
ശരീരങ്ങള്‍
തമ്മിലുള്ള ആകര്‍ഷണവും കാമാസക്തിയുമല്ലാതെ സ്ത്രീ പുരുഷ സ്നേഹവും പ്രണയവും
`പരിശുദ്ധ' പ്രണയവും നിലനില്‍ക്കുന്നുണ്ടോ എന്ന അടിസ്ഥാനപരമായ പ്രഹേളിക വീണ്ടും
അന്വേഷിക്കുകയാണ് അരികെ(2012) എന്ന സിനിമയിലൂടെ ശ്യാമപ്രസാദ്. നിര്‍ബന്ധമായും
സ്നേഹത്തിനായുള്ള ഒരു ത്വര, അഭിവാഞ്ഛ നമ്മളിലെല്ലാമുണ്ടെന്ന് ശ്യാമപ്രസാദ്
പറയുന്നു. സ്നേഹത്തെ സംബന്ധിച്ച മിഥ്യകളും വിലക്കുകളും നമുക്കിടയില്‍ സജീവമാണ്,
എന്നിരിക്കിലും അതിനായുള്ള അടക്കിനിറുത്താനാവാത്ത ഒരാഗ്രഹം നമ്മളില്‍
തങ്ങിനില്ക്കുന്നു. സ്നേഹത്തില്‍ നിന്ന് ആഹ്ലാദമാണ് നാം ആത്യന്തികമായി
ലക്ഷ്യമിടുന്നത്. പക്ഷെ നമുക്കത് ലഭിക്കുന്നുണ്ടോ എന്ന ചോദ്യമാണ് താനീ
സിനിമയിലൂടെ ഉന്നയിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ത്രികോണപ്രേമകഥയിലെ മൂന്നു മൂലകളായ ശന്തനു(ദിലീപ്), കല്പന(സംവൃത സുനില്‍),
അനുരാധ(മംമ്ത മോഹന്‍ദാസ്) എന്നിവരല്ലാതെ നിരവധി കഥാപാത്രങ്ങള്‍ കാമാസക്തി,
ശരീരാകര്‍ഷണം എന്നീ പ്രാഥമിക വികാരങ്ങളുമായി സിനിമയിലാകമാനം
ചുറ്റിത്തിരിയുന്നുണ്ട്. അനുരാധ, സിനിമകളില്‍ പതിവുള്ള കേരളീയത നിറഞ്ഞു
നില്ക്കുന്ന വലിയ തറവാട്ടു വീടില് കൗമാരകാലം കഴിച്ചു വരവെയാണ് എത്രയോ കഥകളില്‍
കണ്ടു മുട്ടിയ കസിന് സഹോദരന്(വിനീത്), വിദേശത്തു നിന്ന് ഫ്ളയിംഗ്
സന്ദര്‍ശനത്തിനെത്തുന്നത്. നാട്ടിലെ ബന്ധുക്കളോട് അതും തന്നെക്കാളും പ്രായം
കുറഞ്ഞവരോട് പുഛവും സഹതാപവും കൗതുകവും എല്ലാം കലര്‍ന്ന ടിപ്പിക്കല്‍ മനോഭാവം
തന്നെയാണയാള്‍ക്കുമുള്ളത്. ഇതിന്റെ മുഴുനീള വെര്ഷന് കാണാന്‍ രഞ്ജിത്തിന്റെ
നന്ദനമോ മറ്റോ കണ്ടാലും മതി. മദാമ്മമാര്‍ക്കൊക്കെയും പൂച്ചയുടെ
മണമാണെന്നും(മലയാളികളല്ലാത്തവരോട് വെറുപ്പോ വികര്‍ഷണമോ ഉണ്ടാക്കുന്ന
കപടാഭിമാനത്തിന്റെ ലക്ഷണമാണോ ഇത്?) ഡിഗ്രി ഒന്നാം വര്‍ഷത്തിനു പഠിക്കുന്ന
അനുരാധക്ക് മഴ പെയ്ത ഉടനെയുള്ള തുളസിച്ചെടിയുടെ നറു മണമാണെന്നും മറ്റും
പ്രലോഭിപ്പിച്ച് അവന് അവളുടെ ശരീരം ഉപയോഗിക്കുന്നു.
നാളെ ദില്ലിയിലും മറ്റന്നാള്‍
യുകെയിലും എത്തുമെന്നും പിന്നെ തിരികെ വരുമെന്ന വാഗ്ദാനവുമായി കാണാതാകുന്ന
അയാളിലൂടെ പുരുഷനെ മനസ്സിലാക്കിയെന്ന് സ്വയം വിശ്വസിക്കുന്ന അവള്, പ്രകടമായ
പുരുഷദ്വേഷിയല്ലെങ്കിലും തന്റെ സ്വകാര്യ ജീവിതത്തിലേക്ക് അത്തരമൊരാളെ
പ്രവേശിപ്പിക്കേണ്ടെന്ന കടുത്ത തീരുമാനവുമായിട്ടാണ് നടപ്പ്. ആരെങ്കിലുമൊരാള്‍
വരട്ടെ, നിന്നോടെനിക്ക് പ്രണയമാണെന്ന വര്‍ത്തമാനവുമായി; അയാളോട് വയ്യ എന്നു
പറയാനായി അവള് തയ്യാറായിരിക്കുകയാണ്. എന്നാലാരും അതിനായി എത്തുന്നില്ല. അവസാനം,
കല്പനയാല് തിരസ്കരിക്കപ്പെട്ട ശന്തനു അവളോട് ഇഷ്ടമാണെന്ന് പറയാതെ
പറയുമ്പോഴേക്കും അത് നിരസിക്കാനാകാതെ അവള് പ്രണയത്താല്‍ മൂടപ്പെടുകയും
ചെയ്തിരുന്നു. സംവിധായകനാകട്ടെ, അത് ആവിഷ്ക്കരിക്കാന്‍ കാത്തു നില്‍ക്കാതെ സിനിമ
അവസാനിപ്പിക്കുകയും ചെയ്തു.

വിനീതില്‍ നിന്ന്, കൗമാരകാലത്ത് തനിക്കുണ്ടായ
ലൈംഗിക/പ്രണയ ദുരനുഭവത്തെ തുടര്‍ന്ന് കാമാസക്തിയും ശാരീരികാകര്‍ഷണവുമല്ലാതെ
പരിശുദ്ധ പ്രണയം എന്നൊന്ന് നിലനില്‍ക്കുന്നില്ലെന്ന ധാരണയുമായി ജീവിച്ചിരുന്ന
അനുരാധയുടെ മുന്നില്‍ അഥവാ അവള് കൂടി മുഴുവന്‍ സമയവും പങ്കാളിയായിക്കൊണ്ട്
ശന്തനുവും കല്പനയും തമ്മിലുള്ള ഗാഢപ്രണയം ആവിഷ്ക്കരിക്കപ്പെടുകയാണ്. അവളാണ്
എല്ലായ്പോഴും എന്തെങ്കിലും നുണ പറഞ്ഞ് കല്പനയെ അയാളിലേക്കെത്തിക്കുന്നത്.
അയാളുടെ മധുരമനോജ്ഞമായ കത്തുകള്‍ക്കുള്ള കല്പനയുടെ മറുപടികളെപ്പോഴും എഴുതുന്നത്
അനുരാധയാണ്.
കല്പന തന്നെ തിരസ്കരിച്ചപ്പോള്‍, തനിക്കാ തേന്‍ കിനിയുന്ന
കത്തുകളിനി ലഭിക്കില്ലല്ലോ എന്നാണ് ശന്തനു അനുരാധയോട് പരിതപിക്കുന്നത്.
കത്തുകളിലെ പ്രണയാതുരമായ ഭാഷ ശരീരം/മനസ്സ് എന്ന മനുഷ്യാവസ്ഥയുടെ ഒരു ആവിഷ്ക്കാരം
തന്നെയാണല്ലോ. ആ ആവിഷ്ക്കാരത്തില്‍ ശന്തനു ആകൃഷ്ടനാകുന്നത്, അതിനു പിറകിലെ
ശരീരത്തോടുള്ള ആസക്തി തന്നെയാണ്. അപ്പോള്‍, സത്യത്തില്‍ ആ കത്തെഴുതിയിരുന്ന
അനുരാധയോടു തന്നെയല്ലേ ശന്തനുവിന്റെ ആസക്തി? സിനിമക്കെന്നു പറഞ്ഞ് ക്രൗണ്‍
തിയറ്ററിലെത്തുന്ന കല്പനയെ ബീച്ചില്‍ സല്ലാപത്തിനായി ശന്തനു കൊണ്ടു പോകുമ്പോള്‍
ഒഴിഞ്ഞുമാറുന്ന അനുരാധയെ നിര്‍ബന്ധിച്ച് അവര്‍ രണ്ടു പേരും ചേര്‍ന്ന്
കൂടെക്കൂട്ടുന്നു. അവള് കൂടി ആ അഗാധ പ്രണയത്തില്‍ മുഴുകുന്നതു കൊണ്ടാണ്,
ഓട്ടോറിക്ഷ ഡ്രൈവര്‍ (എന്ന അധകൃതന്) പുറകിലിരിക്കുന്ന യാത്രക്കാരായ അവരുടെ
സ്വകാര്യ സംഭാഷണങ്ങളിലേക്കും സ്ത്രീ ശരീരങ്ങളിലേക്കും തന്റെ ശ്രദ്ധ പതിപ്പിക്കുന്ന
അശ്ലീല പ്രവൃത്തിയെ അവള് കാണാതെ പോകുന്നത്. ശന്തനുവിന്റേതും കല്‍പനയുടേതും
ലോകത്തിലവസാനത്തെ പ്രണയമാണെന്നാണ് അനുരാധയുടെ വിലയിരുത്തല്‍. തനിക്കുണ്ടായ
വഞ്ചനയുടേതായ പുരുഷാനുഭവത്തെത്തുടര്‍ന്ന് മാംസനിബദ്ധമല്ലാത്ത രാഗം എന്ന കവി
കല്പനയില് തനിക്കിനി ഒരു കാലത്തും വിശ്വാസമര്‍പ്പിക്കാനാവില്ല എന്ന ദൃഢ നിശ്ചയം
ആണ് ആ നിരീക്ഷണത്തിന്റെ പ്രാഥമികാടിസ്ഥാനം. ലോകത്ത് ആരും ഒന്നും തങ്ങള്‍ക്ക്
പ്രശ്നമല്ലെന്നു കരുതി അതിനെയെല്ലാം പുറന്തള്ളിക്കൊണ്ട് ശന്തനുവും കല്പനയും
ഗാഢപ്രണയത്തില്‍ മുഴുകുന്നതാകട്ടെ തനിക്ക് മുന്നില്‍ അത്ഭുതമായി നിവരുകയുമാണ്.
എന്നാലത് കേവലം ശാരീരികാകര്‍ഷണം മാത്രമാണെന്ന തിരിച്ചറിവ് അവള്‍ക്ക് ലഭിക്കാതെ
പോകുന്നു. വേണ്ടെന്നു പറഞ്ഞിട്ടും അവര്‍ക്കായി അനുരാധ അനുവദിച്ചു നല്കുന്ന
സ്വകാര്യ നിമിഷങ്ങളില്‍, കല്പനയുടെ മനോഹരമായ കാല്പാദത്തെ ഓമനിക്കുന്ന ശന്തനു
അവളുടെ ചെറു വിരല്‍ താന്‍ മുറിച്ചെടുത്ത് സൂക്ഷിച്ചോട്ടെ എന്നു ചോദിക്കുന്നത്
ശാരീരികാകര്‍ഷണവും ആരാധനയും തന്നെയാണ് പ്രണയത്തിന്റെ രൂപവും ഉള്ളടക്കവും എന്ന്
തെളിയിക്കാനാണ്. അപകടത്തില്‍ പെട്ട് ആ ചാരുതയെല്ലാം നഷ്ടമാകുന്ന അവളില്‍
ശന്തനുവിന്റെ താല്പര്യം അവശേഷിക്കാനിടയില്ല എന്ന തോന്നല്‍ കൊണ്ടു കൂടിയായിരിക്കണം
അവള് അവനെ തിരസ്കരിച്ച് സാമ്പ്രദായിക വിവാഹത്തിലേക്ക് രക്ഷപ്പെടുന്നത്. മലര്
ഓര്മ നഷ്ടപ്പെട്ടവളായിത്തീര്‍ന്നിരിക്കുന്നു എന്ന് തിരിച്ചറിയുന്നതോടെ ഒരു
നിമിഷം പാഴാക്കാതെ സ്ഥലം കാലിയാക്കുന്ന പ്രേമത്തിലെ നായകനും ഇതേ പോലെ,
ഉപയോഗിച്ചതിനു ശേഷം വലിച്ചെറിഞ്ഞു കളയുക(യൂസ് ആന്റ് ത്രോ എവേ) എന്ന ആശയമാണ്
പ്രാവര്‍ത്തികമാക്കുന്നത്.

#arike #truelove #desire #malayalacinema