Friday, April 3, 2015

സദാചാരം ചില കുറിപ്പുകള്‍ 5 ലൈംഗിക അടിച്ചമര്‍ത്തല്‍


 

അടിച്ചമര്‍ത്തലിന്റേതായ ചരിത്രത്തോടൊപ്പമാണ്‌ മൂന്നു നാലു നൂറ്റാണ്ടുകള്‍ എടുത്ത്‌ മനുഷ്യ സമുദായം ആധുനികവത്‌ക്കരിക്കപ്പെട്ടത്‌. കിടക്കയില്‍ ഉച്ചരിക്കപ്പെടുന്ന ഏതാനും കുശുകുശുക്കലുകള്‍ ഒഴിച്ചാല്‍ ഒന്നും അനുവദനീയമല്ലാത്ത അത്ര നിഷ്‌ഠൂരമായ അടിച്ചമര്‍ത്തലിലേക്ക്‌ നാം സ്വയം ഉരുകി ഒന്നായിരിക്കുന്നു. അധികാരവും ജ്ഞാനവും ലൈംഗികതയും തമ്മിലുള്ള പ്രശ്‌നഭരിതവും അതേ സമയം പ്രാഥമികവുമായ ബന്ധത്തെ നിര്‍ണയിക്കുന്നത്‌ ഈ അടിച്ചമര്‍ത്തലാണെന്നതാണ്‌ വാസ്‌തവം. നൂറ്റാണ്ടുകള്‍ കൊണ്ട്‌ പരന്ന വെളിമ്പ്രദേശങ്ങളില്‍ നിന്നും സ്വതന്ത്രാഖ്യാനങ്ങളില്‍ നിന്നും പതിനേഴാം നൂറ്റാണ്ടോടെ നാം അടിച്ചമര്‍ത്തലിന്റെ ഇരുണ്ട ഒറ്റ വഴികളിലേക്ക്‌ കടന്നത്‌ മുതലാളിത്തവികസനത്തിന്റെ പ്രത്യയശാസ്‌ത്ര ആവശ്യമായിരുന്നു എന്നും മനസ്സിലാക്കണം. ഒരു ബൂര്‍ഷ്വാ ധാര്‍മിക സദാചാരം ലോകവ്യാപകമായി നടപ്പില്‍ വരുത്തുന്നതിനുവേണ്ടിയുള്ള പദ്ധതിയാണിത്‌. വ്യാവസായിക ഉത്‌പാദനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ്‌ ധാര്‍മികസദാചാരത്തിന്റെ ചരിത്രവും നിലനില്‍ക്കുന്നത്‌. തൊഴിലാളിയുടെ അധ്വാനത്തെ സമര്‍ത്ഥവും വ്യവസ്ഥാപിതവുമായ രീതിയില്‍ ചൂഷണം ചെയ്യുന്നതിനു വേണ്ടിയാണ്‌ അവന്റെയും അവളുടെയും ആഹ്‌ളാദത്തെ അങ്ങേയറ്റം നിയന്ത്രിച്ചു നിര്‍ത്തുന്നത്‌. കുറച്ച്‌ വളരെ കുറച്ച്‌ അനുവദിക്കും. അത്‌ കൂടുതല്‍ കൂലിപ്പണിക്കാരെ പെറ്റു കൂട്ടുന്നതിനു വേണ്ടി മാത്രം. ഭാവിയുടെ അജണ്ടയായിട്ടാണ്‌ ലൈംഗികത സ്ഥാനപ്പെടുത്തപ്പെട്ടിരിക്കുന്നത്‌. ലൈംഗിക സ്വാതന്ത്ര്യം മാത്രമല്ല, ലൈംഗികതയെക്കുറിച്ചറിയാനും അതിനെക്കുറിച്ച്‌ സംസാരിക്കാനും അതില്‍ നിന്നുള്ള അറിവുകള്‍ സമാഹരിക്കാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ്‌ നിഷേധിക്കപ്പെട്ടിരിക്കുന്നത്‌.
ലൈംഗികത നിഷേധിക്കപ്പെടുകയും നിരോധിക്കപ്പെടുകയും നിശ്ശബ്‌ദമാക്കപ്പെടുകയും ചെയ്‌തു കഴിഞ്ഞാല്‍ പിന്നെ അതിനെക്കുറിച്ച്‌ സംസാരിക്കുന്നവരും അന്വേഷിക്കുന്നവരും അധികാരത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുന്നു. അതായത്‌, സത്യം എന്താണെന്ന്‌ അന്വേഷിക്കുന്നവരും തുറന്നു പറയുന്നവരും അധികാരത്തില്‍ നിന്ന്‌ പുറത്താക്കപ്പെടുന്നു. അയാള്‍ ഭരണഘടനകള്‍ ലംഘിക്കും എന്ന്‌ പ്രാഥമികമായി തന്നെ തിരിച്ചറിയപ്പെടുന്നതിനാല്‍ അയാളെന്നും ബഹിഷ്‌കൃതനായിരിക്കും. അയാള്‍ വരുംകാലത്തുള്ള സ്വാതന്ത്ര്യത്തെയാണ്‌ വിഭാവനം ചെയ്യുന്നത്‌ എന്നതിനാലും അപകടകാരിയാണ്‌. പൊതുബോധത്തിന്റെ സേഫ്‌റ്റിവാള്‍വുകളാണ്‌ വേശ്യാലയങ്ങളെന്നതു പോലെ, പൊതു സംസാരത്തിന്റെ സേഫ്‌റ്റിവാള്‍വുകളാണ്‌ ഗോസിപ്പുകളും പരദൂഷണങ്ങളും.
