Saturday, April 18, 2015

സദാചാരം ചില കുറിപ്പുകള്‍ 17 കേരളത്തിലെ സ്‌ത്രീധര്‍മങ്ങള്‍



കേരളത്തിലെ സ്‌ത്രീധര്‍മങ്ങള്‍ ഇപ്രകാരമായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്നത്‌(കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍- പേജ്‌ 160-161)
സ്‌ത്രീകള്‍ പുലര്‍ച്ചെക്കെഴുനീറ്റു കയ്യും കാലും മുഖവും കഴുകി വസ്‌ത്രം മാറിയുടുത്തു വീണ്ടും കൈകാല്‍ മുഖങ്ങള്‍ കഴുകി സൂര്യോദയത്തിനു മുമ്പായി അടിച്ചു തളിയെല്ലാം കഴിക്കണം. പിന്നെ തൈരു കലക്കണം. അമാവാസി, സംക്രാന്തി, ശ്രാദ്ധമുള്ള ദിവസം അന്നൊന്നും തൈരു കലക്കരുത്‌. കറുത്ത വാവു നാള്‍ തൈരു കലക്കിയാല്‍ പശുക്കള്‍ നശിക്കും. പിതൃക്കള്‍ ആ തറവാടിനെ ശപിക്കുകയും ചെയ്യും. സംക്രാന്തി ദിവസം തൈരു കലക്കുന്ന ശബ്‌ദം കേള്‍ക്കുന്നതു പിതൃക്കള്‍ക്കു വലിയ വേദനയാകുന്നു. അവര്‍ ആ തറവാട്ടിലേക്കു കടക്കാതെ മടങ്ങിപ്പോകും. ശ്രാദ്ധമുള്ള ദിവസം തൈരു കലക്കിയാല്‍ അന്നവിടെ ദാനം ചെയ്യുന്ന ഹവ്യകവ്യങ്ങളെ പിതൃക്കള്‍ കൈക്കൊള്ളുന്നതല്ല. അനന്തരം പാത്രങ്ങള്‍ മുക്കണം. പിന്നെയാണ്‌ പശുവിനെ കറക്കേണ്ടത്‌. മുഷിഞ്ഞതും ഈറനുമായ വസ്‌ത്രം ഉടുക്കുകയും തല കെട്ടഴിച്ചിടുകയുമരുത്‌. ഭര്‍ത്താവുണ്ണുന്നതിനു മുമ്പോ, ഭര്‍ത്താവൊരുമിച്ചോ ഉണ്ണരുത്‌. പത്‌നി ഭര്‍ത്താവുണ്ട ഇലയില്‍ തന്നെ ഉണ്ണണം. ഭര്‍ത്താവിനു വിരോധമായി ഒരു വാക്കു പോലും പറയരുത്‌. ഭര്‍ത്താവിന്റെ അച്ഛനമ്മമാര്‍ മുതലായവരെ നിത്യവും ശുശ്രൂഷിക്കണം. ഭര്‍ത്താവു മുതലായ ഈശ്വരവിഗ്രഹങ്ങളെ നിത്യവും പൂജിക്കണം. ഭര്‍ത്താവിന്റെ കാല്‍ കഴുകിയ വെള്ളം അവള്‍ക്ക്‌ ഗംഗാതീര്‍ത്ഥത്തോടു തുല്യമാകുന്നു. മറ്റൊരു തീര്‍ത്ഥം അവള്‍ക്കാവശ്യമില്ല. മലയാള ബ്രാഹ്മണ സ്‌ത്രീകള്‍ക്കു തീര്‍ത്ഥശ്രാദ്ധം ചെയ്‌വാന്‍ പാടില്ല. വിധവയായ സ്‌ത്രീയും മലയാളത്തിന്റെ അതിരു വിട്ട്‌ മറ്റൊരിടത്ത്‌ തീര്‍ത്ഥസ്‌നാനത്തിന്‌ പോവരുത്‌. സ്‌ത്രീകള്‍ക്ക്‌ വേദോച്ചാരണം കേള്‍പ്പാന്‍ പാടില്ല. അധികമായ വിദ്യാഭ്യാസം ആവശ്യമില്ല. പാട്ടു പാടുകയും കളിക്കുകയുമരുത്‌. ബ്രാഹ്മണസ്‌ത്രീക്ക്‌ ഭര്‍ത്താവൊഴിച്ച്‌ മറ്റൊരു പുരുഷനെ കാണ്മാന്‍ പാടില്ല. അവര്‍ പുറത്തിറങ്ങി സഞ്ചരിക്കുമ്പോള്‍ മറക്കുടയും തുണയും വേണം. തക്ക സഹായികളുണ്ടായിരിക്കണം. രാത്രി ഏതായാലും വഴി നടക്കരുത്‌. ഉത്സവകാലങ്ങളില്‍ അമ്പലത്തില്‍ പോകരുത്‌.(ശാങ്കരസ്‌മൃതി-ലഘുധര്‍മപ്രകാശിക. 12 അധ്യായം)


#keralawomen

No comments: