സ്‌പിരിറ്റ് കടത്തുകാരുടെയും മണലൂറ്റുകാരുടെയും വണ്ടികള്‍ പിടിച്ചെടുത്താല്‍, നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് അവ ഉടമക്കു വിട്ടു കൊടുക്കുകയോ അതുമല്ലെങ്കില്‍ ലേലം ചെയ്‌ത് പൊതുഖജാനയിലേക്ക് മുതല്‍ക്കൂട്ടുകയോ ആണ് വേണ്ടത്. പൊലീസിന്റെയും നീതിന്യായ വ്യവസ്ഥയുടെയും `അഭിമാനകരവും അനുകരണീയവുമായ കാര്യക്ഷമത' മൂലം ഇതൊന്നും നടക്കാറില്ല. നടന്നില്ലെങ്കിലും സാധാരണക്കാരായ പൊതുജനത്തെ സംബന്ധിച്ചിടത്തോളം അതൊരു തലപുകക്കേണ്ട വിഷയവുമല്ല. എന്നാല്‍, ഇത്തരത്തില്‍ നിയമപരമായും ഭരണപരമായും അവസാനിപ്പിക്കാന്‍ പറ്റാത്ത വാഹനങ്ങളും അവശിഷ്‌ടങ്ങളും സര്‍ക്കാര്‍ സ്ഥലങ്ങളിലും പുറമ്പോക്കുകളിലും കൂട്ടിയിട്ട് ജീര്‍ണിക്കുന്നത്; കൊച്ചി മുസിരിസ് ബിനാലെയുടെ ട്രെയിലറോ ട്രീസറോ ആയി വിലയിരുത്തി അടിക്കുറിപ്പും നമ്പറുമിടാവുന്നതാണെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഇപ്പോള്‍ തന്നെ ഇത്തരത്തിലുള്ള രണ്ട് നിയമ-നീതിന്യായ നിര്‍വഹണ കാര്യക്ഷമത എന്ന ഇന്‍സ്റ്റലേഷന്‍ കാണണമെന്നുള്ളവര്‍, പെരിന്തല്‍മണ്ണയിലെത്തിയാല്‍ മതി. മണ്ണാര്‍ക്കാട് റോഡിലുള്ള സഖാവ് ആര്‍ എന്‍ മനഴി മുനിസിപ്പല്‍ ബസ്സ്‌റ്റാന്റിനും സര്‍ക്കാര്‍ വക ബീവറേജസ് ഔട്ട്‌ലെറ്റിനുമിടയില്‍ താഴ്‌ന്നും പൊന്തിയും കിടക്കുന്ന രണ്ട് നെടുമ്പാതകള്‍ക്കിടയിലായും;
നഗരത്തിന്റെ ഒത്ത നടുക്ക് സബ്‌ജയിലിനും പോലീസ് സ്റ്റേഷനും മുമ്പില്‍ നിന്ന് സബ്രീന ബീര്‍ ആന്റ് വൈന്‍ ഹോട്ടലിനു(ആദര്‍ശവാദികള്‍ക്കു മുമ്പുള്ള ബാര്‍ ഹോട്ടല്‍ എന്നും പറയാം)മുന്നിലേക്കുള്ള വഴിയുടെ ഓരത്തും ആയി കാലങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചെടുത്തിട്ടുള്ള രണ്ട് സര്‍ക്കാര്‍ വിലാസം ഇന്‍സ്റ്റലേഷനുകള്‍ കാഴ്‌ചയിലേക്കും ബോധത്തിലേക്കും കുത്തിക്കയറി വന്നത്; ഗുണപാഠ-ഉപദേശ പ്രവാഹമായി നിരവധി സ്റ്റേഷന്‍ ഡയറിക്കുറിപ്പുകള്‍ കുത്തിക്കെട്ടി ഉണ്ടാക്കിയിരിക്കുന്ന ഇന്‍സ്റ്റലേഷന്‍ സിനിമയായ ആക്‌ഷന്‍ ഹീറോ ബിജു എന്ന സിനിമ കാണാനിടയായപ്പോഴാണ്.
ഓരോരോ കേസായി തൊട്ടു നോക്കാം. കേരളത്തിന്റെ പേര് തന്നെ ഉദ്‌ഭവിച്ചതെന്ന് (മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍ ഉല്‍പം) കരുതപ്പെടുന്ന കേരവൃക്ഷത്തിന്റെ ഫലമൂലമായ തേങ്ങ തോര്‍ത്തില്‍ കെട്ടി; പ്രതികളെന്ന് സംശയിച്ചും ഉറപ്പിച്ചും പിടിച്ചെടുക്കുന്ന മനുഷ്യശരീരങ്ങളെ ഇടിക്കുന്നതാണ് ബിജു പൗലോസ്(നിര്‍മാതാവ് നിവിന്‍ പോളി തന്നെ അഭിനയിക്കുന്നു) എന്ന സബ് ഇന്‍സ്‌പെക്‌ടറുടെ രീതി. ഇടം കൈ കൊണ്ട് എഴുതുന്ന ആളായതിനാല്‍ ടിയാനെ ഇടതുപക്ഷക്കാരനായി കരുതണമെന്നില്ല. രാഷ്‌ട്രീയക്കാരോടെല്ലാം പരമമായ ദേഷ്യമുള്ള വ്യക്തിയായതിനാല്‍ മധ്യ പക്ഷക്കാരനോ പക്ഷരാഹിത്യക്കാരനോ ആവാനാണ് സാധ്യത. കല്യാണം ഉറപ്പിക്കപ്പെട്ടിരിക്കെ അതിനുള്ള തയ്യാറെടുപ്പും ക്ഷണങ്ങളും അച്ചടക്കം പാലിച്ചുകൊണ്ട് അവധിക്കപേക്ഷിക്കലും എല്ലാം നിര്‍വഹിക്കുന്നതിനിടയില്‍ അമ്പതിനായിരത്തിലൊരാളായി തുടരുന്ന പൊലീസ് ഇന്‍സ്‌പെക്‌ടര്‍, ജനങ്ങളുടെ സൈ്വര്യവും ഉറക്കവും മാനവും ധനവും സംരക്ഷിക്കുന്നതെങ്ങനെ എന്നാണ് വിവരിക്കപ്പെടുന്നത്. സ്റ്റേഷനില്‍ സിസിടിവി ക്യാമറ ഉണ്ടോ അതോ വേണ്ട സമയത്ത് അത് ഓഫായി പോകുമോ എന്നൊന്നുമറിയില്ല. എന്തായാലും ജോലി സമയത്ത്; പ്രതികളെ കീഴ് കോണ്‍സ്റ്റബിള്‍ മാര്‍ക്ക് ഇടിക്കാനും തൊഴിക്കാനും വിട്ടുകൊടുത്ത് പ്രതിശ്രുതവധുവുമായി ഫോണിലൂടെ സൊള്ളുന്നത് ക്രമസമാധാന പാലനത്തിന്റെ അപ്രഖ്യാപിത ബോണസായി കരുതിയാല്‍ മതി.
പാവപ്പെട്ടവരുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും പോലീസ് സ്റ്റേഷനാണെന്നാണ് ടിയാന്റെ ഭാഷ്യം. നൂറുകണക്കിന് സിനിമകളില്‍ വിവരിച്ചിട്ടുള്ളതു പോലെ; അധോലോകവും പറയുന്നത് സമാനമായ കാര്യമാണ്. പാവപ്പെട്ടവരുടെ പോലീസാണ് ഗുണ്ടകളും ക്വട്ടേഷന്‍കാരും. മറുവശവും ആലോചിച്ചു നോക്കുക. രാഷ്‌ട്രീയക്കാരും രാഷ്‌ട്രീയവും നാടിന്റെ നാശമാണെന്ന് വിവരിക്കുന്ന അതേ പോലീസുകാരനാണ്; നിയമവാഴ്‌ച പാവങ്ങള്‍ക്ക് അപ്രാപ്യമായതിനാല്‍ പോലീസ് ആ കുറവ് നികത്തിക്കൊടുക്കുന്നു എന്ന വ്യാഖ്യാനമാണ് അവിടെ സ്ഥാപിച്ചെടുക്കുന്നത്. പട്ടാളത്തിനും പോലീസിനും സമ്പൂര്‍ണാധിപത്യമുള്ള ഒരു അമിതാധികാര വാഴ്‌ചയാണ് ആഖ്യാതാക്കളുടെയും നിര്‍മാതാക്കളുടെയും സ്വപ്‌നത്തിലെ കിനാശ്ശേരി എന്നു ചുരുക്കം. ഇന്ത്യയില്‍ നടപ്പിലാക്കേണ്ടത് എന്ന് അവര്‍ തീരുമാനിച്ചിട്ടുള്ള അടിയന്തിരാവസ്ഥക്കനുകൂലമായ ജനപ്രിയത സൃഷ്‌ടിച്ചെടുക്കാനാണ് ഇത്തരത്തിലുള്ള ഗുണപാഠ കുട്ടിക്കഥകള്‍ സിനിമകളാക്കി വൈഡ് റിലീസ് ചെയ്‌ത് പരത്തി വിടുന്നത്.
കുട്ടിയെ പട്ടിയെ വിട്ടു കടിപ്പിച്ചു എന്ന ആരോപണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട് ബിജു പോലീസ് പിടിച്ചെടുക്കുന്ന സാബു എന്ന ധനികനോടുള്ള പെരുമാറ്റം ശ്രദ്ധിക്കുക. അയാളെ തല്ലിച്ചതക്കുകയും ജഡ്‌ജിനു മുന്നില്‍ അടി കിട്ടിയിട്ടില്ലെന്ന് നുണ പറയാന്‍ ഭീഷണിപ്പെടുത്തുകയും, അയാള്‍ക്കു വേണ്ടി ഹാജരാകുന്ന വക്കീലിനെയും മനുഷ്യാവകാശ പ്രവര്‍ത്തകയെയും പരിഹസിച്ചു വിടുകയും ചെയ്യുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകയെ, സ്‌ത്രീ വെറും ശരീരമാണെന്നും ശരീരത്തിനു നേര്‍ക്കുള്ള ആക്രമണങ്ങള്‍ ചെറുക്കാന്‍ വേണ്ടി തിരിച്ച് മര്‍ദനം മാത്രമേ (നിയമപരമായ പരിഹാരങ്ങളൊന്നുമില്ലെന്നര്‍ത്ഥം!) പോംവഴിയുള്ളൂ എന്നും ഉപദേശിക്കുന്നു. ഇതിന് കഴിവില്ലാത്ത ഭര്‍ത്താവിനെ അതും മൂക്കിനു താഴെ മീശ വെക്കാത്തവന്‍ എന്നു രണ്ടാളുടെയും മുമ്പില്‍ വെച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നു. സാമൂഹ്യപ്രവര്‍ത്തകയായ സ്‌ത്രീ എന്നത് ഭര്‍ത്താവിന് ആണത്തം പോരാത്തതിനാല്‍ നിലക്കു നിര്‍ത്താനറിയാത്തവള്‍ എന്നാണ് പോലീസ് വ്യാഖ്യാനിച്ചിരിക്കുന്നത്. ലിംഗപരമായ വിവേചനവും മര്‍ദനാധികാരവും സാധൂകരിക്കുകയും മഹത്വവത്‌ക്കരിക്കുകയും ചെയ്യുന്ന ഭരണഘടനാ വിരുദ്ധമായ മനോഭാവമാണ് ഈ നായകപൊലീസിനുള്ളത് എന്നാണിതില്‍ നിന്നു തെളിയുന്നത്. മൂന്നാം ലിംഗക്കാരനാണെന്നു തോന്നിപ്പിക്കുന്ന ഒരാളെ ചാന്തുപൊട്ട് എന്ന മനുഷ്യത്വവിരുദ്ധ സിനിമയിലെ കഥാപാത്രത്തിനു സമാനമായി അവതരിപ്പിച്ചിരിക്കുന്നതും ഇതിന്റെ തുടര്‍ ത്തെളിവാണ്.
ചെറുപ്പക്കാരുടെ തലമുടി വെട്ടലിനെയും ഫാഷനെയും നിശിതമായി പരിഹസിക്കുകയും തിരുത്താന്‍ ഉത്തരവിടുകയും ചെയ്യുന്ന പോലീസിന് ഇതിനുള്ള നിയമപിന്‍ബലം എന്താണുള്ളതെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം. ഫ്രീക്കന്‍ മാര്‍ എന്നു വിളിക്കപ്പെടുന്ന മുടി സ്‌പൈക്ക് ചെയ്യലും ലോ വെയിസ്റ്റ് ജീന്‍സിടലുമടക്കമുള്ള ഫാഷനുകളാണ് തിരുത്താന്‍ ഉത്തരവിടപ്പെട്ടിരിക്കുന്നത്. എഴുപതുകളിലെ അടിയന്തിരാവസ്ഥക്കാലത്ത് ഇതിനു സമാനമായ നടപടികളുണ്ടായതില്‍ പ്രതിഷേധിച്ചാണ് സഖാവ് പന്ന്യന്‍ രവീന്ദ്രന്‍ മുടി നീട്ടിയതെന്ന് കേട്ടിട്ടുണ്ട്. അവന്മാര്‍ക്കെന്തുമാവാം, നമ്മളൊന്ന് മുടി നീട്ടിയാല്‍ കുഴപ്പം, ഷഡ്‌ഢിയുടെ ബ്രാന്റ് നെയിം പുറത്തറിഞ്ഞാല്‍ കുറ്റം എന്നു വിമര്‍ശിക്കുന്ന ഞാന്‍ സ്റ്റീവ് ലോപ്പസിലെ ശീര്‍ഷകഗാനത്തെയും ഈ മര്‍ദനാധികാര ദുര്‍വാഴ്‌ചാ രംഗം ഓര്‍മ്മയിലേക്കു കൊണ്ടുവന്നു.
ബിരുദാനന്തരബിരുദവും എം ഫിലും പാസായി (നെറ്റ് പാസായോ എന്നു വ്യക്തമാക്കുന്നില്ല) കിട്ടിയ കോളേജ് അധ്യാപക ജോലി വലിച്ചെറിഞ്ഞാണ് താന്‍ ആഗ്രഹിച്ച് ഈ സബ് ഇന്‍സ്‌പെക്‌ടര്‍ കുപ്പായത്തിലെത്തിയതെന്ന് ബിജു അഹങ്കരിക്കുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമവും പോലീസ് മാന്വലും, ഇത്തരത്തില്‍ മാഷുടെ പണി ഉപേക്ഷിച്ച് പോലീസാകാന്‍ ആഗ്രഹിച്ചെത്തിയവര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് കൊടുക്കുന്നതെന്നറിയില്ല. കേരളചരിത്രത്തിലാദ്യമായി സ്‌കൂളില്‍ ചൂരലും ചൂരല്‍ കൊണ്ടുള്ള അടിയും നിയമം മൂലം നിരോധിച്ചത് കെ ബഷീര്‍, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ആപ്പീസറായിരിക്കെയാണ്. ഇത്തരം ഉത്തരവുകളും അധ്യയനത്തില്‍ സ്‌നേഹത്തിനാണ് മുന്‍തൂക്കം കൊടുക്കേണ്ടതും എന്നുള്ള കാഴ്‌ചപ്പാടുകളെ നിരാകരിച്ചുകൊണ്ട് കുട്ടികളെ അധ്യാപകന്‍ തല്ലിത്തല്ലി വളര്‍ത്തണമെന്ന ഉപദേശമാണ് ബിജു പോലീസ് പരസ്യമായി നടത്തുന്നത്.
കറുത്ത നിറമുള്ളവര്‍, വിവാഹക്കമ്പോള നിയമമനുസരിച്ചുള്ള സൗന്ദര്യക്കുറവുള്ളവര്‍, തടിച്ചവര്‍, മെലിഞ്ഞവര്‍, നീളം കൂടിയവര്‍, കുറഞ്ഞവര്‍, നല്ല വസ്‌ത്രം ധരിക്കാത്തവര്‍, ലുങ്കി ഉടുത്തവര്‍, കുളിക്കാത്തവര്‍, അടിവസ്‌ത്രം ധരിക്കാത്തവര്‍, ധരിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് ഒട്ടും കാണാത്ത വിധത്തില്‍ മേല്‍ വസ്‌ത്രം കൊണ്ട് ഒളിപ്പിച്ചു വെക്കാത്തവര്‍, മദ്യപാനികള്‍, അയല്‍ സംസ്ഥാനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെയൊക്കെ സംശയത്തിന്റെയും ഭീഷണിയുടെയും നിഴലിലും ആക്രമണത്തിലും പീഡിപ്പിച്ചെടുക്കുന്നു. വീട്ടു വേലക്കാരെയും ദരിദ്രരെയും പരിഹസിക്കുകയും അവരുടെ പ്രണയങ്ങളെയടക്കം ക്രൂരമായി പരിഹസിച്ച് വിവരിക്കുകയും ചെയ്യുന്ന പഴയ തിരുവിതാംകൂറിലെ പ്രഹസനത്തിന്റെ രീതി, ആദ്യകാല മലയാള സിനിമയുടെ പതിവ് ഫോര്‍മുലയായിരുന്നു. ഓട്ടോറിക്ഷക്കാരനും അയാളുടെ കാമുകിയും തമ്മിലുള്ള പ്രണയത്തെ സവര്‍ണശരീരമുള്ള ഇന്‍സ്‌പെക്‌ടര്‍ പരിഹസിക്കുന്നത് ഇതിന്റെ തുടര്‍ച്ചയാണ്. മഹേഷിന്റെ പ്രതികാര(ദിലീഷ് പോത്തന്‍)ത്തിലും നായകന്റെ പ്രണയത്തിന് സമാന്തരമായി തൊട്ട കടയിലെ പണിക്കാരനും കടയുടമയുടെ മകളും തമ്മിലുള്ള പ്രണയത്തെ പരിഹാസ്യമായി അവതരിപ്പിച്ചിരിക്കുന്നത് കാണാം.
വേലി ചാടിയ പശു കോലു കൊണ്ട് ചാവും എന്ന പഴമൊഴി പറഞ്ഞ് ഭര്‍ത്താവിനെ പിരിഞ്ഞ് കാമുകന്റെ ഒപ്പം പോയ സ്‌ത്രീയെ ഉപദേശിക്കുന്ന ഇന്‍സ്‌പെക്‌ടര്‍ കേരളീയ നാട്ടിന്‍പുറങ്ങളില്‍ അടുത്ത കാലത്ത് സജീവമായ സദാചാര പോലീസിന്റെ ദുരാചാരത്തിലേക്ക് തരംതാഴുന്നു. സ്‌കൂള്‍ കുട്ടി, മയക്കുമരുന്ന് ഉപയോഗിച്ച് സ്വന്തം അമ്മയെ തലക്കിടിച്ച് മാല മോഷ്‌ടിക്കുന്ന കേസ് അന്വേഷിക്കുന്ന പോലീസ് അവന്റെ മുറിയിലെ തൊണ്ടികളും തെളിവുകളും വിശദമാക്കുന്ന ദൃശ്യം ശ്രദ്ധിക്കുക. ചുമരില്‍ വിഖ്യാത ഗായകന്‍ ബോബ് മാര്‍ലിയുടെ പടവുമുണ്ട്. ബോബ് മാര്‍ലിയുടെ പടമുള്ള ടീഷര്‍ട്ടിട്ടവരെയും അത് ചുമരില്‍ പതിച്ചവരെയും കേരള പോലീസ് വ്യാപകമായി അറസ്റ്റ് ചെയ്യുന്നുവെന്ന വാര്‍ത്ത അതീവ സന്തോഷത്തോടെ ഏതോ പത്രം റിപ്പോര്‍ട് ചെയ്‌തതോര്‍ക്കുന്നു. അത് സാധൂകരിക്കുന്ന ദൃശ്യമാണ് ആക്‌ഷന്‍ ഹീറോ ബിജുവിലുള്ളത്.
(പ്രസാധകന്‍ മാസിക മാര്‍ച്ച് 2016 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
#actionherobiju #kuttipolice #janamaithri #khaki