Wednesday, June 5, 2024
നന് പകല്‍ ട്യൂട്ടോറിയല്‍ 9
പൊന്‍ ഒണ്ട്രു കണ്ടേന് എന്ന പാട്ടിന്റെ തുടര്‍ച്ചയായി ഇരൈവന്‍ ഇരിക്കിണ്ട്രാനാ മനിതന് കേട്ക്കിറാന്‍ എന്ന അവന് പിത്തനാ (അവന് ഭ്രാന്തനാണോ?/1966) എന്ന സിനിമയിലെ പാട്ടാണ് കേള്‍ക്കുന്നത്. ഈ പാട്ടുകളിലെയൊക്കെ ഒന്നോ രണ്ടോ വരികള്‍ മാത്രമേ നാം കേള്‍ക്കുന്നുള്ളൂ. മിമിക്രി അഭ്യാസങ്ങളില്‍ പതിവുള്ളതു പോലെ മൂന്നു മിനുറ്റില്‍ ആയിരം പാട്ടുകള്‍ എന്ന വിധത്തില്‍ പാട്ടുമാലയാണിതെന്നു തോന്നാമെങ്കിലും, സിനിമയുടെ ദൃശ്യ/ശബ്ദ വിന്യാസത്തിന്റെ പ്രത്യേകതയാണ് ഈ സന്നിവേശം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതായത്, കേള്‍ക്കുന്ന ഈ പാട്ടുകളൊക്കെയും മുഴുവനായും പാടിയിട്ടുണ്ടെന്നും എന്നാല്‍ അവ പശ്ചാത്തലമായി വരുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ഒരു ശകലം മാത്രമേ ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്നുമാണ് മനസ്സിലാക്കേണ്ടത്. ഈ ബോധ്യമില്ലെങ്കില്‍, മിമിക്രി അഭ്യാസത്തിലെ പൊള്ളയായ പാട്ടുമാലയായി ഇതിനെ പരിമിതപ്പെടുത്തിയാവും നാം സ്വീകരിക്കുക.
പടിത്താല്‍ മറ്റും പോതുമാ എന്ന സിനിമയിലെ പൊന്‍ ഒണ്ട്രു കണ്ടേന് എന്ന ഗാനമെന്നതു പോലെ, അവന് പിത്തനാ എന്ന സിനിമയിലെ ഇരൈവന്‍ ഇരിക്കിണ്ട്രാനായും എഴുതിയത് കവിഞ്ഞര്‍ കണ്ണദാസന് ആണ്. ദാര്‍ശനികമായ മാനങ്ങളുള്ള ഗാനങ്ങളാണ് അദ്ദേഹത്തിന്റേത്. നടനും തിരക്കഥാകൃത്തും ആയെല്ലാം മികവു തെളിയിച്ച കണ്ണദാസന്റെ മറ്റു ചില പാട്ടുകളും കൂടി നന്‍പകല്‍ നേരത്ത് മയക്കത്തിലുണ്ട്.
പുരുഷന്:
ഇരൈവന്‍ ഇരുക്കിണ്ട്രാനാാ
ഇരൈവന്‍ ഇരുക്കിണ്ട്രാനാാ
മനിതന് കേട്ക്കിറാന്‍
അവന് ഇരുന്താല്‍ ഉലകത്തിലേ
എങ്കേ വാഴ്കിറാന്‍
എങ്കേ വാഴ്കിറാന്‍
(ദൈവമുണ്ടോ ദൈവമുണ്ടോ
മനുഷ്യന് ചോദിക്കുന്നു
അവന് ഉണ്ടെങ്കില്‍ ലോകത്തില്‍ എവിടെ ജീവിക്കും?)
ഞാന്‍ ആത്തിഗനാനേന്
അവന് അഗപ്പടവില്ലൈ
നാന് നാതിഗനാനേന്
അവന് ഭയപ്പെടവില്ലൈ
(ഞാന്‍ വിശ്വാസിയായി അവന് എന്നെ ചേര്‍ത്തു പിടിച്ചില്ല
ഞാന്‍ അവിശ്വാസിയായി അവന് പേടിക്കുന്നില്ല)
സ്ത്രീ: മനിതന് ഇരുക്കിണ്ട്രാനാാ
മനിതന് ഇരുക്കിണ്ട്രാനാാ
ഇരൈവന്‍ കേട്ക്കിറാന്‍
അവന് ഇരുന്താല്‍ ഉലകത്തിലേ
എങ്കേ വാഴ്കിറാന്‍
എങ്കേ വാഴ്കിറാന്‍
(മനുഷ്യനുണ്ടോ മനുഷ്യനുണ്ടോ
ദൈവം ചോദിക്കുന്നു
അവന് ഉണ്ടെങ്കില്‍ ലോകത്തില്‍ എവിടെ ജീവിക്കും?)
നന് അന്‍പു കാട്ടിനേന്‍
അവന് ആട്ക്കൊള്ളവില്ലൈ
ഇന്ത തുന്‍പം തീര്ക്കവും
അവന് തുണൈ വരവില്ലൈ
(ഞാന്‍ സ്നേഹം കാണിച്ചു, അവന് ഗൗനിച്ചില്ല
ഈ ദുരിതം തീര്‍ക്കാന്‍ അവന് കൂട്ടായി വന്നതുമില്ല)
കണ്ണിലേ ഉരുതി ഇല്ലൈ
കാതലുക്കോര് നീതിയില്ലൈ
ഒരു നാള് ഇരുന്ത മനം
മറുനാള്‍ ഇരുക്കവില്ലൈ
കുടിശൈയില് ഓര് മനത്
ഗോപുരത്തില്‍ ഓര് മനത്
കൂടാത സേര്‍ക്കൈ എല്ലാം
കൂടിനാല്‍ പല മനത്
(കണ്ണില്‍ നിശ്ചയദാര്‍ഢ്യമില്ല പ്രണയികള്‍ക്ക് നീതിയില്ല
ഒരു ദിവസത്തെ മനസ്സ് പിറ്റേന്ന് റദ്ദാവുന്നു
കുടിലില്‍ ഒരു മനസ്സ്
കൊട്ടാരത്തില്‍ ഒരു മനസ്സ്
യോജിക്കാത്ത ചേര്‍ച്ചകള്‍ കൂടിയാല്‍ പല മനസ്സുകള്‍)
പുരുഷന്: പാര്‍പ്പവന്‍ കുരുടനടി
പഠിപ്പവന്‍ മൂഢനടി
ഉള്ളതൈ സൊല്ഭവനേ
ഉലകത്തില്‍ പിത്തനടി
നീരോ കൊതിക്കുതടി
നെരുപ്പോ കുളിരിതടി
വെണ്മയൈ കറുമൈ എന്ട്രു
കണ്ണാടി കാട്ടുതടി
(കാഴ്ചയുള്ളവന് അന്ധനും
പഠിച്ചവന് മൂഢനുമാകുന്നു
ഉള്ളത് ഉള്ളതു പോലെ പറയുന്നവനെ ഭ്രാന്തനാക്കുന്നു
വെള്ളം ചൂട് നല്കുന്നു
തീ കുളിരും നല്കുന്നു
വെള്ളയെ കറുപ്പായി കണ്ണാടി മാറ്റുന്നു)
സ്ത്രീ: ഒന്ട്രൈയേ നിനൈത്തിരുന്തും
ഒണ്ട്രാഗ വാഴ്ന്തിരുന്തും
പെണ്ണാക പിറന്തവരൈ
കണ്ണാക യാര് നിനൈത്താര്
ഇരുന്താല്‍ ഇരുന്ത ഇടം
ഇല്ലൈയേല് മറന്തു വിടും
ഇവര്‍ താന്‍ മനിതരെണ്ട്രാല്
ഇയര്ക്കൈയും നിണ്ട്രു വിടും
(ഒരുപോലെ ചിന്തിച്ചും ഒന്നായി ജീവിച്ചും പെണ്ണായി പിറന്നവരെ കണ്ണായിട്ടാണ് ആരാണ് കണക്കാക്കുന്നത്?
ഒരിടത്തിരുന്നാല്‍ അത്, അല്ലെങ്കില്‍ അതു മറക്കും
ഇവരെയാണ് മനുഷ്യരെന്ന് വിളിക്കുന്നതെങ്കില് പ്രകൃതിയും നിശ്ചലമാവും)
പുരുഷന്: സന്ദേഗം പിറന്തു വിട്ടാല്‍
സത്തിയവും ഫലിപ്പതില്ലൈ
സത്തിയത്തെ കാപ്പവനും
സാട്ച്ചി സൊല്ല വരുവതില്ലൈ
വഴക്കും മുടിയവില്ലൈ
മനിതരിന്‍ തീര്‍പ്പും ഇല്ലൈ
മനിതനൈ മറന്തു വിട്ടു
വാഴ്ഭവന് ഇരൈവന്‍ ഇല്ലൈ
(സംശയിക്കാന്‍ ആരംഭിച്ചാല്‍ സത്യം ഫലപ്രദമാവില്ല. സത്യത്തെ സംരക്ഷിക്കുന്നവനും സാക്ഷി ചൊല്ലാനെത്തില്ല. കേസ് തീരുകയുമില്ല, മനുഷ്യന് തീരുമാനവുമില്ല. മനുഷ്യനെ മറന്ന് ജീവിക്കുന്നവന് ദൈവമല്ല)
ടി എം സൗന്ദരരാജനും പി സുശീലയുമാണ് ഈ യുഗ്മഗാനം പാടുന്നത്.ആര് പാര്‍ത്ഥസാരഥി ഈണം പകര്‍ന്നിരിക്കുന്നു.
നീതിയോടനുസരണ കാട്ടി, അല്ലെങ്കില്‍ മനസ്സാക്ഷിയോടനുസരണ കാട്ടി പെരുമാറുന്നവനെ ഭ്രാന്തനാക്കി ചുറ്റുമുള്ളവര്‍ കണക്കാക്കും എന്നതാണ് അവന് പിത്തനാ എന്ന സിനിമയുടെ മുഖ്യ സന്ദേശം. നന് പകല്‍ നേരത്ത് മയക്കത്തിലെ ജെയിംസ്/സുന്ദരത്തിനും ഇതേ ഗതിയാണ്. അയാളുടെ മനസ്സാക്ഷി തെളിച്ച വഴിയേ ആണയാള്‍ പോയത്. അയാളെ ഭ്രാന്തനെന്നോ തെറ്റുകാരനെന്നോ മറ്റുള്ളവര്‍ കണക്കാക്കി. ചികിത്സിക്കാനും മയക്കിക്കിടത്താനും പൊലീസിനെ കൊണ്ട് പിടിപ്പിക്കാനും എല്ലാം നീക്കങ്ങളുണ്ടായെങ്കിലും അതൊന്നും വേണ്ടി വന്നില്ല. അവന് പിത്തനായിലാവട്ടെ, കുമാര്‍(എസ് എസ് രാജേന്ദ്രന്) എന്ന ഭ്രാന്തനായി കണക്കാക്കപ്പെട്ടവനെ പൊലീസ് അറസ്റ്റ് ചെയ്യുകയും തടവിലിടുകയും ആള്‍ക്കൂട്ടം കല്ലെറിയുകയും എല്ലാം ചെയ്യുന്നുണ്ട്. ജെയിംസ്/സുന്ദരത്തിന്റെ ഒരു അഭാവമാണിതെന്നും കാണാം.
കരുണാനിധിയാണ് അവന് പിത്തനാ എന്ന സിനിമയുടെ തിരക്കഥാകൃത്ത്. വാട്ട്സാപ്പ് കേശവമ്മാമകളുടെ വിവരശേഖരണമനുസരിച്ചുള്ള 'തമിഴ്നാട്ടി'ലൂടെയാണ് ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം വേളാങ്കണ്ണിയില്‍ നിന്ന് തിരിച്ചു വരുന്നത്. തമിഴ് ഭക്ഷണം ഇഷ്ടപ്പെടാത്ത, തമിഴ് പാട്ടും ഇഷ്ടപ്പെടാത്ത, തിരുവള്ളുവരിനെ അറിയാത്ത ജെയിംസ് എന്ന നായകന് (പ്രതിനിധാന മലയാളി) കരുണാനിധിയെ മുഖ്യമന്ത്രി എന്ന നിലയ്ക്കപ്പുറം അറിയാനും സാധ്യതയില്ല.
എഴുപത്തഞ്ചോളം സിനിമകള്‍ക്ക് തിരക്കഥയെഴുതിയ കരുണാനിധിയുടെ ശീര്‍ഷക ബഹുമതി കലൈഞര്‍ (കലാകാരന്) എന്നാണ്. അഞ്ചു തവണ തമിഴ്നാട് മുഖ്യമന്ത്രിയായ മുത്തുവേല്‍ കരുണാനിധി തൊണ്ണൂറ്റിനാല് വയസ്സിലാണ് മരണമടഞ്ഞത്. അതിസാധാരണക്കാര്‍ വിശിഷ്യാ പിന്നോക്കജാതിക്കാരും തൊഴിലാളികളും ദരിദ്രരും ആയ മനുഷ്യരുടെ നിത്യജീവിത വ്യവഹാരങ്ങളാണ് അദ്ദേഹത്തിന്റെ മിക്ക തിരക്കഥകളിലും ഇടം കണ്ടെത്തിയിരുന്നത്. യുക്തിവാദം, സമത്വ ചിന്ത എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയിരുന്ന അദ്ദേഹത്തിന്റെ നിലപാട് അതിമാനുഷ നായകര്‍ക്ക് എതിരായിരുന്നു. എന്നാല്‍, അദ്ദേഹം തന്നെ കൊണ്ടുവന്ന എം ജി ആര് അദ്ദേഹത്തെ മറികടന്ന് ഇതു പോലൊരു അതിമാനുഷ നായകനായി വളരുകയും ദ്രാവിഡ രാഷ്ട്രീയത്തില്‍ കരുണാനിധിയ്ക്കു തന്നെ തലവേദനയും വെല്ലുവിളിയുമായി മാറുകയും ചെയ്തു. എം ജിആര്‍ നടിച്ച രാജകുമരിയിലാരംഭിച്ച കരുണാനിധിയുടെ തിരക്കഥാ യാത്ര 2011ലെഴുതിയ പൊന്നാര് ശങ്കറിലാണ് സമാപിച്ചത്. തമിഴ് സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ പരാശക്തി കരുണാനിധി എഴുതിയ പ്രമുഖ സിനിമയാണ്. ഈ സിനിമയിലാണ് ശിവാജി ഗണേശന് ആദ്യമായി അഭിനയിച്ചത്. പരാശക്തിയ്ക്കു മുമ്പായി അഭിമന്യു, മരുതനാട്ട് ഇളവരശി എന്നീ രണ്ടു സിനിമകള്‍ക്കാണ് അദ്ദേഹം തിരക്കഥയെഴുതിയത്. രണ്ടിലും എം ജി ആര് തന്നെയായിരുന്നു നായകന്. അസമത്വത്തിനും അസഹിഷ്ണുതയ്ക്കും ആണധികാരത്തിനുമെതിരായ നിലപാടുകളെടുത്ത കരുണാനിധിയുടെ എഴുത്തുകളില്‍ സോഷ്യലിസ്റ്റ്, ആധുനിക ചിന്തകള്‍ക്ക് പ്രാബല്യം ഉണ്ടായിരുന്നു. തമിഴ് സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ജീവിതം ചിത്രീകരിക്കപ്പെടണമെന്ന വ്യക്തമായ ഉദ്ദേശ്യവും അദ്ദേഹത്തിന്റെ രചനകളില്‍ കാണാം. കരുണാനിധി പിന്തുടര്ന്നത് മറ്റാരെയുമായിരുന്നില്ല. തമിഴ്നാട്ടിലെ ആദ്യ കോണ്‍ഗ്രസിതര മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ്ര കഴകം സ്ഥാപക നേതാവുമായ സി എന്‍ അണ്ണാദുരൈയെ തന്നെയാണ്. അണ്ണാദുരൈയും തമിഴ് സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തായിരുന്നു. നാം എന്ന സിനിമയില്‍ തൊഴിലാളി വര്‍ഗ ആശയങ്ങള്‍ കരുണാനിധി ഉയര്‍ത്തിപ്പിടിച്ചു. കമ്യൂണിസ്റ്റ് ആശയങ്ങളോടും അദ്ദേഹത്തിന് പ്രതിപത്തി ഉണ്ടായിരുന്നു. തന്റെ മക്കളിലൊരാള്‍ക്ക് സ്റ്റാലിന് എന്ന പേരിട്ടതും അതു കൊണ്ടാണ്. തായ് ഇല്ല പിള്ളൈ എന്ന സിനിമയില്‍ ജാത്യഹങ്കാരത്തിനെതിരായ അതിശക്തമായ നിലപാടാണുള്ളത്. പുരോഗമനാശയങ്ങളുള്ള നിരവധി നാടകങ്ങളും കരുണാനിധി എഴുതി. ഒരേ രത്തം, മണിമകുടം, നാനേ അറിവാളി, ഉദയസൂര്യന് എന്നിവ ഇതില്‍ പ്രശസ്തമാണ്.
കരുണാനിധിയുടെ ഏറ്റവും പ്രശസ്തമായ മറ്റേതാനും തിരക്കഥകളാണ് പൂംപുഹാര്‍, മനോഹര, മന്ത്രി കുമരി, മലൈക്കള്ളന്‍, തിരുമ്പി പാര്, പിള്ളയോ പിള്ള എന്നിവ.
അവന് പിത്തനായിലെ മൂന്നു പാട്ടുകളാണ് കണ്ണദാസന് എഴുതിയത്. ഇതില്‍ നന്‍പകലില്‍ നാം കേള്‍ക്കുന്ന ഇരൈവന്‍ ഇരുക്കിണ്ട്രാനാ പോലെ ടി എം സൗന്ദരരാജനും പി സുശീലയും ചേര്‍ന്ന് പാടുന്ന മറ്റൊരു പാട്ടാണ് കിഴക്കു വെളുത്തതടി. കിഴക്ക് വെളുത്തതടി എന്നതിന്റെ പൊരുള്‍ സൂര്യന് ഉദിച്ചു എന്നതാണല്ലോ. ഉദയസൂര്യന് ആണ് ദ്രാവിഡ മുന്നേറ്റ്ര കഴകത്തിന്റെ തെരഞ്ഞെടുപ്പടയാളം. എസ് എസ് രാജേന്ദ്രന് പാടി അഭിനയിക്കുന്ന ഈ ഗാനദൃശ്യത്തിന്റെ പശ്ചാത്തലത്തില്‍ ഉദയസൂര്യന് ഉദിച്ചുയരുന്നതും കാണാം.
ഏഴൈയിന്‍ സിരിപ്പില്‍ താന്‍ കടവുള്‍ ഇരിക്കിറാന്(ദരിദ്രരുടെ ചിരിയിലാണ് ദൈവം ഇരിക്കുന്നത്)
പണം പണം അഹന്തൈയേ വളര്‍ത്തും പണം ആണവത്തെ ഉരുവാക്കും പണം ഏഴൈയേ കൊല്ലും (പണം അഹന്തയെ വളര്‍ത്തും, ധിക്കാരത്തെ സൃഷ്ടിക്കും, ദരിദ്രനെ കൊല്ലും,)
തുടങ്ങി കാവ്യാത്മകവും പ്രാസങ്ങളോടു കൂടിയതും അര്‍ത്ഥഗര്‍ഭവും ആയ സംഭാഷണങ്ങളാണ് കരുണാനിധി ഈ സിനിമയ്ക്കു വേണ്ടിയും എഴുതിയിട്ടുള്ളത്.
ഭ്രാന്താസ്പത്രിയില്‍ നിര്‍ബന്ധമായി അടയ്ക്കപ്പെട്ട കുമാറാണ് അഴിയ്ക്കുള്ളില്‍ നിന്ന് ഇരൈവന്‍ ഇരിക്കിണ്ട്രാനാ എന്നു പാടുന്നത്.
നിരീശ്വരവാദിയായ കരുണാനിധിയുടെയും മതവിശ്വാസത്തിലേയ്ക്ക് തിരിച്ചു പോയ യുക്തിവാദിയായ കണ്ണദാസന്റെയും വീക്ഷണങ്ങളുടെ ഒരു സമ്മിശ്രണം ഈ ഗാനത്തിലുണ്ട്. ദൈവമുണ്ടോ എന്ന ചോദ്യത്തിന് മനുഷ്യനുണ്ടോ എന്ന മറു ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്.
ജി പി രാമചന്ദ്രന്
നന് പകല്‍ ട്യൂട്ടോറിയല്‍ 8
വല്ല മലയാളം പാട്ടും വെക്കടോ ഊവ്വേ എന്ന ജയിംസിന്റെ ശാസന കേട്ടാണ് ഡ്രൈവര്‍ അനുരാഗ നാടകത്തിന് എന്നു തുടങ്ങുന്ന, ബാബുരാജ് ഈണം പകര്‍ന്ന നിണമണിഞ്ഞ കാല്പാടുകളിലെ പാട്ട് വെക്കുന്നത്. പാടാന്‍ മറന്നു പോയ മൂഢനാം വേഷക്കാരാ എന്ന വരികളാണ് നാം കേള്‍ക്കുന്നത്. ഈ പാട്ടു വെച്ചപ്പോഴും ജയിംസ് ശകാരിക്കുകയാണ് ചെയ്തത്. എടാ ഇതിനെക്കാളും പഴയതൊന്നുമില്ലേ, മലയാള സിനിമ തുടങ്ങുന്നേനും മുമ്പൊള്ളതാ!
തീര്‍ത്ഥാടകരായ യാത്രക്കാരെല്ലാം ചേര്‍ന്ന് ഇത്തരം യാത്രകളില്‍ സ്ഥിരം പാടാറുള്ള മഞ്ഞക്കിളിയെ പിടിക്കാലോ (ഇതല്ലെങ്കില്‍ സുരാംഗനിയായിരുന്നു പാടുക) എന്ന പാട്ട് പാടിയപ്പോഴും ജയിംസ് പ്രകോപിതനാകുകയും അസ്വസ്ഥനാകുകയും സകലരെയും ചീത്ത പറയുകയും ചെയ്തിരുന്നു. തമിഴ് പാട്ടും മലയാളം പാട്ടും എല്ലാവരും ചേര്‍ന്ന് പാടുന്ന കൂട്ട-നാടന്‍ പാട്ടും ഇഷ്ടപ്പെടാത്ത ജയിംസൊരു അരസികനാണെന്നോ അല്ലെങ്കില്‍ അയാളുടെ രസനീയതയുടെ ലെവല്‍ വേറെയാണെന്നോ ആയിരിക്കും സംവിധായകന് ഉദ്ദേശിച്ചിട്ടുണ്ടാവുക.
എല്ലാവരും ഉറക്കം പിടിക്കുന്നു. പാട്ടിന്റെ പശ്ചാത്തലശബ്ദത്തിനു മുകളിലൂടെ വണ്ടി ഓടിക്കുന്ന ശബ്ദവും മറ്റു വണ്ടികളുടെ ശബ്ദങ്ങളും കേള്‍ക്കാം. പെട്ടെന്ന് ഒരു തമിഴ്നാട് സര്‍ക്കാര്‍ ബസ്സ് (തമിഴ്നാട് അരശു പോക്കു വരത്തു കഴകം), ജയിംസും കൂട്ടരും സഞ്ചരിക്കുന്ന മലയാളികളുടെ ബസ്സിനെ ഓവര്‍ടേക്ക് ചെയ്യുന്നു. മധുരൈ റൂട്ടിലോടുന്ന ബസ്സാണെന്ന് പുറകിലെ കണ്ണാടിയിലെഴുതിയ എഴുത്തില്‍ നിന്ന് മനസ്സിലാക്കാം.
ഈ ഓവര്ടേക്കിങ്ങിന് ഒപ്പം, മലയാളികളുടെ ബസ്സിലെ പാട്ട് വീണ്ടും തമിഴായി മാറുന്നു. അതായത്; വല്ല മലയാളം പാട്ടും വെക്കടാ ഊവ്വേ(തമിഴ് പാട്ട് വെച്ചപ്പോള്‍), എന്നും ഇതിനെക്കാളും പഴയതൊന്നുമില്ലേ(മലയാളം പാട്ട് വെച്ചപ്പോള്‍) എന്നുമുള്ള പഴയ തറവാട്ടു കാരണവര്‍ സ്റ്റൈലിലുള്ള ശകാരം കേട്ട് ഇനി വരുന്നിടത്തു വെച്ച് കാണാം എന്നോ എന്തെങ്കിലും ആവട്ടേ എന്നോ വിചാരിച്ച് ഡ്രൈവര്‍ നിസ്സംഗനായി വണ്ടി ഓടിക്കുന്നു. അപ്പോഴാണ് ബൈ ഡിഫോള്‍ട്ട് എന്നോണം വീണ്ടും തമിഴ് പാട്ട് തന്നെ റെക്കോഡറില്‍ നിന്ന് കേള്‍ക്കുന്നത്.
പടിത്താല്‍ മറ്റും പോതുമാ (പഠിച്ചതു മാത്രം കൊണ്ട് എന്തു പ്രയോജനം) എന്ന 1962ലെ സിനിമയിലെ പൊന്‍ ഒണ്ട്രു കണ്ടേന് എന്ന പാട്ടാണ് നാം അപ്പോള്‍ കേള്‍ക്കുന്നത്. പരമ്പര, നിഴല്‍കള്‍, നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്നീ മുന്‍ പരാമര്‍ശിത സിനിമകളിലെന്നതു പോലെ; ബന്ധം, സ്നേഹം, തെറ്റിദ്ധാരണ, പരസ്പരം മാറിപ്പോകല്‍ എന്നിങ്ങനെ മുഖ്യധാരാ സിനിമയുടെ ആവര്‍ത്തിത പ്രമേയം തന്നെയാണ്പടിത്താല് മറ്റും പോതുമാ എന്ന സിനിമയിലുമുള്ളത്. ഈ സ്ഥിര പ്രമേയം തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന പുതിയ സിനിമയിലുമുള്ളത്. എന്നാല്‍, അവിശ്വസനീയവും അവിസ്മരണീയവുമായ രീതിയില്‍ അതിനെ നവീകരിച്ചിരിക്കുന്നു എന്നു മാത്രം.
പ്രസിദ്ധ ബംഗാളി നോവലിസ്റ്റായ താരാശങ്കര്‍ ബന്ദോപാധ്യായയുടെ നാ എന്ന നോവലിനെ ആസ്പദമാക്കി എ ഭീംസിംഗ് സംവിധാനം ചെയ്ത പടിത്താല്‍ മറ്റും പോതുമാ വന്‍ ഹിറ്റായിരുന്നു. എല്ലാ റിലീസ് കേന്ദ്രങ്ങളിലും നൂറു ദിവസം കളിച്ച ഈ പടം മദ്രാസ് നഗരത്തിലെ മിഡ്ലാന്റ്, ബ്രോഡ് വേ, സയനി എന്നീ തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്.
ശിവാജി ഗണേശനും സാവിത്രിയും കെ ബാലാജിയും രാജസുലോചനയും എം ആര് രാധയും മനോരമയും മറ്റുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. മോഹന്‍ലാലിന്റെ ഭാര്യാപിതാവായ കെ ബാലാജി പ്രമുഖ നിര്‍മാതാവ് കൂടിയാണ്.
ശിവാജി ഗണേശന് അവതരിപ്പിക്കുന്ന ഗോപാലും കെ ബാലാജി അവതരിപ്പിക്കുന്ന രാജുവും അര്‍ദ്ധസഹോദരങ്ങളാണ്. ഇതില്‍ രാജു പഠിച്ചവനും ഗോപാല്‍ പഠിക്കാത്തവനുമാണ്. ഇവര്‍ക്കായുള്ള വിവാഹോലോചനയുമായെത്തുന്ന ബ്രോക്കര്‍ കൈലാസം ആണ് സിനിമയുടെ കോമഡി ട്രാക്ക് നയിക്കുന്നത്. എം ആര് രാധയാണ് കൈലാസമായെത്തുന്നത്. കൈലാസം ശൈവമതക്കാരനും ഭാര്യ ആണ്ടാള്‍ വൈഷ്ണവ മതക്കാരിയും (വൈണവി) ആണ്. ഇവരുടെ രണ്ടു പേരുടെയും വിശ്വാസ-ആചാര-അനുഷ്ഠാന ഭിന്നതകള്‍ ആണ് സിനിമയിലെ തമാശസീനുകളുടെ അടിസ്ഥാനം.
പഠിച്ചവനായ രാജുവിനാലോചിച്ച മീനയെ കാണാന്‍ പഠിക്കാത്ത ഗോപാലും ഗോപാലിനാലോചിച്ച സീതയെ കാണാന്‍ രാജുവും പോകണം എന്ന വിചിത്രമായ തീരുമാനമാണ് ഗോപാലിന്റെ പിതാവ് ജമീന്ദാറും കല്യാണബ്രോക്കറും ചേര്‍ന്നെടുക്കുന്നത്. സ്നേഹം കൊണ്ട് കെട്ടിവരിഞ്ഞവരാകയാല് ഓരോരുത്തരും അപരന്റെ ഇഷ്ടത്തെ പ്രതിനിധീകരിക്കുകയും അവര്‍ക്കു വേണ്ടിയുള്ള പരിശോധന ഏറ്റവും നന്നായി (അതായത് അവരേക്കാള്‍ നന്നായി) നടത്തുകയും ചെയ്യും എന്ന തത്വമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതനുസരിച്ച് അതാത് പെണ്ണുകാണല്‍ അഥവാ മാറിമാറിയുള്ള പെണ്ണുകാണല്‍ നടത്തിയതിനു ശേഷം അവര്‍ പരസ്പരം അത് വര്‍ണ്ണിക്കുന്ന രംഗത്തിലെ പാട്ടാണ് പൊന്‍ അണ്ട്രു കണ്ടേന് എന്നത്. ധനികരായ കഥാപാത്രങ്ങള്‍ വിഹരിക്കുന്ന ഒരു ആധുനിക നീന്തല്‍ക്കുളത്തില്‍ കുളിച്ചാറാടവെ ആണ് അവരീ പാട്ട് പാടുന്നത്.
ഒന്നാമന്: പൊന്‍ ഒണ്ട്രു കണ്ടേന്
പെണ് അങ്കു ഇല്ലൈ
ഏനെണ്ട്രു നാന് സൊല്ലലാഗുമാ
(ഒരു പൊന്നിനെ കണ്ടു, പെണ്ണവിടെ ഇല്ലായിരുന്നു, എന്തുകൊണ്ടെന്നു പറയട്ടെ?)
രണ്ടാമന്: ഏനെണ്ട്രു നാന് സൊല്ല വേണ്ടുമാ (എന്തു കൊണ്ടെന്ന് ഞാന്‍ പറയേണ്ടതില്ലേ?)
രണ്ടാമന്: പൂ ഒണ്ട്രു കണ്ടേന്
മുഖം കാണവില്ലൈ
(ഒരു പൂവിനെ കണ്ടു, മുഖത്തെ കണ്ടില്ല)
ഒന്നാമന്: ഏനെണ്ട്രു നാന് സൊല്ലലാഗുമാ (എന്തുകൊണ്ടെന്നു പറയട്ടെ?)
രണ്ടാമന്: ഏനെണ്ട്രു നാന് സൊല്ല വേണ്ടുമാ(എന്തു കൊണ്ടെന്ന് ഞാന്‍ പറയേണ്ടതില്ലേ?)
ഒന്നാമന്: നടമാടും മേഘം
നവ നാഗരീകം
അഴകാന ചിന്നം
അലൈപോല മിന്നും
(ചലിക്കുന്ന മേഘം, പുതിയ പരിഷ്ക്കാരം, അഴകുള്ള അടയാളം, അലയടിക്കുന്നതു പോലെ മിന്നുന്നു)
രണ്ടാമന്: നടമാടും ശെല്‍വം
പണിവാന ദൈവം
പലങ്കാല ചിഹ്നം
ഉയിരാക മിന്നും
(ചലിക്കുന്ന സമ്പത്ത്, എളിമയുള്ള ദൈവം, പലകാല അടയാളം, ലോകമാകെ മിന്നും)
ഒന്നാമന്: തുള്ളിവരും വെള്ളിനില
തുള്ളിവരും വെള്ളിനില
(ഉദിച്ചുയരുന്ന വെള്ളി നിലാവ്)
രണ്ടാമന്: തുവന്തു വിഴും കൊടി ഇടൈയാല്‍
തുവന്തു വിഴും കൊടി ഇടൈയാല്‍
(പറക്കുന്ന കൊടിയുടെ കീഴില്‍)
ഒന്നാമന്: വിണ്ണോടു വിളൈയാടും
പെണ് അന്ത പെണ്ണല്ലവോ
(വാനത്തോടും കളിക്കുന്ന പെണ്ണ് ആ പെണ്ണല്ലേ)
ഒന്നാമന്: സെണ്ട്രേന്‍(ചെന്നു), രണ്ടാമന്: ഹും
ഒന്നാമന്: കണ്ടേന്,(കണ്ടു) രണ്ടാമന്: ഹും
ഒന്നാമന്: വന്തേന്(വന്നു) രണ്ടാമന്: ഹും
ഒന്നാമന്: പൊന്‍ ഒണ്ട്രു കണ്ടേന്
പെണ് അങ്കു ഇല്ലൈ
ഏനെണ്ട്രു നാന് സൊല്ലലാഗുമാ
രണ്ടാമന്: ഏനെണ്ട്രു നാന് സൊല്ല വേണ്ടുമാ
ഒന്നാമന്: നാന് പാര്‍ത്ത പെണ്ണൈ
നീ പാര്‍ക്കവില്ലൈ
നീ പാര്‍ത്ത പെണ്ണൈ
നാന് പാര്‍ക്കവില്ലൈ
നാന് പാര്‍ത്ത പെണ്ണൈ
നീ പാര്‍ക്കവില്ലൈ
(ഞാന്‍ കണ്ട പെണ്ണിനെ നീ കണ്ടില്ല, നീ കണ്ട പെണ്ണിനെ ഞാന്‍ കണ്ടില്ല)
രണ്ടാമന്: ഉന്‍ പാര്‍വൈ പോലെ
എന്‍ പാര്‍വൈ ഇല്ലൈ
നാന് കണ്ട കാട്ച്ചി
നീ കാണവില്ലൈ
നാന് കണ്ട കാട്ച്ചി
നീ കാണവില്ലൈ
(നിന്റെ കാഴ്ച പോലെയല്ല എന്റെ കാഴ്ച. ഞാന്‍ കണ്ട കാഴ്ച നീ കണ്ടില്ല)
ഒന്നാമന്: എന്‍ വിഴിയില്‍ നീ ഇരുന്തായ്
എന്‍ വിഴിയില്‍ നീ ഇരുന്തായ്
രണ്ടാമന്: ഉന്‍ വടിവില്‍ നാന് ഇരുന്തേന്
ഉന്‍ വടിവില്‍ നാന് ഇരുന്തേന്
ഒന്നാമന്: നീ ഇണ്ട്രി നാനില്ലൈ
നാന് ഇണ്ട്രി നീ ഇല്ലയൈ
ഒന്നാമന്: സെണ്ട്രേന്‍, രണ്ടാമന്: ഹും
ഒന്നാമന്: കണ്ടേന്, രണ്ടാമന്: ഹും
ഒന്നാമന്: വന്തേന് രണ്ടാമന്: ഹും
ഒന്നാമന്: പൊന്‍ ഒണ്ട്രു കണ്ടേന്
പെണ് അങ്കു ഇല്ലൈ
ഏനെണ്ട്രു നാന് സൊല്ലലാഗുമാ
രണ്ടാമന്: ഏനെണ്ട്രു നാന് സൊല്ല വേണ്ടുമാ
രണ്ടാമന്: പൂ ഒണ്ട്രു കണ്ടേന്
മുഖം കാണവില്ലൈ
ഒന്നാമന്: ഏനെണ്ട്രു നാന് സൊല്ലലാഗുമാ
രണ്ടാമന്: ഏനെണ്ട്രു നാന് സൊല്ല വേണ്ടുമാ
ഇവിടെ തങ്ങളോരോരുത്തരും അപര സഹോദരനു വേണ്ടി കണ്ട കാഴ്ച പൊലിപ്പിച്ചു പറയുകയും അപരരുടെ പ്രതിശ്രുത വധുവിനെ പരസ്പരം പുകഴ്ത്തി പറയുകയും ചെയ്യുകയാണ്. നന്‍പകലില്‍ ജെയിംസിന്റെയും സുന്ദരത്തിന്റെയും (രണ്ടും മമ്മൂട്ടി) ഭാര്യമാര്‍ സഹനശേഷിയും സൗന്ദര്യവും ക്ഷമയും എല്ലാം ഒത്തിണങ്ങിയവരാണ്. പുതിയ കാലത്തെയും ഭാര്യമാരെ ഒത്തിണക്കി നിര്‍മ്മിച്ചെടുക്കുന്നത് കഴിഞ്ഞ കാലത്തെ തമിഴ്/മലയാളം സിനിമകളും അവയിലെ പാട്ടുകളുമാണെന്നു ചുരുക്കം.
പടിത്താല്‍ മറ്റും പോതുമാ എന്ന സിനിമയുടെ ഈ പാട്ടിനു ശേഷമുള്ള കഥാഗതി, അതേ സമയം നന് പകലിലെ ആഖ്യാനത്തില്‍ തുടര്‍ന്ന് പ്രസക്തമാകുന്നില്ല.
ജി പി രാമചന്ദ്രൻ
നന് പകല്‍ ട്യൂട്ടോറിയല്‍ 7
ജെയിംസ് (മമ്മൂട്ടി) നയിക്കുന്ന കേരളീയരുടെ യാത്രാ സംഘം തമിഴ് ഭക്ഷണം കഴിച്ച് തങ്ങളുടെ ടെമ്പോയില്‍ കയറിയ ഉടനെ ഡ്രൈവര്‍ തന്റെ ഭക്ഷണത്തിന്റെ ബില്ല് എടുത്തു കാണിച്ചു കൊണ്ട് ജെയിംസിനോട് പറയുന്നു: ഹലോ, എന്റെ മീന്‍ വറുത്തതിന്റെ പൈസ ഞാന്‍ കൊടുത്തിട്ടുണ്ട്. സ്വതസ്സിദ്ധമായ പുഛഭാവത്തോടെ ജെയിംസ് ഓ എന്നു മൂളുന്നു. എന്നുമുണ്ടാവണേ എന്നും പറയുന്നു.
സാമാന്യ മലയാളിയുടെ ഒരു പൊതുവിചാരമാണ്, ഡ്രൈവര്‍മാര്‍ യാത്രക്കാര്‍ക്കായി ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന ഹോട്ടലില്‍ നിന്ന് അവര്‍ക്ക് പ്രത്യേക ട്രീറ്റ്മെന്റ് കിട്ടുമെന്നും സ്പെഷ്യലുകള്‍ ലഭിക്കുമെന്നും അതുമല്ല, അവര്‍ കഴിക്കുന്ന സ്പെഷ്യലുകള്‍ യാത്രക്കാരുടെ ബില്ലില്‍ കൂട്ടിച്ചേര്ക്കുമെന്നുമെല്ലാം. ഈ പൊതുബോധത്തിലടങ്ങിയ തൊഴിലാളി വിരുദ്ധതയാണ് ഇവിടെ പരിഹസിക്കപ്പെടുന്നത്.
മധ്യവര്‍ഗ മലയാളിയുടെ സാംസ്ക്കാരികാവബോധത്തെ നിര്‍ദ്ദയം കീറിമുറിക്കുന്ന തൊട്ടടുത്ത സന്ദര്‍ഭം; തമിഴ്പാട്ടു കേള്‍ക്കുമ്പോള്‍ വല്ല മലയാളം പാട്ടും വെക്കടോ ഊവ്വേ എന്ന ജെയിംസിന്റെ ശാസന കേട്ട ഉടനെ ഡ്രൈവര്‍ വെച്ച പാട്ടു കേള്‍ക്കുമ്പോളുള്ള ജെയിംസിന്റെ പ്രതികരണമാണ്. എടാ ഇതിനെക്കാളും പഴയതൊന്നുമില്ലേ. മലയാള സിനിമ തുടങ്ങുന്നേനും മുമ്പൊള്ളതാ!
1962ലെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന സിനിമയിലെ അനുരാഗ നാടകത്തിന് എന്ന പാട്ടിലെ പാടാന്‍ മറന്നു പോയ മൂഢനാം വേഷക്കാരാ തേടുന്നതെന്തിനോ നിന് ഓടക്കുഴല്‍ മണ്ണടിഞ്ഞു എന്ന വരികളാണ് നാം കേള്‍ക്കുന്നത്. പി ഭാസ്ക്കരന്‍ എഴുതി എം എസ് ബാബുരാജ് ഈണം നല്കി കെ പി ഉദയഭാനു പാടിയ ഈ ഗാനം, പല നിലയ്ക്കും ആധുനിക കേരള സംസ്ക്കാര രൂപീകരണത്തെ പ്രതിനിധീകരിക്കുന്നു.
പാറപ്പുറത്തിന്റെ ഇതേ പേരിലുള്ള പ്രസിദ്ധ നോവലിനെ ആസ്പദമാക്കി എന്‍ എന്‍ പിഷാരടി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമയാണ് നിണമണിഞ്ഞ കാല്പാടുകള്. എന്‍ എന്‍ കരുണാകരപിള്ളയോടൊപ്പം ചേര്‍ന്ന് പ്രസിദ്ധ നിര്‍മ്മാതാവ് ശോഭന പരമേശ്വരന് നായരാണ് ഈ ചിത്രം നിര്‍മ്മിച്ചത്. പ്രേംനസീറും മധുവും അംബികയും ഷീലയും മുഖ്യവേഷങ്ങള്‍ ചെയ്തു. മലയാളത്തിലെ മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി.
അമ്പത്തേഴു വര്‍ഷം മാത്രം ജീവിച്ചിരുന്ന പാറപ്പുറത്ത് എന്ന കെ ഇ മത്തായി ഇരുപത് നോവലുകളും പതിനാല് കഥാസമാഹാരങ്ങളും പതിനഞ്ച് തിരക്കഥകളുമെഴുതി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്നിവ നേടിയ അദ്ദേഹം മരിക്കുന്ന സമയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡണ്ടായിരുന്നു. അരനാഴികനേരം, അന്വേഷിച്ചു കണ്ടെത്തിയില്ല, പണി തീരാത്ത വീട്, ആദ്യകിരണങ്ങള്‍ എന്നിവയെല്ലാം പാറപ്പുറത്തിന്റെ കഥകളാണ്.
--
നവരത്നാ പ്രൊഡക്ഷൻസിനു വേണ്ടി കെ വി ഭവദാസ് , എൻ കെ കരുണാകരൻ പിള്ള , കെ പരശുരാമൻ നായർ എന്നിവർ ചേർന്നു നിർമ്മിച്ച “നിണമണിഞ്ഞ കാല്പാടുകൾ“ എന്ന ചിത്രത്തിന്റെ സംഭാഷണവും പാറപ്പുറത്ത് എഴുതിയതാണ്.പി ഭാസ്കരന്റെ രചനയ്ക്ക് ബാബുരാജ് ഈണം നൽകി. പി ലീല, എസ് ജാനകി, പി ബി ശ്രീനിവാസ്, ഉദയഭാനു, എം ബി ശ്രീനിവാസ് എന്നിവർ ആലപിച്ചു.സി ഗോപാലകൃഷ്ണന്റെ നൃത്തസംവിധാനം , ജി വെങ്കിട്ടരാമന്റെ ചിത്രസംയോജനം യു രാജഗോപാലിന്റെ ഛായാഗ്രഹണം എന്നിവയോടു കൂടി 1963 ഫെബ്രുവരി 3 നു റിലീസ് ചെയ്ത പ്രസ്തുത ചിത്രത്തിൽ പ്രേംനസീർ , കാമ്പിശ്ശേരി, പി ജെ ആന്റണി,എസ് പി പിള്ള , ബഹദൂർ , അടൂർ ഭാസി, പി ഒ തോമസ്,നാണുക്കുട്ടൻ നായർ, അടൂർ ഭവാനി, അംബിക, ലക്ഷ്മീദേവി,രാധാമണി,മാവേലിക്കര എൽ പൊന്നമ്മ , സുശീല, ശാന്തകുമാരി, കോട്ടയം ശാന്ത, ഷീല, എന്നിവരും പുതുമുഖമായ മധുവും അഭിനയിച്ചു.
ജിജാ സുബ്രമണ്യന്‍ എഴുതിയ കഥാസാരം ഇപ്രകാരമാണ്.
വ്യവഹാരം കൊണ്ടു മുടിയാറായ വടക്കേടത്തെ തോമ്മാച്ചനും അന്യസ്ഥലത്തു നിന്നു വന്നു താമസമുറപ്പിച്ച കോശിസാറും അവരുടെ കുടുംബങ്ങളും ഹൃദ്യമായ സൗഹൃദത്തോടെ പ്രകൃതിസുന്ദരമായ ആ നാട്ടിൻ പുറത്ത് കഴിഞ്ഞു വന്നു.തോമ്മാച്ചന്റെ മകൻ തങ്കച്ചനും അദ്ധ്യാപകനായ കോശിസാറിന്റെ മകൾ തങ്കമ്മയും വളർന്നു വന്നത് അവരുടെ ഹൃദയങ്ങളിൽ പ്രേമവും വളർത്തിക്കൊണ്ടാണ്.പെട്ടെന്നുണ്ടായ പിതാവിന്റെ മരണം തങ്കച്ചനെ കുടുംബഭരണത്തിന്റെ ഭാരം താങ്ങാൻ നിർബന്ധിതനാക്കി.അനിയത്തിയെയും അമ്മയെയും പോറ്റാൻ പൊരുളു തേടി തങ്കച്ചൻ പട്ടാളത്തിൽ ചേർന്നു.പട്ടാളക്യാമ്പിലെ പരുക്കൻ അന്തരീക്ഷത്തിൽ കഴിഞ്ഞു കൂടാൻ തങ്കച്ചനു കരുത്തേകിയത് മുഖ്യമായും രാഗസുരഭിലമായ തങ്കമ്മയുടെ കത്തുകളായിരുന്നു.അവളുടെ ഒരു കത്തിൽ നിന്നും നല്ലവനായ കോശിസാർ മരണമടഞ്ഞുവെന്നറിഞ്ഞ് പിതാവിന്റെ വിയോഗത്തിൽ വീർപ്പു മുട്ടി നാട്ടിൽ അനാഥാവസ്ഥയിൽ കഴിയുന്ന തങ്കമ്മയുടെ നിലയോർത്തു തങ്കച്ചൻ കരഞ്ഞു പോയി.കോശിസാറിന്റെ മരണം മൂലം ഗതിമുട്ടി നിന്ന തങ്കമ്മയെയും അമ്മയായ റാഹേലിനെയും ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്നും രക്ഷിക്കാനെന്ന ഭാവത്തിൽ സ്ഥലത്തെ ഒരു പണക്കാരനായ ഫിലിപ്പ് അവരോടടുത്തു. സാമ്പത്തിക സഹായം അയാളിൽ നിന്നും സ്വീകരിക്കേണ്ടി വന്ന തങ്കമ്മയെ പറ്റി നാട്ടിൽ അപവാദപ്രചാരണം ഉണ്ടായി.തങ്കച്ചനു ലീവു കിട്ടി. അമ്മയെയും കൊച്ചു സഹോദരിയെയും സർവോപരി തങ്കമ്മയെയും ഒരു നോക്കു കാണുവാൻ നാട്ടിലേയ്ക്ക് ഓടിയെത്തി.പക്ഷേ തങ്കമ്മയുടെ ചുറ്റിനും ഉയർന്നു പൊങ്ങിയ അപവാദ ധൂമം അവനെ ശ്വാസം മുട്ടിച്ചു.അവധി തീരും മുൻപ് തങ്കച്ചൻ തിരിച്ചു പോയി.ഏക അവലംബമായിരുന്ന അമ്മ കൂടി മരണമടഞ്ഞപ്പോൾ തങ്കമ്മ അകലെയുള്ള ബന്ധു ഗൃഹത്തിലേയ്ക്ക് പോയി.രണാങ്കണത്തിൽ വെച്ച് ബോംബാക്രമണത്തിൽ മുറിവേറ്റു തങ്കച്ചൻ ആശുപത്രിയിലായി.തകർന്ന ഹൃദയവും തളർന്ന ശരീരവുമായി കിടന്നിരുന്ന തങ്കച്ചനെ ശുശ്രൂഷിച്ചിരുന്ന നേഴ്സ് ലിസി അവന്റെ പ്രേമകഥ കേട്ടപ്പോൾ തങ്കമ്മ തികച്ചും നിരപരാധിയാണെന്ന് വാദിച്ചു. താൻ തെറ്റിദ്ധരിച്ചു നിർദ്ദയം ഭർത്സിച്ച കാമുകിയെ കണ്ട് മാപ്പിരക്കുവാൻ ചെന്ന തങ്കച്ചൻ കണ്ടു മുട്ടുന്നത് കുടിയനായ ഒരുവന്റെ ഭാര്യയായി കഴിയുന്ന തങ്കമ്മയെയാണ്.പ്രതീക്ഷകളെല്ലാം തകർന്നു തങ്കച്ചൻ വീണ്ടും രണഭൂമിയിലേയ്ക്കു മടങ്ങി.അവിടെ വെച്ച് തന്റെ ഉറ്റ ചങ്ങാതിയായ സ്റ്റീഫനെ വെടിയുണ്ടയോടൊപ്പമെത്തിയ മരണം വിഴുങ്ങിയപ്പോൾ അവന്റെ അന്തിമാഭിലാഷം തങ്കച്ചനെ അറിയിച്ചു. അന്നു കൂട്ടുകാരനു കൊടുത്ത വാക്കു പാലിക്കാൻ സ്റ്റീഫന്റെ സഹോദരി അമ്മിണിയെ തങ്കച്ചൻ വിവാഹം ചെയ്തു.ആദ്യരാത്രിയുടെ ചൂടാറും മുൻപ് സമരമുഖത്തെത്തുവാൻ ആ കാവൽ ഭടനു ഉത്തരവു കിട്ടി.കർത്താവു നിരതനായ യുവയോദ്ധാവ് സഹധർമ്മിണിയെ സാന്ത്വന വാക്കോതി സമാശ്വസിപ്പിച്ച് യുദ്ധക്കളത്തിലേയ്ക്ക് യാത്രയായി.ചന്ദ്രതാരാ പിക്ച്ചേഴ്സ് ഈ ചിത്രം വിതരണം ചെയ്തു.
(അവലംബം: സിനിമാ ഡയറക്ട്ടറി/കടപ്പാട് : ബി വിജയകുമാര്‍)
--മലയാള സംഗീതം ഡോട്ട് ഇന്‍ഫോയിലാണ് ഈ കഥാസാരം ഉള്ളത്. പഴയ മലയാള സിനിമകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ സൈറ്റിലും എം3ഡിബി ഡോട്ട് കോമിലും ലഭ്യമാണ്. നിസ്വാര്‍ത്ഥമായ സേവനമാണ് ഈ സൈറ്റുകള്‍ക്കു വേണ്ടി സന്നദ്ധ പ്രവര്‍ത്തകര്‍ നിര്‍വഹിക്കുന്നത്.
മധു ആദ്യമായി അഭിനയിച്ചത് നിണമണിഞ്ഞ കാല്പാടുകളിലാണ്.
മലയാള സംഗീതം ഡോട്ട് ഇന്‍ഫോയിലുള്ള മറ്റു ചില പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക:
സത്യൻ അഭിനയിക്കേണ്ടിയിരുന്ന റോളിൽ നിന്നും അദ്ദേഹം പിന്മാറി. മരിച്ച കഥാപാത്രത്തിന്റെ ഫോട്ടോ(സത്യന്റെ) വച്ച് ഷൂട് ചെയ്യാൻ രംഗമൊരുക്കിയത് കണ്ട് സത്യൻ പിണങ്ങിപ്പിരിയുകയാണുണ്ടായത് എന്ന് ശോഭന പരമേശ്വരൻ നായർ ഓർമ്മിയ്ക്കുന്നു. പെട്ടെന്ന് ഒരാളെ കണ്ടെത്തി അദ്ദേഹം. ഡെൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ പരിശീലനം കഴിഞ്ഞെത്തിയ മാധവൻ നായർ എന്ന മധു.
പ്രസിദ്ധസാഹിത്യകൃതികൾ ചലച്ചിത്രരൂപമെടുക്കുന്ന പ്രവണത ഇതോടെ ആഴത്തിൽ വേരുറച്ചു. നോവലിലെ ദുഃഖകരമായ അന്ത്യം മാറ്റി ശുഭോദർക്കമാക്കിയിട്ടുണ്ട് സിനിമയിൽ.
“അനുരാഗനാടകത്തിൻ” എന്ന പാട്ട് ഉദയഭാനുവിനെ കൂടുതൽ പോപുലർ ആക്കി.
അനുരാഗനാടകത്തിന്‍
അന്ത്യമാം രംഗം തീര്‍ന്നു
അരങ്ങിതിലാളൊഴിഞ്ഞു
കാണികള്‍ വേര്‍പിരിഞ്ഞു
പാടാന്‍ മറന്നു പോയ
മൂഢനാം വേഷക്കാരാ (2)
തേടുന്നതെന്തിനോ നിന്
ഓടക്കുഴല്‍ മണ്ണടിഞ്ഞു
അനുരാഗനാടകത്തിന്‍
കണ്ണുനീരില്‍ നീന്തി നീന്തി
ഗല്‍ഗദം നെഞ്ചിലേന്തി
കൂരിരുളില്‍ ദൂരെ നിന്റെ
കൂട്ടുകാരി മാഞ്ഞുവല്ലോ
അനുരാഗനാടകത്തിന്‍
വ്യര്ഥമാം സ്വപ്നങ്ങള്‍തന്‍
പട്ടടക്കാടിനുള്ളില്‍
കത്തുമീ തീയിൻ മുന്നില്‍
കാവലിനു വന്നാലും നീ
അനുരാഗനാടകത്തിന്‍
അന്ത്യമാം രംഗം തീര്‍ന്നു
അരങ്ങിതിലാളൊഴിഞ്ഞു
കാണികള്‍ വേര്‍പിരിഞ്ഞു
മറ്റൊരു പാട്ടാണ് ഭാരത മേദിനി പോറ്റിവളർത്തിയ എന്നു തുടങ്ങുന്നത്
വീരന്മാരാം പടയാളികളേ
കർമ്മഭൂമിയായ് കരവാളൂരിയ
ദേശഭക്തി തൻ അലയാഴികളേ
നിങ്ങൾ തന്നപദാനം
അമ്മയ്ക്കിന്നഭിമാനം(ഭാരത,...)
തുംഗവീരരാം ബംഗാളികളേ ബംഗാളികളേ
പങ്കാളികളാം പഞ്ചാബികളേ പഞ്ചാബികളേ
ഹിമവാൻ പോറ്റിയ കുമയോണികളേ കുമയോണികളേ
സമരവീരരാം ഒറിയാക്കാരേ
ഉത്തമചരിത മറാത്താനാടിൻ പുത്രന്മാരേ
ഗുജറാത്തികളേ
നിങ്ങൾതന്നപദാനം അമ്മയ്ക്കിന്നഭിമാനം
രാജപുത്രരാം രണനായകരേ രണനായകരേ
വിശാലാന്ധ്രതൻ വീരന്മാരേ വീരന്മാരേ
കന്നഡഭൂവിൻ തനയന്മാരേ തനയന്മാരേ
ചെന്തമിഴ് നാട്ടിലെ വീരന്മാരേ
മലമകളാകിയ കേരളനാടിൻ
മടിയിലുണർന്നൊരു മലയാളികളേ
നിങ്ങൾതന്നപദാനം അമ്മയ്ക്കിന്നഭിമാനം
എന്തിലുമേതിലും ഇൻഡ്യയെന്നൊരു
ചിന്തയിലമരും പോരാളികളേ
ഒരേ രക്തമാർന്നൊരേ ലഹരിയിൽ
രഥം തെളിക്കും തേരാളികളേ തേരാളികളേ
നിങ്ങൾതന്നപദാനം അമ്മയ്ക്കിന്നഭിമാനം
--ഇന്ത്യക്കാരായിരിക്കെ തന്നെ ഓരോ ഇന്ത്യക്കാരും അവരവരുടെ പ്രദേശത്തുകാരാണ്. ഇതുസംബന്ധമായ വിശദാംശങ്ങളിലേയ്ക്ക് ഗാനരചന പുരോഗമിക്കുന്നുണ്ട്.
തമിഴനും മലയാളിയും തന്നെ എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു. അവരെത്ര പരസ്പരം അറിയാത്തവരായിരിക്കുന്നു എന്നതാണല്ലോ നന്‍പകലിന്റെ ഒരു ആശയം. ഈ പശ്ചാത്തലത്തില്‍, ഭാരതമേദിനി പോറ്റിവളര്‍ത്തിയ എന്ന ഗാനം ചിത്രത്തിലില്ലെങ്കിലും പ്രസക്തമായി തോന്നി.
പൊന്‍കുന്നം വര്‍ക്കി എഴുതിയ സ്നേഹസീമ(1954)യിലും പട്ടാളക്കഥയാണ് പരാമര്‍ശിക്കുന്നത്. യുദ്ധരംഗങ്ങള്‍ സ്നേഹസീമയിലും ഉണ്ടായിരുന്നു.സ്നേഹസീമയും നിണമണിഞ്ഞ കാല്പാടുകള് പോലെ കൃസ്ത്യന്‍ പശ്ചാത്തലത്തിലുള്ള സിനിമയായിരുന്നു.
മാനേജറുടെ ചൂഷണവും കടന്നാക്രമണവും സഹിക്കാതെ ജോണി അദ്ധ്യാപക ജോലി രാജി വെയ്ക്കുന്നു. ജോണിയെ അവതരിപ്പിക്കുന്നത് മഹാനായ സത്യനാണ്. കുറച്ചു കാലം ഇഷ്ടികക്കമ്പനിയില്‍ ചക്രം കറക്കുന്ന ജോലിയിലേര്പ്പെട്ടെങ്കിലും സാമ്പത്തിക പ്രയാസം മറി കടക്കാന്‍ അയാള്‍ പട്ടാളത്തില്‍ ചേരുന്നു. ഇതിനിടയില്‍ ഭാര്യ ഓമന ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുന്നുമുണ്ട്. യുദ്ധം പൊട്ടിപ്പുറപ്പെടുന്നു. യുദ്ധത്തിന്റെ കുറെയധികം ദൃശ്യങ്ങള്‍ സ്നേഹ സീമയുടെ കരുത്താണ്. അക്കാലത്ത്, മലയാള സിനിമാ പ്രേക്ഷകര്‍ക്ക് അതൊരു അത്ഭുതം തന്നെയായിരുന്നു. യുദ്ധത്തില്‍ ജോണി മരിച്ചതായി ഔദ്യോഗികമായി വീട്ടുകാരെ അറിയിക്കുന്നു.
നന്‍പകലിലെ യാത്രക്കാര്‍ വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനം കഴിഞ്ഞു വരുന്ന ക്രിസ്ത്യാനികളാണെന്നതിനാല് കൃസ്ത്യന്‍ പശ്ചാത്തലത്തിലുള്ള സിനിമയിലെ പാട്ട് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല എന്നതു പോലുള്ള ബൈബിള്‍ വചനങ്ങളെല്ലാം സിനിമയിലുണ്ട്.ദു:ഖിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും ദൈവം സഹായിക്കും എന്ന വാചകവും ശ്രദ്ധേയമാണ്.
കന്യാതനയാ കരുണാനിലയാ
കൈവെടിയരുതേ മിശിഹായേ
കൈവെടിയരുതേ മിശിഹായേ
കന്യാതനയാ കരുണാനിലയാ...
കുരുടന്നു കൈവടി നീയല്ലോ
കൂരിരുളില്‍ തിരി നീയല്ലോ
കരകാണാത്തൊരു കദനക്കടലില്‍
കനിവിന് തീരം നീയല്ലോ
കനിവിന് തീരം നീയല്ലോ
പാരില്‍ പാപക്കുരിശും പേറി
കാല്‍വരിയേറിയ നായകനേ
മുള്‍മുടി ചൂടുമ്പോഴും കരുണാ -
മുരളികയൂതിയ നായകനേ
നിന്നുടെ നിനവൊരു കൈത്തിരിയായി
മണ്ണിന് വഴിയില്‍ വാഴേണം
മണ്ണിന് വഴിയില്‍ വാഴേണം
കന്യാതനയാ കരുണാനിലയാ
കൈവെടിയരുതേ മിശിഹായേ
കൈവെടിയരുതേ മിശിഹായേ
കന്യാതനയാ കരുണാനിലയാ...
എന്ന ഹൃദ്യമായ ക്രിസ്തീയ ഭക്തിഗാനം പി ഭാസ്ക്കരന്‍ എഴുതി, ബാബുരാജ് സംഗീതം നല്കി പി ലീലയും പുനിതയും ചേര്‍ന്ന് പാടിയതാണ്. മതമൈത്രിയ്ക്ക് ഏറ്റവും മികച്ച ഉദാഹരണം കൂടിയാണിത്.
(പാട്ടുകളിലെ വരികളെല്ലാം എം3ഡിബി എന്ന സൈറ്റില്‍ നിന്നാണ് ലഭിക്കുന്നത്)
പട്ടാളമെന്നാല്‍ എപ്പോഴും യുദ്ധമായിരിക്കുമെന്ന തോന്നലാണ് സ്നേഹസീമയെന്നതു പോലെ നിണമണിഞ്ഞ കാല്പാടുകളും പ്രേക്ഷകര്‍ക്ക് നല്‍കിയത്.വിരമിച്ച പട്ടാളക്കാരുടെ സ്വയം പുകഴ്ത്തിയ അനുഭവകഥനങ്ങളെ പരിഹസിക്കുന്നതിനായി എസ് പി പിള്ള അവതരിപ്പിക്കുന്ന ഒരു കഥാപാത്രവും നിണമണിഞ്ഞ കാല്പാടുകളിലുണ്ട്. കുഞ്ഞൂഞ്ഞ് എന്നു കഥാപാത്രപ്പേരുള്ള ഇങ്ങോര് പട്ടാളത്തില്‍ നിന്ന് ചാടിപ്പോന്നതിനാല് പോലീസ് അറസ്റ്റിലാവുന്നു. പട്ടാളത്തെ ഇതുപോലെ പരിഹസിക്കാന്‍ പുതിയ കാലത്ത് സാധിക്കുമോ എന്ന് കണ്ടറിയണം.
ഭാരതത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ രണാങ്കണത്തില്‍ അടരാടി വീരമൃത്യു വരിച്ച നമ്മുടെ ധീര ജവാന്മാരുടെ പാവനസ്മരണയ്ക്കാണ് നിണമണിഞ്ഞ കാല്പാടുകള് സമര്‍പ്പിച്ചിരിക്കുന്നത്.
ഇതൊന്നും തിരിച്ചറിയാതെയാണ് ഈ സിനിമയിലെ ഒരു പാട്ടുവരി കേള്‍ക്കുമ്പോഴേക്കും മലയാള സിനിമ തുടങ്ങുന്നേനും മുമ്പൊള്ളതാ എന്ന് രൂക്ഷമായി പരിഹസിക്കുന്നത്. കാലത്തോടും കലാ ചരിത്രത്തോടുമുള്ള സാമാന്യ മലയാളിയുടെ നിസ്സംഗമായ അവഗണനയും അജ്ഞതയും ആണിവിടെ യഥാര്‍ത്ഥത്തില്‍ വിമര്‍ശിക്കപ്പെടുന്നത്.
ജി പി രാമചന്ദ്രൻ
Subscribe to:
Posts (Atom)