Friday, March 25, 2011

പ്രചാരണം നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് സഹായകരമോ?

മറ്റേതാനും സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണല്ലോ. ടെലിവിഷനിലെ കുറെയധികം സമയവും പത്രങ്ങളുടെ ധാരാളം സ്ഥലവും ഉപയോഗിച്ചുള്ള ചര്‍ച്ചകളും വിശകലനങ്ങളും കുശാലാണെങ്കിലും സാമാന്യ ജനതയിലേക്ക് തെരഞ്ഞെടുപ്പ് ജ്വരമെത്തി എന്നു പറയാറായിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളും മുന്നണികള്‍ക്കകത്തെ വിയോജിപ്പുകളും സാധാരണമാണ്. എന്നാല്‍, നീതി പൂര്‍വ്വകമെന്ന മട്ടില്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതും ചില ചിന്തകരും പ്രഭാഷകരും ഉന്നയിക്കുന്നതുമായ ഏതാനും കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്നത് ഈ ഘട്ടത്തില്‍ ഉചിതമായിരിക്കുമെന്ന് തോന്നുന്നു. തെരഞ്ഞെടുപ്പിലെ പണത്തിന്റെ വര്‍ദ്ധിച്ച ഒഴുക്കിനെ സംബന്ധിച്ചും മുഖ്യധാരയിലുള്ള പാര്‍ടികളുടെയും മുന്നണികളുടെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും വിജയത്തിലും ജാതി മത സംഘടനകളും ശക്തികളും ചെലുത്തുന്ന സ്വാധീനത്തെ സംബന്ധിച്ചും അമിതമായ ഉത്ക്കണ്ഠ കലര്‍ന്ന വാര്‍ത്തകളും വിശകലനങ്ങളും ധാരാളമായി പ്രസിദ്ധീകരിച്ചു വരുന്നു. ജാതിമതസ്വാധീനത്തെക്കുറിച്ചുള്ള ആലോചന സ്ഥല പരിമിതിയാല്‍ മറ്റൊരു ഘട്ടത്തിലേക്ക് മാറ്റിവെച്ചുകൊണ്ട്; പണം ചിലവിടുന്ന കാര്യത്തെ സംബന്ധിച്ച്, വിപരീതദിശയിലുള്ള ഒരാലോചന പങ്കുവെക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.


ഇലക്ഷന് 200 കോടി പൊടിയും... യഥാര്‍ത്ഥ ഉത്തേജകം എന്ന തലക്കെട്ടോടു കൂടി മലയാള മനോരമ ദിനപത്രത്തിലെ ബിസിനസ് മനോരമയില്‍ (2011 മാര്‍ച്ച് 14) പി കിഷോര്‍ എഴുതിയ ലേഖനം അനുസരിച്ച്, തിരഞ്ഞെടുപ്പു കമ്മീഷന്‍ കണക്കനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥി 16 ലക്ഷം രൂപയേ ചെലവാക്കാന്‍ പാടുള്ളൂ എങ്കില്‍ സാമാന്യബുദ്ധി അനുസരിച്ച് കണക്കാക്കിയാല്‍ 35 ലക്ഷം രൂപയെങ്കിലും ചിലവു വരുമത്രെ. ഈ കണക്കു കൂട്ടല്‍, പരിഹാസരൂപത്തില്‍ സാമ്പത്തിക വിഷയങ്ങള്‍ എഴുതുന്നതില്‍ അഗ്രഗണ്യനായ കിഷോര്‍ ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്. സാധാരണക്കാര്‍ മുതല്‍ ചിന്തകര്‍ വരെയുള്ള വായനക്കാര്‍ ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ എന്താണ് കരുതുക? വിലക്ക് വരാതിരിക്കാന്‍ കള്ളം പറയുന്നവരാണ് എല്ലാ മുന്നണി സ്ഥാനാര്‍ത്ഥികളും എന്ന് സകലരും തീരുമാനിക്കും. മാത്രമല്ല, ഇത്രയും സംഖ്യ ഏതു തരത്തിലാണ് പിരിച്ചെടുത്തിട്ടുണ്ടാവുക എന്നോര്‍ത്തും നാം തല പുകക്കും. ഇത്തരം ഉത്ക്കണ്ഠകളൊക്കെയും നല്ലതു തന്നെ. പക്ഷെ, കാര്യങ്ങള്‍ക്കൊരു മറുപുറവുമുണ്ട്.

