Friday, September 26, 2008

പേടിസ്വപ്നത്തിന്റെ ഇടനാഴികള്‍

കമ്യൂണിസ്റ്റുകാരനായതുകൊണ്ട് ഹോളിവുഡില്‍ നിന്ന് നാടുകടത്തപ്പെടുന്നതിനു മുമ്പ് ജൂള്‍സ് ഡാസിന്‍ പൂര്‍ത്തിയാക്കിയ രാത്രിയും നഗരവും (നൈറ്റ് ആന്റ് ദ സിറ്റി /1950) എന്ന സിനിമ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസാണെന്നാണ് ചില നിരൂപകരുടെ അഭിപ്രായം. ലണ്ടന്‍ നഗരത്തില്‍ വെച്ച് ചിത്രീകരിച്ച ഈ സിനിമയില്‍ ഗുസ്തി മത്സരത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ വേണ്ടത്ര പരിചയം സിദ്ധിച്ചിട്ടില്ലെങ്കിലും അതു ചെയ്തുകൊണ്ടിരിക്കുന്ന ഒരാളും നിശാനര്‍ത്തകശാലയുടെ ഉടമസ്ഥനായ മറ്റൊരാളുമാണ് പ്രധാന കഥാപാത്രങ്ങള്‍. ലണ്ടന്‍ നഗരത്തെ മുറിഞ്ഞ സ്വപ്നങ്ങളുടെയും പേടിസ്വപ്നങ്ങളുടെയും ഒരിടനാഴിയാക്കി ഡാസിന്‍ പരിവര്‍ത്തിപ്പിച്ചു എന്നാണ് മൈക്കിള്‍ സ്രാഗോ എഴുതിയത്.

ഹോളിവുഡിലെ കമ്യൂണിസ്റ്റുകാരെയും അനുഭാവികളെയും അനുഭാവികളും പ്രവര്‍ത്തകരും അംഗങ്ങളുമെന്ന് ആരോപിക്കപ്പെട്ടവരെയും കൂട്ടത്തോടെ നാടുകടത്തിയ കുപ്രസിദ്ധമായ മക്കാര്‍ത്തിയന്‍ കാലഘട്ടത്തിലാണ് മുമ്പ് പാര്‍ടിയിലംഗത്വമെടുത്തിരുന്ന ഡാസിനും പുറത്താക്കപ്പെട്ടത്. പിന്നീട് കുറെക്കാലം പാരീസിലാണ് അദ്ദേഹം അഭയാര്‍ത്ഥിയായി ജീവിച്ചത്. 1953ലാണ് സംഭവം. ഭക്ഷണശാലകളില്‍ ആവശ്യമുള്ള ഏതാനും ഫ്രഞ്ച് വാക്കുകള്‍ മാത്രം അറിയാമായിരുന്ന ഡാസിന്‍ അവിടെ ആദ്യത്തെ അഞ്ചുകൊല്ലം തൊഴിലില്ലാതെ അലഞ്ഞു. തികഞ്ഞ ദുരിതമായിരുന്നു ആ ബഹിഷ്കൃതന്‍ അനുഭവിച്ചത്.

പണം നേടാനായി അദ്ദേഹം അക്കാലത്ത് ആദ്യമായി സംവിധാനം ചെയ്തത് റിഫിഫി എന്ന ചിത്രമായിരുന്നു. ബാങ്ക് കൊള്ള ചെയ്യുന്നതിന്റെ കഥ വിവരിക്കുന്ന ഈ സിനിമയില്‍ മറക്കാനാവാത്ത ഒരു സീക്വന്‍സ് ബാങ്ക് കൊള്ള ചിത്രീകരിച്ച അര മണിക്കൂര്‍ തന്നെയായിരുന്നു. പശ്ചാത്തല സംഗീതമോ സംഭാഷണമോ ഇല്ലാത്ത ആ സീക്വന്‍സ് ശ്വാസമടക്കിപ്പിടിച്ചു കൊണ്ടു മാത്രമേ കണ്ടു തീര്‍ക്കാനാവുള്ളൂ. പെര്‍ലോ വിത്ത എന്ന കഥാപാത്രമായി അഭിനയിച്ചത് ഡാസിന്‍ തന്നെയായിരുന്നു. 1955ലെ കാന്‍ മേളയില്‍ ഏറ്റവും നല്ല നടനുള്ള പുരസ്കാരം ഈ വേഷത്തെ മുന്‍ നിര്‍ത്തി അദ്ദേഹത്തിന് ലഭിച്ചു.

ഇക്കാലത്തു തന്നെയാണ് നല്ല ഹൃദയമുള്ള വേശ്യയുടെ കഥ പറയുന്ന നെവര്‍ ഓണ്‍ സണ്‍ഡേ എന്ന പ്രസിദ്ധ ചിത്രം അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഡാസിന്‍ ഈ സിനിമയിലും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തു. മികച്ച സംഗീതസംവിധാനത്തിന് അക്കാദമി അവാര്‍ഡുകള്‍ നേടിയെടുത്ത ഈ സിനിമ ബോക്സ് ആപ്പീസ് വിജയവുമായിരുന്നു. ഇതിനകം, കമ്യൂണിസ്റ്റ് വിരുദ്ധ വേട്ട അസ്ഥാനത്താണെന്ന തിരിച്ചറിവ് ഹോളിവുഡില്‍ പ്രബലമായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ വീണ്ടും അവിടെ സ്വീകരിക്കപ്പെട്ടു. എന്നാല്‍ അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചു ചെന്ന് താമസിക്കാന്‍ കൂട്ടാക്കിയില്ല. നെവര്‍ ഓണ്‍ സണ്‍ഡേയില്‍ വേശ്യയുടെ വേഷത്തിലഭിനയിച്ച ഇറ്റാലിയന്‍ നടിയായ മെലിന മെര്‍ക്കോറിയെ 1966ല്‍ ഡാസിന്‍ വിവാഹം ചെയ്തു. ഇതദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു.

റഷ്യന്‍ വംശജനായ ഒരു ക്ഷുരകജോലിക്കാരന്റെ മകനായി 1911 ഡിസംബര്‍ 18ന് മിഡില്‍ടൌണില്‍ ജനിച്ച ഡാസിന്‍ കുടുംബത്തോടൊപ്പം തൊഴിലാളിനഗരമായ ഹാര്‍ലെമ്മിലേക്ക് താമസം മാറ്റി. അവിടത്തെ പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ജീവിതമാണ് അദ്ദേഹത്തെ കമ്യൂണിസ്റ്റാക്കിയത്. യൂറോപ്പില്‍ പോയി നാടകം പഠിച്ച ഡാസിന്‍ ന്യൂയോര്‍ക്കില്‍ തിരിച്ചെത്തി യിദ്ദിഷ് തിയറ്ററില്‍ നടനായും റേഡിയോ സ്ക്രിപ്റ്റുകളെഴുതിയുമാണ് കലാരംഗത്ത് സജീവമായത്. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട കാലമായിരുന്നു അത്. ഹിച്ച്കോക്ക് അടക്കമുള്ള പ്രമുഖ ഹോളിവുഡ് സംവിധായകരുടെ കീഴില്‍ പരിശീലിച്ച ഡാസിന്‍ എംജിഎമ്മിനു വേണ്ടി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇക്കൂട്ടത്തില്‍ റീയൂണിയന്‍ ഇന്‍ ഫ്രാന്‍സ് എന്ന ചിത്രം വളരെ ശ്രദ്ധേയമാണ്. കാമുകന്‍ ഒരു നാസി ഒറ്റിക്കൊടുപ്പുകാരനാണെന്ന് കണ്ടെത്തുന്ന നായികയാണ് ഈ സിനിമയിലുള്ളത്. 1957ല്‍ സംവിധാനം ചെയ്ത ഹി ഹു മസ്റ്റ് ഡൈയില്‍ ക്രെറ്റെ ദ്വീപിലെ നഗരവാസികള്‍ വര്‍ഷാന്ത്യ നാടകം കളിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ഇതിവൃത്തമായി വരുന്നത്. അധിനിവേശിതരായ ഗ്രീക്കുകാരാണ് ദ്വീപു നിവാസികള്‍. തുര്‍ക്കിയുടെ ആധിപത്യമായിരുന്നു അവരനുഭവിച്ചിരുന്നത്. പൌരോഹിത്യവും നാടകവും അധിനിവേശത്തിന്റെ സ്മരണകളും വീണ്ടുമാവര്‍ത്തിക്കുന്ന അധിനിവേശം എന്ന ദുസ്വപ്നവും കൂടിക്കുഴയുന്ന ഹി ഹു മസ്റ്റ് ഡൈയുടെ കഥാഗാത്രം വിസ്മയാവഹമാണ്. നിക്കോസ് കസാന്‍ദാക്കീസിന്റെ ക്രൈസ്റ്റ് റീക്രൂസിഫൈഡിനെ ആസ്പദമാക്കിയാണ് ഈ സിനിമ ഡാസിന്‍ വിഭാവനം ചെയ്തത്.

കടുത്ത ഫാസിസ്റ്റ് വിരുദ്ധയായിരുന്നു മെലിന മെര്‍ക്കോറി. 1967ല്‍ അവര്‍ താമസിച്ചിരുന്ന ഗ്രീസിലെ വലതുപക്ഷ സര്‍ക്കാര്‍ മെര്‍ക്കോറിയുടെ പൌരത്വം എടുത്തു കളഞ്ഞു. 1970ല്‍ ഭരണത്തിലിരുന്ന സ്വേഛാധിപത്യ ഭരണകൂടത്തെ അസ്ഥിരീകരിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു എന്ന കുറ്റത്തിന് ഡാസിന്‍ വേട്ടയാടപ്പെട്ടു. ഇക്കാലങ്ങളില്‍ പാരീസില്‍ അഭയാര്‍ത്ഥിജീവിതം നയിച്ച ഡാസിനും മെര്‍ക്കോറിയും 1974ല്‍ വലതുപക്ഷ ഭരണം അവസാനിച്ച ശേഷമാണ് ഗ്രീസില്‍ തിരിച്ചെത്തിയത്. ഇതിനെ തുടര്‍ന്ന് മെര്‍ക്കോറി രാഷ്ട്രീയപ്രവര്‍ത്തകയാവുകയും പാര്‍ലമെന്റ് അംഗമായി മത്സരിച്ചു ജയിക്കുകയും ചെയ്തു. ഗ്രീക്ക് സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പു മന്ത്രിയായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994ലാണ് അവര്‍ മരിച്ചത്. ഡാസിന്‍ 2008 മാര്‍ച്ച് 31 തിങ്കളാഴ്ച ഏതന്‍സില്‍ വെച്ച് അന്തരിച്ചു.

1960കളില്‍ അദ്ദേഹം സിനിമാസംവിധാനത്തില്‍ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചെങ്കിലും ഏതാനും ചില ചിത്രങ്ങള്‍ കൂടി അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. 1962ല്‍ ക്യൂ മാസികക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്, ഹി ഹു മസ്റ്റ് ഡൈയാണ് തന്റെ ചിത്രങ്ങളില്‍ വെച്ച് ഏറ്റവുമധികം തനിക്ക് ഇഷ്ടപ്പെട്ടതെന്നാണ്. 1978ല്‍ അദ്ദേഹം സംവിധാനം ചെയ്ത എ ഡ്രീം ഓഫ് പാഷന്‍ എന്ന ചിത്രത്തിന് കാന്‍ മേളയില്‍ ഗോള്‍ഡന്‍ പാം അവാര്‍ഡ് ലഭിക്കുകയുണ്ടായി.

No comments: