
മലയാള സിനിമാ ചരിത്രത്തില്‍ സവിശേഷമായ ഒരു സ്ഥാനമാണ് ഓളവും തീരവും എന്ന ചിത്രത്തിനുള്ളത്. 1970ലാണ് ഈ ചിത്രം പുറത്തു വന്നത്. മലയാള സാഹിത്യം, നവോത്ഥാന ചിന്ത, ഐക്യ കേരള പ്രസ്ഥാനം, നാടകവും സംഗീതവുമടക്കമുള്ള മറ്റ് കലകള്‍ എന്നിവയില്‍ നിന്നൊക്കെ ഊര്‍ജ്ജം സംഭരിച്ച് സ്വതസ്സിദ്ധമായ തരത്തില്‍ വളര്‍ച്ച പ്രാപിച്ച സൃഷ്ടികളാണ് അമ്പതുകളുടെ രണ്ടാം പകുതിയിലും അറുപതുകളിലും മലയാള സിനിമയിലുണ്ടായത്. ഈ വളര്‍ച്ചയുടെയും ആര്‍ജ്ജവത്തിന്റെയും കേരളീയ-മലയാള സ്വത്വബോധത്തിന്റെയും നിറവും പാകപ്പെടലും സമ്പൂര്‍ത്തീകരണവുമായിരുന്നു ഓളവും തീരവും. എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ ഈ ചിത്രം നിര്‍മ്മിച്ചത് പി എ ബക്കറും സംവിധാനം ചെയ്തത് പി എന്‍ മേനോനുമാണ്. ക്യാമറ മങ്കട രവിവര്‍മ്മയും സംഗീതം ബാബുരാജും കൈകാര്യം ചെയ്തു. മധുവായിരുന്നു നായകകഥാപാത്രത്തെ അവതരിപ്പിച്ചത്.

മലയാള സിനിമാപ്രേക്ഷകന് ഏറെയൊന്നും പരിചിതമല്ലാത്ത ഒരു പ്രദേശത്തിന്റെയും ഒരു ജനവിഭാഗത്തിന്റെയും കഥയാണ് ഓളവും തീരവുമില്‍ അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍, ഒട്ടും തന്നെ അപരിചിതത്വ ശങ്കയില്ലാതെയാണ് പ്രേക്ഷകസമൂഹം ഈ ചിത്രത്തെ ഏറ്റു വാങ്ങിയത്(മറക്കാനാവാത്ത മലയാള സിനിമകള്‍-വിജയകൃഷ്ണന്-ചിന്ത പബ്ളിഷേഴ്സ്-പേജ്37). ഈ നിരീക്ഷണത്തിലെ മലയാള സിനിമാ പ്രേക്ഷകന് എന്ന കര്‍തൃത്വത്തിന്റെ പ്രാദേശികത തെക്കന്‍ കേരളവും സാമുദായികത ഹൈന്ദവ സവര്‍ണതയും ലിംഗം പുരുഷത്വവും ആയിരുന്നു എന്ന് വ്യക്തമാണ്. മറ്റൊരര്‍ത്ഥത്തില്‍ പുരോഗമനപരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമ്പതുകളിലെയും അറുപതുകളിലെയും മലയാള സിനിമയുടെയും അതിന്റെ പ്രേക്ഷകരുടെയും പരിമിതികള്‍ ഈ നിരീക്ഷണത്തെ അപനിര്‍മ്മിച്ചാല്‍ വ്യക്തമാവുകയും ചെയ്യും. സമ്പൂര്‍ണമായ വാതില്‍പ്പുറ ചിത്രീകരണം, ചലച്ചിത്രഭാഷയെ നാടകസ്റേജിന്റെ ചതുരയുക്തികളില്‍ നിന്ന് വിമോചിപ്പിച്ചത്, ഗ്രാമീണവും മലയാളിത്തം നിറഞ്ഞു നില്ക്കുന്നതുമായ ഇതിവൃത്തം, പ്രാദേശിക വഴക്കങ്ങളുടെ തനിമ ചോര്‍ന്നു പോകാത്ത സംഭാഷണ ശൈലി എന്നിങ്ങനെയുള്ള നിരവധി സവിശേഷതകള്‍ കൊണ്ട് പക്വവും ധീരവുമായ വഴിത്തിരിവു (ട്രെന്റ് സെറ്റര്‍) സിനിമയായി ഓളവും തീരവും ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടു.
ഓളവും തീരവും മലയാള സിനിമയിലെ രണ്ടു കാലഘട്ടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമത്രെ. അറുപതുകളില്‍ സാഹിത്യകൃതികളെ ആശ്രയിച്ച് രൂപം കൊണ്ട ചലച്ചിത്രപ്രസ്ഥാനത്തിലെ അവസാനത്തെ പ്രസക്ത ചലച്ചിത്രമാണത്; ഒപ്പം എഴുപതുകളിലെ നവസിനിമക്ക് തുടക്കം കുറിച്ച ചിത്രവും.(മലയാള സിനിമയുടെ കഥ-വിജയകൃഷ്ണന്-മാതൃഭൂമി ബുക്സ്-പേജ് 128) എഴുപതുകളില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനവും ആര്‍ട് സിനിമാ പരീക്ഷണങ്ങളും ചേര്‍ന്ന് മാറ്റി മറിച്ച ഭാവുകത്വം, ഓളവും തീരവും എന്ന ചിത്രത്തിലെത്തിച്ചേര്‍ന്ന മലയാള സിനിമയുടെ, സ്വന്തം സ്ഥലകാലത്തിലൂന്നിയ വളര്‍ച്ചയെ കൈയൊഴിഞ്ഞു. രണ്ടാം ലോകയുദ്ധാനന്തരം യൂറോപ്പില്‍ രൂപപ്പെട്ട ആധുനികതയുടെ ഇതിവൃത്ത-ആഖ്യാന ശീലങ്ങളെ കോപ്പിയടിക്കാനുള്ള പരിശ്രമങ്ങളാല്‍, പുറമെ വാഴ്ത്തപ്പെടുമ്പോഴും അകമേ ക്ഷീണം പ്രാപിക്കുന്ന ഒന്നായി മലയാളത്തിലെ നവസിനിമ ജനങ്ങളില്‍ നിന്ന് അകന്നു പോകുന്ന സാംസ്ക്കാരിക വ്യവസ്ഥയായി പില്ക്കാലത്ത് പരിണമിക്കുകയും ചെയ്തു.
