Wednesday, November 18, 2015
Tuesday, November 17, 2015
ഫാസിസവും സിനിമയും 18
ഗ്രേറ്റ് ഡിക്‌റ്റേറ്ററിന്റെ അവസാനരംഗത്ത് നടത്തിയ ഈ പ്രസംഗത്തിലെ അമിതമായ രാഷ്‌ട്രീയ ധ്വനികളാണ് പില്‍ക്കാലത്ത് മക്കാര്‍ത്തിയന്‍ കമ്യൂണിസ്റ്റ് വേട്ടയുടെ കാലത്ത് ചാപ്ലിനെ തിരിച്ചു വരാനാകാത്ത വിധത്തില്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തുന്നതിന് പ്രേരകമായത്. ഹിറ്റ്‌ലര്‍ രണ്ടു തവണ ഈ സിനിമ കണ്ടെന്നും ഗീബല്‍സ് ഒരിക്കല്‍ പോലും കാണാന്‍ കൂട്ടാക്കിയില്ലെന്നും പറയപ്പെടുന്നു. ചിത്രം കണ്ട് പ്രകോപിതനായ ഹിറ്റ്‌ലര്‍ ചാപ്ലിന് ജന്മം കൊടുത്ത ലണ്ടന്‍ നഗരം ചുട്ടുകരിക്കാന്‍ ആജ്ഞാപിച്ചതായി സ്ഥിരീകരിക്കപ്പെടാത്ത ഒരു കേട്ടുകേള്‍വിയുമുണ്ട്. അതിക്രൂരനായ ഹിറ്റ്‌ലറെ കേവലം ഒരു മന്ദനും ഭോഷനുമായി അവതരിപ്പിച്ചത് തെറ്റായി എന്ന് പിന്നീട് ചാപ്ലിന്‍ പശ്ചാത്തപിച്ചിരുന്നു. അതെന്തായാലും, സിനിമയുടെ ചരിത്രത്തില്‍ മാത്രമല്ല ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത സ്ഥാനം എക്കാലത്തേക്കുമായി പിടിച്ചു വാങ്ങിയ മഹത്തായ സിനിമയായി ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ ജനാധിപത്യവിശ്വാസികള്‍ കണ്ടുകൊണ്ടേയിരിക്കും എന്നതാണ് വസ്‌തുത.
#fightfascism
Monday, November 16, 2015
ഫാസിസവും സിനിമയും 17
(ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍)
ജൂതത്തടവുകാരനായ ഷുള്‍ട്‌സും ക്ഷുരകനും തടവു ചാടി രക്ഷപ്പെടുന്നതിനിടെ സൈനികരുടെ പിടിയിലാവുന്നു. ക്ഷുരകനായ ചാപ്ലിനെ പ്രസിഡണ്ടായി തെറ്റിദ്ധരിച്ച് അയാളെ പ്രസംഗവേദിയിലേക്ക് അവര്‍ ആനയിക്കുന്നു. അപ്പുറത്താകട്ടെ, പ്രസിഡണ്ടിനെ ക്ഷുരകനായി തെറ്റിദ്ധരിച്ച് അറസ്റ്റു ചെയ്യുകയും ചെയ്യുന്നു. ഹിങ്കലിന്റെ വിജയാഹ്ലാദപ്രസംഗം നിര്‍വഹിക്കാനായി ക്ഷുരകന്‍ വേദിയിലേക്ക് ഹര്‍ഷാരവങ്ങളോടെ ക്ഷണിക്കപ്പെടുന്നു. പ്രചാരണ മന്ത്രി ഗാര്‍ബിഷ് സ്വതന്ത്രസംസാരം പോലുള്ള `ഭോഷ്‌ക്കു'കളെ പരിഹസിച്ചുകൊണ്ടാണ് ഹിങ്കല്‍/ക്ഷുരകനെ പ്രസംഗിക്കാനായി ക്ഷണിക്കുന്നത്. ഹിങ്കല്‍ ആയി നടിക്കുന്ന ക്ഷുരകനായ ചാപ്ലിനാകട്ടെ വിസ്‌മയകരമായ ഒരു പ്രസംഗമാണ് നിര്‍വഹിക്കുന്നത്. അതില്‍ ഹിങ്കലിന്റെയും ഗാര്‍ബിഷിന്റെയും അമിതാധികാര പ്രവണതകള്‍ക്കു പകരം ജനാധിപത്യത്തിന്റെ നവീനമായ ഒരു കാലമാണിനി എന്ന പ്രവചനപരമായ ആഹ്വാനമാണുണ്ടായിരുന്നത്. എനിക്ക് മാപ്പു തരിക, ഞാനൊരു ചക്രവര്‍ത്തിയാവാന്‍ ആഗ്രഹിക്കുന്ന ആളല്ല. എനിക്കെല്ലാവരെയും സഹായിക്കണമെന്നുണ്ട്. ജൂതനോ, കറുത്ത വംശക്കാരനോ, വെളുത്ത നിറമുള്ളവനോ ആരുമാകട്ടെ എല്ലാവരും പരസ്‌പരം സഹായിക്കുകയാണ് വേണ്ടത്. മറ്റുള്ളവരുടെ സന്തോഷമാണ് എല്ലാവരുടെയും ജീവിതത്തിന് പ്രചോദനമാകേണ്ടത്, അല്ലാതെ അവരുടെ ദുരിതങ്ങളല്ല. നാം പരസ്‌പരം വെറുക്കാനോ ദ്രോഹിക്കാനോ പാടില്ല. ഈ ലോകത്തില്‍ എല്ലാവര്‍ക്കും അവരവരുടെ ഇടമുണ്ട്. ജീവിതത്തിന്റെ വഴികള്‍ മനോഹരവും സ്വതന്ത്രവുമാണ്. പക്ഷെ നമുക്ക് വഴി നഷ്‌ടമായിരിക്കുന്നു. ഇപ്രകാരം തുടരുന്ന കാവ്യാത്മകവും അതേ സമയം ലളിതമായ പദാവലികളാല്‍ സാമാന്യ ജനങ്ങളെ ആകര്‍ഷിക്കുകയും ചെയ്യുന്ന പ്രഭാഷണം സമാപിക്കുന്നതിങ്ങനെയാണ്. ജനാധിപത്യത്തിന്റെ പേരില്‍ നമുക്കൊന്നിക്കാം. പ്രസംഗം കേള്‍ക്കാന്‍ തടിച്ചു കൂടിയ സൈനികരും അതേറ്റു പറയുന്നു.
#fightfascism
Saturday, November 14, 2015
ഫാസിസവും സിനിമയും 16
ടൊമാനിയ എന്ന സാങ്കല്‍പിക രാജ്യത്തെ സ്വേഛാധിപതിയായ അഡെനോയ്‌ഡ് ഹിങ്കലിന്റെയും ജൂതര്‍ മാത്രം താമസിക്കുന്ന ഒരു പ്രവിശ്യയില്‍ കട നടത്തുന്ന ക്ഷുരകന്റെയും ഇരട്ട വേഷങ്ങളിലാണ് ചാപ്ലിന്‍ അഭിനയിച്ചത്. തമാശകള്‍ നിറയെ ഉണ്ടെങ്കിലും ചിത്രത്തെ മൂടി നില്‍ക്കുന്നത് തീക്ഷ്‌ണമായ വേദനയാണ്. ചാപ്ലിന്റെ ഏറ്റവും ഗൗരവമേറിയതും മനുഷ്യത്വം എന്ന പ്രമാണത്തെ അങ്ങേയറ്റം ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഈ ചിത്രം ദു:ഖ പര്യവസായിയാണ്. പ്രസിദ്ധനായ തന്റെ തെണ്ടി വേഷത്തിന്റെ മാനറിസങ്ങളിലേക്ക് ഹിറ്റ്‌ലറെ ആവാഹിച്ചെടുക്കുന്ന ചാപ്ലിന്‍ ഒരിക്കലും അയാളോടൊത്ത് ചിരിക്കാന്‍ കാണിയെ പ്രേരിപ്പിക്കുന്നില്ല, മറിച്ച് അയാളെയും അയാളുടെ ചെയ്‌തികളെയും നോക്കി കരച്ചിലുള്ളിലടക്കി ചിരിക്കാന്‍ പറയുകയാണ് ചെയ്യുന്നത്. മനുഷ്യാവസ്ഥയോട് തന്നെയുള്ള കൊഞ്ഞനം കുത്തലായി ആ ചിരി പരിണമിക്കുകയും ചെയ്യുന്നു. ചാപ്ലിന്‍ അവതരിപ്പിച്ചവയില്‍ സഹതാപാര്‍ഹനല്ലാത്ത ഏക കഥാപാത്രവുമാണ് ഹിങ്കലിന്റേത്. അയല്‍ രാജ്യമായ ബാക്‌റ്റീരിയയിലെ സ്വേഛാധിപതി ബെന്‍നോണി നപ്പൊളോണി ഹിങ്കലിന്റെ കൊട്ടാരത്തില്‍ അതിഥിയായെത്തുന്ന സന്ദര്‍ഭം ഏറെ കൗതുകകരമാണ്. കസേര കളി പോലുള്ള അവരുടെ ഊണ്‍ മേശ ചര്‍ച്ചകളും ഐസ്‌ക്രീം കൊണ്ടുള്ള മുഖത്തെറിയലും സിനിമയില്‍ പതിനായിരക്കണക്കിന് തവണ ആവര്‍ത്തിച്ചെങ്കിലും ചാപ്ലിന്‍ ഉയര്‍ത്തിയ രാഷ്‌ട്രീയ മാനത്തെ ആര്‍ക്കും അനുകരിക്കാനായില്ല.
#fightfascism
Friday, November 13, 2015
ഫാസിസവും സിനിമയും 15
ഫാസിസത്തെ നിശിതമായി വിമര്‍ശിക്കുന്നതിനു വേണ്ടി ചാര്‍ളി ചാപ്ലിന്‍ വിദഗ്‌ദ്ധമായി തയ്യാറാക്കിയ മഹത്തായ സിനിമയാണ് ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍(1940/കറുപ്പും വെളുപ്പും/യു എസ് എ/124 മിനുറ്റ്). ജര്‍മനിയില്‍ ലക്ഷക്കണക്കിന് ജൂതന്മാരെയും കറുത്ത വര്‍ഗക്കാരെയും കമ്യൂണിസ്റ്റുകാരെയും മറ്റ് നിരപരാധികളെയും കൊന്നൊടുക്കിയ നാസി ഭരണത്തെയും അതിന്റെ അധിപനായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറെയും പരിഹാസത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും കുന്തമുനയില്‍ നിര്‍ത്തുന്ന സിനിമയാണ് മഹാനായ സ്വേഛാധിപതി. രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കന്‍ ഐക്യനാടുകള്‍ കക്ഷി ചേരുന്നതിനു മുമ്പ് പൂര്‍ത്തിയാക്കി റിലീസ് ചെയ്‌ത ഈ ചിത്രം നാസികളെ യന്ത്രമനസ്സുകൊണ്ടും യന്ത്ര ഹൃദയം കൊണ്ടും പണിതെടുത്ത യന്ത്രമനുഷ്യര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്താണ് ജര്‍മനിയില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന കാര്യം ശക്തമായി അവതരിപ്പിക്കുന്ന ഈ സിനിമ കൂടിയാണ് അമേരിക്കയെ പിന്നീട് യുദ്ധത്തില്‍ ഫാസിസ്റ്റു വിരുദ്ധ സഖ്യത്തില്‍ അണി ചേരാന്‍ പ്രേരിപ്പിച്ചത്. പിന്നീടുണ്ടായത് ചരിത്രം. നിശ്ശബ്‌ദ സിനിമ മാത്രമേ എടുക്കുകയുള്ളൂ എന്നു ശഠിച്ചിരുന്ന ചാപ്ലിന്റെ ആദ്യത്തെ ശബ്‌ദ സിനിമയായ (ടോക്കി) ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ വെച്ച് ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രം കൂടിയാണ്.
#fightfascism
Thursday, November 12, 2015
Wednesday, November 11, 2015
ഫാസിസവും സിനിമയും 13
നരകത്തില്‍ രണ്ട് ഹാഫ് ടൈമുകള്‍ - കളി ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ജീവന്മരണപ്പോരാട്ടമായി മാറുന്നു. മത്സരത്തിന്റെ ഉദ്വേഗജനകമായ ചിത്രീകരണം ശ്വാസമടക്കിക്കൊണ്ടു മാത്രമേ കണ്ടിരിക്കാനാവൂ. പ്രൊഫഷണല്‍ മത്സരങ്ങളിലേതെന്നതു പോലെ ജഴ്‌സിയും ഷൂസുമണിഞ്ഞ ജര്‍മന്‍ ടീമും കീറിപ്പറിഞ്ഞ വേഷങ്ങളും തുള വീണ ബൂട്ടുമിട്ട് തടവുകാരുടെ ടീമും തമ്മിലുള്ള മത്സരം ആദ്യഘട്ടത്തില്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ജര്‍മന്‍ കേണല്‍ തന്റെ കാമുകിയോടൊത്ത് ഗാലറിയില്‍ പ്രത്യേകം തയ്യാറാക്കിയ ബോക്‌സിലിരുന്നാണ് കളി കാണുന്നത്. അയാള്‍ക്കിത് വെറുമൊരു നേരമ്പോക്ക്; എന്നാല്‍ തടവുകാരുടെ ടീമിലോരോരുത്തരും അവരുടെ ജീവന്‍ കൊണ്ടു തന്നെയാണ് കളിക്കുന്നത്. കളിയില്‍ ആദ്യം മികവു പുലര്‍ത്തുന്നത് ജര്‍മന്‍ ടീമാണ്. തങ്ങളുടെ കളി എപ്രകാരമാക്കിയാലാണ് തങ്ങള്‍ക്ക് രക്ഷ കിട്ടുക എന്ന് നിര്‍ണയിക്കാനാവാതെ ഡിയോ കുഴങ്ങുകയാണ്. പൊരിഞ്ഞുകളിച്ച് ജര്‍മന്‍കാരെ തോല്‍പിച്ചാല്‍ ആ കുറ്റത്തിനു തന്നെ തങ്ങള്‍ ശിക്ഷിക്കപ്പെടാം. അതല്ല ജര്‍മന്‍കാര്‍ ജയിച്ചോട്ടെ എന്നു കരുതി ഒത്തുകളിച്ചാലോ, തിന്ന ഭക്ഷണത്തിനും ലഭിച്ച പരിമിതമായ സ്വാതന്ത്ര്യത്തിനും പ്രത്യുപകാരമുണ്ടായില്ല എന്ന കുറ്റത്തിനു ശിക്ഷിക്കപ്പെടാം. ഒത്തുകളിയിലെ സ്‌പോര്‍ട്‌സ് വിരുദ്ധത ബോധ്യപ്പെട്ട് കളിക്കാതിരുന്നാലോ അതും ശിക്ഷിക്കാവുന്ന കുറ്റകൃത്യം തന്നെ. ഇപ്രകാരം ഊരാക്കുടുക്കിലാവുന്ന അവര്‍ ആദ്യഘട്ടത്തിലെ ആലസ്യം കളഞ്ഞ് പിന്നീട് ഉഷാറായി കളിക്കുകയും ജര്‍മന്‍കാര്‍ക്ക് മേല്‍ മേല്‍ക്കൈ നേടുകയുമാണ്. ഈ മേല്‍ക്കൈ ജര്‍മന്‍ കേണലിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഫാസിസ്റ്റായ അയാള്‍ റിവോള്‍വറെടുത്ത് തടവുകാരുടെ ടീമിലെ പതിനൊന്ന് കളിക്കാരെയും തുരുതുരാ വെടിവെച്ച് കൊല്ലുന്നു.
#fightfascism
Monday, November 9, 2015
ഫാസിസവും സിനിമയും 12
പ്രശസ്‌ത ഹങ്കേറിയന്‍ സംവിധായകന്‍ സൊല്‍ത്താന്‍ ഫാബ്രിയുടെ 'നരകത്തില്‍ രണ്ടു ഹാഫ്‌ടൈമുകള്‍' (Two Half-times in Hell) എന്ന ചിത്രത്തിലേതു പോലെ ഫുട്‌ബാളും സ്വാതന്ത്ര്യ വാഞ്‌ഛയും ഫാസിസവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ത്രസിപ്പിക്കുന്ന ഒരാഖ്യാനത്തിലൂടെ ഇത്തരം അപരയാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നത് പക്ഷെ അപൂര്‍വമാണ്. 1944 ലെ വസന്തകാലം. ജര്‍മന്‍ പട്ടാളത്തിന്റെ കീഴില്‍ നിര്‍ബന്ധിത ജോലിക്കായി ഹങ്കറിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ബാരക്കുകളില്‍ കുത്തിനിറക്കപ്പെട്ടിരിക്കുന്ന തടവുകാര്‍ വേണ്ടത്ര ഭക്ഷണം ലഭ്യമാവാതെ നരകിക്കുകയാണ്. അവര്‍ക്ക് ബാക്കിയായത് അതിജീവനത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ആത്മാഭിമാനത്തെക്കുറിച്ചും സ്വസ്ഥമായ കൂടുംബജീവിത്തെക്കുറിച്ചും ഒക്കെയുള്ള നിറം മങ്ങിയ സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു.
@#fightfascism
ഫാസിസവും സിനിമയും 11
ഫാസിസത്തെ പ്രതിരോധിക്കുമ്പോള്‍
ജീവിതത്തിലെന്നതു പോലെ കളിയിലായാലും സിനിമയിലായാലും അച്ചടക്കത്തിന്റെ ചതുരവടിവുകളെ സംശയത്തോടെ മാത്രമേ സമീപിക്കാനാവൂ എന്നാണ് ഈ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നത് എന്ന് നിസ്സംശയം പറയാം. അച്ചടക്കം ഫാസിസത്തിന്റെ ഒളിപ്പുരകളാണെന്ന് ബോധ്യപ്പെടാന്‍ പക്ഷെ പതിനായിരങ്ങളുടെ ജീവനും പതിറ്റാണ്ടുകളുടെ സ്വാതന്ത്ര്യവും നാം ബലി കൊടുക്കാറുണ്ടെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
@#fightfascism
Sunday, November 8, 2015
ഫാസിസവും സിനിമയും 10
1930കളില്‍ ഫാസിസ്റ്റ് നേതാവായ ബെനിറ്റോ മുസോളിനി ഇറ്റാലിയന്‍ സിനിമാവ്യവസായവുമായി പ്രവര്‍ത്തനക്ഷമമായ ബന്ധം വികസിപ്പിച്ചെടുത്തിരുന്നു. എല്ലാ സിനിമകളുടെയും നിര്‍മാണവേളയില്‍ തന്നെ ഫാസിസ്റ്റുകളുടെ നിരീക്ഷണം ഫലപ്രദമാക്കാനായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നു ചലച്ചിത്രമേളകളിലൊന്നായി പില്‍ക്കാലത്ത് വളര്‍ന്ന വെനീസ് മേളയാണ് ലോകത്തെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള. കാനും ബര്‍ലിനുമാണ് മറ്റു രണ്ടെണ്ണം. 1932ലാണ് വെനിസ് ബിനാലെയുടെ ഭാഗമായി വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേള ആരംഭിക്കുന്നത്. മുസോളിനിയുടെ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കി. 1934ല്‍ നടന്ന രണ്ടാം വെനീസ് മേളയില്‍ മുസോളിനി കപ്പ് എന്ന പേരില്‍ ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തുകയും ചെയ്‌തു.
#fightfascism
Saturday, November 7, 2015
ഫാസിസവും സിനിമയും 9
കമന്ററിയില്ല എന്നൂറ്റം കൊള്ളുന്ന മറ്റേതൊരു അരാഷ്‌ട്രീയ ഡോക്കുമെന്ററിയിലേതിലുമെന്നതു പോലെ, പ്രത്യേക ചുവയുള്ള തരം എഴുത്തോടെയാണ് 'ട്രയംഫ് ഓഫ് വില്‍? തുടങ്ങുന്നതെന്ന് സൂസന്‍ സൊന്റാഗ് ചൂണ്ടിക്കാണിക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റെ വിജയം കണ്ടതും വിസ്‌ഫോടനാത്മകവുമായ ഒരു പരിവര്‍ത്തനത്തെ ഈ ചിത്രം സൂചിപ്പിക്കുന്നു - ചരിത്രം നാടകമായി മാറുന്നു. പിന്നീട് ഇക്കാര്യം ലെനി റീഫന്താള്‍ തന്നെ ഭംഗ്യന്തരേണ സമ്മതിക്കുന്നുമുണ്ട്. നാസി സര്‍ക്കാര്‍ കമ്മീഷന്‍ ചെയ്‌ത ലെനിയുടെ എല്ലാ ഡോക്കുമെന്ററികളും ശരീരത്തിന്റെയും സമുദായത്തിന്റെയും പുനര്‍ജന്മത്തെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. ഇതിന് നിമിത്തമാകുന്നതാകട്ടെ, അപ്രതിരോധ്യനായ ഒരു നേതൃരൂപത്തിന്റെ ശക്തിസ്വരൂപവും. ഈ സിനിമകളിലെ സൗന്ദര്യത്തിന്റെയും രൂപഭംഗിയുടെയും പേരില്‍ പില്‍ക്കാലത്ത് അവര്‍ വന്‍തോതില്‍ പ്രകീര്‍ത്തിക്കപ്പെട്ടു. ഇത് നമ്മുടെ സൗന്ദര്യ സങ്കല്‍പങ്ങളുടെയും ലാവണ്യനിയമങ്ങളുടെയും നൈതികതയെ പരിശോധിക്കുന്നതിന് പ്രേരിപ്പിക്കേണ്ടതുണ്ടെന്ന് സൂസന്‍ സൊന്റാഗ് നിരീക്ഷിക്കുന്നു.
#fightfascism
Friday, November 6, 2015
ഫാസിസവും സിനിമയും 8
1936ല്‍ നടന്ന ബര്‍ലിന്‍ ഒളിമ്പിക്‌സിനെ ക്കുറിച്ച് നാസി സര്‍ക്കാരിനു വേണ്ടി ലെനി റീഫന്താള്‍ തയ്യാറാക്കിയ ചിത്രങ്ങളാണ് ഒളിമ്പിയ ഒന്ന്, ഒളിമ്പിയ രണ്ട് എന്നിവ. 1938ലാണീ ചിത്രങ്ങളുടെ ലോക പ്രീമിയര്‍ നടന്നത്. ആ വര്‍ഷത്തെ വെനീസ് മേളയില്‍ ഈ ചിത്രങ്ങള്‍ക്ക് സ്വര്‍ണ മെഡല്‍ കിട്ടുകയും ചെയ്‌തു. ഗീബല്‍സുമായി ലെനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നുള്ള പ്രചാരണം മറ്റു നാസി പ്രചാരണങ്ങള്‍ പോലെ തന്നെ മുട്ടന്‍ കളവായിരുന്നുവെന്ന് സൂസന്‍ സൊന്റാഗ് തെളിവുകള്‍ നിരത്തി വിശദീകരിക്കുന്നു. പക്ഷെ, തന്റെ ചിത്രങ്ങള്‍ പ്രചാരണത്തിനു വേണ്ടി കല്‍പിച്ചുകൂട്ടി കെട്ടിയുണ്ടാക്കിയതാണെന്ന വിമര്‍ശനത്തെ ലെനി അംഗീകരിക്കുന്നില്ല. 1965ല്‍ കഹേ ദു സിനിമ ക്ക് നല്‍കിയ അഭിമുഖത്തില്‍, അവര്‍ പറയുന്നതിപ്രകാരമാണ്. ?ഒറ്റ സീന്‍ പോലും കൃത്രിമമായി നിര്‍മിച്ച് ചിത്രീകരിച്ചതല്ല. എല്ലാം യാഥാര്‍ത്ഥ്യമാണ്. പ്രത്യേക ഉദ്ദേശ്യം ഒളിപ്പിച്ചു വെച്ച പശ്ചാത്തലവിവരണങ്ങളേ ഇല്ല, കാരണം ഈ ചിത്രത്തില്‍ കമന്ററിയേ ഇല്ല. എല്ലാം ചരിത്രം മാത്രം, ശുദ്ധമായ ചരിത്രം!?
#fightfascism
Wednesday, November 4, 2015
ഫാസിസവും സിനിമയും 7
1902ല്‍ ജനിച്ച ലെനി റീഫന്താള്‍ നര്‍ത്തകിയായാണ് ആദ്യം അറിയപ്പെട്ടതെങ്കിലും പിന്നീട് നടിയും സിനിമാസംവിധായികയുമായി പ്രശസ്‌തി നേടി. അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്കും ലെനിയുടെ 'കലാത്മകത' ബോധ്യമായി. 1933ല്‍ ന്യൂറംബെര്‍ഗ് റാലി ഫിലിമിലാക്കാന്‍ അവര്‍ നിയോഗിക്കപ്പെട്ടു. ഇതിനു മുമ്പ് കുറെ ഫീച്ചറുകളും ഡോക്കുമെന്ററികളും അവര്‍ എടുത്തിരുന്നു. നാസി പാര്‍ടിയുടെ പ്രചാരണത്തിന് ഉപയുക്തമായവയായിരുന്നു അവയില്‍ മിക്കതും. 'ട്രയംഫ് ഓഫ് വില്‍? എന്ന ഈ ഡോക്കുമെന്ററി ചിത്രീകരിക്കാന്‍ ഹിറ്റ്‌ലറും പ്രചാരണമന്ത്രി ഗീബര്‍സും നല്‍കിയ സഹായങ്ങള്‍ ഏതെങ്കിലും സര്‍ക്കാര്‍ ഒരു ഡോക്കുമെന്ററി സംവിധായികക്ക് നല്‍കിയ എക്കാലത്തേയും വലിയ സഹായമാണ്. അനന്തമായ ബഡ്‌ജറ്റും 120 പേരടങ്ങിയ സാങ്കേതിക ടീമും മുപ്പതിനും അമ്പതിനുമിടക്ക് ക്യാമറകളും അവര്‍ക്ക് ലഭിച്ചിരുന്നത്രേ.
#fightfascism
Tuesday, November 3, 2015
ഫാസിസവും സിനിമയും 5
സിനിമയില്‍ ശബ്‌ദം സാങ്കേതികമായി ഉള്‍പെടുത്തിയ കാലത്ത് 1930കളില്‍, അക്കാലത്തെ ജര്‍മനിയില്‍, പ്രസിദ്ധനായ സംവിധായകനായ ഫ്രിറ്റ്‌സ് ലാങ് എം എന്ന ചിത്രം പുറത്തിറക്കി. കുട്ടികളെ കൊല്ലുന്ന ഒരു കുറ്റവാളിയെ രക്തദാഹികളായ ഒരു ആള്‍ക്കൂട്ടം വേട്ടയാടുന്നതാണീ ചിത്രത്തിലെ പ്രതിപാദ്യം. വൈകാരികവും സംഘര്‍ഷഭരിതവുമായ ഈ സിനിമ, വൈയക്തികവും സംഘപരവുമായ ഭ്രാന്തിനെ സമാന്തരവല്‍ക്കരിക്കുന്ന എം നാസിസത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ജര്‍മന്‍ സമൂഹത്തെ കാല്‍പനികമായി പ്രതീകവല്‍ക്കരിക്കുന്നു. ലാങിന്റെ അടുത്ത ചിത്രം, ഡോ മബൂസെയുടെ നിയമം (The testament of Dr. Mabuse) ഒരു മനോരോഗാശുപത്രിയിലിരുന്ന് അധോലോകത്തെ നയിക്കുന്ന ഒരു കൊടും കുറ്റവാളിയുടെ കഥയാണ്. 1933ല്‍ അധികാരത്തിലെത്തിയ നാസികള്‍ ഈ ചിത്രം നിരോധിച്ചു. ഹിറ്റ്‌ലറെ കളിയാക്കുകയാണെന്നായിരുന്നു ആരോപണം. ലാങ് നാടുവിട്ടു. അദ്ദേഹത്തിന്റെ ഭാര്യയും സഹപ്രവര്‍ത്തകയും ആയ തിയ വോണ്‍ ഹാര്‍ബോ ജര്‍മനിയില്‍ തന്നെ തങ്ങി. പിന്നീട് നാസി പ്രവര്‍ത്തക ആയി തീരുകയും ചെയ്‌തു. 1933 മുതല്‍ മറ്റേതൊരു കലാരൂപവുമെന്നതുപോലെ ജര്‍മന്‍ സിനിമയും ഗീബല്‍സിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലായിരുന്നു. ജര്‍മന്‍ സിനിമയില്‍ ആഴത്തിലൂള്ള ജൂത പാരമ്പര്യത്തെ ഇല്ലാതാക്കുന്നതില്‍ ഈ നിയന്ത്രണം വിജയിച്ചു. ലെനി റീഫന്താള്‍ എന്ന യുവതിയായ ചലച്ചിത്രകാരിയെ 1934ല്‍ ന്യൂറം ബര്‍ഗില്‍ നടന്ന നാസി പാര്‍ടി റാലി ചിത്രീകരിക്കാന്‍ ഹിറ്റ്‌ലര്‍ ഏല്‍പിച്ചു. ഇതിന്റെ ഫലമായി പുറത്തുവന്ന ട്രയംഫ് ഓഫ് വില്‍ (1935) എന്ന ഡോക്കുമെന്ററി കൃത്യമായി സൃഷ്‌ടിക്കപ്പെട്ട ഒരു പ്രചാരണ ചിത്രമാണ്. ഇതില്‍ ഹിറ്റ്‌ലറിനുള്ളത് ഒരു മിത്തിക്കല്‍, ദൈവിക പരിവേഷമാണ്. അയാളുടെ അനുയായികളാകട്ടെ കേവലം ജ്യാമിതീയരൂപങ്ങളും.
