Monday, April 3, 2023

നന്‍ പകല്‍ ട്യൂട്ടോറിയല്‍ 2 ഫീച്ചര്‍ സിനിമകള്‍ വ്യാപകമാകുന്നതിനു മുമ്പുള്ള സിനിമയുടെ പ്രാഥമിക കാലത്തു തന്നെ ആക്ച്വാലിറ്റീസ് എന്നും വിളിക്കപ്പെട്ടിരുന്ന ഡോക്കുമെന്ററികള്‍ ധാരാളമായി പൂര്‍ത്തിയാക്കിയിരുന്നു. ലക്ഷക്കണക്കിന് ഡോക്കുമെന്ററികളുടെ ചരിത്രം കൂടിയാണ് സിനിമയുടെ ചരിത്രം എന്നത് തര്‍ക്കമറ്റ സംഗതിയാണ്. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ ആരംഭത്തില്‍, ഡോക്കുമെന്ററികളുടെ സ്വഭാവത്തില്‍ ചില വിജ്ഞാനശകലങ്ങള്‍ തിരശ്ശീലയില്‍ എഴുതുന്നുണ്ട്. അതിസാധാരണമായ അറിവുകളാണിവയെങ്കിലും, ഈ സിനിമയുടെ പൂര്‍ണമായ സംവേദനത്തിന് അത്യന്താപേക്ഷിതമായ വിവരണങ്ങളാണ് അവ. കേരളത്തെക്കുറിച്ചും തമിഴ്‌നാടിനെക്കുറിച്ചുമുള്ള പ്രാഥമിക വിവരങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയതാണ് ഈ വിജ്ഞാനശകലങ്ങള്‍. അവ ഇപ്രകാരമാണ്. Kerala The South Indian State is wedged between the Lakshadweep sea and the western ghats. Malayalam one of the six classical languages of India is the most widely spoken language of Kerala. -- കേരളം ഇന്ത്യയുടെ തെക്കുപടിഞ്ഞാറേഅറ്റത്തുള്ള ഒരു സംസ്ഥാനമാണ്, കേരളം. തെക്കും കിഴക്കും തമിഴ്‌നാട്, വടക്കു കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ്.കേരളത്തിന്റെ ഭാഷ മലയാളം. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. ഭാഷയുടെ കേരളീയ പാരമ്പര്യം പരിഗണിച്ച് കേരളീയര്‍ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.75 കോടി ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്. Tamil Nadu The south Indian state is the bordering states are Kerala to the west. Language of Tamil Nadu - Tamil.. Tamil is the sole official language of Tamil nadu. Tamil was the first language to be recognized as a classical language of India. തമിഴ്‌നാട്‌ തമിഴ്‌നാട്‌ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ്‌. കേരളം, കർണ്ണാടക, ആന്ധ്രാ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയും തമിഴ്‌നാടിനോടു ചേർന്നു കിടക്കുന്നു. ഔദ്യോഗിക ഭാഷ - തമിഴ് തമിഴ് ഒരു ഉദാത്ത ഭാഷയും ദ്രാവിഡ ഭാഷകളിലെ ഒരു പ്രധാനപ്പെട്ട ഭാഷയും ആണ്. ഏതാണ്ട് 2000 വർഷത്തെ ഇടമുറിയാത്ത സാഹിത്യ പാരമ്പര്യം ഉള്ള ഒരു അപൂർവ്വ പൗരാണിക ഭാഷയാണ് തമിഴ്. വിക്കിപ്പീഡിയയുടെ ഇംഗ്ലീഷ്. മലയാളം പതിപ്പുകളില്‍ നിന്നാണ് ഈ കുറിപ്പുകള്‍ എടുത്തിട്ടുള്ളതെന്ന് വ്യക്തം. ഒരേ കാര്യത്തെക്കുറിച്ച് വിവിധ ഭാഷകളിലുള്ള വിക്കിപ്പീഡിയകളില്‍ വരുന്ന കുറിപ്പുകള്‍ വിശദാംശങ്ങളില്‍ വ്യത്യസ്തമായിരിക്കും. ആ വ്യത്യസ്തത നിലനിര്‍ത്തിക്കൊണ്ടാണ് ഇവിടെ കൊടുത്തിരിക്കുന്നതും. അതായത്, ഒരേ കാര്യം തന്നെ മലയാളം വിക്കിപ്പീഡിയയില്‍ ഡാറ്റ എന്റര്‍ ചെയ്യുന്നവരും ഇംഗ്ലീഷ് വിക്കിപ്പീഡിയയില്‍ എന്റര്‍ ചെയ്യുന്നവരും വ്യത്യസ്തമായ രീതിയിലാണ് പരിചരിക്കുന്നത് എന്നു ചുരുക്കം. ഈ വ്യത്യസ്തത അഥവാ ദ്വന്ദത നിലനിര്‍ത്തിക്കൊണ്ടും എന്നാലത് മലയാളിയ്ക്ക് മാത്രം മനസ്സിലാവുന്ന രീതിയിലുമാണ് സംവിധായകന്‍ വിന്യസിച്ചിരിക്കുന്നത്. മലയാളം കുറിപ്പിന്റെ ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ പ്രത്യേകം കൊടുത്തിട്ടില്ല. ഡോക്കുമെന്ററി എന്ന സിനിമാ ഗണത്തിന് ഒരാദരവ് കൊടുക്കുന്നതു പോലെയാണ് ഈ എഴുത്ത് എനിക്കനുഭവപ്പെട്ടത്. അതോടൊപ്പം, ഡോക്കുമെന്ററി അഥവാ രേഖ എന്ന അവലംബം എല്ലായ്‌പോഴും ഒന്നല്ലെന്നും നിരന്തരവും പരസ്പരവും മാറിക്കൊണ്ടിരിക്കുന്നതുമാണെന്ന തിരിച്ചറിവും സാധ്യമാവുന്നു. അതോടൊപ്പം, തമിഴ്/തമിഴ് നാട്, മലയാളം/കേരളം എന്നീ അവസ്ഥാ-പ്രതിഭാസ-സംസ്‌ക്കാര-യാഥാര്‍ത്ഥ്യങ്ങളുടെ ഒരു സമകാലിക രേഖ അഥവാ വിലയിരുത്തല്‍ ആണീ സിനിമ എന്ന അവകാശവാദവുമാണ് ഈ ദൃശ്യം. ഈ സിനിമ ഡോക്കുമെന്ററി പോലുണ്ട്, എന്നത് ചിലരുടെ റെഡി മെയിഡ് നിരീക്ഷണവും ഡീഗ്രേഡിംഗ് ചെയ്തതായുള്ള തോന്നലുമായി പ്രവർത്തിക്കാറുണ്ട്. അവർക്കുള്ള ഒരു ഫീച്ചർ സംവിധായകന്റെ പരോക്ഷ മറുപടി പോലെയും ഡോക്കുമെന്ററിവത്ക്കരണം പ്രവർത്തിക്കുന്നു. ജി പി രാമചന്ദ്രൻ
നൻ പകൽ നേരത്ത് മയക്കം എന്ന സിനിമയെക്കുറിച്ച് ഞാനും ജിതിൻ കെസിയും ചേർന്നെഴുതിയ ലേഖനം ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. അത് ഈ സിനിമയെ മുൻ നിർത്തിയുള്ള പ്രാഥമിക പഠനം മാത്രമാണ്. ഒടിടി റിലീസ് ചെയ്തിരിക്കെ കൂടുതൽ സൂക്ഷ്മവും വിപുലവുമായ അന്വേഷണം നടത്താൻ സൗകര്യമൊരുങ്ങിയിരിയ്ക്കുന്നു. ഒടിടി സിനിമയെ തകർക്കുമെന്ന് ഒരു മഹാൻ പറഞ്ഞു. എന്നാൽ എന്റെ അനുഭവം ഒടിടി സിനിമയെ ജനിപ്പിക്കുകയും പുനർ ജനിപ്പിക്കുകയും ചെയ്യുന്നുവെന്നാണ്. അതാണീ പഠനത്തിന്റെ പശ്ചാത്തലം. നൻ പകൽ ട്യൂട്ടോറിയൽ എന്ന സീരീസിൽ ആരംഭിയ്ക്കുന്ന ഈ പഠന പരമ്പര വായിക്കണമെന്നുള്ളവർ ഈ ബ്ലോഗ്‌ പോസ്റ്റുകൾ പിന്തുടരുക.

Saturday, October 29, 2022

അൺ എൻഡിംഗ് ഗൊദാർദ്. 1

അൺ എൻഡിംഗ് ഗൊദാർദ്. (ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ സഹായത്തോടെ ഡെക്കലോഗ് ഫിലിം സൊസൈറ്റി മണ്ണാർക്കാട് നടത്തുന്ന മാസ്റ്റർ ക്ലാസ് ഇന്നാരംഭിച്ചു.) ഇന്നത്തെ ക്ലാസിനായി തയ്യാറാക്കിയ കുറിപ്പുകൾ. (എഡിറ്റ് ചെയ്തിട്ടില്ല/റെഫറൻസ് പിന്നീട് നൽകുന്നതാണ്) 1971ല്‍ ഗൊദാര്‍ദ് ഒരു വാഹനാപകടത്തില്‍ പെട്ടു. അദ്ദേഹം സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ ഒരു വാനുമായി കൂട്ടിയിടിച്ചു. ഐസിയുവിലേയ്ക്കദ്ദേഹത്തെ കൊണ്ടുപോയി. ഗൊദാര്‍ദ് മരിച്ചു എന്ന ഊഹാപോഹം പരന്നു. സിനിമയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും റെബലിയസ് ആയ സംവിധായകന്‍ തികച്ചും ചെറുപ്പത്തില്‍ മരിച്ചു എന്ന വാര്‍ത്തയാണ് റൊമാന്റിക്കുകളെ പ്രചോദിപ്പിക്കുക. മാത്രമല്ല, ബ്രെത്ത്‌ലസ്സിലെ ബെല്‍മോണ്ടോയും ലെ പെറ്റിറ്റ് സൊള്‍ഡറ്റിലെയും വിവറാ സീവിയിലെയും കരീനയും ലെ മെപ്രീസിലെ ബാര്‍ദോത്തും മസ്‌കുലിന്‍ ഫെമിനിനിലെ ല്യൂദും മരണത്തെ അഭിമുഖീകരിച്ചവരല്ലേ? വീക്കെന്‍ഡിലൂടെ അദ്ദേഹം മുഖ്യധാരാ സിനിമയോട് വിടപറഞ്ഞു. തീവ്രവാദികളുടെ സിനിമയായ വെര്‍ത്തോവ് സ്‌കൂളിലേയ്ക്ക് സ്വയം ലയിച്ചു. ഇതെല്ലാം സ്വയം നിരാകരിക്കലല്ലേ! കുറഞ്ഞ പ്രായത്തിലുള്ള മരണം, അത് ആത്മഹത്യയാവാം, അപകടമരണമാവാം അദ്ദേഹത്തിന്റെ സിനിമകളുടെ ലോജിക് അത്തരത്തിലവസാനിച്ചേക്കാം എന്ന് അന്നേ തോന്നിപ്പിച്ചിരുന്നു. എന്നാലിന്ന്, വാസ്തവത്തില്‍ അക്കാര്യം സംഭവിച്ചു. അസിസ്റ്റഡ് സുയിസൈഡ് എന്ന പ്രക്രിയയിലൂടെ നിയമാനുസൃതമായ മരണം ഏറ്റുവാങ്ങി അദ്ദേഹം ശാശ്വതനായിരിക്കുന്നു. ആല്‍ഫാവില്ലിലെന്ന പോലെ മറുപ്രപഞ്ചത്തിലേക്കുള്ള യാത്രയാണോ അത്? ഫ്രാന്‍സിലും സ്വിറ്റ്‌സര്‍ലാണ്ടിലും പൗരത്വമുള്ള ഒരു ഇരട്ടവ്യക്തിത്വമായിരുന്നു ഗൊദാര്‍ദിന്റേത്. ഫ്രഞ്ച് സിനിമയെ മാറ്റിമറിച്ചതിലൂടെ ലോകസിനിമയെ കീഴ്‌മേല്‍മറിച്ച ഗൊദാര്‍ദ് ഫ്രാന്‍സില്‍ നിയമാനുസൃതം അനുവദനീയമല്ലാത്ത ക്ലിനിക്കല്‍ ആത്മഹത്യ സ്വിസ് പൗരത്വം കൊണ്ട് നേടിയെടുത്തിരിക്കുന്നു. വെറും കിടക്കകളെക്കുറിച്ച് (സെക്‌സ്) സിനിമയെടുക്കുന്ന ആള്‍ എന്ന ആരോപണം നിലനില്‌ക്കെയാണ് ലെപെറ്റിറ്റ് സോള്‍ഡാറ്റ് (കൊച്ചു പട്ടാളക്കാരന്‍) ഗൊദാര്‍ദ് എടുത്തത്. അള്‍ജീരിയയില്‍ ഫ്രാന്‍സ് നടത്തിക്കൊണ്ടിരുന്ന അധിനിവേശത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന സിനിമയാണ് അത്. ഫ്രാന്‍സ് ആ സിനിമ നിരോധിച്ചു. അത് മുന്‍കൂട്ടി കണ്ട് ഗൊദാര്‍ദ് ഇത് സ്വിറ്റ്‌സര്‍ലാണ്ടിലാണ് ചിത്രീകരിച്ചത്. അതുകൊണ്ട് അത് സ്വിസ് സിനിമയായി. ആദര്‍ശശുദ്ധിയോ മാനവിക നിലപാടുകളോ ഇല്ലാത്ത ഫ്രഞ്ച് കാഴ്ചപ്പാട് അന്തിമമായ പരാജയം ഏറ്റുവാങ്ങും എന്ന കാര്യമാണ് ലെപെറ്റിറ്റ് സോള്‍ഡാറ്റില്‍ ഗൊദാര്‍ദ് രേഖപ്പെടുത്തുന്നത്. പൊലീസ് വാഹനങ്ങള്‍ ധൃതിയില്‍ തിരിക്കുകയും പായുകയും ചെയ്യുന്നതിനു തൊട്ടുമുമ്പിലൂടെ പാളിക്കൊണ്ട് കടന്നു പോകുന്ന സൈക്കിള്‍ കുട്ടികളുടെ ഒരു ദൃശ്യമുണ്ടീ സിനിമയില്‍. അതിമനോഹരമായ ദൃശ്യം. 1971ല്‍ അദ്ദേഹത്തിന് നാല്പതു വയസ്സേ ഉണ്ടായിരുന്നുള്ളൂ. സിനിമയില്‍ അതിനു ശേഷം അദ്ദേഹം മൂന്നു ജന്മങ്ങള്‍ കൂടി എടുത്തു. 1984ല്‍ ത്രൂഫോ മരിച്ചതിനു ശേഷം ഴാക് ദെമിയും എറിക് റോമറും ക്ലോദ് ഷാബ്രോളും ക്രിസ് മേക്കറും അലന്‍ റെനെയും ഴാക് റിവെയും അവസാനം ആഗ്നെസ് വെര്‍ദയും മരിച്ചതിനു ശേഷമാണ് ഗൊദാര്‍ദ് ഇപ്പോള്‍ മരിക്കുന്നത്. ഇനി ഫ്രഞ്ച് ന്യൂവേവ് ഇല്ല എന്നു പറയാമോ? പറ്റില്ല. കാരണം, അത് ചരിത്രത്തില്‍ വിലയം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. ഫ്രഞ്ച് ന്യൂവേവ് ഇല്ലെങ്കില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം തന്നെ ഇല്ലെന്നു പറയേണ്ടി വരും. അത്ര പ്രധാനമാണത്. ഫ്രഞ്ച് ന്യൂവേവിന്റെ ആ മഹാനായ അതിജീവിതന്‍ ഇപ്പോള്‍ തന്നെ അവസാനിപ്പിച്ചിരിക്കുന്നു. നൂറോ നൂറ്റമ്പതോ എണ്ണിയാല്‍ തീരാത്ത കണ്ടാല്‍ തീരാത്ത മനസ്സിലാക്കിയാലും തീരാത്ത സിനിമകളുടെ മഹാപ്രപഞ്ചത്തെ നമുക്കായി തുറന്നിട്ടുകൊണ്ട്. ന്യൂവേവിനു ശേഷം, ദീഗോ വെര്‍ത്തോവ് സംഘം, 1970കളിലെ വീഡിയോ വര്‍ക്കുകള്‍, 1980കളിലെ ധാര്‍മികാന്വേഷണങ്ങള്‍, 1990കളിലെ ഹിസ്റ്ററീസ് ദു സിനിമ എന്ന മഹത്തായ പദ്ധതി, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റല്‍ ഉപന്യാസങ്ങള്‍ എന്നിങ്ങനെ സിനിമയും പോസ്റ്റ് സിനിമയുമായി പല ജന്മങ്ങള്‍ ജീവിച്ചു കാണിച്ചാണ് അദ്ദേഹം വിട പറയുന്നത്. മറ്റേതൊരു ചലച്ചിത്രകാരനും ആലോചിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ സിനിമയുടെ സാധ്യതകള്‍ ഗൊദാര്‍ദ് പ്രയോജനപ്പെടുത്തി. അല്ലെങ്കില്‍ കാണിച്ചു തന്നു. അതിലൂടെ കാണികളുടെ മാത്രമല്ല, മനുഷ്യലോകത്തിനാകെ അവരുടെ കാഴ്ചപ്പാടുകളെ പുതിയ പുതിയ ചക്രവാളങ്ങളിലേയ്ക്ക് വികസിപ്പിക്കാന്‍ സാധിച്ചു. കഥ പറയുകയോ അതിലൂടെ ജനപ്രിയതയുടെ ആകാശങ്ങള്‍ വെട്ടിപ്പിടിക്കുകയോ ചെയ്യുകയെന്നതിനപ്പുറം, ചിന്തിക്കുന്ന മനുഷ്യര്‍ക്ക് സാധ്യമായ ഏറ്റവും വലിയ ആവിഷ്‌ക്കാരമായ ദര്‍ശനത്തിന്റെ തത്വശാസ്ത്രത്തിന്റെ ഒരു വാഹനമായി സിനിമയെ ഗൊദാര്‍ദ് പരിണമിപ്പിച്ചു. ഈ കാലഘട്ടങ്ങളിലൊക്കെയും, സിനിമകളുടെ രൂപങ്ങളിലും ഇതിവൃത്തങ്ങളിലും അവതരണങ്ങളിലും നടത്തിയ നൂതനത്വങ്ങളിലൂടെയാണ് അദ്ദേഹം സാന്നിദ്ധ്യം അറിയിച്ചത്. വിശ്രമമില്ലാത്ത പരീക്ഷണങ്ങള്‍. ലാവണ്യപരമായ നവീനതയ്ക്കു വേണ്ടിയുള്ള വിഭ്രാന്തമായ പാച്ചിലുകള്‍. ചിന്തയ്ക്കു വേണ്ടിയുള്ള രൂപങ്ങള്‍. വികാരത്തിന്റെ രാഷ്ട്രത്തില്‍ നിന്ന് വിചാരത്തിന്റെ രാഷ്ട്രത്തിലേയ്ക്കുള്ള പൗരത്വപലായനമാണ് ഗൊദാര്‍ദ് സിനിമയില്‍ നടത്തിയത് എന്നു പറയാറുണ്ട്. മൊണ്ടാഷും, ഇമേജും ശബ്ദവും തമ്മിലുള്ള വൈരുദ്ധ്യ-പാരസ്പര്യങ്ങള്‍, സ്‌ക്രീനിലെ ഗ്രാഫിക്‌സിന്റെ പ്രാധാന്യം എന്നിങ്ങനെ കാണാനും ചിന്തിക്കാനുമായി അനവധി കാര്യങ്ങളാണ് ഗൊദാര്‍ദ് സിനിമയിലുള്ളത്. നീണ്ടു നില്ക്കുന്ന സിനിമയുടെ ചരിത്രത്തിന്മേലുള്ള ഒരു ധ്യാനയാത്രാവണ്ടിയാണ് ഗൊദാര്‍ദിനെ സംബന്ധിച്ചിടത്തോളം സിനിമ. സിനിമയുടെ ചരിത്രം ലൂമിയര്‍ സഹോദരന്മാരില്‍ നിന്നല്ല, കലയുടെ ചരിത്രാരംഭത്തില്‍ നിന്ന് മാനവികതയുടെ ചരിത്രാരംഭത്തില്‍ നിന്നാണദ്ദേഹം തുടങ്ങുന്നത്. അത് സിനിമയിലവസാനിക്കുന്നുമില്ല. ചരിത്രമെഴുത്തിനെ തന്നെ മാറ്റിമറിച്ച ഒരു ചരിത്രരചനയാണത്. ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ അവസ്ഥാന്തരങ്ങളുമായുള്ള ഗൊദാര്‍ദ് സിനിമകളുടെ ഗാഢബന്ധം അമ്പരപ്പിക്കുന്നതാണ്. സാമ്രാജ്യത്വം, ലോകമഹായുദ്ധങ്ങള്‍, ഫ്രഞ്ച് വിപ്ലവം, ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം, ചൈനീസ് വിപ്ലവം, അറുപതുകളിലെ വിദ്യാര്‍ത്ഥികലാപം, വിയറ്റ്‌നാം യുദ്ധം, ഫലസ്തീന്‍ എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കാനും വിലയിരുത്താനും കഴിയുന്നവര്‍ക്കേ ഗൊദാര്‍ദ് സിനിമകളും ഉള്‍ക്കൊള്ളാനാവൂ. യാഥാര്‍ത്ഥ്യത്തിന്റെ പ്രകൃതവുമായി അത്രമേല്‍ ഇഴചേര്‍ന്നു നില്ക്കുന്ന ആഖ്യാനങ്ങള്‍ ആണത്. ഫ്രഞ്ച് ഗൊദാര്‍ദില്‍ നിന്ന് ആഗോള ഗൊദാര്‍ദിലേയ്ക്കുള്ള സഞ്ചാരമാണ് ലോകമാകെയുള്ള കാണികളിലൂടെ സംഭവിച്ചത്. അതില്‍ കേരളത്തിനും കുറവല്ലാത്ത ഒരു പങ്കുണ്ട്. എല്ലായ്‌പോഴുമെന്നതു പോലെ മുഖ്യധാരാ വാണിജ്യ സിനിമയുടെ അധീശത്വവും കലാസ്വാതന്ത്ര്യത്തിനായുള്ള വെമ്പലും തമ്മിലുള്ള നിത്യവൈരുദ്ധ്യം തന്നെയാണ് ഗൊദാര്‍ദിനെ എന്നും പ്രസക്തനാക്കുന്നത്. -- ല ചിനോയ്‌സില്‍ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ബന്ധമാണ് ഒരു മുഖ്യപ്രമേയം. ഒരു പറ്റം വിദ്യാര്‍ത്ഥികള്‍, മാര്‍ക്‌സിസം, ലെനിനിസം, മാവോയിസം എന്നിവയുടെ സൈദ്ധാന്തിക അടിത്തറ പഠിക്കാന്‍ ഒരു അപ്പാര്‍ട്‌മെന്റില്‍ താല്ക്കാലിക താമസം തുടങ്ങുന്നു. വായന, ചര്‍ച്ച എന്നിവയിലൂടെ വിപ്ലവപ്പോരാട്ടത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ഒരു കൃത്യത അന്വേഷിക്കുകയാണ് അവര്‍. ചിന്ത എങ്ങിനെയാണ് രാഷ്ട്രീയ നടപടിയാക്കി മാറ്റുന്നു എന്നാണവരുടെ അന്വേഷണം. ബൗദ്ധികവും വ്യക്തിപരവുമായ പ്രവര്‍ത്തനം എന്നിവ തമ്മിലുള്ള വ്യത്യാസം. വെറോണിക്ക നിരവധി അഭിമുഖങ്ങള്‍ നടത്തുന്നു. ബൗദ്ധികവും അധ്വാനപരവുമായ തൊഴിലിനെ സംബന്ധിച്ച വ്യത്യാസം അന്വേഷിക്കപ്പെടുന്നു. നിര്‍മ്മിക്കപ്പെടുന്ന ഒരു സിനിമ എന്നാണ് ടൈറ്റിലിലുള്ളത്. ഒരു താല്ക്കാലിക ശ്രമം പോലെയാണ് ല ചിനോയ്‌സ് അവതരിപ്പിക്കപ്പെടുന്നത്. സങ്കല്പനം, നിര്‍വഹണം എന്നിവയുടെ വിശദീകരണമാണ് ഈ സിനിമ. ഹെന്റി മാര്‍ക്‌സിസ്റ്റ് സാമൂഹ്യ വിശകലനത്തില്‍ നിന്ന് ഒരു ഭാഗം വായിക്കുന്നു. അപ്പോള്‍ ഒരു വെള്ളച്ചുമര്‍ കാണാം. ഒരു സ്ത്രീയുടെ വിരല്‍ ചൂണ്ടുന്നു. എന്താണ് വാക്ക്? ആരുടേതാണ് ആ വിരല്‍? ആരാണ് സംസാരിക്കുന്നത്? ആരോടാണ് ചോദിക്കുന്നത്? വെറോണിക്കയുടെ ചോദ്യം വളരെ വ്യക്തമാണ്. രാഷ്ട്രീയമോ അല്ലാത്തതോ ആയ സന്ദേശം എങ്ങനെയാണ് വിനിമയം ചെയ്യുക? വീഡിയോ കാസറ്റുകളോ സിഡി, ഡിവിഡികളോ പെന്‍ഡ്രൈവുകളോ ഇപ്പോള്‍ ടോറന്റോ ടെലഗ്രാമോ പോലുള്ള ടൂള്‍സ് ആലോചിയ്ക്കാന്‍ പോലുമാകാത്ത കാലത്ത്, ഇവയൊക്കെ ഉണ്ടായാല്‍ വീണ്ടും വീണ്ടും കാണാവുന്ന, വിശദമായി കാണാവുന്ന, നിര്‍ത്തി നിര്‍ത്തി കാണാവുന്ന സിനിമകളെടുത്ത ആളാണ് ഗൊദാര്‍ദ്. മൊസാര്‍ടിനെക്കുറിച്ച് അമേദിയൂസ് എന്ന സിനിമയില്‍ എമ്പറര്‍ പറയുന്നത് ടൂമെനി നോട്ട്‌സ് എന്നതു പോലെ ഗൊദാര്‍ദ് ടൂമെനി ഇമേജസ് ആണ്. ശ്രദ്ധ പിടിച്ചു പറ്റുന്നത്, വിനോദം പകര്‍ന്നു നല്‍കുന്നത്, കഥ എന്നെല്ലാമാണ് ഏതെങ്കിലും പ്രത്യേക ഒരു സിനിമയെക്കുറിച്ച് സാധാരണ പറയുക. ഗൊദാര്‍ദിന് ഇതൊന്നും ബാധകമേ അല്ല. കോമണ്‍ സെന്‍സിന്റെ സിനിമയേ അല്ല ഗൊദാര്‍ദിന്റെ സിനിമ. അത്തരം കോമണ്‍ സെന്‍സ് (വാണിജ്യ) സിനിമകളെ അപ്പാടെ തൊലിയുരിച്ചു കാണിക്കുന്നതും പ്രകോപിപ്പിക്കുന്നതും നിരാകരിക്കുന്നതും കടന്നാക്രമിക്കുന്നതുമായ സിനിമയാണ് ഗൊദാര്‍ദിന്റേത്. വിനോദിപ്പിക്കാനുള്ള യന്ത്രം (എന്റര്‍ടൈനിംഗ് മെഷീന്‍) എന്നതിനു പകരം ദാര്‍ശനികമായ ഉപകരണം (ഫിലസോഫിക്കല്‍ ടൂള്‍) ആണ് ഗൊദാര്‍ദിന് സിനിമ. നിര്‍മ്മാതാക്കളുടെയോ മറ്റ് സംരംഭകരുടെയോ സിനിമാവ്യവസായത്തിന്റെ ആകെയോ സമീപനങ്ങളെ അദ്ദേഹം ഒരിക്കലും കണക്കിലെടുത്തതേ ഇല്ല. പാരീസിലും സ്വിറ്റ്‌സര്‍ലാണ്ടിലുമായുള്ള കുട്ടിക്കാലം കൗമാരകാലം, അമ്മയുടെ മരണം, അച്ഛന്റെ തള്ളിപ്പറച്ചില്‍ ഇതെല്ലാമായി കലുഷിതമായ ഒരു കാലം തള്ളി നീക്കി, സിനിമാത്തെക്കിലേയ്ക്കും ഇടതന്‍ ഫിലിം ക്ലബ്ബുകളിലേയ്ക്കും തന്റെ നിത്യജീവിതമാകെ ഗൊദാര്‍ദ് സമര്‍പ്പിച്ചു. 1940കളിലാണിത്. അക്കാലത്ത് കയേദുസിനിമയുടെ എഡിറ്റര്‍ ആേ്രന്ദ ബാസിനെ കണ്ടുമുട്ടി. ഫ്രാങ്കോ ത്രൂഫോ, ഴാക് റിവെ, ക്ലോദ് ഷാബ്രോള്‍, എറിക് റോമര്‍ ഇവരുമായുള്ള സൗഹൃദം. ഇവരെല്ലാമാണ് പില്‍ക്കാലത്ത് ന്യൂവേവിന്റെ ഹൃദയമാകുന്നത്. അക്കാലത്ത് അദ്ദേഹം ധാരാളം ലേഖനങ്ങളെഴുതി. നിരൂപണങ്ങളും മറ്റും. പല പേരില്‍. കയേദുസിനിമയിലും മറ്റു പ്രസിദ്ധീകരണങ്ങളിലും. കയേ ദു സിനിമയുടെ എഡിറ്റര്‍ ആേ്രന്ദ ബാസിന്‍, സൗന്ദര്യാത്മകവും ധാര്‍മികവുമായ ഒരു നിലപാടാണ് സിനിമയോട് പുലര്‍ത്തിയിരുന്നത്. എന്നാല്‍, പുതു ധാരണകളോട് തുറന്ന സമീപനം അദ്ദേഹത്തിനുണ്ടായിരുന്നു. റിയലിസമാണ് സിനിമയുടെ സത്ത എന്ന അടിസ്ഥാന ധാരണയാണദ്ദേഹത്തെ നയിച്ചത്. ഐസന്‍സ്റ്റീന്റെയും റുഡോള്‍ഫ് ആര്‍ണ്ഹീമിന്റെയും തിയറികള്‍ അക്കാലത്താണ് പ്രചാരത്തിലായത്. ഇത് ബാസിന്റെ നിലപാടിനോട് യോജിക്കുന്നതായിരുന്നില്ല. ദൃശ്യത്തെ മാറ്റിമറിക്കുന്ന ക്യാമറ വര്‍ക്ക്, ലൈറ്റിംഗ്, ലബോറട്ടറി പ്രോസസിംഗ്, എഡിറ്റിംഗ് ഇതിലൂടെയാണ് സിനിമയുടെ സര്‍ഗാത്മകത പിറക്കുന്നത്. ബാസിന്റെ നിലപാടുകളോട് അനുഭാവം പുലര്‍ത്തുമ്പോള്‍ തന്നെ പുതുമുറകളോടും താല്പര്യം കാണിയ്ക്കുകയാണ് ഗൊദാര്‍ദും കൂട്ടുകാരും ചെയ്തത്. ഓഥിയര്‍ തിയറി, വ്യക്തിപരമായി സംവിധായകന്‍ എന്ന സ്രഷ്ടാവ്, ക്യാമറ സ്റ്റൈലോ (ക്യാമറ ഒരു പെന്നാണ്) തുടങ്ങിയ സമീപനങ്ങള്‍ സജീവമായി. ന്യൂവേവിന്റെ തുടക്കമവിടെയാണ്. സിനിമകളെ കലാരൂപങ്ങളായി കാണണം. ഭൂരിപക്ഷവും അങ്ങിനെയല്ല, അവ നല്ല മികവില്‍ കെട്ടിയുണ്ടാക്കിയവയാണ്, വിനോദമൂല്യമുള്ളവയാണ്. നല്ല സാങ്കേതിക വിദ്യ പ്രയോഗിച്ചിട്ടുണ്ട്. എന്നാലിവരെ ഓഥിയര്‍ എന്നു വിളിക്കാനാവില്ല. ഒരു നോവലിസ്റ്റിനോ പെയിന്റര്‍ക്കോ സമാനമായി വ്യതിരിക്തമായ വീക്ഷണം പുലര്‍ത്തുന്ന സംവിധായകരെയാണ് ഓഥിയര്‍ എന്നു വിളിക്കാനാവുക. സിനിമയില്‍ സഹകരിച്ചവര്‍- എഴുത്തുകാര്‍, ഡിസൈനേഴ്‌സ്, സാങ്കേതിക വിദഗ്ദ്ധര്‍, അഭിനേതാക്കള്‍, എഡിറ്റര്‍മാര്‍, സംഗീതജ്ഞര്‍ എന്നിങ്ങനെ- എല്ലാവരും അവസാനം നാം കാണുന്ന സിനിമയ്ക്ക് കീഴ്‌പ്പെട്ടിരിക്കണം. അവരുടെ മേല്‍ സര്‍ഗാത്മക നിയന്ത്രണം കൊണ്ടുവരാനാവുന്ന ആളാണ് മികച്ച സംവിധായകന്‍. ഈ നിലപാടില്‍ നിന്നു കൊണ്ട് കയേ ദു സിനിമയിലെ നിരൂപകര്‍, ഹോളിവുഡ് സിനിമയടക്കമുള്ള സകലമാന സിനിമകളെയും നിശിതമായി വിമര്‍ശിച്ചു. കമ്പോള സിനിമകളെന്ന നിലയ്ക്ക് ഗൗരവ നിരൂപകരാല്‍ നിരാകരിക്കപ്പെട്ട സിനിമകളെയെല്ലാം അവര്‍ സൂക്ഷ്മമായി വിശകലനം ചെയ്തു. അവരില്‍ മിക്കവരും പില്‍ക്കാലത്ത് ന്യൂവേവിലൂടെ സംവിധായകരായി. അപ്പോള്‍, ഫിലിം സ്‌കൂളില്‍ നിന്നും സ്റ്റുഡിയോ അപ്രെന്റീസ്ഷിപ്പ് കോഴ്‌സുകളില്‍ നിന്നും പുറത്തു വരുന്ന തരം സംവിധായകരായിരുന്നില്ല അവര്‍. സ്വന്തം വ്യക്തിത്വത്തിന്റെ സ്വകാര്യ(പരസ്യ) ലോകങ്ങളില്‍ നിന്ന് അവരുദയം ചെയ്തു. അതിനവരെ പ്രാപ്തരാക്കിയത്, സിനിമാത്തെക്ക്, ഇടതു ഫിലിം ക്ലബ്ബുകള്‍, അവര്‍ തന്നെ എഴുതിയ നിരൂപണങ്ങള്‍ എന്നിവയായിരുന്നു. പടുകൂറ്റന്‍ സ്റ്റുഡിയോകള്‍ക്കു പകരം; തെരുവുകള്‍, കടകമ്പോളങ്ങള്‍, അപ്പാര്‍ട്‌മെന്റുകള്‍, അവരുടെ യൗവനകാലത്തെ നിത്യജീവിതത്തെ ഉള്‍ക്കൊണ്ട മറ്റു സ്ഥലങ്ങള്‍ ഇവിടെയാണ് അവര്‍ സിനിമകളെടുത്തതും സങ്കല്പിച്ചതും. നിയോറിയലിസ്റ്റുകളുമായുള്ള അവരുടെ ഒരു ചാര്‍ച്ച ഇവിടെ കാണാം. സിനിമ സിനിമയാണെന്ന പ്രാഥമിക നിലപാടിലൂടെ ഡിസീക്ക അടക്കമുള്ള ഇറ്റാലിയന്‍ നിയോറിയലിസ്റ്റുകളെ അവര്‍ മറികടക്കുകയും ചെയ്തു. ഇവയൊക്കെ ബ്രത്ത്‌ലസ്സിലും 400 ബ്ലോസി(ത്രൂഫോ)ലും പാരീസ് ബിലോംഗ്‌സ് ടു അസി(റിവെ)ലും കാണാം. (ജി പി രാമചന്ദ്രൻ)

Sunday, November 7, 2021

 ബോംബെയിലെ സാംസ്‌ക്കാരിക ഗറില്ലകള്‍


ജി പി രാമചന്ദ്രന്‍
--


  (എഡ്വേര്‍ഡ് തിയേറ്റര്‍, കല്‍ബാദേവി, മുംബൈ)

1914-15ലാണ് ബ്രിട്ടീഷ് തിയേറ്ററായ എഡ്വേര്‍ഡ് പ്രദര്‍ശനത്തിനായി തുറന്നത്. അന്ന് അതൊരു ഓപ്പറ ഹൗസായിരുന്നു. എഡ്വേര്‍ഡ് അഞ്ചാമന്‍ രാജാവിന്റെ പേരാണ് തിയേറ്ററിന് നല്‍കിയത്. അദ്ദേഹം ആ വര്‍ഷം ബോംബെ സന്ദര്‍ശിച്ചിരുന്നു.
ടോക്കീസിന്റെ വരവിനു മുമ്പു തന്നെ നിശ്ശബ്ദ സിനിമകള്‍ അവിടെ കാണിച്ചു തുടങ്ങി.



ചരിത്രത്തില്‍ ചില വൃത്തങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, കാര്യങ്ങള്‍ ആവര്‍ത്തിക്കും. പഴയ തിയേറ്ററായ എഡ്വേര്‍ഡില്‍ സിനിമ കാണാന്‍ ആളുകള്‍ കുറഞ്ഞപ്പോള്‍, പല തരത്തിലുള്ള കലാപരിപാടികളുടെ ഒരു കേന്ദ്രമാക്കി അത് മാറി. സ്റ്റാന്റ് അപ്പ് കോമഡി മുതല്‍ ഭരതനാട്യം വരെ അവിടെ കളിച്ചു. ഞായറാഴ്ചകളില്‍ കോമഡി മേള തന്നെ നടത്തി. കെട്ടിടവും അതിന്റെ അകവും മികച്ച നിലയിലാണിപ്പോഴുള്ളതെന്ന് പറയാനാവില്ല. എയര്‍കണ്ടീഷന്‍ ചെയ്തിട്ടില്ല. എന്നാല്‍, എച്ച് ആര്‍, സെയിന്റ് സേവിയേഴ്‌സ്, ജയ് ഹിന്ദ് എന്നീ കോളേജുകള്‍ അടുത്തുള്ളതിനാല്‍ ഇതൊരു സാംസ്‌ക്കാരിക കേന്ദ്രമായി പരിണമിച്ചേക്കും എന്നാണ് മാനേജിംഗ് പാര്‍ട്ണര്‍ ആയ ഫ്രെഡ് പൂനാവാല ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞത്. യുകെ കളക്ടീവിന്റെ ആഭിമുഖ്യത്തില്‍ ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഓഡിയോ വിഷ്വല്‍ സമന്വയം പോലും ഇവിടെ നടത്തുകയുണ്ടായി. ലണ്ടനിലൂടെയുള്ള ഒരു യാത്ര, സിനിമയുടെയും സംഗീതത്തിന്റെയും സഹായത്തോടെ അവര്‍ നടത്തി.
509 സീറ്റുകളാണ് തിയേറ്ററിലുള്ളത്. 1975ല്‍ ജയ് സന്തോഷി മാ 48 ആഴ്ചകള്‍ കളിച്ച ചരിത്രമൊക്കെ ഉണ്ടെങ്കിലും, കുറച്ചു കാലമായി ബി ഗ്രേഡ് സിനിമകള്‍ ആണ് അവിടെ കാണിച്ചിരുന്നത്. എഡ്വേര്‍ഡില്‍ ലോക ക്ലാസിക്കുകള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്ന ഒരു പരീക്ഷണവും ഈയടുത്ത വര്‍ഷങ്ങളില്‍ ആരംഭിച്ചിരുന്നു. വോള്‍ഫ്ഗാംഗ് ബെക്കറിന്റെയും ഴാങ് ലുക്ക് ഗൊദാര്‍ദിന്റെയും സിനിമകള്‍ അവിടെ കാണിച്ചു. എന്‍ലൈറ്റന്‍ ഫിലിം സൊസൈറ്റിയായിരുന്നു ഇത് സംഘടിപ്പിച്ചു തുടങ്ങിയത്. ബ്രെത്ത് ലസ്സ് 2010ല്‍ ഇവിടെ മാറ്റിനിയായി കളിച്ചു. കൈത്തറി കുര്‍ത്തകള്‍ ധരിച്ച ബുദ്ധിജീവികള്‍ക്കൊപ്പം, വഴിയോരക്കച്ചവടക്കാരും അസംഘടിത തൊഴിലാളികളും സിനിമക്കെത്തിയിരുന്നു.
രാജാവിന്റെ പേരിലുള്ള തിയേറ്ററായിരുന്നെങ്കിലും എഡ്വേര്‍ഡ് ഒരു തൊഴിലാളി വര്‍ഗ സിനിമാശാലയായിരുന്നു.



ഡോക്കുമെന്ററി സംവിധായികത മധുശ്രീ ദത്ത അടക്കമുള്ളവര്‍ പ്രവര്‍ത്തിക്കുന്ന മജ്‌ലിസ് എന്ന സംഘടനയും എസ്എന്‍ഡിറ്റി യൂണിവേഴ്‌സിറ്റിയും മാക്‌സ്മുള്ളര്‍ ഭവനും ചേര്‍ന്നുള്ള ചില പരിപാടികള്‍ക്കും എഡ്വേര്‍ഡ് വേദിയായി. സാഹിത്യത്തിലും സിനിമയിലും നഗരാഖ്യാനങ്ങള്‍ എന്ന കോഴ്‌സിന്റെ ഭാഗമായി അവിടെ ക്ലാസിക്കുകള്‍ പ്രദര്‍ശിപ്പിച്ചു. നഗരത്തില്‍ നിന്ന് അതിന്റെ മുഖങ്ങളും ലക്ഷണങ്ങളും ആസ്പദങ്ങളും നഷ്ടമാകുമ്പോള്‍, തങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഒരു പ്രതിപ്രയോഗത്തിന്റെ ഗറില്ലാ പോരാട്ടമാണ് നടത്തുന്നത് എന്നാണ് മധുശ്രീ ദത്ത തത്വവത്ക്കരിച്ചത്. എന്തെല്ലാമാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്! പഴയ സിംഗിള്‍ സ്‌ക്രീന്‍ സിനിമാശാലകള്‍, ഫിലിം പ്രിന്റുകള്‍... അതു മാത്രമോ? ബോംബെ എന്ന നഗരം നഷ്ടമായിക്കൊണ്ടിരിക്കുന്നു. പല ഗ്രാമീണതകളുടെ ഒരു സംഘാതമായി ഇവിടം മാറിക്കൊണ്ടിരിക്കുന്നു. പ്രാദേശികതകള്‍, ജാതികള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ സൃഷ്ടിക്കുന്ന സ്വയം തടവറകളുടെ ഗ്രാമങ്ങള്‍ എന്ന കൂട്ടം നഗരത്തിനു പകരമല്ല. ആരും മറ്റൊരാളുടെ സ്ഥലത്തേക്ക് ചെല്ലാന്‍ തയ്യാറല്ല. അതു മാറ്റാനാണ് ഞങ്ങളുദ്ദേശിക്കുന്നത്.
ഫിലിം സൊസൈറ്റി എന്ന പ്രവര്‍ത്തന ഭാവനയെയും ചലച്ചിത്ര പ്രദര്‍ശനം എന്ന പൊതുമയെയും സിനിമാ ശാല എന്ന വാസ്തു/വസ്തു യാഥാര്‍ത്ഥ്യത്തെയും സാംസ്‌ക്കാരിക പ്രത്യക്ഷമായി പുനരാവിഷ്‌ക്കരിക്കുകയായിരുന്നു മധുശ്രീ ദത്ത.



ബാന്ദ്രയിലെ മെഹബൂബ് സ്റ്റുഡിയോയും സമാന്തര സാംസ്‌ക്കാരിക ഹബ്ബാക്കി പരിണമിപ്പിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എഡ്വാര്‍ഡ് തിയേറ്ററിന്റെ രൂപപരിണാമവും സമാനമാണെന്നാണ് വിലയിരുത്തപ്പെട്ടത്.
കൊച്ചി മുസിരിസ് ബിനാലെയിലും ആലപ്പുഴയിലെ ലോകമേ തറവാട് പ്രദര്‍ശനത്തിലും അനുഭവിച്ചതു പോലെ; ബോംബെ നഗരത്തിന്റെ കൊളോണിയല്‍/ബ്രിട്ടീഷ്/നഗരനിര്‍മ്മാണത്തിന്റെയും മുതലാളിത്തോത്പന്നമായ തൊഴിലാളി വര്‍ഗ ജീവിതത്തിന്റെയും സാംസ്‌ക്കാരിക അവശേഷിപ്പുകളാണ് ഇവയൊക്കെയും.  
സിനിമ സിറ്റി എന്ന മറ്റൊരു പദ്ധതിയും മധുശ്രീ ദത്ത ആരംഭിച്ചിരുന്നു. സിനിമാ നിര്‍മ്മാണം എന്ന ബോംബെയുടെ അവിഭാജ്യമായ പ്രവര്‍ത്തനത്തെ ആര്‍ക്കൈവുകളിലൂടെ പുനസൃഷ്ടിക്കാനാണ് ശ്രമം. ഇതിന്റെ പ്രതിഷ്ഠാപനം ബെര്‍ലിന്‍ അന്താരാഷ്ട്ര മേളയില്‍ പ്രദര്‍ശിപ്പിക്കുകയുമുണ്ടായി.
മാക്‌സ് മുള്ളര്‍ ഭവനി(ജര്‍മന്‍ സാംസ്‌ക്കാരിക കേന്ദ്രം)ലെ മാര്‍ല സ്റ്റക്കന്‍ബര്‍ഗാണ് എഡ്വാര്‍ഡ് തിയേറ്ററാണ് ഈ സാംസ്‌ക്കാരിക സംഗമത്തിന് യോജിച്ച സ്ഥലമെന്ന് നിര്‍ദ്ദേശിച്ചതെന്ന് മധുശ്രീ ദത്ത പറയുകയുണ്ടായി. എഡ്വാര്‍ഡിന് ശക്തമായ ജര്‍മന്‍ ബന്ധവുമുണ്ട്. ജെര്‍ത്രൂഡ് എന്ന ജര്‍മന്‍ വനിതയായിരുന്നു എഡ്വാര്‍ഡ് തിയേറ്ററിന്റെ മുന്‍കാല ഉടമസ്ഥ. അവരെക്കുറിച്ച് ഒരു ഡോക്കുമെന്ററിയില്‍ കണ്ടതോടെ, ഈ തിയേറ്ററിന്റെ ചരിത്ര പ്രാധാന്യവും വിചിത്ര സൗന്ദര്യവും താന്‍ ശ്രദ്ധിച്ചു തുടങ്ങിയെന്ന് സ്റ്റക്കന്‍ ബര്‍ഗ് നിരീക്ഷിച്ചു. ബേജന്‍ ബറൂച്ചയുടെ ഭാര്യയായിരുന്നു ജെര്‍ത്രൂഡ് ബറൂച്ച. ഇപ്പോള്‍ ബറൂച്ച കുടുംബത്തിന്റെ ബന്ധുക്കളായ പൂനാ വാല കുടുംബമാണ് തിയേറ്ററിന്റെ ഉടമസ്ഥര്‍.
ബേജന്‍ മരിച്ചതിനു ശേഷം, എഡ്വാര്‍ഡ് തൊഴിലാളി വര്‍ഗത്തിനു മാത്രമായി സമര്‍പ്പിക്കണമെന്ന് ജെര്‍ത്രൂഡ് ആഗ്രഹിച്ചിരുന്നു. തൊഴിലാളികള്‍, കുടിയേറ്റത്തൊഴിലാളികള്‍ എന്നിവരെ   മാത്രമല്ല സമീപസ്ഥലങ്ങളിലെ യാചകരെ വരെ എഡ്വാര്‍ഡിലേക്ക് ആകര്‍ഷിക്കണം എന്നവര്‍ ഉദ്ദേശിച്ചിരുന്നത്. അതിനനുസരിച്ച് ഏറ്റവും കുറഞ്ഞ പ്രവേശന നിരക്കാണ് അന്നീടാക്കിയിരുന്നത്. 28 രൂപയാണ് ടിക്കറ്റിന്റെ വില. ഉറക്കത്തിന് അനുയോജ്യമായ മതിയായ വിശ്രമസ്ഥലം പോലുമില്ലാത്തവര്‍ക്ക് പകല്‍ വറുതിയ്ക്കിടയില്‍ അല്പം വിശ്രമിക്കാനും ഉല്ലസിക്കാനുമുള്ള ഇരുട്ടിന്റെയും ആഹ്ലാദത്തിന്റെയും സമ്മേളനമായി എഡ്വാര്‍ഡ് മാറട്ടെ എന്ന് അവര്‍ ഭാവന ചെയ്തു.




തിരശ്ശീലയ്ക്കു തൊട്ടുള്ള സീറ്റുകള്‍ക്ക് ഓര്‍ക്കസ്ട്ര സീറ്റുകള്‍ എന്നും മധ്യത്തിലുള്ളതിന് ഡ്രസ്സ് സര്‍ക്കിള്‍ എന്നും പിറകിലുള്ളതിന് ഫസ്റ്റ് ക്ലാസ് എന്നും പേരുകള്‍ നിലനിര്‍ത്തി.

നീല നിറത്തിലുള്ള ഉള്ളകവും വെള്ളയും സ്വര്‍ണവും നിറത്തിലുള്ള തൊങ്ങലുകളും അരങ്ങും മൂന്നു തട്ടുകളായുള്ള ഇരിപ്പിടങ്ങളും ഓര്‍ക്കെസ്ട്രയ്ക്കായുള്ള കുഴിഞ്ഞ ഇടവുമെല്ലാം ഭൂതകാലത്തെ പുനരാനയിക്കുന്നു.

ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കുള്ള ഓപ്പെറ ഹൗസും ഗുജറാത്തി, പാഴ്‌സി നാടകങ്ങളവതരിപ്പിച്ചിരുന്ന ഒരു ജനപ്രിയ അരങ്ങുമായിരുന്നു ഒരു കാലത്ത് എഡ്വാര്‍ഡ്. ഈ ഹാളില്‍ ഒരിക്കല്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു പ്രഭാഷണവും നടത്തിയിട്ടുണ്ട്.

അടുത്തിടെ മരണപ്പെട്ട നിരൂപകന്‍ റഷീദ് ഇറാനി അമ്പതുകളിലും അറുപതുകളിലും എഡ്വാര്‍ഡില്‍ പോയിരുന്ന തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍മ്മിച്ചിരുന്നു. സ്‌പൈ സ്മാഷര്‍, ഫ്‌ളാഷ് ഗോര്‍ഡോണ്‍, ദ ഷീപ്പ് മാന്‍, ദ ഫാസ്റ്റസ്റ്റ് ഗണ്‍ അലൈവ്  എന്നിങ്ങനെയുള്ള ഹോളിവുഡ് സിനിമകള്‍ രണ്ടാം പ്രദര്‍ശനത്തിനെത്തിയിരുന്നത് എഡ്വാര്‍ഡിലായിരുന്നു. കത്തോലിക്കരും പാഴ്‌സികളുമാണ് അക്കാലത്ത് കല്‍ബാദേവിയിലധികവുമുണ്ടായിരുന്നതെന്നതിനാല്‍, സെസില്‍ ബി ഡെമില്ലെയുടെ കിംഗ് ഓഫ് കിംഗ്‌സ് ഇടക്കിടെ അവിടെ കളിക്കുമായിരുന്നു. തന്റെ അമ്മ ഒരിക്കല്‍ ഗുരുദത്തിന്റെ പ്യാസ കാണിക്കാന്‍ കൊണ്ടു പോയതും ഇറാനി ഓര്‍മ്മിച്ചു. ഈ തിയേറ്റര്‍ കെട്ടിടം പഴയതു പോലെ നില്‍ക്കുന്നു എന്നത് സന്തോഷകരമാണ്, പക്ഷെ ശബ്ദ സംവിധാനം അരോചകമാണ് എന്നാണ് ഇറാനി പറഞ്ഞത്.
എയര്‍ കണ്ടീഷന്‍ ചെയ്ത മള്‍ട്ടിപ്ലെക്‌സുകളിലെ പ്ലാസ്റ്റിക് യാഥാര്‍ത്ഥ്യത്തിനു പകരം എഡ്വാര്‍ഡില്‍ തൊഴിലാളി വര്‍ഗത്തിന്റെ വിയര്‍പ്പും ജനാധിപത്യ മനോഭാവവും അനുഭവിക്കാന്‍ കഴിയും.
എന്നാല്‍, എഡ്വാര്‍ഡിനെ നൊസ്റ്റാല്‍ജിയയുടെ ഒരു കഷണമായി കണ്ട് അതിനെ കേന്ദ്ര ബിന്ദുവാക്കാനൊന്നും തനിക്കുദ്ദേശമില്ലെന്നും മധുശ്രീ ദത്ത വ്യക്തമാക്കി.
(നന്ദി: അനുരാധ സെന്‍ഗുപ്ത/ഗള്‍ഫ് ന്യൂസ്)

(തൃശ്ശൂര്‍ ചലച്ചിത്ര കേന്ദ്രം പ്രസിദ്ധീകരിച്ച കൊട്ടക ഡിജിറ്റല്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്)





--

Sunday, August 8, 2021

 ഒറ്റത്തിരശ്ശീലകള്‍ -7 


മെട്രോ സിനിമ, ധോബി തലാവ്, ബോംബെ.



1938 ജൂണ്‍ 8നാണ് ഈ കഥ ആരംഭിക്കുന്നത്. അല്ല, അതിനും മുമ്പെ അതിന്റെ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചതു മുതല്ക്ക്, അല്ലെങ്കില്‍  അതിന്റെ ആലോചന ആരംഭിച്ച സമയത്ത് തുടങ്ങിയ കഥയാണത്. സിനിമാപ്രണയികളും തിരശ്ശീലയിലെ ദൃശ്യ-ശ്രവ്യ വിസ്മയങ്ങളും തമ്മിലുള്ള തീരാത്ത പ്രണയത്തിന്റെ കഥ.





ബോംബെയിലെയും ഇന്ത്യയിലെയും ആദ്യത്തെ അമേരിക്കന്‍ തിയേറ്ററാണ് മെട്രോ. അതിനു മുമ്പ് ബോംബെയില്‍ വന്ന തിയേറ്ററുകളൊക്കെയും ബ്രിട്ടീഷ് സഹായത്തോടെയും മേല്‍നോട്ടത്തോടെയും പാഴ്‌സികളും മറ്റും പണിതതായിരുന്നു. എന്നാല്‍, മെട്രോ, ഹോളിവുഡിലെ പ്രധാന സ്റ്റുഡിയോ ആയ എംജിഎം - മെട്രോ ഗോള്‍ഡ് വിന്‍ മെയര്‍ - തന്നെ നേരിട്ട് പണിതതും, തങ്ങളുടെ പേരിന്റെ ആദ്യ ഭാഗം തന്നെ കൊടുത്ത് പൊലിപ്പിച്ചതുമാണ്. അമേരിക്കന്‍ തിയേറ്റര്‍ ആര്‍ക്കിടെക്റ്റ് ആയ തോമസ് ഡബ്ല്യു ലാംബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ ഡി ഡബ്ല്യൂ ഡിച്ച്‌ബേമും ഖലാസിമാരും തൊഴിലാളികളുമാണ് മെട്രോയുടെ അതീവ ചാരുതയാര്‍ന്ന ആര്‍ട് ഡെക്കോ കെട്ടിടം മുപ്പതുകളില്‍ പണിതുയര്‍ത്തിയത്.



എല്യോനര്‍ പോവല്ലും ജോര്‍ജ് മര്‍ഫിയും അഭിനയിച്ച ബ്രോഡ് വെ മെലഡി 1938 എന്ന സിനിമയായിരുന്നു ഉദ്ഘാടന ചിത്രം.



നാലു നിലകളില്‍, ആപ്പീസുകള്‍ക്കും കടകള്‍ക്കും മുകളിലും താഴെയുമായി സ്ഥലം കൊടുത്ത, ഇടയില്‍ ആയിരത്തഞ്ഞൂറ് ഇരിപ്പിടങ്ങളുള്ള ഒരു വലിയ ഹാള്‍ അടങ്ങുന്ന കെട്ടിടമാണ് മെട്രോ ആയി 1938ല്‍ പണിതുദ്ഘാടനം ചെയ്തത്. രണ്ടു നില ഉയരമുള്ള പ്രവേശന വരാന്ത(ഫോയര്‍)യില്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ടാണ് നിലമൊരുക്കിയത്. ബര്‍മയില്‍ നിന്നു കൊണ്ടു വന്ന തേക്കുകള്‍ കൊണ്ട് പാനല്‍ ചെയ്തു. പതിനഞ്ചടി നീളമുള്ള ബെല്‍ജിയന്‍ തൂക്കുവിളക്കുകളും ലോഹഗ്രില്ലുകള്‍ ഉറപ്പിച്ച തുറന്ന ബാല്‍ക്കണികളും ഈ പൂമുഖത്തുണ്ട്.



ബോംബെ സിനിമയുടെ നഗരമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇവിടെ ഒരു നിരത്തിന്റെ പേര് സിനിമാ റോഡ് എന്നാണ്. മെട്രോ സിനിമയുടെ പുറകിലെ ലൈനാണത്. രണ്ടു സ്‌പോര്‍ട്‌സ് കടകളും ഒരു തുന്നല്‍ക്കടയും ഒരു മുറുക്കാന്‍ കടയുമൊക്കെയാണവിടെയുള്ളത്. അതൊന്നും പ്രധാനമല്ല, തൊട്ടടുത്ത് മെട്രോ ഉണ്ടല്ലോ! മെട്രോ സിനിമ ഉദ്ഘാടനം ചെയ്തതിനെ എല്ലാവരും സ്വാഗതം ചെയ്യുകയല്ല ചെയ്തതെന്നും ചിലര്‍ പ്രതിഷേധം ഉയര്‍ത്തിയെന്നും പ്രകടനങ്ങള്‍ വരെ നടത്തിയെന്നും ചരിത്രകാരനായ ദീപക് റാവ് പറയുന്നു. അതിനെക്കുറിച്ചുള്ള പത്ര വാര്‍ത്തകളും അന്ന് വന്നിരുന്നു.



സിനിമാ റോഡിലെ ഒരു അലക്കുകടയുടെ പേര് മഡോണ ലോണ്‍ഡ്രി എന്നാണ്. ബോംബെ നഗരത്തിലെ അലക്കുകാരുടെ (ധോബികളുടെ) പ്രവൃത്തി/താമസസ്ഥലമാണ് ധോബി തലാവ്. അലക്കുകാരുടെ കുളം എന്നാണ് ധോബി തലാവ് എന്ന വാക്കിന്റെ പരിഭാഷ. ബ്രിട്ടീഷ് സൈനികരുടെ യൂണിഫോമുകളും മറ്റ് വസ്ത്രങ്ങളും അലക്കിയിരുന്നത് ഇവിടെയായിരുന്നു. ഇവിടത്തെ കുളത്തിന്റെ അടിയില്‍ നിരവധി ഉറവകളുണ്ടെന്ന്, അടുത്ത കാലത്ത് സബ്‌വേയ്ക്കു വേണ്ടി കുഴിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞു. ഇപ്പോള്‍ പക്ഷെ, ആ കുളം അവിടെയില്ല. അതു നിന്നിരുന്ന സ്ഥലത്ത് ഇപ്പോഴുള്ളത് ഒരു പൊതു ഗ്രന്ഥശാലയാണ്(പീപ്പിള്‍സ് ഫ്രീ റീഡിംഗ് റൂം). അതിന്റെ എതിര്‍വശത്താണ് മെട്രോ സിനിമ. സേവിയേഴ്‌സ് കോളേജും ഇവിടെത്തന്നെയാണുള്ളത്. എഡ്വാര്‍ഡ് സിനിമയും ലിബര്‍ട്ടി സിനിമയും തൊട്ടടുത്തു തന്നെ. മെട്രൊ സിനിമ നില്ക്കുന്നത് മഹാത്മാഗാന്ധി റോഡിലാണ്. സിനിമാ റോഡിന്റെ പുറകിലുള്ളതാകട്ടെ ബാരക്ക് റോഡാണ്. 



വിടി സ്‌റ്റേഷനും ക്രോഫോര്‍ഡ് മാര്‍ക്കറ്റും മുഹമ്മദ് അലി റോഡും ജെഹാംഗീര്‍ കൊവാസ്ജി ഹാളും നിരവധി ഇറാനി റസ്റ്റാറണ്ടുകളും എല്ലാം മെട്രോയ്ക്കടുത്താണുള്ളത്. 



കൊളാബയിലേക്ക് സൈനികാസ്ഥാനം മാറ്റുന്നതിനു മുമ്പ് ഇവിടെയായിരുന്നു അത് പ്രവര്‍ത്തിച്ചിരുന്നത്. യൂറോപ്യന്മാരും ഇന്ത്യക്കാരുമായ പട്ടാളക്കാര്‍ക്കുള്ള പാളയങ്ങളും കുതിരകള്‍ക്കുള്ള ലായങ്ങളും കുറെയധികം തുറന്ന വെളിമ്പ്രദേശങ്ങളും അലക്കുമൈതാനവും കുളവും ആശുപത്രിയും ശവകുടീരവുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ തല പെരുക്കുന്ന ഇത്തരം കാഴ്ചകള്‍ക്കു പകരം, സംഗീതത്തിന്റെയും പ്രണയത്തിന്റെയും സസ്‌പെന്‍സിന്റെയും സ്വപ്‌നങ്ങളുടെയും തീരാത്ത കലവറയായ സിനിമകളുടെ കേന്ദ്രവും തൊട്ടു മുമ്പില്‍ വായനശാലയും പിന്നെ എല്ലാവിധ കച്ചവടപ്പീടികകളും എന്നിങ്ങനെ ധോബി തലാവ് തെക്കന്‍ മുംബൈയിലെ ആകര്‍ഷക കേന്ദ്രമായി വര്‍ഷങ്ങള്‍ കൊണ്ട് മാറിക്കഴിഞ്ഞു. 



1995ലെ ഇന്ത്യന്‍ അന്താരാഷ്ട്ര മേള (ഇഫി) ബോംബെയില്‍ വെച്ചായിരുന്നു. മെട്രോയായിരുന്നു അതിലെ പ്രധാന വേദികളിലൊന്ന്. ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്‌ക്കിയുടെ ത്രീകളേഴ്‌സ് മൂന്നു സിനിമകളും - റെഡ്, വൈറ്റ്, ബ്ലൂ - ഇവിടെയായിരുന്നു പ്രദര്‍ശിപ്പിച്ചത്. സിനിമയോടെന്നതു പോലെ ജീവിതത്തോടും ആസക്തി വര്‍ദ്ധിപ്പിക്കുന്ന ഈ സിനിമകളുമായി ചേര്‍ത്തു വെച്ചാണ് മെട്രോയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ തങ്ങി നില്ക്കുന്നത്.



എഴുപതുകള്‍ വരെ ഹോളിവുഡ് സ്റ്റുഡിയോ ആയ എംജിഎം തന്നെയായിരുന്നു മെട്രോയുടെ ഉടമസ്ഥര്‍. പിന്നീട് അവര്‍ ഇന്ത്യക്കാര്‍ക്ക് വിറ്റു. വര്‍ഷങ്ങള്‍ കഴിയവെ, ആദ്യം അംബാനിയും പിന്നീട് മള്‍ട്ടിപ്ലെക്‌സ് കമ്പനിയായ ഐനോക്‌സും ഈ സിനിമാശാല വാങ്ങിച്ചു. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള കാലത്ത് മെട്രോ ബിഗ് സിനിമ എന്നും മെട്രോ ആഡ്‌ലാബ്‌സ് എന്നുമായിരുന്നു പേര്. ഇപ്പോള്‍ മെട്രോ ഐനോക്‌സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു. നൂറു ശതമാനം സൗരോര്‍ജ്ജം ഉപയോഗിച്ചാണ് മെട്രോ ഐനോക്‌സ് പ്രവര്‍ത്തിക്കുന്നത്. നിരവധി തിരശ്ശീലകളുള്ള മള്‍ട്ടിപ്ലെക്‌സാക്കി മാറ്റിയ മുംബൈയിലെ ആദ്യത്തെ സിംഗിള്‍ സ്‌ക്രീനാണ് മെട്രോ. ഇപ്പോള്‍ ആറു സ്‌ക്രീനുകളാണ് മെട്രോ ഐനോക്‌സിലുള്ളത്. അതിലൊന്ന് കുട്ടികള്‍ക്കു മാത്രമുള്ളതാണ്. കിഡില്‍സ്(കിടില്‍സ്!). 



്അറുപതുകള്‍ വരെയും ഹോളിവുഡ് സിനിമകള്‍,  അതിലധികവും എംജിഎം സിനിമകള്‍ മാത്രമായിരുന്നു മെട്രോയില്‍ കളിച്ചിരുന്നത്. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലെത്തിയപ്പോള്‍, ബോളിവുഡ് സിനിമകളുടെ പ്രീമിയര്‍ തിയേറ്ററായി മെട്രോ മാറി. മിക്ക ബ്ലോക്ക് ബസ്റ്ററുകളുടെയും ആദ്യ പ്രദര്‍ശനം ഇവിടെയായിരുന്നു. ഗ്ലാമര്‍ താരങ്ങളെല്ലാം അപ്പോഴിവിടെയെത്തും. ഗ്രെഗറി പെക്കും രാജ് കപൂറും ദിലീപ് കുമാറും മീനാകുമാരിയും മുതല്‍ പുതുതലമുറ താരങ്ങള്‍ വരെ മെട്രോയിലെ റെഡ് കാര്‍പ്പറ്റിലൂടെ നടന്നു. പലപ്പോഴും മെട്രോയിലെത്തുന്ന താരങ്ങള്‍, കാണികളുടെ ടിക്കറ്റുകുറ്റികളില്‍ കയ്യൊപ്പു ചാര്‍ത്തിക്കൊടുക്കുമായിരുന്നു. 



സൗദാഗറും ബോബിയും 1942 എ ലവ് സ്‌റ്റോറിയും ബര്‍സാത്തും ചാന്ദ്‌നിയും  ഖല്‍ നായക്കും കഭി അല്‍വിദാ ന കഹ്നയും ഇവിടെയായിരുന്നു പ്രീമിയര്‍. 1942 എ ലവ് സ്റ്റോറിക്കു വേണ്ടി ഡോള്‍ബി ശബ്ദ സംവിധാനം ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ തിയേറ്ററാണ് മെട്രോ. 



ശ്യാം ബെനഗലിന്റെ ജുനൂണ്‍ പോലുള്ള സിനിമകള്‍ക്കും മെട്രോയിലിടം കിട്ടി. 1954ല്‍ ആദ്യത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് നിശ അമ്പതുകളില്‍ മെട്രോയിലാണ് നടന്നത്. അന്ന് ദോ ബീഗാ സമീന്‍ എന്ന പ്രമുഖ സിനിമയുടെ രണ്ടവാര്‍ഡുകള്‍ മേടിച്ച ബിമല്‍ റോയിക്ക് പക്ഷെ, നിശാപാര്‍ടി നടന്ന വില്ലിംഗ്ടണ്‍ ക്ലബ്ബിലേക്ക് പ്രവേശനം ലഭിച്ചില്ല. കാരണം അ്‌ദ്ദേഹം മുണ്ടുടുത്താണ് അവാര്‍ഡ് മേടിക്കാനെത്തിയത്. 



1989ല്‍ ചാന്ദ്‌നി ആദ്യപ്രദര്‍ശനം നടത്തിയപ്പോള്‍, സ്റ്റാള്‍സില്‍ പഞ്ചാബി വിവാഹവേദി പോലെ ഒരുക്കിയാണ് യാഷ് ചോപ്ര ക്ഷണിതാക്കളെ വരവേറ്റത്. വളകളും തലമുടിത്തൊങ്ങലുകളും(പരാന്തി) എല്ലാമായി ആകെ ജഗപൊഗ. 1993ല്‍ ഖല്‍നായക് റിലീസ് ചെയ്തപ്പോള്‍, സുഭാഷ് ഗയ് ഇതേ സ്ഥലത്തെ ഒരു ജയില്‍ പോലെയാണ് ഡെക്കറേറ്റ് ചെയ്തത്. പിന്നെയുണ്ടായ തള്ളിക്കയറ്റത്തെ നേരിടാന്‍ പോലീസ് വേണ്ടി വന്നു. 



(ജി പി രാമചന്ദ്രന്‍/08-08-2021)


(കടപ്പാട് :  ആര്‍ട് ഡെക്കോ മുംബൈ ഡോട്ട് കോം, ഐനോക്‌സ് പി ആര്‍ ന്യൂസ് വയര്‍ വീഡിയോകളും ടെക്‌സ്റ്റുകളും, വെര്‍വെ മാഗസിന്‍, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, വിക്കിപ്പീഡിയ, ടൈംസ് ഓഫ് ഇന്ത്യ)




Saturday, July 17, 2021

  ഒറ്റത്തിരശ്ശീലകള്‍ - 6


ന്യൂ എംപയര്‍ സിനിമ
19എ മര്‍സ്ബാന്‍ റോഡ്, ഫോര്‍ട് മുംബൈ -1





കോവിഡ് മഹാമാരി ആരംഭിക്കുന്നതിനു മുമ്പു തന്നെ മുംബൈയിലെ പ്രസിദ്ധമായ ന്യൂ എംപയര്‍ സിനിമ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. 2014 മാര്‍ച്ച് 21നാണ് ന്യൂ എംപയറില്‍ അവസാനം പ്രദര്‍ശനം നടന്നത്. 300: റൈസ് ഓഫ് ആന്‍ എംപയര്‍ ആയിരുന്നു അവസാനം കാണിച്ച സിനിമ. ആ ശീര്‍ഷകത്തില്‍ സൂചിപ്പിച്ച ഉയരങ്ങള്‍ കീഴടക്കി എംപയര്‍ പിന്നീട് അടഞ്ഞു കിടന്നു.


ഛത്രപതി ശിവാജി ടെര്‍മിനസ് എന്നു പേരു മാറ്റിയിട്ടുള്ള ബോംബെയിലെ വിടി സ്‌റ്റേഷന്റെ തൊട്ടടുത്താണ് ന്യൂ എംപയര്‍. ഇതിനടുത്തായി തന്നെ മറ്റൊട്ടേറെ സിനിമാശാലകളുമുണ്ട്. അതില്‍ പലതും- ന്യൂ എക്‌സല്‍ഷര്‍, സ്റ്റെര്‍ലിംഗ് - ഒന്നിലധികം സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലെക്‌സുകള്‍ ആക്കി രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു. അപ്പോഴും മാറാതെ നില്‍ക്കുകയായിരുന്നു ആര്‍ട് ഡെക്കോ ശൈലിയില്‍ പണിതിട്ടുള്ള ന്യൂ എംപയര്‍. ആ തീരുമാനമാണോ ഈ സിനിമാശാലയ്ക്ക് തിരിച്ചടിയായത് എന്നറിഞ്ഞുകൂടാ.

1952ലെ ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നടന്നത് ന്യൂ എംപയറിലാണ്.




മുംബൈ നഗര ചരിത്രകാരനായ ദീപക് റാവ് പറയുന്നത്:  മുമ്പൊക്കെ ഒരു സിനിമാശാലയിലേക്ക് പോകുന്നത്  അത്യാഹ്ലാദകരമായ അനുഭവവും ഒരു കലാവിഷ്‌ക്കാരം തന്നെയുമായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യലും അടുത്ത വെസ്റ്റേണിനു വേണ്ടി കാത്തിരിക്കലും തുടങ്ങി കഫറ്റേറിയയില്‍ കിട്ടുന്ന ലഘു ഭക്ഷണവും ഹാളിന്റെ ഗാംഭീര്യവും വരെയുള്ള എല്ലാം അനുഭവിക്കേണ്ടതു തന്നെ.

ചലച്ചിത്ര നിരൂപകനും കോളമിസ്റ്റും ഫിപ്രെസ്‌കി-ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമായ റഫീഖ് ബാഗ്ദാദി പറയുന്നത്: ഒരു സ്ഥലത്തിന്റെ സ്ഥിതി എന്താണെന്നറിയണമെങ്കില്‍ അവിടത്തെ ബാത്ത്‌റൂം എപ്രകാരമാണെന്ന് പരിശോധിക്കണമെന്ന് മന്തോ ഒരിക്കല്‍ പറയുകയുണ്ടായി. ഇക്കാര്യത്തിലെല്ലാം ദശകങ്ങള്‍ക്കു മുമ്പു തന്നെ ഉദാത്തമായ മാതൃക സൃഷ്ടിച്ച തിയേറ്ററായിരുന്നു ന്യൂ എംപയര്‍. റഫീഖ് ബാഗ്ദാദിയുടെ കോളേജ് കാലത്ത് മോണിംഗ് ഷോ എപ്പോഴും ഇംഗ്ലീഷ് പടങ്ങളായിരുന്നു. ഹൗസ് ഫുള്ളാവുമായിരുന്നു. അവിടത്തെ കഫേയില്‍ ബ്രോത്ത് (എല്ലുകളും മാംസവും ഉപയോഗിച്ച് ഉണ്ടാക്കുന്ന സൂപ്പ് പോലുള്ള ഒരു പാനീയം, ഇതിനെ ഫ്രഞ്ചില്‍ ബൂളണ്‍ എന്നും വിളിക്കും)



ആയിരമാണ് ന്യൂ എംപയറിന്റെ സീറ്റിംഗ് കപ്പാസിറ്റി. 1908ല്‍ ലൈവ് ഷോകള്‍ക്കായുള്ള (നാടകങ്ങളും സംഗീത പരിപാടികളും) തിയേറ്ററായിട്ടാണ് എംപയര്‍ പണിതുയര്‍ത്തിയത്. പിന്നീട് 1937നും 1948നുമിടയില്‍ ആര്‍ട് ഡെക്കോ ശൈലിയിലേക്ക് മാറ്റി സിനിമാശാലയാക്കി പരിഷ്‌ക്കരിച്ചു.1933ല്‍ റീഗലും 1938ല്‍ മെട്രോയും ഈറോസും 1949ല്‍ ലിബര്‍ട്ടിയും തുടങ്ങിയ കൂട്ടത്തിലുള്ള ഒരു സിനിമാശാലയായി ന്യൂ എംപയറിനെയും പരിഗണിക്കാറുണ്ട്. 1930കളോടെ തന്നെ എംപയറില്‍ സിനിമാപ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇടയ്ക്കിടെ ലൈവ് ഷോകളും സിനിമകളും അങ്ങിനെയായിരുന്നു അന്നത്തെ രീതി.

ജോണ്‍ റോബര്‍ട്‌സ് & കമ്പനിയിലെ ഫ്രിറ്റസ് വോണ്‍ ഡ്രീബെര്‍ഗാണ് ന്യൂ എംപയര്‍ രൂപകല്പന ചെയ്തത്. യഥാര്‍ത്ഥ കെട്ടിടം ബറോക്ക് ശൈലിയിലായിരുന്നു. ആര്‍തര്‍ പെയ്‌നെ എന്ന ആര്‍ക്കിടെക്റ്റാണ് അത് പണിതത്. ഒ കോണോറും ജെറാര്‍ദും ചേര്‍ന്ന് ഇന്റീരിയര്‍ ചെയ്തു. കാന്റിലിവറുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ ബാല്‍ക്കണി ന്യൂ എംപയറിലാണ്. ഓര്‍ക്കെസ്ട്ര സ്റ്റാള്‍സും സര്‍ക്കിള്‍, ഗാലറി നിലകളുമുണ്ടായിരുന്നു. അധിക ഇരിപ്പിടങ്ങളായി ബോക്‌സുകളുമുണ്ടായിരുന്നു. ബാള്‍ട്ടിവാല & കമ്പനിയുടെ ഒരുഗ്രന്‍ പരിപാടിയോടെയാണ് തിയേറ്റര്‍ ആരംഭിച്ചതെന്ന് റഫീഖ് ബാഗ്ദാദി ഓര്‍മ്മിക്കുന്നു. 1930ലാദ്യമായി എംപയര്‍ തിയേറ്ററില്‍ വാഗബോണ്ട് കിംഗ് എന്ന സിനിമ പ്രദര്‍ശിപ്പിച്ചു.


ആദ്യ കാലങ്ങളില്‍, സിനിമ തുടങ്ങുന്നതിനു മുമ്പ് ലോക ബോക്‌സിംഗ് ചാമ്പ്യന്‍ ഷിപ്പിലെ തിരഞ്ഞെടുത്ത ക്ലിപ്പിംഗുകള്‍ അവിടെ കാണിക്കുമായിരുന്നു. ഇതൊരധിക ആകര്‍ഷണമായിരുന്നു. ഇടയ്ക്ക് ഫ്രഞ്ച് സിനിമ പോലെ മറ്റു യൂറോപ്യന്‍ സിനിമകളും പ്രദര്‍ശിപ്പിക്കുമായിരുന്നു.

അവസാന ഏഴു വര്‍ങ്ങളിലെ തിയേറ്ററിന്റെ ആകെ നഷ്ടം 2.58 കോടി രൂപയായിരുന്നുവെന്ന് ഉടമയായ ബര്‍ജ് കൂപ്പര്‍ പറയുന്നു. മള്‍ട്ടിപ്ലെക്‌സുകള്‍ക്ക് സമ്പൂര്‍ണ നികുതി ഒഴിവ് കൊടുത്തപ്പോള്‍, സിംഗിള്‍ സ്‌ക്രീനുകള്‍ക്ക് 45 ശതമാനം നികുതി ഈടാക്കുകയായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍.


1955ല്‍ ട്വന്റീത്ത് സെഞ്ച്വറി ഫോക്‌സ് കോര്‍പ്പറേഷന്‍, ന്യൂ എംപയറിനെ അവരുടെ ബോംബെയിലെ പ്രീമിയര്‍ തിയേറ്ററായി തെരഞ്ഞെടുത്തു. അവരുടെ എല്ലാ പുതിയ സിനിമകളും ഇന്ത്യയില്‍ ന്യൂ എംപയറിലാണ് ആദ്യ പ്രദര്‍ശനം നടത്തിയത്.

ലവ്‌സ്‌റ്റോറി, നോര്‍ത്ത് ടൂ അലാസ്‌ക്ക, എറൗണ്ട് ദ വേള്‍ഡ് ഇന്‍ 80 ഡെയ്‌സ് തുടങ്ങിയ സിനിമകളൊക്കെ ന്യൂ എംപയറില്‍ വന്‍ വിജയമായ സിനിമകളാണ്.

1996ല്‍ വീണ്ടും ന്യൂ എംപയര്‍ പുതുക്കി പണിതിരുന്നു. ഒന്നിലധികം സ്‌ക്രീനുകളാക്കാനുള്ള വിസ്താരം തിയേറ്ററിനില്ല എന്നതാണ് ഇപ്പോള്‍ ന്യൂ എംപയര്‍ നേരിട്ടിരിക്കുന്ന പ്രതിസന്ധി. 2014ല്‍ പോലും ബാല്‍ക്കണി സീറ്റിന് 150 രൂപയേ ചാര്‍ജുണ്ടായിരുന്നുള്ളൂ.

നിരവധി സിനിമാശാലകളുടെ ഉടമയായി മാറിയകേക്കി മോഡിയായിരുന്നു ന്യൂ എംപയറിന്റെയും ഉടമ. പ്രസിദ്ധ സംവിധായകനും നടനുമായ സൊറാബ് മോഡിയുടെ സഹോദരനാണ് കേക്കി മോഡി. 1920കള്‍ മുതല്‍ സൈക്കിളില്‍ സഞ്ചരിച്ച് ഫിലിം പ്രിന്റുകള്‍ മഹാരാഷ്ട്രയുടെ വിവിധ പ്രദേശങ്ങളിലെത്തിച്ചുകൊണ്ടാണ് സിനിമാ പ്രദര്‍ശനം എന്ന തന്റെ ഇഷ്ടമേഖലയില്‍ കേക്കി മോഡി പടര്‍ന്നു പന്തലിച്ചത്. പൂനെയിലെ ഖട്ക്കിയിലുള്ള ഒരു സിനിമാശാലയില്‍ പ്രതിദിന കൂലി രണ്ടുരൂപയ്ക്ക് പ്രൊജക്ഷനിസ്റ്റായി അദ്ദേഹം ജോലി ചെയ്തു. അദ്ദേഹം പിന്നീട് രൂപീകരിച്ച വെസ്റ്റേണ്‍ ഇന്ത്യ തിയേറ്റേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിക്ക് മുംബൈയിലും പൂനെയിലും മഹാരാഷ്ട്രയിലെ മറ്റു പ്രദേശങ്ങളിലും കൊല്‍ക്കത്തയിലും തിയേറ്ററുകളുണ്ടായിരുന്നു. 









