വര്‍ത്തമാനകാല ഇന്ത്യ കടന്നുപോകുന്ന അതിസങ്കീര്‍ണവും ദുരിതഭീകരവുമായ അമിതാധികാര യാത്രയുടെ ഗതിവക്രതയില്‍ മനുഷ്യനെയും മനുഷ്യകുലത്തിന്റെ നേട്ടങ്ങളെയും പ്രകൃതിയെയും കാര്‍ഷികവൃത്തിയെയും വിശ്വാസങ്ങളെയും ചരിത്രപാഠങ്ങളെയും വിസ്മരിക്കാതിരിക്കാനും ലോക/പൊതു/ക്രമ/മാനസിക സമാധാനം പുനഃസ്ഥാപിക്കാനും ഉതകുന്ന ചിന്താപദ്ധതികള്‍ ഏതൊക്കെയാണ്? അവയുടെ പരസ്പര കൊടുക്കല്‍ വാങ്ങലുകള്‍ എങ്ങനെ സാധ്യമാകും? വിയോജിപ്പുകള്‍ മൂര്‍ച്ഛിപ്പിക്കുന്നതിനു പകരം, യോജിപ്പിന്റെ മേഖലകള്‍ വികസിപ്പിച്ച് ജനകീയ പ്രതിരോധം എങ്ങനെ കെട്ടിപ്പടുക്കാനാകും? മേലേ നിന്നുള്ള അമിതാധികാരത്താല്‍ വിമ്മിഷ്ടപ്പെടുന്ന സാമൂഹികക്രമം എന്ന ആശയത്തിനു വേണ്ടി ആത്മാര്‍ഥതയോടെയും പ്രതിജ്ഞാബദ്ധതയോടെയും നിലകൊണ്ട ചിന്തകരില്‍ ഏറ്റവും സുപ്രധാനസ്ഥാനമുള്ളത് ഗാന്ധിക്കും മാര്‍ക്‌സിനുമാണെന്ന് അധ്യാപകനായ കെ പി ശങ്കരന്‍ നിരീക്ഷിക്കുന്നത് ഈ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ്. മുതലാളിത്തത്തിന്റെ വിമര്‍ശനാത്മക നിര്‍വചനം മാര്‍ക്‌സില്‍ നിന്നാണ് ഗാന്ധി സ്വീകരിക്കുന്നതെന്നതിനാല്‍, സമ്പത്തിന്റെ തുല്യവിതരണത്തില്‍ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയാണ് രണ്ടു പേരും ലക്ഷ്യമിട്ടത് എന്ന് ബോധ്യപ്പെടാനാവും. അതിനെ സോഷ്യലിസമെന്നല്ലാതെ എന്താണ് വിളിക്കുക? എന്നാല്‍ ഇവരുടെ ചിന്താപദ്ധതികളില്‍ മൗലികമായ രീതിശാസ്ത്ര/ദാര്‍ശനിക ഭേദങ്ങളുണ്ടായിരുന്നു എന്നത് മറച്ചു വെക്കേണ്ടതുമില്ല. മാര്‍ക്‌സിസത്തില്‍ ഗാന്ധി കണ്ടെത്തിയ ഘടനാപരമായ തകരാറുകള്‍ സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയിലും മുതലാളിത്തത്തിലേക്കുള്ള ചൈനയുടെ ചുവടുമാറ്റത്തിലും തുറന്നുകാട്ടപ്പെട്ടതായും ശങ്കരന്‍ വാദിക്കുന്നു. എന്നാല്‍, മുതലാളിത്തം അതിന്റെ പിറവിയിലും നൈസര്‍ഗികതയിലും തന്നെ അധാര്‍മികമാണന്ന കാര്യത്തില്‍ ഗാന്ധിക്ക് യാതൊരു സംശയങ്ങളുമില്ല. ഉപഭോഗത്തില്‍ രമിക്കുന്ന മുതലാളിത്ത-നവ അടിമകള്‍ സഹജീവികളുടെ ക്ഷേമം എന്ന ആശയത്തെ തിരസ്‌കരിക്കുകയും സ്വാര്‍ഥതയില്‍ കുടിയിരിക്കുകയും ചെയ്യുന്നു. ഇത് സമൂഹത്തിന്റെ ധാര്‍മിക ഘടനയെ അപ്രസക്തമാക്കുന്നു. കൊലപാതകങ്ങളും വംശഹത്യകളും ബലാത്സംഗങ്ങളും കവര്‍ച്ചകളും ഭീകരാക്രമണങ്ങളും വര്‍ധിക്കുന്നത് ഇതു മൂലമാണ്. എന്നാല്‍, അതിലും ഭീകരമായത് ഇതിനെയൊക്കെയും അടിച്ചമര്‍ത്താനെന്ന പേരില്‍ ഭരണകൂടം തന്നെ ഒരു ഭീകരയന്ത്രമായി മാറുന്ന സാന്മാര്‍ഗികവിരുദ്ധമായ നടപടിയായിരിക്കും. നിരീക്ഷണക്യാമറകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയുമെന്ന നുണയെ പൊതുബോധവും നിയമവുമാക്കി മാറുന്നത് ഈ പ്രക്രിയയുടെ ഭാഗമാണ്. മുതലാളിത്ത ലോകം കൂടുതല്‍ സ്വതന്ത്രമാണെന്ന പ്രചാരണം ഒട്ടും ശരിയല്ലെന്ന യാഥാര്‍ഥ്യം കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.
അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും ഇരകളുടെ അലച്ചില്‍ നിലമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുമ്പോള്‍, ഗാന്ധിയും മാര്‍ക്‌സും തമ്മിലുള്ള ഒരു സംവാദം/സംലയനം അനിവാര്യമാണ്. ഈ അനിവാര്യത തിരിച്ചറിയുന്നു എന്നതിന്റെ പേരിലാണ് പ്രസിദ്ധ ചിത്രകാരനും ശില്‍പിയും കൊച്ചി മുസിരിസ് ബിനാലെ സ്ഥാപകരില്‍ ഒരാളുമായ റിയാസ് കോമുവിന്റെ പുതിയ ഇന്‍സ്റ്റലേഷനായ സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ കൊച്ചിയില്‍ നിന്നും ഗാന്ധി ഏറെ പ്രസക്തമാകുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട് കഫേയില്‍ മെയ്ദിനത്തിന്റെ അന്നാണ് ഈ പ്രതിഷ്ഠാപനം പ്രദര്‍ശനമാരംഭിച്ചത്. ഒരു മാസം നീണ്ടു നില്‍ക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ-സാമൂഹിക-കലാ-സാഹിത്യ പ്രവര്‍ത്തകരും ചിന്തകരും പങ്കെടുത്ത സംവാദമുണ്ടായിരുന്നു. വി ടി ബല്‍റാം എം എല്‍ എ, എന്‍ മാധവന്‍ കുട്ടി, ഷഹബാസ് അമന്‍, ദിലീപ് രാജ്, നജ്മല്‍ ബാബു(ടി എന്‍ ജോയ്) എന്നിവരടക്കം നിരവധി പ്രമുഖര്‍ ഉദ്ഘാടനച്ചര്‍ച്ചയില്‍ പങ്കെടുത്തു. എണ്ണച്ചായചിത്രങ്ങളായി നിര്‍വഹിക്കപ്പെട്ട അഞ്ചു സമാന ഗാന്ധിച്ചിത്രങ്ങളാണ് ചുമരിലുള്ളത്. ചുകന്ന പശ്ചാത്തലം. ഇത് മാര്‍ക്‌സിയന്‍ ചിന്തയെയും പ്രസ്ഥാനത്തെയും ആവേശത്തെയും ജനകീയതയെയും ദ്യോതിപ്പിക്കുന്നു. വലതുവശത്ത് ഏറെക്കൂറെ മുകള്‍ ഭാഗത്തായി വെളുത്ത നക്ഷത്രവുമുണ്ട്. പ്രത്യാശയുടെ ആകാശങ്ങളാണ് മാര്‍ക്‌സിസ്റ്റുകള്‍ വിഭാവനം ചെയ്യുന്നതിന്റെ പ്രതീകമാണീ നക്ഷത്രം. എന്നാല്‍ മെലിഞ്ഞ അര്‍ധനഗ്നനായ ഗാന്ധി പല്ലു കാട്ടി വെളുക്കെ ചിരിച്ചുനില്‍ക്കുന്നതാണ് ചിത്രത്തിലെ മുഖ്യ പ്രതിപാദ്യം. ഗാന്ധിയുടെ മുഖ്യ ആശയങ്ങള്‍ ഇന്നത്തെ ഇന്ത്യയില്‍ എപ്രകാരമാണ് വ്യാഖ്യാനം ചെയ്യപ്പെടുന്നതെന്നും ജനമധ്യത്തില്‍ പ്രയോഗിക്ക/നിരാകരിക്കപ്പെടുന്നതെന്നും