Wednesday, June 5, 2024
നന് പകല്‍ ട്യൂട്ടോറിയല്‍ 8
വല്ല മലയാളം പാട്ടും വെക്കടോ ഊവ്വേ എന്ന ജയിംസിന്റെ ശാസന കേട്ടാണ് ഡ്രൈവര്‍ അനുരാഗ നാടകത്തിന് എന്നു തുടങ്ങുന്ന, ബാബുരാജ് ഈണം പകര്‍ന്ന നിണമണിഞ്ഞ കാല്പാടുകളിലെ പാട്ട് വെക്കുന്നത്. പാടാന്‍ മറന്നു പോയ മൂഢനാം വേഷക്കാരാ എന്ന വരികളാണ് നാം കേള്‍ക്കുന്നത്. ഈ പാട്ടു വെച്ചപ്പോഴും ജയിംസ് ശകാരിക്കുകയാണ് ചെയ്തത്. എടാ ഇതിനെക്കാളും പഴയതൊന്നുമില്ലേ, മലയാള സിനിമ തുടങ്ങുന്നേനും മുമ്പൊള്ളതാ!
തീര്‍ത്ഥാടകരായ യാത്രക്കാരെല്ലാം ചേര്‍ന്ന് ഇത്തരം യാത്രകളില്‍ സ്ഥിരം പാടാറുള്ള മഞ്ഞക്കിളിയെ പിടിക്കാലോ (ഇതല്ലെങ്കില്‍ സുരാംഗനിയായിരുന്നു പാടുക) എന്ന പാട്ട് പാടിയപ്പോഴും ജയിംസ് പ്രകോപിതനാകുകയും അസ്വസ്ഥനാകുകയും സകലരെയും ചീത്ത പറയുകയും ചെയ്തിരുന്നു. തമിഴ് പാട്ടും മലയാളം പാട്ടും എല്ലാവരും ചേര്‍ന്ന് പാടുന്ന കൂട്ട-നാടന്‍ പാട്ടും ഇഷ്ടപ്പെടാത്ത ജയിംസൊരു അരസികനാണെന്നോ അല്ലെങ്കില്‍ അയാളുടെ രസനീയതയുടെ ലെവല്‍ വേറെയാണെന്നോ ആയിരിക്കും സംവിധായകന് ഉദ്ദേശിച്ചിട്ടുണ്ടാവുക.
എല്ലാവരും ഉറക്കം പിടിക്കുന്നു. പാട്ടിന്റെ പശ്ചാത്തലശബ്ദത്തിനു മുകളിലൂടെ വണ്ടി ഓടിക്കുന്ന ശബ്ദവും മറ്റു വണ്ടികളുടെ ശബ്ദങ്ങളും കേള്‍ക്കാം. പെട്ടെന്ന് ഒരു തമിഴ്നാട് സര്‍ക്കാര്‍ ബസ്സ് (തമിഴ്നാട് അരശു പോക്കു വരത്തു കഴകം), ജയിംസും കൂട്ടരും സഞ്ചരിക്കുന്ന മലയാളികളുടെ ബസ്സിനെ ഓവര്‍ടേക്ക് ചെയ്യുന്നു. മധുരൈ റൂട്ടിലോടുന്ന ബസ്സാണെന്ന് പുറകിലെ കണ്ണാടിയിലെഴുതിയ എഴുത്തില്‍ നിന്ന് മനസ്സിലാക്കാം.
ഈ ഓവര്ടേക്കിങ്ങിന് ഒപ്പം, മലയാളികളുടെ ബസ്സിലെ പാട്ട് വീണ്ടും തമിഴായി മാറുന്നു. അതായത്; വല്ല മലയാളം പാട്ടും വെക്കടാ ഊവ്വേ(തമിഴ് പാട്ട് വെച്ചപ്പോള്‍), എന്നും ഇതിനെക്കാളും പഴയതൊന്നുമില്ലേ(മലയാളം പാട്ട് വെച്ചപ്പോള്‍) എന്നുമുള്ള പഴയ തറവാട്ടു കാരണവര്‍ സ്റ്റൈലിലുള്ള ശകാരം കേട്ട് ഇനി വരുന്നിടത്തു വെച്ച് കാണാം എന്നോ എന്തെങ്കിലും ആവട്ടേ എന്നോ വിചാരിച്ച് ഡ്രൈവര്‍ നിസ്സംഗനായി വണ്ടി ഓടിക്കുന്നു. അപ്പോഴാണ് ബൈ ഡിഫോള്‍ട്ട് എന്നോണം വീണ്ടും തമിഴ് പാട്ട് തന്നെ റെക്കോഡറില്‍ നിന്ന് കേള്‍ക്കുന്നത്.
പടിത്താല്‍ മറ്റും പോതുമാ (പഠിച്ചതു മാത്രം കൊണ്ട് എന്തു പ്രയോജനം) എന്ന 1962ലെ സിനിമയിലെ പൊന്‍ ഒണ്ട്രു കണ്ടേന് എന്ന പാട്ടാണ് നാം അപ്പോള്‍ കേള്‍ക്കുന്നത്. പരമ്പര, നിഴല്‍കള്‍, നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്നീ മുന്‍ പരാമര്‍ശിത സിനിമകളിലെന്നതു പോലെ; ബന്ധം, സ്നേഹം, തെറ്റിദ്ധാരണ, പരസ്പരം മാറിപ്പോകല്‍ എന്നിങ്ങനെ മുഖ്യധാരാ സിനിമയുടെ ആവര്‍ത്തിത പ്രമേയം തന്നെയാണ്പടിത്താല് മറ്റും പോതുമാ എന്ന സിനിമയിലുമുള്ളത്. ഈ സ്ഥിര പ്രമേയം തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന പുതിയ സിനിമയിലുമുള്ളത്. എന്നാല്‍, അവിശ്വസനീയവും അവിസ്മരണീയവുമായ രീതിയില്‍ അതിനെ നവീകരിച്ചിരിക്കുന്നു എന്നു മാത്രം.
പ്രസിദ്ധ ബംഗാളി നോവലിസ്റ്റായ താരാശങ്കര്‍ ബന്ദോപാധ്യായയുടെ നാ എന്ന നോവലിനെ ആസ്പദമാക്കി എ ഭീംസിംഗ് സംവിധാനം ചെയ്ത പടിത്താല്‍ മറ്റും പോതുമാ വന്‍ ഹിറ്റായിരുന്നു. എല്ലാ റിലീസ് കേന്ദ്രങ്ങളിലും നൂറു ദിവസം കളിച്ച ഈ പടം മദ്രാസ് നഗരത്തിലെ മിഡ്ലാന്റ്, ബ്രോഡ് വേ, സയനി എന്നീ തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്.
ശിവാജി ഗണേശനും സാവിത്രിയും കെ ബാലാജിയും രാജസുലോചനയും എം ആര് രാധയും മനോരമയും മറ്റുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. മോഹന്‍ലാലിന്റെ ഭാര്യാപിതാവായ കെ ബാലാജി പ്രമുഖ നിര്‍മാതാവ് കൂടിയാണ്.
ശിവാജി ഗണേശന് അവതരിപ്പിക്കുന്ന ഗോപാലും കെ ബാലാജി അവതരിപ്പിക്കുന്ന രാജുവും അര്‍ദ്ധസഹോദരങ്ങളാണ്. ഇതില്‍ രാജു പഠിച്ചവനും ഗോപാല്‍ പഠിക്കാത്തവനുമാണ്. ഇവര്‍ക്കായുള്ള വിവാഹോലോചനയുമായെത്തുന്ന ബ്രോക്കര്‍ കൈലാസം ആണ് സിനിമയുടെ കോമഡി ട്രാക്ക് നയിക്കുന്നത്. എം ആര് രാധയാണ് കൈലാസമായെത്തുന്നത്. കൈലാസം ശൈവമതക്കാരനും ഭാര്യ ആണ്ടാള്‍ വൈഷ്ണവ മതക്കാരിയും (വൈണവി) ആണ്. ഇവരുടെ രണ്ടു പേരുടെയും വിശ്വാസ-ആചാര-അനുഷ്ഠാന ഭിന്നതകള്‍ ആണ് സിനിമയിലെ തമാശസീനുകളുടെ അടിസ്ഥാനം.
പഠിച്ചവനായ രാജുവിനാലോചിച്ച മീനയെ കാണാന്‍ പഠിക്കാത്ത ഗോപാലും ഗോപാലിനാലോചിച്ച സീതയെ കാണാന്‍ രാജുവും പോകണം എന്ന വിചിത്രമായ തീരുമാനമാണ് ഗോപാലിന്റെ പിതാവ് ജമീന്ദാറും കല്യാണബ്രോക്കറും ചേര്‍ന്നെടുക്കുന്നത്. സ്നേഹം കൊണ്ട് കെട്ടിവരിഞ്ഞവരാകയാല് ഓരോരുത്തരും അപരന്റെ ഇഷ്ടത്തെ പ്രതിനിധീകരിക്കുകയും അവര്‍ക്കു വേണ്ടിയുള്ള പരിശോധന ഏറ്റവും നന്നായി (അതായത് അവരേക്കാള്‍ നന്നായി) നടത്തുകയും ചെയ്യും എന്ന തത്വമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതനുസരിച്ച് അതാത് പെണ്ണുകാണല്‍ അഥവാ മാറിമാറിയുള്ള പെണ്ണുകാണല്‍ നടത്തിയതിനു ശേഷം അവര്‍ പരസ്പരം അത് വര്‍ണ്ണിക്കുന്ന രംഗത്തിലെ പാട്ടാണ് പൊന്‍ അണ്ട്രു കണ്ടേന് എന്നത്. ധനികരായ കഥാപാത്രങ്ങള്‍ വിഹരിക്കുന്ന ഒരു ആധുനിക നീന്തല്‍ക്കുളത്തില്‍ കുളിച്ചാറാടവെ ആണ് അവരീ പാട്ട് പാടുന്നത്.
ഒന്നാമന്: പൊന്‍ ഒണ്ട്രു കണ്ടേന്
പെണ് അങ്കു ഇല്ലൈ
ഏനെണ്ട്രു നാന് സൊല്ലലാഗുമാ
(ഒരു പൊന്നിനെ കണ്ടു, പെണ്ണവിടെ ഇല്ലായിരുന്നു, എന്തുകൊണ്ടെന്നു പറയട്ടെ?)
രണ്ടാമന്: ഏനെണ്ട്രു നാന് സൊല്ല വേണ്ടുമാ (എന്തു കൊണ്ടെന്ന് ഞാന്‍ പറയേണ്ടതില്ലേ?)
രണ്ടാമന്: പൂ ഒണ്ട്രു കണ്ടേന്
മുഖം കാണവില്ലൈ
(ഒരു പൂവിനെ കണ്ടു, മുഖത്തെ കണ്ടില്ല)
ഒന്നാമന്: ഏനെണ്ട്രു നാന് സൊല്ലലാഗുമാ (എന്തുകൊണ്ടെന്നു പറയട്ടെ?)
രണ്ടാമന്: ഏനെണ്ട്രു നാന് സൊല്ല വേണ്ടുമാ(എന്തു കൊണ്ടെന്ന് ഞാന്‍ പറയേണ്ടതില്ലേ?)
ഒന്നാമന്: നടമാടും മേഘം
നവ നാഗരീകം
അഴകാന ചിന്നം
അലൈപോല മിന്നും
(ചലിക്കുന്ന മേഘം, പുതിയ പരിഷ്ക്കാരം, അഴകുള്ള അടയാളം, അലയടിക്കുന്നതു പോലെ മിന്നുന്നു)
രണ്ടാമന്: നടമാടും ശെല്‍വം
പണിവാന ദൈവം
പലങ്കാല ചിഹ്നം
ഉയിരാക മിന്നും
(ചലിക്കുന്ന സമ്പത്ത്, എളിമയുള്ള ദൈവം, പലകാല അടയാളം, ലോകമാകെ മിന്നും)
ഒന്നാമന്: തുള്ളിവരും വെള്ളിനില
തുള്ളിവരും വെള്ളിനില
(ഉദിച്ചുയരുന്ന വെള്ളി നിലാവ്)
രണ്ടാമന്: തുവന്തു വിഴും കൊടി ഇടൈയാല്‍
തുവന്തു വിഴും കൊടി ഇടൈയാല്‍
(പറക്കുന്ന കൊടിയുടെ കീഴില്‍)
ഒന്നാമന്: വിണ്ണോടു വിളൈയാടും
പെണ് അന്ത പെണ്ണല്ലവോ
(വാനത്തോടും കളിക്കുന്ന പെണ്ണ് ആ പെണ്ണല്ലേ)
ഒന്നാമന്: സെണ്ട്രേന്‍(ചെന്നു), രണ്ടാമന്: ഹും
ഒന്നാമന്: കണ്ടേന്,(കണ്ടു) രണ്ടാമന്: ഹും
ഒന്നാമന്: വന്തേന്(വന്നു) രണ്ടാമന്: ഹും
ഒന്നാമന്: പൊന്‍ ഒണ്ട്രു കണ്ടേന്
പെണ് അങ്കു ഇല്ലൈ
ഏനെണ്ട്രു നാന് സൊല്ലലാഗുമാ
രണ്ടാമന്: ഏനെണ്ട്രു നാന് സൊല്ല വേണ്ടുമാ
ഒന്നാമന്: നാന് പാര്‍ത്ത പെണ്ണൈ
നീ പാര്‍ക്കവില്ലൈ
നീ പാര്‍ത്ത പെണ്ണൈ
നാന് പാര്‍ക്കവില്ലൈ
നാന് പാര്‍ത്ത പെണ്ണൈ
നീ പാര്‍ക്കവില്ലൈ
(ഞാന്‍ കണ്ട പെണ്ണിനെ നീ കണ്ടില്ല, നീ കണ്ട പെണ്ണിനെ ഞാന്‍ കണ്ടില്ല)
രണ്ടാമന്: ഉന്‍ പാര്‍വൈ പോലെ
എന്‍ പാര്‍വൈ ഇല്ലൈ
നാന് കണ്ട കാട്ച്ചി
നീ കാണവില്ലൈ
നാന് കണ്ട കാട്ച്ചി
നീ കാണവില്ലൈ
(നിന്റെ കാഴ്ച പോലെയല്ല എന്റെ കാഴ്ച. ഞാന്‍ കണ്ട കാഴ്ച നീ കണ്ടില്ല)
ഒന്നാമന്: എന്‍ വിഴിയില്‍ നീ ഇരുന്തായ്
എന്‍ വിഴിയില്‍ നീ ഇരുന്തായ്
രണ്ടാമന്: ഉന്‍ വടിവില്‍ നാന് ഇരുന്തേന്
ഉന്‍ വടിവില്‍ നാന് ഇരുന്തേന്
ഒന്നാമന്: നീ ഇണ്ട്രി നാനില്ലൈ
നാന് ഇണ്ട്രി നീ ഇല്ലയൈ
ഒന്നാമന്: സെണ്ട്രേന്‍, രണ്ടാമന്: ഹും
ഒന്നാമന്: കണ്ടേന്, രണ്ടാമന്: ഹും
ഒന്നാമന്: വന്തേന് രണ്ടാമന്: ഹും
ഒന്നാമന്: പൊന്‍ ഒണ്ട്രു കണ്ടേന്
പെണ് അങ്കു ഇല്ലൈ
ഏനെണ്ട്രു നാന് സൊല്ലലാഗുമാ
രണ്ടാമന്: ഏനെണ്ട്രു നാന് സൊല്ല വേണ്ടുമാ
രണ്ടാമന്: പൂ ഒണ്ട്രു കണ്ടേന്
മുഖം കാണവില്ലൈ
ഒന്നാമന്: ഏനെണ്ട്രു നാന് സൊല്ലലാഗുമാ
രണ്ടാമന്: ഏനെണ്ട്രു നാന് സൊല്ല വേണ്ടുമാ
ഇവിടെ തങ്ങളോരോരുത്തരും അപര സഹോദരനു വേണ്ടി കണ്ട കാഴ്ച പൊലിപ്പിച്ചു പറയുകയും അപരരുടെ പ്രതിശ്രുത വധുവിനെ പരസ്പരം പുകഴ്ത്തി പറയുകയും ചെയ്യുകയാണ്. നന്‍പകലില്‍ ജെയിംസിന്റെയും സുന്ദരത്തിന്റെയും (രണ്ടും മമ്മൂട്ടി) ഭാര്യമാര്‍ സഹനശേഷിയും സൗന്ദര്യവും ക്ഷമയും എല്ലാം ഒത്തിണങ്ങിയവരാണ്. പുതിയ കാലത്തെയും ഭാര്യമാരെ ഒത്തിണക്കി നിര്‍മ്മിച്ചെടുക്കുന്നത് കഴിഞ്ഞ കാലത്തെ തമിഴ്/മലയാളം സിനിമകളും അവയിലെ പാട്ടുകളുമാണെന്നു ചുരുക്കം.
പടിത്താല്‍ മറ്റും പോതുമാ എന്ന സിനിമയുടെ ഈ പാട്ടിനു ശേഷമുള്ള കഥാഗതി, അതേ സമയം നന് പകലിലെ ആഖ്യാനത്തില്‍ തുടര്‍ന്ന് പ്രസക്തമാകുന്നില്ല.
ജി പി രാമചന്ദ്രൻ
നന് പകല്‍ ട്യൂട്ടോറിയല്‍ 7
ജെയിംസ് (മമ്മൂട്ടി) നയിക്കുന്ന കേരളീയരുടെ യാത്രാ സംഘം തമിഴ് ഭക്ഷണം കഴിച്ച് തങ്ങളുടെ ടെമ്പോയില്‍ കയറിയ ഉടനെ ഡ്രൈവര്‍ തന്റെ ഭക്ഷണത്തിന്റെ ബില്ല് എടുത്തു കാണിച്ചു കൊണ്ട് ജെയിംസിനോട് പറയുന്നു: ഹലോ, എന്റെ മീന്‍ വറുത്തതിന്റെ പൈസ ഞാന്‍ കൊടുത്തിട്ടുണ്ട്. സ്വതസ്സിദ്ധമായ പുഛഭാവത്തോടെ ജെയിംസ് ഓ എന്നു മൂളുന്നു. എന്നുമുണ്ടാവണേ എന്നും പറയുന്നു.
സാമാന്യ മലയാളിയുടെ ഒരു പൊതുവിചാരമാണ്, ഡ്രൈവര്‍മാര്‍ യാത്രക്കാര്‍ക്കായി ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന ഹോട്ടലില്‍ നിന്ന് അവര്‍ക്ക് പ്രത്യേക ട്രീറ്റ്മെന്റ് കിട്ടുമെന്നും സ്പെഷ്യലുകള്‍ ലഭിക്കുമെന്നും അതുമല്ല, അവര്‍ കഴിക്കുന്ന സ്പെഷ്യലുകള്‍ യാത്രക്കാരുടെ ബില്ലില്‍ കൂട്ടിച്ചേര്ക്കുമെന്നുമെല്ലാം. ഈ പൊതുബോധത്തിലടങ്ങിയ തൊഴിലാളി വിരുദ്ധതയാണ് ഇവിടെ പരിഹസിക്കപ്പെടുന്നത്.
മധ്യവര്‍ഗ മലയാളിയുടെ സാംസ്ക്കാരികാവബോധത്തെ നിര്‍ദ്ദയം കീറിമുറിക്കുന്ന തൊട്ടടുത്ത സന്ദര്‍ഭം; തമിഴ്പാട്ടു കേള്‍ക്കുമ്പോള്‍ വല്ല മലയാളം പാട്ടും വെക്കടോ ഊവ്വേ എന്ന ജെയിംസിന്റെ ശാസന കേട്ട ഉടനെ ഡ്രൈവര്‍ വെച്ച പാട്ടു കേള്‍ക്കുമ്പോളുള്ള ജെയിംസിന്റെ പ്രതികരണമാണ്. എടാ ഇതിനെക്കാളും പഴയതൊന്നുമില്ലേ. മലയാള സിനിമ തുടങ്ങുന്നേനും മുമ്പൊള്ളതാ!
1962ലെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന സിനിമയിലെ അനുരാഗ നാടകത്തിന് എന്ന പാട്ടിലെ പാടാന്‍ മറന്നു പോയ മൂഢനാം വേഷക്കാരാ തേടുന്നതെന്തിനോ നിന് ഓടക്കുഴല്‍ മണ്ണടിഞ്ഞു എന്ന വരികളാണ് നാം കേള്‍ക്കുന്നത്. പി ഭാസ്ക്കരന്‍ എഴുതി എം എസ് ബാബുരാജ് ഈണം നല്കി കെ പി ഉദയഭാനു പാടിയ ഈ ഗാനം, പല നിലയ്ക്കും ആധുനിക കേരള സംസ്ക്കാര രൂപീകരണത്തെ പ്രതിനിധീകരിക്കുന്നു.
പാറപ്പുറത്തിന്റെ ഇതേ പേരിലുള്ള പ്രസിദ്ധ നോവലിനെ ആസ്പദമാക്കി എന്‍ എന്‍ പിഷാരടി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമയാണ് നിണമണിഞ്ഞ കാല്പാടുകള്. എന്‍ എന്‍ കരുണാകരപിള്ളയോടൊപ്പം ചേര്‍ന്ന് പ്രസിദ്ധ നിര്‍മ്മാതാവ് ശോഭന പരമേശ്വരന് നായരാണ് ഈ ചിത്രം നിര്‍മ്മിച്ചത്. പ്രേംനസീറും മധുവും അംബികയും ഷീലയും മുഖ്യവേഷങ്ങള്‍ ചെയ്തു. മലയാളത്തിലെ മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി.
അമ്പത്തേഴു വര്‍ഷം മാത്രം ജീവിച്ചിരുന്ന പാറപ്പുറത്ത് എന്ന കെ ഇ മത്തായി ഇരുപത് നോവലുകളും പതിനാല് കഥാസമാഹാരങ്ങളും പതിനഞ്ച് തിരക്കഥകളുമെഴുതി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്നിവ നേടിയ അദ്ദേഹം മരിക്കുന്ന സമയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡണ്ടായിരുന്നു. അരനാഴികനേരം, അന്വേഷിച്ചു കണ്ടെത്തിയില്ല, പണി തീരാത്ത വീട്, ആദ്യകിരണങ്ങള്‍ എന്നിവയെല്ലാം പാറപ്പുറത്തിന്റെ കഥകളാണ്.
--
നവരത്നാ പ്രൊഡക്ഷൻസിനു വേണ്ടി കെ വി ഭവദാസ് , എൻ കെ കരുണാകരൻ പിള്ള , കെ പരശുരാമൻ നായർ എന്നിവർ ചേർന്നു നിർമ്മിച്ച “നിണമണിഞ്ഞ കാല്പാടുകൾ“ എന്ന ചിത്രത്തിന്റെ സംഭാഷണവും പാറപ്പുറത്ത് എഴുതിയതാണ്.പി ഭാസ്കരന്റെ രചനയ്ക്ക് ബാബുരാജ് ഈണം നൽകി. പി ലീല, എസ് ജാനകി, പി ബി ശ്രീനിവാസ്, ഉദയഭാനു, എം ബി ശ്രീനിവാസ് എന്നിവർ ആലപിച്ചു.സി ഗോപാലകൃഷ്ണന്റെ നൃത്തസംവിധാനം , ജി വെങ്കിട്ടരാമന്റെ ചിത്രസംയോജനം യു രാജഗോപാലിന്റെ ഛായാഗ്രഹണം എന്നിവയോടു കൂടി 1963 ഫെബ്രുവരി 3 നു റിലീസ് ചെയ്ത പ്രസ്തുത ചിത്രത്തിൽ പ്രേംനസീർ , കാമ്പിശ്ശേരി, പി ജെ ആന്റണി,എസ് പി പിള്ള , ബഹദൂർ , അടൂർ ഭാസി, പി ഒ തോമസ്,നാണുക്കുട്ടൻ നായർ, അടൂർ ഭവാനി, അംബിക, ലക്ഷ്മീദേവി,രാധാമണി,മാവേലിക്കര എൽ പൊന്നമ്മ , സുശീല, ശാന്തകുമാരി, കോട്ടയം ശാന്ത, ഷീല, എന്നിവരും പുതുമുഖമായ മധുവും അഭിനയിച്ചു.
ജിജാ സുബ്രമണ്യന്‍ എഴുതിയ കഥാസാരം ഇപ്രകാരമാണ്.
വ്യവഹാരം കൊണ്ടു മുടിയാറായ വടക്കേടത്തെ തോമ്മാച്ചനും അന്യസ്ഥലത്തു നിന്നു വന്നു താമസമുറപ്പിച്ച കോശിസാറും അവരുടെ കുടുംബങ്ങളും ഹൃദ്യമായ സൗഹൃദത്തോടെ പ്രകൃതിസുന്ദരമായ ആ നാട്ടിൻ പുറത്ത് കഴിഞ്ഞു വന്നു.തോമ്മാച്ചന്റെ മകൻ തങ്കച്ചനും അദ്ധ്യാപകനായ കോശിസാറിന്റെ മകൾ തങ്കമ്മയും വളർന്നു വന്നത് അവരുടെ ഹൃദയങ്ങളിൽ പ്രേമവും വളർത്തിക്കൊണ്ടാണ്.പെട്ടെന്നുണ്ടായ പിതാവിന്റെ മരണം തങ്കച്ചനെ കുടുംബഭരണത്തിന്റെ ഭാരം താങ്ങാൻ നിർബന്ധിതനാക്കി.അനിയത്തിയെയും അമ്മയെയും പോറ്റാൻ പൊരുളു തേടി തങ്കച്ചൻ പട്ടാളത്തിൽ ചേർന്നു.പട്ടാളക്യാമ്പിലെ പരുക്കൻ അന്തരീക്ഷത്തിൽ കഴിഞ്ഞു കൂടാൻ തങ്കച്ചനു കരുത്തേകിയത് മുഖ്യമായും രാഗസുരഭിലമായ തങ്കമ്മയുടെ കത്തുകളായിരുന്നു.അവളുടെ ഒരു കത്തിൽ നിന്നും നല്ലവനായ കോശിസാർ മരണമടഞ്ഞുവെന്നറിഞ്ഞ് പിതാവിന്റെ വിയോഗത്തിൽ വീർപ്പു മുട്ടി നാട്ടിൽ അനാഥാവസ്ഥയിൽ കഴിയുന്ന തങ്കമ്മയുടെ നിലയോർത്തു തങ്കച്ചൻ കരഞ്ഞു പോയി.കോശിസാറിന്റെ മരണം മൂലം ഗതിമുട്ടി നിന്ന തങ്കമ്മയെയും അമ്മയായ റാഹേലിനെയും ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്നും രക്ഷിക്കാനെന്ന ഭാവത്തിൽ സ്ഥലത്തെ ഒരു പണക്കാരനായ ഫിലിപ്പ് അവരോടടുത്തു. സാമ്പത്തിക സഹായം അയാളിൽ നിന്നും സ്വീകരിക്കേണ്ടി വന്ന തങ്കമ്മയെ പറ്റി നാട്ടിൽ അപവാദപ്രചാരണം ഉണ്ടായി.തങ്കച്ചനു ലീവു കിട്ടി. അമ്മയെയും കൊച്ചു സഹോദരിയെയും സർവോപരി തങ്കമ്മയെയും ഒരു നോക്കു കാണുവാൻ നാട്ടിലേയ്ക്ക് ഓടിയെത്തി.പക്ഷേ തങ്കമ്മയുടെ ചുറ്റിനും ഉയർന്നു പൊങ്ങിയ അപവാദ ധൂമം അവനെ ശ്വാസം മുട്ടിച്ചു.അവധി തീരും മുൻപ് തങ്കച്ചൻ തിരിച്ചു പോയി.ഏക അവലംബമായിരുന്ന അമ്മ കൂടി മരണമടഞ്ഞപ്പോൾ തങ്കമ്മ അകലെയുള്ള ബന്ധു ഗൃഹത്തിലേയ്ക്ക് പോയി.രണാങ്കണത്തിൽ വെച്ച് ബോംബാക്രമണത്തിൽ മുറിവേറ്റു തങ്കച്ചൻ ആശുപത്രിയിലായി.തകർന്ന ഹൃദയവും തളർന്ന ശരീരവുമായി കിടന്നിരുന്ന തങ്കച്ചനെ ശുശ്രൂഷിച്ചിരുന്ന നേഴ്സ് ലിസി അവന്റെ പ്രേമകഥ കേട്ടപ്പോൾ തങ്കമ്മ തികച്ചും നിരപരാധിയാണെന്ന് വാദിച്ചു. താൻ തെറ്റിദ്ധരിച്ചു നിർദ്ദയം ഭർത്സിച്ച കാമുകിയെ കണ്ട് മാപ്പിരക്കുവാൻ ചെന്ന തങ്കച്ചൻ കണ്ടു മുട്ടുന്നത് കുടിയനായ ഒരുവന്റെ ഭാര്യയായി കഴിയുന്ന തങ്കമ്മയെയാണ്.പ്രതീക്ഷകളെല്ലാം തകർന്നു തങ്കച്ചൻ വീണ്ടും രണഭൂമിയിലേയ്ക്കു മടങ്ങി.അവിടെ വെച്ച് തന്റെ ഉറ്റ ചങ്ങാതിയായ സ്റ്റീഫനെ വെടിയുണ്ടയോടൊപ്പമെത്തിയ മരണം വിഴുങ്ങിയപ്പോൾ അവന്റെ അന്തിമാഭിലാഷം തങ്കച്ചനെ അറിയിച്ചു. അന്നു കൂട്ടുകാരനു കൊടുത്ത വാക്കു പാലിക്കാൻ സ്റ്റീഫന്റെ സഹോദരി അമ്മിണിയെ തങ്കച്ചൻ വിവാഹം ചെയ്തു.ആദ്യരാത്രിയുടെ ചൂടാറും മുൻപ് സമരമുഖത്തെത്തുവാൻ ആ കാവൽ ഭടനു ഉത്തരവു കിട്ടി.കർത്താവു നിരതനായ യുവയോദ്ധാവ് സഹധർമ്മിണിയെ സാന്ത്വന വാക്കോതി സമാശ്വസിപ്പിച്ച് യുദ്ധക്കളത്തിലേയ്ക്ക് യാത്രയായി.ചന്ദ്രതാരാ പിക്ച്ചേഴ്സ് ഈ ചിത്രം വിതരണം ചെയ്തു.
(അവലംബം: സിനിമാ ഡയറക്ട്ടറി/കടപ്പാട് : ബി വിജയകുമാര്‍)
--മലയാള സംഗീതം ഡോട്ട് ഇന്‍ഫോയിലാണ് ഈ കഥാസാരം ഉള്ളത്. പഴയ മലയാള സിനിമകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ സൈറ്റിലും എം3ഡിബി ഡോട്ട് കോമിലും ലഭ്യമാണ്. നിസ്വാര്‍ത്ഥമായ സേവനമാണ് ഈ സൈറ്റുകള്‍ക്കു വേണ്ടി സന്നദ്ധ പ്രവര്‍ത്തകര്‍ നിര്‍വഹിക്കുന്നത്.
മധു ആദ്യമായി അഭിനയിച്ചത് നിണമണിഞ്ഞ കാല്പാടുകളിലാണ്.
മലയാള സംഗീതം ഡോട്ട് ഇന്‍ഫോയിലുള്ള മറ്റു ചില പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക:
സത്യൻ അഭിനയിക്കേണ്ടിയിരുന്ന റോളിൽ നിന്നും അദ്ദേഹം പിന്മാറി. മരിച്ച കഥാപാത്രത്തിന്റെ ഫോട്ടോ(സത്യന്റെ) വച്ച് ഷൂട് ചെയ്യാൻ രംഗമൊരുക്കിയത് കണ്ട് സത്യൻ പിണങ്ങിപ്പിരിയുകയാണുണ്ടായത് എന്ന് ശോഭന പരമേശ്വരൻ നായർ ഓർമ്മിയ്ക്കുന്നു. പെട്ടെന്ന് ഒരാളെ കണ്ടെത്തി അദ്ദേഹം. ഡെൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ പരിശീലനം കഴിഞ്ഞെത്തിയ മാധവൻ നായർ എന്ന മധു.
പ്രസിദ്ധസാഹിത്യകൃതികൾ ചലച്ചിത്രരൂപമെടുക്കുന്ന പ്രവണത ഇതോടെ ആഴത്തിൽ വേരുറച്ചു. നോവലിലെ ദുഃഖകരമായ അന്ത്യം മാറ്റി ശുഭോദർക്കമാക്കിയിട്ടുണ്ട് സിനിമയിൽ.
“അനുരാഗനാടകത്തിൻ” എന്ന പാട്ട് ഉദയഭാനുവിനെ കൂടുതൽ പോപുലർ ആക്കി.
അനുരാഗനാടകത്തിന്‍
അന്ത്യമാം രംഗം തീര്‍ന്നു
അരങ്ങിതിലാളൊഴിഞ്ഞു
കാണികള്‍ വേര്‍പിരിഞ്ഞു
പാടാന്‍ മറന്നു പോയ
മൂഢനാം വേഷക്കാരാ (2)
തേടുന്നതെന്തിനോ നിന്
ഓടക്കുഴല്‍ മണ്ണടിഞ്ഞു
അനുരാഗനാടകത്തിന്‍
കണ്ണുനീരില്‍ നീന്തി നീന്തി
ഗല്‍ഗദം നെഞ്ചിലേന്തി
കൂരിരുളില്‍ ദൂരെ നിന്റെ
കൂട്ടുകാരി മാഞ്ഞുവല്ലോ
അനുരാഗനാടകത്തിന്‍
വ്യര്ഥമാം സ്വപ്നങ്ങള്‍തന്‍
പട്ടടക്കാടിനുള്ളില്‍
കത്തുമീ തീയിൻ മുന്നില്‍
കാവലിനു വന്നാലും നീ
അനുരാഗനാടകത്തിന്‍
അന്ത്യമാം രംഗം തീര്‍ന്നു
അരങ്ങിതിലാളൊഴിഞ്ഞു
കാണികള്‍ വേര്‍പിരിഞ്ഞു
മറ്റൊരു പാട്ടാണ് ഭാരത മേദിനി പോറ്റിവളർത്തിയ എന്നു തുടങ്ങുന്നത്
വീരന്മാരാം പടയാളികളേ
കർമ്മഭൂമിയായ് കരവാളൂരിയ
ദേശഭക്തി തൻ അലയാഴികളേ
നിങ്ങൾ തന്നപദാനം
അമ്മയ്ക്കിന്നഭിമാനം(ഭാരത,...)
തുംഗവീരരാം ബംഗാളികളേ ബംഗാളികളേ
പങ്കാളികളാം പഞ്ചാബികളേ പഞ്ചാബികളേ
ഹിമവാൻ പോറ്റിയ കുമയോണികളേ കുമയോണികളേ
സമരവീരരാം ഒറിയാക്കാരേ
ഉത്തമചരിത മറാത്താനാടിൻ പുത്രന്മാരേ
ഗുജറാത്തികളേ
നിങ്ങൾതന്നപദാനം അമ്മയ്ക്കിന്നഭിമാനം
രാജപുത്രരാം രണനായകരേ രണനായകരേ
വിശാലാന്ധ്രതൻ വീരന്മാരേ വീരന്മാരേ
കന്നഡഭൂവിൻ തനയന്മാരേ തനയന്മാരേ
ചെന്തമിഴ് നാട്ടിലെ വീരന്മാരേ
മലമകളാകിയ കേരളനാടിൻ
മടിയിലുണർന്നൊരു മലയാളികളേ
നിങ്ങൾതന്നപദാനം അമ്മയ്ക്കിന്നഭിമാനം
എന്തിലുമേതിലും ഇൻഡ്യയെന്നൊരു
ചിന്തയിലമരും പോരാളികളേ
ഒരേ രക്തമാർന്നൊരേ ലഹരിയിൽ
രഥം തെളിക്കും തേരാളികളേ തേരാളികളേ
നിങ്ങൾതന്നപദാനം അമ്മയ്ക്കിന്നഭിമാനം
--ഇന്ത്യക്കാരായിരിക്കെ തന്നെ ഓരോ ഇന്ത്യക്കാരും അവരവരുടെ പ്രദേശത്തുകാരാണ്. ഇതുസംബന്ധമായ വിശദാംശങ്ങളിലേയ്ക്ക് ഗാനരചന പുരോഗമിക്കുന്നുണ്ട്.
തമിഴനും മലയാളിയും തന്നെ എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു. അവരെത്ര പരസ്പരം അറിയാത്തവരായിരിക്കുന്നു എന്നതാണല്ലോ നന്‍പകലിന്റെ ഒരു ആശയം. ഈ പശ്ചാത്തലത്തില്‍, ഭാരതമേദിനി പോറ്റിവളര്‍ത്തിയ എന്ന ഗാനം ചിത്രത്തിലില്ലെങ്കിലും പ്രസക്തമായി തോന്നി.
പൊന്‍കുന്നം വര്‍ക്കി എഴുതിയ സ്നേഹസീമ(1954)യിലും പട്ടാളക്കഥയാണ് പരാമര്‍ശിക്കുന്നത്. യുദ്ധരംഗങ്ങള്‍ സ്നേഹസീമയിലും ഉണ്ടായിരുന്നു.സ്നേഹസീമയും നിണമണിഞ്ഞ കാല്പാടുകള് പോലെ കൃസ്ത്യന്‍ പശ്ചാത്തലത്തിലുള്ള സിനിമയായിരുന്നു.
മാനേജറുടെ ചൂഷണവും കടന്നാക്രമണവും സഹിക്കാതെ ജോണി അദ്ധ്യാപക ജോലി രാജി വെയ്ക്കുന്നു. ജോണിയെ അവതരിപ്പിക്കുന്നത് മഹാനായ സത്യനാണ്. കുറച്ചു കാലം ഇഷ്ടികക്കമ്പനിയില്‍ ചക്രം കറക്കുന്ന ജോലിയിലേര്പ്പെട്ടെങ്കിലും സാമ്പത്തിക പ്രയാസം മറി കടക്കാന്‍ അയാള്‍ പട്ടാളത്തില്‍ ചേരുന്നു. ഇതിനിടയില്‍ ഭാര്യ ഓമന ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുന്നുമുണ്ട്. യുദ്ധം പൊട്ടിപ്പുറപ്പെടുന്നു. യുദ്ധത്തിന്റെ കുറെയധികം ദൃശ്യങ്ങള്‍ സ്നേഹ സീമയുടെ കരുത്താണ്. അക്കാലത്ത്, മലയാള സിനിമാ പ്രേക്ഷകര്‍ക്ക് അതൊരു അത്ഭുതം തന്നെയായിരുന്നു. യുദ്ധത്തില്‍ ജോണി മരിച്ചതായി ഔദ്യോഗികമായി വീട്ടുകാരെ അറിയിക്കുന്നു.
നന്‍പകലിലെ യാത്രക്കാര്‍ വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനം കഴിഞ്ഞു വരുന്ന ക്രിസ്ത്യാനികളാണെന്നതിനാല് കൃസ്ത്യന്‍ പശ്ചാത്തലത്തിലുള്ള സിനിമയിലെ പാട്ട് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല എന്നതു പോലുള്ള ബൈബിള്‍ വചനങ്ങളെല്ലാം സിനിമയിലുണ്ട്.ദു:ഖിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും ദൈവം സഹായിക്കും എന്ന വാചകവും ശ്രദ്ധേയമാണ്.
കന്യാതനയാ കരുണാനിലയാ
കൈവെടിയരുതേ മിശിഹായേ
കൈവെടിയരുതേ മിശിഹായേ
കന്യാതനയാ കരുണാനിലയാ...
കുരുടന്നു കൈവടി നീയല്ലോ
കൂരിരുളില്‍ തിരി നീയല്ലോ
കരകാണാത്തൊരു കദനക്കടലില്‍
കനിവിന് തീരം നീയല്ലോ
കനിവിന് തീരം നീയല്ലോ
പാരില്‍ പാപക്കുരിശും പേറി
കാല്‍വരിയേറിയ നായകനേ
മുള്‍മുടി ചൂടുമ്പോഴും കരുണാ -
മുരളികയൂതിയ നായകനേ
നിന്നുടെ നിനവൊരു കൈത്തിരിയായി
മണ്ണിന് വഴിയില്‍ വാഴേണം
മണ്ണിന് വഴിയില്‍ വാഴേണം
കന്യാതനയാ കരുണാനിലയാ
കൈവെടിയരുതേ മിശിഹായേ
കൈവെടിയരുതേ മിശിഹായേ
കന്യാതനയാ കരുണാനിലയാ...
എന്ന ഹൃദ്യമായ ക്രിസ്തീയ ഭക്തിഗാനം പി ഭാസ്ക്കരന്‍ എഴുതി, ബാബുരാജ് സംഗീതം നല്കി പി ലീലയും പുനിതയും ചേര്‍ന്ന് പാടിയതാണ്. മതമൈത്രിയ്ക്ക് ഏറ്റവും മികച്ച ഉദാഹരണം കൂടിയാണിത്.
(പാട്ടുകളിലെ വരികളെല്ലാം എം3ഡിബി എന്ന സൈറ്റില്‍ നിന്നാണ് ലഭിക്കുന്നത്)
പട്ടാളമെന്നാല്‍ എപ്പോഴും യുദ്ധമായിരിക്കുമെന്ന തോന്നലാണ് സ്നേഹസീമയെന്നതു പോലെ നിണമണിഞ്ഞ കാല്പാടുകളും പ്രേക്ഷകര്‍ക്ക് നല്‍കിയത്.വിരമിച്ച പട്ടാളക്കാരുടെ സ്വയം പുകഴ്ത്തിയ അനുഭവകഥനങ്ങളെ പരിഹസിക്കുന്നതിനായി എസ് പി പിള്ള അവതരിപ്പിക്കുന്ന ഒരു കഥാപാത്രവും നിണമണിഞ്ഞ കാല്പാടുകളിലുണ്ട്. കുഞ്ഞൂഞ്ഞ് എന്നു കഥാപാത്രപ്പേരുള്ള ഇങ്ങോര് പട്ടാളത്തില്‍ നിന്ന് ചാടിപ്പോന്നതിനാല് പോലീസ് അറസ്റ്റിലാവുന്നു. പട്ടാളത്തെ ഇതുപോലെ പരിഹസിക്കാന്‍ പുതിയ കാലത്ത് സാധിക്കുമോ എന്ന് കണ്ടറിയണം.
ഭാരതത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ രണാങ്കണത്തില്‍ അടരാടി വീരമൃത്യു വരിച്ച നമ്മുടെ ധീര ജവാന്മാരുടെ പാവനസ്മരണയ്ക്കാണ് നിണമണിഞ്ഞ കാല്പാടുകള് സമര്‍പ്പിച്ചിരിക്കുന്നത്.
ഇതൊന്നും തിരിച്ചറിയാതെയാണ് ഈ സിനിമയിലെ ഒരു പാട്ടുവരി കേള്‍ക്കുമ്പോഴേക്കും മലയാള സിനിമ തുടങ്ങുന്നേനും മുമ്പൊള്ളതാ എന്ന് രൂക്ഷമായി പരിഹസിക്കുന്നത്. കാലത്തോടും കലാ ചരിത്രത്തോടുമുള്ള സാമാന്യ മലയാളിയുടെ നിസ്സംഗമായ അവഗണനയും അജ്ഞതയും ആണിവിടെ യഥാര്‍ത്ഥത്തില്‍ വിമര്‍ശിക്കപ്പെടുന്നത്.
ജി പി രാമചന്ദ്രൻ
Saturday, August 12, 2023
നന്‍പകല്‍ ട്യൂട്ടോറിയല്‍ 6
പരമ്പര എന്ന മലയാള സിനിമ ഇടയ്ക്കു വെച്ച് നിന്നു പോകുന്നതിനു ശേഷം, ബസ്സില്‍ നിന്ന് നിഴല്‍കള്‍ എന്ന സിനിമയിലെ മടൈ തിറന്ത് താവും നദി അലൈ നാന് എന്ന ഗാനം കേള്‍ക്കാം. 1980ലാണ് ഭാരതിരാജ സംവിധാനം ചെയ്ത നിഴല്‍കള്‍ ഇറങ്ങിയത്. ഓഫ് ബീറ്റ് പടമെന്ന നിലയില്‍ ഇറങ്ങിയ കാലത്തും കള്‍ട്ട് ഫിലിമെന്ന നിലയില്‍ പില്ക്കാലത്തും പ്രശസ്തമായ നിഴല്‍കള്‍ വാണിജ്യപരാജയമായിരുന്നു. ഇന്ത്യന്‍ പനോരമയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട നിഴല്‍കള്‍ മികച്ച സംഗീത സംവിധായകനും (ഇളയരാജ), മികച്ച പിന്നണിഗായകനും (എസ് പി ബാലസുബ്രഹ്മണ്യം) ഉള്ള തമിഴ്നാട് സംസ്ഥാന ഫിലിം അവാര്‍ഡുകള്‍ നേടി. മടൈ തിറന്ത് എന്ന പാട്ടു പാടുന്നത് എസ് പിബി തന്നെയാണ്. വൈരമുത്തു ആദ്യമായി പാട്ടെഴുതിയത് നിഴല്‍കളിലാണെങ്കിലും ഈ പാട്ടെഴുതിയത് വാലിയാണ്. തിരക്കഥയും സംഭാഷണവുമെഴുതിയത് മണിവണ്ണന്. അദ്ദേഹത്തിന്റെയും ആദ്യ സിനിമയാണിത്. തേനി സ്വദേശികളായ ഭാരതിരാജ, ഇളയരാജ, വൈരമുത്തു എന്നിവരെല്ലാം തമിഴ് സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ സജീവമായിത്തുടങ്ങിയ കാലമായിരുന്നു അത്. നടപ്പു സിനിമകളുടെ പല രീതികളും അവര്‍ മാറ്റിയെഴുതി. തേനിയിലെയും മധുരൈയിലെയും നാട്ടുജീവിത സംസ്ക്കാര-സംഗീത-ഘടകങ്ങള്‍ അവരുടെ സിനിമകളിലും പാട്ടുകളിലും ധാരാളമായി കടന്നു വന്നു. മണിവണ്ണന് കോയമ്പത്തൂരിലെ സൂളൂര്‍ സ്വദേശിയാണ്. എന്നാല്‍ നിഴല്‍കള്‍ പൂര്‍ണമായും മദ്രാസ്(ചെന്നൈ) നഗരത്തിലെ കഥ തന്നെയാണ് പറയുന്നത്. തൊഴിലില്ലായ്മയും യുവത്വത്തിന്റെ അനിശ്ചിതാവസ്ഥയും പ്രമേയമാകുന്ന നിയോ റിയലിസ്റ്റ് സ്വഭാവമാണ് നിഴല്‍കള്‍ പ്രകടിപ്പിക്കുന്നത്.
വേളാങ്കണ്ണിയില്‍ നിന്ന് എറണാകുളം ജില്ലയിലെ മുവ്വാറ്റുപുഴയിലേയ്ക്ക് ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് വഴിക്കാണോ കുമളി വഴിക്കാണോ വരുന്നത് എന്നത് വ്യക്തമല്ല. എന്നാല്‍ മധുരൈയില്‍ നിന്നുള്ളത് അഥവാ മധുരൈയിലേയ്ക്കുള്ളതായ ഒരു ബസ്സ് ഇവരുടെ ബസ്സിനെ ഓവര്ടേയ്ക്ക് ചെയ്തു പോകുന്നത് അടുത്ത സീനില്‍ കാണുന്നുണ്ട്. അതുകൊണ്ട് മധുരൈ പക്കത്തില് (മധുരൈ അടുത്ത്) ആണ് ഈ ബസ്സ് കടന്നു പോകുന്നത് എന്നു മനസ്സിലാക്കാം. കുമളി വഴിക്കാണെങ്കില്‍ മധുരയിലൂടെ വന്നാലും തിരുച്ചിറാപ്പള്ളിയിലൂടെ വന്നാലും തേനി താണ്ടി വേണം വരാന്‍.ജയിംസ് സുന്ദരമായി (രണ്ടും മമ്മൂട്ടി) മാറുന്ന ഗ്രാമം പൊള്ളാച്ചിയ്ക്കടുത്താണ് ചിത്രീകരിച്ചതെന്ന് റിപ്പോര്‍ടുകളുണ്ട്. അതിനാല്‍ മധുരൈ, പൊള്ളാച്ചി, പാലക്കാട് വഴിക്കായിരിക്കണം ഈ സംഘം മുവാറ്റുപുഴയിലേയ്ക്ക് വരുന്നത് എന്നും കരുതാം.
ഭാരതിരാജയുടെയും ഇളയരാജയുടെയും വൈരമുത്തുവിന്റെയും നാടായ തേനിയിലെത്തുമ്പോള്‍ അഥവാ തേനിയ്ക്കടുത്തെത്തുമ്പോള്‍ അവര്‍ക്ക് ബന്ധമുള്ള അവരുടെ സ്പര്‍ശമുള്ള ഈ പാട്ട് കേള്‍ക്കുന്നു എന്നു കാണാം. ഈ പാട്ടെഴുതിയ വാലി എന്ന ടി എസ് രങ്കരാജന്‍ തിരുച്ചിറാപ്പള്ളി ശ്രീരംഗം സ്വദേശിയും മണിവണ്ണന് കോവൈ സ്വദേശിയുമാണ്.
എഴുപതുകളില്‍ തമിഴ് നാട്ടുജീവിതാഴങ്ങള്‍ സിനിമയിലൂടെ ആവിഷ്ക്കരിച്ചതിലൂടെയാണ് ഭാരതിരാജ വ്യക്തിത്വം തെളിയിച്ചത്. പതിനാറു വയതിനിലെ, കിഴക്കേ പോകും റെയില്‍, ശികപ്പു റോജാക്കള്‍, അലൈകള്‍ ഓയ് വതില്ലൈ, മുതല്‍ മരിയാദൈ, വേദം പുതിത്, കിഴക്കു ചീമയിലെ, കറുത്തമ്മ എന്നിവയെല്ലാം അദ്ദേഹത്തിന്റെ സിനിമകളാണ്. ആറു ദേശീയ അവാര്‍ഡുകളടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കെ കണ്ണന് എഴുതിയ സാതികള്‍ ഇല്ലൈയടി പാപ്പ (ജാതികള്‍ ഇല്ലാ പ്രിയപ്പെട്ടവളേ) എന്ന നാടകത്തെ അവലംബിച്ച് ഭാരതിരാജ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത വേദം പുതിത് (1987) ഇറങ്ങിയ കാലത്ത് ബ്രാഹ്മണസംഘടനകളില്‍ നിന്ന് എതിര്‍പ്പ് പിടിച്ചു പറ്റി. തേവര് സമുദായത്തില്‍ ജനിച്ച ഭാരതിരാജയുടെ ഈ സിനിമയില്‍ ബാലുതേവറുടെയും (സത്യരാജ്) പേച്ചിയുടെയും മകന് ശങ്കരപാണ്ടി ബ്രാഹ്മണജാതിക്കാരിയായ വൈദേഹിയെ പ്രണയിക്കുന്നതാണ് ഇതിവൃത്തം. ബാലുതേവര്‍ നിരീശ്വരവാദിയാണ്. ശക്തമായ ബ്രാഹ്മണവിരുദ്ധ പ്രമേയം സധൈര്യം അവതരിപ്പിക്കുന്ന ഈ സിനിമയെ, തേവര് മകന് അടക്കമുള്ള തേവര് വാഴ്ത്തു സിനിമകളുടെയും അവയെ വിമര്‍ശിച്ചു കൊണ്ട് കടന്നു വന്ന മാരി ശെല്‍വരാജ് സിനിമകളായ പരിയേരും പെരുമാള്‍, കര്ണന്, മാമന്നന് എന്നിവയുടെയും പശ്ചാത്തലത്തില്‍ കൂടുതല്‍ സൂക്ഷ്മമായി വായിക്കേണ്ടതാണ്.
ഇളയരാജയുടെ ടീമില്‍ നാല്പത്തിനാലു വര്‍ഷം പ്രവര്‍ത്തിച്ച ഡ്രമ്മറായ പുരൂസിന്റെ (പുരുഷോത്തമന്) ഡ്രം വാദനവും മടൈ തിറന്തതിന്റെ മുഖ്യാകര്‍ഷണമാണ്. നിഴല്‍കളില്‍ ഈ ഗാനം ചിത്രീകരിച്ചതില്‍ പുരൂസിനെയും ഏതാനും മിനുറ്റുകള്‍ കാണാം. പുതുരാഗം പടൈപ്പതാലേ നാനും ഇരൈവനേ എന്നും ഈ പാട്ടിലുണ്ട്.
மடை திறந்து தாவும் நதி அலை நான் (മടൈ തിറന്ത് താവും നദി അലൈ നാന്)
മട തുറന്ന് ഒഴുകും നദിയുടെ ഒഴുക്കാണ് ഞാന്‍.
மனம் திறந்து கூவும் சிறு குயில் நான் (മനം തിറന്ത് കൂവും സിറു കുയില്‍ നാന്)
മനസ്സ് തുറന്ന് കരയുന്ന ഒരു ചെറുകുയിലാണ് ഞാന്‍.
இசை கலைஞன் என் ஆசைகள் ஆயிரம் நினைத்தது பலித்தது ஹேய் (ഇശൈ കലൈഞന്‍ എന്‍ ആശൈകള്‍ ആയിരം നിനൈത്തതു പലിത്തതു ഹേയ്.)സംഗീതജ്ഞന് ആയ എന്റെ ആയിരം ആഗ്രഹങ്ങള്‍ സഫലമായി
വൈരമുത്തു എഴുതിയ പാട്ട് ഇതു ഒരു പൊന്മലൈ പൊഴുതു എന്നതാണ്. വൈരമുത്തു പില്ക്കാലത്ത് ഇളയരാജയുമായി അകന്നെങ്കിലും ഭാരതിരാജയുമായുള്ള ബന്ധം തുടര്‍ന്നു. അടുത്ത കാലത്ത് ചിന്മയിയും ഭുവന ശേഷനും അടക്കമുള്ളവര്‍ ഉയര്‍ത്തിയ ലൈംഗികാതിക്രമാരോപണം വൈരമുത്തുവിനോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും അധികാരകേന്ദ്രങ്ങളുമായുള്ള പ്രത്യേകിച്ച് ഡിഎംകെയുമായുള്ള അദ്ദേഹത്തിന്റെ ബാന്ധവം മൂലം സാംസ്ക്കാരിക മേധാവിത്തം തുടരുന്നു.
ഗോപി, ഹരി, പ്രഭു എന്നീ മൂന്നു യുവാക്കളാണ് നിഴല്‍കളിലെ മുഖ്യ കഥാപാത്രങ്ങള്‍. ഇവരുടെ സുഹൃത്തായ മഹാ എന്ന മഹാലക്ഷ്മിയാണ് നായിക. രവിയാണ് ഗോപിയെ അവതരിപ്പിച്ചത്. പില്ക്കാലത്ത് നിഴല്‍കള്‍ രവി എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങി. അഞ്ഞൂറിലധികം സിനിമകളിലഭിനയിച്ചിട്ടുണ്ട് നിഴല്‍കള്‍ രവി. ഹരിയെ അവതരിപ്പിച്ചത് ചന്ദ്രശേഖരനും പ്രഭുവെ അവതരിപ്പിച്ചത് രാജശേഖറുമാണ്. മഹാ ആയി രോഹിണി (രാധു)യും അഭിനയിച്ചു.
ബിരുദാനന്തര ബിരുദധാരിയായ ഗോപി തൊഴിലന്വേഷിച്ചും സംഗീതജ്ഞനായ ഹരി ചാന്‍സന്വേഷിച്ചും അലയുന്നു. വാടക പോലും കൊടുക്കാനാവാതെ പട്ടിണി സഹിച്ച് തെരുവിലേയ്ക്ക് വലിച്ചെറിയപ്പെടുന്നു. ചിത്രകാരനായ പ്രഭു കഞ്ചാവിന്റെ ലഹരിയില്‍ ക്ലാസില്‍ കയറാതെ അലയുന്നവനുമാണ്. മഹാലക്ഷ്മിയ്ക്ക് ട്യൂഷനെടുക്കാന്‍ ചെന്ന ഗോപിയുമായി അവള് പ്രണയത്തിലാവുന്നു. ഇതിനിടയില്‍ പ്രഭുവും അവളെ പ്രേമിക്കുന്നുണ്ട്.
നഗരത്തെ ദുരന്തങ്ങളുടെ ഭൂമികയായി അവതരിപ്പിക്കുന്നതാണ് മുഖ്യപ്രമേയം. ഇന്ത്യന്‍ നഗരങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുള്ള കോടിക്കണക്കിന് ഗ്രാമീണരുടെ തീരാത്ത നിസ്സഹായത തന്നെയാണ് ഈ മഹാദുരന്തം. തിരക്കഥാ കൃത്തായ മണിവണ്ണന് കീഴാള ജാതിക്കാരനായ ഒരു ഓട്ടോ ഡ്രൈവറായി അഭിനയിക്കുന്നു. നിര്‍ണായക സമയത്ത് ഗോപിയുടെയും ഹരിയുടെയും രക്ഷക്കെത്തുന്നത് അയാളാണ്. എന്നാല്‍, ഇത് നയിക്കുന്നത് അയാളുടെ മകന്റെ മരണത്തിലേയ്ക്കാണ്. എല്ലാം കൊണ്ടും അസഹനീയമായ കാര്യങ്ങളാണ് ഒന്നിനു പുറകെ ഒന്നായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നിഴല്‍കളിന്റെ കഥയെഴുതിയ മണിവണ്ണന് അമ്പതു സിനിമകള്‍ സംവിധാനം ചെയ്യുകയും നാനൂറിലധികം സിനിമകളിലഭിനയിക്കുകയും ചെയ്ത കലാകാരനും രാഷ്ട്രീയ നേതാവുമാണ്. ദ്രാവിഡ മുന്നേറ്റ്ര കഴകത്തിലും മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ്ര കഴകത്തിലും ഏറ്റവുമവസാനം നാം തമിഴര്‍ കക്ഷിയിലും (തീവ്ര പ്രാസംഗികനായ സീമാന്‍ ആണ് ഇപ്പോഴത്തെ പ്രമുഖ നേതാവ്) പ്രവര്‍ത്തിച്ച മണിവണ്ണന് ശ്രീലങ്കന്‍ തമിഴ് വിമോചന ദേശീയതയുടെ തുറന്ന പിന്തുണക്കാരനാണ്. 2013ല്‍ അന്തരിച്ച മണിവണ്ണന്റെ ശരീരം തമിഴ് ഈഴപ്പതാക പുതപ്പിച്ച ശേഷമാണ് സംസ്ക്കരിച്ചത്. നിഴല്‍കളിനു പുറമെ അലൈകള്‍ ഓയ് വതില്ലൈയുടെയും കാതല്‍ ഓവിയത്തിന്റെയും കഥയെഴുതിയ മണിവണ്ണന്റെ അമൈതിപ്പടൈ ശക്തമായ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ്. നൂറാവത് നാള്, ഇരുപത്തിനാല് മണിനേരം പോലുള്ള മണിവണ്ണന് സിനിമകള്‍ കാണികളെ ത്രസിപ്പിക്കുന്ന ത്രില്ലറുകളാണ്. കലൈഞര്‍ കരുണാനിധി എഴുതിയ പാലൈ വന റോജാക്കള്‍ മണിവണ്ണന് സംവിധാനം ചെയ്ത സിനിമയാണ്. ശിവാജി ഗണേശന് സംവിധാനം ചെയ്ത ജല്ലിക്കെട്ട് (1987) അദ്ദേഹത്തിന്റെ സിനിമയാണ്.
ഇളയരാജയെക്കുറിച്ചുള്ള ആലോചനകള്‍ നമ്മുടെയെല്ലാം സാമൂഹ്യ ഓര്‍മ്മയുടെയും ആനന്ദത്തിന്റെയും ഭാഗമായതുകൊണ്ട് പ്രത്യേകം വിവരിക്കുന്നില്ല.
നിഴല്‍കള്‍ ഏറെ പരീക്ഷണാത്മകമായ സിനിമയാണെങ്കിലും; മറ്റേതൊരു സിനിമയിലുമെന്നതു പോലെ, തമിഴ് സമൂഹത്തിലെ ജാതി-വര്‍ഗ-ലിംഗ നിലകള്‍ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ അടയാളപ്പെടുന്നുവെന്നതും രേഖപ്പെടുത്തേണ്ടതുണ്ട്. അസ്വസ്ഥരായ മൂന്ന് ആധുനിക ചെറുപ്പക്കാരായ ഗോപി, ഹരി, പ്രഭു എന്നിവരും വീട്ടുകാരുടെ എതിര്‍പ്പു വക വെക്കാതെ അവരെ മൂന്നു പേരെയും സഹായിച്ച മഹാലക്ഷ്മിയും അവരെയെല്ലാവരെയും സഹായിച്ച ഓട്ടോ ഡ്രൈവര്‍ മണിയും അവരുടെ ഭാവിയെക്കുറിച്ച് ഗാഢമായ ആലോചനകളിലും ചര്‍ച്ചകളിലും ഏര്‍പ്പെട്ടിരിക്കുകയാണ്. അസ്വസ്ഥ-ആധുനിക യുവാക്കള്‍ പൂങ്കൈ(പൊതുപ്പൂന്തോട്ടം അഥവാ ഗാര്ഡന്)യിലെ ബഞ്ചില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുമ്പോള്‍ മഹാലക്ഷ്മി സ്ത്രീകഥാപാത്ര സഹജമായ ഒതുക്കത്തോടെ വൃക്ഷത്തറയില്‍ ഇരിക്കുന്നു. കീഴാളനും ദരിദ്രനുമായ മണിയാകട്ടെ നിലത്ത് മണ്ണിലാണ് ഇരിക്കുന്നത്. ധരിച്ചിരിക്കുന്നത് കാക്കി അരട്രൗസറും. മേല്‍ജാതിക്കാരുടെയും ധനികരുടെയും വീട്ടിരിപ്പുമുറികളില്‍ ഇരിക്കുന്നതു പോലെയാണ് പൊതുപ്പൂന്തോട്ടത്തില്‍ പോലും അയാള്‍ ഇരിക്കുന്നത് എന്നതിലൂടെ അടയാളപ്പെടുന്ന സാമൂഹികതയും സാമാന്യബോധവും സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
മലയാളികളും തമിഴരും അല്ലാത്തവരുമായ സിനിമാ പ്രേമികളും അല്ലാത്തവരുമായ മനുഷ്യര്‍ മറന്നാലും ഇല്ലെങ്കിലും സിനിമാപരീക്ഷണങ്ങളും അന്വേഷണങ്ങളും സംഭാവനകളും സംസ്ക്കാര ചരിത്രങ്ങളില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെന്ന വാസ്തവം നന്‍പകലില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.
ജി പി രാമചന്ദ്രൻ
Thursday, August 3, 2023
നന്‍പകല്‍ ട്യൂട്ടോറിയല്‍ - 1
ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും പ്രാചീനമായ ഭാഷകളില്‍ പ്രധാനമാണ് തമിഴ്. തമിഴ്നാട്, പുതുച്ചേരി, ഈഴം, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി എട്ടു കോടിയോളം പേരാണ് തമിഴ് സംസാരിക്കുന്നത്. ബിസി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതെന്ന് കരുതുന്ന മഹത്തായ തമിഴ് സാഹിത്യകൃതിയായ തിരുക്കുറള്‍, ജീവിതത്തെ സംബന്ധിച്ച തത്വശാസ്ത്രമാണ് ചര്‍ച്ച ചെയ്യുന്നത്. സംസ്ക്കാരവും ഭാവനയും അതിലുണ്ട്. തിരുവള്ളുവര്‍ ആണ് രചയിതാവ്. തമിഴ് ഔദ്യോഗിക കലണ്ടര്‍ തിരുവള്ളുവറിന്റെ ജന്മം നടന്നതെന്നു കരുതുന്ന ബിസി മുപ്പത്തൊന്നില്‍ നിന്നാണ് ആരംഭിക്കുന്നത്. ആയിരത്തി മുന്നൂറ്റി മുപ്പത് പദ്യങ്ങളാണ് തിരുക്കുറളിലുള്ളത്. മൂന്നു ഭാഗങ്ങള്‍ - ധാര്‍മ്മികത, ഭൗതികത, ആസക്തി എന്നിങ്ങനെ. നൂറു കണക്കിന് ഭാഷകളില്‍ ആയിരക്കണക്കിന് വ്യാഖ്യാനങ്ങള്‍ തിരുക്കുറളിന്റേതായുണ്ട്. ഏറ്റവും ഒടുവിലിറങ്ങിയ മീന കന്തസാമിയുടെ ആസക്തിയുടെ പുസ്തകം, തിരുക്കുറളിന്റെ മൂന്നാം ഭാഗമായ കാമത്തുപ്പാലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്. ആയിരക്കണക്കിന് പുരുഷന്മാര് പരിഭാഷപ്പെടുത്തിയ ഈ ഭാഗത്തിന്റെ ആദ്യത്തെ സ്ത്രൈണ പരിഭാഷയാണ് മീന കന്തസാമിയുടെ ദ് ബുക്ക് ഓഫ് ഡിസൈയര്‍.
നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ ആദ്യഭാഗത്ത് വേളാങ്കണ്ണിയിലെ ലോഡ്ജില്‍ നിന്ന് വാടകയെല്ലാമൊടുക്കി മലയാളികളുടെ സംഘം തിരിച്ചു പോരുന്ന സമയത്ത് റിസപ്ഷന്റെ അടുത്ത് ചുമരില്‍ തിരുവള്ളുവറുടെ ചിത്രവും തിരുക്കുറളിലെ 339 ആമത് വരിയുമുണ്ട്.
ഉറങ്കുവതു പോലാഞ് ചാക്കാടു
ഉറങ്കി വിഴിപ്പതു പോലും പിറപ്പ്
ഉറക്കത്തിലിരിക്കുന്നത് മരണം. ഉറക്കത്തിലിരുന്ന് എഴുന്നേല്‍ക്കുന്നത് ജനനം എന്നാണ് ഇതിന്റെ വാച്യാര്‍ത്ഥം.
ജനനവും മരണവും ലോകത്ത് നിത്യസാധാരണം. അത് രണ്ടും ഒഴിവാക്കാനാവാത്തതാണ്. അതു രണ്ടും ഉറങ്ങുന്നതും എഴുന്നേല്ക്കുന്നതും പോലെ ലളിതമായ കാര്യങ്ങള്‍. അതു കൊണ്ട് ഇവിടെ എല്ലാവരും എല്ലാക്കാലത്തും ഉണ്ടാകുമെന്ന് കരുതരുത് എന്നാണ് ഈ വരികളുടെ ഒരു വ്യാഖ്യാനം.
തമിഴ് നാട്ടിലും പുറത്തും കേരളത്തില്‍ പോലും സുപരിചിതമായ തിരുക്കുറള്‍, പക്ഷേ കേട്ടിട്ടേ ഇല്ലാത്ത ഒന്നായിട്ടാണ് ജെയിംസ്(മമ്മൂട്ടി) കണക്കാക്കുന്നത്. അത് സാമാന്യ മലയാളിയുടെ അശ്രദ്ധാപരമായ അജ്ഞത (ഇഗ്നറന്‍സ്) ആണെന്നു സ്പഷ്ടം. മാത്രമല്ല, തിരുക്കുറള്‍ എന്നത് നാടകത്തിനു പറ്റിയ പേരാണെന്നും ജെയിംസ് പറയുന്നു. തിരുക്കുറള്‍ വരി വായിച്ചുകൊടുക്കുകയും കുശലാന്വേഷണം തുടരുകയും ചെയ്യുന്ന മാനേജര്‍ പക്ഷെ ഇതിനെയൊക്കെ തീരെ സാധാരണമായി എടുക്കുന്നു. അതായത്, വായനയിലൂടെയും ജ്ഞാനത്തിലൂടെയും എത്തേണ്ട പരിപാകത അയാള്‍ക്കുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അങ്ങിനെയും തിരുക്കുറള്‍ സാധൂകരിക്കപ്പെടുന്നു.
തിരുവള്ളുവറിന്റെ പടം കണ്ട്, ഇങ്ങോരുടെ പ്രതിമ കന്യാകുമാരിയിലുണ്ടെന്നും അവിടെ സുനാമി അടിച്ചെന്നും ജയിംസ് ജനറല്‍ നോളജ് വിളമ്പുന്നു. അതുക്കുമേലെ ഒരലൈയും വരാത്. എന്നാണ് മാനേജര്‍ ഉടനെ പ്രതികരിക്കുന്നത്. അതായത്, തിരുവള്ളുവരുടെ ഉയരം വാനോളമോ അതുക്കും മേലേയോ ആണെന്നും അതിനു മേലെ തിരമാലകളോ മറ്റോ ഒന്നും അടിക്കില്ലെന്നുമാണ് അദ്ദേഹം തറപ്പിച്ചു പറയുന്നത്.
(അനുബന്ധം: ഇത്രയുമായ സ്ഥിതിയ്ക്ക് ജയിംസിന് ഒരു ജനറല്‍ നോളജ് വാചകം കൂടി കാച്ചാമായിരുന്നു. ഓ തിരുവള്ളുവര്‍. ഇന്താളുടെ ഒരു ബസ് സര്‍വീസ് ഓടിയിരുന്നു. ഇപ്പോ കാണാനില്ല.
അതോടെ തമിഴന് മാനേജര്‍ ഫ്ളാറ്റാവും. തമിഴ്നാട് സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട് ബസ്സുകള്‍ മുമ്പ് പല പേരിലുള്ള കോര്‍പ്പറേഷനുകളായാണ് പ്രവര്‍ത്തിച്ചിരുന്നത്. ചേരന്(കൊവൈ), പാണ്ഡ്യന്(മധുരൈ), പല്ലവന്‍(മദ്രാസ്), നേശമണി(കന്യാകുമാരി), ജീവ(ഈറോഡ്) എന്നിങ്ങനെ. അക്കാലത്തെ എക്സ്പ്രസ്സ് ബസ്സുകളുടെ മാത്രം കോര്‍പ്പറേഷനായിരുന്നു, തിരുവള്ളുവര്‍. മുഖ്യ നഗരങ്ങളില്‍ ഈ ബസ്സുകള്‍ക്കു മാത്രമായി പ്രത്യേക ബസ് സ്റ്റാന്റുകള്‍ തന്നെ ഉണ്ടാവും. കോയമ്പത്തൂരില്‍, ഗാന്ധിപുരത്ത് സാധാരണ ബസ് സ്റ്റാന്റും ടൗണ്‍ ബസ് സ്റ്റാന്റും കൂടാതെ തിരുവള്ളുവര്‍ ബസ് സ്റ്റാന്റും ഉണ്ട്. അവിടന്നാണ് എക്സ്പ്രസ്സ് ബസ്സുകള്‍ ഇപ്പോഴും ഓപ്പറേറ്റ് ചെയ്യുന്നത്.)
--
നന്‍പകല്‍ നേരത്ത് മയക്കം ഇഗ്നൊറന്‍സിനെക്കുറിച്ചുള്ള സിനിമ കൂടിയാണ്. നമ്മളെന്താണ് മറന്നു പോകുന്നത്, ആരെയാണ് മറന്നു പോകുന്നത് അല്ലെങ്കില്‍ ഓര്‍ത്തെടുക്കുന്നത് എന്നെല്ലാമുള്ള തത്വചിന്താപരമായ ചോദ്യങ്ങള്‍ പറയാതെ പറയുന്ന ആഖ്യാനത്തിലേയ്ക്ക് കണ്‍തുറപ്പിക്കുന്ന വരികളാണ് തിരുക്കുറളില്‍ നിന്നെടുത്ത് ആ ലോഡ്ജ് റിസപ്ഷനില്‍ എഴുതിയിരിക്കുന്നത്. അഥവാ അവിടെ മുമ്പേ എഴുതിയിട്ടുണ്ടാവുമായിരുന്ന ആ വരികളില്‍ നിന്ന് ആഖ്യാനവുമായി നിര്‍മ്മിക്കുന്ന പാരസ്പര്യമാണ് സിനിമയുടെ ബലങ്ങളിലൊന്ന്.
ജി പി രാമചന്ദ്രൻ
Monday, April 3, 2023
നൻ പകൽ ട്യൂട്ടോറിയൽ 5.
വേളാങ്കണ്ണിയിൽ നിന്നുള്ള ടെമ്പോ ഇടയിൽ ഭക്ഷണം കഴിക്കാനും യാത്രക്കാർക്ക് പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനുമായി ഒഴിഞ്ഞ സ്ഥലത്തെ ഹോട്ടലിൽ നിർത്തി വീണ്ടും പുറപ്പെടുമ്പോൾ ചില നാടൻ പാട്ടുകളും മറ്റും പാടിക്കഴിഞ്ഞ്, ടെമ്പോയിലെ ടിവിയിൽ ഒരു മലയാള സിനിമ ഇടുന്നു. എസ് എൻ സ്വാമി കഥയും തിരക്കഥയുമെഴുതി സിബി മലയിൽ സംവിധാനം ചെയ്ത പരമ്പര (1990) എന്ന വർണ്ണചിത്രമാണ് കളിക്കുന്നത്. എല്ലാവരും സാകൂതം ശ്രദ്ധിച്ച് സിനിമയിൽ ലയിച്ചിരിക്കുന്നതിനിടെ സിഡി (അല്ലെങ്കിൽ കാസറ്റ്) സ്റ്റക്കായി നിന്നു പോവുന്നു. യാത്രകളിൽ മാത്രമല്ല, അക്കാലത്ത് വീട്ടിലോ മറ്റിടങ്ങളിലോ സിനിമ കാണുമ്പോഴൊക്കെ ഈ പ്രശ്നം സാധാരണമായിരുന്നു. ഉപകരണങ്ങളുടെയും സിഡി/ഡിവിഡി/കാസറ്റ് എന്നിവയുടെയും നിലവാരക്കുറവ്, തുടർച്ചയായി ഉപയോഗിച്ചതിനാലുള്ള തകരാറുകൾ ഇതെല്ലാം ഈ തടസ്സങ്ങൾക്ക് കാരണമാകാറുണ്ട്. ദൂരദർശൻ സംപ്രേക്ഷണത്തിൽ പോലും തടസ്സം എന്നെഴുതിക്കാണിക്കാറുണ്ടായിരുന്നു. ഒരു സമൂഹത്തിന്റെ സാങ്കേതിക പരിമിതാവസ്ഥയുടെ ചരിത്രമാണിവിടെ തെളിഞ്ഞത്. ഇപ്പോൾ അത്തരം പ്രശ്നങ്ങൾ ഏറെക്കൂറെ പരിഹരിക്കപ്പെട്ടു. സിനിമകൾ ഇപ്പോൾ ശേഖരിക്കപ്പെടുന്നത് ക്ലൗഡുകളിലും ഓൺലൈൻ ആയും മറ്റുമാണ്.
മറ്റൊരു പ്രധാന വസ്തുത, പരമ്പരയിലെ മുഖ്യ ആൺ കഥാപാത്രങ്ങളെ നൻ പകലിലെ മുഖ്യ അഭിനേതാവായ മമ്മൂട്ടി തന്നെയാണ് അവതരിപ്പിക്കുന്നത് എന്നതാണ്. ഇവിടെ സുന്ദരമായി മാറി വീണ്ടും ജെയിംസ് തന്നെ ആവുന്ന ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ ഇരട്ടകളാണ് പരമ്പരയിലെ അച്ഛനും മകനും. അധോലോക രാജാവായ ലോറൻസും മകൻ ജോണിയുമാണ് രണ്ടു മമ്മൂട്ടികൾ. മുപ്പത്തിരണ്ടു കൊല്ലം മുമ്പ് സൂപ്പർ സ്റ്റാറായി മലയാള സിനിമയെ നിയന്ത്രിച്ചിരുന്നവരിലൊരാളായിരുന്ന മമ്മൂട്ടി ഇപ്പോൾ മമ്മൂട്ടിക്കമ്പനി എന്ന പേരിൽ നിർമ്മാണ സംരംഭം തുടങ്ങി നിർമ്മിച്ച സിനിമയാണ് നൻ പകൽ നേരത്ത് മയക്കം.
മലയാള സിനിമയിലെ പ്രമേയം, ആവിഷ്ക്കാരം, താരപരത, കാഴ്ചാസമ്പ്രദായങ്ങൾ, ആസ്വാദനം എന്നിവയുടെ ചരിത്രപരാമർശം എന്ന ഡോക്കുമെന്റിനൊപ്പം, അതിലെ ഭാവനാ സ്വാതന്ത്ര്യത്തെ പ്രയോജനപ്പെടുത്തുകയുമാണ് ലിജോ ജോസ് പെല്ലിശ്ശേരി. പരമ്പര സിനിമയുടെ ആദ്യഭാഗം മാത്രമേ യാത്രക്കാരായ കാണികൾ കാണുന്നുള്ളൂ. ഇക്കൂട്ടത്തിൽ മുമ്പിൽ തന്നെ ഇരിക്കുന്ന ജയിംസ് എന്ന മമ്മൂട്ടി അതിൽ വലിയ താല്പര്യം കാണിക്കുന്നില്ല. തമിഴ് പാട്ടുകൾ, തമിഴ് ഭക്ഷണം, എന്നിവയോടൊക്കെ വിപ്രതിപത്തിയുള്ള ജയിംസിന് പരമ്പര പോലുള്ള മുഖ്യധാരാ മലയാള സിനിമകളും ഇഷ്ടപ്പെടുന്നില്ല എന്നു വേണം മനസ്സിലാക്കാൻ. നാടക കലാകാരന്മാരും അവരുടെ കുടുംബാംഗങ്ങളുമാണ് യാത്രാസംഘം. കലാകാരന്മാരും രാഷ്ട്രീയക്കാരും അടങ്ങുന്ന സാമാന്യ ജനത പരമ്പര പോലുള്ള അധോലോക വാഴ്ത്തൽ വിമർശനവും കുടുംബമഹത്വവും കൊണ്ടാടുന്ന സിനിമകൾ പൊതുവേ ഇഷ്ടപ്പെട്ടിരുന്ന ദശകങ്ങൾ ആയിരുന്നു എൺപതുകളും തൊണ്ണൂറുകളും. ധ്രുവം പോലുള്ള ഫാസിസ്റ്റ് സിനിമകളും സിബിഐ ഡയറിക്കുറിപ്പ് പോലുള്ള ജാത്യഹങ്കാര സിനിമകളും എഴുതിയ തിരക്കഥാകൃത്താണ് പരമ്പരയും എഴുതിയിരിക്കുന്നത്.
പരമ്പരയുടെ ഇരുപത്തൊന്ന്, ഇരുപത്തിരണ്ട്, ഇരുപത്തിമൂന്ന് മിനുറ്റുകളിലെ ദൃശ്യചലനങ്ങളും ശബ്ദസംഭാഷണങ്ങളുമാണ് നാം യാത്രക്കാരായ കാണികളോടൊപ്പം, അവർക്കു വേണ്ടി കാണുന്നത്. ലോറൻസ് എന്ന വൃദ്ധ മമ്മൂട്ടിയുടെ ബോംബേ ബംഗ്ലാവിൽ നീണ്ട പതിനേഴ് വർഷത്തിനു ശേഷം ജോണി എന്ന മകൻ മമ്മൂട്ടിയും അച്ഛനും അഭിമുഖം നിൽക്കുന്ന വൈകാരിക മുഹൂർത്തമാണീ ഇരുപത്തിരണ്ടാം മിനുറ്റ്. എന്റെ മകനെവിടെ? എന്നാണ് ജോണി ചോദിക്കുന്നത്. പതിനേഴ് വർഷം കഴിഞ്ഞ് നദി ന്റെ ഡാഡിയെ കാണുമ്പോൾ ഇതാണോ ചോദിക്കാനുള്ളത് എന്നാണ് ലോറൻസ് തിരിച്ചു ചോദിക്കുന്നത്. സസ്പെൻസും തിരിമറികളും നിറഞ്ഞ കഥാഖ്യാനത്തിന്റെ സുപ്രധാന മർമ്മമാണീ ഇരുപത്തിരണ്ടാം മിനുറ്റ്. രക്തബന്ധം ഒരാളുടെ കുടുംബ-സമൂഹ-ഗ്രാമ ജീവിതത്തെ നിർണയിക്കുകയും നിർവചിക്കുകയും തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ടോ എന്ന വ്യക്തി സ്വാതന്ത്ര്യ പരമായ ചോദ്യം നൻ പകലിനു വേണ്ടി, പരമ്പരയെ മുൻ നിർത്തി ഇവിടെ ഉന്നയിക്കപ്പെടുന്നു.
ജോണിയുടെ മകനെ സിനിമയുടെ തുടക്കത്തിൽ തന്നെ ആരോ തട്ടിക്കൊണ്ടു പോകുന്നു. സുമലത അവതരിപ്പിക്കുന്ന മീരയുടെ അച്ഛനായ മുൻ പൊലീസ് ആപ്പീസർ (എം എസ് തൃപ്പൂണിത്തുറ) തമിഴന്മാരായിരിക്കും കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പ്രാഥമികമായ നിഗമനത്തിലെത്തുന്നുണ്ട്. തമിഴ്നാട്ടുകാർ ആളുകളെ ഉപദ്രവിക്കുന്നവരാണെന്ന് നൻ പകലിലെ ബസ്സ് യാത്രക്കാരും പിന്നീട് പറയുന്നുണ്ട്. ഇതു കാണിക്കുന്നത് അവരിൽ ആ സംശയം ഉണ്ടാക്കുന്നതിൽ പരമ്പരയുടെ ആദ്യ ഇരുപത്തിരണ്ട് മിനുറ്റുകൾ പങ്കു വഹിച്ചിട്ടുണ്ടെന്നാണ്. ജനപ്രിയ സിനിമകൾ എങ്ങനെയാണ് പൊതുബോധത്തെ സാമാന്യമായും സൂക്ഷ്മമായും രൂപപ്പെടുത്തുന്നത് എന്നതാണിവിടെ രേഖപ്പെടുത്തപ്പെടുന്നത്.
ജി പി രാമചന്ദ്രൻ
നന് പകല്‍ ട്യൂട്ടോറിയല്‍ 4
വേളാങ്കണ്ണിയില്‍ നിന്ന് തീര്‍ത്ഥാടകരായ മലയാളികളുടെ നാടകവണ്ടി നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിക്കുമ്പോള്‍, ഇരിക്കും ഇടത്തെ വിട്ട് ഇല്ലാത ഇടം തേടി എങ്കെങ്കോ അലൈകിന്റ്രാർ ഞാനത്തങ്കമേ എന്ന പാട്ടാണ് ഉച്ചത്തിലും വ്യക്തമായും നാം കേള്‍ക്കുന്നത്. ബസ്സിലെ സ്പീക്കറിലായിരിക്കണം ഈ പാട്ട് വെച്ചിരിക്കുന്നത്. തമിഴ് പാട്ട് വെക്കുന്നതിന് ഡ്രൈവറെ പിന്നീട് ജയിംസ് (മമ്മൂട്ടി) ശകാരിക്കുന്നുണ്ട്. ശിവാജി ഗണേശന് അഞ്ചു കഥാപാത്രങ്ങളായി അഭിനയിക്കുന്ന 1967ലെ ഹിറ്റു പുരാണ സിനിമയായ തിരുവരുട്ച്ചെല്‍വറിലേതാണ് ഈ പാട്ട്. കണ്ണദാസന് രചന നിര്‍വഹിച്ചു. കെവി മഹാദേവന് സംഗീതം നല്കി. ശീര്‍കാഴി ഗോവിന്ദരാജന്‍ പാടി.
ഈ പാട്ട് കേൾക്കുന്ന സമയത്ത് വേളാങ്കണ്ണിയിലെ തെരുവുകളിലും പള്ളിയിലും പല കാരണങ്ങളാൽ കാത്തും കുത്തിയുമിരിക്കുന്ന ആളുകളുടെ മുഖദൃശ്യങ്ങൾ കാണാം. വെർത്തോവിന്റെ മാൻ വിത്ത് എ മൂവി ക്യാമറയിലെ ദൃശ്യങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ ഓരോ മുഖങ്ങളും ഓരോ കഥാചരിത്രം, ഓരോരോ സുഖ ദു:ഖങ്ങൾ, വ്യഥകൾ, ആകാംക്ഷകൾ, നിരാശകൾ, പ്രത്യാശകൾ പേറുന്നുണ്ട്. ചെവിയിൽ ബീഡി വെച്ച് വായിലൂടെ പുക വിടുന്ന ദിവ്യാത്ഭുതപ്രവർത്തകനെയും ഇതിനിടയിൽ കാണാം.
എ പി നാഗരാജന് സംവിധാനം ചെയ്ത തിരുവരുട്ച്ചെല്‍വര്‍ 1967 ജൂലൈ 28നാണ് പ്രദര്‍ശനം ആരംഭിച്ചത്. മദ്രാസിലെ ശാന്തി (ഡീലക്സ് എയര്‍കണ്ടീഷന്‍ഡ്), ക്രൗണ്‍, ഭുവനേശ്വരി എന്നീ സിനിമാശാലകളില്‍ റിലീസ് ചെയ്ത സിനിമയുടെ വിതരണം നിര്‍വഹിച്ചത് ശിവാജി റിലീസ് ആണ്. ശിവാജി ഗണേശന്റെ ഉടമസ്ഥതയിലുള്ള ശാന്തി തിയേറ്റര്‍ മൗണ്ട് റോഡില്‍ (അണ്ണാ ശാലൈ) തന്നെയാണുള്ളത്.
ഈ പുരാണ സിനിമയില്‍ ശിവഭഗവാനായി വേഷമിടുന്നത് ജമിനി ഗണേശനാണ്. അക്കാലത്തെ സിനിമകളില്‍ പലതിലും ദൈവമായി വേഷമിടുന്നത് ജമിനി തന്നെയായിരുന്നു. സാവിത്രി, ആര് മുത്തുരാമന്, പത്മിനി, കെ ആര് വിജയ, നാഗേഷ്, മനോരമ, വി നാഗയ്യ, ജി ശകുന്തള, ഇ ആര് സഹദേവന്, കുട്ടി പത്മിനി എന്നിവരും അഭിനയിക്കുന്ന തിരുവരുട്ച്ചെല്‍വറിലാണ് ശ്രീവിദ്യ ആദ്യമായി അതും ബാലതാരമായി അഭിനയിച്ചത്. ടൈറ്റിലില്‍ വിദ്യ മൂര്‍ത്തി എന്നായിരുന്നു കൊടുത്തിരുന്നത്.
മന്നവന്‍ വന്താനടി, ഉലകെല്ലാം, തുടങ്ങി പതിനൊന്ന് പാട്ടുകളാണ് തിരുവരുട്ച്ചെല്‍വറിലുള്ളത്.
ചേ(സേ)ക്കിഴാര്‍ എഴുതിയ പെരിയ പുരാണം അഥവാ തിരുത്തൊണ്ടര്‍ പുരാണം എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ഈ സിനിമ എടുത്തിട്ടുള്ളത്. വേളാങ്കണ്ണിയിലെ മാതാ പള്ളി സന്ദര്‍ശിക്കുന്ന കൃസ്ത്യാനികളായ നാടകസംഘാംഗങ്ങളുടെ തിരിച്ചുവരവു സമയത്ത്, തമിഴ് നാട്ടില്‍ ഏറെ ജനപ്രിയമായ ഒരു ഹിന്ദുപുരാണ സിനിമയിലെ പാട്ടാണ് ആദ്യം പശ്ചാത്തലമായി വരുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. തമിഴ്നാട്ടിലെ സവിശേഷമായ കഥാപാരമ്പര്യത്തില്‍ നിന്നാണ് ഈ കഥ വരുന്നത് എന്നതും വിസ്മരിക്കരുത്. പി എന്‍ ഗോപീകൃഷ്ണന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഇന്ത്യന്‍ സിനിമയിലെ ഫാല്‍ക്കെ സാമ്രാജ്യത്തില്‍ പെട്ട സിനിമയാണിതെങ്കിലും തമിഴ് സവിശേഷ-പ്രാദേശിക സംസ്ക്കാര ചരിത്രത്തിലാണ് അതിന്റെ വേരുകളും ആഴങ്ങളും എന്നതാണ് പ്രധാനം.
1135 മുതല്‍ 1150 വരെ ഭരിച്ചിരുന്ന കുലോത്തുംഗ ചോളന് രണ്ടാമന്റെ മന്ത്രിയായിരുന്നു ചേ(സേ)ക്കിഴാര്‍. കടുത്ത ശൈവഭക്തനായ അദ്ദേഹം, ശൈവാരാധകരായ ഭക്തരെ തേടി യാത്ര ആരംഭിക്കുകയാണ്. തീര്‍ത്ഥാടനം തന്നെ ഒരു യാത്രയാണ്. തീര്‍ത്ഥാടകരെ തേടിയുള്ള യാത്ര എന്നത് എത്ര വിശാലമായ സങ്കല്പമാണെന്നു നോക്കുക. നന്‍പകല്‍ നേരത്ത് മയക്കത്തില്‍ വേളാങ്കണ്ണി മാതാവിനെ കാണാനും ആരാധിക്കാനുമായെത്തുന്ന മലയാളികള്‍, അന്യഥാ തമിഴരെയും തമിഴ് നാട്ടുകാരെയും വില കല്പിക്കുന്നവരല്ല. എന്നാല്‍ അതേ തമിഴര്‍ക്കിടയില്‍ അവരാല്‍ സംരക്ഷിക്കപ്പെട്ട് വിലസിക്കുന്ന വേളാങ്കണ്ണി പള്ളിയിലെത്തുമ്പോള്‍ അവര്‍ക്ക് മനസ്സുഖവും ശാന്തിയും ദൈവസാന്നിദ്ധ്യവും അനുഭവിക്കാനാവുന്നു. കൃസ്ത്യന്‍ ഭക്തര്‍, ഹിന്ദു മതത്തിനുള്ളിലെ മുഖ്യ ഉപവിഭാഗമായ ശൈവരുടെ കഥയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്നു എന്നതാണിവിടത്തെ സവിശേഷത.
മൂന്നു കൊല്ലത്തെ യാത്രയാണ് ചേ(സേ)ക്കിഴാര്‍ നടത്തുന്നത്. പിന്നീട് ചിദംബരത്തിരുന്ന് അദ്ദേഹം അതെല്ലാം എഴുതി സമാഹരിച്ചു. ചിദംബരത്തെ നടരാജപ്പെരുമാള്‍ (ശിവന് നര്‍ത്തകനായി അവതരിക്കുന്നു) അദ്ദേഹത്തെ നേരിട്ട് ഉലകെല്ലാം എന്നുച്ചരിച്ചു കൊണ്ട് അനുഗ്രഹിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
അറുപത്തി മൂന്ന് കടുത്ത ഭക്തരാണ് ശിവനുള്ളത്. ഇവരെ നായനാര്‍മാര്‍ എന്നാണ് വിളിക്കുന്നത്. നായന്മാർ നായന്മാർകൾ എന്നും പറയാറുണ്ട്. തമിഴ്നാട്ടിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം ഈ അറുപത്തിമൂന്ന് നായനാര്‍മാരുടെ വിഗ്രഹങ്ങളുമുണ്ടാവും. ഭക്തര്‍ പ്രധാന ശിവവിഗ്രഹത്തെ തൊഴുന്നതിനു പുറമെ ഈ അറുപത്തിമൂന്നു വിഗ്രഹങ്ങളെയും തൊഴുതാണ് ക്ഷേത്ര സന്ദര്‍ശനം അവസാനിപ്പിക്കാറ്. അതിലൊരു നായനാരായി മാറാനാവുക എന്നതാണ് ഓരോ ശിവഭക്തന്റെയും സ്വപ്നം. ചെന്നൈ മൈലാപ്പൂര് കപാലീശ്വരര്‍ കോവിലില്‍ അര്‍പത്തു മൂവര്‍ വിഴാ (അറുപത്തി മൂന്ന് നായനാര്‍ ആഘോഷം) എന്ന ഉത്സവം തന്നെയുണ്ട്.
തിരുവരുട്ച്ചെല്‍വര്‍ റിലീസായ വര്‍ഷത്തില്‍ ദ്രാവിഡ മുന്നേറ്റ്ര കഴകം തമിഴ്നാട്ടില്‍ വന്‍ വിജയം നേടി. ഡിഎംകെ നിരീശ്വരവാദികളുടെ പാര്ടിയാണെന്ന ധാരണയുണ്ടെങ്കിലും തമിഴ് മക്കളില്‍ ഭൂരിപക്ഷവും ഭക്തര്‍ തന്നെയാണ്. എന്നാല്‍, ഹിന്ദു പുരാണത്തിന്റെ തന്നെ തമിഴ് വ്യാഖ്യാനങ്ങളും ഉപകഥകളുമാണവര്‍ക്കിഷ്ടം. അതാണ് ഈ തെരഞ്ഞെടുപ്പ്, സിനിമാവിജയങ്ങളുടെ ദ്വന്ദ്വം സൂചിപ്പിക്കുന്നത്.
മന്നവന്‍ വന്താനടി എന്ന പാട്ട് പി സുശീലയാണ് പാടിയത്. സുശീലാമ്മ പാടാന്‍ വന്നപ്പോള്‍ റെക്കോഡിംഗ് സ്റ്റുഡിയോയില്‍ ശിവാജി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ അവര്‍ക്ക് പാടാനായില്ല. അതിനെ തുടര്‍ന്ന് ശിവാജി സ്റ്റുഡിയോ വിട്ടു പോയി. എന്നിട്ടാണ് സുശീല പാടിയത്. ഈ പാട്ടിന്റെ ദൃശ്യാവതരണത്തില്‍, പത്മിനിയുടെ ഉജ്വലമായ നൃത്തം കാണാം.
ദ് വരാന്ത ക്ലബ്ബില്‍ ഭാരതി രാമണ്ണ എഴുതിയ നിരൂപണം തിരുവരുട്ച്ചെല്‍വറിനെ അടുത്തറിയാന്‍ സഹായിച്ചു.
തങ്ങളിരിക്കുന്ന ഇടം ഉപേക്ഷിച്ച് ഇല്ലാത്ത സ്ഥലം തേടി എങ്ങോട്ടൊക്കെയോ അലയുന്ന ബുദ്ധിമാനായ പ്രിയാ എന്നാണ് പാട്ടിന്റെ വാച്യാര്‍ത്ഥം. ശൈവാവതാരമായി അഭിനയിക്കുന്ന ജമിനി ഗണേശനാണ് ഈ പാട്ടു പാടുന്നത്. അതു കേട്ട് അദ്ദേഹത്തിനു പിന്നാലെ ശിവാജി അത്ഭുതപരതന്ത്രനായി പോകുന്നു.
അടുത്ത വരികൾ
ഉന്നൈയേ നിനൈത്തിരുപ്പാന്‍ ഉണ്മൈയേ താന്‍ ഉരൈപ്പാന്‍ ഊരുക്കു പഗൈയാവാന്‍ ഞാനത്തങ്കമേ.
(നിന്നെ തന്നെ വിചാരിച്ചിരിക്കും സത്യം മാത്രമേ പറയൂ. നാടിന് ശത്രുവാകും.)
വേളാങ്കണ്ണിയിലേയ്ക്ക് കേരളീയ ക്രിസ്ത്യൻ തീർത്ഥാടകർ യാത്ര ചെയ്യുന്നതു പോലെ ശബരിമലയിലേയ്ക്ക് തമിഴ് (അല്ലാത്തവരും) ഹിന്ദു തീർത്ഥാടകർ യാത്ര ചെയ്യുന്നു. ഈ യാഥാർത്ഥ്യം പിന്നീട് നൻ പകൽ നേരത്ത് മയക്കത്തിൽ സൂചിപ്പിക്കുന്നുണ്ട്. മൂവാറ്റുപുഴയിലാണ് മലയാളത്താന്മാരുടെ വീട് എന്നു പറയുമ്പോൾ അത് ശബരിമല പക്കമാ (അടുത്താണോ)? എന്നൊരാൾ ചോദിക്കുന്നു.
ജി പി രാമചന്ദ്രൻ
നൻ പകൽ ട്യൂട്ടോറിയൽ 3
മലയാള സിനിമയിൽ നിന്ന് മലയാള സിനിമയിലേയ്ക്കുള്ള ദൂരം.
മലയാള സിനിമയെ അതിന്റെ ചരിത്രത്തിൽ പ്രതിനിധീകരിയ്ക്കാൻ രണ്ടു സിനിമകൾ തെരഞ്ഞെടുക്കുന്നു.
1. ചെമ്മീൻ(രാമു കാര്യാട്ട്/1965)
2. പിറവി(ഷാജി എൻ കരുൺ/1988)
ഈ രണ്ടു സിനിമകളും മലയാള സിനിമയുടെ പ്രശസ്തി ദേശീയ തലത്തിലും സാർവദേശീയ തലത്തിലും ഉയർത്തി എത്തിച്ചു.
തകഴിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി എടുത്ത ചെമ്മീൻ ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ പുരസ്കാരം- സ്വർണ്ണകമൽ - കരസ്ഥമാക്കിയ ആദ്യത്തെ മലയാള സിനിമയാണ്. പുറക്കാട് കടപ്പുറമാണ് ചെമ്മീനിന്റെ കഥാപശ്ചാത്തലം. മലയാളത്തിനു പുറത്തു നിന്ന് സലിൽ ചൗധരി (സംഗീതം), ഋഷികേശ് മുക്കർജി (എഡിറ്റിംഗ്), മാർക്കസ് ബർട്ട്ലി(ഛായാഗ്രഹണം), മന്നാഡേ(പാട്ട്) എന്നീ പ്രമുഖരെ സഹകരിപ്പിച്ച ചെമ്മീനിലെ പ്രാദേശിക ഭാഷാപ്രയോഗം അഥവാ സംഭാഷണങ്ങൾക്കായുപയോഗിച്ച ഭാഷാഭേദം ഏതെന്നത് അന്നുതന്നെ അന്വേഷിയ്ക്കപ്പെട്ടിരുന്നു. അതിലുള്ള കലർപ്പിനെക്കുറിച്ച് പ്രമുഖരും അപ്രമുഖരുമായ ചിലർ വിമർശനമുന്നയിച്ചു. അതായത്, പുറക്കാട് കടപ്പുറത്ത് പ്രചാരത്തിലുള്ള ഭാഷാഭേദവും അതിന്റെ സവിശേഷതകളുമല്ല ചെമ്മീനിലെ മുക്കുവരായ കഥാപാത്രങ്ങൾ സംസാരിക്കുന്നത് എന്നായിരുന്നു വിമർശനത്തിന്റെ അന്തസ്സത്ത. കടപ്പുറത്തിന്റെ ഭാഷയാണെന്ന് തോന്നലുളവാക്കുകയും വേണം എന്നാൽ സാമാന്യ മലയാളിയ്ക്ക് മനസ്സിലാകുകയും വേണം എന്ന നിലയിലുള്ള ഒരു സമ്മേളനമാണ് രാമു കാര്യാട്ട് സ്വീകരിച്ചത് എന്നു വിലയിരുത്തപ്പെട്ടു. ഒരു ജനപ്രിയ പൊതു മാധ്യമമായ സിനിമയിൽ അത്തരമൊരു സമീപനം സ്വീകരിക്കുന്നത് ന്യായീകരിക്കാവുന്നതേ ഉള്ളൂ.
ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ പിറവി, കാൻ മേളയിലെ ക്യാമറ ദെ ഓർ അടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടി. പിറവിയിലെ മർമ്മമായ അപ്രത്യക്ഷമാകൽ, അടിയന്തരാവസ്ഥയിൽ നടന്ന രാജന്റെ തിരോധാനത്തിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ചതാണെന്നെല്ലാവരും തിരിച്ചറിഞ്ഞു. വാര്യർക്കു പകരം ചാക്യാർ എന്നിങ്ങനെ അമ്പലവാസി സമുദായത്തിനകത്തു തന്നെ ഇതി വൃത്തത്തിന്റെ ജാതിവേരുകൾ കുഴിച്ചിട്ട ആഖ്യാനത്തിന്റെ കാലസങ്കൽപ്പത്തിൽ വരുത്തിയ അട്ടിമറി അഥവാ കൂടു വിട്ട് കൂടു മാറൽ പക്ഷെ ഭയാനകമായിരുന്നു. അടിയന്തരാവസ്ഥാവർഷങ്ങൾക്കു (1975-77) പകരം എൺപത്തെട്ടിലെ കേരള സർക്കാർ കലണ്ടർ, ആരെയാണ് കുറ്റവിമുക്തരാക്കുന്നത്?
സാംസ്കാരിക അടിസ്ഥാനവും ആവിഷ്ക്കാരവും തമ്മിലുള്ള; സാധൂകരിക്കാവുന്നതും അല്ലാത്തതുമായ പിളർപ്പുകൾ സിനിമാസ്വാദനത്തെ സന്ദിഗ്ദ്ധമാക്കി തീർത്തു. ചരിത്ര-കാല-ഭൗമിക-സംസ്ക്കാര നിലമകളിൽ കാണി ഗതി കിട്ടാതെ ഉഴലുന്നു.
എന്നാൽ, നൻ പകൽ നേരത്തെ സ്വപ്നജാഗരങ്ങൾക്കിടയിൽ സ്വഭാവേന സംഭാവ്യമായ പിളർപ്പു പോലും ദൃശ്യമല്ല എന്നതാണ് ശ്രദ്ധേയം. രൂപശില്പത്തിന്റെ കാര്യത്തിൽ അന്താരാഷ്ട്ര നിലവാരത്തിലെത്തുന്ന നൻ പകൽ നേരത്ത് മയക്കം; കേരളം, മലയാളം, മലയാള സിനിമ, തമിഴ്നാട്, തമിഴ്, തമിഴ് സിനിമ എന്നീ സൂക്ഷ്മഘടകങ്ങളിൽ ഒരു എളുപ്പവും സ്വീകരിക്കുന്നില്ല. സാമാന്യ തമിഴന് മനസ്സിലാവുന്ന മലയാളമോ സാമാന്യ മലയാളിക്ക് മനസ്സിലാവുന്ന തമിഴോ പ്രയോഗിക്കാമായിരുന്നിടത്ത്, ഗവേഷണൗത്സുക്യത്തോടെ കൂടുതൽ കൂടുതൽ ആഴത്തിലേയ്ക്കു അനിയന്ത്രിതമായി കുതിയ്ക്കുകയാണ് സിനിമ. മലയാളമേത് തമിഴേത് എന്നു തിരിച്ചറിയാത്ത ഉത്തരേന്ത്യക്കാർക്കോ വിദേശകാണിയ്ക്കോ ആസ്വദിച്ചു തുറപ്പിക്കാൻ കഴിയുന്ന ഒരു താക്കോലുകളും സിനിമയ്ക്കുള്ളിലോ ഒപ്പമോ ലഭ്യമല്ല.
മലയാള സിനിമയെ ദേശീയ/ദേശാന്തര പ്രശസ്തിയിലേയ്ക്കുയർത്തിയ സിനിമകൾ നമ്മുടെ പ്രാദേശികത്വത്തെ കാഴ്ച/ബോധ്യപ്പെടൽ എന്ന വ്യവഹാരത്തിനകത്ത് ഉറപ്പിച്ചപ്പോൾ; നൻ പകൽ നേരത്ത് മയക്കം അതിനെ അന്വേഷണത്തിന്റെ വിശാലതയിലേയ്ക്കും ആഴങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നു.
ദേശീയ ജൂറിയംഗങ്ങളുടെയും സായിപ്പിന്റെയും ഒപ്പിനു വേണ്ടി നിർമ്മിക്കപ്പെട്ട സിനിമയല്ല നൻ പകൽ നേരത്ത് മയക്കം എന്നും പറയാം.
ജി പി രാമചന്ദ്രൻ
Subscribe to:
Posts (Atom)
















