Thursday, June 17, 2021

 ഒറ്റത്തിരശ്ശീലകള് -3

റീഗല്‍/വെല്ലിംഗ്ടണ് സര്ക്കിള്/മുംബൈ




മുംബൈയിലെ സിംഗിള് സ്‌ക്രീന് സിനിമാ ശാലകളെക്കുറിച്ച് മുമ്പെഴുതിയ രണ്ടു കുറിപ്പുകളും, പതിറ്റാണ്ടുകള് കടന്നു പോകവെ പ്രൗഢി നഷ്ടമായ തിയേറ്ററുകളെക്കുറിച്ചായിരുന്നു.
എന്നാല്, ബോംബെ എന്ന കൊളോണിയല് മഹാനഗരത്തിന്റെ പ്രൗഢി എല്ലാക്കാലത്തും നിലനിര്ത്തിയ കുറെ തിയേറ്ററുകള് നഗരത്തിന്റെ തെക്കനറ്റത്തുണ്ട്. അക്കൂട്ടത്തില് ഏറ്റവും പ്രധാനമായത് കൊളാബയിലെ റീഗല് ആണ്. 1933ല് ഉദ്ഘാടനം ചെയ്ത റീഗല്, ബോംബെയിലെ പ്രധാനപ്പെട്ട ഒരു ലാന്ഡ്മാര്ക്കാണ്. ബോംബെ ഗവര്ണര് സര് ഫ്രെഡറിക് സൈക്‌സ് ആണ് വെല്ലിംഗ്ടണ് സര്ക്കിളിലുള്ള തിയേറ്റര് ഉദ്ഘാടനം ചെയ്തത്‌. മഹാരാഷ്ട്ര പോലീസാസ്ഥാനമായി പരിണമിച്ച ബ്രിട്ടീഷ് പട്ടാളത്തിന്റെ റോയല് ആല്ഫ്രഡ് സെയിലേഴ്‌സ് ഹോമിന് തൊട്ടെതിര്ഭാഗത്തുള്ള റീഗല് ആണ് ഇന്ത്യയിലെ ആദ്യത്തെ എയര് കണ്ടീഷന്ഡ് തിയേറ്റര്. പ്രിന്സ് ഓഫ് വെയില്സ് മ്യൂസിയവും ഇവിടെത്തന്നെയാണുള്ളത്. 1970കളില് നാഷണല് സെന്റര് ഫോര് ദ പെര്ഫോമിംഗ് ആര്ട്‌സ്(എന്സിപിഎ) സ്ഥാപിക്കപ്പെടുന്നതിനു മുമ്പ്, ലൈവ് സംഗീത പരിപാടികളും നടത്തപ്പെട്ടിരുന്നത് ഈ ഹാളിലായിരുന്നു. രബീന്ദ്രനാഥ് ടാഗോറിന്റെ കവിതാലാപനവും ബോംബെ സിംഫണി ഓര്ക്കസ്ട്രയും യെഹൂദി മെനൂഹിന്റെ വയലിന് കണ്സേര്ട്ടും മറിയന് ആന്ഡേഴ്‌സണിന്റെ ഓപ്പെറയും രവിശങ്കറിന്റെ സിത്താര് വാദനവും മുതല് അക്കാലത്തെ ഫിലിം ഫെയര് അവാര്ഡ് നിശകളും റീഗലിലായിരുന്നു നടത്തിയിരുന്നത്.



പ്രധാനമന്ത്രി ജവഹര്ലാല് നെഹ്‌റു, രാഷ്ട്രപതി രാജേന്ദ്രപ്രസാദ്, ഈജിപ്ഷ്യന് പ്രസിഡണ്ട് ഗമാല് അബ്ദുല് നാസര് എന്നിവരെല്ലാം പരിപാടികള്ക്കെത്തിയ വേദിയാണിത്. ഫറാംജി സിദ്ധ്വയും കൈക്കൂശ്രൂ എ കൂക്കയും ചേര്ന്നുണ്ടാക്കിയ ഗ്ലോബ് തിയേറ്റേഴ്‌സ് എന്ന ലിമിറ്റഡ് കമ്പനിയാണ് റീഗല് തിയേറ്റര് സ്ഥാപിച്ചത്. ഷെക്‌സ്പിയറുടെ ഗ്ലോബ് തിയേറ്റര് എന്ന പേരാണ് ഇവിടെ അനുകരിക്കപ്പെട്ടത്. കൊല്ക്കത്തയിലും ചെന്നൈയിലും ഈ കമ്പനിക്ക് തിയേറ്ററുകളുണ്ട്. ന്യൂ എംപയറും ഈറോസും അടച്ചതു പോലെ റീഗലും സ്ഥിരമായി അടച്ചുപൂട്ടപ്പെടുമോ എന്ന ഭീതിയും നിലനില്ക്കുന്നുണ്ട്. കോവിഡ് മഹാമാരി കഴിഞ്ഞാലേ ഇക്കാര്യത്തില് തീര്ച്ച പറയാന് പറ്റൂ.
ഇരുപതാം നൂറ്റാണ്ടിലെ ആദ്യകാല ആര്ക്കിടെക്ച്ചര് ഡിസൈനായ ആര്ട് ഡെക്കോ ശൈലിയിലാണ് റീഗല് പണിതത്. ആഡംബരം, ഗ്ലാമര്, ആദരവ്, സാമൂഹ്യ-സാങ്കേതിക പുരോഗതിയിലുള്ള പൊതു വിശ്വാസം എന്നീ ഘടകങ്ങള് ഉയര്ത്തിപ്പിടിച്ചു കൊണ്ട് ഒന്നാം ലോക മഹായുദ്ധത്തിനു മുമ്പ് ഫ്രാന്സില് ആരംഭിച്ച ശൈലിയാണ് ആര്ട് ഡെക്കോ. ബ്രിട്ടീഷ് വിക്‌റ്റോറിയന് ശൈലിയില് നിന്നുള്ള വികാസവുമായി ഇതിനെ കണക്കു കൂട്ടാം. ബ്രിട്ടീഷ് ഇംപീരിയലിസത്തില് നിന്ന് ബോംബെ കോസ്‌മോപൊളിറ്റനിസത്തിലേക്കുള്ള ഒരു ഗതിമാറ്റ സൂചനയുമായിരുന്നു റീഗല് പോലുള്ള കെട്ടിടങ്ങള്.



ബോംബെ വിക്‌റ്റോറിയ ടെര്മിനസ് സ്‌റ്റേഷന് അടക്കം നിരവധി കെട്ടിടങ്ങള് ഡിസൈന് ചെയ്ത ഫ്രെഡറിക്ക് വില്യം സ്റ്റീവന്സിന്റെ മകന് ചാള്സ് ഫ്രെഡറിക്ക് സ്റ്റീവന്സ് ആണ് റീഗലിന്റെ വാസ്തു ശില്പി. അതിനായി അദ്ദേഹം ബ്രിട്ടനില് നിന്ന് ഇന്ത്യയിലെത്തി. ഇന്റീരിയര് ചെയ്തത് ചെക്കോസ്ലോവോക്യന് ആര്ടിസ്റ്റ് ആയിരുന്ന കാള് ഷാറയാണ്. മുന്ഭാഗത്ത് രണ്ടു ഭാഗത്തായുള്ള റിലീഫ് മുഖം മൂടികള് കോമഡിയെയും ട്രാജഡിയെയും പ്രതീകവത്ക്കരിക്കുന്നു.



ലോറല് & ഹാര്ഡിയുടെ ദ ഡെവിള്സ് ബ്രദര് ആയിരുന്നു ഉദ്ഘാടന ചിത്രം (1933). വിസാര്ഡ് ഓഫ് ഓസ്(1939), ഗോണ് വിത്ത് ദ വിന്ഡ് (1939), ദ ടെന് കമാന്റ്‌മെന്റ്‌സ്(1956), ബെന്ഹര്(1959), സൈക്കോ(1960), ദ ഗണ്സ് ഓഫ് നാവരോണ് (1961), ദ സൗണ്ട് ഓഫ് മ്യൂസിക്ക് (1965), മക്കെനാസ് ഗോള്ഡ് (1969), എന്റര് ദ ഡ്രാഗണ് (1973) എന്നീ ഹോളിവുഡ് ക്ലാസിക്ക് ഹിറ്റുകളെല്ലാം ഇന്ത്യയിലാദ്യമായി പ്രദര്ശിപ്പിച്ചത് റീഗലിലായിരുന്നു. ട്വല്വ് ഓ ക്ലോക്ക് ഹൈ എന്ന സിനിമയുടെ വിജയം കാണാന് 1949ല് ഗ്രെഗറി പെക്ക് റീഗലിലെത്തിയിരുന്നു. ജെയിംസ് ബോണ്ട് ചിത്രങ്ങളും അവിടെയാണ് കാണിച്ചത്. ആ അര്ത്ഥത്തില് ബോംബെ മഹാനഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും ആഹ്ലാദാഭയസ്ഥാനവുമായിരുന്നു റീഗല്. 1953ല് സിനിമാസ്‌കോപ്പ് ആരംഭിച്ചു. അന്ന് ട്വന്റീത്ത് സെഞ്ച്വറി ഫോക്‌സിനു മാത്രമായിരുന്നു സിനിമാസ്‌കോപ്പ് നിര്മാണ സൗകര്യം ഉണ്ടായിരുന്നത്.



ബോംബെയിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്, തൊട്ടടുത്തുള്ള ലിയോപോള്ഡില് നിന്നോ കഫോ മൊണ്ടെഗാറില് നിന്നോ ഒരു തണുത്ത ബീര് കഴിച്ചതിനു ശേഷം റീഗലിലെ മാറ്റിനിക്കെത്തുമായിരുന്നു.
പിന്നീട് ബോളിവുഡ് ബ്ലോക്ക് ബസ്റ്ററുകളും റീഗലില് കളിച്ചു. ഇന്സാഫ് കാ തരാസു(1980), ഖമോഷ്(1986), ത്രിദേവ് (1989), എന്നിവയെല്ലാം വാരങ്ങള് നിരവധി കളിച്ച സിനിമകളാണ്. റിച്ചാര്ഡ് അറ്റന്ബറോയുടെ ഗാന്ധി (1982) റീഗലില് ഇരുപത്തഞ്ച് ആഴ്ചകള് കളിച്ചു.



മെട്രോയും സ്‌റ്റെര്ലിംഗും മള്ട്ടിപ്ലെക്‌സുകളാക്കി മാറ്റിയപ്പോഴും റീഗല് സിംഗിള് സ്‌ക്രീനായി തുടര്ന്നു. 1200 ആണ് റീഗലിന്റെ സീറ്റിംഗ് കപ്പാസിറ്റി.
ഗെയിറ്റ് വെ ഓഫ് ഇന്ത്യക്ക് തൊട്ടടുത്തുള്ള റീഗല്, ലോകത്തില് നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സാംസ്‌ക്കാരിക കവാടങ്ങളില് പ്രധാനമാണ്.
വിവരങ്ങള്ക്കും ചിത്രങ്ങള്ക്കും കടപ്പാട്: ചിത്രവേദ്, ലൈവ് ഹിസ്റ്ററി ഇന്ത്യ, ലൈവ് മിന്റ്, മുംബൈ ലൈവ്, സിനി എസ്താന്, മുംബൈ മിറര്, ദ ഗാര്ഡിയന്, വിക്കിപ്പീഡിയ
(ജി പി രാമചന്ദ്രന്/ 06-15-2021)



No comments: