Sunday, November 7, 2021

 ബോംബെയിലെ സാംസ്‌ക്കാരിക ഗറില്ലകള്‍


ജി പി രാമചന്ദ്രന്‍
--


  (എഡ്വേര്‍ഡ് തിയേറ്റര്‍, കല്‍ബാദേവി, മുംബൈ)

1914-15ലാണ് ബ്രിട്ടീഷ് തിയേറ്ററായ എഡ്വേര്‍ഡ് പ്രദര്‍ശനത്തിനായി തുറന്നത്. അന്ന് അതൊരു ഓപ്പറ ഹൗസായിരുന്നു. എഡ്വേര്‍ഡ് അഞ്ചാമന്‍ രാജാവിന്റെ പേരാണ് തിയേറ്ററിന് നല്‍കിയത്. അദ്ദേഹം ആ വര്‍ഷം ബോംബെ സന്ദര്‍ശിച്ചിരുന്നു.
ടോക്കീസിന്റെ വരവിനു മുമ്പു തന്നെ നിശ്ശബ്ദ സിനിമകള്‍ അവിടെ കാണിച്ചു തുടങ്ങി.ചരിത്രത്തില്‍ ചില വൃത്തങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, കാര്യങ്ങള്‍ ആവര്‍ത്തിക്കും. പഴയ തിയേറ്ററായ എഡ്വേര്‍ഡില്‍ സിനിമ കാണാന്‍ ആളുകള്‍ കുറഞ്ഞപ്പോള്‍, പല തരത്തിലുള്ള കലാപരിപാടികളുടെ ഒരു കേന്ദ്രമാക്കി അത് മാറി. സ്റ്റാന്റ് അപ്പ് കോമഡി മുതല്‍ ഭരതനാട്യം വരെ അവിടെ കളിച്ചു. ഞായറാഴ്ചകളില്‍ കോമഡി മേള തന്നെ നടത്തി. കെട്ടിടവും അതിന്റെ അകവും മികച്ച നിലയിലാണിപ്പോഴുള്ളതെന്ന് പറയാനാവില്ല. എയര്‍കണ്ടീഷന്‍ ചെയ്തിട്ടില്ല. എന്നാല്‍, എച്ച് ആര്‍, സെയിന്റ് സേവിയേഴ്‌സ്, ജയ് ഹിന്ദ് എന്നീ കോളേജുകള്‍ അടുത്തുള്ളതിനാല്‍ ഇതൊരു സാംസ്‌ക്കാരിക കേന്ദ്രമായി പരിണമിച്ചേക്കും എന്നാണ് മാനേജിംഗ് പാര്‍ട്ണര്‍ ആയ ഫ്രെഡ് പൂനാവാല ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞത്. യുകെ കളക്ടീവിന്റെ ആഭിമുഖ്യത്തില്‍ ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഓഡിയോ വിഷ്വല്‍ സമന്വയം പോലും ഇവിടെ നടത്തുകയുണ്ടായി. ലണ്ടനിലൂടെയുള്ള ഒരു യാത്ര, സിനിമയുടെയും സംഗീതത്തിന്റെയും സഹായത്തോടെ അവര്‍ നടത്തി.
509 സീറ്റുകളാണ് തിയേറ്ററിലുള്ളത്. 1975ല്‍ ജയ് സന്തോഷി മാ 48 ആഴ്ചകള്‍ കളിച്ച ചരിത്രമൊക്കെ ഉണ്ടെങ്കിലും, കുറച്ചു കാലമായി ബി ഗ്രേഡ് സിനിമകള്‍ ആണ് അവിടെ കാണിച്ചിരുന്നത്. എഡ്വേര്‍ഡില്‍ ലോക ക്ലാസിക്കുകള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്ന ഒരു പരീക്ഷണവും ഈയടുത്ത വര്‍ഷങ്ങളില്‍ ആരംഭിച്ചിരുന്നു. വോള്‍ഫ്ഗാംഗ് ബെക്കറിന്റെയും ഴാങ് ലുക്ക് ഗൊദാര്‍ദിന്റെയും സിനിമകള്‍ അവിടെ കാണിച്ചു. എന്‍ലൈറ്റന്‍ ഫിലിം സൊസൈറ്റിയായിരുന്നു ഇത് സംഘടിപ്പിച്ചു തുടങ്ങിയത്. ബ്രെത്ത് ലസ്സ് 2010ല്‍ ഇവിടെ മാറ്റിനിയായി കളിച്ചു. കൈത്തറി കുര്‍ത്തകള്‍ ധരിച്ച ബുദ്ധിജീവികള്‍ക്കൊപ്പം, വഴിയോരക്കച്ചവടക്കാരും അസംഘടിത തൊഴിലാളികളും സിനിമക്കെത്തിയിരുന്നു.
രാജാവിന്റെ പേരിലുള്ള തിയേറ്ററായിരുന്നെങ്കിലും എഡ്വേര്‍ഡ് ഒരു തൊഴിലാളി വര്‍ഗ സിനിമാശാലയായിരുന്നു.ഡോക്കുമെന്ററി സംവിധായികത മധുശ്രീ ദത്ത അടക്കമുള്ളവര്‍ പ്രവര്‍ത്തിക്കുന്ന മജ്‌ലിസ് എന്ന സംഘടനയും എസ്എന്‍ഡിറ്റി യൂണിവേഴ്‌സിറ്റിയും മാക്‌സ്മുള്ളര്‍ ഭവനും ചേര്‍ന്നുള്ള ചില പരിപാടികള്‍ക്കും എഡ്വേര്‍ഡ് വേദിയായി. സാഹിത്യത്തിലും സിനിമയിലും നഗരാഖ്യാനങ്ങള്‍ എന്ന കോഴ്‌സിന്റെ ഭാഗമായി അവിടെ ക്ലാസിക്കുകള്‍ പ്രദര്‍ശിപ്പിച്ചു. നഗരത്തില്‍ നിന്ന് അതിന്റെ മുഖങ്ങളും ലക്ഷണങ്ങളും ആസ്പദങ്ങളും നഷ്ടമാകുമ്പോള്‍, തങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഒരു പ്രതിപ്രയോഗത്തിന്റെ ഗറില്ലാ പോരാട്ടമാണ് നടത്തുന്നത് എന്നാണ് മധുശ്രീ ദത്ത തത്വവത്ക്കരിച്ചത്. എന്തെല്ലാമാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്! പഴയ സിംഗിള്‍ സ്‌ക്രീന്‍ സിനിമാശാലകള്‍, ഫിലിം പ്രിന്റുകള്‍... അതു മാത്രമോ? ബോംബെ എന്ന നഗരം നഷ്ടമായിക്കൊണ്ടിരിക്കുന്നു. പല ഗ്രാമീണതകളുടെ ഒരു സംഘാതമായി ഇവിടം മാറിക്കൊണ്ടിരിക്കുന്നു. പ്രാദേശികതകള്‍, ജാതികള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ സൃഷ്ടിക്കുന്ന സ്വയം തടവറകളുടെ ഗ്രാമങ്ങള്‍ എന്ന കൂട്ടം നഗരത്തിനു പകരമല്ല. ആരും മറ്റൊരാളുടെ സ്ഥലത്തേക്ക് ചെല്ലാന്‍ തയ്യാറല്ല. അതു മാറ്റാനാണ് ഞങ്ങളുദ്ദേശിക്കുന്നത്.
ഫിലിം സൊസൈറ്റി എന്ന പ്രവര്‍ത്തന ഭാവനയെയും ചലച്ചിത്ര പ്രദര്‍ശനം എന്ന പൊതുമയെയും സിനിമാ ശാല എന്ന വാസ്തു/വസ്തു യാഥാര്‍ത്ഥ്യത്തെയും സാംസ്‌ക്കാരിക പ്രത്യക്ഷമായി പുനരാവിഷ്‌ക്കരിക്കുകയായിരുന്നു മധുശ്രീ ദത്ത.ബാന്ദ്രയിലെ മെഹബൂബ് സ്റ്റുഡിയോയും സമാന്തര സാംസ്‌ക്കാരിക ഹബ്ബാക്കി പരിണമിപ്പിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എഡ്വാര്‍ഡ് തിയേറ്ററിന്റെ രൂപപരിണാമവും സമാനമാണെന്നാണ് വിലയിരുത്തപ്പെട്ടത്.
കൊച്ചി മുസിരിസ് ബിനാലെയിലും ആലപ്പുഴയിലെ ലോകമേ തറവാട് പ്രദര്‍ശനത്തിലും അനുഭവിച്ചതു പോലെ; ബോംബെ നഗരത്തിന്റെ കൊളോണിയല്‍/ബ്രിട്ടീഷ്/നഗരനിര്‍മ്മാണത്തിന്റെയും മുതലാളിത്തോത്പന്നമായ തൊഴിലാളി വര്‍ഗ ജീവിതത്തിന്റെയും സാംസ്‌ക്കാരിക അവശേഷിപ്പുകളാണ് ഇവയൊക്കെയും.  
സിനിമ സിറ്റി എന്ന മറ്റൊരു പദ്ധതിയും മധുശ്രീ ദത്ത ആരംഭിച്ചിരുന്നു. സിനിമാ നിര്‍മ്മാണം എന്ന ബോംബെയുടെ അവിഭാജ്യമായ പ്രവര്‍ത്തനത്തെ ആര്‍ക്കൈവുകളിലൂടെ പുനസൃഷ്ടിക്കാനാണ് ശ്രമം. ഇതിന്റെ പ്രതിഷ്ഠാപനം ബെര്‍ലിന്‍ അന്താരാഷ്ട്ര മേളയില്‍ പ്രദര്‍ശിപ്പിക്കുകയുമുണ്ടായി.
മാക്‌സ് മുള്ളര്‍ ഭവനി(ജര്‍മന്‍ സാംസ്‌ക്കാരിക കേന്ദ്രം)ലെ മാര്‍ല സ്റ്റക്കന്‍ബര്‍ഗാണ് എഡ്വാര്‍ഡ് തിയേറ്ററാണ് ഈ സാംസ്‌ക്കാരിക സംഗമത്തിന് യോജിച്ച സ്ഥലമെന്ന് നിര്‍ദ്ദേശിച്ചതെന്ന് മധുശ്രീ ദത്ത പറയുകയുണ്ടായി. എഡ്വാര്‍ഡിന് ശക്തമായ ജര്‍മന്‍ ബന്ധവുമുണ്ട്. ജെര്‍ത്രൂഡ് എന്ന ജര്‍മന്‍ വനിതയായിരുന്നു എഡ്വാര്‍ഡ് തിയേറ്ററിന്റെ മുന്‍കാല ഉടമസ്ഥ. അവരെക്കുറിച്ച് ഒരു ഡോക്കുമെന്ററിയില്‍ കണ്ടതോടെ, ഈ തിയേറ്ററിന്റെ ചരിത്ര പ്രാധാന്യവും വിചിത്ര സൗന്ദര്യവും താന്‍ ശ്രദ്ധിച്ചു തുടങ്ങിയെന്ന് സ്റ്റക്കന്‍ ബര്‍ഗ് നിരീക്ഷിച്ചു. ബേജന്‍ ബറൂച്ചയുടെ ഭാര്യയായിരുന്നു ജെര്‍ത്രൂഡ് ബറൂച്ച. ഇപ്പോള്‍ ബറൂച്ച കുടുംബത്തിന്റെ ബന്ധുക്കളായ പൂനാ വാല കുടുംബമാണ് തിയേറ്ററിന്റെ ഉടമസ്ഥര്‍.
ബേജന്‍ മരിച്ചതിനു ശേഷം, എഡ്വാര്‍ഡ് തൊഴിലാളി വര്‍ഗത്തിനു മാത്രമായി സമര്‍പ്പിക്കണമെന്ന് ജെര്‍ത്രൂഡ് ആഗ്രഹിച്ചിരുന്നു. തൊഴിലാളികള്‍, കുടിയേറ്റത്തൊഴിലാളികള്‍ എന്നിവരെ   മാത്രമല്ല സമീപസ്ഥലങ്ങളിലെ യാചകരെ വരെ എഡ്വാര്‍ഡിലേക്ക് ആകര്‍ഷിക്കണം എന്നവര്‍ ഉദ്ദേശിച്ചിരുന്നത്. അതിനനുസരിച്ച് ഏറ്റവും കുറഞ്ഞ പ്രവേശന നിരക്കാണ് അന്നീടാക്കിയിരുന്നത്. 28 രൂപയാണ് ടിക്കറ്റിന്റെ വില. ഉറക്കത്തിന് അനുയോജ്യമായ മതിയായ വിശ്രമസ്ഥലം പോലുമില്ലാത്തവര്‍ക്ക് പകല്‍ വറുതിയ്ക്കിടയില്‍ അല്പം വിശ്രമിക്കാനും ഉല്ലസിക്കാനുമുള്ള ഇരുട്ടിന്റെയും ആഹ്ലാദത്തിന്റെയും സമ്മേളനമായി എഡ്വാര്‍ഡ് മാറട്ടെ എന്ന് അവര്‍ ഭാവന ചെയ്തു.
തിരശ്ശീലയ്ക്കു തൊട്ടുള്ള സീറ്റുകള്‍ക്ക് ഓര്‍ക്കസ്ട്ര സീറ്റുകള്‍ എന്നും മധ്യത്തിലുള്ളതിന് ഡ്രസ്സ് സര്‍ക്കിള്‍ എന്നും പിറകിലുള്ളതിന് ഫസ്റ്റ് ക്ലാസ് എന്നും പേരുകള്‍ നിലനിര്‍ത്തി.

നീല നിറത്തിലുള്ള ഉള്ളകവും വെള്ളയും സ്വര്‍ണവും നിറത്തിലുള്ള തൊങ്ങലുകളും അരങ്ങും മൂന്നു തട്ടുകളായുള്ള ഇരിപ്പിടങ്ങളും ഓര്‍ക്കെസ്ട്രയ്ക്കായുള്ള കുഴിഞ്ഞ ഇടവുമെല്ലാം ഭൂതകാലത്തെ പുനരാനയിക്കുന്നു.

ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കുള്ള ഓപ്പെറ ഹൗസും ഗുജറാത്തി, പാഴ്‌സി നാടകങ്ങളവതരിപ്പിച്ചിരുന്ന ഒരു ജനപ്രിയ അരങ്ങുമായിരുന്നു ഒരു കാലത്ത് എഡ്വാര്‍ഡ്. ഈ ഹാളില്‍ ഒരിക്കല്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു പ്രഭാഷണവും നടത്തിയിട്ടുണ്ട്.

അടുത്തിടെ മരണപ്പെട്ട നിരൂപകന്‍ റഷീദ് ഇറാനി അമ്പതുകളിലും അറുപതുകളിലും എഡ്വാര്‍ഡില്‍ പോയിരുന്ന തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍മ്മിച്ചിരുന്നു. സ്‌പൈ സ്മാഷര്‍, ഫ്‌ളാഷ് ഗോര്‍ഡോണ്‍, ദ ഷീപ്പ് മാന്‍, ദ ഫാസ്റ്റസ്റ്റ് ഗണ്‍ അലൈവ്  എന്നിങ്ങനെയുള്ള ഹോളിവുഡ് സിനിമകള്‍ രണ്ടാം പ്രദര്‍ശനത്തിനെത്തിയിരുന്നത് എഡ്വാര്‍ഡിലായിരുന്നു. കത്തോലിക്കരും പാഴ്‌സികളുമാണ് അക്കാലത്ത് കല്‍ബാദേവിയിലധികവുമുണ്ടായിരുന്നതെന്നതിനാല്‍, സെസില്‍ ബി ഡെമില്ലെയുടെ കിംഗ് ഓഫ് കിംഗ്‌സ് ഇടക്കിടെ അവിടെ കളിക്കുമായിരുന്നു. തന്റെ അമ്മ ഒരിക്കല്‍ ഗുരുദത്തിന്റെ പ്യാസ കാണിക്കാന്‍ കൊണ്ടു പോയതും ഇറാനി ഓര്‍മ്മിച്ചു. ഈ തിയേറ്റര്‍ കെട്ടിടം പഴയതു പോലെ നില്‍ക്കുന്നു എന്നത് സന്തോഷകരമാണ്, പക്ഷെ ശബ്ദ സംവിധാനം അരോചകമാണ് എന്നാണ് ഇറാനി പറഞ്ഞത്.
എയര്‍ കണ്ടീഷന്‍ ചെയ്ത മള്‍ട്ടിപ്ലെക്‌സുകളിലെ പ്ലാസ്റ്റിക് യാഥാര്‍ത്ഥ്യത്തിനു പകരം എഡ്വാര്‍ഡില്‍ തൊഴിലാളി വര്‍ഗത്തിന്റെ വിയര്‍പ്പും ജനാധിപത്യ മനോഭാവവും അനുഭവിക്കാന്‍ കഴിയും.
എന്നാല്‍, എഡ്വാര്‍ഡിനെ നൊസ്റ്റാല്‍ജിയയുടെ ഒരു കഷണമായി കണ്ട് അതിനെ കേന്ദ്ര ബിന്ദുവാക്കാനൊന്നും തനിക്കുദ്ദേശമില്ലെന്നും മധുശ്രീ ദത്ത വ്യക്തമാക്കി.
(നന്ദി: അനുരാധ സെന്‍ഗുപ്ത/ഗള്‍ഫ് ന്യൂസ്)

(തൃശ്ശൂര്‍ ചലച്ചിത്ര കേന്ദ്രം പ്രസിദ്ധീകരിച്ച കൊട്ടക ഡിജിറ്റല്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്)

--

Sunday, August 8, 2021

 ഒറ്റത്തിരശ്ശീലകള്‍ -7 


മെട്രോ സിനിമ, ധോബി തലാവ്, ബോംബെ.1938 ജൂണ്‍ 8നാണ് ഈ കഥ ആരംഭിക്കുന്നത്. അല്ല, അതിനും മുമ്പെ അതിന്റെ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചതു മുതല്ക്ക്, അല്ലെങ്കില്‍  അതിന്റെ ആലോചന ആരംഭിച്ച സമയത്ത് തുടങ്ങിയ കഥയാണത്. സിനിമാപ്രണയികളും തിരശ്ശീലയിലെ ദൃശ്യ-ശ്രവ്യ വിസ്മയങ്ങളും തമ്മിലുള്ള തീരാത്ത പ്രണയത്തിന്റെ കഥ.

ബോംബെയിലെയും ഇന്ത്യയിലെയും ആദ്യത്തെ അമേരിക്കന്‍ തിയേറ്ററാണ് മെട്രോ. അതിനു മുമ്പ് ബോംബെയില്‍ വന്ന തിയേറ്ററുകളൊക്കെയും ബ്രിട്ടീഷ് സഹായത്തോടെയും മേല്‍നോട്ടത്തോടെയും പാഴ്‌സികളും മറ്റും പണിതതായിരുന്നു. എന്നാല്‍, മെട്രോ, ഹോളിവുഡിലെ പ്രധാന സ്റ്റുഡിയോ ആയ എംജിഎം - മെട്രോ ഗോള്‍ഡ് വിന്‍ മെയര്‍ - തന്നെ നേരിട്ട് പണിതതും, തങ്ങളുടെ പേരിന്റെ ആദ്യ ഭാഗം തന്നെ കൊടുത്ത് പൊലിപ്പിച്ചതുമാണ്. അമേരിക്കന്‍ തിയേറ്റര്‍ ആര്‍ക്കിടെക്റ്റ് ആയ തോമസ് ഡബ്ല്യു ലാംബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ ഡി ഡബ്ല്യൂ ഡിച്ച്‌ബേമും ഖലാസിമാരും തൊഴിലാളികളുമാണ് മെട്രോയുടെ അതീവ ചാരുതയാര്‍ന്ന ആര്‍ട് ഡെക്കോ കെട്ടിടം മുപ്പതുകളില്‍ പണിതുയര്‍ത്തിയത്.എല്യോനര്‍ പോവല്ലും ജോര്‍ജ് മര്‍ഫിയും അഭിനയിച്ച ബ്രോഡ് വെ മെലഡി 1938 എന്ന സിനിമയായിരുന്നു ഉദ്ഘാടന ചിത്രം.നാലു നിലകളില്‍, ആപ്പീസുകള്‍ക്കും കടകള്‍ക്കും മുകളിലും താഴെയുമായി സ്ഥലം കൊടുത്ത, ഇടയില്‍ ആയിരത്തഞ്ഞൂറ് ഇരിപ്പിടങ്ങളുള്ള ഒരു വലിയ ഹാള്‍ അടങ്ങുന്ന കെട്ടിടമാണ് മെട്രോ ആയി 1938ല്‍ പണിതുദ്ഘാടനം ചെയ്തത്. രണ്ടു നില ഉയരമുള്ള പ്രവേശന വരാന്ത(ഫോയര്‍)യില്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ടാണ് നിലമൊരുക്കിയത്. ബര്‍മയില്‍ നിന്നു കൊണ്ടു വന്ന തേക്കുകള്‍ കൊണ്ട് പാനല്‍ ചെയ്തു. പതിനഞ്ചടി നീളമുള്ള ബെല്‍ജിയന്‍ തൂക്കുവിളക്കുകളും ലോഹഗ്രില്ലുകള്‍ ഉറപ്പിച്ച തുറന്ന ബാല്‍ക്കണികളും ഈ പൂമുഖത്തുണ്ട്.ബോംബെ സിനിമയുടെ നഗരമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇവിടെ ഒരു നിരത്തിന്റെ പേര് സിനിമാ റോഡ് എന്നാണ്. മെട്രോ സിനിമയുടെ പുറകിലെ ലൈനാണത്. രണ്ടു സ്‌പോര്‍ട്‌സ് കടകളും ഒരു തുന്നല്‍ക്കടയും ഒരു മുറുക്കാന്‍ കടയുമൊക്കെയാണവിടെയുള്ളത്. അതൊന്നും പ്രധാനമല്ല, തൊട്ടടുത്ത് മെട്രോ ഉണ്ടല്ലോ! മെട്രോ സിനിമ ഉദ്ഘാടനം ചെയ്തതിനെ എല്ലാവരും സ്വാഗതം ചെയ്യുകയല്ല ചെയ്തതെന്നും ചിലര്‍ പ്രതിഷേധം ഉയര്‍ത്തിയെന്നും പ്രകടനങ്ങള്‍ വരെ നടത്തിയെന്നും ചരിത്രകാരനായ ദീപക് റാവ് പറയുന്നു. അതിനെക്കുറിച്ചുള്ള പത്ര വാര്‍ത്തകളും അന്ന് വന്നിരുന്നു.സിനിമാ റോഡിലെ ഒരു അലക്കുകടയുടെ പേര് മഡോണ ലോണ്‍ഡ്രി എന്നാണ്. ബോംബെ നഗരത്തിലെ അലക്കുകാരുടെ (ധോബികളുടെ) പ്രവൃത്തി/താമസസ്ഥലമാണ് ധോബി തലാവ്. അലക്കുകാരുടെ കുളം എന്നാണ് ധോബി തലാവ് എന്ന വാക്കിന്റെ പരിഭാഷ. ബ്രിട്ടീഷ് സൈനികരുടെ യൂണിഫോമുകളും മറ്റ് വസ്ത്രങ്ങളും അലക്കിയിരുന്നത് ഇവിടെയായിരുന്നു. ഇവിടത്തെ കുളത്തിന്റെ അടിയില്‍ നിരവധി ഉറവകളുണ്ടെന്ന്, അടുത്ത കാലത്ത് സബ്‌വേയ്ക്കു വേണ്ടി കുഴിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞു. ഇപ്പോള്‍ പക്ഷെ, ആ കുളം അവിടെയില്ല. അതു നിന്നിരുന്ന സ്ഥലത്ത് ഇപ്പോഴുള്ളത് ഒരു പൊതു ഗ്രന്ഥശാലയാണ്(പീപ്പിള്‍സ് ഫ്രീ റീഡിംഗ് റൂം). അതിന്റെ എതിര്‍വശത്താണ് മെട്രോ സിനിമ. സേവിയേഴ്‌സ് കോളേജും ഇവിടെത്തന്നെയാണുള്ളത്. എഡ്വാര്‍ഡ് സിനിമയും ലിബര്‍ട്ടി സിനിമയും തൊട്ടടുത്തു തന്നെ. മെട്രൊ സിനിമ നില്ക്കുന്നത് മഹാത്മാഗാന്ധി റോഡിലാണ്. സിനിമാ റോഡിന്റെ പുറകിലുള്ളതാകട്ടെ ബാരക്ക് റോഡാണ്. വിടി സ്‌റ്റേഷനും ക്രോഫോര്‍ഡ് മാര്‍ക്കറ്റും മുഹമ്മദ് അലി റോഡും ജെഹാംഗീര്‍ കൊവാസ്ജി ഹാളും നിരവധി ഇറാനി റസ്റ്റാറണ്ടുകളും എല്ലാം മെട്രോയ്ക്കടുത്താണുള്ളത്. കൊളാബയിലേക്ക് സൈനികാസ്ഥാനം മാറ്റുന്നതിനു മുമ്പ് ഇവിടെയായിരുന്നു അത് പ്രവര്‍ത്തിച്ചിരുന്നത്. യൂറോപ്യന്മാരും ഇന്ത്യക്കാരുമായ പട്ടാളക്കാര്‍ക്കുള്ള പാളയങ്ങളും കുതിരകള്‍ക്കുള്ള ലായങ്ങളും കുറെയധികം തുറന്ന വെളിമ്പ്രദേശങ്ങളും അലക്കുമൈതാനവും കുളവും ആശുപത്രിയും ശവകുടീരവുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ തല പെരുക്കുന്ന ഇത്തരം കാഴ്ചകള്‍ക്കു പകരം, സംഗീതത്തിന്റെയും പ്രണയത്തിന്റെയും സസ്‌പെന്‍സിന്റെയും സ്വപ്‌നങ്ങളുടെയും തീരാത്ത കലവറയായ സിനിമകളുടെ കേന്ദ്രവും തൊട്ടു മുമ്പില്‍ വായനശാലയും പിന്നെ എല്ലാവിധ കച്ചവടപ്പീടികകളും എന്നിങ്ങനെ ധോബി തലാവ് തെക്കന്‍ മുംബൈയിലെ ആകര്‍ഷക കേന്ദ്രമായി വര്‍ഷങ്ങള്‍ കൊണ്ട് മാറിക്കഴിഞ്ഞു. 1995ലെ ഇന്ത്യന്‍ അന്താരാഷ്ട്ര മേള (ഇഫി) ബോംബെയില്‍ വെച്ചായിരുന്നു. മെട്രോയായിരുന്നു അതിലെ പ്രധാന വേദികളിലൊന്ന്. ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്‌ക്കിയുടെ ത്രീകളേഴ്‌സ് മൂന്നു സിനിമകളും - റെഡ്, വൈറ്റ്, ബ്ലൂ - ഇവിടെയായിരുന്നു പ്രദര്‍ശിപ്പിച്ചത്. സിനിമയോടെന്നതു പോലെ ജീവിതത്തോടും ആസക്തി വര്‍ദ്ധിപ്പിക്കുന്ന ഈ സിനിമകളുമായി ചേര്‍ത്തു വെച്ചാണ് മെട്രോയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ തങ്ങി നില്ക്കുന്നത്.എഴുപതുകള്‍ വരെ ഹോളിവുഡ് സ്റ്റുഡിയോ ആയ എംജിഎം തന്നെയായിരുന്നു മെട്രോയുടെ ഉടമസ്ഥര്‍. പിന്നീട് അവര്‍ ഇന്ത്യക്കാര്‍ക്ക് വിറ്റു. വര്‍ഷങ്ങള്‍ കഴിയവെ, ആദ്യം അംബാനിയും പിന്നീട് മള്‍ട്ടിപ്ലെക്‌സ് കമ്പനിയായ ഐനോക്‌സും ഈ സിനിമാശാല വാങ്ങിച്ചു. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള കാലത്ത് മെട്രോ ബിഗ് സിനിമ എന്നും മെട്രോ ആഡ്‌ലാബ്‌സ് എന്നുമായിരുന്നു പേര്. ഇപ്പോള്‍ മെട്രോ ഐനോക്‌സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു. നൂറു ശതമാനം സൗരോര്‍ജ്ജം ഉപയോഗിച്ചാണ് മെട്രോ ഐനോക്‌സ് പ്രവര്‍ത്തിക്കുന്നത്. നിരവധി തിരശ്ശീലകളുള്ള മള്‍ട്ടിപ്ലെക്‌സാക്കി മാറ്റിയ മുംബൈയിലെ ആദ്യത്തെ സിംഗിള്‍ സ്‌ക്രീനാണ് മെട്രോ. ഇപ്പോള്‍ ആറു സ്‌ക്രീനുകളാണ് മെട്രോ ഐനോക്‌സിലുള്ളത്. അതിലൊന്ന് കുട്ടികള്‍ക്കു മാത്രമുള്ളതാണ്. കിഡില്‍സ്(കിടില്‍സ്!). ്അറുപതുകള്‍ വരെയും ഹോളിവുഡ് സിനിമകള്‍,  അതിലധികവും എംജിഎം സിനിമകള്‍ മാത്രമായിരുന്നു മെട്രോയില്‍ കളിച്ചിരുന്നത്. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലെത്തിയപ്പോള്‍, ബോളിവുഡ് സിനിമകളുടെ പ്രീമിയര്‍ തിയേറ്ററായി മെട്രോ മാറി. മിക്ക ബ്ലോക്ക് ബസ്റ്ററുകളുടെയും ആദ്യ പ്രദര്‍ശനം ഇവിടെയായിരുന്നു. ഗ്ലാമര്‍ താരങ്ങളെല്ലാം അപ്പോഴിവിടെയെത്തും. ഗ്രെഗറി പെക്കും രാജ് കപൂറും ദിലീപ് കുമാറും മീനാകുമാരിയും മുതല്‍ പുതുതലമുറ താരങ്ങള്‍ വരെ മെട്രോയിലെ റെഡ് കാര്‍പ്പറ്റിലൂടെ നടന്നു. പലപ്പോഴും മെട്രോയിലെത്തുന്ന താരങ്ങള്‍, കാണികളുടെ ടിക്കറ്റുകുറ്റികളില്‍ കയ്യൊപ്പു ചാര്‍ത്തിക്കൊടുക്കുമായിരുന്നു. സൗദാഗറും ബോബിയും 1942 എ ലവ് സ്‌റ്റോറിയും ബര്‍സാത്തും ചാന്ദ്‌നിയും  ഖല്‍ നായക്കും കഭി അല്‍വിദാ ന കഹ്നയും ഇവിടെയായിരുന്നു പ്രീമിയര്‍. 1942 എ ലവ് സ്റ്റോറിക്കു വേണ്ടി ഡോള്‍ബി ശബ്ദ സംവിധാനം ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ തിയേറ്ററാണ് മെട്രോ. ശ്യാം ബെനഗലിന്റെ ജുനൂണ്‍ പോലുള്ള സിനിമകള്‍ക്കും മെട്രോയിലിടം കിട്ടി. 1954ല്‍ ആദ്യത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് നിശ അമ്പതുകളില്‍ മെട്രോയിലാണ് നടന്നത്. അന്ന് ദോ ബീഗാ സമീന്‍ എന്ന പ്രമുഖ സിനിമയുടെ രണ്ടവാര്‍ഡുകള്‍ മേടിച്ച ബിമല്‍ റോയിക്ക് പക്ഷെ, നിശാപാര്‍ടി നടന്ന വില്ലിംഗ്ടണ്‍ ക്ലബ്ബിലേക്ക് പ്രവേശനം ലഭിച്ചില്ല. കാരണം അ്‌ദ്ദേഹം മുണ്ടുടുത്താണ് അവാര്‍ഡ് മേടിക്കാനെത്തിയത്. 1989ല്‍ ചാന്ദ്‌നി ആദ്യപ്രദര്‍ശനം നടത്തിയപ്പോള്‍, സ്റ്റാള്‍സില്‍ പഞ്ചാബി വിവാഹവേദി പോലെ ഒരുക്കിയാണ് യാഷ് ചോപ്ര ക്ഷണിതാക്കളെ വരവേറ്റത്. വളകളും തലമുടിത്തൊങ്ങലുകളും(പരാന്തി) എല്ലാമായി ആകെ ജഗപൊഗ. 1993ല്‍ ഖല്‍നായക് റിലീസ് ചെയ്തപ്പോള്‍, സുഭാഷ് ഗയ് ഇതേ സ്ഥലത്തെ ഒരു ജയില്‍ പോലെയാണ് ഡെക്കറേറ്റ് ചെയ്തത്. പിന്നെയുണ്ടായ തള്ളിക്കയറ്റത്തെ നേരിടാന്‍ പോലീസ് വേണ്ടി വന്നു. (ജി പി രാമചന്ദ്രന്‍/08-08-2021)


(കടപ്പാട് :  ആര്‍ട് ഡെക്കോ മുംബൈ ഡോട്ട് കോം, ഐനോക്‌സ് പി ആര്‍ ന്യൂസ് വയര്‍ വീഡിയോകളും ടെക്‌സ്റ്റുകളും, വെര്‍വെ മാഗസിന്‍, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, വിക്കിപ്പീഡിയ, ടൈംസ് ഓഫ് ഇന്ത്യ)
Saturday, July 17, 2021

  ഒറ്റത്തിരശ്ശീലകള്‍ - 6


ന്യൂ എംപയര്‍ സിനിമ
19എ മര്‍സ്ബാന്‍ റോഡ്, ഫോര്‍ട് മുംബൈ -1

കോവിഡ് മഹാമാരി ആരംഭിക്കുന്നതിനു മുമ്പു തന്നെ മുംബൈയിലെ പ്രസിദ്ധമായ ന്യൂ എംപയര്‍ സിനിമ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. 2014 മാര്‍ച്ച് 21നാണ് ന്യൂ എംപയറില്‍ അവസാനം പ്രദര്‍ശനം നടന്നത്. 300: റൈസ് ഓഫ് ആന്‍ എംപയര്‍ ആയിരുന്നു അവസാനം കാണിച്ച സിനിമ. ആ ശീര്‍ഷകത്തില്‍ സൂചിപ്പിച്ച ഉയരങ്ങള്‍ കീഴടക്കി എംപയര്‍ പിന്നീട് അടഞ്ഞു കിടന്നു.


ഛത്രപതി ശിവാജി ടെര്‍മിനസ് എന്നു പേരു മാറ്റിയിട്ടുള്ള ബോംബെയിലെ വിടി സ്‌റ്റേഷന്റെ തൊട്ടടുത്താണ് ന്യൂ എംപയര്‍. ഇതിനടുത്തായി തന്നെ മറ്റൊട്ടേറെ സിനിമാശാലകളുമുണ്ട്. അതില്‍ പലതും- ന്യൂ എക്‌സല്‍ഷര്‍, സ്റ്റെര്‍ലിംഗ് - ഒന്നിലധികം സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലെക്‌സുകള്‍ ആക്കി രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു. അപ്പോഴും മാറാതെ നില്‍ക്കുകയായിരുന്നു ആര്‍ട് ഡെക്കോ ശൈലിയില്‍ പണിതിട്ടുള്ള ന്യൂ എംപയര്‍. ആ തീരുമാനമാണോ ഈ സിനിമാശാലയ്ക്ക് തിരിച്ചടിയായത് എന്നറിഞ്ഞുകൂടാ.

1952ലെ ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നടന്നത് ന്യൂ എംപയറിലാണ്.
മുംബൈ നഗര ചരിത്രകാരനായ ദീപക് റാവ് പറയുന്നത്:  മുമ്പൊക്കെ ഒരു സിനിമാശാലയിലേക്ക് പോകുന്നത്  അത്യാഹ്ലാദകരമായ അനുഭവവും ഒരു കലാവിഷ്‌ക്കാരം തന്നെയുമായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യലും അടുത്ത വെസ്റ്റേണിനു വേണ്ടി കാത്തിരിക്കലും തുടങ്ങി കഫറ്റേറിയയില്‍ കിട്ടുന്ന ലഘു ഭക്ഷണവും ഹാളിന്റെ ഗാംഭീര്യവും വരെയുള്ള എല്ലാം അനുഭവിക്കേണ്ടതു തന്നെ.

ചലച്ചിത്ര നിരൂപകനും കോളമിസ്റ്റും ഫിപ്രെസ്‌കി-ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമായ റഫീഖ് ബാഗ്ദാദി പറയുന്നത്: ഒരു സ്ഥലത്തിന്റെ സ്ഥിതി എന്താണെന്നറിയണമെങ്കില്‍ അവിടത്തെ ബാത്ത്‌റൂം എപ്രകാരമാണെന്ന് പരിശോധിക്കണമെന്ന് മന്തോ ഒരിക്കല്‍ പറയുകയുണ്ടായി. ഇക്കാര്യത്തിലെല്ലാം ദശകങ്ങള്‍ക്കു മുമ്പു തന്നെ ഉദാത്തമായ മാതൃക സൃഷ്ടിച്ച തിയേറ്ററായിരുന്നു ന്യൂ എംപയര്‍. റഫീഖ് ബാഗ്ദാദിയുടെ കോളേജ് കാലത്ത് മോണിംഗ് ഷോ എപ്പോഴും ഇംഗ്ലീഷ് പടങ്ങളായിരുന്നു. ഹൗസ് ഫുള്ളാവുമായിരുന്നു. അവിടത്തെ കഫേയില്‍ ബ്രോത്ത് (എല്ലുകളും മാംസവും ഉപയോഗിച്ച് ഉണ്ടാക്കുന്ന സൂപ്പ് പോലുള്ള ഒരു പാനീയം, ഇതിനെ ഫ്രഞ്ചില്‍ ബൂളണ്‍ എന്നും വിളിക്കും)ആയിരമാണ് ന്യൂ എംപയറിന്റെ സീറ്റിംഗ് കപ്പാസിറ്റി. 1908ല്‍ ലൈവ് ഷോകള്‍ക്കായുള്ള (നാടകങ്ങളും സംഗീത പരിപാടികളും) തിയേറ്ററായിട്ടാണ് എംപയര്‍ പണിതുയര്‍ത്തിയത്. പിന്നീട് 1937നും 1948നുമിടയില്‍ ആര്‍ട് ഡെക്കോ ശൈലിയിലേക്ക് മാറ്റി സിനിമാശാലയാക്കി പരിഷ്‌ക്കരിച്ചു.1933ല്‍ റീഗലും 1938ല്‍ മെട്രോയും ഈറോസും 1949ല്‍ ലിബര്‍ട്ടിയും തുടങ്ങിയ കൂട്ടത്തിലുള്ള ഒരു സിനിമാശാലയായി ന്യൂ എംപയറിനെയും പരിഗണിക്കാറുണ്ട്. 1930കളോടെ തന്നെ എംപയറില്‍ സിനിമാപ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇടയ്ക്കിടെ ലൈവ് ഷോകളും സിനിമകളും അങ്ങിനെയായിരുന്നു അന്നത്തെ രീതി.

ജോണ്‍ റോബര്‍ട്‌സ് & കമ്പനിയിലെ ഫ്രിറ്റസ് വോണ്‍ ഡ്രീബെര്‍ഗാണ് ന്യൂ എംപയര്‍ രൂപകല്പന ചെയ്തത്. യഥാര്‍ത്ഥ കെട്ടിടം ബറോക്ക് ശൈലിയിലായിരുന്നു. ആര്‍തര്‍ പെയ്‌നെ എന്ന ആര്‍ക്കിടെക്റ്റാണ് അത് പണിതത്. ഒ കോണോറും ജെറാര്‍ദും ചേര്‍ന്ന് ഇന്റീരിയര്‍ ചെയ്തു. കാന്റിലിവറുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ ബാല്‍ക്കണി ന്യൂ എംപയറിലാണ്. ഓര്‍ക്കെസ്ട്ര സ്റ്റാള്‍സും സര്‍ക്കിള്‍, ഗാലറി നിലകളുമുണ്ടായിരുന്നു. അധിക ഇരിപ്പിടങ്ങളായി ബോക്‌സുകളുമുണ്ടായിരുന്നു. ബാള്‍ട്ടിവാല & കമ്പനിയുടെ ഒരുഗ്രന്‍ പരിപാടിയോടെയാണ് തിയേറ്റര്‍ ആരംഭിച്ചതെന്ന് റഫീഖ് ബാഗ്ദാദി ഓര്‍മ്മിക്കുന്നു. 1930ലാദ്യമായി എംപയര്‍ തിയേറ്ററില്‍ വാഗബോണ്ട് കിംഗ് എന്ന സിനിമ പ്രദര്‍ശിപ്പിച്ചു.


ആദ്യ കാലങ്ങളില്‍, സിനിമ തുടങ്ങുന്നതിനു മുമ്പ് ലോക ബോക്‌സിംഗ് ചാമ്പ്യന്‍ ഷിപ്പിലെ തിരഞ്ഞെടുത്ത ക്ലിപ്പിംഗുകള്‍ അവിടെ കാണിക്കുമായിരുന്നു. ഇതൊരധിക ആകര്‍ഷണമായിരുന്നു. ഇടയ്ക്ക് ഫ്രഞ്ച് സിനിമ പോലെ മറ്റു യൂറോപ്യന്‍ സിനിമകളും പ്രദര്‍ശിപ്പിക്കുമായിരുന്നു.

അവസാന ഏഴു വര്‍ങ്ങളിലെ തിയേറ്ററിന്റെ ആകെ നഷ്ടം 2.58 കോടി രൂപയായിരുന്നുവെന്ന് ഉടമയായ ബര്‍ജ് കൂപ്പര്‍ പറയുന്നു. മള്‍ട്ടിപ്ലെക്‌സുകള്‍ക്ക് സമ്പൂര്‍ണ നികുതി ഒഴിവ് കൊടുത്തപ്പോള്‍, സിംഗിള്‍ സ്‌ക്രീനുകള്‍ക്ക് 45 ശതമാനം നികുതി ഈടാക്കുകയായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍.


1955ല്‍ ട്വന്റീത്ത് സെഞ്ച്വറി ഫോക്‌സ് കോര്‍പ്പറേഷന്‍, ന്യൂ എംപയറിനെ അവരുടെ ബോംബെയിലെ പ്രീമിയര്‍ തിയേറ്ററായി തെരഞ്ഞെടുത്തു. അവരുടെ എല്ലാ പുതിയ സിനിമകളും ഇന്ത്യയില്‍ ന്യൂ എംപയറിലാണ് ആദ്യ പ്രദര്‍ശനം നടത്തിയത്.

ലവ്‌സ്‌റ്റോറി, നോര്‍ത്ത് ടൂ അലാസ്‌ക്ക, എറൗണ്ട് ദ വേള്‍ഡ് ഇന്‍ 80 ഡെയ്‌സ് തുടങ്ങിയ സിനിമകളൊക്കെ ന്യൂ എംപയറില്‍ വന്‍ വിജയമായ സിനിമകളാണ്.

1996ല്‍ വീണ്ടും ന്യൂ എംപയര്‍ പുതുക്കി പണിതിരുന്നു. ഒന്നിലധികം സ്‌ക്രീനുകളാക്കാനുള്ള വിസ്താരം തിയേറ്ററിനില്ല എന്നതാണ് ഇപ്പോള്‍ ന്യൂ എംപയര്‍ നേരിട്ടിരിക്കുന്ന പ്രതിസന്ധി. 2014ല്‍ പോലും ബാല്‍ക്കണി സീറ്റിന് 150 രൂപയേ ചാര്‍ജുണ്ടായിരുന്നുള്ളൂ.

നിരവധി സിനിമാശാലകളുടെ ഉടമയായി മാറിയകേക്കി മോഡിയായിരുന്നു ന്യൂ എംപയറിന്റെയും ഉടമ. പ്രസിദ്ധ സംവിധായകനും നടനുമായ സൊറാബ് മോഡിയുടെ സഹോദരനാണ് കേക്കി മോഡി. 1920കള്‍ മുതല്‍ സൈക്കിളില്‍ സഞ്ചരിച്ച് ഫിലിം പ്രിന്റുകള്‍ മഹാരാഷ്ട്രയുടെ വിവിധ പ്രദേശങ്ങളിലെത്തിച്ചുകൊണ്ടാണ് സിനിമാ പ്രദര്‍ശനം എന്ന തന്റെ ഇഷ്ടമേഖലയില്‍ കേക്കി മോഡി പടര്‍ന്നു പന്തലിച്ചത്. പൂനെയിലെ ഖട്ക്കിയിലുള്ള ഒരു സിനിമാശാലയില്‍ പ്രതിദിന കൂലി രണ്ടുരൂപയ്ക്ക് പ്രൊജക്ഷനിസ്റ്റായി അദ്ദേഹം ജോലി ചെയ്തു. അദ്ദേഹം പിന്നീട് രൂപീകരിച്ച വെസ്റ്റേണ്‍ ഇന്ത്യ തിയേറ്റേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിക്ക് മുംബൈയിലും പൂനെയിലും മഹാരാഷ്ട്രയിലെ മറ്റു പ്രദേശങ്ങളിലും കൊല്‍ക്കത്തയിലും തിയേറ്ററുകളുണ്ടായിരുന്നു. 

കേക്കി മോഡിയുടെ മകള്‍ മാക്‌സി കൂപ്പര്‍, പെയിന്ററും ഫോട്ടോഗ്രാഫറുമാണ്. 2018ല്‍ അവര്‍ നടത്തിയ എക്‌സിബിഷനില്‍ കേക്കി മോഡിയുടെയും അദ്ദേഹം ബോംബെയിലേക്കെത്തിച്ച ലോക സിനിമാ കാഴ്ചകളുടെയും നിരവധി ഫോട്ടോകളുണ്ടായിരുന്നു. ഇതിന്റെ വിശദവിവരങ്ങള്‍ ഈ സൈറ്റില്‍ കാണാം.

ജി പി രാമചന്ദ്രന്‍/17-07-2021)

Saturday, June 26, 2021

 ഒറ്റത്തിരശ്ശീലകള്‍ - 5മറാത്താ മന്ദിര്‍/ഡോ, ആനന്ദ് റാവ് നായര്‍ മാര്‍ഗ്&മറാത്താ മന്ദിര്‍ മാര്‍ഗ്, മുംബൈ സെന്‍ട്രല്‍, മുംബൈ


പശ്ചിമ റെയില്‍വെയിലെ ദീര്‍ഘ ദൂര വണ്ടികള്‍ ബോംബെ സെന്‍ട്രല്‍ സ്‌റ്റേഷന്‍ വരെ മാത്രമേ സര്‍വീസ് നടത്താറുള്ളൂ. അവിടെ നിന്ന് വീണ്ടു തെക്കോട്ട് പോകണമെങ്കില്‍ ചര്‍ച്ച് ഗേറ്റ് വരെയുള്ള ലോക്കല്‍ ട്രെയിന്‍ പിടിക്കണം.ബോംബെ സെന്‍ട്രല്‍ സ്‌റ്റേഷന്റെ തൊട്ടെതിര്‍വശത്തായാണ് മറാത്താമന്ദിര്‍ തിയേറ്റര്‍. ഡോ. ആനന്ദ് റാവ് നായര്‍ മാര്‍ഗിലൂടെ നടന്നാല്‍ മറാത്താ മന്ദിര്‍ മാര്‍ഗ് എന്നു പേരു മാറ്റിയിട്ടുള്ള ക്ലബ് റോഡിലെ തിയേറ്ററിലെത്താം. 


മന്ദിര്‍ എന്നാല്‍ മറാഠിയിലും ഹിന്ദിയിലും അമ്പലം എന്നാണര്‍ത്ഥം. സിനിമാരാധകരെ സംബന്ധിച്ചിടത്തോളം അവരുടെ അമ്പലം തന്നെയാണ് തിയേറ്റര്‍. ആ നിലയ്ക്ക് കൃത്യമായ പേരുള്ള മറാത്താ മന്ദിര്‍ തിയേറ്റര്‍ 1958ല്‍ പ്രവര്‍ത്തനമാരംഭിച്ചു. വാമന്‍ മോറേശ്വര്‍ നംജോഷിയാണ് ആര്‍ക്കിടെക്റ്റ്. സുനില്‍ ദത്തും വൈജയന്തി മാലയും അഭിനയിച്ച സാധ്‌നയുടെ പ്രദര്‍ശനത്തോടെയാണ് മറാത്താ മന്ദിര്‍ ഉദ്ഘാടനം ചെയ്തത്. 1960ല്‍ മുഗള്‍ ഏ ആസാം ഇവിടെ പ്രീമിയര്‍ (ആദ്യ പ്രദര്‍ശനം) ചെയ്തു. കെ ആസിഫ് സംവിധാനം ചെയ്ത മുഗള്‍ ഏ ആസാമിന്റെ പ്രിന്റുകള്‍ അടങ്ങിയ പെട്ടി ആനപ്പുറത്താണ് മറാത്താമന്ദിറിലേക്ക് എഴുന്നള്ളിച്ചത്. പിന്നീട് ഏതാനും ദിവസം ആ ആനയെയും മറ്റാനകളെയും തിയേറ്ററിനു മുമ്പില്‍ കെട്ടിയിടുകയും ചെയ്തു. 
മറാത്താ മന്ദിര്‍ തിയേറ്ററിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞത് പക്ഷേ അതു കൊണ്ടൊന്നുമല്ല. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി ഒരു സിനിമ ഒരേ തിയേറ്ററില്‍ ഏറ്റവുമധികം ദിവസം പ്രദര്‍ശിപ്പിച്ച റെക്കോഡ് സ്ഥാപിച്ചതിന്റെ പേരിലാണ്. ഷാറൂഖ് ഖാന്‍, കജോള്‍ ജോഡികളഭിനയിച്ച യാഷ് ചോപ്ര/ആദിത്യ ചോപ്ര സിനിമയായ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ (ഡിഡിഎല്‍ജെ) എന്ന ഹിന്ദി ബ്ലോക്ക് ബസ്റ്റര്‍ ഇരുപത്തഞ്ച് വര്‍ഷത്തിലധികം കാലം മറാത്താ മന്ദിര്‍ തിയേറ്ററില്‍ കളിച്ചു. കോവിഡ് മഹാമാരി മൂലം ഇന്ത്യയിലും സിനിമാശാലകള്‍ അടച്ചിട്ടില്ലായിരുന്നെങ്കില്‍ ഇപ്പോഴും ഡിഡിഎല്‍ ജെ മാറ്റിനി ഷോ ആയി കാലത്ത് 11.30ന് ദിവസേന ആരംഭിച്ചേനെ. ആയിരത്തിലമല്പമധികം സീറ്റുള്ള തിയേറ്ററില്‍ നൂറു മുതല്‍ നാനൂറു വരെയും  സാധാരണ ദിവസങ്ങളിലും വാരാന്ത്യങ്ങളില്‍ ചിലപ്പോള്‍ ഹാള്‍ നിറയെയും കാണികള്‍ ഡിഡിഎല്‍ജെയ്ക്കായി ഇവിടെയെത്തി. 1995ലാരംഭിച്ച ഡിഡിഎല്‍ജെയുടെ പ്രദര്‍ശനം 2015ല്‍ നിര്‍ത്താന്‍ മാനേജ്‌മെന്റ് ആലോചിച്ചെങ്കിലും പൊതുജനസമ്മര്‍ദ്ദത്തെതുടര്‍ന്ന് നീട്ടുകയായിരുന്നു. അമ്പതോളം വര്‍ഷമായി ഇവിടെ പ്രൊജക്ഷനിസ്റ്റായി ജോലി ചെയ്യുന്ന ജഗ്ജീവന്‍ മാറു ഏതാണ്ട് ഒമ്പതിനായിരത്തിലധികം തവണ ഈ സിനിമ മടുപ്പില്ലാതെ കണ്ടുകഴിഞ്ഞു. ഇനിയും ബാല്യം അവശേഷിക്കുന്നു. തീവണ്ടി കാത്തിരിക്കുന്ന ദൂരയാത്രക്കാരും ടാക്‌സി ഡ്രൈവര്‍മാരും കോളേജുകുട്ടികളും പിന്നെ കമിതാക്കളും ടൂറിസ്റ്റുകളും ഒക്കെയാണ് ഡിഡിഎല്‍ജെയുടെ ഉറപ്പുള്ള പ്രേക്ഷകര്‍. കുറച്ചു കാലമായി കുടുംബസമേതപ്രേക്ഷകര്‍ വരാറില്ലെന്നാണ് മാറു പറയുന്നത്. എന്നാല്‍, സ്ത്രീകള്‍ക്കെതിരായ അപമര്യാദയോടു കൂടിയ പെരുമാറ്റമൊരിക്കലും റിപ്പോര്‍ട് ചെയ്യപ്പെടാത്ത രീതിയില്‍ മാന്യമായി നടത്തിക്കൊണ്ടു പോകുന്ന തിയേറ്ററാണ് മറാത്താ മന്ദിര്‍ എന്നും അദ്ദേഹം പറയുന്നു. ഒരു പ്രദര്‍ശനത്തിന്റെ മുഴുവന്‍ സീറ്റും ഒരു പണക്കാരന്‍ ബുക്ക് ചെയ്തു. അദ്ദേഹം തന്റെ കാമുകിയുമായാണെത്തിയത്. തന്റെ വിവാഹവാഗ്ദാനം ഈ റൊമാന്റിക് സിനിമ കാണിക്കുന്നതിനിടയില്‍ അയാള്‍ കാമുകിയോട് നടത്തുകയും ചെയ്തു. സ്റ്റാള്‍സില്‍ പതിനഞ്ചും ഇരുപതും രൂപയും ബാല്‍ക്കണിക്ക് ഇരുപത്തിയഞ്ചു രൂപയും മാത്രമേ ഡിഡിഎല്‍ജെ മാറ്റിനിക്ക് ഈടാക്കുന്നുള്ളൂ. പിന്നീടുള്ള മറ്റു സിനിമകള്‍ക്ക് നിരക്ക് കൂടും. ഷാറൂഖ് ഖാനും കജോളും പല തവണ ഈ തിയേറ്ററിലെ പ്രദര്‍ശനങ്ങള്‍ക്കെത്തിയിട്ടുണ്ട്. ഷാറൂഖ് തിരശ്ശീലയ്ക്കു മുമ്പില്‍ തന്റെ ആരാധകര്‍ക്കായി നൃത്തമാടുന്ന ഫോട്ടോ ഇതോടൊപ്പമുണ്ട്. ഡിഡിഎല്‍ജെ വിജയത്തെ സംബന്ധിച്ച സിഎന്‍എന്‍ സ്റ്റോറി ഇവിടെ കാണാം.  https://edition.cnn.com/videos/world/2020/05/11/great-big-story-movie-playing-24-years-gbs.great-big-story ഡിഡിഎല്‍ജെയെ സംബന്ധിച്ച് ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ-എ മോഡേണ്‍ ക്ലാസിക്ക് എന്ന പേരില്‍ അനുപമ ചോപ്ര ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ആഗോളവത്ക്കരണത്തെ ആഗിരണം ചെയ്ത തൊണ്ണുറുകളിലെ പുതിയ ഇന്ത്യയുടെ ജനപ്രിയാഹ്ലാദ സിനിമയാണ് ഡിഡിഎല്‍ജെ. രോഷാകുലനായ യുവനായകനെ മാറ്റി നിര്‍ത്തി ഇന്ത്യയിലും യൂറോപ്പിലോ അമേരിക്കയിലോ ആസ്‌ത്രേലിയയിലോ ആയും മാറി മാറി ജീവിക്കുന്ന എന്‍ആര്‍ ഐ ഇന്ത്യക്കാരുടെ കൂടി ജീവിതത്തെ മഹത്വവത്ക്കരിക്കുന്ന ഇരട്ടപ്പൗരത്വ സിനിമയാണ് ഡിഡി എല്‍ജെ. (വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് ; ജസ്റ്റ് ഡയല്‍ ഡോട്ട് കോം, ഇന്ത്യ ഡോട്ട് കോം, പിങ്ക് വില്ല ഡോട്ട് കോം, അലാമി ഡോട്ട് കോം, ഇന്ത്യടൈംസ് ഡോട്ട് കോം, സിനിമട്രെഷേര്‍സ്, മുംബൈ ഹെറിറ്റേജ്, സബ്രംഗ് ഇന്ത്യ, ബോളി വുഡ് മന്ത്ര, സിഎന്‍എന്‍, വിക്കിപ്പീഡിയ, ഖാലിദ് മൊഹമ്മദ്)


(ജി പി രാമചന്ദ്രന്‍/26-06-2021)Saturday, June 19, 2021

  ഒറ്റത്തിരശ്ശീലകള് 4

ഈറോസ് സിനിമ/മഹര്‍ഷി കാര്‍വേ റോഡ്/ചര്‍ച്ച് ഗേറ്റ്/മുംബൈ
 ഈറോസ് - പ്രേതങ്ങളുടെ പറുദീസ


ചര്‍ച്ച് ഗേറ്റ് സ്‌റ്റേഷനു നേരെതിര്‍വശത്താണ് ഈറോസ് സിനിമ സ്ഥിതി ചെയ്യുന്നത്. പശ്ചിമ റെയില്‍വേയുടെ സബര്‍ബന്‍ പാത മുംബൈ നഗരകേന്ദ്രത്തിലെത്തി അവസാനിക്കുന്നത് ചര്‍ച്ച് ഗേറ്റിലാണ്. ഇവിടെയെത്തുന്ന തീവണ്ടിയില്‍ നിന്ന് രണ്ടു വശത്തേക്കും ഇറങ്ങാവുന്ന തരത്തിലാണ് പ്ലാറ്റ് ഫോം സജ്ജീകരിച്ചിരിക്കുന്നത്. ജനസമുദ്രങ്ങള്‍ ദിവസവും ഇവിടെ എത്തുന്ന നൂറു കണക്കിന് വണ്ടികളില്‍ നിന്നിറങ്ങി നഗരത്തിലേക്കൊഴുകുന്നു.   കെട്ടിടമുടമകളായ കമ്പാറ്റ ഗ്രൂപ്പിന്റെ ഏവിയേഷന്‍ & ബേര്‍ഡ് വേള്‍ഡ് വൈഡ് ഫ്‌ളൈറ്റ് സര്‍വീസസിലെ 1200ലധികം വരുന്ന ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെക്കപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാരും ഈ കമ്പനിയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഈറോസ് 2017 ജനുവരി മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഈറോസ് ട്രസ്റ്റ് ആണ് തിയേറ്റര്‍ നടത്തിപ്പുകാര്‍. കമ്പാറ്റ കുടുംബത്തില്‍ പെട്ടവരും ഈ ട്രസ്റ്റിലുണ്ട്. എന്നാല്‍ തര്‍ക്കങ്ങള്‍ തീര്‍ത്ത് തിയേറ്റര്‍ എന്നു പുനരാരംഭിക്കും എന്നു പറയാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. പ്രേതങ്ങളുടെ പറുദീസയായി ഈറോസ് മാറി എന്നാണ് നിരൂപകനായ ഖാലിദ് മൊഹമ്മദ് മുംബൈ മിററില്‍ എഴുതിയത്. ഈറോസില്‍ സിനിമാപ്രദര്‍ശനം നിര്‍ത്തിവെച്ചതിനെക്കുറിച്ച് ആരും ദു:ഖിക്കുന്നതു പോട്ടെ, അതാരെങ്കിലും ഗൗനിക്കുക തന്നെ ചെയ്തുവോ എന്ന് സംശയമാണെന്നാണ് അദ്ദേഹം പറയുന്നത്. ഒറ്റത്തിരശ്ശീലകള്‍ ഓരോന്നോരോന്നായി പൂട്ടുകയോ പലതായി മുറിച്ച് പുതുക്കുകയോ ചെയ്യുന്നതിനിടയിലാണ് ഈറോസ് അടച്ചത്. നാലു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍, കോവിഡ് മഹാമാരി മൂലം എല്ലാ തിയേറ്ററുകളും മാസക്കണക്കായി അടച്ചിട്ടിരിക്കുന്നതിനിടയില്‍ ആ വഴിയ്ക്ക് മുന്നേ നടന്ന ഈറോസിനെക്കുറിച്ച് ആര് പരിതപിക്കാന്‍?  ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല  വിധിയെ തുടര്‍ന്ന് ഈ കെട്ടിടത്തിലെ ആപ്പീസുകളും റസ്റ്റാറണ്ടും ഈ യടുത്ത ദിവസം തുറന്നു പ്രവര്‍ത്തനമാരംഭിച്ചെങ്കിലും സിനിമാപ്രദര്‍ ശനത്തിന്റെ കാര്യം അനിശ്ചിതത്വത്തില്‍ തന്നെ തുടരുകയാണെന്നാണ് മുബൈ ലൈവ് റിപ്പോര്‍ട് ചെയ്യുന്നത്. ഗ്രീക്ക് ഇതിഹാസങ്ങളിലെ പ്രണയനായകനാണ് ഈറോസ്. ലൈംഗികാഭിലാഷം എന്ന ദൈവികാനുഭൂതിയും ഈ പേരിലൂടെയും കഥാപാത്രത്തിലൂടെയും പ്രതീകവത്ക്കരിക്കപ്പെടുന്നു. എത്രയെത്ര പ്രണയകഥകളും കാവ്യങ്ങളും ഇവിടെ ഓടിത്തിമിര്‍ത്തു. കമിതാക്കള്‍ക്കു പുറമെ, വീടുകളില്‍ പ്രണയസല്ലാപങ്ങളിലേര്‍പ്പെടാന്‍ കഴിയാത്ത ദമ്പതികളും ഈറോസില്‍ മോണിംഗ്‌ഷോക്കും മാറ്റിനിക്കും എത്തുമായിരുന്നു. നൂറും നൂറ്റമ്പതും രൂപയുടെ കുറഞ്ഞ നിരക്ക് മാത്രമാണിവിടെ ഉണ്ടായിരുന്നത്. കെസി, എസ് എന്‍ ഡിറ്റി കോളേജുകളും ഇതിനടുത്തായതിനാല്‍, കോളേജ് ക്ലാസ് കട്ടു ചെയ്തു സിനിമയ്ക്കു കയറുന്നവരുടെയും പറുദീസയായിരുന്നു ഒരു കാലത്ത് ഈറോസ്. കംബാറ്റ ബില്‍ഡിംഗ് എന്നാണ് ഈറോസ് സിനിമ പ്രവര്‍ത്തിക്കുന്ന വലിയ കെട്ടിടത്തിന്റെ പേര്. 1930കളുടെ അവസാനം കടലും കായലും നികത്തി ബോംബെ നഗരം തെക്കോട്ട് നീട്ടിയപ്പോള്‍ അതിലിടം കണ്ടെത്തിയാണ് ഈറോസ് പണിതത്. ബാക്ക് ബേ റിക്ലമേഷന്‍ എന്നാണീ നികത്തിയ നിലത്തിന്റെ പേര്. ഷൊറാബ്ജി ഭേദ് വാര്‍ ആണ് ആര്‍ക്കിടെക്റ്റ്. റീഗലെന്നതു പോലെ ആര്‍ട് ഡെക്കോ ശൈലിയിലാണ് ഈറോസും പണിതിട്ടുള്ളത്. ഇന്റീരിയര്‍ ചെയ്തത് ഫ്രിറ്റസ് വോണ്‍ ഡ്രീബെര്‍ഗ് ആണ്. രണ്ടു വശത്തു നിന്നുള്ള തെരുവുകളുടെ മധ്യം മുഴുവന്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കോര്‍ണര്‍ (മൂല) മുന പോലെയാണ് കെട്ടിടം നില്ക്കുന്നത്. ഈറോസ് സിനിമയ്ക്കു പുറമെ ബാള്‍ റൂമും റസ്റ്റാറന്റും നിരവധി ആപ്പീസുകളും കടകളും അപ്പാര്‍ടുമെന്റുകളും ഈ കെട്ടിടത്തിലുണ്ട്. ബാല്‍ക്കണിയും സ്റ്റാള്‍സും ഡ്രസ് സര്‍ക്കിളും എന്നിങ്ങനെ മൂന്നു തട്ടായാണ് 1024 ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. മുന്‍നിരയില്‍ പണ്ട് പത്തണയായിരുന്നു ടിക്കറ്റ് നിരക്ക്. താന്‍ തെരഞ്ഞെടുത്തിരുന്നത് സ്റ്റാള്‍സിലെ എം അല്ലെങ്കില്‍ എന്‍ എന്ന വരിയായിരുന്നു എന്ന് ഖാലിദ് മൊഹമ്മദ് ഓര്‍ക്കുന്നു. മികച്ച ശബ്ദക്രമീകരണ അവിടെയായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്ത് സബ് ടൈറ്റില്‍ ഇല്ലാതെയാണ് ഹോളിവുഡ് സിനിമകള്‍ കാണിച്ചിരുന്നതെന്നതിനാല്‍, ശ്രദ്ധിച്ചിരുന്നാല്‍ മാത്രമേ അമേരിക്കന്‍ ആക്‌സന്റിലുള്ള സംഭാഷണങ്ങള്‍ മനസ്സിലാക്കാനാകൂ. ബാല്‍ക്കണിയുടെ മുന്‍ നിരയിലിരുന്നാലും ശബ്ദമികവ് ലഭിക്കും. പക്ഷെ തിരശ്ശീലയുടെ അടിഭാഗം കാണണമെങ്കില്‍ തല ഉയര്‍ത്തിപ്പിടിക്കണം. ഓരോ സിനിമ കഴിയുമ്പോഴും കഴുത്തു വേദനയാണ് ലാഭം. അതിനു പുറകിലിരുന്നാലോ അന്നായിരിക്കും ലോകത്തെ ഏറ്റവും പൊക്കം കൂടിയ ആള്‍ നമ്മുടെ തൊട്ടു മുന്‍സീറ്റ് തന്നെ തെരഞ്ഞെടുക്കുക. എ വരിയിലിരുന്നാലാകട്ടെ തണുപ്പ്  അതി കഠിനവുമാണ്. ഒരു കാലത്ത് വാര്‍ണര്‍ ബ്രദേഴ്‌സ് വിതരണം ചെയ്യുന്ന സിനിമകള്‍ ഈറോസിലാണ് റിലീസ് ചെയ്തിരുന്നത്. വാര്‍ണര്‍ബ്രദേഴ്‌സിന്റെ ബോംബെയിലെ ആപ്പീസ് തന്നെ പ്രവര്‍ത്തിച്ചിരുന്നത് ഈറോസ് കെട്ടിടത്തിലായിരുന്നു.  പതുക്കെ പതുക്കെ ഹോളിവുഡ്ഡിനു മേല്‍ ബോളിവുഡ് പിടി മുറുക്കി. സോഡ ഫൗണ്ടനടുത്തുണ്ടായിരുന്ന ഓഡ്രി ഹെപ്‌ബേണിന്റെയും പോള്‍ ന്യൂമാന്റെയും ചിത്രങ്ങള്‍ മാറ്റി ഊര്‍മ്മിള മതോന്ദ്ക്കറുടെ വലിയ ഒരു ചിത്രം സ്ഥാപിക്കപ്പെട്ടു. രംഗീല ഈറോസില്‍ റിലീസ് ചെയ്തിരുന്നു. ഇരുപത്തഞ്ചാഴ്ചകള്‍ കളിച്ചു. തൊണ്ണൂറുകള്‍ക്കു ശേഷം ഓരോ പ്രദര്‍ശനവും ഓരോ സിനിമകള്‍ എന്ന നിലക്കായി ക്രമീകരിക്കപ്പെട്ടിരുന്നു. എല്ലാ ചലച്ചിത്രപ്രണയികളും ഈറോസ് വീണ്ടും തുറക്കാനായി കാത്തിരിക്കുന്നുവെന്നാണ് ഖാലിദ് മൊഹമ്മദ് എഴുതി അവസാനിപ്പിക്കുന്നത്.1961ല്‍ ദ യങ് വണ്‍സും 1964ല്‍ മൈ ഫെയര്‍ ലേഡിയും  ഈറോസില്‍ കണ്ടത് പ്രമുഖ നടനായ രണ്‍ധീര്‍ കപൂര്‍ ഓര്‍ത്തെടുക്കുന്നു. 1955ല്‍ ദ ട്രബിള്‍ വിത്ത് ഹാരിയുടെ പ്രീമിയറിന് സംവിധായകന്‍ ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് തന്നെ ഈറോസില്‍ നേരിട്ടെത്തിയെന്ന് പറയപ്പെടുന്നു. 1958ലിറങ്ങിയ ചെയ്‌സ് എ ക്രൂക്കഡ് ഷോയും വന്‍ വിജയമായിരുന്നു. 1990ല്‍ പ്രെറ്റി വുമണാണ് സമാനമായ മറ്റൊരു ഹിറ്റ്. ഇരുപത്തഞ്ചാഴ്ചകള്‍ ഇവിടെ കളിച്ചതിനെ തുടര്‍ന്ന് ജൂലിയ റോബര്‍ട്‌സ് മുംബൈയിലെങ്ങും വ്യാപകമായി ഉച്ചരിക്കപ്പെടുന്ന താരനാമമായി മാറി. അറുപതുകളിലും എഴുപതുകളിലും കുട്ടികള്‍ക്കായുള്ള സിനിമകള്‍ കേവലം ഒരു രൂപ ടിക്കറ്റ് നിരക്കീടാക്കി ഇവിടെ പ്രത്യേക പ്രദര്‍ശനമായി കാണിക്കുമായിരുന്നു. കുട്ടികളുടെ കൂടെയല്ലാതെ മുതിര്‍ന്നവരെ പ്രവേശിപ്പിക്കുകയുമില്ല. 1973ല്‍ ദ എക്‌സോര്‍സിസ്റ്റ് പ്രദര്‍ശിപ്പിച്ചപ്പോള്‍, മാനേജ്‌മെന്റ് ഒരു ആംബുലന്‍സ് സ്ഥിരമായി പുറത്തു നിര്‍ത്തിയിട്ടിരുന്നുവത്രെ. ഏതായാലും എക്‌സോര്‍സിസ്റ്റും ജൂബിലി തികച്ചു. 2004ലെ ദീവാളി പ്രമാണിച്ച് കെ ആസിഫിന്റെ സര്‍വകാല ഹിറ്റ് മുഗള്‍ എ ആസാം വര്‍ണത്തിലാക്കിയ പതിപ്പ് ഈറോസില്‍ പ്രദര്‍ശനത്തിനെത്തി. സാമാന്യവിജയമായിരുന്നു. (ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് ; ദ ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടൈംസ് മുംബൈ ടൈംസ്, ദ ഹിന്ദു, വിക്കിപ്പീഡിയ, ഇന്ത്യ ഡോട്ട് കോം-ട്രാവല്‍, സിനിമ ട്രെഷേഴ്‌സ്, ചിത്ര വേദ്, മുംബൈ മിറര്‍, ദ എഷ്യന്‍ ഏജ്, നവരംഗ് ഇന്ത്യ ബ്ലോഗ്‌സ്‌പോട്ട്,  ഓണ്‍ ദ ഗ്രിഡ്, റെഡിഫ്, ഇന്‍സൈഡ് ഇന്‍സൈഡ്, ട്രാവെനിക്‌സ്, അഭിഷേക് സിംഗിന്റെ സ്ലൈഡ് ഷെയര്‍, രാമകൃഷ്ണന്‍ എം, മറ്റ് സൈറ്റുകളും)

ജി പി രാമചന്ദ്രന്‍/20 06 2021