മാധവിക്കുട്ടിയുടെ നഷ്‌ടപ്പെട്ട നീലാംബരി എന്ന കഥയെ ആസ്‌പദമാക്കിലെനിന്‍ രാജേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത മഴ(2000/ലെനിന്‍ രാജേന്ദ്രന്‍) എന്ന സിനിമ, ആധുനിക കാലത്ത് അസാദ്ധ്യമായിക്കൊണ്ടിരിക്കുന്ന സ്‌നേഹ സാമീപ്യത്തിന്റെയും പ്രണയത്തിന്റെയും നഷ്‌ടവ്യാകുലതകളെ അനാവരണം ചെയ്യുന്നു. പ്രണയം എന്താണെന്നതും, സ്‌നേഹം എന്താണെന്നതും, അത് എപ്രകാരമാണ് നിറവേറ്റപ്പെടേണ്ടതെന്നും അതിനു വേണ്ടി എന്തൊക്കെ നഷ്‌ടപ്പെടുത്താമെന്നും അഥവാ ജീവിതത്തിലെ മറ്റു ഘടകങ്ങള്‍ക്കു വേണ്ടി സ്‌നേഹത്തെയും പ്രണയത്തെയും ഉപേക്ഷിക്കാനാവുമോ എന്നുമുള്ള അടിസ്ഥാനപരമായ സമസ്യകള്‍ ഉന്നയിക്കപ്പെടുന്നു എന്നതാണ് മഴയുടെ പ്രമേയത്തെയും അവതരണത്തെയും ശക്തമാക്കുന്ന ഘടകം. മാറ്റങ്ങളുടെ പ്രേരണ പുതിയ(പഴയ) ശീലങ്ങളോടുള്ള സ്വാഭാവിക സമന്വയമല്ലെന്നും താന്‍ ധരിച്ചുവെച്ചതില്‍ നിന്ന് വ്യത്യസ്‌തമായി ചെറുപ്പക്കാരനായ രാമാനുജന്റെ(ബിജു മേനോന്‍)
സംഗീതപാഠവും അതിലൂടെ അങ്കുരിച്ച ഹൃദയബന്ധവുമാണെന്നും കാണി പെട്ടെന്ന് തിരിച്ചറിയുന്നു. പ്രണയവിവാഹം നടത്തിയതിന് വീടു വിടേണ്ടി വന്ന ഒരാളാണ് മാധവന്‍ നായര്‍. എന്നാല്‍ അയാളിലെ അച്ഛന്‍ എല്ലാ അച്ഛന്മാരെയും പോലെ യാഥാസ്ഥിതികത്വത്തിന്റെ പ്രതിനിധിയായിത്തീരുക എന്ന നിയമത്തിലേക്ക് കാലു മാറുന്നതിനാല്‍; മുതിര്‍ന്ന ശാസ്‌ത്രികളെ സ്വാധീനിച്ച് അയാളുടെ മകളായ ജ്ഞാനത്തെക്കൊണ്ട് രാമാനുജനെ ധൃതിയില്‍ കല്യാണം കഴിപ്പിച്ച് തന്റെ മകളുടെ(സംയുക്താ വര്‍മ) `ശോഭന ഭാവിയെ' രക്ഷപ്പെടുത്തിയെടുക്കുന്നു. പിന്നീട് നായികയുടെ ഭര്‍ത്താവായി തീരുന്ന ചന്ദ്രന്(ലാല്‍) ഭാര്യയെ മനസ്സിലാക്കാനോ അവളോട് സൗമ്യമായി എപ്പോഴും പെരുമാറാനോ സാധിക്കുന്നില്ല. `ചില രാത്രികളില്‍, ഫോണ്‍ ശബ്‌ദിക്കാത്ത അപൂര്‍വ വേളകളില്‍ ഉറങ്ങിക്കിടക്കുന്ന ആ സുന്ദരിയുടെ ത്വക്കിന്റെയും തലമുടിയുടെയും പരിമളം മേനോന്‍ ആര്‍ത്തിയോടെ നുകര്‍ന്നു....ലാളിക്കപ്പെടുന്നതില്‍ പ്രതിഷേധിക്കാത്ത ആ ഭാര്യ ലാളിക്കുവാനോ പ്രേമം പ്രദര്‍ശിപ്പിക്കുവാനോ ഒരിക്കലും സന്നദ്ധയായിരുന്നില്ല'(മൂലകഥയില്‍ നിന്ന്). കമ്പ്യൂട്ടറും ക്ലബ്ബും മദ്യവും എല്ലാം കൂടിക്കുഴഞ്ഞ അയാളുടെ പരുക്കന്‍ വ്യക്തിത്വം ഭാര്യയെ ബലാത്സംഗം ചെയ്യുന്ന ഒരു (അ)സാധാരണ ഭര്‍ത്താവിനെയാണവള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുത്തുന്നത്. ആദ്യരാത്രി മുതല്‍ അതു തന്നെയാണ് സ്ഥിതി. പലപ്പോഴും പൊട്ടിത്തെറിക്കുന്നെങ്കിലും പ്രകോപനം ഒതുക്കി അവള്‍ വഴങ്ങിക്കൊടുക്കുന്നു. ഹൃദയത്തിന്റെ ഒരഞ്‌ജാതകോണില്‍ അനുഭവപ്പെട്ട മരവിപ്പോടെ അവള്‍ ഭര്‍ത്താവുമായി ഇണ ചേര്‍ന്നു (മൂലകഥയില്‍ നിന്ന്). ഒരു ഭാര്യയുടെ നിയോഗം അതാണെന്നും സ്‌ത്രീക്ക് മറ്റു വഴികളില്ലെന്നും ഉള്‍ക്കൊണ്ടുകൊണ്ട് സാധാരണയായി നമ്മുടെ സമൂഹത്തില്‍ എല്ലാ സ്‌ത്രീകളും വഴങ്ങിക്കൊടുക്കുന്നതു പോലെയല്ല അത് എന്നു മാത്രം. അങ്ങനെ ചെയ്‌തില്ലെങ്കില്‍, ഈ സ്‌നേഹം കൂടി, ഈ സാമീപ്യം കൂടി, ഈ പ്രണയ സാധ്യത കൂടി തനിക്കില്ലാതാകും എന്ന തിരിച്ചറിവാണവളെ അവന്റെ ഇഷ്‌ടങ്ങളെ തന്റെ ശരീരത്തിനു മേല്‍ അനുവദിക്കാന്‍ നിര്‍ബദ്ധയാക്കുന്നത്. അസഹിഷ്‌ണുതയോടെയും അസഹ്യതയോടെയും ആണെങ്കിലും അവള്‍ ഉള്ളിന്റെയുള്ളില്‍ ആനന്ദവും കണ്ടെത്തുന്നുണ്ടെന്ന് സാരം. മാധവിക്കുട്ടിയുടെ കഥകളിലും ജീവിതത്തിലും പ്രകടമായതു പോലെ സ്‌നേഹത്തിനും സാമീപ്യത്തിനും പ്രണയത്തിനും വേണ്ടിയുള്ള സ്‌ത്രീയുടെ, മനുഷ്യന്റെ ഒടുങ്ങാത്ത വാഞ്‌ഛകളെ കൃത്യമായി പ്രകാശനം ചെയ്യുന്നതിന് ഈ കഥാപാത്രവത്‌ക്കരണത്തിലൂടെ സംവിധായകന് സാധിക്കുന്നുണ്ട്.
എല്ലാത്തവണയും അവന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് അവള്‍ താഴ്‌ന്നുകൊടുത്തിട്ടും, ഒടുക്കം അവളുടെ കവിതയിലെ കൃഷ്‌ണന്‍ തന്റെ നഷ്‌ടപ്രണയത്തിലെ കാമുകനാണെന്ന് വെളിപ്പെടുത്തിക്കൊടുത്തിട്ടും അയാള്‍ തൃപ്‌തനാകുന്നില്ല. കാരണം, ആ വെളിപ്പെടുത്തലിലും അവളിലെ സ്വാതന്ത്ര്യദാഹി ഒരു വാക്ക് കൂട്ടിപ്പറഞ്ഞിരുന്നു. അധികപ്രസംഗം എന്ന് യാഥാസ്ഥിതിക വിചാരവും പുരുഷാധിപത്യ ധാരണകളും ഒരു പോലെ വിലയിരുത്തുന്ന ആ സംഭാഷണം ഇങ്ങനെയാണ്: `വിവാഹത്തിനുമുമ്പ് എനിക്കൊരു പ്രണയബന്ധമുണ്ടായിരുന്നു; വിവാഹസമയത്ത് ഞാന്‍ കന്യകയുമായിരുന്നു; എന്നാലതില്‍ ഞാനിപ്പോള്‍ ദു:ഖിക്കുന്നു'. സ്‌നേഹവും പ്രണയവും ലൈംഗികതയും സമന്വയിക്കുന്ന അപൂര്‍വമായ മനുഷ്യബന്ധ സാധ്യതകളെക്കുറിച്ചുള്ള അവളുടെ കാല്‍പനികമായ, അതേ സമയം മനുഷ്യാത്മകമായ ധാരണകളാണിവിടെ സത്യസന്ധമായി പുറത്തുവരുന്നത്. മലയാളിയുടെ കപടമായ ലൈംഗികധാരണകള്‍ക്ക് ഉള്‍ക്കൊള്ളാനോ പൊരുത്തപ്പെടാനോ സാധിക്കാത്ത ഈ സ്‌നേഹസാധ്യതകളാണ് മാധവിക്കുട്ടിയുടെ കഥകളിലെന്നതുപോലെ മഴയിലും വിമോചനം പ്രഖ്യാപിക്കുന്നത്. അവളുടെ ഈ സ്വാതന്ത്ര്യ ധാരണകള്‍ തിരിച്ചറിഞ്ഞ് അവന്‍ കൂടുതല്‍ പ്രകോപിതനാവുകയും അമിതമായി മദ്യപിച്ച് രക്തം ഛര്‍ദ്ദിച്ച് മരണത്തിലേക്ക് നടന്നടുക്കുകയുമാണ്. സംതൃപ്‌തമായ പ്രണയത്തേക്കാള്‍ നഷ്‌ടപ്പെട്ട പ്രണയത്തിനാണ് തീവ്രത കൂടുക എന്ന വസ്‌തുത ആവിഷ്‌ക്കരിക്കുന്നതിലൂടെ മഴ പ്രണയത്തിന്റെ സ്വാതന്ത്ര്യ/വിമോചന അവസ്ഥകളെയാണ് പുനരാനയിക്കുന്നത്. സ്‌നേഹത്തിലും അറിയുന്നതിലൂടെ ഒന്നാകുന്നതിലും സാമീപ്യത്തിലൂടെ പരസ്‌പര സാന്ത്വനമാകുന്നതിലും നിറവേറുന്ന ഒന്നായി പ്രണയത്തെ പ്രതിഷ്‌ഠിക്കുന്നത് മനുഷ്യവിമോചന സങ്കല്‍പം തന്നെയാണ്. ഒരാള്‍ മറ്റൊരാള്‍ക്കു മേല്‍ മാനസികവും ശാരീരികവുമായ തലങ്ങളില്‍ ആധിപത്യമുറപ്പിക്കുന്നതല്ല ഭാര്യാ-ഭര്‍ത്തൃബന്ധമെന്നും അച്ഛന്‍-മകള്‍ ബന്ധമെന്നും എന്നാണാവോ മലയാളി തിരിച്ചറിയുക എന്നതായിരിക്കണം യഥാര്‍ത്ഥ ഉത്‌ക്കണ്‌ഠ. ആ ഉത്‌ക്കണ്‌ഠ തീവ്രമായി പങ്കിടുന്നു എന്നതാണ് മഴയുടെ കാലിക പ്രസക്തി. #mazha #leninrajendran #kamaladas #desire #love #malayalacinema