Thursday, December 16, 2010

ആത്മാവിനുള്ള ഭക്ഷണം

ഭക്ഷണവും നൃത്തവും ലൈംഗികതയും സംഗീതവും - ആര്‍ക്കാണ് പരാതി?

മൂന്നാം റീഷിന്റെ പദ്ധതികളോട് താരതമ്യം ചെയ്യാവുന്ന പദ്ധതികള്‍ തന്നെയാണ് ബുഷിന്റേതും. ഗ്വാണ്ടനാമോ അടക്കമുള്ള പീഡനപര്‍വ്വങ്ങളെ ന്യായീകരിക്കുന്ന തരം സിനിമകളെടുക്കാന്‍ പെന്റഗണ്‍ ഹോളിവുഡിനോട് ആവശ്യപ്പെടുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മൂന്നാം ലോകമഹായുദ്ധമാണ് ബുഷ് ഭരണകൂടം ലക്ഷ്യമിടുന്നത്. അവര്‍ ഫാസിസ്റുകള്‍ തന്നെയാണ്

- ഫത്തി അക്കിന്‍

ഒരു ടീഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ ജര്‍മന്‍ പോലീസിന്റെ നിരീക്ഷണത്തിന്‍ കീഴിലായ വിവാദ ചലച്ചിത്രകാരനാണ് ഫത്തി അക്കിന്‍. ബുഷ് എന്ന പേരിലെ എസ്, നാസി സ്വസ്തിക രൂപത്തിലെഴുതിയ ടീഷര്‍ട്ടാണ് അക്കിന്‍ ധരിച്ചത്. കാഴ്ചയുടെയും ഫാഷന്റെയും രാഷ്ട്രീയ പ്രകോപനത്തെ യാഥാര്‍ത്ഥ്യവത്ക്കരിച്ച ജര്‍മന്‍-ടര്‍ക്കിഷ് സംവിധായകനായ അക്കിന്‍ പുതിയ കാലത്തെ സിനിമയുടെ പ്രതീകമായി കൊണ്ടാടപ്പെടുന്നു. ഗോവയിലെ പനാജിയില്‍ നടന്ന 41-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സാധാരണ പ്രതിനിധികള്‍ മുതല്‍ അനുരാഗ് കാശ്യപിനെപ്പോലെ, ബോളിവുഡിലെ കോടികള്‍ വാരുന്ന പുതുതലമുറ സംവിധായകരുടെ വരെ ആരാധനാപാത്രമായി മാറിക്കൊണ്ട്; അക്കിന്‍ തികഞ്ഞ ലാളിത്യത്തോടെയും ഫലിതങ്ങള്‍ നിറഞ്ഞ സംസാരത്തോടെയും മേളയെ കീഴടക്കി. മിരാമര്‍ ബീച്ചിലേക്കും ദോണ പൌളയിലേക്കും പോകുന്ന റോഡിനും മണ്ഡോവി നദിക്കും ഇടയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലായ മാരിയറ്റ് റിസോര്‍ടില്‍ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ഫിലിം ബസാറില്‍ തിരക്കഥാരചനയെ സംബന്ധിച്ച് സംസാരിക്കാനാണ് അക്കിനെത്തിയത്. അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പുതിയ സിനിമയായ സോള്‍ കിച്ചന്‍(2009) ഐനോക്സ് സ്ക്രീന്‍ വണ്ണില്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചു. വെനീസില്‍ പ്രത്യേക ജൂറി പുരസ്കാരം നേടിയ ചിത്രമാണ് സോള്‍ കിച്ചന്‍. ബ്രിസ്ബേനിലും അഡലൈഡിലും സോള്‍ കിച്ചനായിരുന്നു ഉദ്ഘാടന ചിത്രം.

കഠിനമായ ആശയങ്ങള്‍ കൈകാര്യം ചെയ്ത ഹെഡ് ഓണ്‍, ദ എഡ്ജ് ഓഫ് ഹെവന്‍ എന്നീ ഗംഭീര സിനിമകള്‍ക്കു ശേഷം, ലളിത മാനസികാവസ്ഥയോടെ താന്‍ പൂര്‍ത്തിയാക്കിയ കോമഡിയാണ് സോള്‍ കിച്ചന്‍ എന്നാണ് ഫത്തി അക്കിന്‍ പറയുന്നത്. ഈ കോമഡി കണ്ട് പക്ഷെ കാണികള്‍ക്ക് അധികമൊന്നും ചിരിക്കാനാവില്ല എന്നതാണ് ഏറ്റവും വലിയ തമാശ. ആത്മാവിനുള്ള ഭക്ഷണം ലഭിക്കുന്ന റെസ്റോറന്റാണ്, ആത്മാവുള്ളതെന്നോ ആത്മാവിന്റേതെന്നോ പരിഭാഷപ്പെടുത്താവുന്ന അടുക്കള (അതുമല്ലെങ്കില്‍ അടുക്കളയുടെ ആത്മാവ് എന്നുമാവാം) എന്നു പേരുള്ള സോള്‍ കിച്ചന്‍. റെസ്റോറന്റിന്റെ ഉടമ കൂടിയായ പാചകക്കാരന്‍ തന്നെക്കാള്‍ മികവു കൂടിയ ഒരു പാചകക്കാരനെ നിയമിച്ച് സ്ഥിരം തീറ്റക്കാരെ വിഭ്രമിപ്പിക്കുന്നതാണ് ഒരര്‍ത്ഥത്തില്‍ ഈ സിനിമയുടെ കഥ എന്നു തോന്നാം. അഞ്ചേ അഞ്ചു ദിവസം കൊണ്ടാണ് താന്‍ ഇതിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്; പക്ഷെ അത് അഞ്ചു വര്‍ഷം മുമ്പായിരുന്നു എന്നാണ് അക്കിന്‍ പറഞ്ഞത്.

ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ ലക്ഷക്കണക്കിന് തുര്‍ക്കി വംശജരെയാണ് ഫത്തി അക്കിന്‍ പ്രതിനിധീകരിക്കുന്നത്. സാംസ്ക്കാരിക-മത-വംശീയ-രാഷ്ട്രീയ-ലൈംഗിക-സദാചാര മേഖലകളില്‍ ജര്‍മന്‍/തുര്‍ക്കിക്കാര്‍ അഭിമുഖീകരിക്കുന്ന ആശയക്കുഴപ്പങ്ങളും പ്രായോഗികപ്രശ്നങ്ങളും നിത്യ സംഘര്‍ഷങ്ങളുമാണ് അക്കിനെ പ്രകോപിപ്പിക്കുന്ന മുഖ്യ ഇതിവൃത്തം. സ്നേഹം, മരണം, പൈശാചികത എന്നീ മൂന്നു വിഷയങ്ങളെ അധികരിച്ചുള്ള ത്രയമാണ് അക്കിന്‍ വിഭാവനം ചെയ്തിട്ടുള്ളത്. വൈകാരികവും ആന്തരിക ചൈതന്യം കൊണ്ട് തേജോമയവുമായ ഹെഡ് ഓണ്‍, മെക്സിക്കന്‍ ചലച്ചിത്രകാരനായ അലെജാന്ദ്രോ ഗൊണ്‍സാലെസ് ഇനാറിത്തുവിന്റെ സങ്കീര്‍ണ ശൈലിയെ അതിശയിക്കുന്ന തരത്തിലെടുത്തതും അഭയാര്‍ത്ഥിപ്രശ്നത്തെ ഇതിവൃത്തമാക്കുന്നതുമായ എഡ്ജ് ഓഫ് ഹെവന്‍ എന്നീ സിനിമകള്‍ക്കു ശേഷമുള്ള മൂന്നാമത്തെ ചിത്രമായ ദ ഡെവിള്‍ തുടങ്ങുന്നതിനു മുമ്പുള്ള ഇടവേളയിലാണ് തമാശക്കു വേണ്ടി സോള്‍ കിച്ചന്‍ പൂര്‍ത്തീകരിച്ചതെന്നും അക്കിന്‍ പ്രദര്‍ശനത്തിനു തൊട്ടുമുമ്പുള്ള അവതരണത്തില്‍ പറയുകയുണ്ടായി.

ജര്‍മനിയിലെ രണ്ടാമത്തേതും യൂറോപ്യന്‍ യൂണിയനിലെ ഏഴാമത്തേതുമായ നഗരമായ ഹാംബര്‍ഗിലെ ബോഹീമിയന്‍ ഉപ സംസ്ക്കാരത്തിന്റെ രീതികളും വേരുകളുമാണ്, കാതടപ്പിക്കുന്നതും അവിശ്വസനീയവുമായ സംഗീത ശബ്ദ ബഹളങ്ങളുടെ പശ്ചാത്തലത്തിലൊരുക്കിയ ചടുല ദൃശ്യ സമന്വയങ്ങളോടെ അക്കിന്‍ അന്വേഷിക്കുന്നത്. കൌമാരകാലത്തും യൌവനത്തിന്റെ ആരംഭത്തിലും താന്‍ ജീവിച്ച അടി പൊളി ജീവിതത്തിനോടുള്ള പ്രേമലേഖനമാണ് ഈ ചിത്രമെന്നും അക്കിന്‍ വിശേഷിപ്പിക്കുന്നു. ഇതില്‍ കാണിക്കുന്നതു പോലുള്ള ഒരു റെസ്റോറണ്ടിലെ സ്ഥിരക്കാരനായിരുന്നു അക്കിന്‍. അഥവാ, ഹാംബര്‍ഗ് നഗരത്തിലെ വില്ലെംസ്ബര്‍ഗ് ഭാഗത്തുള്ള ആ റെസ്റോറണ്ടു തന്നെയല്ലേ സിനിമയിലും ചിത്രീകരിച്ചിരിക്കുന്നത്? സോള്‍ കിച്ചന്‍ ഒരേ സമയം ഒരു റെസ്റോറണ്ടും ഒരു മാനസികാവസ്ഥയുമാണ്. കസാന്‍ത്സാക്കീസ്, സോക്രട്ടീസ് എന്നിങ്ങനെയുള്ള ഞെട്ടിപ്പിക്കുന്ന പേരുകളാണ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഗ്രീക്ക് വംശജനും അഭയാര്‍ത്ഥിയുമായ സിനോസ് കസാന്‍ത്സാക്കീസ് ആണ് സോള്‍ കിച്ചന്റെ നടത്തിപ്പുകാരന്‍. ഏതോ പാണ്ടികശാല പോലെ തോന്നിപ്പിക്കുന്ന ഈ ഭക്ഷണശാലയില്‍ ബീറിന്റെയും സോസേജിന്റെയും ചൈനീസ് സ്വാദുവര്‍ദ്ധിനികളുടെയും മാത്രമല്ല; ഗ്രീസിന്റെയും വിയര്‍പ്പിന്റെയും ചോരയുടെയും ഗന്ധങ്ങളും നിറഞ്ഞതായി അനുഭവപ്പെടും. അവിടെ മധുരവും ചവര്‍പ്പും എരിവും കയ്പ്പും മാത്രമല്ല, രസങ്ങളായുള്ളത്; വേദനയും പ്രതികാരവും രതിയും നിയമലംഘനവും വംശവെറിയും എല്ലാം അവിടത്തെ രസങ്ങളാണ്. ജര്‍മനിയിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ തുര്‍ക്കിത്തലമുറക്കാരുടെ വികാരവിചാരങ്ങളാണ് ആത്മപരിഹാസങ്ങളെന്നോണം സിനിമയിലെ കോമഡിയെ നിര്‍മ്മിച്ചെടുക്കുന്നത്. കോമഡി എന്നത് വംശവെറിയും വൈരാഗ്യവും ആണെന്ന പരമമായ യാഥാര്‍ത്ഥ്യത്തെയാണ് അക്കിന്‍ നിസ്സാരമായ അവതരണരീതിയിലൂടെ വെളിപ്പെടുത്തുന്നത്.


ആരോഗ്യ പരിപാലനക്കാരുടെ നിര്‍ദേശങ്ങള്‍ക്ക് കടകവിരുദ്ധമായ ഭക്ഷണ ശൈലികളാണ് സോള്‍ കിച്ചനിലുണ്ടായിരുന്നത്. പരിസ്ഥിതിസംരക്ഷണവും സന്തുലിതാഹാര രീതിയും സവര്‍ണ-വരേണ്യ പശ്ചാത്തലത്തില്‍ മാത്രമേ യാഥാര്‍ത്ഥ്യവത്ക്കരിക്കാനാകൂ എന്ന് ലോകമെമ്പാടും തെളിയുന്നതായി സിനിമ സധൈര്യം തെളിയിക്കുന്നു. കക്കൂസിലുപയോഗിക്കുന്ന തരം ബക്കറ്റില്‍ നിന്നാണ് ബീറും വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങളും ഉരുളക്കിഴങ്ങു സലാഡും വിളമ്പുന്നത്. സന്തോഷമാകട്ടെ അധികം നീണ്ടു നില്‍ക്കുന്നുമില്ല. നികുതി കുടിശ്ശികയുടെ പേരില്‍ സിനോസ് പീഡിപ്പിക്കപ്പെടുന്നു; അവന്റെ കാമുകി നദീന്‍ അവനെ വിട്ട് ചൈനയിലേക്ക് പോകുന്നു; ചൂടനും തല്ലിപ്പൊളിയുമായ സഹോദരന്‍ ഇല്ല്യാസ് പരോളിലിറങ്ങിയതിനെ തുടര്‍ന്ന് അവിടെ അഭയം തേടുന്നു; പ്രതിഭാശാലിയെങ്കിലും അക്രമോത്സുകനായി തോന്നിപ്പിക്കുന്ന പുതിയ പാചകക്കാരന്‍ അമേരിക്കന്‍ പാട്ടഭക്ഷണ(ജങ്ക്ഫുഡ്)ത്തിനു പകരം പരമ്പരാഗത ഭക്ഷണം നല്‍കി ഉപഭോക്താക്കളെ അകറ്റുന്നു; സിനോസിന്റെ നട്ടെല്ലിന്റെ ഡിസ്ക് ഇളകുന്നു; എല്ലാം പോരാഞ്ഞ് ആര്യവംശജനായ ഒരു റിയല്‍ എസ്റേറ്റ് മാഫിയക്കാരന്‍ റെസ്റോറണ്ടിന്റെ ടൈറ്റില്‍ തട്ടിയെടുക്കാനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ കൂട്ടു പിടിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. പരസ്പര ബന്ധമില്ലാത്തതെന്നു തോന്നിപ്പിക്കുന്നതും അതേ സമയം അങ്ങേയറ്റം രാഷ്ട്രീയവുമായ കുഴപ്പങ്ങളാണ് ഇതിവൃത്തത്തെ ചുറ്റിവരിയുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും. ആരും യാഥാര്‍ത്ഥ്യബോധത്തോടെ ചലിക്കുന്നവരല്ല; എല്ലാവരും കാരിക്കേച്ചറുകള്‍ എന്നിങ്ങനെ ദാര്‍ശനികലോകത്തെ കീഴ്മേല്‍ മറിച്ചിടുകയാണ് അക്കിന്‍.

നിലനില്‍ക്കുന്ന എല്ലാ മുന്‍വിധികളെയും നിരാകരിച്ചു കൊണ്ട്, പ്രണയം, സൌഹൃദം, വിശ്വാസം എന്നീ ഘടകങ്ങളെ കൂട്ടി യോജിപ്പിക്കുകയാണ് അക്കിന്‍ ചെയ്യുന്നത്. ചലച്ചിത്രപാചകത്തിലെ നൂതനത്വമുള്ളതും ഭ്രാന്തു പിടിച്ചതുമായ പരീക്ഷണക്കാരനായി ഫത്തി അക്കിന്‍ മാറുന്നത് ഈ അടിസ്ഥാന തീരുമാനം കൊണ്ടാണ്. ചൈതന്യവും ശക്തിയും ആകര്‍ഷണീയതയും സൌന്ദര്യവും നിറഞ്ഞു നില്‍ക്കുന്ന തന്റെ ശരീരവും ശരീരഭാഷയും പോലെ ത്തന്നെയാണ് അക്കിന്റെ സിനിമകളും. അധികം വേവിച്ച ഭക്ഷണം പോലെ അതിഭാവുകത്വം നിറഞ്ഞ സോള്‍ കിച്ചന്‍ പക്ഷെ കാണിയില്‍ അപ്രീതി ജനിപ്പിക്കുന്നില്ല; കാരണം, മാനവികതയും കാരുണ്യവുമാണ് സംവിധായകന്റെ ദിശാബോധത്തെ നിര്‍ണയിക്കുന്നത് എന്നത് തിരിച്ചറിയപ്പെടുന്നുണ്ടെന്നതു തന്നെ. ഐസ്‌ലി സഹോദരങ്ങള്‍, കൂള്‍ & ദ ഗാംഗ്, കര്‍ട്ടിസ് മേയ്‌ഫീല്‍ഡ്, തുടങ്ങി ബ്ളൂസും റെഗ്ഗെയും റോക്കും ഇലക്ട്രോണിക്സ് സംഗീതവും എല്ലാം കൂടിക്കുഴയുന്ന ചിത്രത്തിന്റെ ശബ്ദപഥം വിസ്മയകരമായ അനുഭൂതിയാണ് സൃഷ്ടിച്ചെടുക്കുന്നത്. കഥയും ഇതിവൃത്തവും എന്തുമാകട്ടെ, അതീവം ഹൃദ്യവും മത്തു പിടിപ്പിക്കുന്നതുമായ ഒരു ഡാന്‍സ് പാര്‍ടിയില്‍ പെട്ടു പോയതു പോലെ നിങ്ങള്‍ക്ക് സിനിമയില്‍ രസിച്ചിരിക്കുകയേ നിവൃത്തിയുള്ളൂ. കോമഡി കൊണ്ട് കദനകഥകള്‍ ആവിഷ്ക്കരിച്ച ചാര്‍ളി ചാപ്ളിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പിന്‍ഗാമി തന്നെയാണ് ഫത്തി അക്കിന്‍ എന്ന് സോള്‍ കിച്ചന്‍ തെളിയിക്കുന്നു.

വെള്ളത്തിനു മുകളിലൂടെ നടക്കാനുള്ള തരം വിഫലശ്രമങ്ങളാണ് മുഖ്യ കഥാപാത്രമായ സിനോസ് നടത്തുന്നത്. ഇതു പക്ഷെ ജര്‍മനിയില്‍ അധിവസിക്കുന്ന അനവധി ഇതര വംശജരുടെ നിത്യയാഥാര്‍ത്ഥ്യമാണു താനും. പല സംസ്ക്കാരങ്ങള്‍ കൂടിക്കലരുന്ന ആധുനിക യാഥാര്‍ത്ഥ്യത്തെ ആഘോഷിക്കുന്നതിലൂടെ, സവര്‍ണ വംശീയത ഉയര്‍ത്തിപ്പിടിക്കുന്ന നവനാസിസത്തെ ചെറുക്കുകയാണ് അക്കിന്‍ ചെയ്യുന്നത്. ജര്‍മന്‍കാരല്ലാത്തവര്‍ക്ക് ജര്‍മനിയിലെ ജീവിതം എന്നത് ഏറ്റവും വിഷമകരമായ ഒരു പോരാട്ടമാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിനെ ആവിഷ്ക്കരിക്കാന്‍ രൂപപ്പെട്ട നവ സിനിമാ ഭാവുകത്വത്തിന്റെ മൌനങ്ങളും വ്യസനങ്ങളും ഏകമാനമായ അസ്തിത്വ വ്യഥകളുമല്ല, അഭയാര്‍ത്ഥിത്വവും പ്രവാസവും ദാരിദ്യ്രവും വംശവെറിയും നേരിടുന്നവരുടെ ഭാവങ്ങളെന്ന് വ്യക്തമായി തെളിയിക്കുകയാണ് അക്കിന്‍ ചെയ്യുന്നത്. പ്രതി-യൂറോപ്യന്‍ സിനിമ എന്നു വിളിക്കാവുന്ന തരത്തിലുള്ള ത്രിമാനവും ബഹുമുഖവുമായ ചലനങ്ങളിലൂടെ ശബ്ദ-വര്‍ണ ബഹളങ്ങള്‍ സൃഷ്ടിക്കുന്ന അക്കിന്‍ കിഴക്കു നിന്നുള്ള മൌലികവാദാഹ്വാനങ്ങളെയും നിരാകരിക്കുന്നു. ഈ സിനിമയിലെ കഥാപാത്രങ്ങളിലൂടെ പ്രത്യക്ഷവത്ക്കരിക്കുന്ന യൂറോപ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അവരുടെ ചുറ്റുപാടുകളുമായി അഗാധമായ ബന്ധമാണുള്ളത്; പക്ഷെ ഒരിക്കലും അവര്‍ക്കതില്‍ മുഴുവനര്‍ത്ഥത്തില്‍ ആശ്രയം ലഭ്യമാവുന്നുമില്ല. ആ ആശ്രയരാഹിത്യമാണ് അവരെ പരസ്പരം സംശയിപ്പിക്കുന്നതിലേക്കും അകറ്റുന്നതിലേക്കും നയിക്കുന്നത്. ദുരന്തത്തിന്റെ ശരീരത്തെ പൊതിയുന്ന ഉടുപ്പാണ് ഫത്തി അക്കിന്റെ തമാശകള്‍ എന്നതിനാലാണ് അത് ചിരിയന്ത്രമായി ഒടുങ്ങിപ്പോകാത്തത്. എല്ലാ തരത്തിലുമുള്ള സ്നേഹങ്ങള്‍ കൊണ്ടാണ് സോള്‍ കിച്ചന്‍ ഊഷ്മളമാകുന്നത്. കഥാപാത്രങ്ങള്‍ക്ക് റെസ്റോറണ്ടിനോടുള്ള സ്നേഹം; അക്കിനും സഹപ്രവര്‍ത്തകര്‍ക്കും കഥാപാത്രങ്ങളോടുള്ള സ്നേഹം; ആത്മാവിന് ശരീരത്തോടും തിരിച്ചുമുള്ള സ്നേഹം എന്നിങ്ങനെ പല തരത്തിലുള്ളതും വിചിത്രവുമായ സ്നേഹങ്ങള്‍ സോള്‍ കിച്ചനില്‍ നിന്ന് കണ്ടെടുക്കാനാകും. കൃത്യതയോടെ തുന്നിച്ചേര്‍ത്ത ഒരു പ്രഹസനമാണ് സോള്‍ കിച്ചന്‍. എത്ര മാത്രം വിസ്മയകരവും വിചിത്രവുമായ സ്വഭാവവിശേഷങ്ങളുള്ളവരാണ് മനുഷ്യരൊക്കെയും എന്ന യാഥാര്‍ത്ഥ്യമാണ് അക്കിനെ ഉത്സാഹഭരിതനാക്കുന്നത്. ഈ ഉത്സാഹമാണ് ദുരന്തങ്ങളുടെ പെരുമഴക്കിടയില്‍ നിന്നും മാനവികതയുടെ ആത്യന്തികമായ മൂല്യത്തെക്കുറിച്ച് വിഭാവനം ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.

Friday, December 3, 2010

തീവ്രവാദികളെ ഉണ്ടാക്കുന്നതെങ്ങനെ?

കാക്കിയെയും മാധ്യമങ്ങളെയും ഉപയോഗിച്ചുകൊണ്ട് പൊതു ബോധത്തിലൂടെ തീവ്രവാദികളെ സൃഷ്ടിച്ചെടുക്കുന്നതെങ്ങനെ എന്നതിന്റെ രണ്ട് ഞെട്ടിക്കുന്ന ഉദാഹരണങ്ങളാണ് കേരളത്തിലടുത്ത ദിവസങ്ങളില്‍ നടന്നത്. ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ മുഖ്യ പ്രതിയായി ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയുടെ കേസുമായി ആരെങ്കിലും ബന്ധപ്പെടുകയോ പൊലീസ് വ്യാഖ്യാനത്തില്‍ നിന്ന് വ്യത്യസ്തമായി സംസാരിക്കുകയോ വാര്‍ത്തകൊടുക്കുകയോ ചെയ്താല്‍ അവരെ തീവ്രവാദികളും കൊടും കുറ്റവാളികളുമാക്കി മാറ്റാന്‍ എളുപ്പമാണെന്ന സ്ഥിതിഗതിയാണ് നിലനില്‍ക്കുന്നത്. ഇത്തരക്കാര്‍ മുസ്ളിങ്ങളോ മുസ്ളിം പേരുള്ളവരോ അതിനോട് സാമ്യമുള്ളവരോ ആണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാവും. മഅ്ദനിയുടെ അറസ്റ്റിന്റെയും കേസിന്റെയും പിന്നാമ്പുറം അന്വേഷിച്ചു ചെന്ന തെഹല്‍ക ലേഖിക കെ കെ ഷാഹിനയോട് കര്‍ണാടക പൊലീസും ചില മാധ്യമങ്ങളും പ്രതികരിച്ചത് നോക്കുക. മഅ്ദനിക്കെതിരെ സാക്ഷിമൊഴി കൊടുത്ത രണ്ടു പേരെ കണ്ട് വാര്‍ത്ത ശേഖരിക്കുകയും അത് തെഹല്‍ക്കയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതിനാണ് ഷാഹിനക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തിരിക്കുന്നത്. ഈ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഐ പി സി 506 അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായ അറിയിപ്പുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഷാഹിന ഡിസംബര്‍ ഒന്നാം തീയതി വൈഗാന്യൂസിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

മഅ്ദനിക്കെതിരെ ആരോപിക്കപ്പെട്ട തെളിവുകളും മൊഴികളും തീര്‍ത്തും ദുര്‍ബലവും പലതും കള്ളവും ആണെന്ന ബോധ്യമാണ് തന്റെ അന്വേഷണത്തില്‍ ലഭ്യമായതെന്ന് ഷാഹിന പറയുന്നു. ഇതാണ് പൊലീസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. മഅ്ദനിക്കെതിരെ മൊഴി നല്‍കിയെന്ന് പറയപ്പെടുന്ന ബി ജെ പി പ്രവര്‍ത്തകന്‍ യോഗാനന്ദയെ കാണാനായി കുടക് ഐഗൂര്‍ പഞ്ചായത്തിലെ കുംബൂര്‍, ഹോസതോട്ട എന്നിവിടങ്ങളില്‍ വിവരശേഖരണത്തിനായി പോയപ്പോള്‍ തന്നെ ഷാഹിന പോലീസിന്റെ ഭീഷണി നേരിട്ടിരുന്നു. നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം ഹോസതോട്ട സി ഐ വിളിച്ച് നിങ്ങളൊരു തീവ്രവാദിയാണെന്ന് സംശയമുണ്ടെന്ന് പറയുകയുമുണ്ടായത്രെ. ഇതിനെ തുടര്‍ന്ന് കന്നട പത്രങ്ങളില്‍ വാര്‍ത്ത വരുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. ഇത് തനിക്കെതിരായ കേസായി കാണുന്നില്ലെന്നും മാധ്യമസമൂഹത്തിനെതിരായ കേസായാണ് കാണുന്നതെന്നുമാണ് ഷാഹിന പ്രതികരിച്ചത്. ഭരണകൂടം പറയുന്നത് മാത്രം അനുസരിക്കുക, റിപ്പോര്‍ട് ചെയ്യുക എന്ന സന്ദേശം പ്രചരിപ്പിക്കുകയും പൊലീസ് ഏതുവിധേനയും തെളിവുണ്ടാക്കിയാല്‍ അവരെ ജയിലിടക്കാമെന്നുമുള്ള സ്ഥിതിഗതിയാണ് സംജാതമാക്കിയിരിക്കുന്നത്. പൊലീസും ഭരണകൂടവും ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചനകള്‍ നടത്തുകയും അത് പ്രാബല്യത്തില്‍ വരുത്തുകയുമാണ്. അത് പൊളിച്ചടുക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് വെപ്രാളത്തോടും വിറളിയോടും കൂടി പോലീസ് പാഞ്ഞടുക്കുന്നത്. മാതൃഭൂമിയും കേരളകൌമുദിയുമടക്കമുള്ള മലയാള മാധ്യമങ്ങള്‍ കന്നട പത്രങ്ങളില്‍ വന്ന വാര്‍ത്തകളും പോലീസ് വ്യാഖ്യാനങ്ങളും വെള്ളം തൊടാതെ പ്രസിദ്ധീകരിച്ചു എന്നതും ഞെട്ടിക്കുന്ന പരമാര്‍ത്ഥമായി മാറിയിരിക്കുന്നു.

നിരവധി വര്‍ഷങ്ങള്‍ ഏഷ്യാനെറ്റില്‍ ജോലി ചെയ്യുകയും വാര്‍ത്തകള്‍ വായിക്കുകയും ചെയ്തുകൊണ്ട് പൊതുജനമധ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ധീരയായ പത്രപ്രവര്‍ത്തകയാണ് കെ കെ ഷാഹിന. മിശ്രവിവാഹിതയായ ഷാഹിന എല്ലാ അര്‍ത്ഥത്തിലും പുരോഗമന ചിന്താഗതിക്കാരിയും സ്വതന്ത്ര മനോഭാവക്കാരിയുമാണ്. അത്തരമൊരാളെ തീവ്രവാദിയും ഭീകരപ്രവര്‍ത്തകയുമായി ആരോപിച്ച് കുടുക്കാന്‍ ഭരണകൂടവും കന്നട മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ ശ്രമത്തെ പിന്തുണച്ച മലയാള മാധ്യമങ്ങളെയും അതിലെ ലേഖകരെയും ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഷാഹിനക്ക് പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും സഹായവുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ മിക്കവാറും മുഖ്യാധാരാ ചാനലുകളും പത്രങ്ങളും ഈ സംഭവവികാസം കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്. 'മഅ്ദനി കുടകില്‍ പോയി' എന്നല്ലാതെ 'മഅ്ദനി കുടകില്‍ പോയി എന്ന് പോലീസ് പറയുന്നു' എന്ന് ഒരു പത്രവും ചാനലും റിപ്പോര്‍ട് ചെയ്യുന്നില്ല എന്ന് കൃത്യമായി ഷാഹിന ഈ അവസ്ഥയെ വിശദീകരിക്കുന്നുമുണ്ട്. കേരളത്തിലെ മാധ്യമങ്ങളടക്കമുള്ള പൊതു സമൂഹത്തെ ജനാധിപത്യ വിരുദ്ധമാക്കുന്നതിലും ഫാസിസ്റ് ചിന്താഗതികള്‍ക്ക് കീഴ്പ്പെടുത്തുന്നതിലും മുന്നേറ്റമുണ്ടായിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവാണ് ഈ സംഭവത്തിലൂടെ നാം ആര്‍ജ്ജിച്ചെടുക്കേണ്ടത്.

മതം പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിലും തന്റെ മുസ്ളിം പേര് തന്നെ തടഞ്ഞു നിര്‍ത്തുക, കൂടുതല്‍ വിശദമായുള്ള ചോദ്യം ചെയ്യലിനു വിധേയയാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ കടന്നു പോകാന്‍ കാരണമാകുന്നുണ്ടെന്ന് ഷാഹിന സാക്ഷ്യപ്പെടുത്തുന്നു. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ തന്റെ സഹപ്രവര്‍ത്തകര്‍ തന്നെ മുസ്ളിമായി കണ്ടതിനെ സംബന്ധിച്ച് മുമ്പൊരിക്കല്‍ ഷാഹിന എഴുതിയതോര്‍ക്കുന്നു. ഫേസ്ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റ് സമൂഹങ്ങളിലും പോര്‍ട്ടലുകളിലും ഇതു സംബന്ധമായി ഗൌരവമുള്ള ചര്‍ച്ചകളും ഒത്തുകൂടലുകളും നടക്കുന്നുണ്ടെന്നതാണ് ആശാവഹമായ സംഗതി. മുഖ്യധാരയിലുള്ള ടെലിവിഷന്‍ ചാനലുകളെയും ദിനപത്രങ്ങളെയും ആനുകാലികങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് പൌരത്വ ജേര്‍ണലിസം ഇനിയുള്ള നാളുകളില്‍ മുന്നോട്ടു കുതിക്കുമെന്നതിന്റെ ശക്തമായ തെളിവായി ഈ പ്രവണതയെ കാണാവുന്നതാണ്. മലയാള്‍ ഡോട്ട് എഎം, വൈഗ ന്യൂസ്, കഫില ഡോട്ട് ഓആര്‍ജി, കൌണ്ടര്‍ മീഡിയ ഡോട്ട് ഇന്‍ എന്നീ പോര്‍ട്ടലുകളില്‍ വിശദമായ കുറിപ്പുകളും അഭിമുഖങ്ങളും നല്‍കിയത് സൈബര്‍ ജനാധിപത്യത്തിന്റെ കരുത്തിനെ വെളിവാക്കുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സംയുക്തമായി ഒപ്പിട്ട് സമര്‍പ്പിച്ച ഒരു നിവേദനം കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോട് ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ബി ആര്‍ പി ഭാസ്ക്കര്‍, എസ് ജയചന്ദ്രന്‍ നായര്‍, എന്‍ ആര്‍ എസ് ബാബു, ശശികുമാര്‍, സക്കറിയ, എസ് ആര്‍ ശക്തിധരന്‍, എം പി അച്യുതന്‍ എം പി, എന്‍ മാധവന്‍ കുട്ടി, സെബാസ്റ്യന്‍ പോള്‍, നീലന്‍, എന്‍ പി രാജേന്ദ്രന്‍, കെ പി മോഹനന്‍, എന്‍ പി ചെക്കുട്ടി, വെങ്കിടേഷ് രാമകൃഷ്ണന്‍, വി എം ഇബ്രാഹിം, എം ജി രാധാകൃഷ്ണന്‍, എന്‍ പത്മനാഭന്‍, സി ഗൌരിദാസന്‍ നായര്‍, കെ സി രാജഗോപാല്‍, മനോഹരന്‍ മൊറായി എന്നിവരാണ് ഈ നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഇത് തികച്ചും സ്വാഗതാര്‍ഹമായ നീക്കമാണ്. ഈ കേസു സംബന്ധിച്ചും മഅ്ദനിയുടെ കേസ് സംബന്ധിച്ചും കുറെക്കൂടി നീതിയുക്തവും ജനാധിപത്യപരവുമായ സമീപനം തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളിലൂടെ പ്രയോഗവത്ക്കരിക്കാനും ഇവര്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം.

സമാനമായ മറ്റൊരു സംഭവം തിരുവനന്തപുരത്ത് നടക്കുകയുണ്ടായി. നവംബര്‍ 28ന് ലെനിന്‍ ബാലവാടിയില്‍ പെഡസ്ട്രിയന്‍ പിക്ച്ചേഴ്സ് സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍, യുവ ശ്രീലങ്കന്‍ തമിഴ് സംവിധായകനായ സോമീധരന്‍ സംവിധാനം ചെയ്ത മുല്ലൈത്തീവ് സാഗ എന്ന ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. എല്ലാ പത്രങ്ങളിലെയും ഇന്നത്തെ പരിപാടിയിലടക്കം കൊടുത്തുകൊണ്ട് പരസ്യമായി നടത്തിയ ഈ പ്രദര്‍ശനത്തെ സംബന്ധിച്ച് 30-ാം തീയതിയിലെ മാതൃഭൂമി പത്രത്തില്‍ വന്ന റിപ്പോര്‍ട്, തമിഴ് ദേശീയതക്കായി പ്രചാരണം, പോലീസ് അന്വേഷണം ആരംഭിച്ചു എന്ന തലക്കെട്ടോടെയായിരുന്നു. മാതൃഭൂമി വാരിക 2009ല്‍ സോമീധരനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അപ്പോള്‍, മാതൃഭൂമി വാരികയും തമിഴ് വംശീയതക്കു വേണ്ടിയും എല്‍ ടി ടി ഇ ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്നു എന്ന് വ്യാഖ്യാനിക്കാമല്ലോ! പെഡസ്ട്രിയന്‍ പിക്ച്ചേഴ്സ് പ്രവര്‍ത്തകര്‍ മാതൃഭൂമി പത്രാധിപര്‍ക്കെഴുതിയ തുറന്ന കത്തില്‍ അഭിപ്രായപ്പെട്ടതു പോലെ, മാതൃഭൂമിയുടെ റിപ്പോര്‍ടര്‍മാര്‍ അവരുടെ പ്രസിദ്ധീകരണങ്ങള്‍ തന്നെ വായിക്കാറില്ല എന്നും ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്. 79 ഡിഗ്രിസ് 6 മണിക്കൂര്‍ എന്ന ചിത്രവും ഒരു നാടകവും മുല്ലൈത്തീവ് സാഗക്കു പുറമെ അന്ന് പ്രദര്‍ശിപ്പിച്ചിരുന്നു. ആഴത്തിലുള്ള ചര്‍ച്ചയും നടന്നിരുന്നു. ശ്രീലങ്കയിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ചര്‍ച്ചയില്‍ മുഖ്യമായും അന്വേഷണവിധേയമായത്. ചരിത്രം, ഭൂമിശാസ്ത്രം, ഭാഷ, മതം, ജാതി എന്നിങ്ങനെയുള്ള വിഷയങ്ങളും അതോടൊപ്പം, കൊല്ലുക, കൊല്ലപ്പെടുക എന്നീ അവസ്ഥകളും ചര്‍ച്ചയില്‍ പൊന്തി വന്നിരുന്നു. ഈ പ്രദര്‍ശനങ്ങളെയും യോഗത്തെയുമാണ് രഹസ്യ യോഗം എന്ന നിലക്ക് മാതൃഭൂമി റിപ്പോര്‍ട് ചെയ്തിരിക്കുന്നത്.

ജനാധിപത്യ സ്വാതന്ത്ര്യത്തിന് കേരളത്തില്‍ സംഭവിച്ചിരിക്കുന്ന അപചയത്തെയാണ് ഈ രണ്ടു സംഭവങ്ങളും സൂചിപ്പിക്കുന്നത്. പൊലീസ് ഭാഷ്യങ്ങള്‍ക്കും ഫാസിസത്തിനും കീഴ്പ്പെട്ടുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തനം ജനങ്ങളെ മുഴുവന്‍ പോലീസാക്കുക എന്ന കര്‍ത്തവ്യമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. സങ്കീര്‍ണമായ രാഷ്ട്രീയ-സാംസ്ക്കാരിക അവസ്ഥകളെ കുറ്റം/ശിക്ഷ എന്ന ദ്വന്ദ്വത്തിലേക്ക് വെട്ടിച്ചുരുക്കാനുള്ള ലളിതവത്ക്കരണ പ്രവണതകളും പൊതുബോധത്തില്‍ വ്യാപകമായത് കാണാം. ഷാഹിനക്കു വേണ്ടി വ്യക്തികള്‍ എന്ന നിലക്ക് രംഗത്തു വന്നിരിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ നിയന്ത്രണത്തിലും സ്വാധീനത്തിലുമുള്ള മാധ്യമങ്ങള്‍ക്കുള്ളിലും ജനാധിപത്യ സംസ്ക്കാരത്തിനു വേണ്ടി കൂടുതല്‍ സൂക്ഷ്മതയോടെ നിലക്കൊള്ളുമെന്ന പ്രതീക്ഷ ഏതായാലും തള്ളിക്കളയുന്നില്ല.

Tuesday, November 16, 2010

യുദ്ധത്തില്‍ നിര്‍മ്മിക്കപ്പെട്ട പെണ്‍കുട്ടികള്‍






യുദ്ധമാകട്ടെ, ഭീകരാക്രമണങ്ങളാകട്ടെ, ഭീകരവിരുദ്ധ യുദ്ധങ്ങളായ ഭരണകൂട/സാമ്രാജ്യത്വ ഭീകരതകളാകട്ടെ, വര്‍ഗീയ വംശഹത്യകളാകട്ടെ എപ്പോഴും സ്‌ത്രീകളെ കടന്നാക്രമിക്കുക എന്നത് അക്രമാധീശത്വത്തിന്റെ പ്രയോഗാനന്ദങ്ങളില്‍ മുഖ്യമാണ്. പൈശാചികതയുമായി വിലപേശല്‍ നടത്താന്‍ സ്‌ത്രീകള്‍ നിയോഗിക്കപ്പെടുന്നതെന്തുകൊണ്ട് ? ഇരകള്‍ എവിടെയൊക്കെയോ എങ്ങിനെയൊക്കെയോ വിസ്‌മൃതികളില്‍ ഒടുങ്ങിപ്പോകുകയും വേട്ടക്കാര്‍ അവരുടെ ഗൂഢമായ ആഹ്ളാദങ്ങളും പേറി മുകള്‍ത്തട്ടുകളിലേക്ക് പൊന്തിപ്പറക്കുകയും ചെയ്യുന്നതോടെ സമൂഹം പൂര്‍വ്വസ്ഥിതിയിലായി എന്ന് നാം സമാശ്വസിക്കുന്നു. ശിക്ഷയുടെ പശ്ചാത്തലപ്രദേശമായി സ്‌ത്രീ ശരീരങ്ങളെ പ്രയോജനപ്പെടുത്തുന്നത് കേവലം പുരുഷന്റെ ലൈംഗികാനന്ദം എന്ന ഘടകത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനാവില്ല. അധികാരപ്രയോഗത്തിന്റെയും അക്രമമാര്‍ഗ്ഗത്തിന്റെയും സ്ഥിരീകരിക്കപ്പെട്ട മാര്‍ഗ്ഗമായി ലൈംഗികാക്രമണങ്ങള്‍ ചരിത്രത്തില്‍ വിലയിക്കപ്പെട്ടുകഴിഞ്ഞു. ലൈംഗികാനന്ദമല്ല, ഇരയുടെ വേദനയിലൂടെയും തോല്‍വിയിലൂടെയും സാക്ഷാത്കൃതമാകുന്ന വേട്ടക്കാരന്റെ ആഹ്ളാദനിറവാണ് ഇത്തരം അക്രമത്തിന്റെ മനശ്ശാസ്‌ത്രം. ലൈംഗികാക്രമണങ്ങള്‍ പുറത്തു വരാത്തതിന്റെ പുറകിലുള്ള പ്രധാന കാരണങ്ങളിലൊന്ന്, ഇരകളാക്കപ്പെട്ടവര്‍ പുലര്‍ത്തുന്ന മൌനവും ഉള്‍വലിയലും തന്നെയാണ്. രേഖപ്പെടുത്തല്‍, റിപ്പോര്‍ടിംഗ്, അന്വേഷണം, കുറ്റപത്രം രൂപപ്പെടുത്തല്‍, ശിക്ഷ എന്നീ ഘട്ടങ്ങളെയൊക്കെയും ഈ മൌനം സ്വാധീനിക്കുന്നുണ്ട്. ഇനി ഇരകള്‍ തുറന്നു പറഞ്ഞാല്‍ തന്നെ ഇത്തരം കേസുകളില്‍ തുടര്‍ച്ചയായി സ്‌ഥൈര്യം നിലനിര്‍ത്തി പൊരുതാന്‍ കെല്‍പ്പില്ലാത്തതിനാല്‍ അവര്‍ നിശ്ശബ്‌ദരാക്കപ്പെടുകയും തോല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവണതയും സാധാരണമാണ്. പൊതു സമൂഹം സാധാരണ ഗതിയില്‍ തന്നെ (സമാധാന കാലത്തും) സ്‌ത്രീ വിരുദ്ധമായതിനാല്‍, സ്‌ത്രീകളുടെ ആവലാതികള്‍ പരിഹരിക്കപ്പെടാതിരിക്കുകയോ വേണ്ട രീതിയില്‍ ഉന്നയിക്കപ്പെടുന്നതില്‍ നിന്നു തന്നെ തടയപ്പെടുകയോ ചെയ്യുന്നു. ഇതും അവര്‍ക്കെതിരായ ആക്രമണങ്ങളുടെ ഊക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലക്കാണ് കേട് തുടങ്ങിയ പഴഞ്ചൊല്ലുകളില്‍ അധിഷ്‌ഠിതമായ പരമ്പരാഗത പുരുഷാധിപത്യ ബോധമാണ് അതി നിഷ്‌ഠൂരമായ വര്‍ഗീയ-വംശഹത്യകളിലെ കേസുകളില്‍ പോലും അഭിപ്രായം രൂപപ്പെടുത്തുന്നതിനെ സ്വാധീനിക്കുന്നത്. ബലാത്സംഗത്തിനിരയായ സ്‌ത്രീകളുടെ മുന്‍കാല സ്വഭാവം വേണ്ടത്ര സദാചാരനിഷ്‌ഠമായിരുന്നില്ല എന്നതിനാല്‍ പ്രതിയെ കുറ്റക്കാരനായി കരുതാനാകില്ല എന്ന് നിരീക്ഷിക്കുന്ന ജഡ്‌ജിമാര്‍ ആരിലും അത്ഭുതവും ഞടുക്കവും സൃഷ്‌ടിക്കാത്ത നാടും കാലവുമാണല്ലോ നമ്മുടേത്! സ്‌ത്രീകള്‍ ആക്രമിക്കപ്പെടാം എന്ന അവസ്ഥ നിലനില്‍ക്കുന്നതു കൊണ്ട് വംശഹത്യക്കിരയായ സമുദായത്തില്‍ പ്പെട്ടവര്‍ തങ്ങളുടെ വീട്ടിലേക്ക് തിരിച്ചുവരാതിരിക്കുകയും ചെയ്യുന്നു. നിശ്ശബ്‌ദമായ ദൈനം ദിന അക്രമത്തിലൂടെ ന്യൂനപക്ഷം വേട്ടയാടപ്പെടുന്ന അവസ്ഥയാണിതു മൂലമുണ്ടാകുന്നത്. തുല്യത, വിവേചനരാഹിത്യം, അഭിമാനത്തോടെയുള്ള ജീവിതം എന്നീ അന്താരാഷ്‌ട്ര മൂല്യങ്ങളാണ് ഇത്തരം അവസരങ്ങളില്‍ വ്യാപകമായി ഉൻ‌മൂലനം ചെയ്യപ്പെടുന്നത് എന്നതാണ് വാസ്‌തവം.


ലോകവ്യാപകമായി, കലാപഭൂമികളിലും തുടര്‍ന്നുള്ള 'സമാധാന'കാലങ്ങളിലും സ്‌ത്രീത്വം നേരിടുന്ന ഈ ദുരന്തത്തെ അസാമാന്യമായ വിധത്തില്‍ തീക്ഷ്‌ണതയോടെ ചലച്ചിത്രവത്ക്കരിച്ചിരിക്കുകയാണ് പെറുവില്‍ നിന്നുള്ള ചലച്ചിത്രകാരി ക്ളോദിയ ലോസ തന്റെ പുതിയ ചിത്രമായ മില്‍ക്ക് ഓഫ് സോറോ(സ്‌പാനിഷ്-2009-പെറു, സ്‌പെയിന്‍)വിലൂടെ. വിശ്വപ്രസിദ്ധ പെറുവിയന്‍ എഴുത്തുകാരനായ മറിയോ വര്‍ഗോസ് ലോസയുടെ മരുമകള്‍ കൂടിയായ ക്ളോദിയയുടെ രണ്ടാമത്തെ കഥാ ചിത്രമാണ് മില്‍ക്ക് ഓഫ് സോറോ(നൈരാശ്യത്തിന്റെ മുലപ്പാല്‍). ആദ്യ ചിത്രമായ മദ്യെനൂസക്കു തന്നെ ക്ളോദിയ പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടി. 2003ലെ ഹവാന ഫിലിം ഫെസ്‌റ്റിവലില്‍ പ്രസിദ്ധീകരിക്കപ്പെടാത്ത തിരക്കഥക്കുള്ള പുരസ്‌കാരത്തോടെയായിരുന്നു തുടക്കം. സണ്‍ഡന്‍സ്, റോട്ടെര്‍ദാം, മാര്‍ദെല്‍ പ്ളാറ്റ, മലാഗ, സിയാറ, ലിമ, കാറ്റഗെന എന്നീ മേളകളിലൊക്കെയും ഈ ചിത്രത്തിന് വിവിധ അവാര്‍ഡുകള്‍ ലഭിച്ചു. എന്നാല്‍ കാര്യങ്ങള്‍ പ്രവചനാതീതമാം വണ്ണം ഇളക്കിമറിച്ചത് ല തേത്ത അസൂസ്‌താദ(മില്‍ക്ക് ഓഫ് സോറോവിന്റെ സ്‌പാനിഷ് ടൈറ്റില്‍) പുറത്തു വന്നതോടെയാണ്. 2010ലെ ഓസ്‌ക്കാര്‍ അവാര്‍ഡ്(മികച്ച വിദേശ ചിത്രം), ഗോയ അവാര്‍ഡ്, ഏരിയല്‍ അവാര്‍ഡ് എന്നിവക്ക് നോമിനേഷന്‍ ലഭിച്ച (അവാര്‍ഡ് ലഭിച്ചില്ലെങ്കിലും ഇവയുടെ നോമിനേഷനുകള്‍ സുപ്രധാനമാണ്) മില്‍ക്ക് ഓഫ് സോറോ പ്രസിദ്ധമായ നിരവധി പുരസ്‌കാരങ്ങള്‍ നേടിയെടുത്തു. 2009ലെ ബെര്‍ലിന്‍ അന്താരാഷ്‌ട്ര മേളയിലെ ഗോള്‍ഡന്‍ ബിയര്‍, ഫിപ്രസി പുരസ്‌കാരങ്ങള്‍; ഗൌതലജാറയില്‍ മികച്ച ചിത്രം; മോണ്‍ട്രിയലില്‍ ബെസ്‌റ്റ് ക്രിട്ടിക്ക് അവാര്‍ഡ്; ലിമ മേളയില്‍ മികച്ച പെറുവിയന്‍ സിനിമ, കോണാസിനി അവാര്‍ഡ്; ബൊഗോട്ട മേളയില്‍ മികച്ച ചിത്രം; ഹവാന മേളയില്‍ മികച്ച സിനിമ(ഗ്രാന്റ് കോറല്‍) എന്നിങ്ങനെ അവാര്‍ഡുകളുടെ പെരുമയിലൂടെയും മില്‍ക്ക് ഓഫ് സോറോ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു.

അവിശ്വസനീയമായ ഒരു ഇതിവൃത്തവും അസാമാന്യമായ ഒരു ആഖ്യാനവുമാണ്, കണ്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞാലും നീറ്റല്‍ വിട്ടു പോകാത്ത തരത്തിലുള്ള ഒരു വേദനയായി മില്‍ക്ക് ഓഫ് സോറോ കാണിയിലേക്ക് സംക്രമിക്കുന്നതിനു കാരണമാകുന്നത്. 1980നും 1992നും ഇടയിലുള്ള കാലഘട്ടത്തില്‍ പെറു കടന്നു പോന്ന ഭീഷണമായ അവസ്ഥയാണ് ചിത്രപശ്ചാത്തലം. രാജ്യത്ത് മുഴുവനായും ആന്ദിയന്‍ മേഖലയില്‍ വിശേഷിച്ചും ആ കാലത്ത് ആളിപ്പടര്‍ന്ന ഷൈനിംഗ് പാത്ത് എന്ന മാവോയിസ്‌റ്റ് സംഘടനയുടെ അക്രമവാഴ്‌ചയും അതിനെ തുരത്താനെന്ന പേരില്‍ സൈന്യത്തിന്റെയും പോലീസിന്റെയും അര്‍ദ്ധസൈനികവിഭാഗങ്ങളുടെയും പ്രത്യാക്രമണങ്ങളും ചേര്‍ന്ന് ജനജീവിതം താറുമാറാക്കി. 1990 ഓടെ പെറുവിന്റെ തലസ്ഥാനമായ ലിമയിലേക്കും അക്രമം വ്യാപിച്ചു. ഈ കാലഘട്ടത്തെ ഉപജീവിച്ചു കൊണ്ട് നാട്ടിന്‍ പ്രദേശങ്ങളില്‍ രൂപപ്പെട്ട ഒരു നാടോടിക്കഥയാണ് ക്ളോദിയ അവലംബിക്കുന്നത്. മാവോയിസ്‌റ്റ് ഭീകരര്‍ ഒരു ഭാഗത്തു നിന്നും, ഭീകരരെയും അക്രമികളെയും തുരത്താനെന്ന പേരില്‍ പ്രത്യേക സൈനികാധികാരത്തോടെ നാടു പിടിച്ചടക്കുന്ന പട്ടാളക്കാരും മറ്റ് കാക്കി വസ്‌ത്രധാരികളും മറു ഭാഗത്തു നിന്നും വ്യാപകമായി സ്‌ത്രീകളെ കടന്നാക്രമിക്കുന്നു. കൂട്ട ബലാത്സംഗങ്ങളും വ്യാപകമായ മാനഹാനിയും കൊണ്ട് ലൈംഗികത, മാതൃത്വം എന്നീ നൈസര്‍ഗിക വികാരങ്ങളോട് സ്‌ത്രീകളാകെ പുറന്തിരിയുന്നു. സ്വന്തം ശരീരം എന്നത് ഏറ്റവും മലിനീകരിക്കപ്പെട്ട ഒരു ഭൂപ്രദേശവും ജീര്‍ണിക്കപ്പെട്ട ഒരു ആത്മാവുമായി അവര്‍ ആന്തരീകരിക്കുന്നു. ഈ ജീര്‍ണതയും മലിനീകരണവും ദൈന്യതയും നൈരാശ്യവും, ബലാത്സംഗത്തിലൂടെ പിറവി കൊള്ളുന്ന പെണ്‍മക്കളിലേക്ക് മുലപ്പാലിലൂടെ പകരുന്നു എന്ന് അമ്മമാര്‍ കരുതുന്നതായാണ് നാടോടിക്കഥയിലെ വിശ്വാസം. അതായത്, അക്രമത്തിന്റെയും കീഴ്പ്പെടുത്തലിന്റെയും സ്ഥലകാലം അത് നേരിട്ട് അനുഭവിച്ചവര്‍ മാത്രമല്ല, അവരുടെ അടുത്ത തലമുറകളിലേക്കും അവരുടെ ഹൃദയങ്ങളിലേക്കും മനസ്സുകളിലേക്കും ശരീരങ്ങളിലേക്കും ആത്മാവുകളിലേക്കും, മുലപ്പാലിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു എന്നര്‍ത്ഥം. ആ കൈമാറ്റങ്ങളിലൂടെ അടുത്ത തലമുറകള്‍ കൂടി ഭീതിയുടെയും സര്‍വ്വനാശത്തിന്റെയും മരവിപ്പിന്റെയും മൂടുപടങ്ങളുടെ തടവില്‍ പെടുന്നു.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ നരവംശശാസ്‌ത്ര വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറും ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ജസ്‌റ്റീസിന്റെ പ്രാക്‌സിസ് ഡയരക്‌റ്ററുമായ കിംബെര്‍ലി തിയോഡോണ്‍ രചിച്ച എന്‍ത്രെ പ്രൊജിമോസ് എന്ന പുസ്‌തകമാണ് ക്ളോദിയ തന്റെ സിനിമക്ക് ആധാരമാക്കുന്നത്. യുദ്ധ തന്ത്രമായി സൈന്യം പ്രയോഗിച്ച കൂട്ട ബലാത്സംഗങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന സംവിധായിക, ഈ ആഖ്യാനത്തെ ഏറ്റവും സ്‌ത്രൈണാത്മകമായ ഒരു തലത്തിലേക്ക് വളര്‍ത്തിയെടുക്കുന്നു. സാമൂഹികവും മനശ്ശാസ്‌ത്രപരവുമായ പരികല്‍പനകള്‍ ഒരേ സമയം അവര്‍ പുലര്‍ത്തുന്നുണ്ട്. തിയോഡോണിന്റെ പുസ്‌തകത്തില്‍ ഒരേ സമയം മുപ്പതാളുകളുടെ വരെ ലൈംഗികാക്രമണത്തിന് വിധേയയായ സ്‌ത്രീകളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ബലാത്സംഗത്തിലൂടെ പലരും ഗര്‍ഭിണിയായിത്തീരുകയും ചെയ്‌തു. ഇത്തരം കടുത്ത ലൈംഗികാക്രമണങ്ങള്‍ക്കു ശേഷവും ജീവിച്ചിരിക്കുന്നവര്‍ അവരുടെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍, കേള്‍വിക്കാരില്‍ നിന്ന് ഒരു ഉത്തരവാദിത്തം ഇരകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ കേട്ടതിനോടൊക്കെ പ്രതികരിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട് എന്നതാണ് ആ പ്രതീക്ഷ എന്നാണ് തിയോഡോണ്‍ സാക്ഷ്യപ്പെടുത്തുന്നത്. അത്തരത്തിലുള്ള ശക്തമായ ഒരു പ്രതികരണമാണ് ക്ളോദിയയുടെ സിനിമ. തിയോഡോണിന്റെ പുസ്‌തകത്തിന്റെ ഇംഗ്ളീഷ് പരിഭാഷ അടുത്തു തന്നെ സ്‌റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പുറത്തിറക്കുന്നുണ്ട്. സമീപസ്ഥ ശത്രുക്കള്‍- അക്രമവും അനുരഞ്ജനവും പെറുവില്‍ (Intimate Enemies: Violence and Reconciliation in Peru) എന്നാണ് പുസ്‌തകത്തിന്റെ ശീര്‍ഷകം.

തന്റെ അമ്മയായ പെര്‍പെച്ച്വയില്‍ നിന്ന് കൈമാറിക്കിട്ടിയ ദുരന്തത്തിന്റെ അനന്തമായ പീഡാവസ്ഥയും പേറിയാണ് ഫോസ്‌ത, അന്യഥാ പുഷ്‌ക്കലമായിരിക്കേണ്ട കൌമാരത്തെ ഭീതിയില്‍ ഒളിപ്പിച്ച് അതിജീവിക്കാന്‍ ശ്രമിക്കുന്നത്. നിരത്തിലൂടെ നടക്കുമ്പോള്‍ അവള്‍ മതിലുകളോട് ചേര്‍ന്നാണ് നടക്കുന്നത്. മതിലുകള്‍ തനിക്ക് സുരക്ഷാകവചം തീര്‍ക്കുമെന്ന് അവള്‍ വിശ്വസിക്കുന്നു. കുറച്ച് ദൂരം പോകേണ്ടതുണ്ടെങ്കില്‍ കൂടെ ഒരംഗ രക്ഷകന്‍ ഉണ്ടാകണമെന്ന് അവള്‍ ആഗ്രഹിക്കുന്നു. പെറുവിന്റെ തലസ്ഥാനനഗരമായ ലിമയിലെ ചേരിപ്രദേശത്തിലാണവള്‍ ജീവിക്കുന്നത്. ഇരുപത് വയസ്സാണവള്‍ക്ക് പ്രായം എന്നു പറയുന്നതിന്റെ പൊരുള്‍ അത്രയും വര്‍ഷം മുമ്പ് പെറുവിലെ ഗ്രാമങ്ങളെ പിടിച്ചു കുലുക്കിയ ആഭ്യന്തരയുദ്ധകാലത്തെ ബലാത്സംഗങ്ങളിലാണവള്‍ പിറവിയെടുത്തത് എന്നാണ്. യുദ്ധം നിര്‍മ്മാണാത്മകമായ ഒരു പ്രവൃത്തിയല്ലെന്നാരാണ് പറഞ്ഞത്?

ഫോസ്‌തയുടെ അമ്മ മരണപ്പെടുന്നു. പാടിക്കൊണ്ടാണ് ആ അമ്മ മരണമടയുന്നത്. ആ പാട്ട് ഇപ്രകാരമാണ് തുടങ്ങിയത്. ഒരു പക്ഷെ, ഏതെങ്കിലും ഒരു ദിവസം നിങ്ങള്‍ക്ക് ബോധ്യപ്പെടും, ഞാനെത്രമാത്രം കരഞ്ഞിരുന്നുവെന്ന്, മുട്ടു കുത്തി ഞാന്‍ കേണു, ആ നശിച്ച തന്തയില്ലാത്തവന്മാരോട്, ആ രാത്രി ഞാന്‍ തൊണ്ട പൊട്ടി നിലവിളിച്ചു, മലകളില്‍ പ്രതിധ്വനിച്ചു, ആളുകള്‍ കേട്ട് ചിരിച്ചു, ഞാനെന്റെ വേദനയോട് പോരാടിക്കൊണ്ട് പറഞ്ഞു. ഒരു ദുര്‍മന്ത്രവാദിനിയാണ് നിന്നെ പെറ്റത്. അതുകൊണ്ടാണ് നീ അവളുടെ അമ്മിഞ്ഞ തിന്നു തീര്‍ത്തത്.


അമ്മയുടെ മൃതശരീരം വേണ്ട വിധത്തില്‍ നാട്ടില്‍ കൊണ്ടു പോയി സംസ്‌ക്കരിക്കാനാവശ്യമായ പണം അവളുടെ പക്കലില്ല. അത് സ്വരൂപിക്കുന്നതിനു വേണ്ടി അവള്‍ പണക്കാരിയായ സംഗീതജ്ഞ ദോണ ഐഡയുടെ വീട്ടു വേലക്കാരിയായി ജോലി ചെയ്യുകയാണ്. ദു:ഖവും ദുരന്തവും മുലപ്പാലിലൂടെ കൈമാറിക്കിട്ടിയ അവളുടെ വിചിത്രമായ പെരുമാറ്റങ്ങള്‍ വീട്ടുടമസ്ഥ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. അതിനിടയിലാണ് ഫോസ്‌ത നനുത്ത ശബ്‌ദത്തില്‍ ചില പാട്ടുകള്‍ പാടുന്നുണ്ടെന്ന കാര്യം അവര്‍ ശ്രദ്ധിക്കുന്നത്. ഏതാണാ പാട്ടുകള്‍? ധ്യാനനിമഗ്നയായ ഫോസ്‌ത തന്റെ പീഡനത്തെ നേരിടുന്നതിനു വേണ്ടി കെട്ടിയുണ്ടാക്കുന്നതാണോ അതോ അമ്മയില്‍ നിന്ന് ദുരന്താത്മകതയോടൊപ്പം പകര്‍ന്നു കിട്ടിയതാണോ ആ പാട്ടുകളെന്നറിയില്ല. അതേതായാലും വേണ്ടില്ല, ഈ പാട്ടുകള്‍ക്കും കച്ചവടമൂല്യമുണ്ടെന്ന് പ്രൊഫഷണലായ ദോണ മനസ്സിലാക്കുന്നു. ആ പാട്ടുകളോരോന്നായി അവര്‍ അവളില്‍ നിന്ന് വിലക്കെടുക്കുന്നു. ഒരു പാട്ടിന് ഒരു മുത്ത് വീതം എന്നതാണ് കരാര്‍. മുത്ത് മുഴുവനാകുമ്പോള്‍ തനിക്ക് ഒരു മാല കോര്‍ക്കാം എന്നതാണ് ഫോസ്‌തയുടെ പ്രതീക്ഷ. സ്വയം രക്ഷയുടെയും അതിജീവനത്തിന്റെയും ആ പാട്ടുകള്‍ തന്റെ കച്ചേരിക്കു വേണ്ടി ഉപയോഗപ്പെടുത്തിയതിനു ശേഷം ഫോസ്‌തയെ(അവളുടെ പേര് പോലും എപ്പോഴും തെറ്റി ഉച്ചരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവളാണ് ആ ഉടമസ്ഥ) തെരുവില്‍ ഉപേക്ഷിച്ച് മതിമറക്കുന്ന ആ ധനികസ്‌ത്രീയുടെ പെരുമാറ്റം കാണിയില്‍ അങ്ങേയറ്റത്തെ ജുഗുപ്‌സ സൃഷ്‌ടിക്കുന്നുണ്ട്. യുദ്ധത്തിന്റെ ആനന്ദത്തിനിടയില്‍ ആര്‍ക്കും ആവശ്യമില്ലാതെ പിറവിയെടുത്ത ഫോസ്‌തയുടെ(ഫോസ്‌തമാരുടെ) കൌമാരവും ധനികാനന്ദത്തിന്റെ ഇരയായി തീരാന്‍ ഇപ്രകാരം ഇടയാകുന്നു.

പുരുഷന്മാരില്‍ നിന്ന് രക്ഷ നേടാനായി തന്റെ ലൈംഗികാവയവത്തിനുള്ളില്‍ ഒരു ഉരുളക്കിഴങ്ങ് കടത്തിവെച്ചിരിക്കുകയാണവള്‍. യുദ്ധത്തോടുള്ള പ്രതിരോധതന്ത്രം എന്നും വിശേഷിപ്പിക്കാമിതിനെ. (പെറുവാണത്രെ ഉരുളക്കിഴങ്ങിന്റെ ജന്മദേശം). ഇതിനെ തുടര്‍ന്ന് അവളുടെ ശരീരത്തിനകത്ത് അണുബാധ ഉണ്ടാകുന്നു. ഡോക്ടര്‍ ഈ ഉരുളക്കിഴങ്ങ് എടുത്തുകളയണമെന്ന് പറയുന്നുണ്ടെങ്കിലും അവള്‍ കൂട്ടാക്കുന്നില്ല. ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ ഉരുളക്കിഴങ്ങിന് മുള പൊട്ടുന്നു. തന്റെ കാല്‍ അകത്തി വെച്ച് പാവാടക്കുള്ളിലൂടെ കത്രിക കൊണ്ട് അവള്‍ ആ മുള മുറിച്ച് നിലത്തിടുന്നത്, സിനിമാ ചരിത്രത്തിലെ അപൂര്‍വ്വവും അങ്ങേയറ്റം സ്‌ത്രൈണാത്മകവുമായ ഒരു ദൃശ്യവത്ക്കരണമായി അനുഭവപ്പെട്ടു. മാഗലി സോളിയര്‍ ആണ് ഫോസ്‌തയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വൈദ്യശാസ്‌ത്രത്തിന്റെ പാഠപുസ്‌തകങ്ങളില്‍ തിരഞ്ഞാലും കിട്ടാത്ത ഈ രോഗം, നാടോടിക്കഥകളിലൂടെയാണ് പരക്കുന്നത്. വെര്‍ണര്‍ ഹെര്‍സോഗിന്റെ ദ എനിഗ്‌മ ഓഫ് കാസ്‌പര്‍ ഹോസറില്‍ മനുഷ്യരെ കാണാതെ അനേക വര്‍ഷം ജീവിച്ച് മനുഷ്യരൂപവും സ്വഭാവവും ഇല്ലാതെ പോയ നായകനാണുള്ളത്. അതു പോലെ, മനുഷ്യരൂപികള്‍ക്കിടയില്‍ തന്നെയാണ് ജീവിക്കുന്നതെങ്കിലും അവരില്‍ മനുഷ്യരെ കണ്ടെത്താനാകാതെ പോകുന്നവളാണ് ഫോസ്‌ത. ദുരന്തം പകര്‍ന്നു തന്ന അമ്മയോടൊപ്പമിരിക്കുമ്പോള്‍ മാത്രമായിരുന്നു അവളല്‍പം സന്തോഷം അനുഭവിച്ചിരുന്നത്. അതിനാലാണ്, മരിച്ച അമ്മയെ പോലും വിട്ടു പിരിയാതെ തന്റെ കട്ടിലില്‍ തന്നെ അവള്‍ സൂക്ഷിച്ചുവെച്ചത്. നിശ്ശബ്‌ദതക്കും സംഗീതത്തിനും ഇടയിലുള്ള കൃത്യമായ നൂല്‍പ്പാലത്തിലൂടെയാണ് മില്‍ക്ക് ഓഫ് സോറോവിന്റെ ആഖ്യാനം സഞ്ചരിക്കുന്നത്. ആസക്തിയുടെയും വികാരരാഹിത്യത്തിന്റെയും ഇടവേളകളിലാണിത്തരം രാഷ്‌ട്രീയ അപരത്വങ്ങള്‍ പിറവിയെടുക്കുന്നതും ദുരന്തം പേറി നീറി നീറി എരിയുന്നതും.

Friday, November 12, 2010

കാശ്മീര്‍ - രാഷ്ട്രീയ പരിഹാരം മാത്രം



വെടിയുണ്ട കൊണ്ടും കാക്കിയുടെ അപ്രമാദിത്വം കൊണ്ടും ഒരു നാടിനെയും ജനതയെയും വരിഞ്ഞു മുറുക്കി ദേശീയോദ്ഗ്രഥനവും ഐക്യവും അഖണ്ഡതയും സാധ്യമാക്കിയെടുക്കാനാവുമോ? സ്നേഹം കൊണ്ടും സ്വാഭിമാനബോധം കൊണ്ടും സ്വാതന്ത്ര്യാവബോധം കൊണ്ടുമാണ് ഐക്യം ഊട്ടിയുറപ്പിക്കേണ്ടത്. കാശ്മീര്‍ നല്‍കുന്ന പാഠവും മറ്റൊന്നല്ല. മൂന്നു മാസത്തോളം നീണ്ട ഇന്‍തിഫാദയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാശ്മീര്‍ 'സാധാരണ' ജീവിതത്തിലേക്ക് തിരിച്ചു വന്നതായി റിപ്പോര്‍ട് ചെയ്യപ്പെട്ടു. എന്താണ് കാശ്മീരിനെ സംബന്ധിച്ചിടത്തോളം സാധാരണത്തം എന്ന നിര്‍ണായക ചോദ്യം ഈ വാര്‍ത്തയെ പ്രശ്നഭരിതമാക്കുന്നുമുണ്ട്. അതെന്തായാലും; ഇന്ത്യന്‍ ഭരണകൂടം, കാശ്മീരിലെ എല്ലാ അര്‍ത്ഥത്തിലുമുള്ള രാഷ്ട്രീയനേതൃത്വങ്ങള്‍, കാശ്മീരി സമൂഹം എന്നീ മൂന്നു സാമൂഹിക ശക്തികള്‍ എന്ത് നിലപാടാണ് ഇനിയുള്ള നാളുകളില്‍ സ്വീകരിക്കാന്‍ പോകുന്നത് എന്നതനുസരിച്ചാണ് ഇപ്പോഴുള്ള താല്‍ക്കാലികവും താരതമ്യേന ആശാവഹവുമായ സമാധാനവും സാധാരണത്വവും നിലനില്‍ക്കുമോ എന്നറിയാന്‍ കഴിയുകയുള്ളൂ.

ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം, സാധാരണത്വം എന്നതിനര്‍ത്ഥം; അക്രമപ്രവര്‍ത്തനങ്ങളും വാര്‍ത്തകളും ഏറ്റവും കുറവോ ഇല്ലാതിരിക്കുകയോ ആയിട്ടുള്ള സ്ഥിതി കൈവരിക്കുക, പ്രതിഷേധങ്ങള്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് വിധേയമായിരിക്കുക എന്നാണ്. കാശ്മീരിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കാകട്ടെ, ഓരോരുത്തരും നിലയുറപ്പിച്ചിരിക്കുന്ന നിലപാടുതറകള്‍ക്കനുസരിച്ചാണ് സാധാരണത്വം വ്യാഖ്യാനിക്കപ്പെടുക. ഇന്ത്യന്‍ പൌരത്വം അംഗീകരിച്ചവരും അല്ലാത്തവരുമായ രാഷ്ട്രീയ സംഘടനകളാണ് കാശ്മീരിലുള്ളത് എന്നതിനാല്‍ ഇവരുടെ വീക്ഷണങ്ങളും അത്യന്തം വിഭിന്നമായ അവസ്ഥകളിലാണ് ഉള്ളത്. ഇന്ത്യന്‍ ഭരണഘടനക്കകത്തു നിന്നു കൊണ്ടുള്ള ജനാധിപത്യ സമ്പ്രദായം തുടരുക എന്നതു മുതല്‍ക്ക്, കാശ്മീരിന് സ്വാതന്ത്ര്യം(ആസാദി) വേണമെന്നും, പാക്കിസ്ഥാനില്‍ ലയിപ്പിക്കണമെന്നും ആവശ്യമുന്നയിക്കുന്ന വിവിധ സംഘടനകളാണ് കാശ്മീരില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെല്ലാവരെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ളതും അര്‍ത്ഥവത്തായതുമായ സംവാദങ്ങളും സംഭാഷണങ്ങളും നിരന്തരമായി തുടരാവുന്ന വിധത്തില്‍ അടിയന്തിരമായി ആരംഭിക്കുക എന്നതാണ് പോംവഴിയിലേക്കുള്ള പാത എന്ന് ഇന്ത്യന്‍ ഇടതുപക്ഷമടക്കമുള്ള നിരവധി ജനാധിപത്യവാദികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ്, ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തില്‍ കാശ്മീര്‍ സന്ദര്‍ശിച്ച സര്‍വകക്ഷി സംഘത്തിന്റെ അഭിസംബോധന കേള്‍ക്കാന്‍ വരാതിരുന്ന സംഘടനകളുടെ സവിധത്തില്‍ പോയി സംസാരിക്കാന്‍ ഈ കക്ഷി നേതാക്കള്‍ തയ്യാറായത്. സെപ്തംബര്‍ 20ന് ശ്രീനഗറിലെ ഷെര്‍ ഇ കാശ്മീര്‍ അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി, ബി ജെ പി, സി പി ഐ(എം) എന്നീ പാര്‍ടികളുടെ പ്രതിനിധികളാണ് മുഖ്യമായും പങ്കെടുത്തത്. 'വിഘടനവാദികള്‍' എന്നാക്ഷേപിക്കപ്പെടുന്ന വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന വലിയൊരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടു നിന്നു. അപ്പോഴെന്താണ് സംഭവിക്കുക. ഇപ്രകാരം വിട്ടുനിന്നവരെ അപലപിച്ചുകൊണ്ട് ഒരു പ്രമേയവും പാസാക്കി ചിദംബരം മുതല്‍ സുഷമാ സ്വരാജ് വരെയുള്ള നേതാക്കള്‍ തിരിച്ച് ദില്ലിയിലേക്ക് വിമാനം കയറുക! കാര്യം ശുഭം.

എന്നാല്‍, അതല്ല സംഭവിച്ചത്. സി പി ഐ(എം) നേതാവ് സീതാറാം യെച്ചൂരിയും അകാലിദള്‍ നേതാവ് രത്തന്‍ സിംഗ് അജ്നാലയും ഡി എം കെ നേതാവ് ടി ആര്‍ ബാലുവും ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടു സംസാരിച്ചു. ഇതേ മട്ടില്‍, സി പി ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയും മറ്റു ചില നേതാക്കളും ചേര്‍ന്ന് ഓള്‍ പാര്‍ടി ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വൈസ് ഉമര്‍ ഫാറൂഖിനെയും, രാം വിലാസ് പാസ്വാന്‍ അടക്കമുള്ള നേതാക്കള്‍ ജെ കെ എല്‍ എഫ് ചെയര്‍മാന്‍ യാസിന്‍ മാലിക്കിനെയും സന്ദര്‍ശിച്ചു. അന്യഥാ വ്യര്‍ത്ഥമായിപ്പോകുമായിരുന്ന സര്‍വകക്ഷി സന്ദര്‍ശനം ഈ പ്രത്യേക നീക്കത്തിലൂടെ കൂടുതല്‍ അര്‍ത്ഥവത്താകുകയും ജനാധിപത്യവാദികളില്‍ പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്തു. പ്രത്യേക സൈനികാധികാര നിയമം(എ എഫ് എസ് പി എ) റദ്ദാക്കണമെന്ന ആവശ്യമാണ് സമരം ചെയ്തു വരുന്ന കാശ്മീരി ജനത ആവശ്യപ്പെട്ടിരുന്നത്. അതിനോട് കേന്ദ്ര മന്ത്രിസഭയിലെയും ഭരണകക്ഷിയിലെയും ഒരു പ്രബല വിഭാഗം അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തതായി പത്ര റിപ്പോര്‍ടുകള്‍ സൂചന തന്നിരുന്നു. എന്നാല്‍ ആ നിര്‍ണായക ആവശ്യം നടപ്പിലാക്കാനുള്ള ചങ്കൂറ്റം ആ ഘട്ടത്തില്‍ കേന്ദ്ര ഭരണകൂടം പ്രകടിപ്പിച്ചില്ല. അതിനു പകരമാണ് സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനം പ്രഖ്യാപിച്ചത്. അതിനോട് ഹുറിയത് കോണ്‍ഫറന്‍സും ജെ കെ എല്‍ എഫും സഹകരിച്ചില്ലെങ്കില്‍ പിന്നെന്തു പ്രയോജനം? ആ ഘട്ടത്തിലാണ് കോണ്‍ഗ്രസും ബി ജെ പിയും ഒഴിച്ചുള്ള കക്ഷിനേതാക്കള്‍ അവരെ പോയി കണ്ടത്. ഇത് സമാധാനപ്രക്രിയ വേഗത്തിലാക്കുമെന്ന പ്രതീതിയെങ്കിലും ജനിപ്പിക്കുന്നതിനുതകി. സര്‍വകക്ഷി സന്ദര്‍ശനത്തിനു ശേഷം പ്രഖ്യാപിച്ച എട്ടിന പരിപാടിയും സംഘര്‍ഷം ലഘൂകരിക്കുന്നതിനുതകുന്ന ദിശാബോധത്തോടെയുള്ളതായിരുന്നു. അതുകൊണ്ടു തന്നെയാണ് ഈ സന്ദര്‍ശനത്തിനു ശേഷം കാശ്മീരില്‍ അനിഷ്ട സംഭവങ്ങള്‍ ഏറെക്കൂറെ ഇല്ലാതെ പോയതും.

കാശ്മീരിലെ സാധാരണക്കാര്‍ ഇന്നനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്നമെന്താണെന്ന കേവല ധാരണയെങ്കിലുമുണ്ടെങ്കില്‍ മാത്രമേ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് കാശ്മീര്‍ പ്രശ്നത്തോട് വസ്തുനിഷ്ഠമായ സമീപനം രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഓരോ അമ്പതു മീറ്റര്‍ ദൂരം പിന്നിടുമ്പോഴും ആട്ടോമാറ്റിക്ക് ആയുധവും ഏന്തി നില്‍ക്കുന്ന ഒരു കാക്കി ധാരിയുടെ സുരക്ഷാ ചോദ്യം ചെയ്യലിനു വിധേയമായി വേണം കാശ്മീരിലെ ഏതു സാധാരണക്കാരനും പച്ചക്കറിയോ ഇറച്ചിയോ പലവ്യഞ്ജനങ്ങളോ വാങ്ങാനും, ഇലക്ട്രിസിറ്റി ബില്ലടക്കാനും, വെള്ളക്കരമടക്കാനും ജോലിക്കും വിദ്യാഭ്യാസത്തിനും വേണ്ടി യാത്ര ചെയ്യാനും. പരീക്ഷകള്‍ അനന്തമായി നീളുകയും ക്ളാസുകള്‍ മുടങ്ങുകയോ ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥകള്‍ പിന്നിട്ട് അവിടത്തെ യുവജനങ്ങള്‍ പുതിയ മത്സരാധിഷ്ഠിത സാഹചര്യത്തില്‍ എന്ത് ജോലി നേടാനാണ്? അവര്‍ ഇന്ത്യന്‍ പൌരന്‍ എന്ന് ഫോറത്തില്‍ പൂരിപ്പിച്ച് ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ ജോലിക്കപേക്ഷിക്കുമ്പോള്‍ എന്തു തരം സമീപനത്തിലൂടെയായിരിക്കും അവര്‍ കടന്നു പോകുക എന്ന് ആലോചിച്ചു നോക്കിയാലറിയാം. അതിക്രൂരമായ ബലാത്സംഗത്തിനും കൊലക്കും വിധേയരായ ആസിയയുടെയും നിലോഫറിന്റെയും പിച്ചിച്ചീന്തപ്പെട്ട ശവശരീരങ്ങള്‍ ഷോപ്പിയാനിലെ ആപ്പിള്‍ മരങ്ങള്‍ക്കിടയിലെ നീരൊഴുക്കിനു സമീപം അനാഥമായിക്കിടന്നപ്പോള്‍, അതിനുത്തരവാദികളായവര്‍ ഇനിയും പിടിക്കപ്പെടുകയോ തിരിച്ചറിയപ്പെടുകയോ പോലും ചെയ്തിട്ടില്ല എന്നത് ഏതു തരം 'നീതിന്യായ'ത്തെയാണ് സൂചിപ്പിക്കുന്നത്? കര്‍ഫ്യൂ രാത്രികളുടെയും ഏറ്റുമുട്ടല്‍ കൊലകളുടെയും ഖെറ്റോവത്ക്കരണങ്ങളുടെയും ചുഴലികളില്‍ നിന്ന് രക്ഷപ്പെടാനാകുമ്പോള്‍ മാത്രമേ കാശ്മീരിലെ സാധാരണക്കാര്‍ക്ക് തങ്ങള്‍ സാധാരണക്കാരാണെന്ന ബോധ്യമെങ്കിലും തിരിച്ചു കിട്ടുകയുള്ളൂ. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് സാധാരണത്വം എന്നാല്‍ തങ്ങളുടെ ജ•ഗ്രാമത്തിലേക്ക് തിരിച്ചു പോകാന്‍ കഴിയുമ്പോഴാണ്. കച്ചവടക്കാര്‍ക്കാകട്ടെ മുസാഫറാബാദിലേക്ക് പോയി സാധനങ്ങള്‍ മൊത്തമായി വാങ്ങാനും വില്‍ക്കാനും കഴിയുന്നതിനെയാണ് സാധാരണത്വം എന്നു പറയുക. അതായത്, സ്വാതന്ത്യ്രം, സ്വാശ്രയത്വം, ഇസ്ളാമികവത്ക്കരണം, ജിഹാദ്, കാശ്മീരിയത്ത് തുടങ്ങിയ പദങ്ങള്‍ക്ക് കാശ്മീരികള്‍ക്കിടയില്‍ പോലും അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും വിഭിന്നമായി ചിതറുന്നു എന്നു ചുരുക്കം. പക്ഷെ, കഴിഞ്ഞ ആറു മാസങ്ങളിലുണ്ടായ കല്ലെറിയല്‍ പ്രക്ഷോഭകാരികളുടെ മനോഭാവം പരിശോധിച്ചാല്‍; അന്യവത്ക്കരണം, സുരക്ഷാ ഭട•ാരോടുള്ള വിദ്വേഷം എന്നീ കാര്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഒരു ഐക്യം രൂപപ്പെട്ടിട്ടുണ്ടെന്നും അതാണ് ഇന്നത്തെ കാശ്മീര്‍ യാഥാര്‍ത്ഥ്യത്തിന്റെ രത്നച്ചുരുക്കം എന്നും ബോധ്യപ്പെടും.

ഈ യാഥാര്‍ത്ഥ്യത്തെ സര്‍ഗാത്മക-പ്രക്ഷോഭകരമായി വീക്ഷിക്കാനാണ് അരുന്ധതി റോയ് ശ്രമിച്ചത്. അവരുടെ വാചകങ്ങളെ അതേപടി പിന്തുടരാനോ പിന്തുണക്കാനോ അല്ല ഈ കുറിപ്പില്‍ ശ്രമിക്കുന്നത്. പക്ഷെ, കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്ന് ഒരര്‍ത്ഥത്തില്‍ പ്രകോപനകരമായ പ്രസ്താവനയിലൂടെ യാഥാര്‍ത്ഥ്യത്തിലേക്ക് കണ്‍ തുറക്കാന്‍ മുഴുവന്‍ ഇന്ത്യക്കാരെയും ലോകരെയും പ്രേരിപ്പിക്കുന്ന ഇടപെടലാണ് അരുന്ധതി നടത്തിയത് എന്നതാണ് വാസ്തവം. ചരിത്രം മറന്നതുകൊണ്ട് ഇല്ലാതാകുകയില്ല. അവരുടെ വീട്ടിലേക്ക് അക്രമവുമായി ഇടിച്ചുകയറിയ സംഘപരിവാറിനേക്കാള്‍ ഔചിത്യപൂര്‍ണമായ നടപടിയാണ് രാജ്യദ്രോഹക്കേസെടുക്കേണ്ടെന്ന കോണ്‍ഗ്രസിന്റെ തീരുമാനം എന്നതും കാണാതിരിക്കുന്നില്ല.

കാശ്മീരിന് സൈനിക പരിഹാരമല്ല, രാഷ്ട്രീയ പരിഹാരമാണ് വേണ്ടത് എന്ന വസ്തുതയിലേക്ക് ഇന്ത്യന്‍ ഭരണകൂടവും പ്രതിപക്ഷങ്ങളും യോജിച്ചു കണ്‍തുറക്കുകയാണ് ഇനി വേണ്ടത്. എന്നാല്‍, മാധ്യമ പ്രവര്‍ത്തകനായ ദിലീപ് പദ്ഗാവ്ങ്കര്‍, അധ്യാപകനായ രാധാകുമാര്‍, ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എം എം അന്‍സാരി എന്നിങ്ങനെ രാഷ്ട്രീയേതര പരിശുദ്ധാത്മാക്കളുടെ ഒരു സംഘത്തെയാണ് മന്‍മോഹന്‍ സിംഗ് മധ്യസ്ഥരായി നിയോഗിച്ചിരിക്കുന്നത് എന്നത് പ്രശ്നത്തോട് ഗൌരവവും കാലികവുമായ സമീപനം രൂപപ്പെടുത്താന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ല എന്നതിന്റെ തെളിവായി നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞു. സര്‍വകക്ഷികളിലും പെട്ട രാഷ്ട്രീയക്കാരുടെ ഒരു പ്രതിനിധി സംഘത്തെയാണ് മധ്യസ്ഥരായി നിയോഗിക്കേണ്ടത് എന്ന യാഥാര്‍ത്ഥ്യം പോലും കാണാതിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിനായി ആത്മാര്‍ത്ഥ സമീപനം എടുക്കുമെന്ന് വിശ്വസിക്കാന്‍ ഈ ഘട്ടത്തില്‍ സാധിക്കുന്നില്ല.

Thursday, November 11, 2010

അടഞ്ഞു പോയ ആഹ്ളാദകങ്ങള്‍ പാലക്കാടിന്റെ സിനിമാ ഭൂപടങ്ങളിലൂടെ




വാണിയങ്കുളത്ത് 1987ല്‍ തുടങ്ങിയ പൊറുതിയോടെയാണ് പാലക്കാട് സ്ഥിരമായത്. അക്കാലത്ത് ഷൊറണൂരില്‍ റിലീസ് ആരംഭിച്ചിരുന്നില്ല. റിലീസ് ചിത്രങ്ങള്‍ തച്ചിന് തച്ചിന് കണ്ട് വധിക്കുന്ന കോളങ്ങളും ആരംഭിച്ചിട്ടില്ലാതിരുന്നതു കൊണ്ട് അതൊരു കുറവായി തോന്നിയില്ല. അന്ന് ബാച്ചലേഴ്സായ ഞങ്ങള്‍ സഹമുറിയന്മാര്‍ വൈകുന്നേരങ്ങളില്‍ ഷൊറണൂരില്‍ സിനിമ കാണാന്‍ പോയാല്‍ ഡെസ്റ്റിനേഷന്‍ തനിയെ റെയില്‍ പാളം കടന്ന് കേരളീയ ആയുര്‍വേദ സമാജത്തിനു തൊട്ടുള്ള ജവഹര്‍ എന്നോ ഷണ്മുഖ എന്നോ പേരുള്ള ഓലടാക്കീസിലെത്തുമായിരുന്നു. അവിടെയായിരുന്നു അന്ന് കമ്പിപ്പടങ്ങള്‍ കാണിച്ചിരുന്നത്. അത്തരത്തില്‍ കമ്പിപ്പടങ്ങള്‍ കാണിച്ചിരുന്നതും അല്ലാത്തതുമായ അനവധി ടാക്കീസുകള്‍ പാലക്കാട് ജില്ലയില്‍ ഇതിനകം അടച്ചു പൂട്ടപ്പെട്ടു. സദാചാരം നീണാള്‍ വാഴട്ടെ. എല്ലാം ഒന്നൊന്നായി പൂട്ടി, പൊളിച്ചു മാറ്റി, നിരത്തി. പാലക്കാട്ടെ ഇരുദയ, സെന്‍ട്രല്‍, ശ്രീദേവി ദുര്‍ഗ(പഴയ ന്യൂ), ഗൌഡര്‍, ബള്‍ക്കീസ്(ഒലവക്കോട്); ചിറ്റൂരിലെ നെഹ്റു, ബീന; അട്ടപ്പാടിയിലെ അഗളി സ്റ്റാര്‍, കുക്കുപ്പടി ഷീനു, ഗൂളിക്കടവ് ശ്രീവേലന്‍, കോട്ടത്തറയിലെ തിയേറ്റര്‍; മണ്ണാര്‍ക്കാട് കലാവതി; കല്ലടിക്കോട് ദീപ; തച്ചമ്പാറ അലങ്കാര്‍, കലാബന്ധു; മുണ്ടൂര്‍ മീരാന്‍, കോങ്ങാട് സെന്‍ട്രല്‍, പുലാപ്പറ്റ ചിഞ്ചു, റെയില്‍വെ കോളനി രാജേന്ദ്ര, എന്നിങ്ങനെ എത്ര ടാക്കീസുകള്‍. ഇവയിലോരൊന്നിനെയും ചുറ്റിപ്പറ്റി ഓരോന്നിനുള്ളിലുമായി എത്ര ആഹ്ളാദാനുഭൂതികള്‍ നിറവേറ്റപ്പെട്ടിട്ടുണ്ടാകും! എത്രയെണ്ണം നിറവേറപ്പെടാതിരുന്നിട്ടുണ്ടാകും?

മുമ്പ് കേരളത്തിന്റെ പുറത്തുള്ളവരെല്ലാം സ്കൂളവധി ദിവസങ്ങളില്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നത് ഒലവക്കോട്ടിറങ്ങിക്കൊണ്ടാണ്. ഇന്ന് ആ സ്റ്റേഷന്റെ പേര് തന്നെ മാറ്റപ്പെട്ടിരിക്കുന്നു. പാലക്കാട് ജങ്ഷന്‍ എന്നാണ് സ്റ്റൈലില്‍ ആ ജങ്ഷന്‍ അറിയപ്പെടുന്നത്. ബോംബെയിലും ഭിലായിലും ദില്ലിയിലുമുള്ള ബന്ധുക്കള്‍ക്ക് തിരിച്ചു പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനും, അവര്‍ വന്നിറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ പോകാനും തലേന്ന് രാത്രി ഉറക്കൊഴിച്ച് ഒലവക്കോട്ട് കാത്തിരിക്കുക എന്നത് അന്നത്തെ ഒരു വാര്‍ഷിക വിനോദമായിരുന്നു. അതിലെ ആകര്‍ഷകഘടകം ബള്‍ക്കീസില്‍ നിന്ന് സെക്കന്റ് ഷോ കാണാമെന്നതായിരുന്നു. ഉറങ്ങിപ്പോയാലും സാരമില്ല. ഗേറ്റ് കീപ്പര്‍ വന്ന് വിളിച്ചുണര്‍ത്തി പുറത്താക്കും. പിന്നെ കട്ടന്‍ ചായയും കുടിച്ച് മാതൃഭൂമിയിലോ മനോരമയിലോ കിടന്നുറങ്ങാം. ഉറക്കം വരാതിരിക്കാന്‍ തക്കവണ്ണമുള്ള തട്ടുപൊളിപ്പന്‍ സിനിമകളാണ് സ്വതേ പലപ്പോഴും ബള്‍ക്കീസില്‍ ഓടിയിരുന്നത്. കമലാഹാസന്റെ വിക്രം ബള്‍ക്കീസില്‍ ഇതുപോലൊരു ഉറക്കൊഴിക്കലിനായി കണ്ടതോര്‍ക്കുന്നു. ഒരു പോള പോലും കണ്ണടക്കാതിരിക്കാന്‍ തക്കവണ്ണമുള്ള അടിയും പൊടിയും ഗ്ളാമറും ഡാന്‍സും. അതിനും മുമ്പുള്ള കാലം ബള്‍ക്കീസ് കേരളത്തിലെ പ്രമുഖ റിലീസിംഗ് സെന്ററായിരുന്നു. അവളുടെ രാവുകളടക്കമുള്ള ഹിറ്റു ചിത്രങ്ങള്‍ അവിടെയായിരുന്നു റിലീസ് ചെയ്തത്. സിനിമയോടും സിനിമാ നടികളോടും അതിരു കവിഞ്ഞ ആസക്തി ഉണ്ടായിരുന്ന ആരോ ആണ് ബള്‍ക്കീസിന്റെ ഉടമകളിലൊരാള്‍ എന്ന കഥയും കേട്ടിട്ടുണ്ട്. കേരളത്തിലെ തിയറ്ററുകളെക്കുറിച്ച് താന്‍ തയ്യാറാക്കാന്‍ പോകുന്ന ഒരു ഡോക്കുമെന്ററിയില്‍ ബള്‍ക്കീസ് ചിത്രീകരിക്കാനാവുമോ എന്നാരാഞ്ഞ് വെങ്കിടി വിളിച്ച ദിവസം, തിയറ്റര്‍ പൊളിച്ചു നീക്കുകയായിരുന്നു. അന്നത്തെ ദേശാഭിമാനിയില്‍ വന്ന പകുതി പൊളിഞ്ഞ തിയറ്ററിന്റെ ചിത്രം സ്കാന്‍ ചെയ്ത് ഇ മെയില്‍ അയച്ചു. എന്തായാലും അത് പൊളിച്ചു നിരത്തി. ഇപ്പോള്‍, തൊട്ടടുത്തുള്ള ബിവറേജസ് വില്‍പനശാലയില്‍ നിന്ന് 'മൂന്നാളായി' എന്ന് പറഞ്ഞ് നാലാമനെ പിടിക്കുന്നവര്‍ക്ക് ക്വാര്‍ട്ടര്‍ വീതിക്കാന്‍ പറ്റിയ ഇരുട്ടുള്ള ഒരു കുറ്റിപ്പുല്‍മൈതാനം. തൊട്ടുമുമ്പില്‍ ബോട്ടിയും ചിക്കന്‍ പക്കവടയും. ആഹ്ളാദം അവസാനിച്ചിട്ടില്ല.

ഏറ്റവും അവസാനം കേട്ടത് മണ്ണാര്‍ക്കാട്ട് ആറാട്ടു കടവിലുള്ള കലാവതി തിയറ്റര്‍ നിന്ന സ്ഥലം റിയല്‍ എസ്റ്റേറ്റുകാര്‍ മുറിച്ചു വില്‍പനയാക്കിയതാണ്. ഒരു ലക്ഷത്തി അറുപത്തൊമ്പതിനായിരമാണത്രെ സെന്റിന് വില. മുന്‍ഭാഗത്തെ പത്ത് സെന്റ് പൂരക്കമ്മിറ്റി വാങ്ങി. പൂരത്തിന് തച്ചോളി അമ്പുവും കടത്തനാട്ട് മാക്കവും ഹൌസ്ഫുള്ളായി ഓടിയിരുന്ന കാലം ഇനി ഉണ്ടാവില്ല. അതു മാത്രമോ, മണ്ണാര്‍ക്കാട്ടെ പല ഫിലിം സൊസൈറ്റിക്കാലങ്ങളില്‍ കലാവതി ജ്വലിച്ചു നില്‍ക്കുന്നു. എണ്‍പതുകളുടെ അവസാനം ഒഡേസ പിരിച്ചു വിടുന്നതിനു തൊട്ടു മുമ്പ് പതിമൂന്നു ദിവസം നീണ്ട ഒരു ക്യാമ്പ് മണ്ണാര്‍ക്കാട് കെടിഎം സ്കൂളിലും കലാവതിയിലും കുന്തിപ്പുഴയിലും ജി എം യുപിയിലും കുമാരേട്ടന്റെ ഗോഡൌണിലുമായി നടത്തി. പ്രകൃതി ബഷീര്‍ മാഷായിരുന്നു മുഖ്യ സംഘാടകന്‍. ബംഗ്ളാദേശില്‍ നിന്നെത്തിയ ഏതാനും ഡോക്കുമെന്ററി സംവിധായകരും ക്യാമ്പിലുണ്ടായിരുന്നു. അവരോടൊപ്പം ഒരു ദിവസം കലാവതിയിലെ പ്രദര്‍ശനം കാണാനായി നടക്കുകയായിരുന്നു. എന്താണ് തിയറ്ററിന്റെ പേര് എന്നവര്‍ ആരാഞ്ഞു. കലാവതി എന്ന എന്റെ മറുപടി അവരെ തൃപ്തരാക്കിയില്ല. കലാബോതി എന്ന് പറഞ്ഞപ്പോഴാണ് തൃപ്തിയായത്. ഇനി അവിടെ നിരക്കാന്‍ പോകുന്ന ഹൌസ് പ്ളോട്ടുകളില്‍ വീടുകള്‍ നിറയുമ്പോള്‍ അവിടത്തെ വീടുകളില്‍ ഹോം തിയറ്ററുകളും അതിനു മുമ്പിലെ സ്വകാര്യാഹ്ളാദങ്ങളും. പാന്‍പരാഗ് തുപ്പുന്ന പൊതു ആഹ്ളാദങ്ങളേക്കാള്‍ വൃത്തി കൂടിയ ആ ആഹ്ളാദങ്ങള്‍ കാണികളെ തൃപ്തിപ്പെടുത്തുമോ?

Saturday, October 30, 2010

യന്ത്രദൈവത്തിന്റെ സങ്കേത മിശ്രണം

വമ്പിച്ച വിജയവിസ്‌മയം തീര്‍ത്ത പുതിയ തമിഴ് സിനിമയായ എന്തിരന്‍ ഏതൊക്കെ ഘടകങ്ങളുടെ സവിശേഷമിശ്രണത്തിലൂടെയാണ് ജനപ്രിയതയിലും സാമ്പത്തികലാഭത്തിലുമുള്ള നേട്ടങ്ങള്‍ കൊയ്‌തെടുത്തതെന്ന് അന്വേഷിക്കുന്നത് കൌതുകകരമായിരിക്കും. ആഗോള സാമ്രാജ്യത്വ അധിനിവേശത്തിന്റെ സാംസ്‌ക്കാരിക ബാന്റു വാദ്യ സംഘമായി അടയാളപ്പെടുത്തപ്പെടുന്ന ഹോളിവുഡ് സിനിമയുടെ വിജയയാത്രകളെ ഒരു പരിധി വരെ നേര്‍ക്കു നേര്‍ അഭിമുഖീകരിക്കുകയും സ്വന്തമായ സ്വാധീനമേഖലകള്‍ രാജ്യത്തിനകത്തും പുറത്തുമായി വ്യാപിപ്പിച്ചെടുക്കുകയും ചെയ്യുന്ന ഒന്നായി ഇന്ത്യന്‍ സിനിമക്ക് വിശേഷിച്ച് ബോളിവുഡ് എന്നു വിളിക്കപ്പെടുന്ന ഹിന്ദി സിനിമക്ക് കഴിഞ്ഞ ദശകത്തില്‍ വളരാന്‍ സാധിച്ചിട്ടുണ്ട്. ബോളിവുഡിന്റെ ഈ വിജയങ്ങളെ പോലും കവച്ചു വെക്കുന്ന മുന്നേറ്റമാണ് എന്തിരന്‍ പോലുള്ള സിനിമകളിലൂടെ കോളിവുഡ് എന്നു വിളിക്കപ്പെടുന്ന തമിഴ് സിനിമ ഉന്നമിടുന്നതെന്ന് കരുതാനാവുമോ?. അച്ഛനും മകനുമായി ബച്ചന്‍മാരും ഖാന്‍ മാരും മറ്റും കോടികള്‍ മറിക്കുന്ന ബോളിവുഡിനെ രജനീകാന്തും ഷങ്കറും റഹ്‌മാനും കലാനിധി മാരനും ചേര്‍ന്ന് അട്ടിമറിക്കുമോ എന്നത് കാത്തിരുന്നു കാണാം.

തമിഴ് സിനിമയില്‍ മുമ്പു കാണാത്ത വിധത്തില്‍, 162 കോടി രൂപ ചിലവിട്ടാണ് എന്തിരന്‍ നിര്‍മിച്ചിരിക്കുന്നത് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തിയറ്റര്‍ വരുമാനമായി(ഗ്രോസ് കളക്ഷന്‍) ആദ്യ മൂന്നു ദിവസങ്ങള്‍ കൊണ്ട് 62 കോടി നേടിയ ചിത്രം ആദ്യ ആഴ്‌ച പൂര്‍ത്തിയാക്കിയപ്പോള്‍ 117 കോടി രൂപയാണ് വാരിയെടുത്തത്. തമിഴ് നാട്ടില്‍ നിന്ന് 60 കോടി, ആന്ധ്ര പ്രദേശില്‍ നിന്ന് 30 കോടി, കര്‍ണാടകയില്‍ നിന്ന് 8 കോടി, കേരളത്തില്‍ നിന്ന് 4 കോടി, വടക്കേ ഇന്ത്യയില്‍ നിന്ന് 15 കോടി എന്നിങ്ങനെ ഇന്ത്യക്കകത്തു നിന്നു മാത്രമായാണ് 117 കോടി വസൂല്‍ ചെയ്‌തതെന്ന് നിര്‍മാതാവായ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള ദിനകരന്‍ പത്രം റിപ്പോര്‍ട് ചെയ്യുന്നു. അടുത്ത ആഴ്‌ചകളില്‍ ഇതേ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടാന്‍ പോകുന്നതിനു പുറമെ; വിദേശ രാജ്യങ്ങളിലെ റിലീസ്, സാറ്റലൈറ്റ് വില്‍പന, ഡി വി ഡി വില്‍പന, ഓഡിയോ വില്‍പന എന്നിങ്ങനെയുള്ള കച്ചവടങ്ങളില്‍ നിന്നുമായി കോടികള്‍ വരാനിരിക്കുന്നതേ ഉള്ളൂ.

ബോളിവുഡിലെ അടുത്ത കാലത്തെ എല്ലാ ഹിറ്റു ചിത്രങ്ങളുടെ കണക്കുകളെയും എന്തിരന്‍ അട്ടിമറിച്ചിരിക്കുന്നു. സല്‍മാന്‍ ഖാന്റെ ദബാംഗ്(ഇന്ത്യന്‍ വിപണി ആരംഭം 48 കോടി, ആഗോള വിപണി ആരംഭം 90 കോടി), ആമിര്‍ ഖാന്റെ ത്രീ ഇഡിയറ്റ്സ് (ഇന്ത്യന്‍ വിപണി ആരംഭം 38 കോടി, ആഗോള വിപണി ആരംഭം 90 കോടി), ഷാറൂഖ് ഖാന്റെ മൈ നെയിം ഈസ് ഖാന്‍(ഇന്ത്യന്‍ വിപണി ആരംഭം 30 കോടി, ആഗോള വിപണി ആരംഭം 85 കോടി) എന്നീ ചിത്രങ്ങളെ പുറന്തള്ളി ഇന്ത്യന്‍ വിപണി ആരംഭം 56 കോടി, ആഗോള വിപണി ആരംഭം 160 കോടി, എന്നീ നേട്ടങ്ങളാണ് എന്തിരന്‍ കൊയ്‌തെടുത്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് തന്നെ റിപ്പോര്‍ട് ചെയ്‌തു. ചെന്നൈ നഗരത്തിന്റെ ഹൃദയമായ അണ്ണാശാലൈ(മൌണ്ട് റോഡ്)യിലെ തിയറ്ററുകളിലേതെങ്കിലുമൊന്നില്‍ മാത്രമാണ് ശിവാജി ഗണേശന്റെയും എം ജി ആറിന്റെയും ചിത്രങ്ങള്‍ റിലീസ് ചെയ്‌തിരുന്നത്. കമലിന്റെയും രജനിയുടെയും കാലം വന്നപ്പോള്‍ ഇത് രണ്ടായി മാറുകയും ശിവാജി ദ ബോസ് അഞ്ചു തിയറ്ററില്‍ കളിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ എല്ലാ റെക്കോഡുകളും തകര്‍ത്തു കൊണ്ട്; മൌണ്ട് റോഡിലുള്ള സത്യം, ശാന്തി, സീസണ്‍സ്, എസ്‌കേപ്പ് സ്‌പോട്ട്, എസ്‌കേപ്പ് സ്‌ട്രീക്ക്, എസ്‌കേപ്പ് പ്ളഷ്, ഐനോക്‌സ് 1, ഐനോക്‌സ് 2, ദേവി, ദേവി പാരഡൈസ്, അണ്ണ, വുഡ് ലാന്റ്സ്, മെലഡി, ആല്‍ബര്‍ട്, ബേബി ആല്‍ബര്‍ട് എന്നിങ്ങനെ പതിനഞ്ചു സ്‌ക്രീനുകളിലാണ് ആദ്യ ആഴ്‌ച എന്തിരന്‍ കളിച്ചത്. ഇതിലൂടെ രജനിക്ക് 'മൌണ്ട് റോഡ് മഹാരാജ' എന്ന ഒരു പുതിയ ചെല്ലപ്പേരും വീണു കഴിഞ്ഞു.

അടിസ്ഥാനപരമായി ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന എന്തിരന്‍; ടെര്‍മിനേറ്റര്‍, അനക്കോണ്ട, ജൂറാസിക് പാര്‍ക്ക്, മാട്രിക്‌സ്, ബാറ്റ്മാന്‍, അവതാര്‍, ദ പ്രെഡേറ്റര്‍, ഗോഡ്‌സില്ല, മമ്മി, മെന്‍ ഇന്‍ ബ്ളാക്ക് അടക്കമുള്ള ഹോളിവുഡ് വിസ്‌മയ ചിത്രങ്ങളിലെ പല രംഗങ്ങളും സങ്കേതങ്ങളും ഭാവനകളും പകര്‍ത്തിയ ഒന്നാണെങ്കില്‍ പോലും, ഇതിവൃത്തത്തിലും ആഖ്യാനത്തിലും അത് പുലര്‍ത്തുന്ന ഇന്ത്യന്‍/തമിഴ് സ്വഭാവം കൊണ്ട് വ്യത്യസ്‌തതയും നൂതനത്വവും ഒരു പരിധി വരെ ഉള്ള സിനിമയായി മാറിത്തീര്‍ന്നിട്ടുണ്ട്. പ്രേമം, ത്രികോണ പ്രേമം, കുടിലനും നിഷ്‌ഠൂരനുമായ വില്ലന്‍, ഡബിള്‍ റോള്‍, ആണ്‍ നോട്ടത്തിന് കീഴ്പ്പെടുത്തിയ സ്‌ത്രീശരീരം, സവര്‍ണത എന്നിങ്ങനെയുള്ള സവിശേഷ ഘടകങ്ങളിലൂടെയാണ് എന്തിരന്‍ ഇന്ത്യക്കാരുടെയും തമിഴരുടെയും ഇഷ്‌ട ചിത്രമായി മാറുന്നത്.

കരുണാനിധിയില്‍ നിന്ന് കലാനിധി മാരനിലേക്ക്

തമിഴ് സിനിമയിലെ ഒരു തിരക്കഥാരചയിതാവ് എന്ന നിലക്കാണ് മുത്തുവേല്‍ കരുണാനിധി തന്റെ പൊതു ജീവിതം ആരംഭിക്കുന്നത്. തമാശയും പ്രാസവും കലര്‍ന്ന സംഭാഷണങ്ങള്‍, പിന്നീട് രാഷ്‌ട്രീയ പ്രസംഗങ്ങളിലും അദ്ദേഹത്തിന് വിജയപീഠങ്ങള്‍ നിഷ്‌പ്രയാസം കയറാന്‍ സഹായമായിതീര്‍ന്നു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ അടിസ്ഥാനാശയങ്ങളായ സോഷ്യലിസ്‌റ്റ് ചിന്ത, നിരീശ്വര വാദം എന്നിവ പ്രചരിപ്പിക്കുന്നതിനു വേണ്ടി തയ്യാര്‍ ചെയ്‌ത ചരിത്ര-സാമൂഹിക കഥകളാണ് കരുണാനിധിയുടെ തിരക്കഥകളായി തമിഴ് സിനിമയില്‍ അമ്പതുകളിലാരംഭിച്ചത്. കരുണാനിധിക്കു മുമ്പ് സി എന്‍ അണ്ണാദുരൈ തിരക്കഥ രചിച്ച ഏതാനും സിനിമകളിലൂടെ(നല്ല തമ്പി, വേലൈക്കാരി, ഒരു ഇരവ് ) ഈ പ്രവണത ആരംഭിച്ചിരുന്നുവെങ്കിലും കരുണാനിധി രചിച്ച പരാശക്തി(1952)യാണ് ഈ ജനുസ്സിലുള്ള ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട പ്രധാന ചിത്രം. ഈ ചിത്രത്തിലെ നായകനായി അഭിനയിച്ച ശിവാജി ഗണേശന്‍ പിന്നീട് സൂപ്പര്‍ താരമായി മാറി. തിയറ്ററുകളിലോടി കഴിഞ്ഞപ്പോള്‍ പരാശക്തി ഒരു വിപ്ളവം തന്നെ സൃഷ്‌ടിച്ചു എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കടുത്ത തോതില്‍ ബ്രാഹ്മണ വിരുദ്ധമായ ഇതിവൃത്തവും ജാതി വ്യവസ്ഥയെ തുറന്നാക്രമിക്കുന്ന കിടിലന്‍ സംഭാഷണങ്ങളുമുള്ള പരാശക്തി ദ്രാവിഡ പ്രസ്ഥാനവും തമിഴ് സിനിമയും തമ്മിലുള്ള ഗാഢബന്ധത്തിന് തുടക്കം കുറിച്ചു.



പുരാണ കഥകളും ദേശീയോദ്ഗ്രഥന ആഖ്യാനങ്ങളും നിറഞ്ഞു നിന്നിരുന്ന തമിഴ് സിനിമ, ദ്രാവിഡ പ്രസ്ഥാനത്തിന്റെ കടന്നു വരവിനെ തുടര്‍ന്ന് മാറിയ ദിശാബോധത്താല്‍ വളരെ വലിയ ജനപ്രിയതരംഗങ്ങള്‍ സൃഷ്‌ടിച്ചു. തമിഴ് സംസ്‌ക്കാരത്തിന്റെ അതിസമ്പന്നമായ ഭൂതകാലവും സാമൂഹ്യ നീതി നിറഞ്ഞു നില്‍ക്കുന്ന ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും ചേര്‍ന്ന ഒരു മിശ്രണമായിരുന്നു അന്നത്തെ തമിഴ് സിനിമ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിധവാ വിവാഹം, അയിത്തോച്ചാടനം, സ്വാഭിമാന വിവാഹങ്ങള്‍, സമീന്ദാരി വ്യവസ്ഥ അവസാനിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍, മതാധിഷ്‌ഠിത ആത്മവഞ്ചനകളെ തുറന്നു കാണിക്കല്‍, ബ്രാഹ്മണ വിരുദ്ധത, ജാതിവിമര്‍ശനം, കോണ്‍ഗ്രസ് വിരോധം എന്നിങ്ങനെയുള്ള പൊതു ഘടകങ്ങള്‍ ഈ ചിത്രങ്ങളില്‍ നിറഞ്ഞു നിന്നു. ഈ ഘടകങ്ങളുടെയും സിനിമകളുടെ ആഖ്യാനങ്ങളുടെയും ജനപ്രിയ തലങ്ങള്‍ പരസ്‌പരം ആശ്ളേഷിച്ചു എന്നും പറയാവുന്നതാണ്. 1949-50 വരെ തമിഴ് സിനിമയില്‍ നിലനിന്നിരുന്ന ബ്രാഹ്മണ/സംസ്‌കൃത സ്വാധീനങ്ങളുള്ള തമിഴ് സംഭാഷണ ഭാഷയെ അണ്ണാദുരൈയും കരുണാനിധിയും ചേര്‍ന്ന് മുച്ചൂടും മാറ്റി മറിച്ചു. കെ ആര്‍ രാമസ്വാമി, എന്‍ എസ് കൃഷ്‌ണന്‍, എം ആര്‍ രാധ, ശിവാജി ഗണേശന്‍, എസ് എസ് രാജേന്ദ്രന്‍, എം ജി രാമചന്ദ്രന്‍, ജെ ജയലളിത എന്നീ താരങ്ങളൊക്കെയും ദ്രാവിഡ പ്രസ്ഥാനത്തിന്റെ ആശീര്‍വാദത്തോടെ തമിഴ് സിനിമയെ കീഴടക്കിയവരായിട്ടാണ് ഗണിക്കപ്പെടുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ വിജയപതാക ഉയരത്തില്‍ പാറിച്ചത് മക്കള്‍ തിലകം എം ജി ആര്‍ തന്നെ. നാടോടി മന്നന്‍, എങ്ക വീട്ടു പിള്ളൈ, നാം നാട്, അടിമൈ പെണ്‍, എങ്കള്‍ തങ്കം തുടങ്ങിയ സിനിമകളാണ് കരുണാമയനും അനീതികളെ തുറന്നെതിര്‍ക്കുന്നവനും ഭരണാധികാരിയായി തീരുന്ന വിപ്ളവകാരിയും എന്ന സ്‌റ്റീരിയോ ടൈപ്പിനെ രൂപീകരിക്കുന്നത്. പിന്നീട് എം ജി ആറിന്റെ പതാക ദ്രാവിഡപ്രസ്ഥാനത്തിനും മുകളില്‍ പാറാന്‍ തുടങ്ങുകയും പ്രസ്ഥാനം പിളരുകയും ചെയ്‌തതും മറ്റും ചരിത്രത്തിന്റെ ഭാഗം.


ദ്രാവിഡ പ്രസ്ഥാനം പലതായി പിളരുകയും സംസ്ഥാന രാഷ്‌ട്രീയത്തിലും ഒരു പരിധി വരെ ദേശീയ രാഷ്‌ട്രീയത്തിലും നിര്‍ണായക ശക്തി(കളാ)യായി തീരുകയും ചെയ്‌തു. ഇന്ന് ജനപ്രിയത വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി രാഷ്‌ട്രീയാഹ്വാനപരമായ തിരക്കഥകളെഴുതുന്ന രീതി ഏതായാലും അവര്‍ പുലര്‍ത്തുന്നില്ല. ദ്രാവിഡ പ്രസ്ഥാനത്തിന്റെ അടിസ്ഥാനാശയങ്ങളില്‍ ഏതെങ്കിലുമൊന്നിനോട് അവര്‍ക്ക് പ്രതിപത്തിയുണ്ടെന്നും തോന്നുന്നില്ല. കോടികള്‍ മറിക്കുന്ന അധികാര-കച്ചവട രാഷ്‌ട്രീയത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി മാറിക്കഴിഞ്ഞ ദ്രാവിഡ പാര്‍ടിയുടെ ആധുനിക പ്രതീകം തന്നെയാണ് കരുണാനിധിയുടെ മരുമകനും, പ്രമുഖ ഡി എം കെ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന മുരശൊലി മാരന്റെ മകനുമായ കലാനിധി മാരന്‍. തെന്നിന്ത്യയെ വിനോദത്തിലും പാട്ടിലും വാര്‍ത്തയിലും എഫ് എം റേഡിയോയിലും ഡിടിഎച്ചിലും കേബിള്‍ ശൃംഖലകളിലുമായി നിയന്ത്രിക്കുന്ന സണ്‍ ഗ്രൂപ്പിന്റെ അധിപനാണ് കലാനിധി മാരന്‍. ഏഷ്യയിലെ തന്നെ ഏറ്റവും ലാഭകരമായ ടെലിവിഷന്‍ നെറ്റ് വര്‍ക്കാണ് സണ്‍ ടി വി എന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിയുടെയും ഉടമയായ മാരന്‍, ദിനകരന്‍ ദിനപത്രവും കുങ്കുമം ഗ്രൂപ്പിലുള്ള നിരവധി മാസികകളും നടത്തി വരുന്നു. 2008ല്‍ കുറഞ്ഞ മുതല്‍ മുടക്കിലുള്ള സിനിമകളുടെ നിര്‍മാണവുമായി അദ്ദേഹം ആരംഭിച്ച സണ്‍ പിക് ‌ചേഴ്‌സ് ഇപ്പോള്‍ നിര്‍മാണവും വിതരണവും സ്‌റ്റുഡിയോ സംവിധാനവും നടത്തുന്ന ഒരു പടുകൂറ്റന്‍ കമ്പനിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കാതലില്‍ വിഴുന്തേന്‍ എന്ന ചെറു ചിത്രവുമായി ആരംഭിച്ച സണ്‍ പിക് ‌ചേഴ്‌സ് 2009-2010 ആയപ്പോള്‍ അയന്‍, വേട്ടൈക്കാരന്‍, സുറ, സിങ്കം അടക്കമുള്ള സൂപ്പര്‍ ഹിറ്റുകളുടെ വിതരണം ഏറ്റെടുത്തു. അതിനു പുറകെയാണ് തമിഴ് സിനിമാവ്യവസായത്തില്‍ ചരിത്രം സൃഷ്‌ടിച്ചുകൊണ്ട് എന്തിരന്‍ ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈറോസ് ഇന്റര്‍നാഷണലും അയ്ങ്കരന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മാണം തുടങ്ങിയ എന്തിരന്‍ സമര്‍ത്ഥമായ നീക്കത്തിലൂടെ സണ്‍ പിക് ‌ചേഴ്‌സ് കൈക്കലാക്കുകയായിരുന്നു എന്നും വ്യവസായ നിരീക്ഷകര്‍ പറയുന്നു.



ദ്രാവിഡ പ്രസ്ഥാനം അധികാരത്തിലും പണക്കൊഴുപ്പിലും മുങ്ങിത്താഴുകയും അതു വഴി പുതിയ കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെയും ബ്രാഹ്മണാധീശത്വപരവും വംശീയവുമായ ദേശീയതാ നാട്യങ്ങളുടെയും വക്താക്കളായി പരിണമിക്കുകയും ചെയ്യുന്നു എന്നാണ് പരാശക്തിയില്‍ നിന്ന് എന്തിരനിലെത്തുന്ന തമിഴ് സിനിമയുടെ മാറ്റം നിര്‍ണയിക്കുന്നത്. യന്ത്ര മനുഷ്യനായ ചിട്ടി(രജനി)യെ ഒന്നാം ഘട്ടത്തില്‍ അവസാനിപ്പിച്ച് മാലിന്യക്കൂമ്പാരത്തില്‍ തള്ളിയതിനു ശേഷം കാമുകിയോടൊത്ത് മറന്നുല്ലസിക്കാന്‍ പോകുന്ന വസീഗരന്റെ(രജനി)യും സന(ഐശ്വര്യാ റായ് ബച്ചന്‍)യുടെയും എതിരാളിയായി പ്രതിഷ്‌ഠിക്കപ്പെടുന്നത് ദളിതനായ കലാഭവന്‍ മണി അവതരിപ്പിക്കുന്ന കള്ളു ചെത്തുകാരനാണ് (സല്ലാപത്തില്‍ നിന്ന് കടന്നു വരുന്ന കഥാപാത്രം). ഇയാള്‍ സംസ്‌ക്കാരശൂന്യനായി വെളുത്തു തുടുത്ത നായികയെ കടന്നു പിടിക്കുന്ന കാമഭ്രാന്തനാണെന്നു മാത്രമല്ല, ഇയാളുടെ ഇഷ്‌ട വിഭവങ്ങളായ തെങ്ങിന്‍ കള്ളും ഉണക്കമീന്‍ ചുട്ടതും നായികയിലുളവാക്കുന്ന അറപ്പ് പ്രത്യേകം ചിത്രീകരിച്ചിരിക്കുന്നു. പ്രധാന കഥാപാത്രമായ ഡോ. വസീഗരന്റെ വിവാഹച്ചടങ്ങില്‍ ബ്രാഹ്മണ്യം മഹത്വവത്ക്കരിക്കപ്പെടുന്നതിലൂടെ നായകത്വവും ബുദ്ധികേന്ദ്രിതത്വവും ബ്രാഹ്മണ്യമാണെന്ന യാഥാസ്ഥിതിക ചിന്താഗതി കൂടുതല്‍ ഊട്ടിയുറപ്പിക്കപ്പെടുന്നു. ഈ യാഥാസ്ഥിതികത്വത്തെയാണ് പരാശക്തിയടക്കമുള്ള ദ്രാവിഡ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച പഴയ തമിഴ് സിനിമ ജനപ്രിയതയിലൂടെ ചെറുത്തു തോല്‍പ്പിച്ചതെന്ന് മറക്കാതിരിക്കുക.

ജെന്റില്‍മാനില്‍ നിന്ന് എന്തിരനിലെത്തുമ്പോള്‍



ജെന്റില്‍ മാന്‍, കാതലന്‍, ഇന്ത്യന്‍, ജീന്‍സ്, മുതല്‍വന്‍, നായക്-ദ റിയല്‍ ഹീറോ, ബോയ്‌സ്, അന്യന്‍, ശിവാജി ദ ബോസ് എന്നീ ഒമ്പതു ചിത്രങ്ങള്‍ക്കു ശേഷമാണ് ഷങ്കര്‍ എന്തിരന്‍ സംവിധാനം ചെയ്യുന്നത്. ഷങ്കറിന്റെ മിക്ക ചിത്രങ്ങളിലും ജീവിതയാഥാര്‍ത്ഥ്യത്തെക്കാള്‍ എത്രയോ മടങ്ങ് വലുതായ ശക്തി സംഭരിച്ച് നന്മ പുന:സ്ഥാപിക്കുന്ന നായകപരിവേഷങ്ങളാണുള്ളത്. ചെറിയ കച്ചവടക്കാരനായി നാട്ടില്‍ അറിയപ്പെടുന്ന കിച്ച(അര്‍ജുന്‍) ഒളിവേഷമണിഞ്ഞ് കൂറ്റന്‍ കൊള്ള നടത്തി സമ്പാദിച്ച പണം കൊണ്ട് പാവപ്പെട്ടവര്‍ക്ക് പഠിക്കാനുള്ള വിദ്യാലയങ്ങള്‍ കെട്ടിപ്പൊക്കുന്ന വീരകഥയാണ് ഷങ്കറിന്റെ ആദ്യ സിനിമയായ ജെന്റില്‍ മാനി(1993)ലുള്ളത്. കാക്കര്‍ലാല്‍ സത്യനാരായണ (ഗിരീഷ് കര്‍ണാഡ്) എന്ന ഗവര്‍ണര്‍ തന്നെ നാടിനെ നശിപ്പിക്കുന്ന ബോംബ് സ്‌ഫോടനങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ഭീകരതകളും സഹായികളെ വെച്ച് ഗൂഢോദ്ദേശ്യത്തോടെ നിര്‍വഹിക്കുമ്പോള്‍, അയാളുടെ മകളായ ശ്രുതി (നഗ്‌മ) യുടെ കാമുകനായ പ്രഭു (പ്രഭുദേവ) അയാളുടെ ശ്രമങ്ങളെ വിഫലമാക്കി നാടിനെയും നാട്ടാരെയും രക്ഷിക്കുന്ന അത്ഭുതകഥയാണ് കാതലന്‍(1995). കമലഹാസന്‍ അഛനും മകനുമായി ഇരട്ടവേഷമണിഞ്ഞ ഇന്ത്യന്‍(1996) അഴിമതിക്കാരായ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരെ വധിക്കുന്ന സ്വാതന്ത്ര്യസമരസേനാനിയുടെ കഥയാണ് പറയുന്നത്. സംശയമില്ലാത്തവിധം സ്വേഛാധിപത്യത്തെയും ജനാധിപത്യവിരുദ്ധതയെയും മഹത്വവത്ക്കരിക്കുന്ന അപകടകരമായ സിനിമയാണ് ഇന്ത്യന്‍ എന്ന് കമലഹാസന്‍ തന്നെ ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി. പുകഴേന്തി (അര്‍ജുന്‍) എന്ന ടി വി ക്യാമറാമാന്‍ സംസ്ഥാനമുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഒറ്റ ദിവസത്തേക്ക് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതാണ് മുതല്‍വനി(1999)ലെ പ്രമേയം. ടി വി യിലെ അഭിമുഖത്തില്‍ താങ്കളും ജനങ്ങളും വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല ഭരണം എന്നും ജനങ്ങള്‍ക്കു വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടാണെന്നും മുഖ്യമന്ത്രിയായ അരംഗനാഥന്‍ (രഘുവരന്‍) നിസ്സഹായത പ്രകടിപ്പിക്കുമ്പോഴാണ് പുകഴേന്തി വെല്ലുവിളിക്കുന്നത്. വെല്ലുവിളി യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ഒരൊറ്റ ദിവസം കൊണ്ട് അഴിമതിക്കാരെ മുഴുവന്‍ തുറുങ്കിലടക്കുകയും ജനങ്ങള്‍ക്കനുകൂലമായ കാര്യങ്ങള്‍ മുഴുവനും നടത്തിക്കൊടുക്കുകയുമാണയാള്‍. തുടര്‍ന്ന് അതിശക്തമായ ജനവികാരം അയാള്‍ക്കനുകൂലമായി പടരുകയും അടുത്ത തെരഞ്ഞെടുപ്പില്‍ അയാള്‍ ജയിച്ച് അധികാരത്തിലേറുകയുമാണ്. കേരളമടക്കമുള്ള പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും രാഷ്‌ട്രീയത്തെ ജനപ്രിയത നിയന്ത്രിക്കുന്നതും അത്തരത്തില്‍ നിയന്ത്രിക്കപ്പെടാന്‍ പാകമായ ജനപ്രിയത മാധ്യമങ്ങളാല്‍ നിര്‍മിച്ചെടുക്കപ്പെടുന്നതും മറ്റുമായ ഏകമുഖ പ്രയാണങ്ങള്‍ മുതല്‍വന്‍ എന്ന സിനിമയുടെ നേര്‍പകര്‍പ്പുകള്‍ പോലെ തന്നെ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്നു. നായക്-ദ റിയല്‍ ഹീറോ, മുതല്‍വന്റെ ഹിന്ദി റിമേക്കാണ്.


ബഹുമുഖ വ്യക്തിത്വ വൈകല്യ (മള്‍ട്ടിപ്പിള്‍ പെഴ്‌സണാലിറ്റി ഡിസോർഡര്‍) മെന്ന സവിശേഷ രോഗത്തിനടിമയായ രാമാനുജം അംബി അയ്യങ്കാര്‍ (വിക്രം) എന്ന അന്യനി(2005)ലെ ബ്രാഹ്മണ നായകനെ നിസ്സഹായനും കേവലപ്രതികരണക്കാരനുമായ വക്കീലായിട്ടാണ് നാം ആദ്യം പരിചയപ്പെടുന്നത്. എന്നാലയാള്‍ക്ക് മറ്റ് രണ്ട് മുഖങ്ങള്‍ കൂടിയുണ്ട്.www.anniyan.com എന്ന വെബ്‌സൈറ്റിലൂടെ ജനങ്ങളുടെ പരാതികള്‍ സ്വീകരിച്ച് ആ പരാതിക്കാധാരമായ പ്രശ്‌നത്തില്‍ ആക്രാമകമായ തീര്‍പ്പുകള്‍ സാധിച്ചുകൊടുക്കുന്ന അതിശക്തിമാനുമാണയാള്‍. ഇതിനും പുറമെ കാമുകന്റെ മുഖവും ശരീരവുമുള്ള റെമോ എന്ന മൂന്നാമതൊരു വേഷവൈകല്യവും അയാള്‍ക്കുണ്ട്. ഗരുഡപുരാണം എന്ന സംഹിത അനുസരിക്കുന്ന അയാള്‍ തെരുവില്‍ അപകടത്തില്‍ പെട്ട് ബോധമറ്റുകിടക്കുന്നയാളെ രക്ഷിക്കാത്ത സമ്പന്നനെയും, തീവണ്ടി യാത്രക്കാര്‍ക്ക് കേടുവന്ന ഭക്ഷണം വിതരണം ചെയ്യുന്ന കരാറുകാരനെയും, നിലവാരം കുറഞ്ഞ മോട്ടോര്‍ സ്‌പെയര്‍പാര്‍ട്ടുകളുണ്ടാക്കുന്ന ഫാക്‌ടറി ഉടമയെയും യഥാക്രമം അന്ധകൂപം, കുംഭിപാകം, ക്രിമിഭോജനം എന്നീ വിചിത്രമായ വിധിപ്രയോഗങ്ങളിലൂടെ നിഷ്‌ഠൂരമായി കൊലപ്പെടുത്തുന്നു. 2005ല്‍ മലയാളത്തിലിറങ്ങിയ എല്ലാ സിനിമകളെയും കവച്ചുവെക്കുന്ന വാണിജ്യവിജയം അന്യന് കേരളത്തില്‍ തന്നെ ലഭിക്കുകയുണ്ടായി. തമിഴ്‌നാട്ടിലെയും മറ്റും കാര്യം പറയുകയും വേണ്ട. യാഥാര്‍ത്ഥ്യത്തെ അതിശയിക്കുന്ന താരദൈവങ്ങളെ സൃഷ്‌ടിക്കുന്ന സിനിമയുടെ മായികലോകം തമിഴ്നാടിനെയും തെന്നിന്ത്യയെയും തുടര്‍ന്നുള്ള കാലത്തും കീഴടക്കിക്കൊണ്ടിരിക്കുക തന്നെ ചെയ്യും എന്നു തെളിയിച്ച ശിവാജി ദ ബോസിനു ലഭിച്ച മാധ്യമപരിലാളന അതിശയകരമായിരുന്നു. രസികര്‍ മണ്‍റങ്ങളിലൂടെയും കൂര്‍ത്ത സംഭാഷണശകലങ്ങളിലൂടെയും ശാരീരിക ചേഷ്‌ടകളിലൂടെയും നായകവിജയം എന്ന സ്ഥിരം ആഖ്യാനത്തിലൂടെയും തമിഴ്‌മക്കളുടെ ആരാധനാപുരുഷനായി മാറിക്കഴിഞ്ഞ രജനീകാന്തിന്റെ രാഷ്‌ട്രീയ പ്രവേശത്തിനുവരെ സഹായകമാകുന്ന കഥാഗതിയും നാടകീയ മുഹൂര്‍ത്തങ്ങളും ചേര്‍ന്ന് സവിശേഷമാക്കിയ ശിവാജി ദ ബോസ് പക്ഷെ ഇതിനകം വിസ്‌മൃതിയിലായിക്കഴിഞ്ഞു എന്നത് മറ്റൊരു കാര്യം.

ഇത്തരത്തിലുള്ള അത്യന്തം അപകടകരവും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവുമായ രാഷ്‌ട്രീയ ആശയങ്ങള്‍ അശ്ളീലമയമായ ഗാന-നൃത്ത രംഗങ്ങളുടെ മേമ്പൊടിയോടെ വിജയകരമായ ഫോര്‍മുലയായി ചലച്ചിത്രവത്ക്കരിക്കുന്നതില്‍ ഷങ്കറിനെ വെല്ലാന്‍ ഒരു പക്ഷെ വര്‍ത്തമാന കാല ഇന്ത്യന്‍ സിനിമയില്‍ തന്നെ ആരുമുണ്ടെന്നു തോന്നുന്നില്ല.

മനുഷ്യന്‍, ദൈവത്തെ തന്റെ പ്രതിരൂപമായി സൃഷ്‌ടിച്ചു എന്നു പറയാറുള്ളതു പോലെ യന്ത്രമനുഷ്യനെ(ഹ്യൂമനോയ്‌ഡ് റോബോട്ട്)യും അവന്റെ പ്രതിരൂപമായി സൃഷ്‌ടിക്കുന്നതായാണ് എന്തിരന്‍ ആഖ്യാനം ചെയ്യുന്നത്. ഡോ. വസീഗരന്‍ (രജനീകാന്ത്) പത്തു വര്‍ഷത്തോളം കാലം മുടിയും താടിയും മുറിക്കാന്‍ പോലും പുറത്തിറങ്ങാതെയാണ് എന്തിരനെ നിര്‍മ്മിച്ചെടുക്കുന്നത്. തന്റെ ശരീരത്തെ മുഴുനീളത്തില്‍ സ്‌കാന്‍ ചെയ്‌താണ് റോബോട്ടിന്റെ മോള്‍ഡ് പാകപ്പെടുത്തുന്നത്. യന്ത്ര സംസ്‌ക്കാരം എല്ലാത്തിനെയും നിയന്ത്രിക്കുന്ന പുതിയ കാലത്തെ ദൈവമായിരിക്കും റോബോട്ട്, എന്നാണ് സംവിധായകന്റെ ഭാവന പറയുന്നത്. ഇപ്രകാരം നിര്‍മ്മിക്കപ്പെടുന്ന ചിട്ടി എന്ന സഹോദരതുല്യനായ റോബോട്ടിന് മാനുഷിക വികാരങ്ങളുടെ കൂടി ചരിത്രവും പശ്ചാത്തലവും ആവശ്യകതയും കഷ്‌ടപ്പെട്ട് പഠിപ്പിച്ചെടുക്കുമ്പോള്‍ അയാള്‍ സ്രഷ്‌ടാവിനു തന്നെ ഒരു ബാധ്യതയായി തീരുകയാണ്. ശാസ്‌ത്രവും സാങ്കേതിക വിദ്യയും മനുഷ്യകുലത്തിനു തന്നെ ബാധ്യതയും തിരിച്ചടിയുമായിത്തീരും എന്ന പരിശുദ്ധി വാദമാണോ സാങ്കേതികത നിറഞ്ഞു കവിയുന്ന എന്തിരന്‍ ആത്യന്തികമായി ഉദ്ഘോഷിക്കുന്നത്?


താന്‍ സൃഷ്‌ടിച്ച മനുഷ്യസമാനനായ റോബോട്ടിനെ ഇന്ത്യന്‍ ആര്‍മിക്ക് സംഭാവന ചെയ്യാനായിരുന്നു ഡോ. വസീഗരന്‍ ഉദ്ദേശിച്ചിരുന്നത്. ആര്‍മിയും സൈനിക-കാക്കിവത്ക്കരണവും ആണ് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം എന്ന ഫാസിസ്‌റ്റ്-സാമ്രാജ്യത്വ-അധിനവേശ-യുദ്ധോത്സുക ചിന്തയെയാണ് സംവിധായകനും അദ്ദേഹത്തിന്റെ അപരവ്യക്തിത്വമായ ശാസ്‌ത്രജ്ഞനും മുന്നോട്ടുവെക്കുന്നതെന്ന് സാരം. എന്നാല്‍, വസീഗരന്റെ കാമുകിയായ സന(ഐശ്വര്യാ റായ് ബച്ചന്‍)യിലാകൃഷ്‌ടനായ ചിട്ടി എന്ന എന്തിരന്‍ ഗ്രനേഡിനു മുകളില്‍ പനിനീര്‍ പുഷ്‌പത്തെ പ്രതിഷ്‌ഠിച്ച് യുദ്ധത്തിനും ആക്രമണത്തിനും പകരം സ്‌നേഹത്തെക്കുറിച്ച് വാചാലനായി വസീഗരനെ സൈനിക മേധാവികള്‍ക്കു മുമ്പില്‍ നാണം കെടുത്തുന്നു. ഇത് തന്റെ പരാജയമായെണ്ണുന്ന വസീഗരന്‍ കടുത്ത നിരാശയിലാഴുന്നതായി ചിത്രീകരിക്കുന്നതോടെ സൈനികവത്ക്കരണത്തിനും യുദ്ധ മുന്നേറ്റങ്ങള്‍ക്കും വേണ്ടിയാണ് ശാസ്‌ത്ര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തേണ്ടതെന്ന അധിനിവേശ ചിന്താഗതി ഉയര്‍ന്നു നില്‍ക്കുന്നു.

രജനി മുതല്‍ രജനി വരെ

ഏഷ്യയില്‍, ജാക്കിച്ചാനു ശേഷം ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സൂപ്പര്‍ താരമായി രജനീകാന്ത് മാറിയത് കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ വിസ്‌മയാവഹമായ വളര്‍ച്ചയിലൂടെയാണ്. 1950 ഡിസംബര്‍ 12ന് കര്‍ണാടകയില്‍ ജനിച്ച മറാത്തി മാതൃഭാഷയായുള്ള ശിവാജിറാവ് ഗെയ്‌ക്ക് വാദ് കര്‍ണാടക സംസ്ഥാന ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനില്‍ കണ്ടക്‌ടറായി ജോലി ചെയ്യവേ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. അഭിനയം പഠിക്കാനായി ഇരുപത്തഞ്ചാമത്തെ വയസ്സില്‍ അഡയാര്‍ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നുവത്രെ ശ്രീനിവാസന്‍. 1976ല്‍ പുട്ടണ്ണ കനഗല്‍ സംവിധാനം ചെയ്‌ത കന്നട സിനിമയായ കഥാ സംഗമയില്‍ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയിലെത്തുന്നത്. പിന്നീട് പ്രസിദ്ധ സംവിധായകനായ കെ ബാലചന്ദറിന്റെ അപൂര്‍വരാഗങ്ങളില്‍(1975) ഒരു ക്യാന്‍സര്‍രോഗിയുടെ ചെറുവേഷമണിയവെ രജനീകാന്ത് എന്ന പേരിലേക്ക് സ്വയം മാറുകയാണ് അദ്ദേഹം ചെയ്‌തത്. നിരവധി സിനിമകളില്‍ ചെറുവേഷങ്ങളിലും അതിലധികവും പ്രതിനായകവേഷങ്ങളിലുമാണ് അക്കാലത്ത് രജനീ കാന്ത് അഭിനയിച്ചിരുന്നത്. കെ ബാലചന്ദറിനെ തന്റെ ഗുരുവായി രജനീകാന്ത് വിശേഷിപ്പിക്കുന്നു. സംവിധായകന്‍ എസ് പി മുത്തുരാമന്‍, 1979ല്‍ ഭുവന ഒരു കേള്‍വിക്കുറി എന്ന തന്റെ സിനിമയില്‍ ആദ്യമായി ഒരു മുഴുനീള നായക കഥാപാത്രത്തെ രജനിക്ക് കൊടുത്തു. എണ്‍പതുകളില്‍ പലതരം നായകവേഷങ്ങളില്‍ അഭിനയിച്ച അദ്ദേഹം ഹിന്ദു സന്യാസിയായി ശ്രീ രാഘവേന്ദ്രയിലൂടെ നൂറാമത്തെ സിനിമ തികച്ചു. ഇതിനകം സമകാലികനായ കമലാഹാസനെ കടത്തിവെട്ടി തമിഴ് സിനിമയിലെ ഒന്നാമനായി മാറിക്കഴിഞ്ഞിരുന്ന രജനിയെക്കാത്ത് നിരവധി ആക്ഷന്‍-മസാല സിനിമകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.


ബില്ല, അന്‍പുക്കു നാന്‍ അടിമൈ, കാളി, ജോണി, നാന്‍ പോട്ട സവാല്‍, എല്ലാം ഉന്‍ കൈരാശി, പൊല്ലാതവന്‍, മുരട്ടുക്കാളൈ, തീ, കഴുക്, തില്ലുമുല്ല്, ഗര്‍ജ്ജനൈ, നെറ്റിക്കണ്‍, റാണുവവീരന്‍, പോക്കിരിരാജ, തനിക്കാട്ടുരാജ, രങ്ക, മൂന്റുമുഖം, പായുംപുലി, തുടിക്കും കരങ്ങള്‍, തായ്വീട്, ശികപ്പു സൂര്യന്‍, തങ്കമകന്‍, നാന്‍ മഹാന്‍ അല്ലൈ, തമ്പിക്ക് എന്ത ഊര്, അന്‍പുള്ള രജനീകാന്ത്, നല്ലവനുക്കു നല്ലവന്‍, നാന്‍ ശികപ്പു മനിതന്‍, പഠിക്കാതവന്‍, മിസ്‌റ്റര്‍ ഭാരത്, വിടുതലൈ, മാവീരന്‍, വേലൈക്കാരന്‍, ഊര്‍ക്കാവലന്‍, മനിതന്‍, ഗുരുശിഷ്യന്‍, ധര്‍മത്തിന്‍ തലൈവന്‍, കൊടി പറക്ക്ത്, ശിവ, രാജ ചിന്ന റോജ, മാപ്പിളൈ, പണക്കാരന്‍, എന്നിവയൊക്കെയും എണ്‍പതുകളില്‍ പുറത്തിറങ്ങിയ രജനി ചിത്രങ്ങളാണ്. ഇവയില്‍ ഭൂരിഭാഗവും മികച്ച വാണിജ്യവിജയം കരസ്ഥമാക്കി. മൂന്റുമുഖം ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായി മാറിയ കള്‍ട്ട് സിനിമയാണ്. ഇതില്‍ രജനി പറയുന്ന ഠീക്ക് ഹേ (ശരി) എന്ന സംഭാഷണശകലം ആരാധകര്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഈ കാലഘട്ടത്തോടെ തമിഴ് സിനിമയുടെ ചരിത്രത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്തവിധത്തിലുള്ള സൂപ്പര്‍സ്‌റ്റാര്‍ പ്രതിഭാസം രജനീകാന്തിനു ചുറ്റുമായി നിലവില്‍ വന്നു കഴിഞ്ഞിരുന്നു.

മക്കള്‍ തിലകം എം ജി രാമചന്ദ്രനും നടികര്‍ തിലകം ശിവാജി ഗണേശനും മറ്റ് നിരവധി നായകതാരങ്ങളും തകര്‍ത്താടിയ തമിഴ് സിനിമാ ചരിത്രത്തില്‍ പക്ഷെ സമാനതകളില്ലാത്ത വിജയരഥയാത്രകളാണ് രജനീകാന്ത് നടത്തിയത്. ശരീര ചേഷ്‌ടകളും കൂര്‍ത്ത സംഭാഷണശകലങ്ങളും (പഞ്ച് ഡയലോഗ്) കൊണ്ട് ജനമനസ്സില്‍ രജനി പ്രതിഭാസം സ്ഥിരം ഇടം വളച്ചു കെട്ടിയെടുത്തു. സിഗരറ്റ് കൈയില്‍ നിന്ന് തെറിപ്പിച്ച് കൃത്യമായി ചുണ്ടുകള്‍ക്കിടയിലേക്ക് എത്തിക്കുന്നതും ഗുരുത്വാകര്‍ഷണനിയമം ബാധകമല്ലാത്തവിധം അന്തരീക്ഷത്തില്‍ ഉയര്‍ന്നു ചാടിയുള്ള സംഘട്ടനരംഗങ്ങളും ആരാധകരെ ആവേശം കൊള്ളിക്കുന്നു. വരേണ്യ സാമ്പത്തിക വര്‍ഗത്തിനെതിരെ നിലകൊള്ളുന്ന പാവപ്പെട്ടവന്റെ ഒപ്പമാണ് മുന്‍കാല തമിഴ് നായകന്മാരെന്നതുപോലെ രജനിയും എന്നു വ്യക്തമാകുന്ന നിരവധി സിനിമകളുണ്ട്. വേലൈക്കാരന്‍ മികച്ച ഉദാഹരണം. ഐ കാന്‍ വാക്ക് ഇംഗ്ളീഷ്, ഐ കാന്‍ ടാക്ക് ഇംഗ്ളീഷ് എന്ന വേലൈക്കാരനിലെ രജനി കഥാപാത്രത്തിന്റെ ഡയലോഗ് അധ:സ്ഥിതരും നിരക്ഷരരുമായ ഒട്ടനവധി ദരിദ്രര്‍ക്ക് അനല്‍പമായ ആശ്വാസം പകര്‍ന്നു നല്‍കി. താന്‍ നേടിയെടുത്ത സൂപ്പര്‍സ്‌റ്റാര്‍ പദവി പോലും അനവധി വര്‍ഷത്തെ അധ്വാനം കൊണ്ടാണെന്ന് എപ്പോഴും ഓര്‍മിപ്പിക്കുന്നതിലൂടെ അധ്വാനത്തിന്റെ മഹത്വവും രജനി എടുത്തുകാട്ടി. കഷ്‌ടപ്പെടാമാ എതുവും കിടൈക്കാത്, അപ്പടിയാ കിടൈച്ചാലും നെലച്ച് നിക്കാത് (കഷ്‌ടപ്പെടാതെ ഒന്നും നേടാനാവില്ല. അഥവാ അങ്ങിനെ നേടിയെടുത്താലും അത് നിലനില്‍ക്കില്ല-വീര).


തൊണ്ണൂറുകളില്‍ ഇറങ്ങിയ എല്ലാ രജനി ചിത്രങ്ങളും വന്‍ വിജയം കൊയ്‌തു. അണ്ണാമലൈ (1992) പത്തു കോടി രൂപ മൊത്തം കലക്ഷന്‍ നേടിയ ആദ്യത്തെ രജനി ചിത്രമാണ്. നാന്‍ ശൊല്‍റാത്തെയും ശെയ്വേന്‍, ശൊല്ലാത്തതിയും ശെയ്വേന്‍ (ഞാന്‍ പറയുന്നത് അതേ പടി പ്രവര്‍ത്തിക്കുന്നവനാണ്, അതിലുപരിയും പ്രവര്‍ത്തിക്കുന്നവനാണ്) എന്ന രജനി ഡയലോഗ് ജനലക്ഷങ്ങളെ ആഹ്ളാദത്തിലാറാടിച്ചു. യജമാന്‍, ഉഴൈപ്പാളി, മുത്തു, ബാഷ, അരുണാചലം എന്നിവയും തൊണ്ണൂറുകളില്‍ വന്‍ ഹിറ്റുകളായി മാറിയവയാണ്. ആണ്ടവന്‍ ശൊല്‍റാന്‍, അരുണാചലം ശെയ്റാന്‍ (പടച്ചവന്‍ കല്‍പിക്കുന്നു, അരുണാചലം അനുസരിക്കുന്നു/അരുണാചലം) എന്ന ന്യായവാദത്തോടെ ദൈവത്തിന്റെ കൈയൊപ്പ് തന്റെ ചെയ്‌തികള്‍ക്കു പുറകിലുണ്ടെന്ന അവകാശവാദവും രജനികഥാപാത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി. മോഹചിന്തയില്ലാത്ത ത്യാഗമയിയാണ് താന്‍ എന്ന പ്രതീതി ഇതിനു തുടര്‍ച്ചയായി അദ്ദേഹം സൃഷ്‌ടിക്കാന്‍ ശ്രമിച്ചു. പൊണ്‍, പൊന്‍, പദവി പിന്നാടി നമ്മ പോകക്കൂടാത്, നമ്മ പിന്നാടി ഇതെല്ലാം വരണം(പെണ്ണ്, സ്വര്‍ണം, പദവി ഇവ കിട്ടാന്‍ വേണ്ടി നാം പിറകെ നടക്കരുത്, ഇവയെല്ലാം നമ്മെ തേടി വരണം-ബാഷ) എന്ന ആശയത്തിലൂടെ പുരുഷനാണ് ത്യാഗത്തിന്റെയും സമൂഹത്തിന്റെയും കേന്ദ്രബിന്ദു എന്ന യാഥാസ്ഥിതിക വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു. നാന്‍ ഒരു തടവ ശൊന്നാ, നൂറു തടവ ശൊന്ന മാതിരി (ഞാന്‍ ഒരു തവണ പറഞ്ഞാല്‍ അതിന് നൂറു തവണ പറയുന്ന ഫലമാണ്-ബാഷ) എന്ന പ്രഖ്യാപനത്തിലൂടെ തന്റെ അമാനുഷ പരിവേഷം അദ്ദേഹം ഉറപ്പിച്ചെടുത്തു.

പഞ്ച് ഡയലോഗുകളും മാനറിസങ്ങളും ഇല്ലാത്ത കഥാപാത്രങ്ങളാണ് രജനീകാന്ത് എന്തിരനില്‍ അവതരിപ്പിക്കുന്നത്. മനുഷ്യനായ ഡോ. വസീഗരന്‍ അതിമാനുഷനല്ലെങ്കിലും യന്ത്രമനുഷ്യനായ ചിട്ടി നൂറായി പെരുകുകയും ഒരേ സമയം അമ്പതു തോക്കുകളില്‍ നിന്ന് ഉണ്ടയുതിര്‍ക്കുകയും ചെയ്യുന്ന അത്ഭുതാതിശയന്‍ തന്നെ. സിനിമക്ക് പുറത്ത് കഷണ്ടിക്കാരനും വയസ്സനുമായി പ്രത്യക്ഷപ്പെടുന്ന യഥാര്‍ത്ഥ രജനിയെ പരിഹസിക്കുന്ന ഒരു സംഭാഷണശകലവും ഇതിലുണ്ട്. തന്നെ പ്രേമിക്കുന്നതാണ് സനക്ക് നല്ലത് എന്നു പറയുന്നതിനു വേണ്ടി വസീഗരനെ ചൂണ്ടി ചിട്ടി പറയുന്നു: ഈ തല നലച്ച വയസ്സനെ എന്തിനു കൊള്ളാം! രജനീ കാന്ത് എന്ന മില്യന്‍ ഡോളര്‍ വിലമതിക്കുന്ന സൂപ്പര്‍ താര പ്രഭാവത്തെ ഫലപ്രദമായി വിറ്റഴിക്കാന്‍ ഷങ്കറിനും കലാനിധി മാരനും ചേര്‍ന്ന് സാധ്യമായിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല.

സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ സൌന്ദര്യാത്മക ന്യായീകരണ വ്യവസ്ഥയായി സ്ഥാനപ്പെടുത്തപ്പെട്ടിട്ടുള്ള ഹോളിവുഡ് സിനിമയുടെ വൈപുല്യത്തെപ്പോലും കവച്ചുവെക്കുന്ന ഒന്നായി ഇന്ത്യയിലെ പ്രാദേശിക സിനിമകളിലൊന്നു മാത്രമായ തമിഴ് സിനിമ മാറിത്തീര്‍ന്നുവോ? അതോ ഇത് വല്ലപ്പോഴും ഒരിക്കല്‍, കൃത്യമായി പറഞ്ഞാല്‍ രജനീകാന്തിന്റെ കാര്യത്തില്‍ മാത്രം സംഭവിക്കുന്ന ഒരു അത്ഭുതമാണോ? തമിഴ് വംശജരുടെ ലോകവ്യാപനത്തിനു (തമിഴ് ഡയസ്‌പോറ) ശേഷവും അവരെ ഏകോപിപ്പിച്ചു നിര്‍ത്തുന്ന ഏതൊക്കെ സാംസ്‌ക്കാരിക സവിശേഷ ഘടകങ്ങളാണ് രജനീകാന്ത് പ്രതിനിധാനം ചെയ്യുന്നത് എന്നും അവ കൃത്രിമമായി നിര്‍മിക്കപ്പെട്ടതാണോ എന്നുമുള്ള ആലോചനകള്‍ ഇതിന്റെ തുടര്‍ച്ചയായി നടത്തേണ്ടതുണ്ട്.

ആഗോള തമിഴത്തത്തിന്റെ നേര്‍ പ്രതീകമായി വ്യാഖ്യാനിക്കപ്പെടുന്ന രജനീകാന്ത് എന്തിരന്റെ ഗംഭീര വിജയത്തിനു ശേഷം ശിവസേന തലവന്‍ ബാല്‍ ഠാക്കറെയെ സന്ദര്‍ശിച്ച് അനുഗ്രഹം നേടിയിരിക്കുന്നു. ബാന്ദ്രയിലുള്ള ഠാക്കറെയുടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച രജനീകാന്ത് ഠാക്കറെയെ ദൈവത്തോടാണ് ഉപമിച്ചിരിക്കുന്നത്. ബാലാസാഹെബ് എനിക്ക് ദൈവത്തിനു തുല്യനാണ്. മഹാരാഷ്‌ട്ര മറാത്തികളുടേതാണ് എന്ന അടിസ്ഥാന ഭൂമിപുത്ര ആശയത്തില്‍ വളര്‍ന്നു പൊന്തിയ തീവ്ര വലതുപക്ഷ ഹൈന്ദവ കക്ഷിയായ ശിവസേന അത് രൂപപ്പെട്ട അറുപതുകളില്‍ കമ്യൂണിസ്‌റ്റുകാര്‍ക്കെതിരെയെന്നതു പോലെ മദ്രാസികള്‍ക്കെതിരെയുമായിരുന്നു വംശഹത്യ ആഹ്വാനം ചെയ്‌തിരുന്നത് എന്ന് ഇന്ന് നാം തെക്കെ ഇന്ത്യക്കാര്‍ രജനി ഇഫക്‌ടില്‍ മറന്നു പോയിരിക്കുന്നു! ശിവാജി ദ ബോസ് എന്ന ഷങ്കറിനോടൊപ്പം ചേര്‍ന്ന് രജനീ കാന്ത് ഇതിനു മുമ്പ് പൂര്‍ത്തിയാക്കിയ സിനിമയില്‍ വീരശിവജിയുടെ പടം ആരാധനയോടെ പ്രദര്‍ശിപ്പിച്ചിരുന്നു. ദ്രാവിഡസംസ്‌ക്കാരത്തോടൊപ്പം തമിഴ് സ്വാഭിമാനത്തെയും ഉയര്‍ത്തിപ്പിടിച്ച തമിഴ് സിനിമ, ഒരു കാലത്ത് തമിഴരെയും മുഴുവന്‍ തെന്നിന്ത്യക്കാരെയും വേട്ടയാടിയ ബാല്‍ ഠാക്കറെയുടെ കാല്‍ക്കീഴില്‍ കൊണ്ടു ചെന്നര്‍പ്പിച്ചിരിക്കുന്ന ഈ കാഴ്‌ചയുടെ അശ്ളീലം പൂമാലക്കൂമ്പാരം കൊണ്ടും പാലഭിഷേകം കൊണ്ടും രജനി രസികര്‍ക്ക് മായ്ച്ചുകളയാനാവുമോ?

Thursday, October 28, 2010

ഭീകരന്മാരെ ഉണ്ടാക്കുന്നതെങ്ങനെ? ഇല്ലാതാക്കുന്നതെങ്ങനെ?

മുസ്ളിമിങ്ങളെ അപരവത്ക്കരിക്കുന്ന മലയാള സിനിമയുടെ പതിവു രീതി പൂര്‍വ്വാധികം ശക്തിയായി തുടരുന്നു എന്നതിന്റെ തെളിവാണ് പുതിയ ഹിറ്റു സിനിമയായ അന്‍വര്‍. മഹാരാഷ്ട്രയിലെ നാന്ദെദിലും പര്‍ഭാനിയിലും മലെഗാവിലും, തമിഴ് നാടിലെ തെങ്കാശിയിലും, ഹൈദരാബാദിലെ മെക്കാ മസ്ജിദിലും, രാജസ്ഥാനിലെ അജ്മീരിലും, യു പിയിലെ കാണ്‍പൂരിലും, മധ്യപ്രദേശിലെ ഭോപാലിലും, സംഝോത എക്സ്പ്രസിലും നടത്തിയ ബോംബു സ്ഫോടനങ്ങള്‍, നടന്ന കാലത്ത് മുസ്ളിം ഭീകരരുടെ ചിലവിലാണ് എഴുതിവെച്ചതെങ്കിലും; പിന്നീട് സംഘ പരിവാര്‍ ഭീകരരാണ് ഇവ നടത്തിയത് എന്നു തെളിയുകയുണ്ടായി. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കേസായ മലെഗാവ് പുറത്തു കൊണ്ടു വന്ന ഹേമന്ത് കാര്‍ക്കറെ മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെടുകയും ചെയ്തു. അതിന്റെ ദുരൂഹത ഏ ആര്‍ ആന്തുലെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വരെ ചോദ്യം ചെയ്തിട്ടും ചര്‍ച്ചകള്‍ അടഞ്ഞു പോയി. മുസ്ളിം എന്ന മതവും, ഭീകരവാദം എന്ന രാഷ്ട്രീയ-ക്രമസമാധാന-സങ്കീര്‍ണ പ്രശ്നവും തമ്മില്‍ മുറിച്ചു മാറ്റാനാവാത്ത വിധത്തിലുള്ള ബന്ധമുണ്ടെന്നു സ്ഥാപിക്കുന്നതില്‍ മുഖ്യാധാരാ മാധ്യമങ്ങളും ഭരണകൂടവും മത്സരിക്കുകയാണ്. ആ മത്സരത്തിന്റെ കച്ചവട ലാഭം കൊയ്തെടുക്കാനാണ് അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍ എന്ന സിനിമയും ശ്രമിക്കുന്നത്. പുതിയ ബോട്ടിലില്‍ പഴകിയ പഴങ്കഞ്ഞി.

പുതിയ സൂപ്പര്‍ സ്റ്റാറായി വേഷമണിയാന്‍ പോകുന്ന പൃഥ്വിരാജിന് മലബാര്‍ കീഴടക്കാനാവുമോ എന്നു തെളിയുന്ന ചിത്രമായിരിക്കും അന്‍വര്‍ എന്നാണ് വ്യവസായം ഉറ്റുനോക്കുന്നതത്രെ. കേരളത്തിലെ സിനിമാ വാണിജ്യത്തില്‍ തിരുവിതാംകൂറിന് 30 ശതമാനവും കൊച്ചിക്ക് 25 ശതമാനവും ആണ് പങ്കെങ്കില്‍ മലബാറിന്റേത് 45 ശതമാനമാണ്. തലശ്ശേരിയിലും കോഴിക്കോട്ടും മഞ്ചേരിയിലും പടം കളക്റ്റ് ചെയ്തില്ലെങ്കില്‍ ആ പടം പൊട്ടുമെന്നാണ് കണക്കു കൂട്ടല്‍. കഴിഞ്ഞ രണ്ടു സീസണുകളിലും ഓണം എന്ന കൂറ്റന്‍ റിലീസ് കാലം റമദാന്‍ നോമ്പു കാലത്തായതിനാല്‍ സിനിമക്കാര്‍ക്ക് പഞ്ഞകാലമായി മാറിയത്; മലബാറിലെ ജനതക്ക് വിശിഷ്യാ മുസ്ളിമിങ്ങള്‍ക്ക് മലയാള സിനിമയുടെ ഉപഭോക്താക്കളില്‍ വലിയൊരു പ്രാതിനിധ്യമുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്. മമ്മൂട്ടിയും മോഹന്‍ ലാലും തിരുക്കൊച്ചിയെന്നതു പോലെ ഈ മേഖലകളിലും സ്വാധീനം ഉറപ്പിച്ചെടുത്താണ് സൂപ്പര്‍ സ്റാര്‍ പട്ടം കയറിയിട്ടുള്ളത്. 'കറ കളഞ്ഞ' ഒരു മുസ്ളിം സബ്‌ജക്ടുമായി പൃഥ്വിരാജിനെ അന്‍വറാക്കി അവതരിപ്പിച്ചിരിക്കുന്നത് മലബാര്‍ വെട്ടിപ്പിടിക്കാന്‍ കൂടിയാണെന്നും വേണമെങ്കില്‍ കരുതാവുന്നതാണ്. അങ്ങിനെ നോക്കുമ്പോള്‍ മുസ്ളിങ്ങളെ തന്നെ കാണിയും ആസ്വാദകനും ആരാധകനും ആക്കി മാറ്റിക്കൊണ്ട് മുസ്ളിം വിരുദ്ധ ഇതിവൃത്തങ്ങള്‍ ആഖ്യാനം ചെയ്യുന്നതിലുള്ള മലയാള സിനിമയുടെ വിരുത് എന്ന പ്രക്രിയ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടി വരും.

കോയമ്പത്തൂര്‍ സ്ഫോടനം ഏര്‍പ്പാടു ചെയ്ത ബാബു സേട്ട് (ലാല്‍ അഭിനയിക്കുന്നു) എന്ന പണച്ചാക്കാണ് അന്‍വറിലെ പ്രധാന വില്ലന്‍. ഇയാള്‍ക്ക് മഅ്ദനിയുമായി ഒരു ബന്ധവുമില്ല എന്നു തോന്നിപ്പിക്കുന്നതിനു വേണ്ടി, ഇയാളെ പണക്കാരനാക്കിയിരിക്കുന്നു; ഇയാള്‍ക്ക് രണ്ടു കാലുകളുമുണ്ട്; ഇയാള്‍ കല്യാണം കഴിച്ചതായി കാണിക്കുന്നില്ല; ഇയാള്‍ ഫോര്‍ട്ട് കൊച്ചിക്കാരനാണ് എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ എടുത്തു കാണിക്കുന്നുണ്ട്. മാത്രമല്ല, ബാബു സേട്ടിന് കേസില്‍ ജാമ്യം ലഭിക്കുന്നുമുണ്ട്. (അച്ഛന്‍ പത്തായത്തിലുമില്ല എന്ന് പറയുന്നതു പോലെ, ബാബു സേട്ട് എന്ന കഥാപാത്രം മഅ്ദനിയെ ഉദ്ദേശിച്ചുണ്ടാക്കിയ കഥാപാത്രമേ അല്ല എന്ന് തറപ്പിച്ചും ഉറപ്പിച്ചും സ്ഥാപിച്ചിരിക്കുന്നു!). ബംഗ്ളാദേശില്‍ നിന്നും നേപ്പാള്‍ വഴി ഇന്ത്യയിലെത്തിക്കുന്ന അന്താരാഷ്ട്ര ഭീകരരിലൂടെ രാജ്യം കുട്ടിച്ചോറാക്കുക എന്നതാണ് ഇയാളുടെയും കൂട്ടരുടെയും പദ്ധതി. കോയമ്പത്തൂര്‍ സ്ഫോടനം നടന്ന തുണിക്കടയില്‍ ഉമ്മയും ബാപ്പച്ചിയും പെങ്ങളും ദാരുണമായി മരണമടയുന്ന കാഴ്ച നേരില്‍ കാണുന്നതിലൂടെയാണ് അന്‍വര്‍ മറ്റേതൊരു സിനിമാക്കഥയിലുമെന്നതു പോലെ പ്രതികാര മൂര്‍ത്തിയായി പരിണമിക്കുന്നത്. ഈ പ്രതികാരം മനസ്സിലാക്കുന്ന സ്റ്റാലിന്‍ മണിമാരന്‍ (പ്രകാശ് രാജ്) എന്ന ആന്റി ടെററിസ്റ്റ് സ്ക്വാഡ് തലവന്‍ അന്‍വറിനെ ഏജന്റായി റിക്രൂട്ട് ചെയ്യുന്നു. കെട്ടിച്ചമച്ചുണ്ടാക്കിയ ഹവാലക്കേസില്‍ പിടിക്കപ്പെട്ട് ജയിലിലെത്തുന്ന അന്‍വര്‍ അവിടെ വെച്ച് ബാബു സേട്ടിന്റെ പ്രീതി പിടിച്ചു പറ്റുന്നു. പിന്നീട് പുറത്തെത്തുന്ന അവര്‍ രണ്ടു പേരും സഹായികളോടൊപ്പം ചേര്‍ന്ന് കളക്ടറേറ്റിലും ഫോര്‍ട്ട് കൊച്ചിയിലെ നഗരഹൃദയത്തിലും ബോംബു വെക്കുന്നു. അതിനെ തുടര്‍ന്ന് മുംബൈയെ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര ഭീകരരെ ഇറക്കുമതി ചെയ്യുന്നു. അവരെ ഓരോരുത്തരെയായി നിഷ്പ്രയാസം വെടിവെച്ചു കൊന്നതിനു ശേഷം ബാബു സേട്ടിനെയും കൊന്ന് കാമുകിയോടൊത്ത് അന്ത്യ സീനില്‍ ആടിപ്പാടി ഉല്ലസിക്കുന്ന നായകന്റെ വിജയത്തോടെ സിനിമ സമാപിക്കുകയും ചെയ്യുന്നു.


മുസ്ളിമിങ്ങള്‍ രാജ്യ സ്നേഹം പ്രകടിപ്പിക്കുന്നതിനും അരക്കിട്ടുറപ്പിക്കുന്നതിനും വേണ്ടി ഭരണകൂടത്തിന്റെയും പോലീസിന്റെയും പട്ടാളത്തിന്റെയും മറ്റും ഏജന്റായി പ്രവര്‍ത്തിച്ച് നിലവിലുള്ള മുസ്ളിം ഭീകരത എന്ന പ്രതിഭാസത്തെ ഇല്ലാതാക്കണമെന്ന ഷോര്‍ട്ട് കട്ട് മാര്‍ഗമാണ് സിനിമ നിര്‍ദ്ദേശിക്കുന്നത്. ജെഫ്രി നാഷ്മനോഫ് സംവിധാനം ചെയ്ത ദി ട്രെയ്റ്റര്‍(2008/വഞ്ചകന്‍) എന്ന ഹോളിവുഡ് ചിത്രം കോപ്പിയടിച്ചതാണ് അന്‍വര്‍ എന്ന് വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നു. അറബി സംസാരിക്കുന്ന സുഡാനിയായ സാമിര്‍ ഹോണ്‍ ആണ് ട്രെയിറ്ററിലെ മുഖ്യ കഥാപാത്രം. ഇയാളുടെ പിതാവ് ഒരു കാര്‍ ബോംബു സ്ഫോടനത്തിലാണ് കൊല്ലപ്പെടുന്നത്. ഉമര്‍ എന്ന ആയുധ വ്യാപാരിയുമായി ജയിലില്‍ വെച്ച് ലോഹ്യത്തിലാവുന്ന സാമിര്‍ പിന്നീട് അമേരിക്കന്‍ രഹസ്യ സേനക്കു വേണ്ടി ഏജന്റായി പണിയെടുത്ത് ഭീകരവാദത്തെ നിഷ്പ്രയാസം ഇല്ലായ്മ ചെയ്യുന്നതാണ് കഥയിലുള്ളത്. ഒരു നിരപരാധിയെ കൊല്ലുന്നത്, മാനവരാശിയെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണെന്നും; ഒരു നിരപരാധിയെ രക്ഷപ്പെടുത്തുന്നത് മാനവരാശിയെ മുഴുവനായി രക്ഷപ്പെടുത്തുന്നതിനു തുല്യമാണെന്നും വിശുദ്ധ ഖുര്‍ആനിനെ ഉദ്ധരിച്ചുകൊണ്ട് ട്രെയിറ്ററിന്റെ ശില്‍പികള്‍ തങ്ങളുടെ കഥയെയും ആഖ്യാനത്തെ പവിത്രവത്ക്കരിക്കുന്നുണ്ട്. ഈ വാചകങ്ങള്‍ തന്നെയാണ് അന്‍വറിന്റെ ആരംഭത്തില്‍ തിരശ്ശീലയില്‍ എഴുതിക്കാണിക്കുന്നതും.

ചുരുക്കത്തില്‍ എന്താണ്, അന്‍വര്‍ പുറപ്പെടുവിക്കുന്ന സന്ദേശം? എല്ലാ മുസ്ളിങ്ങളും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ളിങ്ങളാണ് എന്ന ഭരണകൂടങ്ങളുടെയും സാമ്രാജ്യത്വത്തിന്റെയും ഫാസിസ്റ്റുകളുടെയും ആശയത്തെ സിനിമ നഗ്നമായി പിന്തുണക്കുന്നു. ആ ആരോപണത്തിന്റെ പുകമറയില്‍ നിന്ന് മുസ്ളിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരു എളുപ്പവഴിയും സിനിമ നിര്‍ദ്ദേശിക്കുന്നു. ഒറ്റുകാരനാവുക എന്നതാണ് ആ പോംവഴി. ഇന്റലിജന്‍സുകാര്‍ റിക്രൂട്ട് ചെയ്തെടുക്കുന്ന ഭീകരവേഷധാരികള്‍ യഥാര്‍ത്ഥ ഭീകരരുമായി ഇടകലരുന്നു എന്ന യാഥാര്‍ത്ഥ്യം മുഖ്യധാരക്കാരും അംഗീകരിക്കുന്നുവെന്നതാണ് ഇതു പോലൊരു സിനിമയും അറിയാതെ വെളിപ്പെടുത്തുന്ന കാര്യം. അപ്പോള്‍ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പല ഭീകരപ്രവൃത്തികളും ബോംബു സ്ഫോടനങ്ങളും ആരാണ് ആസൂത്രണം ചെയ്തത്?, ആരാണ് നടപ്പിലാക്കിയത്? ആര്‍ക്കാണതിന്റെ ഉത്തരവാദിത്തം? ഇത്തരക്കാരെ റിക്രൂട്ട് ചെയ്തവര്‍ മാറ്റിപ്പറയുകയോ മരിക്കുകയോ ചെയ്യുന്നതോടെ ഈ വേഷധാരികളെ ഭീകരരായി ചിത്രീകരിക്കാനും വ്യാജ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കാനും എളുപ്പവുമായി. അങ്ങിനെ നടക്കുന്ന പലതരം സങ്കീര്‍ണ സത്യങ്ങളെ ഭരണകൂട വ്യാഖ്യാനങ്ങളിലൂടെ മാത്രം സമീപിക്കേണ്ട ഗതികേടിലാണ് പൊതുജനം. അത്തരം മറു യാഥാര്‍ത്ഥ്യങ്ങളിലേക്കും ആലോചന കടന്നു ചെല്ലേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനെങ്കിലും അന്‍വറിന്റെ കാഴ്ച ഉപകാരപ്പെട്ടു എന്നത് രേഖപ്പെടുത്താതിരിക്കുന്നുമില്ല.

Wednesday, October 20, 2010

ചലനാത്മകതയും വൈകാരികതയും - രാഷ്ട്ര പുനര്‍നിര്‍മാണത്തിന്റെ സാഹസികയുക്തികള്‍

വിവാദങ്ങള്‍ അഴിച്ചു വിട്ട അധോലോകം(അണ്ടര്‍ഗ്രൌണ്ട്/കാനില്‍ പാം ദ ഓര്‍ നേടി/1995) എന്ന പാട്ടും ആട്ടവും കുടിയും രക്തച്ചൊരിച്ചിലും നിറയുന്ന മൂന്നു മണിക്കൂര്‍ ചിത്രത്തിലൂടെ യുഗോസ്ളാവിയയുടെ അമ്പതു വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തിയതിനു ശേഷം; തമാശകളും നാടോടിക്കഥകളും വര്‍ണങ്ങളും ഭ്രാന്തും കൂട്ടിക്കലര്‍ത്തി എമിര്‍ കുസ്തുറിക്ക സംവിധാനം ചെയ്ത കറുത്ത പൂച്ച, വെളുത്ത പൂച്ച(ബ്ളാക്ക് കാറ്റ്, വൈറ്റ് കാറ്റ്/1998/ഫ്രാന്‍സ്, ജര്‍മനി, യുഗോസ്ളാവിയയെന്ന് ഒരിക്കല്‍ അറിയപ്പെട്ടിരുന്ന പ്രദേശം) വെനീസ് മേളയില്‍ സംവിധാനത്തിനുള്ള വെള്ളി മെഡല്‍ നേടുകയും ലോകത്തെമ്പാടുമുള്ള കുസ്തുറിക്ക ആരാധകരെ ഹരം കൊള്ളിക്കുകയും ചെയ്തു. നിരാശാജനകമായ യാഥാര്‍ത്ഥ്യത്തിന്റെ പകരവും അപരവുമായി അതിഭാവുകത്വപരവും പരിഹാസ്യവുമായ നര്‍മത്തെ നിറക്കുകയാണ് കുസ്തുറിക്ക ചെയ്യുന്നത്. ബാള്‍ക്കനൈസേഷന്‍ എന്ന രാഷ്ട്ര-സമൂഹ-മാനവികതാ ശിഥിലീകരണ പ്രവണതയുടെ മധ്യത്തില്‍ ജീവിക്കുകയും ചലച്ചിത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന കുസ്തുറിക്ക; ആന്തരികവും ബാഹ്യവുമായ നശീകരണത്തെയാണ് സര്‍ഗാത്മകവും വിഭ്രാന്തവുമായ അവതരണം കൊണ്ട് അനന്തവും അസ്പഷ്ടവുമായ രാഷ്ട്ര പുനര്‍ നിര്‍മാണ സ്വപ്നമായി പുനക്രമീകരിക്കുന്നത്.

ദനൂബെ നദിക്കരയിലെ താല്‍ക്കാലിക ടെന്റുകളില്‍ താമസമാക്കിയ ജിപ്സികളാണ് കഥാപാത്രങ്ങള്‍. ജീവനോപാധിയായി കള്ളക്കടത്തും അധോലോക പ്രവര്‍ത്തനങ്ങളും നടത്തുന്ന ഇവരുടെ ധനവിനിമയം ഡച്ച് മാര്‍ക്കാണെന്നത് അര്‍ത്ഥഗര്‍ഭമായ രാഷ്ട്രീയ സൂചനയാണ്. കുടുംബങ്ങള്‍, തട്ടിപ്പുകള്‍, വിശ്വാസങ്ങള്‍, സൌഹൃദങ്ങള്‍ എന്നീ അടിസ്ഥാന ഘടകങ്ങള്‍ കൊണ്ട് മായികവും ഒരര്‍ത്ഥത്തില്‍ അന്തസ്സാരശൂന്യവുമായ ഒരു ഇതിവൃത്തം അഥവാ ഇതിവൃത്ത രാഹിത്യം രൂപീകരിക്കുകയാണ് കുസ്തുറിക്ക ചെയ്യുന്നത്. ആഘോഷാ(കാര്‍ണിവല്‍)ത്മകമായ അസംബന്ധമായി നീണ്ടുകിടക്കുന്ന കഥാഗതി, ഘടനയെ മൂടി നില്‍ക്കുന്ന രാഷ്ട്രീയ പരിസരത്തെ നിരന്തരം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നദിക്കരയിലെ ടെന്റുകള്‍ മാത്രമല്ല, അധോലോക രാജാവായ ഗാര്‍ഗ പിറ്റിക്കിന്റെ പഴയ കൊട്ടാരം വരെ തീര്‍ത്തും ഇടിഞ്ഞു പൊളിഞ്ഞതാണെങ്കില്‍, കാടിന്റെയും നദിയുടെയും ദൃശ്യങ്ങളില്‍ ഊഷ്മളത നിറയുന്നു. നാഗരികതകളുടെ അര്‍ത്ഥശൂന്യതയും പ്രാകൃതികതയുടെ സൌന്ദര്യ കല്‍പനകളുമായിരിക്കണം കുസ്തുറിക്ക സെര്‍ബിയയുടെ ശിഥിലതയിലിരുന്ന് ഭാവന ചെയ്യുന്നത്.



മോഷണങ്ങളും കള്ളക്കടത്തു കരാറുകളിലെ ചതികളും ഭീഷണികളും വെടിവെപ്പുകളും കല്യാണങ്ങളും മരണങ്ങളും ഉയിര്‍ത്തെഴുന്നേല്‍പ്പുകളും വിരുന്നുകളും എല്ലാം കൂടിക്കുഴയുന്ന ഊര്‍ജ്ജസ്വലമായ ആഖ്യാനം കാണികളുടെ സിരകളിലേക്ക് പ്രവഹിക്കുകയാണ് ചെയ്യുന്നത്. ഗാര്‍ഗ പിറ്റിക്കില്‍ നിന്ന് കടം വാങ്ങി കുറെയധികം പെട്രോള്‍ ബോഗികള്‍ കടത്തിയെടുക്കാനായിരുന്നു മാത്ക്കോയുടെ പദ്ധതി. ഈ കച്ചവടത്തില്‍ പങ്കാളി ചമഞ്ഞ് യുദ്ധക്രിമിനലായ ദാദന്‍ മാത്ക്കോയെ വഞ്ചിക്കുന്നു. യുദ്ധക്രിമിനല്‍ പോലുള്ള കഥാപാത്രങ്ങളെ സെര്‍ബിയയില്‍ ഇഷ്ടം പോലെ ലഭ്യമാണ്. മാത്ക്കോ വിഡ്ഢിയായതുകൊണ്ട് അവന്റെ മകന്‍ സാറെയെക്കൊണ്ട് തന്റെ കുള്ളത്തിയായ സഹോദരി അഫ്രോദിത്തയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുകയാണ് ദാദന്‍. സാറെക്കാകട്ടെ സുന്ദരിയായ ബാര്‍ ഗേള്‍ ഇദയെയാണിഷ്ടം. വിവാഹവും മരണങ്ങളും കൂടിക്കുഴയുന്നതിനിടെ സാറെക്ക് ഇദയെത്തന്നെ ലഭിക്കുന്നു; ദാദന്‍ കക്കൂസുകുഴിയിലാവുകയും ചെയ്യുന്നു. ഇപ്രകാരമുള്ള അസംബന്ധ കഥയുടെ അര്‍ത്ഥാനര്‍ത്ഥങ്ങള്‍ തിരയുന്നതിനു പകരം, കാഴ്ചയുടെ ആഹ്ളാദസൃഷ്ടിക്കു പിറകിലുള്ള സാമൂഹികയാഥാര്‍ത്ഥ്യത്തെ അന്വേഷിക്കുകയായിരിക്കും നല്ലത്. കാറിന്റെ ബോഡി തിന്നുന്ന പന്നിയും മരക്കുറ്റിക്കുള്ളില്‍ ഒളിച്ച് രക്ഷപ്പെടുന്ന കുള്ളത്തിയും സൂര്യകാന്തി തോട്ടത്തില്‍ വെച്ച് രതിയിലേര്‍പ്പെടുന്ന കമിതാക്കളും കാസാബ്ളാങ്കയുടെ അവസാന ഭാഗം വീണ്ടും വീണ്ടും കാണുന്ന ജിപ്സി രാജാവുമെല്ലാം അസംബന്ധ സൃഷ്ടിയില്‍ കുസ്തുറിക്കയുടെ മികവിനെയാണ് പ്രത്യക്ഷപ്പെടുത്തുന്നത്. പലായനമാണ് പഴയ യുഗോസ്ളാവിയയിലെ ഏക പോംവഴി എന്ന ആഹ്ളാദകരമായ സമാപനമാണ്(ഹാപ്പി എന്റിംഗ്) ബ്ളാക്ക് കാറ്റ് വൈറ്റ് കാറ്റിനുള്ളത്.

കാനില്‍ പാം ദ ഓര്‍ രണ്ടു തവണ നേടിയ മൂന്നു ചലച്ചിത്രകാര•ാരിലൊരാളാണ് എമിര്‍ കുസ്തുറിക്ക. ഡോക്കുമെന്ററി ശൈലിയുടെയും സര്‍ റിയലിസത്തിന്റെയും മിശ്രിതങ്ങളാണ് കുസ്തുറിക്കയുടെ രചനാരീതികളെ സവിശേഷമാക്കുന്നത്. തുറന്ന വെളിമ്പ്രദേശങ്ങള്‍, സാധാരണക്കാരായ നടീനടന്മാര്‍, കുഴപ്പം പിടിച്ച ഇതിവൃത്തങ്ങള്‍, സംഗീതത്തിന്റെയും നൃത്തത്തിന്റെയും നിറസമൃദ്ധി, എന്നിങ്ങനെ സാഹസികമായ ചലച്ചിത്രാത്മകതയാണ് കുസ്തുറിക്കയില്‍ നിന്ന് ആസ്വാദകര്‍ പ്രതീക്ഷിക്കുന്നത്. സിനിമകള്‍ സംവിധാനം ചെയ്യുക എന്നത് അത്യന്തം അപകടകരമായ ഒരു ജോലിയാണെന്നാണെന്നദ്ദേഹം പറയുന്നത്. സിനിമാ ചിത്രീകരണ വേളയില്‍ ചലച്ചിത്രകാരന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രത്തില്‍ നിലയുറപ്പിക്കുന്നതു പോലെയുള്ള അനുഭവത്തിലൂടെ കടന്നു പോകുന്നു. അതേ സമയം സിനിമ എന്നത് ഒരു ചൂതാട്ടവുമാണ്; ഒരു തരം വികൃതി നിറഞ്ഞ തമാശ. വിധിയുമായുള്ള ഒരു മല്‍പ്പിടുത്തം എന്ന നിലക്കാണ് ഓരോ ഫ്രെയിമുകളും ചിട്ടപ്പെടുത്തുന്നത്. അതിനു വേണ്ടി വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഓരോ രശ്മിയും നാം നിയന്ത്രിച്ചുകൊണ്ടേ ഇരിക്കണം. ജീവിതത്തിന്റെയും കലയുടെയും ഏതൊക്കെ ഘടകങ്ങളുമായി നിങ്ങള്‍ ഒത്തു തീര്‍പ്പിലെത്തണം എന്ന ചോദ്യമാണ് ഏറ്റവും നിര്‍ണായകം. എന്തായാലും ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമാണ് എല്ലായ്പോഴും പ്രധാനം എന്ന് താന്‍ തിരിച്ചറിഞ്ഞതായി കുസ്തുറിക്ക മനസ്സിലാക്കുന്നു. ഗുര്‍ണിക്ക, അരിസോണ ഡ്രീം, മറഡോണ ഡോക്കുമെന്ററി എന്നിവയും അദ്ദേഹത്തിന്റെ പ്രസിദ്ധ സിനിമകളാണ്.