കേക്കി മോഡിയുടെ മകള്‍ മാക്‌സി കൂപ്പര്‍, പെയിന്ററും ഫോട്ടോഗ്രാഫറുമാണ്. 2018ല്‍ അവര്‍ നടത്തിയ എക്‌സിബിഷനില്‍ കേക്കി മോഡിയുടെയും അദ്ദേഹം ബോംബെയിലേക്കെത്തിച്ച ലോക സിനിമാ കാഴ്ചകളുടെയും നിരവധി ഫോട്ടോകളുണ്ടായിരുന്നു. ഇതിന്റെ വിശദവിവരങ്ങള്‍ ഈ സൈറ്റില്‍ കാണാം.

ജി പി രാമചന്ദ്രന്‍/17-07-2021)

Saturday, June 26, 2021

 ഒറ്റത്തിരശ്ശീലകള്‍ - 5



മറാത്താ മന്ദിര്‍/ഡോ, ആനന്ദ് റാവ് നായര്‍ മാര്‍ഗ്&മറാത്താ മന്ദിര്‍ മാര്‍ഗ്, മുംബൈ സെന്‍ട്രല്‍, മുംബൈ


പശ്ചിമ റെയില്‍വെയിലെ ദീര്‍ഘ ദൂര വണ്ടികള്‍ ബോംബെ സെന്‍ട്രല്‍ സ്‌റ്റേഷന്‍ വരെ മാത്രമേ സര്‍വീസ് നടത്താറുള്ളൂ. അവിടെ നിന്ന് വീണ്ടു തെക്കോട്ട് പോകണമെങ്കില്‍ ചര്‍ച്ച് ഗേറ്റ് വരെയുള്ള ലോക്കല്‍ ട്രെയിന്‍ പിടിക്കണം.



ബോംബെ സെന്‍ട്രല്‍ സ്‌റ്റേഷന്റെ തൊട്ടെതിര്‍വശത്തായാണ് മറാത്താമന്ദിര്‍ തിയേറ്റര്‍. ഡോ. ആനന്ദ് റാവ് നായര്‍ മാര്‍ഗിലൂടെ നടന്നാല്‍ മറാത്താ മന്ദിര്‍ മാര്‍ഗ് എന്നു പേരു മാറ്റിയിട്ടുള്ള ക്ലബ് റോഡിലെ തിയേറ്ററിലെത്താം. 


മന്ദിര്‍ എന്നാല്‍ മറാഠിയിലും ഹിന്ദിയിലും അമ്പലം എന്നാണര്‍ത്ഥം. സിനിമാരാധകരെ സംബന്ധിച്ചിടത്തോളം അവരുടെ അമ്പലം തന്നെയാണ് തിയേറ്റര്‍. ആ നിലയ്ക്ക് കൃത്യമായ പേരുള്ള മറാത്താ മന്ദിര്‍ തിയേറ്റര്‍ 1958ല്‍ പ്രവര്‍ത്തനമാരംഭിച്ചു. വാമന്‍ മോറേശ്വര്‍ നംജോഷിയാണ് ആര്‍ക്കിടെക്റ്റ്. സുനില്‍ ദത്തും വൈജയന്തി മാലയും അഭിനയിച്ച സാധ്‌നയുടെ പ്രദര്‍ശനത്തോടെയാണ് മറാത്താ മന്ദിര്‍ ഉദ്ഘാടനം ചെയ്തത്. 1960ല്‍ മുഗള്‍ ഏ ആസാം ഇവിടെ പ്രീമിയര്‍ (ആദ്യ പ്രദര്‍ശനം) ചെയ്തു. കെ ആസിഫ് സംവിധാനം ചെയ്ത മുഗള്‍ ഏ ആസാമിന്റെ പ്രിന്റുകള്‍ അടങ്ങിയ പെട്ടി ആനപ്പുറത്താണ് മറാത്താമന്ദിറിലേക്ക് എഴുന്നള്ളിച്ചത്. പിന്നീട് ഏതാനും ദിവസം ആ ആനയെയും മറ്റാനകളെയും തിയേറ്ററിനു മുമ്പില്‍ കെട്ടിയിടുകയും ചെയ്തു. 




മറാത്താ മന്ദിര്‍ തിയേറ്ററിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞത് പക്ഷേ അതു കൊണ്ടൊന്നുമല്ല. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി ഒരു സിനിമ ഒരേ തിയേറ്ററില്‍ ഏറ്റവുമധികം ദിവസം പ്രദര്‍ശിപ്പിച്ച റെക്കോഡ് സ്ഥാപിച്ചതിന്റെ പേരിലാണ്. ഷാറൂഖ് ഖാന്‍, കജോള്‍ ജോഡികളഭിനയിച്ച യാഷ് ചോപ്ര/ആദിത്യ ചോപ്ര സിനിമയായ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ (ഡിഡിഎല്‍ജെ) എന്ന ഹിന്ദി ബ്ലോക്ക് ബസ്റ്റര്‍ ഇരുപത്തഞ്ച് വര്‍ഷത്തിലധികം കാലം മറാത്താ മന്ദിര്‍ തിയേറ്ററില്‍ കളിച്ചു. കോവിഡ് മഹാമാരി മൂലം ഇന്ത്യയിലും സിനിമാശാലകള്‍ അടച്ചിട്ടില്ലായിരുന്നെങ്കില്‍ ഇപ്പോഴും ഡിഡിഎല്‍ ജെ മാറ്റിനി ഷോ ആയി കാലത്ത് 11.30ന് ദിവസേന ആരംഭിച്ചേനെ. ആയിരത്തിലമല്പമധികം സീറ്റുള്ള തിയേറ്ററില്‍ നൂറു മുതല്‍ നാനൂറു വരെയും  സാധാരണ ദിവസങ്ങളിലും വാരാന്ത്യങ്ങളില്‍ ചിലപ്പോള്‍ ഹാള്‍ നിറയെയും കാണികള്‍ ഡിഡിഎല്‍ജെയ്ക്കായി ഇവിടെയെത്തി. 1995ലാരംഭിച്ച ഡിഡിഎല്‍ജെയുടെ പ്രദര്‍ശനം 2015ല്‍ നിര്‍ത്താന്‍ മാനേജ്‌മെന്റ് ആലോചിച്ചെങ്കിലും പൊതുജനസമ്മര്‍ദ്ദത്തെതുടര്‍ന്ന് നീട്ടുകയായിരുന്നു. അമ്പതോളം വര്‍ഷമായി ഇവിടെ പ്രൊജക്ഷനിസ്റ്റായി ജോലി ചെയ്യുന്ന ജഗ്ജീവന്‍ മാറു ഏതാണ്ട് ഒമ്പതിനായിരത്തിലധികം തവണ ഈ സിനിമ മടുപ്പില്ലാതെ കണ്ടുകഴിഞ്ഞു. ഇനിയും ബാല്യം അവശേഷിക്കുന്നു. 



തീവണ്ടി കാത്തിരിക്കുന്ന ദൂരയാത്രക്കാരും ടാക്‌സി ഡ്രൈവര്‍മാരും കോളേജുകുട്ടികളും പിന്നെ കമിതാക്കളും ടൂറിസ്റ്റുകളും ഒക്കെയാണ് ഡിഡിഎല്‍ജെയുടെ ഉറപ്പുള്ള പ്രേക്ഷകര്‍. കുറച്ചു കാലമായി കുടുംബസമേതപ്രേക്ഷകര്‍ വരാറില്ലെന്നാണ് മാറു പറയുന്നത്. എന്നാല്‍, സ്ത്രീകള്‍ക്കെതിരായ അപമര്യാദയോടു കൂടിയ പെരുമാറ്റമൊരിക്കലും റിപ്പോര്‍ട് ചെയ്യപ്പെടാത്ത രീതിയില്‍ മാന്യമായി നടത്തിക്കൊണ്ടു പോകുന്ന തിയേറ്ററാണ് മറാത്താ മന്ദിര്‍ എന്നും അദ്ദേഹം പറയുന്നു. ഒരു പ്രദര്‍ശനത്തിന്റെ മുഴുവന്‍ സീറ്റും ഒരു പണക്കാരന്‍ ബുക്ക് ചെയ്തു. അദ്ദേഹം തന്റെ കാമുകിയുമായാണെത്തിയത്. തന്റെ വിവാഹവാഗ്ദാനം ഈ റൊമാന്റിക് സിനിമ കാണിക്കുന്നതിനിടയില്‍ അയാള്‍ കാമുകിയോട് നടത്തുകയും ചെയ്തു. 



സ്റ്റാള്‍സില്‍ പതിനഞ്ചും ഇരുപതും രൂപയും ബാല്‍ക്കണിക്ക് ഇരുപത്തിയഞ്ചു രൂപയും മാത്രമേ ഡിഡിഎല്‍ജെ മാറ്റിനിക്ക് ഈടാക്കുന്നുള്ളൂ. പിന്നീടുള്ള മറ്റു സിനിമകള്‍ക്ക് നിരക്ക് കൂടും. 



ഷാറൂഖ് ഖാനും കജോളും പല തവണ ഈ തിയേറ്ററിലെ പ്രദര്‍ശനങ്ങള്‍ക്കെത്തിയിട്ടുണ്ട്. ഷാറൂഖ് തിരശ്ശീലയ്ക്കു മുമ്പില്‍ തന്റെ ആരാധകര്‍ക്കായി നൃത്തമാടുന്ന ഫോട്ടോ ഇതോടൊപ്പമുണ്ട്. ഡിഡിഎല്‍ജെ വിജയത്തെ സംബന്ധിച്ച സിഎന്‍എന്‍ സ്റ്റോറി ഇവിടെ കാണാം.  https://edition.cnn.com/videos/world/2020/05/11/great-big-story-movie-playing-24-years-gbs.great-big-story



 ഡിഡിഎല്‍ജെയെ സംബന്ധിച്ച് ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ-എ മോഡേണ്‍ ക്ലാസിക്ക് എന്ന പേരില്‍ അനുപമ ചോപ്ര ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ആഗോളവത്ക്കരണത്തെ ആഗിരണം ചെയ്ത തൊണ്ണുറുകളിലെ പുതിയ ഇന്ത്യയുടെ ജനപ്രിയാഹ്ലാദ സിനിമയാണ് ഡിഡിഎല്‍ജെ. രോഷാകുലനായ യുവനായകനെ മാറ്റി നിര്‍ത്തി ഇന്ത്യയിലും യൂറോപ്പിലോ അമേരിക്കയിലോ ആസ്‌ത്രേലിയയിലോ ആയും മാറി മാറി ജീവിക്കുന്ന എന്‍ആര്‍ ഐ ഇന്ത്യക്കാരുടെ കൂടി ജീവിതത്തെ മഹത്വവത്ക്കരിക്കുന്ന ഇരട്ടപ്പൗരത്വ സിനിമയാണ് ഡിഡി എല്‍ജെ. 



(വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് ; ജസ്റ്റ് ഡയല്‍ ഡോട്ട് കോം, ഇന്ത്യ ഡോട്ട് കോം, പിങ്ക് വില്ല ഡോട്ട് കോം, അലാമി ഡോട്ട് കോം, ഇന്ത്യടൈംസ് ഡോട്ട് കോം, സിനിമട്രെഷേര്‍സ്, മുംബൈ ഹെറിറ്റേജ്, സബ്രംഗ് ഇന്ത്യ, ബോളി വുഡ് മന്ത്ര, സിഎന്‍എന്‍, വിക്കിപ്പീഡിയ, ഖാലിദ് മൊഹമ്മദ്)


(ജി പി രാമചന്ദ്രന്‍/26-06-2021)