Monday, April 3, 2023

നന്‍ പകല്‍ ട്യൂട്ടോറിയല്‍ 4 വേളാങ്കണ്ണിയില്‍ നിന്ന് തീര്‍ത്ഥാടകരായ മലയാളികളുടെ നാടകവണ്ടി നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിക്കുമ്പോള്‍, ഇരിക്കും ഇടത്തെ വിട്ട് ഇല്ലാത ഇടം തേടി എങ്കെങ്കോ അലൈകിന്റ്രാർ ഞാനത്തങ്കമേ എന്ന പാട്ടാണ് ഉച്ചത്തിലും വ്യക്തമായും നാം കേള്‍ക്കുന്നത്. ബസ്സിലെ സ്പീക്കറിലായിരിക്കണം ഈ പാട്ട് വെച്ചിരിക്കുന്നത്. തമിഴ് പാട്ട് വെക്കുന്നതിന് ഡ്രൈവറെ പിന്നീട് ജയിംസ് (മമ്മൂട്ടി) ശകാരിക്കുന്നുണ്ട്. ശിവാജി ഗണേശന്‍ അഞ്ചു കഥാപാത്രങ്ങളായി അഭിനയിക്കുന്ന 1967ലെ ഹിറ്റു പുരാണ സിനിമയായ തിരുവരുട്ച്ചെല്‍വറിലേതാണ് ഈ പാട്ട്. കണ്ണദാസന്‍ രചന നിര്‍വഹിച്ചു. കെവി മഹാദേവന്‍ സംഗീതം നല്‍കി. ശീര്‍കാഴി ഗോവിന്ദരാജന്‍ പാടി. ഈ പാട്ട് കേൾക്കുന്ന സമയത്ത് വേളാങ്കണ്ണിയിലെ തെരുവുകളിലും പള്ളിയിലും പല കാരണങ്ങളാൽ കാത്തും കുത്തിയുമിരിക്കുന്ന ആളുകളുടെ മുഖദൃശ്യങ്ങൾ കാണാം. വെർത്തോവിന്റെ മാൻ വിത്ത് എ മൂവി ക്യാമറയിലെ ദൃശ്യങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ ഓരോ മുഖങ്ങളും ഓരോ കഥാചരിത്രം, ഓരോരോ സുഖ ദു:ഖങ്ങൾ, വ്യഥകൾ, ആകാംക്ഷകൾ, നിരാശകൾ, പ്രത്യാശകൾ പേറുന്നുണ്ട്. ചെവിയിൽ ബീഡി വെച്ച് വായിലൂടെ പുക വിടുന്ന ദിവ്യാത്ഭുതപ്രവർത്തകനെയും ഇതിനിടയിൽ കാണാം. എ പി നാഗരാജന്‍ സംവിധാനം ചെയ്ത തിരുവരുട്ച്ചെല്‍വര്‍ 1967 ജൂലൈ 28നാണ് പ്രദര്‍ശനം ആരംഭിച്ചത്. മദ്രാസിലെ ശാന്തി (ഡീലക്‌സ് എയര്‍കണ്ടീഷന്‍ഡ്), ക്രൗണ്‍, ഭുവനേശ്വരി എന്നീ സിനിമാശാലകളില്‍ റിലീസ് ചെയ്ത സിനിമയുടെ വിതരണം നിര്‍വഹിച്ചത് ശിവാജി റിലീസ് ആണ്. ശിവാജി ഗണേശന്റെ ഉടമസ്ഥതയിലുള്ള ശാന്തി തിയേറ്റര്‍ മൗണ്ട് റോഡില്‍ (അണ്ണാ ശാലൈ) തന്നെയാണുള്ളത്. ഈ പുരാണ സിനിമയില്‍ ശിവഭഗവാനായി വേഷമിടുന്നത് ജമിനി ഗണേശനാണ്. അക്കാലത്തെ സിനിമകളില്‍ പലതിലും ദൈവമായി വേഷമിടുന്നത് ജമിനി തന്നെയായിരുന്നു. സാവിത്രി, ആര്‍ മുത്തുരാമന്‍, പത്മിനി, കെ ആര്‍ വിജയ, നാഗേഷ്, മനോരമ, വി നാഗയ്യ, ജി ശകുന്തള, ഇ ആര്‍ സഹദേവന്‍, കുട്ടി പത്മിനി എന്നിവരും അഭിനയിക്കുന്ന തിരുവരുട്ച്ചെല്‍വറിലാണ് ശ്രീവിദ്യ ആദ്യമായി അതും ബാലതാരമായി അഭിനയിച്ചത്. ടൈറ്റിലില്‍ വിദ്യ മൂര്‍ത്തി എന്നായിരുന്നു കൊടുത്തിരുന്നത്. മന്നവന്‍ വന്താനടി, ഉലകെല്ലാം, തുടങ്ങി പതിനൊന്ന് പാട്ടുകളാണ് തിരുവരുട്ച്ചെല്‍വറിലുള്ളത്. ചേ(സേ)ക്കിഴാര്‍ എഴുതിയ പെരിയ പുരാണം അഥവാ തിരുത്തൊണ്ടര്‍ പുരാണം എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ഈ സിനിമ എടുത്തിട്ടുള്ളത്. വേളാങ്കണ്ണിയിലെ മാതാ പള്ളി സന്ദര്‍ശിക്കുന്ന കൃസ്ത്യാനികളായ നാടകസംഘാംഗങ്ങളുടെ തിരിച്ചുവരവു സമയത്ത്, തമിഴ് നാട്ടില്‍ ഏറെ ജനപ്രിയമായ ഒരു ഹിന്ദുപുരാണ സിനിമയിലെ പാട്ടാണ് ആദ്യം പശ്ചാത്തലമായി വരുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. തമിഴ്‌നാട്ടിലെ സവിശേഷമായ കഥാപാരമ്പര്യത്തില്‍ നിന്നാണ് ഈ കഥ വരുന്നത് എന്നതും വിസ്മരിക്കരുത്. പി എന്‍ ഗോപീകൃഷ്ണന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഇന്ത്യന്‍ സിനിമയിലെ ഫാല്‍ക്കെ സാമ്രാജ്യത്തില്‍ പെട്ട സിനിമയാണിതെങ്കിലും തമിഴ് സവിശേഷ-പ്രാദേശിക സംസ്‌ക്കാര ചരിത്രത്തിലാണ് അതിന്റെ വേരുകളും ആഴങ്ങളും എന്നതാണ് പ്രധാനം. 1135 മുതല്‍ 1150 വരെ ഭരിച്ചിരുന്ന കുലോത്തുംഗ ചോളന്‍ രണ്ടാമന്റെ മന്ത്രിയായിരുന്നു ചേ(സേ)ക്കിഴാര്‍. കടുത്ത ശൈവഭക്തനായ അദ്ദേഹം, ശൈവാരാധകരായ ഭക്തരെ തേടി യാത്ര ആരംഭിക്കുകയാണ്. തീര്‍ത്ഥാടനം തന്നെ ഒരു യാത്രയാണ്. തീര്‍ത്ഥാടകരെ തേടിയുള്ള യാത്ര എന്നത് എത്ര വിശാലമായ സങ്കല്പമാണെന്നു നോക്കുക. നന്‍പകല്‍ നേരത്ത് മയക്കത്തില്‍ വേളാങ്കണ്ണി മാതാവിനെ കാണാനും ആരാധിക്കാനുമായെത്തുന്ന മലയാളികള്‍, അന്യഥാ തമിഴരെയും തമിഴ് നാട്ടുകാരെയും വില കല്പിക്കുന്നവരല്ല. എന്നാല്‍ അതേ തമിഴര്‍ക്കിടയില്‍ അവരാല്‍ സംരക്ഷിക്കപ്പെട്ട് വിലസിക്കുന്ന വേളാങ്കണ്ണി പള്ളിയിലെത്തുമ്പോള്‍ അവര്‍ക്ക് മനസ്സുഖവും ശാന്തിയും ദൈവസാന്നിദ്ധ്യവും അനുഭവിക്കാനാവുന്നു. കൃസ്ത്യന്‍ ഭക്തര്‍, ഹിന്ദു മതത്തിനുള്ളിലെ മുഖ്യ ഉപവിഭാഗമായ ശൈവരുടെ കഥയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്നു എന്നതാണിവിടത്തെ സവിശേഷത. മൂന്നു കൊല്ലത്തെ യാത്രയാണ് ചേ(സേ)ക്കിഴാര്‍ നടത്തുന്നത്. പിന്നീട് ചിദംബരത്തിരുന്ന് അദ്ദേഹം അതെല്ലാം എഴുതി സമാഹരിച്ചു. ചിദംബരത്തെ നടരാജപ്പെരുമാള്‍ (ശിവന്‍ നര്‍ത്തകനായി അവതരിക്കുന്നു) അദ്ദേഹത്തെ നേരിട്ട് ഉലകെല്ലാം എന്നുച്ചരിച്ചു കൊണ്ട് അനുഗ്രഹിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. അറുപത്തി മൂന്ന് കടുത്ത ഭക്തരാണ് ശിവനുള്ളത്. ഇവരെ നായനാര്‍മാര്‍ എന്നാണ് വിളിക്കുന്നത്. നായന്മാർ നായന്മാർകൾ എന്നും പറയാറുണ്ട്. തമിഴ്‌നാട്ടിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം ഈ അറുപത്തിമൂന്ന് നായനാര്‍മാരുടെ വിഗ്രഹങ്ങളുമുണ്ടാവും. ഭക്തര്‍ പ്രധാന ശിവവിഗ്രഹത്തെ തൊഴുന്നതിനു പുറമെ ഈ അറുപത്തിമൂന്നു വിഗ്രഹങ്ങളെയും തൊഴുതാണ് ക്ഷേത്ര സന്ദര്‍ശനം അവസാനിപ്പിക്കാറ്. അതിലൊരു നായനാരായി മാറാനാവുക എന്നതാണ് ഓരോ ശിവഭക്തന്റെയും സ്വപ്നം. ചെന്നൈ മൈലാപ്പൂര്‍ കപാലീശ്വരര്‍ കോവിലില്‍ അര്‍പത്തു മൂവര്‍ വിഴാ (അറുപത്തി മൂന്ന് നായനാര്‍ ആഘോഷം) എന്ന ഉത്സവം തന്നെയുണ്ട്. തിരുവരുട്ച്ചെല്‍വര്‍ റിലീസായ വര്‍ഷത്തില്‍ ദ്രാവിഡ മുന്നേറ്റ്ര കഴകം തമിഴ്‌നാട്ടില്‍ വന്‍ വിജയം നേടി. ഡിഎംകെ നിരീശ്വരവാദികളുടെ പാര്‍ടിയാണെന്ന ധാരണയുണ്ടെങ്കിലും തമിഴ് മക്കളില്‍ ഭൂരിപക്ഷവും ഭക്തര്‍ തന്നെയാണ്. എന്നാല്‍, ഹിന്ദു പുരാണത്തിന്റെ തന്നെ തമിഴ് വ്യാഖ്യാനങ്ങളും ഉപകഥകളുമാണവര്‍ക്കിഷ്ടം. അതാണ് ഈ തെരഞ്ഞെടുപ്പ്, സിനിമാവിജയങ്ങളുടെ ദ്വന്ദ്വം സൂചിപ്പിക്കുന്നത്. മന്നവന്‍ വന്താനടി എന്ന പാട്ട് പി സുശീലയാണ് പാടിയത്. സുശീലാമ്മ പാടാന്‍ വന്നപ്പോള്‍ റെക്കോഡിംഗ് സ്റ്റുഡിയോയില്‍ ശിവാജി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ അവര്‍ക്ക് പാടാനായില്ല. അതിനെ തുടര്‍ന്ന് ശിവാജി സ്റ്റുഡിയോ വിട്ടു പോയി. എന്നിട്ടാണ് സുശീല പാടിയത്. ഈ പാട്ടിന്റെ ദൃശ്യാവതരണത്തില്‍, പത്മിനിയുടെ ഉജ്വലമായ നൃത്തം കാണാം. ദ് വരാന്ത ക്ലബ്ബില്‍ ഭാരതി രാമണ്ണ എഴുതിയ നിരൂപണം തിരുവരുട്ച്ചെല്‍വറിനെ അടുത്തറിയാന്‍ സഹായിച്ചു. തങ്ങളിരിക്കുന്ന ഇടം ഉപേക്ഷിച്ച് ഇല്ലാത്ത സ്ഥലം തേടി എങ്ങോട്ടൊക്കെയോ അലയുന്ന ബുദ്ധിമാനായ പ്രിയാ എന്നാണ് പാട്ടിന്റെ വാച്യാര്‍ത്ഥം. ശൈവാവതാരമായി അഭിനയിക്കുന്ന ജമിനി ഗണേശനാണ് ഈ പാട്ടു പാടുന്നത്. അതു കേട്ട് അദ്ദേഹത്തിനു പിന്നാലെ ശിവാജി അത്ഭുതപരതന്ത്രനായി പോകുന്നു. അടുത്ത വരികൾ ഉന്നൈയേ നിനൈത്തിരുപ്പാന്‍ ഉണ്‍മൈയേ താന്‍ ഉരൈപ്പാന്‍ ഊരുക്കു പഗൈയാവാന്‍ ഞാനത്തങ്കമേ. (നിന്നെ തന്നെ വിചാരിച്ചിരിക്കും സത്യം മാത്രമേ പറയൂ. നാടിന് ശത്രുവാകും.) വേളാങ്കണ്ണിയിലേയ്ക്ക് കേരളീയ ക്രിസ്ത്യൻ തീർത്ഥാടകർ യാത്ര ചെയ്യുന്നതു പോലെ ശബരിമലയിലേയ്ക്ക് തമിഴ് (അല്ലാത്തവരും) ഹിന്ദു തീർത്ഥാടകർ യാത്ര ചെയ്യുന്നു. ഈ യാഥാർത്ഥ്യം പിന്നീട് നൻ പകൽ നേരത്ത് മയക്കത്തിൽ സൂചിപ്പിക്കുന്നുണ്ട്. മൂവാറ്റുപുഴയിലാണ് മലയാളത്താന്മാരുടെ വീട് എന്നു പറയുമ്പോൾ അത് ശബരിമല പക്കമാ (അടുത്താണോ)? എന്നൊരാൾ ചോദിക്കുന്നു. ജി പി രാമചന്ദ്രൻ

No comments: