Tuesday, July 27, 2010

സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭീകരാക്രമണം നടത്തുന്ന ഹിന്ദുത്വ ബ്രിഗേഡ് ചില മുഖംമൂടി സംഘടനകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ധാരണയാണ് ഇത്രനാളും നിലനിന്നിരുന്നതെങ്കില്‍, ആര്‍ എസ് എസിന്റെ ഉന്നത നേതൃത്വം തന്നെയാണ് ഇതിനു പുറകിലുള്ളതെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്തു വന്നിരിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വഭീകരര്‍ക്ക് അന്തര്‍ദേശീയ സഹായങ്ങള്‍ ധാരാളമായി ലഭിക്കുന്നുണ്ടെന്ന് സി ബി ഐ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇസ്രായേലില്‍ നിന്നും നേപ്പാളില്‍ നിന്നും ചില അന്തര്‍ദേശീയ ഇസ്ളാം വിരുദ്ധ തീവ്രവാദഗ്രൂപ്പുകളില്‍ നിന്നുമാണ് ഈ സഹായങ്ങള്‍ ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഭിനവ് ഭാരതിന്റെ പേരിലാണ് ഹിന്ദുത്വ ഭീകരവാദികള്‍ ഇസ്രായേലിലെയും നേപ്പാളിലെയും ചില ഗ്രൂപ്പുകളുമായും നേതാക്കളുമായും ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് സഹായം തേടി ചര്‍ച്ച നടത്തിയത് എന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. മാലേഗാവ് സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന ദയാനന്ദ് പാണ്ഡേയുടെ ലാപ് ടോപ്പില്‍ നിന്നാണത്രെ ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ഹിന്ദുത്വ ഭീകരതയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ ആശങ്കാജനകമാണെന്ന് ആഭ്യന്തരസെക്രട്ടറി ജി കെ പിള്ള തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരിയെ അപായപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍; അജ്മീര്‍ ഷെറീഫിലും ഹൈദരാബാദിലെ മെക്കാ മസ്ജിദിലും നടത്തിയ ബോംബു സ്ഫോടനങ്ങള്‍ക്കുത്തരവാദികളായവര്‍ക്ക് ഒരു ഉയര്‍ന്ന ആര്‍എസ്എസ് മേധാവി നിര്‍ദേശങ്ങള്‍ കൊടുത്തതിന്റെ തെളിവുകള്‍; മുസ്ളിങ്ങളെ കൊന്നുതള്ളുന്നതിനു വേണ്ടി ഒരു ബി ജെ പി നേതാവ് ഒരു അധോലോക സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചതായുള്ള വിവരങ്ങള്‍; ഇതൊക്കെയാണ് ഈയടുത്ത് പുറത്തു വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇന്ത്യാ ടുഡേ മാസികയുടെ വാര്‍ത്താ ചാനലായ ഹെഡ് ലൈന്‍സ് ടുഡേ നടത്തിയ ചില അന്വേഷണങ്ങളിലൂടെയാണ് സംഘ് പരിവാറിന്റെ തനിനിറം വെളിച്ചത്തു കൊണ്ടുവരുന്ന വിവരങ്ങള്‍ തെളിഞ്ഞിരിക്കുന്നത്. ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, ബി ജെ പി നേതാവ് ബി എല്‍ ശര്‍മ, ദില്ലിയിലുള്ള എന്റോക്രിനോളജിസ്റ്റ് (അലോപ്പതി ചികിത്സയിലെ ഒരു വിദഗ്ദ്ധ ശാഖ/വി എച്ച് പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഭായ് തൊഗാഡിയ ക്യാന്‍സര്‍ സര്‍ജനാണല്ലോ!) ഡോ. ആര്‍ പി സിംഗ്, പുനെ വാഡിയ കോളേജ് രസതന്ത്ര വിഭാഗം മേധാവി ഡോ. ശരദ് കുന്തെ എന്നിവരെയാണ് നേരിട്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരായി ഹെഡ് ലൈന്‍സ് ടുഡേ കണ്ടെത്തിയിരിക്കുന്നത്.


രാജസ്ഥാന്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെയും സി ബി ഐയുടെയും പക്കലുള്ളതും എഴുതി രേഖപ്പെടുത്തിയിട്ടുള്ളതുമായ സാക്ഷി മൊഴി പ്രകാരം, അജ്മീര്‍ ഷെറീഫിലും മെക്ക മസ്ജിദിലും ബോംബ് സ്ഫോടനങ്ങള്‍ നടത്തിയ സുനില്‍ ജോഷിയുമായി ഇന്ദ്രേഷ് കുമാറിന് അടുത്ത ബന്ധമാണുള്ളത്. ഈ ആക്രമണങ്ങള്‍ കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അനുമതിയോടെയാണെന്നും സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ എസ് എസിന്റെ നയരൂപീകരണ സമിതിയായ അഖില്‍ ഭാരതീയ കാര്യകാരി മണ്ഡലിന്റെ അംഗമാണ് ഇന്ദ്രേഷ് കുമാര്‍. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ അടുത്ത സഹായിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മെക്ക മസ്ജിദിലെ സ്ഫോടനത്തെ തുടര്‍ന്ന് പതിനേഴാളുകളാണ് മരണപ്പെട്ടത്. അജ്മീര്‍ ഷെറീഫിലാകട്ടെ രണ്ടു പേരും. ഹിന്ദു ഭീകരത എന്ന ഒരു പ്രതിഭാസം നിലനില്‍ക്കുന്നില്ല എന്നാണ് ആര്‍ എസ് എസ് വക്താവ് രാം മാധവ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. അന്വേഷണ ഏജന്‍സികള്‍ക്ക് ചില വിവരങ്ങള്‍ ആവശ്യമുണ്ട്. ഞങ്ങള്‍ പരിപൂര്‍ണമായി സഹകരിക്കുന്നുമുണ്ട്. ഇന്ദ്രേഷ് കുമാര്‍ ആര്‍ എസ് എസിന്റെ നിരവധി പോഷക സംഘടനകളുടെ ചുമതലക്കാരന്‍ കൂടിയാണ്. ഏറ്റവും കൌതുകകരമായ കാര്യം, മുസ്ളിം രാഷ്ട്രീയ മഞ്ച് എന്ന ആര്‍ എസ് എസ് മുസ്ളിം സെല്ലിന്റെ തലവനാണദ്ദേഹമെന്നതാണ്.

ബി ജെ പി നേതാവായ ബി എല്‍ ശര്‍മക്ക് മലെഗാവ് സ്ഫോടനക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ദയാനന്ദ് പാണ്ഡേയും ലെഫ്റ്റണന്റ് കേണല്‍ പുരോഹിതുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ തെളിവുകള്‍ ഹെഡ്ലൈന്‍സ് ടുഡേ ശേഖരിച്ചിട്ടുണ്ട്. ഈ വീഡിയോയില്‍, മുസ്ളിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു അണ്ടര്‍ഗ്രൌണ്ട് സംഘടന തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശര്‍മ സംസാരിക്കുന്നതായി കാണാം. 2007ല്‍ നാസിക്കിലാണ് ഈ യോഗം നടന്നിരിക്കുന്നത്. അന്ന് കേണല്‍ പുരോഹിത് അവിടെയാണ് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിനെ തുടര്‍ന്നാണ് അദ്ദേഹം അഭിനവ് ഭാരത് എന്ന സംഘടന രൂപീകരിക്കുന്നത്. ലക്ഷക്കണക്കിന്, കോടിക്കണക്കിന് മുസ്ളിങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങണമെന്നും അതിനെ തുടര്‍ന്ന് അവര്‍ ഹിന്ദുമതത്തിലേക്ക് കൂട്ടത്തോടെ മതപരിവര്‍ത്തനം ചെയ്ത് തിരിച്ചുവന്നുകൊള്ളുമെന്നും ഈ യോഗത്തില്‍ പങ്കെടുത്ത ഭീകരര്‍ പറയുന്നതു കേള്‍ക്കാം. കിഴക്കന്‍ ദില്ലി ലോകസഭാ മണ്ഡലത്തില്‍ നിന്ന് 1991ലും 1996ലും ബി ജെ പി ടിക്കറ്റില്‍ ജയിച്ചുവന്ന ആളാണ് ശര്‍മ്മ. 2009ലും മത്സരിച്ചിരുന്നുവെങ്കിലും തോറ്റു പോയി. ഈ വാര്‍ത്തകള്‍ പുറത്തു വിട്ടതിനെ തുടര്‍ന്ന് ദില്ലിയിലുള്ള ഹെഡ്ലൈന്‍സ് ടുഡേ ആപ്പീസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയുമുണ്ടായി. അവരുടെ അങ്കലാപ്പാണ് ഈ മാധ്യമവിരുദ്ധ നടപടിയിലൂടെ പുറത്തു വന്നിരിക്കുന്നത്.

രണ്ടു പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ഇതിനെ തുടര്‍ന്ന് സമാധാനവാദികള്‍ക്കും ജനാധിപത്യവാദികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഉന്നയിക്കാനുള്ളത്. ഒന്ന് ഭീകരപ്രവര്‍ത്തനം എന്നത് മുസ്ളിങ്ങള്‍ മാത്രം നടത്തുന്ന ഒരു കാര്യമാണെന്ന സാമാന്യബോധം ഈ വാര്‍ത്തകള്‍ വന്നിട്ടും എന്തുകൊണ്ട് മാറുന്നില്ല എന്നതു തന്നെയാണ്. അത് തെളിയിക്കുന്നത്, ഭീകരത സമം മുസ്ളിം എന്ന സമവാക്യം ഉന്നയിച്ചത് സംഘപരിവാറാണെങ്കിലും അത് നിശ്ശബ്ദമായി പടര്‍ത്തി വിട്ടത് ഔദ്യോഗിക/അനൌദ്യോഗിക തലങ്ങളില്‍ വ്യാപകമായി നിലനില്‍ക്കുന്ന മൃദുഹിന്ദുത്വ പൊതുബോധമാണെന്ന കാര്യമാണ്. മൃദുഹിന്ദുത്വം എത്രമേല്‍ മാരകമായ ഒരു വാസ്തവമാണെന്ന് നാം ഇനിയെന്നാണ് തിരിച്ചറിയുക?


ആര്‍ എസ് എസ് ഒരു സാംസ്ക്കാരിക സംഘടനയാണെന്നും അവര്‍ക്കെതിരെ അന്വേഷണങ്ങളൊന്നും പാടില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച കേരളത്തിലെ കവികളും സാഹിത്യകാരന്മാരും സാംസ്ക്കാരിക പ്രവര്‍ത്തകരും ഇപ്പോള്‍ എന്തു പറയുന്നു എന്നറിയാനും നമുക്ക് അവകാശമുണ്ട്. അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന്‍, സുരേഷ് ഗോപി, സുഗതകുമാരി, ഇ വാസു, ഭരത് ഗോപി(മരിച്ചു പോയി), ശ്രീകുമാരന്‍ തമ്പി എന്നിവരൊക്കെ അതീവഗുരുതരമായ വിധത്തില്‍ മനുഷ്യവിരുദ്ധവും രാജ്യ വിരുദ്ധവുമായ ആ പ്രസ്താവനയില്‍ ഒപ്പു വെച്ചിരുന്നുവെന്നാണ് ഓര്‍മ്മ. മുസ്ളിം ഭീകരതക്കെതിരെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന മലയാള മുഖ്യധാരാ പത്രങ്ങളും ചാനലുകളും ഹിന്ദുത്വ ഭീകരതയെ സംബന്ധിച്ച പുതിയ വാര്‍ത്തകളും തെളിവുകളും കഴിയാവുന്നത്ര തമസ്കരിക്കുകയോ മൂലകളിലേക്ക് തള്ളി മാറ്റുകയോ ചെയ്തതും യാദൃശ്ചികമല്ലെന്ന് നാം മനസ്സിലാക്കണം.

Wednesday, July 21, 2010

സ്വപ്നത്തില്‍ മറയുകയും തെളിയുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ചലച്ചിത്ര വിമര്‍ശനം എന്ന സംവാദാത്മക വ്യവഹാരം ആരെയാണ് അഭിസംബോധന ചെയ്യുന്നത് എന്നത് കുറെക്കാലമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങളിലൊന്നാണ്. ഒരു പ്രത്യേക ചലച്ചിത്രസൃഷ്ടിയെയോ കുറച്ചധികം ചലച്ചിത്ര സൃഷ്ടികളെയോ വിശകലനം ചെയ്യുന്നതിലൂടെ, ചലച്ചിത്രകാരനും അതിലൂടെ ചലച്ചിത്രവ്യവസായ/കലാസമൂഹത്തിനും മുമ്പില്‍ സമര്‍പ്പിക്കുന്ന ഒരു ആവലാതി ഹര്‍ജിയായി വിമര്‍ശനപ്രക്രിയയെ ചുരുക്കിക്കാണുന്നവരുണ്ട്. മറ്റു ചിലരാകട്ടെ, സിനിമാ പ്രേക്ഷകരുമായി ആശയവിനിമയത്തിലേര്‍പ്പെടുന്ന ഒരു ആധുനിക-ജനാധിപത്യ വ്യവസ്ഥയായി വിമര്‍ശനത്തെ 'വിപുലീകരിക്കുന്നു'. ഭൂരിഭാഗം സിനിമയും കച്ചവടവസ്തുക്കളായി വിപണനം ചെയ്യപ്പെടുന്ന സമകാലികാവസ്ഥയില്‍ കച്ചവടത്തെ വാണിജ്യ നിയമങ്ങളാല്‍ പരിഗണിക്കുന്നതിനു പകരം(അതിനെ അതായി തന്നെ കാണുക); ലാവണ്യബോധത്തിന്റെതോ പ്രത്യയശാസ്ത്രത്തിന്റെതോ ചരിത്രപരതയുടെതോ മനോ വിശ്ളേഷണശാസ്ത്രത്തിന്റെതോ നരവംശശാസ്ത്രത്തിന്റെതോ ലിംഗ പഠനങ്ങളുടേതോ സാഹിത്യ വിമര്‍ശനത്തിന്റെതോ ചിഹ്ന ശാസ്ത്രത്തിന്റെതോ ഭാഷാ പഠനങ്ങളുടെതോ സാമൂഹ്യവിമര്‍ശന പരികല്‍പനകളുടെതോ ആയ വിശകലനമാതൃകകളിലേക്കും പരിസരങ്ങളിലേക്കും അവയെ 'വലിച്ചിഴച്ചു' കൊണ്ടു വരുന്ന പുതിയ തലമുറ വിമര്‍ശകരുടെ ശല്യം സഹിക്കവയ്യാതായിട്ടുണ്ടെന്ന് സിനിമാക്കാര്‍ മാത്രമല്ല മറ്റ് നിരീക്ഷകരും വേവലാതിപ്പെടാറുണ്ട്. ഇതിനൊക്കെയിടയിലാണ് ഭാഷയെ സങ്കീര്‍ണമാക്കുന്നതിന്റെ ഉറക്കം കെടുത്തലുകള്‍. വെള്ളം പോലെ ലളിതമായ സിനിമയെ എന്തിനിവര്‍ ക്ളിഷ്ടമായ ഭാഷയിലൂടെ വ്യാഖ്യാനിച്ച് വായനക്കാരെ അങ്കലാപ്പിലാക്കുന്നു എന്നും ശുദ്ധാത്മാക്കള്‍ വ്യാകുലപ്പെടുന്നു. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനമായി ചലച്ചിത്രവിമര്‍ശനത്തെ ഈ വാദഗതിക്കാര്‍ തള്ളിക്കളയുകയും ചെയ്യുന്നു.

കഴിഞ്ഞ കാലങ്ങളില്‍ ചലച്ചിത്ര വിമര്‍ശനം നിര്‍വഹിച്ചതും നിര്‍വഹിക്കാന്‍ ശ്രമിച്ചതും നിര്‍വഹിക്കാതെ പോയതുമായ കൃത്യങ്ങളെന്തൊക്കെ എന്ന് കൂലങ്കഷമായി പരിശോധിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. കേരളീയരുടെ കാഴ്ചാ/വിശകലന ബോധത്തില്‍ സിനിമ നടത്തിയിട്ടുള്ള തകിടം മറിച്ചിലുകളും അധികരണങ്ങളും കേരള/മലയാള സാമൂഹിക രൂപീകരണത്തെ എപ്രകാരമാണ് സ്വാധീനിച്ചിട്ടുള്ളതെന്ന് സൂക്ഷ്മമായും സമഗ്രമായും പരിശോധിക്കാന്‍ മാത്രം പക്വതയും വളര്‍ച്ചയും ചലച്ചിത്ര വിമര്‍ശനം സ്വായത്തമാക്കി വരുന്നതേ ഉള്ളൂ. കാലം, ചലനം, ജീവിതം, കല, സൌന്ദര്യം, രാഷ്ട്രീയം, ലൈംഗികത, കുടുംബം, നോട്ടം, വികാരം, വിചാരം, അധീശത്വം, വിധേയത്വം എന്നിങ്ങനെ നിരവധി മാനുഷിക ഘടകങ്ങളെ പഠിക്കാനും പരിശോധിക്കാനും വിശകലനം ചെയ്യാനും സിദ്ധാന്തീകരിക്കാനും സിനിമയുടെ മുഴുവന്‍ ചരിത്രവും വര്‍ത്തമാനവും ഭാവിയും വിമര്‍ശകര്‍ ലോകവ്യാപകമായി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം നാം കാണാതെ പോകുകയും ചെയ്യുന്നു.

ബിംബപ്രതീകങ്ങളിലൂടെയും ചിഹ്നവല്‍ക്കരണങ്ങളിലൂടെയും സമൂഹത്തെ ഒരു ഭാഗത്ത് കെട്ടിപ്പടുക്കുകയും മറു ഭാഗത്ത് ഉടച്ചില്ലാതാക്കുകയും ചെയ്യുന്ന പ്രക്രിയകളാണ് സിനിമയിലൂടെ സാധിതമാകുന്നത്. സിനിമക്കകത്തെ ചലനങ്ങളിലേക്ക് നോട്ടം പതിപ്പിക്കാന്‍ പ്രേക്ഷകര്‍ക്ക് അജൈവവും അതിമാനുഷവുമായ കഴിവുകളുള്ള ഒരു കണ്ണ് അഥവാ കണ്ണുകള്‍ തന്നെ ലഭ്യമായിരിക്കുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്. അത് ഒരേ സമയം അജ്ഞാതമായ(അനോണിമസ്) ഒരു സുരക്ഷിതത്വത്തിലിരുന്ന് കാഴ്ചകള്‍ വീക്ഷിക്കാനും അതില്‍ അഭിരമിക്കാനുമുള്ള സാധ്യതകള്‍ കാണിക്ക് പ്രദാനം ചെയ്യുന്നു. അതോടൊപ്പം, സിനിമക്കകത്തെ കഥാപാത്രത്തിനോടും കഥാപാത്രങ്ങളോടും സാത്മ്യപ്പെട്ടുകൊണ്ട് ആഖ്യാനത്തെയും കാഴ്ചകളെയും ചലനങ്ങളെയും ആഗിരണം ചെയ്യാനുള്ള അധികശേഷിയും ലഭ്യമാക്കുന്നു. ചലച്ചിത്രകാരന്റെ പ്രത്യയശാസ്ത്രത്തിനുള്ളില്‍ തടവിലാക്കപ്പെടുന്ന പ്രേക്ഷണത്തെ സ്വതന്ത്രമെന്ന് തെറ്റിദ്ധരിക്കാനും കാണിക്ക് സാധിക്കുന്നു. സിനിമയുടെ (പില്‍ക്കാലത്ത് ടെലിവിഷന്റെയും) നിരന്തര സാന്നിദ്ധ്യത്തിലൂടെ മനുഷ്യരാകെ ക്യാമറാവബോധത്തി (ക്യാമറ കോണ്‍ഷ്യസ്നെസ്) ലകപ്പെട്ടിരിക്കുകയാണെന്ന നിരീക്ഷണം പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. സിനിമക്കകത്തെ ക്ളോസപ്പുകള്‍ കാണിയുടെ ബോധത്തിലും അബോധത്തിലുമുള്ള ആസക്തിയും അത്ഭുതങ്ങളും പുറത്തെടുക്കുകയും ഉദ്ദീപിക്കുകയും ചെയ്യുന്നു. ആധുനിക സാമൂഹിക രൂപീകരണം എന്നത് സിനിമ കൂടി ഉള്‍പ്പെട്ട ഒന്നായി കഴിഞ്ഞ കാലത്ത് മാറിത്തീര്‍ന്നിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുകയാണെങ്കില്‍, ചലച്ചിത്രവിമര്‍ശനം എന്നത് സാമൂഹിക വിമര്‍ശനവും അതുവഴി സാമൂഹിക നിര്‍മാണപ്രക്രിയയുമാണെന്ന പ്രാഥമിക സത്യം ബോധ്യപ്പെടുകയും ചെയ്യും.

സത്യന്‍ അന്തിക്കാട് അടക്കമുള്ള മലയാള മുഖ്യധാരാ സിനിമയിലെ തിരക്കുള്ള സംവിധായകര്‍ പൊതുവെ ചലച്ചിത്ര വിമര്‍ശനങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും, അത്തരമൊരേര്‍പ്പാട് കേരളത്തിലും നടപ്പിലുണ്ടെന്ന കാര്യം തമസ്കരിക്കുകയുമാണ് പതിവ് എന്നതാണ് മുന്‍കാല അനുഭവം. അതില്‍ നിന്ന് വ്യത്യസ്തമായി കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് സിനിമയെക്കുറിച്ചുള്ള എന്റെ ലേഖനത്തോട് അദ്ദേഹം പ്രതികരിച്ചു എന്നതില്‍ വിമര്‍ശനപ്രക്രിയയില്‍ രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലക്ക് ഞാന്‍ അതീവസന്തുഷ്ടനാണ്. ജീവിതാനുഭവങ്ങളും സിനിമാനുഭവങ്ങളും ധാരാളമായുള്ള അദ്ദേഹത്തിന് വിമര്‍ശനാനുഭവങ്ങള്‍ കുറവാണെന്നാണ് ഈ അഭിമുഖവും മുമ്പ് അദ്ദേഹം കൊടുത്തിട്ടുള്ള അഭിമുഖങ്ങളും അനുഭവക്കുറിപ്പുകളും മറ്റും വായിച്ചാല്‍ തോന്നുക. എന്നാല്‍, ജനങ്ങള്‍ തന്റെ സിനിമയെ നെഞ്ചേറ്റി സ്വീകരിച്ചു; എന്റെ മനസ്സിലെന്താണെന്ന് ജനങ്ങള്‍ക്കറിയാം; എന്നെ അഭിനന്ദിക്കാന്‍ നിരവധി ആളുകള്‍ വിളിക്കാറുണ്ട്; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എന്റെ സിനിമയില്‍ വലിയ വിശ്വാസമാണ്; എന്റെ പ്രേക്ഷകരോട് മാത്രമാണ് എനിക്ക് കമ്മിറ്റ്മെന്റുള്ളത്; എന്നിങ്ങനെ സ്വയം വലുതാക്കുകയും മറ്റുള്ളവരെ മോഹിപ്പിക്കുകയും ചെയ്യുന്ന അനവധി വിജയനാട്യങ്ങളുടെ ഉയരത്തിലാണ് അദ്ദേഹം സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് ദേശാഭിമാനി വാരികക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്ന് മനസ്സിലാക്കാനും കഴിയും.


ദേശാഭിമാനി വാരികയുടെ നടത്തിപ്പുകാര്‍ ഇടതുപക്ഷം, വിശിഷ്യാ സി പി ഐ(എം) ആണെന്ന് അറിയുന്നതുകൊണ്ട് തനിക്ക് ആ പാര്‍ടിയോട് പ്രത്യേക മമത ഇല്ലെന്ന് ഇതേ അഭിമുഖത്തില്‍ വ്യക്തമാക്കി കൈ കഴുകാനും അദ്ദേഹം ശ്രദ്ധാലുവാകുന്നു. ഈ സിനിമ കണ്ട് വിളിച്ചവരായ നാല് നേതാക്കളുടെ പേര് പറയുമ്പോള്‍ അതില്‍ രണ്ടാള്‍ കോണ്‍ഗ്രസും രണ്ടാള്‍ കമ്യൂണിസ്റുമാക്കി സമതുലിതാവസ്ഥ നിലനിര്‍ത്താന്‍ അദ്ദേഹം പാടുപെടുന്നു. മുമ്പ് ഇത്തരം സമതുലിതാവസ്ഥ കണ്ടിട്ടുള്ളത്, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ റിപ്പോര്‍ട് ചെയ്യുമ്പോള്‍ ബൂര്‍ഷ്വാ പത്രങ്ങള്‍ പുലര്‍ത്തുന്ന രീതിയിലാണ്. ഇത്രയെണ്ണം മാര്‍ക്സിസ്റുകള്‍ കൊല്ലപ്പെട്ടതിനു പകരം ഇത്രയെണ്ണം ആര്‍ എസ് എസുകാര്‍ കൊല്ലപ്പെട്ടു എന്ന തരം വാര്‍ത്തകളിലെ നിസ്സംഗതയും നിഷ്പക്ഷതയുമാണ് സത്യന്‍ അന്തിക്കാടും പുലര്‍ത്തിക്കാണുന്നത്. ഏറ്റവും കൌതുകകരമായിട്ടുള്ളത് അദ്ദേഹത്തിന്റെ വോട്ടു കുത്തല്‍ രീതിയാണ്. നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു വന്ന സമയത്ത് ഒരു വോട്ട് എല്‍ ഡി എഫിനും ഒരു വോട്ട് യു ഡി എഫിനും ഞാന്‍ നല്‍കിയിട്ടുണ്ട് എന്ന അദ്ദേഹത്തിന്റെ സ്വയം സാക്ഷ്യപത്രം ഏറ്റവും 'ഗംഭീര'മായ ഒന്നായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചേക്കും. ഇന്ത്യയില്‍ ത്രിതല പഞ്ചായത്ത് രാജ് സംവിധാനം കണ്ടു പിടിച്ചതു തന്നെ സത്യന്‍ അന്തിക്കാടിന് വോട്ടു ചെയ്യാന്‍ വേണ്ടിയായിരിക്കണം എന്ന് ഇപ്പോള്‍ മനസ്സിലായി. ഒരു വോട്ട് എല്‍ ഡി എഫിന്, ഒരു വോട്ട് യു ഡി എഫിന്, മൂന്നാമത്തേത് ബി ജെ പിക്ക് എന്ന വിധത്തില്‍ വോട്ട് ചെയ്യാന്‍ വേണ്ടി അന്തിക്കാട് ഗ്രാമത്തെ എല്ലാക്കാലത്തും പഞ്ചായത്താക്കി നിലനിര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്യുന്നു. നഗരസ്വഭാവം വന്ന് നഗരസഭയായാല്‍ ഈ ത്രിതല അവസരം ഇല്ലാതായിപ്പോകും.

ഇത്തരത്തിലുള്ള സമതുലിത അഭിപ്രായം രാഷ്ട്രീയത്തെക്കുറിച്ച് വെച്ചു പുലര്‍ത്തുന്നതുകൊണ്ടാണ് സന്ദേശം പോലെ കടുത്ത തോതില്‍ അരാഷ്ട്രീയവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സിനിമ പുറത്തിറക്കാനും വിജയിപ്പിച്ചെടുക്കാനും സത്യന്‍ അന്തിക്കാടിന് സാധ്യമായത്. സന്ദേശത്തിനു ശേഷമുള്ള കേരളം അരാഷ്ട്രീയവത്ക്കരണത്തിലേക്ക് വേഗത്തില്‍ നീങ്ങുന്നത് ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചു, അധ്യാപക രാഷ്ട്രീയം നിരോധിച്ചു, തൊഴിലാളി രാഷ്ട്രീയം നിരോധിച്ചു, (ചുമട്ടുതൊഴിലാളികളാണ് കേരളം കണ്ടതില്‍ വേച്ചേറ്റവും നികൃഷ്ടരായ മനുഷ്യര്‍ എന്ന പൊതു ബോധം പ്രചരിച്ചു), ബന്ദ് നിരോധിച്ചു, പൊതു സ്ഥലത്ത് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു, തെരഞ്ഞെടുപ്പുകാലത്ത് പോസ്ററുകളും ബാനറുകളും നിരോധിക്കുന്നതിനു തുല്യമായ വിധത്തില്‍ നിയന്ത്രിച്ചു എന്നിങ്ങനെ, കഴിഞ്ഞ ഒന്നു രണ്ടു പതിറ്റാണ്ടുകളിലായി പുരോഗമന രാഷ്ട്രീയ ബോധത്തിനും ജനാധിപത്യ വത്ക്കരണ പ്രക്രിയക്കും കോടതികളില്‍ നിന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ പോലുള്ള മറ്റ് ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ഏറ്റുകൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ തിരിച്ചടികള്‍ സന്ദേശം പോലുള്ള സിനിമകളുടെ ജനപ്രിയതയുടെ തുടര്‍ച്ചയായിട്ടു വേണം വായിച്ചെടുക്കാന്‍. അതായത്; സന്ദേശം വിജയിച്ചതുകൊണ്ട്, ജനാധിപത്യകേരളത്തില്‍ കഴിഞ്ഞ വാചകത്തില്‍ വ്യാഖ്യാനിച്ചതു പോലുള്ള ദാരുണ സംഭവങ്ങളെല്ലാമുണ്ടായി എന്നല്ല അര്‍ത്ഥമാക്കുന്നത്; മറിച്ച്, ജനാധിപത്യവത്ക്കരണത്തില്‍ നിന്നുള്ള കേരളത്തിന്റെ മടങ്ങിപ്പോക്കിനെയും കേരളത്തിന്റെ വലതുപക്ഷവത്ക്കരണത്തെയും ജനങ്ങള്‍ ആശ്ളേഷിച്ചതിന്റെ പ്രത്യക്ഷോദാഹരണമായിരുന്നു സന്ദേശമടക്കമുള്ള സിനിമകളുടെ വന്‍വിജയം എന്ന യാഥാര്‍ത്ഥ്യത്തെ നാം എത്ര കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് ഉത്ക്കണ്ഠപ്പെടുക മാത്രമാണ്. മലയാളിക്കും മലയാള സിനിമാ വിമര്‍ശനത്തിനും തിരിച്ചറിയാന്‍ കഴിയാതെ പോയ ഈ 'ചിരിക്കുടുക്ക'കള്‍ അതുകൊണ്ടു തന്നെ കഷണം കഷണമായി മാറി ടെലിവിഷനിലൂടെ വീടകങ്ങളെയും നിരന്തരം അരാഷ്ട്രീയവത്ക്കരിച്ചുകൊണ്ടിരിക്കുന്നു. കുടുംബത്തിന്റെ അപ്രമാദിത്വത്തിനു വേണ്ടി സാമൂഹിക ജീവിതത്തെ അപ്രസക്തമാക്കുകയും പരിഹാസ്യമാക്കുകയും ചെയ്യുന്ന സന്ദേശം പോലുള്ള ഒരു സിനിമ പുറത്തിറക്കിയതിന്റെ പേരിലായിരിക്കും സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വരും നാളുകളില്‍ ഒരു ഭാഗത്ത് വാഴ്ത്തപ്പെടുകയും മറുഭാഗത്ത് വിചാരണ ചെയ്യപ്പെടുകയും ചെയ്യുക.

കമ്യൂണിസ്റ് പാര്‍ടി തെരഞ്ഞെടുപ്പില്‍ തോറ്റതിനെക്കുറിച്ച് പാര്‍ടി യോഗത്തില്‍ കുമാരപിള്ള(ശങ്കരാടി) വിശദീകരിക്കുന്നതിപ്രകാരമാണ്: "താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന് വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍. ഒന്ന് ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങിനെയാണ് തെരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്നം." മനസ്സിലായില്ല എന്ന് ഒരു പാര്‍ടി മെമ്പറായ ഉത്തമന്‍ ചോദ്യം ചോദിക്കുന്നു. കുമാരപിള്ളയുടെ മറുപടി തുടരുന്നു. അതായത് വര്‍ഗാധിപത്യവും കൊളോണിയലിസ്റ് ചിന്താസരണികളും. റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. ഇപ്പോള്‍ മനസ്സിലായോ(കുമാരപിള്ള). എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്ന് ലളിതമായി ഒന്ന് പറഞ്ഞു തന്നാല്‍ പോരെ, ഈ പ്രതിക്രിയാവാതകവും കൊളോണിയലിസവും എന്നെല്ലാം പറഞ്ഞ് കണ്‍ഫ്യൂഷനാക്കുന്നതെന്തിനാ എന്ന് ഉത്തമന്‍ വീണ്ടും. ഉള്‍പാര്‍ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട് ശരിയാ. നമ്മളെല്ലാവരും ഒരുമിച്ചിരുന്ന് ദിനേശ്ബീഡി വലിക്കുന്നത് അതുകൊണ്ടാ. എന്നു വെച്ച് പാര്‍ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യരുത് മനസ്സിലായോ? (വീണ്ടും കുമാരപിള്ള/ബുദ്ധിജീവിയായ നേതാവിന്റെ അടിച്ചിരുത്തുന്ന മറുപടി).

ഒരു മിനുറ്റും പത്തു സെക്കന്റും വരുന്ന ഈ കോമഡി രംഗം ചാനലായ ചാനലുകളിലൊക്കെയും നിരന്തരമായി കാണിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. കൂടാതെ, പൊളിട്രിക്സ് പോലുള്ള കൂട്ടിക്കലര്‍ത്തല്‍ പരിപാടികളില്‍ ഇടതു നേതാക്കളുടെ പ്രസംഗത്തിന്റെ ദൃശ്യരേഖയും ഈ ശ്രീനിവാസന്‍/സത്യന്‍ അന്തിക്കാട്/ശങ്കരാടി ഭാഷണത്തിന്റെ ശബ്ദരേഖയും കൂട്ടിയോജിപ്പിച്ച് പരിഹസിക്കുന്നതും പതിവാണ്. യുട്യൂബില്‍ സന്ദേശത്തിലെ യഥാര്‍ത്ഥ രംഗം, വൈക്കം വിശ്വനടക്കമുള്ള എല്‍ ഡി എഫ് നേതാക്കളുടെ പ്രസംഗ വിഷ്വലുകളുടെ പുറകില്‍ കൂട്ടിയോജിപ്പിച്ച് ഇത്തരത്തില്‍ പരിഹാസ്യമാക്കുന്നത് പതിവാണ്. എല്‍ ഡി എഫ് കോമഡി ഷോ എന്ന പേരില്‍ ഇഫക്ട് മാട്രിക്സ്.കോം കൂട്ടിയോജിപ്പിച്ച വീഡിയോ കാണുന്നതിന് ഈ ലിങ്കിലമര്‍ത്തിയാല്‍ മതി:
യഥാര്‍ത്ഥത്തില്‍ ഇത് അതിസങ്കീര്‍ണമായ ഒരു പ്രശ്നമാണ്. മലയാള ജനപ്രിയ സിനിമയുടെ ചരിത്രത്തില്‍ ശ്രീനിവാസനോടൊപ്പം ചേര്‍ന്ന് സത്യന്‍ അന്തിക്കാട് നടത്തിയിട്ടുള്ള വിഛേദങ്ങള്‍ സക്കറിയ പറയുന്നതനുസരിച്ച്, ജനപ്രിയ സിനിമാതത്വങ്ങളെ തിരുത്തിക്കൊണ്ട് ജനപ്രിയങ്ങളായ നവീനതകള്‍ സൃഷ്ടിക്കലായിരുന്നു(ശ്രീനിവാസന്‍ ഒരു പുസ്തകം-പേജ് 98) എന്നതില്‍ സംശയമില്ല. ശ്രീനിവാസന്‍ സിനിമകളില്‍ നടക്കുന്നതായനുഭവപ്പെടുന്ന വര്‍ഗസമരം വ്യാജമാണെന്ന് രവീന്ദ്രന്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്: (അതേ പുസ്തകം- പേജ് 108, 109) പ്രീഡിഗ്രിക്കാരന്‍ സി ഐ ഡി(നാടോടിക്കാറ്റ്/1987)യും തട്ടാന്‍ കാമുകനും(പൊന്മുയിടുന്ന താറാവ്/1988) രാഷ്ട്രീയക്കാരനായ സഹോദരനും(സന്ദേശം/1991) വക്കീലായ പ്രതിനായകനും (ടി പി ബാലഗോപാലന്‍ എം എ/1986) തൊഴില്‍, ജീവിത, വീക്ഷണ സ്വത്വങ്ങളുള്ളവരും പലതരം ജീവിത ചോദനകളാല്‍ പ്രചോദിതരും ആയ പൂര്‍ണ വ്യക്തിത്വങ്ങളാണ്. നിര്‍മുഖരായി മാറുന്നുവെന്ന് മാത്രമല്ല, താരനായകന്മാരുമായി ഒപ്പത്തിനൊപ്പം മത്സരിക്കുവാനുള്ള ഊറ്റവും അവര്‍ പ്രകടിപ്പിക്കുന്നു. ഇത് ഒട്ടും ലഘുവായ ഒരു കാര്യമല്ല, ഇതിവൃത്താകാരമാണ്. നടക്കുന്ന പ്രത്യയശാസ്ത്രസമരത്തില്‍ ചെറുത്തുനില്‍പിന്റെ ഒരു ഉപപാഠ(subb tex)മായി ഈ ഒ. ബി. സി കഥാപാത്രങ്ങള്‍ പ്രവേശിക്കുന്ന പ്രവണതയാണിത് സാക്ഷ്യപ്പെടുത്തുന്നത്. ഭാഗികമായെങ്കിലും ഇത് ക്രിയാത്മകമായ രാഷ്ട്രീയ മുന്നേറ്റം തന്നെ. ഇതര പിന്നോക്ക വിഭാഗത്തിന്റെ കലാപം പക്ഷെ, ഇവിടെ അവസാനിക്കുന്നു. സിനിമ അവസാനിക്കുന്നത് തീര്‍ച്ചയായും, താരനായകന്റെ നിലപാടുകളുടെയും മൂല്യസ്ഥായികളുടെയും അപ്രമാദിത്വം നിസ്സന്ദേഹം പുന:സ്ഥാപിച്ചുകൊണ്ടാവും. ശ്രീനിവാസന്റെ കറുത്ത് കുറിയതായ ശരീരത്തെ അതിന്റെ നിതാന്തമായ അധമത്വത്തിലേക്ക് തള്ളിമാറ്റി താരനായകന്റെ സവര്‍ണാകാരം അതിന്റെ ജൈത്രയാത്ര തുടര്‍ന്നു പോവും. സന്ദേശത്തില്‍ ജയറാമിന്റെ ഒരേ സമയം കോണ്‍ഗ്രസിന്റേതും അതേ സമയം സവര്‍ണരൂപത്തിലുള്ളതുമായ താരാകാരത്തിന്റെ അന്തിമവിജയം ജനമനസ്സുകളില്‍ സുസ്ഥാപിതമാകുന്നു എന്നു ചുരുക്കം. സന്ദേശം പ്രത്യക്ഷത്തില്‍ അരാഷ്ട്രീയതയെയാണ് പ്രോത്സാഹിപ്പിക്കുന്നതെങ്കിലും ആത്യന്തികമായി കോണ്‍ഗ്രസിന്റെ വലതുപക്ഷ രാഷ്ട്രീയമാണ് കമ്യൂണിസ്റ് പാര്‍ടിയുടേതിനേക്കാള്‍ ഭേദം എന്ന പ്രതീതി ജനിപ്പിക്കുന്നു. എല്ലാം കണക്കാണ് എന്ന രാഷ്ട്രീയ വിമര്‍ശനം ആര്‍ക്കാണ് ആത്യന്തികമായി ഗുണം ചെയ്യുന്നതെന്ന് വ്യക്തം. സത്യന്‍ അന്തിക്കാട്/ശ്രീനിവാസന്‍ കൂട്ടുകെട്ട് ഉത്പാദിപ്പിച്ച ജനപ്രിയ സിനിമകളുടെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ പരിമിതികളെ(അഥവാ സാധ്യതകളെ) ഇപ്രകാരം രവീന്ദ്രന്‍ കൃത്യമായി വ്യാഖ്യാനിക്കുന്നുണ്ട്.


കഥ തുടരുന്നു എന്ന സിനിമ കണ്ട് അതിഗംഭീരമായിട്ടുണ്ട് എന്നഭിപ്രായപ്പെട്ടുകൊണ്ട് സത്യന്‍ അന്തിക്കാടിനെ ഫോണില്‍ വിളിച്ചഭിനന്ദിച്ച വി എം സുധീരന്‍ എന്ന വലതുപക്ഷ രാഷ്ട്രീയ നേതാവ് മുമ്പ് നിരീക്ഷിച്ചത് വായിക്കുക: സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഇതള്‍ വിരിഞ്ഞ 'വരവേല്‍പ്പ്' എന്ന ചിത്രം എക്കാലത്തെയും മികച്ച മലയാള സിനിമയാണെന്ന് ഞാന്‍ നിസ്സംശയം പറയും. സമകാലീന കേരള സമൂഹത്തിന്റെ തീരാക്കളങ്കമായ ട്രേഡ് യൂണിയനിസം പടച്ചു വിടുന്ന അനിവാര്യമായ ദുരന്തം ഏറ്റവും തീക്ഷ്ണമായ രൂപത്തില്‍ നമുക്ക് വരവേല്‍പ്പില്‍ അനുഭവവേദ്യമാകുന്നു. ഗള്‍ഫിലെ ലേബര്‍ക്യാമ്പുകളിലൊക്കെ ജീവിതത്തിന്റെ വസന്ത കാലങ്ങള്‍, വിയര്‍പ്പിലും കണ്ണീരിലും നീന്തിക്കടന്ന് അത്യാവശ്യത്തിന് കുറേ പണം സമ്പാദിച്ച് നാട്ടില്‍ വന്ന് എന്തെങ്കിലും ഏര്‍പ്പാട് തുടങ്ങി, കുടുംബത്തോടൊപ്പം ജീവിക്കാമെന്ന മോഹവുമായി എത്തുന്ന ഒരു ശരാശരി മലയാളി- ആ ഹതഭാഗ്യന്റെ, ദുരന്തത്തിന്റെ കഥ സമകാലീന രാഷ്ട്രീയത്തിന്റെ നിഷേധാത്മകമുഖം നമുക്ക് കാട്ടിത്തരുന്നു. എനിക്ക് തോന്നുന്നത്, ആ സിനിമയാണ് ട്രേഡ് യൂണിയന്‍ രാഷ്ട്രീയത്തില്‍ അനഭിലഷണീയമായി കടന്നു വരുന്ന നെഗറ്റീവ് പ്രവണതക്കു നേരെ സൌമ്യസുന്ദരമായി, നര്‍മത്തിന്റെ നിറത്തോടെ, അതേ സമയം അതിശക്തമായി പ്രതികരിച്ച ഏറ്റവും ശ്രദ്ധിക്കപ്പട്ട മലയാള ചലച്ചിത്രം. (ശ്രീനിവാസന്‍ ഒരു പുസ്തകം-പേജ് 112) വി എം സുധീരനെപ്പോലെ മാധ്യമങ്ങളുടെ ഓമനയായ ഒരു വലതു പക്ഷ ജനപ്രിയ നേതാവിനെ കോരിത്തരിപ്പിച്ച വരവേല്‍പ്പിലെ രാഷ്ട്രീയ പരിഹാസം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിയെയും കോരിത്തരിപ്പിച്ചു. വരവേല്‍പ്പ്(1989), ഗള്‍ഫ് മലയാളി കേരളത്തിലനുഭവിക്കുന്ന ദുരിതങ്ങളെ യഥാതഥമെന്നോണം അവതരിപ്പിച്ച് വന്‍ വാണിജ്യവിജയവും ജനപ്രിയതയും കൈവരിച്ച സിനിമയാണ്.


ഏഴു വര്‍ഷക്കാലയളവില്‍ ഒരിക്കല്‍ പോലും ലീവില്‍ വരാതെ ചോര നീരാക്കി, അറബിയുടെ ആട്ടും തുപ്പും സഹിച്ച് ഗള്‍ഫില്‍ പണിയെടുത്ത് കുടുംബക്കാരെ കര കയറ്റിയതിനു ശേഷം നാട്ടില്‍ ചെറിയ ബിസിനസു ചെയ്ത് സ്ഥിരതാമസമാക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് മുരളി(മോഹന്‍ലാല്‍) വള്ളുവനാടന്‍ ഗ്രാമത്തില്‍ തിരിച്ചെത്തുന്നത്. കേരളീയരുടെ ഗള്‍ഫ് പ്രവാസം ആരംഭിച്ച് ഏതാണ്ട് രണ്ടു മൂന്നു പതിറ്റാണ്ട് കഴിഞ്ഞതിനു ശേഷമുണ്ടായ ഈ സിനിമയെ അടിസ്ഥാനമാക്കിക്കൊണ്ട് മലയാളിസമൂഹം എപ്രകാരമാണ് മലയാളി സമൂഹത്തെ തന്നെ വ്യാഖ്യാനിക്കുന്നത്, അവരെങ്ങിനെയാണ് മറുനാടന്‍ മലയാളിയെ(കളെ) പൊതുവെയും പ്രത്യേകിച്ച് ഗള്‍ഫുകാരെയും പരിഗണിക്കുന്നത്, പ്രവാസി മലയാളി കേരള സമൂഹത്തെ ഏതു വിധത്തിലാണ് സമീപിക്കുന്നത് എന്നീ നിര്‍ണായക നിലപാടുകളുടെ ജനപ്രിയബോധ്യങ്ങള്‍ പരിശോധിക്കാന്‍ കഴിയും. കേരളത്തില്‍ ജീവിക്കുന്ന ശരാശരി മലയാളികള്‍ അധ്വാനിക്കാന്‍ വിമുഖരാണെന്നും തട്ടിപ്പുകാരാണെന്നുമാണ് മലയാളികളെന്നതുപോലെ ഗള്‍ഫുകാരനും വരവേല്‍പ്പിലൂടെ അനുഭവിച്ചറിയുന്നത്. എന്‍ ആര്‍ ഇ അക്കൌണ്ടില്‍ നീക്കിയിരിപ്പുണ്ടായിരുന്ന തുകയെടുത്തു മുരളി വാങ്ങിയ റൂട്ടോടു കൂടിയ ബസ് സര്‍വീസില്‍ ജാമ്യത്തുക പോലും മേടിക്കാതെയാണ് ഡ്രൈവറെയും കണ്ടക്ടറെയും നിയമിക്കുന്നത്. റൂട്ടോടു കൂടിയ ബസായതുകൊണ്ട് മുമ്പ് ഈ ബസില്‍ ജോലി ചെയ്തിരുന്നവര്‍ എപ്രകാരം പിരിഞ്ഞുപോയി എന്നു വിശദീകരിക്കപ്പെടുകയോ ഒരിക്കല്‍ പോലും പരാമര്‍ശിക്കപ്പെടുകയോ ചെയ്യുന്നില്ല. ഡ്രൈവറായി ചാത്തുട്ടി(ഇന്നസെന്റ്)യും കണ്ടക്ടറായി വല്‍സ(ജഗദീഷ്)നും നിയമിക്കപ്പെടുന്നത്, മുരളിയുടെ ജ്യേഷ്ഠനായ അബ്കാരി കുമാരന്റെ(ജനാര്‍ദനന്‍) ശുപാര്‍ശയെത്തുടര്‍ന്നാണ്. ക്ളീനറായി മുരളിയുടെ ആത്മസുഹൃത്ത് ഹംസ(മാമുക്കോയ)യും നിയമിതനാവുന്നു. അബ്കാരി ബിസിനസാണ് നല്ലതെന്ന കുമാരേട്ടന്റെയും, ഹോട്ടലാണ് മെച്ചമെന്ന വല്ല്യേട്ടനായ നാരായണന്റെ(ഒടുവില്‍ ഉണ്ണികൃഷ്ണന്‍)യും ഉപദേശങ്ങള്‍ തള്ളിക്കൊണ്ടാണ് മുരളി ബസ് വാങ്ങുന്നത്. രണ്ട് ജ്യേഷ്ഠന്മാര്‍, അവരുടെ ഭാര്യമാര്‍, കുട്ടികള്‍ എന്നിവരെല്ലാം ഒന്നിച്ചു തന്നെയാണ് താമസം. മുരളി തിരിച്ചുവരുന്ന ദിവസം അവനെ സല്‍ക്കരിക്കാന്‍ അവര്‍ മത്സരിക്കുന്നതും അവന്റെ സമ്പാദ്യം തങ്ങള്‍ക്ക് ഗുണപരമായ തരത്തില്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതും വിശദമായി ചിത്രീകരിച്ചിട്ടുണ്ട്. കുടുംബം എന്നത് പ്രവാസിയുടെ ചോര ഊറ്റിയെടുക്കുന്ന ഒരു ഇത്തിക്കണ്ണിവ്യവസ്ഥയാണെന്ന് മലയാളിക്കും ഗള്‍ഫുകാരനും ഒരേ പോലെ ബോധ്യപ്പെടുന്ന തരത്തിലാണ് അവരെ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. ധിക്കാരിയായ ഡ്രൈവറും മോഷ്ടാവായ കണ്ടക്ടറും ചേര്‍ന്ന് മുരളി എന്ന 'മുതലാളി'യെ തകര്‍ക്കുന്നു. ബ്രേക്ക് ഇന്‍സ്പെക്ടറും(ശ്രീനിവാസന്‍) തൊഴിലാളി നേതാവായ പ്രഭാകരനും(മുരളി) യാത്രക്കാരിയായ രമ(രേവതി)യും എല്ലാം അവനെ ദ്രോഹിക്കുന്നതില്‍ പിന്നിലല്ല. കേരളം ജീവിത യോഗ്യമായ ഒരു സമൂഹമേ അല്ല എന്നാണ് സിനിമ എത്തിച്ചേരുന്ന നിഗമനം. ഗള്‍ഫുകാരാ മൂരാച്ചി, ഇത് കേരളമാണേ സൂക്ഷിച്ചോ എന്നാണ് തൊഴിലാളി സമരത്തിന്റെ ഭാഗമായി ബസ് വഴിയില്‍ തടഞ്ഞിടുന്നവര്‍ വിളിക്കുന്ന മുദ്രാവാക്യമെങ്കില്‍, ഗള്‍ഫില്‍ പോയി നാലു കാശുണ്ടാക്കിപ്പോരും, അറിയാത്ത ബിസിനസില്‍ പോയി ചാടും എന്നാണ് പ്രശ്നപരിഹാര ചര്‍ച്ചക്കിടെ ബസ് മുതലാളിമാരുടെ സംഘടനാനേതാവ് നടത്തുന്ന പരിഹാസം. ഇതിനെതുടര്‍ന്ന് മലയാളികളെക്കുറിച്ചും ഗള്‍ഫുകാരോടുള്ള അവരുടെ സമീപനത്തെക്കുറിച്ചും വേദനയോടെയും കോപത്തോടെയും നായകന്‍ നടത്തുന്ന ആക്രോശങ്ങളാണ് പ്രേക്ഷകന് താദാത്മ്യപ്പെടാനായി അവശേഷിക്കുന്നത്.

സ്വന്തം നാട്ടില്‍ അധ്വാനിക്കാതിരിക്കുകയും വിശ്വസ്തത കാട്ടാതിരിക്കുകയും അനാവശ്യമായി സമരം ചെയ്യുകയും ചെയ്യുന്നവരാണ് മലയാളികള്‍ എന്ന വലതുപക്ഷ പ്രചാരണത്തെയാണ് മറ്റു നിരവധി സിനിമകളിലുമെന്നതുപോലെ വരവേല്‍പ്പും പിന്തുടരുന്നത്. ഈ സിനിമയുടെ അഭൂതപൂര്‍വമായ വിജയം ഈ ആശയത്തെ നല്ലൊരു പങ്ക് ജനങ്ങളും അംഗീകരിക്കുന്നു എന്നതിന്റെ നിദര്‍ശനമായിട്ടുമെടുക്കണോ; അതോ ഈ സിനിമ ജനപ്രിയമായതിലൂടെ ഇത്തരമൊരു ചരിത്രവിരുദ്ധ യാഥാര്‍ത്ഥ്യം നാടോടിക്കഥകള്‍ പോലെ ജനമനസ്സില്‍ ആഴ്ന്നിറങ്ങി എന്നു മനസ്സിലാക്കണോ എന്നതേ വിമര്‍ശകന് നിര്‍ധാരണം ചെയ്യേണ്ടതുള്ളൂ. ഇതേ ആശയഗതി പിന്തുടരുന്ന നിരവധി സിനിമകള്‍ അതിനു മുമ്പും പിമ്പുമായി മലയാളത്തിലിറങ്ങുകയും വിജയം വരിക്കുകയും ചെയ്തിട്ടുമുണ്ട്. പില്‍ക്കാലത്ത്, കേരള സമൂഹത്തിന്റെ വികസനമുരടിപ്പിന്റെ കാരണം വരവേല്‍പ്പില്‍ ചിത്രീകരിച്ചതുപോലെ തന്നെയാണെന്ന് ചിത്രത്തിന്റെ പേരെടുത്തു പറഞ്ഞുകൊണ്ട് ഉന്നത ഭരണാധികാരികളടക്കമുള്ളവര്‍ പല തവണ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. യാഥാര്‍ത്ഥ്യത്തിനു മേല്‍ പ്രതീതി യാഥാര്‍ത്ഥ്യം നേടുന്ന വിജയങ്ങള്‍ക്ക് മികച്ച ഉദാഹരണമായി വരവേല്‍പ്പും ചിത്രമിറങ്ങിയതിനു ശേഷമുള്ള ഇരുപതു വര്‍ഷത്തെ ചരിത്രവും പരിണമിച്ചിരിക്കുന്നു. ഇടതുപക്ഷവും ട്രേഡ് യൂണിയനുകളും വികസനം കലക്കികളാണെന്ന പഴയ വാദം ആവര്‍ത്തിക്കുന്നതോടൊപ്പം; അവരിതാ വികസനം കൊണ്ടുവരുന്നേ ഓടിക്കോ എന്ന പുതിയ വാദത്തിന്റെ അടിസ്ഥാനത്തില്‍ വരവേല്‍പ്പ്-രണ്ടാം ഭാഗത്തിന് സ്കോപ്പുണ്ട്. കാത്തിരിക്കുക, ശേഷം വെള്ളിത്തിരയില്‍.

തമിഴനോടുള്ള പരിഹാസം കേരളീയരെ പിടികൂടിയിരിക്കുന്ന നാടുവാഴിത്ത-മധ്യവര്‍ഗ-സവര്‍ണ മൂല്യങ്ങളുടെ വെളിപ്പെടലാണെന്നതിന്റെ കൂടി തെളിവായ രസതന്ത്രത്തിനും, പച്ച അരപ്പട്ട കെട്ടിയ മാപ്പിള അഛനെ കുത്തിയ വര്‍ഗീയ ലഹളയില്‍ വേദനിക്കുന്ന മീരാ ജാസ്മിന്റെ കഥാപാത്രം നിറഞ്ഞു നില്‍ക്കുന്ന വിനോദയാത്രക്കും ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു വില്‍ ഷാനവാസിനെ കെട്ടിയ വിദ്യാലക്ഷ്മിയുടെ കുഞ്ഞിനെ ഇസ്ളാമായി വളര്‍ത്താന്‍ ഷാനവാസിന്റെ കുടുംബം ഇറങ്ങിക്കളിക്കുകയാണ്. അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ വിദ്യ വിദേശത്തേക്ക് രക്ഷപ്പെടുന്നു. (സ്വന്തം കുഞ്ഞിനെയും കൊണ്ട് ജീവിക്കാന്‍ മുസ്ളിമായ ഭര്‍ത്താവിന്റെ കുടുംബം അനുവദിക്കാത്തതുകൊണ്ട് ഡോക്ടറായ ഒരു യുവതിക്ക് നാടുവിട്ടുപോകേണ്ട സാഹചര്യമുണ്ടോ സര്‍ ഈ കേരളത്തില്‍?). ജി പി രാമചന്ദ്രനല്ലാതെ സിനിമ കണ്ട മറ്റൊരു വ്യക്തിയും ഇങ്ങിനെ പറയില്ല എന്ന് സത്യന്‍ അന്തിക്കാട് ഉറപ്പിക്കുന്നതുകൊണ്ട് കേരളത്തിലെ മറ്റൊരു പ്രമുഖ നിരൂപകനായ എന്‍ പി സജീഷിന്റെ വാക്കുകള്‍ ഞാന്‍ കടമെടുക്കുകയാണ്. പ്രിയപ്പെട്ട സത്യന്‍ സര്‍, ഒരു മുസ്ളിമും സിനിമയില്‍ വില്ലനാവരുത് എന്നല്ല പറഞ്ഞതിന്റെ അര്‍ത്ഥം. ഒരു പൊതുസമൂഹത്തിലേക്ക് വിനിമയം ചെയ്യപ്പെടുന്ന ചില സന്ദേശങ്ങളെങ്കിലും വിപല്‍സന്ദേശങ്ങളാകുന്നുണ്ട് എന്നാണ്. ഹിന്ദു തീവ്രവാദം പോലെ തന്നെ അപകടകരമാണ് മുസ്ളിം തീവ്രവാദവും. അവക്കെതിരെ വിശുദ്ധയുദ്ധം തന്നെ വേണം. താങ്കളുടെ സിനിമ കേരളത്തില്‍ നിന്ന് തുരത്തിയത് വിദ്യാലക്ഷ്മിയെ മാത്രമല്ല, സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാണ് എന്ന യാഥാര്‍ത്ഥ്യത്തെക്കൂടിയാണ്. ഒരു സന്ദേശം കൊടുക്കുമ്പോള്‍ ഒന്ന് കരുതിയിരിക്കേണ്ടേ സര്‍. പ്രത്യേകിച്ചും മനുഷ്യര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ബൌദ്ധികജിഹാദികള്‍ കാത്തിരിക്കുന്ന ഈ കെട്ട കാലത്ത്. തീവ്രവാദികളുടെ പ്രചണ്ഡമായ പ്രചാരവേലകള്‍ക്ക് സ്വന്തം സംഭാവനകള്‍ കൂടി വേണമായിരുന്നോ എന്ന് ഒന്ന് ആലോചിച്ചുനോക്കണം സര്‍. ചാനല്‍ ചര്‍ച്ചകള്‍ ഒഴിഞ്ഞ നേരത്ത് അന്തിക്കാട്ടെ വയല്‍വരമ്പിലൂടെ ഗൃഹാതുരനായി നടക്കുമ്പോള്‍ ഒന്ന് വെറുതെ ചിന്തിച്ചു നോക്കണം സര്‍. (അന്തിക്കാട്ടുകാരന്റെ വിശുദ്ധയുദ്ധങ്ങള്‍ - എന്‍ പി സജീഷ് തന്റെ ബ്ളോഗായ മാജിക്റീല്‍സില്‍ പ്രസിദ്ധീകരിച്ചത്).






കേരളീയരുടെ പൊതുബോധത്തില്‍ അലിഞ്ഞു കിടക്കുന്ന മൃദുഹിന്ദുത്വം, മുസ്ളിം വിരോധം, മുസ്ളിം ഭീതി എന്നീ രാഷ്ട്രീയ വികാരങ്ങള്‍ ആണ് സത്യന്‍ അന്തിക്കാടിന്റെ സിനിമയും അതാഘോഷിക്കുന്ന ജനസാമാന്യത്തിന്റെ അംഗീകാരവും തമ്മിലുള്ള പാരസ്പര്യത്തില്‍ മറഞ്ഞു കിടക്കുന്നത്. സ്വപ്നത്തിലും യാഥാര്‍ത്ഥ്യത്തിലും ഇക്കാര്യങ്ങള്‍ ചലച്ചിത്രകാരന് ബോധ്യപ്പെട്ടിട്ടുണ്ടായിരിക്കണമെന്നില്ല. തനിക്ക് ബോധ്യമില്ലാത്തതൊന്നും ലോകത്തില്‍ സ്ഥിതി ചെയ്യുകയും സംഭവിക്കുകയും ചെയ്യുന്നില്ല എന്ന് കരുതുന്നത് എത്രമാത്രം മൂഢത്വമാണ്? കഥ തുടരുന്നു എന്ന സിനിമയെക്കുറിച്ചുള്ള എന്റെ ലേഖനം; അദ്ദേഹം തെറ്റിദ്ധരിച്ചതു പോലെ, ആ സിനിമയില്‍ 'ഇല്ലാത്ത' വര്‍ഗീയത ആരോപിച്ച് സ്വയം വര്‍ഗീയവാദിയാകാനുള്ള ആത്മഹത്യാക്കുറിപ്പുകളല്ല. മറിച്ച്, ഇത്തരമൊരു സിനിമയുടെ പ്രേക്ഷണത്തിലൂടെയും വിജയാഹ്ളാദങ്ങളിലൂടെയും ജനസാമാന്യത്തിന്റെ മനോഭാവങ്ങളെ അന്വേഷിക്കാനുള്ള എളിയ പരിശ്രമങ്ങള്‍ മാത്രമാണ്. സിനിമ കാണുമ്പോള്‍ തിരശ്ശീലയിലേക്ക് കണ്ണും ചുറ്റുമുള്ള സ്പീക്കറുകളിലേക്ക് കാതും കൂര്‍പ്പിച്ചിരുന്നാല്‍ മാത്രം പോര; കാണുന്നവരുടെ നിശ്വാസങ്ങള്‍, നെടുവീര്‍പ്പുകള്‍, രോദനങ്ങള്‍, ആരവങ്ങള്‍, കയ്യടികള്‍ എന്നിവയുടെ പ്രത്യക്ഷവും ഗൂഢവുമായ ധ്വനികളും പഠിച്ചെടുക്കേണ്ടതുണ്ടെന്നുള്ള പ്രാഥമിക പാഠത്തെ ഈ ചലച്ചിത്രകാരന്റെ രോഷം പൂണ്ട പരാമര്‍ശം വീണ്ടും ഓര്‍മിപ്പിക്കുന്നു. നന്ദി.

Tuesday, July 20, 2010

കയ്പുനീര്‍ നിറഞ്ഞ മധുരം




ജര്‍മന്‍ സിനിമയായ ഗ്ളൂമി സണ്‍ഡേ(1999) ആരംഭിക്കുന്നതും അവസാനിക്കുന്നതും പുതിയ കാല ബുഡാപെസ്റ്റിലാണ്. തന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ മുന്‍ നാസി കേണലും കയറ്റുമതി/ഇറക്കുമതി ബിസിനസുകാരനുമായ ഹാന്‍സ് വീക്ക് കുടുംബവും ആരാധനാ വൃന്ദവുമായി ബുഡാപെസ്റ്റിലെ സാബോ റെസ്റ്റാറന്റിലെത്തുകയാണ്. 1930കളില്‍, ഏതാനും ദിവസം ആ നഗരത്തില്‍ താമസിക്കവെയാണ് അയാള്‍ക്ക് ആ ഭക്ഷണശാല പ്രിയങ്കരമായിത്തീര്‍ന്നത്. അവിടത്തെ സവിശേഷ ഇനമായ ബീഫ്റോള്‍, മനം ത്രസിപ്പിക്കുന്ന പിയാനോ സംഗീതം, എല്ലാറ്റിലും ഉപരി അതിസുന്ദരിയായ പരിചാരിക ഇലോന എന്നിവയോടുള്ള കമ്പത്തിനാലാണ് അയാള്‍ തന്റെ വൈകുന്നേരങ്ങള്‍ സാബോയില്‍ ചെലവഴിച്ചിരുന്നത്. ഇലോനയോട് അയാള്‍ പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും അതിനകം തന്നെ രണ്ടു കാമുകര്‍ക്കിടയില്‍ പിളരുകയും ഒന്നിക്കുകയും ചെയ്യുക എന്ന വിചിത്രമായ അവസ്ഥയില്‍ പെട്ടു കിടന്നിരുന്ന അവള്‍ ആദ്യ കേള്‍വിയില്‍ തന്നെ അത് നിരസിക്കുന്നു. പിന്നീട് അധികാരഗര്‍വ്വോടെ എസ് എസ് (നാസി സൈന്യം) കേണലായി നഗരത്തിലെത്തുന്ന ഹാന്‍സ് അന്തിമ പരിഹാര പദ്ധതിയുടെ(ഫൈനല്‍ സൊല്യൂഷന്‍) ഭാഗമായി ജൂതവംശജരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നു. വരും കാലത്തേക്കുള്ള കരുതിവെപ്പെന്നോണം, പണമുള്ളവരും അതു നല്‍കാന്‍ കഴിവുള്ളവരുമായ ജൂതവംശജരെ കനത്ത കൈക്കൂലി മേടിച്ച് കുരുതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നുമുണ്ടയാള്‍. ഇതിന്റെ പേരില്‍, പില്‍ക്കാലത്ത്, മനുഷ്യ സ്നേഹിയായ ഒരു നാസി ഉദ്യോഗസ്ഥനായി ചരിത്രം അയാളെ കൊണ്ടാടി. പിയാനോ സ്റ്റാന്റില്‍ താന്‍ പണ്ടെടുത്തയച്ചു കൊടുത്ത ഇലോനയുടെ ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോ കണ്ട്, ഗ്ളൂമി സണ്‍ഡേ സംഗീതം കേട്ട് അയാള്‍ ആ റസ്റ്റാറന്റില്‍ മരിച്ചു വീഴുന്നു.

മരണവും രതിയും പ്രണയവും സംഗീതവും ഭക്ഷണവും രാഷ്ട്രീയവും കൂടിക്കുഴയുന്ന വിചിത്രമായ ഇതിവൃത്തവും ആഖ്യാനവുമാണ് ഗ്ളൂമി സണ്‍ഡേക്കുള്ളത്. റോള്‍ഷ് ഷൂബെലാണ് (Rolf Schübel) സംവിധായകന്‍. നിക്ക് ബാര്‍ക്കോ (Nick Barkow ) യുടെ നോവലിനെ ആസ്പദമാക്കിയുള്ള ഈ ചലച്ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നതു പോലെ മുപ്പതുകളില്‍ ഹങ്കറിയെയും യൂറോപ്പിനെയും അമേരിക്കയെയും പിടിച്ചു കുലുക്കിയ പാട്ടായിരുന്നു ഗ്ളൂമി സണ്‍ഡേ. റെസോ സെറെസ്സ് (Rezső Seress) എന്ന പിയാനിസ്റ്റും കമ്പോസറും ആയ സംഗീതജ്ഞന്‍ ചിട്ടപ്പെടുത്തിയ ആ ഗാനം നിരവധി ആളുകളുടെ ആത്മഹത്യക്ക് കാരണമായെന്നാരോപിച്ച് നിരോധിക്കപ്പെടുകയുണ്ടായി. (1933ലാണ് ഗ്ളൂമി സണ്‍ഡേ പുറത്തിറങ്ങിയത്. ആ വര്‍ഷത്തില്‍ തന്നെയാണ് ഹിറ്റ്ലര്‍ അധികാരമേറ്റെടുത്തതും). സെറെസ്സും ആത്മഹത്യ ചെയ്യുകയാണുണ്ടായത്. എന്നാല്‍ ഈ ആരോപണത്തില്‍ കാര്യമായ കഴമ്പൊന്നുമില്ലെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സാബോയില്‍ പിയാനിസ്റ്റായി നിയമിക്കപ്പെടുന്ന ആന്ദ്രാസ്, ഉടമസ്ഥനായ ലാസ്ളോ സാബോയുടെ കാമുകി കൂടിയായ പരിചാരിക ഇലോനയെ ഇഷ്ടപ്പട്ടു തുടങ്ങുമ്പോഴാണ് വിചിത്രവും അപൂര്‍വ്വവും അഴിയാത്തതുമായ ഒരു പ്രണയത്രികോണത്തിലേക്ക് കഥ തെന്നി മാറുന്നത്. ഇലോന ആന്ദ്രാസിനെ പ്രേമിച്ചു തുടങ്ങുമ്പോള്‍, സാബോ പിന്മാറുന്നില്ല. മുഴുവന്‍ ഇലോന നഷ്ടമാകുന്നതിനെക്കാളും ഞാന്‍ തൃപ്തിപ്പെടുക, ഇലോനയുടെ ഒരു ഭാഗമെങ്കിലും എനിക്ക് ലഭിക്കുന്ന അവസ്ഥ കൊണ്ടായിരിക്കും എന്ന് സമാശ്വസിച്ച് അവരുടെ പ്രേമത്തോടൊപ്പം അയാളും അവളും തമ്മിലുള്ള പ്രണയവും നിലനിര്‍ത്താന്‍ അയാള്‍ തീരുമാനിക്കുന്നു.


അതിനിടയിലാണ് ആന്ദ്രാസ് ഗ്ളൂമി സണ്‍ഡേ എന്ന ഗാനം ചിട്ടപ്പെടുത്തുന്നത്. അതൊരു വിചിത്രമായ പാട്ടായിരുന്നു. ഇലോനയോട് പ്രേമം അഭ്യര്‍ത്ഥിച്ച് വിസമ്മതം കേട്ട് നിരാശനായി തിരിച്ച് നടന്നുവന്ന ഹാന്‍സ് അവളുടെ കാമുകന്‍ സാബോയോട് പറയുന്നതു പോലെ, നിങ്ങള്‍ക്ക് കേള്‍ക്കാനിഷ്ടമില്ലാത്ത ചിലത് ആരോ പറയുന്നതു പോലെ. പക്ഷെ, മനസ്സിന്റെ അന്തരാളങ്ങളില്‍ നിങ്ങള്‍ തിരിച്ചറിയുന്നു: അതാണ് സത്യമെന്ന്. പ്രേമനൈരാശ്യം മൂലം പാലത്തില്‍ നിന്ന് ആത്മഹത്യ ചെയ്യാനായി ചാടുന്ന ഹാന്‍സിനെ സാബോയാണ് രക്ഷിക്കുന്നത്. ആ രക്ഷപ്പെടുത്തല്‍ താന്‍ ഒരു കാലത്തും മറക്കില്ല എന്ന് ഹാന്‍സ് പറയുന്നുണ്ടെങ്കിലും അവസരം കിട്ടിയപ്പോള്‍ അയാളത് മറന്ന് സാബോ എന്ന ജൂത വംശജനെ ക്യാമ്പിലേക്കുള്ള വാഗണില്‍ കയറ്റി വിടുകയാണ് ചെയ്യുന്നത്. ഗ്ളൂമി സണ്‍ഡേ എന്ന ഗാനം കേട്ട് അനവധി ആളുകള്‍ ആത്മഹത്യ ചെയ്തതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നു. ആത്മഹത്യകള്‍; നിങ്ങളവരെ പ്രേരിപ്പിച്ചില്ലല്ലോ. അവരുടെ വിടവാങ്ങലുകള്‍ കൂടുതല്‍ ഹൃദയഹാരിയാക്കുകയല്ലേ ചെയ്തുള്ളൂ എന്നാണ് ഈ വാര്‍ത്തകള്‍ കേട്ട് നിരാശനാകുന്ന ആന്ദ്രാസിനെ സാബോ സമാശ്വസിപ്പിക്കുന്നത്. ജര്‍മനിയില്‍ നാസികള്‍ അധികാരത്തിലേറുകയും യൂറോപ്പ് പിടിച്ചടക്കാന്‍ തുടങ്ങുകയും ചെയ്യുന്ന കാലമായിരുന്നു അത്. ഫാസിസത്തിന്റെയും വംശഹത്യകളുടെയും നാളുകള്‍ ആദ്യമേ തിരിച്ചറിയുന്നതു കൊണ്ടു കൂടിയാകണം, ദുര്‍ബലനായ ആന്ദ്രാസ് എസ് എസ് ഓഫീസറായി ശൌര്യത്തോടെ റസ്റ്റാറന്റിലെത്തുന്ന ഹാന്‍സിന്റെ തോക്ക് എടുത്ത് സ്വയം തലക്ക് വെടി വെച്ച് ആത്മഹത്യ ചെയ്യുന്നത്.

പുതിയ കാലത്ത് റസ്റ്റാറന്റില്‍ പിറന്നാളാഘോഷിക്കാനെത്തിയ ഹാന്‍സിനെ വൃദ്ധയായ ഇലോന മകന്റെ സഹായത്തോടെ വധിക്കുകയാണുണ്ടായത്. ആന്ദ്രാസ് കരുതിവെച്ചിരുന്ന കൊച്ചു വിഷക്കുപ്പി, അയാളുടെ മരണത്തിന് മുമ്പു തന്നെ സാബോ കൈവശപ്പെടുത്തിയിരുന്നു. അയാള്‍ പിടിക്കപ്പെടുന്നതിനു മുമ്പ് അവള്‍ക്കായി ശേഷിപ്പിച്ചു വെച്ച ആ കുപ്പിയിലെ വിഷം ഉപയോഗിച്ചാണ് ഹാന്‍സിനെ കൊലപ്പെടുത്തുന്നത്. നാസി ഭീകരതയുടെ ബീഭത്സ ദൃശ്യങ്ങളോ ചരിത്രവിചാരണയോ ഗ്ളൂമി സണ്‍ഡേ ആശ്രയിക്കുന്നില്ല. പക്ഷെ, മനുഷ്യവിരുദ്ധമായ ചരിത്രത്തിന്റെ ഭൂതം ചിത്രത്തെ തുടക്കം മുതല്‍ ഒടുക്കം വരെയും മൂടി നില്‍ക്കുന്നുണ്ട്. ഹാന്‍സിന്റെ വനിതാ സെക്രട്ടറിയുടെ ഭീതി നിറഞ്ഞ ജോലിയും കീഴ്പ്പെടലും, സുഹൃത്തില്‍ നിന്ന് ഭീകരനായ പട്ടാള ആപ്പീസറായുള്ള ഹാന്‍സിന്റെ പരിണാമം, തുടങ്ങി കഥാപാത്രങ്ങളുടെ മുഖ ശരീര ചലനങ്ങളില്‍ നിരന്തരം പ്രതിഫലിക്കുന്ന രാഷ്ട്രീയ- അധികാര ചരിത്രം കാണിയെ മാനസിക ആഘാതത്തിലേക്ക് നയിക്കുന്നു.


ഇലോനയെ അവതരിപ്പിച്ച എറിക്ക മറോസാന്‍ ഒരഭിമുഖത്തില്‍ ഇപ്രകാരം പറഞ്ഞു: മാനവികത എന്നതൊന്ന് ഇല്ലാതായ കാലമായിരുന്നു അത്. ലോകം തന്നെ വീണുടഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പു വരെ മനുഷ്യന് മനുഷ്യനോട് ഇപ്രകാരമൊക്കെ പെരുമാറാന്‍ കഴിയുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. യുദ്ധം എല്ലാ ധാര്‍മികതകളെയും സദാചാരങ്ങളെയും മുച്ചൂടും നശിപ്പിച്ചു. അതുകൊണ്ടാണ് അതിനെക്കുറിച്ച് ആലോചിക്കാതിരിക്കാനും വിശദീകരിക്കാതിരിക്കാനും നമുക്ക് കഴിയാതെ പോകുന്നത്. ഇനിയും ഇപ്രകാരമൊക്കെ സംഭവിക്കുമെന്ന തോന്നല്‍ നമ്മളെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. രാഷ്ട്രീയം എപ്പോള്‍ വേണമെങ്കിലും മാറിമറിയാമെന്നാണ് ഗ്ളൂമി സണ്‍ഡേ ഓര്‍മ്മിപ്പിക്കുന്നത്.

Saturday, July 10, 2010

ആരുടെ പൊതു സ്ഥലം?





പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും ഉത്പത്തിയെ സംബന്ധിച്ച്‌ ദൈവവിശ്വാസികളും നിരീശ്വരവാദികളും തമ്മിൽ പല തർക്കങ്ങളും നിലനില്‍ക്കുന്നുണ്ട്‌. അഞ്ച്‌ ബില്യൺ (നൂറ്‌ കോടി) വർഷങ്ങൾക്ക്‌ മുമ്പ്‌ സൂര്യനിലുണ്ടായ മഹാസ്ഫോടനത്തെത്തുടർന്ന്‌ പൊടിയും വാതകവും ചേർന്ന്‌ ഭൂമിയുടെ ഉത്പത്തി ആരംഭിച്ചു എന്ന്‌ ഭൂമിശാസ്ത്രം വിശദീകരിക്കുന്നു. പിന്നീട്‌, വെള്ളം, വായു, ജീവൻ, കാലാവസ്ഥ, സംസ്ക്കാരങ്ങൾ എന്തെല്ലാം എന്തെല്ലാം ഉണ്ടായി! എന്തായാലും ഒരു കാര്യം ഉറപ്പ്‌. ഭൂമി ഉണ്ടായ അക്കാലത്ത്‌ രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നില്ല. ഒന്ന്‌ പൊതുസ്ഥലവും പൊതു വഴിയും ആണെങ്കിൽ, മറ്റൊന്ന്‌ കോടതികളാണ്‌. ഇവ രണ്ടും മനുഷ്യസംസ്ക്കാരത്തിന്റെ വളർച്ചയുടെ ഭാഗമായി വികസിച്ചു വന്നതാണ്‌. സംസ്ക്കാരത്തിന്റെയും പരിഷ്ക്കാരത്തിന്റെയും മാനവികതയുടെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പുരോഗമനചിന്തയുടെയും നവോത്ഥാനത്തിന്റെയും നിയമത്തിന്റെയും നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും ഭരണഘടനകളുടെയും രാഷ്ട്രരൂപീകരണങ്ങളുടെയും എല്ലാം നീണ്ട ചരിത്രങ്ങൾ നമ്മളെങ്ങിനെ നമ്മളായെന്ന്‌ ഓരോരുത്തരെയും ഓരോ നിമിഷവും ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്‌. ഇപ്രകാരം ചരിത്രത്തിന്റെയും ആധുനിക സംസ്ക്കാരത്തിന്റെയും ഭാഗമായ കോടതി, പൊതുസ്ഥലത്തെ പൊതു ഉടമസ്ഥതയിൽ നിന്ന്‌ മാറ്റാനുള്ള നീക്കങ്ങൾക്ക്‌ അറിഞ്ഞോ അറിയാതെയോ പിന്തുണ നൽകും എന്ന്‌ എപ്രകാരമാണ്‌ വിശ്വസിക്കാൻ സാധിക്കുക?

എന്നാലങ്ങിനെ കരുതേണ്ട വിധത്തിലുള്ള ചില നിഗമനങ്ങൾ വിധിരൂപത്തിൽ കോടതി പുറപ്പെടുവിച്ചിരിക്കുന്നു എന്നതാണ്‌ കൗതുകകരമായ കാര്യം. പൊതുസ്ഥലത്ത്‌ പൊതുയോഗം നിരോധിച്ചു എന്ന കേരള ഹൈക്കോടതി വിധി ഇത്തരത്തിലുള്ള ഒന്നാണ്‌. ഭാഷാപരമായി തന്നെ ഈ വിധി ഒരു ഊരാക്കുടുക്കാണ്‌. പൊതുസ്ഥലത്ത്‌ പൊതുയോഗം എന്ന പ്രയോഗത്തിൽ രണ്ട്‌ 'പൊതു' വരുന്നുണ്ട്‌. പൊതുസ്ഥലത്ത്‌ പൊതുയോഗമല്ലെങ്കിൽ രഹസ്യയോഗമാണോ സാധ്യമാവുക? ഇത്തരം ഭാഷാപരമായ കുഴപ്പങ്ങളിൽ മുമ്പും കോടതി ചെന്നു പെട്ടിട്ടുണ്ട്‌. ബന്ദ് നിരോധിച്ചു എന്ന വിധിക്കുണ്ടായ അവസ്ഥ ഇതാണ്‌. ബന്ദ് നിരോധിച്ചതോടെ എല്ലാവരും ഹർത്താൽ പ്രഖ്യാപിക്കാൻ തുടങ്ങി. ബന്ദ് കൊണ്ട്‌ എന്തൊക്കെയാണോ ഉദ്ദേശിച്ചിരുന്നത്‌ അതൊക്കെയും ഹർത്താൽ എന്ന പദപ്രയോഗത്തിലൂടെ സാധ്യമായി തുടങ്ങി. അപ്പോൾ, ഫലത്തിൽ ബന്ദ് എന്ന പദം അഥവാ പദപ്രയോഗം മാത്രമാണ്‌ കോടതി നിരോധിച്ചതു എന്നർത്ഥം. ഇനി ഹർത്താലും നിരോധിച്ചു എന്നു വെക്കുക. അപ്പോൾ പുതിയ ഒരു പദപ്രയോഗം പ്രാബല്യത്തിൽ കൊണ്ടു വരാവുന്നതേ ഉള്ളൂ. അതായത്‌; ബന്ദ്, ഹർത്താൽ എന്നിവ കൊണ്ടുദ്ദേശിക്കുന്ന കാര്യങ്ങൾ ഫലപ്രദമായി നിരോധിക്കണമെങ്കിൽ ഇപ്പോൾ ഈ വക ആഹ്വാനങ്ങളിലൂടെ നടത്തപ്പെടുന്ന കാര്യങ്ങൾ മാത്രമല്ല നിരോധിക്കേണ്ടത്‌; അതോടൊപ്പം ഇതിനു പകരം ഏതെങ്കിലും വാക്കുകൾ കണ്ടു പിടിക്കാനുള്ള സാധ്യതകൾ കൂടി നിരോധിക്കപ്പെടണം. പൊതുസ്ഥലത്ത്‌ തുപ്പൽ നിരോധിച്ചു എന്ന വിധിക്കുമുണ്ടായത്‌ സമാനമായ അനുഭവമായിരുന്നു. ഇന്നാരെങ്കിലും ആ വിധി ഓർക്കുന്നുണ്ടോ എന്നു തന്നെ അറിയില്ല. കാരണം, തുപ്പലിനെ കോടതി വ്യാഖ്യാനിച്ചിരുന്നില്ല. മിക്കവാറും മനുഷ്യർ സംസാരിക്കുമ്പോഴും മറ്റ്‌ കാര്യങ്ങൾക്ക്‌ വായ്‌ തുറക്കുമ്പോഴും കുറച്ച്‌ തുപ്പൽ തെറിക്കും. ഇത്‌ പ്രാകൃതികമായ ഒരു വാസ്തവമാണ്‌. ഇപ്രകാരം തുപ്പൽ തെറിപ്പിക്കുന്നയാളുകളെ മുഴുവൻ അറസ്റ്റ്‌ ചെയ്യാൻ തുടങ്ങിയാൽ കാര്യങ്ങൾ എവിടെ ചെന്നെത്തും? മാത്രമല്ല, പൊതുസ്ഥലത്ത്‌ തുപ്പി എന്ന കുറ്റത്തിന്‌ ഒരാളെ അറസ്റ്റ്‌ ചെയ്താൽ തന്നെ തെളിവായി അയാൾ തുപ്പിയിട്ടത്‌ പോലീസുകാരൻ കോരിയെടുത്തു കൊണ്ടു പോകേണ്ടി വരുമോ? ഏതായാലും, ഈ വിധി നടപ്പാക്കിയതു പ്രകാരം ഏതെങ്കിലും ഒരാൾക്കെതിരെയെങ്കിലും നടപടിയെടുത്തത്തായി വാർത്തകളൊന്നും ശ്രദ്ധയിൽ പെട്ടില്ല.

മധ്യവർഗബോധത്തിന്റെ അചരിത്രപരതയിൽ കോടതി പോലെ ആധുനികതയുടെയും പുരോഗമന ചിന്തയുടെയും പരിഷ്ക്കാരത്തിന്റെയും പ്രതീകവും പ്രതീക്ഷയുമായി നിലകൊള്ളേണ്ട ഒരു വ്യവസ്ഥ അഭിരമിക്കുന്നു എന്നു കരുതേണ്ടി വരുന്ന വിധത്തിലാണ്‌ ഇത്തരം വിധികൾ പുറപ്പെടുവിക്കപ്പെടുന്നത്‌. ഇപ്പോൾ തന്നെ നോക്കുക, ഈ വിധിയുടെ അപ്രായോഗികതയും അസംബന്ധപരതയും ചർച്ച ചെയ്യുന്നതിനു പകരം അതിനെ വിമർശിച്ച സി പി ഐ (എം) നേതാക്കളുടെ ഭാഷാപ്രയോഗമാണ്‌ ചർച്ചക്ക്‌ വിധേയമായത്‌. അതായത്‌, ഭാഷയാണ്‌ എല്ലാ പ്രശ്നത്തിന്റെയും അടിസ്ഥാനം എന്നു ചുരുക്കം.

തുടക്കത്തിൽ പറഞ്ഞതു പോലെ, ഭൂമിയുടെ ഉത്പത്തികാലത്ത്‌ ഇല്ലാതിരുന്ന പൊതു വഴികളും പൊതുസ്ഥലങ്ങളും രൂപപ്പെട്ടത്‌ എങ്ങിനെയെന്ന്‌ ആലോചിക്കുകയെങ്കിലും ചെയ്യേണ്ട ബാധ്യത കോടതിക്കുണ്ടായിരുന്നു. മനുഷ്യരുടെ പൊതുബോധം വികസിച്ചതിന്റെയും യാത്രകളും കൊടുക്കൽ വാങ്ങലുകളും വർധിച്ചതിന്റെയും ഭാഗമായാണ്‌ പൊതുവഴികൾ ഉണ്ടായതും വലുതായതും. ആദ്യം കാൽനടയാത്രക്കും പിന്നീട്‌, കുതിരപ്പുറത്തും കാള/കുതിര/പോത്തു വണ്ടികളിലും ഉള്ള യാത്രകൾക്കും ഏറ്റവുമൊടുവിൽ മോട്ടോർ വാഹനങ്ങൾക്കും വേണ്ടി ഉപയോഗിക്കപ്പെടുന്ന പൊതുവഴികൾ കാലത്തിനനുസരിച്ച്‌ വീതി കൂടിയും സൗകര്യങ്ങൾ കൂടിയും വികസിച്ചു വരികയാണുണ്ടായത്‌. ഇടവഴികളിൽ നിന്നും ഹൈവേകളിലേക്കുള്ള വികാസം ഒരു കോടതി വിധിയുടെയും ഭാഗമായുണ്ടായതല്ല. ജനങ്ങളുടെ ഐക്യത്തിന്റെയും വിട്ടുവീഴ്ചകളുടെയും സഹനങ്ങളുടെയും സംഭാവനകളുടെയും നികുതിപ്പണത്തിന്റെയും പിടിച്ചെടുക്കലിന്റെയും സർക്കാർ തീരുമാനങ്ങളുടെയും ഭാഗമായാണ്‌ പൊതുവഴികൾ വികസിച്ചതെന്ന്‌ കാണാം. ഇപ്പറഞ്ഞ കാര്യങ്ങളിലൊക്കെ രാഷ്ട്രീയ കക്ഷികളും സംഘടനകളും മറ്റും മറ്റും നടത്തിയിട്ടുള്ള ഇടപെടലുകൾ ചരിത്രം മുഴുവനും നിറഞ്ഞു നിൽക്കുന്നു. അതുകൊണ്ടു തന്നെ പൊതുവെ കരുതപ്പെടുന്നതു പോലെ, മോട്ടോർ വാഹനങ്ങൾക്ക്‌ ചീറിപ്പായുന്നതിനു മാത്രമുള്ളതല്ല പൊതുവഴികൾ. അത്‌ ജനങ്ങൾക്ക്‌ കൂട്ടം കൂടി നിൽക്കുന്നതിനും യോഗങ്ങൾ നടത്തുന്നതിനും ചിലപ്പോഴൊക്കെ ഗതാഗതം സ്തംഭിപ്പിക്കുന്നതിനും അവകാശമുള്ള പൊതു ഉടമസ്ഥതയിലുള്ള ഭൂവിന്യാസങ്ങളാണ്‌.

കേരളീയാചാരങ്ങളെ നിശ്ചിതവൃത്തങ്ങളിലൊതുക്കി പരിരക്ഷിച്ചതിൽ മുഖ്യഘടകമായി വർത്തിച്ചതു റോഡുകളുടെ ശൂന്യത തന്നെയായിരുന്നു. റോഡ്‌ എന്ന ആശയം തന്നെ ആദ്യമായി കേരളത്തിൽ അവതരിപ്പിച്ചതും നടപ്പാക്കിയതും ടിപ്പുവായിരുന്നു. ബ്രിട്ടീഷുകാരുടെ റോഡുനിര്‍മ്മാണത്തിലേത്‌ എന്ന പോലെ, ടിപ്പുവിന്റെ റോഡുനിർമ്മാണത്തിന്റേതും ലക്ഷ്യം പട്ടാളത്തേയും തോക്കുവണ്ടികളേയും നിശ്ചിതസ്ഥാനത്ത്‌, നിശ്ചിത സമയത്തിനുള്ളിൽ എത്തിക്കുകയായിരുന്നു. അത്‌ തുടങ്ങിയവരുടെ നിശ്ചിത ലക്ഷ്യത്തിന്റെ പരിധി വിട്ട്‌, അതിവിടുത്തെ ജനങ്ങളുടെ ബോധനവീകരണത്തിനു സഹായിക്കുമാറ്‌ ജനങ്ങളുടെ അന്യോന്യസഹകരണത്തിനും പരിചയത്തിനും ആശയാദർശങ്ങളുടെ സുഗമമായ വിനിമയത്തിനും മനുഷ്യബന്ധങ്ങളുടെ പുതുതായ തുടക്കത്തിനും ആരംഭമിട്ടു. അതു മൂലമുണ്ടായ മനുഷ്യസംസ്ക്കാരത്തിന്റെയും പരിഷ്ക്കാരത്തിന്റെയും പുരോഗതി, പറഞ്ഞറിയിക്കാവുന്നതിൽ വലുതാണ്‌. (പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം - പി ഭാസ്ക്കരനുണ്ണി/കേരള സാഹിത്യ അക്കാദമി - പേജ്‌ 1149, 1150). കേരളത്തിലെ റോഡു നിർമ്മാണത്തെപ്പറ്റിയും ഗതാഗത വികാസത്തെപ്പറ്റിയും നിരവധി പേജുകളിലായി ഈ ഗവേഷണം തുടരുന്നു. റോഡുകളുടെ ചരിത്രമെന്നത്‌ കേവലം മോട്ടോർ വണ്ടികളുടെ ഹോണടികളല്ലെന്ന്‌ സമക്ഷത്തിങ്കൽ ദയവുണ്ടായി ബോധ്യപ്പെടണം. നോക്കുക: പില്‍ക്കാലത്ത്‌ ജനങ്ങളുടെ സർവ്വതോന്മുഖമായ പുരോഗതിക്ക്‌ പ്രയോജകീഭവിച്ച ഈ റോഡുകൾ, സുൽത്താന്റെ ഭാവനാസമ്പന്നമായ ദീര്‍ഘവീക്ഷണത്തിനും 'കല്ലേപ്പിളർക്കുന്ന' ആജ്ഞാശക്തിക്കും പ്രത്യക്ഷദൃഷ്ടാന്തമായി ഭവിച്ച പോലെ, കേരളത്തിലെ എണ്ണമറ്റ നിരാധാരരും നിസ്സഹായരുമായ അവർണ്ണ സമുദായത്തിൽ നിന്നുള്ള വേലക്കാരുടെ ദൈന്യമാർന്നത്തെങ്കിലും ഏതു യജമാനവൃന്ദത്തിന്റേയും പ്രശംസാവചനങ്ങള്‍ക്ക്‌ പാത്രമാകും വിധമുള്ള അധ്വാനശേഷിക്കും ഉദാഹരണങ്ങളായി ഭവിച്ചു. ഒടുവിലൊടുവിൽ തിരുവിതാംകൂറിനും കൊച്ചിക്കും, റോഡുകളും ആറുകളും തോടുകളും വേണ്ടി വന്നപ്പോൾ നിസ്സാരമായ ഒരു നേരത്തെ കഞ്ഞി പറ്റിക്കൊണ്ട്‌ 'ഊഴിയം' വേലകളായി അതെല്ലാം മറുമൊഴി കൂടാതെ നിറവേറ്റിയതും ഇവിടുത്തെ അവർണ്ണ വിഭാഗം തന്നെയായിരുന്നു. വിശേഷമായി പറയാൻ ഒന്നു കൂടിയുണ്ട്‌. അവർ വെട്ടി നിരപ്പാക്കി ഗതാഗത യോഗ്യമാക്കിയ പാതകൾ ഭാവിയിൽ അവർക്ക്‌ അപ്രാപ്യമായിരുന്നു; അവർക്ക്‌ ആ റോഡുകളിലൂടെ നടന്നു കൂടായിരുന്നു. നടക്കാനും വാഹനങ്ങളിലൂടെ സഞ്ചരിക്കാനും മറ്റൊരു ദീർഘകാലസമരം അവർ ചെയ്യേണ്ടി വന്നു. (പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം - പി ഭാസ്ക്കരനുണ്ണി/കേരള സാഹിത്യ അക്കാദമി - പേജ്‌ 1152).

ഇതു തന്നെയാണ്‌ ഇപ്പോഴും സംഭവിക്കാൻ പോകുന്നത്‌. കേരളത്തെ കേരളമാക്കി മാറ്റിയത്‌, സാമൂഹ്യവത്ക്കരണം എന്ന പ്രക്രിയയാണ്‌. പൊതുയോഗങ്ങളും പ്രതിഷേധങ്ങളും പ്രകടനങ്ങളും പ്രതിരോധങ്ങളും എല്ലാം ചേർന്ന ആ പൊതുബോധത്തെ പൊതുസ്ഥലത്തു നിന്നു തന്നെ നിര്‍മാർജ്ജനം ചെയ്തു കഴിഞ്ഞാൽ പിന്നെ ആ പൊതു സ്ഥലം/പൊതുവഴി എന്നീ പദങ്ങളിലെ 'പൊതു' കൂടി എടുത്തുകളയുന്നതായിരിക്കും നല്ലത്‌. കണ്ടില്ലേ, എല്ലാം ഭാഷയുടെ കളികൾ തന്നെ!