പതിനെട്ടാം നൂറ്റാണ്ടോടെ ലൈംഗികത എന്നത് ഒരു പൊലീസ് കാര്യമായി മാറി. അഥവാ ഒരു കുറ്റകൃത്യമായി മാറി.
ജനസംഖ്യ, സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു വിഷയമായി മാറിയതും പതിനെട്ടാം നൂറ്റാണ്ടിലാണ്. സമ്പത്ത്, മനുഷ്യവിഭവശേഷി, തൊഴില്‍ ശക്തി, സര്‍ക്കാര്‍ പ്രജകളെയെന്നതിനേക്കാള്‍ ജനങ്ങളെയും, ജനസംഖ്യയെയും അഭിമുഖീകരിക്കാന്‍ തുടങ്ങി. ജനന-മരണ നിരക്കുകള്‍, ജീവിത ക്ഷമത, ഫെര്‍ട്ടിലിറ്റി, ആരോഗ്യത്തിന്റെ സ്ഥിതി, രോഗങ്ങളുടെ ദൈര്‍ഘ്യം, ഭക്ഷണത്തിന്റെയും ജീവിതരീതിയുടെയും രീതികള്‍ എന്നിവയെല്ലാം ചര്‍ച്ചയിലേക്ക് പൊന്തിവന്നു. ഇതിന്റെയെല്ലാം ഹൃദയം ലൈംഗികത അഥവാ ലൈംഗികതാ നിയന്ത്രണം ആണെന്നു കാണാം. ജനനനിരക്ക്, വിവാഹ പ്രായം, വിഹിത/അവിഹിത ജനനങ്ങള്‍, ലൈംഗിക ബന്ധങ്ങളെപ്പോഴാവാം ആരുമായിട്ടാവാം എന്ന ചര്‍ച്ച, ഗര്‍ഭധാരണം നടക്കുന്ന വിധത്തില്‍ എങ്ങനെ ബന്ധപ്പെടാം, നിരോധനങ്ങളും വിവാഹേതരവും വിവാഹപൂര്‍വവും ആയ ജീവിതത്തിന്റെ പ്രശ്‌നങ്ങള്‍, ഗര്‍ഭ നിരോധനമാര്‍ഗങ്ങള്‍ എന്നിവയെല്ലാം വ്യവസായങ്ങള്‍, വിദ്യാഭ്യാസ/ആരോഗ്യ പദ്ധതികള്‍, രഹസ്യങ്ങള്‍, ഗോസിപ്പുകള്‍, ഭരണഘടനകള്‍ അങ്ങനെ എല്ലാമായി തീര്‍ന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ രാജ്യത്തെ ജനങ്ങള്‍ എപ്രകാരമാണ് ലൈംഗികതയിലേര്‍പ്പെടുന്നത് എന്നത് എല്ലായ്‌പോഴും സര്‍ക്കാരും മറ്റ് രക്ഷാകര്‍ത്താക്കളും അറിഞ്ഞിരിക്കേണ്ട വിഷയമായി പൊതുവത്ക്കരിക്കപ്പെട്ടു. സര്‍വീലന്‍സ് ക്യാമറകള്‍ കണ്ടു പിടിക്കപ്പെടുതിനും സ്ഥാപിക്കപ്പെടുതിനും മുമ്പു തന്നെ ജനങ്ങളുടെ ലൈംഗികാഭിവാഞ്ഛകളും രഹസ്യങ്ങളും നിരീക്ഷണത്തിനു വിധേയമായിക്കഴിഞ്ഞുവെന്നു ചുരുക്കം.
കുട്ടികളുടെ ലൈംഗികതയും ഇതിനു സമാനമായ വിധത്തില്‍ സാമാന്യവത്ക്കരിക്കപ്പെട്ടു. മുതിര്‍ന്നവരും കുട്ടികളും തമ്മില്‍; അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍; വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തമ്മില്‍ എന്നിങ്ങനെയുള്ള ബന്ധങ്ങളും ഭാഷകളും പുതിയ സദാചാരരൂപീകരണത്തിന് കീഴ്‌പ്പെട്ടു. ധാര്‍മികമെന്ന് എല്ലാ അര്‍ത്ഥത്തിലും വ്യാഖ്യാനിക്കപ്പെടുകയും വിശ്വസിക്കപ്പെടുകയും ചെയ്യപ്പെട്ട ഒരു ബോധനശാസ്ത്രം(പെഡഗോജി) ഇതോടെ വ്യാപകമായി.
ലൈംഗികതയെ സംബന്ധിച്ച വ്യവാഹാരങ്ങള്‍; ജനസംഖ്യാശാസ്ത്രം, ജീവശാസ്ത്രം, വൈദ്യശാസ്ത്രം, മനശ്ശാസ്ത്രം, മനോവിശകലനശാസ്ത്രം, ധാര്‍മികശാസ്ത്രം, ബോധനശാസ്ത്രം, രാഷ്ട്രീയ വിമര്‍ശനം, കലാവിമര്‍ശനം എന്നിങ്ങനെ പല അക്കാദമിക്കും അക്കാദമിക്കല്ലാത്തതുമായ വ്യവഹാരരൂപങ്ങള്‍ക്ക് ജന്മം നല്‍കുകയും പരിണമിപ്പിക്കുകയും ചെയ്തു. ഇവയെയെല്ലാം കൂട്ടി ഘടിപ്പിക്കുന്നത് ധാര്‍മിക ദൈവശാസ്ത്രത്തിന്റെ കുമ്പസാര സിദ്ധാന്തമാണെു കാണാം. ലൈംഗികമായി ബന്ധപ്പെടുന്നത് പാതിരിക്കു മുമ്പില്‍ കുമ്പസരിക്കേണ്ടതും അല്ലാത്തപ്പോള്‍ മൗനം പാലിക്കേണ്ടതുമായ ഒരു കുറ്റകൃത്യവും ഒളിച്ചുകളിയുമായി തത്വവത്ക്കരിക്കപ്പെട്ടു. രഹസ്യത്തിലോ നിഴലിലോ ഇരുളിലോ മാത്രം നിര്‍വഹിക്കപ്പെടു ഒരു മാനുഷിക/അമാനുഷിക വികാരമായി രതിയെ എല്ലാവരും ഉറപ്പിച്ചെടുത്തു.
ഈ ചരിത്രം തീര്‍ച്ചയായും വൈകൃതങ്ങള്‍ക്കും വൈകൃതികള്‍ക്കും ജന്മമേകി. വിഹിതാവിഹിതങ്ങള്‍ക്കിടയില്‍ കിടന്ന് വൈകൃതങ്ങളുടെ നിര്‍വചനങ്ങള്‍ രചിക്കപ്പെടുകയും തിരുത്തപ്പെടുകയും കുറ്റം ചാര്‍ത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. തലോടലുകള്‍ക്കു പോലും നിയമങ്ങള്‍ രൂപീകരിക്കപ്പെട്ടു. ഒരാള്‍ മറ്റൊരാളെ എന്നല്ല, സ്വന്തം ശരീരത്തില്‍ നടത്തുന്ന ഒരു തലോടല്‍ പോലും വൈകൃതമായി അടയാളപ്പെട്ടു. വിവാഹത്തിന്റെ ബാഹ്യവും ആഭ്യന്തരവുമായ നിയമങ്ങള്‍ കൊണ്ടു തന്നെ ഒരു രാഷ്ട്രത്തിന്റെ ഭൂപടം നിര്‍മിക്കാന്‍ സാധിക്കും. അത്രമാത്രം വിപുലവും വൈവിധ്യമാര്‍ന്നതും പരസ്പരവിരുദ്ധവുമാണവ. എങ്കിലും അവയുടെ ചരിത്രം ഏതാണ്ടൊന്നു തന്നെ. ഇതിന്റെ തുടര്‍ച്ചയായി; കുട്ടികള്‍, ചിത്തരോഗികള്‍, സ്ത്രീകള്‍, കുറ്റവാളികള്‍ എന്നിവരുടെ ലൈംഗികത സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ടുകൊണ്ടേ ഇരുന്നു. ലളിതമായ നിരോധനം എന്നതിനപ്പുറം നാലു രീതിയിലാണ് ലൈംഗികതയില്‍ അധികാരം പ്രവര്‍ത്തിക്കുന്നതെന്നു കാണാം.
1. കുട്ടികളുടെ ലൈംഗികത നിയന്ത്രിക്കുന്നതിനുള്ള പരിശ്രമങ്ങള്‍. നിയമങ്ങള്‍, ബോധനം, മരുന്നുകള്‍, ചികിത്സ
2. വൈകൃതങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും. സ്വവര്‍ഗലൈംഗികത അടക്കമുള്ള നിരവധി കാര്യങ്ങളോടുള്ള മനോഭാവമാണിതിന്റെ രീതി.
3. ലൈംഗികതയുടെ വൈദ്യവത്ക്കരണം. പരിശോധനകള്‍, അന്വേഷണങ്ങള്‍, മരുന്നുകള്‍, ബോധനം, കുടുംബാസൂത്രണം എന്നിങ്ങനെ, ആഹ്ലാദത്തിനു മേല്‍ അധികാരത്തിന്റെ പിടിമുറുക്കങ്ങള്‍ വൈദ്യവത്ക്കരണത്തിലൂടെ സാധൂകരിക്കപ്പെട്ടു.
4. സ്ത്രീപുരുഷ-നിയമാനുസൃത ദാമ്പത്യത്തിലേക്ക് ലൈംഗികതയെ വെട്ടിച്ചുരുക്കി. മതം, കല, സാഹിത്യം, വിദ്യാഭ്യാസം, നിയമങ്ങള്‍, പൊതു സമൂഹം, എന്നീ വ്യവസ്ഥകളിലൂടെ ഇത് ചരിത്രപരമായി ഉറപ്പിച്ചെടുത്തു.
#morality #morality police #surveillance