#fightfascism
Monday, November 2, 2015
ഫാസിസവും സിനിമയും 4
വര്‍ണവെറിയും ഫാസിസവും
ഫീച്ചര്‍ സിനിമയുടെ തുടക്കം എന്നു തന്നെ വിശേഷിപ്പിക്കപ്പെടുന്ന ദ ബര്‍ത്ത് ഓഫ് എ നാഷന്‍ (യു എസ് എ/1915/കറുപ്പും വെളുപ്പും/190 മിനുറ്റ്) കടുത്ത അധിനിവേശ മേധാവിത്ത സ്വഭാവത്തെ മഹത്വവത്‌ക്കരിക്കുന്ന ഒന്നായിരുന്നു. വെളുത്ത വര്‍ഗക്കാരന്റെ മേധാവിത്ത മനോഭാവത്തെ അതിരുകടന്ന് ന്യായീകരിക്കുകയും വര്‍ണവെറിയെ അക്രമമാര്‍ഗങ്ങളിലൂടെ വ്യവസ്ഥാവല്‍ക്കരിച്ച കൂ ക്ലക്‌സ് ക്ലാന്‍ പോലുള്ള ഭീകരസംഘടനക്ക് ഊര്‍ജം പകരുകയും ചെയ്‌ത സിനിമയായിരുന്നു ദ ബര്‍ത്ത് ഓഫ് എ നാഷന്‍ (ഡി ഡബ്ലിയു ഗ്രിഫിത്ത്) എന്ന് ചരിത്രം വിലയിരുത്തി. അത് ഇടിമിന്നല്‍ കൊണ്ട് ചരിത്രം എഴുതും പോലെയാണ്, പക്ഷെ, ഖേദകരമെന്ന് പറയട്ടെ അത് അത്യന്തം വാസ്‌തവികവുമാണ് എന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് വൂഡ്രോ വില്‍സണ്‍ അഭിപ്രായപ്പെട്ടു എന്നു പറയപ്പെടുന്നു. ജനാധിപത്യത്തിന്റെ ലോകമാതൃകയായി കൊണ്ടാടപ്പെടുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ~ഒബാമക്കു മുമ്പ് ഒരു കറുത്ത വര്‍ഗക്കാരനോ സ്‌ത്രീയോ പരിഗണിക്കപ്പെട്ടില്ല എന്നതിന് കാരണം അന്വേഷിച്ച് മറ്റെങ്ങും പോവേണ്ടതില്ലെന്നര്‍ത്ഥം. ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ എത്രമാത്രം വര്‍ണവെറി പിടിച്ചവരായിരുന്നു എന്ന ചരിത്രസത്യം കണ്ണാടി പോലെ വെളിപ്പെടുത്തപ്പെടുന്ന സിനിമയാണ് ദ ബര്‍ത്ത് ഓഫ് എ നാഷന്‍. തോമസ് ഡിക്‌സന്റെ ദ ക്ലാന്‍സ് മാന്‍, ദ ലെപ്പേര്‍ഡ്‌സ് സ്‌പോട്ട് എന്നീ കൃതികളെ ആസ്‌പദമാക്കിയെടുത്ത ദ ബര്‍ത്ത് ഓഫ് എ നാഷനില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് അവകാശങ്ങളോ മൂല്യങ്ങളോ ഇല്ലെന്നു കരുതുന്ന തെക്കനമേരിക്കക്കാരനായ ഒരു വെളുത്ത വര്‍ഗക്കാരന്റെ കാഴ്‌ചപ്പാടുകളാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. വെളുത്ത നടികളുടെ കൂടെ അഭിനയിക്കേണ്ടതുകൊണ്ട് കറുത്ത വര്‍ഗക്കാരുടെ കഥാപാത്രങ്ങളായി വെളുത്തവരെ തന്നെ കറുപ്പു ചായം മുഖത്തു തേപ്പിച്ച് അവതരിപ്പിക്കുകയായിരുന്നു (വംശീയമിശ്രണവും `മലിനീകരണ'വും ഒഴിവാക്കാന്‍) ഗ്രിഫിത്ത് ചെയ്‌തത് എന്നതില്‍ നിന്ന് അദ്ദേഹത്തെ ഗ്രസിച്ചിരുന്ന വര്‍ണവെറിയും എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്നു മനസ്സിലാക്കാം. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രം ആരംഭിക്കുന്നത് ഇത്തരത്തിലുള്ള ചിന്തകളില്‍ നിന്നാണ്. കറുത്ത വര്‍ഗക്കാരൊഴിച്ച് എല്ലാ മനുഷ്യരും തുല്യരായി സൃഷ്‌ടിക്കപ്പെട്ടവരായിരുന്നു എന്നാണ് ആ രാഷ്‌ട്രത്തിന്റെ പിതാക്കളും പ്രപിതാക്കളും വിശ്വസിച്ചതും പ്രചരിപ്പിച്ചതും. ഈ സിനിമയിലെ ഏറ്റവും വിവാദജനകമായ രംഗം കാമാര്‍ത്തി പിടിച്ച കറുത്തവരാല്‍ വളയപ്പെട്ട വെള്ളക്കാരുടെ ഒരു കുടുംബം ഒരു മുറിയില്‍ കുടുങ്ങിയതും അവരെ രക്ഷിച്ചെടുക്കാനായി കൂ ക്ലക്‌സ് ക്ലാനുകാര്‍ നടത്തുന്ന ശ്രമത്തിന്റെയും ഉദ്വേഗജനകമായ സമാന്തരദൃശ്യങ്ങളാണ്. സിനിമയിറങ്ങിയ കാലത്ത്, മന്ദീഭവിച്ചു കിടന്നിരുന്ന കൂ ക്ലക്‌സ് ക്ലാനിന്റെ പ്രവര്‍ത്തനത്തിന് പ്രേരകോര്‍ജം പകര്‍ന്നത് ഈ രംഗമായിരുന്നത്രെ.
#fightfascism
Sunday, November 1, 2015
ഫാസിസവും സിനിമയും 3
ഹോളിവുഡ് അധിനിവേശം എന്ന പരോക്ഷഫാസിസം
മുതലാളിത്തത്തിന്റെ വ്യവസ്ഥാപനത്തോടനുബന്ധിച്ചാണ് സിനിമ എന്ന കലാരൂപം അഥവാ വ്യവസായരൂപം വികസിച്ചതും വ്യാപകമായതും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിന്റെയും മുതലാളിത്തത്തിന്റെ സവിശേഷതകള്‍ സിനിമാവ്യവസായത്തിന്റെ അടിസ്ഥാനശിലകള്‍ പാകി. സ്റ്റുഡിയോകള്‍,(കൊളമ്പിയ, ട്വന്റിയത്ത് സെഞ്ച്വറി ഫോക്‌സ്, യുണൈറ്റഡ് ആര്‍ടിസ്റ്റ്‌സ്, എംസിഎ/യുണിവേഴ്‌സല്‍, വാര്‍ണര്‍ ബ്രദേഴ്‌സ്, എംജിഎം, പാരമൗണ്ട്) വിതരണസംവിധാനം, പ്രദര്‍ശനസംവിധാനം, പരസ്യങ്ങള്‍, ലാഭം, മുതല്‍മുടക്ക് എന്നിവ സിനിമയുടെ വ്യാപനവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ കൊളോണിയല്‍ ശക്തിയായ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഹോളിവുഡ് സിനിമ നല്‍കിയ സാംസ്‌ക്കാരിക-രാഷ്‌ട്രീയ-സാമ്പത്തിക പിന്തുണ നിര്‍ണായകമാണ്. 1914ല്‍ ലോകചലച്ചിത്രപ്രേക്ഷകരില്‍ 85 ശതമാനവും അമേരിക്കന്‍ സിനിമകളാണ് കണ്ടിരുന്നത്. 1925ല്‍ അമേരിക്കന്‍ ചിത്രങ്ങളാണ് യുകെ, കാനഡ, അര്‍ജന്റീന, ആസ്‌ത്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലെ 90 ശതമാനം ബോക്‌സാഫീസ് വരുമാനവും ഫ്രാന്‍സ്, ബ്രസീല്‍, സ്‌കാന്‍ഡിനേവിയ എന്നീ രാജ്യങ്ങളിലെ 70 ശതമാനം ബോക്‌സാഫീസ് വരുമാനവും നേടിക്കൊടുത്തിരുന്നത്. ശബ്‌ദചിത്രങ്ങള്‍-ടാക്കീസ്- വന്നപ്പോള്‍ ഇതില്‍ കുറെ കുറവുണ്ടായിട്ടുണ്ട്, എന്നാല്‍ ഹോളിവുഡിന്റെ ആധിപത്യം ഒരുകാലത്തും ചോദ്യം ചെയ്യപ്പെട്ടതേ ഇല്ല. 1960ലെ കണക്കനുസരിച്ച്, അന്നത്തെ സോഷ്യലിസ്റ്റേതര രാജ്യങ്ങളിലെ പകുതി തിയറ്ററുകളും ഹോളിവുഡ് സിനിമകളാണ് കാണിച്ചിരുന്നത്. പരിഷ്‌ക്കാരം, ജനാധിപത്യം, സദാചാരം, സ്‌നേഹം, ലൈംഗികത, പ്രതികാരം, സംരക്ഷണം എന്നീ പ്രതിഭാസങ്ങളൊക്കെ അമേരിക്കന്‍ നീതി ബോധത്തിന്റെ അടിസ്ഥാനത്തില്‍ ലോകവ്യാപകമായി സ്ഥാപനവല്‍ക്കരിച്ചെടുക്കാന്‍ ഹോളിവുഡ് സിനിമ സഹായിച്ചു. ജെയിംസ് ബോണ്ട് സീരീസ്, റാംബോ-സില്‍വസ്റ്റര്‍ സ്റ്റാലന്‍, ഷ്വാര്‍സനെഗ്ഗര്‍-ട്രൂലൈസ്, ടെര്‍മിനേറ്റര്‍ എന്നീ ചിത്രങ്ങളൊക്കെ അമേരിക്കന്‍ അധീശത്വത്തെ ഉറപ്പിച്ചെടുക്കാന്‍ സഹായിച്ചു. ജൂറാസിക് പാര്‍ക്, ജോസ്, ഏലിയന്‍, ക്ലോസ് എന്‍കൗണ്ടേഴ്‌സ് ഓഫ് ദ തേര്‍ഡ് കൈന്റ്, ഇന്‍ഡിപെന്റന്‍സ് ഡേ, വാട്ടര്‍ വേള്‍ഡ്, ടൈറ്റാനിക്, സ്റ്റാര്‍ വാര്‍സ് എന്നിങ്ങനെ വ്യാപാരവിജയം നേടിയ ഹോളിവുഡ് ചിത്രങ്ങളൊക്കെ അമേരിക്കന്‍ അധീശത്വത്തിന്റെയും രക്ഷാകര്‍തൃത്വത്തിന്റെയും അപ്രമാദിത്വം തെളിയിക്കാനുള്ളതാണ്.
#fightfascism
Friday, October 30, 2015
ഫാസിസവും സിനിമയും 2
മനുഷ്യന്‍ കണ്ടു പിടിച്ച ഏറ്റവും വലിയ വിഡ്‌ഢിത്തമാണ് ജനാധിപത്യമെന്ന് മുസോളിനി വിശ്വസിച്ചിരുന്നു. അങ്ങനെയൊരു നിര്‍വ്വചനത്തോടെയാണ് ഫാസിസത്തെക്കുറിച്ചുള്ള ചര്‍ച്ച അദ്ദേഹം തുടങ്ങിയത്. അധികാരങ്ങളെല്ലാം ഒരാളില്‍ കേന്ദ്രീകരിക്കുന്ന ഫാസിസത്തിന് ഒരിക്കലും പിഴവു പറ്റില്ലെന്ന് മുസോളിനി പറഞ്ഞു. എന്നാല്‍, ഏതു മനുഷ്യനും തെറ്റു സംഭവിക്കാമെന്ന ചിന്തയാണ് ജനാധിപത്യത്തിന്റേത്. ഫാസിസം ഇത് അംഗീകരിക്കുന്നില്ല. രാഷ്ട്രീയത്തിലെന്ന പോലെ ഭാഷയിലും ജീവിതത്തിന്റെ സമസ്‌ത മേഖലയിലും ഫാസിസം സ്വാധീനിക്കുന്നു. അത് ആകര്‍ഷകമായ ഒരു തത്വമാണെന്ന് പലര്‍ക്കും തോന്നിപ്പോവുന്നു. നമ്മുടെ ജനാധിപത്യസമൂഹത്തില്‍ ഫാസിസം നുഴഞ്ഞു കയറി പ്രതിഷ്‌ഠിക്കപ്പെടുകയാണ്. അതിനെയെല്ലാം നമ്മള്‍ നിശബ്ദമായി അംഗീകരിച്ചു കൊണ്ടിരിക്കുന്നു. എപ്പോഴും കാതുകളടയ്‌ക്കുകയും ചുണ്ടുകള്‍ നിശബ്‌ദമാവുകയും നിര്‍ദ്ദേശങ്ങള്‍ക്കു മാത്രം കാതോര്‍ക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാക്കാന്‍ മനുഷ്യരെ മൂകരാക്കണമെന്ന് ഫാസിസം തിരിച്ചറിയുന്നു. വിദ്യാഭ്യാസം, ചരിത്രം, സംസ്‌കാരം, തത്വചിന്ത, നീതിവ്യവസ്ഥ, ദേശീയത, വിശ്വാസങ്ങള്‍, കല, സംസ്‌കാരം, മാധ്യമങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും ഫാസിസം സ്വാധീനമുറപ്പിക്കുന്നു. തീര്‍ച്ചയായും ഇരുപതാം നൂറ്റാണ്ടിനെ ചലിക്കുന്ന നൂറ്റാണ്ടായി ചരിത്രത്തിലടയാളപ്പെടുത്തിയ സിനിമയിലും ഫാസിസത്തിന്റെ കയ്യേറ്റങ്ങള്‍ സ്‌പഷ്‌ടമാണ്.
#fightfascism
Wednesday, October 28, 2015
ഫാസിസവും സിനിമയും 1
ഒരു ഭരണകൂടത്തിന് സിനിമയെ സ്വതന്ത്രമായി വിടാന്‍ അനുവദിക്കാനാവില്ല - ഗീബല്‍സ്
ഗൊദാര്‍ദിന്റെ സുപ്രസിദ്ധമായ വാരാന്ത്യ(വീക്കെന്റ്)ത്തില്‍, മുഖ്യ കഥാപാത്രങ്ങളായ കമിതാക്കള്‍ പാരീസ് നഗരത്തില്‍ നിന്ന് കുറെയധികം ദൂരെയെത്തിക്കഴിഞ്ഞപ്പോള്‍ ഇനി നാം മൂന്നാം ലോകത്തേക്ക് പ്രവേശിക്കുന്നു എന്ന് ടൈറ്റില്‍ കാര്‍ഡില്‍ തെളിയുന്നു.
ഇതു പോലെ ഇനി നാം ഫാസിസത്തിലേക്ക് കടക്കുന്നു എന്ന ടൈറ്റില്‍ കാര്‍ഡിന് കാത്തിരിക്കുകയാണ്, പല പുരോഗമന-ജനാധിപത്യ-മതനിരപേക്ഷ ശുദ്ധഗതിക്കാരും. അവര്‍ക്ക് മികച്ച കാത്തിരിപ്പു പുരകള്‍ ആശംസിക്കുന്നു. ക്ലാസിക്കല്‍ യൂറോപ്യന്‍ ആണോ, നവനാസി ഗുണ്ടായിസമാണോ, സ്വദേശി ആണോ, കോര്‍പ്പററ്റോക്രസി ആണോ എന്ന വേര്‍തിരിവുകളുമായുള്ള മല്‍പ്പിടുത്തങ്ങളും നടക്കട്ടെ. സിനിമയെക്കുറിച്ച് വിവരിച്ചുകൊണ്ട് ഫാസിസത്തെക്കുറിച്ച് ആലോചിക്കുകയും, ഫാസിസത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് സിനിമയെക്കുറിച്ച് ആലോചിക്കുകയും ചെയ്യുക എന്ന പരീക്ഷണം മാത്രമായി ഈ ലേഖനത്തെ ചുരുക്കിക്കാണുക.
#fightfascism
Tuesday, October 13, 2015
താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 17
വലയില്‍ കുടുങ്ങിയവര്‍(കോട്ട് ഇന്‍ ദ വെബ്/ചെന്‍ കൈഗെ), ആധുനിക ചൈനയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിലും ടെലിവിഷനിലും കുടുങ്ങിയ ജനങ്ങളുടെ സങ്കീര്‍ണമായ നഗരജീവിതമാണ് ഇതിവൃത്തമാകുന്നത്. താന്‍ ക്യാന്‍സര്‍ ബാധിതയാണ് എന്നറിയുന്ന കമ്പനി സെക്രട്ടറിയായ യുവതി, പബ്ലിക് ബസില്‍ തികഞ്ഞ അസ്വസ്ഥതയോടെയാണ് യാത്ര ചെയ്യുന്നത്. വൃദ്ധനായ യാത്രക്കാരന് സീറ്റൊഴിഞ്ഞു കൊടുക്കാത്തതിന്റെ പേരില്‍ അവളും കണ്ടക്‌ടറും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെടുന്നു. തികച്ചും നിസ്സാരമായ ഈ സംഭവം മൊബൈല്‍ ഫോണില്‍ രഹസ്യമായി ചിത്രീകരിക്കുന്ന ചാനല്‍ ട്രെയിനിയായ പെണ്‍കുട്ടി, പൊടിപ്പും തൊങ്ങലും വെച്ച് ബ്രേക്കിംഗ് ന്യൂസായി തട്ടിവിടുന്നു. സോസോ എന്ന ചൈനീസ് സോഷ്യല്‍ നെറ്റ് വര്‍ക്കിലും ഇത് വൈറലാകുന്നു. (ഫേസ്‌ബുക്ക് ചൈനയില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്). ലൈക്കുകളും കമന്റുകളും കൃത്രിമമായ വരയലുകളും മറ്റുമായി നായികയുടെ ജീവിതം തന്നെ അപ്രസക്തമാകുന്നു. കമ്പനി ഉടമയുമായി അവള്‍ക്ക് രഹസ്യബന്ധമുണ്ടെന്ന ഗോസിപ്പും പ്രചരിക്കുന്നതോടെ അദ്ദേഹത്തിന്റെ കുടുംബജീവിതവും താറുമാറാകുന്നു. കഥ പിന്നീട് സങ്കീര്‍ണമാകുന്നത്, ചാനലില്‍ ഇത് റിപ്പോര്‍ട് ചെയ്‌ത് കുളമാക്കിയ പെണ്‍കുട്ടിയുടെ ജീവിതത്തെയും ഇത് ബാധിക്കുന്നതോടെയാണ്. ലാഭക്കൊതിയോടെ, മാധ്യമങ്ങളെ അഭൂതപൂര്‍വമായ തരത്തില്‍ ദുരുപയോഗം ചെയ്യുന്ന ആധുനിക രീതിയെ കടന്നാക്രമിക്കുന്ന സിനിമയാണിത്.
Monday, September 28, 2015
താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 16
ജിയോണ്‍ സൂ ഇല്‍ എന്ന തെക്കന്‍ കൊറിയന്‍ സംവിധായകന്റെ റെട്രോവില്‍, കറുത്ത മണ്ണിലെ പെണ്‍കുട്ടിയോടൊപ്പം(വിത്ത് ദ ഗേള്‍ ഓഫ് ദ ബ്ലാക്ക് സോയില്‍) എന്ന ചിത്രത്തില്‍ മുന്‍ ഖനിത്തൊഴിലാളിയായ നായകനെ സ്വന്തം മകള്‍ തന്നെ എലിവിഷം കൊടുത്ത് കൊല്ലുന്ന ദാരുണമായ കഥയാണുള്ളത്. മന്ദബുദ്ധിയായ സഹോദരനെയും തന്നെയും സംരക്ഷിക്കാതെ മദ്യത്തിനടിമയായിത്തീരുകയാണ്, ന്യൂമോണിയോസിസ് ബാധിച്ചതിനെ തുടര്‍ന്ന് ഖനിയില്‍ ജോലി ചെയ്യാനാകാതെ പിരിയേണ്ടി വരുന്ന അഛന്‍ എന്നു തിരിച്ചറിയുമ്പോഴാണ് അവള്‍ക്ക് ആ കടുംകൈ ചെയ്യേണ്ടിവരുന്നത്.
Friday, September 25, 2015
താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 15
നിഷധിക്കപ്പെടുന്ന പ്രണയം എന്തൊക്കെ മാരകമായ വിനാശങ്ങളിലേക്കാണ് ചെന്നെത്തുക എന്നതിന്റെ ആഖ്യാനമാണ് കൊച്ചു ഇംഗ്ലണ്ട്(ലിറ്റില്‍ ഇംഗ്ലണ്ട്/ഗ്രീസ്). പന്തേലിസ് വോള്‍ഗാരിസ് ആണ് സംവിധായകന്‍. മായികമായ ഒരു കൊച്ചു രാജ്യമായി തോന്നിപ്പിക്കുന്ന ദ്വീപിലെ ജനസംഖ്യ തീരെ കുറവാണ്. കപ്പലുകളും അവയുടെ കപ്പിത്താന്മാരും മറ്റു ജീവനക്കാരും അവരുടെ വീരകഥകളും ത്യാഗങ്ങളും വിരഹങ്ങളും വേദനകളും സമാഗമങ്ങളുമാണ് ദ്വീപിന്റെ ജീവിതത്തെ ചടുലമാക്കുന്നതും വിരസമാക്കുന്നതും. ഇരുപതുകാരിയായ ഓര്‍സ, നേവി ലെഫ്‌റ്റനന്റായ സ്‌പീറോസുമായുള്ള പ്രണയം രഹസ്യമാക്കി വെക്കുന്നു. എന്നാല്‍, സ്‌പീറോസിന്റെ പിതാവ് നടത്തുന്ന വിവാഹാഭ്യര്‍ത്ഥന അവര്‍ ദരിദ്രരാണെന്നതിനാല്‍, ഓര്‍സയുടെ അമ്മ മീന നിരസിക്കുന്നു. പ്രണയം എന്നാല്‍ കുഴപ്പങ്ങളും വേദനയുമാണെന്നതാണ് മീനയുടെ സിദ്ധാന്തം. മറ്റൊരു കപ്പിത്താനെ വിവാഹം കഴിക്കുന്ന ഓര്‍സ രണ്ടോ മൂന്നോ കുട്ടികളെ പ്രസവിക്കുന്നുണ്ട്. സ്വപ്‌ന ജീവി പോലെ പെരുമാറുന്ന മോഷ എന്ന ഓര്‍സയുടെ അനിയത്തിയെ പക്ഷെ, ഇതിനകം പണക്കാരനായി മാറിക്കഴിഞ്ഞിരുന്ന സ്‌പീറോസ് വിവാഹം കഴിക്കുന്നു. തന്റെ വീട്ടില്‍ തന്നെ അതും തന്റെ മുറിയുടെ തൊട്ടുമുകളിലത്തെ മുറിയില്‍ സ്‌പീറോസുമൊത്തുള്ള മോഷയുടെ ജീവിതം ഓര്‍സയില്‍ അസ്വസ്ഥത നിറക്കുന്നു. ഒറ്റപ്പലക കൊണ്ടുള്ള തട്ടായതിനാല്‍, അവരുടെ രതികേളികളും സംസാരങ്ങളും മുഴുവന്‍ താഴെക്ക് തടസ്സമില്ലാതെ മുഴക്കത്തോടെ എത്തുന്നു. ചിലരുടെ ആസക്തികളും ആനന്ദങ്ങളും മറ്റൊരാള്‍ക്ക് പ്രാണവേദനയായി സംക്രമിക്കുന്നു. പിന്നീട് സ്‌പീറോസ് മരണപ്പെട്ട വാര്‍ത്ത എത്തുമ്പോഴാണ് എല്ലാം തകിടം മറിയുന്നത്. വിധവയെപ്പോലെ കറുത്ത വസ്‌ത്രം അണിഞ്ഞ് കടുത്ത ദു;ഖത്തിലാവുന്ന ഓര്‍സയുടെ പെരുമാറ്റത്തില്‍ നിന്ന് മോഷക്ക് കഥ മുഴുവന്‍ പിടി കിട്ടുന്നു. അവര്‍ തമ്മില്‍ അകലുന്നു എന്നു മാത്രമല്ല, പരസ്‌പരം സംസാരിക്കുന്നതു പോലുമില്ല. കാറും കോളും നിറഞ്ഞ കടലിന്റെ അവസ്ഥാന്തരങ്ങളും കൂറ്റന്‍ തിരമാലകളും ദ്വീപുനിവാസികളുടെ പ്രത്യേകിച്ച് ഓര്‍സയുടെയും മോഷയുടെയും ജീവിതത്തിന്റെ പ്രതീകങ്ങളായി പരിണമിക്കുന്നു.
Thursday, September 24, 2015
താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 14
ഭാര്യയോടും കുടുംബത്തോടും വിശ്വാസ്യത പുലര്‍ത്താത്ത മറ്റൊരു നായകനെ താഴെ നദിയില്‍ (ഡൗണ്‍ ദ റിവര്‍/അസര്‍ബൈജാന്‍) എന്ന ആസിഫ് റുസ്‌തമോവ് സംവിധാനം ചെയ്‌ത ആദ്യ ഫീച്ചറിലും കാണാം. വഞ്ചി തുഴച്ചില്‍ (റോവിംഗ്) പരിശീലകനായ അലിയാണിയാള്‍. തന്റെ ഏക മകന്‍ റുസ്ലാനും അയാള്‍ പരിശീലിപ്പിക്കുന്ന ടീമിലുണ്ട്. റുസ്ലാന്റെ പ്രകടനം ഒരു കണക്കിനും മികച്ച രീതിയിലല്ലാത്തതിനാല്‍ അവനെ കടുത്ത തോതിലാണ് ബാപ്പ ശകാരിക്കുന്നത്. സംഘാംഗങ്ങളുടെ ഇടയില്‍ വെച്ച് തന്നെ ബാപ്പ(ഡാഡ്) എന്നു വിളിക്കരുതെന്നു വരെ അലി അവനെ ചീത്ത പറയുന്നുണ്ട്. അവന്റെ ഉമ്മ ലൈലക്കാണെങ്കില്‍ അവനെ ജീവനാണു താനും. അലിയാകട്ടെ ആശ്വാസം തേടി പോകുന്നത് നീന്തല്‍ പരിശീലക കൂടിയായ കാമുകി സാഷയുടെ പക്കലാണ്. രാജ്യാന്തര മത്സരവേദിയില്‍ വെച്ച് അവസാന നിമിഷത്തില്‍ റുസ്ലാനെ മാറ്റി അലി ഇബ്രാനോവിനെ ഉള്‍പ്പെടുത്തുന്നു. അവന്റെ കൂടി പ്രകടനത്തിന്റെ വെളിച്ചത്തില്‍ അസര്‍ബൈജാന്‍ ടീം വിജയിക്കുന്നു. എന്നാലതിനിടെ റുസ്ലാന്‍ അപ്രത്യക്ഷനാകുന്നു. അവനെ തേടിയുള്ള അലച്ചിലുകളാണ് പിന്നെ സിനിമ മുഴുവനും. മകന്‍ നഷ്‌ടപ്പെട്ട സ്ഥിതിക്ക് സ്‌നേഹമില്ലാത്ത ഭാര്യയെ ഉപേക്ഷിച്ച് തന്റെ കൂടെ അമേരിക്കക്ക് പോകുവാന്‍ സാഷ അലിയെ പ്രലോഭിപ്പിക്കുന്നുണ്ടെങ്കിലും ഒന്നും ശരിയാവുന്നില്ല. അടുത്തുള്ളവരുടെയും വിവാഹബന്ധത്തില്‍ യോജിപ്പിക്കപ്പെട്ടവരുടെയും രക്തബന്ധത്തില്‍ പിറന്നവരുടെയും സ്‌നേഹവും പ്രണയവും പ്രാധാന്യവും ബോധ്യപ്പെടാതെ അക്കരപ്പച്ചകള്‍ തേടുന്നവരുടെ വിനാശത്തെയാണ് ചിത്രം ഉയര്‍ത്തിപ്പിടിക്കുന്നത്.
Monday, September 21, 2015
താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 13
തുര്‍ക്കിയിലെ മഞ്ഞുമൂടിക്കിടക്കുന്നതും മലനിരകളാലും ഗര്‍ത്തങ്ങളാലും ചുറ്റപ്പെട്ടതുമായ എര്‍സിങ്കാന്‍ എന്ന ചെറുപട്ടണത്തിലുള്ള കൂറ്റന്‍ അറവുശാലയിലെ തൊഴിലാളിയും പട്ടണത്തിന്റെ തൊട്ടടുത്തുള്ള ഗ്രാമത്തിലെ താമസക്കാരനുമായ ഇസ്‌മയില്‍ ആണ് ആട്(ദ ലാംബ്/തുര്‍ക്കി, ജര്‍മനി) എന്ന കുത്‌ലുഗ് അത്തമാന്‍ സംവിധാനം ചെയ്‌ത സിനിമയിലെ നായകന്‍. ഭാര്യയും മകളും മകനുമാണ് അയാളുടെ കുടുംബത്തിലുള്ളത്. കുടുംബം മര്യാദക്ക് നോക്കി നടത്താനോ കുടുംബാംഗങ്ങള്‍ക്ക് സന്തോഷം പകരാനോ സാധിക്കാത്ത പരാജിതനും നൈരാശ്യം ബാധിച്ചവനുമാണിയാള്‍. മെര്‍ത്ത് എന്നാണ് അയാളുടെ മകന്റെ പേര്. അവന്റെ സുന്നത്ത് യഥാവിധി കഴിക്കുന്നുണ്ടെങ്കിലും അതിനോടനുബന്ധിച്ച് ഗ്രാമവാസികള്‍ക്ക് നല്‍കേണ്ട വിരുന്ന് കൊടുക്കാതെ ഒഴിഞ്ഞു മാറി നടക്കുകയാണ് ഇസ്‌മയില്‍. പടുവൃദ്ധനായ ആട്ടിടയന്റെ സമീപത്തു ചെന്ന് അയാളും ഭാര്യ മെദീനും മകന്‍ മെര്‍ത്ത് തന്നെയും അറുക്കാനായി ആടിനെ ചോദിക്കുന്നുണ്ടെങ്കിലും വിലയായി പണം നല്‍കാതെ ആടിനെ കൊടുക്കാന്‍ ആട്ടിടയന്‍ തയ്യാറാവുന്നില്ല. മെര്‍ത്തിന്റെ കുസൃതിക്കാരിയായ ചേച്ചി, ഇതിനിടയില്‍ പ്രകോപനപരമായ കാര്യങ്ങള്‍ പറഞ്ഞ് അവനെ പേടിപ്പിക്കുന്നുമുണ്ട്. ഓമനത്തം നിറഞ്ഞ അവനെ അമ്മയടക്കം എല്ലാവരും ആട്ടിന്‍ കുട്ടി എന്നാണ് വിളിക്കാറ്. ഇതു കാണിച്ച്, ആടിനെ കിട്ടിയില്ലെങ്കില്‍ നിന്നെയായിരിക്കും അറുത്ത് ബിരിയാണി വെക്കുക എന്ന് അവള്‍ അവനെ പേടിപ്പിക്കുന്നു. അവനാണെങ്കില്‍ അത് വിശ്വസിക്കുകയും ചെയ്യുന്നു. തന്റെ ബലി ഒഴിവാക്കാന്‍ പഠിച്ച പണി പലതും അവന്‍ നോക്കുന്നുണ്ടെങ്കിലും അതൊന്നും എശുന്നില്ല. ഇസ്‌മയിലിന്റെ അമ്മായിയമ്മയുടെ സഹായം അവരുടെ മകള്‍ തന്നെ നിഷേധിക്കുന്നു. ശമ്പളം കിട്ടിയ ദിവസം കുട്ടികള്‍ക്ക് പുത്തനുടുപ്പുകള്‍ വാങ്ങാനായി വഴിയില്‍ കാത്തുനിന്ന മെദീനെ കണക്കാക്കാതെ, നഗരത്തില്‍ പുതുതായി എത്തിയ ഗായികയായ വേശ്യയെ പ്രാപിക്കാനാണ് ഇസ്‌മയില്‍ തുനിയുന്നത്. അവന്റെ സമ്പാദ്യമെല്ലാം അവളുടെ പക്കലെത്തുന്നു. അവസാനം, മെദീനും മക്കളും നടത്തുന്ന ദയനീയമായ അഭ്യര്‍ത്ഥനയെതുടര്‍ന്ന് വേശ്യയുടെ സഹായത്തോടെ മികച്ച തോതില്‍ വിരുന്നൊരുക്കി മെദീന്‍ കുടുംബത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കുന്നു. വേശ്യയുടെ ജീവകാരുണ്യപ്രവര്‍ത്തനം ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ സദാചാരം ഉടയുമോ എന്നറിയില്ല. ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്‌കിയുടെ ത്രീ കളേഴ്‌സ് ബ്ലൂവില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും ജീവനെടുത്ത കാറപകടത്തെ തുടര്‍ന്ന് ജീവിതം നരകതുല്യമായ നായികക്ക് ജീവശ്വാസം പകര്‍ന്നു നല്‍കുന്നതും ഒരു വ്യഭിചാരിണിയാണ്.
Saturday, September 19, 2015
താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 12
പാബ്ലോ സീസര്‍ സംവിധാനം ചെയ്‌ത ജലദൈവങ്ങള്‍(ദ ഗോഡ്‌സ് ഓഫ് വാട്ടര്‍/അര്‍ജന്റീന, അംഗോള, എത്യോപ്യ), ഇന്ത്യയെ സംബന്ധിച്ചെന്നതു പോലെ ആഫ്രിക്കയെ സംബന്ധിച്ചും പാശ്ചാത്യ ആഖ്യാനത്തിലൂടെ വീണ്ടും വീണ്ടും സ്ഥിരീകരിക്കപ്പെടുന്ന, നിഗൂഢവും വന്യവും പ്രാകൃതവുമായ വിശ്വാസ-ജീവിത പ്രയോഗ പാരമ്പര്യത്തെ പുനര്‍ നിര്‍മിക്കുന്ന ഒരു പാഴ് സൃഷ്‌ടിയാണ്. ഹെര്‍മെസ് എന്ന അര്‍ജന്റീനക്കാരനായ നരവംശശാസ്‌ത്രജ്ഞന്‍ ഡോഗോണ്‍, ചോക്‌വെ എന്നീ പ്രാകൃത അന്ധവിശ്വാസങ്ങളെ പിന്‍പറ്റി ഗവേഷണം നടത്തിവരുന്ന പ്രൊഫസറാണ്. ഈ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു നാടകം രൂപപ്പെടുത്തിവരുകയാണദ്ദേഹം. മിത്തുകളും ഇതിഹാസപുരാണങ്ങളും പഴംകാലത്തെ ശാസ്‌ത്ര പഠനങ്ങളും ലോകോത്‌പത്തിയെ സംബന്ധിച്ചും മനുഷ്യപരിണാമത്തെ സംബന്ധിച്ചുമുള്ള കണ്ടെത്തലുകളുടെ നിറം പിടിപ്പിച്ച ആഖ്യാനങ്ങളായി വിവരിക്കാനും വിശദീകരിക്കാനുമാണ് ഹെര്‍മെസിന്റെ ഉദ്യമം. ഇന്ത്യയില്‍ അടുത്ത കാലത്തായി ഔദ്യോഗികവത്‌ക്കരിക്കപ്പെടുന്ന, പ്രാചീനമായ ഭാവനകള്‍ മാത്രമാണ് പുതിയ കണ്ടുപിടുത്തങ്ങളുടെ പശ്ചാത്തലം എന്ന മാരകമായ കല്‍പനകളെ സമാന്തരമായി പിന്തുടരുന്ന ഇതിവൃത്തമെന്ന നിലക്കുകൂടിയാണ് ഈ ചിത്രം പാരായണം ചെയ്യപ്പെട്ടത് ഗോവയില്‍ എത്തിയ പാബ്ലോ സീസര്‍, ഇന്ത്യയിലെ പൗരാണികതയെ സംബന്ധിച്ച പൊതുബോധ വ്യാഖ്യാനങ്ങളില്‍ താന്‍ ആകൃഷ്‌ടനാണെന്ന് പറയുകയുമുണ്ടായി. ബ്യൂണസ് അയേഴ്‌സില്‍ ഗവേഷണത്തിനായി എത്തുന്ന മുന്‍ അടിമ കൂടിയായ ഓക്കോയുടെയും തന്റെ നാടകത്തിലെ നടിയായ ഏയ്‌ലന്റെയും എസ്‌തബാന്‍ എന്ന വൃദ്ധനും രോഗിയുമായ ഗവേഷകന്റെയും കൂടി സഹായത്തോടെ അംഗോളയിലേക്ക് യാത്രയാകുന്ന ഹെര്‍മെസിനുണ്ടാകുന്ന വിചിത്രാനുഭവങ്ങളാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്.
Friday, September 18, 2015
താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 11
റേസ മിര്‍ക്കാരിമി സംവിധാനം ചെയ്‌ത ഇന്ന് (എമ്‌റോസ്/ഇറാന്‍), മനുഷ്യബന്ധങ്ങളെ സംബന്ധിച്ചെന്നതു പോലെ, മനുഷ്യത്വത്തെക്കുറിച്ചുമുള്ള ഒരു പരിശോധനയാണ്. മധ്യവയസ്സു പിന്നിട്ട ടാക്‌സി ഡ്രൈവറായ യൂനെസിന്റെ കാറില്‍ യാദൃഛികമായി കയറുന്ന നിറഗര്‍ഭിണിയും പരുക്കുകളേറ്റവളും ഏറെ നിഗൂഢതകള്‍ നിലനിര്‍ത്തുന്നവളുമായ സെദിയയുടെ പരിചരണം അയാള്‍ ഏറ്റെടുക്കുന്നത് അപൂര്‍വമായ മനുഷ്യത്വപ്രകടനമായി പരിണമിക്കുന്നു. അവളെ അഡ്‌മിറ്റ് ചെയ്യുന്ന ആശുപത്രിയിലെ സീനിയര്‍ നഴ്‌സ് ഇത്തരം സഹതാപപ്രകടനങ്ങളിലൊന്നും യാതൊരു അര്‍ത്ഥവുമില്ലെന്ന ഗൗരവമുള്ള ജീവിത പാഠം അയാളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ വിട്ടുകൊടുക്കുന്നില്ല. അമ്മയെ രക്ഷിക്കാനാവുന്നില്ലെങ്കിലും കുട്ടിയെയും മോഷ്‌ടിച്ച് തന്റെ അനപത്യതാ ദു:ഖത്തെ നിയമലംഘനത്തിലൂടെ പരിഹരിക്കുന്ന അയാളുടെ നിര്‍വികാരത മുറ്റിനില്‍ക്കുന്ന മുഖപടം ഓര്‍മ്മയില്‍ നിന്ന് മായുക തന്നെയില്ല.
Thursday, September 17, 2015
താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 10
മത്തിയാസ് ലുക്കേസി സംവിധാനം ചെയ്‌ത പ്രകൃതിശാസ്‌ത്രങ്ങള്‍(സിയെന്‍സിയാസ് നാച്ചുറാലെസ്/അര്‍ജന്റീന, ഫ്രാന്‍സ്), അജ്ഞാതനായി തുടരുന്ന പിതാവിനെ അന്വേഷിച്ച് ലീല എന്ന പന്ത്രണ്ടു വയസ്സുകാരി, വിദ്യാലയ/കുടുംബ നിയമങ്ങളെ ലംഘിച്ചുകൊണ്ട് നടത്തുന്ന ഒളിച്ചോട്ടവും അതിന് ജിറേന എന്ന അധ്യാപിക നല്‍കുന്ന സാന്ത്വനവും പിന്തുണയുമാണ് പ്രതിപാദിക്കുന്നത്. പിതൃത്വത്തെക്കുറിച്ചുള്ള പ്രാകൃതവും വ്യവസ്ഥാപിതവുമായ കുടുംബ/സദാചാര ചക്രത്തില്‍ നിന്ന് അവള്‍ (അവളോടൊപ്പം കാണികളായ നമ്മളും) വിമോചിതയാകുകയും അധ്യാപനം/സ്‌നേഹം/പരസ്‌പരം മനസ്സിലാക്കല്‍ എന്ന ആധുനികകാലത്ത് സമാധാനം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായ മനോഭാവത്തിലേക്ക് സംക്രമിക്കുകയും ചെയ്യുന്ന അപൂര്‍വമായ പരിണാമമാണ് ഈ സിനിമയെ ശ്രദ്ധേയമാക്കിയത്. ബെര്‍ലിന്‍ മേളയില്‍ ജെനറേഷന്‍ കെ പ്ലസ് വിഭാഗത്തില്‍ ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം നാച്ചുറല്‍ സയന്‍സസിനാണ് ലഭിച്ചത്.
Wednesday, September 16, 2015
താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 9
ദൈവങ്ങളുമായുള്ള സംഭാഷണങ്ങള്‍(വേര്‍ഡ്‌സ് വിത്ത് ഗോഡ്‌സ്/മെക്‌സിക്കോ) ഒമ്പതു സംവിധായകര്‍, വിവിധ ലോകമതങ്ങളെയും സംസ്‌ക്കാരവുമായുള്ള അവയുടെ ബന്ധങ്ങളെയും സംബന്ധിച്ചെടുത്ത ചിത്രങ്ങളുടെ ഒരു സംഘാതമാണ്. ഗില്ലെര്‍മോ അറിയാഗ(മെക്‌സിക്കോ), ഹെക്‌ടര്‍ ബാബെങ്കോ(അര്‍ജന്റീന), അലെക്‌സ് ദെ ലാ ഇഗ്ലേസ്യ(സ്‌പെയിന്‍), ബഹ്‌മാന്‍ ഗോബാദി(കുര്‍ദിസ്ഥാന്‍/ഇറാന്‍), അമോസ് ഗിത്തായ്(ഇസ്രയേല്‍), എമിര്‍ കുസ്‌തറിക്ക(സെര്‍ബിയ), മീരാ നയ്യാര്‍(ഇന്ത്യ), ഹിദേക്കോ നക്കാത്ത (ജപ്പാന്‍), വാര്‍വിക്ക് തോര്‍ണ്‌ടന്‍(ആസ്‌ത്രേലിയ)എന്നിവരാണ് സംവിധായകര്‍. നാസ്‌തിക മതത്തെക്കുറിച്ചുള്ള അറിയാഗയുടെയും ഇസ്ലാമിനെക്കുറിച്ചുള്ള ഗോബാദിയുടെയും യഹൂദമതത്തെക്കുറിച്ചുള്ള അമോസ് ഗിത്തായിയുടെയും ഖണ്‌ഡങ്ങള്‍ മികവു പുലര്‍ത്തിയപ്പോള്‍ ഹിന്ദു/ഇന്ത്യന്‍ മതത്തെക്കുറിച്ചുള്ള മീരാ നയ്യാറുടെതടക്കം മറ്റു പലതും ശരാശരിയായിരുന്നു.
Tuesday, September 15, 2015
താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 8
മൈക്കിള്‍ ജാക്‌സന്റെ സ്‌മാരകം(മോണുമെന്റ് ടു മൈക്കിള്‍ ജാക്‌സണ്‍/സെര്‍ബിയ, ജര്‍മനി, മസെഡോണിയ, ക്രൊയേഷ്യ), കാര്യമായ ജീവിതചലനങ്ങളില്ലാതെ മുരടിച്ചു നില്‍ക്കുന്ന സെര്‍ബിയയിലെ ഒരു കൊച്ചു പട്ടണത്തിന്റെ കഥയാണ്. ദാര്‍ക്കോ ലുംഗുലോവ് ആണ് സംവിധായകന്‍. യുഗോസ്ലാവിയയിലെ കമ്യൂണിസ്റ്റ് ഭരണം അവസാനിച്ചതിനെ തുടര്‍ന്ന്, ഈ പട്ടണത്തിലെ മുഖ്യ സ്‌ക്വയറിലുണ്ടായിരുന്ന, അധ്വാനത്തെ പ്രതീകവത്‌ക്കരിക്കുന്ന ഒരു സ്‌മാരകശില്‍പം എടുത്തു മാറ്റുന്നു. പുതിയ ശില്‍പങ്ങളൊന്നുമില്ലാതെ ഒഴിഞ്ഞു നില്‍ക്കുന്ന തട്ടിന്മേല്‍, അപ്പോള്‍ ലോക പര്യടനം ആരംഭിക്കാനിരിക്കുന്ന മൈക്കിള്‍ ജാക്‌സന്റെ ഒരു പ്രതിമ സ്ഥാപിക്കുന്നത് നന്നായിരിക്കും എന്ന് അവിടെ ക്ഷുരകാലയം നടത്തുന്ന മാര്‍ക്കോ, നഗരജനസഭയില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നു. വിഡ്‌ഢിത്തം എന്നു പറഞ്ഞ് നഗരാധ്യക്ഷന്‍ അത് അപ്പോള്‍ തന്നെ തള്ളിക്കളയുന്നു. പുന:സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്ന ജനാധിപത്യത്തിന്റെ പുതിയ കാലത്ത്, വിനോദ സഞ്ചാരവും അതു വഴി വാണിജ്യ-സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ടാണ് താന്‍ ഈ അഭിപ്രായം മുന്നോട്ടു വെക്കുന്നതെന്ന് മാര്‍ക്കോ തുടരുന്നുണ്ടെങ്കിലും അയാളെ തുടര്‍ന്ന് സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ല. സത്യത്തില്‍, പിരിഞ്ഞു താമസിക്കുന്ന പബ് നടത്തിപ്പുകാരിയായ തന്റെ ഭാര്യ ലുബിങ്കയുമായുള്ള ദാമ്പത്യജീവിതം വീണ്ടും ആരംഭിക്കാന്‍ വേണ്ടി മാര്‍ക്കോ ആവിഷ്‌ക്കരിച്ച ഒരു പകല്‍സ്വപ്‌നം മാത്രമായിരുന്നു അത്. മറ്റു ചിലരുടെ പിന്തുണ ലഭിക്കുന്നതോടെ ഈ ആശയം പ്രാവര്‍ത്തികമാകുന്നുണ്ടെങ്കിലും, പരിശുദ്ധ സെര്‍ബിയ എന്ന അമിത ദേശീയവാദികളായ ഭ്രാന്തന്മാരുടെ ആക്രമണത്തെ തുടര്‍ന്ന് എല്ലാം തകിടം മറിയുന്നു.
Monday, September 14, 2015
താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 7
ഹിഷാം സമാന്‍ സംവിധാനം ചെയ്‌ത രാജാവിനുള്ള കത്തും(ലെറ്റര്‍ ടു ദ കിംഗ്/നോര്‍വെ, യു എ ഇ) അഭയാര്‍ത്ഥികളുടെ വേദനയാണ് ആവിഷ്‌ക്കരിക്കുന്നത്. സമൂഹത്തിന്റെ അരികുകളില്‍ ജീവിക്കുന്ന അഞ്ചു അഭയാര്‍ത്ഥികള്‍ ഓസ്‌ലോ നഗരത്തിലേക്ക് ഒരു പകല്‍ നടത്തുന്ന യാത്രയാണ് പ്രതിപാദ്യം. ഭൂതകാലത്തിലെ ചില പിഴവുകളെ തിരുത്താനും ഭാവിയെ കൂടുതല്‍ നീതിമത്‌ക്കരിക്കാനുമുള്ള ഒരു പരിശ്രമമായിട്ടാണ് വ്യത്യസ്‌ത ചരിത്രങ്ങള്‍ പേറുന്ന അവരഞ്ചുപേരും ആ പകലിനെ വിനിയോഗിക്കുന്നത്. എണ്‍പത്തിമൂന്നുകാരനായ മിര്‍സ, രാജാവിനുള്ള ഒരു കത്തുമായിട്ടാണ് എത്തുന്നത്. മറ്റൊരുവളാകട്ടെ, തന്റെ ജീവിതസഖാവിനെ ചതിയിലൂടെ കൊലപ്പെടുത്തിയ സഹപ്രവര്‍ത്തകനെ വധിക്കുന്നു. കരാട്ടേപ്രിയനായ മൂന്നാമന്‍, കരാട്ടെ പരിശീലനക്ലാസില്‍ നിന്ന് പുറത്താക്കപ്പെടുന്നു. അങ്ങിനെ വിവിധ കഥകള്‍ ബന്ധമില്ലാതെയും ബന്ധമുണ്ടാക്കിയും നിറയുന്ന സിനിമയാണിത്.
Sunday, September 13, 2015
താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 6
അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ തന്നെ ജോലിയില്‍ നിന്ന് വിരമിച്ചതിനു ശേഷമോ ജോലി നഷ്‌ടപ്പെട്ടതിനു ശേഷമോ അതേ അതിര്‍ത്തിയിലൂടെ "മനുഷ്യക്കടത്ത്" നടത്തുന്ന വിചിത്രമായ നിയമലംഘനവും പരിഹാസ്യമായ രാഷ്‌ട്രനിര്‍മാണ/ശാക്തീകരണ പ്രക്രിയയുമാണ് വിധി(ജഡ്‌ജ്‌മെന്റ്/ബള്‍ഗേറിയ) എന്ന ചിത്രത്തിലുള്ളത്. സ്റ്റെഫാന്‍ കൊര്‍മാന്തറേവ് ആണ് സംവിധായകന്‍. വിമുക്തഭടനായ ദിമിത്രോവിന് സ്വന്തമായി പാല്‍ ലോറിയുണ്ട്. ഭാര്യയുടെ ചികിത്സക്കായെടുത്ത വായ്‌പ വീട്ടാനാകാതെ വീടു നഷ്‌ടപ്പെടുന്ന അവസ്ഥയിലാണ്, ജോലി കൂടി ഇല്ലാതായ ദിമിത്രോവ്. തുര്‍ക്കിയില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് നിയമവിരുദ്ധമായി കടന്നു വരുന്ന അഭയാര്‍ത്ഥികളെ കടത്തുന്നതിന് ഈ ലോറി ഉപയോഗിക്കാന്‍ തന്റെ മുന്‍ ക്യാപ്‌റ്റന്റെ പ്രേരണ ആദ്യം നിരസിക്കുന്നുണ്ടെങ്കിലും പിന്നീട് അയാള്‍ക്ക് സ്വീകരിക്കേണ്ടിവരുന്നു. 1988ല്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടെ ക്യാപ്‌റ്റന്റെ ആജ്ഞക്കു വഴങ്ങി രണ്ടു ജര്‍മന്‍ കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ കുറ്റബോധം അയാളെ വേട്ടയാടുന്നുണ്ട്. നിയമത്തിന്റെ ആധിക്യവും ബലപ്രയോഗവും മാത്രമല്ല നിയമനിഷേധവും ആരുടെയും രക്ഷക്കെത്തുന്നില്ല എന്ന കാര്യമാണ് തെളിഞ്ഞു വരുന്നത്.
Friday, September 11, 2015
താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 5
ആഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് നിയമവിരുദ്ധമായി അഭയാര്‍ത്ഥിത്വം തേടിയെത്തുന്ന ലക്ഷക്കണക്കിന് ദരിദ്രര്‍ അനുഭവിക്കുന്ന മരണസമാനമായ കൊടും യാതനകളുടെ നേര്‍ ചിത്രമാണ് ബോറിസ് ലോയ്‌കിനെ സംവിധാനം ചെയ്‌ത ഹോപ്പ്(ഫ്രാന്‍സ്) എന്ന സിനിമ. ലിയോനാര്‍ഡ് എന്ന കാമറൂണ്‍കാരനും ഹോപ്പ് എന്ന നൈജീരിയക്കാരിയും തമ്മില്‍ അഭയാര്‍ത്ഥിക്യാമ്പുകളില്‍ വെച്ചും യാത്രയില്‍ വെച്ചും ഉടലെടുക്കുന്ന സൗഹൃദബന്ധമാണ് ഇതിവൃത്തത്തിന് ചാരുത പകരുന്നത്. കാന്‍ മേളയിലെ ക്രിട്ടിക്ക് വാരത്തില്‍ എസ് എ സി ഡി പുരസ്‌കാരം ഹോപ്പിനാണ് ലഭിച്ചത്.
Thursday, September 10, 2015
താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 4
ലാറ്റിനമേരിക്കന്‍ രാഷ്‌ട്രങ്ങളായ അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, ചിലി, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളില്‍ സൈനിക ജൂണ്ടകളെ ഉപയോഗപ്പെടുത്തി തദ്ദേശീയ ജനതയെ അടക്കിഭരിച്ചിരുന്ന അമേരിക്കന്‍ അധിനിവേശത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമാണ് കൊല്ലപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും തടവിലാക്കപ്പെട്ടതും. എഴുപതുകളിലെ ഈ രക്തരൂഷിത തേര്‍വാഴ്‌ചയുടെ സത്യസന്ധവും ഞെട്ടിപ്പിക്കുന്നതുമായ കഥനമാണ് വിസ്‌മരിക്കപ്പെട്ടവര്‍(ലെ ഒല്‍വിഡാഡോസ്/ബൊളീവിയ) എന്ന കാര്‍ലോസ് ബൊളാഡോ സംവിധാനം ചെയ്‌ത സിനിമ. ബൊളീവിയന്‍ പട്ടാളത്തില്‍ ജനറലായിരുന്ന ജോസഫിന്റെ ഓര്‍മകളായാണ് സിനിമ ആഖ്യാനം ചെയ്യപ്പെടുന്നത്. താന്‍ ചെയ്‌തു കൂട്ടിയ കടുംകൈകള്‍ക്ക് പരിഹാരമൊന്നുമില്ല എന്നയാള്‍ തിരിച്ചറിയുന്നു. അമേരിക്കയില്‍ ജീവിക്കുന്ന അയാളുടെ മകന്‍ പോലും അയാളുടേതല്ല എന്ന വിവരം അയാളുടെ ആത്മാവിനെ കുത്തി നോവിക്കുന്നു. ഈ വിവരം മകനോട് തുറന്നു പറയാനായി തയ്യാറാക്കിയ കത്ത് ഹോം നഴ്‌സിന്റെ പക്കല്‍ ഏല്‍പ്പിച്ചതിനു ശേഷമാണ് അയാള്‍ അന്ത്യശ്വാസം വലിക്കുന്നത്. എണ്ണയും മയക്കുമരുന്നും മറ്റും കച്ചവടം ചെയ്യുന്നതിനും കൈയടക്കുന്നതിനും അതിന്മേല്‍ കുത്തകകളാകുന്നതിനും വേണ്ടി അമേരിക്ക സൃഷ്‌ടിക്കുന്ന നവ ഉദാരവത്‌ക്കരണത്തിന്റെ ലോകനിയമങ്ങളും യുദ്ധോത്സുകമായ സാമ്രാജ്യത്വവത്‌ക്കരണവും ഇത്ര സുതാര്യമായി വെളിപ്പെടുത്തുന്ന സിനിമകള്‍ അധികം വന്നിട്ടില്ലാത്ത സ്ഥിതിക്ക് ഫൊര്‍ഗോട്ടണിന്റെ പ്രസക്തി വളരെ വലുതാണ്.
Subscribe to:
Posts (Atom)