Thursday, October 28, 2010

ഭീകരന്മാരെ ഉണ്ടാക്കുന്നതെങ്ങനെ? ഇല്ലാതാക്കുന്നതെങ്ങനെ?

മുസ്ളിമിങ്ങളെ അപരവത്ക്കരിക്കുന്ന മലയാള സിനിമയുടെ പതിവു രീതി പൂര്‍വ്വാധികം ശക്തിയായി തുടരുന്നു എന്നതിന്റെ തെളിവാണ് പുതിയ ഹിറ്റു സിനിമയായ അന്‍വര്‍. മഹാരാഷ്ട്രയിലെ നാന്ദെദിലും പര്‍ഭാനിയിലും മലെഗാവിലും, തമിഴ് നാടിലെ തെങ്കാശിയിലും, ഹൈദരാബാദിലെ മെക്കാ മസ്ജിദിലും, രാജസ്ഥാനിലെ അജ്മീരിലും, യു പിയിലെ കാണ്‍പൂരിലും, മധ്യപ്രദേശിലെ ഭോപാലിലും, സംഝോത എക്സ്പ്രസിലും നടത്തിയ ബോംബു സ്ഫോടനങ്ങള്‍, നടന്ന കാലത്ത് മുസ്ളിം ഭീകരരുടെ ചിലവിലാണ് എഴുതിവെച്ചതെങ്കിലും; പിന്നീട് സംഘ പരിവാര്‍ ഭീകരരാണ് ഇവ നടത്തിയത് എന്നു തെളിയുകയുണ്ടായി. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കേസായ മലെഗാവ് പുറത്തു കൊണ്ടു വന്ന ഹേമന്ത് കാര്‍ക്കറെ മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെടുകയും ചെയ്തു. അതിന്റെ ദുരൂഹത ഏ ആര്‍ ആന്തുലെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വരെ ചോദ്യം ചെയ്തിട്ടും ചര്‍ച്ചകള്‍ അടഞ്ഞു പോയി. മുസ്ളിം എന്ന മതവും, ഭീകരവാദം എന്ന രാഷ്ട്രീയ-ക്രമസമാധാന-സങ്കീര്‍ണ പ്രശ്നവും തമ്മില്‍ മുറിച്ചു മാറ്റാനാവാത്ത വിധത്തിലുള്ള ബന്ധമുണ്ടെന്നു സ്ഥാപിക്കുന്നതില്‍ മുഖ്യാധാരാ മാധ്യമങ്ങളും ഭരണകൂടവും മത്സരിക്കുകയാണ്. ആ മത്സരത്തിന്റെ കച്ചവട ലാഭം കൊയ്തെടുക്കാനാണ് അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍ എന്ന സിനിമയും ശ്രമിക്കുന്നത്. പുതിയ ബോട്ടിലില്‍ പഴകിയ പഴങ്കഞ്ഞി.

പുതിയ സൂപ്പര്‍ സ്റ്റാറായി വേഷമണിയാന്‍ പോകുന്ന പൃഥ്വിരാജിന് മലബാര്‍ കീഴടക്കാനാവുമോ എന്നു തെളിയുന്ന ചിത്രമായിരിക്കും അന്‍വര്‍ എന്നാണ് വ്യവസായം ഉറ്റുനോക്കുന്നതത്രെ. കേരളത്തിലെ സിനിമാ വാണിജ്യത്തില്‍ തിരുവിതാംകൂറിന് 30 ശതമാനവും കൊച്ചിക്ക് 25 ശതമാനവും ആണ് പങ്കെങ്കില്‍ മലബാറിന്റേത് 45 ശതമാനമാണ്. തലശ്ശേരിയിലും കോഴിക്കോട്ടും മഞ്ചേരിയിലും പടം കളക്റ്റ് ചെയ്തില്ലെങ്കില്‍ ആ പടം പൊട്ടുമെന്നാണ് കണക്കു കൂട്ടല്‍. കഴിഞ്ഞ രണ്ടു സീസണുകളിലും ഓണം എന്ന കൂറ്റന്‍ റിലീസ് കാലം റമദാന്‍ നോമ്പു കാലത്തായതിനാല്‍ സിനിമക്കാര്‍ക്ക് പഞ്ഞകാലമായി മാറിയത്; മലബാറിലെ ജനതക്ക് വിശിഷ്യാ മുസ്ളിമിങ്ങള്‍ക്ക് മലയാള സിനിമയുടെ ഉപഭോക്താക്കളില്‍ വലിയൊരു പ്രാതിനിധ്യമുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്. മമ്മൂട്ടിയും മോഹന്‍ ലാലും തിരുക്കൊച്ചിയെന്നതു പോലെ ഈ മേഖലകളിലും സ്വാധീനം ഉറപ്പിച്ചെടുത്താണ് സൂപ്പര്‍ സ്റാര്‍ പട്ടം കയറിയിട്ടുള്ളത്. 'കറ കളഞ്ഞ' ഒരു മുസ്ളിം സബ്‌ജക്ടുമായി പൃഥ്വിരാജിനെ അന്‍വറാക്കി അവതരിപ്പിച്ചിരിക്കുന്നത് മലബാര്‍ വെട്ടിപ്പിടിക്കാന്‍ കൂടിയാണെന്നും വേണമെങ്കില്‍ കരുതാവുന്നതാണ്. അങ്ങിനെ നോക്കുമ്പോള്‍ മുസ്ളിങ്ങളെ തന്നെ കാണിയും ആസ്വാദകനും ആരാധകനും ആക്കി മാറ്റിക്കൊണ്ട് മുസ്ളിം വിരുദ്ധ ഇതിവൃത്തങ്ങള്‍ ആഖ്യാനം ചെയ്യുന്നതിലുള്ള മലയാള സിനിമയുടെ വിരുത് എന്ന പ്രക്രിയ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടി വരും.

കോയമ്പത്തൂര്‍ സ്ഫോടനം ഏര്‍പ്പാടു ചെയ്ത ബാബു സേട്ട് (ലാല്‍ അഭിനയിക്കുന്നു) എന്ന പണച്ചാക്കാണ് അന്‍വറിലെ പ്രധാന വില്ലന്‍. ഇയാള്‍ക്ക് മഅ്ദനിയുമായി ഒരു ബന്ധവുമില്ല എന്നു തോന്നിപ്പിക്കുന്നതിനു വേണ്ടി, ഇയാളെ പണക്കാരനാക്കിയിരിക്കുന്നു; ഇയാള്‍ക്ക് രണ്ടു കാലുകളുമുണ്ട്; ഇയാള്‍ കല്യാണം കഴിച്ചതായി കാണിക്കുന്നില്ല; ഇയാള്‍ ഫോര്‍ട്ട് കൊച്ചിക്കാരനാണ് എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ എടുത്തു കാണിക്കുന്നുണ്ട്. മാത്രമല്ല, ബാബു സേട്ടിന് കേസില്‍ ജാമ്യം ലഭിക്കുന്നുമുണ്ട്. (അച്ഛന്‍ പത്തായത്തിലുമില്ല എന്ന് പറയുന്നതു പോലെ, ബാബു സേട്ട് എന്ന കഥാപാത്രം മഅ്ദനിയെ ഉദ്ദേശിച്ചുണ്ടാക്കിയ കഥാപാത്രമേ അല്ല എന്ന് തറപ്പിച്ചും ഉറപ്പിച്ചും സ്ഥാപിച്ചിരിക്കുന്നു!). ബംഗ്ളാദേശില്‍ നിന്നും നേപ്പാള്‍ വഴി ഇന്ത്യയിലെത്തിക്കുന്ന അന്താരാഷ്ട്ര ഭീകരരിലൂടെ രാജ്യം കുട്ടിച്ചോറാക്കുക എന്നതാണ് ഇയാളുടെയും കൂട്ടരുടെയും പദ്ധതി. കോയമ്പത്തൂര്‍ സ്ഫോടനം നടന്ന തുണിക്കടയില്‍ ഉമ്മയും ബാപ്പച്ചിയും പെങ്ങളും ദാരുണമായി മരണമടയുന്ന കാഴ്ച നേരില്‍ കാണുന്നതിലൂടെയാണ് അന്‍വര്‍ മറ്റേതൊരു സിനിമാക്കഥയിലുമെന്നതു പോലെ പ്രതികാര മൂര്‍ത്തിയായി പരിണമിക്കുന്നത്. ഈ പ്രതികാരം മനസ്സിലാക്കുന്ന സ്റ്റാലിന്‍ മണിമാരന്‍ (പ്രകാശ് രാജ്) എന്ന ആന്റി ടെററിസ്റ്റ് സ്ക്വാഡ് തലവന്‍ അന്‍വറിനെ ഏജന്റായി റിക്രൂട്ട് ചെയ്യുന്നു. കെട്ടിച്ചമച്ചുണ്ടാക്കിയ ഹവാലക്കേസില്‍ പിടിക്കപ്പെട്ട് ജയിലിലെത്തുന്ന അന്‍വര്‍ അവിടെ വെച്ച് ബാബു സേട്ടിന്റെ പ്രീതി പിടിച്ചു പറ്റുന്നു. പിന്നീട് പുറത്തെത്തുന്ന അവര്‍ രണ്ടു പേരും സഹായികളോടൊപ്പം ചേര്‍ന്ന് കളക്ടറേറ്റിലും ഫോര്‍ട്ട് കൊച്ചിയിലെ നഗരഹൃദയത്തിലും ബോംബു വെക്കുന്നു. അതിനെ തുടര്‍ന്ന് മുംബൈയെ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര ഭീകരരെ ഇറക്കുമതി ചെയ്യുന്നു. അവരെ ഓരോരുത്തരെയായി നിഷ്പ്രയാസം വെടിവെച്ചു കൊന്നതിനു ശേഷം ബാബു സേട്ടിനെയും കൊന്ന് കാമുകിയോടൊത്ത് അന്ത്യ സീനില്‍ ആടിപ്പാടി ഉല്ലസിക്കുന്ന നായകന്റെ വിജയത്തോടെ സിനിമ സമാപിക്കുകയും ചെയ്യുന്നു.


മുസ്ളിമിങ്ങള്‍ രാജ്യ സ്നേഹം പ്രകടിപ്പിക്കുന്നതിനും അരക്കിട്ടുറപ്പിക്കുന്നതിനും വേണ്ടി ഭരണകൂടത്തിന്റെയും പോലീസിന്റെയും പട്ടാളത്തിന്റെയും മറ്റും ഏജന്റായി പ്രവര്‍ത്തിച്ച് നിലവിലുള്ള മുസ്ളിം ഭീകരത എന്ന പ്രതിഭാസത്തെ ഇല്ലാതാക്കണമെന്ന ഷോര്‍ട്ട് കട്ട് മാര്‍ഗമാണ് സിനിമ നിര്‍ദ്ദേശിക്കുന്നത്. ജെഫ്രി നാഷ്മനോഫ് സംവിധാനം ചെയ്ത ദി ട്രെയ്റ്റര്‍(2008/വഞ്ചകന്‍) എന്ന ഹോളിവുഡ് ചിത്രം കോപ്പിയടിച്ചതാണ് അന്‍വര്‍ എന്ന് വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നു. അറബി സംസാരിക്കുന്ന സുഡാനിയായ സാമിര്‍ ഹോണ്‍ ആണ് ട്രെയിറ്ററിലെ മുഖ്യ കഥാപാത്രം. ഇയാളുടെ പിതാവ് ഒരു കാര്‍ ബോംബു സ്ഫോടനത്തിലാണ് കൊല്ലപ്പെടുന്നത്. ഉമര്‍ എന്ന ആയുധ വ്യാപാരിയുമായി ജയിലില്‍ വെച്ച് ലോഹ്യത്തിലാവുന്ന സാമിര്‍ പിന്നീട് അമേരിക്കന്‍ രഹസ്യ സേനക്കു വേണ്ടി ഏജന്റായി പണിയെടുത്ത് ഭീകരവാദത്തെ നിഷ്പ്രയാസം ഇല്ലായ്മ ചെയ്യുന്നതാണ് കഥയിലുള്ളത്. ഒരു നിരപരാധിയെ കൊല്ലുന്നത്, മാനവരാശിയെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണെന്നും; ഒരു നിരപരാധിയെ രക്ഷപ്പെടുത്തുന്നത് മാനവരാശിയെ മുഴുവനായി രക്ഷപ്പെടുത്തുന്നതിനു തുല്യമാണെന്നും വിശുദ്ധ ഖുര്‍ആനിനെ ഉദ്ധരിച്ചുകൊണ്ട് ട്രെയിറ്ററിന്റെ ശില്‍പികള്‍ തങ്ങളുടെ കഥയെയും ആഖ്യാനത്തെ പവിത്രവത്ക്കരിക്കുന്നുണ്ട്. ഈ വാചകങ്ങള്‍ തന്നെയാണ് അന്‍വറിന്റെ ആരംഭത്തില്‍ തിരശ്ശീലയില്‍ എഴുതിക്കാണിക്കുന്നതും.

ചുരുക്കത്തില്‍ എന്താണ്, അന്‍വര്‍ പുറപ്പെടുവിക്കുന്ന സന്ദേശം? എല്ലാ മുസ്ളിങ്ങളും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ളിങ്ങളാണ് എന്ന ഭരണകൂടങ്ങളുടെയും സാമ്രാജ്യത്വത്തിന്റെയും ഫാസിസ്റ്റുകളുടെയും ആശയത്തെ സിനിമ നഗ്നമായി പിന്തുണക്കുന്നു. ആ ആരോപണത്തിന്റെ പുകമറയില്‍ നിന്ന് മുസ്ളിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരു എളുപ്പവഴിയും സിനിമ നിര്‍ദ്ദേശിക്കുന്നു. ഒറ്റുകാരനാവുക എന്നതാണ് ആ പോംവഴി. ഇന്റലിജന്‍സുകാര്‍ റിക്രൂട്ട് ചെയ്തെടുക്കുന്ന ഭീകരവേഷധാരികള്‍ യഥാര്‍ത്ഥ ഭീകരരുമായി ഇടകലരുന്നു എന്ന യാഥാര്‍ത്ഥ്യം മുഖ്യധാരക്കാരും അംഗീകരിക്കുന്നുവെന്നതാണ് ഇതു പോലൊരു സിനിമയും അറിയാതെ വെളിപ്പെടുത്തുന്ന കാര്യം. അപ്പോള്‍ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പല ഭീകരപ്രവൃത്തികളും ബോംബു സ്ഫോടനങ്ങളും ആരാണ് ആസൂത്രണം ചെയ്തത്?, ആരാണ് നടപ്പിലാക്കിയത്? ആര്‍ക്കാണതിന്റെ ഉത്തരവാദിത്തം? ഇത്തരക്കാരെ റിക്രൂട്ട് ചെയ്തവര്‍ മാറ്റിപ്പറയുകയോ മരിക്കുകയോ ചെയ്യുന്നതോടെ ഈ വേഷധാരികളെ ഭീകരരായി ചിത്രീകരിക്കാനും വ്യാജ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കാനും എളുപ്പവുമായി. അങ്ങിനെ നടക്കുന്ന പലതരം സങ്കീര്‍ണ സത്യങ്ങളെ ഭരണകൂട വ്യാഖ്യാനങ്ങളിലൂടെ മാത്രം സമീപിക്കേണ്ട ഗതികേടിലാണ് പൊതുജനം. അത്തരം മറു യാഥാര്‍ത്ഥ്യങ്ങളിലേക്കും ആലോചന കടന്നു ചെല്ലേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനെങ്കിലും അന്‍വറിന്റെ കാഴ്ച ഉപകാരപ്പെട്ടു എന്നത് രേഖപ്പെടുത്താതിരിക്കുന്നുമില്ല.

Wednesday, October 20, 2010

ചലനാത്മകതയും വൈകാരികതയും - രാഷ്ട്ര പുനര്‍നിര്‍മാണത്തിന്റെ സാഹസികയുക്തികള്‍

വിവാദങ്ങള്‍ അഴിച്ചു വിട്ട അധോലോകം(അണ്ടര്‍ഗ്രൌണ്ട്/കാനില്‍ പാം ദ ഓര്‍ നേടി/1995) എന്ന പാട്ടും ആട്ടവും കുടിയും രക്തച്ചൊരിച്ചിലും നിറയുന്ന മൂന്നു മണിക്കൂര്‍ ചിത്രത്തിലൂടെ യുഗോസ്ളാവിയയുടെ അമ്പതു വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തിയതിനു ശേഷം; തമാശകളും നാടോടിക്കഥകളും വര്‍ണങ്ങളും ഭ്രാന്തും കൂട്ടിക്കലര്‍ത്തി എമിര്‍ കുസ്തുറിക്ക സംവിധാനം ചെയ്ത കറുത്ത പൂച്ച, വെളുത്ത പൂച്ച(ബ്ളാക്ക് കാറ്റ്, വൈറ്റ് കാറ്റ്/1998/ഫ്രാന്‍സ്, ജര്‍മനി, യുഗോസ്ളാവിയയെന്ന് ഒരിക്കല്‍ അറിയപ്പെട്ടിരുന്ന പ്രദേശം) വെനീസ് മേളയില്‍ സംവിധാനത്തിനുള്ള വെള്ളി മെഡല്‍ നേടുകയും ലോകത്തെമ്പാടുമുള്ള കുസ്തുറിക്ക ആരാധകരെ ഹരം കൊള്ളിക്കുകയും ചെയ്തു. നിരാശാജനകമായ യാഥാര്‍ത്ഥ്യത്തിന്റെ പകരവും അപരവുമായി അതിഭാവുകത്വപരവും പരിഹാസ്യവുമായ നര്‍മത്തെ നിറക്കുകയാണ് കുസ്തുറിക്ക ചെയ്യുന്നത്. ബാള്‍ക്കനൈസേഷന്‍ എന്ന രാഷ്ട്ര-സമൂഹ-മാനവികതാ ശിഥിലീകരണ പ്രവണതയുടെ മധ്യത്തില്‍ ജീവിക്കുകയും ചലച്ചിത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന കുസ്തുറിക്ക; ആന്തരികവും ബാഹ്യവുമായ നശീകരണത്തെയാണ് സര്‍ഗാത്മകവും വിഭ്രാന്തവുമായ അവതരണം കൊണ്ട് അനന്തവും അസ്പഷ്ടവുമായ രാഷ്ട്ര പുനര്‍ നിര്‍മാണ സ്വപ്നമായി പുനക്രമീകരിക്കുന്നത്.

ദനൂബെ നദിക്കരയിലെ താല്‍ക്കാലിക ടെന്റുകളില്‍ താമസമാക്കിയ ജിപ്സികളാണ് കഥാപാത്രങ്ങള്‍. ജീവനോപാധിയായി കള്ളക്കടത്തും അധോലോക പ്രവര്‍ത്തനങ്ങളും നടത്തുന്ന ഇവരുടെ ധനവിനിമയം ഡച്ച് മാര്‍ക്കാണെന്നത് അര്‍ത്ഥഗര്‍ഭമായ രാഷ്ട്രീയ സൂചനയാണ്. കുടുംബങ്ങള്‍, തട്ടിപ്പുകള്‍, വിശ്വാസങ്ങള്‍, സൌഹൃദങ്ങള്‍ എന്നീ അടിസ്ഥാന ഘടകങ്ങള്‍ കൊണ്ട് മായികവും ഒരര്‍ത്ഥത്തില്‍ അന്തസ്സാരശൂന്യവുമായ ഒരു ഇതിവൃത്തം അഥവാ ഇതിവൃത്ത രാഹിത്യം രൂപീകരിക്കുകയാണ് കുസ്തുറിക്ക ചെയ്യുന്നത്. ആഘോഷാ(കാര്‍ണിവല്‍)ത്മകമായ അസംബന്ധമായി നീണ്ടുകിടക്കുന്ന കഥാഗതി, ഘടനയെ മൂടി നില്‍ക്കുന്ന രാഷ്ട്രീയ പരിസരത്തെ നിരന്തരം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നദിക്കരയിലെ ടെന്റുകള്‍ മാത്രമല്ല, അധോലോക രാജാവായ ഗാര്‍ഗ പിറ്റിക്കിന്റെ പഴയ കൊട്ടാരം വരെ തീര്‍ത്തും ഇടിഞ്ഞു പൊളിഞ്ഞതാണെങ്കില്‍, കാടിന്റെയും നദിയുടെയും ദൃശ്യങ്ങളില്‍ ഊഷ്മളത നിറയുന്നു. നാഗരികതകളുടെ അര്‍ത്ഥശൂന്യതയും പ്രാകൃതികതയുടെ സൌന്ദര്യ കല്‍പനകളുമായിരിക്കണം കുസ്തുറിക്ക സെര്‍ബിയയുടെ ശിഥിലതയിലിരുന്ന് ഭാവന ചെയ്യുന്നത്.



മോഷണങ്ങളും കള്ളക്കടത്തു കരാറുകളിലെ ചതികളും ഭീഷണികളും വെടിവെപ്പുകളും കല്യാണങ്ങളും മരണങ്ങളും ഉയിര്‍ത്തെഴുന്നേല്‍പ്പുകളും വിരുന്നുകളും എല്ലാം കൂടിക്കുഴയുന്ന ഊര്‍ജ്ജസ്വലമായ ആഖ്യാനം കാണികളുടെ സിരകളിലേക്ക് പ്രവഹിക്കുകയാണ് ചെയ്യുന്നത്. ഗാര്‍ഗ പിറ്റിക്കില്‍ നിന്ന് കടം വാങ്ങി കുറെയധികം പെട്രോള്‍ ബോഗികള്‍ കടത്തിയെടുക്കാനായിരുന്നു മാത്ക്കോയുടെ പദ്ധതി. ഈ കച്ചവടത്തില്‍ പങ്കാളി ചമഞ്ഞ് യുദ്ധക്രിമിനലായ ദാദന്‍ മാത്ക്കോയെ വഞ്ചിക്കുന്നു. യുദ്ധക്രിമിനല്‍ പോലുള്ള കഥാപാത്രങ്ങളെ സെര്‍ബിയയില്‍ ഇഷ്ടം പോലെ ലഭ്യമാണ്. മാത്ക്കോ വിഡ്ഢിയായതുകൊണ്ട് അവന്റെ മകന്‍ സാറെയെക്കൊണ്ട് തന്റെ കുള്ളത്തിയായ സഹോദരി അഫ്രോദിത്തയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുകയാണ് ദാദന്‍. സാറെക്കാകട്ടെ സുന്ദരിയായ ബാര്‍ ഗേള്‍ ഇദയെയാണിഷ്ടം. വിവാഹവും മരണങ്ങളും കൂടിക്കുഴയുന്നതിനിടെ സാറെക്ക് ഇദയെത്തന്നെ ലഭിക്കുന്നു; ദാദന്‍ കക്കൂസുകുഴിയിലാവുകയും ചെയ്യുന്നു. ഇപ്രകാരമുള്ള അസംബന്ധ കഥയുടെ അര്‍ത്ഥാനര്‍ത്ഥങ്ങള്‍ തിരയുന്നതിനു പകരം, കാഴ്ചയുടെ ആഹ്ളാദസൃഷ്ടിക്കു പിറകിലുള്ള സാമൂഹികയാഥാര്‍ത്ഥ്യത്തെ അന്വേഷിക്കുകയായിരിക്കും നല്ലത്. കാറിന്റെ ബോഡി തിന്നുന്ന പന്നിയും മരക്കുറ്റിക്കുള്ളില്‍ ഒളിച്ച് രക്ഷപ്പെടുന്ന കുള്ളത്തിയും സൂര്യകാന്തി തോട്ടത്തില്‍ വെച്ച് രതിയിലേര്‍പ്പെടുന്ന കമിതാക്കളും കാസാബ്ളാങ്കയുടെ അവസാന ഭാഗം വീണ്ടും വീണ്ടും കാണുന്ന ജിപ്സി രാജാവുമെല്ലാം അസംബന്ധ സൃഷ്ടിയില്‍ കുസ്തുറിക്കയുടെ മികവിനെയാണ് പ്രത്യക്ഷപ്പെടുത്തുന്നത്. പലായനമാണ് പഴയ യുഗോസ്ളാവിയയിലെ ഏക പോംവഴി എന്ന ആഹ്ളാദകരമായ സമാപനമാണ്(ഹാപ്പി എന്റിംഗ്) ബ്ളാക്ക് കാറ്റ് വൈറ്റ് കാറ്റിനുള്ളത്.

കാനില്‍ പാം ദ ഓര്‍ രണ്ടു തവണ നേടിയ മൂന്നു ചലച്ചിത്രകാര•ാരിലൊരാളാണ് എമിര്‍ കുസ്തുറിക്ക. ഡോക്കുമെന്ററി ശൈലിയുടെയും സര്‍ റിയലിസത്തിന്റെയും മിശ്രിതങ്ങളാണ് കുസ്തുറിക്കയുടെ രചനാരീതികളെ സവിശേഷമാക്കുന്നത്. തുറന്ന വെളിമ്പ്രദേശങ്ങള്‍, സാധാരണക്കാരായ നടീനടന്മാര്‍, കുഴപ്പം പിടിച്ച ഇതിവൃത്തങ്ങള്‍, സംഗീതത്തിന്റെയും നൃത്തത്തിന്റെയും നിറസമൃദ്ധി, എന്നിങ്ങനെ സാഹസികമായ ചലച്ചിത്രാത്മകതയാണ് കുസ്തുറിക്കയില്‍ നിന്ന് ആസ്വാദകര്‍ പ്രതീക്ഷിക്കുന്നത്. സിനിമകള്‍ സംവിധാനം ചെയ്യുക എന്നത് അത്യന്തം അപകടകരമായ ഒരു ജോലിയാണെന്നാണെന്നദ്ദേഹം പറയുന്നത്. സിനിമാ ചിത്രീകരണ വേളയില്‍ ചലച്ചിത്രകാരന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രത്തില്‍ നിലയുറപ്പിക്കുന്നതു പോലെയുള്ള അനുഭവത്തിലൂടെ കടന്നു പോകുന്നു. അതേ സമയം സിനിമ എന്നത് ഒരു ചൂതാട്ടവുമാണ്; ഒരു തരം വികൃതി നിറഞ്ഞ തമാശ. വിധിയുമായുള്ള ഒരു മല്‍പ്പിടുത്തം എന്ന നിലക്കാണ് ഓരോ ഫ്രെയിമുകളും ചിട്ടപ്പെടുത്തുന്നത്. അതിനു വേണ്ടി വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഓരോ രശ്മിയും നാം നിയന്ത്രിച്ചുകൊണ്ടേ ഇരിക്കണം. ജീവിതത്തിന്റെയും കലയുടെയും ഏതൊക്കെ ഘടകങ്ങളുമായി നിങ്ങള്‍ ഒത്തു തീര്‍പ്പിലെത്തണം എന്ന ചോദ്യമാണ് ഏറ്റവും നിര്‍ണായകം. എന്തായാലും ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമാണ് എല്ലായ്പോഴും പ്രധാനം എന്ന് താന്‍ തിരിച്ചറിഞ്ഞതായി കുസ്തുറിക്ക മനസ്സിലാക്കുന്നു. ഗുര്‍ണിക്ക, അരിസോണ ഡ്രീം, മറഡോണ ഡോക്കുമെന്ററി എന്നിവയും അദ്ദേഹത്തിന്റെ പ്രസിദ്ധ സിനിമകളാണ്.

Tuesday, October 19, 2010

പിളര്‍ന്ന വിധിയും പിളര്‍ന്ന പ്രതികരണങ്ങളും

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട പ്രദേശം വീതിക്കുന്നതു സംബന്ധിച്ച് അലഹാബാദ് ഹൈക്കോടതിയുടെ ലക്നോ ബഞ്ച് സപ്തംബര്‍ 30ന് പുറപ്പെടുവിച്ച വിധിയോടുള്ള നാനാവിധമായ പ്രതികരണങ്ങള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞു. കേസിലെ പ്രധാന കക്ഷികളായ സുന്നി വഖഫ് ബോര്‍ഡും നിര്‍മോഹി അഖാരയും സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരിക്കെ ഈ വിധിയുടെ നടത്തിപ്പു സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് ആലോചിച്ച് തല പുകക്കേണ്ടതില്ല. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ, ഭരണഘടന, ജനാധിപത്യ-മതനിരപേക്ഷ ഭരണ സമ്പ്രദായം, സമാധാനപരമായ രാജ്യവാഴ്ച എന്നിവ തുടര്‍ന്നും ഉയര്‍ത്തിപ്പിടിക്കാനാവുന്നതും സുവ്യക്തവുമായ ഒരു വിധി ഉന്നത നീതിപീഠത്തില്‍ നിന്നുണ്ടാവുമെന്നാണ് സമാധാന വാദികള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട്, അലഹാബാദ് ഹൈക്കോടതിയുടെ വിധിയെക്കുറിച്ചല്ല ഈ കുറിപ്പില്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്. മറിച്ച്, ആ വിധി എപ്രകാരമാണ് ഇന്ത്യന്‍ സമൂഹം സ്വീകരിച്ചത് അഥവാ സ്വീകരിക്കാതിരുന്നത് എന്ന യാഥാര്‍ത്ഥ്യത്തെ അവലോകനം ചെയ്യാനാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

ഹിന്ദു സംഘടനകള്‍ ഈ വിധിയെ അത്യധികം ആഹ്ളാദത്തോടെ സ്വീകരിച്ചു. അതേ പാതയിലാണ് കോണ്‍ഗ്രസിനും പോകാന്‍ കഴിഞ്ഞത് എന്നത് മതേതരത്വത്തെ കണക്കിലെടുക്കാത്ത രാജ്യ വിരുദ്ധ ഉപജാപക സംഘങ്ങളുടെ കയ്യിലെ പാവ മാത്രമായി ആ മഹത്തായ ദേശീയ പ്രസ്ഥാനം അധ:പതിച്ചതു കൊണ്ടല്ലേ എന്നാണ് ജനാധിപത്യ വാദികള്‍ സംശയിക്കുന്നത്. കോണ്‍ഗ്രസുമായി അധികാരം പങ്കിടുന്നതില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് എന്തു ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുന്ന കാഴ്ച സഹതാപമര്‍ഹിക്കുന്നു. നിസ്സംഗനായി നോക്കിനിന്ന നരസിംഹറാവുവിനെ സാക്ഷി നിര്‍ത്തി ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍, കോണ്‍ഗ്രസുമായി ബന്ധം വിടര്‍ത്തിയ പാര്‍ടിയാണ് ഐ യു എം എല്‍. അവരുടെ ചരിത്രമെഴുതുകയും ചാനല്‍ ചര്‍ച്ചകളില്‍ ലീഗിന്റെ മാഹാത്മ്യം വിളമ്പുകയോ ചെയ്യുന്ന വിദഗ്ദ്ധരെല്ലാം തന്നെ ഈ ഘട്ടം പരാമര്‍ശിക്കാതെ വിടുകയാണ് പതിവ്. അതിലേക്ക് ചര്‍ച്ച നീണ്ടാല്‍, കോണ്‍ഗ്രസ് അന്നെടുത്തതും ഇപ്പോഴെടുക്കുന്നതുമായ നിലപാടുകള്‍ സൂക്ഷ്മമായി ചര്‍ച്ചക്കു വിധേയമാക്കേണ്ടി വരും. അത്, മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമായിരിക്കുമെന്നറിയാതിരിക്കാന്‍ മാത്രം വിഡ്ഢിത്തമൊന്നുമേതായാലും ലീഗ് ബുദ്ധിജീവികള്‍ പ്രകടിപ്പിക്കില്ല എന്നാര്‍ക്കാണറിയാത്തത്?

മുഖ്യധാരാ ദേശീയ കക്ഷികളില്‍ സി പി ഐ (എം) ആണ് വിധിയെ സംബന്ധിച്ച് സുവ്യക്തവും കൃത്യവുമായ നിലപാട് മുന്നോട്ടു വെച്ചത്. ഈ നിലപാട് മതേതര ജനാധിപത്യ വിശ്വാസികളില്‍ അനല്‍പമായ ആശ്വാസമാണ് പകര്‍ന്നു നല്‍കിയത്. ഒക്ടോബര്‍ 5ന് പാര്‍ടി പോളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഉണ്ടായിരുന്ന കാര്യങ്ങളിപ്രകാരമാണ്. വസ്തുതകള്‍ക്കും തെളിവുകള്‍ക്കും മീതെയായി മതവിശ്വാസത്തിനും അതോടനുബന്ധിച്ചുള്ള ധാരണകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒന്നാണ് വിധി. അപകടകരമായ കീഴ്വഴക്കങ്ങള്‍ക്ക് ഇത് വഴിവെച്ചേക്കാം. മസ്ജിദ് തകര്‍ത്ത അക്രമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ന്യായീകരണമായേക്കും. ചരിത്രത്തില്‍ സംഭവിച്ചത് സംഭവിച്ചത് തന്നെയാണ്, അത് തിരുത്താന്‍ കഴിയില്ല. ഇന്നത്തെ രാഷ്ട്രീയത്തിനെ ന്യായീകരിക്കാന്‍ വേണ്ടി ഭൂതകാലത്തെ മാറ്റിത്തീര്‍ക്കുവാന്‍ നമുക്കാവില്ല. ചരിത്രത്തോടുള്ള ബഹുമാനത്തെ തന്നെ ഈ കോടതി വിധി ഇല്ലാതാക്കിയിരിക്കുന്നു എന്ന് അസന്നിഗ്ദ്ധമായി അഭിപ്രായപ്പെട്ട റൊമീളാ ധാപ്പറും ഇര്‍ഫാന്‍ ഹബീബും കെ എന്‍ പണിക്കരും അടക്കമുള്ള ചരിത്രകാരന്മാരും വി ആര്‍ കൃഷ്ണയ്യര്‍ അടക്കമുള്ള നിയമജ്ഞരും എടുത്ത നിലപാടും ഏതാണ്ട് സമാനമാണ്. രാം പുനിയാനിയും ആനന്ദ് പട്വര്‍ദ്ധനും ശബ്നം ഹാശ്മിയും അടക്കമുള്ള സാസ്ക്കാരിക പ്രവര്‍ത്തകരും ഇതേ നിലപാടാണ് ഉയര്‍ത്തിപ്പിടിച്ചത്. രാഷ്ട്രീയ-ചരിത്ര വിജ്ഞാനീയ-നിയമ-സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും സംഘടനകളും ഇത്തരത്തില്‍ ഇന്ത്യയുടെ വൈവിധ്യവും മതനിരപേക്ഷ-ജനാധിപത്യ വ്യവസ്ഥയും ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് എടുത്തത് എന്നത് ഭാവിയെക്കുറിച്ചുള്ള ഒരു നല്ല സൂചനയായി കണക്കാക്കാം.

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതു സംബന്ധിച്ചന്വേഷിക്കുന്നതിനു വേണ്ടി രൂപീകരിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ നടത്തിയ സുപ്രധാനമായ ഒരു നീരീക്ഷണം, രാമക്ഷേത്ര നിര്‍മാണം ഉന്നം വെച്ചു കൊണ്ട് ഇന്ത്യയില്‍ ഉയര്‍ന്നു വന്ന പ്രസ്ഥാനം കേവലം രാഷ്ട്രീയ ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയതാണ് എന്നാണ്. അയോധ്യയിലും ഫൈസാബാദിലും പ്രാദേശികമായി ഒട്ടും വിലപ്പോവാത്ത ഒരാശയം നിരന്തരമായതും നാടകീയവുമായ പ്രകടനങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും രഥയാത്രകളിലൂടെയും രാജ്യത്താകമാനം പടര്‍ത്തിയെടുത്തു എന്നത് വിസ്മയകരവും തിരിഞ്ഞു നോക്കുമ്പോള്‍ നടുക്കമുണ്ടാക്കുന്നതുമായ ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്. എന്നാല്‍, നിക്ഷ്പക്ഷതയും അരാഷ്ട്രീയതയും പ്രകടിപ്പിക്കുന്നു എന്ന് നടിച്ചുകൊണ്ടുള്ള സെപ്തംബര്‍ 30ന്റെ അലഹാബാദ്/ലഖ്നോ വിധി തെളിവുകളെയും നിയമസംഹിതകളെയും കീഴ്വഴക്കങ്ങളെയും നിഷ്പ്രയാസം തള്ളിക്കളഞ്ഞിരിക്കുന്നു. അതായത്, രാമജന്മഭൂമി എന്നത് കേവലം ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു എന്ന തെളിഞ്ഞ യാഥാര്‍ത്ഥ്യത്തെ വിശ്വാസത്തിന്റെയും വിവാദമായ പുരാവസ്തു നിരീക്ഷണങ്ങളുടെയും പുറകിലൊളിപ്പിച്ച് ഇല്ലാതാക്കാനുള്ള ശ്രമവും ഈ വിധിയിലൂടെ നടത്തപ്പെടുന്നുണ്ട്. മാത്രമല്ല, വിശ്വഹിന്ദു പരിഷത് പോലെയോ രാമജന്മഭൂമി ന്യാസ് പോലെയോ ഉള്ള സംഘടനകള്‍ ഹിന്ദുമതത്തെ മുഴുവനായി പ്രതിനിധീകരിക്കുന്നു എന്ന് ഈ വിധിയിലൂടെ തോന്നലുണ്ടായിട്ടുണ്ട്. താലിബാന്‍ മുസ്ളിം മതത്തെയും കൂ ക്ളക്സ് ക്ളാന്‍ ക്രിസ്തു മതത്തെയും പ്രതിനിധീകരിക്കുന്നു എന്നു പറയുമ്പോലെയാണീ വാദവും. അയിത്തവും ജാതി പീഡനങ്ങളും സതിയും വംശഹത്യകളും അഭിമാനക്കൊലകളും 'ആത്മവിശുദ്ധി'യുടെ പേരില്‍ നാളെ സാധൂകരിക്കപ്പെട്ടേക്കാം! 1986ലാണ് ബാബരിമസ്ജിദ് രാമന്റെ ആരാധകര്‍ക്കായി അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ തുറന്നു കൊടുത്തത്. ഹിന്ദു തീവ്രവാദികളോടുള്ള ഈ സാന്ത്വന സമീപനം(അപ്പീസ്മെന്റ്) അവരെ കൂടുതല്‍ ആക്രാമകതയിലേക്കാണ് നയിച്ചത് എന്നത് 1992 വരെയുള്ള ചരിത്രം തന്നെ തെളിയിക്കുന്നു. 2010ലെ വിധിയിലുള്ള സാന്ത്വന സമീപനവും ഇത്തരത്തിലുള്ള മനോഭാവത്തിലേക്കാണ് നയിക്കുക എന്നതിന്റെ തെളിവാണ് 67 ഏക്രയും തങ്ങള്‍ക്ക് തന്നെ ലഭിക്കണമെന്ന വി എച്ച് പി യുടെ ആവശ്യം കാണിക്കുന്നത്.

സുപ്രീം കോടതിയുടെ വിധിക്കു വേണ്ടി കാത്തിരിക്കുക എന്ന മിതവാദപരവും, നീതിന്യായത്തിലും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ളതുമായ നിലപാടാണ് മുസ്ളിങ്ങളടക്കം രാജ്യത്തെ മുഴുവന്‍ ജനങ്ങളും കൈക്കൊള്ളേണ്ടത് എന്ന കാര്യത്തില്‍ സമാധാനവാദികള്‍ക്ക് യാതൊരു സംശയവുമില്ല. എന്നാല്‍, ചരിത്ര- രാഷ്ട്രീയ - നിയമ യാഥാര്‍ത്ഥ്യങ്ങളും വ്യാഖ്യാനങ്ങളും വിശദീകരിക്കുന്നതില്‍ നിന്ന് ഇതാരെയും തടയുന്നില്ല. അപ്രകാരമുള്ള വിശദീകരണങ്ങള്‍ ഇന്നത്തെ നിലക്ക് അത്യന്താപേക്ഷിതവുമാണ്. അവ ന്യൂനപക്ഷങ്ങളടക്കമുള്ള മുഴുവന്‍ ജനതയെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ള ഒരു വിശാലഭാവിയിലേക്ക് ഇന്ത്യയെ നയിക്കാന്‍ പ്രാപ്തമാക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം, വിഘടന-വിഭാഗീയ-തീവ്രവാദ കലുഷിതമായ ഒരു അന്തരീക്ഷത്തിലേക്ക് വൈദേശിക/ആഭ്യന്തര അധിനിവേശ വിരുദ്ധ സമരത്തെ ഏല്‍പ്പിക്കുന്ന വിധത്തിലുള്ള അതിഗുരുതരമായ ഒരു തെറ്റിലേക്ക് നാം നയിക്കപ്പെട്ടേക്കാം. അത് സംഭവിക്കാതിരിക്കട്ടെ.

Tuesday, October 5, 2010

യാഥാര്‍ത്ഥ്യത്തെ തിരഞ്ഞുപോകുമ്പോള്‍






ഇറ്റാലിയന്‍ മാസ്റ്ററായ മൈക്കലാഞ്ചലോ അന്തോണിയോണി അന്യവത്ക്കരണം അടിസ്ഥാന ആശയമാക്കിയെടുത്ത ചലച്ചിത്രത്രയത്തിലെ രണ്ടാമത്തെ ചിത്രമാണ് ല നോട്ടെ(1961-രാത്രി). ല അവെന്തുറ(1960-സാഹസിക പ്രവൃത്തി), ല എക്ളിസെ(1962-ഗ്രഹണം) എന്നിവയാണ് യഥാക്രമം ആദ്യത്തെയും അവസാനത്തെയും ചിത്രങ്ങള്‍. പതിനൊന്നാമത് ബെര്‍ലിന്‍ മേളയില്‍ ഗോള്‍ഡന്‍ ബെയര്‍ നേടിയ ല നോട്ടെയെ, വിഖ്യാത സംവിധായകനായ സ്റ്റാന്‍ലി കുബ്രിക്ക് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പത്തു ലോക സിനിമകളിലൊന്നായി കരുതുന്നു. 1960കളില്‍ സംഭവിച്ചതായി കണക്കാക്കപ്പെടുന്ന ഇമേജിന്റെ ഉദാരവത്ക്കരണത്തിനു ശേഷം; ഫാഷനെന്നതു പോലെ, നഗ്നതയും അന്തോണിയോണിയെ ത്രസിപ്പിച്ചിരുന്നു. ഉടുപ്പു കൊണ്ട് പൊതിഞ്ഞാലും നഗ്നശരീരത്തിനകത്തെ ആത്മാവിന്റെ സന്ത്രാസങ്ങളെ മൂടിവെക്കാനാവുമോ എന്ന പ്രശ്നമാണ് അദ്ദേഹത്തെ കുഴക്കിയിരുന്നത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തുറന്നുകാണിക്കപ്പെട്ട ഇമേജിനു പിറകില്‍ യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ അടുത്ത മറ്റൊരു ഇമേജുണ്ടെന്നും അതിനും പുറകില്‍ ഇനിയുമൊരു ഇമേജുണ്ടെന്നും അതിനും പുറകില്‍.... അങ്ങിനെ അനന്തമായി യാഥാര്‍ത്ഥ്യത്തെ തുറന്നുകാണിക്കാനുള്ള (വിഫല)ശ്രമങ്ങളായി ചലച്ചിത്രസങ്കല്‍പനം, നിര്‍മിതി, അവതരണം, കാഴ്ച, ആസ്വാദനം എന്നീ പ്രക്രിയകള്‍ പരിണമിക്കുന്ന സങ്കീര്‍ണ ആധുനികതയാണ് അന്തോണിയോണിയുടെ സിനിമകളുടെ ഭാവുകത്വം.

ഫെല്ലിനിയുടെ ലാ ഡോള്‍സ് വിറ്റയിലെ പാപ്പരാസിയെ അവിസ്മരണീയനാക്കിയ മാര്‍സെല്ലോ മസ്ത്രയോണിയാണ് ല നോട്ടെയിലെ നായകനായ ജോവാന്നിയെ അവതരിപ്പിക്കുന്നത്. നായികയായ ലിഡിയയുടെ വേഷം ജീന്‍ മോറെയും മറ്റൊരു പ്രധാന വേഷത്തില്‍ മോണിക്ക വിറ്റിയും അഭിനയിക്കുന്നു. നഗരാധുനികതയുടെ ചലച്ചിത്രകാരനായ അന്തോണിയോണി തന്റെ മറ്റു സിനിമകളിലെന്നതുപോലെ; ബഹുനില കെട്ടിടങ്ങള്‍, ആശുപത്രി, വിമാനങ്ങളുടെ മുരള്‍ച്ച, ട്രാഫിക്ക് ജാം, ആംബുലന്‍സുകളുടെയും ഫയര്‍ എഞ്ചിനുകളുടെയും ഹോണുകള്‍ എന്നിങ്ങനെയുള്ള അനുഭവങ്ങളെ അഭൂതപൂര്‍വ്വമായ രീതിയില്‍ പശ്ചാത്തലവത്ക്കരിക്കുന്നു. എന്നാല്‍, മനുഷ്യബന്ധങ്ങളില്‍ എങ്ങനെയാണ് വിള്ളലുകളും പുന:സംഘാടനങ്ങളും സംഭവിക്കുന്നത് എന്നതു തന്നെയാണ് ഈ സാധാരണത്വം/വൈചിത്ര്യം എന്ന സമസ്യയിലൂടെയും അദ്ദേഹം അന്വേഷിക്കുന്നത്. നിശാക്ളബ്ബുകളും പാര്‍ടികളും എത്രമേല്‍ വിരസമാണെന്ന് ഒരു പക്ഷെ ബുനുവലിന് ശേഷം വ്യക്തമായ രീതിയില്‍ സ്ഥാപിക്കുന്നത് അന്തോണിയോണിയാണ്.

മിലാന്‍ നഗരത്തില്‍ താമസിക്കുന്ന ജോവന്നി മധ്യവയസ്സു പിന്നിട്ട ഒരു പ്രശസ്ത എഴുത്തുകാരനാണ്. അയാളും ഭാര്യ ലിഡിയയും ചേര്‍ന്ന് മരണാസന്നനായി കിടക്കുന്ന സുഹൃത്ത് തോമാസിനെ കാണാന്‍ ആശുപത്രിയിലെത്തുമ്പോള്‍ തൊട്ടടുത്ത മുറിയിലുള്ള ചിത്തരോഗം ബാധിച്ച രോഗി ജോവന്നിയെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവളുടെ ചിത്തഭ്രമത്തെ തെറ്റിദ്ധരിക്കുന്ന അയാള്‍ക്ക്, താന്‍ എത്ര വലിയ സാഹിത്യകാരനും മനുഷ്യകഥാനുഗായിയും ആണെങ്കിലും മനുഷ്യന്‍ എന്ന അടിസ്ഥാന പ്രഹേളികയെ അനാവരണം ചെയ്യാന്‍ പലപ്പോഴും സാധിക്കുന്നില്ല എന്നു തെളിയിക്കുന്നതിനു വേണ്ടിയായിരിക്കുമോ ഈ ദൃശ്യം ചേര്‍ത്തിരിക്കുന്നത് എന്നറിയില്ല. തോമാസിന്റെ നിലയില്‍ ദു:ഖിതയാകുന്ന ലിഡിയ നഗരത്തില്‍ ചുറ്റിത്തിരിഞ്ഞ് ജോവാന്നിയും അവളും ഒന്നിച്ച കാലത്ത് അവര്‍ താമസിച്ചിരുന്ന റെയില്‍പ്പാളത്തിനരികിലെ വീടവശിഷ്ടങ്ങളില്‍ വെറുതെ ചുറ്റിത്തിരിയുന്നു. അപ്പാര്‍ട്മെന്റില്‍ തിരിച്ചെത്തുന്ന അവര്‍ അയാളുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനാഘോഷത്തില്‍ പങ്കെടുത്തതിനു ശേഷം ഒരു നിശാക്ളബ്ബിലെ കാബറെ കണ്ട് നേരം പോക്കുന്നു. അവിടെ നിന്ന് ധനികനും വ്യവസായിയുമായ ജെറാര്‍ദിനിയുടെ ധൂര്‍ത്തും പൊള്ളത്തരങ്ങളും നിറഞ്ഞ പാര്‍ടിയിലേക്ക് അവരെത്തുന്നു. അതിന് പോകേണ്ട എന്നു കരുതിയിരുന്നതാണവര്‍. അവിടെ വെച്ച് ജെറാര്‍ദിനിയുടെ മകള്‍ വാലന്റീനയുമായി ബന്ധം സ്ഥാപിക്കാന്‍ ജോവാന്നി ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ വഴുതിമാറിപ്പോകുന്നു. കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചുകൊണ്ട് ഈ ബന്ധം നടക്കുകയാണെങ്കില്‍ നടക്കട്ടെ എന്ന ഭാവത്തില്‍ ലിഡിയ മറ്റൊരു ആണ്‍ സുഹൃത്തുമായി സല്ലപിക്കുന്നുണ്ടെങ്കിലും അതും പരാജയപ്പെടുന്നു. എല്ലാ രാത്രിയുമെന്നതു പോലെ ആ രാത്രിയും പുലരുന്നു. വെളിച്ചം കീറുമ്പോള്‍, വിജനവും വിശാലവുമായ പാര്‍ക്കിലിരുന്ന് അയാള്‍ പണ്ടവള്‍ക്കെഴുതിയ ഒരു പ്രണയലേഖനം വായിക്കുകയാണവള്‍. അതാവട്ടെ അയാള്‍ക്കോര്‍ത്തെടുക്കാനുമാവുന്നില്ല. പ്രണയം തന്നെയാണ് എല്ലാത്തിനും ശേഷം നിലനില്‍ക്കുന്നതെന്ന് അവര്‍ പരസ്പരം തിരിച്ചറിയുമ്പോഴാണ് സിനിമ സമാപിക്കുന്നത്.


ബൂര്‍ഷ്വാസി അനുഭവിക്കുന്ന ശൂന്യതയും അന്യവത്ക്കരണവും ശരീര/മന: പീഡകളും ആണ് അന്തോണിയോണിയുടെ നഗരാഖ്യാനങ്ങളുടെ ഉള്ളടക്കം. കഥാപാത്രങ്ങളുടെ ശരീരചലനങ്ങളും സംഭാഷണങ്ങളും മാത്രമല്ല അദ്ദേഹത്തിന്റെ ആഖ്യാനത്തെ സവിശേഷമാക്കുന്നത്. കെട്ടിടങ്ങള്‍, അവക്കുള്ളിലും അവക്കിടയിലുമുള്ള ഇടനാഴികള്‍, നിഴലുകള്‍, അവയുടെ ഉയരങ്ങളും ആഴങ്ങളും ത്രിമാനങ്ങളും എന്നിങ്ങനെ മനുഷ്യനിര്‍മിതമായ ആധുനികപ്രകൃതിയുടെ സൂക്ഷ്മവും സ്ഥൂലവുമായ കാഴ്ചാപ്രതലങ്ങളിലൂടെ അര്‍ത്ഥവിന്യാസങ്ങളും പരികല്‍പനകളും രൂപീകരിച്ചെടുക്കുന്നത് വിസ്മയത്തോടെ മാത്രമേ കണ്ടിരിക്കാനാവുകയുള്ളൂ.

Friday, October 1, 2010

രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി

രാജ്യത്ത് കോളിളക്കമുണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഭയപ്പെട്ട ഒന്നായിരുന്നു ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം സംബന്ധിച്ച് ഇന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് പുറപ്പെടുവിച്ച വിധി. സസ്പെന്‍സുകള്‍ അവസാനിപ്പിച്ചുകൊണ്ട്, നാട്ടുമധ്യസ്ഥന്മാരുടെ രീതിയില്‍; ഭൂമിയുടെ ഉടമസ്ഥാവകാശം മൂന്നായി പിളര്‍ത്തി നല്‍കാന്‍ പറയുന്ന കോടതി വിധി രാഷ്ട്രത്തിന്റെ സമാധാനവും ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുമോ എന്ന് കാത്തിരുന്നു കാണാം. മാതൃത്വത്തെ സംബന്ധിച്ച തര്‍ക്കവുമായി വന്ന അമ്മമാര്‍ക്കായി കുട്ടിയുടെ ശരീരം തന്നെ പിളര്‍ത്തി നല്‍കാന്‍ ഉത്തരവിട്ട സോളമന്‍ രാജാവിന്റെ തീരുമാനത്തോടാണ് ഈ വിധിയെ ചില നിരീക്ഷകര്‍ ഉപമിച്ചത്. കുടുംബങ്ങള്‍ തമ്മിലോ അയല്‍പക്കങ്ങള്‍ തമ്മിലോ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ പഞ്ചായത്താക്കാന്‍ ചെയ്യാറുള്ള പൊടിക്കൈകളുടെ രൂപത്തിലുള്ള നിഗമനങ്ങളും വിധികളുമാണോ, ഇന്ത്യയിലുള്ളതു പോലെ വിശാലവും അതിഗംഭീരവുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീതിന്യായ സംവിധാനത്തില്‍ നിന്ന് ആധുനിക ലോകം പ്രതീക്ഷിക്കുന്നത്? കേവലം ഒരു വസ്തുവ്യവഹാരത്തര്‍ക്കത്തില്‍ തീര്‍പ്പ് പറയുക എന്നതിനു പകരം, ഒരു പാട് സമ്മര്‍ദ്ദങ്ങളും പ്രായോഗിക പ്രതിസന്ധികളും കോടതി നേരിട്ടിരുന്നു എന്ന് വ്യക്തമാണ്. എന്നാല്‍, നീതിന്യായ നിര്‍വഹണത്തിലുപരിയായി സമാധാന വാഴ്ചക്കാണ് കോടതി മുന്‍തൂക്കം കൊടുത്തിട്ടുള്ളതെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക-ചരിത്ര സാഹചര്യത്തെ വിപുലമായ അര്‍ത്ഥത്തില്‍ അതിനുള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന പ്രസക്തമായ പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഈ വിധിക്കു ശേഷവും ആര്‍ക്കും സാധ്യമാവുകയില്ല.

കോടതിയുടെ മുമ്പില്‍ ഉയര്‍ത്തപ്പെട്ട പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് തര്‍ക്കപ്രദേശമായ 2.77 ഏക്രയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണ് എന്നതായിരുന്നു. ഹിന്ദുസംഘടനകള്‍ക്കാണോ അതോ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള മുസ്ളിം സമുദായത്തിനാണോ? ഇത്തരമൊരു ചോദ്യത്തിനുത്തരം തേടുമ്പോള്‍, സിവില്‍ നിയമമനുസരിച്ച് ലഭ്യമായ തെളിവുകളും രേഖകളും പുരാവസ്തു ഗവേഷണത്തിലൂടെ ലഭ്യമായ നിരീക്ഷണങ്ങളും മാത്രം കണക്കിലെടുത്ത് നിഗമനത്തിലെത്തുന്നതിനു പകരം എല്ലാ സമുദായങ്ങളെയും കക്ഷികളെയും തൃപ്തിപ്പെടുത്തുന്ന ഒരു വിധിയിലെത്താനാണ് കോടതി ശ്രമിച്ചതെന്ന് കാണാം. അങ്ങിനെയെങ്കില്‍, സമാധാനകാംക്ഷികള്‍ക്ക് ഉന്നയിക്കാനുള്ള പ്രധാനപ്പെട്ട ചോദ്യം ഇതാണ്. 1992 ഡിസംബര്‍ ആറിന് ഇന്ത്യയിലെ ഭരണഘടന, സര്‍ക്കാര്‍ സംവിധാനം, അഖണ്ഡത, രാഷ്ട്ര നിര്‍മാണ പ്രക്രിയ എന്നിവ അട്ടിമറിക്കപ്പെട്ട സംഘപരിവാറിന്റെ ഫാസിസ്റ്റ് ചെയ്തിയെ ഒരളവു വരെയെങ്കിലും സാധൂകരിക്കുന്ന ഒരു വിധിയല്ലെ ഇപ്പോള്‍ കോടതി നടത്തിയിരിക്കുന്നത്? ഇത് ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ക്ക് യോജിച്ചതാണോ? തകര്‍ക്കപ്പെട്ട താഴികക്കുടങ്ങള്‍ക്കൊന്നിനു താഴെ തന്നെയായിരുന്നു രാമന്‍ ജനിച്ച സ്ഥലം എന്നൊക്കെ കോടതി അസന്ദിഗ്ദ്ധമായി നിരീക്ഷിക്കുന്നതായി പ്രാഥമിക വായനയില്‍ ബോധ്യപ്പെടുന്നുണ്ട്. ഹൈന്ദവ വിശ്വാസത്തെ കോടതി വിധി തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് ആര്‍ എസ് എസ്സിന്റെ പ്രാഥമിക പ്രതികരണം. ചരിത്രത്തെ പൌരാണികവത്ക്കരിക്കുകയും പുരാണത്തെ ചരിത്രവത്ക്കരിക്കുകയും വിശ്വാസത്തെ വസ്തുവത്ക്കരിക്കുകയും ചെയ്യുന്ന അപകടകരമായ ബാലന്‍സിംഗാണ് ഇതിലൂടെ പ്രവര്‍ത്തനക്ഷമമാകുന്നത്. ആധുനിക വിജ്ഞാനത്തിനും പൌരധര്‍മ്മത്തിനും ഭരണഘടനക്കും പിന്നെന്തു പ്രസക്തി?

ഭരണഘടനക്കും കോടതികള്‍ക്കും, വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പ്രശ്നത്തിലെന്തു കാര്യം എന്ന് ഇന്നലെ വരെയും ചോദിച്ചിരുന്ന സംഘപരിവാറുകാര്‍ ഝടുതിയില്‍ സംഘടിപ്പിച്ച കറുത്ത കുപ്പായവുമണിഞ്ഞ് കോടതി നടപടികള്‍ വ്യാഖ്യാനിക്കുകയും വിജയ ചിഹ്നം ഉയര്‍ത്തി നെഗളിക്കുകയും ചെയ്യുന്ന ജുഗുപ്സാവഹമായ കാഴ്ചകള്‍ ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലും സ്ഥാനം പിടിച്ചേക്കും. എന്നാല്‍, കോടതി വിധി തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന നിലപാടാണ് പൊതുവെ മുസ്ളിം ഭാഗത്തു നിന്നുള്ള കക്ഷികള്‍ എല്ലാ കാലത്തും എടുത്തു പോന്നിരുന്നത്. ഇപ്പോഴത്തെ വിധി വന്നപ്പോഴും സമാനമായ നിലപാടുകള്‍ തന്നെയാണ് കാണാന്‍ കഴിയുന്നത്. വിധിക്കു ശേഷമുള്ള ക്രമസമാധാന വാഴ്ചക്കും അതുകൊണ്ടു തന്നെ നന്ദി പറയേണ്ടത് മുസ്ളിം വിഭാഗത്തിനോടാണ്. എന്നാല്‍, മുസ്ളിം സമുദായത്തിന്റെ വികാരങ്ങള്‍ ഹനിക്കപ്പെട്ടിരിക്കുന്നു എന്ന പ്രതീതി ജനിക്കപ്പെടുകയും കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുള്ള വിശാല മതേതര ദേശീയ കക്ഷികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടുപോയേക്കാം. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ.


തങ്ങളുടെ തെരഞ്ഞെടുപ്പജണ്ടയിലുള്ള മഹാക്ഷേത്ര നിര്‍മ്മാണം ഇനി 'നിയമാനുസൃത'മായി തന്നെ പൂര്‍ത്തിയാക്കാന്‍ സംഘപരിവാറിന് സാധ്യമായിരിക്കുന്നു. സാമ്പത്തിക ഉദാരവത്ക്കരണത്തിന്റെ കെടുതികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടിയെന്ന് പരക്കെ ആക്ഷേപിക്കപ്പെട്ട മൌനവും നിസ്സംഗതയും 1992 ഡിസംബര്‍ ആറിന് പുലര്‍ത്തിയ നരസിംഹ റാവു പോലും പിറ്റേന്ന് ആശ്വാസകരമായ ഒരു പ്രസ്താവന നടത്തിയിരുന്നു. തകര്‍ക്കപ്പെട്ട അതേ സ്ഥലത്ത് പള്ളി പുതുക്കിപ്പണിയുമെന്നായിരുന്നു അത്. ആയിരക്കണക്കിന് മുസ്ളിങ്ങളുടെ ചോര പുറകെ നടന്ന വര്‍ഗീയ കലാപങ്ങളിലും വംശഹത്യകളിലുമായി ഒഴുകി പരന്നു. ഇപ്പോള്‍, തകര്‍ക്കപ്പെട്ടവര്‍ക്കും തകര്‍ത്തവര്‍ക്കും ഒരേ നീതിയാണെന്നാണ് വിധിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ വോട്ടവകാശമുള്ള ഹിന്ദുക്കളുടെ അമ്പതു ശതമാനം വോട്ടു പോലും, എല്ലാ മഹാരഥയാത്രകള്‍ക്കു ശേഷവും നേടാനാകാത്ത ബി ജെ പിക്ക് ഈ നിയമ സാധൂകരണത്തിലൂടെ ഒരു പക്ഷെ ഇനിയും മുന്നേറാനായേക്കും.


ഇന്ത്യന്‍ ജനാധിപത്യം, ഭരണഘടന, നിയമവ്യവസ്ഥ എന്നിവ പ്രവര്‍ത്തനക്ഷമവും പ്രായോഗികവും നിലനില്‍ക്കുന്നതുമാണോ എന്ന് പരിശോധിക്കപ്പെടുന്ന നിര്‍ണായകപ്രശ്നമായി അയോധ്യ എന്ന ഊരാക്കുടുക്ക് പരിണമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. 1992 ഡിസംബറില്‍, സന്യാസികളും കര്‍സേവകരും എന്ന് പേരിട്ട് വിളിക്കപ്പെട്ട തെമ്മാടിക്കൂട്ടം അതിന്റെ പണി/പൊളി പൂര്‍ത്തിയാക്കുന്നതു വരെയും പൊലീസും പട്ടാളവും ഭരണകൂടവും മാധ്യമങ്ങളും വെറുതെ കൈയും കെട്ടി നോക്കി നിന്നു. സൈനികവ്യൂഹത്തിന്റെ പ്രത്യേകാധികാര നിയമം (എ എഫ് എസ് പി എ) 1958ല്‍ തന്നെ പാസാക്കിയിരുന്നുവെങ്കിലും അത് കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ആദിവാസി മേഖലകളിലും പ്രയോഗിക്കാന്‍ മാത്രമായി മാറ്റിവെച്ചതു കൊണ്ട് അയോധ്യയിലേക്ക് കൊണ്ടുവന്നില്ല! ലിബര്‍ഹാന്‍ കമ്മീഷനടക്കം പല കണ്ടെത്തലുകളുണ്ടായിട്ടും കുറ്റം ചെയ്തവര്‍ക്കെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും ആര്‍ക്കും സാധ്യമായില്ല. അത്തരം ദുരവസ്ഥ നിയമവാഴ്ചയെ പല്ലിളിച്ചു കാണിക്കുമ്പോഴാണ്, രാമന്‍ ജനിച്ച സ്ഥലം ഇതു തന്നെയെന്നുറപ്പായി എന്ന് കോടതി പറയുന്നത്. എന്തൊരു തരം ഇരുപത്തൊന്നാം നൂറ്റാണ്ടാണിത് ദൈവമേ!

ഇന്ത്യാ മഹാരാജ്യത്ത് ഇതിനകം ഉന്നയിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന് തര്‍ക്കങ്ങള്‍ക്ക് ഈ വിധി മാതൃകയായെടുത്ത് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുമോ എന്ന ആശങ്കയും ഉയര്‍ത്തപ്പെടുന്നുണ്ട്. അങ്ങിനെയാണെങ്കില്‍, പണ്ടേ ഉന്നയിക്കപ്പെട്ടിരുന്ന ടീ പാര്‍ട്ടി കോംപ്രമൈസ് ഫോര്‍മുലയുടെ അടിസ്ഥാനത്തിലുള്ള ഈ വിധിപ്രസ്താവം മൂടിവെക്കപ്പെട്ടിരുന്ന ആയിരക്കണക്കിന് പ്രശ്നങ്ങള്‍ പെട്ടിയില്‍ നിന്ന് വലിച്ച് പുറത്തിടുന്ന ദുരവസ്ഥയിലേക്കായിരിക്കും നയിക്കുക. രാമന്‍ എന്ന പുരാണ കഥാപാത്രം ഇതാ ഇവിടെയാണ് ജനിച്ചത് എന്ന് കോടതി പ്രഖ്യാപിക്കുന്നതിലൂടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളടക്കമുള്ള ജനസാമാന്യത്തിന് നീതിന്യായവ്യവസ്ഥയില്‍ തുടര്‍ന്നും വിശ്വാസമര്‍പ്പിക്കാന്‍ ഏതു വിധേനയാണ് സാധ്യമാവുക എന്ന നിര്‍ണായകപ്രശ്നമാണ് ഉത്തരമില്ലാതെ അലയാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്.

Wednesday, September 22, 2010

ബുദ്ധിപരമായ വിഡ്ഢിത്തങ്ങള്‍ - ക്ളോദ് ഷാബ്രോള്‍ - ഒരോര്‍മ്മക്കുറിപ്പ്

ജനുവരി 11ന് എറിക് റോമര്‍ നിര്യാതനായതിനു പിന്നാലെ, സപ്തംബര്‍ 12ന് ഞായറാഴ്ച ക്ളോദ് ഷാബ്രോളും കൂടി വിടപറഞ്ഞതോടെ 2009ല്‍ അമ്പതാം വാര്‍ഷികം ആഘോഷിച്ച ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തിന് ഇരട്ട നഷ്ടവര്‍ഷമായി തീര്‍ന്നു 2010. ഫ്രാങ്കോ ത്രൂഫോയെയും ഗൊദാര്‍ദിനെയും പോലുള്ള 'വിപ്ളവകാരികളു'ടെ കൂടെ കഹേ ദു സിനിമയില്‍
നിരൂപണമെഴുതിത്തുടങ്ങിയ ഷാബ്രോള്‍ പക്ഷെ, ന്യൂവേവിന്റെ പരിധികളെ വ്യാപിപ്പിച്ചുകൊണ്ട് (അഥവാ പരിധിരാഹിത്യത്തെ പരിധിവത്ക്കരിച്ചുകൊണ്ട്) മുഖ്യധാരാ ത്രില്ലറുകള്‍ എങ്ങിനെ രൂപപ്പെടുത്താമെന്ന് പരീക്ഷിക്കുകയായിരുന്നു പ്രധാനമായും ചെയ്തത്. അതുകൊണ്ടദ്ദേഹത്തെ 'മുഖ്യധാരാ' നവതരംഗക്കാരന്‍("mainstream" New Wave director) എന്ന് വിചിത്രമായി വിശേഷിപ്പിക്കാനും വിമര്‍ശകര്‍ മുതിരുകയുണ്ടായി. മുഖ്യധാരാ സിനിമകളിലെ പരമ്പരാഗതത്വവും വിട്ടുവിഴ്ചകളും അദ്ദേഹത്തിന്റെ സിനിമകളില്‍ പലപ്പോഴും സ്വീകരിക്കപ്പെട്ടു.


കേവലം വിനോദസിനിമ മാത്രമായി കണക്കു കൂട്ടി മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ഹോളിവുഡിലെ ഹൊറര്‍-സസ്പെന്‍സ്-ത്രില്ലര്‍ മാസ്റ്റര്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ സിനിമകളെ സംബന്ധിച്ച് റോമറോടൊപ്പം ചേര്‍ന്ന് ഷാബ്രോളെഴുതിയ പഠനം ഹിച്ച്കോക്ക് സിനിമയെക്കുറിച്ചു മാത്രമല്ല, സിനിമ എന്ന കലാരൂപത്തെ സംബന്ധിച്ചും ചലച്ചിത്രവിമര്‍ശനം എന്ന പഠന ശാഖയെ സംബന്ധിച്ചും മുമ്പുണ്ടായിരുന്ന ധാരണകളെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു. 1955ല്‍ ടു കാച്ച് എ തീഫിന്റെ ചിത്രീകരണസ്ഥലത്ത് വെച്ച് റോമറും ഷാബ്രോളും ചേര്‍ന്ന് ഹിച്ച്കോക്കിനെ ഇന്റര്‍വ്യൂ ചെയ്തു. ഹിച്ച് കോക്കിനാല്‍ 'പിടികൂടപ്പെട്ട' ആ ചെറുപ്പക്കാരെ തന്റെ മദ്യഗ്ളാസില്‍ വീണ രണ്ട് ഐസ് ക്യൂബുകളെന്നാണ് ഹിച്ച്കോക്ക് വിശേഷിപ്പിച്ചത്.


ഫ്രഞ്ച് ന്യൂവേവിലെ ആദ്യ സിനിമ ഏതാണെന്നതിനെ സംബന്ധിച്ച് പല തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 1956ലും 1957ലും പുറത്തു വന്ന ഴാക് റിവെയുടെ ലെ കൂപ്പ് ഡു ബെര്‍ജര്‍(Fool's Mate), ഫ്രാങ്കോ ത്രൂഫോയുടെ ലെസ് മിസ്തണ്‍സ്(The Mischief Makers) എന്നീ ഹ്രസ്വ ചിത്രങ്ങളാണ് ന്യൂവേവിന്റെ സ്വഭാവപ്രകടനങ്ങളാദ്യം പുറത്തുകൊണ്ടുവന്നതെങ്കില്‍ ക്ളോദ് ഷാബ്രോളിന്റെ ലെ ബ്യൂ സെര്‍ജെ (Bitter Reunion or Handsome Serge/1958) ആണ് ഫീച്ചര്‍ സിനിമയായി പുറത്തുവന്ന ആദ്യ ന്യൂവേവ് ചിത്രം. അതുകൊണ്ട് ന്യൂവേവിന്റെ സ്ഥാപകചലച്ചിത്രകാരനായും ഷാബ്രോള്‍ വാഴ്ത്തപ്പെട്ടു.

ചലച്ചിത്രസംവിധാനത്തെ സംബന്ധിച്ച യാതൊരു മുന്‍ പരിചയവുമില്ലാതെ ഒരു ഗ്രാമത്തില്‍ വെച്ച് നാച്വറല്‍ ലൈറ്റില്‍ ചിത്രീകരിച്ച ലെ ബ്യൂ സെര്‍ജെക്ക് മികച്ച സിനിമയെക്കുറിച്ചുള്ള വ്യവസ്ഥാപിത ധാരണകള്‍ പിന്തുടരാത്തതിനാല്‍ കാന്‍ മേളയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. ഷാബ്രോള്‍ സ്വന്തം നിലക്ക് ചിത്രം മേളസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും നല്ല രീതിയില്‍ സ്വീകരിക്കപ്പെടുകയും ചെയ്തു. ഈ ചിത്രത്തിന്റെ പ്രദര്‍ശന വരുമാനം കൊണ്ട് അദ്ദേഹം അടുത്ത സിനിമയായ Les Cousins (The Cousins/1959) നിര്‍മിച്ചു. ഈ സിനിമക്ക് ബെര്‍ലിന്‍ മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബിയര്‍ പുരസ്കാരം ലഭിച്ചു. ഫ്രാങ്കോയ്സ് എന്ന പാരീസ് സ്വദേശിയായ(പരീസ്യന്‍) ഒരു ബൂര്‍ഷ്വ തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു ചെല്ലുന്നതിനെക്കുറിച്ചുള്ള കൃത്യതയാര്‍ന്ന വിവരണമാണ് ലെബ്യൂ സെര്‍ജെ. തന്റെ ബാല്യകാലസുഹൃത്ത് സെര്‍ജെയെ അയാള്‍ വ്യാപരിക്കുന്ന തൊഴിലാളി വര്‍ഗ്ഗ പശ്ചാത്തലത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വേണ്ടിയാണ് ആ ബൂര്‍ഷ്വാസി ഗ്രാമത്തിലെത്തുന്നത്. ഷാബ്രോളിന്റെ തുടര്‍ന്നുള്ള സിനിമകളില്‍ പിന്നീട് കൂടുതല്‍ വ്യക്തമായി വന്ന ബൂര്‍ഷ്വാ വിരുദ്ധ നിലപാടിന്റെ തുടക്കമായിരുന്നു ലെബ്യൂ സെര്‍ജെ എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. വ്യവസായപരമായി അടഞ്ഞതും ലാവണ്യപരമായി യാഥാസ്ഥിതികവുമായ ഫ്രഞ്ച് സിനിമാവ്യവസായത്തെ ഒരന്യന്‍ പുറത്ത് നിന്ന് വെല്ലുവിളിക്കുകയും കച്ചവടവിജയം നേടിയ സ്വന്തം സിനിമ നിര്‍മ്മിക്കുകയും ചെയ്യുകയായിരുന്നു എന്നും ചരിത്രം രേഖപ്പെടുത്തി.


ത്രൂഫോയുടെ 400 ബ്ളോസും(1959) ഗൊദാര്‍ദിന്റെ ബ്രെത്ത്ലസ്സും(1960) പുറത്തു വന്നതോടെ ന്യൂവേവ് വിസ്മയകരമായ പ്രസ്ഥാനമായി കാലത്തെയും ലോകത്തെയും കീഴടക്കുമെന്ന് കണ്ണും കാതും തുറന്നു വെച്ചവര്‍ക്ക് ബോധ്യമായി. ത്രൂഫോയോടും ഗൊദാര്‍ദിനോടും അലന്‍ റെനെയോടും ഴാക് റിവെയോടുമൊന്നും ഷാബ്രോളിനെ താരതമ്യം ചെയ്യുന്നതിലര്‍ത്ഥമില്ല. ഗൊദാര്‍ദിന് രാഷ്ട്രീയത്തിലും ചലച്ചിത്രസിദ്ധാന്തത്തിലുമാണ് കൂടുതല്‍ താല്‍പര്യമെങ്കില്‍ ത്രൂഫോക്ക് മാനുഷികതയിലും വൈകാരികതയിലുമാണ് ആഭിമുഖ്യം. എന്നാല്‍ ഷാബ്രോളാകട്ടെ ഒരേ സമയം ചലച്ചിത്ര വിമര്‍ശകനും ചലച്ചിത്രകാരനും ദാര്‍ശനികനുമായിരുന്ന് ആ റോളുകള്‍ തമ്മിലുള്ള ബലതന്ത്രത്തെ കൃത്യമായി സന്തുലനപ്പെടുത്തുകയായിരുന്നു ചെയ്തു പോന്നത്. തരംഗത്തിനകത്ത് തന്റേതായ ഇടം നിര്‍മ്മിച്ചെടുക്കുകയായിരുന്നു അദ്ദേഹം എന്നും പറയാം. മരിക്കുന്നതിനു തൊട്ടുമുമ്പു വരെ, ആദ്യകാലത്ത് വര്‍ഷത്തില്‍ രണ്ടും മൂന്നും പിന്നീട് അവസാനകാലത്ത് വര്‍ഷത്തിലൊന്നു വീതവുമായി ഷാബ്രോള്‍ നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. വര്‍ഗം, ലൈംഗികത എന്നീ അടിസ്ഥാന വിഷയങ്ങളെ മുഖ്യധാരാ സിനിമയുടെ വ്യവഹാരരീതി ഉപയോഗിച്ചുകൊണ്ട് അദ്ദേഹം നിരന്തരം അന്വേഷിക്കുകയും പരീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. അറുപതോളം ഫീച്ചറുകളാണ് അദ്ദേഹത്തിന്റെ ഫിലിമോഗ്രഫിയെ സമ്പന്നമാക്കുന്നത്.

ശൈലീവത്കൃതമായ രീതിയില്‍, ഇതിവൃത്തത്തില്‍ നിന്നും ആഖ്യാനത്തില്‍ നിന്നും കൃത്യമായ അകലം സ്ഥാപിച്ചുകൊണ്ടുള്ള പരിചരണമായിരുന്നു ഷാബ്രോളിന്റേത്. വെന്തു മുറുകുന്നതും രക്ഷകളില്ലാത്തതുമായ സാമൂഹ്യക്രമത്തിനകത്ത് കുടുങ്ങിപ്പോയ മനുഷ്യവ്യക്തിത്വങ്ങളെ അനുതാപത്തോടെ അതേ സമയം താദാത്മ്യവത്ക്കരണത്തിന് വിധേയമാകാതെയും അദ്ദേഹം അവതരിപ്പിച്ചു. മധ്യവര്‍ഗത്തിന്റെ അങ്ങേയറ്റം ആത്മവഞ്ചനാപരമായ സദാചാരത്തെ കണക്കിന് പരിഹസിക്കുന്ന ഷാബ്രോള്‍, ക്ളോസപ്പുകള്‍ വളരെ കുറവേ ചിത്രീകരിക്കാറുള്ളൂ. കഥാപാത്രങ്ങളുടെ സ്വകാര്യതയെ അത്രയധികം മാനിക്കുന്ന ഒരു ക്ളാസിക്കല്‍ ബൂര്‍ഷ്വാസിയായി അദ്ദേഹം സ്വയം വരേണ്യവത്ക്കരിക്കുകയായിരുന്നു എന്നും, അദ്ദേഹത്തിന്റെ ബൂര്‍ഷ്വാ വിമര്‍ശനത്തെ പരിഹസിച്ചു കൊണ്ട് പറയാം. വിരുതുള്ളതും തീക്ഷ്ണവുമായ ഒരു പരിഹാസാത്മകത എന്നാല്‍ എപ്പോഴും ദൃശ്യമായിരുന്നു താനും. ബുദ്ധിപരതയെക്കാള്‍ വിഡ്ഢിത്തമാണ് തന്നെ കൂടുതല്‍ മോഹിപ്പിക്കുന്നതെന്ന് അര്‍ത്ഥഗര്‍ഭമായി അദ്ദേഹത്തിന് പറയാനാകുന്നത് അതുകൊണ്ടാണ്. ബൌദ്ധികതക്ക് പരിധികളുണ്ട്; വിഡ്ഢിത്തത്തിന് അതില്ല. അത്യധികം വിഡ്ഢിയായ ഒരാളെ നിരീക്ഷിച്ചുകൊണ്ടിരിക്കുക എന്നത് എത്ര കൌതുകകരമാണ്, നമുക്ക് അയാളോട് നീരസമേ തോന്നുകയില്ല എന്നാണ് ഈ അനുഭവത്തെക്കുറിച്ച് ഷാബ്രോള്‍ നിരീക്ഷിക്കുന്നത്.

രണ്ടാമത്തെ ചിത്രമായ ലെസ് കസിന്‍സില്‍ ലളിതമായ ഒരു ഇതിവൃത്തമാണുള്ളതെന്നു തോന്നാം. ബൂര്‍ഷ്വാ മൂല്യങ്ങള്‍ നിലനിര്‍ത്തുന്ന ചാള്‍സ്, നഗരവാസിയും എതിര്‍ സ്വഭാവക്കാരനുമായ പോള്‍ എന്നീ കസിന്‍സാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. ചാള്‍സും പോളും പിന്നീട് ഷാബ്രോള്‍ സിനിമകളിലെ കഥാപാത്രങ്ങളുടെ സ്ഥിരം പേരുകളായിത്തീര്‍ന്നു. ലെ ബ്യൂ സെര്‍ജെയില്‍ നഗരവാസി ഗ്രാമത്തിലുള്ളയാളെ സന്ദര്‍ശിക്കുകയാണെങ്കില്‍ ലെസ് കസിന്‍സില്‍ ഗ്രാമവാസി നഗരത്തിലുള്ളയാളെ കാണാന്‍ പോകുകയാണ് ചെയ്യുന്നത്. ചിത്രത്തിലുള്ള രണ്ടാമത്തെ ഒത്തുകൂടല്‍ പോലൊരു മുഹൂര്‍ത്തം പിന്നീട് ഇരുപതു വര്‍ഷത്തോളം ഫ്രഞ്ച് സിനിമയില്‍ കാണാന്‍ കിട്ടിയില്ലെന്നാണ് ഷാബ്രോള്‍ ഓര്‍ത്തെടുക്കുന്നത്. ഭ്രാന്ത് എല്ലാ സീമകളും ലംഘിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഫ്രാന്‍സില്‍ ഫാഷിസ്റുകളുണ്ടെന്ന് ആരും വിശ്വസിച്ചിരുന്നിട്ടില്ലാത്തതുകൊണ്ടാണ് ചിത്രത്തിലെ പ്രകോപനാത്മക ദൃശ്യങ്ങള്‍ തണുത്തുറഞ്ഞ പ്രതികരണങ്ങള്‍ മാത്രം സൃഷ്ടിച്ചതെന്നാണ് അദ്ദേഹം മാര്‍ക്ക് ഷിവാസിന് 1963ലനുവദിച്ച ഒരഭിമുഖത്തില്‍ തുറന്നടിച്ചത്.

1960ലെടുത്ത നല്ലസമയത്തെ പെണ്‍കുട്ടികള്‍(ലെ ബോണ്‍സ് ഫെമ്മെസ്)നാലു യുവതികളുടെ കഥ പറയുന്നു. ജിനെറ്റും റീത്തയും ജാക്വിലിനും ജെയ്നും. റീത്തയുടെ പ്രതിശ്രുതവരന്റെ കുടുംബക്കാര്‍ സാമൂഹ്യൌന്നത്യം എന്ന ഒറ്റ പ്രതീക്ഷ ലാക്കാക്കുന്നവരാണ്. ജെയിനിന്റെ കാമുകന്‍ ആര്‍മിയിലാണെന്നതിനാല്‍ അവള്‍ ചില മതില്‍ ചാട്ടങ്ങള്‍ നടത്തി ആനന്ദത്തെ നീട്ടിവെക്കാനനുവദിക്കുന്നില്ല. ജിനെറ്റിന് നിഗൂഢമായ ഏതോ ആസക്തിയുള്ളതിനാല്‍, രാത്രികളില്‍ അവളപ്രത്യക്ഷയാകുന്നു. ജാക്വിലിന്‍ ഒറ്റക്കാണ്; എന്നാല്‍ നിഗൂഢത പേറുന്ന ഒരു ബൈക്കോട്ടക്കാരന്‍ അവളെ പിന്തുടരുന്നുണ്ട്. വിഡ്ഢികളായ മനുഷ്യരുടെ ആഭാസത്വത്തെ അനാവരണം ചെയ്യുന്ന ഒരു സിമട്രിക്കല്‍ സിനിമയാണ് ലെ ബോണ്‍സ് ഫെമ്മെസ് എന്നാണ് ഷാബ്രോള്‍ വ്യാഖ്യാനിക്കുന്നത്. നാലു പെണ്‍കുട്ടികളാണ് ചിത്രത്തിലുള്ളതെന്നു തോന്നുമെങ്കിലും ആത്യന്തികമായി അതൊരാള്‍ മാത്രമാണ്. താനൊരിക്കലും ഒരു നിരാശാവാദിയല്ല; എന്നാല്‍, ആളുകളുടെ ജീവിതത്തെക്കുറിച്ചാലോചിക്കുമ്പോള്‍ എനിക്ക് നിരാശ വരും. ഹിച്ച്കോക്കിന്റെ പ്രസിദ്ധ ത്രില്ലറായ വെര്‍ട്ടിഗോയുടെ സ്വാധീനത്തിലെടുത്ത ഒഫീലിയ(1963)യിലെ മുഖ്യ കഥാപാത്രം യാഥാര്‍ത്ഥ്യത്തെ നശിപ്പിക്കുന്നവനും സ്വപ്നത്തെ പിന്തുടരുന്നവനുമാണ്. ഫ്രാങ്കോയിസ് സഗാന്റെ തിരക്കഥയെ അടിസ്ഥാനമാക്കി 1963ല്‍ തന്നെ എടുത്ത ലണ്ട്രുവില്‍ ഒന്നാം ലോക മഹായുദ്ധകാലത്തെ കൂട്ടക്കൊലകളാണ് മുഖ്യ പ്രമേയമായത്. മറ്റു ന്യൂവേവുകാരുടെ (പ്രത്യക്ഷ) രാഷ്ട്രീയ പരിഗണനകളുടെയൊന്നും ലാഞ്ഛന പോലുമില്ലാത്ത ഈ യുദ്ധചിത്രത്തില്‍, ഷാബ്രോളിയന്‍ പരിചരണത്തിന്റെ വ്യത്യസ്തതകള്‍ പ്രകടമായിരുന്നു. കൊലപാതകം എന്ന പ്രവൃത്തിയോടുള്ള ആസക്തിയാണോ ഷാബ്രോളിനെ ഹരം കൊള്ളിക്കുന്നത് എന്നു പോലും സംശയിക്കുന്ന തരത്തിലാണ് ലണ്ട്രുവിന്റെ അവതരണം.

ഹിച്ച്കോക്കിയന്‍ സസ്പെന്‍സ് രീതിയിലെടുത്ത അറവുകാരന്‍(ലെ ബുച്ചര്‍/1970) അമേരിക്കയിലും വന്‍ വാണിജ്യവിജയം നേടിയെടുത്ത സുപ്രധാന സിനിമയാണ്. കുട്ടികള്‍ക്ക് അത്യധികം ഇഷ്ടമുള്ള സുന്ദരിയായ ഒരധ്യാപികയാണ് ഹെലന്‍. അവള്‍ പോപ്പാള്‍ എന്ന അള്‍ജീരിയക്കാരനുമായി പ്രണയത്തിലാകുന്നു. അയാള്‍ സുന്ദരികളെ കൊലപ്പെടുത്തുന്ന ഒരു തുടരന്‍ കൊലപാതകി(സീരിയല്‍ കില്ലര്‍)യാണെന്ന് അവള്‍ക്ക് സംശയമുണ്ടെങ്കിലും പ്രണയത്തില്‍ നിന്ന് വിട്ടുമാറാന്‍ ഈ അറിവ് അവളെ പ്രേരിപ്പിക്കുന്നില്ല. താന്‍ സംവിധാനം ചെയ്യാന്‍ മോഹിക്കുന്ന രണ്ടു ചിത്രങ്ങളിലൊന്ന് എന്നാണ് ഹിച്ച്കോക്ക് ലെ ബുച്ചറിനെ വിശേഷിപ്പിച്ചത്. കഥാപാത്രപഠനങ്ങളാണ് സിനിമയില്‍ നടക്കുന്നതെന്ന് തോന്നുമെങ്കിലും രണ്ട് മുഖ്യ കഥാപാത്രങ്ങളെക്കുറിച്ചും അധികം അറിവുകള്‍ കാണിക്ക് ലഭ്യമാവുന്നില്ല. ഒരു കാര്യം പക്ഷെ ഉറപ്പാണ്, തങ്ങളുടെ പരിസരവുമായി യോജിച്ചു പോകുന്നതിന് സ്വന്തം സ്വഭാവ സവിശേഷതകള്‍ പരമാവധി അമര്‍ത്തി വെക്കുന്നവരാണിരുവരും. അതായത്, വളരെ സാധാരണമെന്ന തരത്തില്‍ പട്ടണത്തിലെ ജീവിതത്തെ ആവിഷ്ക്കരിക്കുകയും അതിനോടൊത്ത് പോകാന്‍ ശ്രമിക്കുകയും ഒരു പരിധി വരെ അതില്‍ വിജയിക്കുകയും ചെയ്യുന്ന ഈ രണ്ട് കഥാപാത്രങ്ങളുടെ ആന്തരികസംഘര്‍ഷങ്ങളാണ് കാണിയെ ഉദ്വേഗത്തിന്റെ മുള്‍മുനയിലേക്ക് ആനയിക്കുന്നത് എന്നര്‍ത്ഥം. നിഗൂഢത എന്ന പരികല്‍പനയെ ഷാബ്രോള്‍ മാറ്റിയെഴുതുകയായിരുന്നു എന്നും പറയാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സാമ്പ്രദായികതയോടാണ് അദ്ദേഹം ഏറ്റുമുട്ടിയിരുന്നതെന്നു ചുരുക്കം. ഇരയും വേട്ടക്കാരനും തമ്മിലുള്ള അന്തരം പലപ്പോഴും അലിഞ്ഞില്ലാതാകുന്നതു കാണാം. അതായത്, ആരും പുറമെ കാണുന്നതു പോലെയുള്ളവരല്ല എന്ന ആത്യന്തിക സത്യത്തെ തന്നെയാണ് ഷാബ്രോള്‍ പൊളിച്ചടുക്കാന്‍ ശ്രമിക്കുന്നത്. കൊലയും കൊലപാതകി പിടിക്കപ്പെടുമെന്ന പ്രതീക്ഷയും ആണ് ക്രൈം സിനിമകളുടെ കേന്ദ്രബിന്ദുക്കളെങ്കില്‍ ആ ധാരണയും ഷാബ്രോള്‍ മാറ്റിമറിക്കുന്നു.

ലെ ബുച്ചറില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച സ്റ്റെഫാന്‍ ഓദ്രാന്‍ 25 ഓളം സിനിമകളില്‍ ഷാബ്രോളിന്റെ നായികയായിരിക്കുകയും 1964 മുതല്‍ക്ക് 1980 വരെ ഭാര്യയായിരിക്കുകയും ചെയ്ത് വിവാഹമോചനം നേടി. ഈ ചിത്രങ്ങളെ ഹെലന്‍ സൈക്കിള്‍ എന്ന് പൊതുവായി വിളിക്കപ്പെട്ടു. 1962ലെ ലെ ഈല്‍ ഡു മാലിന്‍ എന്ന ചിത്രത്തില്‍ തന്നെ ഓദ്രാന്റെ ഹെലന്‍ കഥാപാത്രം ആരംഭിച്ചിരുന്നു. 1969ലെടുത്ത വിശ്വസനീയയല്ലാത്ത പത്നി(ല ഫെമ്മെ ഇന്‍ഫിഡെല്‍)യില്‍ ഭാര്യാഭര്‍തൃബന്ധത്തോടൊപ്പം തന്നെ ജാരബന്ധവും തുടര്‍ന്നു വന്നിരുന്ന ഹെലനാണ് മുഖ്യ കഥാപാത്രം. ഭര്‍ത്താവ് ഇത് കണ്ടു പിടിക്കാന്‍ ഒരു ഡിറ്റക്ടീവിനെ ഏര്‍പ്പെടുത്തുന്നു. വിക്ടര്‍ പെഗാല എന്ന എഴുത്തുകാരനാണ് ജാരന്‍ എന്ന് തെളിയുന്നതോടെ ചാള്‍സ് ഡെസ്വാലസ് എന്ന ഭര്‍ത്താവ് അയാളെ കൊല്ലുന്നു. ബൂര്‍ഷ്വാ വിവാഹത്രികോണം - ഭാര്യ, ഭര്‍ത്താവ്, ജാരന്‍ - ഷാബ്രോളിന്റെ നിരവധി സിനിമകളുടെ പ്രമേയമായി പിന്നീട് അവതീര്‍ണമാകുകയുണ്ടായി. 1977ലെടുത്ത വയലറ്റ് എന്ന സിനിമയില്‍ മുഖ്യ കഥാപാത്രത്തിന്റെ അമ്മ വേഷമായിരുന്നു ഓദ്രാന്റേത്. വിശ്വ പ്രസിദ്ധ നടിയായ ഇസബെല്ല ഹുപ്പെര്‍ട് ആണ് വയലറ്റ് നോസിയര്‍ എന്ന നായികയെ അവതരിപ്പിച്ചത്. സദാചാരത്തെ സംബന്ധിച്ച പരമ്പരാഗത ധാരണകളെ അംഗീകരിക്കാത്തവളായിരുന്നു അവള്‍. പിന്നീട് പലപ്പോഴായി ഇസബെല്ല ഹുപ്പര്‍ട് ഷാബ്രോളിന്റെ നായികയായി വരുകയുണ്ടായി. ഇതില്‍ പ്രധാനം 1990ലെ പ്രസിദ്ധ ചിത്രം മദാം ബോവറി തന്നെ.

ഷാബ്രോളിന്റെ ചലച്ചിത്ര ജീവിതത്തെ അഞ്ചായി തരം തിരിക്കാം എന്നാണ്, ദ സസ്പെന്‍സ് ത്രില്ലര്‍- ഫിലിംസ് ഇന്‍ ദ ഷാഡോ ഓഫ് ആല്‍ഫ്രഡ് ഹിച്ച്കോക്ക് എന്ന ഷാബ്രോള്‍ പഠന പുസ്തകം എഴുതിയ ചാള്‍സ് ഡെറി അഭിപ്രായപ്പെടുന്നത്. ആദ്യകാലത്തെടുത്ത വ്യക്തിഗത സിനിമകളുടെ (1958 - 1962 --ല ബ്യെ സെര്‍ജ്യൂ മുതല്‍ ലണ്ട്രു വരെ) ഘട്ടത്തിനു ശേഷം, കച്ചവടവിജയത്തിന്റെ കാലഘട്ടമായിരുന്നു (1964-1967 - ദ ടൈഗര്‍ ലൈക്ക് ഫ്രഷ് ബ്ളഡ് മുതല്‍ ദ റോഡ് ടു കോറിന്ത് വരെ). മാസ്റ്റര്‍ പീസുകളുടെ പക്വ കാലഘട്ടമായിരുന്നു മൂന്നാമത്തേത്(1968-1973 - ലെസ് ബിച്ചെസ് മുതല്‍ വെഡ്ഡിംഗ് ഇന്‍ ബ്ളഡ് വരെ- എല്ലാത്തിലും അന്നത്തെ ഭാര്യ സ്റെഫാന്‍ ഓദ്രാന്‍ നായികയും ആന്ദ്രേ ജെനോവസ് നിര്‍മാതാവുമായിരുന്നു). വൈവിധ്യങ്ങളുടെ നാലാം കാലഘട്ടത്തില്‍(1974-1980ന്റെ പകുതി വരെ) സംവിധാനം ചെയ്ത മിക്കവാറും സിനിമകള്‍ക്ക് അന്താരാഷ്ട്ര റിലീസ് ലഭിക്കാതെ പോയി. 1980കളിലും 1990കളിലും അടക്കം എടുത്ത പുതിയ കാല സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തുകയും വിമര്‍ശകശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ഴാങ് റെനോയര്‍ പറഞ്ഞതനുസരിച്ച് എല്ലാ ചലച്ചിത്രകാരന്മാരും അവരുടെ ഒരേ സിനിമ തന്നെ പുനര്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഷാബ്രോളിന്റെ കാര്യത്തിലാണ് ഇത് നൂറു ശതമാനവും ശരിയായിരിക്കുന്നതെന്ന് വേണമെങ്കില്‍ വാദിക്കാം. ചാള്‍സും ഹെലനും പോളുമായി നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളും സദാചാര ലംഘനങ്ങളും കൊലകളും ഷാബ്രോളിയന്‍ യാഥാര്‍ത്ഥ്യ/നിഗൂഢതകളിലേക്ക് ആസ്വാദകരെയും ആരാധകരെയും ആനയിച്ചു. മുഖ്യ കഥാപാത്രങ്ങളുടെ പ്രാകൃതിക ആസക്തികള്‍ നിറവേറാതെ വരുന്നതിന് കാരണമാകുന്ന ബൂര്‍ഷ്വാ പരിതസ്ഥിതികളാണ് എല്ലായ്പോഴും അതിരൂക്ഷമായി വിമര്‍ശിക്കപ്പെടുന്നത്.

ഷാബ്രോളിന്റെ അവസാന മാസ്റ്റര്‍ പീസായി ഗണിക്കപ്പെടുന്നത് 1995ലിറങ്ങിയ ലെ സെറിമോണി ആണ്. സോവിയറ്റ് യൂണിയന്റെയും ഈസ്റ്റേണ്‍ ബ്ളോക്കിന്റെയും പതനം കഴിഞ്ഞ് ഏഴു വര്‍ഷത്തിനു ശേഷമാണ് ഈ ചിത്രമിറങ്ങിയത്. അവസാനത്തെ മാര്‍ക്സിസ്റ്റ് സിനിമ എന്നാണ് ഷാബ്രോള്‍, പരിഹാസത്തോടെ ലെ സെറിമോണിയെ സ്വയം വിശേഷിപ്പിച്ചത്. റത്ത് രണ്ടലിന്റെ എ ജഡ്ജ്മെന്റ് ഇന്‍ സ്റ്റോണ്‍ എന്ന നോവലിനെയാണ് സിനിമക്കവലംബമാക്കുന്നത്. സോഫി എന്ന നിരക്ഷരയായ വീട്ടുവേലക്കാരിയാണ് മുഖ്യ കഥാപാത്രം. ധനികയായ കാതറിന്റെ വീട്ടിലാണ് അവള്‍ വേലക്ക് നില്‍ക്കുന്നത്. കൃത്യ നിഷ്ഠയില്ലാത്ത പോസ്റോഫീസ് ജീവനക്കാരനായ ഴാങുമായി സോഫി പ്രണയത്തിലാവുന്നു. ഈ പ്രണയജീവിതം പൊടുന്നനെ അക്രമത്തിലേക്ക് വഴി മാറുന്നു. സംസ്ക്കാരത്തിന്റെയും വര്‍ഗ വിഭജനത്തിന്റെയും സന്ദിഗ്ദ്ധാവസ്ഥയാണ് ഷാബ്രോള്‍ ഈ സിനിമയില്‍ പ്രശ്നവത്ക്കരിക്കുന്നത്.

ഹിച്ച്കോക്കെന്നതുപോലെ ഷാബ്രോളും ഇതിവൃത്തത്തെക്കാളുപരി, മനോഭാവത്തിനും പശ്ചാത്തലത്തിനും കഥാപാത്രങ്ങളുടെ മനോവിഭ്രാന്തികള്‍ക്കും കഥാഗതിയിലെ ആന്തരിക ചലനങ്ങള്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. വികാരരഹിതമായ സഹതാപബോധം പ്രകടിപ്പിച്ച ഒരു വ്യത്യസ്ത ദൈവത്തിന്റെ വീക്ഷണങ്ങളാണ് ഷാബ്രോളിന്റെ സിനിമകളെന്നാണ് സ്റാന്‍ലി കുബ്രിക്ക് പറയുന്നത്. അദ്ദേഹത്തിന്റെ സിനിമകളിലെ കൊലകളും പ്രതികാരങ്ങളും ക്യാമറക്കും വോയ്സ് റെക്കോഡറിനും വേണ്ടി ചിട്ടപ്പെടുത്തിയതാണെന്നാണ് നമുക്ക് തോന്നുക. വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതെന്തോ അതാണ് കവിത എന്നു പറയാറുളളതു പോലെ, ഡബ്ബിംഗിലും സബ് ടൈറ്റിലിംഗിലും നഷ്ടപ്പെടുന്നതെന്തോ അതാണ് ഷാബ്രോളിന്റെ സിനിമയുടെ സൂക്ഷ്മ വിസ്മയങ്ങള്‍. നവതരംഗത്തിലെ ആദ്യമായി വാഴ്ത്തപ്പെട്ടവനും ആദ്യമായി ഇകഴ്ത്തപ്പെട്ടവനുമായ ഷാബ്രോള്‍, കച്ചവടം വിരുദ്ധം കല എന്ന ഫോര്‍മുലയെ തന്റെ ചലച്ചിത്രജീവിതത്തിലുടനീളം പിച്ചിച്ചീന്തി. ഇതുമൂലം ചിലപ്പോഴൊക്കെ, കൃത്രിമത്വം നിറഞ്ഞു നില്‍ക്കുന്ന കലാ സിനിമകളെ വാനോളം പുകഴ്ത്തുന്ന വരേണ്യ നിരൂപകരും, എല്ലാം മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ട തരത്തിലുള്ള ജനപ്രിയ സിനിമകളുടെ സ്ഥിരം ആരാധകരും ഒരു പോലെ ഷാബ്രോളിനെ എഴുതിത്തള്ളി. പുതിയ ചലച്ചിത്ര ദര്‍ശനത്തിനു വേണ്ടിയുള്ള നിതാന്തമായ പരിശ്രമമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് ഈ ഇരട്ട നിരാസങ്ങള്‍ നിസ്സംശയം തെളിയിച്ചു. ചലച്ചിത്രം എന്ന കല/വ്യവസായത്തിന്റെ മൂല്യ ഘടനകളെയും ലാവണ്യ ബോധങ്ങളെയും അടിയില്‍ നിന്നു തന്നെ പിഴുതെടുത്ത ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തെ, നിശ്ചയദാര്‍ഢ്യത്തോടെ അഞ്ചു ദശകങ്ങള്‍ നയിച്ച നായകനും പ്രതിനായകനുമായി ഷാബ്രോള്‍ ഇനിയുള്ള കാലം ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും.



*

Sunday, September 19, 2010

വംശഹത്യകളും സ്‌ത്രീകളും

ജനാധിപത്യം, മതേതരത്വം തുടങ്ങിയ സുപ്രധാന അടിസ്ഥാന മൂല്യങ്ങള്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മാണ-നിര്‍വഹണത്തെ തന്നെ നിര്‍വചിക്കുന്നുണ്ട്. ലോകത്ത് മറ്റൊരു രാഷ്‌ട്രത്തിലും ദൃശ്യമല്ലാത്ത വിധത്തിലുള്ള അനന്തവും വിചിത്രവും പരസ്‌പരവിരുദ്ധമെന്നു പോലും തോന്നിപ്പിക്കുന്നതുമായ വൈവിധ്യങ്ങള്‍; സംസ്‌കാരം, മതം, വിശ്വാസം, വസ്‌ത്രം, മര്യാദ, ഭക്ഷണം, കുടുംബം, ഭാഷ, കല, സാഹിത്യം എന്നീ കാര്യങ്ങളിലൊക്കെ പുലര്‍ത്തുന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ പല / ഒരേ ഇന്ത്യയെ സാധ്യമാക്കുന്നതില്‍ ഈ ഭരണഘടനയുടെ സാന്നിദ്ധ്യം അത്യന്തം പ്രധാനമാണെന്ന് വിദഗ്ദ്ധരും അല്ലാത്തവരുമായ നിരീക്ഷകരൊക്കെയും സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍, അത്രയും ഗംഭീരമായ ഒരു ഭരണഘടന കൊണ്ടു മാത്രം രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ജനതയുടെ സുരക്ഷിതത്വവും എല്ലാക്കാലത്തും ഒരു പോലെ ഉറപ്പു വരുത്താനാവില്ല എന്നതിന്റെ തെളിവുകളായിട്ടാണ് സ്വതന്ത്ര ഇന്ത്യയിലുണ്ടായ മൂന്നു വംശഹത്യകളെ - ദില്ലി(1984), ഗുജറാത്ത്(2002), ഖണ്ഡമാല്‍(2007) - സമാധാന വിശ്വാസികള്‍ കണക്കാക്കുന്നത്. ഇന്ത്യാരാജ്യത്തെ മൂന്നു പ്രമുഖ ന്യൂനപക്ഷങ്ങള്‍ - സിക്ക്, മുസ്ളിം, ക്രിസ്‌ത്യന്‍ - ഈ മൂന്നു വംശഹത്യകളിലായി മാറി മാറി വേട്ടയാടപ്പെട്ടു. വര്‍ഷങ്ങള്‍ പൊഴിഞ്ഞു പോയിട്ടും പ്രധാനപ്പെട്ട പ്രതികള്‍ ശിക്ഷിക്കപ്പെടാതെ വിലസി നടക്കുകയും ചെയ്യുന്നു. ഇതു മാത്രമല്ല ഈ വംശഹത്യകളിലെ സമാനതകള്‍. രക്തരൂഷിതമായ കൊലയും കൊള്ളിവെപ്പും മോഷണവും ഒരു പോലെ അരങ്ങേറിയ ഈ മൂന്നവസരങ്ങളിലും സ്‌ത്രീജനങ്ങള്‍ക്കെതിരായ ലൈംഗികാക്രമണങ്ങള്‍ ഏതാണ്ടൊരേ വിധത്തില്‍ ആഹ്ളാദനിര്‍മ്മിതിയുടെ അവിഭാജ്യ ഘടകമായി സംഘടിപ്പിക്കപ്പെട്ടിരുന്നു എന്ന കാര്യം നമുക്ക് വിസ്‌മരിക്കാനാവില്ല. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥയിലെന്ന വണ്ണം എല്ലാ സംഭവങ്ങളും ദുരന്താത്മകമായ അന്ത്യത്തില്‍ കലാശിക്കുകയും ചെയ്‌തു. ഇരകള്‍ എവിടെയൊക്കെയോ എങ്ങിനെയൊക്കെയോ വിസ്‌മൃതികളില്‍ കുടുങ്ങിപ്പോകുകയും വേട്ടക്കാര്‍ അവരുടെ ഗൂഢമായ ആഹ്ളാദങ്ങളും പേറി മുകള്‍ത്തട്ടുകളിലേക്ക് പൊന്തിപ്പറക്കുകയും ചെയ്‌തു.

1984ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സിക്ക് വംശജരാണ് ദില്ലിയില്‍ കൊന്നു തള്ളപ്പെട്ടത്. ഒരു അസാധാരണ സാഹചര്യത്തില്‍ നടന്ന അത്യപൂര്‍വ്വമായ ഒരക്രമമായി അതിനെ എഴുതിത്തള്ളാന്‍ പലരും വെമ്പല്‍ കൂട്ടി. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ എന്ന രാജീവ് ഗാന്ധിയുടെ ന്യായീകരണം ഈ അസാധാരണത്വത്തെ മഹത്വവത്ക്കരിക്കുകയും ചെയ്‌തു. എന്നാല്‍, അന്ന് രാഷ്‌ട്രവും നീതിന്യായ വ്യവസ്ഥയും പൊതു സമൂഹവും വിമുഖതയോടെ ഈ പ്രശ്‌നത്തെ നേരിട്ടതുകൊണ്ടു കൂടിയാണ് പിന്നീടുള്ള രണ്ടു വംശഹത്യകള്‍ കൂടി അതേ തീവ്രതയോടെ കൊണ്ടാടാന്‍ സംഘപരിവാര്‍ ഫാസിസ്‌റ്റുകള്‍ക്ക് ധൈര്യം കിട്ടിയത് എന്നു വേണം കരുതാന്‍. ഭരണകൂടത്തിന്റെ ഉപകരണങ്ങള്‍ - സൈന്യം, പൊലീസ്, ഭരണകക്ഷിയിലെ മന്ത്രിമാരും എം എല്‍ എ മാരും എം പിമാരും മറ്റ് സ്വാധീനമുള്ള നേതാക്കളും - നഗ്നമായി അക്രമികളോടൊപ്പം കൂടുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന പ്രവണത ഈ മൂന്നവസരങ്ങളിലും ദൃശ്യമായിരുന്നു. വെറുതെ കൊന്നു തള്ളുന്നതിനു പകരം നൂതനമായ കൊലപാതകാഹ്ളാദരീതികള്‍ പരീക്ഷിക്കപ്പെട്ടു. പിഞ്ചു കുട്ടികളുടെ കഴുത്തില്‍ കത്തുന്ന ടയര്‍ കൊണ്ട് മാലയണിയിക്കുക, ഗര്‍ഭിണിയെ ബലാത്സംഗം ചെയ്‌തതിനു ശേഷം നിറവയര്‍ കുത്തിക്കീറി ഭ്രൂണത്തെ വലിച്ചെടുത്ത് വാളില്‍ കോര്‍ത്ത് അട്ടഹസിക്കുക, തുടങ്ങി ഭാഷകളിലും ചരിത്രത്തിലും വിവരണാതീതമായി എല്ലാക്കാലത്തും നിലനില്‍ക്കുന്ന ഭീകരതകള്‍ ഓരോ വംശഹത്യകളുടെയും മുഖമുദ്രകളായി പില്‍ക്കാലത്ത് നമ്മെ വേട്ടയാടിക്കൊണ്ടേയിരുന്നു. വേട്ടയാടപ്പെട്ട സമുദായം വംശഹത്യകളെ തുടര്‍ന്ന് കുറെക്കാലത്തേക്ക് സാമൂഹ്യ ബഹിഷ്‌ക്കരണത്തിനും വിധേയമായി. അവരുടെ കടകളിലാരും കയറരുത്, അവരുടെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കരുത്, അവരെ ജോലിക്കെടുക്കരുത്, അവരുടെ സ്ഥാപനങ്ങളില്‍ ജോലിക്ക് പോകരുത് എന്നിങ്ങനെ സാമൂഹ്യ ബഹിഷ്‌ക്കരണം നിശ്ശബ്‌ദമായ ഒരു വംശഹത്യാതുടര്‍ച്ച കൂടിയാണ്.

കണ്ണിന് കണ്ണ് എന്ന പ്രതികാര സിദ്ധാന്തം അഥവാ നരേന്ദ്രമോഡിയുടെ കുപ്രസിദ്ധമായ ന്യൂട്ടന്‍ സിദ്ധാന്തം(ഓരോ പ്രവര്‍ത്തനത്തിനും ഓരോ പ്രതിപ്രവര്‍ത്തനമുണ്ട്) മൂന്നു വംശഹത്യകളെയും സാധൂകരിക്കാന്‍ വേണ്ടി തയ്യാര്‍ ചെയ്‌തിട്ടുണ്ടായിരുന്നു. ദില്ലിയിലത് ഇന്ദിരാഗാന്ധിയുടെ വധമായിരുന്നുവെങ്കില്‍, ഗുജറാത്തില്‍ ഗോധ്ര തീവണ്ടി കത്തിക്കലും, ഖണ്ഡമാലില്‍ സ്വാമി ലക്ഷ്‌മണാനന്ദയുടെ വധവുമായിരുന്നു. എന്നാല്‍ ഈ സംഭവങ്ങളിലെ നിഷ്‌ഠൂരതയെ കവച്ചു വെക്കുന്ന തരത്തിലും അതിലെ ആസൂത്രണങ്ങളെ അപ്രസക്തമാക്കുന്ന വിധത്തിലും, വിപുലവും വ്യാപകവുമായ അക്രമങ്ങളാണ് ഓരോ വംശഹത്യകളിലും നടന്നത്. അതായത്, അവയും കാലേക്കൂട്ടി തയ്യാര്‍ ചെയ്യപ്പെട്ടിരുന്നു എന്ന് സംശയാതീതമായി നമുക്ക് ബോധ്യപ്പെടുന്ന തരത്തിലാണ് സ്വതന്ത്രാന്വേഷണങ്ങള്‍ വസ്‌തുതകള്‍ പുറത്ത് കൊണ്ടു വന്നിട്ടുള്ളത്. സ്വാമി ലക്ഷ്‌മണാനന്ദയുടെ വധവുമായി ക്രിസ്‌ത്യാനികള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന കാര്യം സംശയാതീതമായി ഉന്നയിക്കപ്പെടുക പോലും ചെയ്യുന്നതിനു മുമ്പാണ് ഖണ്ഡമാലിലെ അക്രമങ്ങളുമായി ഫാസിസ്‌റ്റുകള്‍ മുന്നേറിയത് എന്നതും മറന്നു കൂടാ.


മൂന്നു വംശഹത്യകളിലും ഏറ്റവും സര്‍വസാധാരണമായി നടന്ന പ്രധാനപ്പെട്ട കാര്യം സ്‌ത്രീകള്‍ക്കെതിരായ ലൈംഗികാക്രമണങ്ങളായിരുന്നു. സ്‌ത്രീകള്‍ പ്രായഭേദമെന്യേ അവരുടെ സ്വന്തം കുടുംബാംഗങ്ങള്‍ക്കു മുമ്പില്‍ വെച്ചു തന്നെ പിച്ചിച്ചീന്തപ്പെട്ടു. ചില അമ്മമാരെ ആക്രമിച്ചതിനു ശേഷം ഒരേ അക്രമി ആ അമ്മയുടെ ചെറു പ്രായത്തിലുള്ള പെണ്‍മക്കളെയും അതേ പോലെ മാനഭംഗപ്പെടുത്തിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ശിക്ഷയുടെ പശ്ചാത്തലപ്രദേശമായി സ്‌ത്രീ ശരീരങ്ങളെ ഒറീസ്സയിലെ അക്രമികള്‍ ഉപയോഗിച്ചു എന്നാണ് സ്വതന്ത്ര ജൂറി അംഗമായ വൃന്ദ ഗ്രോവര്‍ രേഖപ്പെടുത്തിയത്. ഒരു പോലീസ് പോസ്‌റ്റിനു മുന്നില്‍ വെച്ച് പന്ത്രണ്ട് പോലീസുകാര്‍ നോക്കി നില്‍ക്കെ, ഒരു കന്യാസ്‌ത്രീ വിവസ്‌ത്രയാക്കപ്പെടുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും ചെയ്‌ത സംഭവം ദേശീയ മാധ്യമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട് ചെയ്‌തിരുന്നു. ഗുജറാത്തില്‍ സ്‌ത്രീകള്‍ക്ക് നേരെ നടന്ന വ്യാപകമായ ലൈംഗികാക്രമണങ്ങള്‍ നിരവധി തവണ വിശദീകരിക്കപ്പെട്ടിട്ടുള്ളതു കൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഇരുപത്താറ് വര്‍ഷം മുമ്പ് ദില്ലിയില്‍ സിക്കുകാര്‍ക്കെതിരെ നടന്ന കൂട്ടക്കൊലയില്‍ താരതമ്യേന സ്‌ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ കുറവായിരുന്നുവെന്നാണ് അടുത്ത കാലം വരെയും കരുതപ്പെട്ടിരുന്നത്. മനോജ് മിത്തയും എച്ച് എസ് ഫൂല്‍ക്കെയും ചേര്‍ന്നെഴുതിയ ദില്ലിയെ ഒരു വന്‍ മരവീഴ്‌ച കുലുക്കിയപ്പോള്‍- നിശ്ശബ്‌ദതയുടെ മൂടുപടം നീക്കുന്നു(വെന്‍ എ ട്രീ ഷുക്ക് ദില്ലി -ലിഫ്‌റ്റിംഗ് ദ വീല്‍ ഓഫ് സൈലന്‍സ്) എന്ന പുസ്‌തകം അടുത്തയിടെ പുറത്തുവന്നപ്പോളാണ് ദില്ലി വംശഹത്യയിലും ബലാത്സംഗം ധാരാളമായി ഉപയോഗിക്കപ്പെട്ട ഒരായുധമായിരുന്നു എന്ന് വ്യക്തമായത്.


ലൈംഗികാക്രമണങ്ങള്‍ പുറത്തു വരാത്തതിന്റെ പുറകിലുള്ള പ്രധാന കാരണം, ഇരകളാക്കപ്പെട്ടവര്‍ പുലര്‍ത്തുന്ന മൌനവും ഉള്‍വലിയലും തന്നെയാണ്. രേഖപ്പെടുത്തല്‍, റിപ്പോര്‍ടിംഗ്, അന്വേഷണം, കുറ്റപത്രം രൂപപ്പെടുത്തല്‍, ശിക്ഷ എന്നീ ഘട്ടങ്ങളെയൊക്കെയും ഈ മൌനം സ്വാധീനിക്കുന്നുണ്ട്. ഇനി ഇരകള്‍ തുറന്നു പറഞ്ഞാല്‍ തന്നെ ഇത്തരം കേസുകളില്‍ തുടര്‍ച്ചയായി സ്‌ഥൈര്യം നിലനിര്‍ത്തി പൊരുതാന്‍ കെല്‍പ്പില്ലാത്തതിനാല്‍ അവര്‍ നിശ്ശബ്‌ദരാക്കപ്പെടുകയും തോല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവണതയും സാധാരണമാണ്. പൊതു സമൂഹം സാധാരണ ഗതിയില്‍ തന്നെ (സമാധാന കാലത്തും) സ്‌ത്രീ വിരുദ്ധമായതിനാല്‍, സ്‌ത്രീകളുടെ ആവലാതികള്‍ പരിഹരിക്കപ്പെടാതിരിക്കുകയോ വേണ്ട രീതിയില്‍ ഉന്നയിക്കപ്പെടുന്നതില്‍ നിന്നു തന്നെ തടയപ്പെടുകയോ ചെയ്യുന്നു. ഇതും അവര്‍ക്കെതിരായ ആക്രമണങ്ങളുടെ ഊക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലയ്‌ക്കാണ് കേട് തുടങ്ങിയ പഴഞ്ചൊല്ലുകളില്‍ അധിഷ്‌ഠിതമായ പരമ്പരാഗത പുരുഷാധിപത്യ ബോധമാണ് അതി നിഷ്‌ഠൂരമായ വര്‍ഗീയ - വംശഹത്യകളിലെ കേസുകളില്‍ പോലും അഭിപ്രായം രൂപപ്പെടുത്തുന്നതിനെ സ്വാധീനിക്കുന്നത്. സ്‌ത്രീകള്‍ ആക്രമിക്കപ്പെടാം എന്ന അവസ്ഥ നിലനില്‍ക്കുന്നതു കൊണ്ട് ആക്രമണത്തിനിരയായ സമുദായത്തില്‍പ്പെട്ടവര്‍ തങ്ങളുടെ വീട്ടിലേക്ക് തിരിച്ചുവരാതിരിക്കുകയും ചെയ്യുന്നു. നിശ്ശബ്‌ദമായ ദൈനം ദിന അക്രമത്തിലൂടെ ന്യൂനപക്ഷം വേട്ടയാടപ്പെടുന്ന അവസ്ഥയാണിതു മൂലമുണ്ടാകുന്നത്. തുല്യത, വിവേചനരാഹിത്യം, അഭിമാനത്തോടെയുള്ള ജീവിതം എന്നീ അന്താരാഷ്‌ട്ര മൂല്യങ്ങളാണ് ഇത്തരം അവസരങ്ങളില്‍ വ്യാപകമായി ഉന്മൂലനം ചെയ്യപ്പെടുന്നത് എന്നതാണ് വാസ്‌തവം. ആയിരത്തിതൊള്ളായിരത്തി എണ്‍പത്തി നാലിനു ശേഷമുള്ള ഇന്ത്യ, ജനാധിപത്യ നിര്‍മാണത്തോടൊപ്പം തന്നെ ജനാധിപത്യ ശിഥിലീകരണത്തിന്റെയും പ്രയോഗസ്ഥലമായി മാറിക്കൊണ്ടിരിക്കുന്നു എന്ന നിരീക്ഷണം പ്രബലമാവുന്നത് ഇത്തരം ദുരവസ്ഥകളുടെ കൂടി പശ്ചാത്തലത്തിലാണ്.



കൂടുതല്‍ വായനക്ക് :


1. Preliminary Findings & Recommendations - The National People’s Tribunal on Kandhamal

2. Three pogroms held together by a common thread - Vidya Subrahmaniam (The Hindu - Saturday, Sep 04, 2010)