നവകേരള രൂപീകരണം എന്ന ചരിത്ര പ്രക്രിയയിലൂടെയും ജൈവ പ്രകൃതിയോടുള്ള അദമ്യമായ ആഭിമുഖ്യത്തിലൂടെയുമാണ് ടി വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍ അതിന്റെ ഇതിവൃത്തവും ആഖ്യാനവും നിര്‍ണയിക്കുന്നതും നിര്‍വഹിക്കുന്നതും. പ്രകൃതിവാദം, സ്ത്രീ പക്ഷം, മതനിരപേക്ഷത (ഇക്കോ-ഫെമിനിസ്റ്-സെക്കുലറിസം) എന്നീ ആധുനിക-മാനവിക വാദങ്ങളിലുറച്ചു നിന്നു കൊണ്ട്, വൈക്കം മുഹമ്മദ് ബഷീര്‍, എം എസ് ബാബുരാജ്, സലാം കാരശ്ശേരി പിന്നെ അണ്‍നോണായ(അറിയപ്പെടാത്ത) ഏതോ ഒരു സുഹൃത്ത് എന്നിവര്‍ക്കുള്ള ആദരാഞ്ജലിച്ചിത്രമാകുന്നതിലൂടെയാണ് നവകേരളം എന്ന ആതുരതയിലും വര്‍ത്തമാനത്തിലും ഭാവിയിലും സിനിമ മുഴുകുന്നത്. ആധുനിക കേരള നിര്‍മാണത്തിനുള്ള മുസ്ളിം സമുദായത്തിന്റെ സമഗ്രസംഭാവനകള്‍ കൂടിയാണീ മഹദ് വ്യക്തിത്വങ്ങള്‍ എന്നോര്‍മ്മപ്പെടുത്തുകയാണ് ചലച്ചിത്രകാരന്‍. ബഷീറിന്റെ കഥയുടെ ശീര്‍ഷകം സ്വീകരിക്കുക മാത്രമല്ല; അദ്ദേഹത്തിന്റെ വിവിധ കഥകളിലെയും ഭാര്‍ഗവീ നിലയം എന്ന സിനിമയിലെയും പല കഥാപാത്രങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും ഛായ പലരിലും പലതിലുമായി പടര്‍ത്തുകയും ചെയ്യുന്നുണ്ട് ടി വി ചന്ദ്രന്‍. ഭാര്‍ഗവീ നിലയത്തിലെ നായികയുടെ പ്രണയ പരാജയത്തെ ആവര്‍ത്തിക്കുന്ന നിരവധി പ്രണയപരാജയങ്ങള്‍ ഈ ചിത്രത്തെ ചുറ്റിവരിയുന്നു. മോഹനചന്ദ്രന്‍ നായരുടെ മുറപ്പെണ്ണായ ശാരദയോടും പിന്നെ അയല്‍ക്കാരിയായ വിധവ സുനന്ദയോടുമുള്ള പ്രണയങ്ങള്‍ -ആദ്യത്തേത് ശബ്ദായമാനവും രണ്ടാമത്തേത് നിശ്ശബ്ദവും - തകര്‍ന്നടിയുന്നു. മുറപ്പെണ്ണ് ശാരദ അഛന്റെ നിര്‍ദേശപ്രകാരം അമേരിക്കക്കാരനെ വിവാഹം കഴിക്കുകയും, സുനന്ദ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയുമാണ്.
സുനന്ദയുടെ വൈധവ്യത്തിലുമുണ്ട് ഒരു ബഷീറിയന്‍ സ്പര്‍ശം. ശബ്ദങ്ങളിലെ പട്ടാളക്കാരനായ കഥാപാത്രം പറയുന്നത്, യുദ്ധം തീര്‍ന്നതു കൊണ്ട് എന്നെ പിരിച്ചു വിട്ടു എന്നാണെങ്കില്‍, സുനന്ദയുടെ ഭര്‍ത്താവായ പട്ടാളക്കാരനെ നാഗാ ഒളിപ്പോരാളി കൊല്ലുകയാണ് ചെയ്യുന്നത്. പട്ടാളക്കാരന്റെ വിധവ എന്ന് നായകന്‍ കഥ കേള്‍ക്കുമ്പോള്‍ സ്വയം ഉറപ്പിച്ച് പറയുന്നതിലെ പരിഹാസ്യത, രാജ്യസ്നേഹ വിജൃംഭിതമായ മേജര്‍ രവിച്ചിത്രങ്ങളിലൂടെ നമുക്ക് കത്തിച്ചു കളയാം. (കേണല്‍ പദവികള്‍ താരങ്ങള്‍ക്കു മേല്‍ വര്‍ഷിക്കട്ടെ!).
ബഷീറിന്റെ 'ശബ്ദങ്ങളി'ലെ കഥാപാത്രങ്ങള്‍ പരസ്പരം സംസാരിക്കുന്നതിപ്രകാരം:
ഇടക്കൊന്നു ചോദിച്ചോട്ടെ. നിങ്ങളെ പട്ടാളത്തില്‍ നിന്നു പിരിച്ചു വിട്ടതാണോ?
അതെ.
എന്താ കാരണം?
അറിഞ്ഞില്ലേ? യുദ്ധം ജയിച്ചു.
എത്ര പട്ടാളക്കാരെ പിരിച്ചു വിട്ടു?
നാലോ അഞ്ചോ ലക്ഷം വരും.
..................................................................
ഞാനൊരു പട്ടാളക്കാരനായി. പട്ടാളക്കാരന്റെ കടമയെന്താ? കഴിവുള്ളിടത്തോളം ജനങ്ങളെ കൊല്ലുക....! ഞാന്‍ കൊന്നു. കുറെ നികൃഷ്ടരായ ഹീനജീവികള്‍ക്കു രാജ്യം അടക്കിഭരിക്കാന്‍ വേണ്ടി---------ഞാന്‍ പറയുന്നത് ലോകത്തിലെ യുദ്ധത്തിന്റെ നേതാക്ക•ാരെപ്പറ്റിയാണ്. യുദ്ധഭൂമിയില്‍ അവരാരും തന്നെ ഉണ്ടാവുകയില്ലല്ലോ. അവരുടെ മക്കളും ഭാര്യമാരും. ജനങ്ങളുടെ സമരം! നശീകരണായുധങ്ങളോടെ ജനങ്ങള്‍ രണ്ടു ഭാഗമായി നിന്നു വെടിവെച്ചും ബോംബെറിഞ്ഞും മൂര്‍ച്ചയുള്ള ബയണറ്റു കൊണ്ടു നെഞ്ചിനു കുത്തിയും അന്യോന്യം കൊല്ലുന്നു. ജനങ്ങളുടെ സമരം! ഏതു ജനങ്ങളുടെ?
ശബ്ദങ്ങള്‍ പുറത്തിറങ്ങിയ കാലത്ത് നിരോധിക്കപ്പെട്ടതായി കേട്ടിട്ടുണ്ട്. 1947ലാണ് ശബ്ദങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ഇന്ത്യക്ക് സ്വാതന്ത്യ്രം ലഭിച്ച മഹത്തായ ആ സംവത്സരത്തില്‍ തന്നെ ശബ്ദങ്ങള്‍ പോലെ ഭാവികേരളത്തിന്റെ സ്വാതന്ത്യ്രബോധത്തെ നിര്‍ണയിച്ച കൃതിയും പുറത്തിറങ്ങി എന്നത് വിസ്മയാവഹമാണ്. യുദ്ധം ജയിച്ചപ്പോള്‍ ഗൊണോറിയയിലേക്കും വഴിയമ്പലത്തിലേക്കും വലിച്ചെറിയപ്പെട്ടയാള്‍ എന്നാണ് ശബ്ദങ്ങളിലെ പട്ടാളക്കാരനെ എം എന്‍ വിജയന്‍ വിശേഷിപ്പിക്കുന്നത്. ജീവിതത്തിന്റെ മറ്റൊരു പുറമ്പോക്കില്‍ എത്തിച്ചേര്‍ന്നയാള്‍ എന്നും പറയാം. പുറമ്പോക്കുകളില്‍ കിടന്നും പുളഞ്ഞും എരിഞ്ഞുകളയുന്ന ഇത്തരം ജീവനുകളെ ഓര്‍ക്കാതെ, മധ്യവര്‍ഗത്തിന്റെ സാങ്കല്‍പിക-സുരക്ഷിതമായ അകങ്ങളിലേക്ക് ഉള്‍വലിയാനാവുന്നതെങ്ങനെ എന്ന ചോദ്യമാണ് ബഷീറെന്നതു പോലെ ടി വി ചന്ദ്രനും ആത്യന്തികമായി ഉയര്‍ത്തുന്നത്.