ഇതേ ഭാവുകത്വ പരിണാമത്തിന് സമാന്തരമായി കേരളത്തിലെ പ്രബല ന്യൂനപക്ഷമായ മുസ്ളിം ജീവിതത്തിന്റെ ചലച്ചിത്ര പ്രതിനിധാനത്തില്‍ വന്ന ഗുരുതരമായ മാറ്റങ്ങളെയാണ് ഈ കുറിപ്പ് പരിശോധിക്കുന്നത്. അതിനായി, ഓളവും തീരവും എന്ന ചിത്രത്തിനു പുറമെ എം ടി വാസുദേവന്‍ നായര്‍ ആദ്യമായി സംവിധാനം ചെയ്ത നിര്‍മാല്യം എന്ന ചിത്രവുമാണ് പരിഗണിക്കുന്നത്. ഓളവും തീരവും എന്ന ചിത്രത്തില്‍ ഏറെക്കൂറെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ മലബാറിലുള്ള മുസ്ളിം വംശജരാണ്. കഥാന്ത്യത്തില്‍ പരാജയപ്പെടുന്നവനെങ്കിലും നീതിബോധവും സദാചാരവും കാരുണ്യബോധവും സ്വപ്രത്യയസ്ഥൈര്യവും കൈവിടാത്ത നായകന്(ബാപ്പുട്ടി), നായകനുമായുള്ള പ്രണയം സാക്ഷാത്ക്കരിക്കപ്പെടാതെ പോകുകയും പ്രതിനായകനാല്‍ ചാരിത്രഭംഗം കൈവരുകയും ചെയ്യുന്ന നായിക(നെബീസു), പ്രവാസിജീവിതം കഴിഞ്ഞ് പുത്തന്‍ പണക്കാരനായി തിരിച്ചുവരുകയും നായികയെ ബലാത്സംഗം ചെയ്യുകയും നായകന്റെ തല്ല് ഏറ്റുവാങ്ങുകയും ചെയ്യുന്ന വിടുവായനായ പ്രതിനായകന്(കുഞ്ഞാലി), നായകനെ ഉപദേശിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന മുതിര്‍ന്ന കഥാപാത്രം(മമ്മദ്ക്കാ), വ്യഭിചാരിണി(ബീവാത്തുമ്മ), നായകന് പ്രേരണയാകുന്ന വിധത്തില്‍ ധീരമായി ജീവിക്കുകയും അതേ സമയം കുടുംബപരമായി ഒറ്റപ്പെടല്‍ സ്വയം വരിക്കുകയും ചെയ്ത് മരിച്ചു പോവുന്ന അപരനായകന്‍(അബ്ദു), പലിശക്കാരി(ആയിശുമ്മ), നാട്ടു ചട്ടമ്പി(സുലൈമാന്‍), കെട്ടുകയും ആവശ്യം കഴിയുമ്പോള്‍ മൊഴി ചൊല്ലുകയും ചെയ്യുന്നതിലൂടെ തിരക്കഥാകാരന് മതവിമര്‍ശനം നടത്താനും കഷ്ടപ്പെടുന്ന സ്ത്രീത്വത്തോട് ഐക്യപ്പെടാനും ഉതകുന്ന കഥാപാത്രം(മൊല്ലാക്ക) എന്നിങ്ങനെ ഇതിവൃത്തത്തിന്റെ എല്ലാ അരികുകളും നിറക്കാന്‍ പാകത്തില്‍ പല സ്വഭാവമുള്ള കഥാപാത്രങ്ങളെ മുസ്ളിം സമുദായത്തില്‍ നിന്ന് സധൈര്യം സ്വീകരിച്ച സിനിമയായിരുന്നു ഓളവും തീരവും. ഒരു പക്ഷെ, അത്തരത്തില്‍ വിവിധ സ്വഭാവം പ്രകടിപ്പിക്കുന്നതും നന്മ-തിന്മ കാലുഷ്യങ്ങളൊക്കെയും ആരോപിക്കാവുന്നതുമായ വ്യത്യസ്ത മുസ്ളിം കഥാപാത്രങ്ങളെ പ്രധാനമായും ഉള്‍പ്പെടുത്തിയ അവസാനത്തെ ജനപ്രിയ മലയാള സിനിമയുമായിരിക്കും ഓളവും തീരവും. ഓളവും തീരവും തിരക്കഥയില്‍ സീന്‍ 34 ഇപ്രകാരം ആരംഭിക്കുന്നു: ബീവാത്തുമ്മയുടെ പറമ്പിനടുത്ത്: വേലിക്കരുകില്‍ നാട്ടുപെണ്ണുങ്ങള്‍. ഒരു വശത്ത് ബീവാത്തുമ്മ മറുവശത്ത് ചെറുമി, നീലി, ഒരുമ്മ, ഒരു ഹിന്ദുസ്ത്രീ.(ഓളവും തീരവും തിരക്കഥ-എം ടി വാസുദേവന്‍ നായര്‍-കറന്റ് ബുക്സ് തൃശൂര്‍ - പേജ് 50). എഴുപതുകളിലും അതിനുശേഷവും എഴുതപ്പെട്ട ഏതെങ്കിലും തിരക്കഥയില്‍ ഒരു ഹിന്ദുസ്ത്രീ എന്ന പ്രയോഗം കാണാനിടയില്ല. അത്തരം ഒരാവശ്യം വരുമ്പോള്‍ ഒരു സ്ത്രീ എന്നേ എഴുതേണ്ടതുള്ളൂ. എന്നാല്‍ ഒരു മുസ്ളിം സ്ത്രീ എന്നാണെങ്കില്‍ അപ്രകാരം എഴുതുകയും വേണം.
എഴുപതുകളില്‍ മലയാള ജനപ്രിയ സിനിമയുടെ വ്യവഹാരവ്യവസ്ഥകളും ഫോര്‍മുലകളും തിരുത്തയെഴുതപ്പെട്ടു. ഈ തിരുത്തിയെഴുത്തില്‍ മുസ്ളിം കഥാപാത്ര വൈവിധ്യം എന്ന ഘടകത്തെയും ഉപേക്ഷിച്ചതായി കാണാം. പില്ക്കാലത്തും അപൂര്‍വ്വം സിനിമകളില്‍ മുസ്ളിം ജീവിതം മുഖ്യ കഥാഗാത്രമായി സ്വീകരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും അവയെ പൊതുവെ കേരളീയ പ്രേക്ഷകവൃന്ദം തള്ളിക്കളഞ്ഞതായിട്ടാണനുഭവം. ഈ പ്രേക്ഷക കര്‍തൃത്വം നേരത്തെ വിജയകൃഷ്ണന്റെ നിരീക്ഷണത്തില്‍ സൂചിപ്പിച്ച മുസ്ളിമിനെയും മലബാറിനെയും അപരിചിതത്വത്തില്‍ നിര്‍ത്തിയവരില്‍ നിന്നു തന്നെയാണ് രൂപപ്പെട്ടത് എന്നതുമാകാം അത്തരം തള്ളിക്കളയലിന്റെ അടിസ്ഥാനം.

എം ടിയുടെ പള്ളിവാളും കാല്‍ച്ചിലമ്പും എന്ന ചെറുകഥയെയാണ് നിര്‍മാല്യം(1973) എന്ന ചിത്രം അവലംബമാക്കിയിട്ടുള്ളത്. ചെറുകഥയില്‍ നിന്ന് സിനിമയിലെത്തുമ്പോഴുള്ള സംഘര്‍ഷഭരിതവും പ്രകടവുമായ ചില മാറ്റങ്ങള്‍ സവിശേഷമാണ്. മൂശാരി നാണുവിന്റെ പുരയിലെത്തി തന്റെ കുലചിഹ്നവും ദേവനര്‍ത്തനത്തിന്റെ ഉപാധിയുമായ പള്ളിവാളും കാല്‍ച്ചിലമ്പും റാത്തല് കണക്കില്‍ തൂക്കി വിറ്റ് ദാരിദ്ര്യമകറ്റാനുള്ള വഴിയന്വേഷിക്കുന്ന വെളിച്ചപ്പാടിലാണ് ചെറുകഥ അവസാനിക്കുന്നത്. സിനിമയിലാകട്ടെ ഇത്തരം അപവിത്രമായ വില്‍പ്പനക്ക് ശ്രമിക്കുന്നത് തെറിച്ചവനും മുടിഞ്ഞുപോകുന്നവനുമായ മകന് അപ്പുവാണ്. അവനോട് രോഷം കൊണ്ട് അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും അവനെതിരെ കലി തുള്ളുകയുമാണ് വെളിച്ചപ്പാട് ചെയ്യുന്നത്. മറ്റൊരു രീതിയില്‍ നിരീക്ഷിച്ചാല്‍; ചെറുകഥാ രചയിതാവിനെതിരെ അഥവാ തന്റെ തന്നെ മുന്‍കാല ലിഖിത സാഹിത്യ രചനയുടെ പരിപ്രേക്ഷ്യത്തിനെതിരെ; തിരക്കഥാകാരനും സംവിധായകനുമായിത്തീരുന്ന എം ടി കലി തുള്ളി എതിര്‍ക്കുന്ന ഒരു പരിണാമമായും ഇതിനെ വ്യാഖ്യാനിക്കാം. എന്നാല്‍, ഏറ്റവും സുപ്രധാനമായ മാറ്റം സിനിമയുടെ ഇതിവൃത്തത്തില്‍, മൈമുണ്ണി എന്ന മുസ്ളിം കഥാപാത്രം കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഇയാളുടെ കൊള്ളരുതായ്മകളാണ് കഥാഗതിയെ പല നിര്‍ണായക അവസരങ്ങളിലും സ്വാധീനിക്കുന്നതും വഴി തിരിച്ചു വിടുന്നതും. 1970ല്‍, വ്യത്യസ്ത പ്രതിനിധാനങ്ങളില്‍ അണിനിരത്താന്‍ മാത്രം വൈവിധ്യമുണ്ടായിരുന്ന മുസ്ളിമിനെ അസന്മാര്‍ഗിയുടെ ഒറ്റ പ്രതിനിധാനത്തിലേക്ക് വെട്ടിച്ചുരുക്കാന്‍ മൂന്നു കൊല്ലം കൊണ്ട് എം ടിക്ക് സാധ്യമായി എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
വഴിപാട് കുറഞ്ഞ വരുമാനം തീരെ ഇല്ലാതായ ശാന്തിപ്പണി വിട്ട്, നമ്പൂരി അമ്പലം വിട്ടു പോകുന്ന രംഗമാണ്, നിര്മാല്യത്തില് രണ്ടാമത്തെ സീനായി ചിത്രീകരിച്ചിട്ടുള്ളത്. വല്ല കിളക്കാനോ തേവാനോ പോയാല്‍ ഇതിലധികം ലഭ്യണ്ട് എന്നാണ് ശാന്തി രാജി വെച്ച് പോകുന്ന ബ്രാഹ്മണന് വേവലാതിപ്പെടുന്നത്. അതായത്, വംശപരമായ ഉത്ക്കര്‍ഷത്തിനു പകരം വര്‍ഗ പരമായ ഉത്ക്കര്‍ഷത്തെത്തുടര്‍ന്ന് ഉത്പാദനക്ഷമമായ തൊഴിലുകളില്‍ - ഇവിടെ സൂചിപ്പിക്കുന്നത് കൃഷി - ഏര്‍പ്പെടുന്നവര്‍ക്ക് മര്യാദക്കൂലി ലഭിച്ചു തുടങ്ങുകയും ജാതി മഹിമ കൊണ്ട് സ്വായത്തമായ ശാന്തി പോലുള്ള 'മഹത്തായ' കുലത്തൊഴിലുകാര്‍ പട്ടിണിയാവുകയും ചെയ്യുന്ന വൈപരീത്യത്തെയാണ് രചയിതാവ്/നിര്‍മാതാവ്/സംവിധായകന് വെളിപ്പെടുത്തുന്നത്.
ഇത്തരത്തില്‍ പുരോഗമനപരവും ഉത്പാദനോത്സുകവുമായ മാറ്റത്തില്‍ വേദനിക്കുന്ന പരിപ്രേക്ഷ്യത്തെ മതേതരം, വര്‍ഗീയതാ വിരുദ്ധം, പുരോഗമനപരം എന്നൊക്കെ വ്യാഖ്യാനിക്കാന്‍ മലയാളി മുതിര്‍ന്നു എന്നതാണ് ഏറ്റവും കൌതുകകരമായ ചരിത്രയാഥാര്‍ത്ഥ്യം. മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചാല്‍, എഴുപതുകളോടെ സജീവമായ നവീന സിനിമയുടെ ഉള്ളടക്കം തൊഴിലാളി വിരുദ്ധവും മൃദുഹിന്ദുത്വപരവുമായിരുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് നിര്‍മാല്യം എന്നും സമര്‍ത്ഥിക്കാവുന്നതാണ്. അക്കാലത്തു തന്നെ മലയാള സിനിമയില്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്ന നവസിനിമയുടെ ദൃശ്യസമീപനത്തിലെ പൊളിച്ചെഴുത്തുകളുമായി ബന്ധപ്പെടാതെ പുതിയ സിനിമക്ക് ജനകീയമായ ഒരു പുതിയ ദൃശ്യവ്യാകരണം രചിച്ചു നല്കി നിര്‍മാല്യം എന്നും, സ്വര്‍ണം പൂശിയ താഴികക്കുടങ്ങളുമായി അഹങ്കാരത്തോടെ തലയുയര്‍ത്തി നില്ക്കുന്ന ഈ വിശ്വാസമേടകളുടെ(ദേവാലയങ്ങള്‍) പുതിയ പ്രതാപകാലത്ത് നിര്‍മാല്യമുന്നയിച്ച കലാപത്തിന്റെ മാനുഷികയുക്തികള്‍ കൂടുതല്‍ പ്രസക്തമാവുകയാണ് എന്നും നിരീക്ഷീക്കപ്പെട്ടിരിക്കെ(നിര്‍മാല്യത്തിലെ വിശ്വാസകലാപം- ആലങ്കോട് ലീലാകൃഷ്ണന്-കാണി നേരം, കാണി ഫിലിം സൊസൈറ്റി വാര്‍ഷികപ്പതിപ്പ് 2010), മനുഷ്യനു വേണ്ടിയെന്നതിനു പകരം സവര്‍ണ ഹിന്ദുവിനു വേണ്ടി എന്നും വീടിനു വേണ്ടിയെന്നതിനു പകരം ദേവാലയത്തിനു വേണ്ടി എന്നും മാറ്റി വായിച്ചാല്‍ മാത്രമേ നിര്‍മാല്യം ഏതു പക്ഷം പിടിച്ച കലാപമാണ് നടത്തിയത് എന്നു ബോധ്യപ്പെടൂ.