അതെന്താണെന്നു നോക്കാം. ലോകത്തിലെ ഏറ്റവും വലിയ പാര്‍ലമെന്റ് ജനാധിപത്യങ്ങളിലൊന്നാണ് ഇന്ത്യയിലുള്ളത്. ആധുനിക സമൂഹത്തിന്റെ നിര്‍ണായക പ്രത്യക്ഷമായ ദേശ രാഷ്ട്ര രൂപീകരണത്തിന്റെ നിലനില്‍പിന് ലോകസഭ, നിയമസഭ, ത്രിതല പഞ്ചായത്തുകള്‍ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പും അവയുടെ സുഗമമായ നടത്തിപ്പും അനിവാര്യമാണെന്ന തിരിച്ചറിവ് ഇത്തരം ഘട്ടങ്ങളില്‍ നാം എന്തിനാണ് മറന്നു പോകുന്നത്? 200 കോടിയാണിവിടെ പറഞ്ഞിരിക്കുന്ന 'വമ്പിച്ച' കണക്ക്. കമ്മീഷന്റെ ഔദ്യോഗിക ചിലവുകള്‍ ഇതിലുമധികം വരും. അതിരിക്കട്ടെ, ഇന്ത്യയുടെ സൈനിക ബജറ്റ് ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയായിരിക്കെ ഏതാനും ആയിരം കോടികള്‍ തെരഞ്ഞെടുപ്പിനായി ചിലവാക്കുന്നതില്‍ എന്താണ് അപാകതയുള്ളത്? മാത്രമല്ല, സൈനിക സാന്നിദ്ധ്യവും യുദ്ധ ഭീഷണിയും സൃഷ്ടിക്കുന്ന മാരകമായ പരുക്കുകള്‍ ഭേദപ്പെടുത്തണമെങ്കില്‍ തെരഞ്ഞെടുപ്പു പോലുള്ള രാഷ്ട്ര നിര്‍മാണ പ്രക്രിയകള്‍ അത്യന്താപേക്ഷിതവുമാണ്.


എന്തൊക്കെയാണ് സ്ഥാനാര്‍ത്ഥികളുടെയും കക്ഷികളുടെയും ചിലവുകള്‍? വീടുകയറുന്ന പ്രവര്‍ത്തകര്‍ക്ക് കൊടുക്കുന്ന ഭക്ഷണവും പോസ്ററുകളും ചുമരെഴുത്തുകളും ബാനറുകളും ബോര്‍ഡുകളും ഫ്ളെക്സുകളും നോട്ടീസുകളും സ്ളിപ്പുകളും വണ്ടിയോട്ടങ്ങളും ആണ് ചിലവുകള്‍. വോട്ടര്‍മാരെ സ്വാധീനിക്കാനായി പണവും സാരിയും മദ്യവും വിതരണം ചെയ്യുന്നത് തികച്ചും തെറ്റാണെന്നുള്ളതും, അത്തരം പ്രവൃത്തിക്കാരെ അയോഗ്യരാക്കേണ്ടതാണെന്നതുമായ വാദഗതി കൃത്യം തന്നെയാണ്. എന്നാല്‍, അതിനു മുമ്പത്തെ വാചകത്തില്‍ വിശദീകരിച്ച കാര്യങ്ങളോ? അവയെല്ലാം തിരഞ്ഞെടുപ്പു പ്രക്രിയക്ക് അനിവാര്യമാണ്. അവ, തിരഞ്ഞെടുപ്പ് എന്ന ജനാധിപത്യപ്രവര്‍ത്തനത്തിന്റെ സമ്പുഷ്ടതക്ക് അനിവാര്യമായ വിദ്യാഭ്യാസ പ്രക്രിയയാണെന്നതാണ് സത്യം. ഓരോ വോട്ടറുടെയും ബൂത്ത് ഏതാണെന്നും എവിടെയാണെന്നും ക്രമനമ്പര്‍ എത്രയാണെന്നും അടക്കമുള്ള കൃത്യമായ വിവരങ്ങള്‍ എഴുതിയ സ്ളിപ്പുകള്‍ കാടും മലയും കയറിയിറങ്ങിയും പുഴയും തോടും നീന്തിക്കയറിയും വീടായ വീടൊക്കെയും എത്തിക്കുന്നത് ചില്ലറ പണിയാണെന്ന് 'ചിന്തകര്‍'ക്ക് തോന്നുന്നുണ്ടോ? എങ്കില്‍ ഇലക്ഷന് നിന്നിട്ടുള്ള സാംസ്ക്കാരിക നായകരോടെങ്കിലും ഒരു സംശയം ചോദിച്ചാല്‍ മതി; ഉത്തരം കിട്ടും. സ്വതന്ത്ര ഇന്ത്യയില്‍ തെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ച് 60 വര്‍ഷത്തിലധികം പൂര്‍ത്തിയാവാന്‍ പോകുകയാണ്. ഈ ഘട്ടത്തിലാണ്, ഇത്തരം സ്ളിപ്പുകള്‍ കൊടുക്കേണ്ടത് തെരഞ്ഞെടുപ്പു കമ്മീഷന്‍ തന്നെയാണെന്ന തിരിച്ചറിവ് കമ്മീഷനുണ്ടാകാന്‍ പോകുന്നത്(ഇതു സംബന്ധിച്ച് ഈയിടെ വന്ന വാര്‍ത്തകള്‍ കാണുക). അപ്പോഴാണ്, കഴിഞ്ഞ അറുപത് കൊല്ലമായി നടന്ന നിരവധി തെരഞ്ഞെടുപ്പുകളില്‍ ഈ ജോലി രാഷ്ട്രീയപ്രവര്‍ത്തകര്‍ ചെയ്തുവരികയായിരുന്നു എന്ന സത്യം നാം ഒരിക്കല്‍ കൂടി ഓര്‍മ്മിച്ചെടുക്കാന്‍ ബാധ്യസ്ഥമാകുന്നത്. എന്നിട്ടവരെ പിടിച്ചാണ് പണമൊഴുക്കുന്നവര്‍; ഇവര്‍ നിയമവിരുദ്ധര്‍ എന്ന മട്ടില്‍ പേടിപ്പിക്കുന്നത്. ഇന്ത്യ പോലുള്ള മഹത്തായ ദേശ രാഷ്ട്രത്തിന്റെ ഉദ്ഗ്രഥനവും സ്വാതന്ത്ര്യപ്രക്രിയയും ജനാധിപത്യവത്ക്കരണവും ലോകത്തിന്റെയും മാനവരാശിയുടെ തന്നെയും നിലനില്‍പിന് അത്യന്താപേക്ഷിതമാണ്.

ഇവിടെ പട്ടാള ഭരണമോ മതാധിഷ്ഠിത ഭരണമോ ആണ് നിലവില്‍ വരുന്നതെങ്കില്‍, തോക്കും വെടിയും ആണവബോംബും മറ്റും എടുത്ത് രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുമായിരുന്നു എന്ന കാര്യം തിരിച്ചറിയാന്‍ ഗവേഷണമൊന്നും ആവശ്യമില്ല. അതായത്, തെരഞ്ഞെടുപ്പു കാലത്ത് നാല്‍പ്പതു നാല്‍പ്പത്തഞ്ചു ഡിഗ്രി ചൂടില്‍ വിയര്‍ത്തു കുളിച്ചും ചിറിയിളിഞ്ഞും തെണ്ടി നടന്ന് സ്ളിപ്പും അഭ്യര്‍ത്ഥനയും വിതരണം ചെയ്ത്; എഴുപതും എണ്‍പതും ശതമാനം പോളിംഗുണ്ടാക്കി തെരഞ്ഞെടുപ്പു പ്രക്രിയ വിജയിപ്പിക്കുന്നവര്‍, ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനാധിപത്യപ്രക്രിയയുടെ തുടര്‍ച്ച ഉറപ്പ് വരുത്തുകയും ചെയ്യുന്നതിലൂടെ ലോകസമാധാനത്തിന് ഗണ്യമായ സംഭാവന ചെയ്യുന്നവരാണെന്നര്‍ത്ഥം. ഇവരെയാണ് കേവലമായ മധ്യവര്‍ഗ-വരേണ്യ-പിന്തിരിപ്പന്‍-നാടുവാഴിത്ത ബോധത്തിന് കീഴ്പ്പെടുത്തപ്പെട്ട സാമാന്യധാരണയുടെ കാഴ്ചക്ക് കീഴ്പ്പെടുത്തി, പണം ചുമ്മാ ഒഴുക്കിക്കളയുന്ന ക്രൂരര്‍ എന്ന് പരിഹസിക്കുന്നത്.

തെരഞ്ഞെടുപ്പു കമ്മീഷനിലെ ശേഷന്‍ ഇഫക്ടിനു ശേഷമാണ് ഇത്തരം ജനാധിപത്യ വിരുദ്ധ പ്രചാരണത്തിന് ജനപ്രിയതയും സാമാന്യമായ അംഗീകാരവും ലഭിച്ചു തുടങ്ങിയതെന്നു കാണാം. ജനപ്രിയനായി തീര്‍ന്ന ശേഷന്‍ പില്‍ക്കാലത്ത് ഗുജറാത്തിലും തമിഴ്നാട്ടിലും മറ്റും തെരഞ്ഞടുപ്പില്‍ മത്സരിച്ച് പരാജയം പൂണ്ട് ഇപ്പോള്‍ മുതലമട ആശ്രമത്തില്‍ ഭജനമിരിക്കുകയാണ്. മലയാള സിനിമയില്‍ പത്രപ്പരസ്യം നിയന്ത്രിച്ചതു പോലെ, തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഇതിനകം തന്നെ നിരവധി നിയന്ത്രണങ്ങള്‍ വന്നു കഴിഞ്ഞു. ചുമരെഴുത്ത്, ബാനറുകള്‍, പോസ്റ്ററുകള്‍, എന്നിവയൊക്കെ കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നു പോയതിനു ശേഷം മാത്രമേ സ്ഥാപിക്കാനോ എഴുതാനോ പാടുകയുള്ളൂ. ഉടമയുടെ സമ്മതപത്രം വാങ്ങി സൂക്ഷിക്കുകയും വേണ്ടി വന്നാല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ചുമരുകളിലും തൊടികളിലും മാത്രമേ ചുമരെഴുത്തും പോസ്ററും ബാനറും പാടുകയുള്ളൂ. നല്ലതു തന്നെ; ഒരാള്‍ക്കിഷ്ടമില്ലെങ്കില്‍ അയാളുടെ ചുമരില്‍ എഴുതിവെക്കുന്നത് മോശം തന്നെയാണ്. എന്നാല്‍, ലക്ഷക്കണക്കിന് നിരക്ഷരരുള്ളതിനാല്‍, ചിഹ്നത്തില്‍ വോട്ടു കുത്താന്‍ പഠിപ്പിക്കുന്നതാരാണ്? ഈ പഠനത്തിലൂടെയാണ്, തെരഞ്ഞെടുപ്പു പ്രക്രിയ മുന്നേറുന്നത്. ഇത്, കേവലമായ മുന്നേറ്റവുമല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്ത്യം എന്നു കരുതിയിരുന്ന അടിയന്തിരാവസ്ഥക്കു ശേഷം ഇന്ദിരാഗാന്ധിയെയും കോണ്‍ഗ്രസിനെയും തോറ്റു തുന്നം പാടിപ്പിക്കാന്‍ നിരക്ഷരരായ ഇന്ത്യക്കാര്‍ക്കു സാധിച്ചു; ബാബരി മസ്ജിദ് തല്ലിപ്പൊളിച്ചതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ കല്യാണ്‍ സിംഗിനെയും സംഘപരിവാറിനെയും പാഠം പഠിപ്പിക്കാനും നിരക്ഷരര്‍ക്ക് സാധ്യമായി. വംശഹത്യാ വിനോദത്തിനു ശേഷം നരേന്ദ്രമോഡിയെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് സാധിച്ചില്ല എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഹിമാലയന്‍ പരിമിതിയാണെന്ന കാര്യവും മറക്കേണ്ടതില്ല. എന്നാലും, ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയുടെ അനിവാര്യതയും ചരിത്രപരതയും നാം ഉയര്‍ത്തിപ്പിടിക്കേണ്ടിയിരിക്കുന്നു. അതിന് തെരഞ്ഞെടുപ്പ് തന്നെയാണ് അടിത്തറയൊരുക്കുന്നത്. ആ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി വെയിലു കൊണ്ട് സ്ളിപ്പു കൊടുത്തും, ചിഹ്നം വരച്ച് നിരക്ഷരര്‍ക്ക് സഹായമേകിയും പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സഹായമെത്തിക്കുകയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ചെയ്യേണ്ടത്. അതിനു പകരം നിരീക്ഷകരെ അഴിച്ചു വിട്ട് അവരെ പേടിപ്പിക്കുന്ന കമ്മീഷന്റെ ഉദ്യോഗസ്ഥ വാഴ്ച ജനാധിപത്യത്തിന് ഭൂഷണമല്ല എന്ന കാര്യം നാം തിരിച്ചറിഞ്ഞേ തീരൂ.

No comments: