Friday, November 28, 2008

ശരീരവും ആത്മാവും - ബന്ധങ്ങളുടെ ഭൂമധ്യരേഖകള്‍

സി വി ശ്രീരാമന്റെ കഥകളില്‍, എളുപ്പത്തില്‍ ചലച്ചിത്രരൂപാന്തരത്തിന് വിധേയമാക്കാവുന്ന ദൃശ്യപരത വ്യാപിച്ചുകിടക്കുന്നുണ്ടെന്ന് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. കഥകളെ ഇപ്രകാരം ദൃശ്യപരത ഉള്ളവയെന്നും ഇല്ലാത്തവയെന്നും രണ്ടായി വിഭജിക്കാനാവുമെന്നും, ദൃശ്യപരത എന്നതാണ് സിനിമയുടെ ഒരു അടിസ്ഥാന ഗുണം എന്നുമൊക്കെയുള്ള മുന്നറിവുകളും മുന്‍ നിശ്ചയങ്ങളുമാണ് ഇത്തരം ഒറ്റവാചക നിരീക്ഷണങ്ങളെ പ്രബലപ്പെടുത്തുന്നത്. മാത്രമല്ല, സ്ഥലപശ്ചാത്തലവിവരണം പോലുള്ള ചില അത്യാവശ്യങ്ങളെയാണ് ദൃശ്യപരതയായി ഇക്കൂട്ടര്‍ ഗണിച്ചെടുത്ത് ഭ്രമിക്കുന്നതും! അഭയാര്‍ത്ഥിത്വം, പ്രവാസം, നാടുവാഴിത്തത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള നടന്നതും നടക്കാത്തതുമായ സംക്രമണം, യാത്രകള്‍, ഓര്‍മ്മകള്‍, മറവികള്‍, വിസ്‌മയകരവും യാദൃച്‌ഛികവുമായ കണ്ടുമുട്ടലുകളും കണ്ടെത്തലുകളും, അരക്ഷിതത്വങ്ങള്‍, സ്വത്തുടമസ്ഥതയിലുള്ള മാറ്റങ്ങള്‍, കേസുകള്‍, നിയമനിര്‍മാണങ്ങള്‍, ഉപേക്ഷകള്‍, വിശ്വാസത്തിന്റെ പ്രതിസന്ധി, സമരങ്ങള്‍, കോളനീകരണം, ഭാഷയും പ്രാദേശികത്വവും, ഭക്ഷണരീതികള്‍, ദാരിദ്ര്യം എന്നിങ്ങനെ അനവധി സമസ്യകളും പ്രതിസന്ധികളും ചേര്‍ന്ന് കുഴഞ്ഞുമറിയുന്ന മനുഷ്യാവസ്ഥകളുടെ വിചിത്രമായ ചേരുവകളാണ് ശ്രീരാമന്‍ കഥകളില്‍ വായനക്കാര്‍ വീണ്ടും വീണ്ടും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇതൊക്കെ സിനിമക്കും ബാധകമാണ്. എന്നാല്‍ സൌന്ദര്യാത്മക മലയാള സിനിമ പോലെ അസാധ്യമായ നിര്‍വഹണോന്മുഖത നിലനില്‍ക്കുന്ന ഒരു പരിസരത്തിനകത്ത് അദ്ദേഹത്തിന്റെ കഥകള്‍ നടത്തിയ ധീരമായ ഇടപെടലുകളെന്തൊക്കെ എന്നത് വിശദമായി ആലോചിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.

ഇരിക്കപ്പിണ്ഡം എന്ന കഥ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് കെ ആര്‍ മോഹനന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത പുരുഷാര്‍ത്ഥം; പൊന്തന്‍മാട, ശീമത്തമ്പുരാന്‍ എന്നീ കഥകളില്‍ നിന്ന് ടി വി ചന്ദ്രന്‍ രൂപപ്പെടുത്തിയെടുത്ത പൊന്തന്‍മാട എന്ന തിരക്കഥയും സിനിമയും; ചിദംബരം, വാസ്തുഹാരാ എന്നീ കഥകളെ ആസ്‌പദമാക്കി അതേ പേരില്‍ തന്നെ ജി അരവിന്ദന്‍ സംവിധാനം ചെയ്‌ത രണ്ടു ചലച്ചിത്രങ്ങള്‍ എന്നിങ്ങനെ അഞ്ചു കഥകളും നാലു സിനിമകളുമാണ് മലയാള സിനിമാചരിത്രത്തില്‍ സി വി ശ്രീരാമന്റെ സ്ഥാനം. വേണമെങ്കില്‍ വി കെ ശ്രീരാമന്‍ സംവിധാനം ചെയ്‌ത ഇഷ്‌ടദാനം എന്ന ടെലിഫിലിം കൂടി ഈ ഗണത്തിലുള്‍പ്പെടുത്താം. ഓളവും തീരവും(എംടി, പിഎന്‍ മേനോന്‍) എന്ന ചിത്രത്തിനു ശേഷം മാറിത്തീരുകയും യൂറോപ്യനറിവുകളുടെ ഛായയിലും പ്രതിഛായയിലും പുനര്‍രചിക്കപ്പെടുകയും ചെയ്‌ത മലയാള സിനിമാ ചരിത്രത്തിന്റെ പ്രത്യേക ഘട്ടത്തിലാണ്, നിരൂപകരുടെ കണ്ടെത്തല്‍ പ്രകാരം ഒരു 'തലമുറ'യിലും കണിശമായി ഉള്‍പ്പെടാത്ത സി വി ശ്രീരാമന്റെ കഥകള്‍ സിനിമയാക്കപ്പെടുന്നത്. ആ സിനിമകള്‍ ഒന്നു കൂടി കണ്ടു നോക്കൂ. അവക്കാധാരമായ കഥകള്‍ ഒന്നു കൂടി വായിച്ചു നോക്കൂ. മലയാള സിനിമ മാത്രമല്ല, മലയാളവും കേരളവും കേരള സംസ്‌ക്കാരവും ചരിത്രവും പുതിയ രീതിയില്‍ അഴിച്ചു പണിയാനും പുനക്രമീകരിക്കപ്പെടാനുമുള്ള ആന്തരികവും ബാഹ്യവുമായ വാഞ്ഛകള്‍ കൊണ്ട് ഉത്സുകമായ ഒരു ഭാവുകത്വം അവയെ ചൂഴ്ന്നു നില്‍ക്കുന്നതു കാണാം. അത് മലയാള സിനിമയെ മാത്രമല്ല, കേരളീയതയെയും പുനരാവിഷ്‌ക്കരിക്കുന്നതിനുള്ള പരിശ്രമങ്ങളായിരുന്നുവെന്ന് സൂക്‌ഷ്‌മമായി നോക്കിയാല്‍ ബോധ്യപ്പെടും.

സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള പരസ്‌പരാകര്‍ഷണം, പ്രണയം, വിവാഹം, വിവാഹേതരബന്ധങ്ങള്‍, അഗമ്യഗമനങ്ങള്‍, രതി, കുടുംബരൂപീകരണവും ശിഥിലീകരണവും, സ്‌നേഹം എന്നിങ്ങനെ മലയാളി സ്വതേ സാമൂഹ്യസ്ഥല ചര്‍ച്ചകളില്‍ നിന്ന് മാറ്റിനിര്‍ത്തിയതും സ്വകാര്യവും അടക്കിപ്പിടിച്ചതുമായ ഇരുട്ടറകളിലേക്ക് തള്ളിവിട്ടതുമായ പ്രഹേളികകളാണ് സിനിമയാക്കപ്പെട്ട ശ്രീരാമന്‍ കഥകളെ പ്രാഥമികമായി സംഘര്‍ഷഭരിതമാക്കുന്നത്. സ്‌നേഹവും ലൈംഗികതയും കുടുംബവും അധികാരബലതന്ത്രത്തിന്റെ പ്രവര്‍ത്തനമേഖലകളാണെന്ന മൌലികമായ തിരിച്ചറിവാണ് ഈ കഥകളുടെ സത്യസന്ധത. ഇരിക്കപ്പിണ്ഡത്തില്‍, പരേതനായ അഛന്റെ ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാനായി ഗംഗാതീരത്തെത്തുന്ന കുട്ടിയോടൊപ്പമുള്ളത് അമ്മയും അമ്മയുടെ കാമുകനുമാണ്. അഛന്റെ മരണം വരെയും അയാളുടെ സാമൂഹ്യനാമകരണം ജാരന്‍ എന്നായിരുന്നു. ആ വിശേഷണത്തിലാന്തരീകരിച്ചിട്ടുള്ള പുഛം, വെറുപ്പ്, അവമതി എന്നിവയെല്ലാം ചേര്‍ന്ന വികാരമാണ് കുട്ടിക്ക് അയാളോടുള്ളത്. ക്യാമറയുമായി കുമ്പിട്ട് നിന്ന് കുട്ടിയെ ഓമനിക്കാന്‍ തുനിഞ്ഞ നൈനാന്‍ അങ്കിളിനോട് യൂ ഗോ എവെ! എന്ന് കുട്ടി ജ്വലിക്കുകയാണ് ചെയ്‌തത്.

വെറുപ്പിന്റെ ഈ ജ്വലനം പക്ഷെ വായനക്കാരന്റെ സദാചാരപരികല്‍പനയിലേക്ക് കേവലമായി കടത്തിവിടാന്‍ കഥാകൃത്ത് പരിശ്രമിക്കുന്നില്ല എന്നതാണ് കഥയുടെ സത്യസന്ധത. യാഥാര്‍ത്ഥ്യം എന്ന വിചിത്രവും സങ്കീര്‍ണവുമായ പ്രതിസന്ധിയെ കഥാകാരന്‍ ആവിഷ്‌ക്കരിക്കുന്നത് നോക്കുക. മകന്‍ ഭര്‍ത്താവിന്റെ ബലിക്രിയകള്‍ പൂര്‍ത്തീകരിക്കുന്നത് കാത്തിരിക്കുമ്പോള്‍ അവര്‍ സംസാരിക്കുന്നതെന്തായിരുന്നു? ഭര്‍ത്താവിന്റെ മരണത്തിനു മുമ്പ് കാമുകനുമായി അവള്‍ ഒരു തവണയാണോ അതോ രണ്ടു തവണയാണോ ലൈംഗികമായി ബന്ധപ്പെട്ടിരുന്നത് എന്ന് തര്‍ക്കിക്കുകയായിരുന്നു അവര്‍. തര്‍ക്കത്തില്‍ തീര്‍പ്പു കല്‍പ്പിച്ചു കൊണ്ട് അവള്‍ അവരുടെ ആദ്യ സംഗമം കൃത്യമായി ഓര്‍മ്മിച്ചെടുക്കുന്നു. 'നിങ്ങളുടെ മിസ്സിസ്സിനെ ആദ്യത്തെ പ്രാവശ്യം മെന്റല്‍ ഹോസ്പിറ്റലില്‍ അഡ്‌മിറ്റ് ചെയ്‌തത് പുലര്‍ച്ചക്കല്ലേ? നിങ്ങള്‍ പറഞ്ഞു ശരീരം വിറക്കുന്നുവെന്ന്.... നമ്മള്‍ പോയി ജിംഖാന ക്ലബ്ബിന്റെ സ്‌റ്റുവാര്‍ഡിനെ വിളിച്ചുണര്‍ത്തി. പല്ലു പോലും തേയ്‌ക്കാതെ നിങ്ങള്‍ കുറെ കണ്‍ട്രിലിക്കര്‍ കഴിച്ചു...' 'നൌ ഐ റികലക്‍ട്... ജിംഖാന ക്ലബ്ബിന്റെ സ്‌റ്റേജില്‍ കെട്ടി നിറുത്തിയ രണ്ടു കര്‍ട്ടണുകളുടെ ഇടയില്‍..' 'വെറും നിലത്ത് പൊടി പുരണ്ട.... എന്റെ ഭഗല്‍പുരി സാരി വിരിച്ച്....' അവളുടെ മുഖം ചുവന്നു. അവള്‍ക്ക് വാക്കുകള്‍ കിട്ടാതെയായി. അവള്‍ നിറുത്തി. അവളുടെ കയ്യില്‍ നിന്ന് ദര്‍ഭനാര് വാങ്ങി അവളുടെ കൈത്തണ്ടയില്‍ വരച്ചു കൊണ്ട് അയാള്‍ പറഞ്ഞു: ഓ... ഗേള്‍! എല്ലാം ഓര്‍മ്മയില്‍ പച്ചയായി....' സ്വന്തം ഓര്‍മ്മയെ കുറ്റവും ശിക്ഷയും ശരിതെറ്റുകളുമായി ഒരാള്‍ക്ക് വ്യവഛേദിച്ചെടുക്കാനാവുമോ? ധര്‍മാധര്‍മത്തെക്കുറിച്ചും സദാചാരത്തെക്കുറിച്ചും വ്യക്തിയും സമുദായവും പുലര്‍ത്തുന്ന ഈ പരസ്യ /രഹസ്യ സംവാദമാണ് ശ്രീരാമന്‍ കഥകളുടെ ഏറ്റവും വലിയ പ്രസക്തി. കുട്ടിയോടൊപ്പം നിന്ന് കാമുകനെയും അമ്മയെയും ഭര്‍ത്സിക്കുകയും വിധവയുടെയും ജാരന്റെയും ഒപ്പം നിന്ന് ഭര്‍ത്താവിന്റെ ബലിദാനവേളയില്‍ തങ്ങളുടെ ആദ്യത്തെ സംഗമം ഓര്‍മ്മിച്ചെടുത്ത് പുളകം കൊള്ളുകയും ചെയ്യുന്നതിലൂടെ സംക്രമിക്കപ്പെടുന്ന ഈ സന്ദിഗ്ദ്ധതയാണ് ശ്രീരാമന്റെ കഥയെ ചലച്ചിത്രരൂപാന്തരത്തിന് യോഗ്യമാക്കുന്നത്. മലയാള സിനിമയില്‍ പലപ്പോഴും ഈ സന്ദിഗ്ദ്ധത പരിചരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അവയെ സ്ഥലകാലബന്ധിതമായ സ്ഥിത സദാചാരം കൊണ്ട് പരിഹരിച്ചതായി ഭാവിക്കുകയായിരുന്നു പതിവ്. ആ പതിവിന്റെ ചരിത്ര വിരുദ്ധതയെയാണ് സി വി ശ്രീരാമന്റെ കഥകളില്‍ നിന്ന് പ്രസരിക്കുന്ന സത്യസന്ധതയുടെ ഊര്‍ജ്ജം കൊണ്ട് ചലച്ചിത്രകാരന്മാര്‍ പൊളിച്ചടുക്കിയത്.

കെ ആര്‍ മോഹനന്റെ സിനിമയില്‍ ഭദ്ര, കാമുകന്‍(ജാരന്‍), ഭദ്രയുടെ മകന്‍ വിനീത് എന്നീ കഥാപാത്രങ്ങളാണ് പിതൃതര്‍പ്പണത്തിനു വേണ്ടി പോകുന്നത്. ഭദ്രയുടെ മരിച്ചു പോയ ഭര്‍ത്താവ് വാസുദേവന്റെ നാട്ടിലേക്കും വീട്ടിലേക്കും അവളും മകനും ചേര്‍ന്ന് നടത്തിയ യാത്രയുടെ മുന്നനുഭവം കൂടി ചേര്‍ന്നാണ് സിനിമ രൂപപ്പെടുന്നത്. അവള്‍ ഓര്‍മ്മയില്‍ നിന്നും ധാരണയില്‍ നിന്നും കുടഞ്ഞുകളയാനാഗ്രഹിക്കുന്ന ഒരു പ്രേത സാന്നിദ്ധ്യമായും മകന്‍ അവന്റെ കാഴ്ച്ചപ്പാടിലേക്ക് ആവാഹിച്ചെടുക്കാനിച്‌ഛിക്കുന്ന ഒരു പിതൃരൂപമായും വാസുദേവന്‍ എന്ന അസന്നിഹിതമായ കഥാപാത്രം നിറഞ്ഞുനില്‍ക്കുന്നു. ഇതുകൊണ്ടാണ്, മകനായ വിനീത് ദേഷ്യം മൂത്ത് ബലികര്‍മ്മത്തിനിടയില്‍ പിണ്ഡം അമ്മയുടെ കാമുകന്റെ മുഖത്തേക്ക് വലിച്ചെറിയുന്നത്. അമ്മയും കാമുകനും തമ്മില്‍ പരസ്പരചൂഷണത്തിലധിഷ്‌ഠിതമായ ബന്ധമാണ് നിലനിന്നിരുന്നത് എന്ന സൂചനയും ലഭ്യമാണ്. സ്‌നേഹം, ദാമ്പത്യം, വിവാഹേതരപ്രണയം എല്ലാം അധികാരരൂപങ്ങളായി പ്രവര്‍ത്തിക്കുന്നത് ഭയചകിതമായി നാം അനുഭവിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ സിനിമ പരിചരിക്കാന്‍ ശ്രമിച്ച ഏറ്റവും നിര്‍ണായകമായ മാനുഷിക വികാരങ്ങളിലൊന്ന് ലൈംഗികതയായിരുന്നു. അന്യരുടെ ലൈംഗികബന്ധം നേരിട്ടു കാണാനുള്ള അവസരമില്ലാത്ത മുഴുവന്‍ മനുഷ്യരുമാണ് സിനിമയുടെ കാണികള്‍. അതുകൊണ്ട് സിനിമയുടെ ജനപ്രിയതാരൂപീകരണത്തെ മിക്കപ്പോഴും നിര്‍ണയിച്ചത് രതിയുടെയും സ്‌ത്രൈണനഗ്നതയുടെയും ആവിഷ്‌ക്കാര സാധ്യതകളായിരുന്നു. സി വി ശ്രീരാമന്റെ കഥകളില്‍ തെളിഞ്ഞുകിടന്ന ചരിത്രകാലവും സ്ഥലരാശിയും പക്ഷെ ഈ വ്യാവസായിക-ജനപ്രിയതയുടെ തലത്തിലല്ല പ്രവര്‍ത്തനക്ഷമമായത്. അത്, സാമൂഹികസദാചാരം എന്ന അധികാരപ്രക്രിയയോട് കലഹിച്ചുകൊണ്ട് ശരീരങ്ങളുടെയും ആത്മാവുകളുടെയും ബന്ധങ്ങളും ബന്ധനങ്ങളുമായി പടരുകയും വിട്ടകലുകയും ചെയ്യുന്ന മനുഷ്യാസ്‌തിത്വം എന്ന സമസ്യയെ പ്രശ്‌നോപരിതലത്തിലേക്ക് ഉയര്‍ത്തുകയാണ് ചെയ്‌തത്. വ്യക്തമായ സ്വത്തധികാരമില്ലാത്ത പൊന്തന്‍മാട, അധസ്ഥിതത്വത്തില്‍ തളച്ചിടപ്പെട്ട ജാതിത്വത്തിന്റെ അവഹേളനം നിരന്തരം പേറുന്ന ഒരു ജൈവാസ്‌തിത്വമാണ്. ഉയര്‍ന്ന ജാതിക്കാരുടേതു പോലെ 'മാന്യമായ' കുടുംബ / ലൈംഗിക വ്യവസ്ഥകള്‍ അയാള്‍ക്കനുവദിക്കാന്‍ സമുദായം തയ്യാറല്ല. നിഷേധിക്കപ്പെട്ടതിനാല്‍ ലൈംഗികതയെ അയാള്‍ സ്വയം ഉള്ളിലേക്ക് അടിച്ചമര്‍ത്തിയിരിക്കുകയാണ്.

മഴയത്ത് തോടു പൊട്ടി വിതച്ച ചീര നശിക്കുമെന്നറിയിക്കാന്‍, മണ്ണിലും സസ്യപ്രകൃതിയിലും കൃഷിയിലും വിലയിച്ചൊന്നായിത്തീര്‍ന്ന മാട തമ്പുരാന്റെ അടുത്ത് ഓടിയെത്തുന്നു. തമ്പുരാന്റെ നിര്‍ദേശ പ്രകാരം പുറംപണിക്കാരെ വിളിച്ച് കൃഷി രക്ഷിക്കാന്‍ വേണ്ടി കോതമ്മയെയും കാര്‍ത്തുവിനെയും കൂട്ടുന്നു. ചെറ്യേണ്ടനും കോതമ്മയും കയറ്റുട്ട പിടിച്ച താഴത്തോറത്തു നിന്ന് ഒരേത്തവും കേള്‍ക്കാതായപ്പോള്‍ മാട പോയി നോക്കി. അവരവിടെ പണി നിര്‍ത്തി വെച്ച് ശാരീരീകമായി ബന്ധപ്പെടുകയായിരുന്നു. കണ്ട 'പുതുമ' കാര്‍ത്തുവിനോട് പറഞ്ഞപ്പോള്‍ അങ്ങനെത്തന്യ ആണുങ്ങളായാല്‍. അല്ലാതെ നിന്റെ മാതിരി പൊന്തന്‍ കെടേശ്ശ് പോലെ ശരീരം ഉണ്ടായാല്‍ പോരാ എന്നവള്‍ അവനെ കളിയാക്കുന്നു. അതൊരു ക്ഷണം മാത്രമായിരുന്നില്ല, ഒരാക്രമണം തന്നെയായിരുന്നു എന്നാണ് കഥാകൃത്ത് വിവരിക്കുന്നത്. പിന്നീട് അവരൊന്നിച്ച് ജീവിക്കുന്നുണ്ടെങ്കിലും അത് അധികകാലം നീണ്ടുനിന്നില്ല. അങ്ങാടിക്കാരന്‍ മുതലാളിയുടെ വീട്ടുപണിക്ക് പോയ കാര്‍ത്തു അവിടുന്ന് തിരിച്ചു വന്നില്ല. അവളെ കാണാന്‍ മാട ചെന്നപ്പോള്‍ പര്യേമ്പ്രത്ത് (പിന്നാമ്പുറം) ഇരുന്ന് കോഴിയെ നുറുക്കുകയായിരുന്നു അവള്‍. “ഈ ചാത്തന്‍ കോഴി മൂത്ത് മുതുമുത്തപ്പനായിരിക്കുന്നു. മാട ആ കര്‍മ്മസ് മരത്തില്‍ കയറി ഒരു കര്‍മസ്സും കായ പൊട്ടിച്ചേ..”എന്ന അവളുടെ ആവശ്യം നിറവേറ്റി അവന്‍ തിരിച്ചുപോരുന്നു. മൂത്ത ചാത്തന്‍ കോഴി അവനും അതിനെ മയപ്പെടുത്തുന്ന കര്‍മ്മസ്(പപ്പായ) അവളുമായിരിക്കാം: അല്ലെങ്കില്‍ മൂത്ത ചാത്തന്‍ കോഴി എന്നത് അവളിലുറങ്ങിക്കിടക്കുന്ന രതിചോദനകളും കര്‍മ്മസ് അതിനെ ഉണര്‍ത്തി ശമിപ്പിച്ച അവന്റെ മസൃണമായ പുരുഷത്വവുമാവാം. പിന്നീട് മാര്‍ക്കം കൂടിയ കാര്‍ത്തു നെല്ല്യാമ്പതിമലേലിക്ക് കൂടെ പോരാന്‍ അവനെ ക്ഷണിച്ചെങ്കിലും സ്വന്തം സ്ഥലമൊന്നുമില്ലാഞ്ഞിട്ടും താന്‍ ചേറിലുഴലുന്ന നിലം വിട്ടുപോകാന്‍ അവനാകുമായിരുന്നില്ല. ടി വി ചന്ദ്രന്റെ സിനിമയില്‍ ദേഷ്യവും നിരാശയും കലിയും എല്ലാം കൂടി ബാധിച്ച മാട(മമ്മൂട്ടി) കുളത്തിലേക്ക് കുത്തനെ ചാടുന്ന ദൃശ്യമാണുള്ളത്. ചോത്തിപ്പെണ്ണിനെ(ഈഴവസ്ത്രീ) കൊണ്ടോയ അഹമ്മതിക്കാരന്‍ മൊളേന്‍(ദളിത് വിഭാഗമായ മുളയജാതിക്കാരന്‍) എന്ന പേരു മാത്രമാണ് മാടക്ക് ബാക്കിയുണ്ടായിരുന്നത്. സമുദായനിയമങ്ങളെ കണക്കാക്കാതെ പ്രവര്‍ത്തിക്കുന്ന സ്‌ത്രീ പുരുഷ ബന്ധങ്ങളുടെ ശരി ആരു തീരുമാനിക്കും എന്നതാണ് സി വി ശ്രീരാമന്‍ എപ്പോഴും ഉയര്‍ത്തുന്ന ചോദ്യം. ഇരിക്കപ്പിണ്ഡത്തിലും പൊന്തന്‍മാടയിലും ആരാഞ്ഞ ഈ ചോദ്യം ചിദംബരത്തിലും വാസ്‌തുഹാരയിലും വീണ്ടും ഉന്നയിക്കപ്പെടുന്നുണ്ട്.

സി വി ശ്രീരാമന്റെ ചിദംബരം എന്ന കഥ ആന്തമാന്‍ ദ്വീപുകളിലും പിന്നെ തമിഴ്‌നാട്ടിലെ ചിദംബരം ക്ഷേത്രപരിസരത്തുമായാണ് സങ്കല്‍പിക്കപ്പെട്ടിരിക്കുന്നതെങ്കില്‍, അരവിന്ദന്റെ ചലച്ചിത്രാവിഷ്‌ക്കാരം കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മാട്ടുപ്പെട്ടിയിലാണ് ചിത്രീകരിച്ചത്. ദ്വീപു സമൂഹവും മലമ്പ്രദേശവുമായി വേര്‍പിരിഞ്ഞുകിടക്കുന്ന ഈ ആവിഷ്‌ക്കരണത്തില്‍ പക്ഷെ കഥയുടെ അന്തരാഖ്യാനങ്ങള്‍ക്ക് ഒട്ടും ശക്തി കുറയുന്നില്ല. അത് തെളിയിക്കുന്നത്, ചില ഉപരിപ്ലവ നിരീക്ഷണങ്ങളില്‍ കാണുന്നതുപോലെ കഥകളില്‍ വ്യത്യസ്‌ത സ്ഥലകാലങ്ങള്‍ നിരന്നുകിടക്കുന്നതാണ് സി വി ശ്രീരാമന്റെ ചലച്ചിത്രാത്മകത എന്നത് വാസ്‌തവമല്ലെന്നാണ്. ഫാം ഹൌസ് സൂപ്രണ്ടും അവിടത്തെ തൊഴിലാളിയുടെ ഭാര്യയും തമ്മിലുടലെടുക്കുന്ന വിവാഹേതരപ്രണയവും ശാരീരികബന്ധവുമാണ് കഥയിലെയും സിനിമയിലെയും അടിസ്ഥാനപ്രമേയം. സൂപ്രണ്ടായ ശങ്കരനായി ഗോപിയും തൊഴിലാളിയായ മുനിയാണ്ടിയായി ശ്രീനിവാസനും ഭാര്യ ശിവകാമിയായി സ്‌മിതാപാട്ടീലുമാണ് അഭിനയിക്കുന്നത്. ശങ്കരനും മുനിയാണ്ടിയും മേലധികാരി - കീഴ് ജീവനക്കാരന്‍ എന്ന ബന്ധത്തിനുപരിയായി സായാഹ്നങ്ങള്‍ ഒന്നിച്ച് ചിലവഴിക്കുന്നവരും മദ്യം പങ്കിടുന്നവരുമാണ്. അവന്റെ വിവാഹത്തില്‍ പങ്കെടുക്കുകയും വിവാഹ ഫോട്ടോകള്‍ എടുക്കുകയും ചെയ്‌ത ശങ്കരനുമായി ശിവകാമി സംസാരിക്കുന്നതൊന്നും അതുകൊണ്ടു തന്നെ മുനിയാണ്ടി സംശയത്തോടെ കാണുന്നതേയില്ല. ശങ്കരനാകട്ടെ താനൊരു മേലധികാരിയാണ്, അതിനാല്‍ തന്റെ കീഴ്‌ജീവനക്കാരികളും കീഴ്‌ജീവനക്കാരുടെ ഭാര്യമാരും തനിക്ക് ലൈംഗികമായി പ്രാപ്യമാണ് എന്ന ചൂഷണ ബോധത്തിന്റെ അടിസ്ഥാനത്തില്‍ അവളെ ഉപയോഗപ്പെടുത്താന്‍ തുനിയുന്ന ഒരു സ്ഥിരം പുരുഷകഥാപാത്രവുമല്ല. അത്തരം പുരുഷകഥാപാത്രത്തിന്റെ മാതൃകയായി ജേക്കബ്ബ് എന്ന ബൈക്കോടിക്കുന്ന സൂപ്പര്‍വൈസറെ അരവിന്ദന്‍ പ്രത്യക്ഷപ്പെടുത്തുന്നതുതന്നെ ശങ്കരന്റെ വ്യത്യസ്‌തത വ്യക്തമാക്കുന്നതിനു വേണ്ടിയായിരിക്കണം. തങ്ങളുടെ ബന്ധത്തിനോടുള്ള സമുദായത്തിന്റെ പ്രതികരണത്തില്‍ ഭയന്നാണ് ശങ്കരന്‍ എക്കാലവും കഴിഞ്ഞുകൂടിയത് എന്നു വേണം വിചാരിക്കാന്‍. അതുകൊണ്ടാണ്, മുനിയാണ്ടിയുടെ ആത്മഹത്യക്കു ശേഷം അയാള്‍ പാപപരിഹാരത്തിനായി ഒളിച്ചോട്ടങ്ങള്‍ നടത്തുന്നത്.

എന്നാല്‍ ശിവകാമിക്ക് (സി വി ശ്രീരാമന്റെ കഥയില്‍ അഖിലാണ്ടാമ്മാള്‍) അത്തരമൊരു പാപചിന്തയുണ്ട് എന്നു കരുതാനാകാത്ത വിധത്തിലാണ് അവളുടെ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ തോന്നുക. അതിനാലായിരിക്കണം മുനിയാണ്ടി (മൂലകഥയില്‍ വാച്ചാപുരി) യുടെ ആത്മഹത്യക്കു ശേഷം അവള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നന്വേഷിക്കാതെ ഒളിച്ചോടിയ ശങ്കരനെ തികഞ്ഞ പുച്‌ഛത്തോടെ ചിദംബരത്തെ നടരാജക്ഷേത്രനടയില്‍ വെച്ച് അവള്‍ (അവളുടെ പ്രേതം?) അവഗണിച്ചത്. ശിവകാമി അഥവാ അഖിലാണ്ടാമ്മാള്‍ എന്ന കഥാപാത്രം, യഥാര്‍ത്ഥത്തില്‍ ശങ്കരന്‍ എന്ന പുരുഷ കഥാപാത്രത്തിന്റെ തന്നെ ഉള്ളില്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന ആഗ്രഹവും കാമനയുമാണ് എന്നും കരുതാവുന്നതാണ്. അല്ലെങ്കില്‍ അവളുടെ കഥാപാത്രത്തിന്റെ പ്രതികരണങ്ങളായി - അയാളോട് ബന്ധം സ്ഥാപിക്കുമ്പോഴും പിന്നീട് മുനിയാണ്ടിയുടെ മരണത്തിനു ശേഷം വിട്ടകലുമ്പോഴും - നാം കാണുന്ന കാര്യങ്ങള്‍ അയാളുടെ തോന്നലുകളും നിശ്ചയങ്ങളുമാവാനുമാണ് സാധ്യത.

വാസ്‌തുഹാരയിലുള്ളത് ഈ കഥകളിലേതുപോലെ ലൈംഗികത / പാപഭയം എന്ന പ്രഹേളികയല്ല. സമുദായനിയമങ്ങള്‍ തെറ്റിച്ചുകൊണ്ട് അന്യഭാഷ സംസാരിക്കുന്നവളും അന്യസമുദായക്കാരിയുമായ ആരതിയെ വിവാഹം കഴിച്ച് കൊല്‍ക്കത്തയില്‍ താമസമാക്കിയ കുഞ്ഞുണ്ണിപ്പണിക്കരോട് അയാളുടെ തറവാട്ടുകാര്‍ കാണിച്ച ഉപേക്ഷാമനോഭാവമാണ് കഥയിലെയും സിനിമയിലെയും പ്രമേയം. വംശീയശുദ്ധിയും സ്വത്തധികാരവും തമ്മിലുള്ള ഗാഢമായ ബന്ധത്തിലൂന്നിയാണ് ജാത്യധികാരം അതിന്റെ അംഗങ്ങളില്‍ തന്നെ പ്രവര്‍ത്തിച്ചു പോന്നത് എന്ന ചരിത്രസത്യത്തെ കഥാകാരന്‍ വെളിപ്പെടുത്തുന്നു. ഇതാകട്ടെ മനുഷ്യരുടെ പ്രാഥമികവും പ്രാകൃതികവുമായ ചോദനകളെ കണക്കിലെടുക്കാത്തതിനാല്‍ അങ്ങേയറ്റത്തെ സ്വാതന്ത്ര്യനിഷേധത്തെയാണ് ഉള്‍വഹിക്കുന്നതും ബഹിര്‍സ്‌ഫുരിപ്പിക്കുന്നതുമെന്ന് വ്യക്തമാക്കപ്പെടുകയാണിവിടെ.

മനുഷ്യബന്ധങ്ങളെ പ്രകൃതിവിരുദ്ധമാക്കി ജീര്‍ണ്ണിപ്പിക്കുന്ന അധികാരരൂപങ്ങളെയാണ് സി വി ശ്രീരാമന്‍ എക്കാലവും വിമര്‍ശിച്ചുപോന്നത്. സ്നേഹം, വിവാഹം, ജാതി, അഭിമാനം തുടങ്ങിയ അത്തരം അധികാരരൂപങ്ങളെ തുറന്നുകാട്ടുന്ന അദ്ദേഹത്തിന്റെ സവിശേഷമായ ആഖ്യാനങ്ങളാണ് സത്യത്തില്‍ ആ കഥകളിലെ 'ദൃശ്യപരത'. സമൂഹത്തിന്റെ പൊതുഭൂമികയില്‍ അദൃശ്യമായിരിക്കുന്ന ഈ 'ദൃശ്യപരത', പ്രതിബദ്ധ സിനിമ ലക്ഷ്യമിടുന്ന സ്വാതന്ത്ര്യബോധത്തിലേക്കുള്ള മാര്‍ഗത്തിന് ഊര്‍ജ്ജം പകര്‍ന്നു നല്‍കുന്നുമുണ്ട്.



അധിക വായനയ്‌ക്ക്:

സി വി ശ്രീരാമന്‍ ...മലയാള കഥയുടെ വര്‍ണരാജി

Wednesday, November 19, 2008

ജീവിതവും അതിജീവനവും

പ്രസിദ്ധ ഇറാനിയന്‍ ചലച്ചിത്രകാരനായ അബ്ബാസ് ഖൈരസ്‌തമിയുടെ ജീവിതം അതല്ലാതെ ഒന്നുമില്ല (ലൈഫ് ആന്റ് നതിംഗ് മോര്‍/ഫാര്‍സി/1991/വര്‍ണം/95 മിനുറ്റ്), കഥാചിത്രം, ഡോക്കുമെന്ററി എന്നീ വേര്‍തിരിവുകളെ അപ്രസക്തമാക്കുന്ന ഒരു കാവ്യാത്മകമായ സിനിമയാണ്. പ്രതിനിധാനത്തിനും വാര്‍ത്താവതരണത്തിനും അപ്പുറത്ത് ലക്ഷണങ്ങളെ ഒപ്പിയെടുക്കുന്ന സവിശേഷമായ ഒരു പ്രക്രിയയായി ആഖ്യാനം പരിണമിക്കുന്നത് വിസ്‌മയത്തോടെ മാത്രമേ കണ്ടിരിക്കാനാവൂ. 1990ല്‍ ഇറാനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തെത്തുടര്‍ന്ന് ജീവിതവും മരണവും തമ്മിലുള്ള ഒളിച്ചുകളികളെക്കുറിച്ച് അന്വേഷിക്കുന്ന മൂന്നു ചിത്രങ്ങളടങ്ങിയ കോക്കര്‍ ത്രയത്തില്‍ രണ്ടാമത്തെ ചിത്രമാണ് സിന്ദഗി വാ ദിഗാര്‍ ഹിച്ച് (ലൈഫ് ആന്റ് നതിംഗ് മോര്‍).

അമ്പതിനായിരത്തില്‍ പരം ആളുകളാണ് ആ ഭൂകമ്പത്തില്‍ മരിച്ചുപോയത്. 1987 ല്‍ താന്‍ ചിത്രീകരിച്ച എവിടെയാണ് സുഹൃത്തിന്റെ വീട് (വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോം) എന്ന സിനിമയുടെ ലൊക്കേഷനായിരുന്ന കോക്കര്‍ പട്ടണം ഭൂകമ്പത്തില്‍ തകര്‍ന്നതായി മനസ്സിലാക്കിയ സംവിധായകന്‍ ആ നഗരത്തിലേക്ക് യാത്രയാകുകയാണ്. ഈ ചിത്രത്തില്‍ സംവിധായകനായി അഭിനയിക്കുന്നത് ഫര്‍ഹാദ് ഖെര്‍ദാമെന്റ് ആണ്. വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോമിലഭിനയിച്ച കുട്ടികളായ അഭിനേതാക്കള്‍ക്ക് എന്തു സംഭവിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഉത്ക്കണ്ഠ. തെഹ്റാനില്‍ നിന്ന് തന്റെ മകന്‍ പൂയയോടൊപ്പം ഒരു കാറില്‍ അദ്ദേഹം യാത്രയാകുന്നു. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പ് രക്ഷാപ്രവര്‍ത്തകരുടെ വാഹനക്കുരുക്കില്‍ പെട്ട് അവരുടെ യാത്ര തടസ്സപ്പെടുന്നു. പ്രധാന റോഡ് വിട്ട് ഇടറോഡുകളിലൂടെ യാത്ര തുടരുന്ന സംവിധായകന്‍, താല്‍ക്കാലിക ടെന്റുകള്‍ കെട്ടി ജീവിതത്തില്‍ ഇനിയും നല്ല കാലം വരും എന്നു പ്രതീക്ഷിച്ചിരിക്കുന്നവരെ വഴിയിലെമ്പാടും കണ്ടു മുട്ടുന്നു. തന്റെ മുന്‍ സിനിമയിലഭിനയിച്ച പലരെയും അദ്ദേഹം കാണുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട വേഷത്തിലഭിനയിച്ച രണ്ടു കുട്ടികളുടെ അവസ്ഥ എന്താണ് എന്നറിയാനാണ് അദ്ദേഹത്തിന് തിടുക്കം. ലോകകപ്പ് ഫുട്ബാളിന്റെ സീസണിലാണ് ഭൂകമ്പം സംഭവിക്കുന്നത്. ബ്രസീലും സ്‌കോട്ട്‌ലന്‍‌റ്റും തമ്മിലുള്ള കളിയുടെ അന്നായിരുന്നു ഭൂകമ്പം. ടി വിയിലെ കളി കാണാന്‍ അമ്മാമന്റെ വീട്ടില്‍ പോയതുകൊണ്ടാണ് ഒരു കുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. കുഴിമാടങ്ങളില്‍ നിന്ന് നിവര്‍ന്നു വരുന്നവരും ടെന്റ് കെട്ടി താമസിക്കുന്നവരുമാണെങ്കിലും ഫുട്ബാളിന്റെ ആവേശം അവരിലൊട്ടും കുറവല്ല. സംവിധായകന്റെ മകന്‍ പൂയ, ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള കളി കാണാന്‍ കോക്കറിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ടെന്റുകളില്‍ താല്‍ക്കാലികമായി ഘടിപ്പിച്ച ആന്റിനയുടെ താഴെ ടി വി കാണാന്‍ പോകുന്നത് മനുഷ്യരുടെ പരിഗണനകളെ ഏതളവ് വെച്ചാണ് ഗൌരവം / തമാശ എന്ന് വേര്‍തിരിക്കുന്നത് എന്ന് തീരുമാനിക്കാന്‍ നമ്മെ അപ്രാപ്‌തരാക്കുന്ന കഥാഗതിയാണ്.

നായകകഥാപാത്രം റൂഹി എന്ന തന്റെ സിനിമയിലഭിനയിച്ച 'നടനെ' കണ്ടു മുട്ടുന്നതും അവരുടെ ഒന്നിച്ചുള്ള യാത്രയും രസാവഹമാണ്. ഒരു ക്ളോസറ്റ് തലയിലേറ്റിക്കൊണ്ട് റൂഹി നടന്നുപോകുമ്പോഴാണ് നായകന് ‍/ സംവിധായകന്‍ അയാളെ കാണുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്നാലും ജീവിച്ചിരിക്കുന്നവര്‍ക്ക് ആവശ്യങ്ങളില്ലേ എന്നാണ് റൂഹിയുടെ ന്യായം. തനിക്ക് വലിയ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല എന്നു നുണ പറയുന്ന റൂഹി പക്ഷെ താന്‍ ഇപ്പോള്‍ താമസിക്കുന്നതായി കാണിച്ചുകൊടുത്ത വീട്ടിലെത്തുമ്പോഴാണ് സത്യം വെളിപ്പെടുത്തുന്നത്. തന്റെ വീടും തകര്‍ന്നു, ടെന്റിലാണ് താമസം, പക്ഷെ ഈ വീട് തകരാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അവിടെ താമസിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നൊക്കെ വിചിത്രമായിട്ടാണ് അയാള്‍ സംസാരിക്കുന്നത്. താന്‍ പ്രായം കൂടിയ ഒരാളെയാണ് വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോമില്‍ അവതരിപ്പിച്ചത് എന്നും അത് തീര്‍ത്തും തെറ്റായിരുന്നു എന്നും അയാള്‍ പറയുന്നുണ്ട്. പ്രായം കൂടിയ ആളെ ചെറുപ്പക്കാരനായും വിരൂപനെ സുന്ദരനും ആക്കുന്നതായിരിക്കണം കല എന്നാണ് അയാളുടെ വേദാന്തം. തകര്‍ച്ചയുടെയും അനിശ്ചിതത്വത്തിന്റെയും യാഥാര്‍ത്ഥ്യങ്ങളെ കാണികള്‍ക്ക് രുചിക്കുന്ന തരത്തിലുള്ള മനോഹരചിത്രമായി പാകപ്പെടുത്തുന്ന തന്റെ തന്നെ രീതിയെ ഭംഗ്യന്തരേണ കുറ്റപ്പെടുത്തുകയാണ് ഖൈരസ്‌തമി ഈ ആഖ്യാനഖണ്ഡത്തിലൂടെ.

കാവ്യനീതിയുടെ പ്രതിഫലനത്തിനായി സിനിമയുടെ അന്ത്യഭാഗത്ത് അതിവിദൂര ചിത്രീകരണ രീതി ഉപയോഗിച്ചത് സംവിധായകന്റെ മാധ്യമത്തിലുള്ള കൈയടക്കത്തിന്റെ ഒന്നാന്തരം സൂചനയാണ്. കുത്തനെയുള്ള കയറ്റവും വളവുതിരിവുകളുമുള്ള ചുരങ്ങള്‍ കയറാന്‍ പ്രയാസപ്പെടുന്ന കാറിന്റെ ദൃശ്യം സൂക്‍ഷ്‌മബിന്ദു പോലെയാണ് തിരശ്ശീലയില്‍ കാണുന്നത്. വഴിയില്‍ ഭാരമേറ്റിക്കൊണ്ടു പോകുന്ന ഒരാള്‍ കൈ കാണിച്ചിട്ടും അയാളെ കാറില്‍ കയറ്റാതെ പോകുന്നു. തുടര്‍ന്ന് കാറിന് കയറ്റം കയറാനാകാതെ തിരിച്ചിറങ്ങുമ്പോള്‍ അതേ ആളു കൂടി പുറകില്‍ നിന്ന് തള്ളിയതുകൊണ്ടാണ് കാറിന് യാത്ര തുടരാനാകുന്നത്. പിന്നീട് അയാളെയും കാറില്‍ കയറ്റുന്നു. താന്‍ അന്വേഷിച്ചു പോകുന്ന കുട്ടിയെ സംവിധായകന് കണ്ടെത്താനാവുമോ ഇല്ലയോ എന്ന പ്രശ്‌നം കാണിക്ക് വിട്ടുകൊടുത്തുകൊണ്ട് സിനിമ സമാപിക്കുന്നു.

ദൈവം എന്തുകൊണ്ടാണ് ചിലരെ രക്ഷപ്പെടുത്തുന്നത്, ചിലരെ മരണത്തിന് വിട്ടുകൊടുക്കുന്നത് എന്ന ദാര്‍ശനികമായ അന്വേഷണമാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹം നടത്തുന്നത്. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും അതുപോലെ ചലച്ചിത്രരചനയുടെ ധാര്‍മികതയെക്കുറിച്ചും ആത്മവിചാരണനടത്തുന്ന ഒരു സന്ദര്‍ഭമായി ഈ സിനിമ പരിണമിക്കുന്നുണ്ട്. 1992ലെ കാന്‍ മേളയില്‍ റോസല്ലിനി പ്രൈസ് ഈ സിനിമക്കാണ് ലഭിച്ചത്.

*****

Thursday, November 13, 2008

സ്വപ്‌ന ജീവിതം

1968 ഫെബ്രുവരിയില്‍ പാരീസില്‍ നടന്ന ലാംഗ്ളോയിസ് സംഭവത്തെ ആധാരമാക്കി ബ്രിട്ടീഷ് എഴുത്തുകാരനായ ഗില്‍ബര്‍ട്ട് അഡെയര്‍ രചിച്ച വിശുദ്ധ നിരപരാധികള്‍(ഹോളി ഇന്നസന്റ്സ്-1988) എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ഇറ്റാലിയന്‍ ചലച്ചിത്രകാരനായ ബെര്‍ണാര്‍ഡോ ബെര്‍ത്തലൂച്ചി ഡ്രീമേഴ്‌സ് (2003/വര്‍ണം/115 മിനുറ്റ്) എന്ന സിനിമ പൂര്‍ത്തീകരിച്ചത്. സ്വപ്‌നജീവികള്‍ ഒരേ സമയം തീവ്രവും ശിഥിലവുമാണ്; പരുപരുത്തതും മൃദുലവുമാണ് ; ലൈംഗികപ്രധാനവും ബാലിശവുമാണ്; വൈകാരികവും കൃത്രിമ സ്‌പര്‍ശമുള്ളതുമാണ്; പ്രബോധനപരവും തീര്‍ച്ചയായ ഉത്തരത്തിലെത്താത്തതുമാണ്. ബെര്‍ത്തലൂച്ചി വിപ്ലവത്തെയും ചരിത്രത്തെയും സ്നേഹത്തെയും കാമത്തെയും സിനിമയെയും എല്ലാം കൂട്ടിക്കുഴക്കുന്ന വിസ്‌മയകരമായ ഒരു രൂപശില്‍പം മെനഞ്ഞെടുക്കുകയായിരുന്നെന്നും പറയാം.

അമേരിക്കക്കാരനായ മാത്യു എന്ന സിനിമാ ഭ്രാന്തന്‍ പാരീസിലെത്തി അവിടത്തെ സിനിമാത്തെക്കുകളില്‍ നേരവും താല്‍പര്യവും ചെലവഴിക്കാനായി മുന്‍നിരയിലെ ഇരിപ്പിടം എല്ലായ്‌പോഴും കരസ്ഥമാക്കുന്നു. ഇരിപ്പിടങ്ങള്‍ കടന്ന് പുറകോട്ടെത്തുമ്പോള്‍ സിനിമാനുഭവത്തിന് നിരവധി തടസ്സങ്ങള്‍ നേരിടും അല്ലെങ്കില്‍ പല തലകള്‍ കടന്നെത്തുമ്പോള്‍ അതിന്റെ മൌലികത നഷ്‌ടമാവും എന്ന തോന്നലുള്ളതുകൊണ്ടാണ് മുന്‍സീറ്റു തന്നെ എല്ലായ്‌പോഴും ഉറപ്പാക്കുന്നത്. ഹെന്റി ലാംഗ്ളോയിസിന്റെ ഫ്രാങ്കെയിസ് എന്ന സിനിമാത്തെക്ക് ഭരണകൂടം അടച്ചുപൂട്ടുകയും ലാംഗ്ളോയിസിനെ തടവിലിടുകയും ചെയ്യുമ്പോള്‍ ത്രൂഫോ, ഗൊദാര്‍ദ്, റിവെ, റോമര്‍, ഷാബ്രോള്‍ എന്നിവര്‍ മാത്രമല്ല, ചാപ്ളിനും റോസ്സല്ലിനിയും ഫ്രിറ്റ്സ് ലാംഗും കാള്‍ ഡ്രെയറും ഓര്‍സണ്‍ വെല്‍സും വരെ പ്രതിഷേധത്തോടൊപ്പം ചേര്‍ന്നു. പോലീസ് ലാത്തിച്ചാര്‍ജില്‍ ഗൊദാര്‍ദിനടക്കം പലര്‍ക്കും പരിക്കുകള്‍ പറ്റുകയും ചെയ്തു.

ഇതിനിടെ മാത്യു, തിയോ എന്നും ഇസബെല്ല എന്നും പേരുള്ള ഇരട്ടകളെ പരിചയപ്പെടുന്നു. അവരുടെ ക്ഷണമനുസരിച്ച് ഹോസ്‌റ്റലിലെ മുറി ഒഴിവാക്കി അവന്‍ അവരോടൊപ്പം താമസിക്കുകയാണ്. സഹോദരനും സഹോദരിയും കൂട്ടുകാരനും ചേര്‍ന്ന് വിട്ടുപിരിയാനാകാത്ത വിധത്തിലുള്ള മാനസിക-ശാരീരിക-ലൈംഗിക ത്രയമായി അപൂര്‍വവും യാഥാസ്ഥിതികതക്കു നിരക്കാത്തതുമായ അവസ്ഥയില്‍ ഇഴുകിച്ചേരുകയാണ്. തിയോയുടെയും ഇസബെല്ലയുടെയും മാതാപിതാക്കള്‍ ഈ അവസ്ഥ നേരില്‍ കാണുന്നുണ്ടെങ്കിലും നിസ്സഹായരായി അവിടം വിട്ടു പോകുകയാണ് ചെയ്യുന്നത്. മാത്യുവും ഇസബെല്ലയുമായുള്ള പ്രണയം തീവ്രമാണെങ്കിലും 1968ലെ മേയ് വിദ്യാര്‍ത്ഥി വിപ്ലവത്തില്‍ അണിചേരാന്‍ വേണ്ടി അവനെ വിട്ടുപിരിഞ്ഞ് ഇസബെല്ല സഹോദരനുമൊത്ത് കലാപകാരികള്‍ക്കൊപ്പം അണിചേരുന്ന അര്‍ത്ഥഭരിതമായ അന്ത്യരംഗമാണ് സിനിമക്കുള്ളത്. വിയറ്റ്നാം യുദ്ധത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളിലും അവര്‍ രണ്ടു ധ്രുവങ്ങളിലായിരുന്നു നിലയുറപ്പിച്ചിരുന്നത്. അമേരിക്കക്കാരന്‍ അവന്റെ സ്ഥിരം അരാഷ്‌ട്രീയ ബോധത്തില്‍ സുഖം കണ്ടെത്തുമ്പോള്‍ ഫ്രഞ്ചുകാര്‍ നിതാന്തമായ രാഷ്‌ട്രീയ ജാഗ്രതയിലേക്ക് ഉണരുകയാണ്.

സിനിമയോടും സാഹിത്യത്തോടും ബെര്‍ത്തലൂച്ചിക്കുള്ള ആത്മബന്ധം വിശദീകരിക്കുന്ന ഇതിവൃത്തത്തിന്റെയും ആഖ്യാനത്തിന്റെയും സൂക്ഷ്‌മഘടകങ്ങള്‍ ശ്രദ്ധേയമാണ്. കഥാപാത്രങ്ങളുടെ ചേഷ്‌ടകളും ഭാവനകളും സംഭാഷണങ്ങളും സ്വപ്‌നങ്ങളും മിക്കപ്പോഴും സിനിമാചരിത്രത്തിലെ സമാനസീക്വന്‍സുകളോട് ചേര്‍ത്തുവെക്കുന്ന രീതി വിസ്‌മയകരമാണ്. ഗൊദാര്‍ദിന്റെയും ബ്രൌണിംഗിന്റെയും ത്രൂഫോയുടെയും ചാപ്ളിന്റെയും സിനിമകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അപൂര്‍വമായ ആരാധനയോടെയും അടുപ്പത്തോടെയും ഡ്രീമേഴ്‌സില്‍ ഇടകലരുന്നത്. ബസ്‌റ്റര്‍ കീറ്റണിന്റെയും ചാര്‍ളി ചാപ്ളിന്റെയും കലാമികവുകളെപ്പറ്റി അവര്‍ തര്‍ക്കത്തിലേര്‍പ്പെടുന്നു. ഇരട്ടകളുടെ പിതാവാകട്ടെ പ്രസിദ്ധനായ ഒരു ഫ്രഞ്ച് കവിയുമാണ്. ഒരു ഒളിഞ്ഞുനോട്ടക്കാരനാണ് ഒരു ചലച്ചിത്രകാരനായി മാറുന്നതെന്ന് കഹേദു സിനിമ (പ്രസിദ്ധ ഫ്രഞ്ച് ചലച്ചിത്ര നിരൂപണ മാസിക) വായനക്കാരായ കഥാപാത്രങ്ങള്‍ പരസ്‌പരം പറയുന്നുണ്ട്. സ്വന്തം മാതാപിതാക്കളുടെ കിടപ്പറയുടെ താക്കോല്‍ ദ്വാരമാണ് അയാള്‍ ഉപയോഗിക്കുന്ന ക്യാമറ എന്നും ബെര്‍ത്തലൂച്ചി ആത്മവിമര്‍ശനപരമായി ആരോപിക്കുന്നു. സ്നേഹമെന്നൊന്നില്ലെന്നും സ്നേഹത്തിന്റെ തെളിവുകള്‍ മാത്രമേ ഉള്ളൂ എന്നുമുള്ള കണ്ടെത്തലും സവിശേഷമാണ്.

തിളച്ചുമറിയുന്ന വിപ്ലവത്തിന്റെ തെരുവുകളില്‍ തന്നെയുള്ള അപ്പാര്‍ടുമെന്റുകളില്‍ സ്നേഹം, കാമം, സ്വപ്‌നം, സിനിമ എന്നിവയെ ഭാവന ചെയ്‌തും പ്രയോഗിച്ചും കേളികളിലാറാടിയും 1968ലെ യുവാക്കള്‍ക്ക് പലായനം ചെയ്യാനാവുമോ എന്നായിരിക്കണം ബെര്‍ത്തലൂച്ചി അന്വേഷിക്കുന്നത്. തിയോയും ഇസബെല്ലയും സയാമീസ് ഇരട്ടകളായി വേര്‍പിരിക്കപ്പെട്ടവരാണെന്നാണ് വിശദീകരിക്കപ്പെടുന്നത്. ബര്‍ഗ്‌മാന്റെ പെര്‍സൊണയിലെ ഒരു സ്‌റ്റില്‍ മുറിയിലെ മേശപ്പുറത്ത് കിടപ്പുണ്ട്. അവര്‍ രണ്ടല്ല ഒരാള്‍ തന്നെയാണ് എന്നും വരാം. ഒരേ വ്യക്തിയിലെ വ്യത്യസ്‌ത ലൈംഗിക താല്‍പര്യങ്ങളും ഇഛകളും ആസക്തികളും വിദ്വേഷങ്ങളും വെളിപ്പെടുത്താനുള്ള കഥാപാത്രവല്‍ക്കരണവുമാകാം അത്. അതുകൊണ്ടാണ് മാത്യു ഇസബെല്ലയോട് നിന്റെ മാത്രം സ്‌നേഹമാണ് എനിക്കാവശ്യം എന്നു പറയുന്നത്. മുതിര്‍ന്നവര്‍ രൂപീകരിച്ചെടുക്കുന്ന രക്ഷാകര്‍തൃത്വപരമായ സദാചാര ബോധത്തെ ഖണ്ഡിക്കുന്ന ആദര്‍ശലോകത്തെക്കുറിച്ചുള്ള അറുപതുകളിലെ യൂറോപ്യന്‍ അന്വേഷണങ്ങളും അതിന്റെ സാഹസികമായ വിപ്ലവാത്മകതകളുമാണ് ഡ്രീമേഴ്‌സ് പോലെ ഞെട്ടലുളവാക്കുന്ന ഒരു ആഖ്യാനത്തിന്റെ പ്രേരണ. രാഷ്‌ട്രീയവും ചലച്ചിത്രപരവും ലൈംഗികവുമായ ഉട്ടോപ്യകളാണ് തന്നെ ഈ സിനിമയിലേക്ക് നയിച്ചത് എന്ന് ബെര്‍ത്തലൂച്ചി തന്നെ പറയുന്നുണ്ട്.

Tuesday, November 4, 2008

ബഷീറിന്റെ ചലച്ചിത്ര പരീക്ഷണം

വെളിച്ചവും ഇരുട്ടും

വിസ്‌മയകരവും അവിശ്വസനീയവുമായ ഒരു രചനാകാലമാണ് മലയാളസാഹിത്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സൃഷ്‌ടിച്ചെടുത്തത്. ശബ്‌ദങ്ങള്‍ പോലുള്ള നോവലുകളും പ്രേമലേഖനം പോലുള്ള കഥകളും ആദ്യകാലത്തു തന്നെ എഴുതിയ ഭാവിയുടെ പ്രവാചകനും ഭാഷയിലെ വിപ്ലവകാരിയുമായിരുന്നു ബഷീര്‍. അതുകൊണ്ടാണ് അദ്ദേഹം കഥാസാഹിത്യത്തിലൂടെ രൂപീകരിച്ചെടുത്ത വിഭ്രാമകമായ യാഥാര്‍ത്ഥ്യം ദശകങ്ങള്‍ പിന്നിട്ടിട്ടും മലയാളിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലേക്ക് മുഴുവന്‍ മലയാള സാഹിത്യ-കലാ പ്രവര്‍ത്തകരും കൂട്ടത്തോടെ കടന്നു ചെന്ന അമ്പതുകളിലും അറുപതുകളിലും ബഷീറിനെ വലിയ തോതില്‍ ആശ്രയിക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സാധിക്കാതെ പോയതും ഈ സ്‌ഫോടനാത്മകത കൊണ്ടായിരിക്കണം. പ്രവചനാതീതവും വിസ്‌ഫോടനാത്മകവുമായ വ്യക്തിത്വവും രചനാരീതിയും ഭാഷാസമീപനവുമുള്ള ബഷീറിനെ തൊടുമ്പോള്‍ തങ്ങളുടെ കൈ പൊള്ളും എന്ന് അന്നത്തെ സിനിമാക്കാര്‍ കരുതി എന്നു വേണം വിചാരിക്കാന്‍. എന്നിട്ടും ടി കെ പരീക്കുട്ടിസാഹിബിനെപ്പോലെ സര്‍ഗധനനായ ഒരു ചലച്ചിത്ര നിര്‍മാതാവിന് (അദ്ദേഹം ട്രാന്‍‌സ്‌പോര്‍ട്ട് കോണ്‍ട്രാക്റ്ററും വ്യവസായ പ്രമുഖനും തിയറ്റര്‍ ഉടമസ്ഥനും മറ്റുമായിരുന്നു) ബഷീറിനെ സമീപിക്കാനും അന്യഥാ ധന്യമായ തന്റെ ചലച്ചിത്ര നിര്‍മാണ സപര്യ - നീലക്കുയില്‍, രാരിച്ചന്‍ എന്ന പൌരന്‍, നാടോടികള്‍, മുടിയനായ പുത്രന്‍, മൂടുപടം, തച്ചോളി ഒതേനന്‍, കുഞ്ഞാലിമരക്കാര്‍, ആല്‍മരം - യെ കൂടുതല്‍ കരുത്തുറ്റതാക്കാനും തോന്നി എന്നത് ശ്രദ്ധേയമാണ്.

ബഷീറിന്റെ നീലവെളിച്ചം(1952) എന്ന കഥയെ അവലംബിച്ചുള്ള സിനിമ സംവിധാനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് അതിനകം ഛായാഗ്രഹണമികവിലൂടെ ശ്രദ്ധേയനായിത്തീര്‍ന്നിരുന്ന എ വിന്‍സന്റായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭമായിരുന്നു താനും അത്. അസാധാരണമായ ആ കഥയുടെ പ്രാധാന്യത്തെപ്പറ്റിയും പ്രസക്തിയെപ്പറ്റിയും അദ്ദേഹം ബോധവാനായിരുന്നുവോ എന്നു സംശയമാണ് എന്നാണ് നിരൂപകനും ചരിത്രകാരനുമായ വിജയകൃഷ്‌ണന്‍ രേഖപ്പെടുത്തുന്നത്. ഇതിനുപോല്‍ബലകമായി അദ്ദേഹം പറയുന്നത്, പില്‍ക്കാലത്ത് അന്ധവിശ്വാസം ഊട്ടിയുറപ്പിക്കുന്ന ഒരു കഥ സംവിധാനം ചെയ്തതെന്തെന്ന വരട്ടുനിരൂപകരുടെ ചോദ്യങ്ങള്‍ക്ക്, ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരവസരം കിട്ടിയപ്പോള്‍ കഥയെന്തെന്ന് ശ്രദ്ധിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്ന കാര്യമാണ്. ആര്‍ക്കും കുറ്റബോധം തോന്നേണ്ടതില്ലാത്ത കലാത്മകമായൊരിതിവൃത്തമാണ് വിന്‍സന്റ് കൈയാളിയത് എന്ന വസ്‌തുത അദ്ദേഹം തന്നെ വിശ്വസിച്ചില്ല എന്നാണ് വിജയകൃഷ്ണന്‍ കുറ്റപ്പെടുത്തുന്നത്. (മലയാള സിനിമയുടെ കഥ- മാതൃഭൂമി ബുക്സ് / 2004)

ഇത് യഥാര്‍ത്ഥത്തില്‍ വിന്‍സന്റ് മാത്രം അഭിമുഖീകരിച്ചിരുന്ന ഒരു പ്രതിസന്ധിയല്ലെന്നതാണ് വാസ്തവം. പ്രേതം, മന്ത്രവാദം, ദൈവം, ഭൂതം, പിശാച്, എന്നിങ്ങനെയുള്ള സങ്കല്‍പങ്ങളോടൊക്കെയും ഒന്നുകില്‍ കേവലയുക്തിവാദപരമോ അല്ലെങ്കില്‍ അമിതവും അന്ധവിശ്വാസജടിലവുമായ ആരാധനയും വിധേയത്വവും കലര്‍ന്നതോ ആയ സമീപനമാണ് പൊതുവെ മലയാളികള്‍ പുലര്‍ത്തിവരുന്നത്. കേരള നവോത്ഥാനത്തിന്റെ കൂടി പരിമിതിയായി ഈ പ്രതിസന്ധിയെ നാം കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ട്. നീലവെളിച്ചം എന്ന കഥയിലും ഭാര്‍ഗവീ നിലയം എന്ന സിനിമയിലും പ്രേതമായി വരുന്ന ഭാര്‍ഗവി എന്ന സുന്ദരി ഏത് മാനസികാവസ്ഥയുടെ പ്രതിഫലനമാണ് എന്നതാണ് ആലോചിക്കേണ്ടത്. കല്‍പനാമധുരവും കാവ്യാത്മകവുമായ കൌമാരപ്രണയത്തെ അടിച്ചുടക്കുന്ന കുടുംബം, സമ്പത്ത്, നാട്ടു മര്യാദ, ജാതി, ജ്യോത്സ്യം തുടങ്ങിയ അധികാരവ്യവസ്ഥകളാണ് അവളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ആ ആത്മഹത്യയിലൂടെ അവള്‍ പകരം ചോദിക്കുന്നത് അത്തരത്തിലുള്ള മനുഷ്യവിരുദ്ധമായ ആധിപത്യ വാസനകളോടാണ്. അതുകൊണ്ടു തന്നെ പ്രേതത്തിന്റെ ആവിഷ്‌ക്കരണത്തിലല്ല മറിച്ച് നായികയെ ആത്മഹത്യയിലേക്ക് നയിച്ച പഴഞ്ചന്‍ സാമൂഹ്യബോധത്തിലാണ് ദൂഷ്യം ആരോപിക്കപ്പെടേണ്ടത് എന്നും ആഴത്തില്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും.

ബഷീറിന്റെ മുഴുവന്‍ കൃതികളും അവയിലെ പ്രതീകങ്ങളും ഭാഷയും സമീപനങ്ങളും അങ്ങേയറ്റം പുരോഗമനപരവും ജനാധിപത്യപരവുമാണെന്ന കാര്യം ചരിത്രം കൂടുതല്‍ കൂടുതല്‍ വ്യക്തതയോടെ തെളിയിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്തിരുന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഭാര്‍ഗവീനിലയം പോലെ ഒരു സിനിമ എത്രമാത്രം ആഹ്ലാദകരമായ അനുഭവമായിരുന്നു എന്നു തിരിച്ചറിയാനും സാധിക്കുന്നുണ്ട്.

എനിക്കുവേണ്ടി ദീര്‍ഘകാലം കാത്തിരുന്ന യുവതിയെപ്പോലെ എനിക്കുവേണ്ടി ഇത്രയും കാലം കാത്തിരുന്ന മനോഹരഭവനമേ വന്ദനം എന്ന് നായകനായ സാഹിത്യകാരന്‍(മധു) വാടകവീട്ടിന്റെ മുമ്പില്‍ ചെന്നിറങ്ങി സംസാരിക്കുന്നതാണ് ഭാര്‍ഗവീനിലയത്തിലെ ആദ്യ സംഭാഷണം. നാടകീയത നിറഞ്ഞു നില്‍ക്കുന്നതും 'ഘോര'സാഹിത്യത്തിന്റെ ഭാരമുള്ളതുമായ ഇത്തരമൊരു സംഭാഷണരീതി മലയാള സിനിമയില്‍ ബഷീര്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നതാണ് സത്യം. ഭാര്‍ഗവീനിലയം എന്നു പേരുള്ള ഒഴിഞ്ഞുകിടന്ന മാളികയിലാണ് സാഹിത്യകാരനായ നായകന്‍ താമസമാക്കുന്നത്. രക്തരക്ഷസ്സായ ഒരു പ്രേതസ്‌ത്രീ അവിടെ കുടിയിരിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ നാട്ടുകാരാരും അവിടേക്ക് കയറാതെ ഓടിപ്പോകുകയാണ് പതിവ്. ടൈറ്റിലില്‍ കാണിച്ചതു പോലെ വെള്ള വസ്‌ത്രവും ബ്ലൌസും അണിഞ്ഞ് മുടിയഴിച്ചിട്ട് പ്രേതം നാട്ടുകാരെ പേടിപ്പിച്ച് അവിടെ കഴിഞ്ഞുകൂടുകയാണ്.

നീലവെളിച്ചം എന്ന തന്റെ കഥ സിനിമക്കു വേണ്ടതായ രീതിയില്‍ എഴുതി മാറ്റിയപ്പോഴാണ് ബഷീര്‍ ഈ പേരു സ്വീകരിച്ചത്. പിന്നീടത് മലയാളഭാഷയിലെ തന്നെ ഒരു പദമായി മാറുകയും ഭാര്‍ഗവീനിലയം = പ്രേതഭവനം എന്ന അര്‍ത്ഥം സുസ്ഥാപിതമാകുകയും ചെയ്തു. മാത്രമോ, വെള്ള സാരിയും ബ്ലൌസും അണിഞ്ഞ് മുടിയഴിച്ചിട്ടാണ് സ്ത്രീ പ്രേതങ്ങള്‍ പ്രത്യക്ഷപ്പെടുക എന്ന ദൃശ്യസങ്കല്‍പവും ഇതോടെ വ്യവസ്ഥാപിതമായി. കാണികളും വായനക്കാരുമായവരും അല്ലാത്തവരുമായ മലയാളികള്‍ മുഴുവനും ആന്തരീകരിച്ചിട്ടുള്ള പ്രേതസങ്കല്‍പമായി ഈ വേഷം മാറി എന്നതാണ് ചരിത്രസത്യം. നൂറുകണക്കിന് സിനിമകളിലും സീരിയലുകളിലും ആവര്‍ത്തിച്ച് ഈ വേഷം ഇന്നൊരു ക്ലീഷേയും ബാധ്യതയും ആയിട്ടുണ്ടെങ്കിലും ഭാര്‍ഗവീനിലയം സൃഷ്‌ടിച്ച നൂതനത്വം പിന്നീടൊരു കാലത്തും നഷ്ടമായില്ല.

വിശ്വാസവും സങ്കല്‍പവും ഭാവനയും അനുഭവവും എല്ലാം ചേര്‍ന്നുള്ള ഒരു കൂടിക്കുഴയലാണ് ബഷീറിന്റെ കഥകളിലെ യാഥാര്‍ത്ഥ്യത്തെ രൂപീകരിച്ചെടുക്കുന്നത്. മലയാള സിനിമ അതുവരെ പരിചരിച്ചിരുന്ന യാഥാര്‍ത്ഥ്യ പ്രതലത്തില്‍ നിന്നുള്ള പ്രകടമായ എടുത്തുചാട്ടമായിരുന്നു ഇത്തരമൊരു കഥയുടെ തികച്ചും വ്യത്യസ്‌തമായ ചലച്ചിത്രവത്ക്കരണം. വിജയകൃഷ്‌ണന്‍ രേഖപ്പെടുത്തുന്നതില്‍ നിന്ന് വ്യത്യസ്തമായി, എ വിന്‍സന്റിനെപ്പോലെ പ്രതിഭാധനനായ ഛായാഗ്രാഹകനെ സംവിധാനച്ചുമതല ഏല്‍പ്പിച്ചതോടെ ബഷീറിന്റെ സാഹിത്യവും വ്യത്യസ്‌തമായ കാഴ്‌ചയും പ്രാവര്‍ത്തികമാകുകയായിരുന്നു എന്നതാണ് വാസ്‌തവം. സെറ്റിട്ട നിരത്തും പ്രകൃതിയുമാണ് ഭാര്‍ഗവീനിലയത്തിനും ചുറ്റുമായി ആധാരമാക്കാന്‍ സംവിധായകനുണ്ടായിരുന്നതെങ്കിലും ഇരുട്ടും വെളിച്ചവും നിഴലും തമ്മിലുള്ള പാരസ്‌പര്യം കൊണ്ട് രൂപീകരിച്ചെടുത്ത ദൃശ്യവിതാനങ്ങള്‍ അത്ഭുതകരമാണ്.

നാട്ടുകാരും കൂട്ടുകാരും പറഞ്ഞ അപവാദങ്ങളൊന്നും വിശ്വസിക്കാതെ സാഹിത്യകാരനായ നായകന്‍ ഭാര്‍ഗവിക്കുട്ടി എന്ന പ്രേതത്തോട് വിഷാദമോഹനമായ ഒരു മധുരകാവ്യമാണ് നീ എന്ന് കൊച്ചു വര്‍ത്തമാനം പറയുന്നു. ഭാര്‍ഗവിക്കുട്ടിയുടെ അടച്ചിട്ട മുറി കത്തി കൊണ്ട് ദൈവനാമത്തില്‍ തുറന്ന് അകത്തു പ്രവേശിക്കുന്ന സാഹിത്യകാരന്‍ അവിടെ കണ്ട ബി എന്ന് ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയ പെട്ടി പിടിച്ച് ചോദിക്കുന്നു. നിന്റെ ജീവിതത്തിന്റെ താക്കോല്‍ എവിടെ ഭാര്‍ഗവിക്കുട്ടി? ഒരു പക്ഷെ നിന്റെ ജീവിതത്തിന്റെ താക്കോല്‍ ഈ പെട്ടിക്കകത്തായിരിക്കുമോ? അവളുടെ മുറിയില്‍ വീണ്ടുമെത്തുന്ന അയാള്‍ക്ക് ഭീതിദമായ അനുഭവങ്ങളുണ്ടാകുന്നു. അതിനുശേഷം അയാള്‍ ചുമരില്‍ എഴുതിവെച്ച വാചകങ്ങള്‍ വായിക്കുന്നു. കടന്നു പോകുന്ന ഹേ അജ്ഞാതസുഹൃത്തേ, പാടുവാന്‍ കഴിയുമെങ്കില്‍ ഒരു കുളിര്‍ഗാന നിശ്വാസത്താലെന്റെ ഹൃദയവ്യഥയെ അല്‍പമൊന്ന് ലഘൂകരിച്ചാലും. ശാന്തമോഹനമായ ജീവിതത്തിന്റെ ഒരു മധുരഗാനാലാപത്താല്‍ എന്നെയൊന്നുറക്കിയിട്ടു പോകൂ. എന്നെയൊന്നുറക്കിയിട്ടു പോകൂ.

ഭാര്‍ഗവിയുടെ കഥ പൂര്‍ത്തിയാക്കിയ കഥാകാരന്‍ അത് വായിച്ചു തുടങ്ങുന്നു. ഒരു ചന്ദ്രോദയം. പൂര്‍ണചന്ദ്രന്‍. സുരഭിലമായ കുളിര്‍ നിലാവൊളിയില്‍ ഭാര്‍ഗവീനിലയത്തിലെ പൂങ്കാവനം രൂപരഹിതമായ കിനാവില്‍ മുഴുകിക്കൊണ്ടിരുന്നപ്പോള്‍ അത്ഭുതാനന്ദത്തോടെ ഒരു ഗാനപ്രവാഹം ഭാര്‍ഗവിയുടെ ഹൃദയത്തിലേക്ക് ഇരമ്പിപ്പാഞ്ഞു വന്നു. തൊട്ടുമുമ്പിലെ വീട്ടില്‍ താമസിച്ചിരുന്ന കലാകാരനായ ശശികുമാറി(പ്രേംനസീര്‍)നോടുള്ള ഭാര്‍ഗവി(നിര്‍മല)യുടെ പ്രിയം അതോടെ ആരംഭിക്കുന്നു. അയാളെഴുതിയ പാട്ട് അയാള്‍ തന്നെ കമ്പോസ് ചെയ്‌തത് അവള്‍ കോളേജില്‍ അവതരിപ്പിക്കുന്നു. പിന്നീട് അയാളെ കാണാനായി മതിനിലിനരികില്‍ കോണി ചാരി വെച്ച് മാമ്പൂവ് കൊഴിക്കുന്നതും അമ്മയുടെ ശകാരത്തെതുടര്‍ന്ന് മേല്‍ക്കഴുകാന്‍ പോകുന്നതുമായ രംഗത്തിന്റെ മസൃണത കാണിയില്‍ പ്രണയാനുഭൂതികള്‍ നിറക്കാന്‍ പ്രാപ്‌തമാണ്. മതിലിനിപ്പുറത്തും അപ്പുറത്തുമായുള്ള പ്രണയം എന്ന ബഷീറിന്റെ ബിംബം പിന്നീട് കഥയിലും അടൂരിന്റെ സിനിമയിലും കൂടുതല്‍ വികസിക്കുന്നത് നാം കണ്ടതുമാണല്ലോ.

യാഥാര്‍ത്ഥ്യം എന്നത് ബഷീറിനെ സംബന്ധിച്ചിടത്തോളം എന്നും അപ്രാപ്യമായ ഒരു ഭാവനയായിരുന്നു. തനിക്ക് ലഭിക്കാത്തത്, എത്തിച്ചേരാനാകാത്തത് അതായിരുന്നു അദ്ദേഹത്തിന് സാധാരണമെന്നു നാം കരുതുന്ന തരത്തിലുള്ള ജീവിതസാഹചര്യം. പ്രണയം പോലും ഉയര്‍ന്ന മതിലിനിപ്പുറവും അപ്പുറവും. അതിന്റെ പ്രതീകങ്ങളാകട്ടെ, മരക്കോണി, ഉണങ്ങിയ കൊമ്പ്, ഉരുളന്‍ കല്ല് എന്നിങ്ങനെയുള്ള പരുക്കന്‍ സാധനങ്ങളും. ഭാഷയിലെ തന്റെ വാക്കുകളും വാചകങ്ങളും ഇതുപോലെ ആഢ്യത്വവും വ്യാകരണമികവുമില്ലാത്തവയാണെന്ന ബഷീര്‍ വിവരിക്കുന്നുണ്ട്. ഇക്കാക്കാ വ്യാകരണം പഠിക്കണം എന്ന ബഷീറിന്റെ അധ്യാപകനായ അനിയന്‍ പറയുന്ന രംഗം ഓര്‍ക്കുക (പാത്തുമ്മായുടെ ആട്). അതിനുള്ള ബഷീറിന്റെ മറുപടി ഇങ്ങനെയാണ്. പോടാ എണീറ്റ്. അവന്റെ ഒരു ലൊഡുക്കൂസ് ആഖ്യ! എടാ നീ അല്ലേ നെയ് കട്ടു തിന്ന് ദീനമാണെന്നു പറഞ്ഞു നടന്ന പെരുങ്കള്ളന്‍! എടാ ഇതെല്ലാം ഞാന്‍ വര്‍ത്തമാനം പറയുന്ന മാതിരി തന്നെയാണ് എഴുതിവെച്ചിരിക്കുന്നത്. ഇതില്‍ നിന്റെ ഒരു ചട്ടുകാലന്‍ ആഖ്യാദമില്ലെങ്കിലെന്ത്? അവന്റെ ഒരു പളുങ്കൂസന്‍ വ്യാകരണം!

പൂര്‍വമാതൃകകളോ ഗംഭീരമായ പാരമ്പര്യവും പൈതൃകവുമോ ബാധയാകാത്ത, ഏറ്റവും ആധുനികമായ ഒരു സാഹിത്യം സൃഷ്‌ടിച്ചുകൊണ്ട് താന്‍ ജീവിച്ചതും തനിക്കു ശേഷമുള്ളതുമായ കാലത്തെ മലയാള ഭാഷയെ അഭിമാനകരവും പക്വതയെത്തിയതുമായ ഒരു സൌന്ദര്യ-ലാവണ്യ വ്യവസ്ഥയായി പരിവര്‍ത്തിപ്പിച്ച ബഷീറിന്, സിനിമയുടെ നൂതനമായ ദൃശ്യ-ശബ്‌ദ വിന്യാസവും വഴങ്ങുമായിരുന്നു എന്നു പൂര്‍ണമായും വിശ്വസിക്കാവുന്ന വിധത്തിലുള്ള ഒരിടപെടലാണ് അദ്ദേഹം ഭാര്‍ഗവീനിലയത്തിലൂടെ നടത്തിയത്. എന്നാല്‍ അതേറ്റെടുക്കുന്നതിന് പാകത്തിലുള്ള നിര്‍മാതാക്കളുടെയും സംവിധായകരുടെയും നിര രൂപപ്പെട്ടുവന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ പരിമിതി. ആ പരിമിതി ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ലല്ലോ!



ചിത്രങ്ങള്‍ക്ക് കടപ്പാട്: www.perch.co.in

പാട്ടുകള്‍ കേള്‍ക്കാന്‍ ഇവിടെ ഞെക്കുക

Thursday, October 30, 2008

നീലക്കുയിലും കേരള നവോത്ഥാനവും

ആദര്‍ശത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയില്‍
മുകളില്‍ മദ്ധ്യകേരളത്തിലെ വിശാലമായ നീലാകാശം, താഴെ കണ്ണെത്താതെ നീണ്ടുകിടക്കുന്ന കന്നി വയലുകള്‍. അവക്കിടയിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന കുറെ മനുഷ്യജീവിതങ്ങള്‍. വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ അവരുടെ ജീവിതത്തില്‍ നിന്ന് നെയ്‌തെടുത്ത ഒരു കഥയാണ് നീലക്കുയില്‍ എന്ന കാര്‍ഡാണ് മലയാള സിനിമയില്‍ കേരളീയതയുടെ തുടക്കം കുറിച്ചു എന്ന് പിന്നീട് വ്യാഖ്യാനിക്കപ്പെട്ട നീലക്കുയിലിന്റെ ടൈറ്റിലുകള്‍ക്കു തൊട്ടു പുറകെ തിരശ്ശീലയില്‍ തെളിഞ്ഞത്. ട്രാന്‍‌സ്‌പോര്‍ട് കോണ്‍ട്രാക്‍റ്ററും വ്യവസായ പ്രമുഖനുമായിരുന്ന ടി കെ പരീക്കുട്ടി സാഹിബ് ആരംഭിച്ച ചലച്ചിത്ര നിര്‍മാണക്കമ്പനിയായ ചന്ദ്രതാരാ പ്രൊഡക്‍ഷന്‍സ് ആദ്യമായി നിര്‍മിച്ച സിനിമയായ നീലക്കുയില്‍ 1954ലാണ് പുറത്തു വന്നത്. കേരളത്തിലെ ആദ്യ എഴുപത് എം എം തിയറ്ററായ കൊച്ചിന്‍ സൈനയും അദ്ദേഹമാണ് നിര്‍മിച്ചത്. രാരിച്ചന്‍ എന്ന പൌരന്‍, നാടോടികള്‍, മുടിയനായ പുത്രന്‍, മൂടുപടം, തച്ചോളി ഒതേനന്‍, ഭാര്‍ഗവീനിലയം, കുഞ്ഞാലിമരക്കാര്‍, ആല്‍മരം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങള്‍. ഇവയില്‍ നീലക്കുയില്‍(1954), മുടിയനായ പുത്രന്‍(1961), തച്ചോളി ഒതേനന്‍(1964), കുഞ്ഞാലിമരക്കാര്‍ (1967) എന്നിവ രാഷ്‌ട്രപതിയുടെ വെളളിമെഡല്‍ നേടി. അക്കാലത്തു തന്നെ മലയാള സാഹിത്യത്തില്‍ തന്റേതായ സാന്നിദ്ധ്യം തെളിയിച്ചിരുന്ന ഉറൂബ്(പി സി കുട്ടികൃഷ്ണന്‍) സിനിമക്കു വേണ്ടി മാത്രമായെഴുതിയ കഥയും അദ്ദേഹം തന്നെ തയ്യാറാക്കിയ തിരക്കഥയുമാണ് നീലക്കുയിലിന്റേത്. കഥയും ചലച്ചിത്രകഥയും - ഉറൂബ് എന്നാണ് ടൈറ്റിലില്‍ തെളിയുന്നത്.

നീലക്കുയിലിന്റെ സവിശേഷതയെക്കുറിച്ച് ചലച്ചിത്ര നിരൂപകനും ചരിത്രകാരനുമായ വിജയകൃഷ്ണന്‍ ഇപ്രകാരം വിവരിക്കുന്നു. അന്നോളം പുറത്തുവന്ന ഏതൊരു മലയാള ചിത്രത്തിലുമുപരി കേരളീയത പുലര്‍ത്തിയ ചിത്രമായിരുന്നു നീലക്കുയില്‍. ചിത്രത്തിന്റെ ഓരോ അടിയിലും ത്രസിച്ചുനില്‍ക്കുന്ന കേരളീയ ഗ്രാമാന്തരീക്ഷമുണ്ടായിരുന്നു. നിത്യജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത കഥാപാത്രങ്ങള്‍. അവരുടെ കൊച്ചു നൊമ്പരങ്ങളും ആഹ്ലാദങ്ങളും അതുവരെ പുറത്തുവന്ന ചിത്രങ്ങളിലെ കൃത്രിമമായ അന്തരീക്ഷ സൃഷ്ടിയുടെ സ്ഥാനത്ത് സജീവവും ഊഷ്‌മളവും യാഥാര്‍ഥ്യാധിഷ്ഠിതവുമായ അന്തരീക്ഷമിണക്കിച്ചേര്‍ത്തു എന്നതാണ് നീലക്കുയിലിന്റെ ഏറ്റവും വലിയ പ്രത്യേകത.(മലയാള സിനിമയുടെ കഥ-പേജ് 63)

ടൈറ്റിലിനും തുടക്കത്തില്‍ എഴുതിയ കാര്‍ഡിനും ശേഷമുള്ള ആദ്യത്തെ ദൃശ്യത്തില്‍ തന്നെ പക്ഷെ കേരളീയത പിറകില്‍ വലിച്ചുകെട്ടിയ ഒരു തുണിശ്ശീലയായി പ്രത്യക്ഷപ്പെടുന്നതു കാണാം. ചിഞ്ചക്കം താരോ, ചിഞ്ചക്കം താരോ, പുഞ്ചവയല്‍ കൊയ്‌തല്ലോ കൊഞ്ചെടി കൊഞ്ചെടി തത്തമ്മേ എന്ന കൊയ്‌ത്തുപാട്ടിന്റെ പശ്ചാത്തലമാണ് നാടകസ്‌റ്റേജില്‍ കാണാറുള്ള ആ തുണിക്കര്‍ട്ടന്‍. നാടകമായിരുന്നു കഥ / തിരക്കഥാകൃത്തിന്റെയും സംവിധായകരുടെയും മാതൃകകള്‍. പി ഭാസ്ക്കരനും രാമു കാര്യാട്ടും ചേര്‍ന്നാണ് നീലക്കുയില്‍ സംവിധാനം ചെയ്‌തത്. അവര്‍ രണ്ടു പേരും പില്‍ക്കാലത്ത് മലയാള സിനിമയിലെ അതി പ്രശസ്‌ത സംവിധായകരായി തീര്‍ന്നു. മിന്നാമിനുങ്ങ്, മുടിയനായ പുത്രന്‍, മൂടുപടം, ചെമ്മീന്‍, ഏഴു രാത്രികള്‍, അഭയം, മായ, നെല്ല്, ദ്വീപ്, അമ്മുവിന്റെ ആട്ടിന്‍കുട്ടി, കൊണ്ടഗാലി(തെലുങ്ക്) എന്നിവയാണ് രാമുകാര്യാട്ടിന്റെ പില്‍ക്കാല ചിത്രങ്ങള്‍. ഇതില്‍ ചെമ്മീന്‍(1966) രാഷ്ട്രപതിയുടെ സ്വര്‍ണമെഡലും ദേശാന്തര പ്രശസ്‌തിയും വമ്പിച്ച വാണിജ്യവിജയവും നേടിയ ചിത്രമാണ്.
രാരിച്ചന്‍ എന്ന പൌരന്‍, നായരു പിടിച്ച പുലിവാല്, ലൈലാമജ്‌നു, ഭാഗ്യജാതകം, അമ്മയെ കാണാന്‍, ആദ്യകിരണങ്ങള്‍, ശ്യാമളച്ചേച്ചി, അന്വേഷിച്ചു കണ്ടെത്തിയില്ല, സ്ത്രീ, തറവാട്ടമ്മ, ഇരുട്ടിന്റെ ആത്മാവ്, മുറപ്പെണ്ണ്, പകല്‍ക്കിനാവ്, ലക്ഷപ്രഭു, കാട്ടുകുരങ്ങ്, മൂലധനം, കള്ളിച്ചെല്ലമ്മ, കുരുക്ഷേത്രം, വിത്തുകള്‍, ഉമ്മാച്ചു, ജഗദ്ഗുരു ശങ്കരാചാര്യര്‍ എന്നിങ്ങനെ അനവധി സിനിമകള്‍ സംവിധാനം ചെയ്യുകയും അതിലുമധികം സിനിമകള്‍ക്ക് ഗാനങ്ങളെഴുതുകയും ചെയ്‌ത പി ഭാസ്ക്കരന്‍ മലയാളസിനിമയില്‍ ഏറെക്കാലം നിറഞ്ഞു നിന്നു. നീലക്കുയിലിന്റെ രചന നിര്‍വഹിച്ച ഉറൂബ് തന്നെയാണ് രാരിച്ചന്‍ എന്ന പൌരന്‍, ഉമ്മാച്ചു എന്നിവയുടെയും കഥ /തിരക്കഥകള്‍ എഴുതിയത്. നീലക്കുയില്‍ എന്ന സിനിമക്ക് എന്തെല്ലാം പരിമിതികളുണ്ടായിരുന്നാലും ശരി, കെ രാഘവന്‍ മാസ്‌റ്ററുടെ സംഗീത സംവിധാനത്തില്‍ ആ ചിത്രത്തിലുള്‍ച്ചേര്‍ത്തിട്ടുള്ള ഗാനങ്ങള്‍ കേരളീയതയുടെയും കേരളത്തിന്റെയും അംശങ്ങളെങ്കിലും നിലനില്‍ക്കുന്ന അത്രയും കാലം നിലനില്‍ക്കും എന്നതുറപ്പാണ്. പുലയന്റെയും പാണന്റെയും മാപ്പിളയുടെയും നായരുടെയും പാട്ടുകള്‍ അതാതു സമുദായത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ച് മുഴുവന്‍ മലയാളിയെക്കൊണ്ടും പാടിപ്പിച്ചു എന്ന ചരിത്രപരമായ കടമ നിര്‍വഹിക്കാന്‍ നീലക്കുയിലിന്റെ സംഘാടകര്‍ക്ക് സാധിച്ചു എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. കേരളത്തെ മതേതരവത്ക്കരിക്കുന്നതിലും ജനാധിപത്യവത്ക്കരിക്കുന്നതിലും ഐക്യപ്പെടുത്തുന്നതിലും, നാടോടിവഴക്കങ്ങളുടെ സംഗീത പാരമ്പര്യത്തെ പൊതുസ്ഥലത്തേക്ക് സാമാന്യവത്ക്കരിച്ച ചലച്ചിത്രഗാനശാഖ ചെയ്‌ത സംഭാവന വളരെ വലുതാണ്. അതിന് തുടക്കം കുറിച്ചത് നീലക്കുയിലാണെന്നതും പ്രസ്താവ്യമാണ്.

തുണിക്കര്‍ട്ടന്റെ പശ്ചാത്തലത്തിലുള്ള അവതരണഗീതം പോലുള്ള ആ ഗാനനൃത്തരംഗം കഴിഞ്ഞ ഉടനെയുള്ള ദൃശ്യത്തില്‍ പക്ഷെ ക്യാമറ വാതില്‍പ്പുറത്തേക്ക് സഞ്ചരിക്കുന്നു. ഒരു പക്ഷെ, മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിക്കുറിച്ച ഒരു ഷിഫ്‌റ്റാണത്. ഇടിയും മിന്നലും ചേര്‍ന്ന ഒരു പേമാരി. കാര്‍ഷികപ്രധാന ജീവിതം നിറഞ്ഞു നില്‍ക്കുന്ന ഐക്യകേരളത്തിനും മുമ്പുള്ള കേരളഗ്രാമം. വെള്ളം പൊട്ടിച്ചാടി വയലിലെ കൃഷി ചീയാതിരിക്കാന്‍ കത്തിച്ച ചൂട്ടുകളും തൂമ്പകളുമായി അര്‍ദ്ധനഗ്നരായ കര്‍ഷകത്തൊഴിലാളികള്‍ സ്ത്രീ പുരുഷഭേദമെന്യേ മഴയെ കൂസാതെ സംഘബോധത്തോടെ അവിടെയെത്തി വരമ്പ് കെട്ടിത്തീര്‍ക്കുന്നു. സ്ഥലകാല ചരിത്രത്തെയും സാമ്പത്തിക / ഉത്പാദന ബന്ധങ്ങളെയും ആവിഷ്‌ക്കരിക്കുന്ന ആ ദൃശ്യത്തിന്റെ തുടര്‍ച്ച, കട്ടിലില്‍ വായിച്ചുകൊണ്ട് കിടക്കുന്ന ശ്രീധരന്‍ മാസ്‌റ്ററുടെ(സത്യന്‍) വിശ്രമമാണ്. എപ്പോഴും കര്‍മനിരതരായ തൊഴിലാളികള്‍; ഉപജീവനത്തിനായി ജോലി ചെയ്യുന്ന ആളാണെങ്കിലും കുറെക്കൂടി മെച്ചപ്പെട്ട നിലയില്‍ ജീവിക്കുന്ന അധ്യാപകന്‍ എന്ന മധ്യവര്‍ഗക്കാരനും ഉന്നതജാതിക്കാരനും ആയ നായകന്‍ എന്ന ദ്വന്ദ്വമാണ് തുടക്കത്തിലേ തെളിയുന്നത്.

ഐക്യകേരളത്തിലൂടെ സാക്ഷാത്കൃതമായ കേരള നവോത്ഥാന ചിന്തയുടെയും പ്രാസ്ഥാനികതയുടെയും ഒരു തെളിമയാര്‍ന്ന ലക്ഷണം എന്ന നിലക്ക് നീലക്കുയില്‍ പല വിധേന ചരിത്രത്തില്‍ മുഖ്യസ്ഥാനത്തെത്തുന്നുണ്ട്. കൊച്ചിക്കാരനായ ടി കെ പരീക്കുട്ടി സാഹിബ് നിര്‍മിച്ച ഈ സിനിമയുടെ രചന പൊന്നാനിക്കാരനായ ഉറൂബ് നിര്‍വഹിച്ചപ്പോള്‍ കൊടുങ്ങല്ലൂര്‍ക്കാരനായ പി ഭാസ്‌ക്കരനും തൊട്ടടുത്ത തളിക്കുളത്തുകാരനായ രാമുകാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്‌തു. തലശ്ശേരിക്കാരനായ കെ രാഘവന്‍ മാസ്‌റ്ററാണ് സംഗീത സംവിധാനം ചെയ്‌തതെങ്കില്‍ ആലപ്പുഴക്കാരനായ സത്യന്‍ മുഖ്യവേഷത്തിലഭിനയിച്ചു. കോഴിക്കോട് അബ്‌ദുള്‍ഖാദറടക്കമുള്ളവര്‍ ഗാനങ്ങളാലപിച്ചു. മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരും മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങളില്‍ പെട്ടവരുമായ അനേകര്‍ക്ക് യോജിച്ചു പ്രവര്‍ത്തിക്കാനായ ആ സംരംഭം കേരളീയത, കേരള നവോത്ഥാനം, മതേതരത്വം, ജനാധിപത്യം, പുരോഗമന ചിന്ത എന്നിങ്ങനെയുള്ള പരിവര്‍ത്തനാഹ്വാനങ്ങളുടെയും സമ്മേളനമായിരുന്നു. ഈ ആഹ്വാനങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിയപ്പോള്‍ സംഭവിച്ച പരിമിതികളുടെ ലക്ഷണങ്ങളും നീലക്കുയിലില്‍ നിന്ന് മുഴക്കത്തോടെ നമുക്ക് വായിച്ചെടുക്കാം.

കോരിച്ചൊരിയുന്ന ആ മഴയത്ത് വായനയിലും വിശ്രമത്തിലും ഉറക്കത്തിനു വേണ്ടിയുള്ള കാത്തുകിടപ്പിലുമായിരുന്ന ശ്രീധരന്‍ മാസ്‌റ്ററുടെ വീട്ടുകോലായയില്‍ മഴ നനഞ്ഞു കുതിര്‍ന്ന നീലി (കുമാരി) കയറി നില്‍ക്കുന്നു. അവളോട് വീട്ടിനകത്തേക്കു കയറി നില്‍ക്കാനും മഴ കഴിഞ്ഞ് പോകാമെന്നും അയാള്‍ പറയുന്നു. ശബ്‌ദവും തണുപ്പും നനവും നിറഞ്ഞുനിന്ന ആ രാത്രിയാമത്തില്‍ അയാള്‍ പ്രാകൃതികവികാരങ്ങള്‍ക്ക് കീഴ്പ്പെട്ട് അവളെ ലൈംഗികമായി പ്രാപിക്കുന്നു. അയിത്തം നിറഞ്ഞുനിന്ന കാലത്തില്‍ നിന്ന് വ്യത്യസ്‌തമായി നായര്‍ സമുദായക്കാരന്റെ വീട്ടിനകത്തേക്ക് നിസ്സംശയം കയറാന്‍ പുലയയുവതിക്ക് അനുവാദം ലഭിക്കുന്നത് നവോത്ഥാന ലക്ഷണമാണെങ്കില്‍; അവളുമായുള്ള അയാളുടെ സംഗമം, പുരുഷന്‍ / സ്ത്രീ, നായര് ‍/ പുലയ എന്നീ ദ്വന്ദ്വങ്ങളുടെ ആധിപത്യ / വിധേയത്വ ബലതന്ത്രത്തിന്റെ നിര്‍വഹണം മാത്രമാണെന്ന് കാണാം. അവരുടെ ബന്ധപ്പെടലിന്റെ വിശദാംശങ്ങള്‍ ദൃശ്യവത്ക്കരിക്കുന്നില്ല. മൃദുല വികാരങ്ങളെ അനാവശ്യമായി ഉദ്ദീപിപ്പിക്കാതിരിക്കാനുള്ള സമചിത്തത, കുടുംബചിത്രം തുടങ്ങിയ കാരണങ്ങളാല്‍ ആ അസാന്നിദ്ധ്യം ചരിത്രരചനയില്‍ പ്രകീര്‍ത്തിക്കപ്പെട്ടേക്കാം. എന്നാല്‍ അയാള്‍ അനുനയത്തിലൂടെയാണോ ബലപ്രയോഗത്തിലൂടെയാണോ സംഭോഗത്തിലേക്ക് അവളെ നയിച്ചത് എന്നത് വിശദീകരിക്കപ്പെടാത്ത പ്രഹേളികയായി തുടരുമ്പോള്‍, വിവാഹത്തിനകത്തും പുറത്തുമായി മുഴുവന്‍ മലയാളി സ്ത്രീ പുരുഷന്മാരും പിന്തുടരുന്ന ലൈംഗികബലതന്ത്രങ്ങള്‍ പ്രശ്‌നവത്ക്കരിക്കാതെ നിഗൂഢമാക്കപ്പെടുന്നു. ഈ നിഗൂഢവത്ക്കരണത്തിലൂടെ ആ ബലതന്ത്രം കുറ്റങ്ങളേതുമില്ലാതെ സാധൂകരിക്കപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, ആ സമാഗമത്തിനു ശേഷം തന്റെ കുഞ്ഞിന്റെ പിതൃത്വവും തങ്ങളുടെ സംരക്ഷണയും അങ്ങ് ഏറ്റെടുക്കണേ എന്ന് നീലി അപേക്ഷിക്കുമ്പോള്‍ അയാള്‍ നിസ്സഹായത നടിച്ച് -എന്റെ സമുദായത്തെ എനിക്ക് മാനിക്കേണ്ടേ?- പിന്തിരിയുന്ന നിര്‍ണായക കഥാ സന്ദര്‍ഭം വരെയുള്ള അവരുടെ സംഗമങ്ങളിലൊക്കെയും അവള്‍ പ്രസന്നവതിയും അതീവ സന്തുഷ്ടയുമായിട്ടാണ് കാണപ്പെടുന്നത്. അതായത്, ചുംബനവും മൈഥുനവും അടക്കമുള്ള കടന്നുപിടുത്തത്തിലൂടെ പുരുഷന്‍ സ്ത്രീയെ ലൈംഗികമായി കീഴ്‌പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ അവള്‍ പരിപൂര്‍ണ വിധേയയായിത്തീരുന്നു എന്നാണ് സങ്കല്‍പവും ഭാവനയും. 'സുഖം' അനുഭവിച്ചവളെന്ന നിലക്കും തന്റെ നഗ്ന ശരീരം ആദ്യം ദര്‍ശിച്ച ആളോട് താന്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന ഗാന്ധര്‍വവിവാഹസങ്കല്‍പ പ്രകാരവും അവള്‍ അയാളെ മനസ്സാ വരിക്കുന്നു. ഇത്തരം നായികകള്‍ പില്‍ക്കാലത്ത് മലയാള സിനിമയില്‍ ഒരു പതിവായി തീര്‍ന്നു.

പുരുഷനും ഉയര്‍ന്ന ജാതിക്കാരനുമായ മേലാളന്‍, സ്‌ത്രീയും കീഴാള ജാതിക്കാരിയുമായ വിധേയ എന്ന വര്‍ഗ / ലിംഗ വൈരുദ്ധ്യമാണ് ശ്രീധരന് ‍/ നീലി ബന്ധത്തിന്റെ അന്തസ്സത്ത. അദ്ധ്യാപകന്‍ എന്ന സാമൂഹ്യപരിവര്‍ത്തന വേഷമണിഞ്ഞെത്തുന്ന അയാള്‍ തൊഴിലാളിയും നിരക്ഷരയുമായ അവളെ കാമപൂര്‍ത്തീകരണത്തിന് വേണ്ടി കീഴ്പ്പെടുത്തുകയും പിന്നീട് അതിലുണ്ടാകുന്ന കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നു. നാടുവാഴിത്തത്തിന്റെയും സവര്‍ണ ജാതി വ്യവസ്ഥ എന്ന ജീര്‍ണതയുടെയും 'മഹാ'ഭാരങ്ങള്‍ ആന്തരീകരിച്ചിട്ടുള്ള അയാളുടെ ശരീരവും മനസ്സും കേരള നവോത്ഥാനത്തിന്റെ ശരീരവും മനസ്സും തന്നെയായി മാറുന്ന കൂടുവിട്ട് കൂടുമാറല്‍ വിദ്യയാണിവിടെ പരോക്ഷമായി പ്രാവര്‍ത്തികമാകുന്നത്. ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും കുട്ടികളെയും പീഡനത്തിന് വിധേയമാക്കിക്കൊണ്ടേയിരിക്കുമ്പോഴും രാഷ്‌ട്രീയ പ്രബുദ്ധമായ ജനാധിപത്യ /പുരോഗമന /മതേതര കേരളം സാക്ഷാത്കൃതമായി എന്ന നുണ ഉച്ചൈസ്‌തരം പ്രഖ്യാപിക്കാന്‍ നാം മടി കാണിക്കാത്തത് ഈ ആന്തരീകരണത്തിന്റെ കപട ലഹരിയിലാണെന്നര്‍ത്ഥം. ആദ്യ സംഗമത്തിനു ശേഷം കൂടുതല്‍ ഉത്സാഹവതിയായി പാടത്ത് നടക്കുകയും കൂട്ടുകാരികളാല്‍ കളിയാക്കപ്പെടുകയും ചെയ്യുന്ന നീലി, ശ്രീധരന്‍ മാസ്‌റ്ററോടുള്ള അനുരാഗവൈവശ്യത്തോടെയാണ് പിന്നീട് അയാളെ പ്രാപിക്കുന്നത്. ബലപ്രയോഗത്തിലൂടെ തന്നെ കീഴ്പ്പെടുത്താനുള്ള അധികാരം മേലാള / പുരുഷനുണ്ടെന്ന കീഴാള / സ്ത്രീയുടെ സാമൂഹ്യ അബോധമാണവളെ അയാളുടെ കാമുകിയാക്കി സ്വയം നിശ്ചയിക്കുന്നത്.

നായര്‍ തറവാട്ടുകളുടെ ശിഥിലീകരണം, അതിനിടയിലും തുടരുന്ന തറവാടിത്ത ഘോഷണം, സംബന്ധം പോലുള്ള ബ്രാഹ്മണാധികാരത്തിന്റെ ലൈംഗിക ഭരണഘടന, അയിത്തോച്ചാടനനിയമം പാസാക്കിയിട്ടും തൊട്ടുകൂടായ്‌മയും അതിന്റെ പ്രത്യക്ഷീകരണമായ പുലഭ്യം പറച്ചിലും തുടരുന്ന തിരു'മേനി'യും അയാളെ പുതിയ കാലത്തെക്കുറിച്ചോര്‍മപ്പെടുത്തുന്ന ആധുനികകാലത്തിന്റെ മറ്റൊരു പ്രതിനിധിയായ പോസ്‌റ്റ്‌മാനും എന്നിങ്ങനെ പഴമയും പുതുമയും തമ്മിലുള്ള അഭിമുഖീകരണം നാടകീയതയുടെ മുഴക്കങ്ങളോടെ നീലക്കുയിലില്‍ ധാരാളമായി കടന്നു വരുന്നുണ്ട്. പുരോഗമനാശയത്തിന്റെ ഈ മുഖംമൂടി പ്രമേയത്തിലും നിലപാടിലുമുള്ള സന്ദിഗ്ദ്ധതയെ വെളിപ്പെടുത്താതിരിക്കാന്‍ മിക്കപ്പോഴും സഹായകമാകുകയും ചെയ്‌തു.
അവളോട് നിസ്സഹായത പ്രകടിപ്പിക്കുകയും നിനക്ക് ഏതെങ്കിലുമൊരാളെ കല്യാണം കഴിച്ചാല്‍ പോരെ എന്ന് ചോദിച്ച് തിരിച്ചുപോരുകയും ചെയ്യുന്ന ശ്രീധരന്‍ മാസ്‌റ്റര്‍ ആ ഘട്ടത്തില്‍ ഏതെങ്കിലും തരത്തിലുള്ള മനസ്‌താപമൊന്നും അനുഭവിക്കുന്നതായി കാണുന്നില്ല. ആ കഥാപാത്രത്തോട് സമഭാവപ്പെടുന്ന പ്രേക്ഷകന്റെ ഉള്ളില്‍ കള്ളി വെളിച്ചത്തായി അയാള്‍ പിടിക്കപ്പെടുമോ എന്ന ആശങ്കയാണ് ഈ ഘട്ടത്തില്‍ നിറയുന്നത്.

പോസ്‌റ്റ്‌മാന്‍ ശങ്കരന്‍ നായര്‍ തകര്‍ന്ന തറവാട്ടിലെ നളിനി(പ്രേമ)യുമായുള്ള അയാളുടെ കല്യാണം ആലോചിച്ചുറപ്പിക്കുന്നു. കല്യാണദൃശ്യത്തോടൊപ്പം സിനിമയുടെ നാടകീയത വര്‍ദ്ധിപ്പിച്ചുകൊണ്ട്, നീലിയുടെ ഗര്‍ഭം പുലയക്കുടിയില്‍ വലിയ അപമാനത്തിന് ഇടയാകുന്ന ദൃശ്യമാണ് സമാന്തരമാകുന്നത്. ആരാണ് നിന്റെ ഗര്‍ഭത്തിന് ഉത്തരവാദി എന്ന് പറയെടി എന്ന തല്ലോടുകൂടിയുള്ള അഛന്റെ ചോദ്യത്തിനു മുമ്പില്‍ മറുപടി പറയാതെ അവള്‍ കരഞ്ഞുകൊണ്ടാണെങ്കിലും ശ്രീധരന്‍ മാസ്‌റ്ററോടുള്ള വിധേയത്വം തുടരുന്നു. അയാളുടെ പേര് പറയാതെ അയാളെ എന്നെന്നേക്കുമായി രക്ഷപ്പെടുത്തുകയാണവള്‍. അതിലൂടെ തന്റെ ജീവിതം മുഴുവനര്‍ത്ഥത്തിലും അനിശ്ചിതത്വത്തിലേക്കെറിയുകയുമാണവള്‍. ഇപ്രകാരം തന്റെ നിലനില്‍പ് പൂര്‍ണമായും കുഴപ്പത്തിലാക്കിക്കൊണ്ടാണെങ്കിലും കീഴാളവര്‍ഗത്തിലും ദളിത ജാതിയിലും പെട്ട സ്‌ത്രീ മേലാളനായ പുരുഷനെ സംരക്ഷിച്ചുകൊള്ളും എന്ന ആഗ്രഹവും അങ്ങിനെ സംരക്ഷിക്കുന്നതാണ് സമുദായങ്ങള്‍ തമ്മിലുള്ള ആധിപത്യ / വിധേയത്വ പാരസ്‌പര്യം നിലനിന്നുപോകുന്നതിനു നല്ലത് എന്ന തീരുമാനവുമാണ് കഥാകൃത്തിന്റെ അബോധത്തില്‍ പ്രവര്‍ത്തിക്കുന്നത്.
നീലി തന്റെ ഗര്‍ഭത്തിനുത്തരവാദിയാരാണെന്നു തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ മലയാള സിനിമയുടെ മാത്രമല്ല, ഒരു പക്ഷെ മലയാളിയുടെ നവോത്ഥാനത്തിന്റെ തന്നെ അജണ്ട മാറ്റി നിശ്ചയിക്കപ്പെടുമായിരുന്നു. ആ സാഹസികതക്കു തയ്യാറായില്ല എന്നതാണ് ഉറൂബും രാമു കാര്യാട്ടും പി ഭാസ്‌ക്കരനും ചേര്‍ന്ന് നടത്തുന്ന വിട്ടുവീഴ്‌ചാ ഫോര്‍മുല. ഈ വിട്ടുവീഴ്‌ചാ ഫോര്‍മുലയെ സാമാന്യ മലയാളി രണ്ടു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു എന്നതാണ് നീലക്കുയിലിന്റെ അഭൂതപൂര്‍വമായ വാണിജ്യ വിജയത്തിന്റെ കാരണം എന്നും സമര്‍ത്ഥിക്കാവുന്നതാണ്. നീലി കാര്യങ്ങള്‍ തുറന്നു പറയുകയും ശ്രീധരന്‍ മാസ്‌റ്റര്‍ തുറന്നുകാട്ടപ്പെടുന്ന ഒരു വഞ്ചകനായി വെളിപ്പെടുകയും ചെയ്യുന്ന ഒരു കഥാഗതിയെ സ്വീകരിക്കാന്‍ മലയാളി തയ്യാറുണ്ടായിരുന്നില്ല എന്നും കരുതാവുന്നതാണ്. പെരുവഴിയിലിരുന്ന് കഞ്ഞി തിളപ്പിക്കുന്ന നീലിയുടെ അരികിലൂടെ ശ്രീധരന്‍ മാസ്‌റ്ററും ശങ്കരന്‍ നായരും നടന്നു വരുന്ന ദൃശ്യം ശ്രദ്ധിക്കുക. അവളുടെ കരച്ചിലും അതു കണ്ട് സഹതപിക്കുന്ന ശങ്കരന്‍ നായരുടെ സംസാരവും ചേര്‍ന്നുണ്ടാക്കുന്ന ദുസ്സഹമായ അനുഭവത്തെ ശ്രീധരന്‍ മാസ്‌റ്റര്‍ എങ്ങിനെയാണ് തരണം ചെയ്യുന്നത് എന്നതിലായിരിക്കും പ്രേക്ഷകന്റെ ശ്രദ്ധ. അതിനാല്‍ ശങ്കരന്‍ നായര്‍ പറയുന്ന വാക്കുകള്‍ ഒരു പക്ഷെ ആരും ഓര്‍ക്കുന്നുണ്ടാവില്ല. നിന്നെ പിഴപ്പിച്ചവന്‍ ഇപ്പോഴും ഈ നാട്ടില് ദൈവത്തിന്റെ മുമ്പിലും സമുദായത്തിന്റെ മുമ്പിലും വലിയ മാന്യനായി നടക്ക്വാണെന്ന് എനിക്കറിയാം എന്നാണയാള്‍ സ്വയം പരിതപിച്ചുകൊണ്ട് പറയുന്നത്. അത്തരമൊരു പരിതാപത്തിലൂടെ സ്വയം നീറാനല്ലാതെ തുറന്നു പറയുന്ന സ്ത്രീയെ ഉള്‍ക്കൊള്ളാന്‍ മലയാളി എന്ന സമുദായം തയ്യാറായിട്ടില്ല എന്നു വ്യക്തം. തുടര്‍ന്ന് നീലീ, നീ ഒരു കാര്യം ചെയ്യ് നീ എന്റെ വീട്ടിലേക്ക് പോരൂ, നിന്റെ മുമ്പില്‍ ആ വാതില്‍ ആരും കൊട്ടിയടക്കില്ല എന്നയാള്‍ ഉറപ്പു കൊടുക്കുകയും ചെയ്യുന്നു. എന്നാലവളതനുസരിച്ച് അയാളുടെ വീട്ടിലേക്ക് പോകരുതേ എന്നാണ് സാമാന്യ മലയാളി ആഗ്രഹിച്ചത്. ആ ആഗ്രഹത്തിനനുസരിച്ച് അവളുടെ മറുപടി വരുന്നു. ഇല്ല, ഞാനെങ്ങട്ടും ഇല്ല, ഈ മരച്ചോട്ടില്‍ കിടന്നോളാം.

(നീലക്കുയിലിന്റെ കഥാരചന, നിര്‍വഹണം, നിര്‍മാണം എന്നിവയുമായി പ്രത്യക്ഷബന്ധമൊന്നുമില്ലെങ്കിലും കേരളത്തിലെ സ്ത്രികളുടെ അവസ്ഥ എന്തായിത്തീര്‍ന്നു എന്നതിനുദാഹരണമായി ഈ സിനിമയിലെ മുഖ്യവേഷങ്ങളിലഭിനയിച്ച രണ്ടു നടികളുടെയും സ്വകാര്യജീവിതത്തിന്റെ പില്‍ക്കാല പരിണതി സൂചനയായെടുക്കാവുന്നതാണ്. നായികയായ നീലിയെ അവതരിപ്പിച്ച കുമാരി വിവാഹിതയായതിനു ശേഷം കുടുംബജീവിതത്തിലെ നൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തു. ശ്രീധരന്‍ മാസ്‌റ്ററുടെ ഭാര്യയായ നളിനിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച പ്രേമയുടെ മകള്‍ ശോഭ പ്രസിദ്ധ നടിയായിത്തീരുകയും ഉര്‍വശി അവാര്‍ഡടക്കം നേടുകയും ചെയ്‌തു. ഒരു സംവിധായകനുമായുള്ള പ്രണയവും രഹസ്യവിവാഹവും നടത്തി എന്നാരോപിക്കപ്പെട്ട ശോഭ ആത്മഹത്യ ചെയ്‌തതിനെ തുടര്‍ന്ന് അവളുടെ അമ്മ പ്രേമയും വൈകാതെ ആത്മഹത്യ ചെയ്‌തു. സ്ത്രീകള്‍ക്ക് അതും സാമ്പത്തികമായ സുരക്ഷയും പ്രശസ്തിയുമുള്ളവര്‍ക്ക് ജീവിക്കാന്‍ എത്ര മേല്‍ യോഗ്യമായ പ്രദേശമാണ് കേരളം അല്ലേ?)

നീലി എന്ന കഥാപാത്രത്തെ, ഉദാരമനസ്‌ക്കരായി സ്വയം വിചാരിക്കുന്നവരും സവര്‍ണ ജാതിക്കാരോ അവരോട് വിധേയത്വമുള്ളവരോ ആയവരുമായ പുരോഗമനവാദികളായ എഴുത്തുകാര് ‍/കലാകാരന്മാര്‍ നിര്‍മിച്ചെടുത്തതെങ്ങനെ എന്നത് നീലക്കുയിലിനെക്കുറിച്ചുള്ള അന്വേഷണത്തിലൂടെ വിശദീകരിക്കപ്പെടേണ്ടതാണ്. തങ്ങളുടെ തന്നെ ഭീതികളും ആഗ്രഹങ്ങളും; പുരോഗമനചിന്ത എവിടം വരെയാകാം, എന്താണതിന്റെ പരിധി എന്നുമുള്ള സങ്കല്‍പ / ഭാവനകളും ഇവയൊക്കെ ചേര്‍ന്നാണ് ഈ പുരോഗമനവാദികളെക്കൊണ്ട് തോല്‍ക്കുന്ന വിധത്തിലുള്ള ഒരു പുലയയുവതി എന്ന കര്‍തൃത്വത്തെ സൃഷ്‌ടിച്ചതെന്നു വേണം കരുതാന്‍. സ്വയം സ്വതന്ത്രയാവാന്‍ അവളെ അവളുടെ സമുദായമെന്നതുപോലെ കഥാകൃത്തും സംവിധായകരും സമ്മതിക്കുന്നില്ല. ഈ (പുലയ)സമുദായത്തെയും കഥാകൃത്തും സംവിധായകരും തന്നെയാണല്ലോ നിര്‍മിക്കുന്നത്. ഒന്നുകില്‍ ഉന്നതമായ സാംസ്‌ക്കാരികമൂല്യങ്ങളൊന്നും നിലനിര്‍ത്താത്തവര്‍, അല്ലെങ്കില്‍ സവര്‍ണരുടെ സദാചാരവീക്ഷണത്തിന്റെ ഈച്ചക്കോപ്പികള്‍ എന്ന വിധേന ദളിതരെയും ആദിവാസികളെയും ആവിഷ്‌ക്കരിക്കാന്‍ രാമു കാര്യാട്ട് പില്‍ക്കാലത്ത് തുനിഞ്ഞത് - ചെമ്മീന്‍, നെല്ല് - ഇതിന്റെ തെളിവായി കരുതാവുന്നതാണ്.

ആത്മഹത്യ ചെയ്യാനായി തീവണ്ടിപ്പാളത്തിലേക്ക് ഇഴഞ്ഞുനീങ്ങുന്ന അവള്‍ തൊട്ടടുത്തു വരെയേ എത്തുന്നുള്ളൂ. അവിടെ കിടന്ന് കുഞ്ഞിനെ പ്രസവിക്കുകയും അതിന്റെ ആഘാതത്തില്‍ മരിക്കുകയുമാണ്. 'പാപം' പേറുന്ന സ്‌ത്രീകള്‍ മലയാള സിനിമയില്‍ എല്ലായ്‌പ്പോഴും കഥാഗതിക്കിടയില്‍ മരിക്കുകയാണ് പതിവ്. ഈ പതിവ് ആരംഭിക്കുന്നതും നീലക്കുയിലില്‍ നിന്നായിരിക്കും. സമുദായനിയമങ്ങള്‍ പാലിക്കാതെ അനാഥ ഗര്‍ഭം ധരിച്ചു എന്നതാണ് അവളുടെ 'പാപം'. ആ ഗര്‍ഭം അനാഥമല്ല എന്ന് അവള്‍ക്ക് നിഷ്പ്രയാസം തെളിയിക്കാമായിരുന്നു. അവളതിന് തുനിയുന്നില്ല. അങ്ങിനെ അവള്‍ തന്നെ, തന്നെ വഞ്ചിച്ചവനെ രക്ഷപ്പെടുത്തുന്നതിലൂടെ അനാഥമായിത്തീര്‍ന്ന ആ ഗര്‍ഭം എന്ന പാപം അവളെന്ന കഥാപാത്രത്തെ കൊന്നു കളയുന്നു. ബലാത്സംഗത്തിന് വിധേയരാകുന്ന സ്ത്രീകളെ കൊന്നുകളയുന്ന സാമാന്യശീലം പോലും സാധൂകരിക്കപ്പെടുന്ന അത്യന്തം അപകടകരമായ കഥാസന്ദര്‍ഭമായി ഈ മരണത്തെ മലയാളി തിരിച്ചറിഞ്ഞില്ല. തനിക്ക് ഗര്‍ഭം സമ്മാനിച്ചവനെ വെളിപ്പെടുത്തിയില്ലെങ്കിലും വേണ്ടില്ല, കുഞ്ഞുമായി അധ്വാനിച്ച് ജീവിക്കാം എന്നു ധൈര്യത്തോടെ കരുതുന്ന ഒരു സ്‌ത്രീകഥാപാത്രത്തെ സ്വീകരിക്കാനും മലയാളി തയ്യാറായിരുന്നില്ല എന്നായിരിക്കണം ആദര്‍ശത്തിന്റെ ജനപ്രിയത രൂപീകരിക്കാന്‍ ശ്രമിച്ചിരുന്ന കഥാകൃത്തും സംവിധായകരും കരുതിയിട്ടുണ്ടാവുക.

കുട്ടിയെ ഏറ്റെടുക്കാന്‍ ആരും തയ്യാറാവുന്നില്ല. നവോത്ഥാന മലയാളി സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്ന ആദര്‍ശവാദി എന്ന കര്‍തൃത്വമായ ശങ്കരന്‍ മാസ്‌റ്റര്‍ പക്ഷെ ആ ചോരക്കുഞ്ഞിനെ കോരിയെടുക്കുന്നു. അരുത് അരുത് എന്നെല്ലാവരും വിലക്കുന്നു. ഛെ നിര്‍ത്തിന്‍, നിങ്ങള്‍ക്ക് കണ്ണില്ലേ, നിങ്ങള്‍ മനുഷ്യരല്ലേ, ആ മനുഷ്യക്കുട്ടിയെ കാണാന്‍ കണ്ണുള്ള ഒരുത്തനും ഈ കൂട്ടത്തിലില്ലേ, കാട്ടുമൃഗങ്ങളുടെ ഇടയിലേക്കോ മനുഷ്യരുടെ ഇടയിലേക്കോ ഈശ്വരന്‍ ഈ കുഞ്ഞിനെ അയച്ചിരിക്കുന്നത് ! ഛെ അതൊരു പുലയക്കുട്ടിയാണ് എന്ന ആക്രോശത്തെയും അയാള്‍ നേരിടുന്നു. പുലയക്കുട്ടി മനുഷ്യനല്ലേ, എനിക്ക് കുഞ്ഞുങ്ങളില്ല, ഞാനിതിനെ കൊണ്ടു പോകുകയാണ് എന്നാണയാള്‍ പറയുന്നത്. അഞ്ചും ആറും കുട്ടികളുള്ള നിങ്ങള്‍ക്ക് ഈ കുട്ടിയെ കണ്ടിട്ട് അതിനെ തെരുവിലേക്ക് വലിച്ചെറിയാന്‍ തോന്നുന്നുണ്ടല്ലോ. നിങ്ങള്‍ക്ക് ഈശ്വരനെ വിശ്വാസമുണ്ടോ, മനുഷ്യനെ സ്നേഹമുണ്ടോ, പണക്കാരുടെയും വലിയവരുടെയും കുട്ടികള്‍ക്കേ ലോകത്തില്‍ ജീവിക്കാന്‍ അവകാശമുള്ളൂ? ഇതും ഒരു മനുഷ്യക്കുട്ടിയാണ്. ഇവനൊരു പൌരനാണ്, പാടത്ത് ഇറങ്ങി പണിയെടുക്കേണ്ടവനാണ്, രാജ്യം ഭരിക്കേണ്ടവനാണ്, ലോകം ഭരിക്കേണ്ടവനാണ്. ഇവനെ സൃഷ്ടിക്കാന്‍ ഈശ്വരന് ലജ്ജ തോന്നിയില്ലെങ്കില്‍ ഇവനെ എടുത്തു വളര്‍ത്തുന്നതിന് ഞാനെന്തിന് ലജ്ജിക്കണം? മാറിന്‍ ഭീരുക്കളെ, മാറിന്‍! ഗംഭീരമായ ആദര്‍ശപ്രസംഗം.

മലയാളിയെ കോരിത്തരിപ്പിച്ച ആ പ്രവൃത്തിയും പ്രസംഗവും നീലക്കുയിലിന്റെ സാമൂഹ്യപ്രസക്തി വര്‍ദ്ധിപ്പിച്ചു എന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഇത്തരത്തില്‍ അത്യാദര്‍ശവാദിയായ ഒരു നായരെ പൊലിപ്പിക്കാന്‍ വേണ്ടിയല്ലേ പുലയയുവതിയായ നീലിയെ കൊന്നുകളഞ്ഞത് എന്ന ചോദ്യവും ന്യായമായി ഉയര്‍ന്നുവരുന്നുണ്ട്. നീലി സ്‌ഥൈര്യത്തോടെ ജീവിതം നേരിടുകയും അവള്‍ക്ക് ആവശ്യമായ പിന്തുണ കൊടുക്കുന്ന ഒരാളായി ശങ്കരന്‍ നായര്‍ വരുകയും ചെയ്‌തിരുന്നെങ്കില്‍ അയാളുടെ കഥാപാത്രത്തിന് വേണ്ടത്ര മിഴിവ് ലഭിക്കുമായിരുന്നില്ല. സംവിധായകരിലൊരാള്‍ തന്നെ (പി ഭാസ്‌ക്കരന്‍) വേഷമിടുന്ന ഈ കഥാപാത്രത്തിന്റെ ആദര്‍ശപദവിക്കു വേണ്ടിയും നീലിയെ അവസാനിപ്പിച്ചു സ്രഷ്‌ടാക്കള്‍ എന്നും കരുതാവുന്നതാണ്. നായകത്വത്തിന്റെ മറ്റേ പകുതിയായ ശ്രീധരന്‍ മാസ്‌റ്ററെ അവതരിപ്പിക്കാനിരുന്നത് രാമു കാര്യാട്ടായിരുന്നുവത്രെ. പിന്നീട് നിര്‍മാണവേളയിലാണ് സത്യനിലേക്ക് ആ വേഷം കൈമാറ്റം ചെയ്യപ്പെട്ടത്. സംവിധായകരുടെ ആദര്‍ശപദവികളും ആഗ്രഹങ്ങളുമായിരുന്നു നായകത്വത്തിലൂടെ ഉദാത്തീകരിക്കാന്‍ തയ്യാറാക്കിയത് എന്നര്‍ത്ഥം.

വഞ്ചകനും തെറ്റുകാരനുമായ ശ്രീധരന്‍ മാസ്‌റ്ററുടെ മനസ്സും ശരീരവും നീറിപ്പുകയുന്നതിന്റെ നീണ്ട ദൃശ്യ /കഥാ വിശദീകരണങ്ങളാണ് പിന്നീടുള്ളത്. അഭിനയ ചക്രവര്‍ത്തി എന്നു വിശേഷിപ്പിക്കപ്പെട്ട സത്യന്റെ ശ്രദ്ധേയമായ അവതരണം കൊണ്ട് ഹൃദയസ്‌പൃക്കായി തീര്‍ന്ന ആ നാടകീയതയിലൂടെ അയാളിലെ തെറ്റുകാരനോട് പൊറുക്കാനും അയാളിലെ നായകത്വത്തെ ഉദാത്തീകരിക്കാനും സിനിമ സമര്‍ത്ഥമായി ശ്രമിക്കുന്നു. എന്റെ ജീവിതം ഒരു ചുടുകാടായി എന്നയാള്‍ പരിതപിക്കുന്നു. ആയിരം പാപം ചെയ്‌തവരുണ്ട്, ചെയ്യുന്നവരുണ്ട്, അവരൊക്കെ സുഖമായി ജീവിക്കുന്നു. എല്ലാം വിസ്‌മരിക്കുക, എല്ലാത്തില്‍ നിന്നും മുഖം തിരിക്കുക, അതാണ് സുഖം. പക്ഷെ എനിക്കൊരു ഹൃദയമുണ്ടായിപ്പോയി. അയാളുടെ സ്വയം വിചാരണയെ വാഴ്ത്തുകയും അപ്രകാരം അയാളിലെ മനുഷ്യത്വത്തെയും ആധുനികാദര്‍ശത്തെയും പൊലിപ്പിച്ചെടുക്കുകയും ചെയ്യുക എന്ന പ്രക്രിയയാണിവിടെ നടക്കുന്നത്. നീലി എന്തുകൊണ്ട് സത്യം തുറന്നു പറഞ്ഞില്ല എന്നതിനുത്തരം അപ്പോഴാണ് വ്യക്തമാകുന്നത്. നീലി അങ്ങിനെ സത്യം തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ സ്വയം കുറ്റപ്പെടുത്തി നീറി നീറി ജീവിക്കുന്ന ശ്രീധരന്‍ മാസ്‌റ്ററെയും ആദര്‍ശത്തിന്റെ കൊടിയടയാളമായ ശങ്കരന്‍ നായര്‍ എന്ന തറവാടിയെയും വളര്‍ത്തിയെടുക്കാനാവുമായിരുന്നുവോ? പുരുഷന്മാരും നായന്മാരുമായ ആ രണ്ട് കഥാപാത്രങ്ങളും യഥാര്‍ത്ഥത്തില്‍ ഒരേ നായകത്വത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങള്‍ തന്നെയാണ്. ഒരാള്‍ കുറ്റവും മറ്റേയാള്‍ അതിനുള്ള പരിഹാരവും.

ഞാനെന്തിന് ജീവിക്കണം, ഞാനൊരു മനുഷ്യനാണോ? ഒരു പിശാചിനെയാണ് നീ (ഭാര്യ) ദേവനായി കണക്കാക്കിയത്, സ്വന്തം ഹൃദയത്തെ കടിച്ചുകീറുന്ന ഒരു പിശാച്, സ്വന്തം ജീവനെ ഊതിപ്പറപ്പിക്കുന്ന ഒരു നിര്‍ദയന്‍, എന്നൊക്കെയാണ് നളിനിയുടെ നിര്‍ബന്ധത്തിനു വഴങ്ങി സത്യം തുറന്നു പറയുന്നതിനു തൊട്ടുമുമ്പായി ശ്രീധരന്‍ മാസ്‌റ്റര്‍ വിലപിക്കുന്നത്. തനിക്കൊരു മകനുണ്ടെന്ന് കുറ്റസമ്മതം നടത്തുന്ന അയാളെ നോക്കി പകച്ചു നില്‍ക്കുന്ന അവളോട്, നിനക്കത് പൊറുക്കാന്‍ സാധിക്കുന്നുണ്ടോ, എന്തുകൊണ്ട് നീയതു കേട്ടുകൊണ്ടു നില്‍ക്കുന്നു, എന്തുകൊണ്ട് നീയെന്നെ ചവിട്ടിപ്പുറത്താക്കുന്നില്ല, എന്തുകൊണ്ട് നീയെന്നെ ശപിച്ച് ഭസ്‌മമാക്കുന്നില്ല. അയാളുടെ ഈ കുറ്റസമ്മതത്തെ തുടര്‍ന്ന് അവളയാള്‍ക്ക് മാപ്പു കൊടുക്കില്ല എന്നു പറയുന്നത്, അയാളിത്തരത്തില്‍ ഒരു സ്‌ത്രീയെ വഞ്ചിച്ചു എന്നതുകൊണ്ടല്ല, മറിച്ച് അവളോട് അതു പറഞ്ഞില്ല എന്നതിനാലാണ്. ഒരു പുരുഷന്‍ ഒരിക്കല്‍ കാല്‍ വഴുതിവീണാല്‍ അത് പൊറുക്കാന്‍ കഴിയാത്ത ഭാര്യയുണ്ടോ? പക്ഷെ ഒരു കുട്ടിയോട് ക്രൂരത കാണിക്കുന്നത് എനിക്ക് പൊറുക്കാന്‍ കഴിയില്ല എന്നാണവള്‍ പ്രതികരിക്കുന്നത്. പുരുഷന് തെറ്റു ചെയ്യാനുള്ള വാസന സഹജമാണെന്നും അതു പൊറുത്തുകൊണ്ട് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമാധാനം നിലനിര്‍ത്തുന്നവളാണ് ഉത്തമ ഭാര്യ എന്നുമുള്ള പുരുഷാധികാര തത്വചിന്തയാണ്, പുരോഗമനത്തിന്റെയും നവോത്ഥാനത്തിന്റെയും മതേതര-ജനാധിപത്യത്തിന്റെയും ആശയാഭിലാഷമായിരുന്ന ഐക്യകേരളത്തിന്റെ കൊടിയടയാളമായിരിക്കേണ്ട കേരളീയതയെ ജനപ്രിയസംസ്‌ക്കാരമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്‌ത ഉറൂബും പി ഭാസ്‌ക്കരനും രാമുകാര്യാട്ടും വ്യവസ്ഥപ്പെടുത്തിയതെന്നര്‍ത്ഥം.

താനാണ് നീലിയെ പിഴപ്പിച്ചതെന്നും മോഹന്‍ തന്റെ മകനാണെന്നും ശ്രീധരന്‍ മാസ്‌റ്റര്‍ ശങ്കരന്‍ നായരോട് പറഞ്ഞപ്പോള്‍ ആദ്യമൊന്ന് പകച്ചുവെങ്കിലും വീറ് വീണ്ടെടുത്ത് അയാള്‍ ശ്രീധരന്‍ മാസ്‌റ്ററെ കണക്കിന് പരിഹസിക്കുകയും ഭര്‍ത്സിക്കുകയും ചെയ്യുന്നു. മോഹന്‍ നിങ്ങളുടെ മകനോ! നിങ്ങളെപ്പോഴാണിത് കണ്ടു പിടിച്ചത്? റെയില്‍ പാളത്തിനടുത്ത് ചരല്‍ക്കല്ലുകളില്‍ ഒരു ചോരക്കുഞ്ഞു കിടന്ന് പിടച്ചപ്പോള്‍ അതിനെ രക്ഷിക്കാന്‍ അന്ന് ഞാനൊരാളെക്കണ്ടില്ല. ഒരു ജീവനെ രക്ഷിക്കാന്‍ ഞാനാരെയും കണ്ടില്ല. അന്നത് പുലയക്കുട്ടിയായിരുന്നു. അല്ലേ. അന്ന് ഞാനതിനെ കടന്നെടുത്തപ്പോള്‍ വിലക്കാന്‍ ആയിരം കൈയുകളും ആയിരം നാവുകളുമുണ്ടായി. നിങ്ങളുടെ സമുദായം എന്നെ നോക്കി കണ്ണുരുട്ടി. കലി തുള്ളി. ഒരു ദുഷ്‌ടത കാണിക്കാന്‍ സമുദായം മുഴുവന്‍ ഓടി വന്നു. പുലയക്കുട്ടിയായിരുന്നു പോലും പുലയക്കുട്ടി. ഛീ. അന്നു നിങ്ങളവിടെ തൂണു പോലെ നിന്നിരുന്നില്ലേ. എന്തുകൊണ്ട് ഒരു വാക്ക് പറഞ്ഞില്ല. സ്വന്തം കുട്ടിയെപ്പറ്റി എന്തുകൊണ്ട് എന്നോട് മിണ്ടിയില്ല? അന്ന് ജാതിയായിരുന്നു ചോരയെക്കാള്‍ വലുത്. അല്ലേ. ആ നീലിയെപ്പറ്റി നിങ്ങളോര്‍ത്തോ? നിങ്ങളുടെ താളത്തിനൊത്ത് തുള്ളിയ ആ പാവം പെണ്ണിനെപ്പറ്റി നിങ്ങളോര്‍ത്തോ? എല്ലാം കഴിഞ്ഞപ്പോള്‍ അവള്‍ പുലച്ചിയായി. നിങ്ങളുടെ മാനത്തിനും അന്തസ്സിനും നിരക്കാത്തവളായി. ആ ശവത്തിന്റെ മുഖത്ത് ഒരു കീറത്തുണി വലിച്ചിടാന്‍ പോലും നിങ്ങള്‍ക്ക് ചങ്കുറപ്പുണ്ടായില്ല. ആ പുലച്ചിയുടെ ശവത്തെ നിങ്ങള്‍ പേടിച്ചു. ഹ ഹ ഹ. പുലച്ചിയുടെ ശവത്തെ പേടിച്ച ശ്രീധരന്‍ മാസ്‌റ്ററെ പരിഹസിക്കുന്ന ശങ്കരന്‍ നായരെന്ന പുരുഷ / നായകത്വത്തെ ഉയര്‍ത്തിക്കാട്ടുന്ന നീലക്കുയിലിന്റെ സ്രഷ്ടാക്കള്‍ പക്ഷെ പേടിച്ചതാരെയാണ്?. ജീവിച്ചിരിക്കുന്ന നീലിയെന്ന ദളിതസ്‌ത്രീയെയാണവര്‍ പേടിച്ചത്. തങ്ങളുടെ രക്ഷാകര്‍തൃ അവതാരത്തെ പൊലിപ്പിച്ചെടുക്കുന്നതിനു വേണ്ടി അവളുടെ പ്രതികരണത്തെ തകര്‍ക്കുകയായിരുന്നു അവര്‍. അല്ലെങ്കില്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അന്നത്തെ കേരള(നവോത്ഥാന) സാഹചര്യം അവരെ പ്രേരിപ്പിച്ചിട്ടുണ്ടാകും.

ആദര്‍ശത്തെക്കുറിച്ച് നിങ്ങള്‍ക്ക് പ്രസംഗിക്കാം, പക്ഷെ പ്രവര്‍ത്തിക്കാനാവില്ല. ബ്രാഹ്മണവിരുദ്ധതയും നിരീശ്വരവാദവും ലളിത വിവാഹവും വ്യാപകമായി പ്രാവര്‍ത്തികമായ തമിഴകത്തെപ്പോലെയെങ്കിലും വളരാന്‍ കേരള നവോത്ഥാനത്തിന് എന്തുകൊണ്ട് സാധിച്ചില്ല എന്നതിന്റെ ഉത്തരം കൂടിയാണ് നീലക്കുയില്‍. നിലനിന്നു പോന്ന ജാത്യാധികാരത്തോടും പുരുഷാധികാരത്തോടും ഒരു പരിധി വരെ ഒത്തുതീര്‍പ്പുകള്‍ നടത്തിയ ഒരു പ്രക്രിയയായി കേരള നവോത്ഥാനത്തെ അന്ന് പരുവപ്പെടുത്തിയെടുത്തു എന്ന് കരുതാവുന്നതാണ്. സാമൂഹിക പ്രക്രിയ തീര്‍ച്ചയായും അത്തരത്തിലുള്ള ഒത്തുതീര്‍പ്പുകളും പരുവപ്പെടലുകളും ചേര്‍ന്നതാണെന്ന വസ്‌തുത ഒളിച്ചുവെക്കേണ്ടതില്ല. പുരോഗമന ചിന്തയെ ജനപ്രിയമാക്കിയെടുക്കുന്നതില്‍ ഇത്തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. പുറമെക്ക് ലളിതമെന്നു തോന്നിപ്പിക്കുന്നതും സത്യത്തില്‍ വളരെ സങ്കീര്‍ണവുമായ ഈ ജനപ്രിയതാരൂപീകരണത്തിന്റെ ആദ്യലക്ഷണങ്ങളിലൊന്നായിരുന്നു നീലക്കുയില്‍ എന്നതാണ് വസ്തുത.

തനിക്ക് തന്റെ ശരിക്കുള്ള അഛനെത്തന്നെ മതി എന്നു പറയുന്ന മോഹനെ ശ്രീധരന്‍ മാസ്‌റ്ററുടെ പക്കലേല്‍പിച്ച് തിരിച്ചു പോരുന്ന ശങ്കരന്‍ നായര്‍ എന്ന (അസാധ്യനായ) ആദര്‍ശ രൂപം അയാളുടെ മുമ്പില്‍ ഒരേ ഒരപേക്ഷ മാത്രമാണ് വെക്കുന്നത്. അവനെ ഒരു നല്ല മനുഷ്യനായി വളര്‍ത്തൂ. ഹിന്ദുവും മുസ്ലിമും പുലയനും ഒന്നുമാക്കേണ്ട, ഒരു നല്ല മനുഷ്യന്‍. അനീതികളോട് പടവെട്ടുന്നതിനേക്കാള്‍ അതാതു കാലത്തെ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുന്നതില്‍ കൂടുതല്‍ ഔത്സുക്യം കാട്ടിയ കേരള സംസ്‌ക്കാരത്തിനും മലയാള സിനിമക്കും പിന്നീട് ആ ആദര്‍ശം പൂര്‍ത്തീകരിക്കാനായില്ല. തമ്പുരാക്കന്മാരും രാജാക്കന്മാരും കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തിരിച്ചു വന്ന് അവര്‍ പുനക്രമീകരിച്ചെടുത്ത പഴമയുടെ ആദര്‍ശരൂപം ഉയര്‍ത്തിക്കാട്ടി. അപ്പോള്‍, ഒട്ടേറെ പരിമിതികളുണ്ടെങ്കിലും നീലക്കുയില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പരിശ്രമിച്ച മനുഷ്യരെല്ലാം ഒന്നാണ് എന്ന ആദര്‍ശവും കടലിലൊലിച്ചു പോയി. നീലക്കുയിലിന്റെ ആദര്‍ശപരതയെങ്കിലും മലയാളിക്ക് സ്വീകരിക്കാനാകാതെ പോയത് ആ സിനിമയുടെ പരാജയമായിരുന്നുവോ അതോ ആ കാലത്തും പിന്നീടുള്ള കാലത്തും ജീവിച്ച മലയാളിയുടെ പരാജയമായിരുന്നുവോ എന്ന കാര്യം കാലം അന്വേഷിക്കട്ടെ.

****

Wednesday, October 15, 2008

നടി എന്ന സാമൂഹ്യ ശരീരം



പുരുഷ/നായകനെ കുറ്റവിമുക്തനാക്കാനുള്ള ആന്തരികമോ ബാഹ്യമോ ആയ പ്രേരണകളും സമ്മര്‍ദങ്ങളും ചേര്‍ന്ന് തീരുമാനിച്ചതും അതിവൈകാരികവുമായ ഒരു അന്ത്യത്തിന് കെടുത്തിക്കളയാനാവാത്ത ചാരുതയും നൂതനത്വവും ആണ് രഞ്ജിത്തിന്റെ തിരക്കഥയെന്ന സിനിമ പ്രസരിപ്പിക്കുന്നത്. സിനിമയെ ഒരു കലാസൌന്ദര്യ വ്യവസ്ഥ എന്ന നിലക്കോ ഒരു വാണിജ്യ വ്യവസ്ഥ എന്ന നിലക്കോ ഒരു സാമൂഹ്യ രാഷ്ട്രീയ അവസ്ഥ എന്ന നിലക്കോ മാത്രമായി ആലോചിച്ചും വ്യാഖ്യാനിച്ചുമല്ല തിരക്കഥയില്‍ വിഭാവനം ചെയ്യുന്നത്. അതിലെല്ലാമുപരിയായി സിനിമയുടെ നിര്‍മാണ പ്രക്രിയയെ ചരിത്രപരമായി വിചാരണ ചെയ്യുകയും വിമര്‍ശനവിധേയമാക്കുകയുമാണ് രഞ്ജിത് ചെയ്യുന്നത്. ആദ്യ സിനിമയിലൂടെ തന്നെ വ്യത്യസ്തതയും വാണിജ്യപരമായ വിജയവും നേടിയെടുത്ത അക്‍ബര്‍ അഹമ്മദ് (പൃഥിരാജ്) എന്ന സംവിധായകന്റെ ആത്മഗതങ്ങളും അന്വേഷണങ്ങളും കണ്ടെത്തലുകളും ഇടപെടലുകളും തീരുമാനങ്ങളും സംഘാടനങ്ങളും ആയി കഥ തന്നെ പുതിയ ഒരു പ്രക്രിയയായി പരിണമിക്കുന്നു. സിനിമക്കുള്ളിലുള്ള ഈ അന്വേഷണ പ്രക്രിയയിലൂടെ, സിനിമയെ പ്രത്യേകിച്ചും തെന്നിന്ത്യന്‍/മലയാള സിനിമയെ നേടിയവര്‍, അപ്രത്യക്ഷരായവര്‍, തോറ്റു കൊടുത്തവര്‍, വഴങ്ങിക്കൊടുത്തവര്‍, പടര്‍ന്നു പന്തലിച്ചവര്‍, ചീഞ്ഞളിഞ്ഞവര്‍ എന്നിങ്ങനെയുള്ള പലരായി ആഖ്യാനം ചെയ്യുകയാണ് ചലച്ചിത്രകാരന്‍. സിനിമയുടെ ചരിത്രത്തെ മനുഷ്യാത്മകമായി ആഖ്യാനം ചെയ്യുന്നതിലൂടെ തിരക്കഥ സിനിമയുടെ തന്നെ ആത്മകഥയും ആത്മവിചാരണയുമായി മാറിത്തീരുന്നു.

പുരുഷതാരങ്ങള്‍ ദശകങ്ങള്‍ ഇളക്കം തട്ടാതെ നീണ്ടു നില്‍ക്കുന്ന വിജയസോപാനങ്ങളില്‍ വിരാജിക്കുമ്പോള്‍ നടികള്‍, അവര്‍ താരപദവി ലഭിച്ചവരാകട്ടെ അല്ലാത്തവരാകട്ടെ പൊടുന്നനെ അപ്രത്യക്ഷരാകുകയും പിന്നീട് ആരും അവരെക്കുറിച്ച് അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന തരത്തില്‍ നിരുത്തരവാദിത്തപരമായ ഒരു ആഹ്ലാദവ്യവസ്ഥയായി നമ്മുടെ സിനിമ മാറിയതെങ്ങനെയെന്നതാണ് തന്റെ ഉത്ക്കണ്ഠ എന്ന് സംവിധായകന്‍ പറയുന്നുണ്ട്. പൊതുസമൂഹം രൂപീകരിച്ചെടുക്കുന്ന സദാചാരധാരണകളുടെ പ്രകടവൈരുദ്ധ്യങ്ങള്‍ പ്രത്യക്ഷമാകുന്ന ഒരു കളിസ്ഥലമാണ് നടിയുടെ(നടിമാരുടെ) ശരീരം(ശരീരങ്ങള്‍). എങ്ങനെയാണ് ഒരു നടി ഉണ്ടായിത്തീരുന്നത്? അഭിനയിക്കാനുള്ള ആത്മപ്രേരണകളും ആഗ്രഹങ്ങളും അഭിവാഞ്ഛകളുമായി നടന്മാരും സര്‍ഗാത്മകപ്രക്രിയയുടെ ചോദനകളുമായി സംവിധായകരും ലാഭത്തിനോ നല്ല സിനിമയുടെ നിര്‍മാണ പൂര്‍ത്തീകരണത്തിനോ മറ്റെന്തെങ്കിലും കാരണത്തിനോ വേണ്ടി നിര്‍മാതാക്കളും സാങ്കേതികത്തികവിനായി മറ്റ് പ്രവര്‍ത്തകരും ജോലിക്കായി അനേകരും പ്രവര്‍ത്തിക്കുന്ന സിനിമ എന്ന മണ്ഡലത്തില്‍ നടി എത്തിച്ചേരുന്നത് ഇതൊന്നുമല്ലാത്ത കാരണങ്ങളാലാണ്. അഥവാ നടി(മാര്‍) സൃഷ്ടിക്കപ്പെടുന്നതു തന്നെ അവളുടെ സ്വയം നിശ്ചിതമായ കാരണങ്ങളാലോ തീരുമാനങ്ങളാലോ അല്ല. അവളെ പിന്നീട് ആവിഷ്‌ക്കരിക്കുന്നതും നിര്‍ണയിക്കുന്നതുമാകട്ടെ അതിലും വിഭിന്നമായ മറ്റു പ്രക്രിയകളാലും.

ഗുരുദത്തിന്റെ ക്ലാസിക്ക് സിനിമയായ കാഗസ് കേ ഫൂലി(1959-കടലാസു പൂവുകള്‍)ല്‍ നായികാ കഥാപാത്രമായ ശാന്തി (വഹീദാ റഹ്മാന്‍) സിനിമയിലേക്ക് കടന്നു വരുന്നതു പോലുള്ള ഒരു അവിശ്വസനീയമായ സന്ദര്‍ഭം എല്ലാ നടിമാരും അനുഭവിച്ചിട്ടുണ്ടാവും. ദില്ലിയിലെ മഴയത്ത് തനിക്ക് തന്ന ഓവര്‍കോട്ട് തിരിച്ചുകൊടുക്കുന്നതിനു വേണ്ടിയാണ് ശാന്തി, സംവിധായകനായ സുരേഷ് സിഹ്ന(ഗുരുദത്ത് )യെ കാണാന്‍ ബോംബെയിലെ സ്റ്റുഡിയോ ഫ്ലോറിലെത്തുന്നത്. അനുവാദമില്ലാതെ അകത്തു കടന്ന അവള്‍ ഫീല്‍ഡി(ക്യാമറയില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന പ്രദേശം)ലേക്കാണ് നേരെ എത്തുന്നത്. ആകെ ചകിതയായ അവളുടെ മുഖഭാവങ്ങളും ശരീര ചലനങ്ങളും ക്യാമറ 'ഒപ്പി'യെടുക്കുന്നു. പിന്നീട് ഫൂട്ടേജുകള്‍ പരിശോധിക്കുമ്പോഴാണ് തന്റെ സിനിമയിലെ (ദേവദാസ്) മുഖ്യവേഷത്തിനു യോജിച്ച നടിയാണിവളെന്ന് സുരേഷ് തീരുമാനിക്കുന്നത്. അതിനു ശേഷം അയാളുടെയും അവളുടെയും ജീവിതങ്ങള്‍ മാറി മറിയുകയാണ്.

തിരക്കഥയിലും സ്വന്തം ഇച്‌ഛക്കനുസരിച്ച് നടിയായി മാറുന്ന നായികയല്ല ഉള്ളത്. കുടിയനായ അച്‌ഛന്‍ വരുത്തിവെച്ച കടങ്ങള്‍ വീണ്ടെടുത്ത് അമ്മയും മകളുമടങ്ങുന്ന കുടുംബത്തെ കരകയറ്റാനും സാമ്പത്തിക സുസ്ഥിരത പ്രാപിക്കാനുമാണ് മുന്‍കാല നടി കൂടിയായിരുന്ന സരോജ (മാലതി സുകുമാരന്‍) മകളായ മാളവിക (പ്രിയാമണി)യെ നിര്‍ബന്ധിച്ച് സിനിമയില്‍ അഭിനയിപ്പിക്കുന്നത്. ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിട്ടുള്ള അവള്‍ക്ക് തുണി പൊക്കിയും താഴ്ത്തിയുമുള്ള ആഭാസനൃത്തത്തിന് പ്രേരിപ്പിക്കപ്പെടുന്ന ഈ അവസ്ഥയോട് ആദ്യ ഘട്ടത്തില്‍ ഒരു തരത്തിലും പൊരുത്തപ്പെടാനാവുന്നില്ല.

സ്ത്രീശരീരത്തെ സിനിമ എല്ലായ്‌പോഴും പരിഗണിച്ചതെങ്ങനെ എന്നു തന്നെയാണ് അത്ര അപരിചിതമല്ലാത്ത ഇത്തരമൊരു സന്ദര്‍ഭത്തിലൂടെ ഉയര്‍ത്തപ്പെടുന്ന ചോദ്യം. മാളവിക ആദ്യമായി അഭിനയിച്ച കഴിഞ്ഞ മഞ്ഞുകാലത്ത് എന്ന സിനിമയുടെ ചിത്രീകരണരംഗങ്ങള്‍ ശ്രദ്ധിക്കുക. വ്യൂഫൈന്ററിലൂടെ ഛായാഗ്രാഹകനും സംവിധായകനും സഹസംവിധായകന്മാരും നായകനും പ്രതിനായകനും നടിയുടെ ശരീരത്തെ കാണുന്നതെങ്ങനെ? പിന്നീട് സിനിമാശാലയുടെ ഇരുട്ടിലേക്ക് ആകര്‍ഷിക്കപ്പെടുന്ന പുരുഷ നോട്ടത്തിനു വേണ്ടി ആ ശരീരത്തെ ഒരു കാമോത്തേജനലക്ഷ്യമായി അവര്‍ 'ഒപ്പിയെടുക്കുന്ന'തും പൊലിപ്പിക്കുന്നതുമെങ്ങനെ? ക്യാമറ എന്ന യന്ത്രോപകരണവും സങ്കേതവും ഇപ്രകാരം സമൂഹം എന്ന സ്ഥലവ്യാപ്തിക്കുള്ളില്‍ പുരുഷ ലൈംഗികാഗ്രഹം പരോക്ഷമായി സംതൃപ്തിയടയുന്നതിനുള്ള ഒരുപാധിയായി മാറ്റപ്പെടുകയാണ് ചെയ്യുന്നത്. നടിക്ക് എങ്ങിനെയാണ് പ്രതിരോധിക്കാനാവുക? തനിക്ക് പഠിച്ച് ഒരു ജോലി നേടിയാല്‍ മതി എന്ന അതിസാധാരണമായ ആഗ്രഹം പ്രകടിപ്പിക്കുന്ന മാളവികയുടേതു പോലെ അത്തരം പ്രതിരോധവും പ്രതിരോധത്തിനുവേണ്ടിയുള്ള ആലോചന പോലും എപ്പോഴും വിഫലമാവുന്നു. തന്റെ ശരീരത്തിന്റെ നിര്‍ണയനങ്ങള്‍ക്കും ആവിഷ്‌ക്കരണങ്ങള്‍ക്കും മേല്‍ ഒരു നിയന്ത്രണാധികാരവുമില്ലാത്ത ഒരു ജൈവവ്യവസ്ഥയായി സ്ത്രീ ശരീരം കൈമാറ്റം ചെയ്യപ്പെടുന്നു.

തന്റെയും കുടുംബത്തിന്റെയും താല്‍ക്കാലികവും പില്‍ക്കാലത്തേക്കുള്ളതുമായ സാമ്പത്തിക സുസ്ഥിരതക്കു വേണ്ടിയുള്ള ഒരു ആകരസാമഗ്രിയായിട്ടാണ് സരോജ മകളെ പരിഗണിക്കുന്നത്. കൌമാരപ്രായക്കാരായ സിനിമാനടികളെ കറവമൃഗങ്ങളായിട്ടാണ് മാതാപിതാക്കളടക്കമുള്ള കുടുംബം കണക്കു കൂട്ടുന്നതെന്നതിനാല്‍ നടിയും കുടുംബവും തമ്മില്‍; സാമ്പത്തികകാര്യങ്ങള്‍, സ്വത്തധികാരം, സുരക്ഷ, അഭിനയത്തിനു വേണ്ടിയുള്ള കരാറുകള്‍, വിവാഹം തുടങ്ങി പല കാര്യങ്ങളിലും സംഘര്‍ഷങ്ങള്‍ രൂപപ്പെടാറുണ്ട്. വിവാഹത്തിനു മുമ്പും പിമ്പുമുള്ള കാലഘട്ടങ്ങളില്‍ അജയ് ചന്ദ്രനും (അനൂപ് മേനോന്‍) അവളെ അവധി വ്യാപാരത്തിന്റെ ഘടകമായ ഒരു ചരക്കെന്ന വണ്ണം തന്നെയാണ് 'കരുതി'വെക്കുന്നത്. അവളുടെ എക്സ്ചേഞ്ച് മൂല്യത്തിലാണയാള്‍ ചൂതു കളിക്കാനിറങ്ങുന്നത്. അവള്‍ ജ്വലിച്ചു നില്‍ക്കുന്ന താരവും അവന്‍ പരാജയങ്ങള്‍ മാത്രം കൂട്ടിവെക്കുന്ന പതറുന്ന നടനുമായി നില്‍ക്കുമ്പോഴാണ് ആദ്യത്തെ അകല്‍ച്ചക്കു ശേഷം അവര്‍ കണ്ടു മുട്ടുന്നത്. മോഹനകൃഷ്ണന്‍ (മണിയന്‍ പിള്ള രാജു) എന്ന വിഡ്ഢിയായ സംവിധായകനും എബി കുരുവിള (സംവിധായകന്‍ രഞ്ജിത് തന്നെ അഭിനയിക്കുന്നു) എന്ന അസിസ്റന്റും ചേര്‍ന്ന് ചിത്രീകരിക്കുന്ന സിനിമയുടെ സെറ്റിലായിരുന്നു അത്. എബി ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയില്‍ തന്റെ നായകസ്ഥാനം ഉറപ്പിക്കാന്‍ അവളുടെ താരപദവിയെ ഉപയോഗിക്കാനായിരുന്നു അജയിന്റെ നീക്കം. പിന്നീട് വിവാഹശേഷം അവള്‍ ഗര്‍ഭിണിയാകുമ്പോള്‍ തന്റെ കരിയര്‍ ഇനിയും സുസ്ഥിരമായിട്ടില്ലെന്നും അതു വരെ അവളുടെ താരപ്പൊലിമ ഉപയോഗിച്ച് തനിക്ക് വളരേണ്ടതുള്ളതുകൊണ്ട് ആ ഗര്‍ഭം അലസിപ്പിക്കാമെന്നുമാണ് അവന്‍ നിര്‍ദ്ദേശിക്കുന്നത്. അതിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയയില്‍ അവളുടെ ഫലോപ്പിയന്‍ ട്യൂബ് അവളുടെ അറിവോടെയല്ലാതെ നീക്കം ചെയ്തതറിഞ്ഞാണ് അവള്‍ അയാളെ ഉപേക്ഷിക്കുന്നത്. ഈ ഉപേക്ഷക്കു ശേഷവും കുറെക്കാലം കൂടി അവള്‍ സിനിമയിലുണ്ടായിരുന്നെങ്കിലും ആദ്യകാലത്തുണ്ടായിരുന്ന താരപ്പൊലിമ നഷ്ടമാകുകയും പിന്നീട് അവളെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയാതാകുകയുമാണ്. വിവാഹസമയത്ത് അജയ് മാര്‍ക്കറ്റുള്ള താരമായിരുന്നെങ്കില്‍ അവളെ അഭിനയിക്കാന്‍ വിടാത്ത ഒരു വീട്ടമ്മയാക്കി ചുരുക്കിക്കെട്ടുമായിരുന്നു എന്ന വസ്തുത സിനിമയില്‍ ആഖ്യാനം ചെയ്യുന്നില്ലെങ്കിലും മലയാള സിനിമയുടെ സമീപകാല ചരിത്രം അറിയുന്ന ആര്‍ക്കും ആരോപിച്ചെടുക്കാവുന്നതേ ഉള്ളൂ.

ജയറാം/പാര്‍വതി, ദിലീപ് /മഞ്ജു വാര്യര്‍, ബിജു മേനോന്‍/സംയുക്താ വര്‍മ്മ, രഘുവരന്‍/രോഹിണി, മനോജ് കെ ജയന്‍/ഉര്‍വശി, ഷാജി കൈലാസ് /ആനി, സുരേഷ്കുമാര്‍/മേനക എന്നിങ്ങനെ അടുത്ത കാലത്ത് നടന്ന മിക്കവാറുമെല്ലാ താരവിവാഹങ്ങള്‍ക്കു ശേഷവും നടിമാര്‍ അഭിനയം നിര്‍ത്തുകയാണ് പതിവ്. അഥവാ നടിമാര്‍ അഭിനയം തുടര്‍ന്നിട്ടുണ്ടെങ്കില്‍ ആ വിവാഹബന്ധം പിന്നീട് തകര്‍ന്നതായും കാണാം. അതല്ലെങ്കില്‍ വിവാഹബന്ധം തകര്‍ന്നതിനു ശേഷം നടി അഭിനയം പുനരാരംഭിക്കുന്നതായും അനുഭവമുണ്ട്. ആള്‍ക്കൂട്ടത്തിലായിരിക്കെ തന്നെ ഇരുട്ടിന്റെ സ്വകാര്യതയിലിരുന്ന് കാണിയുടെ പുരുഷനോട്ട(മെയില്‍ ഗേസ്)ത്തിന് വിധേയയാകുന്ന സ്ത്രീശരീരം പൊതുസ്ഥലത്തെ ഭോഗത്തിന് പാത്രീഭൂതമാകുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്. അപ്രകാരം പൊതുവല്‍ക്കരിക്കപ്പെട്ട സ്ത്രീ ശരീരത്തെ തന്റേതു മാത്രമാക്കി സ്വകാര്യവല്‍ക്കരിക്കുവാനാണ് സിനിമക്കകത്തു തന്നെയുള്ള നടനും സംവിധായകനും നിര്‍മാതാവും മറ്റും നടിമാരെ വിവാഹം കഴിക്കുമ്പോള്‍ ലാക്കാക്കുന്നത്. അങ്ങിനെ സ്വകാര്യസ്വത്താക്കി സൂക്ഷിച്ചില്ലെങ്കില്‍ അവരുടെ ശരീരം തുടര്‍ന്നും പൊതുഭോഗം ചെയ്യപ്പെടുമെന്ന് സിനിമയില്‍ അപ്പോഴും വിരാജിച്ചുകൊണ്ടിരിക്കുന്ന താരരാജാക്കന്മാര്‍ തിരിച്ചറിയുന്നു. സിനിമക്കകത്തുതന്നെ ഉള്ളവരെ വിവാഹം കഴിക്കാത്ത മറ്റു നടിമാരാകട്ടെ എല്ലായ്പോഴും വിദേശത്തുള്ള ഭര്‍ത്താക്കന്മാരെ തേടിപ്പോകുന്നതു കാണാം. തങ്ങളെ പൊതുവായ ഭോഗത്തിനു വിധേയമാക്കിയ ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടമായി ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. വനിതാ/ചലച്ചിത്ര മാസികകളില്‍ മുഖചിത്രമായും കവര്‍ സ്റ്റോറിയായും താരകുടുംബങ്ങളും അവരുടടെ വിശേഷങ്ങളും ആവര്‍ത്തിക്കുന്നത് മുമ്പ് സിനിമയിലൂടെ നടന്ന സാമൂഹികഭോഗത്തിന്റെ ഇക്കിളി സ്മരണകള്‍ വായനക്കാരന് സമ്മാനിച്ചുകൊണ്ടു രൂപീകരിക്കപ്പെടുന്ന ജനപ്രിയതയില്‍ കണ്ണു നട്ടിട്ടുള്ളതാണ്.

സിനിമയുടെ ആഖ്യാനത്തിനകത്ത്, പുരുഷനോട്ടത്തിനും പുരുഷ/നായകന്റെ അപ്രമാദിത്തം സാധൂകരിക്കാനായി ഇകഴ്ത്തപ്പെടലിനും നടിയുടെ ശരീരവും മനസ്സും വിധേയമാകുന്നു. സിനിമ എന്ന പ്രക്രിയയിലാകട്ടെ, പ്രത്യക്ഷപ്പെടുമ്പോഴും അപ്രത്യക്ഷമാകുമ്പോഴും അവളുടെ ശരീരം ഭോഗത്തിനും പുരുഷന്റെ ആഹ്ലാദരഥയാത്രക്കും കീഴ്പ്പെടുകയും ചെയ്യുന്നു. നിര്‍മാതാവായ സാമുവല്‍ രണ്ടു ലാര്‍ജിന്റെ ബലത്തിലോ ദൌര്‍ബല്യത്തിലോ മാളവികയെ കിടക്ക പങ്കിടാന്‍ പ്രേരിപ്പിക്കുന്നത് നോക്കുക. അവള്‍ സ്‌ഥൈര്യത്തോടെ അവനെ തിരസ്കരിക്കുന്നുണ്ടെങ്കിലും അവളുടെ കാമുകനും ഭര്‍ത്താവുമായിരുന്ന അജയ് അടക്കം എല്ലാവരുടെയും ധാരണകളില്‍ അവള്‍ സാമുവലിനോടൊപ്പം ശയിച്ചു എന്നാണ് സ്ഥാപിക്കപ്പെടുന്നത്. സിനിമയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഗോസിപ്പുകള്‍ നടിമാരെ നിശ്ശബ്ദരാക്കുന്നതിന് എപ്രകാരമാണ് ഉപയോഗിക്കപ്പെടുന്നത് എന്നതിനുള്ള മികച്ച ഉദാഹരണമാണിത്.

എന്നാല്‍, സിനിമാനിര്‍മാണ പ്രക്രിയ വ്യഭിചാരത്തിന്റെ ഒരു അനൌദ്യോഗിക ലൈസന്‍സാണെന്ന പൊതുധാരണയെ തിരക്കഥ ഉറപ്പിക്കുന്നുമുണ്ട്. അതുകൊണ്ടാണ് മാളവിക വിസമ്മതിച്ച് മുറി വിട്ടു പോകുമ്പോള്‍, മുവാറ്റുപുഴ ശാന്ത ഉറങ്ങിയിട്ടുണ്ടാവുമോ എന്ന് സാമുവല്‍ ആരായുന്നതായുള്ള തമാശ കടന്നു വരുന്നത്. പാല്‍പ്പായസമില്ലെങ്കില്‍ പാഷാണമായാലും മതി അല്ലേ, എന്നാണ് ഈ ആഗ്രഹത്തെ ആ സിനിമയുടെ സംവിധായകന്‍ പരിഹസിക്കുന്നത്. മുഖ്യ താരത്തെയും എക്‍സ്‌ട്രാ നടിയെയും എപ്രകാരമാണ് സിനിമയിലെ പുരുഷാധികാരം വ്യാഖ്യാനിക്കുന്നതെന്നതിന്റെ ഉദാഹരണവുമാണിത്. കുശാലായ ഭക്ഷണവും വേണ്ടത്ര സ്ത്രീഭോഗവും മാത്രം നടത്തി കാലം കഴിച്ചിരുന്ന സവര്‍ണത്തമ്പുരാക്കന്മാരുടെ മൂരിശൃംഗാര കാലഘട്ടത്തെ പരിവര്‍ത്തനങ്ങള്‍ക്കു ശേഷവും പുരുഷ സമൂഹം ആന്തരീകരിച്ചിട്ടുണ്ട് എന്നതു കൊണ്ടാണ് ആധുനിക ജീവിത/സംസ്കാര വ്യവസ്ഥയായ സിനിമക്കുള്ളിലും പുറത്തുമായി ഇത്തരം 'തമാശകള്‍' ഉത്പാദിപ്പിക്കപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതും.

സഹതാപം ജനിപ്പിച്ചും പ്രണയം അഭിനയിച്ചും നടികളെ ചാക്കിലാക്കാന്‍ നോക്കുന്ന നായകന്മാരാണ് എല്ലാ ഭാഷയിലുമുള്ളതെന്ന് മാളവിക എബിയോട് പറയുന്നതും ഇതേ അനുഭവത്തിന്റെ പ്രത്യക്ഷീകരണമാണ്. അവിവാഹിതരാണെങ്കില്‍ പ്രണയം ഭാവിച്ചും വിവാഹിതരാണെങ്കില്‍ ഭാര്യയുടെ സ്നേഹക്കുറവ് വിവരിച്ചും തങ്ങളെ പാട്ടിലാക്കാന്‍ മിനക്കെടുന്ന ഹീറോമാരാണ് എവിടെയും എന്നാണവള്‍ സ്‌റ്റാര്‍ഡം എങ്ങിനെയുണ്ട് എന്ന എബിയുടെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് വിവരിക്കുന്നത്. ജ്വലിച്ചു നില്‍ക്കുന്ന ഒരു സ്ത്രീ താരത്തിന്റെ സാമൂഹിക പദവിയെ ഹീനമായ തലത്തിലേക്കെത്തിക്കുന്നതില്‍ ക്യാമറയിലൂടെയെന്നതു പോലെ സൌഹാര്‍ദങ്ങളിലൂടെയും പുരുഷാധികാരം പ്രവര്‍ത്തിക്കുകയാണെന്നു ചുരുക്കം. സിനിമ ജയിക്കുന്നവന്റെ കളിസ്ഥലമാണെപ്പോഴും എന്ന് എബി അജയിനോട് പറയുന്നുണ്ട്. പുരുഷനാണല്ലോ സിനിമയില്‍ എപ്പോഴും ജയിക്കുക. അപ്പോള്‍, സിനിമ പുരുഷന്റെ കളിസ്ഥലമാണെന്നു ചുരുക്കം. നടന്‍, താരം, സംവിധായകന്‍, അസിസ്‌റ്റന്റുമാര്‍, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, കാണി എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലെ പുരുഷന്മാര്‍ വിജയം തുടരുന്ന ഒരു വിശാലമായ കളിസ്ഥലമാണ് സിനിമ. അവന്റെ (അവന്മാരുടെ) ഭോഗാസക്തിയും കാമനയും അധികാരോന്മാദവും പൂര്‍ത്തീകരിക്കുന്നതിനുള്ള ഒരു കളിപ്പന്തും കളിസ്ഥലവുമായി നടിയുടെ ശരീരം പരിണമിക്കുന്നതാണ് സിനിമയുടെ നിര്‍മാണ/ആസ്വാദന പ്രക്രിയ എന്ന ചരിത്ര സത്യത്തെയാണ് തിരക്കഥ വെളിപ്പെടുത്തുന്നത്.

മാളവിക പിരിഞ്ഞുപോയതിനു ശേഷം തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന സ്ത്രീകളൊക്കെയും സ്ത്രീ ശരീരങ്ങള്‍ മാത്രമായിരുന്നു എന്ന് അജയ് ചന്ദ്രന്‍ പരിതപിക്കുന്നുണ്ട്. തന്റെ ജീവിത പരാജയമായി വ്യാഖ്യാനിക്കുന്ന ഈ കാര്യത്തില്‍ പക്ഷെ അടിപ്പെട്ടുപോയ അനവധി ശരീരങ്ങള്‍ക്കുള്ളിലെ ആത്മാവുകളെക്കുറിച്ചും അവരുടെ വ്യക്തിത്വങ്ങളെക്കുറിച്ചും അയാള്‍ക്ക് ഒരു വേവലാതിയുമില്ല. സില്‍ക്ക് സ്‌മിതമാരും വിജയശ്രീമാരും റാണി ചന്ദ്രമാരും ആയി ആത്മഹത്യ ചെയ്തും ജീവഛവം പോലെ ജീവിതം തള്ളിനീക്കിയും അവര്‍ ചരിത്രത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നു. ശരീരവും പ്രതിഛായയും പുരുഷന് (നടന്‍, താരം, സംവിധായകന്‍, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, കാണി) പെരുമാറാനും അവരുടെ കാമനകളെ നിക്ഷേപിച്ച് സംതൃപ്തമാവാനും പിന്നീട് ഉപേക്ഷിക്കാനുമുള്ള ഒരു കളിസ്ഥലമായി സിനിമക്ക് വേണ്ടി വിട്ടുകൊടുത്ത അനേകം നടിമാരുടെ കണ്ണീരും ഹത്യയും തിരോധാനവുമാണ് സിനിമയുടെ ചരിത്രം എന്നാണ് തിരക്കഥ വെളിപ്പെടുത്തുന്നത്.

പുരുഷനോട്ടത്തിനും പുരുഷമേധത്തിനും വിധേയമാകുന്ന നടിയുടെ ശരീരം 'കരിങ്കണ്ണു' പതിച്ചതും പാപം പേറുന്നതുമായ ഒരു ജൈവവ്യവസ്ഥയായി സാമൂഹിക അന്ധവിശ്വാസങ്ങളില്‍ ഉറപ്പിക്കപ്പെടുന്നു. തങ്ങളുടെ കാമന ശമിപ്പിക്കാനുള്ള ഒരു പരസ്യ/രഹസ്യ നിക്ഷേപമായി പുരുഷാധികാരത്തിന്റെ കരുതലുകളിലുള്ള നടിയുടെ ശരീരം അതേ സമയം തന്നെ അശുദ്ധവും അശ്ലീലവുമായി നിര്‍ണയിക്കപ്പെടുകയും ചെയ്യുന്നു. നടിയുടെ ശരീരം എപ്രകാരമായിരിക്കും എന്നുത്ക്കണ്ഠപ്പെടുന്ന കേരളഭൂമി വാരികയിലെ ലേഖകന്റെയും അക്‍ബര്‍ അഹമ്മദിന്റെയും മൊബൈല്‍ ഫോണില്‍ അവരുടെ ദൈന്യത 'ഒപ്പി'യെടുക്കുന്ന ഡോക്‍ടറുടെയും ഉള്ളില്‍ ഈ ദ്വൈതാവസ്ഥ പ്രവര്‍ത്തനക്ഷമമാകുന്നതു കാണാം.

ചരിത്രത്തില്‍ നിന്ന് നടിയുടെ ഈ പരാജയങ്ങളും തിരോധാനങ്ങളും പുറത്തുകൊണ്ടുവരുന്ന അക്കി എന്ന പുതുമുറക്കാരനിലൂടെയും പുരുഷാധികാരം ഒരേ പോലെ തുടരുന്നു എന്നു തെളിയിക്കുന്നതിനു വേണ്ടിയാണ്, അവന്‍ നടത്തുന്ന കഫറ്റേറിയയുടെ അടുക്കളയില്‍ കൈതച്ചക്ക മുറിക്കുന്നതിനിടെ സഹായിക്കാനെത്തുന്ന കാമുകി ദേവയാനി(സംവൃത സുനില്‍)യെ മുടിയഴിച്ചിട്ട് അടുക്കളയില്‍ കയറിയതിന്റെ പേരില്‍ അവന്‍ ശകാരിക്കുന്ന ദൃശ്യം ചേര്‍ത്തിരിക്കുന്നത്. സ്ത്രീയുടെ മുടി എന്നത് പുരുഷന് വേണ്ടപ്പോള്‍ ഓമനിക്കാനായി അവള്‍ പരിപാലിച്ച് നിലനിര്‍ത്തേണ്ട സ്‌ത്രൈണചിഹ്നം മാത്രമാണ്. അവളുടെ ലൈംഗികത പോലെ അത് എപ്പോഴും അവന്റെ അധികാരവരുതിക്കുള്ളിലായിരിക്കണം എന്നാണവന്റെ താല്‍പര്യം. സ്നേഹം എന്നത് അധികാരവാഴ്ചയുടെ പുറംമോടിയും വിളിപ്പേരും മാത്രമായി പരിണമിക്കുന്നതിന്റെ ഉദാഹരണവുമാണിത്.

പുരുഷാധികാരം മുഖ്യ വൈതാളിക രൂപമാര്‍ജ്ജിക്കുന്ന ചലച്ചിത്രവ്യവസായം മറ്റര്‍ത്ഥങ്ങളിലും പലപ്പോഴും ജനാധിപത്യ വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കുന്ന കുറെയധികം സന്ദര്‍ഭങ്ങള്‍ തിരക്കഥയെ കൂടുതല്‍ സത്യസന്ധമാക്കുന്നു. സൂപ്പര്‍താരങ്ങളുടെ അധികാരമേധങ്ങള്‍, വൃദ്ധനടന്റെ മേക്കപ്പില്‍ തോണ്ടിയും സിനിമ പരാജയമടഞ്ഞാലും സാരമില്ല, തന്റെ എഴുപത്തഞ്ചു ലക്ഷവും ഒരു കോടിയും ഓവര്‍സീസ് റൈറ്റും ലഭിച്ചാല്‍ മതി എന്ന മനോഭാവത്തിലൂടെയും മറ്റുള്ളവരെ കീഴ്പ്പെടുത്തുന്ന അനുഭവങ്ങളിലൂടെ വ്യാഖ്യാനിക്കപ്പെടുന്നു. നടിയുടെ മകളുടെ താഴെയാണ് മേക്കപ്പ് മാന്റെ മകന്‍ തുടങ്ങിയ പ്രത്യക്ഷ പരാമര്‍ശങ്ങള്‍ ചലച്ചിത്രനിര്‍മാണ പ്രക്രിയയില്‍ സുസ്ഥാപിതമായിട്ടുള്ള നവീനമായ ജാതിവ്യവസ്ഥയുടെ ഹീനമായ ഉദാഹരണങ്ങളാണ്. നടന്‍ കഥാപാത്രത്തെ ആന്തരീകരിക്കുന്നതിന്റെ ഭാഗമായി അയാള്‍ അമാനുഷനായി മാറി അഭിനയത്തിന്റെ പുറത്തും പെരുമാറുന്നതിനെ അക്‍ബര്‍ അഹമ്മദിലൂടെ സംവിധായകന്‍ വിമര്‍ശിക്കുന്ന സന്ദര്‍ഭവും ശ്രദ്ധേയമായിട്ടുണ്ട്. സാധാരണ ഇത്തരമൊരു മെറ്റമോര്‍ഫോസിസ് അഭിനേതാവിന്റെ മികവായിട്ടാണ് എണ്ണുന്നതെങ്കില്‍, ആവശ്യം കഴിഞ്ഞാല്‍ കഥാപാത്രത്തെയും അതിന്റെ സ്വഭാവസവിശേഷതകളെയും ഊരിക്കളയാനാവാത്തത് നടന്റെ പരിമിതിയായിട്ടാണ് ഇവിടെ ഗണിക്കപ്പെടുന്നത്. ചലച്ചിത്ര നിരൂപണ പ്രക്രിയയുടെ പരിമിതികള്‍ കൊണ്ട് നിര്‍വഹിക്കാനാവാതെ പോകുന്ന മാധ്യമ/സാമൂഹ്യ/ധാര്‍മിക വിമര്‍ശനം ചലച്ചിത്രത്തിലൂടെ നടത്തുന്നതിനാല്‍ തിരക്കഥ ചലച്ചിത്രനിരൂപണത്തെക്കുറിച്ചുള്ള ഒരു വിമര്‍ശനം കൂടിയായി പരിണമിക്കുന്നുണ്ട്.

*****

Monday, September 29, 2008

മര്‍ദനാധികാരത്തിന്റെ ഇരകള്‍

നിയമത്തെ അനുസരിക്കുന്നത്, വ്യവസ്ഥാപിതം എന്നൊക്കെ വ്യാഖ്യാനിക്കപ്പെടുന്ന ഭരണകൂടാധികാരത്തിന്റെ വേട്ടയാടലുകളില്‍ എരിഞ്ഞും ചതഞ്ഞും ചീഞ്ഞും മറഞ്ഞും തീരുന്ന മനുഷ്യരുടെ ദുരന്തം എന്ന നൈരന്തര്യമാണ്, നടനും കഥാകൃത്തുമായ മധുപാല്‍ ആദ്യമായി സംവിധാനം ചെയ്ത തലപ്പാവ് എന്ന ചലച്ചിത്രത്തിന്റെ പ്രമേയം. വ്യക്തിയും അധികാരവും തമ്മില്‍, വിപ്ലവാവേശവും അടിച്ചമര്‍ത്തലും തമ്മില്‍, പുഛവും അനുകമ്പയും തമ്മില്‍, വിധേയത്വവും സഹാനുഭൂതിയും തമ്മില്‍, പ്രതികരണവും നുണയുടെ സാമൂഹികനിര്‍മിതിയും തമ്മില്‍ എന്നിങ്ങനെ ഇത്തരമൊരു ഇതിവൃത്തത്തിലൂടെ സംഘര്‍ഷഭരിതമാകുന്ന ദ്വൈതാവസ്ഥ(ഡൈക്കൊട്ടമി)കളുടെ മുഴക്കം അനുവാചകന്റെ ചരിത്രബോധത്തെ നൂല്‍പ്പാലത്തിലൂടെയെന്നോണം വലിച്ചിഴക്കുക തന്നെ ചെയ്യും.

കേരളത്തെ ഒരു കാലത്ത് പിടിച്ചു കുലുക്കിയ നക്സലൈറ്റ് മുന്നേറ്റത്തെ പിന്നീട് ചരിത്രം/ചരിത്രനാട്യം പല തരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഭൂവുടമകളുടെയും ഭരണകൂടത്തിന്റെയും ചൂഷണങ്ങളും അക്രമങ്ങളും ന്യായീകരിച്ചെടുക്കുന്നതിനു വേണ്ടിയുള്ള സാംസ്കാരിക-മാധ്യമ പരിസരം രൂപീകരിക്കുന്ന കുത്തക പത്രങ്ങളും വലതുപക്ഷവും, നക്സലൈറ്റുകള്‍ ഇനി തങ്ങളുടെ നേര്‍ക്ക് കുന്തമുനയുമായി കടന്നു വരില്ല എന്നുറപ്പു വരുത്തിയതിനു ശേഷം അവരെ വാഴ്ത്തുന്ന രീതികളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും അശ്ലീലം. ചെറുപ്പക്കാരിയായിരുന്ന അജിതയെ അര്‍ധനഗ്നയാക്കി പോലീസ് ലോക്കപ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് ഇന്‍സ്റ്റന്റ് ഫോട്ടോയിലൂടെ പ്രചരിപ്പിക്കുകയും അവരെ ചോര കുടിക്കുന്ന യക്ഷിയായി അവതരിപ്പിക്കുകയും ചെയ്ത വലതുപക്ഷം കാലത്തിന്റെ അകലം എന്ന സുരക്ഷിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ അവരെ വീരനായികയാക്കി കൊണ്ടാടുന്നതും സാധാരണമായിരിക്കുന്നു. 1970ല്‍ വയനാട്ടില്‍ വെച്ച് പോലീസ് നിഷ്ഠൂരമായി കണ്ണു ചൂഴ്ന്നെടുത്ത് വെടി വെച്ച് കൊലപ്പെടുത്തിയ സഖാവ് വര്‍ഗീസിനെയും വലതുപക്ഷ ചരിത്രാഖ്യാനം ഇപ്രകാരം തെറ്റായി പ്രതിനിധാനപ്പെടുത്താറുണ്ട്.

നിക്ഷ്പക്ഷതയുടെ മുഖാവരണമണിഞ്ഞുകൊണ്ടുള്ള ഈ ഒളിച്ചുകളിയുടെ സൌകര്യങ്ങളെയല്ല തലപ്പാവ് അടിസ്ഥാനമാക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. (അറുപതുകളുടെ ഒടുവിലും എഴുപതുകളിലും മുതലാളിത്ത മാധ്യമങ്ങള്‍ നക്സലൈറ്റ് മുന്നേറ്റത്തെ എത്രമാത്രം ബീഭത്സമായിട്ടാവും അവതരിപ്പിച്ചിട്ടുണ്ടാവുക എന്നറിയാന്‍ അക്കാലത്തെ പത്രങ്ങള്‍ ലൈബ്രറിയില്‍ പോയി തിരയേണ്ട ആവശ്യമൊന്നുമില്ല. യുദ്ധം നടക്കുമ്പോഴത്തെ ടെലിവിഷന്‍/പത്ര വാര്‍ത്തകളും മേജര്‍ രവിയെപ്പോലുള്ള 'ദേശസ്നേഹി'കളുടെ സിനിമകളും ഇന്ത്യയിലെ ഭീകരവാദത്തെക്കുറിച്ച് ദ ഹിന്ദുവില്‍ പര്‍വീണ്‍ സ്വാമിയെപ്പോലുള്ളവര്‍ എഴുതുന്ന വിവരണങ്ങളും വായിച്ചാല്‍ മതി. ഈ ഏറ്റുമുട്ടല്‍ വിദഗ്ദ്ധരുടെ ആധിക്യമുണ്ടായിട്ടും എങ്ങിനെ 'ഭീകരര്‍' തുടര്‍ന്നും തങ്ങളുടെ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്ന പ്രഹേളിക തന്നെയാണ് ഒരു പക്ഷെ ഏറ്റവും 'ഭീകര'മായ തമാശ. മാസങ്ങള്‍ നീണ്ടു നിന്നതും പ്രയാസകരവുമായ അന്വേഷണത്തിലൂടെ തെഹല്‍ക ലേഖകന്‍ അജിത് സാഹി കണ്ടെത്തിയ കാര്യങ്ങള്‍ മാസികയുടെ ആഗസ്ത് 16ന്റെ ലക്കത്തില്‍ വിശദമായി കൊടുത്തിട്ടുണ്ട്. 16 കോടി വരുന്ന ഇന്ത്യയിലെ മുസ്ലിങ്ങളെ സംശയത്തിന്റെയും വെറുപ്പിന്റെയും വംശഹത്യയുടെയും നിഴലിലും വരുതിയിലും നിര്‍ത്തുന്നതിനുതകുന്ന തരത്തിലുള്ള വേട്ടയാടലുകളാണ് ഇന്റലിജന്‍സുകാരും സംസ്ഥാന/ദേശീയ പോലീസും പട്ടാളവും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം വിശദീകരിക്കുന്നു.)

പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കര്‍ഷകസമരങ്ങളുടെയും ഭൂപരിഷ്ക്കരണത്തിന്റയും പരിണതഫലമായി കാര്‍ഷിക ജന്മിത്വവും ഭൂവുടമസ്ഥതാകുത്തകയും ഒരു പരിധി വരെ അവസാനിച്ച കാലത്താണ് ഇടതുതീവ്രവാദക്കാരായ നക്സലൈറ്റുകള്‍ കേരളത്തിലെ അവരുടെ പ്രവര്‍ത്തനം സജീവമാക്കിയത്. ചൈനീസ് വിപ്ലവത്തിന്റെയും പടിഞ്ഞാറന്‍ ബംഗാളിലെ നക്സല്‍ബാരിയില്‍ നടന്ന സായുധ മുന്നേറ്റത്തിന്റെയും ആവേശവും മാവോയുടെ ചിന്തകളുമായിരുന്നു അവരുടെ പ്രചോദനം. എന്നാല്‍ കേരളത്തിലെ ചൂഷിത ജനതയുടെ പ്രശ്നങ്ങള്‍ കാലത്തിനു യോജിച്ച തരത്തിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ സാധ്യതകള്‍ അടിസ്ഥാനമാക്കിക്കൊണ്ടും പരിഹരിക്കുന്നതിനുള്ള പ്രായോഗികമായ സമരമാര്‍ഗങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനു പകരം സാഹസികമായ എടുത്തുചാട്ടങ്ങളായിരുന്നു അവരുടേതെന്നതിനാല്‍ ഏറെക്കാലം പിടിച്ചുനില്‍ക്കാനുള്ള ആത്മബലവും ജനപിന്തുണയും അവര്‍ക്ക് നേടിയെടുക്കാനായില്ല. എന്നാല്‍ വയനാട്ടിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. തദ്ദേശീയരായ ആദിവാസി ജനതയെയും കുടിയേറി വന്ന ദരിദ്രരായ തൊഴിലാളികളെയും കര്‍ഷകരെയും തൊഴിലിടങ്ങളിലും കിടപ്പറകളിലുമായി നിരന്തരമായി ചൂഷണം ചെയ്തുകൊണ്ടാണ് വയനാട്ടിലെ ജന്മിമാര്‍ തങ്ങളുടെ അധികാര-ആഹ്ലാദ വാഴ്ച തുടര്‍ന്നിരുന്നത്. പണവും സ്വാധീനവും ഉപയോഗിച്ച് പൊലീസിനെയും തങ്ങളുടെ പിണിയാളുകളാക്കാന്‍ അവര്‍ക്ക് നിഷ്പ്രയാസം സാധിച്ചിരുന്നു. പുതുതായി വിവാഹം ചെയ്തു കൊണ്ടുവരുന്ന യുവതികളെ കടന്നാക്രമിക്കുകയും നിസ്സഹായരായ അവരുടെ ഭര്‍ത്താക്കന്മാരെ കൊന്നു കെട്ടിത്തൂക്കുകയും മറ്റും ശീലമെന്നോണം അവര്‍ നടത്തിപ്പോന്നു. കേരളത്തിലെ മറ്റിടങ്ങളില്‍ ഒരു പരിധി വരെ മുന്നേറിയ കര്‍ഷക-തൊഴിലാളി ചെറുത്തുനില്‍പുകളും അവകാശ ബോധവും പല കാരണങ്ങളാല്‍ വയനാട്ടില്‍ വേണ്ടത്ര സജീവമാകാതിരുന്നതും ഈ പീഡനത്തെ രൂക്ഷമാക്കിത്തീര്‍ത്തു.

ഈ ചൂഷണത്തിനെതിരായ പ്രതിരോധത്തിനാണ് സഖാവ് വര്‍ഗീസ് അക്കാലത്ത് നേതൃത്വം നല്‍കിയത്. അതിലൂടെ അദ്ദേഹം വയനാട്ടിലെ ദരിദ്രരും സാധാരണക്കാരുമായ ജനങ്ങളുടെ ആശയും ആവേശവുമായിത്തീരുകയും അതോടൊപ്പം വലതുപക്ഷ ഭരണാധികാരത്തിന്റെ കണ്ണില്‍ കൊടും കുറ്റവാളിയായിത്തീരുകയും ചെയ്തു. ഒറ്റുകാരുടെ സഹായത്തോടെ പിടികൂടിയ സഖാവിനെ സംസ്ഥാന ഭരണത്തിലെയും പൊലീസിലെയും ഉന്നതരുടെ നേരിട്ടുള്ള അറിവോടെ ക്രൂരമായി മര്‍ദിക്കുകയും കണ്ണ് ചൂഴ്ന്നെടുക്കുകയും വെടിവെച്ചു കൊല്ലുകയുമാണുണ്ടായത്. ഈ കൊലയെ ഏറ്റുമുട്ടലില്‍ മരിച്ചു (എന്‍കൌണ്ടര്‍ ഡെത്ത്) എന്ന വിധത്തിലാണ് അക്കാലത്ത് പൊലീസ് ഭാഷ്യം പ്രകാരം പത്രങ്ങള്‍ റിപ്പോര്‍ട് ചെയ്തത്. രണ്ടു പതിറ്റാണ്ടിനു ശേഷം ആ കൊല തന്റെ കൈ കൊണ്ടാണ് നടത്തിയത് എന്ന് പത്രങ്ങളോടും ചാനലുകളോടും കോടതിയോടും കൂസലില്ലാതെ എന്നാല്‍ തികഞ്ഞ വേദനയോടെയും നിസ്സഹായതയോടെയും വിളിച്ചു പറഞ്ഞ രാമചന്ദ്രന്‍ നായരുടെ സത്യസന്ധതക്കു മുമ്പില്‍ കേരളത്തിന്റെ മനസ്സാക്ഷി മരവിച്ചുപോയതും രേഖപ്പെടുത്തപ്പെട്ട ചരിത്രയാഥാര്‍ത്ഥ്യം.

നക്സലൈറ്റ് പ്രസ്ഥാനചരിത്രത്തെ യാഥാര്‍ത്ഥ്യനിഷ്ഠമായി ചരിത്രവത്ക്കരിക്കാനുള്ള വളരെക്കുറച്ചു ശ്രമങ്ങള്‍ മാത്രമേ പില്‍ക്കാലത്ത് നടന്നിട്ടുള്ളൂ എന്നതാണ് ഏറ്റവും ഖേദകരമായ സംഗതി. ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സിനിമ, എം സുകുമാരന്റെ പിതൃതര്‍പ്പണം പോലുള്ള ഏതാനും നോവലുകളും കഥകളും, കെ ജി ശങ്കരപ്പിള്ളയുടെ ബംഗാള്‍ അടക്കമുള്ള അനവധി കവിതകള്‍, കെ വേണുവിന്റെ ലേഖനങ്ങളും പുസ്തകങ്ങളും എന്നിങ്ങനെ ശ്രദ്ധേയവും ആത്മാര്‍ത്ഥവും സത്യസന്ധവുമായ പരിശ്രമങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ സ്വീകരിച്ചിട്ടുള്ള വസ്തുനിഷ്ഠതയെ മൂടിനില്‍ക്കുന്ന വിധത്തില്‍ നാട്യങ്ങള്‍, സ്വയം വീരത്വം പ്രഖ്യാപിക്കല്‍, അമിത കാല്‍പനികവല്‍ക്കരണം, എന്നീ പ്രകടദൂഷ്യങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്ന നിരവധി വ്യാഖ്യാനങ്ങളുടെയും ആഖ്യാനങ്ങളുടെയും പ്രളയം തന്നെ കഴിഞ്ഞ കാലത്ത് സംഭവിച്ചിട്ടുണ്ട്.

പൈങ്കിളി സിനിമകളും, ഓണപ്പതിപ്പിലെ സൊറ പറച്ചിലുകളും, താന്‍ 'മൂവ്മെന്റി'ലുണ്ടായിരുന്നു എന്നു വരുത്താന്‍ ചിലര്‍ സ്വയം ജനനത്തീയതി പിറകിലേക്ക് പിടിച്ചുവലിക്കുന്നതും(സിനിമാനടികള്‍ ചെയ്യാറുള്ളതിന്റെ നേര്‍ വിപരീതം) വരെയുള്ള വിഡ്ഢിത്തങ്ങള്‍ മലയാളി സഹിക്കുകയുണ്ടായി. സക്കറിയ ഒരിക്കല്‍ പറഞ്ഞതുപോലെ മുന്‍ നക്സലൈറ്റാണെന്നു പറഞ്ഞില്ലെങ്കില്‍ എഴുത്തുകാരനും ബുദ്ധിജീവിയുമായി ആരും പരിഗണിക്കാത്ത ദുരവസ്ഥ പോലും കേരളത്തിലുണ്ട്. സഖാവ് വര്‍ഗീസിനെപ്പോലുള്ള യഥാര്‍ത്ഥ വിപ്ലവകാരികള്‍ മറവിയിലേക്കോ കേവല വീരാരാധനയിലേക്കോ മാഞ്ഞുപോകുകയും, പേരും ജനനത്തീയതിയും തിരുത്തുന്ന കപടരും ജാടക്കാരും മുഖ്യധാരയിലേക്ക് ഇടിച്ചുകയറുകയും ചെയ്യുകയാണ്. ഇതിന്റെ അനന്തരഫലമെന്നോണം ഇടതു തീവ്രവാദ നാട്യം വലതുപക്ഷ ആശയഗതിയുടെയും പലപ്പോഴും മൃദു / തീവ്ര ഹിന്ദുത്വ നിലപാടുകളുടെയും മുഖമറയാകുന്ന സ്ഥിതിവിശേഷവും സംജാതമായിട്ടുണ്ട്. വയനാട്ടിലൊഴിച്ചുള്ള നക്സലൈറ്റുകള്‍ ജനങ്ങളുടെ സമരങ്ങള്‍ക്കു പകരം ഭാഷയിലെ കലാപങ്ങള്‍ ഏറ്റെടുത്തു എന്നു പരിഹസിക്കപ്പെട്ടതും ഇതിന്റെ തുടര്‍ച്ചയാണ്. ആധുനികതയുടെ കാലത്ത് ആരംഭിക്കുകയും പിന്നീട് പൊതുമലയാളമായിത്തീരുകയും ചെയ്ത അമിത സംസ്കൃതവത്ക്കരിക്കപ്പെട്ട മലയാള ഭാഷയെ പ്രതിരോധിക്കുന്നതിനു പകരം അതിന്റെ പതാകാവാഹകരായിത്തീരുകയാണ് ജനാധിപത്യത്തെ അഭിമുഖീകരിക്കാന്‍ വിസമ്മതിച്ച നക്സലൈറ്റ് സാംസ്ക്കാരികപ്രവര്‍ത്തകര്‍ ചെയ്തത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നിരവധി വാക്കുകള്‍ അതിന്റെ രാഷ്ട്രീയ യുക്തിക്കു വിരുദ്ധമായി ഇതു മൂലം ഉപയോഗിക്കപ്പെട്ടു. ജനപ്രിയ സിനിമകളിലും മറ്റും ഇത് നൂറു മടങ്ങ് ആവര്‍ത്തിക്കപ്പെടുന്നുണ്ട്.

അതു കൊണ്ടാണ് ജനപ്രിയസിനിമയുടെ പാഠശാലയില്‍ പഠിച്ച ബാബു ജനാര്‍ദനനെപ്പോലൊരാള്‍ തലപ്പാവിനു വേണ്ടി എഴുതുന്ന സംഭാഷണം രാഷ്ട്രീയ ചരിത്രത്തിന്റെ യുക്തിയെ പലപ്പോഴും പരിഹസിക്കുന്നത്. ഒരുദാഹരണം നോക്കുക. രവീന്ദ്രന്‍ പിള്ള എന്ന നിരാശനായ പോലീസുകാരന്‍(ലാല്‍) പെന്‍ഷന്‍ മേടിക്കാനായി ആലപ്പുഴ നഗരത്തിലെത്തുമ്പോള്‍, അയാളുടെ കൈയാല്‍ വധിക്കപ്പെട്ട ജോസഫി(പൃഥ്വിരാജ്)ന്റെ പ്രേതത്തെ കണ്ടുമുട്ടുന്നു. കോടതിയലക്ഷ്യം ആരോപിക്കപ്പെട്ട മന്ത്രി രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി സമരജാഥ നയിക്കുന്ന ഖദര്‍ ധാരികളായ വലതുപക്ഷ രാഷ്ട്രീയകക്ഷിക്കാരുടെ പ്രസംഗത്തെ പരിഹസിച്ചുകൊണ്ടാണ് ജോസഫ് കാലം കൂടുതല്‍ ജീര്‍ണമായി എന്നു നിരീക്ഷിക്കുന്നത്. സ്വാശ്രയ കോളേജുകാരുടെ വിരുന്നില്‍ പങ്കെടുത്ത ജഡ്ജി തന്നെ സ്വാശ്രയ കോളേജ് കേസില്‍ വാദം കേള്‍ക്കാനും വിധി പറയാനുമിരിക്കുന്നതിന്റെ അയുക്തികതയും അസ്വാഭാവികതയും ചോദ്യം ചെയ്ത മന്ത്രിയുടെ മേലാണ് കോടതിയലക്ഷ്യം ആരോപിക്കപ്പെട്ടതെന്നും അതു പറയാതെ കേവലമായ രാഷ്ട്രീയലാഭത്തിനു വേണ്ടി സമരം ചെയ്യുന്ന ഈ പ്രതിപക്ഷത്തെ ചൂണ്ടിക്കാണിച്ച് അരാജകത്വമാണ് സമൂഹത്തെ ഭരിക്കുന്നതെന്ന് നിങ്ങളറിയുന്നുണ്ടോ എന്നാണ് ജോസഫ് രവീന്ദ്രന്‍ പിള്ളയോട് ചോദിക്കുന്നത്.

അരാജകത്വം അഥവാ അനാര്‍ക്കിസം അമിതാധികാരപ്രവണതക്കും വ്യവസ്ഥാപിതത്വത്തിനുമെതിരായ ഒരു സമരമാര്‍ഗമാണെന്നും ബുനുവലിനെപ്പോലുള്ള അനവധി പ്രതിഭാധനര്‍ അനാര്‍ക്കിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരാണെന്നുമുള്ള ചരിത്രയാഥാര്‍ത്ഥ്യം വിസ്മരിച്ചുകൊണ്ടോ അതോ അജ്ഞത കൊണ്ടോ ഈ പദം ഒരു ചീത്ത പദമായി തിരക്കഥ / സംഭാഷണത്തില്‍ കടന്നുവരുന്നതാണ് നാം അത്ഭുതത്തോടെ കാണുന്നത്. യഥാര്‍ത്ഥത്തില്‍ അരാജകത്വം എന്ന രാജകീയ(വ്യവസ്ഥാപിത)വിരുദ്ധ വാഴ്ചക്ക് അഥവാ വാഴ്ചാരാഹിത്യത്തിനു വേണ്ടിയാണ് വിപ്ലവകാരികള്‍ നിലക്കൊള്ളുന്നത്. അവരെക്കൊണ്ട് രാജഭരണത്തിന് അനുകൂലമായി സംസാരിപ്പിക്കുക എന്ന കൊടും പാതകം ഭാഷ, പദം, വാക്യഘടന, വ്യാകരണം, അര്‍ത്ഥം, പര്യായം, വിരുദ്ധാര്‍ത്ഥം എന്നിങ്ങനനെയുള്ള മേഖലകളിലെ ആധിപത്യ / വിധേയത്വ രൂപങ്ങളെക്കുറിച്ചും രാഷ്ട്രീയ ഘടനകളെക്കുറിച്ചും ധാരണയില്ലാത്ത വാചകമെഴുത്തുകാര്‍ (വാചകമടിക്കാര്‍) നടത്തുന്നത് കഥാകൃത്തു കൂടിയായ മധുപാല്‍ എന്തുകൊണ്ട് അനുവദിച്ചു എന്നറിയില്ല. അതോ നക്സലൈറ്റുകള്‍ വിശാലവും വൈവിദ്ധ്യപൂര്‍ണവുമായ ജനാധിപത്യപ്രസ്ഥാനത്തില്‍ അണിചേരാതിരുന്നതിനെ പരിഹസിക്കുന്നതിനു വേണ്ടിയാണോ ഈ ഭാഷാ വൈരുദ്ധ്യത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്?

തിരക്കഥയുടെ ഇത്തരത്തിലുള്ള ദൌര്‍ബല്യങ്ങള്‍ പക്ഷെ സിനിമയുടെ സമഗ്രമായ നിലപാടിനെയോ ദൃശ്യ / ശബ്ദ ഗാത്രത്തെയോ പരാജയപ്പെടുത്തുന്നില്ല. ദരിദ്രകുടുംബത്തില്‍ പെട്ട രവീന്ദ്രന്‍ പിള്ള എന്ന കുട്ടനാട്ടുകാരന്‍ പൊലീസ് കോണ്‍സ്റ്റബിളാകുമ്പോഴും അയാളുടെ വര്‍ഗസ്ഥാനത്തില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല. മാത്രമല്ല അയാള്‍ എന്ന ഇരയുടെ ദൈന്യതയും നിസ്സഹായതയും കൂടുതല്‍ രൂക്ഷമാകുകയാണ് ചെയ്യുന്നത്. സ്വന്തം വര്‍ഗത്തിന്റെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാവിനെ തടവില്‍ പിടികൂടാനും മര്‍ദിക്കാനും വെടി വെച്ചു കൊല്ലാനും വരെ നിയോഗിക്കപ്പെടുന്ന അയാള്‍ വര്‍ഗവഞ്ചകനായി മുദ്ര കുത്തപ്പെട്ടാലും അത്ഭുതമില്ല. അതോടൊപ്പം, ഈ പ്രവൃത്തികളില്‍ വേദനിച്ചാലോ അയാള്‍ സ്വന്തം ജോലിയോടും ജോലി സംരക്ഷിക്കുന്ന ഭരണകൂടവ്യവസ്ഥയോടും കൂറില്ലാത്തവനായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. പല വിധത്തിലുള്ള വേട്ടയാടലുകള്‍ക്കാണ് അയാളുടെ ശരീരവും മനസ്സും വിധേയമാകുന്നത്.

ജോസഫിനെപ്പോലെ ഉന്നതമായ വിവേകവും വകതിരിവുമുള്ള ഒരു സഖാവിനു മാത്രമേ അയാളിലെ മനുഷ്യനെ മനസ്സിലാക്കാനും കൂടെ നിര്‍ത്താനും സാധ്യമാവുകയുള്ളൂ. മറ്റുള്ള വിപ്ലവപ്രവര്‍ത്തകര്‍ക്കൊക്കെയും അയാള്‍ ഭരണകൂട മര്‍ദനാധികാരത്തിന്റെ ഒരു മുഖവും ഉപാധിയും ഉപകരണവും മാത്രമാണ്. അതുകൊണ്ടു തന്നെ ഭരണകൂടത്തിനെതിരായ സായുധ കലാപത്തില്‍ ഭരണകൂടത്തെ പ്രത്യക്ഷമായും പ്രതീകാത്മകമായും ആക്രമിക്കാന്‍ ഇയാളെ(ഇത്തരത്തിലൊരാളെ) ആക്രമിച്ചാല്‍ മതി എന്ന നിഗമനത്തില്‍ പ്രവര്‍ത്തകര്‍ എളുപ്പത്തില്‍ എത്തിച്ചേര്‍ന്നേക്കാം. വിപ്ലവകാരികളെ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് പിടികൂടാന്‍ കഴിയാതെപോകുന്ന അവസരത്തിലൊക്കെയും അയാള്‍ ഭരണഘടനാപരമായ കര്‍ത്തവ്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടവനായി വ്യാഖ്യാനിക്കപ്പെടുന്നു. പിന്നീട് പിടികൂടപ്പെടുന്ന വിപ്ലവകാരിയെയും അവരെ സഹായിച്ചവരെയും (അല്ലെങ്കില്‍ അപ്രകാരം ആരോപിക്കപ്പെട്ടവരെയും) ക്രൂരമായി മര്‍ദിച്ചും കൊലപ്പെടുത്തിയും ബലാല്‍സംഗം ചെയ്തും ആഹ്ലാദിച്ചില്ലെങ്കില്‍ അതും അയാളിലെ പോലീസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.

ബലാല്‍സംഗം ചെയ്യാത്ത പോലീസുകാരനും പട്ടാളക്കാരനും ഷണ്ഡനാണെന്നുവരെ ആക്ഷേപിക്കപ്പെടാറുണ്ട്. സ്വന്തം ജീവന്‍ തോക്കിന്‍ മുനയില്‍ ചിതറിപ്പോകുമെന്ന നിസ്സഹായമായ അവസ്ഥയിലാണ് അയാള്‍ ജോസഫിനു നേരെ വെടിയുതിര്‍ക്കുന്നത്. ഭയം, നിസ്സഹായത, തൊഴില്‍പരമായ യാന്ത്രികത എന്നിങ്ങനെ നിരവധി യുക്തികളും കാരണങ്ങളും തന്റെ ചെയ്തിയെ ന്യായീകരിക്കുന്നതിനായി അയാള്‍ക്ക് അയാളുടെ മനസ്സാക്ഷിക്കുമുമ്പില്‍ നിരത്താവുന്നതേ ഉള്ളൂ. എന്നിട്ടും മനസ്സാക്ഷിക്കു മുമ്പില്‍ അയാളുടെ സമചിത്തത ചിതറിപ്പോകുന്നു. നിശ്ശബ്ദനായ അയാളെ വീണ്ടും നിശ്ശബ്ദനാക്കുന്നതിനു വേണ്ടിയാണ് സഹപ്രവര്‍ത്തകരായ രണ്ടു പോലീസുകാര്‍ അയാളെക്കുറിച്ച് നിര്‍മിക്കപ്പെട്ട അപവാദം ഭാര്യയുടെ അടുത്ത് എത്തിക്കുന്നത്. കുട്ടിക്കാലത്തെ കാമുകിയായിരുന്ന സാറാമ്മ(ധന്യാമേരി)യോടൊത്താണ് അയാളുടെ വയനാട്ടിലെ കുടിപാര്‍പ്പ് എന്നായിരുന്നു ആ അപവാദം. ഇതു വിശ്വസിക്കേണ്ട ഗതികേടിലായിരുന്നു ഭാര്യ കാര്‍ത്ത്യായനി(രോഹിണി)യുടെ അവസ്ഥ. ദാരിദ്ര്യം, ഒറ്റപ്പെടല്‍, പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍, ഭര്‍ത്താവിന്റെ അനിയന്ത്രിതമായ മദ്യപാനവും സദാ ഉള്ള നിശ്ശബ്ദതയും എന്നീ ചുറ്റുപാടുകളില്‍ അവള്‍ ആ അപവാദം അപ്പാടെ വിശ്വസിച്ച് അയാളെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുന്നു. പിന്നീട് മരണം വരെയും അവളയാള്‍ക്കടുത്തേക്ക് തിരിച്ചു ചെല്ലുന്നില്ല. അവള്‍ നല്‍കിയ ഈ കടുത്ത ശിക്ഷ, കഥയുടെ നാടകീയതയെ സങ്കീര്‍ണവും തീവ്രവുമാക്കുന്നുണ്ട്. ഇരുപത് ഇരുപത്തഞ്ച് വര്‍ഷം ഈ നീറിപ്പുകയല്‍ സ്വന്തം നെഞ്ചിനകത്ത് ഒതുക്കിയ അയാള്‍ അവസാനം അത് തുറന്നുപറയാന്‍ സ്വയം നിര്‍ബന്ധിതനാകുകയാണ്. ജോസഫ് എന്ന വിപ്ലവകാരിയെപ്പോലെ തന്നെ വേട്ടക്കാരന്റെ കുപ്പായവും ആയുധവുമണിഞ്ഞ രവീന്ദ്രന്‍ പിള്ള എന്ന പോലീസുകാരനും ഒരു ഇര തന്നെയാണെന്ന സങ്കീര്‍ണയാഥാര്‍ത്ഥ്യം ഇപ്രകാരം അനുഭവവേദ്യമാക്കുന്നു എന്നതാണ് തലപ്പാവിന്റെ നിര്‍ണായക വിജയം.

ഛായാഗ്രഹണം, എഡിറ്റിംഗ്, ദൃശ്യങ്ങളുടെയും കാഴ്ചാകോണുകളുടെയും വിവേചന പൂര്‍ണമായ തെരഞ്ഞെടുപ്പ്, ശബ്ദക്രമീകരണം എന്നീ മേഖലകളില്‍ ശരാശരി മലയാള സിനിമയുടെ അപാകങ്ങളെ മറികടക്കുന്ന വിധത്തിലുള്ള മികച്ച നിലവാരമാണ് തലപ്പാവ് പുലര്‍ത്തുന്നത്. തിരക്കഥയുടെ ദൌര്‍ബല്യം അപ്രകാരം സംവിധായകന് മറികടക്കാനായി എന്നത് ആശ്വാസകരമാണ്. യാഥാര്‍ത്ഥ്യത്തിനു മേല്‍ തനിക്കാവശ്യമുള്ളിടത്തോളം ഭാവന സംവിധായകന്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും, ചരിത്രത്തിന്റെ പല റഫറന്‍സുകള്‍ കടന്നുവരുന്നത് ശ്രദ്ധേയമായിട്ടുണ്ട്. കുട്ടനാടന്‍ കായലിലെ ബോട്ടിലൂടെ നടത്തുന്ന, എന്‍ എസ് എസിന്റെ ധനശേഖരണാര്‍ത്ഥം ഉദയായുടെ ഭാര്യ പ്രദര്‍ശിപ്പിക്കുന്നതിന്റെ അനൌണ്‍‌സ്‌മെന്റ്; അക്കാലത്തെ ജനപ്രിയകലയും രാഷ്ട്രീയ /ചരിത്ര /സാഹിത്യ പാഠ്യപദ്ധതിയുമായിരുന്ന വി സാംബശിവന്റെ കഥാപ്രസംഗത്തിന്റെ വോയ്‌സ് ഓവര്‍; കെ പി എ സി നാടകഗാനമായ ചില്ലിമുളം കാടുകളില്‍.... മൂളുന്നത്; എന്നിവയൊക്കെ സാധാരണ സിനിമകളിലേതു പോലെ കേവലം എടുപ്പുകളും പടങ്ങളുമായി അനാഥമാകുന്നില്ല. കാലത്തോടും ചരിത്രത്തോടും രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തോടും സത്യസന്ധമാകുന്ന ഒരു നിലപാട് ചലച്ചിത്രകാരന്‍ എന്ന നിലക്ക് മധുപാലിന് പ്രത്യക്ഷപ്പെടുത്താനായി എന്നതാണ് എടുത്തുപറയേണ്ട സവിശേഷത.

ഭരണകൂട മര്‍ദനാധികാരത്തിന്റെ വേട്ടക്കാരന്‍ എന്ന വൃത്തികെട്ട വേഷമണിഞ്ഞുകൊണ്ട് അനുസരണയുള്ള ഒരു പട്ടിയുടെ പണി (കുരക്കുക, കടിക്കുക, കടിച്ചു കീറി കൊല്ലുക) ചെയ്യുന്ന പോലീസുകാരന്‍ പക്ഷെ മനസ്സിനുള്ളിലും കുടുംബത്തിനകത്തും നാട്ടിലും അനുഭവിക്കുന്ന നീറലുകളും പീഡനങ്ങളും അസഹനീയമാണ് എന്നു വിശദീകരിക്കുന്നതിലാണ് സിനിമയുടെ ഊന്നലുകളെങ്കിലും സാഹസികരായ നക്സലൈറ്റ് സഖാക്കളുടെ വിപ്ലവകരമായ ഇടപെടലുകളെ അതൊരു തരത്തിലും ഇകഴ്ത്തിക്കാണിക്കുന്നില്ല. അതേ സമയം അതാണ് വരുംകാലത്തിന്റെ രക്ഷാമാര്‍ഗം എന്ന് കൊട്ടിഘോഷിക്കുന്നുമില്ല.

*