Saturday, July 25, 2015

ആസക്തിയെ പിടിച്ചു കെട്ടുമ്പോള്‍ - കമിതാക്കള്‍ക്കും മലയാള സിനിമക്കുമിടയില്‍ 6 നിര്‍മാല്യം





ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാട്‌ ജീവിത പരാജയത്തെ തുടര്‍ന്ന്‌ താനിത്രയും കാലം ഉപാസിച്ചിരുന്ന ദേവീ വിഗ്രഹത്തിനു മുകളിലേക്ക്‌ തല വെട്ടിപ്പൊളിച്ചെത്തിയ ചോര കൂടി കലര്‍ത്തി ശക്തമായി തുപ്പുന്ന നിര്‍മ്മാല്യ(1973/എം ടി വാസുദേവന്‍ നായര്‍)ത്തിന്റെ അന്ത്യരംഗമാണ്‌ യുക്തിവാദപ്രത്യക്ഷമനസ്സുള്ളവരെ കോരിത്തരിപ്പിച്ചത്‌. വര്‍ഗീയതക്കും മതബോധത്തിനും അന്ധവിശ്വാസത്തിനുമെതിരായ ശക്തമായ ആഖ്യാനമായി നിര്‍മാല്യം കൊണ്ടാടപ്പെട്ടു. അന്ത്യത്തിന്‌ തൊട്ടു മുമ്പായി, വെളിച്ചപ്പാടി(പി ജെ ആന്റണി)നെ ഇത്ര കടുപ്പത്തില്‍ വേദനിപ്പിച്ച സംഭവം എന്തായിരുന്നു? പലചരക്കു കടയിലെ കടം പല തവണ ആവശ്യപ്പെട്ടിട്ടും വീട്ടാത്തതിനെ തുടര്‍ന്ന്‌ അതു മുതലാക്കാന്‍ ആണുങ്ങളില്ലാത്ത തക്കം നോക്കി വെളിച്ചപ്പാടിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ ലൈംഗികമായി പ്രാപിക്കുന്ന കടയുടമ വാതില്‍ തുറന്നിറങ്ങിവരുന്നതും അയാള്‍ക്കു പിന്നിലായി തന്റെ ഭാര്യ(കവിയൂര്‍ പൊന്നമ്മ) സംഭോഗത്തിനു ശേഷം തലമുടി കെട്ടി വെച്ച്‌ പുറത്തേക്കു വരുന്നതും കണ്ടതിന്റെ ഷോക്കിലാണ്‌ വെളിച്ചപ്പാട്‌ മരണത്തിലേക്കു കുതിക്കുന്നത്‌. പ്രണയരഹിതമായ അഥവാ പ്രണയവിരുദ്ധമായ ഈ ഭോഗത്തിന്‌ മുന്‍കൈയെടുത്ത കടയുടമ ഒരു മുസ്ലിമായിരുന്നു എന്നത്‌ പ്രത്യേകം ശ്രദ്ധേയമായ രൂപത്തില്‍ സ്ഥാപിക്കപ്പെട്ടിരുന്നു. എന്റെ നാലു കുട്ട്യോളെ പെറ്റ നീയോ നാരായണീ എന്നാണ്‌ ദയനീയമായി വെളിച്ചപ്പാട്‌ വിലപിക്കുന്നത്‌. തന്റെ കന്യകയായ മകള്‍ അമ്മിണിയോട്‌ ഇത്തരത്തിലൊരു വിലാപം വെളിച്ചപ്പാട്‌ നടത്തുന്നില്ല. അഥവാ അപ്രകാരമൊരു വിലാപത്തിനുള്ള ശബ്‌ദം/സ്ഥലം രചയിതാവ്‌ രൂപീകരിക്കുന്നില്ല. അവളെ ശാന്തിക്കാരനായ ബ്രഹ്മദത്തന്‍ നമ്പൂതിരി എന്ന ഉണ്ണ്യമ്പൂരി കാമപൂര്‍ത്തീകരണത്തിനു വേണ്ടി ഉപയോഗിക്കുന്നത്‌ അമ്പലത്തിനകത്തെ സ്വകാര്യതയിലാണ്‌.     
നീലക്കുയിലിലെ നീലിയെപ്പോലെ അവള്‍ ഗര്‍ഭിണിയാകുന്നില്ല(അതിനു മാത്രം വേഴ്‌ച നടത്താനുള്ള ഊക്ക്‌ നമ്പൂരിക്കില്ല എന്നുമാവാം വ്യംഗ്യം); അതിനാല്‍ കുട്ടിയെ വഴിയില്‍ പെറ്റിട്ട്‌ മരിക്കേണ്ട ഗതികേടിലവള്‍ എത്തുന്നില്ല. എന്നാലും അച്ഛന്‍ നിശ്ചയിച്ച വേളി കഴിക്കാനായി ഭാരതപ്പുഴ കടന്നു പോകുന്ന അയാളെ നോക്കി നെടുവീര്‍പ്പിട്ട്‌ സ്വയം വെറുക്കാനേ അവള്‍ക്കാവുന്നുള്ളൂ. അവള്‍ക്കു വേണ്ടി ഭഗവതിയോട്‌ പ്രതികാരം ചെയ്യാന്‍ ഒരാളുമില്ല. അല്ലെങ്കിലെന്തിന്‌ പ്രതികാരം ചെയ്യണം. വെളിച്ചപ്പാടും വാര്യരും ഷാരോടിയും മാരാരും നമ്പീശനുമടക്കമുള്ള അമ്പലവാസി ജാതികളില്‍ പെട്ട കന്യകകളെ സംബന്ധം ചെയ്‌തും അല്ലാതെയും ഭോഗിക്കാന്‍ ജാത്യാലുള്ള അവകാശം നമ്പൂരിയില്‍ നിക്ഷിപ്‌തമാണല്ലോ. വെളിച്ചപ്പാടിന്റെ ഭാര്യ അഭിമുഖീകരിച്ച പുരുഷക്കാമപൂര്‍ത്തീകരണത്തെ പ്രണയേതരവും നിഷ്‌ഠൂരവുമായി പ്രതിനിധാനപ്പെടുത്തുന്ന അതേ ആഖ്യാനം മകള്‍ അനുഭവിച്ച കാമപൂര്‍ത്തീകരണത്തെ നഷ്‌ട പ്രണയസ്‌മൃതിയായി കാല്‍പനിക/മഹത്വവത്‌ക്കരിക്കുന്നു. മുസ്ലിം പുരുഷന്റേത്‌ കാമം അധികരിച്ച അപവിത്ര ലിംഗവും ബ്രാഹ്മണപുരുഷന്റേത്‌ പ്രണയം അധികരിച്ച പവിത്ര ലിംഗവുമായി വ്യവഛേദനം ചെയ്‌തിരിക്കുന്നു എന്നു സാരം.
#nirmalyam #desire #love #malayalacinema

No comments: