
അതു കൊണ്ടാണ് ഒരു കോമ്പ്രമൈസല്ലേ നല്ലത് എന്ന വക്കീലിന്റെ ഉപദേശം കേവലമൊരു പ്രൊഫഷനലിസം എന്ന ഒഴികഴിവില്‍ നിന്ന് സ്ഥാനം മാറി ഔചിത്യബോധമില്ലായ്‌മ തന്നെയായി നമുക്കനുഭവപ്പെടുന്നത്. ഇത് സമകാലികതയും സാര്‍വകാലികതയും തമ്മിലുള്ള ഗതിവേഗത്തിന്റെ ഒരു തരംഗദൈര്‍ഘ്യ സംഘര്‍ഷവുമാണ്. പ്രസിദ്ധ കഥാകൃത്ത് വൈശാഖന്‍ 1989ല്‍ എഴുതിയ 'അപ്പീല്‍ അന്യായഭാഗം' എന്ന ഹൃദയസ്‌പൃക്കായ ചെറുകഥയില്‍ നിന്നാണ് കാണിയുടെ മനസ്സിനെ അടിയോളം ഉലക്കുകയും വ്യാകുലപ്പെടുത്തുകയും ചെയ്യുന്ന ഈ സിനിമ ശശി ആവഷ്‌ക്കരിക്കുന്നത്. കഥയിലെ ഭാഷാ സംസ്ക്കാരം ചലച്ചിത്രത്തിന്റെ സ്രഷ്ടാവിനും അനുവാചകനും എപ്പോഴും വെല്ലുവിളികളാണ് എറിഞ്ഞുകൊടുക്കാറുള്ളത്. ഷെക്സ്പിയറുടെ 'മാക്ബത്തി'ല്‍ നിന്ന് കുറസോവയുടെ 'രക്തസിംഹാസന'ത്തിലെത്തുമ്പോള്‍ മാത്രം പ്രച്ഛന്ന പ്രസന്നമായതായി ചരിത്രം പിന്നെയും പിന്നെയും രേഖപ്പെടുത്തുന്ന ഈ സാഹിത്യ ഗരിമയെയായിരുന്നു ശശിയും എതിരിട്ടത്.

പെണ്‍കുട്ടി ഒരു ബാധ്യതയാണെന്ന സ്ഥിരം പല്ലവിയും അതിനെതിരെ ആരോഗ്യ വകുപ്പ് സബ്‌സിഡി കൊടുത്തുണ്ടാക്കുന്ന നിഷ്‌ഫലമായ പ്രചാരണ വഴിപാടുകളും അല്ല ഇത്തരമൊരു കീഴ്‌മേല്‍ മറിച്ചിലിന്റെ പ്രചോദനം എന്നതും നിര്‍ണായകമാണ്. സൌഹൃദം, രക്തബന്ധം, പ്രണയം, വിവാഹം, പിതൃത്വം/മാതൃത്വം, സഹവാസം, ശത്രുത എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മനുഷ്യ ബന്ധ സങ്കീര്‍ണതകളില്‍ അഛനും മകളും തമ്മിലുള്ള ബന്ധത്തെ പുനര്‍ നിര്‍ണയിച്ചെടുക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കലാകാരന് അഥവാ സമൂഹ നിരീക്ഷകന് ഒഴിഞ്ഞുമാറാനാവില്ലെന്ന പ്രകട യാഥാര്‍ത്ഥ്യത്തെയാണ് സംവിധായകന്‍ തൊടുന്നത്.
നിയമവും വ്യവസ്ഥയും നീതി നിര്‍വഹണവും ചേര്‍ന്ന ദൂഷിതവലയം മനൂഷ്യജീവിതത്തിന്റെ പ്രാകൃതിക തരളതയെ ചവിട്ടി മെതിച്ചു കടന്നു പോകുന്ന സമകാലിക അവസ്ഥയാണ് ചിത്രത്തിന്റെ മറ്റൊരു പ്രതിപാദ്യം. അഥവാ അതു തന്നെയാണ് മുഖ്യ പ്രതിപാദ്യം. ജനസംഖ്യ ക്രമാതീതമായി ഉയരുമ്പോള്‍ പ്രകൃതി തന്നെ നടത്തുന്ന ക്രമീകരണങ്ങളാണ് മരണങ്ങള്‍ എന്നാണ് മുതലാളിത്തസാമ്പത്തിക ചിന്തയുടെ ഒരടിത്തറ. എല്ലാം വാണിജ്യമായിത്തീരുന്ന അതിന്റെ ചലനപ്രക്രിയയില്‍ വാഹന നിര്‍മാണം/വില്‍പന, റോഡ് കരാറുകള്‍, ഇന്‍ഷൂറന്‍സ്, ആശുപത്രിയും ഡോക്ടറും മരുന്നുകളും ചികിത്സകളും ചേര്‍ന്ന് കെട്ടിമറിയുന്ന ആരോഗ്യസുരക്ഷ, വക്കീലും ഗുമസ്തനും ജൂനിയറും ജഡ്‌ജിയും ചേര്‍ന്ന് കക്ഷിയെ 'രക്ഷിക്കുന്ന' 'കൃത്യ'മായ നീതിന്യായ വ്യവസ്ഥ എന്നിങ്ങനെ വിപുലമായ സാധ്യതകളാണ് മുമ്പിലും പിന്നിലുമായി തെളിഞ്ഞു വരുന്നത്. ഇതിനിടയില്‍ കിടന്നു പൊരിയുന്ന മനുഷ്യന്റെ വെപ്രാളത്തോട് പ്രതികരിക്കാന്‍ ആര്‍ക്ക് എപ്പോള്‍ സമയം?
ഈ വ്യവസ്ഥയുടെ അടിമയന്ത്രങ്ങളായ പൌരന്മാര്‍ പിഞ്ചുകുട്ടിയുടെ അപകടമരണത്തെ നിസ്സാരവല്‍ക്കരിക്കുന്നത് ഇപ്രകാരമായിരിക്കും: ഒന്നാലോചിച്ചാല്‍ ഇത്രയൊക്കെയേ നടക്കുന്നുള്ളല്ലോന്ന് ആശ്വസിക്കയാ വേണ്ടത് (കഥയില്‍ നിന്ന്). ആരംഭ രംഗത്തില്‍ പത്രവാര്‍ത്തയിലൂടെ ധ്വനിപ്പിക്കുന്ന, സോവിയറ്റനന്തര റഷ്യയിലെ ബസ്ലാനില്‍ ഭീകരവാദികള്‍ സ്‌കൂളില്‍ കടന്നു കയറി നിരവധി പിഞ്ചുകുട്ടികളെ വെടിവെച്ചു വീഴ്ത്തിയതിന്റെ രാഷ്‌ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചല്ല അച്ചുതന്‍കുട്ടിയുടെ വേവലാതി. മാനുഷികതയുടെ കാഴ്ചപ്പാടിലൂടെ കാര്യങ്ങളെ കാണാനും വിലയിരുത്താനും ശേഷി നഷ്ടപ്പെട്ട ഈ ക്രൂരകാലത്തില്‍ ഇനി എന്തു പ്രതീക്ഷയാണ് അവശേഷിച്ചിട്ടുള്ളത് എന്ന തീക്ഷ്ണമായ ചോദ്യമാണ് സംവിധായകന്‍ ഉയര്‍ത്തുന്നത്.
മലയാള ആധുനികതയുടെ എല്ലാക്കാലത്തെയും വക്താവും പ്രയോക്താവുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ(അദ്ദേഹത്തിന്റെ ഏത് കഥയാണ് പ്രസിദ്ധവും പ്രസക്തവുമല്ലാത്തത്?) കഥയായ കള്ളനോട്ടിനെ അവലംബിച്ചാണ് ‘മഹാത്മ അങ്ങയോട്‘ എന്ന ഹ്രസ്വചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. കറന്‍സി നോട്ടിന്റെ ഇടത്തു ഭാഗത്തുള്ള വെള്ളപ്രദേശത്തെ വെളിച്ചത്തില്‍ ചേര്‍ത്തു വെച്ചാല്‍ മഹാത്മാഗാന്ധിയുടെ ചിരിക്കുന്ന ഒരു മുഖം തെളിഞ്ഞുവരും. കള്ളനോട്ടിലും ഈ ഗാന്ധിയുണ്ടാവും, പക്ഷെ ഗോഡ്‌സെയെയാണ് ആ രൂപം ഓര്‍മ്മിപ്പിക്കുക. ഗാന്ധിയെ കൊന്നവര്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നതാണ് ഇന്ത്യയെ അരക്ഷിതമാക്കുന്ന പ്രധാനപ്പെട്ട വസ്‌തുത എന്ന കാര്യം ഈ അവസരത്തിലൊക്കെ ചരിത്രം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കാറുണ്ട്. ഗോഡ്‌സെയുടെ സ്വാധീനമുള്ള പുതിയകാലത്തെ ഇന്ത്യയില്‍ പട്ടാളക്യാമ്പും പോലീസും മകളെ വില്‍ക്കുന്ന അമ്മയും റേഷന്‍ ഷാപ്പിലെ കരിഞ്ചന്തയും എല്ലാം തന്റേതായ ആഖ്യാനശൈലിയിലൂടെ ബഷീര്‍ കത്തിക്കയറുന്ന ഭാഷാശില്‍പത്തിലേക്ക് സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യം കൊണ്ട് മകളെ വിറ്റ അമ്മക്ക് ലഭിക്കുന്നത് കള്ളനോട്ടാണ്. എന്തൊരു കഷ്ടം! റേഡിയോവിലെ ഗാന്ധിമാര്‍ഗം പരിപാടിയിലൂടെ ഗാന്ധിയുടെ സാന്നിദ്ധ്യം കഥയുടെ കാലത്തേക്ക് കൊണ്ടുവന്നത് ശശിയുടെ സംഭാവനയാണ്.
ഹരോള്‍ഡ് പിന്ററുടെ നാടകത്തെ അവലംബമാക്കി രൂപപ്പെടുത്തിയ തിരക്കഥയാണ് ‘നിഴല്‍രൂപം‘. രാഷ്‌ട്രീയനാടകങ്ങളെഴുതിയതിന്റെ പേരിലാണ് ഹരോള്‍ഡ് പിന്റര്‍ പ്രസിദ്ധനായതെന്നോര്‍ക്കുക. വ്യാപകമായ അക്രമവും തൊഴില്‍രാഹിത്യവും അരങ്ങേറുന്ന മുതലാളിത്തത്തിന്റെ ഒരു പ്രതിസന്ധികാലത്തെയാണ് ഇതിവൃത്തം സൂചിപ്പിക്കുന്നത്. സന്ദിഗ്ദ്ധ ചിത്തരായ കഥാപാത്രങ്ങള്‍, സ്ഥലപരവും ഭാഷാപരവുമായ ആധിപത്യത്തിനു വേണ്ടി മത്സരിക്കുകയാണെന്നു തോന്നിപ്പിക്കുമെങ്കിലും അവര്‍ ഭൂതകാലത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നതാണ് വാസ്‌തവം. തൊഴില്‍ ശാലക്കു മുമ്പിലെ ചായക്കട നടത്തുന്നത് വൃദ്ധനാണെന്നതു തന്നെ ഭൂതകാലവുമായുള്ള ഒരു സന്ധി ഉണ്ടാക്കുന്നതിനു വേണ്ടിയാണ്. അയാളുടെ കടയിലെ എകെജി അടക്കമുള്ളവരുടെ ഫോട്ടോകള്‍ ഉജ്വലമായ ഒരു കാലം പോയ്പ്പോയതിനക്കുറിച്ച് ആതുരമാവുന്നതിന്റെ ദൃശ്യപ്രതിനിധാനങ്ങളാണ്. മരണവും ചോര പുരണ്ട ചെരിപ്പുകളും ലോട്ടറിയും ചായ ഉണ്ടാക്കുന്ന സമോവറും എല്ലാം ഭീതിജനകമായ പ്രത്യക്ഷങ്ങളായി പരിണമിക്കുന്നു. സാറാജോസഫിന്റെ കഥയെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്‌ത നിലാവറിയുന്നു എന്ന ടെലിഫിലിമില്‍ എം ജി ശശി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജലപ്പിശാചുബാധ പോലെ ഒന്നാണ് ഈ കഥയെയും ആവേശിച്ചിരിക്കുന്നത്. നിഴലിലൂടെയാണിവിടെ പൈശാചികത സ്ഥിരസാന്നിദ്ധ്യമാവുന്നത്. വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഒളിച്ചുകളികള്‍ക്കിടയിലാണ് നിഴല്‍രൂപങ്ങള്‍ ഇടം പിടിക്കുന്നത്. സ്ഥലകാലങ്ങളുടെ ഒരു സംക്രമണത്തെയാണത് പ്രതിനിധീകരിക്കുന്നതെന്നു സാരം.


കരിക്കുലം/കോ-കരിക്കുലം എന്ന ഭേദം അവര്‍ക്കിവിടെ നിര്‍ണയിക്കേണ്ടി വരുന്നില്ല. മുതിര്‍ന്ന കുട്ടി ഇളയകുട്ടിയെ തേച്ചുകുളിപ്പിക്കുന്നതു മുതല്‍ ഭക്ഷണം പാകം ചെയ്യലും പാട്ടുപാടലും മണ്‍കലം നിര്‍മ്മിക്കലും കെട്ടിടം പണിയെടുക്കലും നൃത്തം അഭ്യസിക്കലും സിനിമ കാണലും കവിത കേള്‍ക്കലും പറ്റിയ തെറ്റ് സ്വയം ഏറ്റുപറയുന്നതും എല്ലാം അവര്‍ക്ക് പഠനത്തിന്റെ ഭാഗമാണ്. കാരണം അവരുടെ ലക്ഷ്യം നേരത്തെ വ്യക്തമാക്കിയതു പോലെ, ഭൂമിയില്‍ സമാധാനത്തിനുതകുന്ന ഒരു മനുഷ്യനായിത്തീരുക എന്നതാണല്ലോ. ഒരു നിമിഷം സിനിമയില്‍ നിന്ന് മാറി നമ്മുടെ നാട്ടില്‍ നിറയുന്ന വിദ്യാഭ്യാസ യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണോടിച്ചു നോക്കൂ! ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയശക്തികളും ജാതിമത സമുദായ സംഘടനകളും ലാഭം മാത്രം ലക്ഷ്യമാക്കുന്ന മുതലാളികളും നടത്തുന്ന അണ്‍ എയ്‌ഡഡ് സ്‌കൂളുകളിലേക്ക് മാത്രമായി മലയാളിക്കുട്ടികളുടെ വിദ്യാഭ്യാസം ഒതുങ്ങുകയാണ്. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുടുങ്ങിപ്പോയ കുട്ടികളാവട്ടെ ലജ്ജാകരമായ ഏതോ അവസ്ഥ ജീവിച്ചുതീര്‍ക്കുന്നതുപോലുള്ള കാലഘട്ടമാണ് അനുഭവിക്കുന്നത്. ഈ രണ്ടു തരം കുട്ടികള്‍ മുതിര്‍ന്ന വര്‍ഗീയ വിദ്വേഷവും മല്‍സരബുദ്ധിയും കൊണ്ട് പരസ്പരം തോല്‍പിക്കാനിറങ്ങുന്ന ഭാവിയില്‍ ഗുജറാത്താണോ ഒറീസയാണോ മംഗലാപുരമാണോ അതോ ബോസ്നിയയും സെര്‍ബിയയുമാണോ കേരളത്തിന് മാതൃകയായുണ്ടാവുക എന്നും ആലോചിക്കാവുന്നതാണ്.


സിനിമ സ്‌കൂളുകളില്‍ പാഠ്യവിഷയമാക്കാനുള്ള ചില പ്രാരംഭ നടപടികള്‍ക്കു തുടക്കമായിക്കഴിഞ്ഞു. കവിതയും കഥയും നോവലും നാടകവും നിര്‍ബന്ധമായി പഠിക്കാതെ സ്‌കൂള്‍ ഫൈനല്‍ പൂര്‍ത്തിയാക്കാനാവാത്ത നമ്മുടെ വിദ്യാഭ്യാസ പദ്ധതിയില്‍ സിനിമയും ടെലിവിഷനും ഇനിയും ഉള്‍പ്പെടുത്താത്തതെന്തുകൊണ്ടെന്ന വേവലാതി ഇതിനകം ഉയര്‍ന്നില്ല എന്നതാണ് യഥാര്‍ത്ഥത്തില്‍ ഉത്ക്കണ്ഠാകുലമായ സംഗതി. ദിശാബോധത്തോടെയുള്ള നടപടികള്‍ വിദ്യാഭ്യാസവകുപ്പും ചലച്ചിത്ര അക്കാദമിയും തുടങ്ങിവെച്ചത് ലക്ഷ്യം കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷെ, ഇരിക്കുന്നതിനു മുമ്പ് കാല്‍ നീട്ടുന്ന പ്രവണത ഈ രംഗത്തെയും കലുഷിതമാക്കിയിരിക്കുകയാണെന്ന് പറയാതെ വയ്യ. സിനിമാ പഠനം എന്നു വെച്ചാല്‍ രണ്ട് തരത്തിലുള്ള പ്രവര്‍ത്തനമാണെന്ന തെറ്റിദ്ധാരണയാണ് ഇപ്പോള്‍ പ്രബലമായിരിക്കുന്നത്. ഒന്ന് തിരക്കഥാ പഠനവും രണ്ട് കുട്ടികളെക്കൊണ്ട് സിനിമയുണ്ടാക്കലുമാണ്. രണ്ടും ചരിത്ര-മാധ്യമ ബോധത്തോടെ നിര്‍വഹിക്കുകയാണെങ്കില്‍ ഫലപ്രദമായിരിക്കും.
എന്നാല്‍ മാര്‍ക്കറ്റിലിറങ്ങുന്ന മുഴുവന്‍ തല്ലിപ്പൊളി തിരക്കഥകളും വാങ്ങിക്കൂട്ടുകയും സൂത്രബുദ്ധികളായ ചില അരവിദഗ്ദ്ധന്മാര്‍ തല്ലിക്കൂട്ടുന്ന സിഡികള്‍ പഠനസാമഗ്രിയായി കടന്നുവരികയും ചെയ്യുന്ന വിചിത്രവും അല്‍പ്പത്തരം നിറഞ്ഞതുമായ പ്രവൃത്തികള്‍ക്ക് മാപ്പു കൊടുക്കുക വയ്യ. ഈ പശ്ചാത്തലത്തിലാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് എ എല്‍ പി സ്ക്കൂളില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ പഞ്ചായത്തുതല സിനിമാ ശില്‍പശാലയില്‍ വെച്ചുരുത്തിരിഞ്ഞ സിനിമാനിര്‍മാണ പ്രക്രിയയില്‍ എം ജി ശശി നേതൃത്വം കൊടുത്തുണ്ടാക്കിയ തിരക്കഥയും ഹ്രസ്വ സിനിമയും മാര്‍ഗദര്‍ശിയായിത്തീരുന്ന വിധത്തില്‍ സവിശേയമായിത്തീര്‍ന്നത്. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും പ്രതിമകള്‍ക്കു തൊട്ടു താഴെ ഇന്നും വിദ്യാര്‍ത്ഥികള്‍ പട്ടിണിയുടെയും ഇല്ലായ്‌മയുടെയും പ്രത്യക്ഷപ്രതീകങ്ങളായി നിലം പതിക്കുന്ന ദൃശ്യങ്ങളും മറ്റും നിസ്സങ്കോചം കടന്നു വരുന്ന ഈ ഹ്രസ്വ സിനിമ ദൃശ്യത്തിനുള്ളില്‍ വൈരുദ്ധ്യങ്ങളും സങ്കീര്‍ണതകളും സംഘര്‍ഷങ്ങളും എപ്രകാരം ഉള്‍പ്പെടുത്താം (മിസ് എന്‍ സീന്‍) എന്ന ചലച്ചിത്രകലയുടെ പ്രാഥമിക പാഠം മനസ്സിലാക്കാന്‍ ഉതകുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ കഴിവുള്ളവര്‍ (ഡിഫറന്റ്ലി ഏബിള്‍ഡ്) ആയവരെ ഇന്നും മലയാളത്തില്‍ വികലാംഗര്‍ എന്നാണ് വിളിക്കുന്നത്. ഭാഷയിലെ രാഷ്‌ട്രീയമായി ശരിയല്ലാത്ത ആ വാക്ക് നീക്കം ചെയ്യാന്‍ ഇനിയും നമുക്കായിട്ടില്ല. ആ ശരികേടിനോടു കൂടിയാണ് സ്നേഹസമ്മാനം എന്ന ഈ കൊച്ചു സിനിമ സമരം ചെയ്യുന്നത്. സ്നേഹസമ്മാനത്തിന്റെ തിരക്കഥയും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയത് തികച്ചും ഉചിതമായിട്ടുണ്ട്.
നിലപാടുകളുടെ സത്യസന്ധതയും ആവിഷ്ക്കരണരീതിയില്‍ പുലര്‍ത്തുന്ന ആര്‍ജ്ജവവും സഹജമായ സാമൂഹികാവബോധവും ചേര്‍ന്ന് എം ജി ശശിയുടെ തിരക്കഥകളും സിനിമകളും - അവ ഡോക്കുമെന്ററിയോ ഹ്രസ്വചിത്രമോ ഫീച്ചര്‍ സിനിമയോ ആകട്ടെ - മലയാളിയുടെ ചലച്ചിത്രാന്വേഷണ/ആസ്വാദന മേഖലയില്‍ സവിശേഷമായ ഇടം കണ്ടെത്തുന്നുണ്ടെന്ന് തെളിയിക്കുന്നതാണീ സമാഹാരം എന്നത് നിസ്സംശയമായ വസ്തുതയാണ്.
***
ജി. പി. രാമചന്ദ്രന്‍
(ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന “കനവുമലയിലേക്ക് - എം ജി ശശിയുടെ ഹ്രസ്വചിത്രങ്ങൾ” എന്ന തിരക്കഥകളുടെ സമാഹാരത്തിന് എഴുതിയ അവതാരിക)
അധിക വായനയ്ക്ക്
Lights, action, camera
മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദു, കാണി നേരം
No comments:
Post a Comment