തീര്‍ന്നില്ല. പട്ടാളക്കാരനെ നാഗാ ഒളിപ്പോരാളി കൊന്നതിന്റെ പ്രതിഫലം മേടിച്ചടുക്കി ഭര്‍തൃവീട്ടുകാര്‍ സുനന്ദയെ അനാഥയാക്കി അവളുടെ വീട്ടില്‍ തള്ളുന്നു. അവിടെ കുടുംബിനിയായ അനിയത്തിയുടെ ആട്ടും തുപ്പുമേറ്റ് കഴിയാനാണവളുടെ വിധി. (പ്രേതഭവനത്തില്‍ താമസിക്കുന്ന നായകനെ ഈ നാഗാ ഒളിപ്പോരാളിയുടെ പ്രേതം സ്വപ്നത്തില്‍ ആക്രമിക്കുന്നുണ്ട്. സ്വപ്നവും പ്രേതബാധയും ആസക്തിയും ഒന്നാകുന്ന സന്ദര്‍ഭമാണിത്). വിവാഹത്തിനു മുമ്പ് മലയാളം അധ്യാപികയായി സുനന്ദക്കുണ്ടായിരുന്ന ജോലി ഭര്‍തൃവീട്ടുകാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്നുപേക്ഷിച്ചിരുന്നു. ഇത്തരം പരാമര്‍ശങ്ങളില്‍ തുടങ്ങി സ്ത്രീ വിരുദ്ധതയും സ്ത്രീകളോടുള്ള ആക്രമണവും നിരന്തരമായ ഒരു മോട്ടിഫായി ചിത്രത്തെയും കാണികളെയും അസ്വസ്ഥപ്പെടുത്തിക്കൊണ്ട് പശ്ചാത്തലവത്ക്കരിക്കപ്പെടുന്നുണ്ട്. സുനന്ദയുടെ ജോലി പിടിച്ചുപറിച്ച് അവളെ വീട്ടടിമയാക്കി മാറ്റിയതിലൂടെ മലയാളം പഠിപ്പിക്കുന്ന ഒരാള്‍ കൂടി നിഷ്ക്രിയയായി എന്ന സൂചനയുമുണ്ട്. അന്യം നിന്നു പോകുന്ന നാടന്‍ പറമ്പുകള്‍ എന്ന സമര്‍പ്പണാദരം പോലെ അന്യം നിന്നു പോകുന്ന മലയാളം എന്ന ആക്ഷേപവും ഇവിടെ നിര്‍ണായകമാകുന്നു. വൈധവ്യത്തെത്തുടര്‍ന്നുള്ള വിരസതയും ഒറ്റപ്പെടലും മറി കടക്കാന്‍, അവള്‍ കുറച്ച് കുട്ടികള്‍ക്ക് മലയാളം ക്ളാസെടുക്കുന്നുണ്ട്. ഇംഗ്ളീഷ് മീഡിയത്തില്‍ കുടുക്കി, മലയാളം നിഷേധിക്കപ്പെട്ടവര്‍ക്കുള്ള പ്രത്യേക ക്ളാസാണത്. ഈ ക്ളാസിന്റെ ദൃശ്യവത്ക്കരണം ടി വി ചന്ദ്രന്റെ തനതായ ശൈലിയിലൂടെയാണ് ശ്രദ്ധേയമാകുന്നത്. പച്ചപ്പിന്റെ പിന്‍പ്രതലമുള്ള ഒരു വെളിമ്പറമ്പിലാണ് ക്ളാസ് നടത്തുന്നത്. മരത്തണലല്ലാതെ മേല്‍ക്കൂരയോ ചുമരുകളോ ഇല്ല. ബോര്‍ഡും ചോക്കും