സൂചിപ്പിക്കുന്ന തലക്കെട്ടുകളാലാണ് ഈ അഞ്ചു ചിത്രങ്ങളും വ്യത്യസ്തമാകുന്നത്. സത്യം, അഹിംസ, അന്ത്യോദയ, സര്‍വോദയ, സ്വരാജ് എന്നീ പഞ്ചശീലങ്ങളാണ് തലവാചകങ്ങളുടെ ആദ്യഭാഗം. രണ്ടാം ഭാഗമാകട്ടെ, ഇന്ത്യന്‍ ചരിത്രയാഥാര്‍ഥ്യവുമായുള്ള ഈ ആശയത്തുടര്‍ച്ചയുടെ അഭിമുഖീകരണമാണ്. കാഴ്ചപ്പാട്, അക്രമം, ഇര, ഭയം, നിയന്ത്രണം എന്നിവയാണവ. ഓരോന്നും അതാത് ഗാന്ധിയന്‍ ആശയങ്ങളോട് ചേര്‍ത്തു നിര്‍ത്തുമ്പോള്‍ അകലുന്നതായും അകറ്റി നിര്‍ത്തുമ്പോള്‍ അടുക്കുന്നതായും തോന്നും. ഉന്മൂലനം ചെയ്യപ്പെട്ട ഗാന്ധിയുടെ സാധ്യതകളും ദുസ്സാധ്യതകളും അസാധ്യതകളുമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. ഉദാഹരണത്തിന് ദണ്ഡി യാത്രയില്‍ ഗാന്ധി കരുതിയിരുന്ന വടി, ജനങ്ങളെ അച്ചടക്കത്തിലൊതുക്കാനുള്ള ലാത്തിയായി വ്യാഖ്യാനിച്ചെടുക്കാം. അതുപോലെ, ഓരോ വ്യക്തിയും അവരവരുടെ ശൗചാലയങ്ങള്‍ വൃത്തിയാക്കണമെന്ന ഗാന്ധിയുടെ നിര്‍ബന്ധം, പൊതുശൗചസൗകര്യങ്ങള്‍ക്കായുള്ള പ്രചാരണത്തിന്റെ ബ്രാന്‍ഡോ ടാഗോ ആയി പരിമിതപ്പെടുത്തുന്നു. അമൃത് ലാല്‍ ചൂണ്ടിക്കാണിക്കുന്നതു പോലെ, നിര്‍ജീവമായി ഗ്രഹിക്കേണ്ട ഒന്നല്ല, സര്‍വരാജ്യത്തൊഴിലാളി ദിനത്തില്‍ കൊച്ചിയില്‍ നിന്നും ഗാന്ധി എന്ന പ്രതിഷ്ഠാപനം. നമ്മുടെ കാലത്തിന്റെ പ്രതിഫലനത്തിനുള്ള ഉണര്‍ത്തു വിളിയാണത്. സ്മരണാ നഷ്ടങ്ങള്‍, ആശയങ്ങളുടെ ദുര്‍വ്യാഖ്യാനം എന്നിവക്കെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത അത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഗോഡ്‌സെക്കു പിന്നാലെ, മറ്റു പല ശത്രുക്കളും ഗാന്ധിയെ കൃത്യമായി തിരിച്ചറിയുന്നുണ്ടായിരുന്നു. മിത്രങ്ങളും ആരാധകരുമായി നടിച്ചവരും അദ്ദേഹത്തെ പരിമിതപ്പെടുത്തുകയോ നിരാകരിക്കുകയോ ചെയ്തു. അരാഷ്ട്രീയവത്കരിക്കപ്പെട്ട വിശുദ്ധപദവിയിലേക്ക് ഗാന്ധിയെ കൊണ്ടുചെന്നു കെട്ടിയവരും ധാരാളമാണ്. എന്നാല്‍ ഏറ്റവും വലിയ പതനം അടുത്തകാലത്താണുണ്ടായത്. വിശുദ്ധനില്‍ നിന്ന് സാനിറ്ററി ഇന്‍സ്‌പെക്ടറുടെ റോളിലേക്ക് ഗാന്ധിയെ പോസ്റ്റ് ചെയ്തിരിക്കുന്നു. ഗാന്ധിയെ വീണ്ടെടുക്കുകയും മാര്‍ക്‌സിസവുമായുള്ള പുതിയ ഡയലോഗ് ആരംഭിക്കുകയും ചെയ്യാന്‍ വൈകിയിരിക്കുന്നു എന്നാണ് റിയാസ് കോമു ഓര്‍മ്മപ്പെടുത്തുന്നത്. ലിത്തോ ബ്ലോക്കുകള്‍ (അച്ചടിക്കായി ഉപയോഗിച്ചിരുന്ന കല്ലച്ചുകള്‍) ഉപയോഗിച്ചുകൊണ്ട് ഇന്ത്യയുടെ ചരിത്രം രേഖപ്പെടുത്തുന്നതും ശ്രദ്ധേയമായിട്ടുണ്ട്. വിഭജനം, ഗാന്ധിയെ ഗോഡ്‌സെ കൊന്നത്, 1969ലെ അഹമ്മദാബാദ് കലാപം, അടിയന്തിരാവസ്ഥ, സിക്ക് വംശഹത്യ, രഥയാത്രയും ബാബരിപ്പള്ളി തകര്‍ത്തതും, ബോംബെ സ്‌ഫോടനങ്ങള്‍, പൊഖ്‌റാനും ദാരിദ്ര്യവും തമ്മില്‍, ഗോധ്രയും മോദിയുടെ വളര്‍ച്ചയും എന്നിങ്ങനെയാണ് ഇന്ത്യാ ചരിത്രം ഒന്നിന്റെ പിന്നാലെ ഒന്നായി നമ്മെ പിടിച്ചു കുലുക്കുന്നത്. മുഷിറുള്‍ ഹസ്സന്‍ ചൂണ്ടിക്കാട്ടുന്നതു പോലെ, ഗുജറാത്ത് കലാപം ഇന്ത്യയുടെ രണ്ടാം വിഭജനമാണെന്ന കൃത്യമായ തിരിച്ചറിവാണ് ഈ ചരിത്രരേഖയെ സാധ്യമാക്കുന്നത്. ഇപ്പോള്‍ രണ്ടു വിഭാഗം ജനങ്ങളാണുള്ളതെന്ന് മുഷിറുള്‍ ഹസ്സന്‍ പറയുന്നു. ഗുജറാത്തിലുണ്ടായ സംഭവങ്ങളാല്‍ സ്ഥിരമായി വ്രണിതരാക്കപ്പെട്ടവര്‍. ഈ വ്രണങ്ങള്‍ ബാധിക്കാതെ നിഷേധത്തിന്റെ സ്ഥായിഭാവത്തില്‍ കഴിയുന്നവര്‍. കവി അനിത തമ്പി കൃത്യമായി നിരീക്ഷിക്കുന്നതുപോലെ, ഇന്ത്യയില്‍ വര്‍ഗീയ ഹിംസാസേനയുടെ പ്രവര്‍ത്തനങ്ങള്‍ അപ്പാടെ അട്ടിമറിക്കാന്‍ പ്രാപ്തിയുള്ള ഒരൊറ്റ സ്വതന്ത്ര സോഫ്റ്റ് വെയര്‍ മാത്രമേ ഇന്ന് നിലവിലുള്ളൂ. അത് ഗാന്ധിയാണ്. അതിനെ ഒരിക്കല്‍ കൂടി തെളിച്ചുവായിച്ച് പ്രവര്‍ത്തനക്ഷമത വീണ്ടും ഉറപ്പു വരുത്തുകയാണ് റിയാസ് കോമുവിന്റെ കല ചെയ്യുന്നത്.
കടപ്പാട്: ബ്രിക്ക്/കൊച്ചി വോള്യം 3, മെയ് 2015
● Read more ► http://www.sirajlive.com/2015/05/12/180243.html
© #SirajDaily