ആധുനിക സമൂഹത്തിന്റെ പരിഷ്‌കൃത പൗരബോധത്തില്‍, ഒഫീഷ്യലുകള്‍ മാത്രമാണ്‌ എല്ലാം കേള്‍ക്കാനര്‍ഹതയുള്ളവര്‍. പുരോഹിതര്‍, ഡോക്‌ടര്‍മാര്‍, പൊലീസുകാര്‍ എന്നിങ്ങനെയുള്ള ഒഫീഷ്യലുകള്‍ക്ക്‌ മാത്രമാണ്‌ ലൈംഗികതയുടെ രഹസ്യങ്ങളും ആ രഹസ്യങ്ങളുടെ ചരിത്രവും കേള്‍ക്കാന്‍ അവസരം ലഭിക്കുന്നുള്ളൂ. അവരുടെ ചെവികള്‍ ഇതിനായി വാടകക്ക്‌ വിട്ടുകൊടുക്കപ്പെട്ടിരിക്കുന്നു.
സാമ്പത്തിക വ്യവസ്ഥയുടെ പ്രത്യയശാസ്‌ത്രം മാത്രമായിട്ടല്ല ലൈംഗികതയുടെ നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ബോധനം എന്ന പ്രാചീനമായ ആവിഷ്‌ക്കാരരൂപത്തിന്‌ പിന്തുണയര്‍പ്പിക്കുന്നതും ലൈംഗികതയാണെന്നു കാണാം. വിദ്യാഭ്യാസവും നിര്‍മിത കലകളും കുടുംബരൂപീകരണവും സംസ്‌ക്കാര രൂപീകരണവും സാധ്യമാവുന്നത്‌ ബോധനത്തിലൂടെയാണെന്നിരിക്കെ അതിന്റെ വ്യാപ്‌തി വിവരണാതീതവുമാണ്‌. അതായത്‌, അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത എന്നത്‌ കേവലം സൈദ്ധാന്തികമായ ഒരു പ്രശ്‌നമണ്‌ഡലമല്ലെന്നര്‍ത്ഥം. മുതലാളിത്തത്തിന്റെ സാമ്പത്തികവ്യവസ്ഥയെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാനും ഭരണനിയമങ്ങളെ സാധുതയുള്ളതാക്കാനും ഭാവിയെ സംരക്ഷിതമാക്കാനും ഈ ധാര്‍മിക സദാചാരത്തെയാണ്‌ ആശ്രയിക്കുന്നതെന്നു ചുരുക്കം.
ഈ കാലത്ത്‌ ജീവിച്ചിരിക്കുന്നു എന്നതു കൊണ്ടു മാത്രം, നാം നമ്മുടെ ഭൂതകാലത്തിനും വര്‍ത്തമാനകാലത്തിനും നമുക്കു തന്നെയും എതിരായിത്തീര്‍ന്നിരിക്കുന്നു. ലൈംഗികത എന്നത്‌ ഒരു കുറ്റകൃത്യമാണെന്ന്‌ വ്യവസ്ഥാപിതപ്പെടുത്തുന്നതിലൂടെയാണ്‌ നാം നമ്മുടെ ചരിത്രപരവും ജൈവപരവുമായ വിപരീതത്തിനുള്ളില്‍ കുടുങ്ങിപ്പോയിരിക്കുന്നത്‌.
മൂന്നു സംശയങ്ങളാണ്‌ ഇതു സംബന്ധമായി മിഷേല്‍ ഫൂക്കോ ഉന്നയിക്കുന്നത്‌.
1. ലൈംഗിക അടിച്ചമര്‍ത്തല്‍ എന്നത്‌ ചരിത്രപരമായി വ്യവസ്ഥാപിതമായിക്കഴിഞ്ഞ ഒരു വസ്‌തുതയാണോ?(ചരിത്രപരമായ ചോദ്യം)
2. നമ്മുടേതു പോലുള്ള കാലത്ത്‌, അധികാരം പ്രവര്‍ത്തിക്കുന്നത്‌ അടിച്ചമര്‍ത്തലിലൂടെ തന്നെയാണോ? നിരോധനവും സെന്‍സര്‍ഷിപ്പും നിഷേധവും അധികാരം പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ലക്ഷണങ്ങള്‍ തന്നെയല്ലേ?(ചരിത്ര-സൈദ്ധാന്തിക ചോദ്യം)
3. അടിച്ചമര്‍ത്തലും അധികാരവും തമ്മിലുള്ള ബന്ധത്തെ വെളിപ്പെടുത്തുന്ന വിമര്‍ശനാത്മക വ്യവഹാരം, ചോദ്യം ചെയ്യാനാരുമില്ല എന്നെല്ലാവരും കരുതുന്ന അധികാരബലതന്ത്രത്തിന്‌ ഒരു തടസ്സമായിത്തീരുമോ? അടിച്ചമര്‍ത്തലിന്റെ യുഗവും അതിനെ സംബന്ധിച്ച വിമര്‍ശനാത്മക വിശകലനത്തിന്റെ യുഗവും തമ്മില്‍ ചരിത്രപരമായി ഒരു വിഛേദമുണ്ടോ? (ചരിത്ര-രാഷ്‌ട്രീയ ചോദ്യം)
അധികാരം-ജ്ഞാനം-ആഹ്ലാദം എന്ന സാമ്രാജ്യത്വത്തിന്റെ നിര്‍വചനമെന്താണ്‌ എന്നതു തന്നെയാണ്‌ പ്രാഥമികമായ പ്രശ്‌നം. 




No comments: