുക്കി ദേശീയോദ്ഗ്രഥനവും ഐക്യവും അഖണ്ഡതയും സാധ്യമാക്കിയെടുക്കാനാവുമോ? സ്നേഹം കൊണ്ടും സ്വാഭിമാനബോധം കൊണ്ടും സ്വാതന്ത്ര്യാവബോധം കൊണ്ടുമാണ് ഐക്യം ഊട്ടിയുറപ്പിക്കേണ്ടത്. കാശ്മീര്‍ നല്‍കുന്ന പാഠവും മറ്റൊന്നല്ല. മൂന്നു മാസത്തോളം നീണ്ട ഇന്‍തിഫാദയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാശ്മീര്‍ 'സാധാരണ' ജീവിതത്തിലേക്ക് തിരിച്ചു വന്നതായി റിപ്പോര്‍ട് ചെയ്യപ്പെട്ടു. എന്താണ് കാശ്മീരിനെ സംബന്ധിച്ചിടത്തോളം സാധാരണത്തം എന്ന നിര്‍ണായക ചോദ്യം ഈ വാര്‍ത്തയെ പ്രശ്നഭരിതമാക്കുന്നുമുണ്ട്. അതെന്തായാലും; ഇന്ത്യന്‍ ഭരണകൂടം, കാശ്മീരിലെ എല്ലാ അര്‍ത്ഥത്തിലുമുള്ള രാഷ്ട്രീയനേതൃത്വങ്ങള്‍, കാശ്മീരി സമൂഹം എന്നീ മൂന്നു സാമൂഹിക ശക്തികള്‍ എന്ത് നിലപാടാണ് ഇനിയുള്ള നാളുകളില്‍ സ്വീകരിക്കാന്‍ പോകുന്നത് എന്നതനുസരിച്ചാണ് ഇപ്പോഴുള്ള താല്‍ക്കാലികവും താരതമ്യേന ആശാവഹവുമായ സമാധാനവും സാധാരണത്വവും നിലനില്‍ക്കുമോ എന്നറിയാന്‍ കഴിയുകയുള്ളൂ.

ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം, സാധാരണത്വം എന്നതിനര്‍ത്ഥം; അക്രമപ്രവര്‍ത്തനങ്ങളും വാര്‍ത്തകളും ഏറ്റവും കുറവോ ഇല്ലാതിരിക്കുകയോ ആയിട്ടുള്ള സ്ഥിതി കൈവരിക്കുക, പ്രതിഷേധങ്ങള്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് വിധേയമായിരിക്കുക എന്നാണ്. കാശ്മീരിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കാകട്ടെ, ഓരോരുത്തരും നിലയുറപ്പിച്ചിരിക്കുന്ന നിലപാടുതറകള്‍ക്കനുസരിച്ചാണ് സാധാരണത്വം വ്യാഖ്യാനിക്കപ്പെടുക. ഇന്ത്യന്‍ പൌരത്വം അംഗീകരിച്ചവരും അല്ലാത്തവരുമായ രാഷ്ട്രീയ സംഘടനകളാണ് കാശ്മീരിലുള്ളത് എന്നതിനാല്‍ ഇവരുടെ വീക്ഷണങ്ങളും അത്യന്തം വിഭിന്നമായ അവസ്ഥകളിലാണ് ഉള്ളത്. ഇന്ത്യന്‍ ഭരണഘടനക്കകത്തു നിന്നു കൊണ്ടുള്ള ജനാധിപത്യ സമ്പ്രദായം തുടരുക എന്നതു മുതല്‍ക്ക്, കാശ്മീരിന് സ്വാതന്ത്ര്യം(ആസാദി) വേണമെന്നും, പാക്കിസ്ഥാനില്‍ ലയിപ്പിക്കണമെന്നും ആവശ്യമുന്നയിക്കുന്ന വിവിധ സംഘടനകളാണ് കാശ്മീരില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെല്ലാവരെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ളതും അര്‍ത്ഥവത്തായതുമായ സംവാദങ്ങളും സംഭാഷണങ്ങളും നിരന്തരമായി തുടരാവുന്ന വിധത്തില്‍ അടിയന്തിരമായി ആരംഭിക്കുക എന്നതാണ് പോംവഴിയിലേക്കുള്ള പാത എന്ന് ഇന്ത്യന്‍ ഇടതുപക്ഷമടക്കമുള്ള നിരവധി ജനാധിപത്യവാദികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ്, ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തില്‍ കാശ്മീര്‍ സന്ദര്‍ശിച്ച സര്‍വകക്ഷി സംഘത്തിന്റെ അഭിസംബോധന കേള്‍ക്കാന്‍ വരാതിരുന്ന സംഘടനകളുടെ സവിധത്തില്‍ പോയി സംസാരിക്കാന്‍ ഈ കക്ഷി നേതാക്കള്‍ തയ്യാറായത്. സെപ്തംബര്‍ 20ന് ശ്രീനഗറിലെ ഷെര്‍ ഇ കാശ്മീര്‍ അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി, ബി ജെ പി, സി പി ഐ(എം) എന്നീ പാര്‍ടികളുടെ പ്രതിനിധികളാണ് മുഖ്യമായും പങ്കെടുത്തത്. 'വിഘടനവാദികള്‍' എന്നാക്ഷേപിക്കപ്പെടുന്ന വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന വലിയൊരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടു നിന്നു. അപ്പോഴെന്താണ് സംഭവിക്കുക. ഇപ്രകാരം വിട്ടുനിന്നവരെ അപലപിച്ചുകൊണ്ട് ഒരു പ്രമേയവും പാസാക്കി ചിദംബരം മുതല്‍ സുഷമാ സ്വരാജ് വരെയുള്ള നേതാക്കള്‍ തിരിച്ച് ദില്ലിയിലേക്ക് വിമാനം കയറുക! കാര്യം ശുഭം.

എന്നാല്‍, അതല്ല സംഭവിച്ചത്. സി പി ഐ(എം) നേതാവ് സീതാറാം യെച്ചൂരിയും അകാലിദള്‍ നേതാവ് രത്തന്‍ സിംഗ് അജ്നാലയും ഡി എം കെ നേതാവ് ടി ആര്‍ ബാലുവും ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടു സംസാരിച്ചു. ഇതേ മട്ടില്‍, സി പി ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയും മറ്റു ചില നേതാക്കളും ചേര്‍ന്ന് ഓള്‍ പാര്‍ടി ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വൈസ് ഉമര്‍ ഫാറൂഖിനെയും, രാം വിലാസ് പാസ്വാന്‍ അടക്കമുള്ള നേതാക്കള്‍ ജെ കെ എല്‍ എഫ് ചെയര്‍മാന്‍ യാസിന്‍ മാലിക്കിനെയും സന്ദര്‍ശിച്ചു. അന്യഥാ വ്യര്‍ത്ഥമായിപ്പോകുമായിരുന്ന സര്‍വകക്ഷി സന്ദര്‍ശനം ഈ പ്രത്യേക നീക്കത്തിലൂടെ കൂടുതല്‍ അര്‍ത്ഥവത്താകുകയും ജനാധിപത്യവാദികളില്‍ പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്തു. പ്രത്യേക സൈനികാധികാര നിയമം(എ എഫ് എസ് പി എ) റദ്ദാക്കണമെന്ന ആവശ്യമാണ് സമരം ചെയ്തു വരുന്ന കാശ്മീരി ജനത ആവശ്യപ്പെട്ടിരുന്നത്. അതിനോട് കേന്ദ്ര മന്ത്രിസഭയിലെയും ഭരണകക്ഷിയിലെയും ഒരു പ്രബല വിഭാഗം അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തതായി പത്ര റിപ്പോര്‍ടുകള്‍ സൂചന തന്നിരുന്നു. എന്നാല്‍ ആ നിര്‍ണായക ആവശ്യം നടപ്പിലാക്കാനുള്ള ചങ്കൂറ്റം ആ ഘട്ടത്തില്‍ കേന്ദ്ര ഭരണകൂടം പ്രകടിപ്പിച്ചില്ല. അതിനു പകരമാണ് സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനം പ്രഖ്യാപിച്ചത്. അതിനോട് ഹുറിയത് കോണ്‍ഫറന്‍സും ജെ കെ എല്‍ എഫും സഹകരിച്ചില്ലെങ്കില്‍ പിന്നെന്തു പ്രയോജനം? ആ ഘട്ടത്തിലാണ് കോണ്‍ഗ്രസും ബി ജെ പിയും ഒഴിച്ചുള്ള കക്ഷിനേതാക്കള്‍ അവരെ പോയി കണ്ടത്. ഇത് സമാധാനപ്രക്രിയ വേഗത്തിലാക്കുമെന്ന പ്രതീതിയെങ്കിലും ജനിപ്പിക്കുന്നതിനുതകി. സര്‍വകക്ഷി സന്ദര്‍ശനത്തിനു ശേഷം പ്രഖ്യാപിച്ച എട്ടിന പരിപാടിയും സംഘര്‍ഷം ലഘൂകരിക്കുന്നതിനുതകുന്ന ദിശാബോധത്തോടെയുള്ളതായിരുന്നു. അതുകൊണ്ടു തന്നെയാണ് ഈ സന്ദര്‍ശനത്തിനു ശേഷം കാശ്മീരില്‍ അനിഷ്ട സംഭവങ്ങള്‍ ഏറെക്കൂറെ ഇല്ലാതെ പോയതും.

കാശ്മീരിലെ സാധാരണക്കാര്‍ ഇന്നനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്നമെന്താണെന്ന കേവല ധാരണയെങ്കിലുമുണ്ടെങ്കില്‍ മാത്രമേ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് കാശ്മീര്‍ പ്രശ്നത്തോട് വസ്തുനിഷ്ഠമായ സമീപനം രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഓരോ അമ്പതു മീറ്റര്‍ ദൂരം പിന്നിടുമ്പോഴും ആട്ടോമാറ്റിക്ക് ആയുധവും ഏന്തി നില്‍ക്കുന്ന ഒരു കാക്കി ധാരിയുടെ സുരക്ഷാ ചോദ്യം ചെയ്യലിനു വിധേയമായി വേണം കാശ്മീരിലെ ഏതു സാധാരണക്കാരനും പച്ചക്കറിയോ ഇറച്ചിയോ പലവ്യഞ്ജനങ്ങളോ വാങ്ങാനും, ഇലക്ട്രിസിറ്റി ബില്ലടക്കാനും, വെള്ളക്കരമടക്കാനും ജോലിക്കും വിദ്യാഭ്യാസത്തിനും വേണ്ടി യാത്ര ചെയ്യാനും. പരീക്ഷകള്‍ അനന്തമായി നീളുകയും ക്ളാസുകള്‍ മുടങ്ങുകയോ ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥകള്‍ പിന്നിട്ട് അവിടത്തെ യുവജനങ്ങള്‍ പുതിയ മത്സരാധിഷ്ഠിത സാഹചര്യത്തില്‍ എന്ത് ജോലി നേടാനാണ്? അവര്‍ ഇന്ത്യന്‍ പൌരന്‍ എന്ന് ഫോറത്തില്‍ പൂരിപ്പിച്ച് ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ ജോലിക്കപേക്ഷിക്കുമ്പോള്‍ എന്തു തരം സമീപനത്തിലൂടെയായിരിക്കും അവര്‍ കടന്നു പോകുക എന്ന് ആലോചിച്ചു നോക്കിയാലറിയാം. അതിക്രൂരമായ ബലാത്സംഗത്തിനും കൊലക്കും വിധേയരായ ആസിയയുടെയും നിലോഫറിന്റെയും പിച്ചിച്ചീന്തപ്പെട്ട ശവശരീരങ്ങള്‍ ഷോപ്പിയാനിലെ ആപ്പിള്‍ മരങ്ങള്‍ക്കിടയിലെ നീരൊഴുക്കിനു സമീപം അനാഥമായിക്കിടന്നപ്പോള്‍, അതിനുത്തരവാദികളായവര്‍ ഇനിയും പിടിക്കപ്പെടുകയോ തിരിച്ചറിയപ്പെടുകയോ പോലും ചെയ്തിട്ടില്ല എന്നത് ഏതു തരം 'നീതിന്യായ'ത്തെയാണ് സൂചിപ്പിക്കുന്നത്? കര്‍ഫ്യൂ രാത്രികളുടെയും ഏറ്റുമുട്ടല്‍ കൊലകളുടെയും ഖെറ്റോവത്ക്കരണങ്ങളുടെയും ചുഴലികളില്‍ നിന്ന് രക്ഷപ്പെടാനാകുമ്പോള്‍ മാത്രമേ കാശ്മീരിലെ സാധാരണക്കാര്‍ക്ക് തങ്ങള്‍ സാധാരണക്കാരാണെന്ന ബോധ്യമെങ്കിലും തിരിച്ചു കിട്ടുകയുള്ളൂ. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് സാധാരണത്വം എന്നാല്‍ തങ്ങളുടെ ജ•ഗ്രാമത്തിലേക്ക് തിരിച്ചു പോകാന്‍ കഴിയുമ്പോഴാണ്. കച്ചവടക്കാര്‍ക്കാകട്ടെ മുസാഫറാബാദിലേക്ക് പോയി സാധനങ്ങള്‍ മൊത്തമായി വാങ്ങാനും വില്‍ക്കാനും കഴിയുന്നതിനെയാണ് സാധാരണത്വം എന്നു പറയുക. അതായത്, സ്വാതന്ത്യ്രം, സ്വാശ്രയത്വം, ഇസ്ളാമികവത്ക്കരണം, ജിഹാദ്, കാശ്മീരിയത്ത് തുടങ്ങിയ പദങ്ങള്‍ക്ക് കാശ്മീരികള്‍ക്കിടയില്‍ പോലും അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും വിഭിന്നമായി ചിതറുന്നു എന്നു ചുരുക്കം. പക്ഷെ, കഴിഞ്ഞ ആറു മാസങ്ങളിലുണ്ടായ കല്ലെറിയല്‍ പ്രക്ഷോഭകാരികളുടെ മനോഭാവം പരിശോധിച്ചാല്‍; അന്യവത്ക്കരണം, സുരക്ഷാ ഭട•ാരോടുള്ള വിദ്വേഷം എന്നീ കാര്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഒരു ഐക്യം രൂപപ്പെട്ടിട്ടുണ്ടെന്നും അതാണ് ഇന്നത്തെ കാശ്മീര്‍ യാഥാര്‍ത്ഥ്യത്തിന്റെ രത്നച്ചുരുക്കം എന്നും ബോധ്യപ്പെടും.

ഈ യാഥാര്‍ത്ഥ്യത്തെ സര്‍ഗാത്മക-പ്രക്ഷോഭകരമായി വീക്ഷിക്കാനാണ് അരുന്ധതി റോയ് ശ്രമിച്ചത്. അവരുടെ വാചകങ്ങളെ അതേപടി പിന്തുടരാനോ പിന്തുണക്കാനോ അല്ല ഈ കുറിപ്പില്‍ ശ്രമിക്കുന്നത്. പക്ഷെ, കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്ന് ഒരര്‍ത്ഥത്തില്‍ പ്രകോപനകരമായ പ്രസ്താവനയിലൂടെ യാഥാര്‍ത്ഥ്യത്തിലേക്ക് കണ്‍ തുറക്കാന്‍ മുഴുവന്‍ ഇന്ത്യക്കാരെയും ലോകരെയും പ്രേരിപ്പിക്കുന്ന ഇടപെടലാണ് അരുന്ധതി നടത്തിയത് എന്നതാണ് വാസ്തവം. ചരിത്രം മറന്നതുകൊണ്ട് ഇല്ലാതാകുകയില്ല. അവരുടെ വീട്ടിലേക്ക് അക്രമവുമായി ഇടിച്ചുകയറിയ സംഘപരിവാറിനേക്കാള്‍ ഔചിത്യപൂര്‍ണമായ നടപടിയാണ് രാജ്യദ്രോഹക്കേസെടുക്കേണ്ടെന്ന കോണ്‍ഗ്രസിന്റെ തീരുമാനം എന്നതും കാണാതിരിക്കുന്നില്ല.

കാശ്മീരിന് സൈനിക പരിഹാരമല്ല, രാഷ്ട്രീയ പരിഹാരമാണ് വേണ്ടത് എന്ന വസ്തുതയിലേക്ക് ഇന്ത്യന്‍ ഭരണകൂടവും പ്രതിപക്ഷങ്ങളും യോജിച്ചു കണ്‍തുറക്കുകയാണ് ഇനി വേണ്ടത്. എന്നാല്‍, മാധ്യമ പ്രവര്‍ത്തകനായ ദിലീപ് പദ്ഗാവ്ങ്കര്‍, അധ്യാപകനായ രാധാകുമാര്‍, ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എം എം അന്‍സാരി എന്നിങ്ങനെ രാഷ്ട്രീയേതര പരിശുദ്ധാത്മാക്കളുടെ ഒരു സംഘത്തെയാണ് മന്‍മോഹന്‍ സിംഗ് മധ്യസ്ഥരായി നിയോഗിച്ചിരിക്കുന്നത് എന്നത് പ്രശ്നത്തോട് ഗൌരവവും കാലികവുമായ സമീപനം രൂപപ്പെടുത്താന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ല എന്നതിന്റെ തെളിവായി നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞു. സര്‍വകക്ഷികളിലും പെട്ട രാഷ്ട്രീയക്കാരുടെ ഒരു പ്രതിനിധി സംഘത്തെയാണ് മധ്യസ്ഥരായി നിയോഗിക്കേണ്ടത് എന്ന യാഥാര്‍ത്ഥ്യം പോലും കാണാതിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിനായി ആത്മാര്‍ത്ഥ സമീപനം എടുക്കുമെന്ന് വിശ്വസിക്കാന്‍ ഈ ഘട്ടത്തില്‍ സാധിക്കുന്നില്ല.

Thursday, November 11, 2010

അടഞ്ഞു പോയ ആഹ്ളാദകങ്ങള്‍ പാലക്കാടിന്റെ സിനിമാ ഭൂപടങ്ങളിലൂടെ




വാണിയങ്കുളത്ത് 1987ല്‍ തുടങ്ങിയ പൊറുതിയോടെയാണ് പാലക്കാട് സ്ഥിരമായത്. അക്കാലത്ത് ഷൊറണൂരില്‍ റിലീസ് ആരംഭിച്ചിരുന്നില്ല. റിലീസ് ചിത്രങ്ങള്‍ തച്ചിന് തച്ചിന് കണ്ട് വധിക്കുന്ന കോളങ്ങളും ആരംഭിച്ചിട്ടില്ലാതിരുന്നതു കൊണ്ട് അതൊരു കുറവായി തോന്നിയില്ല. അന്ന് ബാച്ചലേഴ്സായ ഞങ്ങള്‍ സഹമുറിയന്മാര്‍ വൈകുന്നേരങ്ങളില്‍ ഷൊറണൂരില്‍ സിനിമ കാണാന്‍ പോയാല്‍ ഡെസ്റ്റിനേഷന്‍ തനിയെ റെയില്‍ പാളം കടന്ന് കേരളീയ ആയുര്‍വേദ സമാജത്തിനു തൊട്ടുള്ള ജവഹര്‍ എന്നോ ഷണ്മുഖ എന്നോ പേരുള്ള ഓലടാക്കീസിലെത്തുമായിരുന്നു. അവിടെയായിരുന്നു അന്ന് കമ്പിപ്പടങ്ങള്‍ കാണിച്ചിരുന്നത്. അത്തരത്തില്‍ കമ്പിപ്പടങ്ങള്‍ കാണിച്ചിരുന്നതും അല്ലാത്തതുമായ അനവധി ടാക്കീസുകള്‍ പാലക്കാട് ജില്ലയില്‍ ഇതിനകം അടച്ചു പൂട്ടപ്പെട്ടു. സദാചാരം നീണാള്‍ വാഴട്ടെ. എല്ലാം ഒന്നൊന്നായി പൂട്ടി, പൊളിച്ചു മാറ്റി, നിരത്തി. പാലക്കാട്ടെ ഇരുദയ, സെന്‍ട്രല്‍, ശ്രീദേവി ദുര്‍ഗ(പഴയ ന്യൂ), ഗൌഡര്‍, ബള്‍ക്കീസ്(ഒലവക്കോട്); ചിറ്റൂരിലെ നെഹ്റു, ബീന; അട്ടപ്പാടിയിലെ അഗളി സ്റ്റാര്‍, കുക്കുപ്പടി ഷീനു, ഗൂളിക്കടവ് ശ്രീവേലന്‍, കോട്ടത്തറയിലെ തിയേറ്റര്‍; മണ്ണാര്‍ക്കാട് കലാവതി; കല്ലടിക്കോട് ദീപ; തച്ചമ്പാറ അലങ്കാര്‍, കലാബന്ധു; മുണ്ടൂര്‍ മീരാന്‍, കോങ്ങാട് സെന്‍ട്രല്‍, പുലാപ്പറ്റ ചിഞ്ചു, റെയില്‍വെ കോളനി രാജേന്ദ്ര, എന്നിങ്ങനെ എത്ര ടാക്കീസുകള്‍. ഇവയിലോരൊന്നിനെയും ചുറ്റിപ്പറ്റി ഓരോന്നിനുള്ളിലുമായി എത്ര ആഹ്ളാദാനുഭൂതികള്‍ നിറവേറ്റപ്പെട്ടിട്ടുണ്ടാകും! എത്രയെണ്ണം നിറവേറപ്പെടാതിരുന്നിട്ടുണ്ടാകും?

മുമ്പ് കേരളത്തിന്റെ പുറത്തുള്ളവരെല്ലാം സ്കൂളവധി ദിവസങ്ങളില്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നത് ഒലവക്കോട്ടിറങ്ങിക്കൊണ്ടാണ്. ഇന്ന് ആ സ്റ്റേഷന്റെ പേര് തന്നെ മാറ്റപ്പെട്ടിരിക്കുന്നു. പാലക്കാട് ജങ്ഷന്‍ എന്നാണ് സ്റ്റൈലില്‍ ആ ജങ്ഷന്‍ അറിയപ്പെടുന്നത്. ബോംബെയിലും ഭിലായിലും ദില്ലിയിലുമുള്ള ബന്ധുക്കള്‍ക്ക് തിരിച്ചു പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനും, അവര്‍ വന്നിറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ പോകാനും തലേന്ന് രാത്രി ഉറക്കൊഴിച്ച് ഒലവക്കോട്ട് കാത്തിരിക്കുക എന്നത് അന്നത്തെ ഒരു വാര്‍ഷിക വിനോദമായിരുന്നു. അതിലെ ആകര്‍ഷകഘടകം ബള്‍ക്കീസില്‍ നിന്ന് സെക്കന്റ് ഷോ കാണാമെന്നതായിരുന്നു. ഉറങ്ങിപ്പോയാലും സാരമില്ല. ഗേറ്റ് കീപ്പര്‍ വന്ന് വിളിച്ചുണര്‍ത്തി പുറത്താക്കും. പിന്നെ കട്ടന്‍ ചായയും കുടിച്ച് മാതൃഭൂമിയിലോ മനോരമയിലോ കിടന്നുറങ്ങാം. ഉറക്കം വരാതിരിക്കാന്‍ തക്കവണ്ണമുള്ള തട്ടുപൊളിപ്പന്‍ സിനിമകളാണ് സ്വതേ പലപ്പോഴും ബള്‍ക്കീസില്‍ ഓടിയിരുന്നത്. കമലാഹാസന്റെ വിക്രം ബള്‍ക്കീസില്‍ ഇതുപോലൊരു ഉറക്കൊഴിക്കലിനായി കണ്ടതോര്‍ക്കുന്നു. ഒരു പോള പോലും കണ്ണടക്കാതിരിക്കാന്‍ തക്കവണ്ണമുള്ള അടിയും പൊടിയും ഗ്ളാമറും ഡാന്‍സും. അതിനും മുമ്പുള്ള കാലം ബള്‍ക്കീസ് കേരളത്തിലെ പ്രമുഖ റിലീസിംഗ് സെന്ററായിരുന്നു. അവളുടെ രാവുകളടക്കമുള്ള ഹിറ്റു ചിത്രങ്ങള്‍ അവിടെയായിരുന്നു റിലീസ് ചെയ്തത്. സിനിമയോടും സിനിമാ നടികളോടും അതിരു കവിഞ്ഞ ആസക്തി ഉണ്ടായിരുന്ന ആരോ ആണ് ബള്‍ക്കീസിന്റെ ഉടമകളിലൊരാള്‍ എന്ന കഥയും കേട്ടിട്ടുണ്ട്. കേരളത്തിലെ തിയറ്ററുകളെക്കുറിച്ച് താന്‍ തയ്യാറാക്കാന്‍ പോകുന്ന ഒരു ഡോക്കുമെന്ററിയില്‍ ബള്‍ക്കീസ് ചിത്രീകരിക്കാനാവുമോ എന്നാരാഞ്ഞ് വെങ്കിടി വിളിച്ച ദിവസം, തിയറ്റര്‍ പൊളിച്ചു നീക്കുകയായിരുന്നു. അന്നത്തെ ദേശാഭിമാനിയില്‍ വന്ന പകുതി പൊളിഞ്ഞ തിയറ്ററിന്റെ ചിത്രം സ്കാന്‍ ചെയ്ത് ഇ മെയില്‍ അയച്ചു. എന്തായാലും അത് പൊളിച്ചു നിരത്തി. ഇപ്പോള്‍, തൊട്ടടുത്തുള്ള ബിവറേജസ് വില്‍പനശാലയില്‍ നിന്ന് 'മൂന്നാളായി' എന്ന് പറഞ്ഞ് നാലാമനെ പിടിക്കുന്നവര്‍ക്ക് ക്വാര്‍ട്ടര്‍ വീതിക്കാന്‍ പറ്റിയ ഇരുട്ടുള്ള ഒരു കുറ്റിപ്പുല്‍മൈതാനം. തൊട്ടുമുമ്പില്‍ ബോട്ടിയും ചിക്കന്‍ പക്കവടയും. ആഹ്ളാദം അവസാനിച്ചിട്ടില്ല.

ഏറ്റവും അവസാനം കേട്ടത് മണ്ണാര്‍ക്കാട്ട് ആറാട്ടു കടവിലുള്ള കലാവതി തിയറ്റര്‍ നിന്ന സ്ഥലം റിയല്‍ എസ്റ്റേറ്റുകാര്‍ മുറിച്ചു വില്‍പനയാക്കിയതാണ്. ഒരു ലക്ഷത്തി അറുപത്തൊമ്പതിനായിരമാണത്രെ സെന്റിന് വില. മുന്‍ഭാഗത്തെ പത്ത് സെന്റ് പൂരക്കമ്മിറ്റി വാങ്ങി. പൂരത്തിന് തച്ചോളി അമ്പുവും കടത്തനാട്ട് മാക്കവും ഹൌസ്ഫുള്ളായി ഓടിയിരുന്ന കാലം ഇനി ഉണ്ടാവില്ല. അതു മാത്രമോ, മണ്ണാര്‍ക്കാട്ടെ പല ഫിലിം സൊസൈറ്റിക്കാലങ്ങളില്‍ കലാവതി ജ്വലിച്ചു നില്‍ക്കുന്നു. എണ്‍പതുകളുടെ അവസാനം ഒഡേസ പിരിച്ചു വിടുന്നതിനു തൊട്ടു മുമ്പ് പതിമൂന്നു ദിവസം നീണ്ട ഒരു ക്യാമ്പ് മണ്ണാര്‍ക്കാട് കെടിഎം സ്കൂളിലും കലാവതിയിലും കുന്തിപ്പുഴയിലും ജി എം യുപിയിലും കുമാരേട്ടന്റെ ഗോഡൌണിലുമായി നടത്തി. പ്രകൃതി ബഷീര്‍ മാഷായിരുന്നു മുഖ്യ സംഘാടകന്‍. ബംഗ്ളാദേശില്‍ നിന്നെത്തിയ ഏതാനും ഡോക്കുമെന്ററി സംവിധായകരും ക്യാമ്പിലുണ്ടായിരുന്നു. അവരോടൊപ്പം ഒരു ദിവസം കലാവതിയിലെ പ്രദര്‍ശനം കാണാനായി നടക്കുകയായിരുന്നു. എന്താണ് തിയറ്ററിന്റെ പേര് എന്നവര്‍ ആരാഞ്ഞു. കലാവതി എന്ന എന്റെ മറുപടി അവരെ തൃപ്തരാക്കിയില്ല. കലാബോതി എന്ന് പറഞ്ഞപ്പോഴാണ് തൃപ്തിയായത്. ഇനി അവിടെ നിരക്കാന്‍ പോകുന്ന ഹൌസ് പ്ളോട്ടുകളില്‍ വീടുകള്‍ നിറയുമ്പോള്‍ അവിടത്തെ വീടുകളില്‍ ഹോം തിയറ്ററുകളും അതിനു മുമ്പിലെ സ്വകാര്യാഹ്ളാദങ്ങളും. പാന്‍പരാഗ് തുപ്പുന്ന പൊതു ആഹ്ളാദങ്ങളേക്കാള്‍ വൃത്തി കൂടിയ ആ ആഹ്ളാദങ്ങള്‍ കാണികളെ തൃപ്തിപ്പെടുത്തുമോ?