ബെഞ്ചുകളുമുണ്ടെന്നു മാത്രം. വെളിമ്പറമ്പിന്റെ പുറകിലായുള്ള നിരത്തിലൂടെ നിറഞ്ഞു വരുന്ന കാറുകളുടെ ദൃശ്യം കേരളത്തിന്റെയും കേരളീയരുടെയും പൊള്ളയായ പൊങ്ങച്ചത്തിന്റെ പ്രകടനമായി. ജനനം തൊട്ടെന്‍ മകന്‍ ഇംഗ്ളീഷ് പഠിക്കണം, അതിനായി ഭാര്യ തന്‍ പേറങ്ങിഗ്ളംണ്ടിലാക്കി ഞാന്‍ എന്ന കുഞ്ഞുണ്ണിക്കവിതയിലെന്നതു പോലെ; പരിഹാസ്യമായി ഇംഗ്ളീഷില്‍ തളച്ചിടുന്ന മലയാളി ബാല്യത്തിന്റെ ദൈന്യതയാണ് ഈ ദൃശ്യകാര്‍ട്ടൂണിലൂടെ വെളിവായത്.
അണ്‍നോണ്‍ ബീരാനിക്കയുടെ വീട്ടില്‍ അയാളുടെ സെക്കുലര്‍-ആധുനിക പ്രതിനിധാനത്തിനു വിപരീതമായ കഥാപാത്രങ്ങളെക്കൊണ്ടു നിറച്ചിരിക്കുന്നു. അയാള്‍ക്ക് ഇഷ്ടമുണ്ടായിട്ടും ആഭരണപ്രിയയായതിനാല്‍ അയാളെ മൊഴി ചൊല്ലിയ മുന്‍ ഭാര്യയുടെ അസാന്നിദ്ധ്യമാണ് ഒരു കഥാപാത്രം. പിന്നെ, അയാള്‍ക്കു തന്നെ എന്തിനെന്നു നിശ്ചയമില്ലാതെ അടുക്കളയില്‍ പണിക്കു നില്‍ക്കുന്ന മൂന്നു പര്‍ദാ ധാരിണികളായ വയസ്സത്തികള്‍. അവര്‍ മൂലം മൂന്നു കുടുംബം രക്ഷപ്പെടുന്നു എന്ന് സന്തതസഹചാരിയായ പോക്കര്‍ക്ക(മാമുക്കോയ) പറയുന്നു. പോക്കര്‍ക്കക്കു പുറമെ, അരവിന്ദന്‍ (ഷഹബാസ് അമന്‍) എന്ന കാര്‍ട്ടൂണ്‍ കഥാപാത്രവും, ബീരാന്‍ തുടങ്ങി വെച്ചാല്‍ പാട്ടു മുഴുമിക്കാനായി കൂടെയുണ്ടാവും. മലയാളത്തിലെ യുവഗസല്‍ ഗായകനായ ഷഹബാസ് അമനെ സ്വിച്ചിട്ടാല്‍ ബാബുരാജ് പാട്ടു പാടുന്ന ഒരു പാട്ടുയന്ത്രമാക്കി മാറ്റിയിരിക്കുകയാണ് സംവിധായകന്‍. അയാളുടെ വീടു വിട്ട് ബീരാന് പാട്ടു പാടാനായി വിധേയപ്പെടുന്ന ഈ കഥാപാത്രം, സ്വയം പാടി അഭിനയിക്കുകയാണ് ചെയ്യുന്നത്. പാട്ടുകളെ ആഖ്യാനത്തില്‍ അങ്ങിങ്ങായി ചിതറിയിട്ടിരിക്കുകയാണ്. ബാബുരാജിനായി ഉദ്ദേശിക്കപ്പെട്ട ആ പ്രണാമം, ഷഹബാസ് അമനു കൂടിയുള്ളതായി പരിണമിക്കുന്നു എന്നത് ചരിത്ര വൈപരീത്യം.
ബഷീര്‍, ബാബുരാജ്, സലാം കാരശ്ശേരി, അണ്‍നോണ്‍ ബീരാന്‍ക്ക എന്നിവരിലൂടെ പ്രതീകവത്ക്കരിക്കപ്പെടുന്ന സെക്കുലര്‍ മുസ്ളിമിന്റെ സംഭാവനകള്‍ ധാരാളമായി സൂചിപ്പിക്കപ്പെടുന്ന ചിത്രത്തില്‍, പുതിയ കാലത്തെ വര്‍ഗീയ തീവ്രവാദത്തെ സംബന്ധിച്ച ഉത്ക്കണ്ഠ മുഴങ്ങിക്കേള്‍ക്കാം. ബീരാന്റെ വീട്ടില്‍ വളരുന്ന, മൊട്ടയടിച്ച് പ്രാകൃതനായും അക്രമോത്സുകനായും പെരുമാറുന്ന, പാട്ടിഷ്ടമില്ലാത്ത ചെക്കനാണ് അമ്പലത്തില്‍ ആട്ടിന്‍തല കൊണ്ടു വെച്ച് വര്‍ഗീയ കലാപത്തിന് കാരണക്കാരനാകുന്നത്. ഇന്ത്യയിലും കേരളത്തിലും നടക്കുന്ന വര്‍ഗീയ കലാപങ്ങളൊക്കെയും മുസ്ളിങ്ങള്‍ തുടങ്ങിവെക്കുന്നതാണെന്ന സാമാന്യധാരണയാണിവിടെ അബോധത്തിലുള്ളതെന്നു കാണാം. ഏതായാലും, ഹിന്ദു മതഭ്രാന്ത-അക്രമികള്‍ തുരത്തിയോടിക്കുന്ന ഈ മൊട്ടയെ കവര്‍ ചെയ്തു രക്ഷിക്കുന്ന ബീരാന്‍ കൊല്ലപ്പെടുന്നു. കേരളത്തിലെ മുഖ്യധാരാ മുസ്ളിം സമുദായത്തിനുള്ള ടി വി ചന്ദ്രന്റെ മുന്നറിയിപ്പായി ഇത് വായിച്ചെടുക്കാം. മുസ്ളിം സമുദായത്തിനകത്തു പ്രവര്‍ത്തിക്കുന്ന പ്രാകൃത സ്വഭാവമുള്ളതും അക്രമപരത നിലനിര്‍ത്തുന്നവരുമായ വിഭാഗത്തെ സംരക്ഷിക്കാന്‍ തുനിഞ്ഞാല്‍, മുഖ്യധാരാ മുസ്ളിം തന്നെയാണ് അപകടത്തിലാകുക എന്നാണ് വ്യംഗ്യം.
ചിത്രത്തിന്റെ മുഖ്യ ആകുലത പക്ഷെ, ജൈവപ്രകൃതിയോടുള്ള മനുഷ്യരുടെ മനോഭാവം തന്നെയാണ്. അടഞ്ഞു കിടക്കുന്ന പൊടിപിടിച്ച വീട് തുറക്കുമ്പോള്‍, ഇടത്തു ഭാഗത്തായി കാണുന്ന മാറാല തട്ടി വൃത്തിയാക്കുന്നതിനു പകരം, എത്ര കാലത്തെ അധ്വാനമായിരിക്കും എന്ന് ആരാധിക്കുകയാണ് നായകന്‍ ചെയ്യുന്നത്. വീടിനകത്തും പുറത്തുമായി, വവ്വാല്‍, ഗൌളി, ഓന്ത്, തത്ത, പുല്‍ച്ചാടി, പച്ചക്കുതിര, കുരുവി, തവള, ആമ എന്നിങ്ങനെ എല്ലാത്തരം ജീവികളോടും സൌഹൃദം സ്ഥാപിക്കുകയും സംസാരിക്കുകയും ചെയ്യുന്ന മോഹനചന്ദ്രന്‍ നായര്‍ അവരെ അലോസരപ്പെടുത്താതെ അവരിലൊരാളായി മാറാനുള്ള കഠിന പരിശ്രമത്തിലാണ് ഏര്‍പ്പെടുന്നത്. മൂര്‍ഖനെ ബഷീറിയന്‍ ശൈലിയില്‍ സലാം സഖാവെ എന്നാണ് അയാള്‍ അഭിസംബോധന ചെയ്യുന്നത്. അണ്ണാനും തേരട്ടയും തേളും ഒക്കെയായി കുശാലായ ജീവ ഐക്യമാണ് അയാള്‍ വിഭാവനം ചെയ്യുന്നത്. തവളയോട് നിന്നെക്കുറിച്ച് സക്കറിയ എഴുതിയ ഒരിടത്ത് എന്ന കഥയെക്കുറിച്ചയാള്‍ സംവാദം നടത്തുന്നു. മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും ചരിത്രത്തിലൂടെയുള്ള ഒരു പ്രയാണം കൂടിയാണ് ടി വി ചന്ദ്രന്റെ ചലച്ചിത്രഭാവനകള്‍. സൂസന്ന വി കെ എന്നിനെ ഓര്‍മിക്കുന്നതു പോലുള്ള നിരവധി ഉദാഹരണങ്ങള്‍ എടുത്തു പറയാനാകും.
ഈ ജീവികളുമായി ഒത്തു ജീവിക്കാനാകാതെ അവിടം വിട്ടു പോകുന്ന നായകന്‍ പറയുന്നത്, നിങ്ങളുടെ മനസ്സമാധാനം ഞാനായിട്ട് കെടുത്തുന്നില്ല എന്നാണ്. അയാളുടെ പേരില്‍ ആ പറമ്പും വീടും എഴുതിവെക്കപ്പെട്ടതിന്റെ കടലാസു പ്രമാണം ആ തൊടികയിലേക്കു തന്നെ പറിച്ചു വലിച്ചെറിഞ്ഞാണ് അയാള്‍ യാത്രയാകുന്നത്. അവിടെ താമസിക്കാന്‍ ജീവജാലങ്ങള്‍ക്ക് അത്തരമൊരു ആധാരം ആവശ്യമില്ല. ആധാരമുണ്ടെങ്കിലും 'നോര്‍മലാ'യ മനുഷ്യരാണെങ്കില്‍ അവയെയൊക്കെ നശിപ്പിക്കുകയും ചെയ്യും. ആധാരം പല പുറങ്ങളായി പറമ്പിലും കുളത്തിലുമായി പറന്നു വീഴുന്നു. ഓന്തും വണ്ടും തവളയും മീനും പ്രാവും ആമയും ഞാഞ്ഞൂലും തേരട്ടയും തേളും ഈച്ചയും എല്ലാം ആ ആധാരമെഴുത്തുകള്‍ക്കും പട്ടികകള്‍ക്കും യാദാസ്ത വെട്ടു തിരുത്തില്ലക്കും മുകളിലായി സൌമ്യമായ ആധിപത്യം സ്ഥാപിക്കുന്നു. അഥവാ അതിനെ അതിന്റെ പാട്ടിനു വിട്ടിട്ട് തങ്ങളുടെ സ്വൈരപ്രയാണം തുടരുന്നു. ഈ അന്ത്യരംഗം മലയാള സിനിമയിലെ ദൃശ്യഭാവുകത്വത്തില്‍ ചരിത്രം തന്നെ വിരചിച്ചിരിക്കുന്നു എന്നത് എടുത്തു പറയാതെ വയ്യ.
ഈ ഭാവുകത്വം തീര്‍ച്ചയായും ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്നു തന്നെ പേരുള്ള, ഒരു പക്ഷെ എല്ലാക്കാലത്തെയും ഗംഭീരമായ പാരിസ്ഥിതിക കഥയുടെ ഭാവുകത്വത്തെ പിന്തുടരാനും ആവര്‍ത്തിക്കാനുമുള്ള പരിശ്രമമാണ്. തീറാധാരങ്ങളെയും മുള്ളുവേലികളെയും ഷാനെയും ഗവണ്മെന്റിനെയും പ്രപഞ്ചങ്ങളില്‍ ആരെയും മാനിക്കാത്ത ഒരു കൂട്ടര്‍ ദാ പ്രത്യക്ഷപ്പെടുന്നു! എന്ന് നാടകീയമായി പ്രഖ്യാപിച്ചുകൊണ്ടാണ് ആഖ്യാതാവിന്റെ സ്വകാര്യസ്വത്തിലേക്ക് ജീവജാലങ്ങളുടെ പ്രവേശനത്തെ ബഷീര്‍ അവതരിപ്പിക്കുന്നത്. ഭൂഗോളം തന്നെ ഒട്ടധിക ഭാഗവും കഷണം കഷണമായി ഓരോരുത്തര്‍, അതായത് മനുഷ്യര്‍, തീറു വാങ്ങിക്കഴിഞ്ഞിരിക്കുന്നു എന്ന 'മൃഗീയ'വാസ്തവത്തെയാണ് ബഷീര്‍ പരിഹാസ്യമാക്കുന്നത്. അപ്പോള്‍ പക്ഷിമൃഗാദികള്‍ എന്തു ചെയ്യും, എവിടെപോകും എന്ന; വീണ്ടും 'മൃഗീയ'മായ ചോദ്യം ഉന്നയിച്ചു കൊണ്ടാണ് ബഷീര്‍ കഥയുടെ അകമ്പോക്കുകള്‍ പടര്‍ത്തുന്നത്. ആനകള്‍, കടുവാ, സിംഹം, കരടി, കാട്ടുപോത്ത്, നീര്‍ക്കുതിര, പുലി, ചീങ്കണ്ണി, മുതല, ഒട്ടകം, കുതിര, മനുഷ്യക്കുരങ്ങ്, ചെന്നായ്, തേള്, മലമ്പാമ്പ്, കൊതുക്, മൂട്ട, വാവല്‍, കഴുകന്‍, മയില്‍, മാന്‍, മൈന, പഞ്ചവര്‍ണക്കിളി എന്നിങ്ങനെ ഭൂമിയുടെ അവകാശികളായി ഒട്ടേറെ എണ്ണത്തിനെ സൃഷ്ടിച്ചിട്ടുണ്ട്. എന്തിന്? തിമിംഗലം, സ്രാവ്, മത്സ്യങ്ങള്‍, നീരാളി, കടല്‍പാമ്പുകള്‍ എന്നിവരെ എന്തിന്, എന്തിനു സൃഷ്ടിച്ചു. ഒന്നും അറിഞ്ഞുകൂടാ. ദൈവഹിതം. ഏതായാലും ഒന്നിനെയും കൊല്ലാതെ ജീവിക്കാന്‍ ശ്രമിക്കണം. ഹിംസ അരുത്! എന്ന തത്വശാസ്ത്രത്തെ ബഷീര്‍ ലളിതസുഭഗമായി എന്നാല്‍ ശരിയായ പരിസ്ഥിതി ബോധത്തിന്റ ആഴത്തിലും പരപ്പിലും നിവര്‍ന്നു നിന്ന് പ്രകടിപ്പിക്കുന്നു. മറക്കരുത്. വാവലുകള്‍ ആരുടെയും പൂര്‍വിക•ാരുടെ ആത്മാക്കളല്ല. അന്ധവിശ്വാസം ഭ്രാന്തുപോലാക്കി മനുഷ്യരെ കൊല്ലാതിരിക്കുക. കടവാതിലുകളെന്ന വാവലുകള്‍ ദൈവം തമ്പുരാന്റെ കോടാനുകോടി സൃഷ്ടികളില്‍ പറക്കുന്ന ജീവികളാണ്. കരിക്കു നശിക്കട്ടെ. തേങ്ങ നശിക്കട്ടെ. സാരമില്ല. ബാക്കി കിട്ടുന്നതു മതി. ദൈവസൃഷ്ടിയിലെ തെങ്ങുകളിലെ കരിക്കുകളില്‍ വാവലുകള്‍ക്ക് അവകാശമുണ്ട്. ദൈവം തമ്പുരാന്‍ സൃഷ്ടിയുടെ ദിവ്യമുഹൂര്‍ത്തത്തില്‍ കല്പിച്ചുകൊടുത്ത പുരാതനപുരാതനമായ അവകാശം. ഓര്‍ക്കുക: ജീവികളായ സര്‍വജീവികളും ഭൂമിയുടെ അവകാശികള്‍. മംഗളം. ശുഭം എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബഷീര്‍ തന്റെ കഥ അഥവാ മലയാള/കേരള പരിസ്ഥിതി അവബോധത്തിന്റെ മാനിഫെസ്റോ പൂര്‍ത്തീകരിക്കുന്നത്. ഈ മാനിഫെസ്റോയുടെ ദൃശ്യാശയം തന്നെയാണ് ടി വി ചന്ദ്രന്റെ സിനിമയും.
ഗുജറാത്തില്‍ 2002ല്‍ നടന്ന മുസ്ളിം വംശഹത്യയെ അടയാളപ്പെടുത്തുന്ന ടി വി ചന്ദ്രന്റെ മൂന്നാമത്തെ സിനിമ കൂടിയാണിത്. കഥാവശേഷന്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ സിനിമകളിലാണ് മുമ്പ് ഗുജറാത്ത് വംശഹത്യ മുഖ്യ പ്രമേയമാകുന്നത്. അതിക്രൂരവും നിഷ്ഠൂരവുമായ ബലാത്സംഗങ്ങളും കൊലപാതകങ്ങളും അരങ്ങേറുമ്പോള്‍ നിസ്സഹായരായി നിലവിളിക്കുകയും സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ വിലാപങ്ങളാണ് മൂന്നു ചിത്രങ്ങളിലുമുള്ളതെന്നും ശ്രദ്ധിക്കേണ്ടതാണ്. ഗുജറാത്ത് വംശഹത്യയുടെ പത്താം വാര്‍ഷികത്തില്‍ എല്ലാവരും മറക്കാനാഗ്രഹിക്കുന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചാനയിക്കാനുള്ള ചലച്ചിത്രകാരന്റെ സത്യസന്ധത ചരിത്രപരമായി നിര്‍ണായകമാണ്.
പ്രകൃതിയെയും സ്ത്രീയെയും നശിപ്പിക്കുകയും വംശഹത്യകളിലൂടെ മുന്നേറുകയും ചെയ്യുന്ന ജൈവവിരുദ്ധ പരിഷ്ക്കാരത്തെയാണ് ഭൂമിയുടെ അവകാശികള്‍ തുറന്നു കാണിക്കുന്നത്. അത് മറവിക്കെതിരെ ഓര്‍മയുടെയും പ്രകൃതി വിനാശത്തിനെതിരെ ജൈവാത്മീയതയുടെയും മതഭ്രാന്തിനെതിരെ സെക്കുലര്‍-ആധുനികതയുടെയും വരണ്ട കണക്കുബോധങ്ങള്‍ക്കെതിരെ സംഗീത-സര്‍ഗാത്മകതയുടെയും പ്രതിരോധമായി സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.