ഊരാളനും നാട്ട്വാര്‍ക്കും അമ്പലം വേണ്ടാച്ചാല് പിന്നെ നമുക്കാ? എന്നാണ് ശാന്തി വിട്ടു പോകുന്ന ബ്രാഹ്മണന് ചോദിക്കുന്നത്. ഈ ചോദ്യത്തിനുള്ള കാലത്തിന്റെയും കേരള സമൂഹത്തിന്റെയും മറുപടിയും പരിഹാരക്രിയയുമായിട്ടായിരിക്കണം; പിന്നീടുള്ള പതിറ്റാണ്ടുകളില്‍ ക്ഷേത്രം, ശാന്തി, ദേവസ്വം, തീര്‍ത്ഥയാത്രകള്‍ എന്നിവ വന്‍ വ്യവസായങ്ങളായി പരിണമിച്ചത്. ഗുരുവായൂരും ശബരിമലയിലും തന്ത്രിമാരായും ശാന്തിക്കാരായും ഒരു വര്‍ഷത്തേക്ക് നിയമനം ലഭിക്കുന്നവര്‍ക്ക് അവരുടെ മാത്രമല്ല, വരും തലമുറകളുടെ വരെ മുഴുവന്‍ ആവശ്യങ്ങളും ധൂര്‍ത്തുകളും നിറവേറ്റാന്‍ മാത്രം 'വരായ'* ലഭ്യമാവുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
രണ്ടു പറ നെല്ലും വെളിച്ചെണ്ണേം കൊണ്ട് മാസം കഴിയുമോ എന്നാണ് വെളിച്ചപ്പാടി(ഈ കഥാപാത്രത്തെ ഹൃദയസ്പൃക്കായി അവതരിപ്പിച്ച പി ജെ ആന്റണിക്ക് ഭരത് അവാര്‍ഡ് ലഭിക്കുകയുണ്ടായി) ന്റെ ഭാര്യ ചോദിക്കുന്നത്. തമ്പുരാനെ കാണുമ്പോള്‍ ഒരു പറ നെല്ലു കൂടി ചോദിക്കരുതോ എന്ന അവരുടെ ആവലാതിക്കു പുറകെയാണ് ഈ ജീവിതസത്യം വെളിപ്പെടുന്നത്. ശാന്തിക്കാര്യം പറയുന്നതിനിടയിലാണോ നെല്ലിന്റെ കാര്യം എന്ന് വെളിച്ചപ്പാട് അവളെ പരിഹസിക്കുകയും ശകാരിക്കുകയും ചെയ്യുന്നു. ചെയ്യുന്ന ജോലിക്ക് മര്യാദക്ക് കൂലി ചോദിച്ചുവാങ്ങിത്തുടങ്ങിയ തൊഴിലാളിവര്‍ഗത്തിന് പ്രായപൂര്‍ത്തിയെത്തിയ കാലമായിരുന്നു കേരളത്തിലെ എഴുപതുകള്‍. വേണ്ടത്ര വരുമാനം ഇല്ലാത്ത വെളിച്ചപ്പെടല്‍, കഴകം, ശാന്തി, അടിച്ചുതളി തുടങ്ങിയ അമ്പലപ്പണികള്‍ ഉപേക്ഷിച്ച് വിവിധ ഉന്നതകുലജാതര്‍ കീഴാളരെപ്പോലെ മേലനങ്ങി അധ്വാനിക്കാന്‍ തുടങ്ങിയ പരിവര്‍ത്തനകാലങ്ങള്‍ കടന്നു പോയിരുന്നു. അപ്പോഴാണ് ഇടിഞ്ഞുപൊളിഞ്ഞ ഒരു പഴയ കാലത്തെ എടുപ്പുകാലുകളാല്‍ നിവര്‍ത്തി നിര്‍ത്താന്‍ എം ടി പരിശ്രമിക്കുന്നത്. ആ പ്രവര്‍ത്തനം പില്ക്കാലത്ത് സാക്ഷാത്കൃതമായി. കേരളത്തിലെ നഗര-ഗ്രാമങ്ങളെമ്പാടും ക്ഷേത്രവിസ്തൃതികള്‍ നിറഞ്ഞു. ആറ്റുകാല്‍ പൊങ്കാല വന്നാല്‍ തിരുവനന്തപുരവും പൂരം വന്നാല്‍ തൃശ്ശൂരും എന്നതു പോലെയായി ഉത്സവകാലങ്ങളില്‍ കേരളം മുഴുവനും. പിന്നീട് ഉത്സവകാലം പോലെയായി എന്നും അമ്പലങ്ങള്‍. പരമ്പരാഗത ദൈവങ്ങളും ക്ഷേത്രങ്ങളും പോരാഞ്ഞ് ആള്‍ദൈവ വ്യവസായവും അവരുടെ ശ്വാസം വിടീലുകളും ചാനലുകളും പാട്ടുകളും കൊണ്ട് കേരളം തിങ്ങി നിറഞ്ഞു. ഇല്ല, നിര്‍മാല്യത്തിലെ ഖേദപ്രകടനങ്ങള്‍ രചയിതാവിനെ ഇപ്പോള്‍ വേട്ടയാടുന്നുണ്ടാവില്ല.
വിശുദ്ധമായ ശാന്തി അഭംഗുരം തുടരണമെന്ന് തമ്പുരാനോട് ആവശ്യപ്പെടാന്‍ വഴിയിലിറങ്ങിയ വെളിച്ചപ്പാടിനെ പണി കിട്ടാനായി തൃശ്ശൂര്‍ക്ക് പോകാന്‍ രണ്ടു രൂപ ചോദിക്കുന്ന മകന് അപ്പു മാത്രമല്ല അലോസരപ്പെടുത്തുന്നത്. കന്നുമായി വരുന്ന മൈമുണ്ണി എന്ന മുസ്ളിം(അന്യന്) പലചരക്കു കച്ചവടക്കാരന് പുറകില്‍ നിന്ന് വിളിക്കുന്നു. തന്റെ കടയില്‍ നിന്ന് വാങ്ങിയ സാധനങ്ങളുടെ പറ്റ് തീര്‍ത്തില്ലെങ്കിലും ബാധ്യതയിലേക്ക് എന്തെങ്കിലും വക വെക്കണമെന്ന് ചോദിക്കാനാണ് അയാള്‍ വെളിച്ചപ്പാടിനെ പിടിച്ചു നിര്‍ത്തുന്നത്. ദിവ്യവും ദൈവികവുമായ കാര്യങ്ങള്‍ തിരിച്ചറിയാത്ത, കച്ചവടത്തിലും കടം തിരിച്ചുപിടിക്കലിലും മാത്രം ശ്രദ്ധയുള്ള ഒരു കഴുത്തറുപ്പുകാരന്‍ എന്ന നിലക്കാണ് ഇയാളുടെ പ്രതിനിധാനം. വെളിച്ചപ്പാടിനോട് ബീഡിയോ ബീഡിക്കുറ്റിയോ യാചിക്കുന്ന ഭ്രാന്തന് ഗോപാലന്റെ ദയനീയാവസ്ഥ കണ്ട് ഒരു നിമിഷത്തേക്ക് മാത്രം മനസ്സലിയുന്ന മൈമുണ്ണി അയാള്‍ വലിച്ചുകൊണ്ടിരുന്ന ബീഡിക്കുറ്റി അവനു നേരെ എറിഞ്ഞുകൊടുത്ത് നടന്നകലുന്നു. ഫ! അശുദ്ധാക്കാന്‍ വരും ഓരോ അശ്രീകരങ്ങള് എന്നാണ് ആ ദയാപ്രവൃത്തിയെ ഭ്രാന്തന് (അഥവാ ഭ്രാന്തിലും മറയാതെ പോകുന്ന ജാതി ചിന്ത നിറഞ്ഞ സവര്ണന്) അറപ്പോടെയും വെറുപ്പോടെയും ഭര്‍ത്സിക്കുന്നത്. പിന്നീട് ശാന്തിക്കായി എത്തുന്ന ബ്രഹ്മദത്തന് നമ്പൂതിരി(രവിമേനോന്) എന്ന ഉണ്ണ്യമ്പൂരി തന്റെയും കാമുകിയായ വെളിച്ചപ്പാടിന്റെ മകള്‍ അമ്മിണിയു(സുമിത്ര)ടെയും ദാരിദ്ര്യത്തിനിടയിലും ഞാനവനൊരു അണ കൊടുത്തു എന്ന് സംതൃപ്തിയോടെയും ചാരിതാര്‍ത്ഥ്യത്തോടെയും പറയുന്നത് ശ്രദ്ധിക്കുക. ദാനധര്‍മ്മശീലങ്ങളൊക്കെ ശുദ്ധിയും പവിത്രയും ജാതക്കുലീനതയും ഉള്ളവര്‍ക്ക് അവകാശപ്പെട്ടതാണെന്ന ധാരണ തന്നെയാണ് ഇവിടെ പുനപ്രക്ഷേപിക്കപ്പെടുന്നത്.
കഴകക്കാരനായ വാര്യര്‍ അയാളെ തോല്‍പ്പിക്കുന്ന കുടിയാനെക്കുറിച്ച് - കുടിയാന്മാരുടെ കൈയിലായില്ലേ ഭൂമ്യൊക്കെ, അനുഭവിക്ക്യന്നെ - വിലപിക്കുന്ന ദൃശ്യവും, തുടര്‍ന്നുള്ള പറകള്‍ നിറച്ച് മുറ്റത്ത് ധാന്യങ്ങള്‍ നിരത്തിയിരുന്ന പണിക്കാര് നിറഞ്ഞ കാലത്തെക്കുറിച്ചുള്ള പകല്‍സ്വപ്നക്കാഴ്ചയും ഭൂപരിഷ്ക്കരണം പോലുള്ള മാറ്റങ്ങളില്‍ പരിതപിക്കുന്ന രചയിതാവിനെ തുറന്നു കാട്ടുന്നുണ്ട്. തമ്പുരാനെ കാണാനെത്തുന്ന വെളിച്ചപ്പാടിന് തമ്പുരാന് കായകല്പം സേവിച്ചിരിക്കുന്ന അവസ്ഥയിലായതിനാല്‍ കാഴ്ച തരപ്പെടുന്നില്ല. കാലുളുക്കിയ കഥകളിക്കാര(ശങ്കരാടി)നോട് ലോഹ്യം പറയാനേ അയാള്‍ക്കാവുന്നുള്ളൂ. കഥകളിയും കൂത്തും കൃഷ്ണാട്ടവും ഗുരുതിയുമില്ലാതായ കെട്ട കാലത്തെക്കുറിച്ചവര്‍ രണ്ടു പേരും പരിതപിക്കുന്നു. ബസ് സര്‍വ്വീസ്, റബ്ബര്‍, ടയറിന്റെ വില എന്നിവയിലാണ് ഇല്ലത്തുള്ളവര്‍ക്ക് ഇപ്പോള്‍ ശ്രദ്ധ എന്നാണ് കഥകളിക്കാരന് പരിതപിക്കുന്നത്. തമ്പുരാന്മാര്ക്ക് പല്ലക്കും കാള/കുതിര/പോത്ത് വണ്ടിയും കാറും ഉണ്ടായിരിക്കെ സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാനുതകുന്ന ബസ് സര്‍വ്വീസ് തുടങ്ങുന്നതിനെ കുറ്റകൃത്യമായി കാണുന്ന കാഴ്ചപ്പാട് പില്ക്കാലത്ത് മാറ്റുരക്കുന്നത് അരവിന്ദന്റെ ഒരിടത്തിലാണ്. ഗ്രാമത്തില്‍ വൈദ്യുതി എത്തിച്ച് ഗ്രാമവിശുദ്ധിയെ നശിപ്പിക്കുന്നവരാണല്ലോ ഒരിടത്തിലെ കുറ്റവാളികള്‍.

ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാട് ജീവിത പരാജയത്തെ തുടര്‍ന്ന് താനിത്രയും കാലം ഉപാസിച്ചിരുന്ന ദേവീ വിഗ്രഹത്തിനു മുകളിലേക്ക് തല വെട്ടിപ്പൊളിച്ചെത്തിയ ചോര കൂടി കലര്‍ത്തി ശക്തമായി തുപ്പുന്ന നിര്‍മ്മാല്യത്തിന്റെ അന്ത്യരംഗമാണ് യുക്തിവാദപ്രത്യക്ഷമനസ്സുള്ളവരെ കോരിത്തരിപ്പിച്ചത്. വര്‍ഗീയതക്കും മതബോധത്തിനും അന്ധവിശ്വാസത്തിനുമെതിരായ ശക്തമായ ആഖ്യാനമായി നിര്‍മാല്യം കൊണ്ടാടപ്പെട്ടു. അന്ത്യത്തിന് തൊട്ടു മുമ്പായി, വെളിച്ചപ്പാടിനെ ഇത്ര കടുപ്പത്തില്‍ വേദനിപ്പിച്ച സംഭവം എന്തായിരുന്നു? പലചരക്കു കടയിലെ കടം പല തവണ ആവശ്യപ്പെട്ടിട്ടും വീട്ടാത്തതിനെ തുടര്‍ന്ന് അതു മുതലാക്കാന്‍ ആണുങ്ങളില്ലാത്ത തക്കം നോക്കി വെളിച്ചപ്പാടിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ ലൈംഗികമായി പ്രാപിക്കുന്ന കടയുടമ വാതില്‍ തുറന്നിറങ്ങിവരുന്നതും അയാള്‍ക്കു പിന്നിലായി തന്റെ ഭാര്യ(കവിയൂര്‍ പൊന്നമ്മ) സംഭോഗത്തിനു ശേഷം തലമുടി കെട്ടി വെച്ച് പുറത്തേക്കു വരുന്നതും കണ്ടതിന്റെ ഷോക്കിലാണ് വെളിച്ചപ്പാട് മരണത്തിലേക്കു കുതിക്കുന്നത്. ഈ കടയുടമ ഒരു മുസ്ളിമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമായ രൂപത്തില്‍ എപ്രകാരമാണ് സ്ഥാപിക്കപ്പെടുന്നത് എന്ന് ശ്രദ്ധിക്കുക. തലേക്കെട്ടും കള്ളിമുണ്ടും തുളവീണ ബനിയനും ധരിച്ച അയാള്‍ തന്റെ വീതി കൂടിയ ബെല്‍റ്റ് മുറുക്കുന്ന ദൃശ്യത്തിലൂടെയാണ് മുസ്ളിം സ്വത്വം ഉറപ്പിക്കപ്പെടുന്നത്. സിനിമകളിലെ മുസ്ളിം സ്റിരിയോടൈപ്പിന്റെ നിര്‍ബന്ധിത വേഷമായിരുന്നു ഈ ബെല്‍റ്റ്. ആ ബെല്‍റ്റിന്റെ നിറമാകട്ടെ പച്ചയാകണം എന്നും നിര്‍ബന്ധമാണ്. നിര്‍മാല്യം ബ്ളാക്ക് ആന്റ് വൈറ്റ് സിനിമയായിട്ടും കാണുന്നവര്‍ക്ക് ഈ 'പച്ച' ഫീല്‍ ചെയ്തു എന്നതാണ് വാസ്തവം. തന്റെ കള്ളിമുണ്ടിനെ അരയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ വേണ്ടിയെന്നോണം ധരിക്കുന്ന ഈ പച്ച ബെല്‍റ്റ് പലതരത്തില്‍, പൊതു(മൃദുഹിന്ദുത്വ) കാണിയുടെ കാഴ്ചയിലും ബോധത്തിലും ഉറച്ചിരിക്കുന്ന മുസ്ളിം സ്വത്വത്തെ പുന:സ്ഥാപിക്കാനും ന്യായീകരിച്ചെടുക്കാനും പര്യാപ്തമാണ്.

എന്റെ നാലു കുട്ട്യോളെ പെറ്റ നീയോ നാരായണീ എന്നാണ് ദയനീയമായി വെളിച്ചപ്പാട് വിലപിക്കുന്നത്. തന്റെ കന്യകയായ മകള്‍ അമ്മിണിയോട് ഇത്തരത്തിലൊരു വിലാപം വെളിച്ചപ്പാട് നടത്തുന്നില്ല. അഥവാ അപ്രകാരമൊരു വിലാപത്തിനുള്ള ശബ്ദം/സ്ഥലം രചയിതാവ് രൂപീകരിക്കുന്നില്ല. അവളെ ശാന്തിക്കാരനായ ബ്രഹ്മദത്തന് നമ്പൂതിരി എന്ന ഉണ്ണ്യമ്പൂരി കാമപൂര്‍ത്തീകരണത്തിനു വേണ്ടി ഉപയോഗിക്കുന്നത് അമ്പലത്തിനകത്തെ സ്വകാര്യതയിലാണ്. നീലക്കുയിലിലെ നീലിയെപ്പോലെ അവള് ഗര്‍ഭിണിയാകുന്നില്ല(അതിനു മാത്രം വേഴ്ച നടത്താനുള്ള ഊക്ക് നമ്പൂരിക്കില്ല എന്നുമാവാം വ്യംഗ്യം); അതിനാല്‍ കുട്ടിയെ വഴിയില്‍ പെറ്റിട്ട് മരിക്കേണ്ട ഗതികേടിലവള്‍ എത്തുന്നില്ല. എന്നാലും അച്ഛന് നിശ്ചയിച്ച വേളി കഴിക്കാനായി ഭാരതപ്പുഴ കടന്നു പോകുന്ന അയാളെ നോക്കി നെടുവീര്‍പ്പിട്ട് സ്വയം വെറുക്കാനേ അവള്‍ക്കാവുന്നുള്ളൂ. അവള്‍ക്കു വേണ്ടി ഭഗവതിയോട് പ്രതികാരം ചെയ്യാന്‍ ഒരാളുമില്ല. അല്ലെങ്കിലെന്തിന് പ്രതികാരം ചെയ്യണം. വെളിച്ചപ്പാടും വാര്യരും ഷാരോടിയും മാരാരും നമ്പീശനുമടക്കമുള്ള അമ്പലവാസി ജാതികളില്‍ പെട്ട കന്യകകളെ സംബന്ധം ചെയ്തും അല്ലാതെയും ഭോഗിക്കാന്‍ ജാത്യാലുള്ള അവകാശം നമ്പൂരിയില്‍ നിക്ഷിപ്തമാണല്ലോ. ദാരിദ്ര്യത്തിനിടയിലും ഭ്രാന്തന് ഗോപാലന് ഒരണ ദാനം കൊടുക്കാനും അമ്പലവാസി പെണ്ണിനെ ഭോഗിച്ച് കടന്നുകളയാനും അവകാശം നമ്പൂതിരിക്കുണ്ടെന്നും, ഭ്രാന്തന് ബീഡിക്കുറ്റി കൊടുക്കുന്നവനും കടം പിരിക്കാന്‍ ചെന്ന് വീട്ടമ്മയെ ഭോഗിക്കുകയും ചെയ്യുന്ന മാപ്പിളയാണ് കേരള സമൂഹത്തിന്റെ ശാപം എന്നുമുള്ള ജാതി-മത വിവേചന ബോധമാണ് നിര്‍മാല്യം മുന്നോട്ടുവെക്കുന്നത്. അപകടകരമായ ഈ അബോധത്തെ യുക്തിവാദവും മതനിരപേക്ഷതയും പുരോഗമന ചിന്തയുമായി മലയാളി വായിച്ചെടുത്തു എന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.

ഒരു വിശ്വാസകലാപം എന്ന നിലയില്‍ നമ്മുടെ സാമൂഹികചരിത്രത്തിലെ ഒരു സുപ്രധാന ഇടപെടലുമാണ് നിര്‍മാല്യം. മനുഷ്യനും അവന്റെ ജീവിതത്തിനും പ്രയോജനപ്പെടുന്നില്ലെങ്കില്‍ ദൈവമെന്തിന് എന്ന ധീരവും മൌലികവുമായ ഒരു വിശ്വാസലംഘനത്തിന്റെ ചോദ്യം ഈ സിനിമയില്‍ നിന്ന് മുഴങ്ങുന്നുണ്ട് (നിര്‍മാല്യത്തിലെ വിശ്വാസകലാപം- ആലങ്കോട് ലീലാകൃഷ്ണന്-കാണി നേരം, കാണി ഫിലിം സൊസൈറ്റി വാര്‍ഷികപ്പതിപ്പ് 2010) എന്ന് പൊതുബോധത്തില്‍ വിലയിപ്പിച്ചു ചേര്‍ത്ത നിര്‍മാല്യത്തിന്റെ പുരോഗമനസ്വഭാവം എന്ന പ്രതീതി അപനിര്‍മ്മിച്ചാല്‍, കേരളത്തിലെ പ്രത്യക്ഷ പുരോഗമനം എന്നത് യൂറോപ്യന്‍ ആധുനികതയും മുസ്ളിം വിരുദ്ധതയെയും സവര്‍ണതയെയും പൊതിഞ്ഞു വെച്ച യുക്തിവാദ/മതനിരപേക്ഷ നാട്യം മാത്രമാണെന്ന് വ്യക്തമാവും. ഓളവും തീരവും വിസ്മൃതിയിലേക്ക് മറഞ്ഞുപോകുകയും നിര്‍മാല്യം വാഴ്ത്തപ്പെടലിലേക്ക് തെളിഞ്ഞുവരുകയും ചെയ്യുന്ന; ഓളവും തീരവും ആവര്‍ത്തിക്കപ്പെടാത്തത് വിശേഷിച്ച് പരാമര്‍ശിക്കേണ്ട കാര്യമല്ലാതാവുകയും നിര്‍മാല്യം ആവര്‍ത്തിക്കപ്പെടാത്തത് വമ്പിച്ച പൊതുബോധ പ്രശ്നമാവുകയും ചെയ്യുന്ന പുതിയ കേരളം ആരുടെ കാഴ്ചയിലാണ് മറഞ്ഞു നിവരുന്നത് എന്നും അതിമാനുഷവത്കരിക്കപ്പെട്ട ഏത് കാണിയെയാണ് മുന്നില്‍ നിര്‍ത്തുന്നതെന്നും നാം കാണാതെ പോകുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു.
* വരുമാനം എന്ന അര്‍ത്ഥം വരുന്ന വള്ളുവനാടന്‍ പ്രയോഗം