Sunday, September 25, 2011

പഞ്ചസാര ലായനിക്കു മേല്‍ വിസര്‍ജ്യങ്ങള്‍

2011 ജൂലൈ 1ന് ലോകവ്യാപകമായി റിലീസ് ചെയ്ത ദില്ലിബെല്ലി എന്ന ഹിന്ദി സിനിമ ബോളിവുഡില്‍ സമീപകാലത്തിറങ്ങിയ പ്രധാനപ്പെട്ട അഡല്‍റ്റ് കോമഡി (പ്രായപൂര്‍ത്തിയെത്തിയവരുടെ ഹാസ്യചിത്രം) എന്ന നിലക്കാണ് കൊണ്ടാടപ്പെട്ടത്. വിക്കിപ്പീഡിയയിലും റോട്ടന്‍ ടുമാറ്റോ, റിവ്യൂ ഗാംഗ് അടക്കമുള്ള പോര്‍ട്ടലുകളില്‍ കുമിഞ്ഞു കൂടിയ നിരൂപണങ്ങളിലും അഭിനയ് ദേവ് സംവിധാനം ചെയ്ത ഈ സിനിമയെപ്പറ്റി ഘോരഘോരമുള്ള വാഴ്ത്തലുകളാണുള്ളത്. ഫോര്‍മുലകളില്‍ കിടന്നു കറങ്ങുന്ന ഹിന്ദി സിനിമയില്‍, നൂതനവും ദേശിയുമായ തമാശകളും സാഹസികതകളും കൊണ്ട് പരീക്ഷണം നടത്തിയതിന് നിര്‍മാതാവായ അമീര്‍ഖാന്‍ പ്രശംസയര്‍ഹിക്കുന്നു എന്നാണ് മിക്കവരുടെയും അഭിപ്രായം. എന്നാല്‍ അശ്ളീലങ്ങളുടെയും അസഭ്യങ്ങളുടെയും നീണ്ട ചരിത്രം തന്നെയുള്ള ഹിന്ദി സിനിമയില്‍ പുതിയ തലമുറക്കനുസരിച്ചുള്ള അശ്ളീല/അസഭ്യ സിനിമകള്‍ക്ക് തുടക്കമിടുകയല്ലേ ദില്ലിബെല്ലി ചെയ്യുക എന്ന ചോദ്യത്തെ കേവലം സദാചാര പോലീസിന്റെ യാഥാസ്ഥിതിക മനോഭാവം എന്നു കളിയാക്കി തള്ളിക്കളയാനുമാകില്ല. ഫാഷനബിള്‍ യുവതക്കുള്ള ഫാഷനബിള്‍ സിനിമ എന്നാണ് സ്റേറ്റ്സ്മാന്‍ പത്രം ദില്ലിബെല്ലിയെ വിശേഷിപ്പിച്ചത്. ലഗാന്‍, താരേ സമീന്‍ പര്‍ പോലുള്ള കുടുംബചിത്രങ്ങളും സോദ്ദേശ ചിത്രങ്ങളും നിര്‍മ്മിച്ചിരുന്ന അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ പേര് ഈ സിനിമയോടു കൂടി ചീത്തയാവുമോ എന്ന് തിരക്കഥാകൃത്തായ അക്ഷത് വര്‍മ്മ ആലോചനാ വേളയില്‍ ആശങ്കപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. പീപ്പ്ലി ലവ്, ദോബിഘട്ട് പോലുള്ള അമീര്‍ഖാന്‍ പ്രൊഡ്ക്ഷന്‍സ് സിനിമകള്‍ക്ക് മുമ്പ് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതിനാല്‍ ആ ആശങ്ക പ്രബലപ്പെട്ടില്ല. സെന്‍സര്‍ വെട്ടിമുറിക്കലുകള്‍ എന്ന ഭീകരത ഒഴിവാക്കാന്‍ വേണ്ടി അമീര്‍ ഖാന്‍ തന്നെ ദില്ലിബെല്ലിക്ക് എ സര്‍ടിഫിക്കറ്റ് ചോദിച്ചു വാങ്ങിയതാണെന്നും റിപ്പോര്‍ടുകളുണ്ട്. വാര്‍ത്തകളുണ്ടാക്കുകയും വാര്‍ത്താപ്രാധാന്യമുണ്ടാക്കുകയും ചെയ്യുന്നതില്‍ അടുത്ത കാലത്തായി സിനിമാക്കാര്‍ വിശേഷിച്ചും ബോളിവുഡുകാര്‍ കാണിക്കുന്ന സര്‍ക്കസുകള്‍ അസഹനീയമായി തുടങ്ങിയിട്ടുണ്ട്. അണ്ണാ ഹസാരെയുടെ ടെലി-ടെക്-മീഡിയ സമരത്തില്‍ കേറി ഗോളടിക്കാനും അമീര്‍ ഖാന്‍ എത്തിയിരുന്നു. ഓംപുരി പുറകെ എത്തിയതിനാല്‍ അമീര്‍ ഖാന്റെ പാട്ടുകള്‍ ക്ളിക്കായില്ല. ഉദരനിമിത്തം ബഹുകൃത വേഷം.

ദില്ലിയിലെ ഒരു വാടകഫ്ളാറ്റില്‍ മുറി പങ്കിടുന്ന യുവാക്കളാണ് താഷി (ഇംറാന്‍ ഖാന്‍), നിതിന്‍ ബേരി (കുനാല്‍ റോയ് കപൂര്‍), അരൂപ് (വീര്‍ ദാസ്) എന്നിവര്‍. താഷിയുടെ കൂട്ടുകാരിയായ എയര്‍ ഹോസ്റസ് സോണിയ (ഷെഹ്നാസ് ട്രഷറിവാല) യുടെ കയ്യില്‍, വിമാനയാത്രക്കിടെ കണ്ടു മുട്ടിയ വ്ളാദിമിര്‍ മറ്റൊരാളെ ഏല്‍പിക്കാനായി ഒരു പൊതി കൊടുക്കുന്നു. അവളത് കൈമാറി താഷിയുടെയും പിന്നീട് മറ്റു സഹമുറിയന്മാരുടെയും പക്കലെത്തുന്നു. കള്ളക്കടത്തു മുതലായ മുപ്പത് വൈരക്കല്ലുകളായിരുന്നു അതിലുണ്ടായിരുന്നത്. സോമയാജലു (വിജയ് റാസ്) എന്ന അധോലോകക്കാരന്റെ പക്കലായിരുന്നു പൊതിയെത്തേണ്ടിയിരുന്നത്. അത് കൈവിട്ടു പോയതിന്റെ വെപ്രാളവും പിടിച്ചുപറികളും ഒളിച്ചോട്ടങ്ങളും ഭീഷണികളും കാറോട്ടങ്ങളുമാണ് സിനിമ നിറയെ. ഇത്തരത്തിലുള്ള പല കഥകളും നാം മുമ്പേ കണ്ടിട്ടുണ്ടെന്നിരിക്കെ എന്താണിതില്‍ ഇത്രക്ക് പുതുമയുള്ളത് എന്നാരും ചോദിക്കും. എഴുപതുകളില്‍ ഇറങ്ങിയിരുന്ന നിരവധി ഹിന്ദി സിനിമകളില്‍ കള്ളക്കടത്തു മുതല്‍ കൈമാറുന്നതും, കസ്റംസുകാരും പോലീസുകാരും പിറകെ കൂടുന്നതും നാം കണ്ട് മടുത്തതുമാണല്ലോ. ഒരു കറന്‍സി നോട്ട് രണ്ടായി കീറി രണ്ടു കഷണങ്ങള്‍ കള്ളക്കടത്ത് മുതല്‍ കൈമാറേണ്ട ആളുകള്‍ പരസ്പരം കൊടുത്ത് ഒത്തു നോക്കുന്ന ഗംഭീര പൊരുത്തങ്ങള്‍ കണ്ട് നമ്മളെത്ര കോരിത്തരിച്ചതാണ്! കൂറ്റന്‍ കണ്ടെയ്നറുകള്‍ നിരത്തി വെച്ചിരിക്കുന്ന ഡോക്കുകളിലെ സംഘട്ടനരംഗങ്ങളാകട്ടെ 'ത്രസിപ്പിക്കു'ന്നതും. ആ സംഘട്ടനങ്ങളിലെ ഡിഷും ഡിഷും ശബ്ദങ്ങള്‍ ദില്ലിബെല്ലി പോലുള്ള ഉത്തരാധുനിക ത്രില്ലറുകളില്‍ നിന്ന് ഏറെക്കൂറെ അപ്രത്യക്ഷമായിരിക്കുന്നു. പണി നഷ്ടമായത് സംഘട്ടന സംവിധായകന്റേതോ അതോ ശബ്ദ ലേഖകന്റേതോ?

പാട്ടുകളിലും സംഭാഷണങ്ങളിലും ഉള്ള തുറന്ന അശ്ളീലപ്രയോഗങ്ങളും ദൃശ്യങ്ങള്‍ ചിട്ടപ്പെടുത്തിയതിലെ സാഹസികതകളുമാണ് ദില്ലിബെല്ലിയെ വീണ്ടും വ്യത്യസ്തമാക്കുന്നത്. അവര്‍ താമസിക്കുന്ന മുറിയില്‍ മിക്കപ്പോഴും വെള്ളം വരാറേ ഇല്ല. ഫ്രിഡ്ജിലിരിക്കുന്ന ഓറഞ്ച് ജൂസ് കൊണ്ടാണ് വയറിളക്കം പിടിപെട്ട അരൂപ് ആസനം കഴുകുന്നത്. വൈരക്കല്ലിന്റെ പൊതിയും ക്ളിനിക്കില്‍ പരിശോധിക്കാന്‍ കൊടുക്കാനുള്ള വിസര്‍ജ്യത്തിന്റെ സാമ്പിളും പരസ്പരം മാറുന്നു. സാധാരണ ഇത്തരം സീനുകളില്‍ വിസര്‍ജ്യത്തിന്റെ ക്ളോസപ്പ് ഒഴിവാക്കാറാണ് പതിവെങ്കില്‍, പസോളിനിയുടെ സാലോ അഥവാ സോദോമിന്റെ നൂറ്റിയിരുപത് ദിവസങ്ങളി(1975)ല്‍ കാണിക്കുന്നതു പോലെ ദില്ലിബെല്ലി മനുഷ്യ വിസര്‍ജ്യത്തിന്റെ ഖര-ജല ഘടകങ്ങള്‍ തിരശ്ശീലയുടെ വീതിയും നീളവും നിറയുന്ന വിധത്തില്‍ വിശദമായി നിരത്തി പ്രദര്‍ശിപ്പിക്കുന്നു.

യാത്രികര്‍ക്ക് പിടിപെടാറുള്ള ഉദരരോഗമായ വയറിളക്കത്തിനുള്ള പേരു കൂടിയാണ് 'ദില്ലിബെല്ലി'. വയറിളക്കവും അധോവായുവും മുഖ്യ പ്രമേയ പശ്ചാത്തലമായി വരുന്ന ഒരു സിനിമയില്‍ വിസര്‍ജ്യത്തിന്റെ ദൃശ്യം വിശദമാക്കിയതില്‍ എന്താണ് അപാകത എന്നാവും സംവിധായകന്റെ സാധൂകരണം. ലൂയി ബുനുവലിന്റെ ഫാന്റം ഓഫ് ലിബര്‍ട്ടി(1974)യിലെ പ്രശസ്തമായ ഒരു സീക്വന്‍സ് ഇനി വിവരിക്കും പ്രകാരമാണ്. ആധുനിക സജ്ജീകരണങ്ങളുള്ള പാരീസിലെ ഒരു ബൂര്‍ഷ്വാ അപ്പാര്‍ടുമെന്റില്‍ വീട്ടുടമയുടെ സുഹൃത്തായ പ്രൊഫസര്‍ തനിക്ക് വാദിച്ചു സ്ഥാപിക്കാനുള്ള ഒരു കാര്യം അതിഥികള്‍ക്കു മുമ്പില്‍ വിശദീകരിക്കുകയാണ്. വലുപ്പമുള്ള ഒരു മേശക്ക് ചുറ്റുമായാണ് അതിഥികള്‍ ഇരിക്കുന്നത്. എന്നാല്‍, അതൊരു തീന്‍ മേശയായിരുന്നില്ല. മറിച്ച്, അവരുടെ ഇരിപ്പിടങ്ങളെല്ലാം ഫ്ളഷിംഗ് ടോയ്ലറ്റുകളാണ്. മാലിന്യ നിര്‍മാര്‍ജനമാണവരുടെ ചര്‍ച്ചാ വിഷയം. ആഗോള താപനത്തക്കുറിച്ചും പരിസ്ഥിതി നാശത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി കടലില്‍ മുങ്ങിയ മാലിദ്വീപിലെ പ്രൊഫസര്‍ മുഹമ്മദ് നഷീദിന്റെ മന്ത്രിസഭക്കു മുമ്പു തന്നെ, ചര്‍ച്ചാ വിഷയവും അതിന്റെ ഇരിപ്പു വശവും തമ്മില്‍ ബുനുവല്‍ ബന്ധിപ്പിച്ചിരുന്നു എന്നു ചുരുക്കം. മറകളില്ലാത്ത കക്കൂസുകളില്‍ പൊതുവായിരുന്ന് മലവിസര്‍ജനം നിര്‍വഹിച്ചുകൊണ്ടാണ് അവരുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇടയില്‍, ഒരതിഥിക്ക് വിശക്കാന്‍ തുടങ്ങുന്നു. വേഗമയാള്‍ അതിനായി പ്രത്യേകം സജ്ജീകരിച്ച അടച്ചിട്ട ക്യുബിക്കിളില്‍ പോയിരുന്ന് ഭക്ഷണം കഴിക്കുന്നു. അതായത്, സാധാരണ ഗതിയില്‍ തുറന്ന മുറികളില്‍ പരസ്യമായി ഭക്ഷണം കഴിക്കുകയും അടച്ചിട്ട കക്കൂസുകളില്‍ മല മൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്യുന്നത് പരസ്പരം മാറി മാറി ചെയ്യുന്നു എന്നു മാത്രം. ആധുനിക മര്യാദകള്‍ രൂപപ്പെടുന്നതിന്റെ സാംസ്ക്കാരിക ചരിത്രത്തെയാണ് ബുനുവല്‍ കീറിമുറിച്ചത്. ഇന്ത്യന്‍ സിനിമയുടെ വിശേഷിച്ചും ബോളിവുഡിന്റെ ദൃശ്യ/ഇതിവൃത്ത സദാചാരത്തെ പൊളിച്ചടുക്കുന്നതിന്റെ ആരംഭമായി ദില്ലിബെല്ലിയെ പരിഗണിക്കാമോ എന്നതാണ് നിര്‍ണായകമായ പ്രശ്നം.

ബോളിവുഡില്‍ നാളിതു വരെ ഇറങ്ങിയ സിനിമകളിലും വെച്ച് ഏറ്റവും സാഹസികവും ധിക്കാരപരവും അച്ചടക്കരഹിതവും ദൈവനിന്ദാപരവും വെട്ടിത്തുറന്നു പറയുന്നതുമായ യുവസിനിമയാണ് ദില്ലിബെല്ലിയെന്നാണ് തരണ്‍ ആദര്‍ശ് (ബോളിവുഡ് ഹംഗാമ) വിശേഷണങ്ങള്‍ കോരിച്ചൊരിഞ്ഞുകൊണ്ട് ചിത്രത്തെ സ്ഥാനപ്പെടുത്തുന്നത്. ഹോളിവുഡ് കോമഡിയായ ദ ഹാംഗോവര്‍(2009/ടോഡ് ഫിലിപ്പ്സ്), ബ്രിട്ടീഷ് കോമഡിയായ ലോക്ക്, സ്റോക്ക് ആന്റ് ടു സ്മോക്കിംഗ് ബാരല്‍സ്(1998/ഗയ് റിച്ചി) എന്നീ സിനിമകളുടെ ഗണത്തിലാണ് ദില്ലിബെല്ലിയും പെടുന്നതെന്നാണ് തരുണ്‍ ആദര്‍ശ് നിര്‍ണയിക്കുന്നത്. പ്രശസ്ത സെര്‍ബിയന്‍ ചലച്ചിത്രകാരനായ എമിര്‍ കുസ്തുറിക്ക(അണ്ടര്‍ ഗ്രൌണ്ട്, ബ്ളാക്ക്കാറ്റ് വൈറ്റ് കാറ്റ്, മറഡോണ ഡോക്കുമെന്ററി പോലെ അനവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധ പിടിച്ചു പറ്റി)യുടെ സിനിമകളില്‍ കാണാറുള്ളതു പോലെ, കെട്ടിടങ്ങളുടെ ഉള്ളകങ്ങള്‍ ഇടിഞ്ഞു പൊളിയുന്നതും പൊടിയും അഴുക്കുകളും ചവറുകളും, ദില്ലിബെല്ലിയെയും സമകാലികവും മുഴുവന്‍ അര്‍ത്ഥത്തില്‍ മൂന്നാം ലോക സിനിമയുമാക്കുന്നു. ബോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും എല്ലാ സാംസ്ക്കാരിക-സദാചാര അതിര്‍ത്തികളെയും ഉല്ലംഘിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ദില്ലിബെല്ലിയിലുള്ളത്. മൂടും മുലയും കുലുക്കി, സ്ത്രീ ശരീരത്തെയാകെയും ഖണ്ഡം ഖണ്ഡമായും ചരക്കുവത്ക്കരിക്കുകയും പ്രേക്ഷകനെ പ്രതീതി മൈഥുനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന, നിലനിന്നു പോന്ന രീതി ദില്ലിബെല്ലി പാടെ ഉപേക്ഷിക്കുന്നു. സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ നടത്തുന്ന അധര ചുംബനങ്ങളും സ്വാഭാവിക ലൈംഗിക ബന്ധങ്ങളും ആണ് മറ്റേതൊരു അന്താരാഷ്ട്ര സിനിമകളിലുമുള്ളതു പോലെ ദില്ലിബെല്ലിയിലുമുള്ളത്. അന്താരാഷ്ട്ര മേളകളില്‍ എളുപ്പം കയറിക്കൂടാന്‍ വേണ്ടി സൃഷ്ടിക്കുന്ന ബോറടിപ്പിക്കുന്ന മന്ദഗതിക്കു പകരം സൂപ്പര്‍ ഫാസ്റ് വേഗതയാണ് ദില്ലിബെല്ലിക്കുള്ളത്. ബ്രിട്ടീഷുകാരുണ്ടാക്കി വെച്ച സെന്‍സര്‍ നിയമങ്ങളെ ചെറുക്കാനായി ഇന്ത്യന്‍ സിനിമാക്കാര്‍ രൂപപ്പെടുത്തിയെടുത്ത മറു തന്ത്രങ്ങളിലൂടെയാണ് കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഇന്ത്യന്‍ സിനിമ ലോകത്തിലേക്കും വെച്ച് ഏറ്റവും കാമോത്തേജനപരമായ സിനിമ (മോസ്റ് ഇറോട്ടിക്) എന്നു വിശേഷിപ്പിക്കപ്പെട്ടത്. ആ വിശേഷണത്തെ മറികടക്കുകയും ലൈംഗികതയോട് യാഥാര്‍ത്ഥ്യപൂര്‍ണവും സത്യസന്ധവുമായ സമീപനം പുലര്‍ത്തുകയും ചെയ്യുന്ന രീതിയിലേക്ക് മാറാന്‍ ദില്ലി ബെല്ലി ഇന്ത്യന്‍ സിനിമാക്കാരെ പ്രേരിപ്പിക്കുമോ എന്ന് കണ്ടറിയണം.


ബോളിവുഡ് കലക്കി വെച്ചിരുന്ന എല്ലാ പഞ്ചസാര ലായനികളെയും ദില്ലിബെല്ലി അതിന്റെ വിസര്‍ജ്യങ്ങള്‍ കൊണ്ട് കേടുവരുത്തിക്കളഞ്ഞിരിക്കുന്നു. മുതിര്‍ന്നവരെന്ന് സ്വയം കരുതിപ്പോരുന്ന ബഹുഭൂരിപക്ഷം ചലച്ചിത്ര പ്രേമികളെയും അവര്‍ കണ്ടു രസിച്ചിരുന്നത്, ബാലരമയിലെയും ട്വിങ്കിളിലെയും ചിത്രകഥകള്‍ക്കു സമാനമായ ഇതിവൃത്തങ്ങളാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ കൂടി ഈ സിനിമ ഉപകാരപ്പെട്ടേക്കും. നിയമങ്ങളുടെ അനുസരണം കൊണ്ടല്ല; സര്‍ഗാത്മകമായ നിയമലംഘനങ്ങള്‍ നടത്തി വരും നാളുകളിലെ നിയമങ്ങളുടെ രൂപപ്പെടുത്തലുകളിലൂടെ സിനിമയടക്കമുള്ള ഏതു കലയും സമകാലികവും സ്വയം പ്രസക്തവുമാകുന്നതെന്ന യാഥാര്‍ത്ഥ്യം തന്നെയാണ് ദില്ലിബെല്ലിയും വെളിപ്പെടുത്തുന്നത്. കെ എല്‍ സൈഗാളിന്റെ പാട്ട് അന്തരീക്ഷത്തില്‍ ലയിച്ചു ചേരുന്ന ആദ്യ സീക്വന്‍സുകളില്‍ നിന്ന്; അവസാന ടൈറ്റിലുകളില്‍ അമീര്‍ ഖാന്‍ അതിഥി നര്‍ത്തകനായി പ്രത്യക്ഷപ്പെടുന്ന ഡിസ്കോ നമ്പറിലെത്തുമ്പോള്‍ പഴയ രണ്ടു കാലത്തെയും ഹിന്ദി സിനിമയെ ഓര്‍മ്മിച്ചെടുക്കാനുള്ള ശ്രമവും ദില്ലിബെല്ലി നടത്തുന്നുണ്ട്. 'സ്റൈലിഷ് രജനീകാന്ത് സണ്‍ഗ്ളാസ്' എന്നാണ് താഷിയുടെ ടീഷര്‍ടിലെഴുതിയിരിക്കുന്ന വാചകം. സ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ആരാധകരെ പരിഹസിക്കുന്നതിലൂടെ നടപ്പ് ഇന്ത്യന്‍ സിനിമയുടെ ഭാവുകത്വത്തെ തന്നെയാണ് സംവിധായകന്‍ പരിഹസിക്കുന്നത്.

കഥ ആരംഭിക്കുമ്പോഴേക്ക് വിദേശത്തേക്ക് കടക്കുകയും ന്യൂസിലാണ്ടിലെയും ആസ്ത്രേലിയയിലെയും യൂറോപ്പിലെയും കണ്ണഞ്ചിപ്പിക്കുന്ന തെരുവോരങ്ങളും കെട്ടിടങ്ങളും പ്രകൃതിദൃശ്യങ്ങളും കുത്തിനിറക്കുകയും ചെയ്യുന്ന സമീപകാല രീതികളില്‍ നിന്ന് മാറി; ദില്ലിയിലെ മധ്യവര്‍ഗവും തൊഴിലാളികളും താമസിക്കുന്ന തിങ്ങി നിറഞ്ഞ പ്രദേശങ്ങളിലെ യഥാര്‍ത്ഥ ലൊക്കേഷനുകളിലാണ് ദില്ലിബെല്ലി ചിത്രീകരിച്ചിരിക്കുന്നത്. വീടുകള്‍ക്കകവും പുറവും തിങ്ങി നിറയുന്ന ആണ്‍കുട്ടികളുടെ സിനിമയാണ് ദില്ലിബെല്ലി. ടോയ്ലറ്റുകളില്‍ തുടങ്ങി ലോകം മുഴുവന്‍ വൃത്തിഹീനമാക്കുന്ന പുരുഷയൌവനത്തിന്റെ പടയോട്ടമാണ് സിനിമയിലാകെയുമുള്ളത്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അതു കൊണ്ടു തന്നെ പല രീതികളില്‍ ഈ സിനിമ കാണാം. ആണിനോടുള്ള വീരാരാധനയുടേതും വിധേയത്വത്തിന്റേതും കീഴടങ്ങലിന്റേതുമായ നിതാന്തമായ ഭാരത സ്ത്രീ സങ്കല്‍പത്തിലേക്ക് ഇഴുകി ച്ചേര്‍ന്ന് ഇതും സഹിക്കാം എന്ന നിലയിലാവാം അതിലൊന്ന്. ആണുങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന പഴയതും പുതിയതുമായ ലോകങ്ങള്‍, സ്ത്രീക്ക് ജീവിക്കാന്‍ തന്നെ പറ്റാത്ത വിധത്തില്‍ എത്രമാത്രം ബീഭത്സവും ആക്രാമകവുമാണെന്ന സത്യം തിരിച്ചറിയുമ്പോള്‍, പേടിച്ചോടുകയുമാവാം. പെണ്ണുങ്ങളുടെ ലോകത്തെ തന്നെ നിര്‍മാര്‍ജ്ജനം ചെയ്യുന്ന ആണ്‍പന്നികളുടെ കൂത്താട്ടവേദിയായി സമൂഹത്തെ പരിണമിപ്പിച്ചെടുക്കുന്ന സാംസ്ക്കാരിക മഹാഖ്യാനത്തെ പ്രതിരോധിക്കുന്നതിനു വേണ്ടി, ഈ സിനിമയെ ഒരുപകരണമായെടുത്ത് തുനിഞ്ഞിറങ്ങുകയുമാവാം.

Monday, September 12, 2011

സ്നേഹത്തിനും വേദനക്കുമിടയില്‍

തീര്‍ച്ചയായും ആരെയും ഇതുവരെയും കൊല്ലാത്ത ചില ആളുകളുണ്ട്. പക്ഷെ, ആറാളുകളെയെങ്കിലും കൊന്നവരെക്കാളും ആയിരം മടങ്ങ് ചീത്ത മനുഷ്യരാണവര്‍ - ഫിയദോര്‍ ദസ്തയേവ്സ്ക്കി

ബി സി 431ല്‍ യൂറിപ്പിഡീസ് എഴുതിയ പ്രാചീന ഗ്രീക്ക് ട്രാജഡിയായ മെഡിയയെ ആസ്പദമാക്കി വിഖ്യാത ചലച്ചിത്രകാരന്‍ കാള്‍ തിയൊഡോര്‍ ഡ്രയര്‍ (ദ പാഷന്‍ ഓഫ് ജോവന്‍ ഓഫ് ആര്‍ക്കിന്റെ സംവിധായകന്‍) പ്രെബെന്‍ തോംസണോട് ചേര്‍ന്ന് 1960ല്‍ എഴുതിയ തിരക്കഥയാണ് ആധുനിക ഡാനിഷ് സംവിധായകനായ ലാര്‍സ് വോണ്‍ ട്രയര്‍ അതേ പേരില്‍ 1987ല്‍ ചലച്ചിത്രമാക്കിയത്. ഡ്രയറിന് സിനിമയാക്കാന്‍ കഴിയാതെ പോയ ആ തിരക്കഥ ആധുനിക സങ്കേതങ്ങളുപയോഗിക്കവെ തന്നെ അദ്ദേഹത്തിന്റെ ജോവന്‍ ഓഫ് ആര്‍ക്കിലും വാംപയറിലും ഡേ ഓഫ് റാത്തിലും ആവിഷ്ക്കരിക്കപ്പെട്ട ക്ളോസപ്പുകളുടെ സ്വാധീനമുണ്ടെന്നു വ്യക്തമാവുന്ന തരത്തിലാണ് ചലച്ചിത്രവത്ക്കരിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ മുഖപടങ്ങള്‍ ചിലപ്പോള്‍, വികാരരഹിതവും അതേ സമയം അനന്തമായ വിധത്തില്‍ അര്‍ത്ഥഗര്‍ഭവുമായ ഉള്ളടക്കം ദ്യോതിപ്പിക്കുന്ന സ്ഥലരാശികളായി പരിണമിക്കുന്നു. അനലോഗ് വീഡിയോയില്‍ ഷൂട്ട് ചെയ്ത ഈ സിനിമ, ചരിത്രത്തിനും കെട്ടുകഥക്കുമിടയില്‍; നാടകീയതക്കും ചലച്ചിത്ര ദൃശ്യവത്ക്കരണത്തിനുമിടയില്‍; ചലനപ്രതീതിക്കും ശബ്ദത്തിനുമിടയില്‍; തിന്മക്കും നന്മക്കുമിടയില്‍; സദാചാരത്തിനും ധാര്‍മികതക്കുമിടയില്‍; അധികാരത്തിനും സ്വാതന്ത്യ്രത്തിനുമിടയില്‍; സ്നേഹത്തിനും വേദനക്കുമിടയില്‍; പ്രണയത്തിനും ലൈംഗികതക്കുമിടയില്‍; വിശ്വാസ്യതക്കും വിധേയത്വത്തിനുമിടയില്‍ ഉടനീളം മാനവികതയുടെ രൂപീകരണത്തെ അന്വേഷിക്കുകയാണ് ചെയ്യുന്നത്. ആസക്തി, പ്രണയം, പ്രതികാരം എന്നീ ആന്തരികവികാരങ്ങളെ കഥാപാത്രവത്ക്കരിക്കുന്നതിനു വേണ്ടിയാണ് യൂറിപ്പിഡീസ് മെഡിയയെ പ്രദര്‍ശിപ്പിക്കുന്നത്. സ്ത്രീവാദത്തിന്റെ ഏറ്റവും പ്രാചീനമായ മാതൃകയായാണ്(പ്രോട്ടോ ഫെമിനിസ്റ്) ഈ നാടകം വായിക്കപ്പെട്ടത്. സ്ത്രീ വിദ്വേഷത്തിന്റെ ഭാവുകത്വത്താലും പാരായണം ചെയ്യപ്പെട്ടെങ്കിലും, പിതൃദായക്രമത്തിലുള്ള ഒരു സമൂഹ നിര്‍മിതിയില്‍ സ്ത്രീ അനുഭവിക്കുന്ന വിഷമാവസ്ഥയോട് സമഭാവപ്പെട്ടുകൊണ്ടാണ് നാടകം പ്രവര്‍ത്തിക്കുന്നതെന്ന് വിലയിരുത്തപ്പെട്ടു. എന്തു കൊണ്ടാണ് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വിധത്തില്‍, ശരീരം കൊണ്ടും പ്രവൃത്തി കൊണ്ടും സ്ത്രീക്ക് ഇത്രമാത്രം സഹിക്കേണ്ടി വരുന്നതെന്ന് മെഡിയ ഭര്‍ത്താവായ ജെയ്സണോടു ചോദിക്കുന്നുണ്ട്.

കോറിന്തിലെ രാജാവായ ക്രിയോണ്‍ തന്റെ ഭരണാധികാരം തുടര്‍ന്നുള്ള കാലത്തും നിലനിര്‍ത്തുന്നതിനു വേണ്ടി വീരയോദ്ധാവും സൈനികനുമായ ജെയ്സണ് തന്റെ പുത്രിയായ ഗ്ളോസിനെ വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ജെയ്സണ്‍ മുമ്പ് മെഡിയയെ വിവാഹം ചെയ്യുകയും അതില്‍ രണ്ട് ആണ്‍ മക്കള്‍ പിറക്കുകയും ചെയ്തിരുന്നു. സുന്ദരിയും ബുദ്ധിമതിയുമായ മെഡിയ അതേ നഗരത്തില്‍ ജീവിച്ചിരിക്കുന്നത് തന്റെ പദ്ധതികള്‍ക്ക് വിഘാതമാകുമെന്ന് തിരിച്ചറിയുന്ന ക്രിയോണ്‍, നേരിട്ടെത്തി അവളോട് അന്നു തന്നെ നാടു വിട്ടു പോകാന്‍ ആജ്ഞാപിക്കുന്നു. ഒരു ദിവസത്തെ സമയം അവള്‍ ചോദിക്കുന്നു. ആ ഒറ്റ ദിവസത്തിനകത്ത്, വിഷവും തൂക്കിക്കൊലയും ദുരിതവും നിറഞ്ഞ പദ്ധതിയിലൂടെ അവള്‍ തന്റെ പ്രതികാരം തീര്‍ക്കുന്നതാണ് ഇതിവൃത്തം. പ്രാചീന കാലത്തെ, ഗുഹകള്‍ പോലുള്ള കൊട്ടാരങ്ങളും ഭൂഗര്‍ഭ അറകളും വിജനമായ വെളിമ്പ്രദേശങ്ങളും പന്തങ്ങളും ഇരുട്ടും കുതിരകളും നായകളും ഇലകള്‍ കൊഴിഞ്ഞ മരങ്ങളും കോടമഞ്ഞും മഴയും കാറ്റും കടലും തീരവും പശ്ചാത്തലമാക്കിക്കൊണ്ടുള്ള ലാര്‍സ് വോണ്‍ ട്രയറിന്റെ ചലച്ചിത്ര ഭാഷയാകട്ടെ അത്യത്ഭുതകരമാം വിധം നൂതനമാണ്. ഡോഗ്മ പ്രസ്ഥാനചിത്രങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട തന്റെ പില്‍ക്കാല ചിത്രങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം മെഡിയ പൂര്‍ത്തിയാക്കിയത്.


ആധുനിക യൂറോപ്പിനെ നിര്‍മിച്ചെടുത്ത പ്രാചീന ഗ്രീക്ക് സംസ്ക്കാരത്തോടും; അതിന്റെ സാംസ്ക്കാരിക ലക്ഷ്യങ്ങളായ ട്രാജിക്ക് നാടകങ്ങളോടും; സിനിമ എന്ന, ഇതിനകം മാനവികതയിലുള്‍ച്ചേര്‍ന്നതിനാല്‍ പഴയതായി കഴിഞ്ഞ ആധുനിക മാധ്യമസങ്കേതത്തോടും നിര്‍മമമായ സാമീപ്യവും അകലവും ഒരേ പോലെ സൂക്ഷിച്ചുകൊണ്ടാണ് ലാര്‍സ് വോണ്‍ ട്രയര്‍ ഈ ചലച്ചിത്രം സാക്ഷാത്ക്കരിക്കുന്നത്. ധന്യവും ഇരുണ്ടതും കുഴപ്പം പിടിച്ചതുമായ ശൈലി എന്നാണ് ലാര്‍സ് വോണ്‍ ട്രയറുടെ ചലച്ചിത്രസമീപനത്തെ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്. ഭര്‍ത്താവിനോട് പ്രതികാരം തീര്‍ക്കാന്‍ വേണ്ടി സ്വന്തം മക്കളെ കൊല്ലുകയാണ് മെഡിയ ചെയ്യുന്നത്. ഈ ശിക്ഷാരീതി അവലംബിക്കുന്ന മാനസികാവസ്ഥയെ മെഡിയ സിന്‍ഡ്രോം എന്ന് മനശ്ശാസ്ത്രം നിര്‍വചിക്കുകയും ചെയ്യുന്നുണ്ട്. കൂടുതല്‍ ഉയര്‍ച്ചക്കു വേണ്ടിയുള്ള അദമ്യമായ ആഗ്രഹവും അസൂയയും നിറഞ്ഞ മനുഷ്യാവസ്ഥയെ തന്നെയാണ് വോണ്‍ ട്രയര്‍ ചരിത്രവത്ക്കരിക്കുന്നത്. ഇതിവൃത്തത്തിന്റെ വൈകാരികത അന്തരീക്ഷത്തിലേക്ക് വ്യാപിപ്പിക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യവത്ക്കരണ രീതിയാകട്ടെ അനന്യവുമാണ്. തിരക്കഥയെഴുതിയ കാള്‍ തിയോഡോര്‍ ഡ്രയറുമായി താന്‍ നിരന്തരമായ ടെലിപ്പതിക് സംഭാഷണത്തിലേര്‍പ്പെട്ടു കൊണ്ടാണ് മെഡിയ പൂര്‍ത്തിയാക്കിയതെന്ന് വോണ്‍ ട്രയര്‍ പറയുന്നു.

Sunday, September 11, 2011

കാറ്റു വീഴ്ചക്കാലത്തെ സൂപ്പര്‍താരങ്ങള്‍

തമിഴ് സിനിമ അതിഭാവുകത്വത്തിന്റെയും കൃത്രിമാഭിനയത്തിന്റെയും ചതുരോപായങ്ങള്‍ വെടിഞ്ഞ് യഥാതഥത്വത്തെ പുല്‍കാന്‍ വെമ്പുന്ന കാലത്തായതു കൊണ്ടാണ് ഡോക്ടര്‍ ചിയാന്‍ വിക്രം പ്രകടിപ്പിക്കുന്ന അഭിനയമികവ്; ശിവാജി ഗണേശനും എം ജി ആറിനും മുതല്‍ രജനീകാന്തിനും കമല്‍ഹാസനും വരെ ലഭിച്ച അംഗീകാരത്തിന്റെയും ജനപ്രിയതയുടെയും തോതുകളില്‍ ആസ്വാദകരുടെ ലാളനക്ക് പാത്രീഭൂതമാകാതെ പോകുന്നത് എന്നു വേണം കരുതാന്‍. ഐ ആം സാം(ജെസ്സി നെല്‍സണ്‍/2001) എന്ന ഹോളിവുഡ് ചിത്രവും മെയിന്‍ ഐസാ ഹി ഹൂണ്‍(ഹരി ഭവേജ/2005) എന്ന അതിന്റെ ഹിന്ദി പതിപ്പും അനുകരിച്ച് തമിഴിലിറങ്ങിയ ദൈവതിരുമകള്‍ എന്ന പുതിയ സിനിമയിലെ വിക്രം നിര്‍വഹിക്കുന്ന അതിഗംഭീരമായ അഭിനയം കണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ ആലോചന പങ്കു വെക്കുന്നത്.


അശ്ളീലം കലര്‍ന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അന്തരീക്ഷത്തില്‍ പറന്നുയര്‍ന്നു നടത്തുന്ന ഹൈ വോള്‍ട്ടേജിലുള്ള സ്റണ്ടുകളും വിദേശ ലൊക്കേഷനുകളില്‍ സെക്കന്റു തോറും മാറുന്ന വസ്ത്രവിധാനങ്ങളുടെ(വസ്ത്രമില്ലായ്മകളുടെയും) മോടിയോടെ ആടുന്ന പാട്ടുരംഗങ്ങളും നിറഞ്ഞ പതിവ് തമിഴ് മസാല സിനിമകളുടെ വഴിയിലല്ല, എ എല്‍ വിജയ് എന്ന സംവിധായകന്റെ യാത്ര എന്ന കാര്യം, കിരീടം, പൊയ് സൊല്ല പോറോം, മദ്രാസ് പട്ടണം എന്നീ മുന്‍ ചിത്രങ്ങള്‍ തന്നെ തെളിയിച്ചിട്ടുള്ളതാണ്. മോഹന്‍ലാലും തിലകനും മത്സരിച്ചഭിനയിച്ചു ഗംഭീരമാക്കിയ കിരീട(ലോഹിതദാസ്/സിബി മലയില്‍)ത്തിന്റെ റീമേക്കാണ് വിജയിന്റെ കിരീടമെങ്കില്‍, ഖോസ്ല കാ ഖോസ്ലയുടെ അനുകരണമായിരുന്നു പൊയ് സൊല്ല പോറോം. മദ്രാസ് പട്ടണമാകട്ടെ ടൈറ്റാനിക്കും ലഗാനും തമ്മിലുള്ള ഒരു മിശ്രിതവുമായിരുന്നു. നതിംഗ് ഈസ് ഒറിജിനല്‍.

അഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ ഗതിവിഗതികളും അവര്‍ തമ്മിലുള്ള സ്നേഹപാരസ്പര്യത്തിന്റെ അഗാധതയുമാണ് ദൈവതിരുമകളുടെ അടിസ്ഥാനപ്രമേയം. അഞ്ചുവയസ്സുകാരിയായ കുസൃതിക്കുടുക്ക നിലാ(സാറ എന്ന കൊച്ചു കൂട്ടുകാരി ഗംഭീരമാക്കിയ കഥാപാത്രം)യുടെ പപ്പയാണ് വിക്രം അവതരിപ്പിക്കുന്ന കൃഷ്ണ. സ്നേഹനിധിയായ അയാള്‍ക്ക് പക്ഷെ ഒരു കുഴപ്പമുണ്ട്. അഞ്ചോ ആറോ വയസ്സുകാരനായ ഒരു കുട്ടിയുടെ ബൌദ്ധിക പാകതയേ അയാള്‍ക്കുള്ളൂ. ശാരീരിക വളര്‍ച്ചക്കു അനുയോജ്യമായ വിധത്തില്‍ മാനസികവളര്‍ച്ച കൈവരിക്കാത്ത ഈ കഥാപാത്രത്തെ മികവുള്ളതാക്കുന്നതില്‍ വിക്രമിന്റെ സംഭാവന എടുത്തുപറയത്തക്ക വിധത്തില്‍ ഗംഭീരമാണ്. മൂണ്ട്രാം പിറൈ(ബാലുമഹേന്ദ്ര)യില്‍ ശ്രീദേവിയും, പതിനാറ് വയതിനിലെ(ഭാരതിരാജ), കല്യാണരാമന്‍, ജപ്പാനില്‍ കല്യാണരാമന്‍(എസ് പി മുത്തുരാമന്‍) എന്നീ സിനിമകളില്‍ കമല്‍ഹാസനും കൈവരിക്കുന്ന അഭിനയ ഉയരങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് വിക്രമിന്റെ പ്രകടനം. കൃഷ്ണാ വന്താച്ച്; നിലാ വന്താച്ച് എന്നു പറഞ്ഞു കൊണ്ട്; കൈകളുടെ പ്രകടനത്തിലൂടെ അഛനും മകളും ചേര്‍ന്ന് നടത്തുന്ന കളികളും, നിലായുടെ ദിനചര്യകള്‍ ശ്വേത(അമലാ പോള്‍)ക്ക് കൃഷ്ണ വിവരിച്ചുകൊടുക്കുന്നതും പോലുള്ള സീനുകള്‍ മൂലചിത്രത്തില്‍ നിന്ന് അതേപടി കോപ്പിയടിച്ചതാണെന്നാണ് അപ്പര്‍സ്റാള്‍ അടക്കമുള്ള ഇന്റര്‍നെറ്റ് നിരൂപണങ്ങള്‍ കണ്ടെത്തുന്നത്. അതെന്തായാലും ഈ രംഗങ്ങളില്‍ വിക്രമിന്റെയും സാറയുടെയും പ്രകടനങ്ങള്‍ മനസ്സില്‍ സ്പര്‍ശിക്കുന്നതാണ്.


പ്രസവത്തില്‍ ഭാര്യ മരിക്കുന്നുണ്ടെങ്കിലും അത് കണക്കിലെടുക്കാതെ കൊച്ചു കുഞ്ഞിനെ ആദ്യമായി അഛന്‍ വിസ്മയത്തോടെ കാണുന്നത്; സ്കൂള്‍ ജനാലക്കപ്പുറവും ഇപ്പുറവും നിന്ന് അവര്‍ നടത്തുന്ന ആംഗ്യവിക്ഷേപങ്ങള്‍; കോടതി മുറിയില്‍ വാദപ്രതിവാദം നടക്കവെ അവര്‍ തമ്മില്‍ നടത്തുന്ന നിശ്ശബ്ദമായ ആശയവിനിമയങ്ങള്‍; സ്കൂളാനിവേഴ്സറി ദിവസം അവള്‍ ഇംഗ്ളീഷ് പാട്ട് പാടുന്നത് കേട്ടയാള്‍ ആനന്ദത്തിലാറാടുന്നത് പോലുള്ള സീനുകള്‍ രണ്ടു പേരും അതിഗംഭീരമാക്കിയിട്ടുണ്ട്. സങ്കീര്‍ണതകളോ മറുപുറമോ ഇല്ലാത്ത വിധത്തില്‍ നന്മ മാത്രം കൈമുതലായുള്ള കഥാപാത്രമായിരുന്നിട്ടു കൂടി മിതത്വത്തോടും കൈയടക്കത്തോടും കൂടിയുള്ള വിക്രമിന്റെ അഭിനയം കണ്ണു നനയിക്കുക തന്നെ ചെയ്യും. വക്കീല്‍ക്കിട്ടയും ഡോക്ട്ടര്‍ക്കിട്ടയും പൊയ് പേശ കൂടാത്; ആനാ വക്കീലും ഡോക്ടറും പൊയ് പേശലാം(വക്കീലിനോടും ഡോക്ടറോടും നുണ പറയരുത്; എന്നാല്‍ വക്കീലിനും ഡോക്ടര്‍ക്കും നുണ പറയാവുന്നതാണ്), സാമിക്ക് അമ്മ കെടയാതാ (ദൈവത്തിന് അമ്മയില്ലേ?) തുടങ്ങിയ സംഭാഷണങ്ങള്‍ ആലോചനാമൃതമാണെന്ന ബിഹൈന്റ് വുഡ്സ് റിവ്യൂ ബോര്‍ഡിന്റെ നിരീക്ഷണങ്ങളോട് യോജിക്കാവുന്നതാണ്.


വിക്രം തന്റെ അഭിനയമികവ് ശ്രദ്ധേയമായ വിധത്തില്‍ നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. 1990ല്‍ എന്‍ കാതല്‍ കണ്‍മണി എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച ജോണ്‍ കെന്നഡി വിനോദ് രാജ് എന്ന വിക്രം തമിഴിനു പുറമെ തെലുങ്ക്, മലയാളം സിനിമകളില്‍ അനവധി അപ്രധാന വേഷങ്ങള്‍ ചെയ്തുകൊണ്ട് പ്രാരംഭകാലത്തെ അനിശ്ചിതാവസ്ഥയിലും പ്രതീക്ഷ കൈവിടാതെ പിടിച്ചു നിന്നു. ധ്രുവം, സൈന്യം, തുടങ്ങി ജോഷി സംവിധാനം ചെയ്ത മലയാള ഹിറ്റുകളില്‍ ചെറിയ റോളുകളില്‍ വിക്രം അഭിനയിച്ചിരുന്നു. ബാല സംവിധാനം ചെയ്ത സേതു(1999)വിലെ മാനസികവൈകല്യമുള്ള നായകകഥാപാത്രത്തിലൂടെയാണ് വിക്രം ശ്രദ്ധിക്കപ്പെടുന്നത്. ചിയാന്‍ വിക്രം എന്ന പേര് അദ്ദേഹത്തിനു മേല്‍ പതിക്കുന്നത് സേതുവിലെ കഥാപാത്രത്തെ കണക്കിലെടുത്തുകൊണ്ടാണ്. ദില്‍, ജെമിനി, ധൂള്‍, സാമി തുടങ്ങിയ ഹിറ്റുകളിലെ നായകനായതോടെ, മറ്റേതൊരു തമിഴ് സൂപ്പര്‍ താരങ്ങള്‍ക്കുമുള്ളതു പോലെ ജനപ്രീതിയും രസികര്‍ മണ്‍റങ്ങളും വിക്രമിനെയും പൊതിഞ്ഞു തുടങ്ങി.

2003ലിറങ്ങിയ പിതാമഗന്‍ എന്ന സിനിമയിലെ ശ്മശാനസൂക്ഷിപ്പുകാരനും മൃഗതുല്യനുമായ മുഖ്യ കഥാപാത്രത്തെ ഗംഭീരമാക്കിയതിലൂടെ വിക്രം ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുകയും മികച്ച നടനുള്ള രജതകമലം നേടിയെടുക്കുകയും ചെയ്തു. മനുഷ്യശരീരങ്ങളുടെ ചിതകള്‍ ഒരുക്കി കത്തിക്കുന്നവനായതുകൊണ്ട് ചിതന്‍ എന്ന പേരാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേത്. ചെറുപ്പത്തില്‍ തന്നെ അനാഥനായി തീര്‍ന്ന ചിതന്‍ ജീവനുള്ള മറ്റു മനുഷ്യരുമായി ബന്ധപ്പെടാന്‍ അവസരമില്ലാത്തതിനെ തുടര്‍ന്ന് സംസാരിക്കാനറിയാത്തവനും മനുഷ്യഗുണമില്ലാത്തവനുമായ പ്രാകൃത ജീവി പോലെയാണ് പെരുമാറുന്നത്. വെര്‍ണര്‍ ഹെര്‍സോഗ് സംവിധാനം ചെയ്ത എനിഗ്മ ഓഫ് കാസ്പര്‍ ഹൌസറിലെ മുഖ്യ കഥാപാത്രത്തെ പോലെ പരിണാമത്തിന് വിധേയമാകുന്നുണ്ടെങ്കിലും, കാസ്പര്‍ ഹൌസറിന്റെ മനസ്സില്‍ അമര്‍ത്തപ്പെട്ടു കിടന്നിരുന്നതു പോലെ ജ്ഞാനത്തിന്റെ കടലും മലകളുമൊന്നും ചിതനിലില്ലായിരുന്നു. എന്നാല്‍, കൃത്രിമത്വമില്ലാത്ത സ്നേഹത്തിന്റെ ആഴങ്ങള്‍ അയാളില്‍ നിന്ന് കണ്ടെടുക്കുന്നത്, കഞ്ചാവു വില്‍പനക്കാരിയായ ഗോമതി(സംഗീത)യാണ്. ശക്തി(സൂര്യ)യും കാമുകി മഞ്ജു(ലൈല)വും അയാളെ അനുതാപത്തോടെ ശുശ്രൂഷിക്കുന്നുമുണ്ട്.

2005ലിറങ്ങിയ ഷങ്കറിന്റെ അന്യന്‍ എന്ന മനശ്ശാസ്ത്ര ത്രില്ലറിലെ ത്രസിപ്പിക്കുന്ന അഭിനയം വിക്രത്തിന്റെ വാണിജ്യഗ്രാഫ് കുത്തനെ ഉയര്‍ത്തി. അത്യന്തം അപകടകരമായ ഒരു സിനിമയായിരുന്നു അന്യന്‍. ജെന്റില്‍മാന്‍, കാതലന്‍, മുതല്‍വന്‍, ഇന്ത്യന്‍ തുടങ്ങിയ മുന്‍ ചിത്രങ്ങളിലും ഇതേ അപകടകരമായ പാത തന്നെയാണ് ഷങ്കര്‍ അനുവര്‍ത്തിച്ചിരുന്നത്. മള്‍ട്ടിപ്പിള്‍ പെഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്ന രോഗത്തിനടിമപ്പെട്ട രാമാനുജം അയ്യങ്കാര്‍ എന്ന അമ്പിയെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഈ രോഗം തന്റെ കഴിവായി പ്രയോജനപ്പെടുത്തുകയാണ് അമ്പി. നിഷ്കളങ്കനും സാധുപ്രകൃതിക്കാരനും സത്യസന്ധനുമായ ഒരു അഭിഭാഷകനാണ് അമ്പി. നിയമം പാലിക്കാത്തവര്‍ക്കെതിരെ അയാള്‍ സമര്‍പ്പിക്കുന്ന എല്ലാ കേസുകളും കോടതിയില്‍ പരാജയപ്പെടുന്നു. ഈ പരാജയം അയാളിലെ മാനസിക രോഗിയെ അബോധത്തില്‍ ഉണര്‍ത്തുകയും ജനങ്ങളുടെ പരാതികള്‍ അയാളാരംഭിച്ച ഡബ്ള്യു ഡബ്ള്യു ഡബ്ള്യു ഡോട്ട് അന്യന്‍ ഡോട്ട് കോം എന്ന വെബ്സൈറ്റില്‍ സ്വീകരിക്കുകയും അവയില്‍ നിന്ന് ഏറ്റവും ഗുരുതരമെന്ന് കരുതപ്പെടുന്ന പരാതിക്കാധാരമായ കുറ്റവാളികളെ നിയമം കൈയിലെടുത്തുകൊണ്ട് അതിക്രൂരമായ വിധത്തില്‍ കശാപ്പു ചെയ്യുകയുമാണ് അമ്പി എന്ന അന്യന്റെ(അപരിചിതന്‍ അഥവാ മറ്റൊരാള്‍) രീതി. ബ്രാഹ്മണന്‍ എന്ന അയാളുടെ ജാതി സ്ഥാനത്തിനു പുറമെ, പ്രാചീനമായ(!) ഗരുഡപുരാണത്തിലെ ശിക്ഷാവിധികളിലയാള്‍ക്കുള്ള പ്രാവീണ്യവുമനുസരിച്ചാണ് കൊലകള്‍ ന്യായീകരിക്കപ്പെടുന്നത്. കോടതിയും ആധുനിക നിയമ-നീതിന്യായ സംവിധാനവും ജനാധിപത്യ ഭരണവ്യവസ്ഥയുടെ ക്രമസമാധാനപാലനക്കാരും പരാജയമാണെന്നും, ബ്രാഹ്മണ വിശുദ്ധിയും ഗരുഡപുരാണത്തിന്റെ സംഹിതകളും ചേര്‍ന്ന വംശീയമായ സ്വേഛാധികാര അക്രമമാണ് പരിഹാരമെന്നും നിര്‍ദ്ദേശിക്കുന്ന അന്യന്‍ പോലുള്ള ഒരു സിനിമ, തമിഴിനു പുറമെ തെലുങ്കിലും ഹിന്ദിയിലും ഫ്രഞ്ചിലും മൊഴിമാറ്റിയും വ്യാപകമായി സ്വീകരിക്കപ്പെട്ടു എന്നത്, ഇന്ത്യന്‍ സമൂഹത്തിലും ഡയസ്പോറ(ലോകവ്യാപനം)യിലും നിലനില്‍ക്കുന്നതും സജീവത കൈക്കൊള്ളുന്നതുമായ ഫാസിസ്റ് ആശയങ്ങളോടുള്ള ജനാഭിമുഖ്യത്തിന്റെ കൃത്യമായ സൂചനയാണ്.

വഴിയരുകില്‍ മരണാസന്നനായി കിടക്കുന്ന ഒരാളെ രക്ഷിക്കാമായിരുന്നിട്ടും രക്ഷിക്കാത്തതിന്റെ പേരിലാണ്, കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തെ പോത്തുകളുടെ കൂട്ടത്തിലേക്ക് വിട്ട് വധിക്കുന്നത്. അന്ധകൂപം എന്നാണത്രെ നരകപീഡനത്തില്‍ പെട്ട ഈ കൊലപാതകരീതിയുടെ പേര്. തീവണ്ടി യാത്രക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നതിന് കരാറെടുത്ത കരാറുകാരന്‍, വൃത്തിയുള്ള ഭക്ഷണമല്ല കൊടുക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയാളെ, കോഴിയെ എണ്ണയില്‍ ചുട്ടെടുക്കുന്നതു പോലെ ഫ്രൈ ചെയ്യുന്നു. കുംഭിപാകം എന്നാണീ കൊലപാതകരീതിയുടെ 'ശാസ്ത്രീയ' നാമം. നിലവാരം കുറഞ്ഞ ഭാഗങ്ങള്‍ കൊണ്ട് യന്ത്രങ്ങളുണ്ടാക്കുന്ന മുതലാളിയെ മരത്തില്‍ കെട്ടിയിട്ട്, അയാളുടെ ദേഹത്ത് അട്ടകളെ ചൊരിഞ്ഞ് കടിപ്പിച്ചുകൊല്ലുന്ന കൃമിഭോജനം എന്ന രീതിയും പരീക്ഷിക്കപ്പെടുന്നു. ആശുപത്രിയില്‍ വെച്ച് ഹിപ്നൊട്ടൈസ് ചെയ്യപ്പെടുന്ന അമ്പിയുടെ പൂര്‍വ്വകാല രഹസ്യങ്ങള്‍ വെളിവാക്കപ്പെടുന്നതിനു പിന്നാലെ ഡി സി പി പ്രഭാകറിനാല്‍(പ്രകാശ് രാജ്) അയാള്‍ വിശദമായി ചോദ്യം ചെയ്യപ്പെടുന്നു. ഈ അവസരത്തില്‍ അമ്പിയും അന്യനുമായി മാറി മറിയുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്രമിന്റെ മാസ്മരികത ഞെട്ടിപ്പിക്കുന്നതാണ്. അഴിമതിയും ധാര്‍ഷ്ട്യവുമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും കടുത്ത പാതകങ്ങള്‍ എന്ന നിലക്കാണ് നന്മയും ധര്‍മവും പുനസ്ഥാപിക്കാനായി അന്യന്‍ അവതരിക്കുന്നത്.


അടിയന്തിരാവസ്ഥ, വര്‍ഗീയ കലാപങ്ങള്‍, ശ്രീലങ്കയില്‍ തമിഴര്‍ അടിച്ചമര്‍ത്തപ്പെടുന്നത്, ബാബരി മസ്ജിദ് തകര്‍ത്തത്, ഗുജറാത്ത് വംശഹത്യ, പുത്തന്‍ സാമ്പത്തിക നയം എന്നിവയൊക്കെ നടന്ന പതിറ്റാണ്ടുകളില്‍; സാമ്പാറില്‍ പല്ലി വീണതു പോലുള്ള കുറ്റങ്ങള്‍ക്ക് കൊലപാതകം വിധിക്കുന്ന നായക/സംവിധായകന്റെ മുന്‍ഗണനകള്‍ അത്യന്തം വംശീയവും സ്വേഛാധികാരപരവുമാണ്. അണ്ണാ ഹസാരെയും ബാബാ രാംദേവും രാഷ്ട്രീയേതരരായി അഴിമതിക്കെതിരെ എന്ന വിധേന അവതരിക്കുന്നത് ഇത്തരം സിനിമകളിലൂടെയടക്കം രൂപീകരിക്കപ്പെടുന്ന ജനപ്രിയതയുടെ പരിസരത്തിലാണെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഹൈന്ദവ പൌരാണികതയെയും ബ്രാഹ്മണീയതയെയും മഹത്വവത്ക്കരിക്കാനുള്ള ശ്രമങ്ങളാകട്ടെ അങ്ങേയറ്റം അപലപനീയവുമാണ്. ഇന്ത്യന്‍ എന്ന ഇതേ രീതിയിലുള്ള സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച കമല്‍ ഹാസന്‍, വളരെ അപകടകരമായ ഫാസിസ്റ്റ് സിനിമയാണത് എന്ന് പില്‍ക്കാലത്ത് തുറന്നു സമ്മതിക്കുകയുണ്ടായി. അത്തരമൊരു രാഷ്ട്രീയ ജാഗ്രത പാലിക്കാത്തതിനാല്‍ വിക്രമിന്റെ സ്ഥാനം കമലിന് ഒരു പടി താഴെയാണെന്ന് കരുതാവുന്നതാണ്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തമിഴ് സിനിമയില്‍ ഇപ്പോള്‍ അഭിനയം ആവശ്യമില്ല. അതിനു മാത്രം അഭിനയം നടികര്‍ തിലകം മുതല്‍ വിക്രം വരെയുള്ളവര്‍ നടത്തിക്കഴിഞ്ഞു എന്നും പറയാം. ക്വാട്ട തീര്‍ന്നിരിക്കുന്നു. പരുത്തിവീരന്‍, സുബ്രഹ്മണ്യപുരം, കാതല്‍, വെയില്‍, നാടോടികള്‍, അങ്ങാടിത്തെരു, മൈന തുടങ്ങിയ നവ യഥാതഥ സിനിമകളാണ് അടുത്ത കാലത്തായി തമിഴില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതില്‍ അഭിനയിച്ചവര്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. അപ്പോള്‍, അഭിനയമികവ് പുറത്തെടുക്കുന്ന വിക്രമിനെപ്പോലുള്ളവര്‍ എന്തു ചെയ്യും? കമല്‍ ഹാസന്‍ വരെ എന്തു ചെയ്യും എന്നു ചോദിക്കേണ്ട അവസ്ഥ പോലുമുണ്ട്, സത്യത്തില്‍.

Tuesday, September 6, 2011

കോഴിക്കാടനില്‍ നിന്ന് ബി അബൂബക്കറിലെത്തുമ്പോള്‍

ഇതൊരാത്മഹത്യാക്കുറിപ്പോ വിരമിക്കല്‍ പ്രസംഗമോ അല്ല. ഞാനടക്കം പ്രതിനിധാനം ചെയ്യുന്ന, അച്ചടി മാധ്യമങ്ങളിലെ സിനിമാ നിരൂപണമെഴുത്തുകാര്‍ക്കു ശേഷം കടന്നുവരുന്നതും പ്രചരിക്കാന്‍ സാധ്യതയുള്ളതുമായ മലയാള സിനിമാ നിരൂപണത്തിന്റെ പ്രവേശനോത്സവത്തിനുള്ള മുഖക്കുറിപ്പായി കരുതിയാല്‍ മതി.

പണ്ടു പണ്ട്, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന അവസാന പേജിലെ ചിത്രശാല പോലുള്ള പംക്തി നിരൂപണങ്ങള്‍ ഏറെപ്പേരെ ആകര്‍ഷിക്കുകയും; സിനിമ കാണുന്നവര്‍, കാണാത്തവര്‍, സിനിമാ പ്രവര്‍ത്തകര്‍ എന്നിവരില്‍ പലരും നിര്‍ണായകമായി കരുതുകയും ചെയ്തിരുന്നു. കോഴിക്കോടന്‍, സിനിക്ക്, അശ്വതി, നാദിര്‍ഷ എന്നിവരായിരുന്നു അന്നത്തെ പ്രധാന എഴുത്തുകാര്‍. ഇത്തരം സിനിമാ നിരൂപണങ്ങള്‍ ഒരു കാലത്ത്, സിനിമയുടെ കമ്പോള വിജയ പരാജയങ്ങളെ വരെ സ്വാധീനിച്ചിരുന്നതായും വിലയിരുത്തപ്പെട്ടിട്ടുണ്ട്. കഥാവിവരണവും, നൃത്തക്കലവി നന്നായി; നന്നായില്ല തുടങ്ങിയ സാമ്പ്രദായികമായ നിരീക്ഷണങ്ങളും കൊണ്ട് ജടിലമായിരുന്ന ഈ ഒന്നാം തലമുറ നിരൂപണം അതിന്റെ ബാലാരിഷ്ടമായ അവസ്ഥകളില്‍ നിന്ന് ഒരിക്കലും മാറിയതേ ഇല്ല. തങ്ങളുടെ കാലത്തെ സിനിമയെ സന്ദര്‍ഭവത്ക്കരിക്കാന്‍ (contextualise) അന്നത്തെ മലയാള സിനിമാ നിരൂപകര്‍ക്ക് സാധ്യമായില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം.
പിറകെ വന്ന ഗൌരവ നാട്യ നിരൂപണമാകട്ടെ, ലോക സിനിമയും മലയാള സിനിമയും തമ്മിലുള്ള ഒരു ഗുസ്തിയായിട്ടായിരുന്നു നിരൂപണത്തെ സങ്കല്‍പിച്ചത്. ഫിലിം സൊസൈറ്റി പ്രസ്ഥാനം, ഫിലിം സ്കൂളുകളുടെ സ്വാധീനം, സാഹിത്യത്തിലെ ആധുനികത, ഭൂപരിഷ്ക്കരണത്തിന്റെയും പ്രവാസത്തിന്റെയും ശേഷിപ്പായി ഉണ്ടായ മധ്യവര്‍ഗവത്ക്കരണം എന്നീ പശ്ചാത്തലങ്ങളില്‍ മാറിത്തീര്‍ന്ന മലയാള സിനിമയെയും ചരിത്രവത്ക്കരിക്കാന്‍ ഭാഷയുടെ ചമത്ക്കാരഭംഗികളുണ്ടായിരുന്നെങ്കിലും ഈ നിരൂപണങ്ങള്‍ക്ക് സാധിച്ചില്ല. ലോക സിനിമ സഞ്ചരിച്ച ദൂരങ്ങള്‍ അടയാളപ്പെടുത്താനാണ് ആ നിരൂപകര്‍ ശ്രമിച്ചത്. ലോക ഭാഷകളില്‍ പുറത്തു വന്ന നിരൂപണങ്ങളും സൈദ്ധാന്തിക പഠനങ്ങളും പരിഭാഷപ്പെടുത്തിയെങ്കിലും അതിനെ ഉള്‍ക്കൊണ്ടു കൊണ്ട് മലയാള സിനിമയുടെ ചരിത്ര വര്‍ത്തമാനങ്ങളുടെ പശ്ചാത്തലങ്ങളെ നിര്‍ണയിക്കാന്‍ ആ നിരൂപണവും ശ്രമിച്ചില്ല. അതുകൊണ്ടെന്തുണ്ടായി? ആര്‍ട് സിനിമ എന്ന ചലച്ചിത്ര നവീകരണ പ്രസ്ഥാനം ജനങ്ങളെ ഒപ്പം കൂട്ടാതെയാണ് മുന്നോട്ട് (അതോ പിന്നോട്ടോ) പോയിക്കൊണ്ടിരുന്നത് എന്നോര്‍മ്മപ്പെടുത്താന്‍ ആ നിരൂപണത്തിന് സാധ്യമായില്ല.

ഇന്ത്യാ ചരിത്രം, കേരള ചരിത്രം, രാഷ്ട്രീയം, ജനങ്ങള്‍, സാമൂഹിക രൂപീകരണം, കുടുംബം, ജാതി, ലൈംഗികത, വാണിജ്യപരത എന്നിങ്ങനെയുള്ള വിഷയങ്ങള്‍ സിനിമയെയും സിനിമാനിരൂപണത്തെയും ബാധിക്കുമെന്നു പോലും അക്കാലത്ത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. മാത്രമല്ല, കച്ചവട സിനിമ എന്നു വിളിച്ചാക്ഷേപിക്കപ്പെട്ട മുഖ്യധാരാ സിനിമകള്‍ ഏതെങ്കിലും വിധത്തില്‍ ജനജീവിതത്തെ സ്വാധീനിക്കുകയും വ്യവസ്ഥയോട് പൊരുത്തപ്പെടുത്തിയെടുക്കുകയും ചെയ്യുമെന്ന വിവരവും ആര്‍ക്കുമുണ്ടായിരുന്നില്ല. ഐ ഷണ്‍മുഖദാസ് മുതല്‍ വിജയകൃഷ്ണന്‍ വരെയുള്ളവരുടെ നിരൂപണങ്ങള്‍, മലയാള സിനിമാ നിരൂപണത്തിന്റെ അന്തസ്സും യശസ്സും പ്രസക്തിയും വളരെയധികം ഉയര്‍ത്തിയെങ്കിലും അവയും ഈ പരിമിതികളില്‍ നിന്ന് മുക്തമായിരുന്നില്ല.


ഈ ഘട്ടത്തിലാണ്, തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ സിനിമയെ സമീപിക്കേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി, സാമാന്യസമൂഹത്തിന്റെ സുഖസ്വാസ്ഥ്യങ്ങളെയും നിദ്രകളെയും അലോസരപ്പെടുത്തിക്കൊണ്ട് രവീന്ദ്രന്റെ(ചിന്ത രവി) നിരൂപണങ്ങള്‍ ശ്രദ്ധേയമായിതുടങ്ങിയത്. അതിനു ശേഷം, എ സോമന്‍, ഡോ. സി എസ് വെങ്കിടേശ്വരന്‍, വി കെ ജോസഫ്, ഡോ. വി സി ഹാരിസ്, ഒ കെ ജോണി, ഷിബു മുഹമ്മദ്, തുടങ്ങി എന്‍ പി സജീഷ്, കെ പി ജയകുമാര്‍ വരെയുള്ളവരുടെ നിരയിലാണ് ഈയുള്ളവനും കുറെ നിരൂപണ/വിമര്‍ശന ലേഖനങ്ങള്‍ എഴുതാന്‍ കഴിഞ്ഞത്. ഭാഷാഭേദങ്ങള്‍, ജാതിവ്യവസ്ഥകള്‍, കമ്യൂണിസ്റ്/നക്സലൈറ്റ് സ്വാധീനം, കുടുംബ രൂപീകരണവും ശിഥിലീകരണവും, ആണ്‍നോട്ടം, സ്ത്രീ അവസ്ഥ, കേരളീയ വസ്തു/പ്രകൃതി യാഥാര്‍ത്ഥ്യം, നഗരവത്ക്കരണം, പ്രവാസിത്തം, നവഹൈന്ദവ വത്ക്കരണം, താരപദവികളും താരാധിപത്യങ്ങളും ഫാന്‍സ് അസോസിയേഷനുകളും, മലയാള സാഹിത്യവും സിനിമയും, പാര്‍ശ്വവത്കൃതരുടെ പ്രതിനിധാനങ്ങള്‍ എന്നിങ്ങനെ ആഴത്തിലും പരപ്പിലുമുള്ള നിരവധി മേഖലകള്‍ മലയാള ചലച്ചിത്ര നിരൂപണ-വിമര്‍ശന-പഠന പ്രക്രിയയില്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കപ്പെടേണ്ടതുണ്ട്.

ചരിത്രത്തിന്റെ ഈ പ്രത്യേക സന്ധിയില്‍ നിന്നു കൊണ്ട് തിരിഞ്ഞു നോക്കുമ്പോഴറിയാം, എഴുപതുകളിലെ ആധുനികത അവശേഷിപ്പിച്ചു പോയ ഭാഷാ ശൈലിയിലും ഭാവുകത്വത്തിലുമായിരുന്നു ഞങ്ങളൊക്കെയും എഴുതിയതും എഴുതിക്കൊണ്ടിരിക്കുന്നതും. ഇന്നും കേരളത്തിലെ പ്രമുഖ അച്ചടി മാധ്യമങ്ങളൊക്കെയും അവലംബിക്കുന്നത് ഈ ഭാഷാ ശൈലിയും ഭാവുകത്വവും തന്നെയായതുകൊണ്ട് അതിലൊരു അപാകവും ആരും കണ്ടെത്തിയതുമില്ല. എന്നാല്‍, കടന്നു പോയ നാല്‍പതു വര്‍ഷത്തിനിടയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, വ്യാപകമായ ഇംഗ്ളീഷ് മാധ്യമ വിദ്യാഭ്യാസം, ഗള്‍ഫിനു പുറമെ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമടക്കമുള്ള മലയാളികളുടെ വന്‍ തോതിലുള്ള വ്യാപനം, സിനിമയിലെ മാറ്റങ്ങളും മാറ്റങ്ങളില്ലായ്മയും എന്നിങ്ങനെ പല ഘടകങ്ങളുടെ സാന്നിദ്ധ്യങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കുമിടയില്‍ ചരിത്രയാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ ഈ ആധുനികതാ ഭാഷ്യം/ഭാവുകത്വം മാത്രം മതിയോ എന്ന ചോദ്യം ആരും ഉന്നയിച്ചില്ല. ചോദ്യം ഉന്നയിക്കപ്പെട്ടില്ലെങ്കിലും ഉത്തരവുമായി പുതിയ തലമുറ രംഗത്തു വരിക തന്നെ ചെയ്തിരിക്കുന്നു. ബ്ളോഗുകളിലും ഓര്‍ക്കുട്ട്/ട്വിറ്റര്‍/ഫേസ്ബുക്ക്/ബസ്/ഗൂഗിള്‍ പ്ളസിലുമായും പോര്‍ട്ടലുകളിലും എന്തിന് എസ് എം എസും ബ്ളാക്ക്ബറി മെസേജായും മറ്റും സിനിമാ നിരൂപണം പ്രത്യക്ഷപ്പെടുന്ന കാലമാണിന്നത്തേത്. ഇതില്‍ ഏറ്റവും ആഹ്ളാദഭരിതമായ ഒരു കാര്യമെന്താണെന്നു വെച്ചാല്‍, ആരെയും പേടിക്കാതെ ആരോടും ഒരു വിട്ടുവീഴ്ചയും ചെയ്യാതെ എഴുതാന്‍ ഈ മാധ്യമങ്ങളിലൂടെ കഴിയുമെന്നതാണ്. ആ സ്വാതന്ത്യ്രം അനുഭവിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്ന ധാരാളം നിരൂപകര്‍ ഇരിപ്പുറപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്ന വസ്തുത അടയാളപ്പെടുത്തുവാനാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

ഇന്റര്‍നെറ്റിലെ മലയാള സിനിമാ നിരൂപണത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ അവസ്ഥ വിവരിക്കാന്‍ ഇപ്പോള്‍ മുതിരുന്നില്ല. ഈ പുതിയ തലമുറ നിരൂപണത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന ഒരു നിരൂപകന്റെ മാത്രം ശൈലി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. മലയാള്‍ ഡോട്ട് എ എം എന്ന പോര്‍ട്ടലില്‍ ഇതിനകം മുപ്പതിലധികം ഫിലിം റിവ്യൂസ് പോസ്റ് ചെയ്തു കഴിഞ്ഞ ബി അബൂബക്കര്‍ എന്ന ശ്രദ്ധേയനായ നിരൂപകന്റെ രചനകള്‍ ഈ രംഗത്തുണ്ടാകാന്‍ പോകുന്ന ഊര്‍ജ്ജസ്വലതയുടെ ലക്ഷണമായി കരുതാം. ആധുനികതയുടെ ഭാഷയിലെഴുതുന്നവര്‍ ചിന്തിക്കുക പോലും ചെയ്യാത്ത തരത്തില്‍ വാച്യ ഭാഷയും ലിഖിത ഭാഷയും കൂട്ടിക്കലര്‍ത്തിയാണ് അബൂബക്കര്‍ എഴുതുന്നത്. അദ്ദേഹത്തിന്റെ ചില തലക്കെട്ടുകള്‍ നോക്കുക.

ആദാമിന്റെ മകന്‍ അബു - ജ്ജ് നല്ലൊരു അജ്ജ് ചെയ്യാന്‍ നോക്ക്!; അന്‍വര്‍ - നീരദങ്ങളില്‍ നിന്ന് മലം പെയ്യുമ്പോള്‍; അര്‍ജുനന്‍ സാക്ഷി - ഐ അവ്വക്കര്‍ സെക്കന്റ് ഇറ്റ്!; അവന്‍ ഇവന്‍ - ബീഫ് തിന്നാമോ രാജാവേ?; ക്രിസ്ത്യന്‍ ബ്രദേഴ്സ് - സോറി ഫ്രണ്ട്സ്, ജാതി ചോദിക്കും പറയുകയും ചെയ്യും!; ഡബിള്‍സ് - പ്രേക്ഷകനും മമ്മൂട്ടിക്കും ഇത് ട്രബിള്‍സ്; എന്തിരന്‍ - എന്തിരിനെടേയ് ഈ പടമെന്നു ചോദിക്കരുത്; കുടുംബശ്രീ ഉഗ്രന്‍ - പക്ഷെ 25 കൊല്ലം ലേറ്റായി പോയി; പയ്യന്‍സ്, ഒരാണ്‍പന്നിപ്പടം; അല്പം പ്രാഞ്ചിപ്പോയ ലോക സിനിമ അഥവാ, കൈവെട്ടു കാലത്തെ പുണ്യാളന്മാര്‍; റേസ് - ഇനി മുതല്‍ ഇംഗ്ളീഷ് സിനിമ മോഷ്ടിക്കുന്നവര്‍ ഫെഫ്കയിലറിയിക്കണം!; സീനിയേഴ്സ് - ഇത്തിരി കടലപ്പിണ്ണാക്ക്, ഇത്തിരി എള്ളുമ്പിണ്ണാക്ക്; ദി ട്രെയിന്‍ - ആന മുക്കുന്നതു കണ്ട് ജയരാജു മുക്കിയാല്‍; ഉറുമി - മലയാളിക്ക് ഇതു തന്നെ കിട്ടണം എന്നിങ്ങനെ തീവ്ര നാടന്‍ പ്രയോഗങ്ങള്‍ കൊണ്ടാണ് അബൂബക്കര്‍ തലക്കെട്ടുകള്‍ കെട്ടിയുണ്ടാക്കുന്നത്. ചിലപ്പോള്‍, ഗൌരവത്തില്‍ ആധുനികതാ ഭാഷയിലുള്ള തലക്കെട്ടുകളും ഉണ്ടാകാറുണ്ട്. കോക്ക് ടെയില്‍ - രുചി വ്യതിയാനങ്ങളുടെ മിശ്രിതം; സോള്‍ട്ട് ആന്റ് പെപ്പര്‍ - ഏകപക്ഷീയമായ വഞ്ചനയുടെയും കുറ്റബോധത്തിന്റെയും രാഷ്ട്രീയം; ട്രാഫിക്ക് എന്ന സിനിമ - ഒരു രാഷ്ട്രീയ കുറ്റകൃത്യം എന്നിങ്ങനെയുള്ളവയാണുദാഹരണങ്ങള്‍.

ഇന്റര്‍നെറ്റ് തലമുറക്കാര്‍ ദൈര്‍ഘ്യമുള്ള ലേഖനങ്ങള്‍ വായിക്കില്ല എന്ന പൊതുധാരണക്കു വിപരീതമായി, വേണ്ടത്ര ദൈര്‍ഘ്യമുള്ള പല ലേഖനങ്ങളും ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയും. നാടന്‍ പ്രയോഗങ്ങളില്‍ എന്തെങ്കിലും കാച്ചി സ്ഥലം വിടുന്ന ബ്ളോഗെഴുത്തുകാരുടെ താഴ്ന്ന നിലവാരമുള്ള പൈങ്കിളികളല്ല അബൂബക്കറിന്റെ എഴുത്ത്. ലോകസിനിമയുടെ വാതിലുകളെല്ലാം ഡിവിഡി വിപ്ളവകാലം തുറന്നിട്ടതോടെയുണ്ടായ ആശയവിസ്ഫോടനവും മള്‍ട്ടിപ്ളെക്സ് സംസ്ക്കാരത്തിലേക്കുള്ള മാറ്റത്തിന് അരങ്ങൊരുങ്ങിക്കൊണ്ട് യുവതയിലുണ്ടായ വിസ്മയകരമായ അഭിരുചി വ്യതിയാനവുമെല്ലാം ചേര്‍ന്ന് ഇവിടെ നിശ്ചയമായും ഒരു പുതുവഴി വെട്ടലിനുള്ള ആയുധങ്ങളെല്ലാം ഒരുങ്ങി എന്നാണ് ചാപ്പാക്കുരിശ് - പുതുവഴി വെട്ടുന്നവരോട് എന്ന ലേഖനത്തില്‍ അബൂബക്കര്‍ നിരീക്ഷിക്കുന്നത്. നാലു തരത്തില്‍ ചാപ്പാക്കുരിശ് വായിച്ചുകൊണ്ടാണ് തന്റെ നിരീക്ഷണങ്ങള്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നത്.

സിനിമയെ സിനിമയായി മാത്രം കാണുവാനും അങ്ങനെ റിവ്യൂ ചെയ്യാനുമാണ് പല വായനക്കാരും പറയുന്നത്, എന്നാല്‍, കേവലം സിനിമ സിനിമ മാത്രമല്ലല്ലോ. അല്ലെങ്കില്‍ സിനിമ സിനിമ തന്നെ ആണല്ലോ. ഒരു പാഠം എന്ന നിലയിലും സാംസ്കാരിക നിര്‍മിതി, കലാ നിര്‍മിതി എന്നീ നിലകളിലും അതിനെ കാണാതിരിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് പണ്ടത്തേതില്‍ നിന്ന് വിഭിന്നമായി ഇന്ന് ജനപ്രിയ സിനിമ ഏറ്റവുമേറെ പഠിക്കപ്പെടുന്നതും ഒരു സാംസ്കാരിക പഠനവസ്തുവായി വിലയിരുത്തപ്പെടുന്നതും. ചരിത്രപരവും സൈദ്ധാന്തികവും രാഷ്ട്രീയവും സാമൂഹികവും ലിംഗപരവുമായ മാനങ്ങളില്‍, നിലപാടുതറകളില്‍, പോസ്റ് മാര്‍ടെം ടേബിളിലുകളില്‍ വെച്ച് സിനിമയെയോ കവിതയെയോ കഥയെയോ പരിശോധിക്കാതിരിക്കാനാവില്ല. പക്ഷെ, ഇതിനെ ഇങ്ങനെയും വായിക്കാമെന്നല്ലാതെ, ഇങ്ങനെ മാത്രമാണ് വായിക്കേണ്ടത് എന്നിവിടെ പറയുന്നില്ല. ഇങ്ങനെയൊരു വായന സാദ്ധ്യമാണെങ്കില്‍ അതും പ്രസക്തവും നിര്‍ണായകവുമാണെന്നു മാത്രം. (കോക്ക് ടെയില്‍ - രുചി വ്യതിയാനങ്ങളുടെ മിശ്രിതം) എന്നിങ്ങനെ വളരെ സുവ്യക്തമായി അദ്ദേഹം തന്റെ നയവും ദിശാബോധവും വ്യക്തമാക്കുന്നുണ്ട്.

വാരികകളിലും മാസികകളിലും നിന്ന് വ്യത്യസ്തമായി പോര്‍ട്ടലുകളിലും ബ്ളോഗുകളിലും എന്തെങ്കിലും പോസ്റിട്ടാല്‍ (പോസ്റിയാല്‍ എന്നാണ് ബ്ളോഗ് ഭാഷ) ഉടന്‍ തന്നെ പ്രതികരണം വരും. ബി അബൂബക്കറിന് എതിരായ കമന്റുകളാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക് മിക്കപ്പോഴും ലഭിക്കാറ്. പൊതുജനത്തിന്റെ ഭാവുകത്വത്തില്‍ പരിണാമങ്ങള്‍ കാര്യമായി സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവു തന്നെയാണിത്. കണ്ടതും കണ്ടതില്‍ നിന്ന് മനസ്സിലാക്കിയതും മിണ്ടാന്‍ പറ്റൂല, മിണ്ടിപ്പോയാല്‍ തെറി വിളി, തന്തക്കു വിളി, തള്ളക്കു വിളി, തട്ടിക്കളയുമെന്ന ഭീഷണി (അവന്‍ ജനാധിപത്യത്തിന്റെ രൂപത്തിലും വരും). എന്നാണ് ഗതികെട്ട് അബൂബക്കര്‍ ഒരു ഘട്ടത്തില്‍ ഈ കമന്റുകളോട് പ്രതികരിക്കുന്നത്. കാര്യം നിസ്സാരമല്ല, ജീവന്മരണപ്പോരാട്ടമാണെന്ന് വ്യക്തമായില്ലേ! പൃഥ്വിരാജ് എന്ന പുത്തന്‍ താരം നവരസങ്ങള്‍ക്കു പുറമെ, പുഛം എന്ന പത്താമത്തെ രസം കൂടി കണ്ടു പിടിച്ച് അതില്‍ ഹരം കൊള്ളുകയാണെന്നാണ് അബൂബക്കറിന്റെ രൂക്ഷമായ പരിഹാസം.

നിരൂപണമെന്ന പേരില്‍, സിനിമയിലെ സംഭവങ്ങള്‍, സംവിധായകന്‍, കഥാപാത്രങ്ങള്‍, താരങ്ങള്‍ തുടങ്ങിയവരെ/വയെ വര്‍ഗ്ഗീയമായി വേര്‍തിരിച്ച് അവതരിപ്പിച്ച ലേഖകന് സാമാന്യബുദ്ധിയും ബോധവും ഉള്ളവരില്‍ നിന്ന് ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നു. നിരൂപണമെന്ന പേരില്‍ ഉള്ള സമൂഹത്തിനു വിനാശകരമായ സന്ദേശം പകരുന്ന, എന്റോ സള്‍ഫാന്‍ തുള്ളികള്‍ തങ്ങളുടെ ബോധമണ്ഡലത്തെ പൊള്ളിക്കുമ്പോള്‍ വായനക്കാര്‍ പ്രതികരിക്കുന്നതാണ്. എന്നാണ് കമന്റിടുന്നവരുടെ ന്യായമായി അതിലൊരാള്‍ തന്നെ വിശദീകരിച്ചിരിക്കുന്നത്. എന്തായാലും, മതനിരപേക്ഷതയിലും പുരോഗമനവിശ്വാസത്തിലും ഊന്നി ഭൂരിപക്ഷ/ന്യൂനപക്ഷ വര്‍ഗീയതകളെ കടന്നാക്രമിക്കുകയും മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും മുസ്ളിം വിരുദ്ധതയും തുറന്നു കാണിക്കുകയും ചെയ്യുന്ന ശൈലിയും നിലപാടുമാണ് ബി അബൂബക്കറിന്റേതെന്നത് എടുത്തു പറയേണ്ട സംഗതിയാണ്. അതിലെ എല്ലാ അഭിപ്രായങ്ങളോടും പരിപൂര്‍ണമായി യോജിക്കുന്നു എന്നല്ല ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. പല വിയോജിപ്പുകളുമുണ്ടാകും, അല്ല ഉണ്ട്. പരസ്യക്കാര്‍ പ്രശ്നമുണ്ടാക്കുന്നു എന്നു പറഞ്ഞ് പല മലയാള സിനിമാ നിരൂപണങ്ങളും തടയുകയോ വൈകിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത അനുഭവങ്ങള്‍ അച്ചടി മാധ്യമങ്ങള്‍ മാത്രമുണ്ടായിരുന്ന മുന്‍കാലത്ത് സംഭവിച്ചിരുന്നുവെങ്കില്‍, സൈബര്‍ ജനാധിപത്യത്തിന്റെ പുതിയ വിഹായസ്സുകളില്‍ കൂടുതല്‍ തുറന്ന് പറയാന്‍ സധൈര്യം വിമര്‍ശകര്‍ രംഗത്തു വരിക തന്നെ ചെയ്യുമെന്നതുറപ്പാണ്. വെറുതെയാണോ, മുഖ്യധാരാ പത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ മുഴുവന്‍ അശ്ളീലത്തിന്റെ വലക്കണ്ണികളാണെന്നും മറ്റും തുടരെ തുടരെ ഫീച്ചറടിച്ചു വിടുന്നത്. അവരുടെ നിലനില്പ് ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

Thursday, August 25, 2011

ഉത്തരാധുനിക ഒളിപ്പുരകള്‍







ബോളിവുഡ് സിനിമയും മറാത്തി, തമിഴ് അടക്കമുള്ള മറ്റ് ഇന്ത്യന്‍ പ്രാദേശിക ഭാഷാ സിനിമകളും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് വിധേയമായി. പുതിയ തലമുറ സംവിധായകരും പുതുമുഖ നടീനടന്മാരും സാങ്കേതിക പ്രവര്‍ത്തകരും ധാരാളമായി സിനിമാ രംഗത്തേക്ക് കടന്നുവന്നു. നാടക സംസ്കാരത്തിന്റെ മഹത്തായ ഭൂതകാലത്തെ പുതിയ രീതിയില്‍ പ്രയോജനപ്പെടുത്തുന്ന നവ മറാത്തി സിനിമയും; തമിഴകത്തിനകത്തുള്ള വിഭിന്ന പ്രാദേശികതകളെ ആഘോഷിക്കുന്നതും ശിവാജി ഗണേശന്‍ മുതല്‍ തുടങ്ങി തമിഴ് സിനിമയെ മൂടിനിന്ന അതിഭാവുകത്വം വെടിയുന്നതുമായ നവ-യഥാതഥ തമിഴ് സിനിമയും; സദാചാരമടക്കമുള്ള വിഷയങ്ങളില്‍ വേറിട്ട സമീപനങ്ങള്‍ പരീക്ഷിച്ച ബോളിവുഡും സ്വീകരിക്കപ്പെട്ടപ്പോഴും മലയാള സിനിമ മാറില്ല എന്നു തന്നെയാണ് കരുതപ്പെട്ടിരുന്നത്.

ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൗണ്‍ പോലുള്ള അറുബോറന്‍ സിനിമകള്‍ ഈയടുത്തും ബോക്സ് ഓഫീസില്‍ വിജയം നേടുന്നതും; നീലത്താമര, രതിനിര്‍വേദം, അവളുടെ രാവുകള്‍ , തകര, ഇണയെതേടി, ചട്ടക്കാരി തുടങ്ങിയ അര്‍ധ അശ്ലീല(സോഫ്റ്റ് പോണോ) സിനിമകള്‍ "ക്ലാസിക് സിനിമകള്‍" എന്ന വ്യാജ വേഷമണിഞ്ഞ് പുനരവതരിക്കുന്നതും പോലുള്ള കപടനാടകങ്ങള്‍ കാണുമ്പോള്‍ , മലയാള മുഖ്യധാരാ സിനിമ കെട്ടിക്കിടക്കുന്നതും ഒഴുക്കു നിലച്ചതുമായ ചെളിക്കുളമായി തുടരും എന്ന പ്രതീതിയാണുണ്ടാക്കിപ്പോന്നിരുന്നത്. കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെ മഹാനഗരങ്ങളില്‍ നൂറുകണക്കിന് മള്‍ട്ടിപ്ലെക്സുകള്‍ പ്രവര്‍ത്തനമാരംഭിച്ചതും വിദേശരാജ്യങ്ങളില്‍ ഫലപ്രദമായ റിലീസ് സാധ്യമായതും പുതിയതരം ഹിന്ദി, മറാത്തി, തമിഴ് സിനിമകളുടെ സാമ്പത്തിക നിലകളെയും മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ മറ്റു നഗരങ്ങളിലും വിദേശത്തും കുടിയേറിയിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ദേശത്തേക്കുള്ള തിരിച്ചുപോക്കിന്റെ പ്രതീതിയാണ് പ്രാദേശിക സിനിമകള്‍ ഉളവാക്കുന്നത്. മെട്രോ നഗരങ്ങളിലെ മള്‍ട്ടിപ്ലെക്സുകളില്‍ പ്രാദേശിക സിനിമകള്‍ക്ക് സ്ലോട്ട് അനുവദിക്കുന്നതിനാല്‍ പുതിയ രീതിയിലുള്ള ഒരു സംസ്കാര/പ്രദേശ വിനിമയം സാധ്യമാവുന്നു എന്നു ചുരുക്കം. വളരെ കൂടിയ ടിക്കറ്റ് നിരക്കുകളുള്ളതിനാല്‍ , "അലമ്പുകേസുകള്‍" മള്‍ട്ടിപ്ലെക്സിനകത്തേക്ക് കയറില്ല. തിയറ്ററുകളില്‍ നിന്നൊഴിഞ്ഞു നിന്നിരുന്ന വരേണ്യ/മധ്യ വര്‍ഗ പ്രേക്ഷകര്‍ ഇതുമൂലം സിനിമ കാണാന്‍ തിരിച്ചെത്തി എന്നാണ് നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. സാര്‍വത്രിക വിദ്യാഭ്യാസം നടപ്പായപ്പോള്‍ , കണ്ട "അണ്ടനും അടകോടനും" ഇടയിലിരുന്നു പഠിക്കാന്‍ നിര്‍ബന്ധിതരായ സവര്‍ണ-വെണ്ണപ്പാളിക്കുട്ടികള്‍ , ഇംഗ്ലീഷ് മീഡിയവും സിബിഎസ്ഇയും ഐസിഎസ്ഇയും വന്നപ്പോള്‍ രക്ഷപ്പെട്ടതു പോലുള്ള ഒരു രക്ഷപ്പെടലാണ്, മള്‍ട്ടിപ്ലെക്സുകള്‍ വന്നപ്പോള്‍ വരേണ്യ/മധ്യ വര്‍ഗത്തിനുണ്ടായിരിക്കുന്നത്. പാന്‍ പരാഗ് തുപ്പി നിറക്കുന്നവരും സിഗരറ്റും ബീഡിയും വലിച്ചൂതി വിടുന്നവരും മദ്യപാനികളും കടുത്ത തോതില്‍ അശ്ലീലമായ കമന്റുകള്‍ പാസാക്കുന്നവരുമായ "തെണ്ടി"വര്‍ഗത്തില്‍ പെട്ട കാണികളില്‍നിന്ന് മാന്യന്മാര്‍ക്കും കൊച്ചമ്മമാര്‍ക്കും അമുല്‍ ബേബിമാര്‍ക്കും രക്ഷപ്പെടാനും അവരുടെ വിനോദാവകാശം സംരക്ഷിക്കാനുമുള്ള ഉത്തരാധുനിക ഒളിപ്പുരകളായി മള്‍ട്ടിപ്ലെക്സുകള്‍ പരിണമിച്ചുകഴിഞ്ഞു.

മള്‍ട്ടിപ്ലെക്സുകള്‍ വ്യാപകമാകുന്നതോടെ, ഇവയിലെത്തുന്ന തരത്തിലുള്ള ധനികരും വരേണ്യരും സവര്‍ണരുമായ കാണികളെ അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള സിനിമകളും നിര്‍മിക്കപ്പെട്ടു തുടങ്ങി. ശരത്ചന്ദ്ര ചതോപാധ്യായ 1917ല്‍ എഴുതിയ പ്രസിദ്ധ ബംഗാളി നോവലായ "ദേവദാസി"ന്റെ പല ചലച്ചിത്ര ഭാഷ്യങ്ങള്‍ ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, ഉറുദു, ആസാമീസ് ഭാഷകളിലായി ഇന്ത്യ, പാകിസ്ഥാന്‍ , ബംഗ്ലാദേശ് രാജ്യങ്ങളില്‍നിന്ന് ഇറങ്ങിയിട്ടുണ്ട്. ഷാരൂഖ് ഖാനും ഐശ്വര്യാ റായിയും മാധുരി ദീക്ഷിതും നടിച്ച് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പതിപ്പായിരുന്നു(2002) ഇന്ത്യയില്‍ അവസാനമിറങ്ങിയത്. മള്‍ട്ടിപ്ലെക്സ് യുഗത്തില്‍ , അത്തരം പ്രേക്ഷകരോട് സംവദിക്കുന്ന തരത്തിലുള്ള ഒരു "ദേവദാസ്" അടുത്ത കാലത്ത് ഹിന്ദിയിലിറങ്ങുകയുണ്ടായി. അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ദേവ് ഡി(2009) ആയിരുന്നു അത്. പേരില്‍പോലും കടന്നുവരുന്ന എസ്എംഎസ്/ഇമെയില്‍ ചുവ ശ്രദ്ധേയമാണ്. പഞ്ചാബിന്റെയും ഡല്‍ഹിയുടെയും പശ്ചാത്തലത്തിലാണ് ദേവ് ഡി ചിത്രീകരിച്ചിരിക്കുന്നത്. അടുത്തിടെ ഉത്തരേന്ത്യയെ പിടിച്ചുകുലുക്കിയ, കമിതാക്കളുടെ കുടുംബങ്ങള്‍ നടത്തുന്ന ആദരക്കൊലപാതകങ്ങളു(ഓണര്‍ കില്ലിങ്)ടെയും ഡല്‍ഹി പബ്ലിക് സ്കൂളിലുണ്ടായ എംഎംഎസ് വിവാദത്തിന്റെയും ബിഎംഡബ്ല്യു കാറോടിച്ച് മദ്യപനും നിരാശനുമായ ധനികന്‍ വഴിയോരത്തുള്ളവരെ കൊന്നതിന്റെയും മറ്റും സമകാലിക സൂചനകള്‍ തിങ്ങിനിറയുന്ന നൂതനമായ രീതിയാണ് ദേവ് ഡിക്കുള്ളത്. ബോളിവുഡിലെ ഗതിമാറ്റ ചിത്രമായിട്ടാണ് ദേവ് ഡി വിലയിരുത്തപ്പെട്ടത്. കേരളത്തിലിതിനകം രണ്ട് മള്‍ട്ടിപ്ലെക്സുകളേ(ഒബ്റോണ്‍ മാളിലെ സിനിമാക്സ്(ഇടപ്പള്ളി), ഗോള്‍ഡ് സൂക്കിലെ ക്യൂ സിനിമാസ്(വൈറ്റില)) പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളൂ എങ്കിലും മള്‍ട്ടിപ്ലെക്സ് പ്രേക്ഷകര്‍ക്കിണങ്ങുന്ന തരത്തിലുള്ള സിനിമകള്‍ (കോക്ക്ടെയില്‍ , മെട്രോ, ട്രാഫിക്ക്, സിറ്റി ഓഫ് ഗോഡ്, സോള്‍ട്ട് ന്‍ പെപ്പര്‍ , ചാപ്പാക്കുരിശ്) തുടരെത്തുടരെ ഇറങ്ങിത്തുടങ്ങിയെന്നത് ഈ പശ്ചാത്തലത്തിലാണ് പ്രസ്താവ്യമാകുന്നത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നായകനെന്നു നാം കരുതിപ്പോരുന്ന ആള്‍ അവസാനം വില്ലനും വില്ലനെന്നു ധരിക്കുന്ന ആള്‍ നന്മയുടെ പക്ഷത്തുള്ള ആളുമായി മാറുന്ന മറിമായംകൊണ്ടാണ് കോക്ക്ടെയില്‍(അരുണ്‍ കുമാര്‍) ശ്രദ്ധേയമാകുന്നത്.


ഒരു വിവാഹബന്ധത്തിലെ ഭര്‍ത്താവും മറ്റൊരു വിവാഹബന്ധത്തിലെ ഭാര്യയും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെ; അവരുടെ സാമ്പ്രദായിക വിവാഹബന്ധങ്ങളും അവിടത്തെ സ്നേഹപരിലാളനകളും ബര്‍ത്ത്ഡേ കേക്കുകളും ഒരുവശത്ത് നിലനിര്‍ത്തിക്കൊണ്ടു തന്നെ, മറുവശത്ത് അവിഹിതബന്ധത്തിലേര്‍പ്പെടുന്നതാണ് കഥാതന്തു. ഈ സദാചാര ധ്വംസനത്തെ തുറന്നുകാണിക്കാനായി, ഇരകളാക്കപ്പെട്ട ധാര്‍മിക ഭര്‍ത്താവും ധാര്‍മിക ഭാര്യയും ചേര്‍ന്നൊരുക്കുന്ന ഭീഷണി നാടകങ്ങളാണ് രവി ഏബ്രഹാം(അനൂപ് മേനോന്‍) എന്ന മുഖ്യ കഥാപാത്രത്തെയും കാണികളെയും സ്തബ്ധരാക്കിക്കൊണ്ട് സിനിമയില്‍ നിറഞ്ഞുകിടക്കുന്നത്. ന്യൂക്ലിയര്‍ വിദഗ്ധനായ വെങ്കിടി(ജയസൂര്യ)യുടെ പത്നിയുമായി രഹസ്യ പ്രണയത്തിലാകുന്ന അയാള്‍ക്ക് ജോലി, സമ്പാദ്യം, ദാമ്പത്യം, പിതൃത്വം എന്നീ കാര്യങ്ങളിലൊക്കെ നഷ്ടം സംഭവിക്കുന്നതായി തോന്നലുളവാക്കിക്കൊണ്ട്; എന്നാല്‍ നഷ്ടങ്ങള്‍ സംഭവിക്കാത്ത വിധത്തിലുള്ള കഥാന്ത്യത്തിലേക്കാണ് ഇതിവൃത്തം സഞ്ചരിക്കുന്നത്. അതേ സമയം വെങ്കിടിയെ വഞ്ചിക്കുന്ന ദേവി എന്ന ഭാര്യക്കോ ആത്മഹത്യാ ശ്രമത്തിനുശേഷം ജീവഛവമായി കിടക്കേണ്ട ഗതിയാണുണ്ടാകുന്നത്. "പിഴച്ച" സ്ത്രീക്ക് മാന്യ/സമാധാന ജീവിതം നിഷേധിക്കുന്ന പഴയ മലയാള/തമിഴ് സിനിമകളുടെ ശിക്ഷാവിധി ലഭിക്കുകയും ചെയ്യുന്നു. സാമാന്യമായ ഇതിവൃത്ത സ്വീകരണത്തിലും ആഖ്യാനശൈലിയിലും നൂതനത്വം പരീക്ഷിക്കവെ തന്നെ സദാചാര-ധാര്‍മിക ബലതന്ത്രങ്ങളിലും സ്ത്രീപുരുഷ സ്വഭാവരൂപീകരണാഭ്യാസങ്ങളിലും സാമ്പ്രദായികതയോട് രാജിയാവുന്നതിലൂടെയാണ് പുതിയ സിനിമയുടെ ജനപ്രിയതയും രൂപീകരിക്കപ്പെടുന്നത് എന്നതിന്റെ കൃത്യമായ ലക്ഷണമായി കോക്ക്ടെയിലിനെ വിലയിരുത്താം. മലയാള സിനിമ എത്ര മാറിയാലും അതിന്റെ കമ്യൂണിസ്റ്റ് വിരുദ്ധവും മുസ്ലിംവിരുദ്ധവും സ്ത്രീവിരുദ്ധവുമായ മുന്‍വിധികള്‍ മാറില്ല എന്നതിന്റെ ഉദാഹരണമായി ട്രാഫിക്ക് എന്ന സിനിമ മാറിത്തീര്‍ന്നു. ബോബി സഞ്ജയ് തിരക്കഥയെഴുതി രാജേഷ്പിള്ള സംവിധാനം ചെയ്ത ഈ സിനിമ, മലയാള സിനിമയുടെ മാറ്റത്തിന്റെ സൂചകം എന്ന വിധത്തില്‍ അച്ചടി/ദൃശ്യ മാധ്യമങ്ങളിലും ബ്ലോഗുകളിലും ഗൂഗിള്‍ ബസ്സ്/ഫെയ്സ് ബുക്ക് ചര്‍ച്ചകളിലും കൊണ്ടാടപ്പെടുകയും തിയറ്റര്‍ സര്‍ക്യൂട്ടില്‍ സാമാന്യം തിരക്കോടെ ഓടുകയും ചെയ്തു. ഇപ്പോള്‍ ട്രാഫിക്കിന്റെ ഡിവിഡികളും സിഡികളും വ്യാപകമായി വിറ്റഴിയുന്നു.


സിനിമയുടെ തുടക്കത്തില്‍ തന്നെ കാണിക്കുന്നത്, കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനിലായ സുദേവന്‍ (ശ്രീനിവാസന്‍) എന്ന പൊലീസുകാരന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫീസില്‍ പോയി പതിനായിരങ്ങള്‍ കവറിലിട്ട് പാര്‍ടി സെക്രട്ടറിക്ക് കൈക്കൂലി കൊടുത്ത് മന്ത്രിക്ക് ശുപാര്‍ശ നടത്തി ജോലിയില്‍ തിരികെ കയറുന്ന സീനാണ്. പാര്‍ടി സെക്രട്ടറി ആഭ്യന്തര മന്ത്രിക്ക് വിളിക്കുമ്പോഴാകട്ടെ സസ്പെന്‍ഷനിലായ പൊലീസുകാരന്‍ "നായരാ"ണെന്ന കാര്യവും ശ്രദ്ധിക്കണമെന്ന് പറയുന്നുണ്ട്. പാര്‍ടി അഴിമതിക്കും സവര്‍ണഹിന്ദുത്വത്തിനും കീഴ്പ്പെട്ടിരിക്കുന്നുവെന്ന മാധ്യമ പ്രചാരണമാണ് തിരക്കഥാകാരന്മാര്‍ക്കും സംവിധായകനും പ്രേരകമായതെന്നും കരുതാം.

കൊച്ചി നഗരത്തിലെ തിരക്കുള്ള ഒരു നാല്‍ക്കവലയിലുണ്ടാകുന്ന അപകടത്തില്‍ പെട്ട് റെയ്ഹാന്‍ (വിനീത് ശ്രീനിവാസന്‍) എന്ന യുവാവ് മരണാസന്നനാകുന്നു. ഇനിയും മിടിപ്പ് നിലച്ചിട്ടില്ലാത്ത അയാളുടെ ഹൃദയം രണ്ടര മണിക്കൂര്‍കൊണ്ട് പാലക്കാട്ടുള്ള അഹല്യ ഹോസ്പിറ്റലിലെത്തിച്ചാല്‍ അവിടെ മരിക്കാന്‍ കിടക്കുന്ന കൗമാരക്കാരിയുടെ ജീവന്‍ രക്ഷിക്കാനാവും എന്ന കണ്ടെത്തലിനെ തുടര്‍ന്ന് വഴിയിലുള്ള ട്രാഫിക്ക് മുഴുവനും മരവിപ്പിച്ചു നിര്‍ത്തി പൊലീസ് വാഹനത്തില്‍ ഹൃദയവുമായി കുതിക്കുന്നതാണ് കഥാതന്തു. ബോധത്തിലും അബോധത്തിലുമുള്ള മുസ്ലിം വിരുദ്ധതയാണ് ട്രാഫിക്കിനെ സംബന്ധിച്ച ഏറ്റവും ആശങ്കാകുലമായ വസ്തുത. റെയ്ഹാന്റെ ഹൃദയം പറിച്ചെടുത്ത് അവനെ മരണത്തിലേക്ക് കുറേക്കൂടി നേരത്തെ തള്ളിവിടാന്‍ അനുവാദം കൊടുത്ത അവന്റെ മാതാപിതാക്കള്‍ ത്യാഗത്തിലൂടെ ഇസ്ലാമിന്റെ മഹാമനസ്കത ഉയര്‍ത്തിപ്പിടിച്ചു എന്ന് വരുത്തിത്തീര്‍ക്കുന്ന തിരക്കഥാകൃത്തുക്കളും സംവിധായകനും ഹൃദയം പോകുന്ന പോക്കില്‍ ഒരു ബിലാല്‍ കോളനിയെ ഘടിപ്പിച്ചാണ് പ്രശ്നം രൂക്ഷമാക്കുന്നത്. മൈനോറിറ്റിയുടെ കോളനിയാണത്, മുമ്പേ റെയ്ഡിനു പോയപ്പോള്‍ പൊലീസിനെ തടഞ്ഞവരാണ് എന്നെല്ലാമുള്ള മുന്‍വിധിയോടെ ഈ മുസ്ലിം കോളനിയായിരിക്കും വിശാലമായ മാനുഷിക കാരുണ്യ പ്രവര്‍ത്തനത്തിന് വിഘാതമാകുക എന്ന് പ്രഖ്യാപിക്കുന്ന ബോബി, സഞ്ജയ്, രാജേഷ്പിള്ള എന്നിവര്‍ കൊച്ചിയില്‍നിന്ന് പാലക്കാട്ടേക്കു പകരം കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കോ അല്ലെങ്കില്‍ പാലക്കാട്ടുനിന്നു കോഴിക്കോട്ടേക്കോ ഒന്നു യാത്ര ചെയ്യണം. ഇത്തിരി സ്പീഡില്‍ വിട്ടാലും തരക്കേടില്ല. കൊച്ചിയില്‍ നിന്നാണെങ്കില്‍ , ചങ്ങരം കുളം വിട്ടാലും; പാലക്കാട്ടു നിന്നാണെങ്കില്‍ കരിങ്കല്ലത്താണി വിട്ടാലും നിങ്ങള്‍ പ്രവേശിക്കുന്നത് മലപ്പുറം ജില്ലയിലേക്കായിരിക്കും. പിന്നെ ഏതാണ്ട് രാമനാട്ടുകര എത്തുന്നതു വരെയും, സംഘപരിവാറിന്റെയും മലയാള സിനിമാക്കാരുടെയും ഭാഷയില്‍ പറഞ്ഞാല്‍ ഈ "ഭീകര"ജില്ലയിലൂടെ (ബോംബിവിടെ മലപ്പുറത്ത് ഇഷ്ടംപോലെ ലഭിക്കുമല്ലോ(ആറാം തമ്പുരാന്‍), മലപ്പുറത്തുണ്ടായ വര്‍ഗീയ ലഹള(വിനോദയാത്ര) നിങ്ങള്‍ക്ക് യാത്ര ചെയ്തേ മതിയാവൂ. പക്ഷേ ഒരു കാര്യമുണ്ട്. അപകടം പറ്റുകയാണെങ്കില്‍ മലപ്പുറത്തുവെച്ച് പറ്റണം എന്നാണ് തെക്കന്‍ മലബാറിലെ പ്രയോഗം. കേസുവരുമോ; പൊലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങി കാലു തേയുമോ; രക്തം കൊടുക്കേണ്ടി വരുമോ; ആശുപത്രിയില്‍ പണമടച്ച് കറങ്ങേണ്ടി വരുമോ എന്നൊന്നും പേടിക്കാതെ അപകടത്തില്‍ പെട്ടവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുകയും വേണ്ട വൈദ്യ ശുശ്രൂഷ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന കാര്യത്തില്‍ മലപ്പുറം ജില്ലയിലുള്ള മുസ്ലിങ്ങളും ഹിന്ദുക്കളും അല്ലാത്തവരുമടങ്ങുന്ന മുഴുവന്‍ ജനങ്ങളും കാണിക്കുന്ന ശുഷ്കാന്തി ലോകോത്തരമാണ്. അതു മനസ്സിലാക്കാതിരിക്കുകയും മുസ്ലിം കോളനിക്കാരെ നിയന്ത്രിക്കാന്‍ സൂപ്പര്‍ സ്റ്റാറിന്റെ ഫാന്‍സ് അസോസിയേഷന്‍ എന്ന കൂവല്‍ സംഘത്തെ ഇറക്കുകയും ചെയ്യുന്നതായി കാണിക്കുന്ന ട്രാഫിക് എന്ന സിനിമ ഒരു സാംസ്കാരിക കുറ്റകൃത്യമാണെന്ന് സധൈര്യം അഭിപ്രായപ്പെട്ട ബി അബൂബക്കര്‍ (മലയാള്‍ ഡോട്ട് എഎം) അഭിനന്ദനമര്‍ഹിക്കുന്നു.

എന്‍ട്രന്‍സ് ജ്വരത്തെക്കാളും മികച്ചത് റിയാലിറ്റി ഷോയാണെന്ന അസംബന്ധം എഴുന്നള്ളിച്ച "മകന്റെ അച്ഛനെ" വിജയിപ്പിച്ച മലയാളികള്‍ ട്രാഫിക്കിനെയും വിജയിപ്പിച്ചു എന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. വീട്ടിലെ പ്ലെയറില്‍ ഡിവിഡി കാണുന്നതു പോലെയാണ് സിറ്റി ഓഫ് ഗോഡി(ലിജോ ജോസ് പെല്ലിശ്ശേരി)ന്റെ ആഖ്യാനം. ഫാസ്റ്റ് ഫോര്‍വേഡ്, ബാക്ക്, സ്പീഡ്, സ്ലോ എന്നിങ്ങനെ. താന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ സങ്കീര്‍ണമായ ഒരു കളി(puzzle) ഇട്ടു കൊടുക്കുകയാണ് ചെയ്തത് എന്ന് സംവിധായകന്‍ ഒരു ടി വി അഭിമുഖത്തില്‍ അഭിമാനിക്കുന്നതും കാണാനിടയായി. അതായത്, പ്രേക്ഷകനെ കേവലമായി വിഭ്രമിപ്പിക്കുക എന്നല്ലാതെ, നൂതനമായ ഒരു ഇതിവൃത്തമോ ആഖ്യാനരീതിയോ കൊണ്ടുവരാന്‍ തന്റെ പക്കല്‍ സ്കോപ്പില്ല എന്ന് പറയാതെ പറയുകയാണ് സംവിധായകന്‍ .

കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ , റിയല്‍ എസ്റ്റേറ്റ് മാഫിയ, ബിസിനസ് ഗ്രൂപ്പുകള്‍ എന്നിവരുടെ കഥകളാണ് പരസ്പരം ഇടകലര്‍ന്ന് സിറ്റി ഓഫ് ഗോഡിനെ പ്രസക്തമാക്കുന്നതെങ്കിലും ഇത്തരം വിഷയങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനോ വിശകലനം ചെയ്യാനോ ശ്രമിക്കാതെ ആഖ്യാനത്തില്‍ സങ്കീര്‍ണതയും കളികളും പരീക്ഷിച്ചു നോക്കുന്നതിലപ്പുറം ഒന്നും കാണികളെ ചലിപ്പിക്കാന്‍ ചിത്രത്തിലില്ല എന്നതാണ് വാസ്തവം. മുസ്ലിമിനെയും ഒരളവു വരെ തമിഴരെയും കുറ്റാരോപിതര്‍/പരിഹാസ്യര്‍/രാജ്യത്തോടും സമൂഹത്തോടും സമാധാനത്തോടും കൂറില്ലാത്തവര്‍ എന്ന പ്രതിനിധാനത്തില്‍ തളച്ചിടാതിരിക്കാനുള്ള സിറ്റി ഓഫ് ഗോഡിന്റെ പരിമിതമെങ്കിലും ശ്രദ്ധേയമായ ശ്രമം രേഖപ്പെടുത്താതിരിക്കാനുമാവില്ല.

ലൈംഗികതയെ മാനുഷികാനുഭവം എന്ന അവസ്ഥയില്‍നിന്ന് പറിച്ചുമാറ്റി പ്രദര്‍ശിപ്പിക്കാനും കണ്ട് നിര്‍വൃതിയടയാനുമുതകുന്ന രീതിയില്‍ ചരക്കുവത്ക്കരിക്കുന്നതില്‍ സിനിമ, പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമ നിര്‍വഹിച്ച പങ്ക് അതിവിപുലമാണ്. ലോകത്തിലെ ഏറ്റവും ലൈംഗികോത്തേജനപരമായ സിനിമ (മോസ്റ്റ് ഇറോട്ടിക് സിനിമ) എന്നാണ് ഇന്ത്യന്‍ സിനിമ ഒരര്‍ഥത്തില്‍ നിര്‍വചിക്കപ്പെടുന്നതു തന്നെ. ഈ പ്രവണത പുതിയ കാലത്തും നിര്‍ബാധം തുടരുന്നുണ്ട്. അതോടൊപ്പം, മനുഷ്യ ജീവിതത്തിന്റെ മറ്റൊരു അവിഭാജ്യ ഘടകമായ ഭക്ഷണത്തെയും ഇപ്രകാരം പ്രദര്‍ശനച്ചരക്കായി മാറ്റാന്‍ ടെലിവിഷന്റെ കടന്നുവരവോടെ ദൃശ്യമാധ്യമ വ്യവസായത്തിനു സാധിച്ചിരിക്കുന്നു. ചാനലുകളിലെ നൂറായിരം പാചകപരിപാടികള്‍ ജനപ്രിയമായതിനു പുറകിലെ രഹസ്യം മറ്റൊന്നുമല്ല. ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാത്തിനെയും മുതലാളിത്തം മുമ്പുതന്നെ ചരക്കുവത്ക്കരിച്ചിരുന്നു. ധാന്യങ്ങളും പച്ചക്കറിയും ഇറച്ചിയും മീനും ടിന്‍ ഫുഡും ഹോട്ടലുകളും ബേക്കറികളും ഡിപ്പാര്‍ട്മെന്റ് സ്റ്റോറുകളും മുതല്‍ അവശിഷ്ട ഭക്ഷണംവരെ മുതല്‍ മുടക്കാനും ലാഭം കുന്നുകൂട്ടാനും കഴിയുന്ന ചരക്കുകളായതിനാല്‍ , നേരിട്ടുള്ള കച്ചവടത്തിനും ഊഹക്കച്ചവടത്തിനും വിധേയമായിട്ടാണ് മുതലാളിത്തം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെയാണ്, ഭക്ഷണത്തെ ഒരു പകിട്ടാര്‍ന്ന പ്രദര്‍ശന വസ്തുവാക്കി പരിണമിപ്പിച്ച് അതില്‍നിന്ന് ലാഭം കൊയ്യാനുള്ള മുതലാളിത്തത്തിന്റെ തന്ത്രങ്ങള്‍ പുതിയ കാലത്ത് പ്രാവര്‍ത്തികമായിരിക്കുന്നത്. ലക്ഷ്മി നായരെപ്പോലുള്ള പാചകറാണികള്‍ ടെലിവിഷനിലെ സൂപ്പര്‍സ്റ്റാറുകളായതിനു പിന്നില്‍ ഈ പ്രതീതി/പ്രദര്‍ശന/ചരക്കുവത്ക്കരണ രാഷ്ട്രീയമാണ് കാരണമാകുന്നത് എന്നു കാണാം.

ഈ പ്രവണതയുടെ ചലച്ചിത്ര രൂപാന്തരമായിട്ടു വേണം സോള്‍ട്ട് ന്‍ പെപ്പര്‍ (ഉപ്പും കുരുമുളകും) എന്ന ആഷിക് അബു സംവിധാനം ചെയ്തതും വമ്പിച്ച തോതില്‍ ജനപ്രീതി നേടിയെടുത്തതുമായ, നവ തലമുറ സിനിമ എന്നു വിശേഷിപ്പിക്കപ്പെടുന്ന സിനിമയെയും പരിഗണിക്കാന്‍ . സോള്‍ട്ട് ന്‍ പെപ്പറിന്റെ തുടക്കത്തിലുള്ള ടൈറ്റില്‍ രംഗം വളരെ സവിശേഷമാണ്. ടൈറ്റിലിനു മുമ്പ്, പഴയ കാലത്തെ ഒരു ക്ലാസ് മുറി കാണിച്ച് ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത് അല്ല, ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് ജീവിക്കുന്നത് എന്ന പഴകിപ്പുളിച്ച ഫലിതം ആവര്‍ത്തിക്കുകയും; നായക കഥാപാത്രമായ കാളിദാസന്റെ കുട്ടിപ്പതിപ്പിനെക്കൊണ്ട് ഉണങ്ങിയ വാളന്‍പുളി വായിലിട്ട് ഊമ്പിക്കുടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാണികളുടെ മുഴുവന്‍ വായില്‍ വെള്ളം വരുത്തുന്ന തന്ത്രത്തെ പ്രശംസിച്ചേ മതിയാകൂ! ഇതിനു പിറകെ; തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബുഹാരി ഹോട്ടല്‍ , ചാലയിലെ ചിക്കന്‍ വിഭവങ്ങള്‍ ലഭിക്കുന്ന കട, എറണാകുളത്തെ ബി ടി എച്ച്, കോഴിക്കോട്ടെ പാരഗണും സാഗറും പോലുള്ള ഹോട്ടലുകള്‍ , പാരഗണ്‍ ഹോട്ടലിനടുത്ത് കണ്ണൂര്‍ റോഡില്‍ പടിഞ്ഞാറു ഭാഗത്തായുള്ള സര്‍ബത്ത് കട തുടങ്ങി കേരളത്തിലെ പ്രധാന ഫുഡ് ജോയിന്റുകള്‍ മുഴുവനും അവയിലെയും അല്ലാത്തതുമായ ഭക്ഷണ വിഭവങ്ങളും നിറത്തെളിമയോടെ ആഘോഷിക്കുന്ന ടൈറ്റില്‍ രംഗം ഗംഭീരമായിട്ടുണ്ട്. ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാണ് സാള്‍ട്ട് എന്‍ പെപ്പറിന്റെ വിശേഷണപദം തന്നെ. കേരളീയ ഭക്ഷണം എന്ന രീതിയില്‍ കാളനോലനവിയലും ഇഡ്ഡലിയും സ്ഥാപനവല്‍ക്കരിക്കുന്ന സവര്‍ണാധീശത്വപരമായ മുന്‍ ശ്രമങ്ങളെ (ദേശാടനം/ജയരാജ്- ഓരോ ഫ്രെയിമിലും ഒരു മലയാള സിനിമ(ഒ എന്‍ വി), ഇഡ്ഡലിയിലും ഫാസിസമോ?(അടൂര്‍)) പൊളിച്ചടുക്കുന്നതിനാല്‍ സോള്‍ട്ട് ന്‍ പെപ്പറിന് ചരിത്രപ്രസക്തിയുമുണ്ടെന്നത് സുവ്യക്തമാണ്. കാളനാവാമെങ്കില്‍ കാളയുമാവാമെന്ന കെ ഇ എന്നിന്റെ വിവാദപരാമര്‍ശം ശ്രദ്ധിച്ചിട്ടാണെങ്കിലും അല്ലെങ്കിലും ശരി, ഭക്ഷണത്തിന്റെ പ്രാചീന/നവ കേരളത്തെ പ്രദര്‍ശിപ്പിക്കാനുള്ള പരിശ്രമത്തിലെങ്കിലും മാംസഭക്ഷണത്തെ നിറവോടെ ഉള്‍പ്പെടുത്തിയത് അഭിനന്ദനാര്‍ഹമാണ്.


നൂതനമായ രീതിയിലുള്ള പോസ്റ്റര്‍/പ്രൊമോ ഡിസൈനുകള്‍ , ബോറടിപ്പിക്കാത്ത അവതരണം, അധരവും അധരവും സ്പര്‍ശിച്ചുകൊണ്ടുള്ള ചുംബനത്തിന്റെ ഒളിപ്പിക്കാത്ത ദൃശ്യം, ഒന്നിച്ച് ഒരേ വീട്ടില്‍ താമസിക്കുന്ന സ്ത്രീകള്‍ നവവത്സരം ആഘോഷിക്കുന്നതിന് ബീര്‍ കഴിക്കുന്ന രംഗം എന്നിങ്ങനെ യാഥാസ്ഥിതികരെ അമ്പരപ്പിക്കുന്ന ചില പൊടിക്കൈകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ ലിംഗപരവും വംശീയവുമായ ധ്വനികളും ഊന്നലുകളും അത്യപകടകരമാം വിധം അധികാരോന്മുഖവും പ്രതിലോമപരവുമാണ്. ഒരു ഫോണ്‍ മേടിക്കാനും അത് ചെവിയില്‍ വച്ചുകൊണ്ടു നടക്കാനും ഏതു കൊശവനും സാധിക്കും എന്ന മായ(ശ്വേതാ മേനോന്‍)യുടെ അധിക്ഷേപം അങ്ങേയറ്റം ദളിത് വിരുദ്ധവും ഇന്ത്യന്‍ ഭരണഘടനാ ലംഘനവുമാണ്. സെന്‍സര്‍ ബോര്‍ഡ് എന്തിന് കുത്തിയിരിക്കുന്നു എന്ന ചോദ്യവും ഉന്നയിക്കാനാഗ്രഹിക്കുന്നു. തെറി പറയുമ്പോള്‍ , അധരം അതിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കുകയും പീ..പ്പീ എന്ന ശബ്ദം കേള്‍പ്പിക്കുകയും ചെയ്യുക എന്ന, പുതിയ സെന്‍സറിങ്ങിനെ പരിഹസിക്കല്‍ രീതിക്കു പകരം തങ്ങളുടെ ജാതിക്കുശുമ്പ് ഇപ്രകാരം നഗ്നമായി ഉള്‍പ്പെടുത്തിയ തിരക്കഥാകൃത്തുക്കളുടെയും സംവിധായകന്റെയും അഹന്ത തികച്ചും പ്രതിഷേധാര്‍ഹമാണ്.

ഇബ്നു ബത്തൂത്ത കൊടുത്ത കവചകുണ്ഡലം ശേഖരിക്കാനും പിന്നെ കാടന്‍ രീതിയിലുള്ള ഭക്ഷണപാചകവിധി പഠിക്കാനുമെന്ന പേരില്‍ ആദിവാസി മൂപ്പനെ ബലമായി കടത്തിക്കൊണ്ടു വന്ന് വീട്ടില്‍ നിലത്തിരുത്തുന്ന നായകനായ കാളിദാസന്റെ(ലാല്‍) രീതികള്‍ നഗരവത്കൃത മധ്യവര്‍ഗ സവര്‍ണരുടെയും സവര്‍ണ ബോധത്തിന് കീഴ്പ്പെട്ട ഒബിസിക്കാരുടെയും ജാത്യാധീശത്വമല്ലാതെ മറ്റൊന്നുമല്ല. മേജര്‍ രവി ചിത്രങ്ങളിലേതു പോലെ, മനുഷ്യാവകാശ പ്രവര്‍ത്തകരെ പരസ്യമായി പരിഹസിക്കുന്ന രംഗവും നിഷ്കളങ്കമായ ഒന്നല്ല. നവവത്സരത്തിന് കള്ളടിച്ച് ബോധം കെട്ട് കിടന്നുറങ്ങുന്ന മനു(ആസിഫ് അലി) കാലത്ത് ഉണരുമ്പോള്‍ , ആദിവാസി മൂപ്പനെ കെട്ടിപ്പിടിച്ചാണ് കിടക്കുന്നതെന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന ഞെട്ടല്‍പോലുള്ള തമാശകളുടെ നാഗരികപൈങ്കിളിത്തരം അറപ്പുളവാക്കുന്നു. കൊശവന്‍ പ്രയോഗത്തിലൂടെ ദളിത് വിരുദ്ധവും ആദിവാസിമൂപ്പനെ മൂലക്കിരുത്തുന്നതിലൂടെ ആദിവാസി വിരുദ്ധവുമായി മാറിക്കഴിയുന്ന സോള്‍ട്ട് ന്‍ പെപ്പറിന് മുസ്ലിം വിരുദ്ധവും കൂടിയാകാതെ "സമഗ്ര" മലയാള സിനിമയാവാനാവില്ല എന്ന തിരിച്ചറിവിനാലാകണം, പര്‍ദയെ പരിഹസിക്കുന്ന രംഗവുംകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. മായയും മീനാക്ഷിയും(മൈഥിലി) കല്‍പനയും ചേര്‍ന്ന് താമസിക്കുന്ന വീട്ടിന്റെ ഉമ്മറത്ത് കല്‍പന നടത്തുന്ന ബ്യൂട്ടി പാര്‍ലറിലെ സ്ഥിരം കസ്റ്റമറായ മധ്യവയസ്ക, സൗന്ദര്യവര്‍ധനവെല്ലാം വരുത്തി പര്‍ദ ധരിച്ച് പുറത്തിറങ്ങി, വെളിയില്‍ കാത്തിരിക്കുന്ന ഭര്‍ത്താവിനു മുന്നില്‍ പ്രത്യക്ഷപ്പെടുകയും മുഖപടം ഒന്ന് പൊന്തിച്ച് അയാളില്‍ യാ അള്ളാ എന്ന് ആശ്ചര്യമുളവാക്കിപ്പിക്കുകയും ചെയ്തതിനുശേഷം മുഖംമൂടി അയാളോടൊപ്പം നടന്നു നീങ്ങുന്നു. ഇയാളെ കാണിക്കാന്‍ മാത്രമാണോ ഇവള്‍ സൗന്ദര്യം വര്‍ധിപ്പിക്കുന്നതെന്ന പരാമര്‍ശം തിയറ്ററിലെ കാണികളില്‍ നിന്നുയരുകയും ചെയ്യുന്നു. ബോധപൂര്‍വം കാണികളുടെ മുസ്ലിം വിരുദ്ധതയും പര്‍ദ പരിഹാസവും ഉദ്ദീപിപ്പിച്ച് മുതലെടുക്കാനാണ് സംവിധായകന്റെ ശ്രമമെന്ന് വ്യക്തം.

നിലനിന്നു പോരുന്ന മലയാള സിനിമയുടെ ഭാവുകത്വത്തെ പരിഹസിക്കാനുള്ള സോള്‍ട്ട് ന്‍ പെപ്പറിന്റെ ഉദ്യമം, ഉദയനാണ് താരം പോലെ പ്രകടനാത്മകമല്ലെങ്കിലും അതിനേക്കാള്‍ ഗുണപരമാണ്. ഡബ്ബിങ് ആര്‍ടിസ്റ്റായ മായ തിരശ്ശീലയിലെ പഴഞ്ചനും വഴുവഴുക്കനുമായ ദൃശ്യങ്ങള്‍ നോക്കി, കരിമീശക്കാരാ നീ ആല്‍ത്തറയില്‍ വന്നു നിന്ന കാലം പോലുള്ള അറുബോറനും പൈങ്കിളിയുമായ ഡയലോഗുകള്‍ പറയാന്‍ നിര്‍ബന്ധിക്കപ്പെടുന്നതും; ഒറ്റക്കാണെന്നതിനാല്‍ ലൈംഗികാവശ്യങ്ങള്‍ക്കായി സംവിധായകരാലും മറ്റ് സാങ്കേതിക പ്രവര്‍ത്തകരാലും സമീപിക്കപ്പെടുന്നതും മലയാള സിനിമക്കകത്തും പുറത്തും നിലനില്‍ക്കുന്ന കാലത്തിന്റെ മാറ്റത്തിനു വിരുദ്ധമായ രാഷ്ട്രീയ അപാകവും സ്ത്രീവിരുദ്ധതയും സൂചിപ്പിക്കാനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. അതോടൊപ്പം, അവസാന ടൈറ്റിലുകള്‍ക്ക് മുമ്പുള്ള അവിയല്‍ ബ്രാന്റിന്റെ നാടന്‍പാട്ട്-അയ്യപ്പന്‍ കുയ്യപ്പന്‍ ആനക്കള്ളന്‍ -റോക്ക് രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ പാട്ടുകാര്‍ അണിയുന്ന ടീഷര്‍ടുകള്‍ ശ്രദ്ധിക്കുക. കഴിഞ്ഞ പത്തു നാല്‍പതു വര്‍ഷമായി മലയാള സിനിമാ പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന മുഖ്യധാരാ ഭാവുകത്വത്തിന്റെ കീ വേഡുകളാണ് ടീഷര്‍ടുകളിലെ ലിറ്ററേച്ചര്‍ .

ദശകങ്ങളായി കമ്യൂണിസ്റ്റ് വിരുദ്ധ മഹാഖ്യാനം രൂപീകരിച്ചെടുക്കുന്നതില്‍ തുടര്‍ച്ചയായി വിജയിക്കുന്ന "സന്ദേശ"ത്തില്‍നിന്ന് പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്, "നാടോടിക്കാറ്റി"ല്‍ നിന്ന് സാധനം കൈയിലുണ്ടോ, "പട്ടണപ്രവേശത്തി"ല്‍നിന്ന് മലപ്പുറം കത്തി അമ്പും വില്ലും, "ഒരു വടക്കന്‍ വീരഗാഥ"യില്‍നിന്ന് ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ തുടങ്ങിയ ഡയലോഗുകളെഴുതിപ്പിടിപ്പിച്ചിരിക്കുന്നത്, ഇവയെല്ലാം കളഞ്ഞ് പുതിയ കാലത്തേക്ക് മലയാള സിനിമാ പ്രേക്ഷകരെ ആനയിക്കാനുള്ള ക്ഷണമായി കരുതാം. വിവാഹിതയാകാതെ സ്ത്രീക്ക് നിലനില്‍പ്പില്ല എന്ന, മലയാള/തമിഴ് സിനിമകള്‍ നിരന്തരം ആവര്‍ത്തിക്കുന്ന ധാര്‍മിക/സദാചാര ഉപദേശം സ്ഥാപിച്ചെടുക്കുന്നതിനുതകുന്ന തരത്തിലുള്ള ഇതിവൃത്താന്ത്യം ചിത്രത്തെ വീണ്ടും പുരുഷാധീശത്വപരമായ സാമൂഹിക വീക്ഷണത്തില്‍ കൊണ്ടു ചെന്നു കെട്ടുകയും ചെയ്യുന്നു. പുതിയ കാലത്തെ വര്‍ഗ/ലിംഗ/വംശ/മത സംഘര്‍ഷങ്ങള്‍ രേഖപ്പെടുത്തപ്പെടുന്ന, സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചാപ്പാക്കുരിശ്, കിം ഹാന്‍ മിന്‍ സംവിധാനം ചെയ്ത ഹാന്റ് ഫോണി(2009/തെക്കന്‍ കൊറിയ)ന്റെ കോപ്പിയടിയാണെന്നാണ് ഇന്റര്‍നെറ്റിലെ നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഒബിസിക്കാരനും കറുത്ത തൊലിനിറക്കാരനുമായ നടന്‍ (പ്രശസ്ത ചലച്ചിത്രകാരനും നടനുമായ ശ്രീനിവാസന്റെ മകനും, പാട്ടുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ വിനീത് ശ്രീനിവാസന്‍) അവതരിപ്പിക്കുന്ന അടിസ്ഥാന വര്‍ഗക്കാരനായ മുസ്ലിം കഥാപാത്രമാണ് അന്‍സാരി(അഭയാര്‍ഥി, കുടിയേറ്റക്കാരന്‍ , പ്രവാസി എന്നൊക്കെയാണ് അഭയാര്‍ഥി എന്ന പദത്തിന്റെ വാച്യാര്‍ഥം)യുടേതെങ്കില്‍ , വെളുവെളുത്തവനായ മുസ്ലിം നടന്‍ (പ്രശസ്ത സംവിധായകനും ഹിറ്റ് മേക്കറുമായ ഫാസിലിന്റെ മകന്‍ ഫഹദ് ഫാസില്‍) അവതരിപ്പിക്കുന്ന ഉന്നതകുലജാതനായ ക്രിസ്ത്യാനിയാണ് അര്‍ജുന്‍ സാമുവല്‍ . ദരിദ്രനേക്കാള്‍ സമര്‍ഥനും വഞ്ചകസ്വഭാവവുമുള്ളവനായിരിക്കും ധനികന്‍ എന്ന പഴയ മലയാള, തമിഴ് സിനിമകളുടെ തീരുമാനം ചാപ്പാക്കുരിശും ആവര്‍ത്തിക്കുന്നുണ്ട്. ദരിദ്രരായ കാണികളോട് സമഭാവപ്പെട്ടു നില്‍ക്കാനും അവരിലൂടെ ജനപ്രിയത നേടിയെടുക്കാനുമുള്ള അക്കാലത്തെ സിനിമാക്കാരുടെ തന്ത്രമായി വിലയിരുത്തപ്പെട്ട ഈ പക്ഷപാതിത്വം മാറിയ കാലത്തെ കച്ചവടക്കാരെ സഹായിക്കുമോ എന്ന് കണ്ടറിയണം. ദാരിദ്ര്യം = നന്മ, സമ്പത്ത് = തിന്മ എന്ന സമവാക്യദ്വന്ദ്വം സമ്പന്നന്മാരുടെയും ജനപ്രീതി നേടിയെടുക്കുന്നതെന്തുകൊണ്ട് എന്ന കൗതുകകരമായ പ്രശ്നം ഇതിനു പുറകെ നാം നിര്‍ധാരണം ചെയ്യേണ്ടി വരുകയും ചെയ്യും.

വില കൂടിയതും ആകര്‍ഷണീയവുമായ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വളരെ സമീപത്ത് കൈയകലത്ത് എപ്പോഴുമുണ്ടായിരിക്കുകയും ധനികര്‍ അത് നിഷ്പ്രയാസം വാങ്ങിപ്പെറുക്കുകയും ചെയ്യുന്നത് കണ്ട് വെള്ളമിറക്കാനല്ലാതെ അവ അനുഭവിക്കാന്‍ കഴിയാത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലെ അനേകം അസംഘടിത തൊഴിലാളികളിലൊരാള്‍ എന്ന നിലയില്‍ അന്‍സാരിയുടെ കഥാപാത്രം ആധുനികകാലത്തെ വര്‍ഗ സംഘര്‍ഷത്തെ വ്യക്തമാക്കാന്‍ ഉതകുന്നതാണ്. വേണ്ടപ്പോള്‍ ഉപയോഗിക്കുകയും പിന്നെ വലിച്ചെറിയുകയും ചെയ്യുക എന്ന നവ-ഉപഭോക്താവിന്റെ മനോഭാവമാണ് അര്‍ജുന്‍ എന്ന ധനികന്‍ സോണിയ(രമ്യാ നമ്പീശന്‍) എന്ന തന്റെ സെക്രട്ടറി അടക്കമുള്ള സ്ത്രീകളോടും വച്ചു പുലര്‍ത്തുന്നത്. സ്ത്രീയെ ചരക്കായി കണക്കാക്കുന്ന, കേരളീയവത്ക്കരിച്ച മുതലാളിത്തരീതി കൃത്യമായി പിന്തുടരുന്ന ഒരു പുരുഷ-ധനികനാണയാള്‍ എന്നു ചുരുക്കം. ഐ ഫോണ്‍ , ബ്ലാക്ക് ബെറി, നോക്കിയ 1100, ലാപ്പ്ടോപ്പ് തുടങ്ങിയ ഗാജറ്റുകള്‍(നവീന സാങ്കേതിക ഉപകരണങ്ങള്‍); യു ട്യൂബ്, നെറ്റ് വര്‍ക്ക് തുടങ്ങിയ സാങ്കേതിക പശ്ചാത്തലങ്ങള്‍ ; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക, ബാറ്ററി ചാര്‍ജ്, പുതിയ ഫോണ്‍ ഉപയോഗിക്കാന്‍ അറിയാതിരിക്കുക എന്നിങ്ങനെയുള്ള മൊബൈല്‍ പെരുമാറ്റങ്ങള്‍ വരെ കഥാപാത്രങ്ങളുടെ തുല്യസ്ഥാനത്തു വരുന്നു എന്ന പ്രത്യേകതയും എടുത്തുപറയേണ്ടതാണ്. ഇടക്കാലത്തു കെട്ടിപ്പൊക്കിയതും പാതി ഉപേക്ഷിക്കപ്പെട്ടതുമായ ഏതോ പടുകൂറ്റന്‍ ഷോപ്പിങ് കോപ്ലക്സിന്റെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങിലുള്ള വൃത്തികെട്ട മൂത്ര-മല വിസര്‍ജനാലയങ്ങളില്‍ വച്ച് അവര്‍ നടത്തുന്ന ദീര്‍ഘമായ സംഘട്ടനം പുതിയ കേരളത്തിലെ നഗരവത്ക്കരണ വൈരുധ്യങ്ങളെ വ്യക്തമായി തുറന്നു കാണിക്കുന്നു.

അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗിക/ലൈംഗികേതര ഭാവനകള്‍ ചുമരെഴുത്തുകളായും ചിത്രങ്ങളായും ബഹിര്‍ഗമിക്കപ്പെടുന്ന പൊതു കക്കൂസുകളുടെ പശ്ചാത്തലം തികച്ചും അര്‍ഥഗര്‍ഭമാണ്. പ്രതിലോമകരമായ ഭാവുകത്വ പുനര്‍ നിര്‍മാണത്തിലൂടെ, മുഖ്യധാരാ മലയാള സിനിമയെ താരാധിപത്യത്തിലും സാറ്റലൈറ്റ് അവകാശങ്ങളുടെ സാമ്പത്തിക വിഷമവൃത്തത്തിലും തളച്ചിടാനുള്ള തന്ത്രങ്ങളെ പുതുതലമുറ മറികടക്കുവാന്‍ ആരംഭിച്ചു എന്നതാണ് ഈ സിനിമകളില്‍ ചിലത് ഭേദപ്പെട്ട ബോക്സ് ഓഫീസ് വിജയങ്ങള്‍ നേടുന്നു എന്നതിന്റെ സ്വാഗതാര്‍ഹമായ സൂചന. അങ്ങനെയായിരിക്കുമ്പോഴും, നവോത്ഥാനാനന്തര കേരളത്തിന്റെ രാഷ്ട്രീയ ഉന്മുഖതയെ പരിഹസിക്കുന്നതും വംശീയവും ലിംഗപരവും ആയ ആധിപത്യ വാസനകളെ പുനരാനയിക്കുന്നതുമായ ഇതിവൃത്ത/ആഖ്യാന രീതികള്‍ പുതിയ ജനപ്രിയതാ രൂപീകരണത്തെയും നിര്‍ണയിക്കുന്നുവെന്ന ആശങ്കാകുലമായ വസ്തുത കാണാതിരിക്കാനുമാവില്ല.

Wednesday, July 13, 2011

സിനിമാ നിരൂപണത്തിലെ വര്‍ഗസമരം

മലയാള സിനിമാ നിരൂപണം പല ബാല്യങ്ങള്‍ പിന്നിട്ട് വഴിമുട്ടി നിന്നപ്പോള്‍ , അഥവാ രവീന്ദ്രന്റെ സവിശേഷമായ ഭാഷയില്‍ പറഞ്ഞാല്‍ നിരുന്മേഷമായി സ്വയം ആവര്‍ത്തിച്ചു പോന്നിരുന്ന അവസരത്തിലാണ്, അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ചലച്ചിത്രപ്രേക്ഷണത്തെയും വായനയെയും പ്രകോപനാത്മകമായ രീതിയില്‍ നവീകരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടത്. കഥാവിവരണവും നന്നായി അല്ലെങ്കില്‍ നന്നായില്ല തുടങ്ങിയ സാമ്പ്രദായികമായ നിരീക്ഷണങ്ങളും കൊണ്ട് ജടിലമായിരുന്ന ഒന്നാം തലമുറ നിരൂപണം അതിന്റെ ബാലാരിഷ്ടമായ അവസ്ഥകളില്‍ നിന്ന് വിമുക്തമായതേ ഇല്ല. പിറകെ വന്ന ഗൗരവ നാട്യ നിരൂപണമാകട്ടെ, ലോക സിനിമയും മലയാള സിനിമയും തമ്മിലുള്ള ഒരു ഗുസ്തിയായിട്ടായിരുന്നു നിരൂപണത്തെ സങ്കല്‍പിച്ചത്.

ഇന്ത്യാ ചരിത്രം, കേരള ചരിത്രം, രാഷ്ട്രീയം, ജനങ്ങള്‍ , സാമൂഹിക രൂപീകരണം, കുടുംബം, ജാതി, ലൈംഗികത, വാണിജ്യ/വ്യവസായ പരത എന്നിങ്ങനെയുള്ള വിഷയങ്ങള്‍ സിനിമയെയും സിനിമാനിരൂപണത്തെയും ബാധിക്കുമെന്നു പോലും അക്കാലത്ത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. മാത്രമല്ല, കച്ചവട സിനിമ എന്നു വിളിച്ചാക്ഷേപിക്കപ്പെട്ട മുഖ്യധാരാ സിനിമകള്‍ ഏതെങ്കിലും വിധത്തില്‍ ജനജീവിതത്തെ സ്വാധീനിക്കുകയും വ്യവസ്ഥയോട് പൊരുത്തപ്പെടുത്തിയെടുക്കുകയും ചെയ്യുമെന്ന വിവരവും ആരും ഗൗരവമായി ശ്രദ്ധിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ്, തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ സിനിമയെ സമീപിക്കേണ്ടതുണ്ടെന്ന ഓര്‍മപ്പെടുത്തലുമായി, സാമാന്യസമൂഹത്തിന്റെ സുഖസ്വാസ്ഥ്യങ്ങളെയും നിദ്രകളെയും അലോസരപ്പെടുത്തിക്കൊണ്ടാണ് രവിയുടെ നിരൂപണങ്ങള്‍ ശ്രദ്ധേയമായി തുടങ്ങിയത്.


വിപുലമായി ഉപഭോഗം ചെയ്യപ്പെടുന്ന ജനപ്രിയ കലയായ സിനിമയെ ഒരു രാഷ്ട്രീയ/സാമൂഹ്യ/സാംസ്കാരികരൂപമെ(ങ്ങളെ)ന്ന നിലയില്‍ പരിചരിക്കുന്നതിന് മലയാളിയെ ആദ്യമായി പ്രേരിപ്പിക്കുന്നത് രവീന്ദ്രനാണ്. സമകാലീന വിജ്ഞാനശാഖകളില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന പുത്തന്‍ പ്രവണതകളെ ആകാശവേഗത്തില്‍ സ്വാംശീകരിക്കാനുള്ള സാഹസികവും വിപ്ലവകരവുമായ ഒരു ത്വര അക്കാലത്ത് അദ്ദേഹത്തെയും സഖാക്കളെയും ചൂഴ്ന്നു നിന്നിരുന്നു. അതുകൊണ്ടാണ്, വിശാല ഇടതുപക്ഷ ഐക്യത്തിന്റെയും മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ നവീകരണത്തിന്റെയും പതാകകള്‍ ഒരേ സമയം ഉയര്‍ത്തിപ്പിടിക്കുന്ന കലാ വിമര്‍ശം - മാര്‍ക്സിസ്റ്റ് മാനദണ്ഡം പോലുള്ള അതിഗംഭീരമായ ഒരു പുസ്തകം എഡിറ്റ് ചെയ്തു പുറത്തിറക്കാന്‍ അദ്ദേഹം തയ്യാറായത്. ഈ പുസ്തകത്തിലുള്‍പ്പെടുത്തിയ സിനിമയും പ്രത്യയശാസ്ത്രവും എന്ന ലേഖനവും മറ്റ് ചില അനുബന്ധക്കുറിപ്പുകളും മലയാളത്തില്‍ പില്‍ക്കാലത്ത് സജീവമായി തീര്‍ന്ന രാഷ്ട്രീയ സിനിമാ വിമര്‍ശനത്തിന്റെ മാനിഫെസ്റ്റോ തന്നെയായി തീര്‍ന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ , മലയാള സിനിമയിലെയും സിനിമാ വിമര്‍ശനത്തിലെയും യഥാര്‍ത്ഥമായ വര്‍ഗ സമരത്തിന് ആദ്യഘട്ടത്തില്‍ നേതൃത്വം കൊടുത്തത് രവീന്ദ്രനാണ്. സിനിമയുടെ തൊഴിലാളിവര്‍ഗ പക്ഷ വായന എപ്രകാരമായിരിക്കണമെന്ന് ആലോചിക്കാനാരംഭിച്ച അദ്ദേഹത്തിന്റെ ധിഷണയാണ് ലാവണ്യപക്വമെന്നതിനേക്കാള്‍ , വര്‍ഗപരമായി മികവുറ്റ ചില സിനിമകള്‍ -ഹരിജന്‍(തെലുങ്ക്), ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ , ഒരേ തൂവല്‍ പക്ഷികള്‍ - തയ്യാറാക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. സിനിമ വാഗ്ദാനം ചെയ്യുന്ന വിനോദം തീര്‍ത്തും ഉദാരവും നിഷ്കളങ്കവുമാണെന്ന വാദത്തിലെ വൈരുധ്യം തുറന്നുകാണിച്ചുകൊണ്ടാണ് അദ്ദേഹം മുതലാളിത്തപക്ഷത്തെ കടന്നാക്രമിച്ചത്.

ബഹുഭൂരിപക്ഷത്തെ സംബോധന ചെയ്യുകയും അവരുടെ യാഥാര്‍ഥ്യബോധത്തെ നിരന്തരം നിഷ്കാസനം ചെയ്യുകയും ചെയ്യുന്ന സിനിമ, അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും സാധൂകരണം തേടുക വഴി യഥാര്‍ഥത്തില്‍ നിര്‍വഹിക്കുന്നത് മുതലാളിത്ത/സാമ്രാജ്യത്വ പക്ഷ പ്രത്യയശാസ്ത്ര പ്രവര്‍ത്തനമാണെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും തെളിയിച്ചെടുക്കുകയും ചെയ്തു. ഉള്ളടക്കത്തിന്റെ യാന്ത്രികവും കേവലവുമായ ആവര്‍ത്തനങ്ങള്‍ - ടൈപ്പ് കഥാപാത്രങ്ങള്‍ , ടൈപ്പ് ഇതിവൃത്തസന്ദര്‍ഭങ്ങള്‍ , പ്രതിപാദനരീതികള്‍ - ചലച്ചിത്രഭാഷയെയും ടെക്നിക്കിനെ തന്നെയും ചിട്ടപ്പെടുത്തി സ്വയം അനിവാര്യമാക്കി മാറ്റുകയും പ്രത്യയശാസ്ത്ര ആയുധങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഗ്രാംഷിയുടെയും അല്‍ത്തൂസറിന്റെയും വാള്‍ട്ടര്‍ ബെന്യാമിന്റെയും താത്വിക/സൈദ്ധാന്തിക സങ്കല്‍പങ്ങളെ സ്വീകരിച്ചുകൊണ്ട് ഇന്ത്യന്‍/ഹോളിവുഡ്/മലയാള സിനിമകളെ ആഴത്തിലും പരപ്പിലും പരിശോധിക്കുന്ന ചിന്തരവിയുടെ ലേഖനങ്ങള്‍ , മലയാള സിനിമാ നിരൂപണ ശാഖക്ക് അനല്‍പമായ കരുത്ത് പകര്‍ന്നു നല്‍കി. ആദ്യഘട്ടത്തില്‍ , സിപിഐഎം താത്വിക വാരികയായ ചിന്തയിലാണ് ഈ ലേഖനങ്ങള്‍ മിക്കതും പ്രസിദ്ധീകരിച്ചു വന്നത് എന്നതുംഎടുത്തു പറയേണ്ടതാണ്. ചലച്ചിത്ര സങ്കേതങ്ങളും ഇതിവൃത്തസ്വഭാവങ്ങളും സംഗീതവും മുതല്‍ പ്രേക്ഷകമനോഭാവവും താരാരാധനയും സിനിമാ പ്രസിദ്ധീകരണങ്ങളും ചുമര്‍പരസ്യങ്ങളും നടീനടന്മാരുടെ നികുതിവെട്ടിപ്പുമടക്കം സിനിമയെ സംബന്ധിച്ചതെന്തും അതിശയോക്തീകരിച്ച് ശീലിക്കുന്ന സിനിമയുടെ ഉപസംസ്കാരം യാഥാര്‍ഥ്യത്തിന്റെ ഏതു തരം കപടഭാഷ്യങ്ങളെയും സ്വാംശീകരിക്കുന്ന പാകത്തിലാണെന്ന് അദ്ദേഹം അക്കാലത്തു തന്നെ ഓര്‍മപ്പെടുത്തി. ചലച്ചിത്രകൃതികളും ചലച്ചിത്രപ്രസിദ്ധീകരണങ്ങളും പ്രചരിപ്പിക്കുകയും സമകാലികമായി നിലനിര്‍ത്തുകയും ചെയ്യുന്ന മിത്തുകളുടെയും കേട്ടുകേള്‍വികളുടെയും ഫോക് ലോറിന്റെയും സജീവമായ ഒരു പശ്ചാത്തലത്തിലാണ് സിനിമ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം രാഷ്ട്രീയ കേരളത്തെ ബോധ്യപ്പെടുത്തി. ഈ സവിശേഷ സാഹചര്യം വളരെയധികം നിര്‍ണായകമായ മട്ടില്‍ ചലച്ചിത്ര വിനിമയത്തില്‍ ഇടപെടുകയും യാഥാര്‍ഥ്യത്തിന്റെ കപടവും സ്വഛന്ദവുമായ വ്യാഖ്യാനം വിനിമയത്തിന്റെ ഒരു മുന്‍ ഉപാധിയാക്കി മാറ്റുകയും ചെയ്യുന്നു. ഓരോ ചലച്ചിത്രസൃഷ്ടിയുമെന്നതിനു പുറമെ ചലച്ചിത്ര നിര്‍മാണത്തിന്റെയും വ്യവസായത്തിന്റെയും മൊത്തം സംസ്കാരം തന്നെയും സൂക്ഷ്മവും വിദഗ്ധവുമായ പ്രത്യയശാസ്ത്ര ചരടുവലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന് രവീന്ദ്രനാണ് ആദ്യമായി വ്യാഖ്യാനിച്ചത്. കളങ്കയാക്കപ്പെട്ട നായിക ഒരിക്കലും നായകന്റെ ഭാര്യാ പദവി നേടുകയില്ലെന്നും പ്രതിനായകന്റെ ഗൂഢാലോചനകള്‍ അയാളുടെ അന്തിമമായ നാശത്തിലേക്കാണ് നയിക്കുന്നതെന്നും ഉള്ള മുന്‍നിശ്ചയങ്ങളാണ് പ്രേക്ഷകരെ നയിക്കുന്നതെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. മുഖ്യധാരാ സിനിമയുടെ ജനപ്രിയത എപ്രകാരമാണ് രൂപപ്പെടുന്നതെന്ന് ഇത്തരത്തില്‍ കണിശമായി ഉദാഹരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നാഗരിക മധ്യവര്‍ഗം ലൈംഗിക സദാചാരത്തെ സംബന്ധിച്ച് പുലര്‍ത്തുന്ന കപടമായ സാങ്കല്‍പിക/യാഥാര്‍ഥ്യ ബോധത്തെ അനാവരണം ചെയ്യാന്‍ വേണ്ടി, സിനിമകളിലെ കാബറെ നൃത്ത ചിത്രീകരണം എപ്രകാരമാണ് എന്ന് വിശദീകരിക്കുന്ന രവീന്ദ്രന്റെ വ്യാഖ്യാനം സുപ്രസിദ്ധമാണ്.

ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം നിശാക്ലബ്ബുകളും അര്‍ധനഗ്നമായ കാബറെ നൃത്തങ്ങളും സദാചാരവിരുദ്ധമാണെന്നു തീര്‍ച്ച. എങ്കിലും നാഗരികമെന്ന് ധരിക്കപ്പെടുന്ന ഈ അനുഭവങ്ങളോട് പ്രേക്ഷകന് രഹസ്യമായ ആഭിമുഖ്യമുണ്ട്. വിലക്കപ്പെട്ട അനുഭൂതികള്‍ പ്രേക്ഷകന് നല്കുവാനും അതോടൊപ്പം തന്നെ അവയുണര്‍ത്തുന്ന പാപബോധത്തില്‍നിന്ന് അവരെ വിമുക്തരാക്കുവാനും സിനിമക്ക് അതിന്റെ സാങ്കേതികതയുടെ സഹകരണത്തോടെ സാധ്യമാവുന്നുവെന്ന് രവീന്ദ്രന്‍ ഇപ്രകാരം വിശദീകരിക്കുന്നു. സാധാരണ ഗതിയില്‍ ഒരു കാബറേ നൃത്തം തുടങ്ങുന്നത് നര്‍ത്തകിയുടെ അര്‍ധനഗ്നദേഹം നേരിട്ട് പ്രേക്ഷകന് മുന്നില്‍ വെളിപ്പെടുത്തിക്കൊണ്ടല്ല. നൃത്തം കണ്ടുകൊണ്ടിരിക്കുന്ന പ്രതിനായകന്റെയോ പ്രതിനായകസ്വഭാവമുള്ള സദസ്സിന്റെയോ ഒരു ഷോട്ടില്‍ നിന്നാവും സീക്വന്‍സ് തുടങ്ങുന്നത്. അത്തരം ഒരു സദസ്സിന്റെ കാഴ്ചപ്പാടിലാണ് പ്രേക്ഷകന്‍ നര്‍ത്തകിയെ കാണുന്നത്. അയാള്‍ നൃത്തം കണ്ടുകൊണ്ടിരിക്കുന്ന സദസ്സിന്റെ പ്രേക്ഷകനാണ്. നൃത്തം കാണുന്നു എന്നത് പ്രതിനായകന്റെ ദുര്‍വൃത്തി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ സംഭവിക്കുന്ന അനിഛാപൂര്‍വമായ യാദൃഛികതയാണ്. പ്രതിനായകനും സഹചാരികളും ചെയ്യുന്ന സദാചാര ധ്വംസനത്തിന്റെ സാക്ഷി മാത്രമാണയാള്‍ . പ്രേക്ഷകന്റെ നിഷ്കളങ്കത അങ്ങനെ സ്ഥാപിക്കപ്പെട്ട ശേഷം രംഗത്തു നിന്ന് സിനിമക്കകത്തെ സദസ്സ് അപ്രത്യക്ഷമാവുന്നു. നര്‍ത്തകിയും പ്രേക്ഷകനും തമ്മില്‍ തുടരെ തുടരെയുള്ള അനേകം മിഡില്‍ , ക്ലോസപ്പ് ഷോട്ടുകളില്‍ കൂടി നേരിട്ട് ബന്ധം സ്ഥാപിക്കപ്പെടുന്നു. ആ ബന്ധം ഒരു തരം സ്വപ്നമൈഥുന ചേഷ്ടയുടെ ചലനഭ്രാന്തിയിലെത്തുന്നു. നൃത്തത്തിന്റെ അന്ത്യത്തില്‍ കാലുകള്‍ വിടര്‍ത്തി തറയിലിരിക്കുന്ന നര്‍ത്തകിയുടെ മധ്യഖണ്ഡം ഒരു പെരുത്ത ക്ലോസപ്പില്‍ പ്രേക്ഷകനെ സമീപിക്കുന്നു. കണ്ണുകളുടെ വിതാനത്തിനു താഴെ ഒരു ഫ്ളോര്‍ ലെവല്‍ ആംഗിളില്‍ അവളുടെ അര്‍ധനഗ്നമായ അരക്കെട്ട് പ്രേക്ഷകന്റെ മദ്ധ്യഖണ്ഡത്തിനു നേരെയാണ്. നര്‍ത്തകി സുരതചേഷ്ടയിലെന്ന പോലെ അരക്കെട്ട് ചലിപ്പിച്ച് ക്യാമറക്ക് (പ്രേക്ഷകന്) നേരെ അടുക്കുന്നു.സിനിമക്ക് നല്‍കാവുന്ന സുരതാനുഭവത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഇതോടെ പ്രേക്ഷകന്‍ പ്രവേശിച്ചു. നൃത്തം നടന്നുകൊണ്ടിരിക്കുന്ന രംഗത്തിലേക്കും പഴയ സദസ്സിലേക്കും ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് നൃത്തം പെട്ടെന്ന് നിലയ്ക്കുന്നു. സാധാരണഗതിയില്‍ പ്രതിനായകനും നായകനും തമ്മിലുള്ള ഒരു സംഘട്ടനത്തിന്റെ തുടക്കമാവും അത്. സംഘട്ടനത്തില്‍ നായകനുമായി സമഭാവം പ്രാപിക്കുന്ന പ്രേക്ഷകന്‍ പ്രതിനായകനെതിരായ നിലപാടില്‍ പ്രവേശിക്കുന്നതോടൊപ്പം കാബറെ കാണുക എന്ന പ്രതിനായകന്റെ മൂല്യധ്വംസനത്തിനും യാന്ത്രികമായി എതിരാകുന്നു. നര്‍ത്തകിയുമായി നടന്ന രഹസ്യ സമാഗമത്തിന്റെയും പാപബോധത്തില്‍ നിന്ന് സിനിമ പ്രേക്ഷകനെ അതുവഴി മോചിപ്പിക്കുകയും ചെയ്യുന്നു. എത്രമാത്രം കണിശമായും ശാസ്ത്രീയമായുമാണ്, ഇന്ത്യന്‍ സമൂഹത്തിന്റെ സദാചാര കാപട്യത്തെ രവീന്ദ്രന്‍ വിശകലനം ചെയ്യുന്നതെന്ന് നോക്കുക. ഈ പ്രക്രിയയിലൂടെ സിനിമാവിമര്‍ശനം സാമൂഹ്യ/സംസ്കാര വിമര്‍ശനമായി പക്വത പ്രാപിക്കുകയും ചെയ്യുന്നു.

റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധിയും അടൂരിന്റെ മുഖാമുഖവും പരിശോധിക്കുന്ന അത്ര തന്നെ കണിശതയും ഗൗരവവും അദ്ദേഹം, പറങ്കിമലയും ഈ നാടും അങ്ങാടിയും എന്റെ മാമാട്ടിക്കുട്ടിയമ്മയും നിരൂപണം ചെയ്യുമ്പോഴും പുലര്‍ത്തി. വെള്ളക്കാരന്റെ മഹാമനസ്കത എന്ന, പോസ്റ്റ് കൊളോണിയല്‍ യൂറോപ്യന്‍ ലിബറലിസത്തിന്റെ പ്രകടനം എന്ന നിലയിലാണ് റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധിയെ രവീന്ദ്രന്‍ വിലയിരുത്തിയത്. രാജാജി, ബോസ്, അംബേദ്ക്കര്‍ എന്നിവരെ ഒഴിച്ചു നിര്‍ത്തുകയും താരതമ്യേന അപ്രസക്തരായ വാക്കര്‍ , മാര്‍ഗരറ്റ്, ഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ ശിഷ്യന്‍ എന്നിവര്‍ക്ക് ഗാന്ധിയുമായുണ്ടായിരുന്ന ബന്ധത്തെ ഏതാണ്ട് ദീര്‍ഘമായിതന്നെ പ്രതിപാദിക്കുകയും ചെയ്തതിന്റെ ഔചിത്യം രവീന്ദ്രന്‍ സധൈര്യം ചോദ്യം ചെയ്യുന്നു. ഇന്ത്യന്‍ ബഹുജനവും ഗാന്ധിയുമായുണ്ടായിരുന്ന വൈകാരിക ബന്ധത്തെ സംബന്ധിച്ചിടത്തോളം ഈ ചിത്രം കുറ്റകരമായ പരാങ്മുഖത്വമാണ് പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ദരിദ്രവും അപമാനിതവും അലക്ഷ്യവുമായ ആള്‍ക്കൂട്ടം മാത്രമായിട്ടാണ്, അല്ലാതെ രാഷ്ട്രീയ വാഞ്ഛ ഉള്‍ക്കൊള്ളുന്ന ജനശക്തിയായിട്ടല്ല ഇന്ത്യന്‍ ബഹുജനത്തെ റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ സിനിമ കാണിക്കുന്നത് എന്ന് രവീന്ദ്രന്‍ കൃത്യമായി വെളിപ്പെടുത്തുന്നു. മുഖാമുഖം എന്ന സിനിമയിലൂടെ കമ്യൂണിസ്റ്റ് പ്രയോഗത്തോട് അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ അഭിമുഖീകരണത്തെ രാഷ്ട്രീയമായി വിശകലനം ചെയ്തതിലൂടെ രവീന്ദ്രന്‍ നിര്‍വഹിച്ച പ്രത്യയശാസ്ത്രദൗത്യം പ്രത്യേകം ശ്രദ്ധേയമാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം റിവിഷണിസത്തിന്റെയും വര്‍ഗ സഹകരണത്തിന്റെയും സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിന്റെയും ഇടതുപക്ഷ തീവ്രവാദത്തിന്റെയും മാത്രം കഥകളായിട്ടാണ് മുഖാമുഖം വിഭാവനം ചെയ്തതെന്ന് രവീന്ദ്രന്‍ കണ്ടെത്തുന്നു. ചരിത്രനിഷേധമാണ് ഇതിലൂടെ അടൂര്‍ നടത്തുന്നതെന്ന് രവീന്ദ്രന്‍ അസന്ദിഗ്ധമായി സ്ഥാപിക്കുന്നു. അപവാദപ്രചാരണത്തിലും വിടുവായത്തത്തിലും കവിഞ്ഞ ഒന്നുമല്ല ഇതെന്ന് തുറന്നു പറയാന്‍ രവീന്ദ്രന് സംശയങ്ങളേതുമുണ്ടായിരുന്നില്ല. രണ്ട് രീതികളില്‍ ഇന്ത്യന്‍ സിനിമ രാഷ്ട്രീയോപജാപങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്ന് രവീന്ദ്രന്‍ വ്യാഖ്യാനിക്കുന്നു.

ബൂര്‍ഷ്വാ മൂല്യങ്ങളെയും ലോക വികസനത്തെയും(അമേരിക്കന്‍ മേധാവിത്വത്തോടെയുള്ള ആഗോള സന്തുലനാവസ്ഥ) ന്യായീകരിച്ചുകൊണ്ടും പരിരക്ഷിച്ചുകൊണ്ടും നിര്‍വഹിക്കുന്ന ഇതിവൃത്താഖ്യാനങ്ങളുടെ ഗോപ്യവും സൂക്ഷ്മവുമായ പ്രത്യയശാസ്ത്രശിക്ഷണത്തിന്റേതാണ് ഒരു രീതി. പ്രകടമായ ആശയപ്രചാരണങ്ങളില്‍ വ്യാപരിക്കുന്നതാണ് സിനിമയുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ മറ്റൊരു രീതി. ഈ രീതികള്‍ വേണ്ടത്ര തിരിച്ചറിയപ്പെടാതെ തുടരുന്നതെന്തുകൊണ്ടാണെന്നും രവീന്ദ്രന്‍ വിശദീകരിക്കുന്നു. ബൂര്‍ഷ്വാ മൂല്യങ്ങളില്‍ നിന്ന് വിഭിന്നമായി തൊഴിലാളിവര്‍ഗ മൂല്യങ്ങളെ കണിശമായി തിരിച്ചറിയാനാവാത്ത മൂല്യങ്ങളുടെ ഒരു സംയുക്ത ജടിലത നമ്മുടെ സമൂഹത്തില്‍ നിലനില്‍പ്പുണ്ട്. നിരന്തരമായ സൈദ്ധാന്തിക പരിശീലനത്തിലൂടെയും രാഷ്ട്രീയ ബോധവത്ക്കരണത്തിലൂടെയും പരിഹരിക്കേണ്ട ഒരു സജീവ പ്രശ്നമാണിത്. സിനിമയും മറ്റു കലാ വിനിമയ മാധ്യമങ്ങളും ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തെ എങ്ങനെ പരിരക്ഷിക്കുന്നുവെന്ന് കാണുവാന്‍ ഈ തിരിച്ചറിവ് പ്രധാനമാണെന്ന് രവീന്ദ്രന്‍ ഓര്‍മപ്പെടുത്തി. കണിശമായ നിലപാടുകളോടെയും ജാഗ്രതയോടെയും ആവിഷ്കരിച്ച തന്റെ ചലച്ചിത്രവിമര്‍ശനപദ്ധതിയുടെ തുടര്‍ച്ചയും സാധൂകരണവുമെന്ന നിലയ്ക്കാണ് രവീന്ദ്രന്‍ തന്റെ സിനിമകളെയും വിഭാവനം ചെയ്തത്. ജാതിവ്യവസ്ഥ എന്ന ഗ്രാമീണ മൗഢ്യത്തിലുറച്ചു പോയ ഇന്ത്യനവസ്ഥയുടെ ഉദാസീനതകളെ മോചനമാര്‍ഗത്തിലേക്ക് വളര്‍ത്താനുള്ള ത്വരയാണ് ഹരിജന്‍ പോലുള്ള അപൂര്‍വമായ ഒരു തെലുങ്ക് സിനിമയെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എഴുപതുകളിലെ കേരളീയ യുവത്വത്തിന്റെ സന്ദിഗ്ധമായ അനാഥത്വത്തെയാണ് ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ പ്രതീകവത്ക്കരിക്കുന്നത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനം തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിലൂടെ എപ്രകാരമാണ് വളര്‍ന്നു തുടങ്ങുന്നതെന്ന് ചരിത്രപരമായി പരിശോധിക്കാനാണ് ഒരേ തൂവല്‍ പക്ഷികളില്‍ രവീന്ദ്രന്‍ ശ്രമിച്ചത്. മുഖ്യധാരാ സിനിമയുടെ സൗകര്യങ്ങള്‍ മറയാക്കിക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയെയും തൊഴിലാളി സംഘടനാ പ്രവര്‍ത്തകരെയും അപമാനിക്കാന്‍ ശ്രമിച്ച കാഞ്ചീവരം(പ്രിയദര്‍ശന്‍) പോലുള്ള വ്യാജ സിനിമകള്‍ വന്‍ കൈയടി നേടുന്ന വര്‍ത്തമാനകാല വിപര്യയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഒരേ തൂവല്‍ പക്ഷികള്‍ വീണ്ടും ചര്‍ച്ചയുടെ മുഖ്യമണ്ഡലത്തിലേക്ക് കൊണ്ടു വരുന്നത് നന്നായിരിക്കും.

(രവീന്ദ്രന്റെ ചലച്ചിത്ര വിമര്‍ശന പഠനങ്ങളെ ഉദാഹരിക്കുന്നതിനു വേണ്ടി നിള പബ്ലിഷേഴ്സ് 1983ല്‍ പ്രസിദ്ധീകരിച്ച കലാവിമര്‍ശം-മാര്‍ക്സിസ്റ്റ് മാനദണ്ഡം(എഡിറ്റര്‍ രവീന്ദ്രന്‍), ബോധി പബ്ലിഷിംഗ് ഹൗസ് 1990ല്‍ പ്രസിദ്ധീകരിച്ച സിനിമയുടെ രാഷ്ട്രീയം എന്നീ പുസ്തകങ്ങളാണ് അടിസ്ഥാനപ്പെടുത്തിയത്)

Friday, May 27, 2011

വ്യാജ സി ഡി

1965ലെ ഇന്തോ പാക്ക് യുദ്ധത്തിനു ശേഷം ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനില്‍ വാണിജ്യ റിലീസ് ചെയ്യാറില്ല. കറാച്ചിയില്‍ വര്‍ഷം തോറും നടക്കാറുള്ള കാര ഫിലിം ഫെസ്റിവല്‍ പോലുള്ള മേളകളില്‍ മറ്റ് വിദേശ സിനിമകള്‍ക്കൊപ്പം ഇന്ത്യന്‍ സിനിമകളും കാണിക്കാറുണ്ടെങ്കിലും അത് സാമാന്യ പ്രേക്ഷകരിലേക്കെത്തില്ലല്ലോ. 2003ല്‍ നടന്ന മൂന്നാമത് കാര മേളയില്‍ പ്രസിദ്ധ ബോളിവുഡ് സംവിധായകനായ മഹേഷ് ഭട്ട് അദ്ദേഹത്തിന്റെ പാപ് എന്ന സിനിമയുമായെത്തിയിരുന്നു. ബോളിവുഡിലെ മസാല സിനിമകളുടെ വക്താവും പ്രയോക്താവുമായിരിക്കെ തന്നെ കടുത്ത ഫാസിസ്റ് വിരുദ്ധന്‍, യുദ്ധ വിരുദ്ധന്‍, ഇന്തോ-പാക്ക് സൌഹൃദ സൊസൈറ്റി പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിത്വം തെളിയിച്ചിട്ടുള്ള വ്യത്യസ്തനാണ് മഹേഷ് ഭട്ട് എന്നത് എടുത്തു പറയേണ്ടതാണ്. ഇന്ത്യാ വിഭജനത്തിനു മുമ്പ് ഒരേ സിനിമയുടെ പ്രേക്ഷകരായിരുന്നവരാണ് ഇന്ത്യക്കാരും പാക്കിസ്ഥാനികളും. രാജാ ഹരിശ്ചന്ദ്രയില്‍ നിന്നാരംഭിക്കുന്നത് ഇന്ത്യന്‍ സിനിമയുടെ മാത്രമല്ല, പാക്കിസ്ഥാനി സിനിമയുടെ കൂടി ചരിത്രമാണ്. ഒരേ തരം ഭാഷകളും ഒരേ തരം സംസ്ക്കാരങ്ങളും ഒരേ തരം സാമ്രാജ്യത്വ ഭൂതകാലവും ഒരേ തരം ഭൂപ്രദേശങ്ങളും ഒരേ തരം കാലാവസ്ഥകളും പങ്കിടുന്ന ഇന്ത്യക്കും പാക്കിസ്ഥാനും തമ്മില്‍ സിനിമ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ മഹത്തായ മാധ്യമം പങ്കിടാനാവുന്നില്ല എന്നത് കഷ്ടം തന്നെയാണ്. 1990ല്‍ 750ലധികം സിനിമാ തിയറ്ററുകളുണ്ടായിരുന്ന പാക്കിസ്ഥാനില്‍ 2002 ആയപ്പോഴേക്കും അത് 175ഓളമായി കുറഞ്ഞു. നിലവിലുള്ള തിയറ്ററുകളുടെ സ്ഥിതിയാകട്ടെ പരമ ദയനീയമാണു താനും. 2002ല്‍ തന്നെയാണ് പാക്കിസ്ഥാനിലെ ആദ്യത്തെ മള്‍ട്ടിപ്ളെക്സ് കറാച്ചിയില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. രാജ്യത്താകമാനം മള്‍ട്ടിപ്ളെക്സ് ചെയിനുകള്‍ പണിതുയര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സിനിപാക്സ് എന്ന കമ്പനി കറാച്ചിക്കു പുറമെ ലഹോര്‍, ഇസ്ളാമാബാദ്, ഫൈസലാബാദ്, ഗുജ്റാന്‍വാല, മുല്‍ത്താന്‍, ഹൈദരാബാദ് എന്നീ നഗരങ്ങളിലെല്ലാമായി 120 സ്ക്രീനുകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.

എന്നാല്‍, പാക്കിസ്ഥാന്‍ വിനോദ വ്യവസായം നേരിടുന്ന പ്രധാന പ്രശ്നം, മള്‍ട്ടിപ്ളെക്സുകള്‍ അടക്കമുള്ള ഈ തിയറ്ററുകളില്‍ കാണിക്കാനാവശ്യമായത്ര സിനിമകള്‍ ലഭ്യമല്ല എന്നതാണ്. അതോടൊപ്പം, തികച്ചും വ്യക്തമായ കാരണങ്ങളാല്‍ പാക്കിസ്ഥാനികള്‍ക്ക് ഇഷ്ടമായ ബോളിവുഡ് സിനിമ കഴിഞ്ഞ നാല്‍പത്താറു വര്‍ഷമായി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ല എന്നതും അതിഗുരുതരമായ പ്രശ്നമാണ്. ശത്രു രാജ്യങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലും പാക്കിസ്ഥാനിലും സമാധാനവും സൌഹാര്‍ദ മനോഭാവവും പരസ്പര വിശ്വാസവും ഉറപ്പുവരുത്താന്‍ ക്രിക്കറ്റു കളിക്കുകയും മുഖ്യ ഭരണാധികാരികള്‍ സ്റേഡിയത്തിലൊന്നിച്ചിരുന്ന് കളി കാണുകയും ഇടവേളകളില്‍ ചര്‍ച്ച നടത്തുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കില്‍ ഏറ്റവും ജനപ്രിയമായ മാധ്യമ-കലാ-വ്യവസായമായ സിനിമക്കു മാത്രം എന്തിനാണ് ഈ അസ്പൃശ്യത കല്‍പ്പിച്ചിരിക്കുന്നത് എന്ന ചോദ്യമാണ് സമാധാന വാദികള്‍ ഉയര്‍ത്തുന്നത്. ബോര്‍ഡര്‍, സര്‍ഫറോഷ്, റോജ പോലുള്ള; പാക്കിസ്ഥാനി വിരോധവും മുസ്ളിം വിരോധവും പ്രകടമാക്കുന്ന നിരവധി സിനിമകള്‍ ഇന്ത്യയില്‍ ഇറങ്ങുകയും വിജയം വരിക്കുകയും ചെയ്യുന്നുണ്ടെന്നത് വസ്തുതയാണ്. അത്തരം യുദ്ധപ്രേരിതവും വിദ്വേഷജനകവുമായ സിനിമകള്‍ ഒഴിവാക്കുന്നതിന് സെന്‍സര്‍ഷിപ്പ് അടക്കമുള്ള എന്തെങ്കിലും ക്രമീകരണങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍, നീണ്ട നാല്‍പത്തഞ്ചു വര്‍ഷമായിട്ടും ലോകത്തിലെ രണ്ടാമത്തെ ശക്തമായ സിനിമാ വ്യവസായമായ ബോളിവുഡിന് അതിന്റെ പ്രിയ ഉപഭോക്താക്കളായ പാക്കിസ്ഥാനില്‍ പ്രവേശനം കിട്ടുന്നില്ല എന്നത് കഷ്ടം തന്നെയാണ്.

പക്ഷെ, സിനിമയുടെ മഹത്തായ സ്നേഹ-സാഹോദര്യ-സമാധാന ദൌത്യം ഈ നിരോധനം മൂലം ഇല്ലാതാവുന്നില്ല എന്നതാണ് ഏറ്റവും ശുഭോദര്‍ക്കമായ കാര്യം. അനുപമ ചോപ്ര എഴുതിയ കിംഗ് ഓഫ് ബോളിവുഡ്-ഷാറൂഖ് ഖാന്‍ ആന്റ് ദ സെഡക്റ്റീവ് വേള്‍ഡ് ഓഫ് ഇന്ത്യന്‍ സിനിമ (ബോളിവുഡിലെ രാജാവ്- ഷാറൂഖ് ഖാനും ഇന്ത്യന്‍ സിനിമയുടെ മോഹിതലോകവും -വാര്‍ണര്‍ ബുക്ക്സ് 2007)എന്ന പുസ്തകത്തിന്റെ ഒമ്പതാമത്തെ പേജിലെ ഒരു ഖണ്ഡിക ഇപ്രകാരം പരിഭാഷപ്പെടുത്താം. പാക്കിസ്ഥാനില്‍, ബോളിവുഡിന് വിലക്കപ്പെട്ടതിന്റെ അതിവൈകാരിക കമ്പനം എന്ന സ്ഥാനമാണുള്ളത്. 1965ല്‍ നടന്ന രണ്ടാമത് ഇന്തോ-പാക്ക് യുദ്ധത്തിനു ശേഷം, ഇന്ത്യന്‍ സിനിമകള്‍ ഇറക്കുമതി ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. പക്ഷെ എവിടെ നോക്കിയാലും ബോളിവുഡ് തരംഗം ദൃശ്യമാണ്. റിലീസ് ദിവസം തന്നെ ഏറ്റവും പുതിയ സിനിമകളുടെ കള്ളപ്പകര്‍പ്പുകള്‍ വ്യാപകമായി ലഭ്യമാകും. പ്രാദേശിക ഭാഷയിലുള്ളതും ഇംഗ്ളീഷിലുള്ളതുമായ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ഈ പുതിയ ബോളിവുഡ് സിനിമകളുടെ നിരൂപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. റേഡിയോ പാക്കിസ്ഥാന്‍ ഹിന്ദി സിനിമാ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യാറില്ലെങ്കിലും; ബോളിവുഡിലെ പുതിയ ഹിറ്റ് നമ്പറുകളും നൃത്തങ്ങളും ഫാഷനുകളും താരങ്ങളുടെ ഗോസിപ്പുകളും ആരാധകര്‍ക്ക് കാണാപ്പാഠമാണ്. കറാച്ചിയിലെയും ലഹോറിലെയും തെരുവോരങ്ങളിലെ കൂറ്റന്‍ പരസ്യപ്പലകകളില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായുള്ള പരസ്യങ്ങളില്‍ ഷാറൂഖ് ഖാന്റെ പടുകൂറ്റന്‍ ഫ്ളക്സുകള്‍ നിരന്നു നില്‍ക്കുന്നു. ഷാറൂഖ് ഖാന്റെ പെഷാവറിലുള്ള പൈതൃക ഗൃഹം ടൂറിസ്റുകളുടെ ഒരു സന്ദര്‍ശകകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ചലച്ചിത്രകാരനായ മഹേഷ്ഭട്ട് അഭിപ്രായപ്പെട്ടതുപോലെ; ഇന്ത്യയുമായി ഒരു യുദ്ധത്തിന് പാക്കിസ്ഥാനികള്‍ ആഗ്രഹിക്കാത്തതിന്റെ പല കാരണങ്ങളിലൊന്ന് ഷാറൂഖ് ഇന്ത്യയിലാണ് താമസിക്കുന്നത് എന്നതാണ്.

കാര്യങ്ങള്‍ ഇനി ഈ വഴിക്കൊന്ന് വിശദമാക്കി നോക്കുക. പാക്കിസ്ഥാനില്‍ ഇപ്പോള്‍ ജീവിക്കുന്ന സാധാരണക്കാരുടെ, ബോളിവുഡ് സിനിമയോടുള്ള ഭ്രമം കൊണ്ട്; സാമാന്യമായി അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വ്യവസായ-വാണിജ്യ-സര്‍ക്കാര്‍ മേഖലകള്‍ക്ക് യാതൊരു പ്രയോജനവുമില്ല. അതായത്; ബോളിവുഡ് സിനിമാ നിര്‍മാതാക്കള്‍, സംവിധായകര്‍, അഭിനേതാക്കള്‍, മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍, ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള ചലച്ചിത്ര വിതരണക്കാര്‍, കയറ്റുമതിക്കാര്‍, ഓഡിയോ/വീഡിയോ സിഡി/ഡിവിഡി വില്‍പനക്കാര്‍, പാക്കിസ്ഥാനിലെ തിയറ്ററുടമകള്‍, ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സര്‍ക്കാരുകള്‍ എന്നിവര്‍ക്കൊന്നും തന്നെ നയാപൈസ വരുമാനമോ ലാഭമോ നികുതിയോ ഈ സിനിമാഭ്രമം കൊണ്ട് ലഭിക്കുന്നില്ല. ആകെ വാണിജ്യ വിജയമുള്ളത്, പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും വ്യാജ സിഡി കോപ്പിയടിക്കാര്‍ക്കും വിതരണക്കാരായ പെട്ടിക്കടക്കാര്‍ക്കുമാണ്. അതായത്, തികച്ചും വാണിജ്യ ഉത്പന്നമായ ബോളിവുഡ് മസാല സിനിമ കൊണ്ട്, മുതല്‍മുടക്ക്/ലാഭം/നികുതി എന്നീ വരുമാന ലഭ്യതകളുണ്ടാകേണ്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കമ്പനികള്‍ക്കും അതൊട്ടും തന്നെ ഇല്ലാതിരിക്കുന്ന രാജ്യാന്തരവും നിയമവിരുദ്ധവുമായ ഒരു പ്രതിഭാസം അഥവാ പ്രക്രിയയിലൂടെ, രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം കുറച്ചു കാലത്തേക്കെങ്കിലും നീട്ടിവെക്കപ്പെടുന്നു എന്നത് എത്രമാത്രം ആശ്വാസകരമാണ്! സ്വകാര്യ/ഔദ്യോഗിക തലത്തിലുള്ള ഈ ഘടകങ്ങള്‍ക്ക് ലഭ്യമാവുന്ന കോടികള്‍ ലഭ്യമായാലും അവരത് തിരിച്ചു ചിലവഴിച്ചാലും സാധ്യമാവാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് സമാധാന വാഴ്ച എന്നതും ശ്രദ്ധിക്കേണ്ടതാണ്.

കലയുടെ നിര്‍വചനങ്ങളിലൊന്ന്, അത് സര്‍ഗാത്മകമായ നിയമലംഘനമാണ് അഥവാ സര്‍ഗാത്മകതയുടെ നിയമലംഘനം ആണെന്നാണ്. ഭാഷയുടെയും വ്യാകരണത്തിന്റെയും ആവിഷ്ക്കാരത്തിന്റെയും സൌന്ദര്യ സങ്കല്‍പങ്ങളുടെയും നിയമങ്ങള്‍ രൂപപ്പെടുന്നതിനു പുറകെ തന്നെ അവ ലംഘിക്കപ്പെടുമ്പാഴാണ് പുതിയ സാഹിത്യം, കല, ഭാവുകത്വം എന്നിവ സൃഷ്ടിക്കപ്പെടുന്നത് എന്നത് കലാ ചരിത്രത്തിലെ ഒരു നിത്യ യാഥാര്‍ത്ഥ്യമാണ്. സദാചാര-കുടുംബ-സമൂഹ നിയമങ്ങളും പലപ്പോഴും മാറ്റിയെഴുതുന്നത്, കലയിലും സാഹിത്യത്തിലും ഉയര്‍ന്നു വരുന്ന നിയമലംഘനങ്ങളുടെ പ്രേരണയാലാണ് എന്നതും ചരിത്രവസ്തുതയാണ്. ഇവിടെ സംഭവിക്കുന്നത് പക്ഷെ, കലാപരമോ സര്‍ഗാത്മകമോ ഭാവുകത്വപരമോ ആയ ഒരു നിയമലംഘനമല്ല. തികച്ചും സാങ്കേതികവും നിയമപരവും വാണിജ്യ പരവുമായ ഒരു നിയമലംഘനം. ആ നിയമലംഘനം തന്നെ ഡിജിറ്റല്‍ സാധ്യതകളിലൂടെ നിയന്ത്രണാതീതമായ രൂപത്തില്‍ ലോകത്തെങ്ങും വ്യാപിച്ചിരിക്കുകയുമാണ്. ഈ വ്യാപനത്തെ ഡിജിറ്റല്‍ പൂര്‍വമായ അഥവാ അനലോഗിലുള്ള നിയമങ്ങള്‍ കൊണ്ടോ പരിഹാര സാധ്യതകള്‍ കൊണ്ടോ നേരിടാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തെയും നാം അഭിമുഖീകരിച്ചേ മതിയാവൂ. പല തരത്തിലുള്ള തിരിഞ്ഞു നോട്ടങ്ങളും വീണ്ടു വിചാരങ്ങളും നടത്താന്‍ ഈ നിയമലംഘനവും അതിന്റെ പശ്ചാത്തലങ്ങളും നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ കാലഘട്ടത്തിന്റെ സാധ്യതകളും പരിമിതികളും, മുമ്പ് നിലനിന്നിരുന്ന വാണിജ്യ സാധ്യതകളെയും ലാഭങ്ങളെയും പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്തേക്കുമെന്ന യാഥാര്‍ത്ഥ്യം നാം കണ്ണടച്ചതു കൊണ്ട് ഇല്ലാതാവുകയില്ല. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ വിസ്ഫോടനം തുറന്നു വിട്ട ആ സാധ്യതകളെ, എല്ലാവരും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ബോളിവുഡ് സിനിമകളുടെ കള്ളപ്പകര്‍പ്പുകള്‍ പെട്ടിക്കടകള്‍ വഴിയും ഇന്റര്‍നെറ്റ് ഡൌണ്‍ലോഡിംഗ് വഴിയും പാക്കിസ്ഥാനില്‍ പ്രചരിക്കുന്നത്, യുദ്ധ വിരുദ്ധ പ്രസ്ഥാനത്തെ സഹായിക്കുന്നുണ്ടെന്ന നിരീക്ഷണം വാസ്തവമാകാന്‍ തന്നെയാണ് സാധ്യത. വ്യാജ സി ഡി മാത്രമല്ല, ഫാന്‍സ് അസോസിയേഷന്‍ പോലുള്ള മറ്റൊരു സാമൂഹ്യ 'അനൌചിത്യ'ത്തെയും നാം ഈ ഘട്ടത്തില്‍ സ്വാഗതം ചെയ്യേണ്ടി വരും. ഷാറൂഖ് ഖാന്റെ പാക്കിസ്ഥാനിലുള്ള ആരാധകവൃന്ദങ്ങള്‍ എത്ര കണ്ട് സംഘടിതരാണെന്നറിയില്ല.


സംഘടിതരാണെങ്കിലും അല്ലെങ്കിലും അവരുടെ മനോഭാവം നേരത്തെ വ്യക്തമാക്കിയതു പോലെ, ഷാറൂഖ് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാജ്യമായ ഇന്ത്യയുമായി ഒരു സംഘര്‍ഷം തങ്ങളുടെ രാജ്യത്തിനുണ്ടാവരുത് എന്ന വികാരം അവരെ നയിക്കുന്നു എന്നത് എത്ര മാത്രം ആശ്വാസകരമാണ്. വേഷ ധാരണങ്ങളിലും ഇതിവൃത്ത പരിചരണങ്ങളിലും ജനവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ മാതൃകകള്‍ കൊണ്ടാടുന്ന അതേ ബോളിവുഡ് തന്നെയാണ് ഈ ധര്‍മം നിര്‍വഹിക്കുന്നതെന്ന വൈരുദ്ധ്യവും നാം കാണാതിരിക്കേണ്ടതില്ല. തങ്ങള്‍ പങ്കിടുന്ന ഒരു സാംസ്കാരിക ഭൂതകാലത്തിലേക്ക് സഞ്ചരിക്കാന്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും പുറത്തുമായി ചിതറിക്കിടക്കുന്ന ദക്ഷിണേഷ്യന്‍ സമുദായങ്ങള്‍ക്ക് ബോളിവുഡ് പ്രേരിതമാവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സിനിമാ വണിക്കുകളും ഈ വ്യാജ സി ഡി പ്രളയത്തില്‍ നിരാശപ്പെടേണ്ടതില്ല. കാരണം, ബോളിവുഡിനോട് പാക്കിസ്ഥാനികള്‍ക്കുള്ള ഭ്രമം തുടര്‍ച്ചയോടെ നിലനിര്‍ത്താന്‍ ഈ പ്രവണത ഏറെ സഹായകരമാണ്. അടുത്ത വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഇന്തോ - പാക്കിസ്ഥാന്‍ ഔദ്യോഗിക ചര്‍ച്ചകളില്‍ ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനില്‍ വാണിജ്യ റിലീസിംഗും തിയറ്റര്‍ പ്രദര്‍ശനവും പുനരാരംഭിക്കണം എന്ന ആവശ്യം ഉയര്‍ന്നു വരാനും നിരവധി ആലോചനകള്‍ക്കു ശേഷം അംഗീകരിക്കപ്പെടാനും സാധ്യതയുണ്ട്. ഈ തീരുമാനം പ്രാവര്‍ത്തികമാകുകയാണെങ്കില്‍, ഹിന്ദി സിനിമയെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യാന്‍, ആവേശഭരിതരായ ഒരു പ്രേക്ഷകവൃന്ദത്തെ പാക്കിസ്ഥാനില്‍ സ്ഥിരതയോടെ ബോളിവുഡിനാവശ്യമുണ്ട്. അത് നിലനിര്‍ത്തുന്നത് ഈ വ്യാജ സിഡി ഉപഭോഗമായിരിക്കുമെന്നതുറപ്പാണ്.