Sunday, April 5, 2015

സദാചാരം ചില കുറിപ്പുകള്‍ 8 വിവാഹവും സദാചാരമൂല്യങ്ങളും



സമുദായത്തിന്റെ ലൈംഗിക സദാചാരമൂല്യങ്ങള്‍ക്ക് നിരവധി അടുക്കുകള്‍ ഉള്ളതായി കാണുവാന്‍ കഴിയുമെന്ന് ബര്‍ട്രാന്‍ഡ് റസ്സല്‍ നിരീക്ഷിക്കുന്നു. ഒന്നാമതായി നിയമത്താല്‍ മൂര്‍ത്തീകരിക്കപ്പെട്ടിട്ടുള്ള ഖണ്ഡിതമായ സ്ഥാപനങ്ങളുണ്ട്. ഉദാഹരണത്തിന്, ചില രാജ്യങ്ങളില്‍ ഏകഭാര്യാത്വവും മറ്റു ചില രാജ്യങ്ങളില്‍ ബഹുഭാര്യാത്വവും എന്ന പോലെ. അടുത്തതായി പൊതുജനാഭിപ്രായം ദൃഢതരമാക്കിയതും നിയമം ഇടപെടാത്തതുമായ മറ്റൊരടുക്കുണ്ട്. അവസാനമായി, സിദ്ധാന്തത്തിലല്ലെങ്കിലും പ്രവൃത്തിയില്‍, വ്യക്തിപരമായ വിവേചനത്തിന് മാറ്റിവെക്കപ്പെട്ട മറ്റൊരടുക്കുണ്ട്. സോവിയറ്റ് റഷ്യയെ മാറ്റി നിര്‍ത്തിയാല്‍, ലൈംഗികസദാചാരസംഹിതയും ലൈംഗികസ്ഥാപനങ്ങളും യുക്തിപരമായ പരിഗണനകളാല്‍ നിര്‍ണയിക്കപ്പെട്ടു പോന്നിട്ടുള്ള ഒരു രാജ്യമോ ഒരു കാലഘട്ടമോ ലോകചരിത്രത്തിലുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സോവിയറ്റ് റഷ്യയുടെ സ്ഥാപനങ്ങള്‍ കുറ്റമറ്റതാണെന്ന് സ്ഥാപിക്കാന്‍ ബര്‍ട്രാന്‍ഡ് റസ്സല്‍ ഉദ്ദേശിക്കുന്നില്ല. എല്ലാ കാലഘട്ടങ്ങളിലെയും, എല്ലാ രാജ്യങ്ങളിലെയും സ്ഥാപനങ്ങളെയും പോലെ അവ ഭാഗികമായെങ്കിലും അന്ധവിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും അനന്തരഫലമല്ലെന്നു സൂചിപ്പിക്കുകയാണദ്ദേഹം. പൊതുനന്മയുടെയും സന്തോഷത്തിന്റെയും കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഏതു ലൈംഗികസദാചാരമാണ് ഏറ്റവും മെച്ചപ്പെട്ടതെന്നു  നിര്‍ണയിക്കുന്ന പ്രശ്‌നം അതീവ സങ്കീര്‍ണമാണ്. അതിന്റെ ഉത്തരം വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുകയും ചെയ്യും. ഇത് പ്രാകൃതമായ ഒരു കാര്‍ഷിക ഭരണകൂടത്തിന്‍ കീഴില്‍ എങ്ങനെ ആയിരിക്കുമോ അതില്‍ നിന്നും വ്യത്യസ്തമായിരിക്കും വ്യാവസായികമായി പുരോഗമിച്ചിട്ടുള്ള ഒരു സമൂഹത്തില്‍. വൈദ്യശാസ്ത്രവും ആരോഗ്യസംരക്ഷണപരിപാലനവും താഴ്ന്ന മരണനിരക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ പര്യാപ്തമായിടത്തും, പ്ലേഗും വസന്തകളും ജനസംഖ്യയുടെ വലിയൊരനുപാതത്തെ പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പു തന്നെ തുടച്ചു നീക്കുന്നിടത്തും അതു വ്യത്യസ്തമായിരിക്കും. ഒരു പക്ഷെ, നമുക്ക് കൂടുതല്‍ അറിവ് കരഗതമാകുമ്പോള്‍, ഏറ്റവും മെച്ചപ്പെട്ട ലൈംഗിക സദാചാരസംഹിത ഒരു കാലാവസ്ഥയില്‍, മറ്റൊരു കാലാവസ്ഥയില്‍ എങ്ങനെയായിരിക്കുമോ അതില്‍ നിന്നു വ്യത്യസ്തമായിരിക്കുമെന്നും ഒരു തരം ഭക്ഷണക്രമം ഉപയോഗിക്കുമ്പോള്‍; മറ്റൊരു തരം ഉപയോഗിക്കുമ്പോള്‍ എങ്ങനെയായിരിക്കുമോ അതില്‍ നിന്നു വ്യത്യസ്തമായിരിക്കുമെന്നും പറയുവാന്‍ കഴിയും.
ഏകഭാര്യാത്വത്തിനു ശേഷം വ്യവസ്ഥാപിതമായ വിവാഹം എന്ന സ്ഥാപനത്തെ എംഗല്‍സ് ഇപ്രകാരം വിമര്‍ശിക്കുന്നു: വിവാഹം നിര്‍ണയിക്കപ്പെടുത് വര്‍ഗപരമായ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ്. അത്രത്തോളം അത് സൗകര്യാര്‍ത്ഥ വിവാഹവുമാണ്. ഈ വിവാഹം മിക്കപ്പോഴും ഏറ്റവും നികൃഷ്ടമായ വ്യഭിചാരമായി കലാശിക്കുകയും ചെയ്യുന്നു. രണ്ടു പക്ഷത്തും വരാമെങ്കിലും ഭാര്യയെയാണ് അത് കൂടുതലായി ബാധിക്കുന്നത്. അവളും സാധാരണ വേശ്യയും തമ്മില്‍ ഒരൊറ്റ വ്യത്യാസമേയുള്ളൂ. വേശ്യ കൂലിപ്പണിക്കാരെപ്പോലെ അവളുടെ ശരീരം അല്‍പ്പാല്‍പ്പമായി വില്‍ക്കുമ്പോള്‍ മറ്റവള്‍ എല്ലാം കൂടി ഒറ്റയടിക്ക് വിറ്റ് എന്നെേന്നക്കുമായി അടിമത്തം വരിക്കുന്നു.

#marriage #morality #prostitution


No comments: