Monday, April 3, 2023

നൻ പകൽ ട്യൂട്ടോറിയൽ 3 മലയാള സിനിമയിൽ നിന്ന് മലയാള സിനിമയിലേയ്ക്കുള്ള ദൂരം. മലയാള സിനിമയെ അതിന്റെ ചരിത്രത്തിൽ പ്രതിനിധീകരിയ്ക്കാൻ രണ്ടു സിനിമകൾ തെരഞ്ഞെടുക്കുന്നു. 1. ചെമ്മീൻ(രാമു കാര്യാട്ട്/1965) 2. പിറവി(ഷാജി എൻ കരുൺ/1988) ഈ രണ്ടു സിനിമകളും മലയാള സിനിമയുടെ പ്രശസ്തി ദേശീയ തലത്തിലും സാർവദേശീയ തലത്തിലും ഉയർത്തി എത്തിച്ചു. തകഴിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി എടുത്ത ചെമ്മീൻ ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ പുരസ്കാരം- സ്വർണ്ണകമൽ - കരസ്ഥമാക്കിയ ആദ്യത്തെ മലയാള സിനിമയാണ്. പുറക്കാട് കടപ്പുറമാണ് ചെമ്മീനിന്റെ കഥാപശ്ചാത്തലം. മലയാളത്തിനു പുറത്തു നിന്ന് സലിൽ ചൗധരി (സംഗീതം), ഋഷികേശ് മുക്കർജി (എഡിറ്റിംഗ്), മാർക്കസ് ബർട്ട്ലി(ഛായാഗ്രഹണം), മന്നാഡേ(പാട്ട്) എന്നീ പ്രമുഖരെ സഹകരിപ്പിച്ച ചെമ്മീനിലെ പ്രാദേശിക ഭാഷാപ്രയോഗം അഥവാ സംഭാഷണങ്ങൾക്കായുപയോഗിച്ച ഭാഷാഭേദം ഏതെന്നത് അന്നുതന്നെ അന്വേഷിയ്ക്കപ്പെട്ടിരുന്നു. അതിലുള്ള കലർപ്പിനെക്കുറിച്ച് പ്രമുഖരും അപ്രമുഖരുമായ ചിലർ വിമർശനമുന്നയിച്ചു. അതായത്, പുറക്കാട് കടപ്പുറത്ത് പ്രചാരത്തിലുള്ള ഭാഷാഭേദവും അതിന്റെ സവിശേഷതകളുമല്ല ചെമ്മീനിലെ മുക്കുവരായ കഥാപാത്രങ്ങൾ സംസാരിക്കുന്നത് എന്നായിരുന്നു വിമർശനത്തിന്റെ അന്തസ്സത്ത. കടപ്പുറത്തിന്റെ ഭാഷയാണെന്ന് തോന്നലുളവാക്കുകയും വേണം എന്നാൽ സാമാന്യ മലയാളിയ്ക്ക് മനസ്സിലാകുകയും വേണം എന്ന നിലയിലുള്ള ഒരു സമ്മേളനമാണ് രാമു കാര്യാട്ട് സ്വീകരിച്ചത് എന്നു വിലയിരുത്തപ്പെട്ടു. ഒരു ജനപ്രിയ പൊതു മാധ്യമമായ സിനിമയിൽ അത്തരമൊരു സമീപനം സ്വീകരിക്കുന്നത് ന്യായീകരിക്കാവുന്നതേ ഉള്ളൂ. ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ പിറവി, കാൻ മേളയിലെ ക്യാമറ ദെ ഓർ അടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടി. പിറവിയിലെ മർമ്മമായ അപ്രത്യക്ഷമാകൽ, അടിയന്തരാവസ്ഥയിൽ നടന്ന രാജന്റെ തിരോധാനത്തിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ചതാണെന്നെല്ലാവരും തിരിച്ചറിഞ്ഞു. വാര്യർക്കു പകരം ചാക്യാർ എന്നിങ്ങനെ അമ്പലവാസി സമുദായത്തിനകത്തു തന്നെ ഇതി വൃത്തത്തിന്റെ ജാതിവേരുകൾ കുഴിച്ചിട്ട ആഖ്യാനത്തിന്റെ കാലസങ്കൽപ്പത്തിൽ വരുത്തിയ അട്ടിമറി അഥവാ കൂടു വിട്ട് കൂടു മാറൽ പക്ഷെ ഭയാനകമായിരുന്നു. അടിയന്തരാവസ്ഥാവർഷങ്ങൾക്കു (1975-77) പകരം എൺപത്തെട്ടിലെ കേരള സർക്കാർ കലണ്ടർ, ആരെയാണ് കുറ്റവിമുക്തരാക്കുന്നത്? സാംസ്കാരിക അടിസ്ഥാനവും ആവിഷ്ക്കാരവും തമ്മിലുള്ള; സാധൂകരിക്കാവുന്നതും അല്ലാത്തതുമായ പിളർപ്പുകൾ സിനിമാസ്വാദനത്തെ സന്ദിഗ്ദ്ധമാക്കി തീർത്തു. ചരിത്ര-കാല-ഭൗമിക-സംസ്ക്കാര നിലമകളിൽ കാണി ഗതി കിട്ടാതെ ഉഴലുന്നു. എന്നാൽ, നൻ പകൽ നേരത്തെ സ്വപ്നജാഗരങ്ങൾക്കിടയിൽ സ്വഭാവേന സംഭാവ്യമായ പിളർപ്പു പോലും ദൃശ്യമല്ല എന്നതാണ് ശ്രദ്ധേയം. രൂപശില്പത്തിന്റെ കാര്യത്തിൽ അന്താരാഷ്ട്ര നിലവാരത്തിലെത്തുന്ന നൻ പകൽ നേരത്ത് മയക്കം; കേരളം, മലയാളം, മലയാള സിനിമ, തമിഴ്‌നാട്, തമിഴ്, തമിഴ് സിനിമ എന്നീ സൂക്ഷ്മഘടകങ്ങളിൽ ഒരു എളുപ്പവും സ്വീകരിക്കുന്നില്ല. സാമാന്യ തമിഴന് മനസ്സിലാവുന്ന മലയാളമോ സാമാന്യ മലയാളിക്ക് മനസ്സിലാവുന്ന തമിഴോ പ്രയോഗിക്കാമായിരുന്നിടത്ത്, ഗവേഷണൗത്സുക്യത്തോടെ കൂടുതൽ കൂടുതൽ ആഴത്തിലേയ്ക്കു അനിയന്ത്രിതമായി കുതിയ്ക്കുകയാണ് സിനിമ. മലയാളമേത് തമിഴേത് എന്നു തിരിച്ചറിയാത്ത ഉത്തരേന്ത്യക്കാർക്കോ വിദേശകാണിയ്ക്കോ ആസ്വദിച്ചു തുറപ്പിക്കാൻ കഴിയുന്ന ഒരു താക്കോലുകളും സിനിമയ്ക്കുള്ളിലോ ഒപ്പമോ ലഭ്യമല്ല. മലയാള സിനിമയെ ദേശീയ/ദേശാന്തര പ്രശസ്തിയിലേയ്ക്കുയർത്തിയ സിനിമകൾ നമ്മുടെ പ്രാദേശികത്വത്തെ കാഴ്ച/ബോധ്യപ്പെടൽ എന്ന വ്യവഹാരത്തിനകത്ത് ഉറപ്പിച്ചപ്പോൾ; നൻ പകൽ നേരത്ത് മയക്കം അതിനെ അന്വേഷണത്തിന്റെ വിശാലതയിലേയ്ക്കും ആഴങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നു. ദേശീയ ജൂറിയംഗങ്ങളുടെയും സായിപ്പിന്റെയും ഒപ്പിനു വേണ്ടി നിർമ്മിക്കപ്പെട്ട സിനിമയല്ല നൻ പകൽ നേരത്ത് മയക്കം എന്നും പറയാം. ജി പി രാമചന്ദ്രൻ

No comments: