Thursday, August 3, 2023

നന്‍പകല്‍ ട്യൂട്ടോറിയല്‍ - 1 ലോകത്ത് നിലനില്ക്കുന്ന ഏറ്റവും പ്രാചീനമായ ഭാഷകളില്‍ പ്രധാനമാണ് തമിഴ്. തമിഴ്‌നാട്, പുതുച്ചേരി, ഈഴം, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി എട്ടു കോടിയോളം പേരാണ് തമിഴ് സംസാരിക്കുന്നത്. ബിസി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതെന്ന് കരുതുന്ന മഹത്തായ തമിഴ് സാഹിത്യകൃതിയായ തിരുക്കുറള്‍, ജീവിതത്തെ സംബന്ധിച്ച തത്വശാസ്ത്രമാണ് ചര്‍ച്ച ചെയ്യുന്നത്. സംസ്‌ക്കാരവും ഭാവനയും അതിലുണ്ട്. തിരുവള്ളുവര്‍ ആണ് രചയിതാവ്. തമിഴ് ഔദ്യോഗിക കലണ്ടര്‍ തിരുവള്ളുവറിന്റെ ജന്മം നടന്നതെന്നു കരുതുന്ന ബിസി മുപ്പത്തൊന്നില്‍ നിന്നാണ് ആരംഭിക്കുന്നത്. ആയിരത്തി മുന്നൂറ്റി മുപ്പത് പദ്യങ്ങളാണ് തിരുക്കുറളിലുള്ളത്. മൂന്നു ഭാഗങ്ങള്‍ - ധാര്‍മ്മികത, ഭൗതികത, ആസക്തി എന്നിങ്ങനെ. നൂറു കണക്കിന് ഭാഷകളില്‍ ആയിരക്കണക്കിന് വ്യാഖ്യാനങ്ങള്‍ തിരുക്കുറളിന്റേതായുണ്ട്. ഏറ്റവും ഒടുവിലിറങ്ങിയ മീന കന്തസാമിയുടെ ആസക്തിയുടെ പുസ്തകം, തിരുക്കുറളിന്റെ മൂന്നാം ഭാഗമായ കാമത്തുപ്പാലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്. ആയിരക്കണക്കിന് പുരുഷന്മാര്‍ പരിഭാഷപ്പെടുത്തിയ ഈ ഭാഗത്തിന്റെ ആദ്യത്തെ സ്‌ത്രൈണ പരിഭാഷയാണ് മീന കന്തസാമിയുടെ ദ് ബുക്ക് ഓഫ് ഡിസൈയര്‍.
നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ ആദ്യഭാഗത്ത് വേളാങ്കണ്ണിയിലെ ലോഡ്ജില്‍ നിന്ന് വാടകയെല്ലാമൊടുക്കി മലയാളികളുടെ സംഘം തിരിച്ചു പോരുന്ന സമയത്ത് റിസപ്ഷന്റെ അടുത്ത് ചുമരില്‍ തിരുവള്ളുവറുടെ ചിത്രവും തിരുക്കുറളിലെ 339 ആമത് വരിയുമുണ്ട്. ഉറങ്കുവതു പോലാഞ് ചാക്കാടു ഉറങ്കി വിഴിപ്പതു പോലും പിറപ്പ് ഉറക്കത്തിലിരിക്കുന്നത് മരണം. ഉറക്കത്തിലിരുന്ന് എഴുന്നേല്ക്കുന്നത് ജനനം എന്നാണ് ഇതിന്റെ വാച്യാര്‍ത്ഥം. ജനനവും മരണവും ലോകത്ത് നിത്യസാധാരണം. അത് രണ്ടും ഒഴിവാക്കാനാവാത്തതാണ്. അതു രണ്ടും ഉറങ്ങുന്നതും എഴുന്നേല്ക്കുന്നതും പോലെ ലളിതമായ കാര്യങ്ങള്‍. അതു കൊണ്ട് ഇവിടെ എല്ലാവരും എല്ലാക്കാലത്തും ഉണ്ടാകുമെന്ന് കരുതരുത് എന്നാണ് ഈ വരികളുടെ ഒരു വ്യാഖ്യാനം. തമിഴ് നാട്ടിലും പുറത്തും കേരളത്തില്‍ പോലും സുപരിചിതമായ തിരുക്കുറള്‍, പക്ഷേ കേട്ടിട്ടേ ഇല്ലാത്ത ഒന്നായിട്ടാണ് ജെയിംസ്(മമ്മൂട്ടി) കണക്കാക്കുന്നത്. അത് സാമാന്യ മലയാളിയുടെ അശ്രദ്ധാപരമായ അജ്ഞത (ഇഗ്നറന്‍സ്) ആണെന്നു സ്പഷ്ടം. മാത്രമല്ല, തിരുക്കുറള്‍ എന്നത് നാടകത്തിനു പറ്റിയ പേരാണെന്നും ജെയിംസ് പറയുന്നു. തിരുക്കുറള്‍ വരി വായിച്ചുകൊടുക്കുകയും കുശലാന്വേഷണം തുടരുകയും ചെയ്യുന്ന മാനേജര്‍ പക്ഷെ ഇതിനെയൊക്കെ തീരെ സാധാരണമായി എടുക്കുന്നു. അതായത്, വായനയിലൂടെയും ജ്ഞാനത്തിലൂടെയും എത്തേണ്ട പരിപാകത അയാള്‍ക്കുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അങ്ങിനെയും തിരുക്കുറള്‍ സാധൂകരിക്കപ്പെടുന്നു. തിരുവള്ളുവറിന്റെ പടം കണ്ട്, ഇങ്ങോരുടെ പ്രതിമ കന്യാകുമാരിയിലുണ്ടെന്നും അവിടെ സുനാമി അടിച്ചെന്നും ജയിംസ് ജനറല്‍ നോളജ് വിളമ്പുന്നു. അതുക്കുമേലെ ഒരലൈയും വരാത്. എന്നാണ് മാനേജര്‍ ഉടനെ പ്രതികരിക്കുന്നത്. അതായത്, തിരുവള്ളുവരുടെ ഉയരം വാനോളമോ അതുക്കും മേലേയോ ആണെന്നും അതിനു മേലെ തിരമാലകളോ മറ്റോ ഒന്നും അടിക്കില്ലെന്നുമാണ് അദ്ദേഹം തറപ്പിച്ചു പറയുന്നത്.
(അനുബന്ധം: ഇത്രയുമായ സ്ഥിതിയ്ക്ക് ജയിംസിന് ഒരു ജനറല്‍ നോളജ് വാചകം കൂടി കാച്ചാമായിരുന്നു. ഓ തിരുവള്ളുവര്‍. ഇന്താളുടെ ഒരു ബസ് സര്‍വീസ് ഓടിയിരുന്നു. ഇപ്പോ കാണാനില്ല. അതോടെ തമിഴന്‍ മാനേജര്‍ ഫ്‌ളാറ്റാവും. തമിഴ്‌നാട് സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട് ബസ്സുകള്‍ മുമ്പ് പല പേരിലുള്ള കോര്‍പ്പറേഷനുകളായാണ് പ്രവര്‍ത്തിച്ചിരുന്നത്. ചേരന്‍(കൊവൈ), പാണ്ഡ്യന്‍(മധുരൈ), പല്ലവന്‍(മദ്രാസ്), നേശമണി(കന്യാകുമാരി), ജീവ(ഈറോഡ്) എന്നിങ്ങനെ. അക്കാലത്തെ എക്‌സ്പ്രസ്സ് ബസ്സുകളുടെ മാത്രം കോര്‍പ്പറേഷനായിരുന്നു, തിരുവള്ളുവര്‍. മുഖ്യ നഗരങ്ങളില്‍ ഈ ബസ്സുകള്‍ക്കു മാത്രമായി പ്രത്യേക ബസ് സ്റ്റാന്റുകള്‍ തന്നെ ഉണ്ടാവും. കോയമ്പത്തൂരില്‍, ഗാന്ധിപുരത്ത് സാധാരണ ബസ് സ്റ്റാന്റും ടൗണ്‍ ബസ് സ്റ്റാന്റും കൂടാതെ തിരുവള്ളുവര്‍ ബസ് സ്റ്റാന്റും ഉണ്ട്. അവിടന്നാണ് എക്‌സ്പ്രസ്സ് ബസ്സുകള്‍ ഇപ്പോഴും ഓപ്പറേറ്റ് ചെയ്യുന്നത്.) --
നന്‍പകല്‍ നേരത്ത് മയക്കം ഇഗ്നൊറന്‍സിനെക്കുറിച്ചുള്ള സിനിമ കൂടിയാണ്. നമ്മളെന്താണ് മറന്നു പോകുന്നത്, ആരെയാണ് മറന്നു പോകുന്നത് അല്ലെങ്കില്‍ ഓര്‍ത്തെടുക്കുന്നത് എന്നെല്ലാമുള്ള തത്വചിന്താപരമായ ചോദ്യങ്ങള്‍ പറയാതെ പറയുന്ന ആഖ്യാനത്തിലേയ്ക്ക് കണ്‍തുറപ്പിക്കുന്ന വരികളാണ് തിരുക്കുറളില്‍ നിന്നെടുത്ത് ആ ലോഡ്ജ് റിസപ്ഷനില്‍ എഴുതിയിരിക്കുന്നത്. അഥവാ അവിടെ മുമ്പേ എഴുതിയിട്ടുണ്ടാവുമായിരുന്ന ആ വരികളില്‍ നിന്ന് ആഖ്യാനവുമായി നിര്‍മ്മിക്കുന്ന പാരസ്പര്യമാണ് സിനിമയുടെ ബലങ്ങളിലൊന്ന്. ജി പി രാമചന്ദ്രൻ

No comments: