Saturday, June 19, 2021

  ഒറ്റത്തിരശ്ശീലകള് 4

ഈറോസ് സിനിമ/മഹര്‍ഷി കാര്‍വേ റോഡ്/ചര്‍ച്ച് ഗേറ്റ്/മുംബൈ




 ഈറോസ് - പ്രേതങ്ങളുടെ പറുദീസ


ചര്‍ച്ച് ഗേറ്റ് സ്‌റ്റേഷനു നേരെതിര്‍വശത്താണ് ഈറോസ് സിനിമ സ്ഥിതി ചെയ്യുന്നത്. പശ്ചിമ റെയില്‍വേയുടെ സബര്‍ബന്‍ പാത മുംബൈ നഗരകേന്ദ്രത്തിലെത്തി അവസാനിക്കുന്നത് ചര്‍ച്ച് ഗേറ്റിലാണ്. ഇവിടെയെത്തുന്ന തീവണ്ടിയില്‍ നിന്ന് രണ്ടു വശത്തേക്കും ഇറങ്ങാവുന്ന തരത്തിലാണ് പ്ലാറ്റ് ഫോം സജ്ജീകരിച്ചിരിക്കുന്നത്. ജനസമുദ്രങ്ങള്‍ ദിവസവും ഇവിടെ എത്തുന്ന നൂറു കണക്കിന് വണ്ടികളില്‍ നിന്നിറങ്ങി നഗരത്തിലേക്കൊഴുകുന്നു. 



  കെട്ടിടമുടമകളായ കമ്പാറ്റ ഗ്രൂപ്പിന്റെ ഏവിയേഷന്‍ & ബേര്‍ഡ് വേള്‍ഡ് വൈഡ് ഫ്‌ളൈറ്റ് സര്‍വീസസിലെ 1200ലധികം വരുന്ന ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെക്കപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാരും ഈ കമ്പനിയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഈറോസ് 2017 ജനുവരി മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഈറോസ് ട്രസ്റ്റ് ആണ് തിയേറ്റര്‍ നടത്തിപ്പുകാര്‍. കമ്പാറ്റ കുടുംബത്തില്‍ പെട്ടവരും ഈ ട്രസ്റ്റിലുണ്ട്. എന്നാല്‍ തര്‍ക്കങ്ങള്‍ തീര്‍ത്ത് തിയേറ്റര്‍ എന്നു പുനരാരംഭിക്കും എന്നു പറയാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. 



പ്രേതങ്ങളുടെ പറുദീസയായി ഈറോസ് മാറി എന്നാണ് നിരൂപകനായ ഖാലിദ് മൊഹമ്മദ് മുംബൈ മിററില്‍ എഴുതിയത്. ഈറോസില്‍ സിനിമാപ്രദര്‍ശനം നിര്‍ത്തിവെച്ചതിനെക്കുറിച്ച് ആരും ദു:ഖിക്കുന്നതു പോട്ടെ, അതാരെങ്കിലും ഗൗനിക്കുക തന്നെ ചെയ്തുവോ എന്ന് സംശയമാണെന്നാണ് അദ്ദേഹം പറയുന്നത്. ഒറ്റത്തിരശ്ശീലകള്‍ ഓരോന്നോരോന്നായി പൂട്ടുകയോ പലതായി മുറിച്ച് പുതുക്കുകയോ ചെയ്യുന്നതിനിടയിലാണ് ഈറോസ് അടച്ചത്. നാലു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍, കോവിഡ് മഹാമാരി മൂലം എല്ലാ തിയേറ്ററുകളും മാസക്കണക്കായി അടച്ചിട്ടിരിക്കുന്നതിനിടയില്‍ ആ വഴിയ്ക്ക് മുന്നേ നടന്ന ഈറോസിനെക്കുറിച്ച് ആര് പരിതപിക്കാന്‍?  ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല  വിധിയെ തുടര്‍ന്ന് ഈ കെട്ടിടത്തിലെ ആപ്പീസുകളും റസ്റ്റാറണ്ടും ഈ യടുത്ത ദിവസം തുറന്നു പ്രവര്‍ത്തനമാരംഭിച്ചെങ്കിലും സിനിമാപ്രദര്‍ ശനത്തിന്റെ കാര്യം അനിശ്ചിതത്വത്തില്‍ തന്നെ തുടരുകയാണെന്നാണ് മുബൈ ലൈവ് റിപ്പോര്‍ട് ചെയ്യുന്നത്. 



ഗ്രീക്ക് ഇതിഹാസങ്ങളിലെ പ്രണയനായകനാണ് ഈറോസ്. ലൈംഗികാഭിലാഷം എന്ന ദൈവികാനുഭൂതിയും ഈ പേരിലൂടെയും കഥാപാത്രത്തിലൂടെയും പ്രതീകവത്ക്കരിക്കപ്പെടുന്നു. എത്രയെത്ര പ്രണയകഥകളും കാവ്യങ്ങളും ഇവിടെ ഓടിത്തിമിര്‍ത്തു. കമിതാക്കള്‍ക്കു പുറമെ, വീടുകളില്‍ പ്രണയസല്ലാപങ്ങളിലേര്‍പ്പെടാന്‍ കഴിയാത്ത ദമ്പതികളും ഈറോസില്‍ മോണിംഗ്‌ഷോക്കും മാറ്റിനിക്കും എത്തുമായിരുന്നു. നൂറും നൂറ്റമ്പതും രൂപയുടെ കുറഞ്ഞ നിരക്ക് മാത്രമാണിവിടെ ഉണ്ടായിരുന്നത്. കെസി, എസ് എന്‍ ഡിറ്റി കോളേജുകളും ഇതിനടുത്തായതിനാല്‍, കോളേജ് ക്ലാസ് കട്ടു ചെയ്തു സിനിമയ്ക്കു കയറുന്നവരുടെയും പറുദീസയായിരുന്നു ഒരു കാലത്ത് ഈറോസ്. 



കംബാറ്റ ബില്‍ഡിംഗ് എന്നാണ് ഈറോസ് സിനിമ പ്രവര്‍ത്തിക്കുന്ന വലിയ കെട്ടിടത്തിന്റെ പേര്. 1930കളുടെ അവസാനം കടലും കായലും നികത്തി ബോംബെ നഗരം തെക്കോട്ട് നീട്ടിയപ്പോള്‍ അതിലിടം കണ്ടെത്തിയാണ് ഈറോസ് പണിതത്. ബാക്ക് ബേ റിക്ലമേഷന്‍ എന്നാണീ നികത്തിയ നിലത്തിന്റെ പേര്. ഷൊറാബ്ജി ഭേദ് വാര്‍ ആണ് ആര്‍ക്കിടെക്റ്റ്. റീഗലെന്നതു പോലെ ആര്‍ട് ഡെക്കോ ശൈലിയിലാണ് ഈറോസും പണിതിട്ടുള്ളത്. ഇന്റീരിയര്‍ ചെയ്തത് ഫ്രിറ്റസ് വോണ്‍ ഡ്രീബെര്‍ഗ് ആണ്. രണ്ടു വശത്തു നിന്നുള്ള തെരുവുകളുടെ മധ്യം മുഴുവന്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കോര്‍ണര്‍ (മൂല) മുന പോലെയാണ് കെട്ടിടം നില്ക്കുന്നത്. ഈറോസ് സിനിമയ്ക്കു പുറമെ ബാള്‍ റൂമും റസ്റ്റാറന്റും നിരവധി ആപ്പീസുകളും കടകളും അപ്പാര്‍ടുമെന്റുകളും ഈ കെട്ടിടത്തിലുണ്ട്. 



ബാല്‍ക്കണിയും സ്റ്റാള്‍സും ഡ്രസ് സര്‍ക്കിളും എന്നിങ്ങനെ മൂന്നു തട്ടായാണ് 1024 ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. മുന്‍നിരയില്‍ പണ്ട് പത്തണയായിരുന്നു ടിക്കറ്റ് നിരക്ക്. താന്‍ തെരഞ്ഞെടുത്തിരുന്നത് സ്റ്റാള്‍സിലെ എം അല്ലെങ്കില്‍ എന്‍ എന്ന വരിയായിരുന്നു എന്ന് ഖാലിദ് മൊഹമ്മദ് ഓര്‍ക്കുന്നു. മികച്ച ശബ്ദക്രമീകരണ അവിടെയായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്ത് സബ് ടൈറ്റില്‍ ഇല്ലാതെയാണ് ഹോളിവുഡ് സിനിമകള്‍ കാണിച്ചിരുന്നതെന്നതിനാല്‍, ശ്രദ്ധിച്ചിരുന്നാല്‍ മാത്രമേ അമേരിക്കന്‍ ആക്‌സന്റിലുള്ള സംഭാഷണങ്ങള്‍ മനസ്സിലാക്കാനാകൂ. ബാല്‍ക്കണിയുടെ മുന്‍ നിരയിലിരുന്നാലും ശബ്ദമികവ് ലഭിക്കും. പക്ഷെ തിരശ്ശീലയുടെ അടിഭാഗം കാണണമെങ്കില്‍ തല ഉയര്‍ത്തിപ്പിടിക്കണം. ഓരോ സിനിമ കഴിയുമ്പോഴും കഴുത്തു വേദനയാണ് ലാഭം. അതിനു പുറകിലിരുന്നാലോ അന്നായിരിക്കും ലോകത്തെ ഏറ്റവും പൊക്കം കൂടിയ ആള്‍ നമ്മുടെ തൊട്ടു മുന്‍സീറ്റ് തന്നെ തെരഞ്ഞെടുക്കുക. എ വരിയിലിരുന്നാലാകട്ടെ തണുപ്പ്  അതി കഠിനവുമാണ്. 



ഒരു കാലത്ത് വാര്‍ണര്‍ ബ്രദേഴ്‌സ് വിതരണം ചെയ്യുന്ന സിനിമകള്‍ ഈറോസിലാണ് റിലീസ് ചെയ്തിരുന്നത്. വാര്‍ണര്‍ബ്രദേഴ്‌സിന്റെ ബോംബെയിലെ ആപ്പീസ് തന്നെ പ്രവര്‍ത്തിച്ചിരുന്നത് ഈറോസ് കെട്ടിടത്തിലായിരുന്നു.  പതുക്കെ പതുക്കെ ഹോളിവുഡ്ഡിനു മേല്‍ ബോളിവുഡ് പിടി മുറുക്കി. സോഡ ഫൗണ്ടനടുത്തുണ്ടായിരുന്ന ഓഡ്രി ഹെപ്‌ബേണിന്റെയും പോള്‍ ന്യൂമാന്റെയും ചിത്രങ്ങള്‍ മാറ്റി ഊര്‍മ്മിള മതോന്ദ്ക്കറുടെ വലിയ ഒരു ചിത്രം സ്ഥാപിക്കപ്പെട്ടു. രംഗീല ഈറോസില്‍ റിലീസ് ചെയ്തിരുന്നു. ഇരുപത്തഞ്ചാഴ്ചകള്‍ കളിച്ചു. 



തൊണ്ണൂറുകള്‍ക്കു ശേഷം ഓരോ പ്രദര്‍ശനവും ഓരോ സിനിമകള്‍ എന്ന നിലക്കായി ക്രമീകരിക്കപ്പെട്ടിരുന്നു. എല്ലാ ചലച്ചിത്രപ്രണയികളും ഈറോസ് വീണ്ടും തുറക്കാനായി കാത്തിരിക്കുന്നുവെന്നാണ് ഖാലിദ് മൊഹമ്മദ് എഴുതി അവസാനിപ്പിക്കുന്നത്.



1961ല്‍ ദ യങ് വണ്‍സും 1964ല്‍ മൈ ഫെയര്‍ ലേഡിയും  ഈറോസില്‍ കണ്ടത് പ്രമുഖ നടനായ രണ്‍ധീര്‍ കപൂര്‍ ഓര്‍ത്തെടുക്കുന്നു. 1955ല്‍ ദ ട്രബിള്‍ വിത്ത് ഹാരിയുടെ പ്രീമിയറിന് സംവിധായകന്‍ ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് തന്നെ ഈറോസില്‍ നേരിട്ടെത്തിയെന്ന് പറയപ്പെടുന്നു. 1958ലിറങ്ങിയ ചെയ്‌സ് എ ക്രൂക്കഡ് ഷോയും വന്‍ വിജയമായിരുന്നു. 1990ല്‍ പ്രെറ്റി വുമണാണ് സമാനമായ മറ്റൊരു ഹിറ്റ്. ഇരുപത്തഞ്ചാഴ്ചകള്‍ ഇവിടെ കളിച്ചതിനെ തുടര്‍ന്ന് ജൂലിയ റോബര്‍ട്‌സ് മുംബൈയിലെങ്ങും വ്യാപകമായി ഉച്ചരിക്കപ്പെടുന്ന താരനാമമായി മാറി. അറുപതുകളിലും എഴുപതുകളിലും കുട്ടികള്‍ക്കായുള്ള സിനിമകള്‍ കേവലം ഒരു രൂപ ടിക്കറ്റ് നിരക്കീടാക്കി ഇവിടെ പ്രത്യേക പ്രദര്‍ശനമായി കാണിക്കുമായിരുന്നു. കുട്ടികളുടെ കൂടെയല്ലാതെ മുതിര്‍ന്നവരെ പ്രവേശിപ്പിക്കുകയുമില്ല. 1973ല്‍ ദ എക്‌സോര്‍സിസ്റ്റ് പ്രദര്‍ശിപ്പിച്ചപ്പോള്‍, മാനേജ്‌മെന്റ് ഒരു ആംബുലന്‍സ് സ്ഥിരമായി പുറത്തു നിര്‍ത്തിയിട്ടിരുന്നുവത്രെ. ഏതായാലും എക്‌സോര്‍സിസ്റ്റും ജൂബിലി തികച്ചു. 



2004ലെ ദീവാളി പ്രമാണിച്ച് കെ ആസിഫിന്റെ സര്‍വകാല ഹിറ്റ് മുഗള്‍ എ ആസാം വര്‍ണത്തിലാക്കിയ പതിപ്പ് ഈറോസില്‍ പ്രദര്‍ശനത്തിനെത്തി. സാമാന്യവിജയമായിരുന്നു. 



(ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് ; ദ ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടൈംസ് മുംബൈ ടൈംസ്, ദ ഹിന്ദു, വിക്കിപ്പീഡിയ, ഇന്ത്യ ഡോട്ട് കോം-ട്രാവല്‍, സിനിമ ട്രെഷേഴ്‌സ്, ചിത്ര വേദ്, മുംബൈ മിറര്‍, ദ എഷ്യന്‍ ഏജ്, നവരംഗ് ഇന്ത്യ ബ്ലോഗ്‌സ്‌പോട്ട്,  ഓണ്‍ ദ ഗ്രിഡ്, റെഡിഫ്, ഇന്‍സൈഡ് ഇന്‍സൈഡ്, ട്രാവെനിക്‌സ്, അഭിഷേക് സിംഗിന്റെ സ്ലൈഡ് ഷെയര്‍, രാമകൃഷ്ണന്‍ എം, മറ്റ് സൈറ്റുകളും)

ജി പി രാമചന്ദ്രന്‍/20 06 2021













No comments: